Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

അഞ്ചു നേരത്തെ നമസ്‌ക്കാരം ഖുർആനിൽ ഉണ്ട് എന്ന് തെളിയിക്കുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു; നോമ്പ് പിടിച്ചാൽ സ്വർഗം കിട്ടുമെന്ന് എന്ന് ഖുർആൻ വെച്ച് തെളിയിക്കാനും വെല്ലുവിളി; സർക്കാറിന് നികുതി കൊടുക്കലാണ് സക്കാത്ത് എന്നും വാദം; അര നൂറ്റാണ്ട് മുമ്പുതന്നെ ശരീഅത്ത് നിയമങ്ങൾ പരിഷ്‌ക്കരിക്കാൻ കത്തയച്ചു; ചേകന്നൂർ മൗലവി എന്ന സാമൂഹിക പരിഷ്‌ക്കർത്താവിനോട് ഈ നാട് നീതി കാട്ടിയോ? കേരളത്തിലെ ആദ്യ തീവ്രവാദ കൊലപാതകത്തിന് 27 വർഷം തികയുമ്പോൾ

അഞ്ചു നേരത്തെ നമസ്‌ക്കാരം ഖുർആനിൽ ഉണ്ട് എന്ന് തെളിയിക്കുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു; നോമ്പ് പിടിച്ചാൽ സ്വർഗം കിട്ടുമെന്ന് എന്ന് ഖുർആൻ വെച്ച് തെളിയിക്കാനും വെല്ലുവിളി; സർക്കാറിന് നികുതി കൊടുക്കലാണ് സക്കാത്ത് എന്നും വാദം; അര നൂറ്റാണ്ട് മുമ്പുതന്നെ ശരീഅത്ത് നിയമങ്ങൾ പരിഷ്‌ക്കരിക്കാൻ കത്തയച്ചു; ചേകന്നൂർ മൗലവി എന്ന സാമൂഹിക പരിഷ്‌ക്കർത്താവിനോട് ഈ നാട് നീതി കാട്ടിയോ? കേരളത്തിലെ ആദ്യ തീവ്രവാദ കൊലപാതകത്തിന് 27 വർഷം തികയുമ്പോൾ

എം മാധവദാസ്

തം പ്രധാന വിഷയമായി വരുന്ന കാര്യങ്ങളിൽ തുറന്ന് സംസാരിക്കാൻ പോലും ഭയക്കുന്ന ജനതയാണ് ഇന്നും നാം. അപ്പോൾ അരനൂറ്റാണ്ട് മുമ്പുതന്നെ, നോമ്പും നിസ്‌ക്കാരവുമായി
മാത്രം നടന്നാൽ പോരെന്നും, വിദ്യാഭ്യാസമാണ് പ്രധാനമെന്നും പറഞ്ഞ ഒരു മനുഷ്യനെ എന്ത് വിളിക്കണം. അതായിരുന്നു ചേകന്നൂർ മൗലവി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മത സ്വാതന്ത്ര്യത്തിന്റെയും കേരളത്തിലെ ആദ്യ രക്തസാക്ഷി. പക്ഷേ ചേകന്നൂരിന്റെ മരണത്തിന് 27 വർഷം തികയുമ്പോൾ കേരളീയ സമൂഹം ആ മുനുഷ്യന്റെ ഓർമ്മകൾ പോലും തമസ്‌ക്കരിക്കയാണ്. 1993 ജൂലൈ 29ന് വീട്ടിൽനിന്ന് ഇറങ്ങിയ അദ്ദേഹത്തിന്റെ മൃതദേഹം പോലും പിന്നീട് ആരും കണ്ടിട്ടില്ല.

പത്തു ഇസ്ലാം കാര്യങ്ങളിൽ ആദ്യത്തേതായി ചേകന്നൂർ പരിഗണിച്ചിരുന്നത് വിദ്യാഭ്യാസത്തെ ആയിരുന്നു. നോമ്പും നിസ്‌ക്കാരും ദിഖ്റും സ്വലാത്തുമായി അനുഷ്ഠാനത്തിൽ തളച്ചിടുന്ന മുസ്ലിം സമൂഹം വിദ്യാഭ്യാസപരമായി ഏറെ പിറകോട്ട് അടിക്കയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 5 നേരത്തെ നമസ്‌ക്കാരം ഖൂർആനിൽ ഉണ്ട് എന്ന് തെളിയിക്കുന്നവർക്ക് ഒരു ലക്ഷം രൂപയാണ് അദ്ദേഹം സമ്മാനം പ്രഖ്യാപിച്ചത്. നോമ്പ് പിടിച്ചാൽ സ്വർഗം കിട്ടുമോ എന്ന് ഖുർആൻ വെച്ച് തെളിയിക്കാനായി അടുത്ത വെല്ലുവിളി. അന്ന പാനീയങ്ങൾ 30ദിവസത്തേക്ക് ഉപേക്ഷിക്കാൻ ഖുർ ആനിൽ വാചകമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതുപോലെ ഹജജിനെയും സകാത്തിനെയും ചേകന്നൂർ ചോദ്യം ചെയ്തു. ഗവൺമെന്റിന് നികുതി കൊടുക്കലാണ് സക്കാത്ത് എന്നും അല്ലാതെ നമ്മുടെ കൈയിലുള്ള പണം ഭിക്ഷകൊടുക്കുന്നതുപോലെ കൊടുക്കുന്നതിൽ കാര്യമില്ലെന്നും വാദിച്ചു.

70കളിൽ ഒരാളും ഇസ്ലാമിന്റെ വിധി വിലക്കുകൾക്കെതിരെ സംസാരിച്ചിരുന്നില്ല എന്നോർക്കണം. ഇസ്ലാമിക പണ്ഡിതർ പറയുന്നത് തൊള്ളതൊടാതെ വിഴുങുന്ന ഒരു കാലത്താണ് മൗലവി കയറിവരുന്നത്. ശരീഅത്ത് നിയമങ്ങൾ പരിഷ്‌ക്കരിക്കപ്പെടാൻ അദ്ദേഹം ഇന്ത്യൻ പ്രസിഡന്റിന് നിവേദനം നൽകി. മുത്തലാഖിനും ബഹുഭാര്വത്വത്തിനുമെതിരെ നിലപാട് എടുത്തു. ചേകനൂരിന്റെ മതവിമർശനത്തിന്റെ ഉള്ളടക്കത്തിൽ പ്രധാനം ലിംഗനീതിയാണ്. വിവാഹമുക്തയ്ക്ക് മറ്റു ജീവിതമാർഗമില്ലെങ്കിൽ മരണംവരെയോ പുനർവിവാഹംവരെയോ മുൻ ഭർത്താവ് ചെലവിനു കൊടുക്കണമെന്ന സി.ആർ.പി.സി. 125-ലെ നിബന്ധനയിൽനിന്ന് മുസ്ലിം ഭർത്താവിനെ ഒഴിവാക്കാൻ പറ്റില്ല എന്ന ഷാബാനുകേസിന്റെ വിധി (23 ഏപ്രിൽ 1985) യെ സ്വാഗതംചെയ്ത മുസ്ലിങ്ങൾ ഇന്ത്യയിൽത്തന്നെ കുറവായിരുന്നു. വിധിയെ അനുകൂലിച്ചുകൊണ്ട് പുറപ്പട്ടതാണ് ചേകനൂരിന്റെ ആദ്യത്തെ പുസ്തകം. (ഇസ്ലാമിക ശരീഅത്തും ഇന്ത്യൻ ശരീഅത്തും സുപ്രീംകോർട്ട് വിധിയും 1985)

അതിനുള്ള ശിക്ഷയും ഇസ്ലാമിക മതമൗലിക വാദികളിൽനിന്ന് അദ്ദേഹത്തിന് കിട്ടി. ചേകന്നൂർവധംപോലെ ഇത്രയും ആസൂത്രിതമായി വല്ല കൊലപാതകവും കേരളത്തിൽ നടന്നിരിക്കുമോ എന്നത് സംശയമാണ്. എത്രയോ മാസങ്ങൾക്കു മുമ്പേ കൊലയാളികൾ മൗലവിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. തന്റെ 'പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകാനുള്ള യുവാക്കൾ' എന്ന് പൂർണമായും വിശ്വസിച്ചതുകൊണ്ടാണ് അന്ന് നമ്പര് പ്ലേറ്റില്ലാത്ത ജീപ്പുമായി വന്നിട്ടുപോലും മൗലവി ഒറ്റയ്ക്ക് അവർക്കൊപ്പം പോയത്. അത്രമാത്രം വിശ്വസിച്ചതുകൊണ്ടാണ് ചതിക്കാൻ പറ്റിയത്. ശ്വാസം മുട്ടിച്ചുകൊല്ലുംമുമ്പേ മറമാടാനുള്ള കുഴി കുത്തിവെച്ചിരുന്നു. മൃതദേഹം പിന്നീട് പ്രതികൾപോലും അറിയാതെ എങ്ങോട്ടോ മാറ്റുകയും ചെയ്തു.

സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ എം എൻ കാരശ്ശേരി ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.
'ചേകന്നൂർ കേസിൽ അതിപ്രധാനമായിരുന്ന ഗൂഢാലോചന അപ്പോഴും തെളിയുകയുണ്ടായില്ല. ഈ കേസ് വേണ്ടപോലെ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ പിൽക്കാലത്തെ തൊടുപുഴ കൈവെട്ടുകേസ് (4 ജൂലായ് 2010) ഉണ്ടാകുമായിരുന്നില്ല. കേരളീയസമൂഹം എല്ലാനിലയ്ക്കും കുറ്റകരമായ ഉദാസീനത കാണിച്ച അക്രമമാണ് മൗലവി ദുരന്തം. ഇരുപതോളം ഗ്രന്ഥങ്ങൾ എഴുതിയ ഗ്രന്ഥകാരനായിട്ടും 25 കൊല്ലം മാസിക നടത്തിയ പത്രപ്രവർത്തകനായിട്ടും കാൽനൂറ്റാണ്ടുകാലം പ്രവർത്തിച്ച പരിഷ്‌കരണവാദിയായിട്ടും ആ പണ്ഡിതന് നിഷേധിക്കപ്പെട്ട ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടി കാര്യമായ ചലനങ്ങളൊന്നും ഇവിടെ ഉണ്ടായില്ല. എഴുത്തുകാരോ പത്രപ്രവർത്തകരോ പൗരാവകാശപ്രവർത്തകരോ ഒരു സംഘടിതനീക്കവും നടത്തിയില്ല. ഒരു മുന്നണിയും ഒരു പാർട്ടിയും ആ പ്രശ്‌നം ഏറ്റെടുത്തില്ല. ഏതാനും പൗരാവകാശപ്രവർത്തകർ കഷ്ടപ്പെട്ട് മുന്നോട്ടുകൊണ്ടുപോയ ചേകനൂർ സമരം 17 കൊല്ലം നീണ്ടുനിന്നു. കേരള നിയമസഭയിൽ ഒരിക്കൽപ്പോലും ഒരംഗവും ആ പ്രശ്‌നം ഉന്നയിച്ചില്ല.അത് ബ്രിട്ടീഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദി (പൈശാചികപദ്യങ്ങൾ), ബംഗ്ലാദേശ് നോവലിസ്റ്റ് തസ്ലീമാ നസ്റീൻ (ലജ്ജ), എന്നിവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി ഇവിടെ ഊക്കൻ പ്രക്ഷോഭങ്ങൾ നടക്കുന്ന കാലമായിട്ടും!'- കാരശ്ശേരി ഓർക്കുന്നു.

'യതീംമക്കൾക്ക് സ്വത്തിൽ അവകാശമില്ലെന്ന് അല്ലാഹു പറയുമോ'?

മലപ്പുറം എടപ്പാളിന് അടുത്തുള്ള ചേകന്നൂർ എന്ന ഗ്രാമത്തിൽ അബ്ദുല്ലക്കുട്ടിയുടെയും ഫാത്തിമയുടെയും മകനായി 1936 ലാണ് ചേകന്നൂർ മൗലവി എന്ന് അറിയപ്പെടുന്ന, പി. കെ മുഹമ്മദ് അബുൽ ഹസൻ ജനിക്കുന്നത്. ഇടത്തരം സുന്നി കുടുംബമായിരുന്നു അവരുടേത്. ചേകന്നൂർ പള്ളി ദർസ്സ്, ദാറുൽ ഉലൂം വാഴക്കാട്, ദക്ഷിണേന്ത്യയിലെ മദ്രസ്സകളുടെ മാതാവ് എന്ന് അറിയപ്പെടുന്ന വെലൂർ ബാഖിയാത്ത് സ്വാലിഹാത്ത് എന്നിവിടങ്ങളിൽ നിന്ന് മതപഠനം പൂർത്തിയാക്കി.

ബാഖിയാത്തിൽ പഠിക്കുന്ന കാലത്ത് ഖുർആനിലെ പിന്തുടർച്ചാവകാശ നിയമത്തെ പറ്റി ഗവേഷണം നടത്തി. 1963ൽ ഈ ഗവേഷണം ''രിസാല'' എന്ന പേരിൽ അറബിയിൽ പ്രസിദ്ധീകരിച്ചു.''ഖുർആനിലെ പിന്തുടർച്ചാവകാശ നിയമം'' എന്ന പേരിൽ ഈ പുസ്തകം അദ്ദേഹം തന്റെ അവസാനകാലത്ത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. താൻ എങ്ങനെ ഖുർആൻ ഗവേഷണത്തിലേക്ക് തിരിഞ്ഞു എന്നതിനെപറ്റി അദ്ദേഹം അതിൽ വിശദമായി പരാമർശിക്കുന്നുണ്ട്.

''ഞാൻ മതപഠനമാരംഭിച്ച കാലത്ത് ബുദ്ധിമതിയായ എന്റെ മാതാവിൽനിന്ന് പലപ്പോഴും എനിക്ക് കേൾക്കാനിടയായ ഒരഭിപ്രായ പ്രകടനമാണ് എന്നെ ആ ഗവേഷണത്തിന്ന് പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിലൊന്ന്. ''ഉമ്മയും ഉപ്പയും മരിച്ചുപോയാൽ പിന്നെ അവരുടെ ആ ''യതീംമക്കൾക്ക്'' കുടുംബ സ്വത്തിൽ അവകാശമില്ലെന്ന് അല്ലാഹു ഒരിക്കലും പറയുകയില്ലെന്നും അതുണ്ടെന്ന് പറയുന്നത് ഖുർആൻ പഠിച്ചതിൽ മുസ്ലിയാന്മാർക്കെവിടെയോ അബദ്ധം പറ്റിയതായിരിക്കാമെന്നും ആരെങ്കിലും കൂടുതൽ പഠിച്ചാൽ ആ അബദ്ധം കണ്ടെത്തിയേക്കാമെന്നുമാണ് എന്റെ വന്ദ്യമാതാവ് പറയാറുള്ള ആ അഭിപ്രായം. എന്റെ ഹൃദയത്തിൽ ആ വാചകം വളരെയേറെ ആഴത്തിൽ പ്രതിഫലിച്ചു'' (ചേകന്നൂർ 1991:1112)

1961ൽ ഫാസിൽ ബിരുദം കരസ്ഥമാക്കിയ ചേകന്നൂർ, അക്കാലത്തെ പ്രധാന മദ്രസയായ കോക്കൂർ പള്ളി ദർസ്സിൽ പ്രധാനാധ്യാപകനായി ജോലിക്ക് കയറി. അതേ വർഷം തന്നെ വിവാഹിതനുമായി. പിന്നീട് 1962ൽ ഉമ്മയുടെയും ഉപ്പയുടെയും സഹായത്താൽ അവരോടൊപ്പം ഹജ്ജ് നിർവഹിക്കാൻ പോയി. അവർ ഹജ്ജ് ചെയ്തു മടങ്ങിയെങ്കിലും ചേകന്നൂർ ഉന്നത പഠനത്തിനായി അറേബ്യയിൽ തന്നെ തുടർന്നു. അവിടെ അദേഹത്തിന്റെ ഗവേഷണത്തിന് ആവശ്യമായ പുസ്തകങ്ങൾ ശേഖരിക്കുകയും, അബ്ദുള്ള ഇബ്‌നു അബ്ബാസ്, നാസിറുദീൻ അൽഭാനി, സൈദലവി മാലിക്കി എന്നിവരെ പോലുള്ള ഇസ്ലാമിക പണ്ഡിതന്മാരുമായി ആശയസംവാദത്തിൽ ഏർപ്പെടുകയും ചെയ്തു. തന്റെ സംശയനിവാരണത്തിന് ഉതകുന്ന രീതിയുള്ള മറുപടികൾ ലഭിക്കാതിരുന്നതിനാൽ അതീവ നിരാശയോടെ അദ്ദേഹം നാട്ടിലേക്കു മടങ്ങി. പിന്നീട് സ്വതന്ത്രമായി തന്നെ ഇസ്ലാമിക ഗവേഷണത്തിൽ ഏർപ്പെട്ടു.

ജമാഅത്തിനോടും മുജാഹിദിനോടും വിടപറയുന്നു

ഘട്ടം ഘട്ടമായിട്ടായിരുന്നു ചേകന്നൂരിന്റെ മാറ്റം. മടങ്ങി വന്ന ശേഷം ജമാഅത്തെ ഇസ്ലാമിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശാന്തപുരത്തെ അൽ ജാമിയ അൽ ഇസ്ലാമിയയിലും, മുജാഹിദുകൾ നടത്തിക്കൊണ്ടിരുന്ന എടവണ്ണ ജാമിയ നദ്വിയ്യയിലും നാലുവർഷത്തോളം അദ്ധ്യാപകനായി ജോലിനോക്കി. ആശയപരമായ കാരണങ്ങളാൽ രണ്ടിടത്തുനിന്നും പെട്ടെന്നുതന്നെ രാജിവെച്ചു. 1993ൽ ''പ്രമാണയോഗ്യമായ ഹദീസേത്'' എന്ന ചേകന്നൂരിന്റെ തന്നെ പുസ്തകത്തിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പിൽ അക്കാലത്തെ ഖുർആൻ സുന്നത്ത് സൊസൈറ്റി പ്രസിഡന്റ് ആയിരുന്ന ഡോ. സിഎം കുട്ടി ചേകന്നൂരിനെ പറ്റിയെഴുതിയ കുറിപ്പിൽ ആ രാജിക്കുള്ള കാരണങ്ങൾ വ്യക്തമാക്കുന്നുണ്ട്.

''...ഇസ്ലാമിനെക്കുറിച്ചുള്ള അവരുടെ(ജമാഅത്തെ ഇസ്ലാമിയുടെ) വീക്ഷണത്തോടും അദ്ദേഹത്തിന്ന് വിയോജിപ്പായിരുന്നു. പ്രത്യേകിച്ച് അവരുടെ മതാധിഷ്ഠിത രാഷ്ട്രം എന്ന ചിന്താഗതിയോട് അദ്ദേഹത്തിന്ന് പൊരുത്തപ്പെട്ടുപോകാൻ പറ്റിയില്ല. ...(മുജാഹിദുകളോടുള്ള ആശയപരമായ പ്രശ്‌നം) നബിവചനങ്ങൾ എന്ന പേരിൽ എഴുതിവെക്കപ്പെട്ട ഹദീസുകൾ അധികവും ദൈവീകഗ്രന്ഥമായ ഖുർആൻ വിരുദ്ധവും അനിസ്ലാമികവും അപരിഷ്‌കൃതവുമായ അറബി-യഹൂദ ആചാരങ്ങളുമാണ്. അതൊന്നും ഇസ്ലാംമതത്തിലെ പ്രമാണമോ തെളിവോ അല്ല (അതായത് അവർ ഹദീസുകൾക്ക്, ഖുർആന്റെ മുകളിൽ സ്ഥാനം കൽപിച്ചു) (ബ്രാക്കറ്റിലുള്ളത് ലേഖകൻ കൂട്ടിച്ചേർത്തതാണ്) (സിഎം കുട്ടി 1993: 910).

നിലവിലെ പിന്തുടർച്ചാവകാശ നിയമത്തെ ഖുർആനിനെ അടിസ്ഥാനമാക്കി പൊളിച്ചെഴുതാനാണ് രിസാല എന്ന പുസ്തകത്തിലൂടെ അദ്ദേഹം ശ്രമിച്ചത്. ആ പുസ്തകം രജിസ്റ്റർ കത്താക്കി അന്നത്തെ എല്ലാ മുസ്ലിം രാജ്യങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും, പണ്ഡിത കേസരിമാർക്കും അദ്ദേഹം അയച്ചുകൊടുത്തു. 1966ൽ പാക്കിസ്ഥാനിൽ പിന്തുടർച്ചാവകാശ നിയമം അയൂബ് ഖാൻ കാലാനുസൃതമായി മാറ്റിയെഴുതിയ സമയത്ത് ചേകന്നൂരിന്റെ വിലപ്പെട്ട കണ്ടെത്തെലുകൾ അവിടുത്തെ പ്രമുഖ ഇസ്ലാമിക് മാസിക ആയിരുന്ന ''അൽ അറബി''ൽ അച്ചടിച്ചുവന്നിരുന്നു. പറയത്തക്ക മറുപടികൾ ഒന്നും ആ പുസ്തകത്തിന് ലഭിച്ചില്ലെന്ന് അതെ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോൾ അദ്ദേഹം ഓർമ്മിക്കുന്നുണ്ട് (ചേകന്നൂർ 1991).

1967 കാലഘട്ടത്തിൽ തിരൂരിനടുത്തുള്ള പറവണ്ണയിലെ മുജാഹിദ് പള്ളിയിൽ ഖത്തീബായി ജോലി ചെയ്ത കാലത്താണ് അദ്ദേഹം ''നിരീക്ഷണം'' എന്ന മാസിക ആരംഭിക്കുന്നത്. അതിലൂടെ തന്റെ ആശയങ്ങളും കണ്ടെത്തെലുകളും അദ്ദേഹം പൊതുജനങ്ങളുമായി പങ്കുവെച്ചു. അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരുമായും സംഘടനകളുമായും ഒറ്റയ്ക്ക് നിരന്തരമായ ആശയസംവാദങ്ങളിൽ ഏർപ്പെട്ടു. ചുരുങ്ങിയ കാലം കൊണ്ട് പ്രദേശത്തെ ജനകീയനായി മാറിയെങ്കിലും പള്ളി കമ്മിറ്റിയുമായുണ്ടായ പ്രശ്‌നങ്ങൾക്കൊടുവിൽ അവിടം വിട്ടു.

''അതിനുശേഷം മൗലവി ഏതെങ്കിലും പ്രസ്ഥാനത്തിന്റെയോ, സ്ഥാപനത്തിന്റെയോ മേൽവിലാസമില്ലാതെ മതപ്രസംഗങ്ങൾ നടത്തിപ്പോന്നു. കേരളത്തിലെ പ്രമുഖ മുസ്ലിം വിഭാഗങ്ങളായ സുന്നി, ജമാഅത്ത്, മുജാഹിദ് കക്ഷികൾക്ക് ഒരുപോലെ അഹിതമായ കാര്യങ്ങളാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന വിശ്വാസാചാരങ്ങളെ കടന്നാക്രമിച്ചുകൊണ്ടുള്ള അദേഹത്തിന്റെ പ്രഭാഷണങ്ങൾ പലതും വിശ്വാസി സമൂഹത്തെ ഞെട്ടിക്കുവാൻ പോന്നവയായിരുന്നു. കേരളത്തിലെ മുസ്ലിം സാമൂഹിക പരിഷ്‌കരണവാദങ്ങളിൽ പലനിലക്കും ഒറ്റപ്പെട്ടു നിൽക്കുന്ന ചേകന്നൂർ പക്ഷം, അങ്ങനെ 1967ൽ ആരംഭിച്ചു'' (കാരശ്ശേരി 2001: 7980)

വ്യക്തിഹത്യ രൂക്ഷമായപ്പോൾ 'ഒളിവിൽ'

പിന്നീട് 1970ൽ കോഴിക്കോട് തുടങ്ങിയ മുസ്ലിം ആൻഡ് മോഡേൺ ഏജ് സൊസൈറ്റിയുടെ സ്ഥാപക അംഗവും പ്രധാനപ്പെട്ട പ്രവർത്തകനുമായി ചേകന്നൂർ. ഇസ്ലാമിക ശരീഅത്ത് പരിഷ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു ഊന്നൽ നൽകിയ ഈ സംഘടനയുടെ മുഖപത്രമായി പിന്നീട് ''നിരീക്ഷണം'' മാറി. പക്ഷേ പലരീതിയിലുള്ള എതിർപ്പുകൾ കാരണം ആ സംഘടനയുടെ പ്രവർത്തനം പെട്ടെന്നു തന്നെ നിലച്ചു. കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും ഒന്നിച്ചാണ് ഈ  സംഘടനയെ  എതിർത്തത്. അതിനാൽ ഇതിൽ അംഗങളായ എം ഇഎസ് നേതാക്കൾ അടക്കമുള്ളവർക്ക് രാജിവെക്കേണ്ടിവന്നു. തുടർച്ചയായി നാൽപ്പതു ദിവസമാണ് ചന്ദ്രിക ചേകന്നൂരിനെതിരെ ലേഖനം എഴുതിയത്. സിഎച്ച് അടക്കമുള്ളവർ ഇക്കാരണത്താൽ വേദനയോടെയാണ് മുസ്ലിം ആൻഡ് മോഡേൺ ഏജ് സൊസൈറ്റിയോട് വിടപറയുന്നത്.

അതേ കാലഘട്ടത്തിൽ നടന്ന രണ്ടാം കല്യാണവും, അതിനെ തുടർന്നുവന്ന വ്യക്തിഹത്യയും, ആശയപ്രചാരണത്തിലൂടെ വന്ന സാമ്പത്തിക പ്രതിസന്ധിയും പൊതുരംഗത്തു നിന്നും വിട്ടുനിൽക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. അങ്ങനെ 1973ൽ ''ഒളിവിൽ'' പോയ അദ്ദേഹം ഒരു പതിറ്റാണ്ടുകാലം പല രീതിയിലുള്ള ചെറിയ ബിസിനസ് സംരംഭങ്ങൾ നടത്തി നോക്കിയെങ്കിലും ഒന്നും വിജയം കണ്ടില്ല. ഇസ്ലാമിനെ വിറ്റ് കാശുണ്ടാക്കാൻ താൻ ശ്രമിക്കില്ല എന്നായിരുന്നു ഇതേക്കുറിച്ച് അദ്ദേഹം പറയുന്നത്. പിന്നീട് ഇദ്ദേഹത്തെ ശരിക്കും കാണാതായപ്പോൾ കടം കയറി മുങ്ങിയ മൗലവി നാടുവിട്ടതാണെന്ന് അന്നത്തെ പ്രമുഖ പത്രങ്ങൾവരെ നുണയെഴുതി.

84ൽ ശക്തമായ തിരിച്ചുവരവ്

അതോടൊപ്പം ഇസ്ലാമിക ഗവേഷണവും തുടർന്നിരുന്നു എന്നതിന്റെ തെളിവാണ് 1984നു ശേഷം നടത്തിയ രണ്ടാംവരവിൽ പിറന്ന അദ്ദേഹത്തിന്റെ 18 പുസ്തകങ്ങൾ. ആ വരവിൽ കോഴിക്കോട് നിന്നും അൽ ബുർഹാൻ എന്ന മാസികയും തുടങ്ങി. 1985ലെ ഷാബാനു കേസിലാണ് വിവാഹമോചിതരായ മുസ്ലിം സ്ത്രീകൾക്ക് പഴയ ഭർത്താവിൽ നിന്നും ജീവനാംശം ലഭിക്കണം എന്ന സുപ്രീം കോടതി വിധി വൻ തോതിൽ വിവാദമാകുന്നതും എതിർക്കപ്പെടുന്നതും. ആ വിധിയെ അനുകൂലിച്ചു രംഗത്തെത്തിയ ചുരുക്കം ചില ഇസ്ലാമിക പണ്ഡിതന്മാരിൽ ഒരാളായിരുന്നു ചേകന്നൂർ. ഈ വിഷയത്തിൽ തന്റെ നയം വ്യക്തമാക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ''ഇസ്ലാമിക ശരീഅത്തും, ഇന്ത്യൻ ശരീഅത്തും, സുപ്രീം കോടതി വിധിയും(1985)' എന്ന അദ്ദേഹത്തിന്റെ ആദ്യ മലയാള പുസ്തകം രചിച്ചു.

ഇന്ത്യൻ ശരീഅത്തുകൊളോണിയൽ നിർമ്മിതിയാണെന്നും, ഉത്തരേന്ത്യയിലെ ഏതാനും ചില പണ്ഡിതന്മാർ അവരുടെ ഇഷ്ടത്തിന് ഉണ്ടാക്കിയതാണെന്നുമുള്ള ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ഖുർആനിൽ പരാമർശിക്കുന്ന ശരീഅത്തുമായി അതിനു പുലബന്ധം പോലുമില്ലെന്നും നിരീക്ഷിച്ചു. അതോടൊപ്പം, ഖുർആൻ അടിസ്ഥാനമാക്കി വിവാഹമോചിതരായ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി അദ്ദേഹം വാദമുയർത്തി.

ഇതിനുശേഷം 1986ൽ പ്രസിദ്ധീകരിക്കപ്പെട്ട ''അബൂഹുറൈറയുടെ തനിനിറം'' എന്ന പുസ്തകം മുതൽ അദ്ദേഹത്തിന്റെ തിരോധാനത്തിന് തൊട്ടു മുൻപ് 1993 ഏപ്രിലിൽ പുറത്തുവന്ന ''സർവ്വമതസത്യവാദം ഖുർആനിൽ'' എന്ന പുസ്തകം വരെ നീളുന്ന 17 പുസ്തങ്ങളിലൂടെ ചേകന്നൂർ മലബാർ മുസ്ലിംങ്ങളുടെ കണ്ണിലെ കരടായി മാറി. അതോടൊപ്പം പല മുസ്ലിം ഗ്രൂപ്പുകളുമായി തുടർന്നുപോന്നിരുന്ന സംവാദങ്ങളും ആശയസംഘട്ടനങ്ങളും വഴി കാലങ്ങളായി ചോദ്യംചെയ്യാതെ മുസ്ലിംങ്ങൾ വിശ്വസിച്ചുപോന്നിരുന്ന പല വിശ്വാസസംഹിതക്കൾക്കുനേരെയും അദ്ദേഹം വിരൽചൂണ്ടി.

ഖുർആൻ സുന്നത്ത് സൊസൈറ്റി ഉണ്ടാകുന്നു

1991ൽ കോഴിക്കോടുനിന്നും തന്റെ ആശയപ്രചാരണാർത്ഥം ''ഖുർആൻ സുന്നത്ത് സൊസൈറ്റി''യെന്ന സംഘടന രൂപീകരിച്ചു. ആശയസമരത്തിനിടക്ക് 1993 ജൂലൈ 29നു രാത്രി ഖുർആൻ ക്ലാസ്സ് എടുക്കാൻ എന്ന വ്യാജേന വിളിച്ച ചിലരുടെ കൂടെ ഇറങ്ങിപ്പോയ അദ്ദേഹത്തിന് തന്റെ കണ്ടെത്തലുകൾക്ക് പകരമായി സ്വന്തം ജീവിതം തന്നെ ബലിനൽകേണ്ടി വന്നു. തന്റേതായ രീതിയിൽ മലബാറിലെ മുസ്ലിം സംഘടനകളുമായി തീർത്തും ജനാധിപത്യരീതിയിൽ സംവദിച്ചു പോന്നു ചേകന്നൂർ. ഇസ്ലാം അതിന്റെ തുടക്കം മുതൽ തന്നെ വളരെയധികം പ്രാധാന്യം നൽകിയിരുന്ന യുക്തിയെ മുൻനിർത്തിയുള്ള ആരോഗ്യപരമായ സംവാദരീതിയായിരുന്നു ചേകന്നൂരിന്റേത്. പുസ്തകങ്ങൾക്കും ലേഖനങ്ങൾക്കും പുറമെ സെമിനാറുകൾ, സംവാദങ്ങൾ, ചർച്ചകൾ, വിവാദങ്ങൾ, ഖുർആനിക സത്യങ്ങൾ ഉയർത്തിപിടിച്ചുള്ള മുബാഹലകൾ എന്നിവയിലൂടെയായിരുന്നു അദ്ദേഹം മറ്റു മുസ്ലിം സംഘടനകളുമായി ആശയസംവാദങ്ങൾ നടത്തിയിരുന്നത്.

മൂന്നു പതിറ്റാണ്ടു കാലം മലബാർ മുസ്ലിം പൊതുവിടങ്ങളിൽ അത്യധികം പ്രകോപനപരമായ രീതിയിൽ നിലനിന്നുപോന്ന ''ചേകന്നൂർ ശൈലി''യെ കുറിച്ച് കാരശ്ശേരിയുടെ നിരീക്ഷണം പങ്കുവെച്ചുകൊണ്ട് ഈ ഭാഗത്തിന് വിരാമമിടുന്നു.''കർക്കശമായ യുക്തിബോധം, അത്ഭുതകരമായ ഓർമ്മശക്തി, അതിനിശിതമായ വിമർശനസാമർത്ഥ്യം, രൂക്ഷമായ പരിഹാസം, മൂർച്ചയേറിയ തർക്കബുദ്ധി, കരുത്തേറിയ ആക്രമണരീതി എന്നിവ കൊണ്ട് ചൂടേറിയ ''ചേകന്നൂർ ശൈലി''യിലുള്ള പ്രകോപനസമൃദ്ധമായ പ്രസംഗങ്ങളിലൂടെ, വാദപ്രതിവാദങ്ങളിലൂടെ മൗലവി വളരെ വേഗം വിവാദപുരുഷനായി തീർന്നു'' (കാരശ്ശേരി 2001:80).

ആസൂത്രിത കൊലപാതകം

27 വർഷം മുൻപ് 1993 ജൂലൈ 29ന് മഴ തൂങ്ങിനിൽക്കുന്ന രാത്രിയിലാണ് ഒരുസംഘം ആളുകൾ  ചേകന്നൂർ മൗലവിയെ എടപ്പാൾ കാവിൽപ്പടിയിലെ വീട്ടിൽനിന്ന്കൂ ട്ടിക്കൊണ്ടുപോയത്. അദ്ദേഹം പിന്നീട് തിരിച്ചുവന്നില്ല. . ജൂലൈ 31ന് മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മയും അമ്മാവൻ സാലിം ഹാജിയും പൊന്നാനി പൊലീസിൽ പരാതി നൽകി. മൗലവിയെ കൊലപ്പെടുത്തിയെന്ന് കണ്ടെത്താൻ വർഷങ്ങളുടെ അന്വേഷണം വേണ്ടിവന്നു. . 1996 ഓഗസ്റ്റ് രണ്ടിനു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കേസ് അനങ്ങിയത്.

2000 നവംബർ 27ന് ആദ്യ രണ്ടു പ്രതികളെ തൃശൂരിൽനിന്ന് അറസ്റ്റ് ചെയ്തു. ഒൻപതു പ്രതികളുണ്ടായിരുന്ന കേസിൽ 2010 സെപ്റ്റംബർ 29ന് ആലങ്ങോട് കക്കിടിപ്പുറം വി.വി.ഹംസയ്ക്ക് ഇരട്ടജീവപര്യന്തം വിധിച്ചു. മറ്റുള്ളവർക്കെതിരെ തെളിവുണ്ടായിരുന്നില്ല. ചേകനൂർ മൗലവി (58) എന്ന ചേകനൂർ പി.കെ.അബുൽ ഹസ്സൻ മൗലവിയുടെ മതപരമായ ആശയങ്ങളോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായത് എന്നാണ് കേസ്.

ഇറക്കിക്കൊണ്ടുപോകൽ, കൊലപാതകം, മൃതദേഹം മറവുചെയ്യൽ, മറവുചെയ്തിടത്തുനിന്നു മാറ്റൽ എന്നിങ്ങനെ നാലു സംഘങ്ങളായാണ് കുറ്റകൃത്യം നടപ്പാക്കിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നത്. മതപഠന ക്ലാസിനെന്നു പറഞ്ഞ് മൗലവിയെ രണ്ടുപേർ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കക്കാട്ടുനിന്ന് അഞ്ചുപേർ കൂടി വാഹനത്തിൽ കയറി. ശ്വാസം മുട്ടിച്ചുകൊന്ന ശേഷം പുളിക്കൽ ചുവന്നകുന്നിനോടു ചേർന്നുള്ള ആന്തിയൂർകുന്നിൽ കുഴിച്ചിട്ടു. പിന്നീട് മൃതദേഹം മാറ്റിയെന്നാണ് കണ്ടെത്തൽ. ഈ പറഞ്ഞ സംഘങ്ങൾക്കൊന്നും പരസ്പരം അറിയില്ലായിരുന്നു. കേസ് ഡയറി കാണാനില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട്, തെളിവുകൾ കൈകാര്യം ചെയ്യുന്നിൽ വന്ന വീഴ്ച, വ്യക്തമായ സൂചനകൾ പോലും പ്രയോജനപ്പെടുത്താതിരുന്ന സിബിഐ നിലപാട്... ഇങ്ങനെ പല ഘടകങ്ങളും വിധി പ്രതികൾക്ക് അനുകൂലമാക്കി.

കാന്തപുരം അബൂബക്കർ മുസലിയാരുമായി ബന്ധമുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് ആരോപണമുയർന്നിട്ടുണ്ട്. ഈ കൊലപാതകത്തിന്റെ കേസിൽ 10ാമത്തെ കുറ്റാരോപിതനായി കാന്തപുരത്തെ പ്രത്യേക കോടതി ആരോപിച്ചിരുന്നു. എന്നാൽ കാന്തപുരത്തിനെതിരെ യാതൊരു തെളിവും കണ്ടെത്താത്ത സാഹചര്യത്തിൽ പ്രതിയക്കാനുള്ള പ്രത്യേക കോടതി ആവശ്യം ഹൈക്കോടതി തള്ളി .കാന്തപുരം ഈ കേസിൽ പ്രതിയല്ലെന്ന സിബിഐ സംഘത്തിന്റെയും ഹൈക്കോടതിയുടെയും നിരീക്ഷണം സുപ്രീം കോടതിയും അംഗീകരിച്ചു.

പ്രതികരിച്ചത് സുകുമാർ അഴീക്കോട് മാത്രം

കേരളീയ സമൂഹം ചേകന്നൂർ മൗലവിയോട് കാട്ടിയതുകൊടിയ വഞ്ചനയാണെന്നാണ് മൗലവിക്കുവേണ്ടി വലിയ പോരാട്ടങൾ നടത്തിയ ഡോ എം എൻ കാരശ്ശേരി അനുസ്മരിക്കുന്നത്. '93 ലാണ് ചേകന്നൂരിനെ തട്ടിക്കൊണ്ട് പോയി കൊലചെയ്യുന്നത്. ആദ്യം അദേഹത്തിന്റെ ഘാതകരെ കണ്ടത്തെണമെന്ന് ആവശ്യപ്പെട്ടു 100 കത്തുകൾ രാഷ്ട്രീയ നേതാക്കൾക്കും മതമേധാവികൾക്കും അയച്ചു. പക്ഷെ ഒരു പ്രയോജവുമുണ്ടായില്ല. സുകുമാർ അഴിക്കോട് മാത്രമാണ് പ്രതികരിക്കാൻ തയ്യാർ ആയത്. അന്ന് കെ സി നാരായണൻ ആണ് മാതൃഭൂമി വീക്കെൻണ്ട് എഡിറ്റർ.തന്റെ ജോലി പോയാലും ആ ലേഖനം കൊടുത്തിരിക്കും എന്നദ്ദേഹം പറഞ്ഞു .അയാൾ കൊടുക്കുമെങ്കിൽ ഞാൻ എഴുതുമെന്നു അദ്ദേഹവും പറഞ്ഞു .അങ്ങനെ മാതൃഭൂമി വീക്ക്എൻഡിൽ ആണ് ചേകനൂർ വധം ഒരു പ്രശ്നമായി ഉയർത്തികൊണ്ടുള്ള ലേഖനം വരുന്നത്. അതോടെ ഞാൻ സജീവമായി രംഗത്തിറങ്ങി.17 വർഷങ്ങൾ അതു നീണ്ടു നിന്നു'- കാരശ്ശേരി മാഷ് ഓർക്കുന്നു.

'അക്കാലത്തും വധഭീഷണിയും ആക്രമണ ഭീഷണിയും ഉണ്ടായിരുന്നു എന്നാൽ പൊലീസിൽ പരാതിപ്പെട്ടില്ല.പക്ഷെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവ ചൂണ്ടിക്കാട്ടണമെന്നു ഞാൻ കെ സി യോട് പറഞ്ഞിരുന്നു. 'പിന്നെ മോളുടെ കല്യാണം നടക്കില്ല ,വി സി ആകാൻ പറ്റില്ല എന്നെല്ലാം ചിലർ സൂചിപ്പിച്ചു.മോളുടെ കല്യാണം നടക്കില്ല എന്നത് വലിയൊരു ഭീഷണിയായിരുന്നു,ഞാൻ അതും അവഗണിച്ചു' - കാരശ്ശേരി വ്യക്തമാക്കി.

അട്ടിമറിച്ചത് നായനാർ സർക്കാർ

മാധ്യമങ്ങളും രാഷ്ട്രീയക്കാരും വിസ്മരിച്ച ഈ കേസ് ലൈവ് ആയി നിർത്തുക എന്നതായിരുന്നു പ്രശ്നമെന്നും എം എൻ കാരശ്ശേരി ചൂണ്ടിക്കാട്ടുന്നു. 'എന്നെ വിളിക്കുന്ന യോഗങ്ങളിൽ സംസാരത്തിനിടെ ചേകന്നൂർ വധം ഒരു പ്രത്യേക ഭാഗമായി ഞാൻ അവതരിപ്പിക്കും. കേസ് ലൈവ് ആയി നിർത്തിയത് അങ്ങനെയാണ്.ഞാൻ അവിടെയെല്ലാം ഓർമിപ്പിക്കും. ഓർമയാണ് നമ്മുടെ സമരത്തിന്റെ മാധ്യമം. ജനാധിപത്യം എന്നത് ഓർമയാണ് .ഓർമയുടെ സമരത്തിന്റെ ഓർമ്മകൾ എന്നാണു രണ്ടായിരത്തിൽ പുറത്തിറങ്ങിയ ചേകന്നൂരിന്റെ രക്തം എന്നാ പുസ്തകത്തിന്റെ തുടക്കത്തിൽ കുറിച്ചത്.ചേകന്നൂർ കേസ് ,ഏകീകൃത സിവിൽ നിയമം തുടങ്ങിയ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ എല്ലാവരും വിമുഖരാണ്.വോട്ട് ബാങ്ക് ആണ് അവരെ നയിക്കുന്നത് .

ചേകന്നൂർവധത്തിൽ കുറ്റവാളികളെ പിടികൂടാൻ ഞാൻ 17 കൊല്ലം പോരാട്ടം നടത്തി.എന്നാൽ ഇതേപറ്റി കേരള നിയമസഭയിൽ ഒരു ചോദ്യം പോലും ഉന്നയിക്കപ്പെട്ടില്ല .എന്നാൽ സൽമാൻ റുഷ്ദിയെപറ്റിയും തസ്ലീമ നസ്രീനെ പറ്റിയും ചോദ്യമുണ്ടായി.

എന്റെ ചെറുപ്പത്തിൽ ഞാൻ ചേകന്നൂർ മൗലവിയുടെ പ്രസംഗം കേട്ടിട്ടുണ്ട് അദ്ദേഹം എന്ത് പറയുന്നു എന്നതല്ല . അഭിപ്രായ സ്വാതന്ത്ര്യമാണ് പ്രശ്നം മതമല്ല ,വോട്ട് ബാങ്ക് ആണ് പ്രശ്നം.നോട്ട് ബാങ്കും പ്രശ്നം തന്നെ .നമുക്ക് നേട്ടമോ നോട്ടോ വോട്ടോ കിട്ടാത്ത ഒരു നിലപാടും എടുക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാർ അല്ല വോട്ട് കൈവശമുള്ളവരെ പിണക്കാൻ അവർ തയ്യാർ അല്ല ചേകന്നൂർവധത്തിൽ കുറ്റവാളികളെ പിടികൂടാൻ ഞാൻ 17 കൊല്ലം പോരാട്ടം നടത്തി.എന്നാൽ ഇതേപറ്റി കേരള നിയമസഭയിൽ ഒരു ചോദ്യം പോലും ഉന്നയിക്കപ്പെട്ടില്ല .എന്നാൽ സൽമാൻ റുഷ്ദിയെപറ്റിയും തസ്ലീമ നസ്രീനെപട്ടിയും ചോദ്യമുണ്ടായി.ഞാൻ തന്നെ ലജ്ജയുടെ ഇംഗ്ലീഷ് പതിപ്പ് വരും മുൻപേ ബംഗാളിയിൽ ആ ചെറിയ പുസ്തകം വായിച്ചു.അന്ന് ഭാഷാപോഷിണിയിൽ അതെ പറ്റി എഴുതിയപ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യവും ചേകന്നൂരും എന്ന വിഷയത്തെപറ്റി അതിൽ ഞാൻ എഴുതിയ എട്ടു പാരഗ്രഫ് കൂടി കൊടുത്താലേ അത് പ്രസിദ്ധീകരിക്കാൻ അനുവദിക്കൂവെന്നു നിർബന്ധം പിടിച്ചു'. - എം എൻ കാരശ്ശേരി വ്യക്തമാക്കി.

കേസിന്റെ രാഷ്ട്രീയ ബന്ധം തെളിയാത്തതിന് പിന്നിൽ അന്നത്തെ നായനാർ സർക്കാറിനും ഒഴിയാൻ പറ്റില്ലെന്നാണ് ഖുർആൻ സുന്നത്ത് സൊസെറ്റി പ്രവർത്തകയായിരുന്ന, ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടുന്നത്. പല ലീഡുകളും വോട്ടിനുമുന്നിൽ ഇല്ലാതായോ എന്ന് സംശയമുണ്ടെന്നും അവർ പറഞ്ഞു.

സുന്നി ടൈഗർ ഫോഴ്സും ജംഇയ്യത്തുൽ ഇഹ്‌സാനിയും

മൗലവിയെ കൊന്ന ഭീകരസംഘടനകളുടെ വേരുകൾ പിന്നീട് യാദൃശ്ചികമായേന്നോണമാണ് പൊലീസിന് കിട്ടിയത്. 25വർഷം മുമ്പ് നടന്ന തൊഴിയൂർ സുനിൽ വധക്കേസിലെ യഥാർഥ പ്രതികളിലൊരാളായ മൊയ്‌നൂദ്ദീൻ കഴിഞവർഷം പിടിയലായതോടെയാണ് മുൻ കൊലപാതകങ്ങളുടെ ചുരുളഴയുന്നത്. സുനിൽ വധക്കേസിൽ മലപ്പുറം കൊളത്തൂർ ചെമ്മലശ്ശേരി പൊതുവകത്ത് ഇബ്രാഹിം മുല്ലയുടെ മകൻ ഉസ്മാൻ (51), തൃശ്ശൂർ അഞ്ചങ്ങാടി നാലകത്തൊടിയിൽ അബ്ദുള്ളയുടെ മകൻ യൂസഫലി (52) എന്നിവരെയും തിരൂർ ഡിവൈഎസ്‌പി കെ എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രഞ്ച് സംഘം അറസ്റ്റു ചെയ്തിരുന്നു. 1995ൽ നടന്ന വാടാനപ്പള്ളി രാജീവ് വധക്കേസിലും പ്രതികളാണിവർ.

20 വർഷം മുമ്പ് പ്രവർത്തനം നിർത്തിയ ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ പങ്ക് ഈ മരണങ്ങളിൽ ഉണ്ടെന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച് .ചേകന്നൂർ മൗലവി കേസിലെ പ്രധാന പ്രതിയെന്ന് കരുതപ്പെടുന്ന സെയ്തലവി അൻവരിയാണ് തൊഴിയൂർ സുനിൽ വധക്കേസിലെയും മുഖ്യ പ്രതിയെന്നാണ് പൊലീസിന്റെ നിഗമനം.

1994ൽ നടന്ന തൊഴിയൂർ സുനിൽ കൊലപാതകത്തിൽ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മൊയ്‌നൂദ്ദീൻ പിടിയിലായത്. ഇതിലെ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് 24 വർഷം മുമ്പ് അപകടമരണമായി കണക്കാക്കിയ ബിജെപി പ്രവർത്തകൻ മോഹനചന്ദ്രന്റെ മരണവും കൊലപാതകമാണെന്ന് പുറത്തറിയുന്നത്. ഇതോടെയാണ് 1992 മുതലുള്ള ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ ദുരൂഹ മരണങ്ങൾ അന്വേഷിക്കാൻ് തീരുമാനിച്ചത്. ജംഇയ്യത്തുൽ ഇഹ്‌സാനിയ തലവനായിരുന്ന സെയ്തലവി അൻവരി വർഷങ്ങൾക്ക് മുന്നെ വിദേശത്തേക്ക് കടന്നതായാണ് പൊലീസ് കണക്കാക്കുന്നത്. പൊലീസ് സംശയിക്കുന്ന എല്ലാവർക്കുമായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതെന്ന് തിരൂർ ഡിവൈഎസ്‌പി സുരേഷ് ബാബു പറഞ്ഞു. ഈയാഴ്ച തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

1995 ആഗസ് 19നാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ആർഎസ്എസ് നേതാവ് പാലൂർ മോഹനചന്ദ്രൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പെരിന്തൽമണ്ണ പുലാമന്തോളിലെ പച്ചക്കറികട അടച്ച ശേഷം വീട്ടിലേക്ക് വരുന്ന വഴിയിൽ മരണപ്പെടുകയായിരുന്നു. വീടിന് സമീപത്തായി റോഡരുകിൽ മോഹനചന്ദ്രൻ വീണ് കിടക്കുന്നത് നാട്ടുകാർ കാണുന്നത് പിറ്റേന്ന് രാവിലെയാണ്. ആശുപത്രിയിലെത്തിച്ച മോഹനചന്ദ്രൻ പകൽ പത്തരയോടെ മരിച്ചു. കൊലപാതകമെന്ന് സംശയമുയർന്നിരുന്നെങ്കിലും പിന്നീട് അപകട മരണമെന്ന് പൊലീസ് തീർപ്പിലെത്തുകയായിരുന്നു. ഇപ്പോൾ പിടിയിലായ മൊയ്‌നൂദ്ദീനിൽ നിന്ന ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഈ കേസും പുനരന്വേഷിക്കുമെന്നാണ് അറിയുന്നത്.

1992ൽ ബാബരി മസ്ജിദ് തകർത്ത സംഭവത്തിന് ശേഷം തൃശൂരിൽ രൂപം കൊണ്ട സംഘടനയാണ് ജംഇയ്യത്തുൽ ഇഹ്‌സാനിയ. കേരളത്തിലെ സുന്നി വിഭാഗങ്ങൾ രണ്ടായ പിളർന്ന വേളയിൽ ഇതിൽ ഒരുവിഭാഗം മറുവിഭാഗത്തെ പ്രതിരോധിക്കാനായി സുന്നി ടൈഗർ ഫോഴ്‌സ് എന്ന സംഘടന രൂപീകരിച്ചിരുന്നു. പിന്നീട് ഈ സംഘത്തെ പിരിച്ചുവിട്ടു. സുന്നി ടൈഗർ ഫോഴ്‌സിൽ പ്രവർത്തിച്ചിരുന്ന ചിലർ ചേർന്ന് തൃശൂരിൽ രൂപീകരിച്ച സംഘടനയാണ് ജംഇയ്യത്തുൽ ഇഹ്‌സാനിയ എന്നാണ് അന്വേഷണ സംഘം കരുതുന്നത്. സംഘത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളാണ് കൊളത്തൂർ മേലേകൊളമ്പ് പിലാക്കാട്ടുപടിയിൽ സെയ്തലവി അൻവരിയെന്നാണ് പൊലീസ് പറയുന്നത്.

ഈ  ലീഡ് വെച്ച്‌  സിബിഐക്ക് ചേകന്നൂർ വധക്കേസിൽ ഒരു പുനരന്വേഷണം നടത്താവുന്നതാണ്. ഐഎസ് ബന്ധവും സ്വർണക്കടത്തുമൊക്കെയായി, കേരളത്തിൽ തീവ്രവാദം വീണ്ടും ചർച്ചാവിഷയം ആവുമ്പോൾ പ്രത്യേകിച്ചും.

വിവരങ്ങൾക്ക് കടപ്പാട്:

ഖുർആൻ സുന്നത്ത് സൊസൈറ്റി- വിവിധ പുസ്തകങ്ങൾ

പ്രൊഫ. എം എൻ കാരശ്ശേരി- ചേകന്നൂരിന്റെ രക്തം പുസ്തകം

ജാമിദ ടീച്ചർ- വിവിധ പ്രഭാഷണങ്ങൾ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP