Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉക്രൈയിനിലും കിർഗിസ്ഥാനിലും റഷ്യയിലും എംബിബിഎസിന് വേണ്ടത് 50 ലക്ഷം രൂപ; കേരളത്തിൽ പോലും സെൽഫ് ഫിനാൻസിങ് കോഴ്‌സിന് 70 ലക്ഷം മുതൽ ഒരു കോടിവരെ; പക്ഷേ ചൈനയിൽ നിങ്ങൾക്ക് 20ലക്ഷം ഫീസിൽ മെഡിസിൻ പഠിക്കാം; സിലബസും ലളിതം; കാശുകൊടുത്താൽ ഇൻവിജിലേറ്റർമാരുടെ സഹായവും; ചുളുവിൽ ഡോക്ടറാവാൻ ലക്ഷങ്ങൾ മുടക്കി ചൈനയിലേക്കു പോയ മലയാളികൾ തൃശങ്കുവിൽ; കൊറോണ കുത്തുപാളയെടുപ്പിക്കുന്നത് കേരളത്തിലെ ചൈനീസ് എംബിബിഎസ് റിക്രൂട്ട്മെന്റ് ലോബിയെയും

ഉക്രൈയിനിലും കിർഗിസ്ഥാനിലും റഷ്യയിലും എംബിബിഎസിന് വേണ്ടത് 50 ലക്ഷം രൂപ; കേരളത്തിൽ പോലും സെൽഫ് ഫിനാൻസിങ് കോഴ്‌സിന് 70 ലക്ഷം മുതൽ ഒരു കോടിവരെ; പക്ഷേ ചൈനയിൽ നിങ്ങൾക്ക് 20ലക്ഷം ഫീസിൽ മെഡിസിൻ പഠിക്കാം; സിലബസും ലളിതം; കാശുകൊടുത്താൽ ഇൻവിജിലേറ്റർമാരുടെ സഹായവും; ചുളുവിൽ ഡോക്ടറാവാൻ ലക്ഷങ്ങൾ മുടക്കി ചൈനയിലേക്കു പോയ മലയാളികൾ തൃശങ്കുവിൽ; കൊറോണ കുത്തുപാളയെടുപ്പിക്കുന്നത് കേരളത്തിലെ ചൈനീസ് എംബിബിഎസ് റിക്രൂട്ട്മെന്റ് ലോബിയെയും

എം മാധവദാസ്

തിരുവനന്തപുരം: 'മെയ്ഡ് ഇൻ ചൈന' എന്നു പറയുന്ന എല്ലാറ്റിനെയും അൽപ്പം സംശയത്തോടെ വീക്ഷിക്കുന്നരാണ് മലയാളികൾ. വില തുഛമാണെങ്കിലും സാധനം ഡ്യൂപ്ലിക്കേറ്റ് ആണെന്ന് പലപ്പോഴും നാം പരിഹസിക്കാറുണ്ട്. എന്നാൽ സമൂഹത്തിൽ എറ്റവും നിർണ്ണായകമായ പൊതുജനാരോഗ്യമേഖലയിൽ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുന്നതിനെ കുറിച്ച് നാം മതിയായി ബോധവാന്മാർ ആയിരുന്നില്ല. അതാണ് ചൈനീസ് എംബിബിഎസ്. മലയാളി അടുത്തകാലത്തായി വ്യാപകമായി ചൈനയിലേക്ക് പോകുന്നത് മെഡിസിൻ പഠിക്കുന്നതിനുവേണ്ടിയാണ്. ഉക്രൈയിനിലും കിർഗിസ്ഥാനിലും റഷ്യയിലുമൊക്കെയായി 50 ലക്ഷം രൂപയിലധികം എംബിബിഎസിന് ഫീസിനത്തിൽ മാത്രം വേണ്ടിവരുമ്പോൾ ചൈനയിൽ ഇത് തുലോം കുറവാണ്. ഇന്ത്യയിൽ എംബിബിഎസ് പഠിക്കാൻ, പ്രത്യേകിച്ച് സെൽഫ് ഫിനാൻസിങ് കോഴ്‌സ് ആണെങ്കിൽ 70 ലക്ഷം രൂപയ്ക്കു മുകളിൽ ചെലവാകും. ചിലപ്പോൾ ഒരു കോടിയോ 1.10 കോടി വരെയും ആയേക്കാം. എന്നാൽ ചൈനയിൽ പഠിച്ചാൽ 15 - 40 ലക്ഷം രൂപയിൽ താഴെയേ ചെലവാകുകയുള്ളു. അഞ്ച് വർഷം പഠിക്കുന്നതിനാണ് ഇത്രയും കുറഞ്ഞ ഫീസ് എന്നോർക്കണം. ഈ തുക അഞ്ച് വർഷം കൊണ്ട് അടച്ചു തീർത്താൽ മതി. അമേരിക്കയിലേയും ഓസ്‌ട്രേലിയയിലേയും യുകെയിലെയും മെഡിസിൻ സ്ഥാപനങ്ങളെ വെച്ചു നോക്കുമ്പോൾ ചൈനയിൽ വിദ്യാർത്ഥികൾക്ക് ചെലവിൽ വലിയ ഇളവാണുള്ളത്.


.അതുകൊണ്ടുതന്നെ ചൈനയിലേക്ക് മെഡിക്കൽ പഠനം ഒരുക്കിക്കൊടുക്കുന്നതിനായി വലിയൊരു സംഘം ഏജന്റുമാരും കേരളത്തിൽ ഉണ്ടായിരുന്നു. കേരളത്തിലെ പല സ്വാശ്രയകോളജുകളിലും പഠിക്കുന്നതിന് വൻതുക ചെലവാകുമെന്നതിനാൽ ചൈനയിലേക്ക് കേരളത്തിൽനിന്നടക്കം വിദ്യാർത്ഥികളുടെ വൻ ഒഴുക്കാണ് ഉണ്ടായിരുന്നത്. ഇതേ സ്വാശ്രയകോളജുകളുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തിൽ ഒരു ലോബി ചൈനീസ് റിക്രൂട്ട്മെന്റിന് പിന്നിലണ്ടായിരുന്നു. ചൈനയിൽ പഠിക്കാൻപോയ പല വിദ്യാർത്ഥികളും പിന്നീട് റിക്രൂട്ട്മെന്റ് ഏജന്റുമാരായി പ്രവർത്തിക്കാൻ തുടങ്ങി. അങ്ങനെ ചൈനീസ് എംബിബിഎസ് ഒരു കുടിൽ വ്യവസായംപോലെ കേരളത്തിൽ പന്തലിക്കുമ്പോഴാണ് ഇവരുടെയെല്ലാം വയറ്റത്തടിച്ചുകൊണ്ട് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത്. ഇതോടെ കുട്ടികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്. ഇവരിൽ പലരും ഇപ്പോൾ ഐസോലേഷൻ വാർഡിലാണ്. ഇതുപോലെ ചൈനയിൽനിന്ന് എത്തിയ വിദ്യാർത്ഥിക്കാണ്, സംസ്ഥാനത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇപ്പോൾ വിമാനത്തിൽ ഇയാളുടെ കൂടെ വന്ന ആലപ്പുഴ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരിക്കയാണ്.

അത്യപൂർവ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടച്ചിട്ടിരിക്കയാണ്. എന്നും തുറക്കും എന്ന് യാതൊരു പിടിയുമില്ല. കൊറോണ ചൈനയെ സാമ്പത്തികമായി തകർക്കയും സാമൂഹികമായി ഒറ്റപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. അതുകൊണ്ടുതന്നെ വൈറസ് ബാധയിൽനിന്ന് ചൈന വിമുക്തമായാലും എത്രപേർ തിരിച്ചുപോകുമെന്ന് വ്യക്തമല്ല. കോടികൾ ഒഴുകുന്ന കേരളത്തിലെ ചൈനീസ് വിദ്യാഭ്യാസ ലോബി ഇതോടെ തകർന്നിരിക്കയാണ്. മാത്രമല്ല ചൈനീസ് മെഡിക്കൽ ബിരുദത്തിന് ഇന്ത്യയിൽ അംഗീകാരമില്ല എന്നതാണ് വസ്തുത. നിങ്ങൾ വീണ്ടും ഇന്ത്യയിൽ പരീക്ഷ എഴുതണം. ഈ പരീക്ഷയിലാകട്ടെ വെറും പതിനഞ്ചുശതമാനം ആളുകൾപോലും പാസ്സാകാറില്ല. അതായത് ഒരു ഗമക്ക് ഡോക്്ടർ ആണെന്ന് പറഞ്ഞു നടക്കാം എന്നല്ലാതെ ചൈനീസ് ബിരുദം കൊണ്ട് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല. ഈ വിദ്യാഭ്യാസ ലോബിയുടെ വാചാടോപത്തിൽപെട്ട് ബാങ്ക് വായ്പ വഴി ലക്ഷങ്ങളുടെ കടക്കെണിയാണ് കേരളത്തിലെ പല കുടുംബങ്ങളിലും ചൈനീസ് വായ്‌പ്പ ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴിതാ കോളജുകൾ എന്ന് തുറക്കുമെന്നോ, തിരിച്ചുപോകൻ കഴിയുമെന്നോപോലും അറിയാത്ത രീതിയിൽ എലരും പ്രതിസന്ധിയിലാണ്. കേരളത്തിലെ പല കുടുംബങ്ങളെയും കോറോണ കുത്തുപാളയെടുപ്പിച്ചെന്ന് ചുരുക്കം.

ചെലവ് കുറവായതിനാൽ വിദ്യാഭ്യാസത്തിന് കൂടുതൽ വിദ്യാർത്ഥികളെത്തുന്ന രാജ്യമാണ് ചൈന. ഇതിൽ 80 ശതമാനവും എംബിബിഎസിന് എത്തുന്നവരാണ്. ഏജൻസികൾ വഴിയാണ് ഇവർ എത്തുന്നത്. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജൻസികൾ നിലവാരം കുറഞ്ഞ കോളേജിൽ പ്രവേശനം നൽകാറുണ്ടെന്നാണ് കരിയർ കൺസൾട്ടന്റുമാർ പറയുന്നത്.

ലളിത സിലബസ്, ഫീസ് കുറവ്

കേരള, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയൊക്കെ സിലബസ് കഠിനമായതുകൊണ്ട് അണ്ണാമല യൂണിവേഴ്സിറ്റിയിലും, മധുര കാമരാജിലുംപോയി കുറുക്കുവഴിയിലൂടെ എം എ എടുത്തവരാണ് മലയാളികൾ. ഏതാണ്ട് അതേ ടെക്ക്നിക്ക് തന്നെയാണ്, ഇവിടെയും വർക്കൗട്ട് ചെയ്യുന്നത്. സ്വാശ്രയകോളജുകളിൽ ആയാലും കേരളത്തിൽ സിലബസിന് യാതൊരു അയവുമില്ല. മാത്രമല്ല, കാശെറിഞ്ഞാൽ  പ്രാക്ടിക്കൽ  പരീക്ഷക്കുപോലും ഇൻവിജിലേറ്റർമാർ തന്നെ സഹായിച്ചുതരും ചൈനയിൽ എന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ റഷ്യയിലും ഉക്രൈയിനിലും കിർഗിസ്ഥാനിലുമൊക്കെ അവർ സിലബസിൽ യാതൊരു ഇളവിനും തയ്യാറല്ല. ഇതൊക്കെയാണ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായി ചൈനയെ വൈദ്യ പഠനത്തിന് പ്രിയങ്കരമാക്കുന്നത്.

എളുപ്പത്തിൽ എംബിബിഎസ് എന്ന സ്വപ്നവുമായി ചൈനയിലേക്ക് പറക്കുന്ന വിദ്യാർത്ഥികളുടെ ഈ മോഹത്തിനു മീതെയാണ് കൊറോണ പറന്നിറങ്ങിയത്.ഇനി എന്ന് പഠനം തുടരാനാകുമെന്ന് അറിയാതെ ആശങ്കയിലാണ് രക്ഷിതാക്കളും മടങ്ങിയെത്തിയ വിദ്യാർത്ഥികളും.ക്ളാസുകൾ മുടങ്ങിയാൽ ഡോക്ടറെന്ന സ്വപ്നത്തിനുമേൽ കരിനിഴൽ വീഴും. ചൈനയിൽ പഠിക്കാൻ പതിനായിരങ്ങളുണ്ടെങ്കിലും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് എക്സാമിനേഷൻ ജയിക്കുന്നത് വെറും 10-20 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ്. തിയറിയും പ്രാക്ടിക്കലും താരതമ്യേന ലളിതമായതിനാൽ ഇന്ത്യയിലെ കടുപ്പമേറിയ യോഗ്യതാ പരീക്ഷ ജയിക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം.നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻ ആണ് ഈ പരീക്ഷ നടത്തുന്നത്. പരീക്ഷ ആവർത്തിച്ച് എഴുതിയും സമാന്തര പഠനത്തിലൂടെയുമാണ് പലരും യോഗ്യതാ പരീക്ഷ ജയിക്കുന്നത്. ജയിച്ചാലും ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ പ്രാക്ടീസ് ചെയ്യാനുള്ള പ്രാപ്തി പലപ്പോഴും ഉണ്ടാകാറില്ല.

വിദേശത്തെ പഠനത്തിനു ശേഷം വിദ്യാർത്ഥികൾ ഇന്ത്യയിൽ വന്ന്, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്‌ക്രീനിങ് ടെസ്റ്റ് എഴുതണം. ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്‌സ് എക്‌സാമിനേഷൻ (FMGE) എന്നും ഇത് അറിയപ്പെടുന്നു. 300 മാർക്കിന്റെ ടെസ്റ്റാണ്. 150 ചോദ്യങ്ങൾ വീതമുള്ള രണ്ട് പാർട്ടുകളായാണ് പരീക്ഷ നടത്തുന്നത്. ഇതിൽ 50% മാർക്ക് നേടിയാൽ ടെസ്റ്റിൽ വിജയിക്കും. അപ്പോൾ എംബിബിഎസ് രജിസ്‌ട്രേഷൻ നമ്പർ ലഭിക്കും. തുടർന്ന് ഇന്ത്യയിൽ മെഡിക്കൽ പ്രാക്ടീസ് ചെയ്യാനുള്ള അംഗീകാരവുമായി. എംബിബിഎസ് സിലബസ് രണ്ട് മീഡിയത്തിലാണ് ചൈനയിൽ പഠിപ്പിക്കുന്നത്. ഒന്ന് ചൈനീസ് ഭാഷയിൽ. രണ്ടാമത്തേത് ചൈനീസും ഇംഗ്ളീഷും ചേർന്നത്. ഇതിനാണ് പഠിതാക്കളേറെയും. കൂടുതൽ കോളേജുകൾക്ക് എം.ബി.ബി.എസ് ഇംഗ്ലീഷിൽ പഠിപ്പിക്കാനുള്ള അംഗീകാരം ചൈനീസ് സർക്കാർ നൽകിയിട്ടുണ്ട്. 2015-2018 ൽ വിദേശത്തുനിന്ന് എം.ബി.ബി.എസ് നേടിയ ഇന്ത്യക്കാർ 61,798പേരാണ്. അതിൽ ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് എക്‌സാമിനേഷൻ എഴുതിയത് 20,310 പേരാണ്. ജയിച്ചത് ആവട്ടെ വെറും 2369പേരും (11.67 ശതമാനം).

മാതൃകയായി അൻഹുയി മെഡിക്കൽ യൂണിവേഴ്സിറ്റി ചൈന

ഉഡായിപ്പ് യൂണിവേഴ്സിറ്റികൾ ഒരു പാട് ഉണ്ടെങ്കിലും അൻഹുയി മെഡിക്കൽ യൂണിവേഴ്സിറ്റി ചൈനപോലെ സിലബസിൽ വെള്ളം ചേർക്കാത്ത മികച്ച സ്ഥാപനങ്ങളും ചൈനയിൽ ഉണ്ട്. അത് കണ്ടെത്തുകയാണ് പ്രധാനം. കാരണം ലക്ഷങ്ങൾ മുടക്കി മെഡിക്കൽ പഠനം പുർത്തിയാക്കി, ഇന്ത്യയിൽ പരീക്ഷ എഴുതി ജയിച്ച് മറ്റ് രാജ്യങ്ങളിലും മറ്റുപോകുമ്പോൾ അവർ ആദ്യം നോക്കുക, ഏത് യൂണിവേഴ്സിറ്റിയിയാണ് പഠിച്ചത് എന്നാണ്. ചൈനയിലെ അൻഹുയി മെഡിക്കൽ സർവകലാശാല ആ രാജ്യത്തെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. കാമ്പസിലെ ടീച്ചിങ് ആൻഡ് റിസർച്ച് ബിൽഡിങ് ആഭ്യന്തരവും മടങ്ങിയെത്തിയതുമായ വിദേശ ശാസ്ത്രജ്ഞർക്ക് മികച്ച സജ്ജീകരണങ്ങളുള്ള ലബോറട്ടറികളും നെറ്റ് ആക്സസും നൽകുന്നു. ചൈനയിലെ എംസിഐ ആൻഡ് ഡബ്യയു എച്ച് ഒ അംഗീകാരമുള യുണിവേഴ്സിറ്റികളിൽ തന്നെ അഡ്‌മിഷൻ എടുക്കാൻ ശ്രദ്ധിക്കണം. വർഷത്തിൽ ഏറ്റവും കൂടുതൽ മാർക്സ് നേടുന്ന സ്റുഡന്റ്സിന് സ്‌കോളർഷിപ്പും ചൈനയിലെ മിക്ക യൂണിവേഴ്സിറ്റി നൽകുന്നതാണ്.

Beihua University, Jilin University, China Medical University,North Sichuan Medical University, Hebei Medical University തുടങ്ങിയവയെല്ലാം താരതമ്യേന മി്കച്ച രീതിയിൽ പ്രവർത്തിക്കുന്ന സർവകലാശാലകളാണ്. 5 വർഷത്തേക് ഒരു സ്റ്റുഡന്റിന് 20 ലക്ഷം ചെലവിൽ എംബിബിഎസ് പഠിച്ചു കഴിയുന്നതാണ്.

വിദേശത്ത് കോഴ്‌സ് തെരഞ്ഞെടുക്കും ശ്രദ്ധിക്കണം

1. നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കോഴ്‌സിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം. ഇത് ഓൺലൈനിലൂടെ പരിശോധിക്കാവുന്നതാണ്. www.mciindia.org F¶ sh_v--sskänÂ, For students to study abroad എന്ന സെക്ഷനിൽ നിന്ന് ഇക്കാര്യങ്ങൾ മനസിലാക്കാം.

2. പോകുന്ന രാജ്യത്തെ മെഡിക്കൽ കൗൺസിലും കോഴ്‌സ് അംഗീകരിച്ചുണ്ടെന്ന് ഉറപ്പാക്കണം. (അതതു രാജ്യത്ത് അംഗീകാരമുള്ള കോഴ്‌സുകളേ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിക്കുകയുള്ളു.)

3. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോഴ്‌സുകൾ ചെയ്താൽ ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യേണ്ട അവസരങ്ങളിൽ അത് പ്രയോജനം ചെയ്യും.

4. കോഴ്‌സ് തീരുന്നത് വരെയുള്ള മുഴുവൻ വർഷങ്ങളിലും പഠിപ്പിക്കുന്ന മീഡിയം ഇംഗ്ലീഷ് ആണെന്ന് ഉറപ്പാക്കണം. റഷ്യയിലെ ചില യൂണിവേഴ്‌സിറ്റികളിൽ ആദ്യത്തെ മൂന്ന് വർഷം മാത്രമാണ് ഇംഗ്ലീഷ് മീഡിയം. അടുത്ത വർഷങ്ങളിൽ റഷ്യൻ ഭാഷയാണ് മീഡിയം. പുതിയ ഭാഷ പഠിച്ചെടുത്ത്, ആ ഭാഷയിൽ പാഠഭാഗങ്ങൾ പരീക്ഷ എഴുതുക സ്വാഭാവികമായും പ്രയാസമായിരിക്കും. ഇത്തരം അബദ്ധങ്ങളിൽ വീഴാതെ നോക്കണം.

ഇന്ത്യയിലും കേരളത്തിലും വിവിധ നിലവാരത്തിലുള്ള മെഡിക്കൽ കോളജുകൾ ഉണ്ടെന്ന് നമുക്കറിയാം. അക്കാദമിക നിലവാരത്തിന്റെ കാര്യത്തിലും സാങ്കേതിക സൗകര്യങ്ങളുടെ കാര്യത്തിലും പല കോളജുകളും പല തട്ടിലാണെന്നുമറിയാം. അപ്പോൾ വിവിധ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ കാര്യം എത്ര വിഭിന്നമായിരിക്കും. സിലബസിലെ പ്രത്യേകതകൾ, അംഗീകാരം, പഠിക്കാൻ പോകുന്ന രാജ്യത്തിന്റെ പ്രത്യേകതകൾ തുടങ്ങി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള സാക് എജ്യൂക്കേഷൻ അടക്കമുള്ള വിവിധ സംഘടനകൾ സേവനങ്ങൾ നൽകുന്നുണ്ട്.

ലോകത്തിലെ മികച്ച സർവകാലാശാലകൾ ഇവയൊക്കെയാണ്

ടെർനോപിൽ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി ഉക്രെയ്ൻ
കസാൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി റഷ്യ
കിർഗിസ്ഥാനിലെ ഏഷ്യൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
അൻഹുയി മെഡിക്കൽ യൂണിവേഴ്സിറ്റി ചൈന
അകാക്കി സെസെറ്റെലി സ്റ്റേറ്റ് യൂണിവേഴ്സിറ്റി
സെന്റ് തെരേസ മെഡിക്കൽ യൂണിവേഴ്സിറ്റി അർമേനിയ
കരീബിയൻ മെഡിക്കൽ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ
ടിമിസോറ മെഡിക്കൽ യൂണിവേഴ്സിറ്റി റൊമാനിയ
പോസ്നാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്
അയർലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ്
യൂണിവേഴ്സിറ്റി ഓഫ് സസ്‌കാച്ചെവൻ കോളേജ് ഓഫ് മെഡിസിൻ
അങഅ സ്‌കൂൾ ഓഫ് മെഡിസിൻ
മനിലയിലെ സാന്റോ തോമാസ് സർവകലാശാല
മയോ ക്ലിനിക് സ്‌കൂൾ ഓഫ് മെഡിസിൻ
സ്റ്റാഫോർഡ്ഷയർ സർവകലാശാല

അന്ന് ചൈനയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഇന്ത്യയിൽനിന്നുള്ള പഠിതാക്കളുടെ എണ്ണം കൂടിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ചൈന ചില നിയന്ത്രണങ്ങൾ വെച്ചിരുന്നു.നിലവിൽ ചൈനയിൽ വ്യത്യസ്ത കോഴ്‌സുകൾ പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 23,000മാണ്. ആകെ മൊത്തം അഞ്ചു ലക്ഷത്തിലധികം വിദേശികളിൽ ചൈനയിലെ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്നുണ്ട്.ഇന്ത്യയിൽ നിന്നും പഠിക്കാൻ വന്നിട്ടുള്ള 23,000 പേരിൽനിന്നും 21,000 പേരും എം.ബി.ബി.എസ് പഠിക്കാൻ വന്നവരാണ്. ഇത് എക്കാലത്തെയും ഉയർന്ന റെക്കോർഡ് ആണ്.

ചൈനയിലേക്ക് പഠിക്കാനായി വരുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ നിരക്ക് വർധിക്കുന്നതു കൊണ്ട് ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയം 45 കോളേജുകൾ വിദേശ വിദ്യാർത്ഥികൾക്ക് എംബിബിഎസ് കോഴ്‌സ് ഇംഗ്ലീഷിൽ പഠിക്കാനായി അനുവദിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി പറഞ്ഞു. ലിസ്റ്റിലുള്ള 45 കോളേജുകളിലല്ലാതെ ഒരു വിദേശ വിദ്യാർത്ഥിക്കും ഇംഗ്ലീഷിൽ എംബിബിഎസ് പഠിക്കാൻ സാധിക്കില്ല.ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റിൽ നിന്നും കോളേജുകളുടെ കാര്യത്തിലുണ്ടാവുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി എം.ബി.ബി.എസ് പഠിപ്പിക്കാത്ത 200ലധികം വരുന്ന യൂണിവേഴ്‌സിറ്റികളുടെ പേരുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും എംബസി പറഞ്ഞു.സാധാരണ 200 ഓളം വരുന്ന കോളേജുകളിൽ ചൈനീസ് ഭാഷയിലോ ഇംഗ്ലീഷ് ഭാഷയിലോ പഠിപ്പിക്കുന്ന ഏതെങ്കിലും കോളേജുകളിലാവും അഡ്‌മിഷൻ ലഭിക്കുക. 45 കോളേജുകൾ കൃത്യമായി പട്ടികപ്പെടുത്തിയ സാഹചര്യത്തിൽ ഇംഗ്ലീഷിൽ തന്നെ വിദ്യാർത്ഥികൾക്ക് മെഡിസിൻ പഠിക്കാനാവും. കഴിഞ്ഞ വർഷം വന്ന ഈ നിയമത്തിന്റെയൊക്കെ സാധുത പുതിയ സാഹചര്യത്തിൽ എന്താകുമെന്ന് കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP