Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഭ്യന്തര സുരക്ഷ ഒരുക്കാൻ സിആർപിഎഫ്; വിദേശ ആക്രമണത്തെ ചെറുക്കാനും അതിർത്തി കാക്കാനും ബിഎസ്എഫ്; വിഐപി സുരക്ഷ ഒരുക്കാനും കമാൻഡോ ഓപ്പറേഷനുമായി എൻഎസ്ജി; വിമാനത്താവളങ്ങളും ആണവ നിലയങ്ങൾക്കും സുരക്ഷ ഒരുക്കുന്ന സിഐഎസ്എഫ്; ചാരപ്രവർത്തനം നടത്താൻ രഹസ്യാന്വേഷണ ഏജൻസിയായി റോ; കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവിധ പൊലീസ്-സേനാ വിഭാഗങ്ങളെ പരിചയപ്പെടാം

ആഭ്യന്തര സുരക്ഷ ഒരുക്കാൻ സിആർപിഎഫ്; വിദേശ ആക്രമണത്തെ ചെറുക്കാനും അതിർത്തി കാക്കാനും ബിഎസ്എഫ്; വിഐപി സുരക്ഷ ഒരുക്കാനും കമാൻഡോ ഓപ്പറേഷനുമായി എൻഎസ്ജി; വിമാനത്താവളങ്ങളും ആണവ നിലയങ്ങൾക്കും സുരക്ഷ ഒരുക്കുന്ന സിഐഎസ്എഫ്; ചാരപ്രവർത്തനം നടത്താൻ രഹസ്യാന്വേഷണ ഏജൻസിയായി റോ; കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവിധ പൊലീസ്-സേനാ വിഭാഗങ്ങളെ പരിചയപ്പെടാം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുൽവാമയിൽ ഏതാനും ദിവസം മുൻപുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് ജീവൻ ബലികഴിക്കേണ്ടി വന്നുവെന്ന വാർത്ത നമ്മുടെ നാടിനെ ദുഃഖത്തിലാഴ്‌ത്തിയിരുന്നു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെന്നത് വിവിധ മേഖലകളിലായി തരം തിരിച്ച ധീര പോരാളികളുടെ കരങ്ങളിലാണ്. നമ്മുടെ രാജ്യത്തെ കാക്കുന്നത് കര-നാവിക- വ്യോമ സേനകളാണെന്ന് എല്ലാവർക്കും അറിയാം.

എന്നാൽ ഇവരുടെ ജോലി യുദ്ധ  സാഹചര്യത്തിൽ രാജ്യത്തെ കാക്കുക എന്നതാണ്. ആഭ്യന്തര സുരക്ഷയ്ക്ക് മറ്റ് ഏജൻസികളാണുള്ളത്. ഓരോ സംസ്ഥാനത്തിനും പൊലീസ് ഉള്ളപ്പോൾ കേന്ദ്രത്തിനും ഉണ്ട് പൊലീസും അന്വേഷണ ഏജൻസികളും സുരക്ഷാ-ഇന്റലിജൻസ് സംവിധാനങ്ങളും. അവ ഏതൊക്കെയെന്ന് നാം അറിഞ്ഞിരിക്കണം.

ഇന്ത്യയുടെ സുരക്ഷയുടെ ഉത്തരവാദിത്വം എന്ന് പറയുന്നത് പ്രധാനമായും നാലു വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്ന സേനകൾക്കാണ്. കേന്ദ്ര വിഭാഗങ്ങൾ, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ, സംസ്ഥാന പൊലീസ്, സംസ്ഥാന മഹാനഗര പൊലീസ് എന്നിവയാണ് അവ.

കേന്ദ്ര വിഭാഗങ്ങൾ

14 എണ്ണമാണ് കേന്ദ്ര വിഭാഗങ്ങളിൽ വരുന്നത്. രാജ്യത്തെ ഏറെ ഗൗരവമേറിയ പ്രശ്‌നങ്ങളിൽ മിക്കതിലും സുരക്ഷാ സംബന്ധമായ ചുമതല മിക്കവാറും കേന്ദ്ര വിഭാഗങ്ങളിലാണ് വരുന്നത്. അതിൽ ദേശീയ അന്വേഷണ ഏജൻസി മുതൽ അർധ സൈനിക വിഭാഗങ്ങൽ വരെ ഉൾപ്പെടും.

ദേശീയ അന്വേഷണ ഏജൻസി

ഭീകരപ്രവർത്തനങ്ങൾ തടയാനും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങളിൽ കാര്യമായി അന്വേഷണം നടത്താനും എന്ന അന്തർ സംസ്ഥാനങ്ങൾ തമ്മിൽ ബന്ധമുള്ളതും ഇവയ്ക്ക് പുറമേ സംസ്ഥാനങ്ങൾ കൈമാറ്റം ചെയ്യുന്നതുമായ കേസുകൾ അന്വേഷിക്കുക എന്ന ഉദ്ദേശത്തോടെ 2009ൽ രൂപീകരിക്കപ്പെട്ട രാജ്യത്തെ ഏക കുറ്റാന്വേഷണ വിഭാഗമാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). തീവ്രവാദത്തിന് പുറമേ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് കുറ്റകൃത്യങ്ങളിലും അന്വേഷണം നടത്താൻ എൻഐഎയ്ക്ക് അധികാരമുണ്ട്.

സൈനിക വിഭാഗങ്ങൾക്ക് പുറമേ തീവ്രവാദത്തെ ചെറുക്കാൻ സാധ്യമായ മറ്റൊരു വിഭാഗം വേണമെന്ന ചിന്തയാണ് എൻഐഎയുടെ ഉദ്ഭവത്തിന് പിന്നിൽ.കള്ളനോട്ട് മുതൽ ആയുധങ്ങളുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട കേസുകളും എൻഐഎയ്ക്ക് അന്വേഷിക്കാം. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കേസുകളാണെങ്കിലും അത് അന്വേഷിക്കാൻ എൻഐഎയ്ക്ക് അനുമതിവാങ്ങേണ്ടതില്ല.

ഈ ഏജൻസി രൂപവത്കരിച്ചുള്ള ബില്ലിൽ 2008 ഡിസംബർ 30-നു രാഷ്ട്രപതി ഒപ്പുവെച്ചു. 2009 നിലവിൽ വന്നു. 1975 ബാച്ചിലെ ഐ പി എസ് ഓഫീസർ രാധാ വിനോദ് രാജുവാണ് എൻ.ഐ.എ മേധാവി. നിലവിലുള്ള സുരക്ഷാസേനയിൽ നിന്നാണ് എൻ.ഐ.എയിൽ ഇപ്പോൾ നിയമനം നടത്തുന്നത്. സംസ്ഥാനങ്ങളിൽ പൊലീസിൽ നിന്നു ഡെപ്യൂട്ടേഷൻ വഴിയും ജീവനക്കാരെ നിയമിക്കും.

സിബിഐ

രാജ്യത്തെ ഏറ്റവും പ്രധാനവും പ്രസിദ്ധിയാർജ്ജിച്ചതുമായ അന്വേഷണ ഏജൻസി. 1914ൽ ആരംഭിച്ച സ്‌പെഷ്യൽ പൊലീസിൽ നിന്നാണ് സെൻട്രൽ ബ്യൂറോ ഓപ് ഇൻവെസ്റ്റിഗേഷന്റെ ആരംഭം. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ 1963 ഏപ്രിൽ 1-നാണ് സിബിഐ. സ്ഥാപിതമാകുന്നത്.

ആന്റികറപ്ഷൻ ഡിവിഷൻ, സ്‌പെഷ്യൽ ക്രൈംസ് ഡിവിഷൻ എന്നിങ്ങനെയാണ് സിബിഐ.യിലെ രണ്ട് അന്വേഷണ വിഭാഗങ്ങൾ. അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയവയാണ് സിബിഐ.യുടെ അന്വേഷണത്തിൽ വരുന്നത്. സംസ്ഥാന സർക്കാരിന്റെ ശുപാർശയോ, സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ നിർദ്ദേശമോ ലഭിക്കുമ്പോഴാണ് ഒരു കേസ് സിബിഐ ഏറ്റെടുക്കുന്നത്.

ഇന്റർപോളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സിബിഐ.യാണ്. കേന്ദ്ര പേഴ്‌സണൽ, പെൻഷൻ ആൻഡ് പബ്ലിക് ഗ്രീവൻസസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സിബിഐയെ പൂർണമായും നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയാണ്

സിഐഎസ്എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്)

ലോകത്തെ തന്നെ ഏറ്റവും വലിയ അർധ സൈനിക വിഭാഗ സേനയാണിത്. ഇന്ത്യയിലെ മുഖ്യ സർക്കാർ സ്ഥാപനങ്ങളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും സുരക്ഷയ്ക്കായി നിർമ്മിച്ച സിഐഎസ്എഫിൽ 1,42,526 പേരാണുള്ളതെന്നാണ് വിവരം. എന്നാൽ ഇത് അന്വേഷണ വിഭാഗമല്ല. ന്യൂഡൽഹിയിലാണ് സിഐഎസ്എഫിന്റെ ആസ്ഥാനം. ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ വരുന്ന സിഐഎസ്എഫ് ആറ്റോമിക്ക് പ്ലാന്റ് അടക്കമുള്ള വ്യവസായ കേന്ദ്രങ്ങളിൽ സുരക്ഷ നൽകി വരുന്നു.

സിആർപിഎഫ് (സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്)

കേന്ദ്ര റിസർവ് പൊലീസ് ഫോഴ്‌സ് ഇന്ത്യയിലെ വലിയ അർധ സൈിനിക വിഭാഗമാണ്. 1949ൽ കേന്ദ്ര റിസർവ് പൊലീസ് ആക്ട് പ്രകാരം രൂപംകൊണ്ട് സിആർപിഎഫ് പ്രവർത്തിക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. വീരപ്പൻ വധം നടപ്പിലാക്കിയ ഓപ്പറേഷന് നേതൃത്വം നൽകിയ ഡയറക്ടർ ജനറൽ കെ. വിജയകുമാർ ആണ്.

ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്)

ഇന്ത്യയുടെ ഏറ്റവും പ്രധാന ആന്റി സ്മഗ്ലിങ് ഇന്റലിജൻസ് ആൻഡ് ഓപ്പറേഷൻസ് ഏജൻസിയാണ് ഡിആർഐ. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസിനാണ് ഡിആർഐയുടെ ചുമതല. രാജ്യത്തെ പ്രധാന കള്ളക്കടത്ത് ഇനങ്ങളായ സ്വർണം, ആയുധം, മയക്കുമരുന്ന്, കള്ളനോട്ട്, പുരാവസ്തു, തുടങ്ങി കള്ളപ്പണം വെളുപ്പിക്കൽ വരെയുള്ള കേസുകളിൽ രഹസ്വ സ്വഭാവത്തിൽ അന്വേഷണം നടത്തുന്ന ഏജൻസികൂടിയാണിത്.

ഇന്ത്യൻ ഹോം ഗാർഡ്

ഇന്ത്യയിലെ പാരാമിലിട്ടറി പൊലീസ് ഫോഴ്‌സാണ് ഇന്ത്യൻ ഹോംഗാർഡ് എന്ന് പറയുന്നത്. കൃത്യമായി പറഞ്ഞാൻ ഇന്ത്യയിലെ പൊലീസിനായുള്ള സഹായ സൈന്യമാണ് ഹോംഗാർഡ്. 1962ലെ ഇന്ത്യ-സിനോ യുദ്ധത്തിന് ശേഷമാണ് ഹോം ഗാർഡ്‌സ് എന്ന പ്രസ്ഥാനത്തിന്റെ ആരംഭം. കോളേജ് വിദ്യാർത്ഥികൾ മുതൽ മറ്റ് പ്രഫഷണലുകളിൽ നിന്ന് വരെ ഹോം ഗാർഡിലേക്ക് സേവനത്തിനായി ആളുകളെ എടുക്കും. 18നും 50നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് മൂന്ന് മുതൽ അഞ്ചു വർഷം വരെ ഹോം ഗാർഡായി സേവനം ചെയ്യാം.

ബിപിആൻ ആൻഡ് ഡി (ബ്യൂറോ ഓഫ് പൊലീസ് ആൻഡ് ഡെവലപ്പമെന്റ്)

ബ്യൂറോ ഓഫ് പൊലീസ് ആൻഡ് ഡെവലപ്പമെന്റ് 1970 ഓഗസ്റ്റ് 28നാണ് സ്ഥാപിതമാകുന്നത്. പൊലീസ് സേനയുടെ ആധുനികവത്കരണത്തിന്റെ ഭാഗമായി രൂപംകൊണ്ട് ബിപിആർ ആൻഡ് ഡിക്ക് നാലു വിഭാഗങ്ങളാണുള്ളത്. ഗവേഷണത്തിനായും പരിശീലനത്തിനായും മറ്റ് പുരോഗമനം സംബന്ധിച്ച വിഷയങ്ങളുമാണ് ഈ വിഭാഗം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. കുറ്റകൃത്യങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നത് മുതൽ അന്വേഷണ രീയിയിൽ വരെ പുത്തൽ കണ്ടെത്തൽ നടത്തുന്നതാണ് ഗവേഷണ വിഭാഗമെങ്കിൽ ആയുധം ഉൾപ്പടെയുള്ള ഘടകങ്ങളുടെ വികസനമാണ് പുരോഗമന വിഭാഗങ്ങളുടെ ചുമതല.

ഐടിബിപി (ഇൻഡോ ടിബറ്റൻ അതിർത്തി പൊലീസ്)

ഇന്ത്യാ-ചൈനാ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന അർധ സൈനിക വിഭാഗമാണ് ഐടിബിപി അഥവാ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്. ഭാരത് തിബറ്റ് സീമാ പൊലീസ് എന്നും ഈ വിഭാഗത്തെ വിളിക്കാറുണ്ട്. 1962 ഒക്ടോബർ മാസം 24നാണ് ഐടിബിപി രൂപം കൊള്ളുന്നത്. ലഡാക്കിലെ കാരക്കോറം ചുരം മുതൽ അരുണാചൽ പ്രദേശിലെ ദിഫു ലാ വരെയുള്ള ഹിമാലയ പർവ്വതനിരകളിൽ 3488 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-ചൈന അതിർത്തി പ്രദേശം മുതൽ 9000 അടി മുതൽ 18500 അടി വരെ ഉയരത്തിലുള്ള ഇന്തോ-ചൈന അതിർത്തിയിലെ പശ്ചിമ മദ്ധ്യ പൂർവ സെക്ടറുകൾ ഇതിലുൾപ്പെടുന്നു.

ബിഎസ്എഫ് (ബോർഡർ സെക്യുരിറ്റി ഫോഴ്‌സ്)

രാജ്യത്തെ ഏറ്റവും മുഖ്യമായ അർധ സൈനിക വിഭാഗം. ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളെ സംരക്ഷിക്കുക എന്നതാണ് അതിർത്തി രക്ഷാ സേനയുടെ ചുമതല. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം അടക്കമുള്ള കാര്യങ്ങളിൽ നിന്നും രാജ്യത്തെ കാക്കുന്നത് ബിഎസ്എഫ് ജവാന്മാരാണ്. വനിതകൾ ഉൾപ്പെടെ,240,000 ഭടന്മാരുള്ള ഈ സേന 1965 ലാണ് സ്ഥാപിതമായത്്. ലോകത്തിലെ ഏറ്റവും വലിയ അതിർത്തി രക്ഷാ സേനകളിൽ ഒന്നാണ് ഇന്ത്യയുടെ ബിഎസ്എഫ്.

എൻഎസ്ജി (നാഷണൽ സെക്യുരിറ്റി ഗാർഡ്‌സ്)

രാജ്യത്തെ തീവ്രവാദം അടിച്ചമർത്തണം എന്ന ഉദ്ദേശത്തോടെ നിർമ്മിച്ച സുരക്ഷാ സേനയാണ് ദേശീയ അന്വേഷണ ഏജൻസി അഥവാ എൻഎസ്ജി. 1985ലാണ് എൻഎസ്ജിയുടെ ഉദ്ഭവം. തീവ്രവാദം ചെറുക്കുക എന്നത് മാത്രമല്ല രാജ്യത്തെ വിവിഐപികളുടേയും വിഐപിയുടേയും സുരക്ഷയ്ക്കും എൻഎസ്ജി കമാൻഡോകളേയാണ് നിയോഗിക്കുക.

കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. കറുപ്പ് നിറമുള്ള യൂണിഫോം ഉപയോഗിക്കുന്നതിനാൽ എൻഎസ്ജി കമാൻഡോകളെ ബ്ലാക്ക് ക്യാറ്റുകളെന്നും വിളിക്കാറുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ഓപ്പറേഷൻ നടത്താൻ പ്രത്യേക പരിശീലനം ലഭിച്ചവരാണിവർ.

ആർപിഎഫ് (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്)

രാജ്യത്തെ റെയിൽ ഗതാഗത മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിഭാഗമാണ് ആർപിഎഫ്. ഇവർക്ക് അന്വേഷണം നടത്താനുള്ള അധികാരം നൽകിയിട്ടില്ല. റെയിൽവേയുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വിന്യസിപ്പിക്കപ്പെട്ടിരിക്കുന്ന ഇവർ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് തടയാനുള്ള നടപടിക്രമങ്ങൾക്ക് ശേഷം വിശദമായ അന്വേഷണത്തിന് പൊലീസിനെ ഏൽപ്പിക്കുകയാണ് പതിവ്.

സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്‌സ് (എസ്‌പിജി)

കേന്ദ്ര സായുധ സേനകളിലൊന്നാണ് സ്‌പെഷ്യൻ പ്രൊട്ടക്ഷൻ ഗ്രൂപ്പ്. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും മുൻ പ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും സുരക്ഷ നൽകുന്നതിനാണ് എസ്‌പിജി ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. 1988ൽ പാർലമെന്റിന്റെ അനുമതിയോടെയാണ് രാജ്യത്ത് എസ്‌പിജി നിലവിൽ വരുന്നത്. ലോകത്ത് എവിടെയാണെങ്കിലും പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങൾക്ക് എസ്‌പിജി ഉദ്യോഗസ്ഥർ സുരക്ഷ നൽകി വരുന്നു.

നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി)

രാജ്യത്തുണ്ടാകുന്ന മയക്കുമരുന്നും അനുബന്ധ കുറ്റകൃത്യങ്ങളും തടയുന്നതിനാണ് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പ്രവർത്തിക്കുന്നത്. 1986 മാർച്ച് 17നാണ് ഇന്ത്യയിലെ നർക്കോർട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ഉദ്ഭവം. ഐപിഎസ് അല്ലെങ്കിൽ ഐആർഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് നാർക്കോർട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ചുമതല ലഭിക്കുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എൻസിബിയുടെ നിയന്ത്രണം ആഭ്യന്തര മന്ത്രിക്കാണ്.

ആസ്സാം റൈഫിൾസ്

1835ൽ പ്രവർത്തം ആരംഭിച്ച ആസ്സാം റൈഫിൾസാണ് രാജ്യത്തെ ഏറ്റവും പഴക്കമേറിയ അർധസൈനിക വിഭാഗം. കാച്ചാനർ ലെവി എന്നായിരുന്നു ആദ്യത്തെ പേര്. ഷില്ലോങ് ആസ്ഥാനമായ ആസാം റൈഫിൾസിന്റെ മുഖ്യ ഉത്തരവാദിത്വം ഇന്ത്യയുടെ വടക്ക് കിഴക്കൻ അതിർത്തി കാക്കുകും ഇവിടെയുള്ള സംസ്ഥാനങ്ങളുടെ ആഭ്യന്തര സുരക്ഷയ്ക്ക് നേതൃത്വം നൽകുക എന്നതുമാണ്.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ

റോയും ഐബിയും ജെഐസിയുമാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ എന്ന് പറയുന്നത്.

റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്)

ഇന്ത്യയുടെ വിദേശ ഇന്റലിജൻസ് ഏജൻസിയാണ് ന്യൂഡൽഹി ആസ്ഥാനമായ റോ അഥവാ റിസർച്ച് ആൻഡ് അനാലിസിസ് വിങ്. 1968ൽ സ്ഥാപിതമായ റോ രാജ്യത്തിന്റെ തദ്ദേശീയവും വിദേശീയവുമായ നയതന്ത്രങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രഹസ്യ നീക്കങ്ങൾ വിവര ശേഖരണം അന്വേഷണം തുടങ്ങി അതീവ രഹസ്യ സ്വഭാവമുള്ള രാഷ്ട്രീയ നീക്കങ്ങളിൽ വരെ സൂക്ഷ നിരീക്ഷണം നടത്തുന്ന ഏജൻസിയാണ് റോ.

ഇന്റലിജൻസ് ബ്യൂറോയുടെ ഒരു ഭാഗമെന്ന നിലയിലാണ് റോ രൂപം കൊണ്ടത്. ഇന്തോ-ചൈന യുദ്ധശേഷം പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു വിദേശ ഇന്റലിജൻസിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു ഏജൻസിയുടെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചു. ഇന്ദിരാ ഗാന്ധി 1968ൽ പ്രധാനമന്ത്രിയായപ്പോൾ ഒരു ദ്വിതീയ സുരക്ഷാസംവിധാനം വേണമെന്ന ആശയം മുന്നോട്ട് വച്ചതാണ് റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ ഉദ്ഭവം.

ഐബി (ഇന്റലിജൻസ് ബ്യൂറോ)

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന രഹസ്യാന്വേഷണ സ്ഥാപനമാണ് ഇന്റലിജൻസ് ബ്യൂറോ അഥവാ ഐബി. ലോകത്തിലെ ആദ്യ രഹസ്യാന്വേഷണ വിഭാഗമെന്ന ബഹുമതിയും ഐബിക്കാണ് സ്വന്തമായിരിക്കുന്നത്. 1885ൽ ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ രഹസ്യാന്വേഷണ വിഭാഗം ആരംഭിച്ചിരുന്നു. ഇതേ പ്രവർത്തനം തന്നെ കാഴ്‌ച്ച വയ്ക്കുന്ന വിഭാഗമാണ് 1947ൽ ഇന്റലിജൻസ് ബ്യൂറോ എന്ന പേരിൽ സ്ഥാപിതമായത്. നിലവിൽ 25000 ഉദ്യോഗസ്ഥരാണ് ഐബിയിൽ സേവനമനുഷ്ഠിക്കുന്നത്.

ഈ വിഭാഗങ്ങൾക്ക് പുറമേയാണ് രാജ്യത്തെ ഓരോ സംസ്ഥാനത്തും പൊലീസ് സേനയെ വിനിയോഗിച്ചിരിക്കുന്നത്.

ഇന്ത്യയിലെ സംസ്ഥാന പൊലീസ് സേനയുടെ പട്ടിക

ആന്ധ്രാ പൊലീസ്,അരുണാചൽ പ്രദേശ് പൊലീസ്, ആസ്സാം പൊലീസ്, ബിഹാർ പൊലീസ്, ചണ്ഡീഗഡ് പൊലീസ്, ചത്തീസ്ഗഡ് പൊലീസ്, ദാദ്ര നഗർഹവേലി പൊലീസ്, ദാമൻ ദിയൂ പൊലീസ്, ഗോവ പൊലീസ്, ഗുജറാത്ത് പൊലീസ്, ഹരിയാന പൊലീസ്, ഹിമാചൽപ്രദേശ് പൊലീസ്,ജമ്മു കാശ്മീർ പൊലീസ്, ജാർഖണ്ഡ് പൊലീസ്, കർണ്ണാടക പൊലീസ്, കേരള പൊലീസ്, ലക്ഷദ്വീപ് പൊലീസ്, മദ്ധ്യപ്രദേശ് പൊലീസ്, മഹാരാഷ്ട്ര പൊലീസ്, മണിപ്പൂർ പൊലീസ്, മേഘാലയ പൊലീസ്, മിസ്സോറാം പൊലീസ്, നാഗാലാന്റ് പൊലീസ്, ഒഡീഷ്സ പൊലീസ്, പുതുച്ചേരി പൊലീസ്, പഞ്ചാബ് പൊലീസ്, രാജസ്ഥാൻ പൊലീസ്, സിക്കിം പൊലീസ്, തമിഴ്‌നാട് പൊലീസ്, ത്രിപുര പൊലീസ്, ഉത്തർപ്രദേശ് പൊലീസ്, ഉത്തരാഖണ്ഡ് പൊലീസ്, പശ്ചിമബംഗാൾ പൊലീസ്

സംസ്ഥാന മഹാനഗര പൊലീസ്

ബാംഗ്ലൂർ നഗര പൊലീസ്, ഡൽഹി പൊലീസ്, ചെന്നൈ പൊലീസ്, ഹൈദ്രാബാദ് പൊലീസ്, കൊൽക്കത്ത പൊലീസ്, കൊച്ചി നഗര പൊലീസ്,മുംബൈ പൊലീസ്, നാഗ്പൂർ പൊലീസ്, പൂന പൊലീസ്, തിരുവനന്തപുരം നഗര പൊലീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP