Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനീസ് മാസ്‌ക്കുകൾക്ക് പിന്നിൽ തൊഴിലാളികളുടെ രക്തം! ദാരിദ്ര്യ നിർമ്മാർജനത്തിന്റെ മറവിൽ കൂട്ടത്തോടെ കൊണ്ടുവന്ന് ഫാക്ടറികളിൽ തള്ളുന്നു; നിസ്‌ക്കരിക്കാൻ പോലും സമയമില്ലാതെ 12 മണിക്കൂർ കഠിന ജോലി; എതിർക്കുന്നവർ മനോരോഗികൾ; രാജ്യത്തോടുള്ള കൂറ് തെളിയിക്കാൻ പ്രതിവാര പതാക ഉയർത്തൽ ചടങ്ങുകളിൽ പങ്കെടുത്ത് പ്രതിജ്ഞ ചൊല്ലണം; 'ചങ്കിലെ ചൈന' ഉയിഗൂർ മുസ്ലീങ്ങളുടെ നടുവൊടിച്ച് കോടികൾ കൊയ്യുന്നത് ഇങ്ങനെ

ചൈനീസ് മാസ്‌ക്കുകൾക്ക് പിന്നിൽ തൊഴിലാളികളുടെ രക്തം! ദാരിദ്ര്യ നിർമ്മാർജനത്തിന്റെ മറവിൽ കൂട്ടത്തോടെ കൊണ്ടുവന്ന് ഫാക്ടറികളിൽ തള്ളുന്നു; നിസ്‌ക്കരിക്കാൻ പോലും സമയമില്ലാതെ 12 മണിക്കൂർ കഠിന ജോലി; എതിർക്കുന്നവർ മനോരോഗികൾ; രാജ്യത്തോടുള്ള കൂറ് തെളിയിക്കാൻ പ്രതിവാര പതാക ഉയർത്തൽ ചടങ്ങുകളിൽ പങ്കെടുത്ത് പ്രതിജ്ഞ ചൊല്ലണം; 'ചങ്കിലെ ചൈന' ഉയിഗൂർ മുസ്ലീങ്ങളുടെ നടുവൊടിച്ച് കോടികൾ കൊയ്യുന്നത് ഇങ്ങനെ

എം മാധവദാസ്

വിലക്കുറവിൽ നമുക്ക് കിട്ടുന്ന ഓരോ ചൈനീസ് ഉൽപ്പന്നത്തിന്റെ പിറകിലും ഒരു കൂട്ടം തൊഴിലാളികളുടെ രക്തം ഉണ്ടാകുമെന്ന് ഇന്ന് ലോകം ഏതാണ്ട് അംഗീകരിച്ച കാര്യമാണ്. ജയിലുകളിൽ രാഷ്ട്രീയ തടവുകാരെപ്പോലും എല്ലുമുറിയെ തല്ലിപ്പണിയെടുപ്പിച്ചാണ് കളിപ്പാട്ടങ്ങൾ തൊട്ട് മൊബൈൽ ഫോൺവരെയുള്ള സാധനങ്ങൾ ചൈന ഉണ്ടാക്കുന്നതെന്ന് മുമ്പ് ബിബിസി വെളിപ്പെടുത്തിയിരുന്നു. ലോകത്ത് തൊഴിൽ പീഡനം മൂലം ഏറ്റവും കൂടുതൽ തൊഴിലാളികൾ ആത്മഹത്യചെയ്യുന്ന സ്ഥലവും ഇന്ന്, കമ്യൂണിസ്റ്റ് സാർവദേശീയതയിൽ വിശ്വസിക്കുന്ന, തൊഴിലാളി വർഗ സർവാധിപത്യം നടപ്പാക്കുന്ന, അതേ ചൈന തന്നെയാണ്. ചൈനയിലെ കൽക്കരി ഖനികളാണ ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ചൂഷണങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിൽ ഒന്നായി ആംനസ്റ്റി ഇന്റർ നാഷണൽ കണ്ടെത്തിയിരുന്നത്. മാസങ്ങൾ കഴിഞ്ഞ് മാത്രം പുറം ലോകം കാണാൻ കഴിയുന്ന ഖനികളിൽ അടിമകളെപ്പോലെയാണ് ജീവനക്കാർ ജോലിചെയ്യുന്നത്. തൊഴിൽപീഡനം കാരണം കഴിഞ്ഞ വർഷങ്ങളിൽ ഇവിടെ ദിവസവും ആളുകൾ ആത്യമഹത്യ ചെയ്യുകയായിരുന്നു. ഇതിന് തടയിടാനായി ഖനിയിൽ ആംഗർ മാനേജ്മെന്റ് സെന്ററുകൾ സ്ഥാപിച്ചാണത്രേ ചൈന ഇപ്പോൾ നേരിടന്നത്. അവിടെ തൊഴിലാളികൾക്ക് തല്ലാനായി മേലധികാരികളുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ടത്രേ. അതിൽ തല്ലിയും ചവുട്ടിയും തുപ്പിയും തൊഴിലാളികൾ നിരാശ തീർക്കുമ്പോൾ, ആത്മഹത്യ കുറയുമത്രേ!

ഇപ്പോഴത്തെ വിവരങ്ങൾ എടുത്താൽ ചൈനീസ് ഖനിയും ജയിലും ഒന്നും ഒന്നുമല്ല. ഈ കോവിഡ് കാലത്ത് മാസ്‌ക്ക് വിൽപ്പനയിലുടെ ചൈന കോടികൾ കൊയ്യുന്നതിന്റെ വിവരങ്ങൾ ആണ് ന്യൂയോർക്ക് ടൈംസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെതന്നെ ചൈന ഒതുക്കാൻ വെച്ച ഉയിഗൂർ മുസ്ലീങ്ങളെ അടിമപ്പണി എടുപ്പിച്ചാണ് അവർ ലോകമെമ്പാടും ചൈനീസ് മാസ്‌ക്കുകൾ എത്തിക്കുന്നത്. ദാരിദ്ര നിർമ്മർജനത്തിന്റെ മറവിൽ സിൻജിയാങ്് പ്രവിശ്യയിൽനിന്ന് ഉയിഗൂർ മുസ്ലീങ്ങളെ കൂട്ടത്തോടെ കൊണ്ടുവന്ന് ഫാക്ടറികളിൽ ആക്കുകയാണ്. നിസ്‌ക്കരിക്കാൻപോലും സമയമില്ലാതെ 12 മണിക്കൂർ കഠിന ജോലിയാണ് ഇവിടെ. നിസ്‌ക്കാരം ഒരുപാട് സമയം കളയുന്നുവെന്നാണ് ചൈനയുടെ കണ്ടെത്തൽ. എതിർക്കുന്നവരെയാവട്ടെ മനോരോഗികൾ ആക്കി ആശുപത്രിയിലേക്കും അയക്കും.

സിൻജിയാങിലെ മാസ്‌ക്ക് കമ്പികൾ 4ൽനിന്ന് 51ലേക്ക്

കോവിഡ് പടർന്നു പിടിക്കവെ ഫേസ് മാസ്‌ക് അടക്കമുള്ള മെഡിക്കൽ ഉൽപന്നങ്ങൾക്ക് ആഗോള തലത്തിൽ ആവശ്യക്കാരേറിയിരിക്കുകയാണെന്ന് ചൈനക്ക് നന്നായി അറിയാം. ആഭ്യന്തര-അന്തർദേശീയ ആവശ്യങ്ങൾക്കായി പിപിഇ കിറ്റുകളുടെ വൻകിട ഉൽപാദനം ചൈനീസ് കമ്പനികൾ നടത്തുന്നുണ്ട്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം സർക്കാറിന്റെ പ്രത്യേക സ്‌പോൺസേഡ് പദ്ധതി പ്രകാരമാണ് ഉയിഗൂർ വംശജരെ ചൈനീസ് കമ്പനികളിൽ തൊഴിലാളികളാക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ പിപ.ഇ കിറ്റുകൾ നിർമ്മിക്കാനാണ് ഇവരെ ഉപയോഗിക്കുന്നത്. ഇവരെകൊണ്ട് നിർബന്ധിതമായി ജോലി ചെയ്യിപ്പിക്കുന്നതും സാധാരണമാണെന്നാണ് വിദഗ്ദർ പറയുന്നത്.

ഉയിഗൂർ വംശജരുടെ മേഖലയായ സിൻജിയാങിൽ കോവിഡ് മഹാമാരി തുടങ്ങുന്നതിനു മുമ്പ് മെഡിക്കൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന നാല് കമ്പനികളാണുണ്ടായിരുന്നത്. എന്നാൽ ഇതിനു ശേഷം ജൂൺ 30 വരെയുള്ള കണക്ക് നോക്കുമ്പോൾ ഇവയുടെ എണ്ണം 51 ആയി ഉയർന്നു. ഇതിൽ പതിനേഴെണ്ണം ലേബർ ട്രാൻസ്ഫർ പ്രോഗ്രാമിൽ പങ്കെടുക്കുന്നുമുണ്ട്.തുടക്കത്തിൽ ആഭ്യന്തര ആവശ്യത്തിനു വേണ്ടിയായിരുന്നു നിർമ്മാണമെങ്കിൽ ഇപ്പോൾ സിൻജിയാങിനു പുറത്തുള്ള കമ്പനികൾ ആഗോള ആവശ്യത്തിനായി ഉയിഗൂർ വംശജരെ ഉപയോഗിക്കുന്നുണ്ട്.

ചൈനയിലെ ഹുബൈ പ്രവിശ്യയിൽ നിന്നും യു.എസിലെ ജോർജിയയിലെ ഒരു മെഡിക്കൽ വിതരണ കമ്പനിയിലേക്ക് ഫേസ് മാസ്‌കുകൾ കയറ്റി അയച്ചതായി ടൈംസ് കണ്ടെത്തിയിട്ടുണ്ട്. ഹുബൈയിലെ ഈ ഫാക്ടറിയിലേക്ക് 100 ഉയിഗുർ വംശജരായ തൊഴിലാളികളെ അയച്ചിരുന്നു. ഇവർ ഇവിടെ വെച്ച് ചൈനയോടുള്ള വിശ്വസ്തത തെളിയിക്കുന്നതിന്റെ ഭാഗമായി പ്രതിവാര പതാക ഉയർത്തൽ ചടങ്ങുകളിൽ പങ്കെടുക്കുകയും പ്രതിജ്ഞ ചൊല്ലുകയും വേണം. ദാരിദ്ര നിർമ്മാർജന പ്രവർത്തനമെന്നാണ് ഉയിഗൂർ വംശജരെ നിർബന്ധിത ജോലി ചെയ്യിക്കുന്നതിന് ചൈനീസ് ദേശീയ മാധ്യമങ്ങൾ വാദിക്കുന്നത്.

മനുഷ്യാവകാശ ലംഘനങ്ങളുടെ ഈറ്റില്ലം

കേരളത്തിലടക്കം ചങ്കിലെ ചൈനയെന്ന് പറയുന്നവർ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കുനേര എന്നും കണ്ണടക്കയാണ് പതിവ്.ആംനെസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് പോലുള്ള സംഘടനകൾ അവരുടേതായ മാര്ഗങ്ങളിലൂടെ ചൈനയിൽ നടക്കുന്ന ഇത്തരത്തിലുള്ള മനുഷ്യാവകാശലംഘനങ്ങളുടെ കൃത്യമായ തെളിവുകളുംപല ഏജൻസികൾക്കും നൽകിപ്പോന്നിട്ടുണ്ട്. എന്നാൽ, ഈ സംഘടനകളുടെ മനുഷ്യാവകാശ നിർവചനങ്ങളും, ചൈനയുടെ മനുഷ്യാവകാശ നിർവചനങ്ങളും തമ്മിൽ കാര്യമായ അന്തരമുണ്ട് എന്നതാണ് യാഥാർഥ്യം.

ചൈനയിൽ നാല് അടിസ്ഥാന തത്വങ്ങളുണ്ട്. അവ പൗരാവകാശങ്ങൾക്ക് ഒരു പടി മേലെ നിലകൊള്ളുന്നു.. ഒന്ന്, സോഷ്യലിസ്റ്റ് പാതയെ നിലനിർത്തുന്നത്. രണ്ട്, പീപ്പിൾസ് ഡെമോക്രാറ്റിക് ഡിക്ടേറ്റർഷിപ്പിനെ നിലനിർത്തുന്നത്. മൂന്ന്, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തെ നിലനിർത്തുന്നത്. നാല്, മാവോ സെ തൂങ്ങിന്റെ ചിന്താപദ്ധതിയെയും മാർക്സിസ്റ്റ് ലെനിനിസ്റ്റ് ചിന്താ സരണികളെയും നിലനിർത്തുന്നത്. ഈ നാലു വകുപ്പിൽ പെടുന്ന ഒരു കാര്യങ്ങളെയും പൗരന്മാർക്ക് ചോദ്യം ചെയ്യാൻ അവകാശമില്ല. അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ, ഈ തത്വങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന പേരിൽ സർക്കാർ പറയുന്നവരെ ജയിലടക്കും. വിചാരണ ചെയ്യും. വേണമെങ്കിൽ കഴുവിലേറ്റും.

1970 -കളിലും 80-കളിലും നടന്ന നിയമപരിഷ്‌കാരങ്ങൾക്ക് ശേഷമാണ് ചൈന ഭരിച്ചുപോരുന്ന കമ്യൂണിസ്റ്റ് പാർട്ടി, നിയമത്തിന്റെയും കോടതിയുടെയും വഴിയേ നടക്കാൻ തയാറായിത്തുടങ്ങുന്നത്. എന്നാൽ ഈ നിയമ വ്യവസ്ഥ പോലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വിധേയമാണ് എന്നതാണ് വാസ്തവം. ന്യായാസനങ്ങളിൽ ഇരിക്കുന്ന ജഡ്ജിമാർ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയരാണ് എന്നർത്ഥം. 2000-ൽ ചൈനയിൽ ജയിലിൽ കഴിഞ്ഞിരുന്നത് നാൽപതു ലക്ഷത്തോളം പേരാണ്.

ആംനസ്റ്റി ഇന്റർനാഷനലിന്റെ തൊണ്ണൂറുകളിലെ പഠനം വ്യക്തമാക്കിയത് ചൈനയിൽ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടിരുന്നവരുടെ സംഖ്യ, റെസ്റ്റ് ഓഫ് ദി വേൾഡ്, അതായത് ബാക്കി ലോകത്തുള്ള രാജ്യങ്ങളുടേത് മൊത്തം എടുത്താൽ ഉള്ളതിനേക്കാൾ കൂടുതലായിരുന്നുഎന്നാണ്. ചൈനയിൽ ഇന്നും 46 കുറ്റങ്ങൾക്ക് വധശിക്ഷയാണുള്ളത്. അതിൽ സാമ്പത്തിക കുറ്റങ്ങളും, നികുതിവെട്ടിപ്പും, അഴിമതിയും ഒക്കെ വരും. പട്ടാപ്പകൽ പൊലീസ് നേരിട്ടാണ് ശിക്ഷ നടപ്പിലാക്കുക. ഒന്നുകിൽ വിഷം കുത്തിവെക്കും, അല്ലെങ്കിൽ വെടിവെച്ച് കൊല്ലും അതാണ് പതിവ്.1996-ൽ ടോർച്ചർ നിയമം മൂലം നിരോധിക്കപ്പെട്ടതാണെങ്കിലും ഇന്നും പല ജയിലുകളിലും അത് നിർബാധം തുടരുന്നുണ്ട്. കൊടിയ മർദ്ദനങ്ങൾക്കു പുറമെ ഉറക്കം നിഷേധിക്കൽ, ഭക്ഷണം, മരുന്ന് എന്നിവ നൽകാതിരിക്കാൻ എന്നിങ്ങനെ പലവിധത്തിലുള്ള മാനസികപീഡനങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ. ഇതിന്റെ ഒപ്പമാണ് കഠിനമായ ജോലിയും. നമ്മുടെ ജയിലുകളിൽ നടക്കുന്നപോലെയുള്ള കലാപരിപാടികൾ ചൈനയിൽ നടപ്പില്ല.

പുത്തരിക്കണ്ടം പോലെ പ്രൊട്ടസ്്റ്റ് പാർക്ക്

1982-ലെ ഭരണഘടന ചൈനക്കാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുകൊടുക്കുന്നുണ്ട്. എങ്കിലും, രാജ്യത്തിനെതിരെയുള്ള അട്ടിമറി ചെറുക്കാൻ, രാജ്യത്തിന്റെ രഹസ്യങ്ങൾ സംരക്ഷിക്കാൻ എന്നിങ്ങനെ രണ്ടു വകുപ്പ് പറഞ്ഞ് ആരെയും പിടിച്ച് ജയിലിലിടാൻ ചൈനീസ് ഗവൺമെന്റിന് ആവും. ഒരാൾക്കും അതിനെതിരെ ശബ്ദിക്കാനാവില്ല. 2008-ൽ ചൈനീസ് സർക്കാർ രസകരമായ ഒരു സൗകര്യം ഏർപ്പെടുത്തിക്കൊടുത്തു തങ്ങളുടെ പൗരന്മാർക്ക്. നിങ്ങൾക്ക് വേണമെങ്കിൽ നേരത്തെ അപേക്ഷിച്ച് അനുമതി നേടിയ ശേഷം പ്രതികരിക്കാം. പ്രതിഷേധിക്കാം. അതിനായി 'പ്രൊട്ടസ്റ്റ് പാർക്ക് 'എന്ന പേരിൽ നമ്മുടെ പുത്തരിക്കണ്ടം പോലെ ഒരു സ്ഥലവും അവർ ഏർപ്പാടാക്കി. അത് വിശ്വസിച്ച് പലരും പ്രതിഷേധാനുമതിക്കായി അപേക്ഷകൾ സമർപ്പിച്ചു. ആ അപേക്ഷകൾ ഒരെണ്ണമില്ലാതെ സർക്കാർ തള്ളി. എന്നുമാത്രമല്ല, അപേക്ഷകൾ സമർപ്പിച്ചവരിൽ മിക്കവരെയും അറസ്റ്റുചെയ്ത് തുറുങ്കിലടക്കുകയും ചെയ്തു.

ഫ്രീഡം ഹൗസ് എന്ന മനുഷ്യാവകാശ സംഘടന ചൈനയെ പത്രസ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ 'നോട്ട് ഫ്രീ' എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ചൈനയിലെ ജേര്ണലിസ്റ്റായ ഹീ കിങ്‌ലിയാൻ പറയുന്നത് ചൈനയിലെ മാധ്യമങ്ങളെല്ലാം തന്നെ പ്രവർത്തിക്കുന്നത് ചെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ പ്രൊപ്പഗാണ്ടാ വിഭാഗത്തിൽ നിന്നുള്ള നിർദേശങ്ങൾക്ക് അനുസൃതമായിട്ടാണ്. 'ഫ്രീ ടിബറ്റ്' പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഐടിവി റിപ്പോർട്ടർ ജോൺ റേ അടക്കമുള്ള പല പത്രപ്രവർത്തകരും അറസ്റുചെയ്യപ്പെട്ടിട്ടുണ്ട്. 2012-ൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമീഷണർ അടക്കമുള്ളവർ അഭ്യർത്ഥിച്ചിട്ടും ചൈന തങ്ങളുടെ പത്രനയത്തിൽ നിന്നും ഒരിഞ്ചു പിന്നോട്ട് പോവാൻ തയ്യാറായിട്ടില്ല.

ചൈനയിൽ അറുപതിലധികം ഇന്റർനെറ്റ് നിയന്ത്രണസംബന്ധമായ നിയമങ്ങളുണ്ട്. ചൈനയിലെ സൈബർ സെൽ മറ്റേതൊരു രാജ്യത്തെതിനേക്കാളും ആധുനികമായ സംവിധാങ്ങൾ കൊണ്ട് സജ്ജമാണ്. ലോകത്തിലേക്കും വെച്ച് ഏറ്റവുമധികം ജേർണലിസ്റ്റുകളും സൈബർ വിമർശകരും തടവിൽ കഴിയുന്ന രാജ്യമാണ് ചൈന എന്നാണ് ആംനെസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തത്. 'നെറ്റിസൺസിന്റെ ഏറ്റവും വലിയ ജയിൽ' എന്നാണ് 'റിപ്പോർട്ടേഴ്‌സ് സാൻസ് ഫോണ്ടിയേഴ്‌സ്' എന്ന പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടന ചൈനയെ വിളിച്ചത്. ചൈനയുടെ സൈബർ നയങ്ങളുടെ കർക്കശ്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു 2013-യിൽ, ടിയാനൻ മെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ ഇരുപത്തിനാലാം വാർഷികത്തിൽ ഇന്റർനെറ്റിൽ 'ടിയാനന്മെൻ സ്‌ക്വയർ' എന്ന് സെർച്ച് ചെയ്യുന്നത് ചൈന നിരോധിച്ചത്.

തൊഴിലെടുക്കുന്നതിനും ചൈനയിൽ നിയന്ത്രണം ഉണ്ട്. 1940-ളുടെ അവസാനം ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. 1958-ൽ ചെയർമാൻ മാവോ രാജ്യത്ത് റെസിഡൻസി പെർമിറ്റ് സിസ്റ്റം കൊണ്ടുവന്നു. രാജ്യത്തെ തൊഴിലാളികളെ അർബൻ, റൂറൽ എന്നിങ്ങനെ രണ്ടായി തിരിച്ചു. അതുപ്രകാരം, ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ വന്നു കൂലിവേല എടുക്കണമെങ്കിലും സർക്കാർ ചാനലുകളിലൂടെ അപേക്ഷ സമർപ്പിച്ച് അതിനുള്ള അനുവാദത്തിനുവേണ്ടി കാത്തിരിക്കണം.ചൈനയിൽ സംഘടനയുടെ കാര്യത്തിൽ ഓൾ ചൈന ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് എന്ന സംഘടനയുടെ ഏകാധിപത്യമാണ്. ഈ ഒരു സംഘടന മാത്രമാണ് ഫലത്തിൽ ചൈനയിൽ പ്രവർത്തിക്കുന്നത്. അതും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ. ഇതാണ് ഉയിഗൂരികളുടെ ഫലപ്രദമായി നിയന്ത്രിക്കാൻ ചൈനക്ക് കഴിയുന്നത്.

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം

1966 -1976 കാലത്ത് ചൈനയിൽ സാംസ്‌കാരിക വിപ്ലവം നടന്നു എന്ന് പറയപ്പെടുന്നു. അക്കാലത്ത് മതത്തിന്റെ പേരിലുള്ള എല്ലാ പ്രവർത്തനങ്ങളും നിരുത്സാഹപ്പെടുത്തുന്ന നയമാണ് ചെയർമാൻ മാവോ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ 'നാലു പഴമകളുടെ നാശം' എന്ന കാമ്പയിൻ വളരെ പ്രസിദ്ധമായിരുന്നു. ' പഴയ ആചാരങ്ങൾ, സംസ്‌കാരം, ശീലം, ആശയങ്ങൾ' ഇതൊക്കെയും നശിപ്പിക്കപ്പെടേണ്ടതാണ് എന്നായിരുന്നു മാവോയുടെ പക്ഷം. 1982 -ലെ ഭരണഘടന ചൈനീസ് പൗരന്മാർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും, ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം അനുവദിക്കുന്നുണ്ട്. അതേ സമയം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ നിർബന്ധമായും നാസ്തികരായിരിക്കണം എന്നും നിഷ്‌കർഷയുണ്ട്. ക്രിസ്ത്യാനിറ്റി, ഇസ്ലാം, തിബറ്റൻ ബുദ്ധമതം ഈ മൂന്നു വിശ്വാസങ്ങളും ചൈനയിൽ നിരന്തരം ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്ക് വിധേയമായിക്കൊണ്ട് നിലനിൽക്കുന്ന വിശ്വാസങ്ങളാണ്. മതവിശ്വാസം വെച്ചുപുലർത്തുന്നവരിൽ ഭരണകൂടം വളരെ സ്വാഭാവികമായി ദേശഭക്തിയുടെ കുറവ് ആരോപിക്കുന്നു. പിന്നീട് ആ ദേശഭക്തിയുടെ കുറവ് നികത്താൻ വേണ്ടി അവരെ 'തെറ്റുതിരുത്തൽ' അല്ലെങ്കിൽ 'അവബോധ' ക്യാമ്പുകളിലും അതിനുള്ള സ്‌കൂളുകളിലും നിർബന്ധിച്ച് പറഞ്ഞയക്കുന്നു. ജയിൽ എന്ന പേര് വിളിക്കുന്നില്ല എന്ന് മാത്രം. അവർക്ക് വേണ്ടത്ര ദേശഭക്തി ആയി എന്ന് സർക്കാർ പ്രതിനിധികൾക്ക് തോന്നും വരെ അവരെ ഈ കറക്ഷണൽ സ്ഥാപനങ്ങളിൽ നിർബന്ധിച്ചു പാർപ്പിക്കാൻ സർക്കാരിന് അധികാരമുണ്ട്.

ഉയിഗർ മുസ്ലിങ്ങൾക്ക് നേരെ ചൈനീസ് സർക്കാർ വളരെ കർക്കശമായ നയമാണ് സ്വീകരിച്ചു പോരുന്നത്. സർക്കാർ അംഗീകൃതപള്ളികളിൽ മാത്രമാണ് അവർക്ക് പ്രാർത്ഥനയ്ക്ക് അനുവാദമുള്ളത്. പതിനെട്ടുവയസ്സിനു താഴെ പ്രായമുള്ള മുസ്ലീങ്ങൾക്ക് പ്രാർത്ഥനയ്ക്ക് അനുമതിയില്ല. സ്‌കൂളുകളിൽ പ്രാർത്ഥിക്കാൻ അനുവാദമില്ല. മതപഠനത്തിനും കാര്യമായ നിയന്ത്രണങ്ങളുണ്ട്. സർക്കാർ ചാരന്മാർ സ്ഥിരമായി പള്ളികൾക്കുള്ളിൽ സ്ഥാനമുറപ്പിച്ചിരിക്കും. സ്ത്രീകൾക്ക് തട്ടമിടുന്നതിനും, പുരുഷന്മാർക്ക് താടി വളർത്തുന്നതിനും നിരോധനമുണ്ട്. അറബി ഭാഷയിലുള്ള പേരുകൾ ഇടാൻ അനുവാദം ചൈനയിലെ മുസ്ലീങ്ങൾക്ക് സർക്കാർ അനുവദിച്ചു കൊടുത്തിട്ടില്ല.

2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം സിൻജ്യങ്ങിൽ നടന്ന അക്രമങ്ങളെ ഭീകരപ്രവർത്തനം എന്ന് പറഞ്ഞ് അടിച്ചമർത്തുകയാണ് ചൈനീസ് സർക്കാർ. 2012-ൽ സീ ജിൻ പിങ്ങ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയ ശേഷം ഏകദേശം പത്തുലക്ഷത്തിലധികം മുസ്ലീങ്ങളെ കമ്യൂണിസ്റ്റു പാർട്ടി നേരിട്ട് നടത്തുന്ന റീ- എജുക്കേഷൻ ക്യാമ്പുകളിൽ, അവരുടെ വിശ്വാസങ്ങൾ വേണ്ടെന്നുവെക്കാനും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തത്വങ്ങൾ സ്വീകരിക്കാനുമുള്ള പരിശീലനത്തിനായി നിർബന്ധിച്ച് പാർപ്പിച്ചിരിക്കുകയാണ് സർക്കാർ. ഈ കമ്പുകളിൽ അവർ നിരന്തരം പീഡനങ്ങൾക്ക് ഇരയാകുകയാണ്. എന്നാൽ ഇത്തരത്തിൽ ക്യാമ്പുകളിൽ കഴിയുന്നവർ 'ഭാവിയിൽ കുറ്റം ചെയ്യാൻ സാധ്യതയുള്ളവർ' ആണെന്നും, അതൊഴിവാക്കാനാണ് ഇത്തരത്തിൽ അവരെ പിടിച്ചു നിർത്തി 'റീ-എഡ്യൂക്കേറ്റ്' അല്ലെങ്കിൽ 'തോട്ട് കറക്റ്റ്' ചെയുന്നത് എന്നാണ് പാർട്ടിയുടെ വാദം. അങ്ങനെ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല എന്നും.

അടിമകളെപ്പോലെ ഒരു ജനത

കമ്യൂണിസ്റ്റ് ചൈനയുടെ വടക്കുപടിഞ്ഞാറ് കിടക്കുന്ന സിൻജിയാങ് പ്രവിശ്യയിൽ, അടിമകളെപ്പോലെ ജീവിക്കുന്നവരാണ് ഉയിഗൂർ മുസ്ലീങ്ങൾ. ഇവർ മതം ഉപേക്ഷിച്ച് ദേശീയവാദികൾ ആകണം എന്നാണ് ചൈന ആഗ്രഹിക്കുന്നത്. അതിനായി 30 ലക്ഷത്തോളം വരുന്ന ഉയിഗൂർ മുസ്ലീങ്ങളെ തടവറകളിൽ അടച്ചിരിക്കയാണ് ചൈന. എന്നാൽ ഇത് തടവറയല്ല, രാഷ്ട്ര പുനർ നിർമ്മാണ കേന്ദ്രങ്ങളാണെന്നാണ് ആ കമ്യുണിസ്റ്റ് രാജ്യം പറയുന്നത്. അവിടെ എങ്ങനെ ഒരു നല്ല പൗരനാകാം എന്നാണത്രേ ചൈന ഇവരെ പഠിപ്പിക്കുന്നത്. പുരുഷന്മാർ ജയിലിലായ ഉയിഗുർ വീടുകളിലേക്ക് ഇപ്പോൾ 'ബന്ധു സഖാക്കൾ' എന്ന പേരിലാണ് ചൈന ആളുകളെ കയറ്റിവിടുന്നത്. സമ്മതമില്ലാതെ വീടുകളിൽ എത്തുന്ന ഈ അതിഥികൾ ഉയിഗൂരികൾക്കൊപ്പം ഉണ്ടും ഉറങ്ങിയും താമസിക്കും. എല്ലാകാര്യങ്ങളും റിപ്പോർട്ട് ചെയ്യും. ചൈനീസ് ഭാഷയടക്കം പുതിയ കാര്യങ്ങൾ പഠിപ്പിക്കും. അസ്വഭാവികമായ എന്തു കണ്ടാലും പെട്ടെന്ന് റിപ്പോർട്ട് ചെയ്യണമെന്നാണ് ബന്ധു സഖാക്കൾക്ക് നിർദ്ദേശം കിട്ടിയത്. '

ഹറാമായിട്ടുള്ള മദ്യവും മാംസവും കഴിക്കാൻ പ്രേരിപ്പിക്കണം, താടിയില്ലാത്തയാൾ പെട്ടെന്ന് താടിവച്ചാലും മദ്യപിക്കുന്നയാൾ പെട്ടെന്ന് നിർത്തിയാലുമൊക്കെ റിപ്പോർട്ട് ചെയ്യണം, സുന്നത്തുകല്യാണങ്ങളിൽ, പേരിടൽ ചടങ്ങുകളിൽ, ജനന- മരണങ്ങൾ തുടങ്ങിയവയിലൊക്കെ സജീവമാവണം, മിശ്രവിവാഹങ്ങൾ പരമാവധി പ്രോൽസാഹിപ്പിക്കണം തുടങ്ങിയവയാണ് ഇവർക്ക് നൽകിയ മറ്റ് നിർദ്ദേശങ്ങൾ. എന്നാൽ ഉയിഗൂരികളാകട്ടെ ഇതിൽ ഒന്നും പിടികൊടുക്കാതെ തങ്ങളുടെ വിശ്വാസവുമായി ഉറച്ച് മുന്നോട്ടുപോകുയാണ്.

നിസ്‌ക്കാരവും നോമ്പുമൊക്കെ ഉപേക്ഷിപ്പിച്ച് മുസ്്ലീങ്ങളെ അവർ അല്ലാതാക്കുകയാണ് ചൈനയുടെ ലക്ഷ്യം. എന്നാൽ ഈ രീതിയിലുള്ള പീഡനങ്ങൾ ഉണ്ടായിട്ടും അറബ് ലോകം അടക്കമുള്ള ഇസ്ലാമിക ലോകം പോലും ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മൗനം പാലിക്കയാണ്. കാരണം ചൈനയുമായുള്ള വ്യാപാര - വ്യവസായ ബന്ധങ്ങൾ തന്നെ. ആകെ പ്രതികരിക്കുന്നത് പാശ്ചാത്യ മനുഷ്യാവകാശ സംഘടകൾ മാത്രമാണ്. പാക്കിസ്ഥാനോ ഇറാനോപോലും ഇവർക്കുവേണ്ടി നിലകൊണ്ടിട്ടില്ല. കേരളത്തിൽ നോക്കുക. റോഹീങ്ക്യൻ മുസ്ലീങ്ങൾക്കുവേണ്ടി വലിയ റാലികൾ നടന്ന ഇവിടെ, ഉയിഗൂർ മുസ്ലീങ്ങളുടെ കാര്യം ആരും മിണ്ടുന്നില്ല.

ക്ഷണിക്കപ്പെടാത്ത അതിഥികൾ വാതിലിൽ മുട്ടുമ്പോൾ

രാജ്യത്തെ ഭൂരിപക്ഷത്തിന്റെതിൽനിന്ന് മാറിയുള്ള മതവും ആചാരങ്ങളും രാഷ്ട്രീയവും ജീവിതരീതിയുമാണ് നിങ്ങളുടേത് എന്ന വെക്കുക. അതിന്റെ പേരിൽ ഭരണകൂടം നമ്മുടെ വീട്ടിലെ പുരുഷന്മാരെ 'നന്നാക്കാൻ' വേണ്ടി ക്യാമ്പുകളിൽ തടവിലാക്കുന്നു. തുടർന്ന് 'നിങ്ങൾക്കിതാ ഒരു ബന്ധു' എന്ന് പറഞ്ഞ് ഒരു സർക്കാർ പ്രതിനിധിയെ നമ്മുടെ വീട്ടിലേക്കയക്കുന്നു. അയാൾ നമ്മുടെ വീട്ടിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുകയും ഇനിമുതൽ ഈ ഭാഷയും സംസ്‌കാരവുമാണ് നിങ്ങൾ പിന്തുടരേണ്ടത് എന്ന് പറയുകയും ചെയ്യുന്നു. തീർന്നില്ല, നമ്മുടെ വീട്ടിലെ സ്ത്രീക്കൊപ്പം, ക്യാമ്പുകളിലാക്കപ്പെട്ടവരുടെ ഭാര്യയ്ക്കൊപ്പം ഒരേ കിടക്കയിൽ ഈ സർക്കാർ ചാരൻ ഉറങ്ങുകയും ചെയ്യുന്നു. പുരുഷന്മാർ ഇല്ലാത്ത വീടുകളിൽ പലപ്പോഴും ചാര വനിതകളാണ് എത്താറുള്ളതെന്നുമാത്രം. ഇതാണ് ചൈനയിൽ ഉയിഗുർ വംശജരുടെ അവസ്ഥ അതാണ്.

ഉയിഗുറുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സിസിടിവി നിരീക്ഷണങ്ങളും അവരുടെ വീടുകളിൽ നിർബന്ധിതമായി ഗവൺമെന്റിന്റെ ചാരന്മാരെ പാർപ്പിക്കലും കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് സർക്കാരിന് തോന്നുന്ന ഉയിഗുറുകളെ വലിയ റീഎജുക്കേഷൻ സെന്ററുകളിൽ പാർപ്പിച്ച് ചൈനീസ് വിദ്യാഭ്യാസം നൽകലും ഒക്കെ ഇതിന്റെ ഭാഗമായി നടന്നുപോരുന്നുണ്ട്. ഇപ്പോൾ, വന്നിരിക്കുന്ന വാർത്ത മനുഷ്യാവകാശത്തിന്റെ കടുത്ത ലംഘനങ്ങളിലൊന്ന് തന്നെയാണ്. ഇങ്ങനെ തടങ്കലിൽ പാർപ്പിച്ചുകൊണ്ടിരിക്കുന്ന പുരുഷന്മാരുടെ വീടുകളിലേക്ക് അയക്കപ്പെടുന്ന ഗവൺമെന്റ് ചാരൻ/ കേഡറുകളെ സംബന്ധിച്ചാണത്.

2017 -ന്റെ അവസാനം മുതൽ, ഉയിഗൂരിലെ കുടുംബങ്ങളിലേക്ക് ഉദ്യോഗസ്ഥരെത്തുകയും അവരെ ചൈനീസ് സംസ്‌കാരം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'ജോഡിയാക്കി കുടുംബമാക്കുക' (Pair Up and Become Family) എന്നത് ചൈനീസ് സർക്കാർ ഉയിഗുറുകൾക്ക് നേരെ നടപ്പിലാക്കുന്ന അനേകം നയങ്ങളിലൊന്നായിരുന്നു. 2017 ഏപ്രിൽ മുതൽ തന്നെ ഇങ്ങനെ വ്യത്യസ്തമായ മതാചാരങ്ങളെ ഉൾക്കൊള്ളുന്നവരെയും മറ്റ് രാഷ്ട്രീയത്തിൽ (അധികൃതരുടെ ഭാഷയിൽ തെറ്റായ രാഷ്ട്രീയം) വിശ്വസിക്കുന്നവരെയും ഉൾക്കൊള്ളുന്ന 1.5 ദശലക്ഷം ഉയിഗുർ വംശജരെയും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളെയും പാർപ്പിക്കുന്നതിനായി ക്യാമ്പുകൾ പണിയുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരുന്നു.

ഇങ്ങനെ പുരുഷന്മാർ തടങ്കലിലായിരിക്കുന്ന പല വീടുകളിലും ബന്ധു സഖാവ് എന്ന പേര് നൽകിയിരിക്കുന്ന ഒരു സർക്കാർ പ്രതിനിധി എത്തുകയും ഈ ബന്ധു വീട്ടിലെ കാര്യങ്ങളിൽ വീട്ടിലെ അംഗത്തെപ്പോലെ ഇടപെടുകയും ചെയ്യുന്നു. ഈരണ്ടു മാസത്തിൽ ഓരോ വീട്ടിലും ആറ് ദിവസമെങ്കിലും ഇവർ താമസിക്കും. ഇതുസംബന്ധിച്ച് ബിബിസി ഒരു കേഡറെ കണ്ട് രഹസ്യമായി എടുത്ത ഇന്റവ്യുവിൽ ഇങ്ങനെയാണ് പറയുന്നത്. 'ഈ ബന്ധുക്കൾ എല്ലാ രണ്ട് മാസം കൂടുമ്പോഴും ഈ വീടുകളിലെത്തും. ജോഡികളെന്ന് പറഞ്ഞിരിക്കുന്നവരുമായി ഒരുമിച്ച് കഴിയും. പകൽ മാത്രമല്ല, രാത്രികളിലും അവർക്കൊപ്പം തന്നെയാണ് കഴിയേണ്ടത്. കുടുംബത്തിന് പുതിയ ആശയസംഹിതകളും ആശയങ്ങളും പഠിപ്പിക്കും. ജീവിതത്തെ കുറിച്ച് സംസാരിക്കും. ആ സമത്താണ് നമുക്കിടയിലൊരു ബന്ധം രൂപപ്പെട്ടുവരുന്നത്. ഒരുമിച്ച് വീട്ടിലെ കാര്യങ്ങൾ നോക്കുകയും ഭക്ഷണം കഴിക്കുകയും മാത്രമല്ല. രാത്രിയിൽ ഈ വീട്ടിലെ സ്ത്രീകൾക്കൊപ്പം ഒരേ കിടക്കയിൽ തന്നെയാണ് ഉറങ്ങുന്നതും. പ്രത്യേകിച്ച് മഞ്ഞുകാലങ്ങളിൽ... സാധാരണ ഒന്നോ രണ്ടോ പേരോ ആണ് ഒരു ബെഡ്ഡിൽ കിടക്കുന്നതെങ്കിൽ മഞ്ഞുകാലമെത്തിയാൽ മൂന്നോ അതിലധികമോ പേരൊക്കെ ഒരു ബെഡ്ഡിൽ കിടക്കും'- പേരുവെളിപ്പെടുത്താത്ത ആ കേഡർ പറയുന്നു.

ശരിയായ രീതിയിൽ കിടപ്പറ ഒരുക്കുന്നതിനും മറ്റും നമ്മളവരെ സഹായിക്കാറുണ്ട്. ഇനി അഥവാ എത്തുന്ന വീട്ടിൽ കട്ടിലില്ലെങ്കിൽ അവരെവിടെയാണോ കിടക്കുന്നത് ആ സ്ഥലത്ത് തന്നെ അവരുടെ കൂടെത്തന്നെ നമ്മളും കിടക്കും. എല്ലാവർക്കും ഒരുമിച്ച് കിടക്കാവുന്ന ഒരിടത്ത് എല്ലാവരും ചേർന്ന് തൊട്ടുമുട്ടിയായിരിക്കും പലപ്പോഴും കിടക്കുക. ഞങ്ങളാരും ഒരിക്കലും സ്ത്രീകളെ ചൂഷണം ചെയ്യാറില്ല. അങ്ങനെയൊന്ന് കേൾക്കാനും പറ്റില്ല. ഇപ്പോൾ, ഇങ്ങനെ വരുന്ന ബന്ധുക്കൾക്കൊപ്പം ഒരുമിച്ചുറങ്ങുക എന്നത് സാധാരണമായിത്തന്നെയാണ് അവർ കാണുന്നത്. അധികം വരുന്നത് വനിതകൾ ആയതിനാൽ ലൈംഗിക ചൂഷണത്തെക്കുറിച്ച് പരാതി ഉണ്ടായിട്ടില്ല. പക്ഷേ പുരുഷ ചാരന്മാർ കുട്ടികൾക്കൊപ്പമാണ് ഉറങ്ങുക.

ഈ ഉയിഗുറുകളുടെ വീട്ടിൽ തങ്ങാനെത്തുന്നവർ അവർ കഴിക്കാത്ത തരത്തിൽ/ഹറാമായിട്ടുള്ള മദ്യവും മാംസവും ഒക്കെക്കൊണ്ടാണ് എത്തുക. തുടർന്ന്, അവരെ അവ കഴിക്കാൻ പ്രേരിപ്പിക്കുകയും ചൈനീസ് ഭാഷ പഠിപ്പിക്കുകയും മറ്റും ചെയ്യുകയാണ് എന്നും വിവരങ്ങളുണ്ട്. ഏതായാലും ചൈനീസ് സർക്കാർ ഉയിഗുർ വംശജരോട് കാണിക്കുന്ന ഈ അങ്ങേയറ്റത്തെ മനുഷ്യാവകാശലംഘനങ്ങൾ ലോകത്തിന്റെ തന്നെ ശ്രദ്ധയാവശ്യപ്പെടുന്നതാണ്.

മതനാമം കൊണ്ടുനടക്കുന്നതും തീവ്രവാദം

അന്ധവിശ്വാസങ്ങളിൽ അഭിരമിക്കുന്ന പാർശ്വവൽകൃതരായ ഉയിഗൂർ മുസ്ലീങ്ങളെ അതിൽ നിന്നെല്ലാം അടർത്തിയെടുത്ത് മതേതര മുഖ്യധാരാ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്നതിന് ഇങ്ങനെ നിഴൽപോലെ കൂടെ നടക്കുന്ന നവാഗത ബന്ധുക്കൾ വേണമെന്നാണ് സർക്കാർ പറയുന്നത്. ചൈനയിൽ സി ജിൻ പിങ് ഭരണത്തിലേറിയപ്പോൾ മുതൽ ഉയിഗൂർ മുസ്ലിങ്ങളുടെ തെരുവുകളിൽ മുക്കിനുമുക്ക് ഗവണ്മെന്റിന്റെ കണ്ണുകളാണ്. ഇപ്പോൾ തന്നെ, മുഖം തിരിച്ചറിയാൻ കഴിയുന്ന സിസിടിവി ക്യാമറകൾക്ക് മുന്നിലൂടെയല്ലാതെ അവർക്ക് വീടിന്റെ പടിവിട്ട് ഒരടിപോലും വെക്കാനാവില്ല. ഈ പുതിയ പരിഷ്‌കാരം ഒരുപടികൂടി കടന്ന്, അവരുടെ വീടിനുള്ളിലും സർക്കാരിന്റെ ചാരക്കണ്ണുകൾ സ്ഥാപിച്ചിരിക്കുകയാണ്.ഒരുവാക്ക് ഒക്കെ മതിയാവും അവരെ സർക്കാർ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും തുടർന്നുള്ള പീഡനങ്ങൾക്കിരയാക്കാനും..

ചൈനയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ കണക്കുകളനുസരിച്ച് ഏകദേശം പത്തുലക്ഷത്തോളം ഉയിഗൂർ മുസ്ലിങ്ങൾ 'ഭീകരവാദം' എന്ന വിശാലമായ ആരോപണം നേരിട്ട് കരുതൽ തടങ്കലുകളിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ സിം ജിയാങ്ങിലെ പ്രവിശ്യാഭരണകൂടത്തിന്റെ മുൻകൈയിൽ 'ഒരേ കുടുംബമാവൽ' വാരം സംഘടിപ്പിക്കുകയുണ്ടായി. ഉയിഗൂർ കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കുന്ന, അവർക്കുവേണ്ടി കറിക്കരിഞ്ഞുകൊടുക്കുന്ന, അവർക്കൊപ്പം അത്താഴമുണ്ണുന്ന നവാഗതബന്ധുജനങ്ങളുടെ നന്മനിറഞ്ഞ സേവനങ്ങളുടെ സചിത്ര വർണ്ണനകൾ അയിരുന്നു എങ്ങും.

സർക്കാരിന്റെ ചാരക്കണ്ണുകൾക്കുള്ള ടെസ്റ്റ് റൺ ആയിരുന്നു യഥാർത്ഥത്തിൽ ഡിസംബറിലെ 'ഒരേ കുടുംബമാവൽ' വാരാഘോഷം.. ഫെബ്രുവരിയായപ്പോഴേക്കും, സിൻ ജിയാങ് യുണൈറ്റഡ് ഫ്രണ്ട് വർക്‌സ് ഡിപ്പാർട്ടുമെന്റ് വക ഉത്തരവിറങ്ങി. സർക്കാർ ഉദ്യോഗസ്ഥരെല്ലാം തങ്ങളുടെ നിയുക്ത ബന്ധുകുടുംബങ്ങളോടൊപ്പം രണ്ടുമാസത്തിലൊരിക്കൽ ചുരുങ്ങിയത് അഞ്ചു ദിവസത്തേക്കെങ്കിലും താമസിച്ചിരിക്കണം'. പൊതുമേഖലയിൽ തൊഴിലെടുക്കുന്ന പാർട്ടി സഖാക്കൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ ഇതിനകം നൽകപ്പെട്ടിട്ടുണ്ട്. തങ്ങളുടെ നവബന്ധുക്കളുടെ കുടിപാർപ്പുകളിൽ, സുന്നത്തുകല്യാണങ്ങളിൽ, പേരിടൽ ചടങ്ങുകളിൽ, അടുത്ത ബന്ധുജനങ്ങളുടെ ജനന മരണ വിവാഹ അടിയന്തിരങ്ങളിൽ ഒക്കെ ഇനി അവർ പങ്കെടുത്തേ മതിയാവൂ.. ഓരോ കുടുംബാംഗത്തിന്റെയും രാഷ്ട്രീയ ചായവ് സാമൂഹികവ്യാപാരങ്ങൾ, മതം, വരുമാനം, അവരുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, ഇതിനൊക്കെപ്പുറമെ, അവരുടെ അടുത്ത ബന്ധുക്കളുടെ വിശദവിവരങ്ങൾ ഒക്കെയും അറിഞ്ഞിരിക്കാൻ പാർട്ടി ചാരന്മാർ ബാധ്യസ്ഥരാണ്. കുടുംബങ്ങൾക്ക് ഈ സൗജന്യനിരീക്ഷണത്തിനു പുറമെ സർക്കാർ നൂറു രൂപയ്ക്കും അഞ്ഞൂറ് രൂപയ്ക്കുമിടയിൽ ഒരു സംഖ്യ, ഭക്ഷണച്ചെലവുകൾ വഹിക്കുന്നതിലേക്കായി സർക്കാർ അനുവദിക്കുന്നതാണ്. ഇങ്ങനെ ബന്ധുത്വത്തിന് നിയുക്തരാവുന്ന സഖാക്കന്മാർ 'ഉയിഗർ വംശജരുടെ വീടുകൾക്കുള്ളിൽ മാത്രമല്ല, അവരുടെ ഹൃദയങ്ങൾക്കുള്ളിൽകൂടിയാണ് അധിവസിക്കുന്നത് ' എന്നാണ് പാർട്ടി പത്രം മുഖപ്രസംഗമെഴുതിയത്. മിശ്ര വിവാഹങ്ങൾ പ്രോൽസാഹിപ്പിച്ചും അവർ ഉയിഗൂരുകാരെ ചൈനയിൽ ലയിപ്പിക്കുന്നുണ്ട്.

2014 മുതൽ ചൈനീസ് സർക്കാർ തോണ്ടിനിരത്തിയത് ഉയിഗൂരികളുടെ 45 ശ്മശാനങ്ങളാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഇതിൽ മുപ്പതെണ്ണവും തോണ്ടിയത്.ഉയിഗുറുകൾക്ക് അവരുടെ പൂർവികരുടെ ഖബറിടങ്ങളിൽ ചെന്നിരുന്ന് പ്രാർത്ഥനകൾ അർപ്പിക്കുകയും പൂക്കളും മറ്റും കൊണ്ടുവെക്കുകയും ഒക്കെ ചെയ്യുന്ന പതിവുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബറുകൾ അവർ എന്നും നല്ലപോലെ സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ കാത്തുസൂക്ഷിച്ചു പോന്ന ഖബറിടങ്ങളാണ് യാതൊരു മുന്നറിയിപ്പും കൂടാതെ യന്ത്രസഹായത്തോടെ ഇടിച്ചു നിരത്തി, തോണ്ടി മാറ്റിയിരിക്കുന്നത്. അവിടെയിപ്പോൾ അവശേഷിക്കുന്നത് ഒറ്റപ്പെട്ട ചില തലയോട്ടികളും എല്ലുകളും മാത്രമാണ്. ഇനിയവർക്ക് ചെന്നിരുന്ന് പ്രാർത്ഥിക്കാൻ ഒരിടമില്ല. അതുതന്നെയാണ് സർക്കാരിന്റെയും ലക്ഷ്യം.

എതിർക്കുന്നവരെല്ലാം മനോരോഗികൾ

കഠിന ജോലിചെയ്യാൻ മടിക്കുന്നവരെ മനോരോഗികൾ എന്ന് മുദ്രകുത്തി ജയിലിൽ അടക്കുന്ന രീതിയും ഉണ്ട്. ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിന്താധാരകളെ പിന്തുടരാൻ മടികാണിക്കുന്നവരെയും അതിനെ എതിർക്കുന്നവരെയും മനോരോഗികൾ എന്ന് മുദ്രകുത്തി ചിത്തരോഗാശുപത്രികളിൽ അടയ്ക്കുന്ന പരിപാടി മാവോ സെ തൂങ്ങിന്റെ കാലത്തു തന്നെ ഉണ്ടായിരുന്നു. നിരവധി അക്കാദമീഷ്യന്മാരും, വളരെ സമർത്ഥരായ വിദ്യാർത്ഥികളും, മതവിശ്വാസികളും മറ്റും അവരുടെ കംപിറ്റലിസ്റ്റ് മനോഭാവത്തിനും ബൂർഷ്വാ ലോകവീക്ഷണത്തിന്റെ പേരിലും മനോരോഗാശുപത്രിയലിൽ അടക്കപ്പെട്ടു. അവിടെ അവർ അനുഭവിച്ച പീഡനങ്ങൾ അവരിൽ സിക്സോഫ്രീനിയ മുതൽ പാരനോയിഡ് സൈക്കോസിസ് വരെ ഉണ്ടാക്കി. അറുപതുകളിലും എഴുപതുകളിലും ഇത്തരത്തിലുള്ള നിരവധി കേസുകൾ ഉണ്ടായിരുന്നു. ഇതിനെതിരെ ആദ്യമായി പ്രതികരിച്ച വീ ജിങ് ഷെങ് എന്ന ചൈനീസ് മനുഷ്യാവകാശ പ്രവർത്തകനെ അവർ അക്കാലത്ത് ഇതേ പീഡനങ്ങൾക്ക് വിധേയനാക്കി. എഴുപതുകളുടെ അവസാനത്തിൽ ഉണ്ടായ സാംസ്‌കാരിക വിപ്ലവമാണ് പിന്നീട് ഈ ഒരു അവസ്ഥയ്ക്ക് അറുതി വരുത്തിയത്. പിന്നീട് 1992-ൽ ടിയാനൻ മെൻ സ്‌ക്വയറിൽ ജനാധിപത്യത്തിനായി പ്രതിഷേധ പ്രകടനം നയിച്ച വാങ് വാൻസിങ്ങ് എന്ന തേതാവിനെ അറസ്റ്റു ചെയ്ത സംഭവത്തോടനുബന്ധിച്ചും ഇതാവർത്തിക്കപ്പെട്ടു. വാങ്ങിന് മാനസികമായ അസ്വാസ്ഥ്യമുണ്ട് എന്നുള്ള രേഖയിൽ ഒപ്പിട്ടാൽ ഉടനടി വിട്ടയക്കാൻ എന്ന് വിശ്വസിപ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയെ അതിനു പ്രേരിപ്പിച്ച സർക്കാർ വാങ്ങിനെ അന്ന് ബീജിങ്ങിലെ മാനസിക രോഗാശുപത്രിയിൽ അടച്ചതാണ്. അവിടെ നിന്നും ഇന്നുവരെ പുറത്തിറങ്ങാൻ അദ്ദേഹത്തിനായിട്ടില്ല.

രാഷ്ട്രീയ എതിരാളികളെ ജയിലിൽ അടയ്ക്കുന്ന കാര്യത്തിൽ ചൈനീസ് സർക്കാരിനുള്ള താത്പര്യം വിശ്വപ്രസിദ്ധമാണ്. അവരുടെ ക്രിമിനൽ ചട്ടത്തിലെ, 2012-ൽ അമെൻഡുചെയ്ത എഴുപത്തിമൂന്നാം ആർട്ടിക്കിൾ പ്രകാരം, ഭരണകൂടത്തിന് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നു തോന്നുന്നവരെയും, ഭീകരവാദികളെയും അനിശ്ചിതകാലത്തേക്ക് തടങ്കലിലാക്കാം. ഇങ്ങനെ തടങ്കലിലാക്കുന്നവരെക്കൊണ്ട് സർക്കാർ കടുത്ത ജോലികൾ പലതും ചെയ്യിക്കും. അവർക്ക് കൃത്യമായ ഭക്ഷണം നൽകില്ല. ഒടുവിൽ രോഗങ്ങളും പോഷകാഹാരക്കുറവും കാരണം അവർ ഏതെങ്കിലും സാംക്രമിക രോഗങ്ങൾക്ക് അടിപ്പെട്ട് മരണത്തിനു കീഴടങ്ങും. 2008-മുതൽ ചൈനീസ് സർക്കാർ 831 ടിബറ്റൻ ബുദ്ധസന്യാസികളെ രാഷ്ട്രീയ തടവുകാരാക്കിയിട്ടുണ്ട്. ഇതിൽ പന്ത്രണ്ടു പേര് ജീവപര്യന്തത്തിനും ഒമ്പതുപേർ വധശിക്ഷയ്ക്കും വിധിക്കപ്പെട്ടു. 2009-ൽ, ജനാധിപത്യപരമായ മാറ്റങ്ങൾക്കായും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി സംസാരിച്ചതിന്റെ പേരിൽ, നോബൽ സമ്മാന ജേതാവായ ലിയു സിയാബോ അറസ്റ്റിലായിരുന്നു. ഒടുവിൽ അദ്ദേഹം ജയിലിൽ കിടന്നാണ് തന്റെ അറുപത്തൊന്നാമത്തെ വയസ്സിൽ ലിവർ കാൻസർ ബാധിച്ച് മരണപ്പെട്ടത്. അതുപോലെ പ്രസിദ്ധരായ മറ്റു രാഷ്ട്രീയ തടവുകാരാണ് പത്രപ്രവർത്തകനായ ടാൻ സൗറൻ, ഷി താവോ, മനുഷ്യാവകാശ പ്രവർത്തകനായ സു സിയോങ്ങ് എന്നിവർ. ഗവണ്മെന്റിന്റെ അഴിമതിയെപ്പറ്റി സംസാരിച്ചതിനാണ് ടാൻ സൗറനെ 2010-ൽ അറസ്റ്റു ചജെയ്തതും അഞ്ചു വർഷത്തേക്ക് തടവിലാക്കിയതും. ഷി താവോ അറസ്റുചെയ്യപ്പെട്ടത്, ടിയാനന്മെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ പതിനഞ്ചാം വാർഷികം എങ്ങനെ റിപ്പോർട്ട് ചെയ്യണം എന്നതുസംബന്ധിച്ച് പത്രപ്രവർത്തകർക്ക് പാർട്ടി കേന്ദ്രങ്ങൾ നൽകിയ നിർദേശങ്ങൾ പരസ്യമാക്കിയ കുറ്റത്തിനാണ്.

അതേ തന്ത്രം ഇപ്പോൾ ചൈന ഉയിഗൂരികൾക്ക് നേരെയും എടുക്കയാണ്. ഒന്നുകിൽ ജോലിചെയ്ത് നടു ഒടിയാം. അല്ലെങ്കിൽ മനോരോഗാശുപത്രിയിൽ. ചെകുത്താനും കടലിനും എന്ന നിലയിൽ ഒരു ജനത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP