Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

അമ്പലപ്പുഴ ചതുരംഗ കഥയിൽ പറയുന്നപോലെ 1,2,4,8,16 എന്നരീതിയിലാണ് കോവിഡ് പടരുക; ആദ്യം പതുക്കെയെങ്കിലും പിന്നീട് എണ്ണം ഗുണിതങ്ങളാവും; ഇരുപത്താറാമത്തെ പെരുക്കത്തിൽ ഉണ്ടാവുക കേരള ജനസംഖ്യയുടെ ഇരട്ടി രോഗികൾ; സമൂഹവ്യാപനം എന്നാൽ കാട്ടുതീയാണ്; അത് നടന്നോ എന്ന് അറിയാൻ വ്യാപകമായ റാൻഡം ടെസ്റ്റുകൾ അനിവാര്യം; ഇനിയുള്ള ദിവസങ്ങൾ കേരളത്തിന് നിർണ്ണായകം; കോവിഡ് മൂന്നാംഘട്ടത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

അമ്പലപ്പുഴ ചതുരംഗ കഥയിൽ പറയുന്നപോലെ 1,2,4,8,16 എന്നരീതിയിലാണ് കോവിഡ് പടരുക; ആദ്യം പതുക്കെയെങ്കിലും പിന്നീട് എണ്ണം ഗുണിതങ്ങളാവും; ഇരുപത്താറാമത്തെ പെരുക്കത്തിൽ ഉണ്ടാവുക കേരള ജനസംഖ്യയുടെ ഇരട്ടി രോഗികൾ; സമൂഹവ്യാപനം എന്നാൽ  കാട്ടുതീയാണ്; അത് നടന്നോ എന്ന് അറിയാൻ വ്യാപകമായ റാൻഡം ടെസ്റ്റുകൾ അനിവാര്യം; ഇനിയുള്ള ദിവസങ്ങൾ കേരളത്തിന്  നിർണ്ണായകം; കോവിഡ് മൂന്നാംഘട്ടത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് 19 എന്ന മഹാമാരിക്ക് നാലുഘട്ടങ്ങളുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. അതിൽ ഏറ്റവും പേടിക്കേണ്ട സാമൂഹിക വ്യാപനം നടക്കുന്ന മൂന്നാംഘട്ടത്തിന്റെ പടി വാതിൽക്കലാണ് കേരളവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ആദ്യ രണ്ടുഘട്ടങ്ങളായി കോവിഡിനെ പിടിച്ചുകെട്ടാൻ നമുക്ക് കഴിയുമോ? മൂന്നാംഘട്ടം എന്നത് ഒരു കാട്ടുതീയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

കോവിഡ് വ്യാപനത്തെ സാമൂഹിക ശാസ്ത്രജ്ഞർ നാലുഘട്ടങ്ങളായാണ് തിരിക്കുന്നത്. ഒന്നാം ഘട്ടം - കോവിഡ് പ്രസരണം നടന്ന രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവർക്ക് മാത്രം അണുബാധയുണ്ടാകുന്നു. രണ്ടാം ഘട്ടം - നേരത്തേ കോവിഡ് സ്ഥിരീകരിച്ച രോഗികളുമായി നേരിട്ട് സമ്പർക്കം വന്നവർക്ക് (പ്രൈമറി കോൺടാക്റ്റുകൾ) .മൂന്നാം ഘട്ടം : - രോഗികളുമായി സമ്പർക്കം വന്നവർക്ക് (സെക്കൻഡറി). ഈ ഘട്ടം വരെ പ്രാദേശിക വ്യാപനം (local spread) എന്ന് കണക്കാക്കാം. നാലാംഘട്ടം- പകർച്ചവ്യാധി വ്യാപനം. ഈ ഘട്ടത്തിൽ മരണസഖ്യ എങ്ങനെയാവുമെന്നോ, ആര് അതിജീവിക്കുമോയെന്ന് യാതൊരു പിടിയും ഉണ്ടാവില്ല. ഇതിൽ ഒന്നും രണ്ടും ഘട്ടങ്ങളെ കഴിവിന്റെ പരമാവധി കേരളം പ്രതിരോധിച്ചുവെന്ന് കരുതാം. കാരണം കോവിഡ് പ്രസരണം നടന്ന രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവരെയും അവരുമായി സമ്പർക്കം പുലർത്തിയവരെയും പരമാവധി ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. സർക്കാർ പറഞ്ഞതുകേൾക്കാതെ കറങ്ങി നടന്നവരാണ് രോഗം പകർത്തിയതെന്ന് ഓർക്കണം.

കോവിഡിനെ പിടിച്ചുകെട്ടുക എന്നതിന്റെ ഏറ്റവും അടിസ്ഥാനം മൂന്നാംഘട്ടമാണ്. ഇവിടെയാണ് സാമൂഹിക വ്യാപനം നടക്കുന്നത്. രോഗികളുമായി സമ്പർക്കം വന്നവരുമായി സമ്പർക്കം വന്നവർക്ക് രോഗ ബാധയുണ്ടാകുക. ഇങ്ങനെ വന്നാൽ നമുക്ക് ആരാണ് രോഗം വ്യാപിപ്പിക്കുന്നതെന്ന് പോലും പറയാൻ കഴിയില്ല. ഉദാഹരണമായി തിരുവനന്തപുരം നഗരത്തിൽ നാം ഒരു കൊറോണ രോഗിയെ കണ്ടെത്തന്നുവെന്ന് ഇരിക്കട്ടെ. അയാൾ ഗൾഫിലോ മറ്റ് വിദേശരാജ്യങ്ങളിലോ പോയിട്ടില്ല. പുറം രാജ്യങ്ങളിൽനിന്ന് വന്ന ആരുമായും സമ്പർക്കമുണ്ടായതായി അയാൾക്ക് അറിയില്ല. തീർത്തും ഫ്രഷ് ആയ ഒരു കൊവിഡ് രോഗി! ഇതാണ് യഥാർഥ അപകടം. ഇതിനർഥം മറ്റൊരു കോവിഡ് രോഗി അജ്ഞാതനായി എവിടെയോ രോഗം പരത്തുന്നുവെന്നാണ്. സമൂഹ വ്യാപനം തുടങ്ങി കഴിഞ്ഞാൽ ഒരു രോഗിയുടെ അണുബാധയുടെ സ്രോതസ്സ് പലപ്പോഴും കണ്ടെത്താൻ കഴിയില്ല. സമൂഹത്തിന്റെ പല ഭാഗങ്ങളിൽ നിന്നും രോഗം കണ്ടെത്തി തുടങ്ങും. രോഗികളുടെ എണ്ണവും മരണങ്ങളും പതിന്മടങ്ങ് വർദ്ധിക്കും. മൂന്നാംഘട്ടത്തിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അതി ഭീകരമായ 'ഔട്ട് ബ്രേക്കാണ്' ഉണ്ടാവുക. ഇത് തടയിടാനാണ് സോഷ്യൽ ഡിസ്റ്റൻസിങും ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ ഭാഗമായി കൈ കഴുകലും ഒക്കെ നാം നടപ്പാക്കുന്നത്. ഓർക്കുക, പിടിവിട്ടാൽ ഇതൊരു കാട്ടുതീയാണ്.

ഇനിയുള്ള രണ്ടാഴ്ച നിർണ്ണായകം

നമുക്കിടയിൽ സമൂഹവ്യാപനം സംഭവിച്ചിട്ടില്ല എന്നത് ഇപ്പോഴും നമ്മുടെ വിശ്വാസമാണ്. പക്ഷെ ആ വിശ്വാസം സത്യമാണെന്നു തെളിയിക്കാനായി തെളിവുകൾ നമ്മുടെ കയ്യിലില്ല. അത് തെളിയിക്കാനായി വ്യാപകമായി കൊറോണ ടെസ്റ്റ് ആളുകളിൽ ചെയ്യേണ്ടതുണ്ട്. അവ നെഗറ്റീവ് ആണെന്ന് തെളിയിക്കപ്പെടേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ അത് നടക്കുന്നില്ല എന്നതാണ് സത്യം. ഐസിഎംആർ ഇത്തരത്തിൽ റാൻഡം ടെസ്റ്റുകൾ ചെയ്തത് പോലും വെറും ആയിരം പേരിലാണ്. വളരെ വളരെ ചെറിയ ഒരു സംഖ്യ ആണത്. അതുകൊണ്ടു തന്നെ മുഖവിലക്കെടുക്കാൻ സാധിക്കില്ല. നമ്മുടെ കൂടിയ ജനസാന്ദ്രത, ജനസംഖ്യക്ക് ആനുപാതികമായി നോക്കുമ്പോൾ കുറഞ്ഞ ആശുപത്രികിടക്കകൾ ഇവയെല്ലാം സ്ഥിതിഗതികൾ രൂക്ഷമാക്കിയേക്കാം.

കോവിഡ് 19 വ്യാപനം ഇന്ത്യയിൽ രണ്ടാം ഘട്ടത്തിലെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഇപ്പോഴും വ്യക്തമാക്കി. രോഗ വ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് വിലയിരുത്തൽ. മൂന്നാം ഘട്ടത്തിലേക്ക് കടന്നാൽ അതീവ ഗുരുതരമായ അവസ്ഥയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് മുന്നറിയിപ്പ് നൽകുന്നു. ഓരോ വ്യക്തിയും വലിയ ജാഗ്രതയോടെ മുന്നോട്ട് പോകണം. ചെറിയ രോഗ ലക്ഷണം ഉള്ളവർ പോലും സ്വയം നിരീക്ഷണത്തിൽ കഴിയുകയോ ചികിത്സ തേടുകയോ ചെയ്യണം. മൂന്നാം ഘട്ടം വലിയ വെല്ലുവിളി ആരോഗ്യ മേഖലക്ക് ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. രോഗം അതിവേഗം നിയന്ത്രണാതീതമായി പടർന്ന് പിടിക്കുന്ന അവസ്ഥ എന്ത് വിലകൊടുത്തും ചെറുക്കണമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നു. പരിശോധനയ്ക്കായി സ്വകാര്യലാബുകൾ തയ്യാറാക്കിയിട്ടുണ്ട്. 10 ലക്ഷം പരിശോധനാ കിറ്റുകൾ ഓർഡർ ചെയ്തിട്ടുണ്ട്. രാജ്യത്താകമാനം 72 പരിശോധനാ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ വീടുകളിൽത്തന്നെ കഴിയണം. പരിശോധനയ്ക്കായി സ്വകാര്യ ലാബുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും ഐ.സി.എം.ആർ അറിയിച്ചു. എന്നാൽ, സമൂഹ വ്യാപനം ഉണ്ടാവില്ലെന്ന് പറയാനാവില്ലെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ പറഞ്ഞു.

അടുത്ത 14 ദിവസം കേരളത്തെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ മൊളിക്യുലാർ വൈറോളജി വിഭാഗം ശാസ്ത്രജ്ഞൻ ഡോ.ഇ.ശ്രീകുമാർ പറയുന്നു. കേരളത്തിന്റെ പ്രതിരോധം വ്യക്തമായ ദിശാബോധത്തോടെയാണ് മുന്നോട്ടു പോകുന്നത്. മാർച്ച് 31വരെ കനത്ത ജാഗ്രത അനിവാര്യമാണ്. ചൈനയും യൂറോപ്പും ഇറ്റലിയും മറ്റും തുടക്കത്തിൽ കൊറോണയെ നിസാരമായി കണ്ടു. അതാണ് വലിയ ദുരന്തത്തിന് കാരണമായത്. നമ്മൾ അങ്ങനെയല്ല, ചെറിയ പാളിച്ചകൾ തിരുത്തണം.നമ്മുടെ മുന്നിലുള്ള വഴി ഒന്നും രണ്ടും ഘട്ടങ്ങളിലായി വൈറസിനെ ചെറുക്കുക എന്നതാണ്. എത്ര നാൾ തുടരണമെന്ന് ഇപ്പോൾ പറയാനാവില്ല- അദ്ദേഹം പറയുന്നു.

ഇരുപത്താറാമത്തെ പെരുക്കത്തിൽ കേരള ജനസംഖ്യയുടെ ഇരട്ടി രോഗികൾ

നിപ്പയുടെയും സാർസിന്റെയും അത്ര മരണ നിരക്ക് ഇല്ലെങ്കിലും കാട്ടുതീപോലെ പടരാനുള്ള കഴിവാണ് കോവിഡിനെ ഭീതിദമാക്കുന്നത്. ജ്യോമട്രിക്കൽ പ്രൊപ്പോഷനിലാണ് ഇതിന്റെ വ്യാപനം. ഇത് ലളിതമായി മനസ്സിലാക്കാൻ ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ ഡോ വൈശാഖൻ ഇങ്ങനെ എഴുതുന്നു- 'പഴയൊരു കഥയുണ്ട്: ചതുരംഗം കണ്ടുപിടിച്ച ആൾ രാജാവിനെ അത് കാണിച്ചു. ഇത്രയും നല്ല കളി കണ്ടുപിടിച്ചതിന് എന്ത് പ്രതിഫലം വേണമെന്ന് രാജാവ് ചോദിച്ചു. ചതുരംഗത്തിന്റെ ആദ്യ കള്ളിയിൽ ഒരു നെൽമണി, രണ്ടാമത്തെ കള്ളിയിൽ രണ്ട്, മൂന്നാമത്തേതിൽ നാല്, എന്നിങ്ങനെ 64 കള്ളികളിലും വെയ്ക്കാൻ പോന്നത്ര നെൽമണി മതിയെന്ന് അയാൾ പറഞ്ഞുവത്രേ. അത്ര നിസ്സാരമായ സമ്മാനത്തിന് പകരം സ്വർണമോ ഭൂമിയോ പോലെ കാര്യമായതെന്തെങ്കിലും ചോദിക്കാൻ രാജാവ് നിർബന്ധിച്ചെങ്കിലും അദ്ദേഹത്തിന് നെല്ല് മതിയായിരുന്നു. പക്ഷേ സമ്മാനം കൊടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്ക് കാര്യമടുത്തപ്പോഴാണ് കുരുക്ക് മനസിലായത്. 1, 2, 4, 8,... എന്നിങ്ങനെ പോയാൽ അറുപത്തിനാലാമത്തെ സംഖ്യയിൽ പത്തൊൻപത് അക്കങ്ങളുണ്ടാകും. ആ രാജ്യത്തെ മൊത്തം നെല്ലുമെടുത്താലും അത്രയും വരില്ല!

വൈറസ് പകർച്ചയെക്കുറിച്ച് പറയുമ്പോൾ ഈ കഥ കൂടി ഓർക്കണം. വൈറസ് ബാധിച്ച ഒരാളിൽ നിന്ന് രണ്ടുപേർക്ക് രോഗം പകരുന്നു എന്ന് കരുതുക. അതിലോരോരുത്തരും രണ്ട് പേർക്ക് എന്ന തോതിൽ പകർച്ച സംഭവിച്ചാൽ, ഇരുപത്താറാമത്തെ ഘട്ടം പകർച്ച കഴിയുമ്പോൾ രോഗികളുടെ എണ്ണം ഏഴ് കോടിയുടെ അടുത്തെത്തും! കേരള ജനസംഖ്യയുടെ ഇരട്ടിയാണത്. ഒരുതരം ചെയിൻ റിയാക്ഷനാണവിടെ സംഭവിക്കുന്നത്. ഇനി ഒരാളിൽ നിന്ന് മൂന്നുപേർക്ക് പകരുന്നു എന്ന് കണക്കാക്കിയാൽ ഇത്രേം പേർക്ക് കിട്ടാൻ ഇരുപത്താറിന് പകരം പതിനാറ് ഘട്ടം പകർച്ച മതിയെന്ന് കാണാം. അങ്ങനെയെങ്കിൽ രോഗി ഒരു ബസ്സിൽ കയറിയാലോ? ഒറ്റയടിക്ക് പല മടങ്ങ് കൂടുതൽ ആളുകൾ റിസ്‌ക്കിലാകുന്നു. അതിലൊരാൾ ബസ്സിൽ നിന്നിറങ്ങി ഒരു തിരക്കുള്ള ഷോപ്പിങ് മാളിലേയ്ക്ക് കേറിയാലോ!?'- ഡോ വൈശാഖൻ തമ്പി തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

സമൂഹ വ്യാപനം നടന്നു തുടങ്ങിയാൽ എന്താവും സംഭവിക്കുക?

(കോവിഡ് 19 മൂന്നാംഘട്ട വ്യാപനത്തെക്കുറിച്ച് ഇൻഫോക്ലിനിക്ക് ഡോ ജിനേഷ് പി എസും ദീപു സദാശിവനും എഴുതിയ ലേഖനം )

ആദ്യം പതുക്കെയെങ്കിലും പിന്നീട് എണ്ണം ഗുണിതങ്ങളായി, ക്രമാതീതമായി പെരുകുന്ന അവസ്ഥ വരും. അപ്പോൾ നമുക്ക് ഇപ്പോൾ ഉപയോഗിക്കുന്ന സമ്പർക്കമുള്ളവരെ കണ്ടെത്തി സ്‌ക്രീൻ ചെയ്യുന്ന തന്ത്രങ്ങളൊക്കെ ഒഴിവാക്കി, രോഗം വന്നവരെ ചികിൽസിക്കുന്നതിലേക്കും മരണങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും.

ഇത് വിശദീകരിക്കാൻ സ്‌പെയിൻ ഒരു ഉദാ: ആയി എടുക്കാം. സ്പെയിനിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് ജനുവരി 31. രണ്ടാമത്തെ കേസ് ഫെബ്രുവരി, മൂന്നാമത്തെ കേസ് ഫെബ്രുവരി 24. ഇങ്ങനെ പതുക്കെ മുൻപോട്ടു പോയി ഫെബ്രുവരി 28 എത്തുമ്പോൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 13. സമൂഹ വ്യാപനം ആരംഭിക്കുന്നത് ഈ ദിവസം ആണ്. മാർച്ച് ഒന്നിനും പുതിയ കേസുകൾ 13 മാത്രം, പക്ഷേ പിന്നീട് അങ്ങോട്ട് പെരുക്കം തുടങ്ങുകയാണ്, മാർച്ച് 3 പുതിയ കേസുകൾ 69, മാർച്ച് 6 പുതിയ കേസുകൾ 118. മാർച്ച് 9 ആവുമ്പോൾ പുതിയ കേസുകൾ 555, അന്നും ആകെ കേസുകൾ 1200 മാത്രം. 11ന് ആകെ കേസുകൾ 2200 നു മേൽ, 12 -കേസുകൾ 3,100 , മാർച്ച് 13 ആകെ 5200 കഴിഞ്ഞു. 14 ആകെ 7800 കഴിഞ്ഞു. ഇത് എഴുതുമ്പോൾ കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 192 മരണം (ആകെ 830 ), 3200 പുതിയ കേസുകൾ (ആകെ 18000 ഓളം) രാജ്യം മുഴുവൻ ഷട്ട് ഡൗൺ എന്ന നിലയിൽ കർശന നിബന്ധനകൾ ഏർപ്പെടുത്തിയതിനു ശേഷമാണിത്.

ഇറ്റലിയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ജനുവരി 31 ന്. ഒരുമാസത്തിനുശേഷം അവലോകനം ചെയ്യുമ്പോൾ ഫെബ്രുവരി 28 ന് ആകെ കേസുകൾ 888 മാത്രം. എന്നാൽ മാർച്ച് 10 ആകുമ്പോൾ 10000 കേസുകൾ. 15 ആകുമ്പോഴേക്കും 25000 കേസുകളിലേക്കടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 5000 ൽ പരം കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനകം സംഭവിച്ചിരിക്കുന്നത് 427 മരണങ്ങൾ. ഇതുവരെ ആകെ 41000 കേസുകളിൽനിന്ന് 3405 മരണങ്ങൾ.

സ്‌പെയിനും ഇറ്റലിയും ഒരു ഉദാ: ആയി എടുത്തു എന്നേയുള്ളൂ, പകർച്ചവ്യാധിയുടെ രീതികൾ പഠിച്ചാൽ സൗത്തുകൊറിയ പോലുള്ള ചില ഒറ്റപ്പെട്ട മാതൃക ഒഴിച്ചാൽ എല്ലാ രാജ്യങ്ങളിലും ഒരേ ട്രെൻഡ് ആണ് കാണിക്കുന്നത്.

സമൂഹ വ്യാപനം തടയാൻ നാം എന്തൊക്കെയാണ് പാലിക്കേണ്ടത്?

ഏറ്റവും പ്രധാനപ്പെട്ട നടപടിയാണിത്. ലാഘവത്വം കാണിച്ച മറ്റു രാജ്യങ്ങൾക്ക് പറ്റിയ അബദ്ധം നമ്മുടെ കൺമുന്നിലുണ്ട്. ആദ്യത്തെ ഒന്നു രണ്ട് കേസുകൾ വരുന്നു, അവരെ ഫലപ്രദമായി ചികിത്സിക്കുന്നു. തുടർന്ന് പുതിയ കേസുകൾ പ്രത്യക്ഷപ്പെടുന്നത് കുറയുകയോ, ഇല്ലാതാവുകയോ ചെയ്യുന്ന ദിനങ്ങൾ. ആദ്യത്തെ ചെറിയ പരിഭ്രാന്തിക്ക് ശേഷം ജനങ്ങൾ വീണ്ടും ലാഘവത്തോടെ കാര്യങ്ങളെയെടുക്കാൻ തുടങ്ങുന്നു.
കൊടുങ്കാറ്റിന് മുൻപുള്ള നിശബ്ദത പോലൊരു ഘട്ടം, ഇതിനു ശേഷം എത്ര ശ്രമിച്ചാലും അനിവാര്യമായ സാമൂഹിക വ്യാപനം! പ്രതിരോധ അണക്കെട്ടിൽ ആരുമറിയാത്ത ചെറിയൊരു വിള്ളൽ വീണ്, അത് ഒരു ഒഴുക്കായി മാറി അണക്കെട്ട് വിസ്ഫോടനം ആയി മാറുന്നു. സമാന രീതിയാണ് ഒട്ടുമിക്ക രാജ്യങ്ങളിലും കണ്ടത്.

*സോഷ്യൽ ഡിസ്റ്റൻസിങ് അഥവാ പരസ്പരം അകലം പാലിക്കൽ.

*ആൾക്കൂട്ടങ്ങൾ ഒഴിവാക്കൽ.

* ഐസൊലേഷൻ/ക്വാറന്റീൻ.

* വ്യക്തി ശുചിത്വം - കൈകളുടെ ശുചിത്വം, ചുമ മര്യാദകൾ

* കണ്ടെത്തിയ രോഗികളുടെ ശരിയായ പരിപാലനം.

* മുന്നൊരുക്കങ്ങൾ / കപ്പാസിറ്റി ബിൽഡിങ്ങ്.

സമൂഹ വ്യാപനം നടന്നാൽ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ എന്തൊക്കെയാവണം?

യാഥാർത്ഥ്യ ബോധത്തോടെയുള്ള സമീപനം. കൺമുന്നിലുള്ള വസ്തുതകൾ തമസ്‌കരിക്കാതെയിരിക്കുക. ഉദാ: 'ഇറ്റലി, സ്പെയിൻ ഒക്കെ വിഭിന്നമാണ്, ഇവിടെ രോഗാണുക്കളെ ചൂട് കൊന്നോളും' എന്നൊക്കെയുള്ള മിഥ്യാധാരണകളിൽ അഭിരമിക്കരുത്.

കൂട്ടായ പ്രവർത്തനം

കോവിഡിനെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ മെനക്കെട്ടിറങ്ങിയാൽ മാത്രം പോരാ. രാഷ്ട്രീയ സാമൂഹിക മത നേതാക്കൾ ഉൾപ്പെടുന്ന പൊതു സമൂഹം വഹിക്കുന്ന ഉത്തരവാദിത്വ ബോധവും പങ്കും അതി നിർണായകമാണ്.

നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക

ഐസൊലേഷൻ സംബന്ധിച്ചതുൾപ്പെടെയുള്ള സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്ന പ്രവണത നമ്മളെയും നമ്മുടെ പ്രിയപ്പെട്ടവരെയും നാടിനെയുംതന്നെ അപകടത്തിലാകുന്ന കൃത്യമാണ്.

ഇറ്റലിയിലെ സംഭവം ഒരു പാഠമാണ്, സർക്കാർ റെഡ് സോൺ പ്രഖ്യാപനത്തിന് ഒരുങ്ങുമ്പോൾ ഒരു മാധ്യമം ചോർത്തി പ്രസിദ്ധീകരിച്ചു. ഇതേത്തുടർന്ന് ഈ മേഖലയിലെ പതിനായിരത്തോളം പേർ അധികാരികളുടെ കണ്ണു വെട്ടിച്ച് രാജ്യത്തിന്റെ വിവിധ ഭാഗത്തേക്കു കടന്നു. അതിന്റെ പരിണിതഫലം കൂടിയാണ് ഇറ്റലിയിൽ ഇന്ന് കാണുന്ന ദുരവസ്ഥ.

കർശന നിയമങ്ങൾ / നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ

ഇക്കാര്യത്തിൽ രാഷ്ട്രീയവും ഭരണപരവുമായ ഇച്ഛാശക്തിയും പ്രതിബദ്ധതയും ഉണ്ടാവാൻ സമൂഹം ശക്തമായ പിന്തുണ നൽകണം.സാമൂഹിക വ്യാപനം തടയാൻ ഉതകുന്ന കർശന നിയന്ത്രങ്ങൾ കൊണ്ടു വരുന്നത് ഇത്തരുണത്തിൽ ഉചിതമാവും. പൊതുജനാരോഗ്യ നിയമം പരിഷ്‌കരിക്കാനും ദുരന്ത നിവാരണ വകുപ്പ് പ്രകാരം കർശന നടപടികളെടുക്കാൻ പ്രാദേശിക അധികാരികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതും ആവശ്യമായി വന്നേക്കും.ഹോം ഐസൊലേഷൻ പോലുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ വിമുഖതയുള്ളവരെയും വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരെയുമൊക്കെ പൊതു നന്മ ലാക്കാക്കി കർശന നടപടികൾക്ക് വിധേയമാക്കണം.നിർണായക വിവരങ്ങൾ അധികാരികളോടും, ആരോഗ്യപ്രവർത്തകരോടും വെളിപ്പെടുത്താത്തവർക്കും എതിരെ ശിക്ഷകൾ നടപ്പാക്കുന്നത് ഉചിതമാവും.

ചുരുക്കം രാജ്യങ്ങൾ ഒഴിച്ചാൽ ലോകത്തു എല്ലായിടത്തും ഒരേ കഥയാണ്, പതുക്കെ വ്യാപനം തുടങ്ങുന്ന സമയത്തു മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ അധികാരികൾ മടിക്കുന്നു. കാരണം, ഇത് വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത സാഹചര്യം, മുൻകൂട്ടി കാണാനുള്ള മികവില്ലായ്മ, അമിത പ്രതീക്ഷ, സാമ്പത്തിക മേഖലകളിൽ ഉണ്ടാവുന്ന തകർച്ചയെ ഭയം etc. മലവെള്ളത്തെ മുറം കൊണ്ട് തടുക്കാൻ ആവില്ല എന്ന് വൻകിട രാജ്യങ്ങൾ പോലും അറിഞ്ഞിരിക്കുന്നു ഇന്ന്. ഫ്ലൂ ബാധ പോലെ വന്നു പോവും അടച്ചിടലുകൾ ഒന്നും വേണ്ട എന്ന് പ്രസിഡന്റ് പറഞ്ഞ യുഎസി ൽ പോലും ഇന്ന് കർശന നിയന്ത്രണങ്ങൾ വന്നു കഴിഞ്ഞു.

കതിരിൽ വളം വയ്ക്കുന്നതു പോലെ ഇറ്റലിയിലും ഇറാനിലും യൂറോപ്യൻ രാജ്യങ്ങളിലും, അമേരിക്കയിലും ഇപ്പൊ നിയമങ്ങൾ വന്നിട്ടുണ്ട്. അല്പം ക്രാന്ത ദർശിത്വം കാണിച്ചാൽ നമുക്ക് ഈ മഹാമാരിയെ ശക്തമായി തടഞ്ഞു നിർത്താം. ഇറ്റലിയിൽ രോഗമുള്ള ഒരാൾ കറങ്ങി നടന്നാൽ കൊലപാതക ശ്രമത്തിനാണ് കേസെടുക്കുക ( 1 മുതൽ 12 വർഷം വരെ തടവ്).

കോവിഡ് ഓരോ സ്ഥലത്തും പ്രഹരം ഏൽപ്പിക്കുന്നത് കേവലം ഏതാനും മനുഷ്യരുടെ മരണത്തിലൂടെ മാത്രമല്ല, ഈ രോഗാണു വ്യാപനം ഉണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക ആരോഗ്യ മേഖലകളിലെ സവിശേഷ പ്രത്യാഘാതങ്ങളിൽ കൂടിയാണ്.
നമ്മൾ ഏത് ഘട്ടത്തിലാണിപ്പോൾ എന്ന് മനസ്സിലായിക്കാണുമല്ലോ, ഈ ഘട്ടത്തിൽ കുറച്ച് പ്രയാസമുണ്ടാക്കുന്നതെങ്കിലും പ്രതിരോധ നടപടികൾ സമൂഹം മൊത്തം സ്വാംശീകരിച്ചാൽ നമ്മൾക്ക് അതിജീവിക്കാം.- ഇൻഫോക്ലിനിക്ക് ലേഖനം ഇങ്ങനെയാണ് അവസാനിക്കുന്നത്.

കൊറോണ വൈറസ് ഉള്ളിൽ കയറിയാലും അഞ്ചുഘട്ടങ്ങൾ

ന്ിപ്പയെയും സാർസിനെയും വെച്ചുനോക്കുമ്പോൾ താരതമ്യേന മരണനിരക്ക് കൂറുവാണ് കൊറോണക്ക്. ലോകത്ത് 90 ശതമാനം കൊറോണ ബാധിതരും രക്ഷപ്പെട്ടിട്ടുമുണ്ട്.ഏകദേശം അറുപതു വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്. ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി വൈറസ് മരുന്നുകളോ, രോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ചുമ, പനി, ന്യുമോണിയ, ശ്വാസതടസ്സം, ഛർദി, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. സാധാരണ ജലദോഷപ്പനി മുതൽ മാരകമായ സെപ്റ്റിസീമിയ ഷോക്ക് വരെ പുതിയ കൊറോണ വൈറസ് ബാധകർക്ക് ഉണ്ടാവാം.

ആദ്യഘട്ടം ജലദോഷപ്പനി: ചെറിയ പനി, ജലദോഷം, ചുമ, തൊണ്ടവേദന, പേശിവേദന, തലവേദന എന്നിവയാണ്.ലക്ഷണങ്ങൾ വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ നാലു ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും.

രണ്ടാംഘട്ടം ന്യുമോണിയ: പനി, ചുമ, ശ്വാസതടസ്സം, ഉയർന്ന ശ്വസനനിരക്ക് എന്നിവയാണ് ലക്ഷണങ്ങൾ.

മൂന്നാം ഘട്ടം എആർഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം): ശ്വാസകോശ അറകളിൽ ദ്രാവകം നിറയുന്ന അതീവ ഗുരുതരാവസ്ഥ, രക്തസമ്മർദം താഴുകയും കടുത്ത ശ്വാസതടസ്സമുണ്ടാവുകയും ചെയ്യും. ഉയർന്ന ശ്വാസനിരക്കും അബോധാവസ്ഥയും ഉണ്ടാകാം.

നാലാം ഘട്ടം സെപ്റ്റിക് ഷോക്ക്: രക്തസമ്മർദം ഗുരുതരമായി താഴ്ന്ന് വിവിധ ആന്തരികാവയവങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നു.

അഞ്ചാം ഘട്ടം സെപ്റ്റിസീമിയ: വൈറസുകൾ രക്തത്തിലൂടെ വിവിധ ആന്തരികാവയവങ്ങളിലെത്തി അവയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. വൃക്കയുടെയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ സ്തംഭിപ്പിച്ച് അതീവ ഗുരുതരാവസ്ഥയിലാക്കുന്നു.

രോഗം പകരുന്ന വിധം രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് വരുന്ന വൈറസിലൂടെയും രോഗിയുടെ ശരീരസ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുക്കളിലൂടെയും വളർത്തു മൃഗങ്ങളിലൂടെയും രോഗം പകരാം.

മുൻകരുതൽ: കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയായി കഴുകുക. വൈറസ് ബാധിത പ്രദേശങ്ങളിലൂടെ യാത്ര ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, സന്ദർശിക്കുന്നുണ്ടെങ്കിൽത്തന്നെ മാസ്‌ക് ധരിക്കുക. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായും മൂക്കും പൊത്തണം. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വൈദ്യസഹായം തേടണം. ധാരാളം വെള്ളം കുടിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP