Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോർപ്പറേറ്റുകൾക്ക് മേൽ ആധിപത്യം ഉറപ്പിക്കാൻ കർശന നിയന്ത്രണങ്ങൾ; എതിർപ്പിന്റെ ചെറിയ സ്വരം ഉയർത്തുന്നവർ പോലും വെള്ളിവെളിച്ചത്തിൽ നിന്നും അപ്രത്യക്ഷരാകുന്നു; ലോകത്തിന്റെ തന്നെ നിർമ്മാണശാലയായ ചൈനയിലെ മാറ്റം ലോകവിപണിയെയും പ്രതിസന്ധിയിലാക്കിയേക്കും; ചൈന സോഷ്യലിസത്തിലേക്ക് തിരികെ നടക്കുമ്പോൾ

കോർപ്പറേറ്റുകൾക്ക് മേൽ ആധിപത്യം ഉറപ്പിക്കാൻ കർശന നിയന്ത്രണങ്ങൾ; എതിർപ്പിന്റെ ചെറിയ സ്വരം ഉയർത്തുന്നവർ പോലും വെള്ളിവെളിച്ചത്തിൽ നിന്നും അപ്രത്യക്ഷരാകുന്നു; ലോകത്തിന്റെ തന്നെ നിർമ്മാണശാലയായ ചൈനയിലെ മാറ്റം ലോകവിപണിയെയും പ്രതിസന്ധിയിലാക്കിയേക്കും; ചൈന സോഷ്യലിസത്തിലേക്ക് തിരികെ നടക്കുമ്പോൾ

രവികുമാർ അമ്പാടി

ബീജിങ്: ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി അതിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ പക്ഷെ ചൈനയിൽ കമ്മ്യുണിസം പേരിൽ മാത്രമേയുള്ളൂ എന്നതാണ് വാസ്തവം. 1970-കളിൽ ചൈനയിലുണ്ടായ നയവ്യതിയാനം ഭംഗിയായി ഉപയോഗിച്ചവരുടെ പിൻതലമുറക്കാർ ഇന്ന് അത്യാധുനിക സ്പോർട്സ് കാറുകളിലും മറ്റുമായി ജീവിതം ആഘോഷിക്കുമ്പോൾ, തൊഴിലാളി വർഗ്ഗം എന്നൊരു വിഭാഗം കൂടുതൽ ദാരിദ്യത്തിലേക്ക് നടന്നടുക്കുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വർദ്ധിച്ചു വരികയാണെന്ന് കണക്കുകൾ തന്നെ സൂചിപ്പിക്കുന്നു.

മാവോയുടെ സിദ്ധാന്തങ്ങളിൽ അടിയുറച്ച കമ്മ്യുണിസ്റ്റ് രീതിക്ക് മാറ്റം വരാൻ തുടങ്ങിയത് ഡെംഗ് സിയാവോപെംഗിന്റെ കാലത്തായിരുന്നു. വിപണിയടിസ്ഥിത സമ്പദ്ഘടനയിലേക്ക് ചൈനയെ കൊണ്ടുപോയ അദ്ദേഹത്തിന്റെ കാലത്താണ് വിദേശ നിക്ഷേപങ്ങൾ ചൈനയിൽ കുമിഞ്ഞുകൂടാൻ തുടങ്ങിയത്. ധാതുവിഭവങ്ങളുടെ ലഭ്യതയും കുറഞ്ഞ ഉദ്പാദന ചെലവും തൊഴിലാളി പ്രശ്നങ്ങൾ ഇല്ലാത്തതും പല ആഗോള കുത്തകകളേയും ചൈനയിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാൻ പ്രേരിപ്പിച്ചു.

വിദേശ കുത്തകകൾ ചൈനീസ് മണ്ണിലേക്ക് വന്നതോടെ സമാന്തരമായി ഒരു പ്രാദേശിക മുതലാളിത്ത സമൂഹവും രൂപംകൊണ്ടു. 1980 കളിൽ വളരാൻ തുടങ്ങിയ ഈ വിഭാഗത്തിൽ പെട്ടവരുടെ പുതിയ തലമുറയാണ് ഇന്ന് ചൈനീസ് സമൂഹത്തിൽ ഏറെ സ്വാധീനമുള്ള നവധനികരായി മാറിയത്. പണവും അനുയായി വൃന്ദവുമൊക്കെ ഏറെയുള്ള ഇവർ എന്നെങ്കിലും പാർട്ടിയുടെ സമഗ്രാധിപത്യത്തിന് ഭീഷണിയാകുമെന്ന് മനസ്സിലാക്കുവാൻ കുശാഗ്രബുദ്ധിയായ ഷീ ജെൻപെംഗിന് അധിക കാലമൊന്നും വേണ്ടി വന്നില്ല.

പാർട്ടിയേയും സർക്കാരിനേയും തന്നിലേക്കൊതുക്കി മാവോ സേതുംഗ് ശൈലിയിൽ ഒരു ഏകാധിപത്യ ഭരണത്തിനാഗ്രഹിക്കുന്ന ഷീയ്ക്ക് സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ളവരെയെല്ലാം ഭയമായിരുന്നു. ആലിബാബയുടേ ജാക്ക് മാ മുതൽ പ്രശസ്ത നടിയായ ഷെംഗ് ഷുവാംഗ് വരെ ഷീയുടെ നോട്ടപ്പുള്ളികളായതങ്ങനെയാണ്. സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ സംസാരിച്ചതിന് ജാക് മായെ പുറംലോകത്തിന് കാണാനാകാത്തവിധം മാസങ്ങളോളം അജ്ഞാതവാസത്തിനു പ്രേരിപ്പിച്ചു. അതേസമയം നികുതി വെട്ടിപ്പ് നടത്തി എന്നതിന്റെ പേരിൽ 46 മില്ല്യൺ യു എസ് ഡോളറാണ് ഷെംഗ് ഷുവാംഗിന് വിധിച്ചത്.മാത്രമല്ല, ചൈനീസ് ടെലിവിഷനുകളിലും റേഡിയോയിലും പരിപാടികൾ അവതരിപ്പിക്കുന്നതിൽ നിന്നും അവർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.

ഇത് രണ്ടും പക്ഷെ തികച്ചും ഒറ്റപ്പെട്ട സംഭവങ്ങളല്ല,സമൂഹത്തിൽ ഏതെങ്കിലുംവിധത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ളവരിൽ മിക്കവാറും പേർ ഇതിനോടകം തന്നെ ഷീയുടെ അപ്രീതിക്ക് പാത്രമായിട്ടുണ്ട് പിഴയായും തടവായുമൊക്കെ ശിക്ഷകളും ഏറ്റുവാങ്ങിയിട്ടുണ്ട്. സോഷ്യലിസത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ ഭാഗമയിട്ടാണ് ഇതിനെയൊക്കെ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയും ഷീയും വിശദീകരിക്കുന്നത്. സർവ്വസമത്വം എന്ന മാവോ ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് കുറച്ചുകൊണ്ടുവരുന്നതിനുള്ള പ്രക്രിയയാണ് ഇതെന്നുംപറയപ്പെടുന്നു.

2025 വരെ നീളുന്ന പത്തിന പരിപാടി

നഷ്ടപ്പെട്ടുപോയ സോഷ്യലിസ്റ്റ് സമ്പ്രദായം തിരിച്ചുകൊണ്ടുവരാൻ വേണ്ടി അഞ്ചു വർഷത്തോളം നീളുന്ന ഒരു പത്തിന പരിപാടിയാണ് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി കൊണ്ടുവന്നിരിക്കുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ, നവാശയങ്ങൾ, സംസ്‌കാരം, വിദ്യാഭ്യാസം എന്നീ പ്രധാന മേഖലകളെയെല്ലാം സ്പർശിക്കുന്നതാണ് ഈ പരിപാടി. ചുരുക്കം പറഞ്ഞാൽ മറ്റൊരു സാംസ്‌കാരിക വിപ്ലവം തന്നെയാണ് ഷീ ലക്ഷ്യമിടുന്നത്. തന്റെ അധികാരം അരക്കിട്ടുറപ്പിക്കാൻ അത് അത്യാവശ്യമാണെന്ന് ഷീ കരുതുന്നു.

ഇതിന്റെ ആത്യന്തികമായ ലക്ഷ്യം രജ്യത്ത് മറ്റൊരു സ്വാധീന കേന്ദ്രം ഉണ്ടാകരുത് എന്നതുതന്നെയാണ്. ഇതിന്റെ ആദ്യപടിയാണ് ചൈനയിലെ കോർപ്പറേറ്റുകളേയും സെലിബ്രിറ്റികളേയും പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമം. എഴുപതുകളിൽ തുടങ്ങിയ ചൈനീസ് സോഷ്യലിസത്തിന്റെ മാതൃക നേരത്തേ പ്രതിപാദിച്ചിരുന്നതുപോലെ ഒരുകൂട്ടം നവധനികരെ സൃഷ്ടിച്ചിരുന്നു. ആഗോളതലത്തിലുള്ള സ്വാധീനവും മറ്റുമായി അവരുടേ രണ്ടാം തലമുറ ചൈനയിൽ പുതിയ സ്വാധീന കേന്ദ്രങ്ങളായി മാറുകയായിരുന്നു. ഇത് ഇനി സ്വീകാര്യമല്ല എന്ന നിലപാടാണ് ഷീ ജിൻപിംഗിനുള്ളത്. അതുകൊണ്ടുതന്നെയാണ് കമ്മ്യുണിസം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതും.

നികുതി വെട്ടിപ്പ് എന്ന ആയുധമാണ് ഷീ ആദ്യം എടുത്തു പെരുമാറിയത്. അതാകുമ്പോൾ വിമർശനങ്ങളും ഒഴിവാക്കാം. ആ ആയുധമുപയോഗിച്ചാണ് ജാക്ക് മായെ പോലെയുള്ള നിരവധി പേരെ നിശബ്ദരാക്കുവാൻ ഷീക്ക് കഴിഞ്ഞതും. അതുപോലെ മറ്റൊരു കാര്യംഷീ പ്രത്യേകം ശ്രദ്ധിച്ചത് സ്വകാര്യമേഖലയിലെ ടൂട്ടോറിയലുകൾ നിർത്തലാക്കുക എന്നതായിരുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാണിത് എന്നാണ് പറയുന്നതെങ്കിലും ഈ മേഖലയെ പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവരിക എന്നതുതന്നെയായിരുന്നു ലക്ഷ്യം.

മറ്റൊരുകാര്യം കുട്ടികൾക്ക് വീഡിയോ ഗെയിമുകൾ കളിക്കുവാനുള്ള സമയം പരിമിതപ്പെടുത്തുക എന്നതായിരുന്നു. ആഴ്‌ച്ചയിൽ മൂന്നു മണിക്കൂർ മാത്രമാണ് കുട്ടികൾക്ക് ഗെയിം കളിക്കാനാവുക. കേള്ക്കുമ്പോൾ ഒറ്റനോട്ടത്തിൽ ശരിയെന്നു തോന്നുന്ന വാദം തന്നെയാണ് ഇക്കാര്യത്തിലും ഷീ മുന്നോട്ടു വച്ചത്. വീഡിയോ ഗെയിം കുട്ടികളെ അലസരാക്കുകയും അവരുടെ സമയം പാഴാക്കുകയും ചെയ്യുന്നു എന്നാണ് അദ്ദേഹം ഇതിനു കാരണമായി പറഞ്ഞത്. അതുപോലെ കുട്ടികൾക്കിടയിൽ വിഗ്രഹാരാധനയ്ക്ക് ഇടനൽകിയേക്കാവുന്നത് എന്നാരോപിച്ച് ചില ടി വി സീരിയലുകളും നിരോധിച്ചു.

ഇതോടെ ടെൻസെന്റ്, നെറ്റ്ഈസ് തുടങ്ങിയ ഗെയിങ് കമ്പനികൾ തകർച്ചയുടെ പടിവാതിൽ കണ്ടുതുടങ്ങി. ഇതിനൊപ്പം ചേർത്ത് വായിക്കാവുന്നതാണ് ആലിബാബയുടെയും സ്ഥാപകൻ ജാക്ക് മായുടെയും കഥകളും. എന്നും കോർപ്പറേറ്റ് സമൂഹത്തിലെ വെള്ളിവെളിച്ചത്തിൽ തിളങ്ങിനിന്ന ജാക്ക് മാ തന്റെ ആൻഡ് ഗ്രൂപ്പിനെ ആഗോള വിപണിയിലേക്ക് ഇറക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. 34.4 ബില്ല്യൺ ഡോളറിന്റെ ഓഹരികൾ വിറ്റഴിക്കപ്പെടും എന്നായിരുന്നു പ്രതീക്ഷ. ഇത് നടന്നിരുന്നെങ്കിൽ ജാക്ക് മാ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മനുഷ്യൻ ആകുമായിരുന്നു.

എന്നാൽ, ചൈനയുടെ സാമ്പത്തിക നയങ്ങളെ കുറിച്ചുള്ള ഒരു വിമർശനം എല്ലാ പദ്ധതികളേയും തെറ്റിച്ചു. ഈ പ്രസ്താവന നടത്തിയതിന് ഏതാനും ദിവസങ്ങൾക്കകം ഓഹരി വില്പന നിർത്തിവെച്ചു എന്നുമാത്രമല്ല, എന്നും വെള്ളിവെളീച്ചത്തിൽ തങ്ങി നിന്ന ജാക്ക് മായെ പെട്ടെന്ന് കാണാതെയുമായി. മാസങ്ങൾക്ക് ശേഷം ഈ ജനുവരിയിൽ പൊതുവേദിയിൽ പ്രത്യേക്ഷപ്പെടുമ്പോൾ പഴയ ഊർജ്ജസ്വലനായ ജാക്ക് മാ ആയിരുന്നില്ല അത്. ക്ഷീണിതനായ ജാക്ക് മായുടെ ചിത്രം ലോകത്തോട് വിളിച്ചുപറഞ്ഞത്, ചൈനയിൽ എന്നും ഇന്നും അപ്രമാധിത്തം കമ്മ്യുണിസ്റ്റ് പാർട്ടിക്ക് മാത്രമാണെന്നായിരുന്നു.

എവഗ്രാൻഡെ പ്രതിസന്ധിയും സമാനമായ ഒന്നാണ്. തെക്കൻ ചൈനയിലെ ഗുവാൻഷോവിൽ 1996- ൽ ഹുയി കാ യാൻ സ്ഥാപിച്ച ഹെംഗ്ഡ ഗ്രൂപ്പാന് പിന്നീട് എവർഗ്രാൻഡെ ആയി മാറിയത്. ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയായി ആരംഭിച്ച എവെർഗ്രാൻഡെ ഇന്ന് ബിസിനസ്സ് മേഖലയിൽ വ്യാപകമായ രീതിയിൽ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. ചൈനയിലെ 280 നഗരങ്ങളിലായി 1,300 ലേറെ പ്രൊജക്ടുകളാണ് നിലവിൽ കമ്പനിക്കുള്ളത്. അതുകൂടാതെ സാമ്പത്തികാസൂത്രണം, ഇലക്ട്രിക് കാറുകളുടെ വിപണനം, ഭക്ഷ്യ പാനീയ ഉദ്പാദനം എന്നീമേഖലകളിലും കമ്പനി സ്വന്തമായ സ്ഥാനം ഉണ്ടാക്കിയിട്ടുണ്ട്.

ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായിരുന്ന ഹുയീന്ന് തകർച്ചയുടെ വക്കിലാണ്. കഴിഞ്ഞ വർഷം നടപ്പാക്കിയ പുതിയ സാമ്പത്തിക നയങ്ങൾ തന്നെയാണ് എവെർഗ്രാൻഡെക്കും തിരിച്ചടിയായത്. വലിയ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് മുകളീൽ നിയന്ത്രണം കൊണ്ടുവരാനായി അവരുടേ വായ്പാ പരിധി പുനർനിർണ്ണയം നടത്തുകയായിരുന്നു. ഇതോടെ പണത്തിന്റെ വരവ് ഉറപ്പുവരുത്തുവാനായി പല ആസ്തികളും കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടതായി വന്നു ഇവർക്ക്. ഇന്ന് വായ്പയുടെ മേലുള്ള പലിശ നൽകുവാൻ പോലും ആകാതെ വിഷമിക്കുകയാണ് കമ്പനി.

എവെർഗ്രാൻഡെയുടെ പല പ്രൊജക്ടുകളും പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ ഉപഭോക്താക്കൾ വാങ്ങിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ കമ്പനിയുടെ തകർച്ച ചൈനയിൽ നിരവധി പേർക്ക് സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കും. എന്നാൽ, ഇവർ 171 ചൈനീസ് ബാങ്കുകളീൽനിന്നും 121 മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും ആയി വൻ തുകകൾ വായ്പയായി എടുത്തിട്ടുണ്ട് എന്നതാണ് ബാങ്കിങ് മേഖലയ്ക്ക് ഏറെ ആശങ്ക നൽകുന്ന കാര്യം. കമ്പനി അടച്ചുപൂട്ടലിൽ എത്തിയാൽ അത് ചൈനയുടെ ബാങ്കിങ് മേഖലയെ പ്രതികൂലമായി ബാധിക്കും എന്നതിൽ സംശയമില്ല.

കലാ സാംസ്‌കാരിക രംഗത്തും വിലക്കുകൾ വരുന്നു

തന്റെ നയങ്ങൾക്കനുസരിച്ച ചിന്താധാര ജനങ്ങളിൽ വരുത്തുവാനുള്ള ശ്രമത്തിലാണ് ഷീ ജിൻപിങ്. ടെലിവിഷൻ റേഡിയോ പരിപാടികളിൽ നിന്നുംഅനാരോഗ്യകരമായ കൺടെന്റുകൾ നീക്കം ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടുകഴിഞ്ഞു. നാഷണൽ റേഡിയോ ആൻഡ് ടെലിവിഷൻ അഡ്‌മിനിസ്ട്രേഷൻ ഇതുസംബന്ധിച്ച് കർശന നിർദ്ദേശം നൽകിക്കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയവും സാംസ്‌കാരികവുമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ പിന്തുടരണം. ഒരു സീരിയലിന്റെ കഥാ തന്തു മാത്രമല്ല, അതിലെ നടീനടന്മാരെ തെരഞ്ഞെടുക്കുന്നതും സർക്കാർ നിർദ്ദേശമനുസരിച്ചായിരിക്കണം.

താരങ്ങൾക്ക് നൽകുന്ന പ്രതിഫലം കുറച്ചുകൊണ്ടുവരാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ സെലിബ്രിറ്റികൾ ആരാധകരെ ഉണ്ടാക്കുവാൻ നടത്തുന്ന ഷോകളും മറ്റും നിരോധിച്ചിരിക്കുന്നു. ചൈനയുടെ പാരമ്പര്യവും വിപ്ലവവുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ സോഷ്യലിസ്റ്റ് സംസ്‌കാരവുമായി ബന്ധപ്പെട്ടതോ, ദേശീയത വളർത്തുന്നതോ ആയ വിഷയങ്ങൾ മാത്രമായിരിക്കും ഇനിമുതൽ ടി വി ചാനലുകളിലും മറ്റും അനുവദിക്കുക.

ഫാൻ ക്ലബ്ബുകൾക്ക് മീതെ വന്ന കർശന നടപടികളാണ് ചൈനയിൽ താനല്ലാതെ മറ്റാരും ആരാധിക്കപ്പെടരുതെന്ന ഷീയുടെ മനോഭാവം വ്യക്തമാക്കുന്ന മറ്റൊരു കാര്യം. സിനിമാനടന്മാരോടും മറ്റും ആരാധാന മൂത്ത് രൂപം കൊടുത്ത നിരവധി ക്ലബ്ബുകൾ ചൈനയിൽ ഉണ്ടായിരുന്നു. മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന ചൈനീസ് വിദ്യ തന്നെയാണ് ഇവിടെയും ഷീ പ്രയോഗിച്ചത്. സിനിമാ നടന്മാരായ സോ ഡോംഗ്യൂം, ഡു ജിയാംഗ് എന്നിവരെക്കൊണ്ടാണ് ആരുടേയെങ്കിലും അടിമകളാകുന്നത് നല്ലതെന്നും പാർട്ടിയുടെ നേതൃത്വത്തിൻ കീഴിൽ അണിനിരന്ന് പുതിയ വിജയങ്ങൽ കൈവരിക്കണം എന്നും ആഹ്വാനം ചെയ്തുകൊണ്ട് അവരുടെ ഫാൻസ് ക്ലബ്ബുകൾ അടച്ചുപൂട്ടിയത്.

ഷിയുടെ നാട്ടിൽ ഷിയായ നമഃ

ഷി ജിൻപിങ് ആരെന്നറിയുവാൻ അദ്ദേഹത്തിന്റെ കുടുംബപശ്ചാത്തലവും അറിയേണ്ടതുണ്ട്. ഒരു യുദ്ധപോരാളികൂടിയായ കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു ഷി യുടെ പിതാവായ ഷി ഷൊങ്ക്ക്സൻ. മാവോയുടേ ഭരണകാലത്ത് പക്ഷെ അയാൾ അറസ്റ്റ് ചെയ്യപ്പെട്ടു. ഷിയുടെ അമ്മയ്ക്ക് സർക്കാരിന്റെ നിർബന്ധത്തിനു വഴങ്ങി തന്റെ ഭർത്താവിനെ തള്ളിപ്പറയേണ്ടി വന്നു. 1978-ൽ ജയിൽ വിമോചിതനായ ശേഷം അദ്ദേഹം ഗുവാം ഡോംഗ് പ്രവിശ്യയിലെക്ക് മാറുകയും അന്നത്തെ സാമ്പത്തിക ഉദാരവത്ക്കരണത്തിനായി പ്രവർത്തിക്കുകയും ചെയ്തു.

ഇത്തരത്തിൽ സാമ്പത്തിക ഉദാരവത്ക്കരണത്തിനു വേണ്ടി വാദിച്ചിരുന്ന വ്യക്തിയുടെ മകനാണ് ഇപ്പോൾ, എല്ലായിടത്തും ഭരണകൂടത്തിന്റെ സർവ്വാധിപത്യം സ്ഥാപിക്കാൻ ഒരുങ്ങുന്നത്. തന്റെ പിതാവ് അറസ്റ്റിലായതിനു ശേഷം ഏറെ യാതനകൾ അനുഭവിച്ചിട്ടാണ് ഷി യെ വളർത്തിക്കൊണ്ടുവന്നത്. ഈ കഷ്ടതകൾ ആയിരിക്കാം സർവ്വ സമത്വമെന്ന ആശയം വീണ്ടും പൊടിതട്ടിയെടുക്കാൻ ഷീയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നവരുണ്ട്.

അടുത്ത കാലത്ത് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നിയമങ്ങളിൽ വരുത്തിയ ചില മാറ്റങ്ങൾ മൂലം ഷിക്ക് എത്രകാലം വേണമെങ്കിലും ഭരണത്തിൽ തുടരാൻ കഴിയും. ഇതുകൂടി കണക്കിലെടുക്കുമ്പോഴാണ് ഷീയുടെ നടപടികളിൽ സംശയങ്ങൽ ജനിക്കുക. ചൈനയുടെ പൊതുസമൂഹത്തിൽ ജനസമ്മതി നേടിയവരൊക്കെ ഒന്നൊന്നായി തകരുകയാണ്, അല്ലെങ്കിൽ നിയമം ഉപയോഗിച്ച് തകർക്കുകയാണ്. കമ്മ്യുണിസ്റ്റ് പാർട്ടി നേതാക്കൾ പോലും ഏറെക്കുറെ ഒതുങ്ങിക്കഴിയുകയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള മധ്യമങ്ങളീൽ പോലും അവർ പ്രത്യക്ഷപ്പെടുകയോ അഭിപ്രായപ്രകടനങ്ങൾ കാഴ്‌ച്ചവയ്ക്കുകയോ ചെയ്യുന്നില്ല.

സാമ്പത്തിക നവീകരണത്തോടെ ചൈനയിൽ ഉദിച്ചുയർന്ന പുതിയ സ്വാധീന കേന്ദ്രങ്ങളെല്ലാം ഇല്ലാതെയാക്കി ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സമഗ്രാധിപത്യം സ്ഥാപിക്കുക എന്നത് തന്നെയാണ് ഷീയുടെ ലക്ഷ്യം എന്ന് സംശയലേശമന്യേ കരുതാം. അതേസമയം, മാവോയ്ക്ക് ശേഷം പാർട്ടിയിലും സർക്കാരിലും ഒരുപോലെ അധികാരമുറപ്പിച്ച ഷീ, പാർട്ടിയും ഭരണകൂടവുമെല്ലാം തന്നിലേക്ക് ചുരുക്കുകയാണ്. ഭരണകൂടങ്ങൾ ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന പ്രത്യയശാസ്ത്രത്തിന്റെ പേരിൽ എല്ലായിടത്തും ഭരണകൂടത്തിന്റെ അധികാരവും സ്വാധീനവും വർദ്ധിപ്പിക്കുകയാണ്.

ചൈനയിലെ പ്രതിസന്ധി ബാധിക്കുന്നത് ലോക വിപണിയെ

ചൈനീസ് ഉദ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഇന്ത്യയിൽ പുത്തരിയൊന്നുമല്ല. എന്നാൽ, കേവലം മെയ്ഡ് ഇൻ ചൈന മുദ്ര കുത്തി വരുന്ന ഉദ്പന്നങ്ങൾക്ക് അപ്പുറവും ലോക വിപണീയിൽ ചൈനയ്ക്ക് സ്വാധീനമുണ്ട് എന്നതാണ് വാസ്തവം. നിലവിൽ ചൈനയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വൈദ്യൂത പ്രതിസന്ധിയിൽ പല ഉദ്പാദന ശാലകളും അടച്ചുപൂട്ടിയത് പല ലോകോത്തര ബ്രാൻഡുകളുടെയും വിപണിയെ ബാധിച്ചു എന്നതാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ചൈനയി കുറഞ്ഞവിലയ്ക്ക് ലഭ്യമായ സാങ്കേതിക വൈദഗ്ദ്യവും കുറഞ്ഞ വേതനവുമെല്ലാം ഉദ്പാദന ചെലവ് കുത്തനെ കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആപ്പിൾ ഉൾപ്പടെയുള്ള പല ലോകോത്തര ബ്രാൻഡുകൾക്കും ചൈനയിൽ ഉദ്പാദന യൂണിറ്റുകൾ ഉണ്ട്. പ്രധാന ഉദ്പാദന യൂണിറ്റുകൾ അല്ലെങ്കിൽ കൂടി ഓരോ ഉദ്പന്നത്തിന്റെയും ഒരു സുപ്രധാന ഭാഗമെങ്കിലും നിർമ്മിക്കുന്നത് ഇവിടെയായിരിക്കും. ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ മുതൽ അതീവ സങ്കീർണ്ണമായ മെഡിക്കൽ ഉപകരണങ്ങളുടെ ഭാഗങ്ങൾ വരെ ഇവിടെ നിർമ്മിക്കുന്നുണ്ട്.

വൈദ്യൂത പ്രതിസന്ധിയെ തുടർന്ന് നിർമ്മാണ യൂണിറ്റുകൾ അടച്ചുപൂട്ടിയത് ഐഫോൺ ഉൾപ്പടെ പല ഉദ്പന്നങ്ങളുടെയും ക്രിസ്ത്മസ്സ്-ന്യു ഇയർ വിപണിയിൽ ആശങ്ക പരത്തിയിരിക്കുകയാണ്. ഇത് പറഞ്ഞത് അന്താരാഷ്ട്ര വിപണീയിൽ ചൈന ചെലുത്തുന്ന സ്വാധീനം ചൂണ്ടിക്കാണിക്കുവാൻ വേണ്ടി മാത്രമാണ്. സ്വാതന്ത്ര്യത്തിന്റെ ചുവന്ന പരവതാനി വിരിച്ചു കൊണ്ടുവന്ന അന്താരാഷ്ട്ര കോർപ്പറേറ്റുകൾ പുതിയ നിയന്ത്രണങ്ങളോട് എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ചൈനയുടെ ഭാവി.

കൂടെക്കൂടെ നിയമങ്ങൾ മാറ്റുന്നത് ഒരിക്കലും ഒരു നിക്ഷേപ സൗഹാർദ്ദ രാജ്യത്തിന് ചേർന്നതല്ല, അതുകൊണ്ടുതന്നെ ഇപ്പോൾ പല വിദേശകമ്പനികളും ചൈനയി പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിന് മടിക്കുകയാണ്. പല ചൈനീസ് കമ്പനികളുടേയും ഓഹരി വില കുത്തനെ ഇടിഞ്ഞതും ഇതുമൂലമാണ്. അതായത്, ഷീയുടേ സോഷ്യലിസത്തിലേക്കുള്ള തിരിച്ചുപോക്ക് ചൈനയുടെ സമ്പദ്ഘടനയുടെ നട്ടെല്ല് ഒടിക്കുമെന്നാണ് പല പാശ്ചാത്യ നിരീക്ഷകരും പറയുന്നത്.

എന്നാൽ, ഇത് മാറ്റം സംഭവിക്കുന്ന ഘട്ടത്തിൽ സ്വാഭാവികമായി വന്നുചേരുന്ന ആശയക്കുഴപ്പങ്ങൾ മാത്രമാണെന്നാണ് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി പറയുന്നത്. പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും കൂടുതൽ സ്ഥിരത സമ്പദ്ഘടനയ്ക്ക് നൽകും എന്നാണ് അവർ പറയുന്നത്. ഭരണകൂടത്തിന്റെ നിരീക്ഷണം തട്ടിപ്പുകളും മറ്റും കുറയ്ക്കും. ആദ്യത്തെ സംശയങ്ങൾ നീങ്ങിക്കഴിഞ്ഞാൽ വിദേശ നിക്ഷേപകർ ഓടിയെത്തും എന്നുതന്നെയാണ് ചൈന പറയുന്നത്. കാരണം, ഇതിലും കുറഞ്ഞ ഉദ്പാദന ചെലവ് വാഗ്ദാനം നൽകാൻ മറ്റു രാജ്യങ്ങൾക്ക് ആവില്ല എന്നതുതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP