Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കോവിഡാനന്തരം ആയിരത്തോളം കമ്പനികൾ ചൈനവിട്ട് ഇന്ത്യയിലേക്ക്; പലചരക്കുകടകൾ ആമസോൺ വഴിയാവും; വാട്സാപ്പിലൂടെ ഇനി പണമിടപാടും; ആമസോണും ഫേസ്‌ബുക്ക്-ജിയോ ടീമും വഴിയുള്ള ലോക്കലൈസ് ഇ-കോമേഴ്സിലൂടെ കോടികളുടെ നിക്ഷേപവും തൊഴിൽ അവസരവും; ബി ആർ ഷെട്ടിയും ജോയി അറക്കലും അടക്കമുള്ളവർ തകർന്നുവെന്ന് കരുതി പ്രതീക്ഷ കൈവിടേണ്ട; കേരള മോഡൽ ബ്രാൻഡ് ചെയ്യാൻ കഴിയണം; അവസരങ്ങൾ മുതലെടുത്താൽ ഈ സാമ്പത്തികമാന്ദ്യത്തെ നമുക്ക് പുഷ്പംപോലെ നേരിടാം

കോവിഡാനന്തരം ആയിരത്തോളം കമ്പനികൾ ചൈനവിട്ട് ഇന്ത്യയിലേക്ക്; പലചരക്കുകടകൾ ആമസോൺ വഴിയാവും; വാട്സാപ്പിലൂടെ ഇനി പണമിടപാടും; ആമസോണും ഫേസ്‌ബുക്ക്-ജിയോ ടീമും വഴിയുള്ള ലോക്കലൈസ് ഇ-കോമേഴ്സിലൂടെ കോടികളുടെ നിക്ഷേപവും തൊഴിൽ അവസരവും; ബി ആർ ഷെട്ടിയും ജോയി അറക്കലും അടക്കമുള്ളവർ തകർന്നുവെന്ന് കരുതി പ്രതീക്ഷ കൈവിടേണ്ട; കേരള മോഡൽ ബ്രാൻഡ് ചെയ്യാൻ കഴിയണം; അവസരങ്ങൾ മുതലെടുത്താൽ ഈ സാമ്പത്തികമാന്ദ്യത്തെ നമുക്ക് പുഷ്പംപോലെ നേരിടാം

എം മാധവദാസ്

30കളിലെ ഗ്രേറ്റ ഡിപ്രഷൻ കാലത്തിന് സമാനമായ വൻ സാമ്പത്തിക മാന്ദ്യമാണ് കോവിഡാനന്തരം ലോകത്ത് ഉണ്ടാകുന്നത് എന്നാണ് പറയുന്നത്്. ഓഹരി വിപണിയിലുണ്ടായ നഷ്ടം പല കമ്പനികളെയും തകർത്തിരിക്കയാണ്. ക്രൂഡ് ഓയിൽ കമ്പനികളും ധനകാര്യ കൺസൾട്ടിങ്ങ് സ്ഥാപനങ്ങളുമൊക്കെ പാപ്പരാവുന്നു. ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടമാവുന്നു. പ്രവാസികൾ ഏറെയുള്ള കേരളത്തിലടക്കം വൻ പ്രതജസന്ധിയാണ് ഇത് ഉണ്ടാക്കുന്നത്. എന്നാൽ ഇത് അതിരുകവിഞ്ഞ് ഉത്കണ്ഠപ്പെടേണ്ടതില്ല എന്നാണ് യുവാൽ നോഹ ഹരാരിയെപ്പോലുള്ള പ്രശ്സതരായ ശാസ്ത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. രണ്ടാംലോക മഹായുദ്ധം കഴിഞ്ഞപ്പോൾ ഇതിലും വലിയ മാന്ദ്യത്തെ ലോകൃ അതിജീവിച്ചതാണ് ഹരാരി ചൂണ്ടിക്കാട്ടുന്നത്. 'തകർന്നു കിടന്ന യൂറോപ്പിനെ അന്ന് പൂർണ്ണമായും പുനസൃഷ്ടിക്കയായിരിരുന്നു. ഇന്ന് തകർന്നു കിടക്കുന്ന യൂറോപ്പിന്റെ അമേരിക്കയുടെയും ആരോഗ്യ സംവിധാനത്തെയാണ് പുനർ നിർമ്മിക്കേണ്ടത്. പക്ഷേ അത് മറ്റ് രാജ്യങ്ങൾക്കുള്ള അവസരം കൂടിയാണ്.'- ്ഹരാരി ചൂണ്ടിക്കാട്ടി.

താൽക്കാലികമായ സാമ്പത്തിക മാന്ദ്യത്തെ ബുദ്ധിപുർവ്വമായ നിക്ഷേപം വഴിയും, പുതിയ സാധ്യതകൾ പരീക്ഷിച്ചും മറികടക്കാനാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ശ്രമിക്കേണ്ടതകോവിഡാനന്തരം ആയിരത്തോളം കമ്പനികൾ ചൈനവിട്ട് ഇന്ത്യയിലേക്ക് വരുന്നത്. ആമസോണും ജിയോ- ഫേസ്‌ബുക്ക് കുട്ടായ്മയും തുറക്കുന്നത് കോടികളുടെ നിക്ഷേപവും തൊഴിൽ അവസരങ്ങളുമാണ്. യൂറോപ്യൻ ആരോഗ്യമേഖലയിൽ കേരളത്തിനുപോലും ഇനി ഫലപ്രദമായി ഇടപെടാൻ കഴിയും. കോവിഡിനെ അതിജീവിച്ചുവെന്ന ബ്രാൻഡ് കേരളാ മോഡൽ ഉപയോഗിക്കാനാണ് നാം പടിക്കേണ്ടത്.

മുകേഷ് അംബാനി തൊട്ട് ബി ആർ ഷെട്ടി മുതൽ നമ്മുടെ പ്രവാസി വ്യവസായി ജോയി അറക്കൽവരെ ഈ മാന്ദ്യത്തിൽ പെട്ട് കുടുങ്ങിയവരാണ്. അടുത്തകാലത്താണ് ഏഷ്യയിലെ സമ്പന്നരിലെ ആദ്യസ്ഥാനം അംബാനിക്ക് നഷ്ടമായത് എന്നാൽ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളറിന്റെ നിക്ഷേപം ഫേസ്‌ബുക്ക് നടത്തിയതോടെ മുകേഷ് അംബാനി ആഗോള ധനികരുടെ പട്ടികയിൽ ഏഷ്യയിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ലോകത്തെ വലിയ ഓയിൽ റിഫൈനറി കൈയാളുന്ന അംബാനിക്ക് കഴിഞ്ഞ ദിവസം എണ്ണ വിപണിയിൽ ഉണ്ടായ വിലയിടിവിനെ തുടർന്ന് ആസ്തിയിൽ 14 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായിരുന്നു. അതേസമയം ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള ചൈനീസ് കമ്പനി ആലിബാബ മേധാവി ജാക് മാക്ക് ഒരു ബില്യൺ ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. എന്നാൽ മുകേഷ് അംബാനി ഫേസ്‌ബുക്കുമായി ചേർന്ന പുതിയ സംരംഭം ഉണ്ടാക്കിയാണ് ഈ പ്രതിസന്ധി മറികടക്കുന്നത്. ഇങ്ങനെ പ്രതി്സന്ധികളെ മറികടക്കാൻ പുതിയ
അവസരങ്ങൾ കണ്ടെത്തുകയാണ് നാം ചെയ്യേണ്ടത്.

ചൈന  വിടുന്ന കമ്പനികൾ ഇന്ത്യയിലേക്ക്

കോറോണ വ്യാപനത്തെ തുടർന്ന് പല കമ്പനികളും ചൈന വിടാനൊരുങ്ങുമ്പോൾ സാധ്യത തെളിയുന്നത് ഇന്ത്യയ്ക്ക്. വുഹാനിൽ വന്ന കൊറോണ വൈറസിനെ ചൈന അടിച്ചമർത്തിയെങ്കിലും ഇപ്പോഴും ആ ഭീതി അന്തരീക്ഷത്തിൽ നിൽക്കയാണ്. മാത്രമല്ല രണ്ടാംഘട്ട വ്യാപനവും ചൈനയിൽ നടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ ജപ്പാനീസ് അമേരിക്കൻ കമ്പനികൾ ചൈനയിൽനിന്ന് ഒവയുടെ കേന്ദ്രം മാറ്റാൻ ആഗ്രഹിക്കുന്നുണ്ട്. ഈ സാധ്യത ഇന്ത്യക്ക് എത്രത്തോളം മുതലെടുക്കാം എന്നതിനെ അനുസരിച്ചായിരിക്കും ഇന്ത്യയുടെ കോവിഡാനന്തര അതിജീവനം.

ആയിരത്തോളം വിദേശ കമ്പനികൾ ഇന്ത്യൻ അധികാരികളുമായി വിവിധ തലങ്ങളിൽ ചർച്ചകളിൽ ഏർപ്പെടുന്നുണ്ട്. ഇതിൽ 300 കമ്പനികളെങ്കിലും മൊബൈൽ, ഇലക്ട്രോണിക്‌സ്, മെഡിക്കൽ ഉപകരണങ്ങൾ, തുണിത്തരങ്ങൾ, തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ ഉത്പാദനം തുടരാൻ ആലോചിക്കുന്നുണ്ടെന്നും സർക്കാർ ഉന്നത വൃത്തങ്ങൾ അറിയിച്ചു. ബിസിനസ്സ് ടുഡെയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.ചൈന കഴിഞ്ഞാലുള്ള ബദൽ ഉത്പാദന കേന്ദ്രമായാണ് ഇന്ത്യയെ പല കമ്പനികളും കാണുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ ഇവരുടെ അഭ്യർത്ഥനകൾ പരിഗണിച്ചു വരികയാണ്. കൊറോണ വൈറസ് നിയന്ത്രണവിധയമായാൽ ഇന്ത്യയ്ക്ക് ഉപകാരപ്രദമായ രീതിയിൽ കാര്യങ്ങൾ മാറി മറിയാനാണു സാധ്യത. ഒരു ബദൽ ഉത്പാദന കേന്ദ്രമായി ഇന്ത്യ ഉയർന്നുവരും. ജപ്പാൻ, യുഎസ്, ദക്ഷിണ കൊറിയ തുടങ്ങിയ പല രാജ്യങ്ങളും ചൈനയെ അമിതമായി ആശ്രയിക്കുന്നവരാണ്.

ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രം കഴിഞ്ഞ സെപ്റ്റംബറിൽ കോർപ്പറേറ്റ് നികുതി 25.17 ശതമാനമായി കുറച്ചിരുന്നു. പുതിയ നിർമ്മാതാക്കൾക്ക് ബാധകമായ നികുതി 17 ശതമാനമായി കുറക്കുകയും ചെയ്തു. ഇത് തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. നികുതി നിരക്കും ചരക്ക് സേവന നികുതിയും (ജിഎസ്ടി) കുറഞ്ഞതോടെ ഉത്പാദന മേഖലയിൽ ഗണ്യമായ വിദേശ നിക്ഷേപം ആകർഷിക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.കോവിഡ് വൈറസ് പടർന്നുപിടിക്കുന്നതിനെതിരെയുള്ള പോരാട്ടത്തിൽ ചൈന ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ തങ്ങളുടെ യൂണിറ്റുകളെ ചൈനയിൽ നിന്ന് മാറ്റിസ്ഥാപിക്കുന്നതിനോ ബദൽ സ്ഥലങ്ങളിൽ പുതിയ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനോ കോർപ്പറേറ്റുകളെ പ്രേരിപ്പിക്കുമെന്നുമാണ് പ്രതീക്ഷ.

'ഉത്പാദനം ചൈനയിൽ നിന്ന് മാറ്റാൻ ജപ്പാൻ തങ്ങളുടെ കമ്പനികൾക്ക് 200 കോടി ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങൾക്ക് ജപ്പാനെ പിന്തുടരാം, ഇത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.' ആഭ്യന്തര വ്യവസായ പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) സെക്രട്ടറി ഗുരുപ്രസാദ് മോഹൻപാത്ര പറയുന്നു.'വിപണിയുടെ വലിപ്പം കാരണം ഇന്ത്യയെ ആകർഷകമായ ലക്ഷ്യസ്ഥാനമായി പൊതുവെ കണക്കാക്കുന്നുന്നുണ്ട്. കയറ്റുമതി മേഖലയിലും ഇന്ത്യയെ പ്രധാന കേന്ദ്രമായി കണക്കാക്കുന്നു. ഇന്ത്യയുടെ വിപണി വലുപ്പം നിർമ്മാതാക്കളെ സംബന്ധിച്ച് ഗുണകരമാണ്. വിയറ്റ്‌നാമിൽ മൊബൈൽ നിർമ്മിക്കുകയാണെങ്കിൽ പ്രധാനമായും കയറ്റുമതി ചെയ്യണം. പ്രാദേശിക മാർക്കറ്റ് ഇല്ലാത്തതിനാൽ അവിടെ വിൽക്കാൻ കഴിയില്ല. എന്നാൽ 100 ഡോളറിൽ താഴെ വിലയുള്ള മൊബൈൽ ഫോണുകൾക്കായി ഇന്ത്യയിൽ വലിയ വിപണി ഉണ്ട്. 200 ഡോളറോ അതിൽ കൂടുതലോ വിലയുള്ള മൊബൈലുകൾ കയറ്റുമതി ചെയ്യാനുള്ള വലിയ സാധ്യതയുണ്ട്.' അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക പലചരക്കുകടകൾ ആമസോൺ വഴിയാവുമ്പോൾ

പ്രളയത്തെ അതിജീവിച്ചപ്പോൾ മത്സ്യത്തൊഴിലാളികൾ ആയിരുന്ന കേരളത്തിന് ഹീറോ. അതുപോലെ കോവിഡിനെ അതിജീവിച്ചപ്പോൾ ചൈനയ ഹീറോ ആയി കണ്ടത് മൊബൈൽ ആപ്പുകളിലെ ഭക്ഷണ വിതരണ തൊഴിലാളികളെയാണ്. ലക്ഷക്കണക്കിന് ആളുകൾക്കുള്ള തൊഴിൽ അവസരം കൂടിയാണ് ഈ മേഖലയിൽ തുറന്നത്. കോവിഡ് കഴിഞ്ഞപ്പോൾ ചൈനയിൽ ആഭ്യന്തര ഓണലൈൻ വിപണി അതിശക്തമാവുകയാണ് ഉണ്ടായത്. ഇന്ത്യയിലും അതുപോലെ ഒരു അവസരം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

്ഇന്ത്യയിലും കോവിഡാനന്തരം വിപണി പിടിക്കാൻ വമ്പന്മാരാണ് രംഗത്ത് എത്തതുന്നത്. പ്രാദേശിക കടകൾ മാത്രം പ്രവർത്തിച്ചുവന്നിരുന്ന സമയത്ത് രംഗത്തെത്തിയ ഫ്‌ളിപ്കാർട്ടും പിന്നെ എത്തിയ ആമസോണും ഇന്ത്യക്കാരുടെ ഷോപ്പിങ് രീതികൾ പാടെ തിരുത്തിയെഴുതിയിരുന്നു. ഇതിനു ശേഷം കാര്യമായ മാറ്റമൊന്നും വന്നിരുന്നില്ല. എന്നാൽ ഉടനെ ഇന്ത്യയാകെ വ്യാപിക്കാൻ തുടങ്ങുന്ന ജിയോമാർട്ടിനെ പ്രതിരോധിക്കാൻ ആമസോണും തങ്ങളുടെ രീതിയിൽ ശ്രമിക്കുന്നതോടെ ഇന്ത്യക്കാരുടെ ഷോപ്പിങ് മറ്റൊരു തലത്തിലേക്ക് കടന്നേക്കും.

പ്രാദേശിക കടകളിൽ നിന്ന് നേരിട്ട് സാധനങ്ങൾ എത്തിക്കാൻ 'ലോക്കൽ ഷോപ്‌സ് ഓൺ ആമസോൺ' എന്ന പദ്ധതി ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ വിൽപ്പനശാലയായ ആമസോണിന്റെ ഇന്ത്യൻ വിഭാഗവും തുടങ്ങിയിരിക്കുകയാണ്. ഇതാകട്ടെ, ഉടനടി വരുന്ന ജിയോ-ഫേസ്‌ബുക്ക് ടീമിന്റെ ജിയോമാർട്ടിന് നേരിട്ടുവെല്ലുവിളി ഉയർത്താനാണ് എന്നാണ് കരുതുന്നത്. പ്രാദേശിക കടക്കാരെ തങ്ങളുടെ കുടക്കീഴിലാക്കാനായാണ് ജിയോമാർട്ട് എന്ന ഓൺലൈൻ സംരംഭം റിലയൻസ് ജിയോയും ഫെയസ്ബുക്കും കൂടെ തുടങ്ങുക. ആമസോണിന്റെ പ്രോഗ്രാമിൽ ഇപ്പോൾത്തന്നെ 5,000 ഓഫ്‌ളൈൻ റീട്ടെയ്‌ലർമാരും കടക്കാരും ചേർന്നു കഴിഞ്ഞുവെന്നു റിപ്പോർട്ടുകൾ പറയുന്നു. ഈ അമേരിക്കൻ കമ്പനിയുടെ നീക്കം ജിയോമാർട്ടിനു മാത്രമായിരിക്കില്ല ഭീഷണിയാകുക, മറിച്ച് ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ വിൽപ്പനശാലയായ വാൾമാർട്ടിന്റെ അധീനതയിലുള്ള ഫ്‌ളിപ്കാർട്ടിനും കടുത്ത വെല്ലുവിളി ഉയർത്തിയേക്കും. കൂടുതൽ, പ്രാദേശിക വിൽപ്പനക്കാരോട് തങ്ങളോടൊപ്പം ചേരാനാണ് ആമസോൺ ക്ഷണിച്ചിരിക്കുന്നത്. ഇതിനായി തങ്ങൾ 10 കോടി രൂപ ഉടനടി മുടക്കുമെന്ന് ആമസോൺ അറിയിച്ചു.

ഉപയോക്താക്കൾക്ക് ഓൺലൈനിലൂടെ ഓർഡർ ചെയ്യുക എന്നത് വളരെ സൗകര്യമാണ്. എന്നാൽ, ഓർഡർ ചെയ്ത സാധനം പ്രാദേശിക കടക്കാർ നേരിട്ട് എത്തിച്ചുകൊടുക്കുക വഴി ഒരുപാട് സമയം ലാഭിക്കാം. ഓൺലൈനായി ഓർഡർ ചെയ്ത ശേഷം പല ദിവസങ്ങൾ കാത്തിരിക്കേണ്ടി വരില്ല. മണിക്കൂറുകൾക്കുള്ളിലോ, മിനിറ്റുകൾക്കുള്ളിലോ സാധനം വീട്ടുപടിക്കൽ എത്തിക്കാനായിരിക്കും ആമസോണും ജിയോമാർട്ടും ശ്രമിക്കുക. എന്നാൽ, ഓർഡർ ലഭിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിലെങ്കിലും സാധനം എത്തിച്ചുകൊടുക്കാനുള്ള സംവിധാനമുള്ള റീട്ടെയിൽ വിൽപ്പനക്കാരോട് തങ്ങളോടൊപ്പം ചേരാനാണ് ആമസോൺ ആവശ്യപ്പെടുന്നത്. അതതു ദിവസം എത്തിച്ചു കിട്ടാൻ ചിലപ്പോൾ അധിക തുക നൽകേണ്ടിവന്നേക്കും. അതായത് ഫലത്തിൽ പലചരക്കുകടകൾ ആമസോണിൽ ചേരുന്നുവെന്ന് ചുരുക്കം.

ആമസോൺ വഴിയെത്തുന്നത് വൻ അവസരങ്ങൾ

ചില മെട്രോകളിൽ ആമസോണിന് ഇപ്പോൾത്തന്നെ ബിസിനസ് പങ്കാളികൾ ഉണ്ട്. അഹമ്മദാബാദ്, കോയമ്പത്തൂർ, ഡൽഹി, ഫരീദാബാദ്, ഹൈദ്രാബാദ്, ഇൻഡോർ, ജയ്പൂർ, ലക്‌നൗ, പുനെ, സൂററ്റ് തുടങ്ങിയ പല ടയർ-1, ടയർ-2 നഗരങ്ങളിലും ചില റീട്ടെയ്‌ലർമാർ ആമസോണുമായി കൈകോർത്തിരിക്കുകയാണ്. ഇതിൽ, പ്രാദേശിക പലചരക്കു കടകളും, ഇലക്ട്രോണിക് കടകളും മാത്രമല്ല വാഹനങ്ങളുടെ പാർട്‌സുകൾ, പുസ്തകക്കടകൾ, ഫർണിച്ചർ, ഗൃഹാലങ്കാര വസ്തുക്കൾ വിൽക്കുന്നവർ, ആഭരണ വിൽപ്പനക്കാർ, അടുക്കള ഉപകരണങ്ങൾ വിൽക്കുന്നവർ, സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്നവർ, കളിപ്പാട്ട വിൽപ്പനക്കാർ എന്നിങ്ങനെ നിരവിധി വിഭാഗങ്ങളിലുള്ളവരും ആമസോണിനൊപ്പം ചേരുന്നുണ്ട്.

ഈ പ്രോഗ്രാമിൽ ചേരുന്നവർക്ക് സ്വന്തമായി സാധനങ്ങൾ എത്തിച്ചുകൊടുക്കാനുള്ള സംവിധാനം വേണമെന്ന് പറഞ്ഞല്ലൊ. ഇതു പ്രാവർത്തികമാകുകയാണെങ്കിൽ സ്വന്തമായി ഡെലിവറി ബോയിസിനെ നിയമിക്കുന്നത് ആമസോണിന് കുറയ്ക്കുകയും ചെയ്യാം. പ്രാദേശിക കടക്കാർക്ക് അടുത്തിടെ അവതരിപ്പിച്ച 'ആമസോൺ ഡെലിവറി ആപ്' ഉപയോഗിച്ച് ഓർഡർ ചെയ്ത സാധനം എത്തിച്ചുകൊടുക്കുന്നത് എപ്പോഴാണ് എന്ന് ആമസോണിനെയും ഓർഡർ ചെയ്ത ആളിനെയും അറിയിക്കുകയും ചെയ്യാം. ഇരുകൂട്ടർക്കും ഷിപ്പിങ് ട്രാക്കു ചെയ്യാം. ലോക്കൽ ഷോപ്‌സ് ഓൺ ആമസോൺ പദ്ധതി വളരെ താത്പര്യജനകമായ ഒന്നാണെന്നാണ് വിലയിരുത്തൽ. അമസോണിന് ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും വലിയ എതിരാളിയായ ഫ്‌ളിപ്കാർട്ടിന് ലോക്ഡൗൺ സമയത്ത് സാധനങ്ങൾ എത്തിച്ചുകൊടു്ക്കാൻ വിഷമങ്ങൾ നേരുടുന്ന സമയവുമാണിത്. ലോക്കൽ കടക്കാരെ തങ്ങളോടൊപ്പം ചേർക്കുക വഴി ഇത്തരം പ്രശ്‌നങ്ങൾ ഭാവിയിൽ ഉണ്ടായാൽ പരിഹരിക്കാമെന്നും കമ്പനി കണക്കുകൂട്ടുന്നു. തങ്ങളുടെ പദ്ധതി കോവിഡ്-19ന്റെ സമയത്ത് എങ്ങനെയാണ് പ്രവർത്തിച്ചത് എന്നതിന്റെ അനുഭവ സമ്പത്തും ഭാവിയിൽ ഉപകാരപ്രദമാകുമെന്നും കമ്പനി അറിയിച്ചു.

ലോക്കൽ ഷോപ്‌സ് ഓൺ ആമസോൺ പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന പ്രാദേശിക കടകൾക്ക് ഈ ലിങ്ക് ഉപയോഗിക്കാം. https://amzn.to/2x3W9fU ഈ പദ്ധതിയിൽ ചേരാൻ പണം നൽകേണ്ടതില്ല. വിൽക്കുന്ന സാധനങ്ങൾക്ക് അവയ്ക്കിട്ടിരിക്കുന്ന അംഗീകൃത വില തന്നെയായിരിക്കും വാങ്ങാവുന്നത്. ഇതിൽ പങ്കാളികളാകുന്ന കടക്കാർക്ക് ആമസോണിന്റെ പ്രൈം ബാഡ്ജ് ലഭിക്കും. ആമസോണിന്റെ മറ്റൊരു പ്രോഗ്രാമാണ് 'ഐ ഹാവ് സ്‌പെയ്‌സ്'. സാധനങ്ങൾ ശേഖരിച്ചുവയ്ക്കാനും, പിക്-അപ് പോയന്റായി പ്രവർത്തിക്കാനുമായിരിക്കും ഐ ഹാവ് സ്‌പെയ്‌സ് പദ്ധതിയിൽ ചേരുന്നവരോട് ആവശ്യപ്പെടുക. സാധനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ആമസോൺ ഈസി (Amazon Easy) പദ്ധതിയിലും താത്പര്യമുള്ള വിൽപ്പനക്കാർക്ക് ചേരാവുന്നതാണ്. അതിനുള്ള ലിങ്ക് ഇതാ: https://amzn.to/2VxvOAa

ഓൺലൈൻ വിൽപ്പനക്കാർ ഇതുവരെ ചെയ്തുവന്നത് തങ്ങളുടെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ, തങ്ങളുടെ തന്നെ ഡെലിവറി വിഭാഗത്തിന്റെയോ, അതിനായി ചുമതലപ്പെടുത്തപ്പെട്ടവർ മുഖേനയോ എത്തിച്ചു നൽകുക എന്നതായിരുന്നു. എന്നാൽ, പുതിയ പരീക്ഷണത്തിൽ പ്രാദേശിക കടകൾ ഓൺലൈൻ വിൽപ്പനക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുമ്പോൾ, അവരുടെ കടകളിലിരിക്കുന്ന സാധനങ്ങളായിരിക്കും എത്തിച്ചു നൽകുക. ഇതു വിജയകരമാകുകയാണെങ്കിൽ നിശ്ചയമായും ഇന്ത്യക്കാരുടെ ഷോപ്പിങ് രീതികൾ മാറ്റിമറിച്ചേക്കും. ബിസിനസ് ഭീമന്മാരായ ഫേസ്‌ബുക്കും റിലയൻസ് ജിയോയും ഉദ്ദേശിക്കുന്നത് ഏകദേശം 3 കോടി കടക്കാരെ തങ്ങൾക്കൊപ്പം ചേർക്കാനാണ്.

മുകേഷ് അംബാനിയും സുക്കർബർഗും കൈകോർക്കുമ്പോൾ

സാമ്പത്തിക രംഗത്തെ കൊവിഡ് ആശങ്കകൾക്കിടെ പല വമ്പൻ ഡീലുളകളും നടക്കുന്നത് നാം കാണാതെപോകരുത്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളറിന്റെ ( 43,574 കോടി രൂപയുടെ) ഓഹരി ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റായ ഫേസ്‌ബുക്ക് വാങ്ങി. അതായത് ജിയോയുടെ വിവിധ പ്ലാറ്റ്ഫോമുകളിലെ 9.99 ശതമാനം ഓഹരികൾ ഫേസ്‌ബുക്കിന് സ്വന്തമായി.
ഫേസ്‌ബുക്കിനെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്. ഒപ്പം ഇന്ത്യയിൽ ഇതുവരെ ഉണ്ടായ ടെക് രംഗത്തെ ഏറ്റവും വലിയ നിക്ഷേപവും ഈ ഇടപാട് തന്നെ. ഇത് അതിവേഗം വളരുന്ന ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ ഫേസ്‌ബുക്കിന് കൂടുതൽ കരുത്തേകുമെന്ന് വിലയിരുത്തുന്നുണ്ട് എന്നാൽ ഈ ഇടപാടിന്റെ യഥാർത്ഥ നേട്ടം ഫേസ്‌ബുക്കിനോ ജിയോയ്ക്കോ എന്നതാണ് ഇപ്പോൾ ചോദ്യം.

അടുത്തകാലത്താണ് ഏഷ്യയിലെ സമ്പന്നരിലെ ആദ്യസ്ഥാനം അംബാനിക്ക് നഷ്ടമായത് എന്നാൽ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളറിന്റെ നിക്ഷേപം ഫേസ്‌ബുക്ക് നടത്തിയതോടെ മുകേഷ് അംബാനി ആഗോള ധനികരുടെ പട്ടികയിൽ ഏഷ്യയിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ലോകത്തെ വലിയ ഓയിൽ റിഫൈനറി കൈയാളുന്ന അംബാനിക്ക് കഴിഞ്ഞ ദിവസം എണ്ണ വിപണിയിൽ ഉണ്ടായ വിലയിടിവിനെ തുടർന്ന് ആസ്തിയിൽ 14 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായിരുന്നു. അതേസമയം ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള ചൈനീസ് കമ്പനി ആലിബാബ മേധാവി ജാക് മാക്ക് ഒരു ബില്യൺ ഡോളറിന്റെ ഇടിവാണ് ഉണ്ടായത്.

വാട്സാപ്പിലൂടെ ഇനി പണമിടപാടും

വാട്ട്സ്ആപ്പിന് ഇപ്പോൾ ഇന്ത്യയിൽ 40 കോടിയിലേറെ ഉപയോക്താക്കളാണ് ഉള്ളത്. വാട്ട്സ്ആപ്പ്, ഫേസ്‌ബുക്ക്,യൂട്യൂബ് എന്നീ ആപ്പുകളാണ് ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകൾ. ശരിക്കും ഫേസ്‌ബുക്ക് ജിയോയിൽ ഇത്രയും പണം ഇറക്കുന്നത് തന്നെ വാട്ട്സ്ആപ്പിന് വേണ്ടിയാണ്. ഇന്ത്യയിലെ മൂന്നു കോടി ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ ഒരു സംവിധാനമാണ് ജിയോ ഫേസ്‌ബുക്ക് ആദ്യം ഉദ്ദേശിക്കുന്നത്. ചാറ്റിങ് മാത്രമല്ല, ബഹുവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒരു ആപ്പായി വാട്ട്സ്ആപ്പിനെ ഈ കൂട്ടുകെട്ട് മാറ്റിയേക്കും. നിങ്ങൾ വാട്‌സാപ്പിലൂടെ ഓർഡർ ചെയ്യുന്ന സാധനങ്ങൾ മിക്കവാറും അന്നു തന്നെ നിങ്ങളുടെ കൈയിൽ എത്തും. ചെറുകിട സ്ഥാപനങ്ങൾക്ക് അവരുടെ കച്ചവടവും വർധിപ്പിക്കാം.

വാട്ട്സ്ആപ്പിലൂടെ പണമിടപാട് നടത്താൻ ഉദ്ദേശിച്ചു കൊണ്ടുവന്ന വാട്‌സാപ് പേ സേവനം ഇതുവരെ ഉദ്യോഗസ്ഥർ അനുവദിച്ചു നൽകിയിരുന്നില്ല. എന്നാൽ, ഇനി അംബാനി കൂടെയുള്ളതിനാൽ കാര്യങ്ങൾ എളുപ്പമായേക്കും. ഇത് അനുവദിച്ചു കഴിഞ്ഞാൽ പലചരക്കിനും മറ്റും വാട്‌സാപിലൂടെ പണമടയ്ക്കാൻ സാധിക്കും. വാട്‌സാപ് പേ തത്കാലം നടക്കില്ല. അതു വരുന്നതു വരെ ജിയോ പേയിലൂടെ ആയിരിക്കും പണമടയ്ക്കൽ.

അതായത് ലോക്കലൈസ് ഇ-കോമേഴ്സാണ് ഫേസ്‌ബുക്ക് ജിയോ കൂട്ടുകെട്ട് ഉദ്ദേശിക്കുന്നത്. പ്രാദേശിക കടകളെ ഉൾപ്പെടുത്തി പുതിയ ഇകൊമേഴ്‌സ് സാമ്രാജ്യം സൃഷ്ടിക്കാനുള്ള റിലയൻസിന്റെ ശ്രമങ്ങളിൽ ഇനി ഫേസ്‌ബുക്കും പങ്കാളിയായേക്കും. പ്രാദേശിക വിവരങ്ങൾ ശേഖരിക്കാൻ ജിയോയ്ക്ക് എളുപ്പം സാധിക്കും. വാട്‌സാപ്പിലൂടെ ഉപയോക്താക്കളെ പരിചയമുള്ള ഫേസ്‌ബുക്കിന് അതിവേഗത്തിൽ ഇതൊരു കച്ചവട ശൃംഖല സൃഷ്ടിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ. ഇന്റർനെറ്റിൽ ഉപയോക്താക്കൾ എന്നും സമയം ചെലവാക്കുന്നത് ആപ്പുകൾ ഉപയോഗിക്കാനാണ്. തങ്ങളുടെ ഇന്റർനെറ്റ് ഉപയോഗിച്ച് മറ്റു സൈറ്റുകളിലേക്ക് ഉപയോക്താക്കൾ പോകുന്നത് തടയാൻ കൂടിയാണ് ജിയോയുടെ നീക്കം. ഫേസ്‌ബുക്ക് സഹായത്തോടെ ജിയോയുടെ സിഗ്നേച്ചറുകൾ ആപ്പുകൾ ഉണ്ടാക്കി ഉപയോക്താക്കളെ തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിർത്തുക എന്നത് ജിയോ പദ്ധതിയാണ്. ജിയോ മാർട്ട് പോലുള്ള സംരംഭങ്ങൾ ഫേസ്‌ബുക്കിന്റെ നെറ്റ്‌വർക്ക് ശേഷി ഉപയോഗപ്പെടുത്തുമ്പോൾ ആമസോണിനെയും ഫ്‌ളിപ്കാർട്ടിനെയും മറികടക്കും എന്നാണ് ജിയോയുടെ പ്രതീക്ഷ.

കേരളമോഡൽ  ബ്രാൻഡ് ചെയ്യാൻ കഴിയണം

പ്രവാസികൾ കൂട്ടത്തോടെ തിരച്ചുവരുന്നു കേരളത്തിൽ എല്ലാം തകർന്നുവെന്ന് കരുതാൻ വരട്ടെ. നമുക്കും ഉണ്ട് അവസരങ്ങൾ. ലോകമെമ്പാടും ഇപ്പോൾ മലയാളി ആരോഗ്യപ്രവർത്തകരുടെ കീർത്തി എത്തിയിരിക്കയാണ്. കോവിഡാനന്തരം യൂറോപ്പും അമേരിക്കയും കൂടുതൽ ശ്രദ്ധിക്കുക ആരോഗ്യമേഖലിൽ ആയിരിക്കും. അപ്പോൾ അതിന്റെ ഗുണഭോക്താവ് കേരളം ആയിരിക്കും. കോവിഡിനെ അതിജീവിച്ച സുരക്ഷിത നാട് എന്ന കീർത്തി നമുക്ക് വല്ലാതെ ഗുണം ചെയ്യും. ഇനി പാശ്ചാത്യ രാജ്യങ്ങളിലെ അതി സമ്പന്നർ വിശ്രമകാല ജീവിതത്തിനു കേരളം തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണ്;.നിലവിൽ തന്നെ പല വിദേശ ബാങ്കുകളും അവയുടെ ബാക്ക് ഓഫീസുകൾ കൊച്ചിയിൽ ആരംഭിച്ചിരിക്കുന്നു. UAE bnse RAK BANK ഒരു ഉദാഹരണം മാത്രം. ബിസിനസ്സ് മാനേജ്മന്റ് വലിയ അളവിൽ ഔട്ട് സോഴ്സ് ചെയ്യപ്പെടും, അതും ചിലവുകുറഞ്ഞ ടെക്കികൾ ഉള്ള സ്ഥലങ്ങളിലേക്ക്. നാം ചെന്നൈയും ഹൈദെരാബാദും മനിലയുമായി മത്സരിക്കേണ്ടി വരും എന്ന്മാത്രം.

നിപ്പ , കോവിഡ് 19 തുടങ്ങിയ മഹാമാരികളെ പിടിച്ചുകെട്ടി കേരളം ഇന്ന് ആരോഗ്യ രംഗത്തെ 'കേരള മോഡൽ ' എന്ന ലോകമാതൃക തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഇത് ശരിക്കും ബ്രാൻഡി് ചെയ്യാൻ കഴിയണം. കാൻസർ , അവയവങ്ങൾ മാറ്റിവെക്കൽ, ജീൻ തെറാപ്പി തുടങ്ങിയ മേഖലയിൽ ഇനി കേരളത്തിന് ബഹുദൂരം മുന്നോട്ട് പോകാൻ സാധിക്കും.ആരോഗ്യരംഗത്തു നാം കാണിച്ച മുന്നേറ്റം ഇന്ന് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച സ്ഥിതിക്ക് ഇനി പാശ്ചാത്യ രാജ്യങ്ങളിലെ അതി സമ്പന്നർ അവരുടെ വിശ്രമകാല ജീവിതത്തിനു കേരളം തിരഞ്ഞെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏതായാലും അമേരിക്ക, ജർമ്മനി, ഇറ്റലി , ബ്രിട്ടൻ എന്നിവിടങ്ങളിൽ ജീവിക്കുന്ന ആ രാജ്യങ്ങളിൽ പൗരത്വം നേടിയ പ്രായം ചെന്ന മലയാളികൾ പോലും കൂട്ടത്തോടെ ആദ്യം കിട്ടുന്ന വിമാനത്തിൽ കേരളത്തിലേക്ക് പറക്കാൻ തയ്യാറെടുക്കുന്നു. അവർക്ക് ആവശ്യമായ 'സീനിയർ സിറ്റിസൺസ് ഹോമുകൾ' ഒരുക്കാൻ നാം തയ്യാറാവുക. കേരളത്തിൽ ഇനി 300-500% വരെ വളർച്ച ഉണ്ടാകാൻ പോകുന്ന ഒരുമേഖലയാണ് റിട്ടയർമെന്റ് ഹോമുകൾ. പക്ഷേ അവ അന്തർദേശിയ തലത്തിലുള്ള നിലവാരം പുലർത്തുന്നവ ആയിരിക്കണം എന്ന് മാത്രം. ഇത് കേരളത്തിലെ നഴ്‌സിങ് മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾക്കും വേതന വർദ്ധനവിനും ഇടയാക്കും.

ലോകമാസകലം ഉള്ള യാത്രകളും വിനോദസഞ്ചാരവും വലിയ മാറ്റത്തിന് വിധേയമാകും. Green, Economic & Responsible ടൂറിസം ആകും ഇനി വരാൻ പോകുന്നത്. അനാവശ്യമായി വെറുതെ പൈസ ചെലവാക്കുന്നതിനു പകരം, ഉത്തരവാദിത്തബോധത്തോടെ ചെലവ് കുറഞ്ഞ,പ്രകൃതിയെ വല്ലാതെ ദ്രോഹിക്കാത്ത ഇടങ്ങൾ ആവും ശ്രദ്ധ നേടുക. കൂടുതൽ ഫാമിലി ടൂറിസ്റ്റുകൾ ഉയർന്നു വരും. അങ്ങനെ നോക്കുമ്പോൾ കേരളം ഒരു ഉദാത്ത ഇടമായി ഉയർന്നുവരാൻ സാധ്യത ഉണ്ട്, പക്ഷേ നാം അതിനായി കഠിന പരിശ്രമം നടത്തണം എന്ന് മാത്രം. ' ടൂറിസ്ററ് ഈസ് ദി കിങ് ' എന്ന മനോഭാവം കൂടി വേണമെന്ന് അർത്ഥം.

പോസ്റ്റ് കോവിഡ് കാലം ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്ന വലിയ മേഖലയാണിത്. നിർമ്മിത ബുദ്ധി, ബ്ലോക്ക് ചെയിൻ, ഡാറ്റാ സയൻസ് , 3ഡി പ്രിന്റിങ് തുടങ്ങിയ മേഖലകളിൽ കണ്ണടച്ച് തുറക്കുമ്പോളേക്കും വലിയ മാറ്റങ്ങൾ വന്നിരിക്കും. മലയാളികൾക്ക് ധൈര്യ സമേതം കൈവെക്കാവുന്ന, വലിയ തൊഴിൽ സാദ്ധ്യതകൾ തുറക്കാൻ പോകുന്ന മേഖലകളാണിവ. ചുരുങ്ങിയത് എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ മുതൽ ഇവ നാം ഉൾപ്പെടുത്തണം. ഇങ്ങനെ നമ്മുടെ പാഠിപദ്ധതികൾ പരിഷ്‌ക്കരിക്കയും സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറുകയും അവസരങ്ങൾ മുതലെടുക്കുയും ചെയ്താൽ കോവിഡിാനന്തര സാമ്പത്തികമാന്ദ്യത്തെ നമുക്ക് പുഷ്പംപോലെ നേരിടാമെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP