Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202330Thursday

ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്തവൾ! ജിമിക്കി കമ്മലിന്റെ അധിനിവേശം പറഞ്ഞ് ട്രോളന്മാരുടെ അരുമ; സെൽഫിയുടെയും പൊതിച്ചോറിന്റെയും രാഷ്ട്രീയം വൈറൽ; വിവാഹ പരസ്യവും വിവാദത്തിൽ; ഒരു കാര്യവുമില്ലാതെ ഒരുലക്ഷം ശമ്പളം; ചിന്താ ജെറോം വീണ്ടും ട്രോളുകളിൽ

ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്തവൾ! ജിമിക്കി കമ്മലിന്റെ അധിനിവേശം പറഞ്ഞ് ട്രോളന്മാരുടെ അരുമ; സെൽഫിയുടെയും പൊതിച്ചോറിന്റെയും രാഷ്ട്രീയം വൈറൽ; വിവാഹ പരസ്യവും വിവാദത്തിൽ; ഒരു കാര്യവുമില്ലാതെ ഒരുലക്ഷം ശമ്പളം; ചിന്താ ജെറോം വീണ്ടും ട്രോളുകളിൽ

എം റിജു

''ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിള്ളിക്ക് കൊടുത്ത്, വൈലോപ്പിള്ളിയുടെ മാമ്പഴം ക്യൂബയിലൂടെ മോട്ടർ സൈക്കിളിൽ നടന്ന ഡോക്ടർ ചെഗുവിന് കൊടുത്തവൾ,.... ചങ്ങമ്പുഴ എന്ന ബൂർഷ്വയുടെ കുലവെട്ടി, വൈലോപ്പിള്ളി എന്ന പാവപ്പെട്ടവന് കൊടുത്ത പാവങ്ങളുടെ പടത്തലവിക്ക് നുറ് ചുവപ്പൻ അഭിവാദ്യങ്ങൾ''- സോഷ്യൽ മീഡിയിൽ എവിടെ നോക്കിയാലും ഇപ്പോൾ വാഴക്കുല ട്രോളുകളാണ്. സിപിഎം നേതാവും യുവജന കമ്മീഷൻ അംഗവുമായ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഒരു തെറ്റാണ്, വിവാദമായത്. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളിൽ ഒന്നായ 'വാഴക്കുല' എഴുതിയത് ആര് എന്ന ചോദ്യത്തിന് സ്‌കുൾ കുട്ടികൾക്ക് പോലും അറിയാം ഉത്തരം ചങ്ങമ്പുഴ എന്നാണെന്ന്. എന്നാൽ ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ ഇത് വൈലോപ്പിള്ളി എന്നാണ് എഴൂതിയിരിക്കുന്നതാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്. ഇതോടെ ഒരു ഇടവേളക്ക് ശേഷം ചിന്ത വീണ്ടും എയറിലുമായി.

കഴിഞ്ഞ അഞ്ചുവർഷത്തെ കേരള രാഷ്ട്രീയം എടുത്താൽ ചിന്തയെപ്പോലെ ഇത്രയേറെ ട്രോളുകൾക്ക് വിധേയയായ മറ്റൊരു നേതാവ് ഇല്ലെന്ന് കാണാം. ജിമിക്കിക്കമ്മൽ വിവാദം തൊട്ട്, സെൽഫിയുടെ രാഷ്ട്രീയവും, അമ്മയുടെയും ഉമ്മയുടെയും പൊതിച്ചോറും യുവജനകമ്മീഷനിലെ ശമ്പളവർധനവ് വരെ വിവാദങ്ങളും ട്രോളുകളുമായി. ചിന്ത ഒരു പെൺകുട്ടിയായതുകൊണ്ടാണ് ആക്രമിക്കപ്പെടുന്നത് എന്ന ഇരവാദമൊക്കെ സിപിഎമ്മുകാർ ഇറക്കാറുണ്ടെങ്കിലും, സൂക്ഷിച്ച് നോക്കിയാൽ ആ വിവാദങ്ങളിലൊക്കെ തെറ്റായ ആശയം അമിതമായ ആത്മവിശ്വാസത്തോടെ പ്രചരിപ്പിക്കുന്ന പതിവ് സിപിഎം തന്ത്രം കാണാം. ഇരട്ടത്താപ്പും, അഴിമതിയും, സ്വജനപക്ഷപാതിത്വവുമൊക്കെ കാണാം. ഇതിന്റെയൊക്കെ പ്രതീകം എന്ന നിലയിലാണ് ചിന്ത വിമർശിക്കപ്പെടുന്നത്.

പഠിക്കാൻ മിടുക്കിയായ സഖാവ്

കൊല്ലം, ചിന്താ ലാൻഡിൽ അദ്ധ്യാപക ദമ്പതികളായ സി. ജെറോമിന്റെയും എസ്തർ ജെറോമിന്റെയും മകളാണ് ചിന്ത. പഠിക്കാൻ ചെറുപ്പത്തിലേ മിടുക്കിയായിരുന്നു. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽനിന്നും ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കൊല്ലം കർമല റാണി ട്രെയിനിങ് കോളജിൽനിന്നും ബിഎഡും എടുത്തു. കോളജിൽ പഠിക്കുമ്പോൾ തന്നെ എസ്എഫ്ഐയിൽ സജീവമായിരുന്നു. സംഘടനയുടെ തീപ്പൊരി പ്രാസംഗികയും ക്രൗഡ്പുള്ളറുമായിരുന്നു ആ പെൺകുട്ടി. സിൻഡിക്കേറ്റ് അംഗവും കേരള സർവ്വകലാശാല യൂണിയൻ ചെയർപേഴ്സണായും പ്രവർത്തിച്ചു.

തുടർന്നാണ് ചിന്ത കേരള സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടിയത്. 2011 മുതൽ കേരളസർവകലാശാലയിൽ ഗവേഷണം ചെയ്തുവരികയായിരുന്നു. 2014ലെ യുജിസി - നെറ്റ് പരീക്ഷ എഴുതിയാണ് ചിന്ത ജെആർഎഫ് നേടുന്നത്. നെറ്റ് പരീക്ഷയിൽ രാജ്യത്തെത്തന്നെ ഉയർന്ന മാർക്ക് നേടുന്ന കുറച്ച് പേർക്കാണ് ജെആർഎഫ് അവാർഡ് ചെയ്യപ്പെടുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ജെആർഎഫ് ലഭിക്കുന്നത് ചെറിയ നേട്ടമല്ല. സംഘടനാപ്രവർത്തനവും പഠനവും ഒരേ പോലെ മികച്ച രീതിയിൽ നടത്തിയാണ് ചിന്ത മുന്നോട്ട് പോയത്. ചിന്തയുടെ പിഎച്ച്ഡി ഗവേണഷവും നേരത്തെ വിവാദം ആയിരുന്നു. ജെആർഎഫ് ഗ്രാന്റും സർക്കാർ ശമ്പളവും ഒന്നിച്ച് വാങ്ങിയെന്നായിരുന്നു ആരോപണം. പക്ഷേ ഇത് ശരിയല്ലെന്നാണ് ചിന്ത പറയുന്നത്.

'ചുംബനം, സമരം, ഇടതുപക്ഷം', 'ചങ്കിലെ ചൈന', 'അതിശയപ്പത്ത്' എന്നീ കൃതികളുടെ രചയിതാവാണ്. ചങ്കിലെ ചൈനയുടെ പേരിലും ചിന്ത ട്രോളിൽ പെട്ടു. 2018 സെപ്റ്റമ്പറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. ചൈനയിലേക്ക് നടത്തിയ യാത്രയുടെ ഓർമ പുസ്തകമാണ് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ''ചങ്കിലെ ചൈന''. പ്രളയകാലത്തു കേരളത്തിനു കരുത്തായ യുവതയ്ക്കാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ പുസ്തകം ഇറങ്ങിയപ്പോൾ തന്നെ വിവാദവും ഉയർന്നു.

ഇപ്പോൾ ഇന്ത്യക്ക് പാക്കിസ്ഥാനേക്കാൾ ഉപദ്രവം ചെയ്യുന്ന ചൈനയെ, കമ്യുണിസ്റ്റ് ആഭിമുഖ്യത്തിന്റെ പേരിൽ മാത്രം വെളുപ്പിച്ച് എടുക്കയാണെന്ന് വിമർശനം ഉയർന്നു. അതിർത്തിയിൽ ഇന്ത്യൻ പട്ടാളക്കാരെ ആക്രമിച്ച് കൊല്ലുന്ന ചൈനയെ ചങ്കെന്ന് വിളിക്കാൻ വല്ലാത്ത ചങ്കൂറ്റം വേണമെന്നായിരുന്നു വിമർശനം.

ജിമിക്കി കമ്മലിന്റെ അധിനിവേശം!

പക്ഷേ ചിന്തക്ക് ട്രോളന്മാർ പേഴ്സൺ ഓഫ് ദ ഇയർ പുരസ്്ക്കാരം നൽകി ആദരിക്കുന്നത് ജമിക്കി കമ്മൽ വിവാദത്തോടെയാണ്. 2017ൽ ഇറങ്ങിയ ലാൽ ജോസിന്റെ മോഹൻലാൽ ചിത്രമായ 'വെളിപാടിന്റെ പുസ്തകത്തിലെ' ജിമിക്കി കമ്മൽ ഗാനത്തിനെതിരെ ചിന്ത ഉയർത്തിയ പരാമർശങ്ങൾ ട്രോളന്മാർക്ക് ഏറെ നാൾ വിരുന്നായിരുന്നു.

ഓർത്തഡോക്സ് സഭയുടെ യുവജനസമ്മേളന വേദിയിലാണ്, തന്റെ പതിവായ പ്രത്യേക അംഗവിക്ഷേപങ്ങളും, അതിഗൗരവം ഒരുകാര്യവുമില്ലായെ മുഖത്തണിയിച്ചുകൊണ്ട്, അൽപ്പം ബാസ് ശബ്ദമൊക്കെ ഇട്ടുകൊണ്ട് ചിന്ത ആ പ്രംസംഗം നടത്തിയത്. '''കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല. എല്ലാ അമ്മമാരുടേയും ജിമിക്കിയും കമ്മലും മോഷ്ടിച്ച് കൊണ്ട് പോകുന്ന അച്ഛന്മാരും കേരളത്തിലില്ല. ജിമിക്കിയും കമ്മലും മോഷ്ടിച്ച് കൊണ്ട് പോയാൽ ബ്രാണ്ടി എടുത്ത് കുടിക്കുന്ന അമ്മമാരും ഈ കേരളത്തിലില്ല. എന്നിട്ടും എന്തുകൊണ്ട് ജിമിക്കീം കമ്മലും ഹിറ്റായി മാറുന്നുവെന്നുള്ളത് ചർച്ചയ്ക്ക് വിധേയമാക്കണം. നമ്മളറിയാത്ത ചില സംസ്‌കാരം ഈ നാട്ടിലേയ്ക്ക് കടന്ന് വരികയാണ്. യുവതലമുറയെ നിശബ്ദരാക്കാൻ ഇത്തരത്തിലുള്ള മനഃശാസ്ത്രങ്ങൾ നമ്മളറിയാതെ നമ്മുക്ക് ഇടയിലേയ്ക്ക് കടത്തി വിട്ടെത്തുന്ന അധിനിവേശ സംസ്‌കാരത്തെ ചെറുത്ത് തോൽപിക്കാൻ നേരിന്റെ പക്ഷത്ത് നിൽക്കുന്നവരായി നിങ്ങൾ ഓരോരുത്തരും മാറേണ്ടതുണ്ട്. ''- ചിന്ത പറഞ്ഞു.

ഒറ്റനോട്ടത്തിൽ തന്നെ തനി പൊക സാഹിത്യം. പിന്നെ ട്രോളന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. എന്തും ഏതും അഗോളീകരണവും സാമ്രാജ്യത്വവുമായി കൂട്ടിക്കെട്ടുന്ന സിപിഎം നേതാക്കളുടെ പ്രസംഗങ്ങൾ വിഴുങ്ങിയിരുന്ന അണികൾപോലും ചിന്തയുടെ പ്രസംഗം കേട്ട് ചിരിച്ചു. ട്രോളുകൾ ആസ്വദിച്ചു. പക്ഷേ അതിനേക്കാൾ ഗൗരവമുള്ള വിഷയം ചർച്ചയാവാതെയും പോയി. ഒരു ഇടത് നേതാവ് പങ്കെടുക്കുന്നത് ഓർത്തഡോക്സ് സഭയുടെ സമ്മേളനത്തിനാണ്. അവിടെയാണ്, ക്രിസ്തുവിനെയും മാർക്സിനെയും കൂട്ടിക്കെട്ടി ചിന്ത പ്രസംഗിക്കുന്നത്. അർജീന്റീനക്കാരനായ ചെഗുവേരയെ ക്യൂബക്കാരനാക്കുന്ന തെറ്റും ആ പ്രസംഗത്തിൽ ഉണ്ടായിരുന്നു. കൃത്യമായ മതപ്രീണനം തന്നെയാണ്, ചിന്ത അന്ന് നടത്തിയത്.

ജിമിക്കി കമ്മൽ പ്രസംഗത്തിനെതിരെ സിനിമാലോകത്തുനിന്നും വിമശനം ഉണ്ടായി. ഇതോടെ മനോരമക്ക് നൽകിയ അഭിമുഖത്തിൽ ചിന്ത ഇങ്ങനെ പ്രതികരിച്ചു. ''യുവജനസമ്മേളന വേദിയിൽ നടന്ന മുഴുവൻ പ്രസംഗം കേൾക്കാതെയാണ് പലരും വിമർശിക്കുന്നത്. പുതിയ തലമുറ ഏറെ ചടുലമായ താളങ്ങളെ സ്വീകരിക്കുന്നവർ ആണെന്ന് മാത്രമാണ് ആ പരാമർശം കൊണ്ട് ഉദ്ദേശിച്ചത്, എന്നാൽ അത് അങ്ങനെ അല്ല സ്വീകരിക്കപ്പെട്ടെതെന്നാണ് നിലവിലെ പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്.

ഷാൻ റഹ്‌മാന്റെ സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സംഗീതം ആസ്വദിക്കുകയും മാറ്റങ്ങളെ സ്വീകരിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. പക്ഷേ കലയ്ക്ക് വിനോദത്തിനുമപ്പുറം സമൂഹത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സാമൂഹിക പ്രസക്തിയുള്ള ഒന്നാണ് കല. അതിന് സാമൂഹിക പരിവർത്തനത്തിന് വേണ്ടി ഉപയോഗിക്കപ്പെടണമെന്നാണ് എന്റെ നിലപാട്''-

ഇത് വായിക്കുന്നവർക്ക് എന്ത് മനസ്സിലാവും. ജിമിക്കി കമ്മൽ പാട്ട് എന്ത് ഉത്തരവാദിത്തമാണ് സമൂഹത്തോട് നിറവേറ്റേണ്ടത്. ഇങ്ങനെ തൊലി അഴിച്ച് നോക്കുമ്പോൾ, അന്ധമായ പ്രത്യയശാസ്ത്രബോധം തലയിൽ കയറിയതിന്റെ പ്രശ്നമാണ് ചിന്തയുടെ വാക്കുകൾ എന്ന് മനസ്സിലാക്കാം.

സെൽഫിയും പൊതിച്ചോറും

സന്ദേശം സിനിമയിൽ ശ്രീനിവാസൻ എഴുതി പരിഹസിച്ച 'കോളാണിയലിസ്റ്റ് ചിന്താ സരണി, റാഡിക്കൽ ആയ മാറ്റം, നിയോ ലിബറലിസം' എന്നീ വാക്കുകൾ ഒക്കെ ഉപയോഗിച്ച് 'അന്തർധാര സജീവമായിരുന്നു' എന്ന മോഡൽ പ്രസംഗങ്ങളാണ് ചിന്ത നടത്താറുള്ളത്. ബുദ്ധിജീവി ചമയാനായി ഇടത് നേതാക്കളുടെ ടിപ്പിക്കൽ വാചോടോപ രീതി. പക്ഷേ ഈ സോഷ്യൽ മീഡിയകാലത്ത് അത് പുറത്തെടുത്താൽ കുടുങ്ങും. അതാണ് ചിന്തക്ക് പറ്റിപ്പോവുന്നത്.

അങ്ങനെ അവനവനിലേക്ക് ചുരുങ്ങുന്ന സെൽഫിയുടെ രാഷ്ട്രീയം പറഞ്ഞും ചിന്ത എയറിൽക്കയറി. സെൽഫിയെടുക്കുന്നത് സ്വാർത്ഥതയുടെ രാഷ്ട്രീയമാണെന്നായിരുന്നു അവർ പറഞ്ഞത്. ചിന്ത സെൽഫിയുടെ രാഷ്ട്രീയം പറയുമ്പോൾ അണികൾ കൈയടിക്കുമെങ്കിലും, പൊതുജനത്തിന് ചിരിയാണ് വരിക. പിന്നീട് ചിന്തയുടെ സെൽഫി എപ്പോൾ വന്നാലും സോഷ്യൽ മീഡിയ ഇത് കുത്തിപ്പൊക്കും. തന്റെ 'ചങ്കിലെ ചൈന' പുസ്തകം ഇറങ്ങിയപ്പോൾ എടുത്ത സെൽഫിക്കുപിന്നാലെയും ട്രോളന്മാർ കൂടി. സംഭവം വിവാദമായപ്പോൾ ചിന്ത മനോരമക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പ്രതികരിച്ചു. ''സെൽഫി, സ്വാർത്ഥമായ ഒന്നാണ്. ഞാനും സെൽഫി എടുക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളാണ്. എന്നാൽ സെൽഫിയുടെ സ്വാർത്ഥതയിൽ നിന്ന് വെളിയിൽ വരാൻ യുവാക്കൾക്ക് സാധിക്കണം. രാജ്യത്തെ പല പ്രശ്നങ്ങളിലും ആദ്യം പ്രതികരിക്കുന്നത് കലാലയങ്ങൾ തന്നെയാണ്. പക്ഷേ കല പല രീതിയിലും , പലപ്പോഴും തെറ്റായ രീതിയിൽ യുവതയെ സ്വാധീനിക്കുന്നുണ്ട്. അല്ലാതെ യുവാക്കൾക്ക് മൂല്യച്യുതി സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.''- ഈ മറുപടിയും ട്രോളായി മാറി. സെൽഫി എടുത്തുകൊണ്ട് എങ്ങനെയാണ് അതിനെ വിമർശിക്കുക എന്നതായിരുന്നു ന്യായമായ ചോദ്യം.

ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോൾ ചിന്ത പറഞ്ഞ പൊതിച്ചോറിന്റെ രാഷ്ട്രീയവും ട്രോളുകളുടെ കമ്പക്കെട്ടിന് തിരികൊളുത്തി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട ഒരു ചാനൽ ചർച്ചയിലായിരുന്നു ചിന്ത ഇങ്ങനെ പറഞ്ഞത്. ''സഹോദരൻ അയ്യപ്പൻ പറഞ്ഞ മിശ്രഭോജനത്തിന്റെ വലിയ സന്ദേശമുണ്ട്. അത് ഇന്ന് കൃത്യമായി നടക്കുന്ന ഇടം എന്ന് പറയുന്നത് ക്യാംപസുകളാണ്. ക്യാംപസിന്റെ ഒരു രാഷ്ട്രീയം എന്നു പറയുന്നത് പൊതിച്ചോറിന്റെ രാഷ്ട്രീയമാണ്. വീട്ടിൽ നിന്നും മമ്മിയും അമ്മയും ഉമ്മയും പൊതിഞ്ഞുവിടുന്ന പൊതിച്ചോറുകൾ ഒരുമിച്ചിരുന്ന് കഴിക്കുന്ന ഇടമാണ് കലാലയങ്ങൾ...' ഇങ്ങനെ പോകുന്നു 'ഒറ്റപ്പെട്ട' സംഭവത്തെ കുറിച്ചുള്ള ചിന്ത ജെറോമിന്റെ വാക്കുകൾ. അരിയെത്ര എന്ന ചോദിച്ചാൽ പയറഞ്ഞാഴി എന്ന് പറയുന്നതുപോലെ കാമ്പസിലെ അക്രമത്തെക്കുറിച്ച് ചോദിച്ചാൽ പൊതിച്ചോറിന്റെ രാഷ്ട്രീയമാണ് മറുപടി!

വിവാഹ പരസ്യവും വിവാദത്തിൽ

അതിനിടെ ചിന്തയുടെ പേരിൽ പ്രചരിച്ച ഒരു വിവാഹപരസ്യവും വിവാദമായി. ചാവറ മാട്രിമോണി ഡോട്ട് കോം എന്ന വൈവാഹിക വെബ്‌സൈറ്റിൽ ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട വരനെ ആവശ്യപ്പെട്ട് പരസ്യം നൽകിയെന്നാണ് വിവാദമുണ്ടായത്. ഇത് കമ്മ്യൂണിസ്റ്റ് വിരുദ്ധർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി. ജാതിക്കും മതത്തിനുമെതിരെ ഘോരഘോര പ്രസംഗിക്കുന്ന ചിന്ത ജീവിത പങ്കാളിയെ തേടി പരസ്യം നൽകിയപ്പോൾ കത്തോലിക്കനെ തന്നെ വേണമെന്ന നിബന്ധന വെച്ചുവെന്നാണ് ആരോപണം. 168 സെന്റീമീറ്റർ ഉയരമുള്ള, 28കാരി, ആർ സി ലത്തീൻ കത്തോലിക്ക എന്ന് മാട്രിമോണിയലിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പക്ഷേ അത് താൻ അറിഞ്ഞുകൊണ്ട് ചെയ്തല്ല എന്നും എങ്ങനെ വന്നുവെന്ന് അറിയില്ലെന്നുമായിരുന്നു ചിന്തയുടെ മറുപടി. മനോരമക്ക് നൽകിയ അഭിമുഖത്തിൽ ചിന്ത ഇങ്ങനെ പറയുന്നു.''സാങ്കൽപികമായ ഒരു കാര്യത്തേക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. വിവാഹം ഒരിക്കലും പരസ്യം നൽകി ജാതിയും മതവും നോക്കിയാവണമെന്നും എനിക്ക് അഭിപ്രായമില്ല. ഏതെങ്കിലുമൊരു മതത്തിന്റെ ചട്ടക്കൂടുകളിലേക്ക് തളയ്ക്കപ്പെടാനും ഞാൻ താൽപര്യപ്പെടുന്നില്ല.

യുവജനപ്രസ്ഥാനത്തിലെ സജീവ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്നതിനിടയിൽ ഇത് വരെയും വിവാഹത്തേക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. എന്നാൽ വീട്ടുകാരും സുഹൃത്തുക്കളും ഒരു പോലെ തന്നെ വിവാഹിതയാവുന്നതിനെക്കുറിച്ച് നിർബന്ധിക്കുന്നുണ്ട്. നിലപാടുകളിൽ താതാത്മ്യപ്പെടാൻ സാധിക്കുന്ന രണ്ട് പേർ തമ്മിലാണ് വിവാഹിതരാവേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അല്ലാതെ മതത്തിന്റേയോ ജാതിയുടേയോ ചട്ടക്കൂടുകൾ അനുശാസിക്കുന്ന വിധമാവണം വിവാഹമെന്നും ഞാൻ കരുതുന്നില്ല. മതേതര മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.

വിവാഹത്തിന്റെ കാര്യത്തിലും ആ നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ ഞാൻ താൽപര്യപ്പെടുന്നില്ല. ജാതിയും മതവും നോക്കിയുള്ള വിവാഹമാവില്ല എന്റേത്. മതേതര വിവാഹ സങ്കൽപ്പമാണ് എനിക്കുള്ളത്. അതിനർഥം ക്രിസ്ത്യാനിയെ മാത്രമേ വിവാഹം കഴിക്കൂ എന്നോ ക്രിസ്ത്യാനിയെ വിവാഹം കഴിക്കില്ല എന്നുമല്ല. വിവാഹം കഴിക്കുന്നതിന് മതമോ ജാതിയോ കണക്കിലെടുക്കില്ല.ഇപ്പോൾ കെട്ടഴിച്ച് വിട്ടിരിക്കുന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കുമുള്ള മറുപടിയായിരിക്കും എന്റെ വിവാഹം. പൊതുസമൂഹം ഇത്ര നാളും കണ്ടിട്ടുള്ള എന്റെ നിലപാടുകളിൽ ഉറച്ച് നിന്ന് തന്നെയാവും എന്റെ വിവാഹം. ഇപ്പോൾ നടക്കുന്ന അപവാദപ്രചരണങ്ങളുടെ സത്യാവസ്ഥ കാലം തെളിയിക്കും. ജാതിക്കും മതത്തിനും അതീതമായി മാനവമൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഒരു വ്യക്തിയെയാവും എന്റെ വരൻ'' -ചിന്ത ജെറോം പറഞ്ഞു. അപ്പോഴും ചിന്തക്കുവേണ്ടി പരസ്യം നൽകിയത് ബന്ധുക്കളാണോ, എങ്ങനെ ആ പ്രൈാഫൈൽ വന്നു എന്ന കാര്യങ്ങളൊക്കെ അവ്യക്തമാണ്.

വെറുതെ ശമ്പളം ഒരുലക്ഷം

അതിനിനെ യുവജനക്ഷേമ കമ്മീഷൻ ചെയർപേഴസണായും ചിന്തയെ സർക്കാർ നിയോഗിച്ചു. കോവിഡ് കാലത്ത് ചിന്ത വാക്സിൻ സ്വീകരിച്ചതും വിവാദമായി. അന്ന് 45 വയസ്സ് തികഞ്ഞവർക്കുള്ള വാക്സിനാണ് ഇവർ എടുത്തത്. എന്നാൽ മുൻനിര കോവിഡ് പോരാളി എന്ന നിലയിലാണ് താൻ വാക്‌സിൻ സ്വീകരിച്ചതെന്ന് ചിന്ത വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടുനിൽക്കുന്നവർ എന്ന നിലയിൽ സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റ് ഏജൻസികൾക്കും കോവിഡ് വാക്‌സിനേഷൻ നൽകണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. താൻ പിൻവാതിൽ വഴിയല്ല മുൻവാതിൽ വഴി തന്നെയാണ് വാക്‌സിനെടുത്തതെന്നും ചിന്ത ജെറോം കൂട്ടിച്ചേർത്തു. സത്യത്തിൽ തീർത്തും അനാവശ്യമായ വിവാദമായിരുന്നു ഇത്്. ഈ ഒരു കാര്യത്തിലാണ് ചിന്ത പറഞ്ഞത് ശരിയാണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടത്.

അതിനിടെ ഡിവൈഎഫ്ഐയുടെ തെക്കൻ മേഖലാ ജാഥയുടെ മാനേജരായി യുവജന കമ്മീഷൻ ചെയർപേഴ്‌സൺ നിന്നതും പരാതിക്ക് ഇടയാക്കി. ചിന്ത ജാഥയുടെ മാനേജരായത് ധാർമികതയ്ക്ക് നിരക്കാത്തതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സിവിൽ കോടതിക്കുള്ള അധികാരങ്ങൾ ഉള്ള കമ്മീഷൻ ചെയ്തത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് കാട്ടി ഗവർണർക്ക് പരാതി നൽകിയിരുന്നു.

ഇടതുപക്ഷ സർക്കാറിന് തുടർ ഭരണം കിട്ടയപ്പോൾ രണ്ടേ രണ്ടുപേർ മാത്രമാണ് അധികാരത്തിൽ തുടർന്നത്. ഒന്ന് മുഖ്യമന്ത്രി പിണറായി വിജയനും, രണ്ട് യുവജനക്ഷേമ കമ്മീഷൻ ചെയർപേഴ്സൻ ചിന്തയും! മാത്രമല്ല ചിന്തയുടെ ശമ്പളം അമ്പതിനായിരത്തിൽനിന്ന് ഒറ്റയിടിക്ക് ഒരുലക്ഷമാക്കി വർധിപ്പിച്ചും, സർക്കാർ കൈയയച്ച് സഹായിച്ചു. നോക്കണം, കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോഴാണ് ഈ ധൂർത്ത്. അതിനിടെ മൂൻകാല പ്രാബല്യത്തോടെ 32ലക്ഷം രൂപ ചിന്തക്ക് കിട്ടുമെന്നും മാധ്യമ വാർത്തകൾ ഉണ്ടായി. എന്നാൽ ചിന്ത അത് നിഷേധിച്ചു. താൻ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതിന്റെ രേഖയുണ്ടെങ്കിൽ തെളിയിക്കാൻ മാധ്യമങ്ങളെ വെല്ലുവിളിച്ചു. അത്രയും പണം കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും വെല്ലുവിളിച്ചു.

പക്ഷേ ഇപ്പോഴിതാ ചിന്ത ജെറോമിന് മുൻ കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഐഎഎസാണ് ഉത്തരവിറക്കിയത്. മുൻകാല പ്രാബല്യത്തോടെയുള്ള ശമ്പള വർധനവായതിനാൽ ചിന്തയ്ക്ക് 8.50 ലക്ഷം രൂപ ലഭിക്കും. 6.1.17 മുതൽ 26.5.18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ഇക്കാലയളവിൽ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. അക്കാലയളവിൽ 1 ലക്ഷം ആക്കി ശമ്പളം ഉയർത്തിയതിലൂടെ 8. 50 ലക്ഷം രൂപ അധികം ലഭിക്കും. 26. 5.18 മുതൽ ചിന്തയുടെ ശമ്പളം ഒരു ലക്ഷം രൂപയായി സർക്കാർ നേരത്തെ തന്നെ ഉയർത്തിയിരുന്നു. ശമ്പള കുടിശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് 20.8.22 ന് ചിന്ത സർക്കാരിന് എഴുതിയ കത്തും ഇതോടൊപ്പം പുറത്തുവന്നു.

നോക്കുക, ചിന്ത പറഞ്ഞതൊക്കെ പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. പക്ഷേ ഇപ്പോൾ യാതൊരു മറുപടിയുമില്ല. ആര്യാരാജേന്ദ്രൻ അടക്കമുള്ള സിപിഎം നേതാക്കളും ഇതേ ടെക്ക്നിക്ക് തന്നെയാണ് പയറ്റുന്നത്. അതായത് ഈ പ്രശ്നം ചിന്തയുടെ വ്യക്തിപരമായ കാര്യമല്ല. പാർട്ടി ശീലിപ്പിച്ച ഒരു ദുഷിച്ച കാര്യമാണ്. പിടിക്കപ്പെടുന്നതുരെ കോൺഫിഡൻസോടെ കള്ളം പറയുക, പരമാവധി ഉരുണ്ടു കളിക്കുക, കൈയോടെ പിടിക്കപെട്ടാൽ പിന്നെ മൗനം പാലിക്കുക! കേരളത്തിലെ എല്ലാവിവാദങ്ങളിലും നാം കണ്ടുവരുന്ന ഒരു പ്രഖ്യാപിത മാർക്സിസ്റ്റ് രീതിയാണ് അത്.

പക്ഷേ അതിനേക്കാൾ വലിയൊരു ചോദ്യം ഈ വിവാദം അവശേഷിപ്പിക്കുന്നുണ്ട്. ഈയുവജനകമീഷനെക്കൊണ്ട് കേരളത്തിലെ യുവാക്കൾക്ക് പത്തുപൈസയുടെ ഗുണം ഉണ്ടോ. 'യുവാക്കളും സ്ത്രീകളും ദുരന്തലഘൂകരണവും' എന്ന വിഷയത്തിൽ സംസാരിക്കായി ചിന്ത ജർമ്മനിയിലേക്ക് പോയിരുന്നു. ഇങ്ങനെ ഊരുചുറ്റലും സർക്കാർ ഫണ്ട് പുട്ടടിയുമല്ലാതെ എന്തുഗുണമാണ് ഇത്തരം കമ്മീഷനുകൾ കൊണ്ട് ഉണ്ടാവുന്നത്.

ഒടുവിൽ വാഴക്കുല വിവാദം

ഈ വിവാദങ്ങുടെയല്ലാം ഒടുവിലാണ് വാഴക്കുല വിവാദം ഉണ്ടായിരിക്കുന്നത്. 'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. കേരള സർവ്വകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. അദ്ദേഹത്തിനും തേച്ചാലും മായ്ച്ചാലും മായാത്ത നാണക്കേടായി ഇത് മാറിയിരിക്കയാണ്.

പക്ഷേ ഇതിനെ വെറുമൊരു ക്ലറിക്കൽ മിസ്റ്റേക്ക് എന്ന് കരുതി അവഗണിക്കാൻ കഴിയില്ലെന്നാണ് അക്കാദമിക്ക് രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ ഗവേഷണ- ഉന്നത വിദ്യാഭ്യാസ രംഗം പൂർണ്ണമായും കുത്തഴിഞ്ഞ നിലയിലാണ്. ഇവിടെ തെറ്റുകൾ പരിശോധിക്കാനുള്ള സംവിധാനം പോലും നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ല. അക്ഷരത്തെറ്റും വ്യകാരണത്തെറ്റും ഗവേഷണ പ്രബദ്ധങ്ങളിലും ഏറെയാണ്. മാത്രമല്ല ഇതിൽ പകുതിയും ശുദ്ധ കോപ്പിയടിയാണ്.

മുൻ മന്ത്രിയും എംഎൽഎയുമായ ഡോ കെ ടി ജലീലിന്റെ ഡോക്‌റേറ്റും നേരത്തെ വിവാദത്തിലായിരുന്നു. 2006-ലാണ് ജലീൽ കേരള സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടിയത്. മലബാർ കലാപത്തിൽ ആലി മുസ്ല്യാർക്കും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ചായിരുന്നു പ്രബന്ധം തയ്യാറാക്കിയത്. എന്നാൽ പ്രബന്ധത്തിൽ ഉദ്ധരണികൾ മാത്രമാണെന്നും ജലീലിന്റേതായി ഒരു സംഭാവനയുമില്ലെന്നാണ് ആരോപണം. ഡോ ഹുസൈൻ രണ്ടത്താണി എഴുതിയ ലേഖനങ്ങളിലെ പലഭാഗങ്ങളും ജലീൽ ഈച്ചക്കോപ്പയടിക്കയാണെന്നും ആരോപണം ഉയർന്നു.

നേരത്തെ സുനിൽ പി ഇളയിടത്തിന്റെ നേർക്കുവരെ പ്ലേജറിസം ആരോപണം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം അതിന് കൃത്യമായി റഫറൻസ് കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞതോടെയാണ് വിവാദം അവസാനിച്ചത്. ഈയിടെ തന്റെ കവിതകളിൽ ഗവേഷണം നടത്തിയതിന്റെ പേരിലുള്ള ഗുരുതരമായ തെറ്റുകൾ ചൂണ്ടിക്കാട്ടി എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് , ഇനി തന്റെ കവിത ഗവേഷണത്തിന് എടുക്കരുത് എന്ന് വികാരധീനായി പറഞ്ഞിരുന്നു. 'താതവാക്യം' എന്ന ചുള്ളിക്കാടിന്റെ വിഖ്യാതമായ കവിത വസന്തതിലകം വൃത്തത്തിലാണ് എഴുതിയത്. എന്നാൽ ഇത് സംബന്ധിച്ച് കേരള സർവകലാശാലയിൽ നടത്തിയ ഗവേഷണ പ്രബന്ധത്തിൽ പറയുന്നത് ഇതിന്റെ വൃത്തം കേക ആണെന്നാണ്. ഇതിൽ മനംനൊന്താണ് ചുള്ളിക്കാട് ഇനി തന്റെ കവിതയിൽ ഗവേഷണം വേണ്ട എന്ന് പറഞ്ഞത്.

ഇങ്ങനെ കേരളത്തിലെ ഉന്നതവിഭ്യാഭ്യാസ രംഗം കുത്തഴിയുന്നതിന്റെയും, ഡോകടേറ്റ് ഉണ്ടായിട്ടും അക്ഷരത്തെറ്റില്ലാതെ മലയാളം എഴുതാൻ കഴിയാത്തതിന്റെയും കൃത്യമായ സൂചനയാണ് ചിന്തയുടെ വാഴക്കുല വിവാദം. ( ഇപ്പോൾ ചിന്ത നേരത്തെയിട്ട പോസ്റ്റുകളിലെ തുടർച്ചയായ അക്ഷരത്തെറ്റുകൾ ചിലർ കുത്തിപ്പൊക്കുന്നുണ്ട്) പക്ഷേ വിവാദങ്ങൾ എന്തൊക്കെയുണ്ടെങ്കിലും ചിന്ത രാഷ്ട്രീയമായി വളരുകയാണ്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായി. സിപിഎം സംസ്ഥാന സമിതിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതകളിൽ ഒരാളായി. 

വാൽക്കഷ്ണം: ഓവർ കോൺഫിഡൻസോടെ അസംബന്ധം പറയുക എന്നത് ചിന്തയുടെ മാത്രം പരിപാടിയല്ല. ഇ പി മുതൽ എം എ ബേബിവരെയുള്ള സിപിഎം നേതാക്കളുടെ സ്ഥിരം പരിപാടിയാണ്. ഈയിടെ ഇലന്തൂരി നരബലിക്ക് കാരണം ആഗോളീകരണമാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആ ബിന്ദു പറഞ്ഞത്. പിന്നെ എന്തിനാണ് നിങ്ങൾ ചിന്തയെ മാത്രം ട്രോൾ മഴയത്ത് നിർത്തുന്നത്! 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP