Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202220Thursday

വേലക്കാരിയിൽ ജനിച്ച കുട്ടിയെ ഉപേക്ഷിച്ച മാർക്സ്; ഒളിവിലായിരിക്കെ പതിനാലുകാരിക്ക് രണ്ടു കുട്ടികളെ കൊടുത്ത സ്റ്റാലിൻ; കുളിക്കാതെ ബന്ധപ്പെട്ട് ചർമ്മരോഗം പടർത്തിയ മാവോ; ഒളിവിലും ലൈഗികത അന്യമല്ലാതിരുന്ന കേരള നേതാക്കളും; അനുപമയെയും അജിത്തിനെ കുറ്റം പറയുന്നവർ ഇതും അറിയണം; കമ്യൂണിസ്റ്റ് നേതാക്കളുടെ ഞെട്ടിപ്പിക്കുന്ന ലൈംഗിക ജീവിതം!

വേലക്കാരിയിൽ ജനിച്ച കുട്ടിയെ ഉപേക്ഷിച്ച മാർക്സ്; ഒളിവിലായിരിക്കെ പതിനാലുകാരിക്ക് രണ്ടു കുട്ടികളെ കൊടുത്ത സ്റ്റാലിൻ; കുളിക്കാതെ ബന്ധപ്പെട്ട് ചർമ്മരോഗം പടർത്തിയ മാവോ; ഒളിവിലും ലൈഗികത അന്യമല്ലാതിരുന്ന കേരള നേതാക്കളും; അനുപമയെയും അജിത്തിനെ കുറ്റം പറയുന്നവർ ഇതും അറിയണം; കമ്യൂണിസ്റ്റ് നേതാക്കളുടെ ഞെട്ടിപ്പിക്കുന്ന ലൈംഗിക ജീവിതം!

എം റിജു

ന്റെ ബാങ്ക് ബാലൻസ് പാർട്ടി ഫണ്ടിലേക്ക് എഴുതിവെച്ച്, തന്റെ പുസ്തകങ്ങളും ലാപ്ടോപ്പും പാർട്ടിയുടെ പത്രമായ തീക്കതിരിന് കൈമാറിയുമാണ്, സിപിഎം കേന്ദ്രകമ്മറ്റി അംഗവും തമിഴ്‌നാട്ടിലെ ജനകീയ നേതാവുമായ ഡബ്‌ള്യു.ആർ. വരദരാജൻ ജീവനൊടുക്കിയത്. ചെന്നൈയിൽ പോരൂരിലുള്ള തടാകത്തിൽനിന്നാണ്, ആ നേതാവിന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ് കണ്ടെത്തിയത്. 2010 ഫെബ്രുവരിയിൽ നടന്ന ആ സംഭവം തമിഴകം ഇന്നും മറന്നിട്ടില്ല. തമിഴ്‌നാട്ടിൽ സിപിഎമ്മിന്റെ ജനകീയ മുഖങ്ങളിലൊന്നായിരുന്നു വരദരാജന്റെ (സിപിഎം മൂൻ പോളിറ്റിബ്യൂറോ അംഗം കെ. വരദരാജനല്ല, ഇത് ഡബ്‌ള്യു. ആർ വരദരാജനാണ്) ആത്മഹത്യ ഇടതുവൃത്തങ്ങളെ അക്ഷരാർഥത്തിൽ നടുക്കി. മരണത്തിന് രണ്ടു മാസം മുമ്പ് സിപിഎം. ഇദ്ദേഹത്തെ പാർട്ടി സ്ഥാനങ്ങളിൽനിന്നു നീക്കിയിരുന്നു. അപ്പോൾ എവരും ചിന്തിക്കുക, വലിയ സാമ്പത്തിക തിരിമറിയോ, വിഭാഗീയ- പാർട്ടിവിരുദ്ധ പ്രവർത്തനമോ എന്തോ അദ്ദേഹത്തിന്റെ ഭാഗത്തുണ്ടായി എന്നായിരിക്കും. എന്നാൽ ഒരു പുരുഷായുസ്സുമുഴുവൻ പാർട്ടിയെ സേവിച്ച ആ സഖാവിനെ മരണത്തിലേക്ക് തള്ളിവിടാൻ പാർട്ടി കണ്ടെത്തിയ കാരണം അയാൾക്ക് ഒരു സ്ത്രീയുമായി സൗഹൃദം ഉണ്ടായിരുന്നുവെന്നാണ്!

ഈ സൗഹൃദം ഒരു പക്ഷേ ഒരു റിലേഷൻഷിപ്പായി വളർന്നിരിക്കാം. അത് പറഞ്ഞ് വരദരാജന്റെ ഭാര്യ പാർട്ടിക്ക് പരാതി നൽകി. തുടർന്നാണ് നടപടി വന്നത്. നോക്കുക, തീർത്തും വ്യക്തിപരമായ ഒരു പ്രശ്നം, എങ്ങനെ മാറി. വരദരാജൻ തട്ടിപ്പ് നടത്തിയിട്ടില്ല, ആരെയും ബലാൽത്സഗം ചെയ്തിട്ടില്ല, അയാൾ ഒരു ബന്ധത്തിൽ പെട്ടുപോയി. അതിന് പാർട്ടികൊടുത്ത ശിക്ഷയായിരുന്നു സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കൽ.

2010 ഫെബ്രുവരി 23ന് ഇന്ത്യൻ എക്സ്പ്രസ് പത്രം സിപിഎമ്മിന്റെ മോറൽ പൊലീസിങ്ങിനെ നിശിതമായി വിമർശിച്ച് വാർത്ത കൊടുത്തതോടെ വിഷയം സജീവ ചർച്ചയായി. പാർട്ടിക്കുവേണ്ടി സമർപ്പിച്ച ജിവിതമായിരുന്നു വരദരാജന്റേത്. കുടുംബവുമായി ചില അസ്വാരസ്യങ്ങൾ നേരിടുന്ന ഘട്ടത്തിൽ പാർട്ടിയും കൈവിട്ടതോടെയാണ് വരദരാജൻ ആത്മഹത്യ ചെയ്തതെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചില സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. വരദരാജന്റെ മരണത്തിൽ പാർട്ടി നേതൃത്വത്തിന് കൈകഴുകാനാവില്ലെന്ന് വിമർശം ഉന്നയിച്ചത് പാർട്ടി പ്രവർത്തകർ മാത്രമായിരുന്നില്ല. ചില വനിതാ കൂട്ടായ്മകളും ഇതേ വിമർശനം ഉയർത്തി. കുറച്ചുകൂടി സഹാനുഭൂതിയും തുറന്ന മനസ്സും പാർട്ടി നേതൃത്വത്തിനുണ്ടായിരുന്നെങ്കിൽ വരദരാജൻ ആത്മഹത്യ ചെയ്യുമായിരുന്നില്ല എന്ന വികാരമാണ് പൊതുവെ പങ്കുവെയ്ക്കപ്പെട്ടത്.

സങ്കീർണ്ണമായ മനുഷ്യ മനസ്സിനെയും, വ്യക്തിബന്ധങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സിപിഎം ഇപ്പോഴും ഒരു ചുക്കും പഠിച്ചിട്ടിലെന്ന് തെളിയുകയാണ് നമ്മുടെ അനുപമ- അജിത്ത് വിഷയത്തിലൂടെ. വിവാഹിതനായ അജിത്തിനും അനുപമക്കും തമ്മിലുണ്ടായ പ്രണയത്തെ അതിഹീനമായി പരിഹസിച്ചും, വ്യാജവാർത്തകൾ നൽകിയും സിപിഎം സൈബർ സഖാക്കൾ വേട്ട തുടരുകയാണ്. കുട്ടിയെ കിട്ടാനുള്ള പേരാട്ടത്തിൽ അനുപമ ജയിച്ചിട്ടും, കുടുംബം കലക്കിയവൾ എന്നും, നിന്റെ കുട്ടി ഇതുപോലെ ചെയ്യുമ്പോൾ നീയും അനുഭവിക്കും എന്നല്ലാം പറഞ്ഞ്, സൈബർ സഖാക്കൾ ഉറഞ്ഞുതുള്ളുകയാണ്. വരദരാജന്റെ വഴിയിൽ അനുപമയും അജിത്തും ആത്മഹത്യചെയ്യാതിരുന്നത് ഭാഗ്യം എന്നേ പറയാൻ കഴിയൂ. ഈ സഹാചര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ പോസ്റ്റർ വെച്ച് ആരാധിക്കുന്ന അവരുടെ ലോക നേതാക്കളുടെയും, കേരളത്തിലെ ചില നേതാക്കളുടെയും ലൈംഗിക ജീവിതം ഒന്ന് പരിശോധിച്ച് നോക്കുക. അനുപമക്ക് നേരെ ചൂണ്ടുന്ന വിരലുകൾ അപ്പോൾ തങ്ങളുടെ നേർക്ക് തിരിഞ്ഞുവരുന്നതായി മനസ്സിലാക്കാം.

മാർക്സിനെ പൊളിച്ച ലൗ ആൻഡ് കാപ്പിറ്റൽ

കേരളത്തിൽ പ്രണയത്തിന്റെയും കാൽപ്പനികതയുടെയും ഐക്കൺ കൂടിയാണ് കാൾ മാർക്സ്. അദ്ദേഹം ഭാര്യ ജെന്നിക്ക് എഴുതിയ പ്രണയ കവിതകളൊക്കെ ഇവിടെയും ബെസ്റ്റ് സെല്ലറാണ്. എന്നാൽ മാർക്സിന്റെ ആരും അത്രയൊന്നും അറിയാത്ത സ്വകാര്യ ജീവിതത്തിലേക്ക് വെളിച്ചും വീശിയത്, പ്രസിദ്ധ അന്വേഷണാത്മക പത്രപ്രവർത്തകയായ മേരി ഗബ്രിയേൽ, എഴുതിയ ലൗവ് ആൻഡ് കാപ്പിറ്റൽ എന്ന പുസ്തകമാണ്. മാർക്സിന് വേലക്കാരിയിൽ ഉണ്ടായ കുട്ടി എവിടെയാണെന്നുപോലും പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട്.

1843 ജൂൺ 19 നാണ് കാൾ മാർക്സും പ്രഭുകുമാരിയായ ജെന്നിവോൺ വെസ്റ്റ്ഫാലനും വിവാഹിതരായത്. 25കാരൻ കാൾ ജെന്നിയെ വിവാഹം ചെയ്യുമ്പോൾ അവർക്ക് 29 വയസ്സുണ്ട്. ജെന്നി, മാർക്സിന്റെ ഏഴു മക്കൾക്ക് ജന്മം നൽകി. അവസാനത്തെ പ്രസവ സമയത്ത് ജെന്നിക്ക് നാല്പത്തി മൂന്ന് വയസ്സായിരുന്നു. പതിനാലു വർഷങ്ങൾക്കിടയിലായിരുന്നു ഏഴ് പ്രസവങ്ങൾ. ഇതിൽ മൂന്ന് കുട്ടികൾ മരിച്ചുപോയി. പട്ടിണിയും ദാരിദ്രവുമായിരുന്നു അക്കാലത്ത് ആ കുടുംബത്തെ നയിച്ചത്.

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താതെയും തൊഴിലൊന്നും എടുക്കാതെയും മദ്യപാനവും എഴുത്തുമായി മാർക്സ് നടന്നപ്പോൾ ഭാര്യ ജെന്നി വല്ലാതെ പ്രയാസപ്പെട്ടുവെന്ന പുസ്തകം ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഇതിനിടയിൽ വേണ്ട പരിചരണവും ചികിത്സയും ലഭിക്കാതെ മക്കൾ പലതും മരണപ്പെട്ടുകൊണ്ടിരുന്നു. മൂലധനം എഴുതി പൂർത്തിയാക്കുമ്പോൾ മാർക്സിന് അവശേഷിച്ചത് മൂന്ന് പെൺകുട്ടികളാണ്. പിന്നെ വേലക്കാരിയിൽ ഉണ്ടായ അവിഹിത ജന്മമായ ചിത്രത്തിലില്ലാത്ത ഫ്രെഡ്ഡിയും.

രണ്ടാം കുഞ്ഞിന്റെ ജന്മമടുത്ത അവസരത്തിലായിരുന്നു, ജെന്നിയുടെ അമ്മ മകളെ സഹായിക്കാനും കുട്ടികളെ പരിചാരിക്കാനുമായി ഹെലെൻ ദിമെത്തി എന്ന വേലക്കാവരിയെ (കൊച്ചുലെൻ ) ബ്രസൽസിലേക്ക് അയച്ചത്. 1845 ഏപ്രിലിൽ. ചെമ്പൻ മുടിയും നീലക്കണ്ണുകളുമുള്ള ഹെലെൻ സുന്ദരിയായിരുന്നു. അവിടെ വരുമ്പോൾ വയസ്സ് ഇരുപത്തഞ്ച്. മാർക്സിനേക്കാൾ രണ്ട് വയസ്സ് ഇളപ്പം. തന്റെ പതിനൊന്നാം വയസ്സ് മുതൽ ജെന്നിയുടെ വീട്ടിൽ പരിചാരികയായിരുന്ന അവൾ സ്വയം ആ കുടുംബത്തിനു വേണ്ടി സമർപ്പിച്ചു. വിവാഹാലോചനകൾ എല്ലാം ഒഴിവാക്കി. ഹെലൻ പിന്നീട് മാർകസിന്റെ ജീവിതത്തിൽ നിറഞ്ഞു നിന്നു. ഹെലൻ കടന്നുവരുന്ന അക്കാലത്ത് തന്നെയായിരുന്നു മാർക്സുമായി എംഗൽസ് അടുത്ത സൗഹൃദം സ്ഥാപിക്കുന്നത്. അവർ പിന്നീട് ഇരുകൈകളായി ജീവിച്ചു. ആദർശ ജീവിതത്തിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും കുടുംബ കാര്യങ്ങളിലും. മാർക്സിന്റെ കുടുംബജീവിതത്തിലെ കാറ്റിനും കോളിനും ഒരുപോലെ സാക്ഷിയായ രണ്ട് വ്യക്തിത്വങ്ങൾ എംഗൽസ്, ഹെലെൻ എന്നിവരാണെന്ന് പറയാം. മാർക്സിന്റെ മരണാനന്തരം ഹെലൻ എംഗൽസിനൊപ്പമായിരുന്നു.

മാർക്സിന്റെ ജീവിതത്തിലും അനുപമ എപ്പിസോഡ്!

ജെന്നി ഇല്ലാത്ത പല അവസരങ്ങളും മാർക്സ്, കൊച്ചുലെൻ എന്ന വേലക്കാരിയുമായി അടുത്തു. ഇതിന്റെ ഫലമായി അവൾ ഗർഭിണിയായി. 1851 ജൂൺ 23 ന്. ഒരാൺകുഞ്ഞിന് ജന്മം നൽകി. ഹെന്റി ഫെഡറിക്ക് എന്ന് പേരിട്ടു. ആറാഴ്ച കഴിഞ്ഞ് ജനനം രജിസ്റ്റർ ചെയ്യുമ്പോൾ അമ്മ കുട്ടിയുടെ അച്ഛന്റെ പേര് കൊടുത്തില്ല. അവൻ ഫ്രെഡറിക്ക് ഡിമത്ത് എന്ന് അമ്മയുടെ കുടുംബപ്പേര് കുട്ടിയുടെ ചേർത്തു അറിയപ്പെട്ടു. ( ഇവിടെയും അനുപമ സംഭവത്തിന്റെ സാദൃശ്യങ്ങൾ കാണാം!)

ഗർഭം പ്രകടമായപ്പോൾ തന്നെ ആ കുടുംബത്ത് പ്രശ്നങ്ങൾ തലപൊക്കുക സ്വാഭാവികം. കുട്ടിയുടെ അച്ഛൻ താനല്ലെന്ന് വരുത്താനുള്ള മാർക്സിന്റെ ശ്രമങ്ങൾ പാളുന്നുണ്ടായിരുന്നു. സൽപ്പേരിനെക്കുറിച്ച് വലിയ ആധിയൊന്നുമില്ലാതിരുന്ന എംഗൽസ് തന്റെ രാഷ്ട്രീയ സൈദ്ധാന്തികന്റെ മുഖം രക്ഷിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. പിതൃത്വം ഏറ്റെടുക്കാനുള്ള ധീരത കാണിച്ചില്ലെങ്കിലും, ജെന്നിയെയും കുട്ടികളെയും മറ്റു ബന്ധപ്പെട്ടവരെയും അങ്ങനെ തെറ്റിദ്ധരിപ്പിക്കാനുള്ള അടവുകൾ അയാൾ കാണിച്ചു. സുഹൃത്തിനെ തൽക്കാലം മുഖപടമണിയിച്ചു. കുലീനയും സഹന ശീലയുമായ ജെന്നിയുടെ പക്വമായ നിലപാട് നിമിത്തം കുടുംബത്ത് പറയത്തക്ക പ്രശ്നങ്ങൾ ഉണ്ടായില്ല. അവളെ പറഞ്ഞു വിടുകയെന്ന കടുത്ത തീരുമാനം സ്വാഭാവികമായും ചർച്ചയ്ക്ക് വരും. അതിനുമുന്നേ, അവൾ ആ കുഞ്ഞിനെ കിഴക്കൻ ലണ്ടനിലെ ലെവി എന്നറിയപ്പെട്ട ദരിദ്ര കുടുംബത്തെ ഏൽപിച്ചു. അങ്ങനെ ആ കുഞ്ഞിന് അമ്മയും ഇല്ലാതായി. നോക്കുക ഇവിടെയും അനുപമ സംഭവത്തോട് സാമ്യം നോക്കുക. അക്കാലത്ത് അതൊക്കെ പതിവായിരുന്നു. പക്ഷേ ആധുനിക യുഗത്തിലും അങ്ങനെയാവണം എന്ന് പറയുന്നിടത്താണ് പ്രശ്നം.

മാർസിനെ ഒരു തികച്ച മദ്യപാനിയായും പുസ്തകം ചിത്രീകരിക്കുന്നു. ജെന്നി കൂടെയില്ലാത്ത ഘട്ടം പലതവണ ഉണ്ടായിട്ടുണ്ട്. മാർക്സിന്റെ മദ്യോൽസവ നാളുകൾ ആയിരിക്കും ആ ദിനങ്ങൾ. കൂട്ടുകാരായ ലീബ്നിറ്റിക്, എഡ്ഗാർ ബോവർ എന്നിവരോടൊപ്പം ചേർന്നുള്ള മദ്യോത്സവ നാളുകൾ അവിസ്മരണീയങ്ങളാണ്. വഴിയിലുള്ള എല്ലാ പബ്ബിലും കയറി കുടിക്കുക എന്നതായിരുന്നു രീതി. വഴിയിൽ കാണുന്ന ചരൽക്കല്ലുകൾ എടത്ത് കണ്ടിടത്തേക്ക് എറിഞ്ഞും ബഹളം വെച്ചും നിരത്തുകളിൽ ഇഴഞ്ഞാണ് അവർ നീങ്ങുകയെന്ന് ലൗ ആൻഡ് കാപ്പിറ്റിൽ എന്ന പുസ്തകം പറയുന്നു. നാലഞ്ച് വഴിവിളക്കുകൾ കല്ലേറിഞ്ഞ് അവർ പൊട്ടിച്ചിരിക്കും. ഒരിക്കൽ കള്ളുകുടിയന്മാരുടെ കൂട്ടത്തിൽ വെച്ച് ഒരു ഇംഗ്ലീഷ്‌കാരൻ അപമാനിച്ചതിന് എംഗൽസ് അയാളെ കുടകൊണ്ട് കണ്ണിനു കുത്തിയതും നഷ്ടപരിഹാരം അടയ്ക്കേണ്ടി വന്നതും സംഭവിച്ചതാണ്.

എംഗൽസ് വിവാഹം ചെയ്തിട്ടല്ല. രണ്ട് ദശകത്തോളം കൂടെ ജീവിച്ചിരുന്ന മേരി ബേൺസിനെ എംഗൽസ് വിവാഹം ചെയ്തിട്ടില്ലായിരുന്നു. മേരിക്ക് ശേഷം 'ഭാര്യ'യായി ഉണ്ടായിരുന്ന മേരിയുടെ സഹോദരി ലിസ്സി ബേൺസിനെയും എംഗൽസ് അവരുടെ അവസാന കാലം വരെ വിവാഹം ചെയ്തിട്ടില്ലായിരുന്നു. അവളുടെ മരണത്തിന്റെ തലേന്നാൾ വീട്ടിൽ വന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് ലെ വികാരിയച്ചൻ ഔദ്യോഗികമായി വിവാഹിതരാക്കുകയായിരുന്നു. ഏംഗൽസിലും പല സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു. അടുത്ത പാർട്ടി സുഹൃത്തുക്കൾ പലരുടെയും ധാർമിക ജീവിതത്തിന്റെ നിലവാരം പാടേ മോശമായിരുന്നു. മാർക്സിന്റെ കുടുംബത്തോടൊപ്പം കുറച്ചു കാലം ജീവിച്ച പീപ്പർ വീണ്ടുമൊരിക്കൽ അവിടെ വന്നത് മാരകമായി സിഫിലിസ് ബാധിച്ചാണ്. വേശ്യകളുമായി ജീവിച്ചു സമ്പാദ്യമെല്ലാം തീരുമ്പോൾ വീണ്ടും മാർക്സിനെ സമീപിക്കും. മറ്റൊരു നേതാവ് ലൂപ്പസ് മദ്യത്തിന്നടിമയായിരുന്നു, വേശ്യാലയങ്ങളിലെ സ്ഥിരം സന്ദർശകനായിരുന്നു.

മൂലധനം എഴുതിക്കഴിഞ്ഞ നാൾ മുതൽ മാർക്സ് സമ്പന്നനാണ്. അത്രകാലം നേരിട്ട സാമ്പത്തിക പ്രതിസന്ധികൾ ഒന്നൊന്നായി മറികടന്നു. ഇക്കാലത്തെപ്പോഴെങ്കിലും തനിക്ക് വേലക്കാരിയിൽ പിറന്ന ഫ്രെഡ്ഡിയെ മാർക്സ് ഓർത്തില്ല, ബന്ധപ്പെട്ടില്ല, സാമ്പത്തികമായോ മറ്റോ സഹായിച്ചില്ല. മരണ ഒസ്യത്തിൽ പോലും ഫ്രെഡ്ഡിയെ മാർക്സ് വിട്ടുകളഞ്ഞു. 1883 മാർച്ച് 14 ന് തന്റെ അറുപത്തിനാലാം വയസിലാണ് മാർക്സ് മരിക്കുന്നത്.

മൂത്തമകൾ കൊച്ചു ജെന്നിക്ക് ഫ്രെഡ്ഡിയെ നന്നായി അറിയാമായിരുന്നെന്ന് പുസ്തകം പറയുന്നു. അച്ഛന്റെ വിശാലമായ നെറ്റിയും വളഞ്ഞ പുരികവും ഉയർന്നു നിൽക്കുന്ന മൂക്കും ശരീര പ്രകൃതവും ഒപ്പിയെടുത്തിട്ടുള്ള ഫ്രെഡ്ഡിയെ മറ്റൊരു മകൾ ലോറയും തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഫ്രെഡ്ഡി അമ്മയുമായി ഇടയ്ക്കെല്ലാം ബന്ധപ്പെട്ടിരുന്നു. മാർക്സിനു ശേഷം എംഗൽസിനോടൊപ്പം ജീവിക്കുകയായിരുന്നു അവർ. മാർക്സിന്റെ കൃതികളുടെ റോയൽറ്റി മക്കൾക്ക് ലഭിച്ചു കൊണ്ടിരുന്നു. പക്ഷേ, ഫ്രെഡ്ഡിക്ക് ഒന്നും ലഭിച്ചില്ലെന്നും ലൗ ആൻഡ് കാപ്പിറ്റൽ എന്ന പുസ്തകം ചൂണ്ടിക്കാട്ടുന്നു. ഏംഗൽസിൽനിന്നും ഒന്നും കിട്ടിയില്ല.

ഒളിവു കാലത്ത് സ്റ്റാലിനുണ്ടായത് ഇരട്ടക്കുട്ടികൾ

സോവിയറ്റ് റഷ്യയെ വിറപ്പിച്ച കമ്യൂണിസ്റ്റ് നേതാവ് സ്റ്റാലിൻ ശരിക്കും ഒരു ലൈംഗിക സൈക്കോ ആയിരുന്നു. ആദ്യഭാര്യ കാറ്റോയ്ക്ക് ശേഷം സ്റ്റാലിന് ആരെയും സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ജീവചരിത്രകാരന്മ്മാർ ചൂണ്ടിക്കാട്ടുന്നത്. 1906ലാണ് അവർ വിവാഹിതരാവുന്നത്. അതേ വർഷം തന്നെ കാറ്റോ സ്റ്റാലിന് ഒരു ആൺകുഞ്ഞിനെ നൽകി. അവർ അവനെ യാക്കോവ് എന്നു വിളിച്ചു. എന്നാൽ അടുത്തവർഷം ക്ഷയരോഗത്തിന്റെ രൂപത്തിൽ അകാലമരണം കാറ്റോയെ തേടിയെത്തി. ആ മരണം സ്റ്റാലിനെ ഏറെ ഉലച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഭാര്യയെ അടക്കുന്ന ചടങ്ങിനിടെ ആ കുഴിയിലേക്ക് വികാരവിക്ഷുബ്ധനായി ഒപ്പം ചാടി സ്റ്റാലിൻ എന്നുവരെ ദൃക്‌സാക്ഷി വിവരണങ്ങളുണ്ട്.

കാറ്റോയുടെ വിയോഗത്തിന് ശേഷം, നാട്ടിൽ നിന്നുണ്ടായ രാഷ്ട്രീയമായ ഭീഷണികൾ കാരണം അഞ്ചു തവണ സ്റ്റാലിൻ സൈബീരിയൻ മരുഭൂമിയിലേക്ക് ഒളിവിൽ കഴിയാൻ വേണ്ടി പോയിട്ടുണ്ട്. ഒളിവിൽ പാർക്കാൻ പാർട്ടി സംഘടിപ്പിച്ചു നൽകിയ വീടുകളിലെ യുവതികളുമായി രണ്ടു പ്രാവശ്യമെങ്കിലും സ്റ്റാലിന് ശാരീരിക ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് റഷ്യ ബിയോണ്ട് എന്ന റഷ്യൻ വെബ്‌സൈറ്റ് പറയുന്നുണ്ട്.

സ്റ്റാലിന്റെ ഒളിവിലെ ആദ്യത്തെ പ്രണയത്തിന്റെ പേര് മരിയാ കുസാക്കോവ എന്നായിരുന്നു. നാലുമക്കളുള്ള ഒരു വിധവയായിരുന്നു അവർ. 1911 ൽ അവർ തന്റെ വീട്ടിലെ ഒരു മുറി വാടകയ്ക്ക് കഴിയാൻ സ്റ്റാലിന് നല്കിയതായിരുന്നു. ഒളിവുകാലം പുരോഗമിക്കുന്നതിനിടെ അവർ സ്റ്റാലിനിൽ നിന്ന് ഗർഭം ധരിച്ചു. എന്നാൽ അതിനടുത്ത വർഷം, അതായത് 1912 ൽ സ്റ്റാലിന് പാർട്ടിയിൽ നിന്ന് അടുത്ത സ്ഥലത്തേക്ക് പാർട്ടിയുടെ ബ്രാഞ്ചുതുടങ്ങാനും വിപ്ലവം നയിക്കാനുമുള്ള നിർദ്ദേശം കിട്ടുന്നു. അത് സൈബീരിയയിൽ നിന്ന് ഏറെ ദൂരെയായിരുന്നു. രായ്ക്കുരാമാനം സ്ഥലംവിടേണ്ടി വന്നതുകൊണ്ട്, മരിയയിൽ തനിക്കുപിറന്ന മകനെ, കോസ്ത്യയെ ഒരുനോക്ക് കാണാൻ പോലും സ്റ്റാലിൻ മിനക്കെട്ടില്ല.

സ്റ്റാലിന്റെ അടുത്ത പ്രണയം, അടുത്ത സൈബീരിയൻ ഒളിവുകാലത്ത്, 1914 -ൽ ലിഡ പെരെപ്രിഗിനയുമായിട്ടായിരുന്നു. അപ്പോഴേക്കും സ്റ്റാലിന് 37 പിന്നിട്ടിരുന്നു. ഇത്തവണ പ്രണയത്തിലായ കർഷക കുടുംബത്തിലെ പെൺകുട്ടിക്ക് പ്രായം വെറും പതിനാലുമാത്രമായിപ്പോയി. അതും ഇതുപോലെ വാടകയ്ക്ക് കഴിഞ്ഞ ഒരു വീട്ടിലെ പെൺകുട്ടിയായിരുന്നു. അവർ തമ്മിൽ രണ്ടു വർഷത്തോളം തുടർന്ന പ്രണയം രണ്ടു പ്രസവങ്ങളിൽ കലാശിച്ചു. ആദ്യത്തെ കുഞ്ഞ് പിറന്നു വീണ് അധികനാൾ കഴിയും മുമ്പേ ജ്വരബാധയാൽ മരിച്ചു പോയി. രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത് 1917 ഏപ്രിലിൽ ആണ്. ആ കുഞ്ഞിനെ അലക്‌സാണ്ടർ എന്നുപേരിട്ടു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഴപ്പിച്ചു എന്നും പറഞ്ഞ് ആ ഗ്രാമത്തിലെ ചിലർ ചേർന്ന് അന്ന് സ്റ്റാലിനെ തടഞ്ഞു വെക്കുന്നുണ്ട്. ആ ജനക്കൂട്ടത്തിന്റെ മുന്നിൽ വെച്ച് താൻ 'ലിഡയെ വിവാഹം കഴിച്ചുകൊള്ളാം' എന്ന് വാക്കുനല്കിയാണ് അന്ന് സ്റ്റാലിൻ തടി കഴിച്ചിലാക്കുന്നത്. എന്നാൽ, അവിടത്തെ തന്റെ ഒളിവുജീവിതം മതിയാക്കാൻ പാർട്ടി പറഞ്ഞ അന്ന് ഒരാളോടും ഒരക്ഷരം മിണ്ടാതെ സ്റ്റാലിൻ അവിടെ നിന്ന് കടന്നുകളഞ്ഞു.

ഒളിവിൽ സ്റ്റാലിന്റെ തൃഷ്ണകൾ ശമിപ്പിച്ച, അദ്ദേഹത്തിൽ നിന്ന് ഗർഭം ധരിച്ച ഈ രണ്ടു സ്ത്രീകളും പിന്നീട് തങ്ങളെ സ്വീകരിക്കണം എന്നുകാട്ടി സ്റ്റാലിന് കത്തെഴുതിയിരുന്നു എങ്കിലും അദ്ദേഹം ആ കത്തുകൾക്കൊന്നും മറുപടി അയച്ചതേയില്ല. പിന്നീട്, സ്റ്റാലിന്റെ അധികാരം ശക്തമായ 1930കളിൽ തങ്ങളുടെ മക്കളുടെ പിതൃത്വം രഹസ്യമായി സൂക്ഷിച്ചുകൊള്ളാം എന്ന രഹസ്യമായ ഉടമ്പടിയിൽ ഇരുവരെയും കൊണ്ട് നിർബന്ധിച്ച് ഒപ്പിടീക്കുകയാണ് സ്റ്റാലിൻ ചെയ്തത്.

നർത്തകികളോട് ഒടുങ്ങാത്ത കമ്പം

സ്റ്റാലിന്റെ രണ്ടാമത്തെ ഔദ്യോഗിക ഭാര്യയാണ് നാദെഷ്ദ. അവരുമായുള്ള സ്റ്റാലിന്റെ വൈവാഹിക ബന്ധം ഒരു വ്യാഴവട്ടക്കാലം നീണ്ടുനിന്നു. അതിനിടയിലാണ് സ്റ്റാലിൻ നാദിയ എന്ന പതിനാറുകാരിയെ പ്രണയിക്കുന്നത്. ഇത് വിവാഹത്തിൽ എത്തി. നാദെഷ്ദ അല്ലിലുയേവക്ക് സ്റ്റാലിനോടുണ്ടായിരുന്ന തീവ്രപ്രണയം പന്ത്രണ്ടു കൊല്ലങ്ങൾക്കപ്പുറം അവസാനിച്ചത് അവരുടെ ആത്മാഹുതിയിലാണ്. 1931 ൽ, തന്റെ വാൾതർ പിസ്റ്റൾ കൊണ്ട് സ്വന്തം നെഞ്ചിലേക്ക് വെടിയുതിർത്തു മരിച്ചുകിടക്കുന്ന നിലയിൽ വീട്ടിലെ പരിചാരകനാണ് നാദെഷ്ദയെ കണ്ടെത്തുന്നത്.

നാദെഷ്ദയെ തുടർച്ചയായി പത്തു തവണ ഗർഭം അലസിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട് സ്റ്റാലിൻ. ഭർത്താവിന്റെ പരുക്കൻ പെരുമാറ്റം താങ്ങാനാവാതെ ആത്മാഹുതി തിരഞ്ഞെടുത്തതാണ് നാദെഷ്ദ എന്ന് ഒരു വാദമുണ്ട്. നാദെഷ്ദയുടെ അമ്മ ഓൾഗയുമായി തനിക്ക് മുൻകാലബന്ധമുണ്ടായിരുന്നു എന്ന് സ്റ്റാലിൻ ഒരു വഴക്കിനിടെ സൂചിപ്പിച്ചതും, താൻ ഒരു പക്ഷേ സ്റ്റാലിന്റെ മകൾ തന്നെ ആയിരിക്കാൻ സാധ്യതയുണ്ട് എന്നുള്ള ആത്മസംഘർഷവുമാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് റഷ്യൻ ജേർണലിസ്റ്റ് ആയ ഓൾഗ കുഷ്‌കിന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരെ സ്റ്റാലിൻ കൊന്നതാണെന്ന മറ്റൊരു കഥയുമുണ്ട്.

അരങ്ങിൽ നൃത്തം ചെയ്തിരുന്ന ബാലെറിനകളോട് സ്റ്റാലിന് അടങ്ങാത്ത ആകർഷണം ഉണ്ടായിരുന്നു എന്ന് മരിയ സ്വാനിസ്ഡേ തന്റെ ഡയറിക്കുറിപ്പുകളിൽ പറയുന്നുണ്ട്. ബാലെറിനകളിൽ സ്റ്റാലിന്റെ പ്രേമഭാജനം ഓൾഗ ലെപ്പെൻഷിൻസ്‌കായ ആയിരുന്നു. തനിക്ക് സ്റ്റാലിനുമായി പ്രേമബന്ധമുണ്ടായിരുന്നു എന്ന് ഓൾഗ ഒരിക്കൽപ്പോലും തുറന്ന് സമ്മതിച്ചിരുന്നില്ല. എന്നാൽ, സ്റ്റാലിൻ ബോൾഷോയി തിയേറ്റർ സന്ദർശിച്ചിരുന്നത് എന്നും ഓൾഗയുടെ പ്രകടനങ്ങളിൽ മതിമറന്നിരിക്കാൻ വേണ്ടിയായിരുന്നു. ഈ പ്രണയബന്ധം ഒരു നിഗൂഢതയായിട്ടാണ് അവസാനം വരെ തുടർന്നത്.

മറ്റൊരു സുപ്രസിദ്ധ റഷ്യൻ ബാലെറിനയായ വേര ദാവീദോവ 'സ്റ്റാലിന്റെ കാമുകിയുടെ കുറ്റസമ്മതങ്ങൾ' എന്ന തന്റെ ആത്മകഥയിൽ സ്റ്റാലിനുമായുള്ള തന്റെ പത്തൊമ്പതുവർഷം നീണ്ടുനിന്ന ശാരീരിക ബന്ധത്തിന്റെ കഥകൾ തുറന്നെഴുതിയിട്ടുണ്ട്. അവർ തമ്മിലെ ആദ്യ രതിസംഗമം തന്നെ ഏറെ നിഗൂഢമായ ഒരു കഥയാണ്. ക്രെംലിനിൽ വെച്ച് നടന്ന ഒരു വിരുന്നിനിടെ, അന്ന് വിവാഹിതയായിരുന്ന വേര ദാവീദോവക്ക് ഒരു കുറിപ്പ് കിട്ടുന്നു. 'സ്റ്റാലിൻ കൊണ്ടുചെല്ലാൻ ആളയച്ചിരിക്കുന്നു, ഡ്രൈവർ പുറത്ത് കാത്തുനിൽപ്പുണ്ട്'. ആ വാഹനത്തിൽ ഒരു രഹസ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം അവിടെ നിന്ന് നേരെ സ്റ്റാലിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു ദാവീദോവയെ. സ്റ്റാലിന്റെ അവസാന കാലത്ത് അദ്ദേഹത്തിന്റെ മാളികയിൽ പരിചാരികയായി നിയുക്തയായ മധ്യവയസ്‌കയായിരുന്നു വാലിയ ഇസ്തോമിന. അക്കാലത്ത് അങ്ങനെ നിയോഗിക്കപ്പെടുന്ന പരിചാരികമാരുടെ കർത്തവ്യങ്ങളിൽ ഒന്ന് യജമാനന്മാരുടെ മൃഗതൃഷ്ണകളുടെ ശമനവും കൂടി ആയിരുന്നു.

കുളിക്കാതെ ബന്ധപ്പെട്ട് ചർമ്മരോഗം പടർത്തിയ മാവോ

അതുപോലെ ചൈനയുടെ കമ്യൂണിസ്റ്റ് നേതാവ് മാവോ സെതൂങ്ങിന്റെ സ്വകാര്യ ഡോക്ടറായ ലി സിസുയി ഓർമ്മക്കുറിപ്പുകൾ വായിച്ചാൽ മനസ്സിലാവുക, കേരളത്തിൽ പാടിപുകഴ്‌ത്തപ്പെട്ട ആ മഹാൻ തികഞ്ഞ ഒരു സ്ത്രീലമ്പടനും ക്രൂരനുമാണെന്നാണ്.

തൊഴിലാളികളുടെ നേതാവായി അവകാശപ്പെടുമ്പോഴും മാവോ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ചൈനീസ് സാമ്രാജ്യാധിപന്മാർ താമസിച്ചിരുന്ന കൊട്ടാരത്തിനടുത്തുള്ള ഒരു സ്ഥലത്ത് തനിക്കു താമസിക്കാനായി ഒരു വീട് പണിയുവാൻ മാവോ ആവശ്യപ്പെട്ടു. വീടിനോടു ചേർന്ന് ഒരു നീന്തൽകുളവും മറ്റു കെട്ടിടങ്ങളും നിർമ്മിക്കാനായും മാവോ ഉത്തരവിട്ടു. മാവോയുടെ തന്റെ പ്രധാന ജോലികളെല്ലാം ചെയ്തിരുന്നത് ഒന്നുകിൽ കിടപ്പുമുറിയിലോ അല്ലെങ്കിൽ നീന്തൽകുളത്തിനരികിൽ വെച്ചോ ആണ്. അത്യാവശ്യം വേണ്ട അവസരങ്ങളില്ലല്ലാതെ ഔദ്യോഗിക വസ്ത്രം ധരിക്കാൻ മാവോ ഇഷ്ടപ്പെട്ടിരുന്നില്ല. നാലുവിവാഹം കഴിച്ചിരുന്ന മാവോക്ക് എണ്ണമറ്റ ലൈംഗിക പങ്കാളികളും ഉണ്ടായിരുന്നു. തികഞ്ഞ മദ്യപാനിയും പുകവലിക്കാരനുമായിരുന്നു അദ്ദേഹം. മരണകാരണമായ ഹൃദയാഘാതം ഉണ്ടായതുവരെ ഈ ദുശ്ശീലം കൊണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മാവോക്ക് ഇഷട്പ്പെട്ട പെണ്ണിനെ എത്തിക്കാൻ ഒരു രഹസ്യപ്പൊലീസ് സംഘം തന്നെ ഉണ്ടായിരുന്നു.

മവോയുടെ സൈക്കോ രീതികളെകുറിച്ച് ഡോ ലി സുസുയി ഇങ്ങനെ എഴുതുന്നു: 'മാവോ കൂടുതൽ സമയവും കിടക്കയിലോ സ്വകാര്യ നീന്തൽക്കുളത്തിലോ വിശ്രമിക്കും. കൊഴുപ്പുള്ള ഭക്ഷണം കഴിച്ചു, ചായകൊണ്ട് വായ കഴുകി, സ്ത്രീകളുമായി ബന്ധപ്പെടും. മാവോ തുണി കൊണ്ട് നിർമ്മിച്ച ഷൂസ് ധരിക്കാൻ ഇഷ്ടപ്പെടുന്നു. നയതന്ത്ര മര്യാദകൾ കാരണം ലെതർ ഷൂ ധരിക്കാൻ നിർബന്ധിതനാകുകയാണെങ്കിൽ, ചെരിപ്പുകൾ ആദ്യം ഇടാൻ അദ്ദേഹം ആളുകളോട് നിർദ്ദേശിക്കുന്നു. കുളിക്കാതിരിക്കുകയും ചൂടുള്ള തൂവാലകൊണ്ട് ശരീരം തുടക്കയുമായിരുന്നു മാവോയുടെ രീതി. ഇത് മാവോയുടെ കാമുകിമാർക്കിടയിൽ ട്രൈക്കോമോണിയാസിസ് എന്ന ചർമ്മ രോഗം പടർത്തി. ഇത് തടയാൻ എനിക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു'.

മറ്റ് കമ്യൂണിസ്റ്റ് നേതാക്കളുടെയും അവസ്ഥ ഏതാണ്ട് സമാനമായിരുന്നു. വന്യമായ ലൈംഗികാഭിവാഞ്ചയുള്ള ഫിഡൽ കാസ്ട്രോക്ക വേണ്ടി, ക്യൂബയിലെ ഹവാന ബീച്ചിൽ നിന്ന് ഇതിനായി സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ സംവിധാനങ്ങളുണ്ടായിരുന്നുവത്രേ. അർജന്റീനയിലായിരുന്ന ചെറുപ്പകാലം മുതൽ നിരവധി പ്രണയങ്ങളിലും ലൈംഗികബന്ധങ്ങളിലും പെട്ടയാളാണ് ചെഗുവേര. പിന്നീട് ക്യൂബയിലും ബൊളീവിയയിൽ വച്ചും ഇത് തുടർന്നു. നമ്മുടെ കൊറിയയിലെ കിങ്ങ് ജോങ്ങിന്റെ കഥയൊന്നും പറയുകയും വേണ്ട. ഉത്തരകൊറിയ ഏകാധിപതി കിം ജോങ്ങ് ഉന്നിന്റെതും സമാമായ അവസ്ഥയായിരുന്നു. ഇന്നും വടക്കൻ കൊറിയയിൽ ഈ എകാധിപതിക്ക് പെണ്ണൊരുക്കിക്കൊടുക്കാൻ വലിയ സേനതന്നെയുണ്ട്.

കേരളത്തിൽ വിവാദമായ ഒളിവ് ജീവിതം

എന്നും സാമൂഹിക പരിഷ്‌ക്കരണത്തിനും മതേതരത്വത്തിനും വേണ്ടി നിലകൊള്ളുന്ന എഴുത്തുകാരനാണ് പോൾ സക്കറിയ. എന്നാൽ കുറച്ചുകാലം മുമ്പ് കമ്യൂണിസ്റ്റ് അണികളിൽ നിന്ന് അതിശക്തമായ ആക്രമണവും തെറിവിളിയും ഭീഷണിയുമെല്ലാം സക്കറിയക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കേരളത്തിന് ഇടത് സർക്കിളുകളുടെ അടഞ്ഞ സദാചാരവാദത്തെ ചോദ്യം ചെയ്യുകയും, കമ്യൂണിസ്റ്റ് നേതാക്കൾ പോലും അവരുടെ ഒളിവ് ജീവിത്തിൽ ലൈംഗിക ആസ്വദിച്ചിരുന്നുവെന്നുമുള്ള സക്കറിയുടെ ഒരു പ്രസംഗമാണ് വലിയ പ്രകോപനം ആയത്. അന്ന് ഒരു പുരോഗമനവാദിയുടെയും പിന്തുണ സക്കറിയക്ക് കിട്ടിയില്ല. കമ്യൂണിസ്റ്റ് നേതാവ് ടി.വി തോമസിന് ഒളിവിലെ ജീവിത്തിനിടയിൽ ഒരു കുട്ടിയുണ്ടായ കഥയൊക്കെ കേരളത്തിൽ പ്രചരിച്ചതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് 'ലാൽസലാം' എന്ന സിനിമയുണ്ടായത്. ടി.വി തോമസിന്റെ ഭാര്യയായ ഗൗരിയമ്മ നാളിതുവരെ ഇക്കാര്യങ്ങൾ നിഷേധിച്ചിട്ടില്ല.

സക്കറിയ അന്ന് ചർച്ചയാക്കിയ കമ്യൂണിസ്റ്റുകാരന്റെ ലൈംഗിക ബോധങ്ങൾ പിന്നെ അനുപമ- അജിത്ത് വിവാദത്തിന് ശേഷമാണ് കേരളത്തിൽ സജീവമാവുന്നത്. അനുപമക്ക് പിന്തുണ നൽകിക്കൊണ്ട് സാംസ്കാരിക പ്രവർത്തകൻ ഡോ ആസാദിന്റെ പോസ്റ്റും വലിയ വിവാദങ്ങൾക്ക് വഴി തെളിയിച്ചു.'' എ കെ.ജിക്ക് നാൽപ്പത്തിയെട്ടും സുശീലയ്ക്ക് ഇരുപത്തിമൂന്നും വയസ്സായിരുന്നു അവർ വിവാഹിതരാവുമ്പോൾ. ഇരുപത്തിയഞ്ചു വയസ്സിന്റെ ആ പ്രായ വ്യത്യാസത്തെ അന്നും ഇന്നും ആക്ഷേപിക്കുന്നവരുണ്ട്. അവർക്ക് എ.കെ.ജിയുടെയോ സുശീലയുടെയോ തീരുമാനത്തെയോ ഇച്ഛാശക്തിയെയോ രാഷ്ട്രീയ പ്രതിബദ്ധതയെയോ അൽപ്പംപോലും ഉലയ്ക്കാൻ കഴിഞ്ഞില്ല. തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് പറയാൻ എഴുപതു വർഷം മുമ്പ് അവർക്ക് ത്രാണിയുണ്ടായിരുന്നു.

പാർട്ടിയിൽ അന്ന് ഇങ്ങനെ വെട്ടുകിളി ശല്യം ഉണ്ടായിരുന്നില്ല. ഹീനപാപ്പരാസി വേട്ടകൾ ഉണ്ടായിരുന്നില്ല. സുവിശേഷലൂക്കോസുമാർ അഴിഞ്ഞാടിയില്ല. ഉണ്ടെങ്കിലും എ കെ ഗോപാലനെ അത് അലട്ടുമായിരുന്നില്ല. എ കെ ജിയെ അറിയാൻ അദ്ദേഹത്തിന്റെ മണ്ണിനുവേണ്ടി എന്ന പുസ്തകംകൂടി വായിക്കണം.

വിവാഹത്തെപ്പറ്റിയാണല്ലോ പറഞ്ഞത്. എ കെ ജി ജനിച്ച അതേ വർഷം ജനിച്ച മറ്റൊരാളുണ്ട്. കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് തുടക്കം നൽകാൻ ഏറെ ക്ലേശിച്ച ഒരു എഴുത്തുകാരൻ. പി കേശവ ദേവ്. പേരിലെ പിള്ളയെ പിഴുതു മാറ്റി ദേവാക്കിയ ധീരൻ. അമ്പതു പിന്നിടുമ്പോഴാണ് ഒരു പെൺകുട്ടിയെ വിവാഹം ചെയ്തത്. ആ പ്രായവ്യത്യാസവും മഞ്ഞ പത്രങ്ങൾ ചർച്ച ചെയ്തു കാണും. കേശവദേവോ സീതാലക്ഷ്മിയോ കുലുങ്ങിയില്ല.എ കെ ജിക്കും കേശവദേവിനും ഉണ്ടായിരുന്നു മുൻ ഭാര്യമാർ. അവർ വിവാഹ മോചനം നടത്തിയതിന്റെ രേഖകളൊന്നും നാം കണ്ടിട്ടില്ല. അവർക്ക് എന്തെങ്കിലും എതിർപ്പുകൾ ഉണ്ടായിരുന്നുവോ എന്ന് നാം ആധിപ്പെട്ടിട്ടില്ല. അവരൊക്കെ സമരസപ്പെട്ടു മുന്നോട്ടുപോയി എന്നേ ആരും മനസ്സിലാക്കിയിട്ടുള്ളു. കേരളത്തിൽ അവർക്കൊക്കെ അവരുടെ കർമ്മപഥം ഉണ്ടായിരുന്നു. അതേ ശ്രദ്ധിക്കപ്പെട്ടുള്ളു.

എ കെ ജിയും കേശവദേവും മാത്രമല്ല അങ്ങനെ അനവധി പേർ. വിവാഹം രണ്ടു പേരുടെ ഇഷ്ടമോ തെരഞ്ഞെടുപ്പോ ആണ്. അതിൽ അച്ഛന്റെ പ്രായം മകളുടെ പ്രായം എന്നൊക്കെ അധിക്ഷേപിക്കാൻ ആർക്കാണ് അവകാശം? പങ്കാളികളുടെ പ്രായവ്യത്യാസത്തെ പറ്റിയുള്ള ചില അപക്വ പ്രതികരണങ്ങൾ കാണുമ്പോൾ കുറിച്ചു പോകുന്നതാണ്. പൊറുക്കണം.''- ഇങ്ങനെയാണ് ഡോ ആസാദ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതായത് വ്യക്തിപരമായ വിഷയങ്ങളിൽ ഒരു വ്യക്തിക്കും മറ്റൊരു വ്യക്തിയെ അധിക്ഷേപിക്കാനുള്ള യാതൊരു സദാചാരമഹിമയും ഇവിടെയില്ലെന്ന് ഈ അനുഭവങ്ങളിൽനിന്ന് വ്യക്തമാണ്. എന്നിട്ടും വിവാഹിതനെ പ്രണയിക്കാമോ എന്ന ചോദ്യമൊക്കെ എടുത്തിട്ട് വിവാദമുണ്ടാക്കുന്നവർ, ആദ്യം തങ്ങളുടെ നേതാക്കളുടെ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിക്കട്ടെ.

വാൽക്കഷ്ണം: മനുഷ്യൻ അടിസ്ഥാനപരമായി പോളിഗാമസ് ആണെന്ന വിലയിരുത്തൽ യുവാൽ നോഹ ഹരാരിയുടെ സാപ്പിയൻസ് ഉദ്ധരിച്ചുകൊണ്ട് 'കനകം കാമിന കലഹം' എന്ന ഈയിടെ ഇറങ്ങിയ ഒരു കൊമേർഷ്യൽ ചിത്രത്തിലെ മനാഫ് എന്ന കഥാപാത്രം പറയുന്നുണ്ട്. സാപ്പിയൻസ് വായിച്ചിട്ടില്ലെങ്കിലും അടിസ്ഥാന മനുഷ്യചോദകളെക്കുറിച്ചുള്ള ഒരു ധാരണയെങ്കിലും കമ്യൂണിസ്റ്റുകാർക്ക് നല്ലതാണ്. ഇല്ലെങ്കിൽ വരദരാജന്മ്മാരും അനുപമമാരും ഇനിയും അവർത്തിച്ച് കൊണ്ടിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP