Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കോവിഡിൽ അമേരിക്കയിൽ കറുത്തവർഗക്കാർക്ക് കൂട്ടമരണം! ഷിക്കാഗോയിൽ മരിക്കുന്നവരിൽ 70 ശതമാനവും ആഫ്രോ അമേരിക്കൻ വംശജർ; ബ്രിട്ടനിൽ ഗുരുതരാവസ്ഥയിൽ ഉള്ളവരിൽ ഏറെയും കറുത്തവർഗക്കാരും ന്യൂനപക്ഷങ്ങളും; ആരോഗ്യമേഖല കുത്തക ഇൻഷൂറൻസ് കമ്പനികൾ റാഞ്ചിയ യുഎസിൽ താഴെ തട്ടിലുള്ളവർക്ക് ചികിത്സ കിട്ടുന്നില്ല; യുകെയിൽ ദാരിദ്രത്തിനൊപ്പം വംശീയ വിവേചനവും പ്രശ്നം വഷളാക്കുന്നു; കോവിഡ് പടർന്നതിന് പിന്നിൽ ആരോഗ്യപരിപാലനത്തിലെ അസമത്വവും?

കോവിഡിൽ അമേരിക്കയിൽ കറുത്തവർഗക്കാർക്ക് കൂട്ടമരണം! ഷിക്കാഗോയിൽ മരിക്കുന്നവരിൽ 70 ശതമാനവും ആഫ്രോ അമേരിക്കൻ വംശജർ; ബ്രിട്ടനിൽ ഗുരുതരാവസ്ഥയിൽ ഉള്ളവരിൽ ഏറെയും കറുത്തവർഗക്കാരും ന്യൂനപക്ഷങ്ങളും; ആരോഗ്യമേഖല കുത്തക ഇൻഷൂറൻസ് കമ്പനികൾ റാഞ്ചിയ യുഎസിൽ താഴെ തട്ടിലുള്ളവർക്ക് ചികിത്സ കിട്ടുന്നില്ല; യുകെയിൽ ദാരിദ്രത്തിനൊപ്പം വംശീയ വിവേചനവും പ്രശ്നം വഷളാക്കുന്നു; കോവിഡ് പടർന്നതിന് പിന്നിൽ ആരോഗ്യപരിപാലനത്തിലെ അസമത്വവും?

എം മാധവദാസ്

'കോവിഡ് വൈറസിന് ജാതിയില്ല മതമില്ല വംശമില്ല' എന്നൊക്കെയുള്ള വിവരങ്ങൾ നാം ദിവസവും സോഷ്യൽ മീഡിയിലക്കം കണ്ടുവരുന്നുണ്ട്. പക്ഷേ ലോക വ്യാപകമായി നടത്തിയ പഠനങ്ങളിൽ പറയുന്നത് ചില വംശീയ ഗ്രൂപ്പുകളോട് അൽപ്പം മമതയുള്ള കൂട്ടത്തിലാണ് ഈ വൈറസ് എന്നതാണ്. അമേരിക്കയിൽനിന്ന് വരുന്ന റിപ്പോർട്ടുകൾ നോക്കുക. ഷിക്കാഗോയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരിൽ 70 ശതമാനവും ആഫ്രോ അമേരിക്കൻ വംശജരാണ്. ബ്രിട്ടനിലെ ബ്രിട്ടനിൽ ആരോഗ്യകാര്യത്തിലുള്ള അസമത്വം വെളിവാക്കുന്ന റിപ്പോർട്ട് ഇന്റൻസീവ് കെയർ നാഷണൽ ഓഡിറ്റ് ആൻഡ് റിസർച്ച് സെന്റർ (ഐസിഎൻഎആർസി) പറയുന്നതുകൊറോണ വൈറസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരിൽ കൂടുതലും കറുത്തവർഗത്തിലും ന്യൂനപക്ഷത്തിലും (ബ്ലാക്ക് ആൻഡ് മൈനോറിറ്റി എത്നിക്-ബിഎംഇ) പെട്ടവരാണെന്നാണ്. ദാരിദ്ര്യവും വംശീയമായ വിവേചനവുമാണ് ബിഎംഇ സമുദായങ്ങൾ നേരിടുന്ന അസമത്വം. ഇതു തന്നെയാണ് ഇവരെ ആരോഗ്യ പ്രതിസന്ധിയിലേക്കും നയിക്കുന്നത് എന്നാണ് ഈ പഠനങ്ങളിൽ പറയുന്നത്. സമാനമായ അവസ്ഥ തന്നെയാണ് അമേരിക്കയിലും.

നാം വികസിതം എന്ന് വിളിക്കുന്ന ലോകരാഷ്ട്രങ്ങളിലെ സാമ്പത്തിക അസമത്വം ഫലത്തിൽ കോവിഡ് വ്യാപനത്തിന് നന്നായി വളംചെയ്തുവെന്നാണ് ദ ഗാർഡിയൻ പത്രത്തിൽ പ്രമുഖ പകർച്ചവ്യാധി ഗവേഷകനായ ഡാൻ ടെർണൽ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെ പൊതുജനാരോഗ്യരംഗത്തെ ഇൻഷൂറൻസ് കമ്പനികൾ വിഴുങ്ങയതിനാൽ, ഇൻഷൂറൻസ ഇല്ലാത്തവർ ചികിൽസയിൽനിന്ന് പുറത്താവുകയാണ്. ആദ്യഘട്ടത്തിൽ കോവിഡിൽ അതാണ് സംഭവിച്ചത്. ആശുപത്രിയിൽ പോയാൽ ഭീമമായ ചെലവ് വരും എന്ന് കരുതി ഒഴിവായ പാവങ്ങളിൽ ഏറെയും ആഫ്രോ അമേരിക്കൻ വംശജരും മറ്റ് ന്യുനപക്ഷങ്ങളുമാണ്. ഇതാണ് കോവിഡ് പടരാൻ ഇടയാക്കിയത് എന്ന് ഡാൻ ടർണൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കറുത്തവർഗക്കാരും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുടെയുമൊക്കെ ജീവിത സാഹചര്യം, ഒരിക്കലും സോഷ്യൽ ഡിസ്റ്റൻസിങ്ങ് നടപ്പാക്കാൻ കഴിയാത്ത രീതിയിലാണ്. അടുത്തടുത്ത് ഇടകലർന്ന് താമസിക്കുന്ന അവർക്കിടയിൽ കോവിഡ് പെട്ടെന്ന് പെരുകി. ഇത് പിന്നെ രാജ്യത്തേക്ക് മൊത്തം വ്യാപിച്ചതോടെയാണ് ട്രംപ് അടക്കമുള്ള ഭരണാധികാരികൾ ഉണർന്നത്. അതായത് ആരോഗ്യമേഖലയിലെ അസമത്വം കോവിഡിനെ വളർത്തിയെന്ന് ചുരുക്കം.

അതുപോലെ തന്നെ വയോധികർ. വയോധികരെ മരിക്കാൻ വിട്ട് കൈയും കെട്ടി നോക്കിനിൽക്കയാണ് അമേരിക്കയും ഇറ്റലിയും യുകെയും സ്പെയിനും അടക്കമുള്ള ലോകരാഷ്ട്രങ്ങൾ. സ്വകാര്യവത്ക്കരിക്കപ്പെട്ട സോഷ്യൽ കെയറിൽ വന്ന വലിയ പാളിച്ചകളാണ് ഇവിടെയും ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ആഫ്രോ അമേരിക്കക്കാർ മരിച്ചു വീഴുമ്പോൾ

അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരിൽ ആഫ്രോ അമേരിക്കാക്കരുടെ എണ്ണം ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ കുടുതലാണെന്ന് ന്യൂയോർക്ക് ടൈംസ് തന്നെ റിപ്പോർട്ട് ചെയ്യുന്ന്. സംവിധാനങ്ങളുടെ അപര്യാപ്തത മൂലമാണ് ഇത് സംഭവിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഷിക്കാഗോയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരിൽ 70 ശതമാനവും ആഫ്രോ അമേരിക്കൻ വംശജരെന്ന് റിപ്പോർട്ടുകൾ. ഷിക്കാഗോയിൽ മൊത്തം ജനസംഖ്യയിലെ 30 ശതമാനം മാത്രമാണ് ആഫ്രോ അമേരിക്കക്കാർ ഉള്ളത്. മിൽവാക്കിയിൽ 27 ശതമാനമാണ് ആഫ്രോ അമേരിക്കക്കാരുള്ളത്. അവിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 81 ശതമാനമാണ്. കൊറോണ വൈറസിന്റെ കണക്കെടുക്കുന്ന ആരോഗ്യ ഉദ്യോഗസ്ഥർ നൽകുന്ന വിവരപ്രകാരം ഫിലാഡൽഫിയയിലും ഡെട്രായിറ്റിലും തുടങ്ങി മറ്റു നഗരങ്ങളിലും ഇത് പോലെ ജനസംഖ്യക്ക് ആനുപാതികമല്ലാത്ത തരത്തിൽ ആഫ്രോ അമേരിക്കക്കാർക്കിടയിൽ കൊവിഡ് പടരുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ വംശത്തെപ്പറ്റിയുള്ള കൃത്യമായ പഠനങ്ങൾ യുഎസ് ഹോം ഡിപ്പാർട്ട്മെന്റ് എടുത്തിട്ടുണ്ടെങ്കിലും പുറത്തുവിട്ടിട്ടില്ല. ഇത്തരത്തിൽ പുറത്തു വിടാതിരിക്കുന്നത് രാജ്യത്തുടനീളം ഈ കണക്കുകളിൽ എത്രത്തോളം വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് കണ്ടെത്താൻ പ്രയാസം സൃഷ്ടിക്കുമെന്നണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവരങ്ങൾ സർക്കാരിനോട് പുറത്തുവിടണമെന്നും അല്ലാത്ത പക്ഷം കൃത്യമായി മരുന്നുകളോ കാര്യങ്ങളോ വിതരണം ചെയ്യാൻ സാധിക്കില്ലെന്നും എപ്പിഡമോളജി വിദഗ്ധ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ വിവരങ്ങൾ ലഭ്യമല്ലാത്തത് ആരോഗ്യ സംവിധാനങ്ങളുടെ പരിമിതി അനുഭവിക്കുന്ന അമേരിക്കയുടെ ആഫ്രിക്കൻ വംശജർ പോലുള്ള വിഭാഗക്കാർക്ക് കൃത്യമായി മരുന്നോ മറ്റു സംവിധാനങ്ങളോ എത്തിക്കുന്നതിന് തടസ്സമാകുന്നുവെന്നും യുഎസ് അഡ്വ്ക്കേറ്റ് കൗൺസിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആഫ്രോ അമേരിക്കക്കാർക്കിടയിൽ കൊവിഡ് പടരുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് ട്രംപ് പറഞ്ഞിരുന്നു. അതായാത് ട്രംപ് പോലും ഈ പ്രശ്നം ഉണ്ടെന്ന് സമ്മതിക്കുന്നു.

ദാരിദ്രത്തിനൊപ്പം വംശീയ വിവേചനവും

ബ്രിട്ടനിൽ ആരോഗ്യകാര്യത്തിലുള്ള അസമത്വം വെളിവാക്കുന്ന റിപ്പോർട്ട് ഇന്റൻസീവ് കെയർ നാഷണൽ ഓഡിറ്റ് ആൻഡ് റിസർച്ച് സെന്റർ (ഐസിഎൻഎആർസി) കഴിഞ്ഞയാഴ്ച പുറത്തുവിട്ടു. കൊറോണ വൈറസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരിൽ കൂടുതലും കറുത്തവർഗത്തിലും ന്യൂനപക്ഷത്തിലും (ബ്ലാക്ക് ആൻഡ് മൈനോറിറ്റി എത്നിക്-ബിഎംഇ) പെട്ടവരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആരോഗ്യകാര്യത്തിലുള്ള അസമത്വം വെളിവാക്കുന്ന തരത്തിലുള്ള റിപ്പോർട്ട് ലോക മാധ്യമങ്ങൾ വലിയ ചർച്ചയാക്കുകയാണ്. രാജ്യത്ത് 2250-ലേറെ പേരാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. ഇതിൽ 13.8 ശതമാനം ഏഷ്യൻ വംശജരാണ്. 13.6 ശതമാനം കറുത്ത വർക്കാരും 6.6 ശതമാനമാണ് മറ്റുള്ളവർ.

ബിഎംഇ വിഭാഗത്തിൽപെട്ട ആറ് ഡോക്ടർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ആദ്യം മരിച്ച ആരോഗ്യപ്രവർത്തകരും ഇവരാണ്. ബിഎംഇ സമുദായങ്ങൾ നേരിടുന്ന വിവേചനങ്ങളിലേക്കാണ് ഡോക്ടർമാരുടെ മരണം വിരൽചൂണ്ടുന്നതെന്ന് ഐസിഎൻഎആർ പറയുന്നു. രാജ്യത്തെ ജനസംഖ്യയുടെ 13 ശതമാനം ബിഎംഇ വിഭാഗമാണ്. തെക്കൻ ഏഷ്യൻ വംശജരായ രോഗികളുടെ എണ്ണം തീവ്ര പരിചരണ വിഭാഗങ്ങളിൽ കൂടുതലാണെന്നും ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും ബർമിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടറും സൗത്ത് ഏഷ്യൻ ഹെൽത്ത് ഫൗണ്ടേഷൻ യുകെയുടെ ട്രസ്റ്റിയുമായ വസിം ഹനിഫ് പറയുന്നു. എന്നാൽ ഇത്തരം രോഗികളെക്കുറിച്ചുള്ള കുറച്ച് വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ളവർ ആരുമില്ലെന്നാതാണ് യാഥാർഥ്യം. എന്നാൽ നിലനിൽക്കുന്ന സാമൂഹിക ഘടനയിലെ അസമത്വങ്ങൾ ചില വിഭാഗങ്ങളെ കൂടുതൽ അപായത്തിലാക്കുന്നുവെന്നത് കാണാതെ പോകരുതെന്ന് വംശ സമത്വത്തിനായി പ്രവർത്തിക്കുന്ന റണ്ണിമെഡ് ട്രസ്റ്റിന്റെ ഡെപ്യൂട്ടി ഡയറക്ടർ സുബൈദ ഹഖ് പറഞ്ഞു. യുകെയിലെ ദാരിദ്ര്യത്തിന്റെ നിരക്കിനേക്കാൾ രണ്ട് മടങ്ങാണ് ബിഎംഇ വിഭാഗങ്ങളിലെന്ന് 2017-ൽ ജോസഫ് റൗൺട്രീ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ആഫ്രിക്കൻ, കരീബിയൻ വിഭാഗങ്ങൾക്കിടയിൽ തൊഴിലില്ലായ്മയും രൂക്ഷമാണ്. ദാരിദ്ര്യവും വംശീയമായ വിവേചനവുമാണ് ബിഎംഇ സമുദായങ്ങൾ നേരിടുന്ന അസമത്വം. ഇതു തന്നെയാണ് ഇവരെ ആരോഗ്യ പ്രതിസന്ധിയിലേക്കും നയിക്കുന്നത്. ചില വംശീയ വിഭാഗങ്ങളിലുള്ളവർക്ക് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ കൂടുതലായി കാണുന്നുണ്ടെന്ന് റണ്ണിമെഡ് ട്രസ്റ്റ് ഡയറക്ടർ ഒമർ ഖാൻ പറഞ്ഞു. എന്നാൽ ഇത്തരം രോഗങ്ങളെല്ലാം ദാരിദ്ര്യത്തിന്റെയും വിവേചനത്തിന്റെയും ഫലമായുണ്ടാകുന്നതാണെന്നും അദ്ദേഹം പറയുന്നു. ആരോഗ്യ സർവേകളിലൊന്നും ബിഎംഇ വിഭാഗങ്ങൾ ഉൾപ്പെടാറില്ലെന്ന് ബ്രിട്ടീഷ് ഇസ്ലാമിക് മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സൽമാൻ വഖാർ പറഞ്ഞു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് ആശങ്കയുണ്ടാക്കുന്നതാണെന്നും യഥാർഥത്തിൽ എന്തുകൊണ്ടാണ് അവർക്ക് രോഗം ഗുരുതരാവസ്ഥയിലാകുന്നതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു

ദ ഗ്രേറ്റ് അമേരിക്കൻ ഇൻഷുറൻസ് ട്രാപ്പ്

എന്നാൽ അമേരിക്കയിൽ കോവിഡ് പടരാൻ സാമ്പത്തിക കാരണങ്ങൾ ഇടയാക്കിയെന്ന് പ്രമുഖ ശാസത്രകാരനും എഴുത്തുകാനുമായ യുവാൽ നോഹ ഹരാരിയും ചൂണ്ടിക്കാട്ടുന്നു. പൊതുജനാരോഗ്യരംഗത്തെ ഇൻഷൂറൻസ് കമ്പനികൾ റാഞ്ചിയ അമേരിക്കയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സയും നിഷേധിക്കപ്പെടുകയാണ്. ദ ഗ്രേറ്റ് അമേരിക്കൻ ഇൻഷൂറൻസ് ട്രാപ്പ് എന്നാണ് ഗാർഡിയർ പത്രം ഇതിനെ വിശേഷിപ്പിച്ചത്. കുറത്തവർഗക്കാരും ന്യനപക്ഷങ്ങളും തന്നെയാണ് ഇതിന്റെ ഇരകൾ ആവുന്നത്. അതുപോലെ വയോധികരരെയും മരിക്കാൻ വിട്ട് കൈയും കെട്ടി നോക്കിനിൽക്കയാണ്. ചെറുപ്പക്കാരുടെ തന്നെ അസുഖം ചികിൽസിക്കാൻ അവർക്ക് ആവുന്നില്ല.

അമേരിക്കയിൽ രണ്ടുതരം രോഗികളുണ്ട്, ഇൻഷുറൻസ് ഉള്ള രോഗികളും, ഇൻഷുറൻസ് ഇല്ലാത്ത രോഗികളും. എല്ലാം ഇൻഷൂറൻസ് അടിസ്ഥാനമാക്കിയ അമേരിക്കൻ ആരോഗ്യമേഖലയുടെ പൂർണ്ണ തകർച്ചയാണ് ഇതെന്നാണ് യുവാൽ നോഹ ഹരാരി അഭിപ്രായപ്പെടുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള മുപ്പത് ദശലക്ഷം അമേരിക്കക്കാർക്ക് പ്രാഥമിക ചികിത്സപോലും നിഷേധിക്കപ്പെടുന്നു എന്നതാണ് അമേരിക്കൻ മാതൃകയുടെ ദൂഷ്യ വശം. പ്രതീശീർഷ ആരോഗ്യ ചെലവ് അമേരിക്കയിൽ കുതിച്ചുയരുകയുമാണ്. ആരോഗ്യ നിലവാരത്തിൽ അമേരിക്കയേക്കാൾ മുൻപന്തിയിലുള്ള ബ്രിട്ടനിൽ പ്രതിശീർഷ ആരോഗ്യ ചെലവ് 3200 ഡോളറായിരിക്കെ അമേരിക്കയിലത് 8000 ഡോളറായി വളരെ ഉയർന്ന് നിൽക്കുന്നു. ഒബാമ കെയർ എന്ന് വിളിക്കുന്ന ആരോഗ്യ പദ്ധതി നടപ്പിലാക്കികൊണ്ട് ദരിദ്രരായ അമേരിക്കക്കാർക്ക് ആരോഗ്യ സേവനം ഉറപ്പാക്കുന്നതിനും ആരോഗ്യ ചെലവ് കുറക്കുന്നതിനുമായി മൂൻ പ്രസിഡന്റ് ബാരക് ഒബാമ ശ്രമിച്ചത് ഈ സാഹചര്യത്തിലായരിരുന്നു. എന്നാൽ പാഴ്‌ച്ചെലവാണെന്ന് പറഞ്ഞ് ട്രംപ് ആദ്യം റദ്ദാക്കിയത് അമേരിക്കയിലെ ദരിദ്രന് സൗജന്യ ചികിൽസ കിട്ടുന്ന ഈ നടപടിയായിരുന്നു. ഇപ്പോൾ കോവിഡിൽ മരിച്ചവരിൽ നല്ലൊരു ശതമാനവും ഇടത്തരക്കാരും പാവങ്ങളുമാണ്.

2018ലെ സെൻസസ് പ്രകാരം അമേരിക്കയുടെ ജനസംഖ്യയുടെ 8.5 ശതമാനം പേർക്ക് ഇൻഷ്വറൻസ് ഇല്ല. ഏകദേശം 27.5 ലക്ഷം പേർ ഇത്തരത്തിൽ കൊറോണയുണ്ടായിട്ടും ആശുപത്രിയിൽ പരിശോധനയ്ക്ക് പോകാൻ മടിക്കുന്നവരായി ഉണ്ടാകും എന്നർത്ഥം. മാർച്ച് 12 -ന് ഡെമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് അംഗം കാറ്റി പോർട്ടർ അമേരിക്കയുടെ സെന്റേഴ്‌സ് ഫോർ ഡിസീസസ് കൺട്രോൾ പ്രതിനിധികളുടെ മുന്നിൽ അവതരിപ്പിച്ചതാണ് ഈ കണക്കുകളും അതുമായി ബന്ധപ്പെട്ട ഈ ആശങ്കയും ഉയർന്നത്. ഇത്ര വലിയ ചെലവുണ്ടാകും എന്ന് ഭയന്ന് കൊവിഡ് 19 ബാധയുണ്ടാകും എന്ന് ഭയപ്പെട്ടുകൊണ്ട് പരിശോധിക്കാതിരിക്കുന്ന എത്ര പേരുണ്ടാകും? അവർക്ക് ഈ ചെലവുകൾ സർക്കാർ വഹിക്കും എന്നുറപ്പുകൊടുക്കണം, അവരെക്കൂടി എത്രയും പെട്ടെന്ന് പരിശോധനയുടെ പരിധിയിൽ കൊണ്ടുവരണം എന്ന് അവർ നിർബന്ധപൂർവം പറഞ്ഞപ്പോൾ സെന്റേഴ്‌സ് ഫോർ ഡിസീസസിന്റെ പ്രതിനിധികൾക്ക് അത് ഒടുവിൽ സമ്മതിക്കേണ്ടി വന്നു. ആരോഗ്യരംഗത്തെ പ്രതിനിധികളെ കോൺഗ്രെഷണൽ ഹിയറിങ് വേളയിൽ തന്റെ വാക്ചാതുരി കൊണ്ട് മുൾമുനയിൽ നിർത്തി, ഇൻഷുറൻസില്ലാത്ത പാവപ്പെട്ട കൊവിഡ് 19 ബാധിതർക്ക് ഗുണകരമാകുന്ന ഇത്തരമൊരു തീരുമാനത്തിലേക്ക് കൊണ്ടുവന്നതിന്റെ പേരിൽ കേറ്റി പോർട്ടർക്ക് അമേരിക്കയിൽ ഇപ്പോൾ ഒരു ദേശീയ ഹീറോ പരിവേഷമാണുള്ളത്.

കോവിഡ് ടെസ്റ്റിന് യുഎസിൽ ചെലവാകുന്നത് വൻതുക

ഇൻഷുറൻസ് ഇല്ലാത്ത രോഗികൾക്ക് ചിന്തിക്കാൻ പോലുമാവാത്തത്ര അധികമാണ് അമേരിക്കയിലെ ആരോഗ്യ രംഗത്ത് ഓരോ പരിശോധനയ്ക്കും ചികിത്സയ്ക്കും വേണ്ടി വരുന്ന ചെലവ്. ആ ബില്ലുകൾ താങ്ങാനാവാത്തതു കൊണ്ട്, രോഗത്തിന്റെ ലക്ഷണങ്ങൾ അസഹ്യമാകുന്നതുവരെ ഇൻഷ്വറൻസ് ഇല്ലാത്തവർ അവിടത്തെ ആശുപത്രികളുടെ പരിസരത്തു പോലും പോവില്ല എന്നർത്ഥം. കോവിഡ് സ്ഥിരീകരിക്കാനുള്ള പരിശോധനകൾ ഇആഇ, ങലമേയീഹശര , എഹൗ 'അ', എഹൗ 'ആ' എന്നിവയാണ്. ഈ മൂന്നു ടെസ്റ്റുകൾക്കും കൂടി അവിടെ 180ഡോളർ എങ്കിലും ആകും. അതായത് 13,300 ഇന്ത്യൻ രൂപ. കൊവിഡ് 19 ബാധിച്ചിട്ടുണ്ട് എന്ന സംശയവുമായി ഒരു ആശുപത്രിയിലെ എമർജൻസി റെസ്‌പോൺസിന്റെ കൺസൾട്ടേഷൻ എടുക്കണമെങ്കിൽ 1,151 ഡോളർ എങ്കിലുമാകും. അതായത് ഇന്നത്തെ വിനിമയ നിരക്കിൽ ചുരുങ്ങിയത് 85,000 രൂപയെങ്കിലും. രണ്ടും കൂടി ഏകദേശം ഒരു ലക്ഷം രൂപയെങ്കിലുമുണ്ടെങ്കിൽ മാത്രമാണ് കൊവിഡ് 19 ബാധയുണ്ട് എന്ന് സംശയിക്കുന്ന ഒരാൾക്ക്, ഇൻഷുറൻസ് ഇല്ലെങ്കിൽ ചികിത്സതേടുകയോ, പരിശോധിക്കുകയോ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാൻ പോലും ആവുക.ഐസൊലേഷനിൽ ആശുപത്രിയിൽ കിടക്കണം എന്നുണ്ടെങ്കിൽ പിന്നെയും ചെലവുകൾ വേറെയുണ്ട്. അവിടെയാണ് അമേരിക്കയിൽ പ്രശ്‌നം വഷളാകുക. കാരണം ഇൻഷൂറൻസ് ഇല്ലാത്തവർ ഇവിടെ പുറത്താവും. ഇപ്പോൾ ട്രംപ് എല്ലാവർക്കും ചികിൽസ നടപ്പാക്കുന്നുണ്ട്. ട്രംപ് കെയർ എന്ന പദ്ധതി വഴി. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു കഴിഞ്ഞിരുന്നു.

പ്രൈവറ്റ് ആശുപത്രി മുതലാളിമാരുടെയും ഇൻഷുറൻസ് ഭീമന്മാരുടെയും പിടിവാശിക്കു മുന്നിൽ സീസണൽ ഇൻഫളുവൻസയുടെ രോഗലക്ഷണങ്ങളാണോ അതോ കോവിഡ് 19 ന്റെ രോഗലക്ഷണങ്ങളാണോ എന്ന് തിരിച്ചറിയാനാവാതെ രോഗികൾ അന്തം വിട്ടുപോയതും പ്രശ്നമായി. തുടക്കത്തിൽ ടെസ്റ്റ് ചെയ്തവരിൽ രണ്ടുശതമാനത്തിനു മാത്രമെ കോവിഡ് രോഗബാധയുണ്ടായിരുന്നുള്ളൂ. ബാക്കി തൊണ്ണൂറ്റിയെട്ടുശതമാനം ടെസ്റ്റുകളും കമ്പനിക്ക് നഷ്ടങ്ങളുണ്ടാക്കി. ലാഭക്കൊതിയന്മാരായ കോർപ്പറേറ്റ് ഭീമന്മാരുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളിൽ പതിയെ ഇടംവലം നോക്കാതെ ടെസ്റ്റുകൾക്കുള്ള അഭ്യർത്ഥനകൾ തിരസ്‌കരിക്കപ്പെട്ടു. സർക്കാരിന് വീണ്ടും ഇടപെടേണ്ടിവന്ന ഈ സാഹചര്യത്തിലാണ്, വാൾമാർട്ട് പോലുള്ള ഭീമൻ പ്രൈവറ്റ് കമ്പനികളുമായി സഹകരിച്ച് സ്പെസിമെൻ ശേഖരിക്കുന്നതിനായി സൂപ്പർമാർക്കറ്റുകളുടെ പാർക്കിങ് ഏരിയയിൽ ക്വസ്റ്റ്, ലാബ് കോർപ്പ് എന്നീ പരിശോധനാ സ്ഥാപനങ്ങളുടെ കൂട്ടായ ഇടപെടലിൽ ഡ്രൈവ് ഇൻ ടെസ്റ്റ് സെന്ററുകൾ ഉടനടി ഉണ്ടാവുമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നത്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഗൂഗിൾ കമ്പനി രൂപകൽപ്പന ചെയുന്ന പ്രത്യേക വെബ് സൈറ്റുവഴി ടെസ്റ്റിങ് സെന്ററുകളിലേക്കെത്തിക്കാം എന്നതായിരുന്നു രണ്ടാഴ്ചമുമ്പ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ഇതും വൈകി.. 1700-ഓളം ഗൂഗിൾ എൻജിനിയർമാർ പണിയെടുത്തിട്ടും ഇതിൽ കാര്യമായ ഫലം ഉണ്ടായില്ല.

ഇവിടെയെല്ലാം പണികിട്ടുന്നത് സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവർക്കാണ്. അവരാണ് സാമ്പത്തിക പരാധീനതമൂലം ഇൻഷൂറൻസിൽനിന്ന് പുറത്താകുന്നത. സോഷ്യൽ ഡിസ്റ്റൻസിങ്ങ് ഒരു രീതിയിലും പാലിക്കാൻ കഴിയാത്ത രീതിയിലാണ് അവരുടെ ജീവിതം. ആഫ്രോ-എഷ്യൻ വംശജർക്കിടയിൽ കോവിഡ് പടരുന്നതിന് വേറെ കാരണങ്ങൾ അന്വേഷിക്കേണ്ടതില്ല.

കോഴിവസന്ത പിടിപെട്ട പക്ഷികളെപ്പോലെ വയോധികർക്ക് കൂട്ടമരണം

അതുപോലെതന്നെ ബ്രിട്ടീഷ് സോഷ്യൽ കെയറിലെ വലിയ പാളിച്ചയാണ് ബ്രിട്ടിനിൽ കൂട്ടമരണത്തിനും ഇടയാക്കിയത്. കേരളത്തിൽ 93 ഉം 88 ഉം വയസായ രോഗികൾ വരെ കോവിഡിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങി എത്തി എന്ന വാർത്തകൾ കേട്ടുകൊണ്ടിരിക്കെയാണ് യുകെയിൽ ഒരു ചികിത്സയും ലഭിക്കാതെ പ്രായമായവർ മരണത്തിനു വേണ്ടി വെറുതെ നിന്ന് കൊടുക്കുന്നത് എന്നത് തികച്ചും അവിശ്വസനീയമായ വസ്തുതയാണ് . ഓരോ നേഴ്‌സിങ് ഹോമുകളിലും കോഴി വസന്ത പിടിപെട്ടു കൂട്ടത്തോടെ പക്ഷികൾ മരിച്ചു വീഴുന്നതിനു സമാനമായാണ് വൃദ്ധർ പിടഞ്ഞു വീഴുന്നതെന്നു നേഴ്‌സിങ് ജീവനക്കാർ തന്നെ സാക്ഷ്യപെടുത്തുമ്പോൾ ഒരു വികസിത രാജ്യത്തിന്റെ സാമൂഹ്യ ക്ഷേമം എന്ന മുഖം മൂടി കൂടിയാണ് അഴിഞ്ഞു വീഴുന്നത് .

ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ഗ്ലാസ്ഗോയിലെ ഒരു നേഴ്‌സിങ് ഹോമിൽ 13 രോഗികൾ ഒരാഴ്ച കൊണ്ട് മരിച്ചു വീണത് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് .ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് നേഴ്‌സിങ് ഹോമുകളിൽ ജോലി ചെയ്യുന്ന മലയാളി ജീവനക്കാർ പറയുന്നത.. ക്രോയ്ഡോണിലേ ഒരു നേഴ്‌സിങ് ഹോമിൽ കഴിഞ്ഞ ആഴ്ച തന്നെ പത്തു രോഗികൾ മരിച്ചു കഴിഞ്ഞു . അടുത്ത 16 പേര് ഏതു നിമിഷവും മരണത്തെ പ്രതീക്ഷിക്കുന്നു . ഈ നേഴ്‌സിങ് ഹോമിൽ ആകെയുള്ളത് 40 ഓളം വൃദ്ധരാണ് . ഇതാരത്തിൽ രാജ്യത്തെ എല്ലാ നേഴ്‌സിങ് ഹോമുകളിലും വൃദ്ധർ പിടഞ്ഞു വീണു മരിക്കുകയാണ് . കാരണം വളരെ ലളിതം , അവർക്കാവശ്യമായ പ്രാഥമിക ഒരു ചികിത്സയും ലഭിക്കുന്നില്ല , അഥവാ സർക്കാർ അത് മനപ്പൂർവം തടഞ്ഞിരിക്കുകയാണ് .

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലനം നടത്തിയിരുന്നവർ എന്ന് വീമ്പിളക്കിയിരുന്ന ബ്രിട്ടന്റെ അതി ദയനീയമായ ഒരു കാഴ്ചയാണ് ഇപ്പോൾ പുറത്തു വരുന്നത് . ഒരു ജലദോഷ പനി വന്നാൽ ഡോക്ടറും ആംബുലൻസ് സേവനവും അടക്കം ഉള്ള സംവിധാനങ്ങൾ ഒരു ഫോൺ കോളിനും അഞ്ചു മിനിട്ടു സമയത്തിനും അപ്പുറം ഏതാനും ആഴ്ചകൾക്കു മുൻപ് വരെ അരികിൽ നിന്ന ഒരു രാജ്യത്താണ് അത്തരം സേവനങ്ങൾ എല്ലാം അപ്രാപ്യമായിരിക്കുന്നത് . കാൽ തെറ്റി വീണാൽ 95 വയസുള്ള ആൾക്കും തുടയെല്ല് ശസ്ത്രക്രിയയും പേസ്മേക്കകർ അടക്കമുള്ള ചിലവേറിയ ശസ്ത്രക്രിയയും നടത്തിയിരുന്ന രാജ്യത്താണ് കോവിഡ് വന്നതോടെ ഒരു ഡോക്ടറെ ഫോണിൽ പോലും വിളിക്കാൻ സാധിക്കാതെ വൃദ്ധർ മരണത്തിലേക്ക് എത്തപ്പെട്ടിരിക്കുന്നത് .അത്യസാന്ന നിലയിൽ പോലും ആംബുലൻസ് വിളിക്കാനാകില്ല . നേഴ്‌സിങ് ഹോം ജീവനക്കാരും കുടുംബ അംഗങ്ങളെല്ലാം വെറും നിസ്സഹായാർ . ഒന്നും ചെയ്യാനില്ല . ഒരു വൃദ്ധ രോഗി പോലും ആശുപത്രിയിൽ എത്താൻ പാടില്ലെന്ന നിർദ്ദേശമാണ് സർക്കാർ നൽകിയിരിക്കുന്നത് . അതിനർത്ഥം ഇറ്റലിയിലും സ്പെയിനിലും സംഭവിച്ച പോലെ ബ്രിട്ടനും വൃദ്ധരായവരെ മരിക്കാൻ അനുവദിച്ചിരിക്കുന്നു എന്നുതന്നെയാണ്.

സോഷ്യൽ കെയർ ബ്രിട്ടനിൽ ഭാരമോ?

ഓരോ ദിവസവും മരിച്ചു വീഴുന്നവരുടെ എണ്ണപ്പെരുപ്പം കണ്ടു ബ്രിട്ടീഷ് ജനത ഭ്രാന്തമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് . ഒരു ദിവസം തന്നെ 700 ലേറെ പേരുടെ മരണം കണ്ട രാജ്യം അടുത്ത ദിവസങ്ങളിൽ അത് ആയിരം പേരിലേക്ക് വളരുന്നതിനെ ഭീതിയോടെയാണ് വീക്ഷിക്കുന്നത് . ഒരു സാധാരണ പനിയുടെയും ചുമയുടെയും രോഗ ലക്ഷണത്തോടെ എത്തുന്ന കോവിഡിനെ പ്രതിരോധിക്കാൻ മരുന്നുകളും പ്രാഥമിക ചികിത്സയും നൽകുന്നതിൽ എന്തുകൊണ്ടാണ് ബ്രിട്ടൻ വലിയൊരു പരാജയമായി മാറിയിരിക്കുന്നത് . മരിക്കാൻ കിടക്കുന്ന രോഗിക്ക് ശ്വാസ തടസം ഒഴിവാക്കാൻ കഫം പുറത്തെടുക്കുന്ന സക്ഷൻ , ശ്വാസകോശത്തിന് വായു നൽകുന്ന വെന്റിലേറ്റർ , കൃത്രിമ ശ്വസന സഹായം എന്നിവയൊക്കെ എന്തെ ബ്രിട്ടനിലെ വൃദ്ധർക്കു നിക്ഷേധിക്കപ്പെട്ടു? ബ്രിട്ടൻ , നാളെകളിൽ ലോകത്തോട് തന്നെ മറുപടി പറയേണ്ടി വരുന്ന ഗുരുതരമായ തെറ്റ് കൂടിയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് . ഒരു ജീവിതകാലം മുഴുവൻ പണിയെടുത്തു അതിൽ നിന്നുള്ള നികുതിപ്പണം സർക്കാരിന് നൽകിയ ശേഷം തന്റെ ജീവിതത്തിന്റെ അന്ത്യ നാളുകൾ ഭരണാധികാരികളെ വിശ്വസിച്ചു ഏൽപ്പിച്ച ഒരു ജനതയാണ് അവസാന ശ്വാസം നിക്ഷേധിക്കപ്പെട്ടു പിടഞ്ഞു മരിച്ചു കൊണ്ടിരിക്കുന്നത് . ഇത്ര വലിയ ക്രൂരത ലോകത്തു മറ്റൊരിടത്തും ഇപ്പോൾ കാണാനാകില്ല .

ദിവസന്തങ്ങൾക്കകം നാലായിരം പേരെ ചികിൽസിക്കാൻ കെൽപ്പുള്ള നൈറ്റിംഗേൽ ആശുപത്രി പണിതുയർത്തിയ ബ്രിട്ടന് എന്തുകൊണ്ട് അത്തരം സംവിധാനങ്ങൾ കൂടുതൽ സൃഷ്ടിച്ചു ഈ വൃദ്ധ ജനതയെ രക്ഷിക്കാനായില്ല ? അവരുടെ ജീവനുകൾ ചുരുങ്ങിയ പക്ഷം അവരുടെ കുടുംബത്തിന് കൂടിയെങ്കിലും പ്രധാനമല്ലേ. നേഴ്‌സിങ് ഹോമുകളിൽ ഉള്ളത് കൂടാതെ ക്രോയ്ഡോൺ അടക്കമുള്ള പ്രദേശങ്ങളിൽ ആയിരക്കണക്കിന് മലയാളി കുടുംബങ്ങളിലും വീട്ടുകാരുടെ സംരക്ഷണയിൽ ആയിരക്കണക്കിന് വൃദ്ധർ ജീവിക്കുന്നുണ്ട് . ഏകദേശം 15 ലക്ഷം വൃദ്ധരാണ് സോക്ഷ്യൽ കെയർ സംവിധാനത്തിൽ ഉള്ളതെന്നാണ് സർക്കാർ കണക്ക്. ഇവർക്കാർക്കും ചകിത്സ വേണ്ടന്നാണോ സർക്കാർ നയം ? വൃദ്ധയായ അമ്മക്ക് കോവിഡ് കാലത്തു ഒരു പനിപോലും വരാതെ കാക്കണമേയെന്നാണ് ക്രോയ്ഡോണിലേ മലയാളിയായ കുടുംബം ഈ ഫീച്ചർ തയാറാകുന്നതിന്റെ ഭാഗമായി വിളിച്ചപ്പോൾ തങ്ങളുടെ ആശങ്ക പങ്കിട്ടത് . വൃദ്ധർ ഉള്ള മുഴുവൻ വീടുകളിലെയും ഭയവും പ്രാർത്ഥനയും ഇപ്പോൾ മറ്റൊന്നല്ല .

എന്തുകൊണ്ടാണ് ഇത്തരം ഒരു വലിയ തെറ്റിലേക്ക് ബ്രിട്ടൻ എത്തിപ്പെട്ടത് . അതിനു കൃത്യമായ ഉത്തരം ഇപ്പോൾ ലഭ്യമല്ല , വെറും നിഗമനങ്ങൾ മാത്രമാണ് നല്കാനാകുന്നത് . സോഷ്യൽ കെയർ സംവിധാനത്തിനായി 140 ബില്യൺ പൗണ്ട് ബജറ്റിൽ മാറ്റിവച്ച ഒരു സർക്കാർ അതൊരു ഭാരമായി കണക്കാക്കുകയാണോ ? അതിൽ നിന്നും അല്പം ഇളവ് കിട്ടാൻ സോഷ്യൽ കെയർ സംവിധാനത്തെ പരിപൂർണമായും ആശ്രയിക്കുന്ന വൃദ്ധ ജനതയെ ഇല്ലാതാക്കാൻ ഇതൊരു അവസരമായി ബോറിസ് സർക്കാർ കരുതിക്കാണുമോ. അല്ലെങ്കിൽ വൃദ്ധർക്കു കൊറോണ ഭീതിയിൽ വൈദ്യ സഹായം നിക്ഷേധിക്കപ്പെടുന്നതിന് കാരണമെന്ത് ? മരണക്കിടക്കയിൽ പോലും ഒരു ഡോക്ടറുടെയോ ആധുനിക വൈദ്യ സംവിധാനത്തിന്റെയും സേവനം ഈ പാവം രോഗികൾക്കു നിക്ഷേധിച്ചതു എന്തിനു ? തീർച്ചയായും ഒരു നാൾ ഇന്നത്തെ ഭരണാധികാരികൾ മറുപടി പറയേണ്ടി വരും . ലോകം ഇപ്പോൾ കരുതുന്ന പോലെ ബ്രിട്ടനിൽ കോവിഡ് ബാധയിൽ മരിച്ചു വീഴുന്നവർ മുഴുവൻ അങ്ങനെ മരിക്കേണ്ടി വരുന്നവരല്ല . കുറെയധികം പേരെങ്കിലും ചികിത്സ നിക്ഷേധിക്കപ്പെട്ടു പിടഞ്ഞു വീണു മരിച്ചവരാണ് , അതാണ് സത്യം. ബ്രിട്ടീഷ് ബാധ്യമങ്ങളും ഇപ്പോൾ പഴിക്കുന്നത് സർക്കാർ സംവിധാനങ്ങളെ തന്നെയാണ്.

അതായത് സമൂഹത്തിൽ സാമ്പത്തികമായും ആരോഗ്യപരമായും ദുർബലരായ ആളുകളാണ് കൊറോണക്കാലത്ത് ഏറ്റവും കഷ്ടത അനുഭവിക്കുന്നത്. അന്തംവിട്ട സ്വകാര്യവത്ക്കരണത്തിൽ നിന്ന് മാറി പൊതുജനാരോഗ്യമേഖലയിൽ സർക്കാർ ഇടപെടൽ വർധിപ്പിക്കേണ്ട അവശ്യകത തന്നെയാണ് ഇത് മുന്നോട്ടുവെക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP