Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ദരിദ്രർക്ക് ചികിൽസ ഉറപ്പുവരുത്താനായി കൊണ്ടുവന്ന ഒബാമ കെയർ പിൻവലിച്ചു; പൂർണ്ണമായും സ്വകാര്യവൽക്കരിക്കപ്പെട്ട പൊതുജനാരോഗ്യരംഗം പ്രവർത്തിക്കുന്നത് സ്വകാര്യ ഇൻഷുറൻസിന്റെ പിൻബലത്തിൽ; കൊവിഡ് 19 ബാധ സ്ഥിരീകരിക്കാനുള്ള ടെസ്റ്റ് നടത്താൻ പോലും ആവുക ഒരു ലക്ഷത്തോളം രൂപ; പകർച്ചപ്പനിയോട് ഉപമിച്ചും പ്രോട്ടോക്കോൾ പാലിക്കാതെ ഹസ്തദാനം നൽകിയും പ്രസിഡന്റ് തന്നെ രോഗത്തെ നിസ്സാരവത്ക്കരിച്ചു; യുഎസിൽ വിവാദം കത്തുന്നു; കോവിഡ് പടരുന്നതിന് ഉത്തരവാദി ട്രംപോ?

ദരിദ്രർക്ക് ചികിൽസ ഉറപ്പുവരുത്താനായി കൊണ്ടുവന്ന ഒബാമ കെയർ പിൻവലിച്ചു; പൂർണ്ണമായും സ്വകാര്യവൽക്കരിക്കപ്പെട്ട പൊതുജനാരോഗ്യരംഗം പ്രവർത്തിക്കുന്നത് സ്വകാര്യ ഇൻഷുറൻസിന്റെ പിൻബലത്തിൽ; കൊവിഡ് 19 ബാധ സ്ഥിരീകരിക്കാനുള്ള ടെസ്റ്റ് നടത്താൻ പോലും ആവുക ഒരു ലക്ഷത്തോളം രൂപ; പകർച്ചപ്പനിയോട് ഉപമിച്ചും പ്രോട്ടോക്കോൾ പാലിക്കാതെ ഹസ്തദാനം നൽകിയും പ്രസിഡന്റ് തന്നെ രോഗത്തെ നിസ്സാരവത്ക്കരിച്ചു; യുഎസിൽ വിവാദം കത്തുന്നു; കോവിഡ് പടരുന്നതിന് ഉത്തരവാദി ട്രംപോ?

എം മാധവദാസ്

ന്യൂയോർക്ക്: കോവിഡ് 19 രോഗബാധയിൽ വിറങ്ങലിച്ചു നിൽക്കയാണ് അമേരിക്കയും. ഏതാണ്ട് എല്ലാ സ്റ്റേറ്റുകളിലുമായി രണ്ടായിരത്തിലധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും, അമ്പതോളം മരണങ്ങൾ ഉണ്ടാവുകയും ചെയ്തതോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിക്കയാണ്. വിവിധ അമേരിക്കൻ സ്റ്റേറ്റുകളിൽ തിരഞ്ഞെടുപ്പുകൾ മാറ്റിവെക്കുകയാണ്. എപ്പോഴും അമേരിക്കയിലേക്ക് വൻതോതിൽ കുടിയേറ്റം നടക്കാറുള്ള മെക്സിക്കോപോലും യുഎസ് അതിർത്തി അടച്ച് അമേരിക്കക്കാർ രാജ്യത്ത് എത്തുന്നത് തടയുകയാണ്. ഇതാദ്യമായിട്ടാണ് യുഎസുമായുള്ള അതിർത്തികൾ മെക്സിക്കോ ഈ വിധത്തിൽ അടച്ചിരിക്കുന്നത്.

മെക്സിക്കോയിൽ നിലവിൽ 16 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരും മരിച്ചിട്ടില്ല. മെക്സിക്കോയിൽ നിന്ന് വൈറസ് യുഎസിലേക്ക് എത്തിയിട്ടില്ലെന്നും എന്നാൽ യുഎസിൽ നിന്നും നിരവധി പേർ മെക്സിക്കോയിലേക്ക് എത്തിയിട്ടുണ്ടെന്നും അത് തുടരുന്നത് തടയാനാണ് അതിർത്തി അടച്ചതെന്നുമാണ് മെക്സിക്കൻ ഹെൽത്ത് മിനിസ്റ്ററായ ഹ്യൂഗോ ലോപെസ് ഗേറ്റെൽ വിശദീകരിക്കുന്നു. യുഎസിൽ സ്ഥിതിഗതികൾ വഷളാണെന്ന കാര്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സമ്മതിച്ചിട്ടുണ്ട്. വെള്ളിയാഴ്ച അർധരാത്രി മുതൽ യൂറോപ്പിൽ നിന്നും യുഎസിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് യുഎസിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് ഭീതിയിൽ അമേരിക്കയിലുൾപ്പെടെ വ്യവസായ മേഖലകൾ അടച്ചിട്ടിരുന്നു.ഒപ്പം അമേരിക്കൻ ഓഹരി വിപണിയിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഹോളിവുഡ്ഡ്വരെ ഇപ്പോൾ അടിച്ചിട്ടിരിക്കയാണ്. ടോം ഹാങ്ക്സിനെപ്പോയുള്ള നടന്മ്മാരും ചികിൽസയിയാണ്.

ഈ ഭീതിദമായ അന്തരീക്ഷം സൃഷ്ടിച്ചതിന് അമേരിക്കൻ പ്രസിഡന്റ് ട്രപിനും ഉത്തരവാദിത്വം ഉണ്ടെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്ന വിമർശനം. പ്രമുഖ മാധ്യമങ്ങളായ വാഷിങ്ങ്ടൺ പോസ്റ്റും, ന്യൂയോർക്ക് ടൈസും ഇത വിമർശനം ഉന്നയിക്കുന്നുണ്ട്. റിക് ലെവിറ്റ്സ് അടക്കമുള്ള അമേരിക്കയിലെ സുപ്രസിദ്ധ മാധ്യമപ്രവർത്തകരിൽ പലരും രൂക്ഷവിമർശനമാണ് ട്രംപിനുനേരെ ഉയർത്തുന്നത്. ട്രംപിന്റെ ജനപ്രീതീതിയാവട്ടെ ഇതോടെ കുത്തനെ ഇടിയുകയുമാണ്. പ്രസിഡന്റ് തെരഞ്ഞെുടപ്പ് കാമ്പയിനിടെ ഇത് അദ്ദേഹത്തിന് കിട്ടുന്ന അപ്രതീക്ഷിത അടിയായി മാറി. ഇതോടെ ഇനി ഒരു ഊഴം കൂടി ട്രംപിന് കിട്ടുമോ എന്നതും സംശയാസ്പദമാണ്.

ഒബാമ കെയർ എന്തിന് പിൻവലിച്ചു?

ലോകത്തെ മികച്ച ചികിത്സാകേന്ദ്രങ്ങളിൽ ഭൂരിപക്ഷവും അമേരിക്കയിലാണ്. എന്നാൽ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള മുപ്പത് ദശലക്ഷം അമേരിക്കക്കാർക്ക് പ്രാഥമിക ചികിത്സപോലും നിഷേധിക്കപ്പെടുന്നു എന്നതാണ് അമേരിക്കൻ മാതൃകയുടെ ദൂഷ്യ വശം. ഏതാണ്ട് പൂർണ്ണമായും സ്വകാര്യവൽക്കരിക്കപ്പെട്ട ആരോഗ്യ സംവിധാനമാണ് അമേരിക്കയിൽ നിലനിൽക്കുന്നത്. സ്വകാര്യ ഇൻഷൂറൻസിന്റെ അടിസ്ഥാനത്തിലാണ് പൊതുജനാരോഗ്യ സംവിധാനം പ്രവർത്തിക്കുന്നത്. ഇൻഷൂറൻസ് കവറേജില്ലാത്തവർക്ക് ചികിത്സ നിഷേധിക്കപ്പെടും. പ്രതീശീർഷ ആരോഗ്യ ചെലവ് അമേരിക്കയിൽ കുതിച്ചുയരുകയുമാണ്. ആരോഗ്യ നിലവാരത്തിൽ അമേരിക്കയേക്കാൾ മുൻ പന്തിയിലുള്ള ബ്രിട്ടനിൽ പ്രതിശീർഷ ആരോഗ്യ ചെലവ് 3200 ഡോളറായിരിക്കെ അമേരിക്കയിലത് 8000 ഡോളറായി വളരെ ഉയർന്ന് നിൽക്കുന്നു. ഒബാമ കെയർ എന്ന് വിളിക്കുന്ന ആരോഗ്യ പദ്ധതി നടപ്പിലാക്കികൊണ്ട് ദരിദ്രരായ അമേരിക്കക്കാർക്ക് ആരോഗ്യ സേവനം ഉറപ്പാക്കുന്നതിനും ആരോഗ്യ ചെലവ് കുറക്കുന്നതിനുമായി മൂൻ പ്രസിഡന്റ് ബാരക് ഒബാമ ശ്രമിച്ചത് ഈ സാഹചര്യത്തിലായരിരുന്നു. എന്നാൽ പാഴ്‌ച്ചെലവാണെന്ന് പറഞ്ഞ് ട്രംപ് ആദ്യം റദ്ദാക്കിയത് അമേരിക്കയിലെ ദരിദ്രന് സൗജന്യ ചികിൽസ കിട്ടുന്ന ഈ നടപടിയായിരുന്നു. ഇപ്പോൾ കോവിഡിൽ മരിച്ചവരിൽ നല്ലൊരു ശതമാനവും ഇടത്തരക്കാരും പാവങ്ങളുമാണ്.

2018ലെ സെൻസസ് പ്രകാരം അമേരിക്കയുടെ ജനസംഖ്യയുടെ 8.5 ശതമാനം പേർക്ക് ഇൻഷ്വറൻസ് ഇല്ല. ഏകദേശം 27.5 ലക്ഷം പേർ ഇത്തരത്തിൽ കൊറോണയുണ്ടായിട്ടും ആശുപത്രിയിൽ പരിശോധനയ്ക്ക് പോകാൻ മടിക്കുന്നവരായി ഉണ്ടാകും എന്നർത്ഥം. മാർച്ച് 12 -ന് ഡെമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് അംഗം കാറ്റി പോർട്ടർ അമേരിക്കയുടെ സെന്റേഴ്സ് ഫോർ ഡിസീസസ് കൺട്രോൾ പ്രതിനിധികളുടെ മുന്നിൽ അവതരിപ്പിച്ചതാണ് ഈ കണക്കുകളും അതുമായി ബന്ധപ്പെട്ട ഈ ആശങ്കയും ഉയർന്നത്. ഇത്ര വലിയ ചെലവുണ്ടാകും എന്ന് ഭയന്ന് കൊവിഡ് 19 ബാധയുണ്ടാകും എന്ന് ഭയപ്പെട്ടുകൊണ്ട് പരിശോധിക്കാതിരിക്കുന്ന എത്ര പേരുണ്ടാകും? അവർക്ക് ഈ ചെലവുകൾ സർക്കാർ വഹിക്കും എന്നുറപ്പുകൊടുക്കണം, അവരെക്കൂടി എത്രയും പെട്ടെന്ന് പരിശോധനയുടെ പരിധിയിൽ കൊണ്ടുവരണം എന്ന് അവർ നിർബന്ധപൂർവം പറഞ്ഞപ്പോൾ സെന്റേഴ്സ് ഫോർ ഡിസീസസിന്റെ പ്രതിനിധികൾക്ക് അത് ഒടുവിൽ സമ്മതിക്കേണ്ടി വന്നു. ആരോഗ്യരംഗത്തെ പ്രതിനിധികളെ കോൺഗ്രെഷണൽ ഹിയറിങ് വേളയിൽ തന്റെ വാക്ചാതുരി കൊണ്ട് മുൾമുനയിൽ നിർത്തി, ഇൻഷുറൻസില്ലാത്ത പാവപ്പെട്ട കൊവിഡ് 19 ബാധിതർക്ക് ഗുണകരമാകുന്ന ഇത്തരമൊരു തീരുമാനത്തിലേക്ക് കൊണ്ടുവന്നതിന്റെ പേരിൽ കേറ്റി പോർട്ടർക്ക് അമേരിക്കയിൽ ഇപ്പോൾ ഒരു ദേശീയ ഹീറോ പരിവേഷമാണുള്ളത്.

ഇൻഷൂറൻസ് ഇല്ലാത്തവന് താങ്ങാനാവാത്ത ചെലവ്

അമേരിക്കയിൽ രണ്ടുതരം രോഗികളുണ്ട്, ഇൻഷുറൻസ് ഉള്ള രോഗികളും, ഇൻഷുറൻസ് ഇല്ലാത്ത രോഗികളും. ഇൻഷുറൻസ് ഇല്ലാത്ത രോഗികൾക്ക് ചിന്തിക്കാൻ പോലുമാവാത്തത്ര അധികമാണ് അമേരിക്കയിലെ ആരോഗ്യ രംഗത്ത് ഓരോ പരിശോധനയ്ക്കും ചികിത്സയ്ക്കും വേണ്ടി വരുന്ന ചെലവ്. ആ ബില്ലുകൾ താങ്ങാനാവാത്തതു കൊണ്ട്, രോഗത്തിന്റെ ലക്ഷണങ്ങൾ അസഹ്യമാകുന്നതുവരെ ഇൻഷ്വറൻസ് ഇല്ലാത്തവർ അവിടത്തെ ആശുപത്രികളുടെ പരിസരത്തു പോലും പോവില്ല എന്നർത്ഥം. കോവിഡ് സ്ഥിരീക്രിക്കാനായുള്ള പരിശോധനകൾ CBC, Metabolic , Flu 'A', Flu 'B' എന്നിവയാണ്. ഈ മൂന്നു ടെസ്റ്റുകൾക്കും കൂടി അവിടെ 180ഡോളർ എങ്കിലും ആകും. അതായത് 13,300 ഇതന്ത്യൻ രൂപ. കൊവിഡ് 19 ബാധിച്ചിട്ടുണ്ട് എന്ന സംശയവുമായി ഒരു ആശുപത്രിയിലെ എമർജൻസി റെസ്പോൺസിന്റെ കൺസൾട്ടേഷൻ എടുക്കണമെങ്കിൽ 1,151 ഡോളർ എങ്കിലുമാകും. അതായത് ഇന്നത്തെ വിനിമയ നിരക്കിൽ ചുരുങ്ങിയത് 85,000 രൂപയെങ്കിലും. രണ്ടും കൂടി ഏകദേശം ഒരു ലക്ഷം രൂപയെങ്കിലുമുണ്ടെങ്കിൽ മാത്രമാണ് കൊവിഡ് 19 ബാധയുണ്ട് എന്ന് സംശയിക്കുന്ന ഒരാൾക്ക്, ഇൻഷുറൻസ് ഇല്ലെങ്കിൽ ചികിത്സതേടുകയോ, പരിശോധിക്കുകയോ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാൻ പോലും ആവുക.ഐസൊലേഷനിൽ ആശുപത്രിയിൽ കിടക്കണം എന്നുണ്ടെങ്കിൽ പിന്നെയും ചെലവുകൾ വേറെയുണ്ട്. അവിടെയാണ് അമേരിക്കയിൽ പ്രശ്നം വഷളാകുക. കാരണം ഇൻഷൂറൻസ് ഇല്ലാത്തവർ ഇവിടെ പുറത്താവും.

ഇവിടെയാണ് ഇന്ത്യയിലെ ആരോഗ്യ സംവിധാനം, വിശിഷ്യാ കേരളത്തിലെ ആരോഗ്യ സംവിധാനം, ഇതുപോലുള്ള പകർച്ചവ്യാധികൾ നേരിടുന്നതിൽ എത്ര മെച്ചപ്പെട്ടതാണ് എന്ന കാര്യം ബോധ്യപ്പെടുക. കേരളത്തിൽ ഇൻഷുറൻസ് പരിരക്ഷ ഉള്ളവരുടെ എണ്ണം തുലോം തുച്ഛമാണെങ്കിലും, ഇങ്ങനെ ഒരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ പരിശോധനാ-ചികിത്സാ സംവിധാനങ്ങൾ പൂർണ്ണമായും സർക്കാരിന്റെ ചെലവിലേക്ക്, ഉത്തരവാദിത്തത്തിലേക്ക് മാറ്റിക്കൊണ്ട്, ഫലപ്രദമായ രീതിയിലെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് നമ്മുടെ ആരോഗ്യസംവിധാനം സാഹചര്യത്തെ സമ്പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവന്നു കഴിഞ്ഞു.

പകർച്ചപ്പനിയോട് ഉപമിച്ച് പരിഹാസ്യനായി ട്രംപ്

ആദ്യഘട്ടത്തിൽ കോവിഡിനെ തീർത്തും നിസ്സാരവത്ക്കരിച്ചാണ് പ്രസിഡന്റ് ട്രംപ് കണ്ടതെന്നും അതിനുകൊടുത്ത വിലയാണ് ഇപ്പോൾ അമേരിക്ക അനുഭവിക്കുന്നതെന്നും വ്യാപക വിമർശനം ഉണ്ട്്.' കഴിഞ്ഞ വർഷം സാധാരണ പകർച്ചപ്പനി മൂലം 37000 പേരാണ് മരിച്ചത്. അന്ന് ഒന്നും അടച്ചു പൂട്ടിയിരുന്നില്ല. ജീവിതവും സാമ്പത്തികരംഗവും മുന്നോട്ട് പോയി. ഇപ്പോൾ 546 പേർക്കാണ് ( അമേരിക്കയിൽ) കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 22 മരണവും. അതിനെ പറ്റി ചിന്തിക്കൂ,' ട്രംപ് ട്വീറ്റ് ചെയ്തതാണ്. ഈ നിസ്സാരവത്ക്കരണവും അശാസ്ത്രീയതക്കും അനാസ്ഥക്കും കൊടുക്കേണ്ടിവന്ന വിലയാണ് ഇപ്പോഴത്തേ ആരോഗ്യ അടിയന്തരാവസ്ഥ എന്നാണ് പൊതുവെയുള്ള വിമർശനം.

കൊറോണക്കാലത്തെ ഇന്റർനാഷണൽ പ്രോട്ടോക്കോൾ പാലിക്കാതെ തോന്നിയപോലെ ഹസ്്തദാനം ചെയ്തും മറ്റും ട്രംപ് പ്രശ്നങ്ങൾ സൃഷ്്്ടിച്ചു. 'കൊവിഡ് 19 ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ട രോഗികളുമായി നേരിട്ട് ഇടപഴകിയവർക്കെല്ലാം തന്നെ അത് പകർന്നിട്ടുണ്ടാകാൻ സാധ്യത നിലനിൽക്കുന്നു. ആയതിനാൽ അങ്ങനെ ചെയ്തിട്ടുള്ളവർ സ്വയം ക്വാറന്റൈൻ ചെയ്ത് വീട്ടിൽ തന്നെ കഴിയണം എന്നും, സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അസുഖം പരത്താതിരിക്കാൻ ശ്രദ്ധിക്കണം എന്നും അഭ്യർത്ഥിക്കുന്നു'- കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റും പറഞ്ഞതും, നിരന്തരമായി അമേരിക്കൻ ആരോഗ്യ വകുപ്പ് ആവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു പ്രസ്താവനയാണ് ഇത്. ആ പറഞ്ഞത് ട്രംപിന് ബാധകമായിരുന്നോ എന്നാണ് വിമർശകർ ചോദിക്കുന്നത്. കാരണം, കൊവിഡ് 19 ബാധിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ, ബാധിച്ചവരുമായോ, അല്ലെങ്കിൽ ബാധിച്ചവരെ നേരിട്ട് കണ്ട് ഹസ്തദാനം ചെയ്തവരെയോ ഒക്കെ അതേ അളവിൽ അടുത്ത് ബന്ധപ്പെട്ട വ്യക്തിയാണ് ട്രംപും. എന്നിട്ടും ഉത്തരവാദിത്തമുള്ള ഒരു അമേരിക്കൻ പൗരൻ എന്ന നിലയ്ക്ക് സമൂഹത്തിൽ കൊവിഡ് 19 പോലൊരു മാരക വ്യാധി പരത്താതിരിക്കാൻ വേണ്ട പ്രാഥമികമായ കർത്തവ്യം, 'സെൽഫ് ക്വാറന്റൈൻ' എന്ന നടപടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ മാസം മൂന്നു റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങൾ കൺസേർവേറ്റിവ് പൊളിറ്റിക്കൽ കോൺഫറൻസിന് പോയി. അവിടെ വെച്ച് അവർ നോവൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട ഒരു രോഗിയുമായി നേരിട്ട് ഹസ്തദാനം നൽകി അടുത്തിടപഴകി. ഇവരിൽ രണ്ടു പേരുമായി, മാറ്റ് ഗെയ്റ്റ്‌സ്, ഡഗ് കോളിൻസ് എന്നിവരുമായി, അതിനുശേഷം ട്രംപ് വളരെ അടുത്തിടപഴകിയിട്ടുണ്ട്. ഈ രണ്ടു പേരും തന്നെ തങ്ങൾ സെൽഫ് ക്വാറന്റൈൻ ചെയ്യുകയാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും, ട്രംപിന് മാത്രം ഒരു കുലുക്കവുമില്ല. അദ്ദേഹം സെൽഫ് ക്വാറന്റൈൻ എന്നൊരു വാക്കുപോലും പിന്നീട് ഉച്ചരിച്ചിട്ടില്ല.

അതിനു ശേഷമാണ്, ബ്രസീലിയൻ പ്രസിഡന്റ് ബോൾസനാരോക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ മകനാണ് ഈ വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ബോൾസനാരോക്ക് രോഗമില്ല എന്നതരത്തിലുള്ള റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നു എങ്കിലും, രോഗമുണ്ടെന്നുള്ള ആദ്യ റിപ്പോർട്ടുകൾ വന്നപ്പോഴും ബോൾസനാരോയുമായി പലയിടത്തും വെച്ച് ഹസ്തദാനവും ആലിംഗനവും ഒക്കെ നടത്തിയിട്ടുള്ള ട്രംപിനെ അതൊന്നും ബാധിച്ച മട്ടില്ല. ബോൾസനാരോയ്ക്ക് കൊവിഡ് 19 ഇല്ല എന്ന് തന്നെ ഉറപ്പിച്ചാലും അദ്ദേഹത്തിന്റെ അനുയായി ഫാബിയോയ്ക്ക് എന്തായാലും കൊവിഡ് 19 ഉണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹവുമായി അടുത്ത് ബന്ധപ്പെട്ട മയാമി മേയർ ഫ്രാൻസിസ് സുവാരസിന് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു. ഇതേ ഫാബിയോയുമായും അടുത്തിടപഴകിയിട്ടുള്ള ആളാണ് ട്രംപ്. അതും അദ്ദേഹത്തിന് ആശങ്കയുളവാക്കിയിട്ടില്ല. ഇന്നുവരെ അതിന്റെ പേരിലും ട്രംപ് സ്വയം ക്വാറന്റൈൻ ചെയ്യാൻ മുതിർന്നിട്ടില്ല.

ഇത്രയ്ക്കധികം സമ്പർക്കം ഇന്ന് കൊവിഡ് 19 ബാധ സ്ഥിരീകരിക്കപ്പെട്ടവരുമായി ഉണ്ടായിട്ടും, അതിന്റെ പേരിൽ വേണ്ട മുൻകരുതലുകൾ ഒന്നും തന്നെ സ്വീകരിക്കാതെ, അത്തരത്തിലുള്ള സമ്പർക്കങ്ങൾ ഒന്നും തന്നെ നടന്നിട്ടേയില്ല എന്ന മട്ടിൽ പെരുമാറിക്കൊണ്ട് ട്രംപ് ആരെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നത്? ഒരു പക്ഷേ, വിദൂരമായ ഒരു സാധ്യത, ട്രംപിന് അസുഖമുണ്ടായിരിക്കാൻ ഉണ്ടെങ്കിൽ, ആ അസുഖം യുഎസ് കോൺഗ്രസിലെ സകല അംഗങ്ങൾക്കും അദ്ദേഹം പകർന്നു നൽകില്ലേ? സ്വയം ക്വാറന്റൈൻ ചെയ്ത്, ഉത്തരവാദിത്തമുള്ള പൗരന്മാരാകാൻ അമേരിക്കൻ ജനതയോട് നാഴികയ്ക്ക് നാല്പതുവട്ടം അഭ്യർത്ഥിക്കുന്ന ട്രംപ് അക്കാര്യത്തിൽ സ്വയം കാണിക്കുന്ന കുറ്റകരമായ അനാസ്ഥയ്ക്ക് വലിയ വിലയാണ് നൽകേണ്ടി വരിക. ഉത്തരവാദിത്തബോധം എന്നത് താനൊഴിച്ച് മറ്റുള്ളവർക്ക് മാത്രം ഉണ്ടായിരിക്കേണ്ട ഒന്നാണെന്നാണോ പ്രസിഡന്റ് ട്രംപ് കരുതുന്നത് എന്നാണ് ഇപ്പോൾ എറിക് ലെവിറ്റ്സ് അടക്കമുള്ള അമേരിക്കയിലെ സുപ്രസിദ്ധ മാധ്യമപ്രവർത്തകരിൽ പലരും ചോദിക്കുന്നത്.

ഒടുവിൽ ട്രംപിനും കോവിഡ് പരിശോധന

വിവാദങ്ങൾക്കൊടുവിൽ ട്രംപിനെയും കൊറോണ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചു. അതേസമയം, ട്രംപിന് കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ ദിവസം ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബ്രസീലിയൻ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പരിശോധന. 'വൈറ്റ് ഹൗസിലെ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നുമില്ല.' - ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, ഫ്‌ളോറിഡയിലെ റിസോർട്ടിൽ അദ്ദേഹത്തെ അനുഗമിച്ചതുകൊണ്ടല്ല, എന്തായാലും ഈ പരിശോധന നടത്താൻ തീരുമാനിച്ചിരുന്നുവെന്നാണ് ട്രംപ് പറയുന്നത്.കഴിഞ്ഞ ദിവസമാണ് ബ്രസീൽ പ്രധാനമന്ത്രി ജൈർ ബൊൽസൊനാരോയുടെ മാധ്യമവിഭാഗം മേധാവി ഫാബിയോ വജ്ഗാർടന് കൊറോണ സ്ഥിരീകരിച്ചത്. ട്രംപിനൊപ്പം ഫ്‌ളോറിഡയിലെ റിസോർട്ടിലാണ് ഇവർ ഒരുമിച്ച് ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത്.

ആദ്യം ഒന്ന് അമാന്തിച്ചെങ്കിലും കൊറോണയെ നേരിടാൻ ശക്തമായ നടപടികളുമായി അമേരിക്കയും നീങ്ങുകയാണ്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ (പ്രാദേശികസമയം) വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫെഡറൽ ഫണ്ടിൽനിന്ന് 5,000 കോടി യു.എസ്. ഡോളർ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.

അടുത്ത എട്ടാഴ്ചകൾ നിർണായകമാണ്. നാം കൊറോണ വൈറസിനെ കുറിച്ച് പഠിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യും- ട്രംപ് പറഞ്ഞു. എല്ലായിടത്തുനിന്നുമുള്ള അമേരിക്കക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യത്തെ എല്ലാ ആശുപത്രികളോടും അടിയന്തര സന്നദ്ധതാ പദ്ധതി ആവിഷ്‌കരിക്കാനും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങൾക്ക് ആവശ്യമുള്ളതും അവകാശപ്പെട്ടതുമായ പരിചരണം ലഭ്യമാക്കുന്നിതിന് വിഘാതം സൃഷ്ടിക്കുന്ന എന്തിനെയും നീക്കം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. അതേസമയം കൊറോണയുടെ പശ്ചാത്തലത്തിൽ ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കാൻ വൈകിയതിൽ ട്രംപ് ഭരണകൂടത്തിനു നേർക്ക് കടുത്ത വിമർശനം ഉയർന്നിരുന്നു. കോവിഡ് നേരിടാൻ ജാഗ്രത കാട്ടിയില്ല എന്ന പരാതി അമേരിക്കയിൽ രാഷ്ട്രീയ വിവാദവും ആവുകയാണ്. രണ്ടാം വട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന ട്രംപിന്റെ സ്വപ്നങ്ങൾക്ക് മേലിനും കൊറോണ കരിനിഴിൽ വീഴ്‌ത്തിയിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP