Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202322Friday

അക്രമി ശ്രമിച്ചത് രണ്ട് കംപാർട്ട്മെന്റ് മുഴുവൻ ചുട്ടുകരിക്കാൻ; യാത്രക്കാർ ആവർത്തിച്ച് ചങ്ങല വലിച്ചിട്ടും ട്രെയിൻ നിന്നില്ല; ആക്രമണം ഒരു വ്യക്തിയെ ലക്ഷ്യമിട്ടായിരുന്നില്ല; ജലരേഖയായി റെയിൽവേ സുരക്ഷയും; മാനസിക രോഗിയോ, അതോ ഭീകരനോ? കോഴിക്കോട് വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

അക്രമി ശ്രമിച്ചത് രണ്ട് കംപാർട്ട്മെന്റ് മുഴുവൻ ചുട്ടുകരിക്കാൻ; യാത്രക്കാർ ആവർത്തിച്ച് ചങ്ങല വലിച്ചിട്ടും ട്രെയിൻ നിന്നില്ല; ആക്രമണം ഒരു വ്യക്തിയെ ലക്ഷ്യമിട്ടായിരുന്നില്ല; ജലരേഖയായി റെയിൽവേ സുരക്ഷയും; മാനസിക രോഗിയോ, അതോ ഭീകരനോ? കോഴിക്കോട് വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

എം റിജു

കോഴിക്കോട്: ''അപരിചിതനായ വ്യക്തി ഡി വൺ കോച്ചിലേക്ക് കടന്നുവരികയായിരുന്നു. അയാളുടെ കൈവശം രണ്ട് കുപ്പി പെട്രോളുണ്ടായിരുന്നു. മൂടി തുറക്കുമ്പോൾ തന്നെ അപകടം മണത്ത് ഞാൻ ഓടി രക്ഷപ്പെടുകയായിരുന്നു. കുപ്പി വീശിയപ്പോൾ എന്റെ തലയിൽ പെട്രോൾ വീണു, മുടിയൊക്കെ കത്തി പോയി. ഒരു വ്യക്തിയെ ലക്ഷ്യമിട്ടാണ് അയാൾ വന്നതെന്ന് തോന്നുന്നില്ല. എല്ലാവരുടെയും ശരീരത്തിൽ പെട്രോൾ വീണു. കോച്ചിലെത്തി ശബ്ദമുണ്ടാക്കുകയോ, തർക്കമുണ്ടാവുകയോ, മുദ്രാവാക്യം മുഴക്കുകയോ ചെയ്തിട്ടില്ല.''- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ (16307) കോരപ്പുഴയ്ക്കു സമീപത്തുവെച്ച് ഉണ്ടായ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട, ഒരു യാത്രക്കാരന്റെ വാക്കുകളാണിത്. മൂന്നുപേരുടെ മരണത്തിനും 9 പേർക്ക് ഗുരുതരമായി പരിക്കേൽക്കാനും ഇടയാക്കിയ ദുരന്തത്തിലെ ദുരൂഹതകൾ ഇനിയും മാറിയിട്ടില്ല.

ആദ്യം ഡി 1 കോച്ചിന് തീപിടിച്ചുവെന്നാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ നിമിഷങ്ങൾക്ക് അകം ഒരു അക്രമി പെട്രോൾ ഒഴിച്ച് ആളുകളെ കൊല്ലുകയായിരുന്നു എന്ന വാർത്തകൾ പുറത്തുവന്നു. ഭാഗ്യത്തിനാണ് ഗോദ്രയിലെ സബർമതി എക്സപ്രസ് തീപ്പിടുത്തംപോലുള്ള ഒരു വൻ ദുരന്തത്തിൽനിന്ന് കേരളം രക്ഷപ്പെട്ടത്. ഒരു ദൃക്സാക്ഷി ഇങ്ങനെ പറയുന്നു. '' ഞാൻ ഓടുന്നതിന് ഇടയിലാണ് അയാളെ കണ്ടത്. അയാളുടെ കാലുകളിൽനിന്നും പുക ഉയരുന്നുണ്ടായിരുന്നു. ഒരു കള്ളിഷർട്ടും തൊപ്പിയുമാണ് ധരിച്ചിരുന്നത്. ആദ്യം കരുതിയത് അക്രമത്തിൽ പരിക്കേറ്റ ആളാണ് എന്നാണ്. പിന്നീട് പിറകിൽനിന്നുള്ളവരാണ് അയാളാണ് അക്രമി എന്ന് വിളിച്ച് പറഞ്ഞത്. ഇതോടെ ഇയാൾ ട്രെയിനിന്റെ ബാത്ത്റൂമിലേക്ക് കയറി. അതില്ലായിരുന്നെങ്കിൽ ട്രെയിനിന്റെ രണ്ട് കംപാർട്ട്മെന്റുകൾ എങ്കിലും കത്തിനശിച്ചേനെ.''.

അതായത് ആദ്യം പുറത്തുവന്നപോലെ, ചെറിയ ഒരു തീപ്പിടുത്തമല്ല, തീർത്തും ആസൂത്രിതമായ ഒരു അക്രമം തന്നെയാണ്, അവിടെ ഉണ്ടായതെന്ന് തെളിയുകയാണ്. ആക്രമണം ഒരു വ്യക്തിയെ ലക്ഷ്യമിട്ടായിരുന്നില്ല.ഒന്നുകിൽ ഒരു മാനസികരോഗി. അല്ലെങ്കിൽ മത-മാവോയിസ്റ്റ് ഭീകരൻ. അഭ്യൂഹങ്ങൾ ഒരുപാട് പരക്കുമ്പോളും പൊലീസ് ഒന്നും സ്ഥിരീകരിക്കുന്നില്ല. എന്തായാലും ഇതുപോലെ ഒരു ആക്രമണം ഇന്ത്യയിൽ ആദ്യമാണ്. സമാനതകൾ ഇല്ലാത്തതാണ്.

ചങ്ങല വലിച്ചിട്ടും നിൽക്കാത്ത ട്രെയിൻ

ഞായറാഴ്ച ഉച്ചയ്ക്ക് 2.50-ന് ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് രാത്രി 9.08-നാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. കോഴിക്കോട് പിന്നിട്ടാൽ പിന്നീട് യാത്രക്കാർ കുറയും. ഞായറാഴ്ചയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കൊയിലാണ്ടി മുതൽ കണ്ണൂർ വരെയുള്ള സ്റ്റേഷനുകളിൽ ഇറങ്ങേണ്ട യാത്രക്കാരുമായി ട്രെയിൻ നാലുമിനിറ്റിന് ശേഷം 09.12-ഓടെ കോഴിക്കോട് സ്റ്റേഷനിൽനിന്ന് യാത്ര തുടർന്നു. എന്നാൽ ഏതാനും കിലോമീറ്ററുകൾ പിന്നിട്ടതിന് പിന്നാലെ കേരളത്തെ നടുക്കിയ സംഭവങ്ങൾക്കാണ് എക്‌സിക്യുട്ടീവ് എക്സ്‌പ്രസ് സാക്ഷ്യം വഹിച്ചത്.

എലത്തൂർ സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെ രാത്രി 9.20-ഓടെയാണ് എക്‌സിക്യൂട്ടിവ് എക്സ്‌പ്രസിലെ അക്രമസംഭവം അരങ്ങേറുന്നത്. കൈയിൽ പെട്രോൾനിറച്ച കുപ്പിയുമായി ഡി 1 കോച്ചിലെത്തിയ അക്രമി യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയും പിന്നാലെ തീകൊളുത്തുകയുമായിരുന്നു. യാത്രക്കാരുടെ ദേഹത്തും ട്രെയിനിനകത്തും ഇതോടെ തീ ആളിപ്പടർന്നു. കൂട്ടനിലവിളി ഉയർന്നു. ഇതിനിടെ തീയണയ്ക്കാനുള്ള ശ്രമങ്ങളും യാത്രക്കാർ നടത്തി. യാതൊരു കൂസലും ഇല്ലാതെ ആയിരുന്നു പ്രതിയുടെ ചെയ്തികൾ എന്ന് യാത്രക്കാർ പറയുന്നു.

റിസർവേഷൻ കോച്ചായ ഡി വണ്ണിൽ തീ കണ്ടതോടെ മറ്റുകോച്ചുകളിലുള്ളവരാണ് ട്രെയിനിലെ അപായച്ചങ്ങല വലിച്ചതെന്നാണ് യാത്രക്കാർ നൽകിയ പ്രാഥമികവിവരം. പക്ഷേ തങ്ങൾ പലതവണ ചെയിൽ വലിച്ചിട്ടും വണ്ടി നിന്നില്ലെന്നും ചില യാത്രക്കാർ പറയുന്നു. പരിഭ്രാന്തരായ യാത്രക്കാർ നാല് കോച്ചുകളിലെ അപായച്ചങ്ങല വലിച്ചു. ആദ്യം ചങ്ങല വലിച്ചപ്പോൾ തന്നെ ട്രെയിൻ നിന്നിരുന്നെങ്കിൽ, കോരപ്പുഴ പാലത്തിന് മുകളിൽ ആവില്ലെന്നാണ് ചിലർ പറയുന്നത്. ഇതുകാരണം പരിക്കേറ്റവരെ പുറത്തെത്തിക്കാനും താമസം നേരിട്ടു. നിർത്തിയ ട്രെയിൻ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിർത്തിയാണ് ആംബുലൻസുകളിലേക്ക് പൊള്ളലേറ്റവരെ മാറ്റിയത്.

വണ്ടി വേഗംകുറച്ചപ്പോൾ ചിലർ വെളിയിലേക്ക് ചാടിയതായി യാത്രക്കാർ പറയുന്നു. വെപ്രാളത്തിൽ പുഴയിലേക്കാണോ ചാടിയതെന്നും സംശയമുണ്ട് ചിലർക്ക് സാരമായി പൊള്ളിയത് കണ്ട് കോച്ചിൽ കൂട്ടക്കരച്ചിലായിരുന്നു. ഓടുന്ന വണ്ടിയിൽ കാറ്റിൽ തീ ആളിപ്പടർന്നു. സീറ്റും യാത്രക്കാരുടെ വസ്ത്രങ്ങളും കത്തി. ഇതിനിടയിലാണ് കോച്ചിലെ ചിലരെ കാണാതായതെന്ന് യാത്രക്കാർ പറഞ്ഞു. ഇപ്പോഴും ആളുകൾ പുഴയിൽ വീണുവെന്ന സംശയം ബാക്കിയാണ്.


മൂന്ന് മൃതദേഹങ്ങൾ കിട്ടുന്നു

സംഭവത്തിന് ശേഷം 50 മിനിറ്റോളം വൈകി ട്രെയിൻ എലത്തൂരിൽനിന്ന് യാത്ര തുടർന്നിരുന്നു. തുടർന്ന് ട്രെയിൻ കൊയിലാണ്ടി സ്റ്റേഷനിൽ എത്തിയപ്പോളാണ് യാത്രക്കാരനായ മട്ടന്നൂർ സ്വദേശി റാസിഖ് ഇവിടെയിറങ്ങി ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവിടെവെച്ച് രാത്രി 11.30-ഓടെയാണ് തന്റെ കൂടെ ട്രെയിനിലുണ്ടായിരുന്ന രണ്ടുപേരെ കാണാനില്ലെന്ന പരാതി ഇയാൾ പൊലീസിനെ അറിയിച്ചത്. ഇതോടെ ഇയാളെ പൊലീസ് വിശദമായി ചോദ്യംചെയ്തു. പിന്നാലെ എലത്തൂർ മുതൽ റെയിൽവേ ട്രാക്കിൽ തിരച്ചിലും ആരംഭിച്ചു.

അർധരാത്രി ഒരുമണിയോടെയാണ് എലത്തൂരിലെ റെയിൽവെ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മറ്റൊരു ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹങ്ങൾ കണ്ടവിവരം ആദ്യം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ഒരു സ്ത്രീയുടെയും കുഞ്ഞിന്റെയും ഒരു പുരുഷന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. പുലർച്ചെ രണ്ടുമണിയോടെ മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. മട്ടന്നൂർ പാലോട്ടുപള്ളി ബദ്റിയ മൻസിലിൽ റഹ്മത്ത് (45), ഇവരുടെ സഹോദരിയുടെ മകൾ രണ്ടരവയസ്സുകാരി ഷഹ്‌റാമത്ത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മണിക്കൂറുകൾക്ക് ശേഷം മരിച്ച മൂന്നാമത്തെയാൾ മട്ടന്നൂർ പട്ടാന്നൂർ സ്വദേശി നൗഫീഖാണെന്നും സ്ഥിരീകരിച്ചു. കമ്പാട്ടുമെന്റിൽ തീ പടർന്നപ്പോൾ രക്ഷക്കായി പുറത്തേക്ക് ചാടിയപ്പോഴാണ് ഇവർ മരിച്ചത് എന്നാണ് കരുതുന്നത്.

രണ്ടുപേർ ഗുരുതരാവസ്ഥയിൽ

തീവണ്ടിയിൽ തീപടർന്നത് റെയിൽവേ കൺട്രോൾ മുറിയിൽ ആദ്യം അറിയിച്ചതുകൊയിലാണ്ടി ട്രാക്ഷൻ ഡിസ്ട്രിബ്യൂഷൻ സീനിയർ സെക്ഷൻ എൻജിനിയർ പ്രിൻസ് ആയിരുന്നു. കോച്ചിലുണ്ടായിരുന്ന അദ്ദേഹത്തിനും ഭാര്യയ്ക്കും പൊള്ളലേറ്റു. സാരമായി പൊളിയതിനെ തുടർന്നു തീപടർന്ന വിവരം അവ്യക്തമായിട്ടാണ് അറിയിച്ചത്. തൃശ്ശൂരിൽനിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്നു പ്രിൻസും ഭാര്യയും.ലോക്കോ പൈലറ്റ് എംപി. മുരളീധരൻ, അസി. ലോക്കോ പൈലറ്റ് എ.ടി. സന്ധ്യ, ഗാർഡ് സുമ തുടങ്ങിയവർ തീവണ്ടി കാര്യങ്ങൾ നിയന്ത്രിച്ചു.രാത്രി 11.45-ന് കണ്ണൂരിൽ എത്തിയയുടൻ ഡി-1 കോച്ച് റെയിൽവേ സുരക്ഷാസേന സീൽ ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് കണ്ണൂരിൽനിന്ന് എറണാകുളത്തേക്കുള്ള ഇന്റർസിറ്റിയായി ഓടുന്നത് ഈ വണ്ടിയാണ്.

3 സ്ത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്കാണ് പൊള്ളലേറ്റത്. ഇവർ ചികിത്സയിലാണ്. പൊള്ളലേറ്റവരിൽ ഒമ്പത് പേരിൽ രണ്ടുപേരുടെനില ഗുരുതരമാണ്. കണ്ണൂർ സ്വദേശികളായ വക്കീൽ ഗുമസ്തൻ കതിരൂർ നായനാർ റോഡ് പൊയ്യിൽ വീട്ടിൽ അനിൽ കുമാർ (50), മകൻ അദ്വൈത. (21) എന്നിവരാണവർ. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അനിൽ കുമാറിന്റെ ഭാര്യ സജിഷ (47), കണ്ണൂർ പട്ടുവം നീലിമ വീട്ടിൽ റൂബി (52), തൃശ്ശൂർ മണ്ണൂത്തി മാനാട്ടിൽ വീട്ടിൽ പ്രിൻസ് (35), ഭാര്യ അശ്വതി (26), തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (34), കണ്ണൂർ സ്വദേശി പ്രകാശൻ (34) എന്നിവരാണ് ചികിത്സയിലുള്ളത്. പൊള്ളലേറ്റ കണ്ണൂർ മട്ടന്നൂർ സ്വദേശി റാസിഖ് കൊയിലാണ്ടിയിലെ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

അക്രമി യുപി സ്വദേശിയോ?

ഉത്തർപ്രദേശ് സ്വദേശിയാണ് അക്രമിയെന്നാണു പ്രാഥമിക സൂചന. ട്രാക്കിൽനിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കിൽ ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് എഴുതിയിരിക്കുന്നത്. മലയാളത്തിലുള്ള എഴുത്തുകളൊന്നും ഇല്ല. സ്ഥലപ്പേരുകളാണ് കുറിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിൻകീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുക്കിലുള്ളത്. ഡൽഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്.

ഇംഗ്ലിഷിൽ 'എസ്' എന്ന രീതിയിൽ വലുതായി എഴുതിയിട്ടുണ്ട്. ചില കണക്കുകളും കുറിച്ചിട്ടുണ്ട്. പല തീയതികളും റെയിൽവേ സ്റ്റേഷനുകളുടെ പേരുമുണ്ട്. ബാഗിൽനിന്ന് മൊബൈൽ ഫോൺ, കണ്ണട, പഴ്സ്, ബ്രൗൺ നിറമുള്ള ടീഷർട്ട്, ഒരു ട്രാക്ക് പാന്റ്, ഓവർകോട്ട്, ഭക്ഷണമടങ്ങിയ ടിഫിൻ ബോക്സ്, ലഘുഭക്ഷണ പാക്കറ്റ്, മിഠായി, പേന, ഒരു കുപ്പി പെട്രോൾ, ഒരു സ്റ്റിക്കി നോട്ട്, കുറച്ച് ആണികൾ തുടങ്ങിയവയാണ് കണ്ടെടുത്തത്.

ചുവന്ന ഷർട്ടും, തൊപ്പിയും വച്ചയാളാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്‌സാക്ഷി പൊലീസിന് മൊഴി നൽകിയിരുന്നു. അക്രമിക്കുും പൊള്ളലേറ്റുവെന്ന വിവരത്തെ തുടർന്ന് ആശുപത്രികളിലും പൊലിസ് രഹഭസ്യനിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

രേഖാചിത്രം പുറത്ത്

പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ട്രെയിനിലുണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ചിത്രവും താൻ കണ്ട ആളുമായി സാമ്യം ഉണ്ടെന്ന് റാഷിക്ക് സ്ഥിരീകരിച്ചു. ചുവന്ന ഷർട്ടിട്ട തലയിൽ കെട്ടുള്ള യുവാവിന്റെ ചിത്രമാണിത്. സാഹചര്യത്തെളിവുകൾ പ്രകാരം കൃത്യം പെട്ടെന്നുള്ള പ്രകോപനത്തിൽ ചെയ്തതല്ല മറിച്ച ആസൂത്രിതമാണ് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനിൽ കയറിയതെന്ന് കണ്ടെത്താൻ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാണ്. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

നേരത്തെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നപ്പോൾ അതിലുള്ള വ്യക്തിയുമായി അക്രമിക്ക് സാമ്യമുണ്ടെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. രൂപവും ഉയരവും ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറവും നോക്കുമ്പോൾ ദൃശ്യത്തിലുള്ളയാളുമായി അക്രമിക്ക് സാമ്യമുണ്ടെന്നായിരുന്നു സംഭവം അടുത്തുനിന്ന് കണ്ട യാത്രക്കാരൻ ലതീഷ് പറഞ്ഞത്.എന്നാൽ, തനിക്ക് പ്രതിയുടെ മുഖം വ്യക്തമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'മുഖമോ മറ്റോ തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. രൂപവും ഉയരവും നോക്കുമ്പോൾ ഏകദേശം സാമ്യമുള്ളതുപോലെ തോന്നുന്നുണ്ട്. കൃത്യമായി പറയാൻ കഴിയുന്നില്ല. ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം ഏതാണ്ട് അതുതന്നയായിരുന്നു. ചുവപ്പ് നിറത്തിൽ ഡിസൈനുള്ള ഷർട്ടായിരുന്നു.'- ലതീഷ് പ്രതികരിച്ചു.

ഉയരവും വലിപ്പവുമെല്ലാം ഏതാണ്ട് സാമ്യത തോന്നുന്നുണ്ട്. മുഖം പക്ഷേ ശരിയായ രീതിയിൽ ഓർത്തെടുക്കാൻ കഴിയുന്നില്ല. മറ്റ് കാര്യങ്ങൾ ഒരുപോലെ തോന്നി. പൊലീസ് ചോദിച്ചപ്പോഴും ഇതുതന്നെയാണ് പറഞ്ഞത്. വ്യക്തമായ ദൃശ്യമല്ലല്ലോ പുറത്ത് വന്നത്. അതുകൊണ്ട് കൃത്യമായി പറയാൻ കഴിയുന്ന സാഹചര്യമല്ല ഉള്ളതെന്നും ലതീഷ് വ്യക്തമാക്കി.പ്രതിയെ കണ്ടെത്താനായി കേരളാ പൊലീസിന്റെയും റെയിൽവേ പൊലീസിന്റെയും സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിനിൽ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ചു വകുപ്പുകൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്ക് മാവോയിസ്റ്റ്-തീവ്രവാദബന്ധമുണ്ടോയെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്.

അത് മാനസിക രോഗിയോ?

അതേസമയം, സംഭവം ആസൂത്രിതമെന്നാണ് പൊലീസിന്റെ നിഗമനം. ഭീകരവാദ ബന്ധങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫൊറൻസിക്, ഫിംഗർ പ്രിന്റ് പരിശോധന പൂർത്തിയായി. ഇപ്പോഴുള്ള പ്രാഥമിക സൂചന അനുസരിച്ച് ഒരു മാനസിക രോഗിയാവാം ഇത് ചെയ്തതെന്നാണ് വിലയിരുത്തിൽ. കാരണം, മറ്റു ഭീകര സംഘടനകളുടെ ആക്രമണങ്ങളുടെ ഒരു രീതി അനുസരിച്ച അവർ മുദ്രാവാക്യം വിളിച്ചാണ് ആക്രമണം നടത്തുക. റാൻഡമായി ആളുകളെ ഈ രീതിയിൽ കൊല്ലാൻ ശ്രമിക്കുന്നത് ഒരു മാവോയിസ്റ്റ് രീതിയല്ല. കുഴിബോംബുകളും മൈനുകളും വിതച്ച് പട്ടാളക്കാരും, രാഷ്ട്രീയക്കാരും അടക്കമുള്ള തങ്ങളുടെ പൊതുശത്രുക്കളെയാണ് അവർ ലക്ഷ്യമിടാറ്. മാത്രമല്ല തങ്ങൾ നടത്തുന്ന കൊലകളുടെ രീതി ഏറ്റെടുക്കയും അവർ ചെയ്യാറുണ്ട്.

യൂറോപ്പിലൊക്കെ ഉണ്ടാവാറുള്ള ജിഹാദി കത്തിയാക്രമണങ്ങളിലും, വെടിവെപ്പുകളിലുമൊക്കെ കൃത്യമായ മത സ്ളോഗണുകൾ ഉദ്ധരിച്ചാണ് ആക്രമണം നടക്കാറുള്ളത്. ഇവിടെ അക്രമി പൂർണ്ണമായും നിശബ്ദൻ ആയിരുന്നു. അയാൾ കൃത്യമായി ഒരാളെയും ലക്ഷ്യമിട്ടിട്ടില്ലായിരുന്നു. തീർത്തും അക്ഷ്യോഭ്യനും, മരണഭയം ഇല്ലാത്താനും ആയിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു മനോരോഗിയാവാം ആക്രമണം നടത്തിയതെന്ന് പൊലീസ് കരുതുന്നത്.

സമനില തെറ്റിയ ഒരാളെപ്പോലെ ഒട്ടേറെ ദുരൂഹത നിറഞ്ഞതാണ് ഇയാളുടേതെന്ന് സംശയിക്കുന്ന നോട്ട്ബുക്കിലെ കുറിപ്പുകൾ. ഡയറിക്കുറിപ്പുകൾ പോലെ കൃത്യമായ തീയതി നൽകിയിട്ടുണ്ട്. ജീവിതത്തിൽ നേടേണ്ട ലക്ഷ്യങ്ങൾ, പണം കുറച്ചു ചെലവാക്കണം, പുകയില ഉപയോഗം നിർത്തണം, വിവിധ സ്ഥലപ്പേരുകൾ തുടങ്ങി പരസ്പരബന്ധമില്ലാത്ത പല കാര്യങ്ങളും കുറിച്ചിട്ടുണ്ട്. പല ആകൃതിയിലും വലിപ്പത്തിലും എസ് എന്ന ഇംഗ്ലീഷ് അക്ഷരം നോട്ട്ബുക്കിൽ കാണാം. ചിലരുടെ പേരുകളും പലഭാഗത്തായി കുറിച്ചിട്ടുണ്ട്. ഇതിൽ അക്രമിയുടെ പേരുണ്ടോ എന്ന സംശയത്തിലാണ്. കുറിപ്പിൽ ആവർത്തിച്ചെഴുതിയ ചില പേരുകളിൽ നിന്ന് ഇയാൾക്ക് മറ്റാരുടേയോ സഹായം കിട്ടിയതായി സൂചനയുണ്ട്.

പക്ഷേ അന്വേഷണം വിവിധ വശങ്ങളിലുടെ പുരോഗമിക്കയാണ്. മനോരോഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് അജണ്ടകളുടെ മറവിൽ കൊലകൾ നടത്തിയ അനുഭവവും നേരത്തെയുണ്ട്. എൻഐഎ അടക്കമുള്ള ഏജൻസികൾ രാജ്യത്തെ നടുക്കിയ ഈ സംഭവം ഇഴപിരിച്ച് പരിശോധിക്കുന്നുണ്ട്.

റെയിൽ സുരക്ഷ എവിടെ?

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമായി നടത്തുകയാണ്. സംസ്ഥാന പൊലീസ് മേധാവി തന്നെ ഇതിന് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടും. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇപ്പോൾ മുഖ്യമന്ത്രിയടക്കം അനുശോചിക്കയും റെയിൽവേയുടെ സുരക്ഷയുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും പറയുമെങ്കിലും ചെയ്യുന്നുണ്ടെങ്കിലും ഒന്നും നടപ്പാവില്ല എന്നതാണ്, യാഥാർഥ്യം. നേരത്തെ സൗമ്യയെ ഗോവിന്ദച്ചാമി ബാലാത്സഗം ചെയ്തുകൊന്ന സമയത്തും ഇതുപോലെയുള്ള കുറേ വാചാടോപങ്ങൾ നാം കേട്ടതാണ്.

ഏലത്തൂർ ട്രെയിൻ തീവയ്‌പ്പു കേസിലും ഗുരുതരമായ സുരക്ഷ വീഴ്ചയുണ്ടായി. ശക്തമാകുന്നു. അക്രമം നടക്കുന്ന സമയമൊന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സോ പൊലിസോ സംഭവസ്ഥലത്തുണ്ടായിരുന്നില്ല.ട്രെയിൻ യാത്രക്കാർക്കു നേരെയുള്ള അക്രമം പെരുകുമ്പോഴും മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കടത്തുമ്പോഴും റെയിൽവേ പൊലിസിന് കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. ട്രെയിൻ യാത്രക്കിടെയൊള്ള കൊള്ളകൾ ഇന്ന് ചിരപരിചത്വം കൊണ്ട് വാർത്തകൾ പോലും അല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഈയിടെ ഓടുന്ന ട്രെയിനിൽവെച്ച് യുവതിയെ പീഡിപ്പിച്ച വാർത്തപോലും പുറത്തുവന്നു. എലത്തുർ ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ട്രെയിൻ യാത്രികരുടെ സുരക്ഷക്കായി സമഗ്ര നടപടികൾ എടുക്കേണ്ടതാണ്. വിദേശരാജ്യങ്ങളിയൊക്കെപ്പോലെ, തോക്ക് കൈയിലുള്ള സുരക്ഷാ ജീവനക്കാർ, മുന്നിലും പിന്നിലും ഉണ്ടാവേണ്ട സാഹചര്യം നമ്മുടെ നാട്ടിലും വന്നുചേരുകയാണ്.

വാൽക്കഷ്ണം: ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും റെയിൽവെ സുരക്ഷയെക്കുറിച്ച് ശാസ്ത്രീയമായ പദ്ധതികൾ നാം ഉണ്ടാക്കേണ്ടിയിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ആർക്കും യാതൊരു പരിശോധനയുമില്ലാതെ എവിടേക്കും കടന്നുവരാം. കോവിഡിനുശേഷം ജനറൽ കമ്പാർട്ടുമെന്റുകളിൽ ടിക്കറ്റ് പരിശോധനപോലും പലപ്പോഴും നടക്കാറില്ല. സ്ഥിരം യാത്രക്കാറിൽ പലരും പറയുന്നത് തങ്ങൾ ഒരു ടിടിആറിനെ കണ്ടിട്ട് മാസങ്ങൾ ആയി എന്നാണ്! ഏറ്റവും ചുരുങ്ങിയത് ടിക്കറ്റ് എടുക്കാത്ത യാത്രക്കാർ റിസർവേഷൻ കമ്പാട്ടുമെന്റിൽ കയറുന്നത് തടയാനെങ്കിലുമുള്ള ഒരു സുരക്ഷാപരിശോധനയെങ്കിലും നടക്കേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP