Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

അറിയാതെ സവർണ്ണന്റെ മേൽ കാൽ തട്ടിപ്പോയതിന് ദളിതനെ തല്ലിക്കൊല്ലുന്ന നാട്! കൃഷിയിടത്തിൽ മൂത്രമൊഴിച്ചതിനും കീഴ്ജാതിക്കാരന് മരണ ശിക്ഷ; എ പ്ലസ് കിട്ടിയ ദളിത് വിദ്യാർത്ഥികളുടെ വീടുകളിൽ കല്ലേറ് നടത്തുന്നത് 'ആചാരം'; ദളിതനായതിനാൽ ബിജെപി എംപിക്കുപോലും ഠാക്കൂറിന്റെ വീട്ടിലെ ഗ്ലാസിൽ ചായയില്ല; ഫൂലൻദേവി തൊട്ട് ബ്രാഹ്മണ അധോലോകം വരെ വളർന്നത് ജാതിയുടെ പേരിൽ; ജാതി ശ്വസിച്ച്, ജാതി തിന്ന്, ജാതിയിൽ മരിക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ കഥ

അറിയാതെ സവർണ്ണന്റെ മേൽ കാൽ തട്ടിപ്പോയതിന് ദളിതനെ തല്ലിക്കൊല്ലുന്ന നാട്! കൃഷിയിടത്തിൽ മൂത്രമൊഴിച്ചതിനും കീഴ്ജാതിക്കാരന് മരണ ശിക്ഷ; എ പ്ലസ് കിട്ടിയ ദളിത് വിദ്യാർത്ഥികളുടെ വീടുകളിൽ കല്ലേറ് നടത്തുന്നത് 'ആചാരം'; ദളിതനായതിനാൽ ബിജെപി എംപിക്കുപോലും ഠാക്കൂറിന്റെ വീട്ടിലെ ഗ്ലാസിൽ ചായയില്ല;  ഫൂലൻദേവി തൊട്ട് ബ്രാഹ്മണ അധോലോകം വരെ വളർന്നത് ജാതിയുടെ പേരിൽ; ജാതി ശ്വസിച്ച്, ജാതി തിന്ന്, ജാതിയിൽ മരിക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ കഥ

എം റിജു

ഒരു ദളിത് വിദ്യാർത്ഥിയുടെ കാൽ ഒരു ഹോട്ടലിൽവെച്ച് അറിയാതെ ഉന്നത ജാതിക്കാരന്റെ മേൽ തട്ടിയെന്നു പറഞ്ഞ് വിദ്യാർത്ഥിയെ തല്ലിക്കൊല്ലുന്ന നാട് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ! കൃഷിയിടത്തിൽ മൂത്രമൊഴിച്ചതിതിന്റെ പേരിലും, ബാർബർഷോപ്പിൽനിന്ന് മുടിവെട്ടാൻ ശ്രമിച്ചതിന്റെപേരിലും ഇവിടെ ദലിതർ തല്ലിക്കൊല്ലപ്പെട്ടിട്ടുണ്ട്. എ പ്ലസ് കിട്ടിയ ദളിത് വിദ്യാർത്ഥികളുടെ വീടുകളിൽ കല്ലേറ് നടത്തുന്ന ഒരു 'ആചാരം' തന്നെ ഇവിടെയുണ്ട്. ദലിതനായ ബിജെപി എം പിപോലം ഇവിടെ കൈയിൽ ഒരു ഗ്ലാസ് കരുതിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകളിൽ കയറുക. ഠാക്കുർമാർക്ക് ദലിതന് ചായ തരാൻ തോന്നിയാൽ ഗ്ലാസ് പ്രശ്നമാകരുതല്ലേ. ഇതിനെല്ലാം പുറമെ മേൽജാതിക്കാർക്ക് സ്വന്തമായി സേനയും ഗുണ്ടാ സംഘങ്ങളുമുണ്ട്. കീഴ്ജാതിപെൺകുട്ടികളെ ബലാൽസഗം ചെയ്ത് കെട്ടിത്തൂക്കിയ എത്രയെത്ര സംഭവങ്ങൾ.മുഖ്യമന്ത്രിയുശട സന്ദർശനത്തിന് ദളിത് മേഖലകളിൽ ജില്ലാ ഭരണകൂടം സോപ്പും ഷാമ്പുവും കൊടുക്കുകയും റെഡ് കാർപ്പറ്റ് വിരിച്ച് ഒരുക്കുകയും ചെയ്യുന്ന നാട്.

ഇതാണ് ഉത്തർ പ്രദേശ്. ചരിത്രകാരൻ രാമചന്ദ്രഗുഹ പറഞ്ഞപോലെ 'ജാതിയിൽ ജനിച്ച്, ജാതി തിന്ന്, ജാതി ശ്വസിച്ച്, ജാതിയിൽ മരിക്കുന്ന' ജനവിഭാഗങ്ങൾ. ഈ ഒരു വീക്ഷണകോണിൽനിന്നുവേണം ഉത്തർപ്രശേിലെ ഹത്രാസിൽ ദലിത് പെൺകുട്ടിയെ മാനഭംഗപ്പെടുത്തി നാവരിച്ച് കൊലപ്പെടുത്തിയ ശേഷം, ജഡം പോലും വീട്ടുകാരെ കാണിക്കാത്ത സംഭവം വായിക്കാൻ. ഉത്തരേന്ത്യയുടെ ഉൾഗ്രാമങ്ങളിൽ നടക്കുന്ന ജാതി സംഘർഷങ്ങളെക്കുറച്ചും ദരഭിമാനഹത്യക്കളെ കുറിച്ചും, പഠിച്ചിട്ടുള്ളവർക്ക് ഹത്രാസ് സംഭവത്തിൽ അത്രയൊന്നും നടുങ്ങാൻ കഴിയില്ല. കാരണം നൂറ്റാണ്ടുകളായി തുടരുന്നതാണ് ഇത്. കോൺഗ്രസ് ഭരിച്ചപ്പോളും, അഖിലേഷ് യാദവ് ഭരിച്ചപ്പോളും, മുലായത്തിന്റെ കാലത്തും, ബിഎസ്‌പി കാലത്തും ഇപ്പോൾ യോഗിയുടെ കാലത്തും യുപിയിലെ ദലിതന്റെ അവസ്ഥ ദയനീയമായിരുന്നു. ഇതിൽ മായവതിയുടെ ബിഎസ്‌പിക്കാലത്ത്    പൊലീസ് അടക്കമുള്ള ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ദലിതരോടുള്ള സമീപനം മെച്ചപ്പെട്ടിരുന്നു എന്ന് കാണാതെ വയ്യ. ഇപ്പോൾ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വന്നതോടെ, മേൽജാതിക്കാർ നിയന്ത്രിക്കുന്ന പൊലീസിലുള്ള വിശ്വാസവും ദലിതർക്ക് പുർണ്ണമായും നഷ്ടമായിരിക്കയാണ്.

ഇന്ന് രാഹുലും പ്രിയങ്കയുമൊക്കെ ഹത്രാസിലെത്തി പെൺകുട്ടിക്ക് നീതി കിട്ടാൻ വേണ്ടി വാദിക്കയും പ്രക്ഷോഭം നടത്തുകയും ചെയ്യന്നു. നല്ല കാര്യം തന്നെ. അങ്ങനെയാണ് വേണ്ടതും. പക്ഷേ കോൺഗ്രസ് അധികാരത്തിൽ എത്തുമ്പോൾ ദലിതരുടെ അവസ്ഥ മെച്ചപ്പെട്ടിരുന്നോ. അവരെ കാർന്ന് തിന്നുന്ന ജാതീയ അടിമത്തം മാറ്റിയെടുക്കാൻ എന്താണ് കോൺഗ്രസ് ചെയ്തത്. ജാതി സംഘടനകൾ ഉണ്ടാക്കാനും, ഖാപ് പഞ്ചായത്തുകളിൽ ആളെ കൂട്ടാനും ശ്രമിക്കുക വഴി നിരന്തരമായി ജാതി നിലനിർത്താൻ തന്നെയാണ് ഓരോ രാഷ്ട്രീയ പാർട്ടികളും കാലാകാലങ്ങളിലായി ശ്രമിച്ചത്. അംബേദ്ക്കാർ പറഞ്ഞപോലെ വിദ്യാഭ്യാസം ശാസ്ത്രബോധവും വളർത്തി ദലിതനെ ഉയർത്തിക്കൊണ്ടുവരാനും, ബ്രാഹ്മണനെപ്പോലെ ഒരു അന്ധവിശ്വാസം മാത്രമാണ് ദലിതനെന്നും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ ഇവിടെ ആരും ശ്രമിക്കുന്നില്ല. അതുകൊണ്ടുതനെന്നയാണ് എം പിയായലും ദലിതൻ, ഠാക്കുർമാരെ കാണുമ്പോൾ എഴുനേറ്റ് നിൽക്കുന്നു!

ബിജെപി എം പിയുടെ പ്രചാരണം ഗ്ലാസുമായി

വിദ്യാഭ്യാസവും ശാസ്ത്രബോധവും ഉയർത്തിപ്പിടച്ച് ഹിന്ദുത്വവും ജാതി സമ്പ്രദായവും വെറും അന്ധവിശ്വാസം മാത്രമാണെന്ന് പഠിപ്പിച്ച്, എല്ലാവരും ആഫ്രിക്കയിൽനിന്ന് ഉയർന്നുവന്ന ഹോമോ സാപ്പിയൻ എന്ന ഒറ്റ സ്പീഷീസാണെന്ന ബോധം ഉണ്ടാക്കി, ദലിതരെ മാനസിക അടിമത്തത്തിൽനിന്ന് മോചിപ്പിക്കാൻ ഇവിടെ ഒരു സംഘടനയും ശ്രമിക്കുന്നില്ല. പകരം അവർ മൽസരിച്ച് ജാതിപോഷണം നടത്തുന്നു. ബിജെപിയാവട്ടെ അതിൽ അൽപ്പം കൂടി കടന്ന കൈയെടുത്തു. ജാതിക്ക് പകരം മതം എന്ന കാർഡ് എടുത്തിട്ടു. നമ്പൂതിരി മുതൽ നായാടിവരെയുള്ള ഹിന്ദുക്കൾ മുസ്ലീങ്ങൾക്കെതിരെ ഐക്യപ്പെടണം എന്ന് പറഞ്ഞ് വോട്ട് ധ്രുവീകരിച്ചു. അതിന്റെ ഭാഗമായി ഹത്രാസിനും ഒരു ദലിത് എംപിയെ കിട്ടി. ഇപ്പോൾ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അതേ സമുദായക്കാരി തന്നെ. പക്ഷേ എന്തു ഫലം. ഭരണം മേൽജാതിക്കാരുടെ കൈയിൽ തന്നെ.

ഹാത്രസ് ഒരു പട്ടികജാതി സംവരണ ലോക്‌സഭാ മണ്ഡലം കൂടിയാണ്. അലിഗഢിന്റെയും മധുരയുടെയും ഭാഗങ്ങൾ കൂടിച്ചേർന്നുണ്ടായ ജില്ല. ഠാക്കൂറുകളും ജാട്ടുകളും ഇവിടെ ശക്തരാണ്. മുമ്പ് കോൺഗ്രസിനും ആർ.എൽ.ഡിക്കും സ്വാധീനമുണ്ടായിരുന്നു. 2009ൽ ജാട്ടു പാർട്ടി ജയിച്ചു. അതിനിടെ ബിജെപി പിന്നെയും ശക്തിപ്പെട്ടു. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷവും മുമ്പും ബിജെപിയുടെ കയ്യിലാണ് ഈ മേഖല.

ഹത്രാസ് സംഭവം നടന്നപ്പോൾ തന്നെ നവമാധ്യമങ്ങളിൽ വൈറലായ ഒരു ചിത്രം ഉണ്ടായിരുന്നു. ഹത്രാസിലെ ബിജെപി എംപി, രാജ് വീർ ദിലേർ നിലത്തിരിക്കയും തൊട്ടടുത്ത് കസേരയിൽ അവിടുത്തെ ഉയർന്ന ജാതിക്കാരനായ ഠാക്കൂർ ഇരിക്കുന്നതും. ഇനി ചായ ഗ്ലാസ്സിലും ഉണ്ട് വ്യതാസം. സവർണ്ണനായ ഠാക്കൂറിന് സിറാമിക് കപ്പ് . ദലിതനായ എംപിക്ക് വെറും കുപ്പി ഗ്ളാസ്സ്. നമ്മുടെ നാട്ടിൽ തൊട്ടതിനും പിടിച്ചതിനും പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തുന്നവർ യുപിയിലെ ഈ ജാതി പ്രോട്ടോക്കോൾ കണ്ടാൽ അമ്പരന്നുപോകും. . കൗതുകരവും ഒപ്പം ഖേദകരവുമായ കാര്യം ഇത് ദളിത് ഭൂരിപക്ഷ മേഖലയാണ് എന്നതാണ്. 24 ശതമാനത്തോളം ദളിത് വോട്ടർമാരുള്ള ലോക്‌സഭാ മണ്ഡത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് ബൂൽഗഢി. അത്രയും ദളിത് വോട്ടുള്ള മേഖലയിൽ തന്നെയാണ് ഠാക്കൂർ- ബ്രാഹ്മണ വിഭാഗങ്ങളുടെ ദളിതർക്കെതിരായ നിരന്തര അതിക്രമമുണ്ടാകുന്നതും.

ഇതുസംബന്ധിച്് വിശദമായി പഠിച്ച മാധ്യമ പ്രവർത്തകൻ എം വി സനോജ് തന്റെ അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. 'ബിജെപി. നേതാവായ രാജ്വീർ ദിലറിനെ ഇതിനുമുമ്പ് അറിയുന്നത് 2017 ലാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയം. ക്യാമ്പയിന് പോകുന്ന സമയത്ത് അദ്ദേഹം ചായ കുടിക്കാനുള്ള സ്റ്റീൽ ഗ്ലാസ് സ്വയം കയ്യിൽ കരുതും. അതിന് അദ്ദേഹം പറയുന്ന ന്യായം ഇതാണ്: ഉയർന്ന ജാതിക്കാർക്ക് തനിക്ക് ചായ തരണമെന്നു തോന്നിയാൽ അവരുടെ ഗ്ലാസിൽ തരാൻ ബുദ്ധിമുട്ടുണ്ടാകും. അത് ഒഴിവാക്കാം.

'ഞാനൊരു താഴ്ന്ന ജാതിക്കാരനാണ്. ക്ലീനിങ് പണി ചെയ്യുന്നവരാണ് ഞങ്ങളുടെ സമുദായക്കാർ. അതുകൊണ്ട് മേൽജാതിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല, അവരുടെ ജാത്യാഭിമാനത്തിന് കോട്ടമുണ്ടാക്കാൻ ഞാനുദ്ദേശിക്കുന്നില്ല'. അങ്ങേയറ്റം വിധേയത്വത്തോടെ പ്രചാരണം നടത്തി അന്ന് രാജ്‌വീർ 2017ലും എംഎ‍ൽഎയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എംപിയും. ഭൂരിപക്ഷ സമുദായത്തോട് അടിമ മനോഭാവത്തോടെ പെരുമാറുന്നയാളെ ജയിപ്പിക്കാനുള്ള താൽപര്യം അവർക്കും കാണുമല്ലോ.

തെരഞ്ഞെടുപ്പു സമയത്ത് വോട്ടർമാരെ കാണുമ്പോൾ എല്ലാവരും തൊഴുന്നത് പതിവാണ്. പക്ഷേ ഇദ്ദേഹം, ജാട്ട്-ക്ഷത്രിയ-ബ്രാഹ്മണ നേതാക്കളെ കണ്ടാലുടൻ കാൽക്കൽ വീണ് നമസ്‌കരിക്കും. എന്നിട്ടു പറയും, 'ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണം, എനിക്ക് വോട്ടുചെയ്യണം' എന്ന്. എന്തിനാണ് നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്, ഇത്രയും ദളിത് ജനസംഖ്യയുള്ള മണ്ഡലത്തിൽ നിങ്ങൾക്ക് ഇത്തരം ചങ്ങലകൾ പൊട്ടിക്കാൻ കഴിയേണ്ടതല്ലേ എന്നു ചോദിച്ചപ്പോൾ അദ്ദേഹം അന്നു പറഞ്ഞത്, ഇതൊക്കെ ഒരു പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്, ഞാനീ പാരമ്പര്യം തകർക്കാനുദ്ദേശിക്കുന്നില്ല എന്നാണ്.ഇത് അക്കാലത്ത് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. അടിമമനോഭാവം അബോധത്തിൽ തന്നെയുള്ളവരാണ് ജനതയെ നയിക്കുന്നത് എങ്കിൽ ഇങ്ങനെയുള്ള എംപിയുള്ള ഒരു സ്ഥലത്ത് എന്ത് നീതിയാണ് ദളിതർക്ക് കിട്ടുകയെന്നുള്ളതു കൂടി ആലോചിക്കേണ്ടതുണ്ട്. അത്തരമൊരു സാമൂഹ്യ പിന്നാക്കാവസ്ഥ കൂടി സ്ഥിതിഗതി ഗുരുതരമാക്കുന്നുണ്ട്. '- സനോജ് ട്രൂകോപ്പി ഓൺലൈൻ മാഗസിനിൽ എഴുതിയത് ഇങ്ങനെയാണ്.

കടയിൽ പോലും പ്രവേശമില്ല

ഹത്രാസിൽ ക്രൂരമായി ബലാത്സംഗംചെയ്തുകൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോടായി പറഞ്ഞ വാക്കുകൾ ഞെട്ടിക്കുന്നതാണ്. ആയിരത്തിൽ താഴെ കുടുംബങ്ങൾ പാർക്കുന്ന ഗ്രാമത്തിലായിരുന്നു പെൺകുട്ടിയുടെ വീട്. അവിടെ 15 ഓളം വാത്മീകി കുടുംബങ്ങളാണുള്ളത്. 600 ഓളം ഠാക്കൂർ കുടുംബങ്ങളും നൂറോളം ബ്രാഹ്മണ കുടുംബങ്ങളുമുണ്ട്. ദളിത് വിഭാഗത്തിൽ ഉൾപ്പെടുന്ന വാത്മീകി സമുദായത്തിലെ ആളുകൾ തൂപ്പു ജോലിയും കൃഷിയിടങ്ങളിലെ മറ്റു ജോലികളുമൊക്കെ ചെയ്താണ് കുടുംബം പോറ്റുന്നത്. സമൂഹത്തിന്റെ പൊതുധാരയിൽ നിന്നെല്ലാം അവരെ എല്ലായ്‌പ്പോഴും അകറ്റിനിർത്തിയിരുന്നതായാണ് ചരിത്രം. ഹത്രാസിലെ ഗ്രാമത്തിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഏതെങ്കിലുമൊരു കടയിൽ പോയാൽപോലും വളരെ അകന്നുമാത്രമേ നിൽക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. വാങ്ങേണ്ട സാധനത്തിന്റെ പേര് ഉറക്കെ വിളിച്ചുപറയണമായിരുന്നു. സ്‌കുളുകളിലായാലും മറ്റേതെങ്കിലും സ്ഥാപനത്തിലായാലും ഇതൊക്കെ തന്നെയായിരുന്നു സ്ഥിതി. ദളിതർക്കും സവർണർക്കും വെവ്വേറെ ശ്മശാനങ്ങൾ പോലുമുണ്ട്. അതുകൊണ്ടാണ് മരിച്ചാൽ പോലും ഈ വിവേചനം മാറില്ലെന്ന് ഹത്രാസിലെ ദളിതർ പറയുന്നത്.

ആരും തങ്ങളുടെ വിവാഹദിവസം മറക്കാൻ ശ്രമിക്കാറില്ല. കുടുംബജീവിതത്തെ ആഘോഷപൂർവം ആശ്ലേഷിക്കുന്ന ദിവസമാണത്. എന്നാൽ ഹത്രാസിലെ ദളിതർക്ക് വിവാഹദിവസം പോലും വേദനിപ്പിക്കുന്ന ഓർമ്മയാണ്. എന്റെ വിവാഹത്തിനെത്തിയ സംഘത്തെ പ്രധാന വഴിയിലൂടെ നടക്കാൻ മറ്റു സമുദായക്കാർ സമ്മതിച്ചില്ല. വളരെ ദൂരം താണ്ടി മറ്റൊരു വഴിയിലൂടെയാണ് അവർ എത്തിയത്. എനിക്ക് പൊട്ടിക്കരയണമെന്നുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം ഇവിടെ സർവ സാധാരണമാണെന്നാണ് കുടുംബാംഗങ്ങൾ ഉൾപ്പെടെ പറഞ്ഞത്. എല്ലാം പതുക്കെ ശീലമായിക്കൊള്ളുമെന്നും അവർ പറഞ്ഞുപഠിപ്പിച്ചു- 25കാരി തന്റെ വിവാഹദിവസത്തെ ഓർത്തെടുക്കുന്നത് ഈവിധമാണ്.

മരിച്ചാൽപോലും വിവേചനം അനുഭവിക്കണം. അമ്മ മരിച്ചപ്പോൾ മൃതദേഹം പുറത്തുവെക്കാൻ തീരുമാനിച്ചു. ചെറിയ വീടായതിനാൽ അകത്ത് അതിനു സൗകര്യമില്ലായിരുന്നു. എന്നാൽ അവരതിന് സമ്മതിച്ചില്ല. ഞങ്ങൾ ചത്താലോ ജീവിച്ചാലോ ബലാത്സംഗം ചെയ്യപ്പെട്ടാലോ ഒന്നും അവർക്കൊരു പ്രശ്‌നവുമില്ല. അവരത് ശ്രദ്ധിക്കാറുപോലുമില്ലെന്ന് മറ്റൊരു സ്ത്രീ പറയുന്നു. ഠാക്കൂർ സമുദായത്തിൽപ്പെട്ട ഏതെങ്കിലും പെൺകുട്ടിയോടാണെങ്കിൽ ആരുമിത് ചെയ്യുമായിരുന്നില്ലെന്നും അവർ പറയുന്നു.

എന്നാൽ ജാതീയമായ ഒരു വേർതിരിവും ഇല്ലെന്നാണ് ഗ്രാമ പ്രധാനിയുടെ വാദം. ജാതീയമായ വിവേചനം നടക്കുന്നതായുള്ള സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മറുത്തുപറയുന്നവർ കള്ളമാണ് പ്രചരിപ്പിക്കുന്നത്. പഞ്ചായത്തും ഭരണ സംവിധാനങ്ങളും എല്ലാവർക്കുമുള്ളതാണ്. ജാതിയോ സമുദായമോ നോക്കാതെ എല്ലാവരുടെയും പരാതികൾ കേട്ട് പരിഹാരം കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതെല്ലാം നടക്കുമ്പോഴും, ഒന്നു പ്രതികരിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് ഗ്രാമത്തിലെ ദളിതർ. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്കെല്ലാം അനുഭവിക്കേണ്ടിവരുന്നവർ പാവം ദളിതരായിരിക്കും. ഇന്നല്ലെങ്കിൽ നാളെ ഒരു തിരിച്ചടിയുണ്ടാകുമെന്ന ഭയമാണ് അവരെ മൗനത്തിലേക്ക് വലിച്ചിടുന്നത്. മാധ്യമങ്ങളുടെ ശ്രദ്ധ മാറുന്ന ദിവസം അത് സംഭവിച്ചേക്കും എന്ന തിരിച്ചറിവ് അവരെ കൂടുതൽ അരക്ഷിതരാക്കുന്നു. ടൈസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത് ഈ നിസ്സഹായാവസ്ഥയാണ്.

' തോട്ടിപ്പണിക്ക് കുറച്ച് കീഴ്ജാതിക്കാരെ ആവശ്യമുണ്ട്'

'അവരുടെ തോട്ടിപ്പണിക്കും അടിമജോലിക്കും കുറച്ച് കീഴളാർ വേണം. അല്ലാതെ വാത്മീകി സമുദായക്കാരെ മനുഷ്യരായി അവർ കണ്ടിട്ടില്ല.'- ദ ടെലഗ്രാഫ് പത്രത്തിന്റെ പ്രതിനിധിയോട് ഒരു ഹത്രാസ് നിവാസി പറഞ്ഞത് ഇങ്ങനെയാണ്. ഠാക്കൂറുകളുടെ മേഖലയിൽ കുറച്ച് ദളിത് കുടുംബങ്ങൾ ഉണ്ടെങ്കിൽ അവർ അവിടെ താമസിക്കും, അവിടുത്തെ പണിക്കാരായിരിക്കും. അവർ മലംകോരാനും മറ്റ് ക്ലീനിങ് ജോലികൾക്കും, പാടത്തെ പണിക്കും ഒക്കെ വരും. അവരെ മൃഗങ്ങളെ ഉപയോഗിക്കുന്നതുപോലെ തല്ലിയും കൊന്നും ബലാത്സംഗം ചെയ്തും ഉപയോഗിക്കാം എന്ന് ഉയർന്ന ജാതി വിഭാഗങ്ങൾ കരുതും, അത് തങ്ങളുടെ അവകാശമായിട്ടാണ് അവർ കാണുന്നത്.

മാധ്യമ പ്രവർത്തകൻ എം വി സനോജ് ഇങ്ങനെ എഴുതുന്നു. 'മുടിവെട്ടിന്റെ പേരിൽ ജാതിപ്രശ്‌നമുണ്ടായ സ്ഥലമാണ് ഹാത്രസ്, ഇപ്പോൾ നടന്നതുപോലുള്ള ക്രൂരതകൾ മുമ്പും നടന്ന സ്ഥലമാണിത്. 'വാൽമീകി സമുദായത്തെ ഞങ്ങൾ സാധാരണ ഉപഭോക്താവായി കാണാൻ തയ്യാറാണ്' എന്ന് അവിടുത്തെ ജാട്ടുകളുടെ ഗ്രാമപ്രധാൻ പറയുന്നതുപോലും 2017ലാണ്. പ്രതാപ് ഘഢിലെ ലാൽഗഢിൽ മിതാലി ലാൽ എന്ന 19കാരിയായ ദളിത് പെൺകുട്ടിയെ തീകൊളുത്തി കൊന്നിട്ടുണ്ട്. ഉന്നാവിൽ ബാരാബസാറിൽ ദളിത് പെൺകുട്ടിയെ ജീവനോടെ കത്തിച്ചിട്ടുണ്ട്. ഹത്രാസിൽ ഖണ്ഡാരി ഘട്ട് എന്ന സ്ഥത്ത് അമിത് കുമാർ ഗൗതം എന്ന ദളിതനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നിട്ടുണ്ട്.പണിക്ക് വിളിച്ചപ്പോൾ വന്നില്ലെന്ന പ്രശ്‌നത്തിന്റെ പേരിലോ, കൃഷിയിടത്തിൽ മൂത്രമൊഴിച്ചതിനോ ഒക്കെയാകും ആളുകളെ തല്ലിക്കൊല്ലുന്നത്. സ്ത്രീകളെയാണെങ്കിൽ ബലാത്സംഗത്തിനുശേഷം കൊന്നു കെട്ടിത്തൂക്കും. മീററ്റിനടുത്ത്? ബാഗ്പതിൽ മേൽജാതിക്കാരിയെ പ്രേമിച്ചതിന് ആകാശ് ഘോണ്ട് എന്ന 19കാരനായ ദളിത് യുവാവിനെ തല്ലിക്കൊന്നിരുന്നു. തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് വെടിവെച്ചതിനുശേഷം കെട്ടിത്തൂക്കിയ സംഭവം മീററ്റിലെ ജാനി എന്ന ഗ്രാമത്തിൽ നടന്നിട്ടുണ്ട്.

അലഹബാദിൽ കേണൽ ഗഞ്ച് എന്ന സ്ഥലത്ത് മുമ്പൊരിക്കൽ, ഒരു ദളിത് നിയമ വിദ്യാർത്ഥിയുടെ കാൽ ഉന്നത ജാതിക്കാരന്റെ മേൽ തട്ടിയെന്നു പറഞ്ഞ് വിദ്യാർത്ഥിയെ തല്ലിക്കൊന്നു. റസ്റ്റോറന്റിലേക്ക് കയറുമ്പോൾ സൈഡിലിരുന്നയാളുടെ മേൽ അവന്റെ കാൽ തട്ടിപ്പോയി എന്നു പറഞ്ഞായിരുന്നു ആക്രമണം, അപ്പോൾ തന്നെ അവിടെ നിന്ന് വലിച്ചിറക്കി അടിച്ചുകൊന്നു. ഇതേ മേഖലയിൽ കൃഷിയിടത്തിൽ രാത്രി വിളവിന് കൂട്ട് കിടക്കുന്ന പണിക്കാരന്റെ രണ്ട് പെൺകുട്ടികളെ രാത്രി വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കിയത് രണ്ടുവർഷം മുമ്പാണ്. പ്രതികൾ എല്ലായ്‌പ്പോഴും മേൽജാതിക്കാരാവും. പൊലീസ് സ്റ്റേഷനിലെത്തിയാൽ കേസ് കീഴ്‌മേൽ മറിയും. ഇത്തരം അക്രമങ്ങൾ നിരന്തരം നടക്കുന്ന സ്ഥലമാണിതെല്ലാം.ഇതേ സ്ഥലത്തുതന്നെ മുമ്പ് ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നിട്ടുണ്ട്.

മുഖ്യന്ത്രി വരുന്നത് ചുവന്ന പരവതാനിയിലൂടെ

ദളിതർക്കെതിരായ അതിക്രമങ്ങൾക്ക് രാഷ്ട്രീയ മറുപടികളുമുണ്ടാകുന്നില്ല, ഇതും പ്രശ്‌നം രൂക്ഷമാക്കുന്നു. ഉപരിപ്ലവമായ ഇടപെടലുകളാണ് ദളിത് വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്കുള്ളത്. മായാവതിയുടെ സമയത്ത് മഹാമായാ നഗർ എന്ന് ജില്ലയുടെ പേര് മാറ്റി. പ്രമുഖ ദളിത് ചിന്തകരുടെയും നേതാക്കളുടെയുമൊക്കെ പേര് മായാവതി ജില്ലകൾക്ക് നൽകിയ സമയമായിരുന്നു അത്. ജ്യോതിബാഫൂലെ, കാൻഷിറാം നഗർ, അംബേദ്കർ നഗർ എന്നൊക്കെ പേരുമാറ്റിയിരുന്നു. അഖിലേഷ് യാദവ് വന്നപ്പോൾ തിരിച്ച് പഴയ പേര് തന്നെയാക്കി.അതായത്, എസ്‌പി ഭരിക്കുകയാണെങ്കിൽ മുലായത്തിന്റെയോ അഖിലേഷിന്റെയോ കാലത്ത്, മിക്കവാറും പൊലീസ് മേധാവികളും മിക്ക സ്റ്റേഷനുകളും ഭരിക്കുന്നവരും യാദവരോ ഒ.ബി.സിക്കാരോ അതുപോലുള്ളവരോ ആയിരിക്കും, അപ്പോൾ, അവർക്ക് സ്വാഭാവികമായും മേൽക്കൈയുണ്ടാകും. അവിടെ ദളിതർക്ക് സ്ഥാനമോ, സ്വാധീനമോ ഇല്ല. ബ്രാഹ്മണ-ക്ഷത്രിയ വിഭാഗങ്ങളുടെ ജാതീയത ബിജെപി വരുന്നതോടെ ശക്തിപ്പെടും.പൊലീസ് ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ ശക്തമായ ജാതിയുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മിക്കവാറും മേൽജാതിക്കാരായിരിക്കും. പിന്നെ ദളിതർ ആരോടാണ് പരാതി പറയുക?

നിസാംപൂരിൽ ശീതൾ എന്ന പെൺകുട്ടിയുടെ വിവാഹം നടക്കുന്നു. ഠാക്കൂറുകളുടെ ഭീഷണിയുള്ളതുകൊണ്ട് കല്ല്യാണ പരിപാടികളൊന്നും നടത്താൻ പറ്റുന്നില്ല. കാസ്ഗഞ്ചിലുള്ള അഭിഭാഷകൻ സഞ്ജയ് കുമാർ ജാടവാണ് വരൻ. വർഗീയ സംഘർഷം നടക്കുന്ന സ്ഥലമാണിത്. പരമ്പരാഗത വിവാഹ ചടങ്ങുകൾ നടത്താൻ ഠാക്കൂറുകൾ സമ്മതിക്കുന്നില്ലെന്നുപറഞ്ഞ് അദ്ദേഹം അലഹബാദ് കോടതിയെ സമീപിച്ചു. സുരക്ഷയൊരുക്കാൻ കാസ്ഗഞ്ച് ജില്ലാ ഭരണകൂടത്തോട് കോടതി ആവശ്യപ്പെട്ടു. കലക്ടർ യോഗം വിളിച്ചു, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വന്നു, മറ്റ് ജാതിക്കാരുമായി ചർച്ച നടത്തി. 150ഓളം പൊലീസുകാരെ അവിടെ വിന്യസിച്ചു. വിവാഹശേഷമുള്ള ഘോഷയാത്ര ചടങ്ങ് 150 പൊലീസുകാരുടെ അകമ്പടിയോടെയാണ് നടന്നത്. നിയമത്തിൽ ബിരുദം നേടിയ ആളായതിനാലും ഹൈക്കോടതിയിൽ പോയതുകൊണ്ടും മാത്രം ഇത് നടന്നു. എന്നിട്ടുപോലും മജിസ്‌ട്രേറ്റുതല ചർച്ച നടത്തേണ്ടി വന്നു, ഠാക്കൂറുകളുടെ സമ്മതം ആവശ്യമായി വന്നു. അവരെ ചടങ്ങിന് ക്ഷണിച്ചിരുന്നുവെങ്കിലും തങ്ങൾ വരില്ലെന്നും പാരമ്പര്യത്തിന് വിരുദ്ധമാണെന്നും പറഞ്ഞു. ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ, ഘോഷയാത്രക്കുനേരെ കല്ലേറുണ്ടായേനേ എന്നാണ് അവർ പറഞ്ഞത്.

പ്ലസ് ടു പരീക്ഷക്ക് മുഴുവൻ എ പ്ലസ് കിട്ടിയ ദളിത് വിദ്യാർത്ഥികളുടെ വീടുകളിൽ അന്നുരാത്രി കല്ലേറുണ്ടാകും. അതൊരു ചടങ്ങായി മാറിയ ഇടങ്ങളുണ്ട്. നിങ്ങളെന്തിനാണ് പഠിച്ച് മാർക്കു വാങ്ങുന്നത് എന്നതാണ് ആ കല്ലേറിലെ ചോദ്യം.കുശീനഗറിലെ ദളിത് മേഖലകളിൽ പോളിയോ വാക്‌സിൻ പരിപാടിക്ക് യോഗി ആദിത്യനാഥ് ചെല്ലുന്നതിന്റെ തലേന്ന്, അവിടെ ദളിത് മേഖലകളിൽ ജില്ലാ ഭരണകൂടം സോപ്പും ഷാമ്പുവും കൊടുക്കുകയും റെഡ് കാർപ്പറ്റ് വിരിച്ച് ഒരുക്കുകയും ചെയ്തത് വലിയ വാർത്തയായപ്പോൾ ഇതിൽ പ്രതിഷേധിക്കാൻ ആന്ധ്രയിൽ നിന്നും മധ്യപ്രദേശിൽ നിന്നും ദളിത് ആക്ടിവിസ്റ്റുകൾ യു.പിയിലെത്തി. ചിത്രകൂട് മേഖലയിലെ ദളിത് അധികാർമഞ്ച് പ്രവർത്തകർ വലിയ സോപ്പുണ്ടാക്കി മുഖ്യമന്ത്രി യോഗിക്ക് കൊടുക്കാൻ യു.പിയിലേക്ക് വരികയാണ്. മധ്യപ്രദേശ്- യു.പി അതിർത്തിയായ ഝാൻസി റെയിൽവേ സ്റ്റേഷനിൽ അവരെ പൊലീസ് തടഞ്ഞു. ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.

ഫൂലൻദേവി തൊട്ട്  ബ്രാഹ്മണ അധോലോകം വരെ

ഉത്തരേന്ത്യയിലെ ജാതി സംഘർഷങ്ങൾ പലപ്പോളും തികഞ്ഞ അരാജകത്വത്തിലേക്കും ഗുണ്ടാ രാജിലേക്കും നീങ്ങാറുണ്ട്. ഉത്തർപ്രദേശിലെ സവർണ്ണരുടെ കാമ പൂർത്തീകരണത്തിന് വേണ്ടി ദളിത് പെൺകുട്ടികളെ ഉപയോഗിക്കുകയും ശേഷം നിഷ്‌ക്കരുണം കൊന്നു കളയുകയും ചെയ്യുന്ന സ്ഥലമാണ് ജലളൻ. അവിടെയാണ് ഫൂലൻദേവി എന്ന ദളിത് പെൺകുട്ടിയും ജനിച്ചത്. പതിമൂന്നാം വയസ്സിൽ മുന്നോക്ക ജാതിക്കാരായ ഠാക്കൂർ വിഭാഗം പിടിച്ചു കൊണ്ടുപോയി മൂന്നാഴ്‌ച്ചയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. അവിടെ നിന്ന് രക്ഷപ്പെട്ട ഫൂലൻ ദേവി ആയുധങ്ങളുമായി തിരിച്ചു വന്ന് തന്നെ പീഡിപ്പിച്ച 22 ഠാക്കൂർ വിഭാഗക്കാരെ നിരത്തി നിർത്തി വെടിവെച്ച് കൊന്നു. പക്ഷേ പിന്നീട് കൊടും ക്രൂര കൃത്യങ്ങളുടെയും കൊള്ളയടേയും ലോകത്തേക്കാണ് ഫൂലൻ പോയത്. അതായത് ജാതി സംഘർഷങ്ങൾ കൊള്ള സംഘങ്ങൾക്കുവരെ വളമിടകുന്നെന്ന് ചുരുക്കം.

അതുപോലെ നിരവധി കായിക ചെറു സംഘങ്ങൾ ഇന്നും ദലിതരുടെ പേരിലുണ്ട്. പക്ഷേ തങ്ങൾക്കെത്ര ശക്തിയുണ്ടെന്നോ എത്ര ശതമാനം വോട്ടുണ്ടെന്നോ ദളിതരും തിരിച്ചറിഞ്ഞിട്ടില്ല. ബി.എസ്‌പിക്കാരുണ്ടായിരുന്ന ഈ മേഖലയിലിപ്പോൾ ഭീം ആർമിയൊക്കെ ശക്തിപ്പെട്ടുവരുന്നുണ്ട്. പക്ഷേ ഇതിനെ ഒരു അപകടം ഉണ്ട്. മറുഭാഗത്ത് സവർണ്ണരും സംഘടിക്കയാണ്. റൺബീർ സേന പോലുള്ളവ നേരത്തെയുണ്ട്. അതിലും അപകടകാരികൾ ആയ ഠാക്കൂർ സേനയുണ്ട്. ഈയിടെ യോഗിയുടെ പൊലീസ് കൊന്ന വികാസ് ദുബൈയെപ്പോലുള്ളവർ തുടങ്ങിയ ബ്രാഹ്മാണ അധോലോകത്തിന്റെ കഥ നോക്കുക. ഉത്തരേന്ത്യയിൽ ജാതിരാഷ്ട്രീയത്തിന്റെ ഉപോൽപ്പന്നമാണിത്.

അറസ്റ്റുചെയ്യാനെത്തിയ സംഘത്തിലെ എട്ടു പൊലീസുകാരെ എകെ 47 ഉൾപ്പെടെയുള്ള തോക്കുകൾകൊണ്ട് വെടിവെച്ച് കൊന്ന് രാജ്യത്തെ നടുക്കിയ കുപ്രസിദ്ധ ഗ്യാങ്സ്റ്റർ വികാസ് ദുബെ .ബ്രാഹ്മണർക്കുവേണ്ടി കെട്ടിപ്പെടുത്ത ഒരു ഗുണ്ടാ സംഘവും അധോലോക സംഘവും ഇന്ത്യയിൽ ആദ്യമാണെന്നാണ് ചൗബേപ്പൂരിലെ അയാുളുടെ ഗ്രാമത്തിൽ പോയി റിപ്പോർട്ട് തയ്യാറാക്കിയ ഇന്ത്യാടുഡെ ലേഖകൻ പ്രഭാഷ് കെ ദത്ത എഴുതുന്നത്.അയാളെ പിടികൂടാൻ വേണ്ടി അയാളുടെ ഗ്രാമത്തിലേക്ക് പോയ പൊലീസ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ ഡിഎസ്‌പി റാങ്കിലുള്ള ഒരു സർക്കിൾ ഓഫീസറും, മൂന്നു സബ് ഇൻസ്പെക്ടറും, നാലു കോൺസ്റ്റബിൾമാരും അടക്കം എട്ടുപേർക്കാണ് ജീവൻ നഷ്ടമായത്. ജൂലൈ രണ്ടാം തീയതി അർധരാത്രിക്ക് ശേഷം കാൺപുരിനടുത്തുള്ള ബിക്രു ഗ്രാമത്തിൽ വച്ചാണ് ഈ ഏറ്റുമുട്ടൽ നടന്നത്. ആ കൂട്ടക്കൊലക്ക് ശേഷം വികാസ് ദുബൈയെത്തേടി കാൺപൂർ പൊലീസിന്റെ നിരവധി സംഘങ്ങൾ ഉത്തരേന്ത്യ മുഴുവൻ അരിച്ചുപെറുക്കുകയായിരുന്നു.തുടർന്ന് ഒളിവിലായ ദുബെയെ ഇന്ന് രാവിലെ മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ച് കാൺപൂർ പൊലീസിന്റെ അന്വേഷണ സംഘംനിലെ ഒരു ക്ഷേത്ര പരിസരത്തു വെച്ച് അന്വേഷിച്ചെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് ഇയാൾ എൻകൗണ്ടറിൽ കൊല്ലപ്പെടുകയായിരുന്നു.

കൊല്ലപ്പെട്ട പൊലീസുകാരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ ആണ് ആക്രമണത്തിന്റെ കൊടും ക്രൂരത പുറത്തുവന്നത്. സബ് ഇൻസ്പെക്ടർമാരായ അനൂപ് സിങ്, ശിവരാജ്പുർ മഹേഷ് യാദവ് എന്നിവരുടെ നെഞ്ചിൽ വെട്ടേറ്റിട്ടുണ്ട്. കൂടാതെ നെഞ്ചിൽ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കോൺസ്റ്റബിൾ ആയ ജിത്രേന്ദ്ര പാലിനെ വെടിവച്ചാണ് കൊന്നത്. ദേഹത്ത് വെടിയേറ്റ പാടുകൾ കാണുന്നു.ചോര വാർന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയറുത്തുമാറ്റിയ നിലയിലായിരുന്നു ഡിഎസ്‌പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാലിലെ വിരലുകൾ മുറിച്ചെടുത്തിരുന്നു. കൂടാതെ ശരീരം മുഴുവൻ വെട്ടിപരിക്കേൽപ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മണ്ഡൽ രാഷ്ട്രീയത്തിൽ വളർന്ന ബ്രാഹ്മണ അധോലോകം

സ്വത്വം, ജാതി എന്നൊക്കെ ഇരവാദമുയർത്തി സ്വയം പ്രതിരോധ സേനകൾ ഉണ്ടാക്കുന്നവർ കണ്ടുപടിക്കേണ്ടതാണ് വികാസ് ദുബെയുടെ ജീവിതം. ബ്രാഹ്മണരെ എല്ലാവരും അവഗണിക്കുന്നു അവർക്ക് ശക്തമായ സംഘനകൾ ഇല്ല, പ്രതിരോധിക്കാൻ ആളില്ല തുടങ്ങിയ ചിന്തകളാണ് ദുബെയെ 17ാം വയസ്സിൽ ബ്രാഹ്മണ യുവാക്കളെ സംഘടിപ്പിച്ച് ഒരു സേനയുണ്ടാക്കാൻ പ്രേരിപ്പിച്ചത്. മുളവടിയും കൊച്ചുപിച്ചാത്തിയുമായി തുടങ്ങിയ ഈ സംഘമാണ് പിന്നീട് എകെ 47 തോക്കുവരെ കൈവശമുള്ള യുപിയെ വിറപ്പിക്കുന്ന അധോലോകമായി വളർന്നത്. 80കളുടെ അവസാനം കലുഷിതമായ മണ്ഡൽ രാഷ്ട്രീയത്തിന്റെ ഉപോൽപ്പന്നമാണ് ഇത്തരം സംഘങ്ങൾ എന്നും പ്രഭാഷ് കെ ദത്ത നിരീക്ഷിക്കുന്നു.'ഉത്തരേന്ത്യയിൽ നടക്കുന്ന ഒട്ടുമിക്ക കുറ്റകൃത്യങ്ങൾക്കും ഒരു ജാതി അടിത്തറ ഉണ്ടായിരിക്കും. അതിനി ഫൂലൻ ദേവി ആയാലും, പാൻ സിങ് തോമർ ആയാലും, അല്ല വികാസ് ദുബൈ ആയാലും'- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

1989 -ൽ വിപി സിങ് മണ്ഡൽകമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചതോടെ ഉത്തരേന്ത്യയിൽ സവർണ സംഘടനകൾ ഇളകിമറിയുകയായിരുന്നു. നിലവിലെ സർക്കാർ ജോലികളുടെ 49.5 ശതമാനവും ജാതിയുടെ അടിസ്ഥാനത്തിൽ സംവരണം ചെയ്യണം എന്ന് പറയുന്ന ആ റിപ്പോർട്ട് വിപി സിങ് നടപ്പിലാക്കിയപ്പോൾ ഉത്തരേന്ത്യയിൽ ജാതി കാലുഷ്യവും ശക്തിപ്പെടുകയായിരുന്നു. ഉത്തർപ്രദേശിൽ കാൻഷിറാം, മുലായം സിങ് തുടങ്ങിയ നേതാക്കളുടെ ബലത്തിൽ അന്നുവരെ ബാക്ക് വേഡ് കാസ്റ്റ് എന്ന് വിളിക്കപ്പെട്ടിരുന്നവർ മുഖ്യധാരയിലേക്ക് വന്നുതുടങ്ങിയ കാലം. ആ കാലം, ഉത്തർപ്രദേശിലെ കാൺപൂരിന്റെ പരിസരഗ്രാമങ്ങളിൽ ഭൂമി കയ്യേറ്റത്തിന്റെ കൂടി കാലമായിരുന്നു. ഭാവിയിലെ സ്വർണം സ്ഥലമാണ് എന്നറിഞ്ഞ പലരും കിട്ടാവുന്നത്ര ഏക്കർ ഭൂമി തുച്ഛമായ വില കൊടുത്തും, ഭീഷണിപ്പെടുത്തിയും ആളെക്കൊന്നും ഒക്കെ സ്വന്തമാക്കിയിരുന്ന കാലം.അന്നൊക്കെ യുപിയിലെ ഭൂമിയുടെ 90 ശതമാനവും മേൽ ജാതിക്കാരുടെ കയ്യിലായിരുന്നു. മണ്ഡൽ പൊളിറ്റിക്സിന്റെ ബലത്തിൽ അത് പതുക്കെ കീഴ് ജാതിക്കാർ കൈക്കലാക്കാൻ തുടങ്ങി. കയ്യൂക്കിന്റെ ബലത്തിൽ പ്രാദേശികമായി പുതിയ പല നേതാക്കളും ഉയർന്നുവന്നു.

ബീഹാറിലൊക്കെ സവർണ്ണർക്ക് രൺബീർ സേനയെപ്പോലുള്ള ശക്തമായ ഗുണ്ടാ സംഘങ്ങൾ ഉണ്ടായിരുന്നു. എന്നാൽ യുപിയിൽ അതൊന്നുമില്ലെന്നും ബ്രാഹ്മണർ ചാഞ്ഞ മരങ്ങളാണെന്നും അവർക്ക് ആരുമില്ലെന്നായിരുന്നു അവർ സ്വയം പറഞ്ഞിരുന്നത്. അങ്ങനെ ഇരിക്കെ ഒരു ദിവസം ചൗബേപ്പൂർ എന്ന പ്രദേശത്തെ ബിട്ട്രൂ ഗ്രാമത്തിലുള്ള വികാസ് ദുബെ എന്നൊരു ബ്രാഹ്മണ യുവാവ് സ്വജാതിക്കാരായ കുറച്ചുപേരെ ഒന്നിച്ചു കൂട്ടി, അയൽഗ്രാമമായ ദിപ്പ നിവാദയിൽ ചെന്ന് തല്ലുണ്ടാക്കി. ഒരു വശത്ത് ബ്രാഹ്മണന്മാർ, മറുവശത്ത് കീഴ്ജാതിക്കാർ. ദുബെയുടെ സംഘം എതിരാളികളെ അടിച്ചോടിച്ചു. ഇതാരു പ്രതിരോധ സേനയാണെന്നാണ് ദുബെ അവകാശപ്പെട്ടത്. അതോടെ ചൗബേപ്പൂരിന് പുതിയ ഒരു ദാദയെ കിട്ടി. ബ്രാഹ്മണപക്ഷത്തിന് വേണ്ടി തല്ലുണ്ടാക്കിയ ആ യുവാവിനെ ബ്രാഹ്മണർ പണ്ഡിറ്റ്ജി എന്ന് വിളിച്ചു. പിന്നെ പണ്ഡിറ്റ്ജി തിരിഞ്ഞുനോക്കിയിട്ടില്ല.

വളർന്ന് വളർന്ന് ദുബെ മുബൈ അധോലോകവമായി ബന്ധം പുലർത്തിയെന്നും എ കെ 47 അടക്കമുള്ള തോക്കുൾ ഇയാൾക്ക് കിട്ടിയത് അവിടെ നിന്നുമാണെന്നാണ് അറിയുന്നത്. നേപ്പാളിലെ മവോയിസ്റ്റ് ഗ്രൂപ്പുകളിൽനിന്നാണ് ദുബെക്ക് തോക്ക് വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ പരിശീലനത്തിനായി ഇയാൾ കാഠ്മണ്ഡു സന്ദർശിച്ചതായും പറയുന്നു.ആദ്യം കോൺഗ്രസും, ബിജെപിയും പിന്നീട് ബിഎഎസ്‌പിയും ദുബെയെ വളർത്തിയതിൽ ഒരുപോലെ പ്രതികളാണ്. ദലിത്- ബ്രാഹ്മണ ഐക്യം എന്ന വിജയ ഫോർമുല മായാവതിക്ക് പറഞ്ഞുകൊടുത്തതും കാൺപൂരിലെ ഈ കിരീടം വെക്കാത്ത രാജാവായിരുന്നു. അത് വിജയിക്കുകയും ചെയ്തു. പക്ഷേ ഇപ്പോൾ 8 പൊലീസുകാരുടെ മരണത്തിന് ഉത്തരവാദികൾ ആയതോടെ വികാസ് പണ്ഡിറ്റ് ജിയെ അറിയപോലുമില്ലെന്നാണ് രാഷ്ട്രീയ പാർട്ടികൾ പറയുന്നത്. ജാതി സംഘടനകളും സ്വയം പ്രതിരോധ സംഘങ്ങളുമൊക്കെ പിടിവിട്ടാൽ എങ്ങനെ ആകുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണം കൂടിയാണ് ഈ അനുഭവം.

എൻകൗണ്ടർ ഹരമാക്കിയ യോഗി സർക്കാർ

ഇപ്പോൾ ഹത്രാസ് സംഭവത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽനിൽക്കുന്ന യോഗി സർക്കാർ കണ്ണിൽ ചോരയില്ലാതെ ഈ ബ്രാഹ്മണ അധോലോകത്തെയും അടിച്ചൊതുക്കിയിരുന്നെന്ന് മറക്കരുത്. 2017 -ൽ യോഗി സർക്കാർ അധികാരത്തിലേറിയപ്പോൾ ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനം, നാട്ടിലെ കുറ്റകൃത്യങ്ങൾക്ക് തടയിടും എന്നതായിരുന്നു. പക്ഷേ അതിന് സ്വീകരിച്ച കണ്ണിൽ ചോരയില്ലാത്ത നടപടികൾ കടുത്ത മനുഷ്യവകാശ ലംഘനങ്ങളാണ് നാട്ടിൽ ഉണ്ടാക്കുന്നത്. കൊടും ക്രിമിനലും ബ്രാഹ്മിൺ തീവ്രവാദിയെന്നെല്ലാം അറിയപ്പെട്ട, 8 പൊലീസുകാരെ ഒറ്റയടിക്ക് വെടിവെച്ച് കൊന്ന വികാസ് ദുബൈ എന്ന ക്രിമനലിലെയാണ് ഏറ്റവും ഒടുവിലായി പൊലീസ് വെടിവെച്ച് കൊന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നൂറോളം പേരാണ് പൊലീസിന്റെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടത്്. ഇതിൽ നിരപരാധികളും ഉൾപ്പെടുന്നു.

2017 -നു ശേഷം സംസ്ഥാനത്ത് എൻകൗണ്ടർ കൊലപാതകങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട് എന്ന് ഗവണ്മെന്റിന്റെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നു. 2019 ഡിസംബർ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ പൊലീസ് ഏർപ്പെട്ട അക്രമസ്വഭാവമുള്ള പോരാട്ടങ്ങളുടെ എണ്ണം 5,178 ആണ്. അത്രയും പോരാട്ടങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളത് 103 ക്രിമിനലുകളാണ്. ഇങ്ങനെ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിലെത്തിക്കാൻ മിനക്കെടാതെ കുറ്റവാളികളെ ചുട്ടുതള്ളുന്ന നയം പൊലീസ് അധികാര കേന്ദ്രങ്ങളിൽ അറിയപ്പെട്ടിരുന്നത് 'ഠോക്ക് ദോ' പോളിസി ( തട്ടിക്കളഞ്ഞേക്ക്...) എന്നാണ്. കുറ്റവാളികളുടെ കാലിൽ വെടിവെച്ച് പരിക്കേൽപ്പിക്കുന്ന 'ഹാഫ് എൻകൗണ്ടർ' എന്ന പതിവും ഉത്തർപ്രദേശ് പൊലീസിൽ നിലവിലുണ്ട്. പല സ്റ്റേഷനുകളിലും ഇങ്ങനെ എൻകൗണ്ടർ/ഹാഫ് എൻകൗണ്ടറുകൾക്ക് മാസാമാസം ടാർഗെറ്റുകളും നൽകാറുണ്ട് എന്നും അഭ്യൂഹങ്ങളുണ്ട്.

പിടിക്കപ്പെടുന്ന ചില ക്രിമിനലുകൾ അവർക്ക് രാഷ്ട്രീയനേതാക്കളുമായുള്ള അവിശുദ്ധബന്ധങ്ങളുടെ തെളിവുകൾ വെളിപ്പെടുത്തും എന്ന് തോന്നുമ്പോൾ യുപി പൊലീസ് അവർക്ക് വളഞ്ഞ വഴിക്ക് ജാമ്യം നൽകി ജയിലിനു പുറത്തെത്തിക്കുകയും, പിന്നീട് എൻകൗണ്ടറിൽ അവർ കൊല്ലപ്പെടുകയും ഒക്കെ പലവട്ടം ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ പല പൊലീസ് ഓഫീസർമാരും ക്രിമിനലുകളോട് 'എൻകൗണ്ടറിൽ തീർത്തുകളയും' എന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകളും കിട്ടിയിട്ടുണ്ട്.

എന്നാൽ ഇങ്ങനെ പൊലീസിന്റെ എൻകൗണ്ടറിൽ കൊല്ലപ്പെടുന്ന പലർക്കും ക്രിമിനൽ പശ്ചാത്തലം ഉണ്ടാകാറില്ല എന്നത് ഒരു വസ്തുതയാണ്. ഉദാഹരണത്തിന്, ജയ്ഹിന്ദ് യാദവ്, മുകേഷ് രാജ്ഭർ തുടങ്ങിയ യുവാക്കളെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത ശേഷം എൻകൗണ്ടറിൽ വധിച്ചതാണ്. തങ്ങളെ ആക്രമിക്കാൻ നോക്കിയപ്പോൾ പ്രാണരക്ഷാർത്ഥം പ്രത്യാക്രമണം നടത്തി എന്നാണ് പൊലീസ് ഭാഷ്യമെങ്കിലും ഈ മരണങ്ങളിലെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനീതിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി ചെന്നിട്ടുണ്ട്. അതായതത് പൊലീസും നിയമവാഴ്ച അനുസരിക്കാതെ ഗുണ്ടകളെപ്പോയാണ് യുപിയിൽ പെരുമാറുന്നത്. പിന്നെ ഹത്രാസ് പെൺകുട്ടിയുടെ ശവം കത്തിച്ചു കളഞ്ഞതിതിലും മാധ്യമ പ്രവർത്തകരെ തടഞ്ഞതിലും എന്താണ് അത്ഭുദം.

വാളയാർ മുതൽ ഹത്രാസ് വരെ

അതായത് എല്ലാറ്റിനും ഉത്തരവാദി യോഗി ആദിത്യനാഥും സംഘപരിവാറും ആണെന്നത് ഒരു മിഥ്യാഛാരണയാണ്. മനുവിൽനിന്ന് ഉണ്ടായത് എന്ന് വിശ്വസിക്കുന്ന ഹിന്ദുമതത്തിലെ ജാതി സമ്പ്രദായം തന്നെയാണ് ഇവിടെ പ്രതിക്കുട്ടിൽനിൽക്കുന്നത്. ദലിതനെ ജാതിയിൽനിന്ന് മോചിപ്പിക്കാനുള്ള മാനസിക പരിശീലനം കിട്ടുന്ന വിദ്യാഭ്യാസ പരിപാടികൾ ഇവിടെ ആരും ്ചെയ്യുന്നില്ല.

ദലിത് ചിന്തകനും എഴുത്തുകാരനുമായ ഡോ എം കുഞ്ഞാമൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'ഹത്രാസിൽ ജില്ല മജിസ്‌ട്രേറ്റ് തന്നെ, ലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരം പെട്രോളൊഴിച്ച് കത്തിക്കാൻ നേതൃത്വം കൊടുത്തു. വീട്ടുകാരെ ഭീഷണിപ്പെടുത്തി എന്നത് ഉപരിപ്ലവമായി എടുക്കേണ്ട കാര്യമല്ല, ഒരുപക്ഷെ, ഈ മജിസ്‌ട്രേറ്റ് ദളിതനോ ആദിവാസിയോ ആയിരിക്കാം, എങ്കിലും ഉദ്യോഗസ്ഥനെന്ന നിലക്ക് അയാളെ, അയാൾ ഉൾപ്പെടുന്ന വിഭാഗങ്ങൾക്ക് എതിരായി ഉപയോഗിക്കാൻ മേലാള അധികാരികൾക്ക് കഴിയും.മറ്റൊന്ന്, ഇതിനെ യു.പിയിലെ ഒരു ഗ്രാമത്തിൽ മാത്രം നടക്കുന്ന അതിക്രമമായി കാണുന്നതിൽ അർഥമില്ല. കേരളത്തിലെ വാളയാർ അടക്കം ഇന്ത്യയിൽ ഏത് പ്രദേശത്തായാലും ശരി, ഒരേവിഭാഗക്കാരാണ് ആക്രമിക്കപ്പെടുന്നത്. എല്ലാ കാലത്തും ഇരകൾ ഒരേ വിഭാഗക്കാരാണ്. അവർക്ക് നിയമത്തിന്റെ സംരക്ഷണം അപ്രാപ്യമാകുകയാണ്. വാളയാറിലും ഹാഥറസിലും ഇരകൾ ഒരേ വിഭാഗക്കാരാണ്, രണ്ടിടത്തെയും പെൺകുട്ടികൾ ഒരേ പെൺകുട്ടികളാണ്. അവർ എല്ലായിടത്തും നിർധനരാണ്, നിസ്സഹായരാണ്.നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡാറ്റ നോക്കിയാൽ മനസ്സിലാകും, ഓരോ വർഷവും ഇന്ത്യയിൽ ദളിതർക്കെതിരായ കുറ്റകൃത്യം കൂടി വരികയാണ്. ഭരണകൂടത്തിൽനിന്നും പൊലീസിൽനിന്നും സബോഡിനേറ്റ് ജുഡീഷ്യറിയിൽനിന്നും ഇവർക്ക് നീതി കിട്ടുന്നില്ല. അതിനുകാരണം, വിഭജിക്കപ്പെട്ട ഒരു സമൂഹത്തിൽ നീതി പാവപ്പെട്ടവർക്കുള്ളതല്ല എന്നതാണ്. ദരിദ്രർക്കും ദുർബലർക്കും ഒരിക്കലും നീതി ലഭിക്കില്ല. കാരണം, നീതി അവർക്കുള്ളതല്ല, അത് അംഗീകരിച്ചേ മതിയാകൂ. അദാനിയോ അംബാനിയോ പറയുമോ അവർക്ക് നീതി ലഭിക്കുന്നില്ല എന്ന്.'- ഡോ കുഞ്ഞാമൻ വ്യക്താമക്കി.

ജാതി സമ്പ്രദായംപോലെ അതി സങ്കീർണ്ണമാണ് ജാതി രാഷ്ട്രീയവും. ആ തീക്കളിയിൽനിന്ന് തിടമ്പേറ്റിയാണ് ഉത്തരേന്ത്യയിൽ ജാതി പാർട്ടികളും പടർന്ന് പന്തലിച്ചത്. ഇപ്പോൾ ബിജെപി മതം വെച്ച് ജാതിയെ വെട്ടുന്നു. മറ്റുപാർട്ടികൾ ജാതിവെച്ച് മതത്തെ വെട്ടാൻ ശ്രമിക്കുന്നു. അതായത് ദലിതർ ഹിന്ദുക്കൾ അല്ല എന്ന് പറഞ്ഞുകൊണ്ട്. ഇതെല്ലാം ഒരൊറ്റ അന്ധവിശ്വാസ പാക്കേജിന്റെ ഭാഗമാണെന്നും ബ്രാഹ്മാണനെപ്പോലെ തന്നെ അന്ധവിശ്വാസമാണ് ദലിതനുമെന്നും, ഈ മാനസിക അടിമത്തിത്തിൽനിന്ന് വിദ്യാഭ്യാസത്തിലൂടെയും ശാസ്ത്രബോധത്തിലൂടെയും പുറത്ത് കടക്കണം എന്നും, രാഹുൽഗാന്ധിയും പറയില്ല. ജാതിയിൽ ജനിച്ച് ജാതി ശ്വസിച്ച് ജാതി തിന്ന് ജാതിയിൽ മരിക്കുന്ന ഉത്തരേന്ത്യയുടെ
അവസ്ഥക്ക് ഉടനെയൊന്നും മാറ്റം ഉണ്ടാവില്ലെന്നും ഉറപ്പ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP