Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഭ്യന്തരയുദ്ധത്തിൽ തകർന്ന ശ്രീലങ്കക്ക് അഞ്ച് ബില്യൺ ഡോളർ വായ്‌പ്പ നൽകി ഒടുവിൽ ഒരു തുറമുഖം തന്നെ കൈക്കലാക്കി; ബാധ്യതകൾ തീർക്കാൻ കഴിയാതെയാതോടെ തജികിസ്ഥാൻ തീറെഴുതിയത് രണ്ടു വ്യവസായ ശാലകൾ; നയപരമായ തീരുമാനങ്ങളിൽപോലും അയൽക്കാർ സ്വാധീനിച്ച് തുടങ്ങിയതോടെ കടം തീർക്കാൻ ഐഎംഎഫിന്റെ സഹായം തേടി പാക്കിസ്ഥാൻ; ഒന്നും രണ്ടുമല്ല 23 രാജ്യങ്ങൾ ചൈനയുടെ കടക്കെണിയിൽ; കമ്യൂണിസ്റ്റ് ചൈന സഹായിച്ച് സഹായിച്ച് രാഷ്ട്രങ്ങളെ കെണിയിലാക്കുന്നത് ഇങ്ങനെ

ആഭ്യന്തരയുദ്ധത്തിൽ തകർന്ന ശ്രീലങ്കക്ക് അഞ്ച് ബില്യൺ ഡോളർ വായ്‌പ്പ നൽകി ഒടുവിൽ ഒരു തുറമുഖം തന്നെ കൈക്കലാക്കി; ബാധ്യതകൾ തീർക്കാൻ കഴിയാതെയാതോടെ തജികിസ്ഥാൻ തീറെഴുതിയത് രണ്ടു വ്യവസായ ശാലകൾ; നയപരമായ തീരുമാനങ്ങളിൽപോലും അയൽക്കാർ സ്വാധീനിച്ച് തുടങ്ങിയതോടെ കടം തീർക്കാൻ ഐഎംഎഫിന്റെ സഹായം തേടി പാക്കിസ്ഥാൻ; ഒന്നും രണ്ടുമല്ല 23 രാജ്യങ്ങൾ ചൈനയുടെ കടക്കെണിയിൽ; കമ്യൂണിസ്റ്റ് ചൈന സഹായിച്ച് സഹായിച്ച് രാഷ്ട്രങ്ങളെ കെണിയിലാക്കുന്നത് ഇങ്ങനെ

എം മാധവദാസ്

ന്യൂഡൽഹി: സഹായിച്ച് സഹായിച്ച് അവസാനം കടം പെരുകുമ്പോൾ വീടുംപറമ്പും എഴുതിവാങ്ങുകയെന്നത് നമ്മുടെ നാട്ടിലെ പലിശക്കാരുടെ മാത്രം തന്ത്രമല്ല. വിവിധ സാമ്രാജ്വങ്ങളും പല രീതിയിൽ ആ കുതന്ത്രം പയറ്റിയിട്ടുണ്ട്. ഇവിടുത്തെ നാട്ടുരാജാക്കന്മാരെ
കടക്കെണിയിൽപെടുത്തി ഒടുവിൽ രാജ്യത്തിന്റെ പരമാധികാരം തന്നെ പിടിച്ചുവാങ്ങുക എന്ന രീതി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പല തവണ പ്രായോഗികമാക്കിയിട്ടുണ്ട്. ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും പാവ ഭരണകൂടങ്ങളെ സൃഷ്ടിച്ചത് ഇതേരീതിയിൽ തന്നെയായിരുന്നു. എന്നാൽ മാറിയ ലോക സാമ്പത്തിക ക്രമത്തിൽ, ഈ രീതിയിലുള്ള ചൂഷണം ലോക രാജ്യങ്ങൾ ലക്ഷ്യമിടുന്നില്ല. ഇന്ന് അമേരിക്കക്കുപോലും അതിനുള്ള സാമ്പത്തിക ശേഷിയുമില്ല എന്നാണ് വാസ്തവം. എന്നാൽ ഇപ്പോഴും ഒരേ ഒരു രാജ്യം പഴയ ആ ചൂഷണ രീതി നന്നായി ഉപയോഗിക്കുന്നുണ്ട്. അത് നമ്മുടെ നാട്ടിൽ പലരും മധുര മനോജ്ഞമെന്ന് വാഴ്‌ത്തപ്പെടുന്ന കമ്യൂണിസ്റ്റ് ചൈന തന്നെയാണ്. ചൈനയിൽനിന്ന് വായ്‌പ്പ സ്വീകരിക്കുമ്പോൾ വളരെ സൂക്ഷിക്കണമെന്നാണ്, പല അന്താരാഷ്ട്ര ഏജൻസികളും മുന്നറിയിപ്പു നൽകുന്നത്.

ഏഷ്യയിലെ വൻ സാമ്പത്തിക ശക്തിയാണ് ചൈന. അതിനാൽ തന്നെ ഏഷ്യയിലെ പല വികസ്വര രാജ്യങ്ങളും വികസന പ്രവർത്തനങ്ങൾക്കായി ചൈനയിൽ നിന്ന് വായ്പ സ്വീകരിക്കാറുണ്ട്. പണമായി കടം വാങ്ങുന്നതിന് പുറമെ സ്വന്തം രാജ്യത്തെ സ്ഥാപനങ്ങളും ചില രാജ്യങ്ങൾ ചൈനയ്ക്ക് നടത്തിപ്പിനായി കൈമാറിയിട്ടുമുണ്ട്. എന്നാൽ ഈ രാജ്യങ്ങളെയെല്ലാം സഹായിക്കാൻ വേണ്ടി മാത്രമാണോ ചൈന സാമ്പത്തിക സഹായം ചെയ്യുന്നത്. ശ്രീലങ്കയും പാക്കിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അനുഭവങ്ങൾ മറ്റു രാജ്യങ്ങൾക്കും പാഠമാകേണ്ടതാണ്. ചൈനീസ് കടം എന്നത് യഥാർഥത്തിൽ ഒരു ചതിക്കുഴിയാണെന്നാണ് ഈ രാജ്യങ്ങളുടെ സ്ഥിതി ചൂണ്ടിക്കാട്ടുന്നത്.

ആഭ്യന്തരയുദ്ധത്തിൽ തകർന്ന ശ്രീലങ്കക്ക് അഞ്ച് ബില്യൺ ഡോളർ വായ്‌പ്പ നൽകി ഒടുവിൽ ഒരു തുറമുഖം തന്നെ ചീന കൈക്കലാക്കുകയായിരുന്നു. ബാധ്യതകൾ തീർക്കാൻ കഴിയാതെയാതോടെ തജികിസ്ഥാൻ ചൈനക്ക് തീറെഴുതിയത് രണ്ടു വ്യവസായ ശാലകളാണ്. നയപരമായ തീരുമാനങ്ങളിൽപോലും അയൽക്കാർ സ്വാധീനിച്ച് തുടങ്ങിയതോടെ കടം തീർക്കാൻ ഐഎംഎഫിന്റെ സഹായം തേടിയിരിക്കയാണ്പാക്കിസ്ഥാൻ. തങ്ങളെ ചൈനീസ് കടത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാണ് പ്രധാനമന്ത്രി ഇംറാൻഖാൻ ആവശ്യപ്പെടുന്നത്. ഒന്നും രണ്ടുമല്ല മാലിയും, ലാവോസും, കമ്പോഡിയയും അടക്കമുള്ള 23 രാജ്യങ്ങളാണ ചൈനീസ് പ്രസിഡന്റ് ഷീജിൻ പിങിന്റെ കരുണയിൽ കഴിയുന്നത്. ചൈനയിൽനിന്ന്
വൻതോതിലുള്ള നിക്ഷേപവും വായ്‌പ്പകളും സ്വീകരിക്കാത്ത ഇന്ത്യക്ക് തൽക്കാലം ഭീഷണിയില്ല. പക്ഷേ ആർസിഇപി. കരാർ ഒക്കെ ഒപ്പിടുമ്പോൾ നാം വളരെ സൂക്ഷിക്കണം. കാരണം മറുഭാഗത്ത് ചൈനയാണ്.

ഐഎംഎഫിനെ കുറ്റം പറഞ്ഞ കമ്യൂണിസ്റ്റുകൾ ഇത് കാണാതെ പോകരുത്

ഏറ്റവും രസാവഹം ഐഎംഎഫിനെപ്പോലുള്ള ഏജൻസികളുടെ പലിശ കൂടുതലാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും ഇത് സഹായമാണെന്ന് പറഞ്ഞുമാണ് ചൈന പലരാജ്യങ്ങളിലും കയറിവരുന്നത്. കടം പെരുകിക്കഴിയുമ്പോൾ ചീനയുടെ മട്ടുമാറും. പിന്നെ രാജ്യത്തിന്റെ നയപരമായ കാര്യം തീരുമാനിക്കുന്നതുപോലും അവർ ആവും. അമേരിക്കക്കുപോലും ചൈനയെ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് ഏറ്റവും വിചിത്രം. അമേരിക്കയുടെ കടപത്രത്തിന്റെ മുപ്പതുശതമാനവും ചൈനീസ് കമ്പനികളുടെ കൈയിലാണ്. ഇത് ചൈന ഓപ്പൻ മാർക്കറ്റിൽ ഡമ്പ് ചെയ്താൽ ഡോളർ തകരുമെന്ന്, അമർത്യാസെന്നിനെപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ അങ്ങനെ ഡോളറിന്റെ വിലയിടഞ്ഞാൽ അത് മൊത്തത്തിലുള്ള സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കം. ഈ ചാക്രിക മാന്ദ്യം ഒടുവിൽ ചൈനയെയും ബാധിക്കും. അതുകൊണ്ടുമാത്രമാണ് അത്തരമൊരു കടന്ന കൈയ്ക്ക് ചൈന തയ്യാറാകാത്തതെന്നാണ് അമർത്യാസെൻ ചൂണ്ടിക്കാട്ടുന്നത്. പല അമേരിക്കൻ കമ്പനികളിലും ശക്തമായ ചൈനീസ് നിക്ഷേപവുമുണ്ട്. അതായത് ചൈന വിചാരിച്ചാൽ എത് നിമിഷവും അമേരിക്കയെപ്പോലും പൊട്ടിക്കാം. അതുകൊണ്ടുതന്നെയാവണം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്പോലും ചൈനക്കെതിരെ കാര്യമായി മിണ്ടാത്തത്. ഉയിഗൂർ മുസ്ലീങ്ങളെ ചൈന പീഡിപ്പിക്കുന്നതിന്റെ പേരിൽ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നിട്ടും വളരെ വൈകിയാണ് അമേരിക്കൻ ഭരണകൂടം പ്രതികരിച്ചത്. അതും മിതമായ ഭാഷയിൽ.അടുത്ത കാൽനൂറ്റാണ്ടിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുന്നതും ചൈന തന്നെയാണെന്നാണ്, സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

അന്താരാഷ്ട്ര നാണയ നിധിയേക്കാൾ (  ഐഎംഎഫ്) കുറഞ്ഞ പലിശയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ചൈന രാജ്യങ്ങളെ ഇങ്ങനെ കെണിയിലാക്കുന്നത് എന്നോർക്കണം. മന്മോഹൻസിങ് ഐഎംഎഫിൽനിന്ന് വായ്‌പ്പയെടുത്തുവെന്ന് പറഞ്ഞ് ഇന്ത്യയിൽ ബഹളം ഉണ്ടാക്കിയ കമ്യൂണിസ്റ്റ് കക്ഷികൾ, ഈ ചൈനീസ് അനുഭവം ഓർക്കണം. ഇപ്പോൾ തങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞ് പാക്കിസ്ഥാൻ ഓടിയത് ഐഎംഎഫിലേക്കാണ്.
 ചരടുകളില്ലാത്ത വായ്‌പ്പ ആരുടേതാണെന്ന് ലോകത്തിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.

റോഡുണ്ടാക്കാനും തുറമുഖമുണ്ടാക്കാനും സഹായിച്ച് വീഴ്‌ത്തുമ്പോൾ

റോഡ്- തുറമുഖം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ചു തരാമെന്ന് പറഞ്ഞാണ് ചൈന വിവിധ രാജ്യങ്ങളെ കെണിയിലാക്കിയത്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക വൻകരകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനെന്നപേരിൽ ചൈനീസ് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്. 152 രാജ്യങ്ങളിലാണ് ഈ പദ്ധതിയിലൂടെ ചൈന നിക്ഷേപം നടത്തുന്നത്. കൂടാതെ എഷ്യ, യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, അമേരിക്ക മേഖലകളിലെ വിവിധ സംഘടനകൾക്കും സഹായം നൽകുന്നു. വ്യാപാരത്തിന് സഹായമാകുന്ന അന്താരാഷ്ട്ര പാതകളാണ് പ്രധാനമായും പദ്ധതിയിലൂടെ ചൈന ലക്ഷ്യമിടുന്നത്. റോഡ് എന്നതിൽ സമുദ്രപാതകളും ഉൾപ്പെടുന്നത്. നേരത്തെ വൺ ബെൽറ്റ് വൺ റോഡ് എന്നറിയപ്പെട്ടിരുന്ന പദ്ധതി 2016-ലാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്നറിയപ്പെട്ട് തുടങ്ങിയത്. മേഖലയിലെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നാണ് ചൈന പറയുന്നത്. എന്നാൽ സമഗ്ര ആധിപത്യമാണ് ചൈനയുടെ ലക്ഷ്യമെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.

23 രാജ്യങ്ങൾ ചൈനയുടെ കടക്കെണിയിൽ പെട്ടതായാണ് റിപ്പോർട്ട്. വാഷിങ്ടൺ ആസ്ഥാനമായ സെൻർ ഫോർ ഡെവലപ്മെന്റ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് നിക്ഷേപം സ്വീകരിച്ച 68 രാജ്യങ്ങളിൽ 23 രാജ്യങ്ങൾ കടബാധ്യത കാരണം ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എട്ട് രാജ്യങ്ങളാണ് ഏറ്റവും അപകടാവസ്ഥയിലുള്ളതെന്ന് സെന്റർ പറയുന്നു. തജികിസ്ഥാൻ, മാലിദ്വീപ്, പാക്കിസ്ഥാൻ, ജിബൂട്ടി, കിർഗിസ്ഥാൻ, ലാവോസ്, മംഗോളിയ, മോണ്ടിനെഗ്രോ എന്നീ രാജ്യങ്ങളാണ് കടക്കെണിയിൽ പെട്ടിരിക്കുന്നത്. കടബാധ്യത ഈ രാജ്യങ്ങളെ അപകടകരമായ തരത്തിൽ ചൈനയുടെ ആശ്രിതരാക്കി മാറ്റുകയാണ്. വായ്പാ പ്രശ്നങ്ങളുടെ പേരിലുള്ള ചൈനയുടെ ഇടപെടലുകൾ ഇപ്പോൾത്തന്നെ ബെൽറ്റ് ആൻഡ് റോഡ് ആനുകൂല്യം നേടുന്ന രാജ്യങ്ങളിൽ സംഘർഷത്തിനിടയാക്കിയിട്ടുണ്ട്.

ചൈനയിൽ നിന്ന് വായ്പയെടുത്ത് ചതിക്കുഴിയിൽ പെട്ടതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീലങ്ക. ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയിൽ വലഞ്ഞ ശ്രീലങ്കയ്ക്ക് സഹായഹസ്തമായാണ് ചൈനയുടെ പിന്തുണയെത്തിയത്. 2010 മുതൽ 2015 വരെയുള്ള കാലയളവിലാണ് ഹമ്പന്തോട്ട തുറമുഖത്തിന്റെ വികസനത്തിനായി ചൈന അഞ്ച് ബില്യൺ ഡോളർ നൽകിയത്. 6.3 ശതമാനം പലിശനിരക്കിലായിരുന്നു കടമായി തുക നൽകിയത്. എന്നാൽ പിന്നീട് തുറമുഖം പൂർണമായി ചൈനയുടെ നിയന്ത്രണത്തിലായി. കടബാധ്യത തീർക്കാനാവാതെ ശ്രീലങ്കൻ സർക്കാർ 99 വർഷത്തെ പാട്ടത്തിന് തുറമുഖത്തിന്റെ നടത്തിപ്പ് ചൈനയ്ക്ക് നൽകി. ഇപ്പോൾ ഗോതബായ രാജപക്സെ പ്രസിഡന്റായതോടെ തുറമുഖം തിരിച്ചുനൽകണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയിലെ റെയിൽവേ, റോഡ് വികസനത്തിലും ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ ആകെയുള്ള വിദേശ കടത്തിന്റെ ഒമ്പത് ശതമാനം ചൈനയോടാണ്.

പാക്കിസ്ഥാൻ പെട്ടത് ഇങ്ങനെ

ദീർഘകാലമായി ചൈന ഏറെ അടുപ്പം പുലർത്തുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനിൽ വൻതോതിൽ ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്. പക്ഷേ ഇതെല്ലാം വായ്പയായാണ്. ഇന്ത്യക്കെതിരെ എന്നും ഒപ്പം നിൽക്കുന്ന രാജ്യമെന്ന നിലയിലാണ് ചൈന പാക്കിസ്ഥാനെ കാണുന്നത്. കൂടാതെ ഇന്ത്യൻ സമുദ്രത്തിലേക്കുള്ള ചൈനയുടെ എളുപ്പവഴിയും പാക്കിസ്ഥാനിലൂടെയാണ്. മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുമുള്ള ബദൽ പാതയും പാക്കിസ്ഥാനിലൂടെയുണ്ട്.

ഈ വർഷം ആദ്യമായി പാക്കിസ്ഥാൻ സർക്കാരിന്റെ ബാധ്യതകളുടെ പട്ടികയിൽ ചൈനീസ് നിക്ഷേപവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ കടം കെണിയാകുന്നത് പാക്കിസ്ഥാൻ തിരിച്ചറിയുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് കടമെടുത്ത് ചൈനീസ് കടം തീർക്കാനും പാക്കിസ്ഥാൻ ശ്രമ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് ചൈനീസ് നിക്ഷേപം ബാധ്യതകളിൽപ്പെടുത്തിയത്. എന്നാൽ ചൈനീസ് കടം തീർക്കാൻ വായ്പ നലകുന്നതിന് ഐഎംഎഫ് എതിരാണ്. 6.6 ബില്യൺ ഡോളറിലധികമാണ് പാക്കിസ്ഥാൻ ചൈനയ്ക്ക് നൽകാനുള്ളത്. ഈ തുകയിൽ ഏറെയും ഉപയോഗിച്ചത് രണ്ട് ആണവ നിലയങ്ങൾക്ക് വേണ്ടിയാണെന്നാണ് റിപ്പോർട്ട്. ദീർഘകാലമായി ചൈനീസ് പണമാണ് പാക്കിസ്ഥാനെ വിദേശ വിനിമയ രംഗത്ത് പിടിച്ചുനിർത്തുന്നത്. എന്നാൽ ഇപ്പോൾ പലിശ കൂടിക്കൂടി പാക്കിസ്ഥാൻ ചൈനയുടെ വിധേയ രാജ്യമായിരിക്കുന്നു.

ചൈന- പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി രൂപപ്പെടുത്തിയത് ചൈനയാണ്. പടിഞ്ഞാറൻ ചൈന മുതൽ ഇന്ത്യൻ സമുദ്രം വരെയാണ് ഈ സാമ്പത്തിക ഇടനാഴി. ചൈനയ്ക്ക് മാത്രമല്ല, പാക്കിസ്ഥാനും ഇത് ഗുണകരമാണ്. സാമ്പത്തിക പുരോഗതിയിലേക്കെത്താൻ പാക്കിസ്ഥാന് ഇത് സഹായകമാകുന്നുണ്ട്. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ പദ്ധതിയിൽ ചൈന നടത്തുന്ന ഇടപെടലുകൾ പാക്കിസ്ഥാന് ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് പങ്കുള്ളതിനാൽ പാക്കിസ്ഥാനിൽ അഴിമതി വർധിച്ചു. അഴിമതി കൂടുന്നത് പദ്ധതിച്ചെലവും വർധിപ്പിക്കുന്നു. അങ്ങനെ പാക്കിസ്ഥാൻ ചൈനയോട് കടപ്പെടുകയും ചെയ്തു.

ചൈനയുടെ കടബാധ്യതകൾ തീർക്കുന്നതിനായി ഒരു വ്യവസായ ശാല കൂടി കൈമാറാൻ ഒരുങ്ങുകയാണ് തജകിസ്ഥാൻ. നേരത്തെ തന്നെ ചൈനീസ് കമ്പനികൾക്ക് നികുതിയിളവ് നൽകാൻ തജികിസ്ഥാൻ നിർബന്ധിതമായിരുന്നു. ഇതേ തുടർന്ന് നേരത്തെ തന്നെ തകർച്ചയിലായ തജികിസ്ഥാന്റെ സാമ്പത്തികരംഗം കൂടുതൽ ഭീഷണിയിലായി. ഇതിനെല്ലാം പുറമെ തജികിസ്ഥാനിൽ ചൈന ഒരു സൈനിക കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. അതിർത്തിക്കപ്പുറവും ചൈനീസ് സൈന്യത്തിന്റെ ശക്തി വ്യാപിച്ച് മേഖലയിൽ ആധിപത്യം നേടാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്.

ചൈനീസ് നിക്ഷേപങ്ങളിൽ വലഞ്ഞ മാലിദ്വീപ് കടബാധ്യത തീർക്കാൻ വഴി തേടുകയാണ്. വൻ കടബാധ്യത രാജ്യത്തെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയായിരുന്നുവെന്നും ഇതിൽ നിന്ന് പുറത്ത് കടക്കാൻ വഴി തേടുകയാണെന്നും അടുത്തിടെ മാലിദ്വീപ് വിദേശ കാര്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു. മുൻ സർക്കാർ വൻ തോതിൽ കടം വാങ്ങിയത് രാജ്യത്തെ കുഴപ്പത്തിലാക്കിയെന്നും എന്നൽ നയതന്ത്ര നീക്കങ്ങളിലൂടെ ഇതിൽ നിന്ന് പുറത്തുകടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് പറഞ്ഞു. മാലിദ്വീപിന്റെ മുൻ പ്രസിഡന്റ് അബ്ദുള്ള യമീർ അഴിമതിക്കുറ്റത്തിന് അഞ്ച് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. യമീന്റെ കാലത്താണ് ചൈനയിൽ നിന്ന് കടം വാങ്ങിയത്.

തൽക്കാലം ഇന്ത്യക്ക് ഭീഷണിയില്ല; പക്ഷേ നാം സൂക്ഷിക്കണം

ഇന്ത്യ-ചീന യുദ്ധത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ മൂലം ഇന്ത്യ ഒരു കാലത്തും ചൈനയിൽ നിന്ന് വൻതോതിലുള്ള നിക്ഷേപവും വായ്‌പ്പകളും സ്വീകരിച്ചിരുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ ഇന്ന് എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി,ഷീ ജിൻ പിങും തമ്മിൽ ഈയിടെ മഹാബലിപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക സഹകരണം ചർച്ചയായിരുന്നു. 1018-ൽ ചൈനയിലെ വുഹാനിൽ നടന്ന ആദ്യ അനൗപചാരിക ഉച്ചകോടിയുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ മഹാബലിപുരത്ത് നടന്നത്.

പല്ലവ, ചോള ഭരണകാലത്ത് ചൈനയിലെ ഫിജിയൻ പ്രവിശ്യയിലേക്ക് സമുദ്രമാർഗം നടന്ന വ്യാപാരചരിത്രത്തിന്റെ ഓർമപുതുക്കിയാണ് മഹാബലിപുരം എന്ന കടലോരപ്രദേശത്തെ ഉച്ചകോടിയുടെ വേദിയായി കണ്ടെത്തിയത്. വ്യാളിക്കും ആനയ്ക്കും യോജിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ്, തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടന്ന രണ്ടാമത് ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കുമുമ്ബ് ചൈനീസ് വിദേശകാര്യ സഹമന്ത്രി ലുവോ സുവോഹുയി ബെയ്ജിങ്ങിൽ പറഞ്ഞത്

ആർസിഇപി. കരാറിനെക്കുറിച്ചുള്ള അന്തിമചർച്ച ബാങ്കോക്കിൽ അരങ്ങേറുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ച നടന്നത്. ഇന്ത്യയിലേക്ക് ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്കിന് വഴിതെളിയിക്കും ആർ.സി.ഇ.പി.കരാർ എന്ന് ആശങ്കയുണ്ട്. കരാർ ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുക ചൈനയ്ക്കാവും. നികുതി കൂടി ഒഴിവാക്കപ്പെടുന്നതോടെ ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് തള്ളിക്കയറും. ബഹിഷ്‌കരണ ആഹ്വാനങ്ങൾ കൊണ്ടുമാത്രം അതിനെ തടയാനാവില്ല. അങ്ങനെ തടയാൻ ശ്രമിക്കുന്നതുപോലും ഗുരുതരമായ കുറ്റമായി കാണുന്ന വ്യവസ്ഥകൾ ഈ കരാറിലുണ്ട്.

കാർഷിക വിഭവങ്ങളുടെ കയറ്റുമതിക്കാരിൽ ആറാമത്തെ വലിയ രാജ്യമാണ് ചൈന. ആ സ്ഥാനത്തുനിന്നു ഒന്നാമതെത്തുകയാണ് അവരുടെ ലക്ഷ്യം. ഇതിനായി അവർ പല തന്ത്രങ്ങളും പയറ്റും. മുമ്പ് മ്യാന്മാറിൽനിന്നു നാം പയർവർഗങ്ങൾ ഇറക്കുമതി ചെയ്ത സംഭവം ഓർക്കുന്നത് നന്നായിരിക്കും. മ്യാന്മാറിലെ പയർവർഗങ്ങൾ അന്ന് ചൈനീസ് കമ്പനികൾ മൊത്തമായി വാങ്ങി. എന്നിട്ടത് അവർ ഇവിടേക്ക് കയറ്റി അയക്കുകയായിരുന്നു. ഈ നയത്തിന്റെ അടുത്ത രൂപമാണ് ആർസിഇപി. കരാറിന്റെ അന്തസ്സത്ത. കാർഷികോത്പന്നങ്ങൾ മാത്രമല്ല, കൃഷിഭൂമിതന്നെ സ്വന്തമാക്കാം, എതിർക്കാനുള്ള അവകാശംപോലും കർഷകനുണ്ടാവില്ലെന്ന് കരാർ ഉറപ്പുവരുത്തുന്നുണ്ട്.

ചൈനയുടെ സഹായ അനുഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ആർസിഇപി. കരാറിൽ അടക്കം നാം നൂറുവട്ടം ചിന്തിക്കണം എന്നാണ്. കാരണം എല്ലാറ്റിലും ചൈനക്ക് അതിന്റെ താൽപ്പര്യങ്ങൾ മാത്രമാണ് വലുത്. ബാക്കിയെല്ലാം പുകമറമാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP