Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആയിരം വർഷങ്ങൾക്ക് മുമ്പ് ലോകത്തെ ഏറ്റവും വലിയ നാവികസേന കെട്ടിപ്പടുത്തവർ; കാവേരിക്ക് കുറകെ ഡാം ഉണ്ടാക്കിയവർ; ആനകളുടെ കാലനായ കരികാലൻ തൊട്ട് ഗംഗസ്സമതലം കീഴടക്കിയ രാജേന്ദ്ര ചോളൻ വരെ; തഞ്ചാവുർ തൊട്ട് ഇന്തോനേഷ്യ വരെ പടർന്ന സാമ്രാജ്യം; പൊന്നിയൻ സെൽവനിൽ പറയുന്നത് ഒരു ചെറിയ ഭാഗം മാത്രം; ചോര തിളക്കുന്ന ചോള രാജവംശത്തിന്റെ കഥ!

ആയിരം വർഷങ്ങൾക്ക് മുമ്പ് ലോകത്തെ ഏറ്റവും വലിയ നാവികസേന കെട്ടിപ്പടുത്തവർ; കാവേരിക്ക് കുറകെ ഡാം ഉണ്ടാക്കിയവർ; ആനകളുടെ കാലനായ കരികാലൻ തൊട്ട് ഗംഗസ്സമതലം കീഴടക്കിയ രാജേന്ദ്ര ചോളൻ വരെ; തഞ്ചാവുർ തൊട്ട് ഇന്തോനേഷ്യ വരെ പടർന്ന സാമ്രാജ്യം; പൊന്നിയൻ സെൽവനിൽ പറയുന്നത് ഒരു ചെറിയ ഭാഗം മാത്രം; ചോര തിളക്കുന്ന ചോള രാജവംശത്തിന്റെ കഥ!

എം റിജു

യിരം വർങ്ങൾക്ക് മുമ്പ് കാവേരി നദിക്ക് കുറകെ ഒരു ഡാം ഉണ്ടാക്കാൻ കഴിവുള്ളവർ ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ എന്ന് പറഞ്ഞാൽ ഇന്ന് എത്രപേർ വിശ്വസിക്കും. സിമന്റും കമ്പിയും ഒന്നുമില്ലാത്ത അക്കാലത്ത്, സുർക്കിയും തദ്ദേശീയ വിഭവങ്ങളും കൊണ്ട്, പ്രാചീന ആർക്കിടെക്ചറിൽ നിർമ്മിച്ച ആ റിസർവോയർ ഇപ്പോഴും വർക്കിങ്ങ് കണ്ടീഷനിൽ ആണ്. തിരിച്ചിറപ്പള്ളിയിൽനിന്ന്15 കിലോമീറ്റർ അകെല കാവേരി നദിക്ക് കുറുകെ കല്ലണൈ എന്ന ഡാം ഒരു കാലത്തിന്റെ അഭിമാന നിർമ്മിതി കൂടിയാണ്. അത്രയും സാങ്കേതിക വിദ്യ ഉള്ളവർ ആയിരുന്നു ചോഴന്മാർ എന്ന് തമിഴകം വിളിക്കുന്ന ചോള രാജക്കാന്മാർ. അൽപ്പ സ്വൽപ്പം പുതുക്കിപ്പണിയലും ബലം ഉറപ്പിക്കലിനും ശേഷം ഇന്നും ആ ഡാം നിലനിൽക്കുന്നു. പൗരാണിക ദക്ഷിണ്യേന്ത്യയുടെ സാങ്കേതിക ശക്തി വിളിച്ചോതി!

ആ ഡാം പണിയാൻ നേതൃത്യം കൊടുത്ത രാജാവിന്റെ പേര് ഇന്ന് കേരളത്തിലെ സിനിമാ പ്രേമികൾക്കും അറിയാം. ആദ്യത്യ കരികാലൻ ചോളൻ. മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ പാർട്ട് വൺ എന്ന പിഎസ്-1ൽ വിക്രം അനശ്വരനാക്കിയ യുദ്ധ വീരൻ.

പക്ഷേ പൊന്നിയൻ സെൽവൻ സിനിമ പറയുന്നതിലും എത്രയോ അപ്പുറത്താണ് ചോള രാജവംശത്തിന്റെ പ്രതാപത്തിന്റെ കഥ. ഇന്ത്യയിൽ ഏറ്റവും കാലം നിലനിന്ന, ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഒരു രാജവംശത്തിന്റെ കഥയാണിത്. തഞ്ചാവൂരിൽനിന്ന് തുടങ്ങി മലബാർ തീരവും, ഒഡീഷയും, ബംഗാളുമൊക്കെ കീഴ്പ്പെടുത്തിയ വീരന്മാർ. ലോകത്തിലെ ഏറ്റവും ശക്തമായ നാവിക സേനയുണ്ടായിരുന്ന രാജവംശം. ബംഗാൾ ഉൾക്കെടലിനെ അവർ ചോള തടാകം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഗംഗസ്സമതലം കീഴടക്കിയതിന് ശേഷവും തീർന്നില്ല ചോളസാമ്രാജ്യത്തിന്റെ വികസനം. ലക്ഷദ്വീപ്, ശ്രീലങ്ക തൊട്ട് മലേഷയും ഇന്തോനേഷ്യയും വരെ അവർ കാൽച്ചുവട്ടിലാക്കി.

വെറുതെ സാമ്രാജ്യം വികസിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്നവർ ആയിരുന്നില്ല ചോള രാജവംശം. ജനക്ഷേമം അറിഞ്ഞ് പ്രവർത്തിച്ച് ഭരണാധികാരികൾ കൂടിയായിരുന്നു അവർ. കല, സാഹിത്യം, ആർക്കിടെക്ച്ചർ, വസ്ത്രനിർമ്മാണം, വാണിജ്യം, തുടങ്ങിയ വിവിധ മേഖലകളിലയി ദക്ഷിണേന്ത്യ തിളങ്ങിയ കാലം കൂടിയായിരുന്നു അത്. ഇന്ത്യയിൽ ശക്തരായ രാജാക്കന്മാർ ഇല്ലായിരുന്നുവെന്നും, നാം ശാസ്ത്ര- സാങ്കേതിക വിദ്യകളിൽ പാശ്ചാത്യരെ വെച്ചുനോക്കുമ്പോൾ ഏറെ പുറകിലും ആണെന്ന പൊതു ധാരണ ചോള രാജവംശത്തിന്റെ ചരിത്രത്തിലുടെ കടന്നുപോവുമ്പോൾ തെറ്റാണെന്ന് മനസ്സിലാവും. ശരിക്കും ചോര തിളക്കുന്ന ഒരു ചരിത്രം തന്നെയാണിത്!

ചരിത്രം തിരുത്തിയ നോവൽ

രാമായണവും മഹാഭാരതവും പോലെ ഒരു നോവൽ വായിക്കപ്പടുക. അതാണ് പൊന്നിയിൻ സെൽവൻ. കൽക്കി കൃഷ്ണമൂർത്തി തമിഴിൽ എഴുതിയ ഒരു ചരിത്ര നോവലാണിത്. 1950 ഒക്ടോബർ 29 മുതൽ 1954 മെയ് 16 വരെ തമിഴ് മാസികയായ കൽക്കിയുടെ പ്രതിവാര പതിപ്പുകളിൽ ഇത് ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു. കൃഷ്ണമൂർത്തിയുടെ തന്നെ ഉടമസ്ഥതയിലുള്ള മാസികയായിരുന്നു കൽക്കി. ആദ്യകാലത്ത് ഈ നോവൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും വൈകാതെ തമിഴ് മക്കൾക്കിടയിൽ തരംഗമായി. നോവൽ മാഗസിന്റെ സർക്കുലേഷൻ വർദ്ധിപ്പിച്ച് അക്കാലത്തെ റേക്കോർഡായ, 71,366 കോപ്പികളിലെത്തിച്ചു. തമിഴ് സാഹിത്യ ചരിത്രത്തിൽ ഇതുവരെ എഴുതപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ നോവലായി ഇത് കണക്കാക്കപ്പെട്ടു. എല്ലാ തലമുറകളിലുമുള്ള ആളുകൾക്കിടയിലും ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ ഈ നോവലിന് സാധിച്ചിട്ടുണ്ട്. പിന്നീട് 1955 ൽ അഞ്ച് വാല്യങ്ങളായി ഇത് പുസ്തകമായി പ്രസിദ്ധീകരിച്ചു. പിന്നീട് ഇത് രണ്ടു വാള്യങ്ങളായി പുനപ്രസിദ്ധീകരണം നടത്തി.

ഏകദേശം 2,210 പേജുകളുള്ള ഈ നോവലിൽ ചോള രാജകുമാരൻ അരുൾമൊഴി വർമ്മന്റെ ആദ്യകാല കഥ പറയുന്നു. ഏകദേശം 3 വർഷവും 6 മാസവും കൊണ്ടാണ് കൽക്കി കൃഷ്ണമൂർത്തി ഈ നോവൽ പൂർത്തിയാക്കിയത്. വിശദാംശങ്ങൾ ശേഖരിക്കാൻ കൃഷ്ണമൂർത്തി മൂന്ന് തവണ ശ്രീലങ്ക സന്ദർശിച്ചു. പക്ഷേ ഒരു കാര്യത്തിൽ നാം കൽക്കി കൃഷണമൂർത്തിയെ സമ്മതിക്കണം. കുറേ ഭാഗം ഭാവന ഉണ്ടെങ്കിലും ഒരു ചരിത്ര ആഖ്യായിക എന്ന നിലയിൽ അദ്ദേഹം ഏറെക്കുറെ നീതി പുലർത്തുന്നുണ്ട്. ഈ നോവലിലെ കാഥാപാത്രങ്ങൾക്ക് 75 ശതമാനം ഹിസ്റ്റോറിക്ക് ആക്വറസി അവകാശപ്പെടാൻ കഴിയുമെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. സംഘം കൃതികളും ചരിത്രവും അടക്കം ശരിക്കും പഠിച്ചാണ് അദ്ദേഹം നോവൽ എഴുതിയത്.

പൊന്നിയൻ സെൽവൻ നോവൽ സത്യത്തിൽ ചോള രാജവംശത്തിന്റെ പരാക്രമത്തിന്റെ കഥയിലേക്ക് അധികം പോകുന്നില്ല. രാജ രാജ ചോഴൻ എന്ന പേരിൽ പ്രശ്സ്തനായ, നാട്ടുകാർ സ്നേഹത്തോടെ പൊന്നിയിൻ സെൽവൻ എന്ന് വിളിക്കുന്ന ചോള രാജവംശത്തിലെ ഏറ്റവും ശക്തനായ രാജാവിന്റെ മാത്രം കഥയല്ല ഇത്. ഒരു കാലഘട്ടത്തിന്റെ കഥ പറയുകയാണ്. കൽക്കിയുടെ നോവൽ അവസാനിക്കുമ്പോൾ പൊന്നിയിൻ സെൽവൻ രാജാവ് ആയിട്ടില്ല. അതിനുശേഷമാണെല്ലോ, ചോള സാമ്രാജ്യത്തിന്റെ സുവർണ്ണ കാലം ആരംഭിക്കുന്നു. പൊന്നിയിൻ സെൽവൻ എന്ന രാജരാജ ചോളനേക്കാൾ വീരൻ ആയിരുന്നു, ഗംഗസ്സമാതലം ആക്രമിച്ച് കീഴടക്കി, ഗംഗൈ കൊണ്ട ചോളൻ എന്ന് പേരു നേടിയ മകൻ രാജേന്ദ്ര ചോളൻ. പക്ഷേ കൽക്കിയുടെ കഥ അതിലേക്ക് ഒന്നും കടക്കുന്നില്ല. അതുകൊണ്ടുതന്നെ ചോള രാജവംശത്തിന്റെ ചരിത്രത്തിലേക്കുള്ള ഒരു റഫറൻസായി ഈ പുസ്തകത്തെ കാണാൻ കഴിയില്ല. ചോളന്മാരുടെ തീ പാറുന്ന ചരിത്രത്തിലേക്കുള്ള ഒരു പ്രവേശന കവാടം എന്ന നിലക്കേ ഇതിനേ കാണാൻ കഴിയൂ.

ആരാണ് ചോളന്മാർ

ലോകത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച രാജവംശങ്ങളിൽ ഒന്നാണ് ചോഴ വംശം എന്ന തമിഴിൽ അറിയപ്പെടുന്ന ചോള രാജവംശം. ബി സി മൂന്നാംനുറ്റാണ്ടുമുതൽ ഇവരെ കുറിച്ച് രേഖകൾ ഉണ്ട്. എങ്കിലും ചോളരുടെ പ്രതാപകാലം, 9ാം നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതൽ 13ാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലമാണ്. കാവേരി നദിയുടെ തീരത്തുണ്ടായിരുന്നു ഒരു ഫ്യൂഡൽ കുടുംബത്തിൽനിന്നാണ് ചോള രാജവംശത്തിന്റെ തുടക്കം എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. പക്ഷേ കൃത്യമായി പറയാനുള്ള ചരിത്ര രേഖകൾ ഇല്ല. ബി സി 3ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട അശോകചക്രവർത്തിയൂടെ ചില ശിലാലിഖിതങ്ങളിൽ തമിഴകത്തെ മൂന്ന് പ്രധാനപ്പെട്ട രാജവംശങ്ങളെക്കുറിച്ചും അതിൽ ഒന്നായ ചോള രാജവംശത്തെക്കുറിച്ചും പറയുന്നുണ്ട്. ചോള രാജവംശം അശോക ചക്രവർത്തിയുമായി നല്ല ബന്ധം പുലർത്തിപ്പോകുന്ന ഒരു സ്വതന്ത്രരാജ്യമാണെന്നാണ് പറയുന്നത്.

ഗ്രീക്ക് റോമൻ ഒറിജിനായ പെരിപ്ലസ് ഓഫ് എറിത്രിയൻ സീയിലും ടോളമിയുടെ രേഖകളിലും, ശ്രീലങ്കയിൽനിന്ന് കിട്ടിയ ബുദ്ധിസ്റ്റ് ടെക്സ്റ്റ് ആയ മഹാവംശിയിലുമൊക്കെ ചോളന്മാരെക്കുറിച്ച് പറയുന്നുണ്ട്. പക്ഷേ ഇതിനെല്ലാം ഉപരിയായി അവരിൽ ഏറ്റവും പ്രധാനപ്പെട്ടത് സംഘം കൃതികൾ തന്നെയാണ്. ഇത് റഫർ ചെയ്തുകൊണ്ടാണ് കൽക്കി കൃഷ്ണമുർത്തി നോവൽ എഴുതിയതും.

ബിസി മൂന്നാം നൂറ്റാണ്ട് തൊട്ട് ചേളാർ ഉണ്ടെങ്കിലും സിഇ എട്ടാം നൂറ്റാണ്ടുവരെ അവരെ അധികം കേൾക്കുന്നില്ല. പല്ലവന്മാർക്ക് കീഴിൽ സാമന്തർ ആയാണ് ഇവർ കഴിഞ്ഞതെന്നാണ് പഠനങ്ങൾ. പക്ഷേ 9ാം നുറ്റാണ്ട് മുതൽ ചോളർ കരുത്തരായി. സി ഇ 870ൽ അധികാരത്തിൽവന്ന വിജയാലയ ചോളനാണ്, യുദ്ധങ്ങൾക്കും രാജ്യവികസനത്തിനും തുടക്കമിട്ടത്. പല്ലവരുടെ തലസ്ഥാനമായ തഞ്ചാവൂർ ചോളന്മാർ പിടിച്ചെടുത്തു. പിന്നെ പാണ്ഡ്യന്മാരെയും തോൽപ്പിച്ചു. രാഷ്ട്രകൂടന്മാരുയെും തകർത്തു. പിന്നീട് പരാന്തക ചോളൻ എന്ന് വിളിക്കുന്ന പരാക്രമിയായ ഒരു രാജാവിന്റെ കാലം ആയിരുന്നു. പാണ്ഡ്യർ തോൽപ്പിച്ച് മധുര പിടിച്ചെടുത്തതോടെ പരാന്തക ചോളൻ മധുരെ കൊണ്ട പരാന്തകൻ എന്ന പേരിൽ അറിയപ്പെട്ടു. ഈ പരാന്തക ചോളന്റെ കഥയോടെയയാണ് പൊന്നിയൻ സെൽവൻ സിനിമയും തുടങ്ങുന്നത്.

ആനയെ അടിച്ചുകൊല്ലുന്ന കരികാലൻ

ചോളന്മാരിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്നു ആദ്യത്യ കരികാല ചോളൻ എന്ന പരാന്തക ചോളന്റെ മുത്തമകൻ. സിനിമയിൽ വിക്രം അവതരിപ്പിച്ച കഥാപാത്രം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ യുദ്ധ വീരൻ ആയിട്ടാണ് കരികാലൻ അറിയപ്പെടുന്നത്. ആനയുടെ കാലൻ എന്ന അർഥത്തിലാണ് കരികാലൻ എന്ന പേര് വന്നത്. ആനയുടെ മസ്തകത്തിൽ ഗദകൊണ്ട് അടിച്ചുകൊല്ലുക, കരികാലന്റെ ഹോബിയായിരുന്നത്രേ. യുവാവായിരുന്ന കാലത്ത് സംഭവിച്ച ഒരു അപകടത്തിൽ അദ്ദേഹത്തിനെ കാല് കരിഞ്ഞുപോകാനിടയായി. അതിൽ നിന്നാണ് കരികാലൻ എന്ന പേരു സിദ്ധിച്ചത് എന്നു ചിലർ എഴുതിയിട്ടുണ്ട്.

എന്നാലും അതി പരാക്രമിയായ ഒരു യുദ്ധ വീരൻ ആണ് കരികാലൻ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്ക് തർക്കമില്ല. കരികാലന്റെ പേര് കേട്ടാൽ തന്നെ ശത്രുക്കൾ വിറക്കും എന്നാണ് സംഘ സാഹിത്യത്തിൽ എഴുതിയിരിക്കുന്നത്. തഞ്ചാവൂരിനടുത്ത് വെണ്ണിയിൽ വച്ച് ചേര പാണ്ഡ്യ രാജാക്കന്മാരെ തോൽപ്പിച്ച യുദ്ധമാണ് കരികാലനെ പ്രശ്തനാക്കിയത്. പാണ്ഡ്യരാജാവിന്റെ തലയറുത്താണ് കരികാലൻ യുദ്ധം അവസാനിപ്പിച്ചത്. രാഷ്ട്രകൂടന്മാരയെും അതുപോലെ അദ്ദേഹം കശക്കിയെറിഞ്ഞു. എഡി 150ൽ കാവേരി നദിക്ക് കുറകെ റിസർവോയർ ഉണ്ടാക്കിയത കാരികാലൻ ആണെന്ന് കരുതപ്പെടുന്നു. കല്ലണൈഡാം എന്ന ആ റിസർവോയർ ഈ 21ാം നുറ്റാണ്ടിലും വർക്കിങ്ങ് കണ്ടീഷനിലാണ്. ചോളകാലഘട്ടത്തിൽ ദക്ഷിണ്യേന്ത്യയിലെ നിർമ്മാണ രീതി എത്ര പുരോഗമിച്ചിരുന്നുവെന്ന് നോക്കണം.

വെട്ടൊന്ന് മുറി രണ്ട് എന്ന ശൈലിയുള്ളതിനാലും, യുദ്ധത്തിന്റെ നിറം പിടിപ്പിച്ച കഥകൾ ഉള്ളതിനാലും കരികാലനെ ജനത്തിന് ഭയം ആയിരുന്നു. കരികാലന്റെ ഇളയ സഹോരനായ പൊന്നിയൻ സെൽവൻ എന്ന അരുമൊഴി വർമ്മനോടായിരുന്നു ജനത്തിന് സ്നേഹം മുഴുവൻ. അരുൾമൊഴി വർമ്മൻ എന്ന വാക്കിന്റെ അർഥം തന്നെ മൃദുമായി സംസാരിക്കുന്ന ആൾ.

ഈ പശ്ചാത്തലത്തിലാണ് പൊന്നിയൻ സെൽവൻ നോവലും സിനിമയും തുടങ്ങുന്നത്. നിയമപ്രകാരം പരാന്തക സുന്ദര ചോളന്റെ മൂത്തമകനായ കരികാലൻ തന്നെയാണ് അടുത്ത രാജാവ് ആവേണ്ടത്. പക്ഷേ യുദ്ധവീരനും താൻ പ്രമാണിയുമായ കരികാലൻ രാജാവാൽ പിന്നെ തങ്ങളുടെ കട്ടയും പടവും മടക്കുമെന്ന് അന്നാട്ടിലെ പ്രഭുക്കന്മാരും സമാന്ത രാജക്കന്മാരും ഭയന്നു. ഇവരും സ്വന്തമായി സൈന്യം ഉള്ളവർ ആണ്. അവർ യോഗം ചേർന്ന് ആദിദ്യ കരികാലന്റെ അമ്മാവനെ ( സിനിമയിൽ റഹ്മാൻ) അടുത്ത രാജാവ് ആക്കാനുള്ള നീക്കങ്ങൾ തുടക്കുന്നു. ഈ സമയത്ത് പൊന്നിയിൻ സെൽവൻ ( ചിത്രത്തിൽ ജയം രവി) ലങ്കയിൽ പോരാടുകയാണ്. പക്ഷേ ഈ നീക്കങ്ങൾ അവരുടെ സഹോദരി കുന്ദള ദേവി ( സിനിമയിൽ തൃഷ) മണത്തറിയുന്നു. കരികാലനും എതിരാളികളുടെ നീക്കങ്ങൾ അറിയാൻ തന്റെ സുഹൃത്തിനെ ചാരനാക്കി വിടുന്നുണ്ട്. ( ചിത്രത്തിൽ മുഴുനീളമുള്ള കാർത്തിയുടെ കഥാപാത്രം) ഇങ്ങനെയാണ് നോവലും കഥയും മുന്നോട്ട് പോകുന്നത്.

പൊന്നിയിൽനിന്ന് രാജരാജ ചോളനിലേക്ക്

ചെറിയ ക്ലാസുകളിൽ ചോള ചരിത്രം പഠിക്കുന്നിടത്ത് നാം രണ്ട് ചോളന്മാരെ കേട്ടത് ഓർമ്മയുണ്ടാവും. രാജരാജ ചോളനും രാജേന്ദ്രചോളനും. സിനിമയിൽ ഇവർ എവിടെപ്പോയി എന്ന് അമ്പരക്കേണ്ട. അരുൾമൊഴി വർമ്മൻ എന്ന പൊന്നിയിൻ സെൽവൻ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തി തന്നെയാണ് രാജരാജ ചോളൻ എന്ന ഇന്ത്യയിലെ ഏറ്റവും ശക്തനായ രാജാവായി മാറുന്നത്. എന്നാൽ ഈ ഭാഗത്തേക്ക് നോവൽ കടക്കുന്നില്ല, സ്വാഭാവികമായി സിനിമയും.

ഇനി അരുൾമൊഴി വർമ്മന് എങ്ങനെയാണ് പൊന്നിയൻ സെൽവൻ എന്ന പേര് ലഭിച്ചത് എന്ന് ചിത്രം പറയുന്നുണ്ട്. തമിഴ്‌നാടിന്റെ ജീവനാഡിയാണ് കാവേരി നദി. അരുൾമൊഴി വർമ്മൻ പിഞ്ചുകുട്ടിയായിരക്കുമ്പോൾ, കുടുംബം കാവേരി നദിയിലുടെ ഒരു ഉല്ലാസ യാത്രപോകുന്നു. അതിനിടെ കുഞ്ഞ് എങ്ങനെയോ കാവേരി നദിയിൽ വീഴുന്നു. എല്ലാവരും കുട്ടി മരിച്ചെന്ന് കരുതിയപ്പോളാണ്, ഒരു വൃദ്ധയായ സ്ത്രീ അവനെ രക്ഷിച്ച് തിരിച്ചേൽപ്പിക്കുന്നത്. ആരാണെന്ന് മനസ്സിലാവും മുമ്പ് അവർ അപ്രത്യക്ഷയായി എന്നാണ് കഥ. കാവേരി നദിയുടെ മറ്റൊരുപോരാണ് പൊന്നി. ഈ വൃദ്ധ കാവേരി നദീ ദേവിയാണെന്ന് കഥ പരന്നു. അങ്ങനെ പൊന്നി രക്ഷിച്ച കുഞ്ഞ്, 'പൊന്നിയിൽ സെൽവൻ' അഥവാ കാവേരിയുടെ മകൻ എന്ന് അറിയപ്പെട്ടു.

പൊന്നിയിൽ സെൽവൻ അധികാരത്തിൽ ഏറിയതോടെ രാജരാജ ചോളൻ എന്ന പേരിലാണ് അറിയപ്പെട്ടത്. ( അപ്പോൾ ജ്യേഷ്ഠൻ കരികാലന് എന്ത് സംഭവിച്ചു എന്ന് ചോദിക്കരുത്. സിനിമയുടെ സ്പോയിലർ ആയതിനാൽ അത് എഴുതുന്നില്ല. പി എസ് 2ൽ അത് കണ്ട് അറിയുക) രാജ രാജചോളന്റെ ഭരണകാലത്ത് ചോള സാമ്രാജ്യം വളരെ പെട്ടന്ന് വികസിച്ചു. ദക്ഷിണ ഏഷ്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായി അത് മാറി. തമിഴ് കൾച്ചറിന് വെളിയിലേക്ക് രാജരാജ ചോളൻ തന്റെ രാജ്യം വ്യാപിപ്പിച്ചു. കേരളത്തിന്റെ തീരം മലബാർ കോസ്റ്റ്, കലിംഗനാട് എന്ന ഒഡീഷ, ലക്ഷദ്വീപ്, മാലിദ്വീപ്, ശ്രീലങ്ക, എന്നിവടങ്ങളെല്ലാം ചോളപ്പടയുടെ കാൽക്കീളിൽ ആയി.

രാജേന്ദ്ര ചോളൻ വരുന്നു

പക്ഷേ ചോള സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ ഭരണാധികാരി ഇനി വരാൻ ഇരിക്കുന്നയേയുള്ളൂ. അതാണ് നമ്മുടെ പൊന്നിയിൽ സെൽവൻ എന്ന രാജരാജ ചോളന്റെ മകൻ രാജേന്ദ്ര ചോളൻ എന്ന ഗംഗൈ കൊണ്ട ചോളൻ. ഗംഗാ സമതലം വെട്ടിപ്പിടിച്ചതുകൊണ്ടാണ് ആ പേര് വന്നത്. ലോകത്തിലെ തന്നെ ഏറ്റവും സുശക്തമായ നേവിയാക്കി രാജേന്ദ്രൻ ചോളൻ തന്റെ നാവിക സേനയെ മാറ്റി. ബംഗാൾ ഉൾക്കടലിനെ അവർ ചോള തടാകം എന്നാണ് വിളിച്ചിരുന്നത്. തങ്ങൾക്ക് കപ്പം കൊടുക്കാതെ ഒരു കപ്പലും അതിലൂടെ കടത്തിവിട്ടില്ല. ബംഗാൾ കീഴടക്കിയതാണ് രാജേന്ദ്ര ചോളന്റെ പ്രധാന നേട്ടം. കരുത്തുറ്റ നേവി വഴി ബംഗാൾ ഉൾക്കടലിലൂടെ കടന്ന്വന്ന് മ്യാന്മാർ, മലേഷ്യ, ഇന്തോനേഷ്യ, വരെ അവർ പിടിച്ചെടുത്തു. തഞ്ചാവൂരിന് അടുത്ത് 'ഗംഗൈ കൊണ്ട ചോളപുരം എന്ന പ്രത്യേക തലസ്ഥാനം തീർത്തു.

എന്നാൽ രാജേന്ദ്ര ചോളനും ശേഷം അത്രയും കരുത്തരായ ഭരണാധികാരികൾ പിന്നെ ചോള സാമ്രാജ്യത്തിൽ ഉണ്ടായില്ല. സി ഇ 1090ൽ കുലോത്തുംഗ ചോളൻ എന്ന രാജാവ് ഒക്കെ പുതിയത് വെട്ടിപ്പിടിക്കാൻ അല്ല ഉള്ളതു നിലനിർത്താനാണ് ശ്രമിച്ചത്. ചോള സാമ്രാജ്യത്തിന്റെ തകർച്ചയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ഒന്നുമില്ല. മറ്റ് നാലിടത്തുന്നിന്നു ശത്രുക്കൾ കയറി വന്നതും, പ്രശ്നം പരിഹരിക്കാൻ തക്ക ശക്തരായ ഭരണാധികാരികൾ ഇല്ലാത്തതും കാര്യങ്ങൾ സങ്കീർണ്ണമാക്കി. സി ഇ. 1279ാം ആണ്ടിൽ ഭരിച്ച രാജേന്ദ്രൻ മൂന്നാമനാണ് അവസാനത്തെ ചോള ചക്രവർത്തി എന്നാണ് കരുതുന്നത്. പിന്നീട് ചോള സാമ്രാജ്യത്തെക്കുറിച്ച് അധികം കേട്ടിട്ടില്ല. പക്ഷേ ദക്ഷിണേന്ത്യയിലെ ഒരു ഭരണാധികാരികൾക്ക് ലോകത്തെ വിറപ്പിക്കാൻ കഴിയുമെന്നത്, ആവേശം ഉയർത്തുന്നത്.

തമിഴകത്തിന്റെ സുവർണ്ണകാലഘട്ടം

പക്ഷേ ശാസ്ത്രം, സാങ്കേതികവിദ്യ, ആർക്കിടെക്ക്ച്ചർ കല, സാഹിത്യം എന്നിവ വെച്ചുനോക്കുമ്പോൾ തമിഴകത്തിന്റെ സുവർണ്ണകാലഘട്ടമയിരുന്നു ചോളന്മാരുടെ ഭരണകാലം. കാഞ്ചീപുരം പട്ട് തൊട്ട് തഞ്ചാവുർ ശിൽപ്പങ്ങൾവരെ വികസിച്ചത് ഈ കാലത്താണ്. പൊന്നിയിൽ സെൽവന്റെ ഭരണകാലത്ത് നിർമ്മിച്ച പല ക്ഷേത്രങ്ങളും ഇന്നും അത്ഭുദ നിർമ്മിതികൾ ആയാണ് വിലയിരുത്തപ്പെടുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്, യുനെസ്‌ക്കോവിന്റെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ബഹദ്വീശ്വര ക്ഷേത്രം. തന്റെ യുദ്ധ വിജയങ്ങൾക്ക് ശേഷം രാജരാജ ചോഴൻ ശിവഭഗവാന് പൂജചെയ്്ത് നിർമ്മിച്ച ക്ഷേത്രമാണിത്. ഹൈ ക്വാളിറ്റി ഗ്രാനൈറ്റ് കൊണ്ടാണ് ഇത് നിർമ്മിച്ചത്. തഞ്ചാവൂരിന്റെ അമ്പത് കിലോമീറ്റർ ചൂറ്റളവിൽ ഇത്തരം ഗ്രാനൈറ്റ് ലഭ്യമല്ല. പിന്നെ എങ്ങനെ വലിയ കല്ലുകൾ കൊണ്ടുവന്നു എന്നത് അതിശയമാണ്. ആനകളെയാണ് അക്കാലത്ത് ഇതിനായി ഉപയോഗിച്ചിരുന്നത്. ബൈൻഡിങ്ങ് സിമന്റ് ഉപയോഗിച്ചില്ല, ഇന്റർ ലോക്കിങ്ങ് വഴിയാണ് ഇവ ഘടിപ്പിച്ചത്.

അതുപോലെ ഈ ക്ഷേത്ത്രിലെ 25 ടൺ ഭാരമുള്ള ഒറ്റക്കല്ലുകൊണ്ട് നിർമ്മിച്ച നന്ദികേശന്റെ ശിൽപ്പവും മറ്റൊരു ലോകാത്ഭുദമാണ്. 80 ടൺ ഭാരമുള്ള ഒറ്റ ഗ്രാനൈറ്റ് സ്ളാബിന്റെ മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നിരവധി വിദേശ എഞ്ചിനീയറിങ്ങ് സംഘങ്ങൾ തന്നെ ഇതേക്കുറിച്ച് പഠിച്ചിട്ടുണ്ട്. നൂറുകണിക്കിന് ആനകളെ ഉപയോഗിച്ച് ആണത്രേ ഇത് മുകളിൽ എത്തിച്ചത്. അക്കാലത്ത് കല്ലുകളിൽ ശിൽപ്പങ്ങൾ ഉണ്ടാക്കുന്ന പ്രത്യേക രീതിയും ഏറെ പഠിക്കപ്പെട്ടിട്ടുണ്ട്. കല്ലുകളിൽ തുളകൾ ഉണ്ടാക്കി മരപ്പലകകൾ അടിച്ചുകയറ്റും. എന്നിട്ട് കല്ലുകൾ ഉപേക്ഷിക്കും. മഴചെയ്യുന്ന അവസരത്തിൽ, തുളകളിലുടെ വെള്ളം ഇറങ്ങുകയും അതിന്റെ പ്രഷർ കൊണ്ട് ഈ കല്ലുപൊട്ടി തങ്ങൾക്ക് അനുയോജ്യമായ രൂപങ്ങൾ ഉണ്ടാവുകയും ചെയ്യും.

അതുപോലെ തന്നെ 14 നിലകളുള്ള ബൃഹദ്വേശ്വര ക്ഷേത്രത്തിന്റെ ഗോപുരവും ഏറെ കാഴ്ചക്കാരെ ആകർഷിക്കാറുണ്ട്. അതിന്റെ മുകളിലുള്ള ഒറ്റക്കൽ ശിൽപ്പത്തിന് ശിഖിരം എന്നാണ് പറയുക. ഇതിന് 81.3 ടൺ ആണ് ഭാരം. നോക്കണം സി ഇ ആയിരത്തിൽ ആണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്. ക്രെയിനോ ഹൈഡ്രാളിക്ക് ജാക്കികളോ ഒന്നുമില്ലാത്ത ഒരു കാലത്ത്. ഇത്ര ഉയരത്തിലേക്ക് എങ്ങനെ വലിച്ചു കയറ്റിയെന്നത് അതിശയിപ്പിക്കുന്നതാണ്. ഇതു സംബന്ധിച്ചും പഠനങ്ങൾ നടന്നിട്ടുണ്ട്. ആറുകിലോമീറ്ററിലേനെ നീളമുള്ള ഒരു റാമ്പ് നിർമ്മിച്ച്, ആനകളും മനുഷ്യരും പരിശ്രമിച്ച് പതിയെപ്പതിയെ വലിച്ച് കയറ്റുക ആയിരുന്നു എന്നാണ് നിഗമനം.

അക്കാലത്ത് സ്ത്രീകൾക്ക് എത്രമാത്രം പ്രാധാന്യം സമുഹത്തിൽ ഉണ്ടായിരുന്നുവെന്നും സംഘ സാഹിത്യം നോക്കിയാൽ കാണാം. പൊന്നിയിൽ സെൽവന്റെയും കാരികാലന്റെയും സഹോദരിയായ കുന്ദളദേവി ( ചിത്രത്തിൽ തൃഷ) പ്രതികാരദാഹിയായ നന്ദിനി (ഐശ്വര്യ റായി), തോണിക്കാരി പുങ്കുഴലി ( ഐശ്വര്യലക്ഷ്മി) എന്നീ കഥാപാത്രങ്ങളിലുടെ സിനിമയും ഇക്കാര്യം അടിവരയിടുന്നുണ്ട്. നോക്കണം, ആയിരത്തിലേറെ വർഷങ്ങൾക്ക് മുമ്പ് ഈ നാട്ടിലെ ഒരു രാജവംശത്തിന് ന്തെല്ലാം ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ നേവിയും ആർമിയും. ആരെയും അമ്പരിപ്പിക്കുന്ന ശാസ്ത്ര-സാങ്കേതിക വിദ്യകളും. അവിടെനിന്ന് എങ്ങനെയാണ് നാം പിറകോട്ട് അടിച്ച് ഒരു മൂന്നാംലോക രാജ്യം ആയത്!

തമിഴ്‌നാട്ടിൽ ജാതി വിവാദം

പക്ഷേ 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കൗതുകം' എന്ന് പറയുന്നപോലെ പൊന്നിയൻ സെൽവൻ സിനിമയിലൂടെ തമിഴ്‌നാട്ടിൽ ചർച്ചയാവുന്നത്, ചരിത്രവും പൈതൃകവും ഒന്നുമല്ല, ജാതിയും മതവുമാണ്്. പൊന്നിയിൽ സെൽവൻ എന്ന രാജരാജചോളൻ ഏത് മതക്കാരനാണ് എന്നതാണ് വിവാദം.

രാജ രാജ ചോളൻ ഹിന്ദുമത വിശ്വാസിയായിരുന്നില്ലെന്ന സംവിധായകൻ വെട്രിമാരന്റെ പ്രസ്താവനയോടെയാണ് വിവാദം കൊഴുത്തത്. നമ്മുടെ പ്രതീകങ്ങളെല്ലാം തുടർച്ചയായി തട്ടിപ്പറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് ഒരു ചടങ്ങിനിടെ വെട്രിമാരൻ പറഞ്ഞത്. തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജ ചോളനെ ഹിന്ദു രാജാവായി വിശേഷിപ്പിക്കുകയും ചെയ്യുന്നത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. സിനിമ ഒരു പൊതു മാധ്യമമായതിനാൽ, ഒരാളുടെ പ്രാതിനിധ്യം സംരക്ഷിക്കാൻ രാഷ്ട്രീയം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും വെട്രിമാരൻ പറഞ്ഞു.

വെട്രിമാരനെ പിന്തുണച്ച് നടനും മക്കൾ നീതി മയ്യം പ്രസിഡന്റും,നടനുമായ കമൽ ഹാസൻ രംഗത്തെത്തി. ഹിന്ദു മതം എന്ന പ്രയോഗം രാജ രാജ ചോളന്റെ കാലഘട്ടത്തിലുണ്ടായിരുന്നില്ലെന്ന് കമൽ പറഞ്ഞു. വൈഷ്ണവം, ശൈവം, സമാനം എന്നിങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പദം കൊണ്ടുവന്നത്. തൂത്തുക്കുടിയുടെ പേര് അവർ എങ്ങനെ മാറ്റിയെന്നത് തന്നെ ഇതിനുള്ള ഉദാഹരണമാണെന്നും വെട്രിമാരനെ പിന്തുണച്ചുകൊണ്ട് കമൽ പറഞ്ഞു.

അതേസമയം, വെട്രിമാരന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് എച്ച്.രാജ് രംഗത്തെത്തി. രാജ രാജ ചോളൻ ഹിന്ദു രാജാവാണെന്ന് രാജ പറഞ്ഞു. വെട്രിമാരനെപ്പോലെ എനിക്ക് ചരിത്രത്തിൽ വലിയ അറിവില്ല, പക്ഷേ രാജരാജ ചോളൻ നിർമ്മിച്ച രണ്ട് പള്ളികളും മസ്ജിദുകളും അദ്ദേഹം ചൂണ്ടിക്കാട്ടട്ടെ. ശിവപാദ ശേഖരൻ എന്നാണ് അദ്ദേഹം സ്വയം വിളിച്ചിരുന്നത്. അന്ന് അദ്ദേഹം ഹിന്ദു ആയിരുന്നില്ലേ എന്നും എച്ച് രാജ ചോദിച്ചു.

നോക്കുക, ചോളന്മാരുടെ സാങ്കേതിക വിദ്യയിലുള്ള പുരോഗതിയും, യുദ്ധതന്ത്രങ്ങളുമൊന്നുമല്ല ജാതിയും മതവുമാണ് നമുക്ക് അറിയേണ്ടത്. ഇന്ത്യ ഒരുകാലത്തും രക്ഷപ്പെടില്ല എന്നതിന് ഇതിൽകൂടുതൽ തെളിവുകൾ വേണോ?

വാൽക്കഷ്ണം: ചോളന്മാരുടെ പരാക്രമ കഥകൾ പറയുന്ന പുസ്തകം അല്ല പൊന്നിയൻ സെൽവൻ എന്ന നോവൽ. അതുതന്നെയാണ് സിനിമയും. ഇത് മനസ്സിലാക്കാതെ സിനിമ കണ്ടാൽ നിങ്ങൾക്ക് നിരാശയാവും ഫലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP