Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

'പ്രതിക്രിയാ വാതകവും കൊളോണിയലിസ്റ്റ് ചിന്താസരണികളും കൂടി കൂട്ടിക്കുഴച്ച് എം എ ബേബി കോവിഡിനെ വിലയിരുത്തിയത്‌ നോക്കുക'! അത് തീവ്രമുതലാളിത്തത്തിന്റെ സൃഷ്ടിയാണത്രേ; കോവിഡ് ചൈന ഉണ്ടാക്കിയ ബയോളജിക്കൽ ചെർണോബിൽ ദുരന്തം; മരുന്നില്ലാത്ത മഹാമാരിയെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഭരണകൂട മാർഗ്ഗം ജനാധിപത്യം; കാപ്പിറ്റലിസമല്ല കമ്യൂണിസം തന്നെയാണ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയത്; ലോക മാധ്യമങ്ങളുടെ വിലയിരുത്തൽ ഇങ്ങനെ

'പ്രതിക്രിയാ വാതകവും കൊളോണിയലിസ്റ്റ് ചിന്താസരണികളും കൂടി കൂട്ടിക്കുഴച്ച് എം എ ബേബി കോവിഡിനെ വിലയിരുത്തിയത്‌ നോക്കുക'! അത് തീവ്രമുതലാളിത്തത്തിന്റെ സൃഷ്ടിയാണത്രേ; കോവിഡ് ചൈന ഉണ്ടാക്കിയ ബയോളജിക്കൽ ചെർണോബിൽ ദുരന്തം; മരുന്നില്ലാത്ത മഹാമാരിയെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഭരണകൂട മാർഗ്ഗം ജനാധിപത്യം; കാപ്പിറ്റലിസമല്ല കമ്യൂണിസം തന്നെയാണ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയത്; ലോക മാധ്യമങ്ങളുടെ വിലയിരുത്തൽ ഇങ്ങനെ

എം മാധവദാസ്

'പ്രതിക്രിയ വാതകവും കൊളോണിയലിസ്റ് ചിന്താ സരണികളും കൂടി കൂട്ടിക്കുഴച്ച് മുതലാളിത്തത്തെയും കോവിഡിനെയും എങ്ങിനെ തകർക്കാം എന്ന് ഗവേഷണം നടത്തുന്ന ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രഗത്ഭനായ മാർക്‌സിസിസ്റ്റ് സൈദ്ധാന്തികൻ സഖാവ് എം എ ബേബി പറയുന്നത് തരംഗമാകുന്നു'... ഫേസ്‌ബുക്കിൽ കഴിഞ്ഞ ദിവസം കണ്ട് ഒരു ട്രോൾ ആണിത്. അതിന്റെ തെറ്റുപറയാൻ കഴിയില്ല അമ്മാതിരി തള്ളാണ് സിപിഎം പോളിറ്റ്ബ്യൂറോ അംഗാമായ എംഎ ബേബി തള്ളുന്നത്. കോവിഡ് 19 എന്ന മഹാമാരി മുതലാളിത്തത്തിന്റെ സൃഷ്ടിയാണത്രേ.കേരളത്തിൽ സിപിഎം നേതാവ് എംഎ ബേബിയുടെ ഒരു വീഡിയോ വൈലായത് നിമിഷങ്ങൾകൊണ്ടാണ്. വളരെ പെട്ടന്നുതന്നെ അതിനെതിരെ ട്രോളുകുളും ഉണ്ടായി.

ബേബി പറഞ്ഞ് ഇങ്ങനെയാണ്. 'തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങൾക്കെതിരായിട്ടുള്ള യുദ്ധമാക്കി സൈദ്ധാന്തിക യുദ്ധമായും ബഹുജന സമരമായും മാറ്റണം. അങ്ങനെ മുതലാളിത്ത- തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളാണ് കോവിഡ്19 പോലും ഉടലെടുക്കാനും അത് വ്യാപിക്കാനും കാരണം എന്ന് പറഞ്ഞുകൊണ്ട് കൊവിഡിനെതിരായിട്ടുള്ള യുദ്ധം കൊവിഡിനെതിരായിട്ട് മാത്രമുള്ള യുദ്ധമായി പരിമിതപ്പെട്ട് നിൽക്കാതെ കോവിഡ്19നെ സൃഷ്ടിച്ച തീവ്രമുതലാളിത്ത സാമ്പത്തിക നയങ്ങൾക്കും എതിരായിട്ടുള്ള ഒരു യുദ്ധമാക്കി, ആ യുദ്ധത്തിൽ അണിചേരാൻ പറ്റുന്നവരെ മുഴുവൻ ഭാഗമാക്കി ഒരുമഹാ മുന്നണി രൂപപ്പെടുത്താനുള്ള ഒരു സന്ദർഭമായിട്ട് നമ്മൾ ഇതിനെ ഉപയോഗപ്പെടുത്തണം. '- പക്ഷേ ബേബി ഉന്നയിച്ച ആശയം ഒറ്റപ്പെട്ടതല്ലെന്ന് ലോകമാധ്യമങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും.

ഇടതുപക്ഷ മാധ്യമമായി അറിയപ്പെടുന്ന ദ ഗാർഡിയൻപോലുള്ളവ നേരത്തെതന്നെ കോവിഡ് മുതലാളിത്തത്തിന്റെ സന്തതിയാണെന്നതടക്കമുള്ള വാദങ്ങൾ ഉയർത്തിക്കൊണ്ടിരുന്നു. ലോകമാകെ കമ്യൂണിസ്റ്റ് സൈദ്ധാന്തികർ അമേരിക്കയുടെ യൂറോപ്പിന്റെ തകർച്ച ചൂണ്ടിക്കാട്ടി ഇത് മുതലാളിത്ത വ്യവസ്ഥയുടെ തകർച്ചയാണെന്ന് പരിഹസിക്കുന്നുണ്ട്. നോം ചേംാസ്‌ക്കി അടക്കമുള്ള ലിബറൽ ബുദ്ധിജീവികളുടെ ലേഖനങ്ങളിലും ഈ വസ്തുത പ്രചരിക്കുന്നുണ്ട്. പക്ഷേ ഇതിൽ യാഥാർഥ്യം എന്താണെന്നാണ് യുവാൽ നോഹ ഹരാരിയെും മാർക്സ് മൂറിനെയും പോലുള്ള സ്വതന്ത്രബുദ്ധി ജീവികൾ. സിഎൻഎന്നിന്റെ എഷ്യ-പെസഫിക്ക് കറസ്പോണ്ടന്റും ദീർഘകാലം ചൈനയിൽ ലേഖകനുമായിരുന്നു മൂറിന്റെ അഭിപ്രായത്തിൽ ഇത് കോവിഡ് കമ്യൂണിസ്റ്റ് ഇരുമ്പുമറയുടെ സൃഷ്ടിയാണ്.ലോകത്തിന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണി ഏകാധിപത്യ ഭരണകൂടങ്ങളാണെന്ന് കോവിഡ് പടർന്നതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മരുന്നില്ലാത്ത മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം ജനാധിപത്യം

അതായത് അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായ് മുന്നോട്ട് എന്ന് പറഞ്ഞപോലെയാണ് കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ അവസ്ഥ. വുഹാനിലെ ഒരൊറ്റ മാർക്കറ്റിൽ ഒതുക്കാമായിരുന്ന കോവിഡ് മഹാമാരിയെ ഇരുമ്പുകർട്ടൻ കൊണ്ട് മൂടി ഇവിടെ ഒന്നുമില്ല എന്ന് പറഞ്ഞ് നടന്ന് ലോകം മുഴുവൻ എത്തിച്ച് ലോകത്തെ ചതിക്കയാണ് ചൈന ചെയ്തത്. ഇത് എങ്ങനെ ഉണ്ടായി എന്നുനോക്കുമ്പോഴാണ് കമ്യൂണിസം എന്ന ആശയവും ഏകകക്ഷി സമ്പ്രദാവും പ്രതിപക്ഷമില്ലായ്മയും വിമർശിക്കപ്പെടുന്നത്. ഇന്ത്യപോലുള്ള ഏതെങ്കിലും ജനാധിപത്യ രാഷ്ട്രത്താണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടതെങ്കിൽ അത് നിഷ്പ്രയാസം തടയുവാൻ കഴിയുമായിരുന്നു. മാനവവികസന സൂചികയിൽ ഒത്തിരി പിന്നിലാണെങ്കിലും, ചൈനീസ് വികസനകുതിപ്പും പളപളപ്പും ഒന്നുമില്ലെങ്കിലും ഭാരതത്തിൽ ജനാധിപത്യമുണ്ട് പ്രതിപക്ഷമുണ്ട് സ്വതന്ത്ര മാധ്യമങ്ങളുണ്ട്.ഭരണകൂടം എന്തെങ്കിലും മറച്ചുവയ്ക്കാൻ ശ്രമിച്ചാൽ ചാനലുകൾ പത്രങ്ങൾ എല്ലാം അവ ബ്രേക്കിങ് ന്യൂസായി സ്‌ക്കൂപ്പായി പുറത്തുകൊണ്ടുവരും. പ്രതിപക്ഷം അതേറ്റെടുക്കും.കോടതിയിൽ പൊതുതാൽപര്യ ഹർജികൾ ഫയൽ ചെയ്യപ്പെടുംഒളിച്ചു വയ്ക്കാൻ ശ്രമിച്ചതെല്ലാം നാട്ടിൽ പാട്ടാകും.ഭരണകൂടം തെറ്റ് തിരുത്താൻ നിർബന്ധിതരാകും.ഇതാണ് ജനാധിപത്യത്തിന്റെ ഡൈനാമിക് മെക്കാനിസം.

എന്നാൽ ചൈനയിൽ സംഭവിച്ചതോ.ചൈനയിലെ വുഹാനിൽ പടരുന്ന വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അപകടകാരിയായ സാർസ് കുടുംബത്തിൽ പെട്ടതാണെന്ന് കണ്ടെത്തിയ ഡോക്ടറെ ഭരണകൂടം ശിക്ഷിച്ചു. പീന്നീട് അദ്ദേഹം മരണത്തിന് കീഴടങ്ങി.ആജീവനാന്തം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും രാഷ്ട്രത്തിന്റെയും നേതൃസ്ഥാനം ഉറപ്പാക്കിയ ഷീ പിങ് കൊറോണയെ ശരിയായ രിതിയിൽ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് തുറന്നടിച്ചൊരു ചൈനീസ് ഡോക്ടർ ഇപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല.കോവിഡ് എന്നൊരു മനുഷ്യഘാതക വൈറസിനെ പറ്റിയുള്ള വിവരമെല്ലാം ചൈനീസ് ഇരുമ്പുമറ ലോകത്തിന്റെ മുന്നിൽ നിന്നും ഒളിച്ചുവച്ച നേരത്ത് വുഹാനിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് ഇരകളെ തേടി കൊറോണ സഞ്ചാരം തുടങ്ങിക്കഴിഞ്ഞിരുന്നു. ആഗോളാരോഗ്യ കാവൽക്കാരായ ലോകാരോഗ്യ സംഘടനക്ക് മഹാമാരിയെ പറ്റിയുള്ള നിർണ്ണായക വിവരങ്ങൾ നല്കാതെ ചൈന പറ്റിച്ചു. ഇന്ന് ഭൂമി മുഴുവൻ കൊറോണയുടെ പിടിയിലാണ്. ഒരൊറ്റ ഏകാധിപത്യ ഭരണകൂടം മൂലം ലോകമെങ്ങും സ്തംഭനാവസ്ഥയിലായിരിക്കുന്നു. 1930ലെ ഗ്രേറ്റ് ഡിപ്രഷന് സമാനമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് രാഷ്ട്രങ്ങൾ കൂപ്പുകുത്തുന്നു.

വാക്സിനുകളില്ലാത്ത മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം ജനാധിപത്യം മാത്രമാണ്. അതുകൊണ്ടുതന്നെ ജനാധിപത്യത്തെ ശക്തിപെടുത്തണം എന്ന് ലോകവ്യാപകമായി ആഹ്വാനം വരുമ്പോഴാണ് എം എ ബേബിയെപ്പോലുള്ളവർ അത് കമ്യുണിസ്ററ് പോരാട്ടമാക്കി മാറ്റാൻ ശ്രമിക്കുന്നത്. തങ്ങളുടെ തെറ്റായ ആശയങ്ങൾ മൂലം സൃഷ്ടിക്കപ്പെട്ട രോഗത്തെ മുതലാളിത്തത്തിന്റെ പേർക്കിട്ട് രക്ഷപ്പെടാൻ ബേബിയെപ്പോലുള്ളവരുടെ വിരുത് അസാമന്യം എന്നുതന്നെ പറയേണ്ടലവരും.

കമ്യൂണിസം ഉണ്ടാക്കിയ ചെർണോബിൽ ദുരന്തം

നൂറുഹിരോഷിമകൾക്ക് തുല്യമായ സ്ഫോടനം! 1986 ഏപ്രിൽ 26ന് അന്നത്തെ സോവിയറ്റ് യൂണിയനിലെ ചെർണോബിൽ ആണവദുരന്തം ലോകം ഇപ്പോഴും മറന്നിട്ടില്ല. കമ്യൂണിസ്റ്റ് ഇരുമ്പുമറ തകർന്ന സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷമാണ് സത്യത്തിൽ ചെർണോബിൽ ദുരന്തത്തെക്കുറിച്ചുള്ള നിഷ്പക്ഷമായ പഠനങ്ങൾ നടന്നത്. അതുവരെ കമ്യുണിസ്റ്റ് വ്യാഖ്യാന ഫാക്ടറികൾ നൽകുന്ന പെരും നുണകൾ മാത്രമാണ് അവിടെനിന്ന് പുറത്തുവന്നത്. മനുഷ്യനിർമ്മിതമായ, ഭരണകൂട നിർമ്മിതമായ ഒരു ദുരന്തമായാണ് ഇന്ന ചെർണോബിൽ അറിയപ്പെടുന്നത്. മുകളിൽനിന്നുള്ള ഉത്തരവുകൾ മാത്രം അനുസരിക്കുക, തിരിച്ച് ഒന്നും പറയയേണ്ട എന്ന കമ്യുണിസ്റ്റ് മുഷ്‌ക്കിൽനിന്നും ഉണ്ടായതാണ് അത്. ഭരണകൂടം നിശ്ചയിക്കുന്ന പടിക്ക് , നിശ്ചിത പാതയിലൂടെ, ഒരു ഘടികാരം ചലിക്കുന്നതുപോലെ കൃത്യമായി ചലിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹം ആണ് സമഗ്രാധിപത്യത്തിന്റെ രീതി.

'അവിടെ മുകളിൽനിന്ന് നടപ്പാക്കുന്ന പദ്ധതികൾ നിങ്ങൾക്ക് മാറ്റിവെക്കാൻ കഴിയില്ല. എന്തെല്ലാം അപകട സാധ്യതകൾ നിങ്ങൾ ചൂണ്ടിക്കാട്ടിയാലും ഒരു കാര്യം നിശ്ചയിച്ചുറപ്പിച്ച ദിവസം ഘടികാര സൂക്ഷ്മതയോടെ നടത്തപ്പെടും. ചെർണോബിൽ സംഭവിച്ചത് അതാണ്. ഭരണകൂടത്തിന്റെ ധാർഷ്ട്യം. ഒരു മെക്കാനിക്കിന് മനസാന്നിധ്യത്തോടെ നോക്കിയാൽ കണ്ടുപിടിക്കാൻ കഴിയുന്ന തെറ്റാതിരുന്നു അത്. അവർ അത് കണ്ടുപിടിക്കയും ചെയ്തു. പക്ഷേ അധികൃതർ സമ്മതിച്ചില്ല. അവർക്ക് ഒരു കാര്യം തീരുമാനിച്ചാൽ അത് അതുപോലെ നടത്തണം. തെറ്റായാലും ശരിയായാലും '- ചെർണോബിൽ ദുരന്തത്തെക്കുറിച്ച് പിൽക്കാലത്ത് അതിസാഹസികമായി ഡോക്യുമെന്ററി ചെയ്ത മിൽ ഫിൻസ്മാൻ ചൂണ്ടിക്കാട്ടുന്നു.

ചെർണോബിൽ ആണവനിലയത്തിലെ നാലാം നമ്പർ റിയാകട്റിൽ സംഭവിച്ച സുരക്ഷാ പിഴവ് പരിഹരിക്കുന്നതിനുള്ള പരീക്ഷണങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്. റിയാക്റ്റർ എമർജൻസ് ഷട്ട്ഡൗൺ ചെയ്യുമ്പോൾ അതിന്റെ ഇന്ധന അറയിലെ ചൂട് കുറക്കാനായി വെള്ളം പമ്പു ചെയ്യണം. ഇതിനായി എമർജൻസി പമ്പുകൾക്ക് പവർ നൽകുന്ന ജനറേറ്ററുകൾ അതിന്റെ മുഴുവൻ കപാസിറ്റിയിൽ എത്താൻ ഒന്നര മിനിട്ട് സമയം എടുക്കുന്നുവെന്നത് കണ്ടെത്തി. അത് പരമാവധി മുപ്പത് സെക്കന്റിനകത്ത് സംഭവിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. അതാണ് പണി പാളിയത്. ഇത് അപകടകരമാണെന്ന് കീഴ്ജീവനക്കാരും സഹ എൻജിയീയർമ്മാരും ആവർത്തിച്ച് പറഞ്ഞിട്ടും അധികൃതർ കൈക്കൊണ്ടില്ല. പരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റിയതുമില്ല. അതാണ് കമ്യൂണിസ്റ്റ് ഭരണകൂടം.

കേരളത്തിന്റെ അത്രയും വലിപ്പമുള്ള ഒരു സ്ഥലം ഇന്നും അവിടെ റേഡിയേഷൻ ഭീതി മൂലം ന്യൂക്ലിയർ ഫ്രീസോൺ ആയി ഒഴിച്ചിട്ടിരിക്കയാണ്. ഇത്രയും വലിയ അപകടം ഉണ്ടായിട്ടും വിവരങ്ങൾ മൂടിവെക്കാനാണ് കമ്യൂണിസ്റ്റ് ഭരണകൂടം ആദ്യം ചെയ്തത്. ഭരണകൂടത്തെ വിശ്വസിച്ച ഒരു പാട് നിരപരാധികൾ ആണവ വികരണം ഏറ്റ് കാൻസർ രോഗം വന്ന് മരിച്ചു. നൂറു ഹിരോഷിമകൾക്ക തുല്യമായ സ്ഫോടനം നടന്നിട്ടും സോവിയറ്റ് യൂണിയൻ ഔദ്യോഗികമായി അറിയിച്ചത് ആകെ 31 മരണങ്ങൾ എന്നാണ്. സോവിയറ്റ് യൂണിയൻ തകർന്നശേഷം ചെർണോബിൽ ഉക്രൈന്റ ഭാഗമായി. ഉക്രൈൻ ഗവൺമെന്റ പിന്നീട് അന്നത്തെ സ്ഫോടനത്തിൽ 8000 പേരും ചെർണോബിൽ നിന്ന് ബഹിർഗമിച്ച റേഡിയേഷന്റെ പാർശ്വഫലമായി പിന്നീട് 30,000 മുതൽ 60,000 പേർ വരെ കൊല്ലപ്പെട്ടുവെന്ന് എന്ന് വെളിപ്പെടുത്തുകയുണ്ടായി. നോക്കുക... കമ്യുണിറ്റ് ഇരുമ്പു മറയിലെ കണക്കിലെ കളികൾ നോക്കുക.

ചരിത്രം പ്രഹസനമായും അവർത്തിക്കുമെന്ന് മാർക്സ് പറഞ്ഞത് എത്ര ശരിയാണ്. ഇന്ന് അതേ കമ്യുണിസ്റ്റ് ഇരുമ്പുമറ നിലനിൽക്കുന്ന ചൈനയിലേക്ക് വരിക. ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം എന്നാണ് ഇപ്പോൾ പാശ്ചാത്യമാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. നിസ്സാരമായി പരിഹരിക്കാവുന്ന ഒരു ചെറിയ പ്രശനത്തെ ഭരണകുടത്തിന്റെ ധാർഷ്ട്യം മൂലം ആണവദുരന്തമാക്കിയ സോവിയറ്റ് യൂണിയനെപ്പോലെ തന്നെയാണ്, ഒരു മാംസ മാർക്കറ്റിൽനിന്ന് ഉണ്ടായ വൈറസിനെ അവിടെതന്നെ കെടുത്താനുള്ള എല്ലാ അവസരങ്ങളും നശിച്ചിച്ച് ഒരു മഹാമാരിയെ ലോകത്തിലേക്ക് കയറ്റുമതി ചെയ്ത ചൈനയിലും സംഭവിക്കുന്നത്.

ചെർണോബിൽ ദുരന്തത്തിൽ വെറും 31പേർ മരിച്ചുവെന്ന് കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയൻ നൽകിയ കണക്ക് ഓർക്കണം. ഈ ഇരുമ്പുമറ ഇപ്പോഴും നിലനിൽക്കുന്നു. നാൽപ്പതിനായിരത്തോളംപേർ വൂഹാനിൽ കോവിഡ് മൂലം മരിച്ചുവെന്ന് പാശ്ചാത്യമാധ്യമങ്ങൾ അവിടുത്തെ ശ്മാനങ്ങളിൽനിന്ന് കൊടുത്ത ചിതാഭസ്മത്തിന്റെ കണക്കും, പേരു വെളിപ്പെടുത്താത്ത പ്രദേശവാസികളുമായുള്ള അഭിമുഖവുമൊക്കെ എടുത്തത്തിന്റെ അടിസ്ഥാനത്തിൽ പറയുമ്പോഴും ചൈന പറയുന്നത് വെറും മൂവായിരത്തിലേറെ മരണങ്ങളുടെ കണക്ക് മാത്രമാണ്! മരണസംഖ്യയിൽ മാത്രമല്ല ചെർണോബിൽ ദുരന്തവും കോവിഡ് വ്യാപനവും തമ്മിലുള്ള അഭൂതപൂർവമായ സാമ്യം ഇരിക്കുന്നത്. ചെർണോബിൽ ദുരന്തത്തിനു ശേഷം, പതിനായിരക്കണക്കിനു കുട്ടികളെ ആണവധൂളിയിലൂടെ മാർച്ച് ചെയ്യാൻ നിര്ബ്ബന്ധിതരാക്കും വിധം കീവ് നഗരത്തിലെ മെയ് ദിന പരേഡ് നടത്തിയേ പറ്റൂ എന്ന് സോവിയറ്റ് അധികൃതർ നിർബ്ബന്ധം പിടിക്കുകയുണ്ടായി. ഇതേ നിർബ്ബന്ധബുദ്ധിയുടെ സമാനദൃശ്യമാണ് കഴിഞ്ഞ മാസം വുഹാനിൽ കാണാനായത് .വുഹാനിലെ ബൈബുട്ടിങ് ജില്ലയിൽ , നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സര വിരുന്നു നടത്താൻ അധികൃതർ തീരുമാനിച്ചു.സമൂഹവിരുന്നിന്റെ ഇരുപതാം വർഷത്തിൽ, വിഭവങ്ങളുടെ എണ്ണത്തിൽ ഒരു റിക്കാർഡ് സൃഷ്ടിക്കാൻ സംഘാടകർ ശ്രമിച്ചു . നാൽപ്പതിനായിരം കുടുംബങ്ങൾ ഉണ്ടാക്കിയ 13, 986 തരം വിഭവങ്ങൾ വിളമ്പിക്കൊണ്ടാണ് , ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്ത ആ സമൂഹവിരുന്ന് നടന്നത് ! നോക്കണം, അപ്പോഴും കോവിഡ് പടരുകയായിരുന്നു. ഭരണകൂടം നൽകിയ ഉറപ്പിൽ നിരപരാധികളായ മനുഷ്യർ അതൊന്നും അറിഞ്ഞില്ല.

ഒരൊറ്റ മാംസമാർക്കറ്റിൽ നിന്ന് ഉടലെടുത്ത ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ ചൈന വഷളാക്കി. രോഗം ആദ്യം കണ്ടെത്തിയ ഡോക്ടറെ ചൈന പിടിച്ച് അകത്തിടുകയാണ് ചെയ്തത്. ആളുകൾ മരിച്ചുവീഴുമ്പോളും രോഗം മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പടരും എന്നതിന് തെളിവില്ലെന്ന് ഭരണകൂടം പറഞ്ഞു. ഇതു വിശ്വസിച്ച പാവം ജനം ഒന്നുമറിയാതെ ഇടപഴകി വീണ്ടും കോവിഡ് പടർത്തി. ലോകത്തിന്റെ നാനാഭാഗത്തേക്കും കയറ്റുമതി ചെയ്തു. ആ രീതിയിൽ നോക്കുമ്പോൾ ചൈനീസ് ഭരണകൂടത്തിന് ഈ രോഗത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുണ്ട്. എന്നിട്ടും അത് അംഗീകരിക്കാതെ ചങ്കിലെ ചൈന കൊറോണയെ പിടിച്ചുകെട്ടി, ഇത് കമ്യൂണിസത്തിന്റെ വിജയം, മുതലാളിത്ത രാജ്യങ്ങൾ പകച്ചുനിൽക്കുന്നത് കണ്ടില്ലേ എന്നൊക്കെ സോഷ്യൽ മീഡിയിൽ തള്ളി മറിക്കയാണ് കേരളത്തിൽ അടക്കം സൈബർ സഖാക്കൾ ചെയ്യുന്നത്.

മുതലാളിത്തം എന്ന വാക്കുതന്നെ കമ്യൂണിസ്റ്റ് കെണിയാണ്

കാപ്പിറ്റലിസം എന്ന വാക്കിന്റെ തെറ്റായ തർജ്ജമായണ് മതലാളിത്തമെന്നത് വളരെ നേരത്തെ തന്നെ ചർച്ചയായതാണെങ്കിലും കേരളത്തിലെ കമ്യൂണിസ്റ്റുകൾ ഇത് വിട്ട്യാതൊരു ചർച്ചയുമില്ല. ശരിക്കും മാർക്സ് ഉണ്ടാക്കിയ ഒരു വാക്കാണ കാപ്പിറ്റലിസം. മൂലധനവ്യവസ്ഥ എന്ന അതിനെ തെറ്റായി തർജ്ജമ ചെയ്തുകൊണ്ട് കേരളത്തിലെ കമ്യൂണിസ്റ്റുകൾ ഒരു പടികൂടി മുന്നോട്ടുകയറി. നിങ്ങളുടെ കൈയിലുള്ള എന്തും മൂലധനം ആണെന്നും മൂലധനം ഉപയോഗിച്ച് വളരുന്ന് തെറ്റല്ലന്നും അത് സാമ്പത്തിക ശാസ്ത്രത്തിലെ സ്വാഭാവിക മാത്രമാണെന്നും മനസ്സിലാക്കാതെ അമേരിക്കയും മറ്റും എന്നും ലോകത്തെ ചൂഷണം ചെയ്തുകൊണ്ടിരിക്കയാണെന്ന തട്ടിപ്പ് സിദ്ധാന്തമാണ് കേരളത്തിൽ ഇഎംഎസ് അടക്കമുള്ളവർ ഉണ്ടാക്കിയത്.

ഒരു മത പുരോഹിതൻ എങ്ങനെ തന്റെ മതപ്രഭാഷണം നടത്തുന്നുവോ അതേ ശൈലിയിൽ തന്നെയാണു്, ഒരു മാർക്സിസ്റ്റ് സൈദ്ധാന്തികൻ തന്റെ ആശയങ്ങളെ വിശദീകരിക്കുന്നത്.തങ്ങളുടെ ആശയം അവിതർക്കമാണന്നു് സ്ഥാപിക്കുകയാണ് മതപുരോഹിതനെപ്പോലെ മാർക്സിസ്റ്റ് പൗരോഹിത്യവും ചെയ്യുന്നത്.. ഒരു പ്രശ്നം വിശദീകരിക്കാൻ നിയതമായ ഭാഷയും ശൈലിയും കമ്യൂണിസ്റ്റുകൾക്ക് ഉണ്ട്.. ആദ്യം അവർ ആ വിഷയത്തിന് പുറത്ത് ഒരു വൈക്കോൽ വാദം ( സ്ട്രോമാൻ ആർഗ്യുമെന്റ്) സൃഷ്ടിക്കും. അത് മുതലാളിത്തമെന്നും, സാമ്രാജ്യത്വമെന്നും ഒക്കെ വിശേഷിപ്പിക്കും. അതിന്റെ അടിസ്ഥാനത്തിൽ, മാർക്സിസ്റ്റു പരമ്പരാഗത സാഹിത്യ ഭാഷയിലൂടെ അതിനെ അവലോകനം ചെയ്യും.. ഒരു കഴമ്പും ഉണ്ടാകില്ലങ്കിലും, മാർക്സിസ്റ്റ് പുരോഹിതൻ പറയുന്ന താത്വിക വിശകലനം സൈദ്ധാന്തികമായി സ്വീകരിക്കപ്പെടും.മുതലാളിത്ത സാമ്രാജ്യത്വ ഫോബിയയാണു് മാർസിറ്റുകളുടെ രാഷ്ട്രീയ വിപണ വസ്തു. അതിനെ പിടിച്ചുള്ള ഭീതി വ്യാപാരവും, അതിനെതിരെയുള്ള ചെറുത്തു നിൽപ്പും യുദ്ധവും ഒക്കെയാണു് മാർകിസ്റ്റുകളുടെ ആശയപരിസരം. ഈ തുറപ്പു ചീട്ടുതന്നെയാണ് ബേബിയും ഇവിടെ ഉപയോഗിക്കുന്നത്.

ഇനി അമേരിക്കയും യൂറോപ്പും തകർന്നുവെന്നും ചൈനയും ക്യൂബയും പിടിച്ചുനിന്നു എന്നൊക്കെ തള്ളുന്നത് കമ്യൂണസത്തിന്റെ മികവുകൊണ്ടാണോ. ഒന്നാന്തരം കാപ്പിറ്റലിസ്റ്റ് രീതിയാണ് വ്യാപാര വാണിജ്യ രംഗങ്ങളിൽ ചൈന ഉപയോഗിക്കുന്നത്. ജനങ്ങളെ മെരുക്കാനും അടിച്ചമർത്താനും അവർ കമ്യൂണിസത്തിൻെ ചാട്ടാവാറും ഉപയോഗിക്കുന്നു. നോക്കുക, നാൽപ്പതിനായിരത്തോളം പേർ മരിച്ചുവെന്ന് അനൗദ്യോഗികമായി കണക്കുകൾ പുറത്തുവന്നിട്ടും ചൈന പുറത്തുവിട്ടത് നാലായിരത്തിന്റെ കണക്കാണ്. ഒരു പ്രശനവുമില്ല എന്ന് ചൈന ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തിലുള്ള 'ഹഗ് എ ചൈനീസ്' കാമ്പയിനിന്റെ ഭാഗമായി ചൈനക്കാരനെ കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും ഇറ്റലിയും രോഗിയായി!

ഇനി കേരളത്തിലെ സൈബർ സഖാക്കൾ തള്ളിമറിക്കുന്ന ക്യൂബയുടെ കാര്യം എടുക്കുക. ക്യൂബയിൽ പൊതുജനാരോഗ്യ സംവിധാനം മെച്ചമാണ്. അവിടെ കൂടുതൽ ഗ്രാമീണ ആശുപത്രികളും ഡോക്ടർമാരുമുണ്ട്. ഇവർ ഇറ്റലിയെ സഹായിക്കാനായി നീങ്ങിയത് ആനക്കാര്യമാക്കി കമ്യൂണിസത്തിനുമേൽ മുതലാളിത്തത്തിന്റെ വിജയം ആഘോഷിക്കുന്നവർ ക്യൂബയുടെ സാമ്പത്തിക സ്ഥിതി മറന്നുപോകരുത്. ്ഇപ്പോഴും ഭക്ഷണത്തിനായി റേഷൻ ഉള്ള രാജ്യമാണ് ക്യൂബ്. യുവാക്കൾ അമേരിക്കയിലേക്ക് ബോട്ടിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച് വെടിയേറ്റ് കൊല്ലപ്പെടുന്ന രാജ്യം. എന്തുകൊണ്ട് അമേരിക്കയിൽനിന്ന് ക്യൂബയിലേക്ക് കുടിയേറ്റം ഇല്ല എന്ന് ചോദിച്ചാൽ തന്നെ കാര്യങ്ങൾ വ്യക്തമാവും. ഒരു ഡോക്ടർ ക്യൂബയിലുള്ള ശമ്പളം ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ വെറും അയ്യായിരം രൂപയേ വരൂ! ഓർസീസ് ഡ്യൂട്ടിക്ക്പോയാലുള്ള ആനുകൂല്യം തന്നെയാണ ജീവൻ പണയം വെപ്പിച്ചും ഈ ഒരു നടപടിക്ക് ഡോക്ടർമാരെ പ്രേരിപ്പിക്കുന്നത്്. സർക്കാർ പറയുന്നതന് അനുസരിച്ചല്ലാതെ മുടിവെട്ടാൻപോലും സ്വാതന്ത്ര്യമില്ലാത്ത, ഹോളിവുഡ്ഡ് സിനിമ കണ്ടാൽ ജയിലിലാവുന്ന വടക്കൻ കൊറിയയെ കുറിച്ച് കൂടുതൽ എന്ത് പറയാനാണ്.

ഇനി നോക്കുക അമേരിക്കയിലടക്കം കോവിഡ് പടരാൻ ഇടയാക്കിയത് ലിബറൽ ഡെമോക്രസിയുടെതോ, ഈ പറയുന്ന മൂലധന വ്യവസ്ഥയുടേയോ കഴുപ്പങ്ങൾ കൊണ്ട് ആണോ. ട്രംപിനെപ്പോലുള്ള അശാസത്രീയതയിൽ അഭിരമിക്കുന്ന അമിതമായ ആത്മവിശ്വാസം പുലർത്തുന്ന ഭരണാധികാരികൾ ഏങ്ങനെ കോവിഡിനെ വഷളാക്കിയെന്ന് യുവാൽ നോഹ ഹരാരിയൊക്കെ ചൂണ്ടിക്കാണിച്ചിട്ടുണ്ട. അതേസമയം ജർമ്മനി, ന്യുസിലാൻഡ്, ദക്ഷിണകൊറിയ എന്നിവടങ്ങളിലെ ജനാധിപത്യ ഭരണകൂടങ്ങൾ എത്രയോ ശക്തമായി കോവിഡിനെ പ്രതിരോധിക്കയും ചെയ്തു. ഇവിടെ ഇൻഫർമേഷൻ എന്നത് നിർണ്ണായകമാണ്. ചൈന ചെയ്ത ചതി അവിടെയാണ്.

അതുകൊണ്ട് കോവിഡിനെ നേരിടാൻ എംഎ ബേബി പറഞ്ഞതുപോലെ ഇല്ലാത്ത മുതലാളിത്ത ചേരിക്കെതിരായ സാങ്കൽപ്പിക യുദ്ധം നയിക്കുകയല്ല, ജനാധിപത്യ ഭരണകൂടങ്ങളെ ശക്തിപ്പെടുത്താൻ ശ്രമിക്കയാണ് വേണ്ടത്. കേരളത്തിൽ സിപിഎം പോലും ജനാധിപത്യത്തെ പുർണ്ണമായും അംഗീകരിക്കുന്നുവെന്ന് തെറ്റിദ്ധരിക്കരുത. ഇത് തങ്ങളുടെ അടവ് നയം മാത്രമാണെന്ന് പാർട്ടി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജനകീയ ജനാധിപത്യ വിപ്ലവം എന്ന സിപിഎമ്മിന്റെ ഇപ്പോഴത്തെ പാർട്ടി പരിപാടി ഒരു ഇടക്കാല അജണ്ട മാത്രമാണ്. സോഷല്ിസത്തിലും കമ്യൂണിസത്തിനും തൊഴിലാളി വർഗ സർവാധിപത്വ ഭരണകൂടത്തിനും ഇടക്കുള്ള ഒരു ടീ ബ്രേക്ക്. വലിയ പരിപാടി വേറെ വരാനുണ്ട്. അത് വന്നാൽ പിന്നെ ജനാധിപത്യം ഉണ്ടാവുമോ. അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധരാണ് കമ്യൂണിസ്ററുകൾ. ഏക കക്ഷി ഭരണവും ഒരു ഉറച്ച നേതാവിലുമാണ് അവർ വിശ്വസികക്കുന്നത്. ലെനിനും മാവോയും സ്റ്റാലിനും തൊട്ട് വടക്കൻ കൊറിയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്് ഉൻ വരെയുള്ള ഉദാഹണങ്ങൾ എത്ര. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യവും മാധ്യമവിരോധത്തിന്റെയുമൊക്കെ അടിവേരുകൾ കിടക്കുന്നത്, വ്യക്തിപരമായ സ്വഭാവ സവിശേഷതകളിൽ അല്ല അദ്ദേഹം ചക്കരയെന്ന് വിശ്വസിക്കുന്ന തെറ്റായ ആശയത്തിന്റെ അനുരണനങ്ങൾ ആണെന്നും ഓർക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP