Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

മാറാട് കലാപ കാലത്ത് ഒഴുകിയത് 430 കോടി രൂപ! ഹാദിയ കേസിൽ ചെലവായതും കോടികൾ; സിഎഎ പ്രതിഷേധത്തിൽ വന്നത് 120 കോടി; അന്വേഷണ ഏജൻസികളെ കബളിപ്പിക്കാൻ വേണ്ടി നിക്ഷേപ തുക എല്ലായിപ്പോഴും 50,000 ത്തിൽ താഴെ; 1.34 കോടിയോളം പിൻവലിച്ചത് പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ അന്നോ തലേന്നോ; 'ഖത്തർ ഹവാല' നിലച്ചതോടെ വെടിതീർന്നു നിൽക്കുന്ന ഇസ്ലാമിക മത മൗലികവാദികൾക്ക് പുത്തൻ ഉണർവായി പൗരത്വ ഫണ്ടിങ്ങ്

മാറാട് കലാപ കാലത്ത് ഒഴുകിയത് 430 കോടി രൂപ! ഹാദിയ കേസിൽ ചെലവായതും കോടികൾ; സിഎഎ പ്രതിഷേധത്തിൽ വന്നത് 120 കോടി; അന്വേഷണ ഏജൻസികളെ കബളിപ്പിക്കാൻ വേണ്ടി നിക്ഷേപ തുക എല്ലായിപ്പോഴും 50,000 ത്തിൽ താഴെ; 1.34 കോടിയോളം പിൻവലിച്ചത് പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ അന്നോ തലേന്നോ; 'ഖത്തർ ഹവാല' നിലച്ചതോടെ വെടിതീർന്നു നിൽക്കുന്ന ഇസ്ലാമിക മത മൗലികവാദികൾക്ക് പുത്തൻ ഉണർവായി പൗരത്വ ഫണ്ടിങ്ങ്

എം മാധവദാസ്

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമം ഇന്ത്യയിലെ ഇസ്ലാമിക മതമൗലികവാദികളുടെ സുവർണ്ണാവസരമാകുമെന്ന് വിലയിരുത്തലുകൾ ശരിവെച്ചുകൊണ്ട് കോടികളുടെ സാമ്പത്തിക ആരോപണങ്ങളും. പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പണമൊഴുക്കിയെന്ന പോപ്പുലർ ഫ്രണ്ടിനെതിരായ എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ കുറ്റാരോപണം ഇന്ത്യയിലേക്കും കേരളത്തിലേക്കും വീണ്ടും വൻ തോതിൽ വീണ്ടും പണ മൊഴുകുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയും ഗൾഫ് രാജ്യങ്ങളിൽ പൊതുവെയുള്ള സാമ്പത്തിക മാന്ദ്യവും കാരണം ഫണ്ടിങ്ങ് എതാണ്ട് പൂർണ്ണമായെന്നോണം നിന്ന സമയത്ത്, ഇസ്ലാമിക മതമൗലികവാദ സംഘടനകൾക്ക് കച്ചിത്തുരുമ്പാവുകയാണ് സിഎഎ സമരം. കുടിയേറ്റക്കാർക്ക് പൗരത്വം കൊടുക്കാനുള്ള ബില്ലിനെ ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയുന്ന ബില്ലായി ചിത്രീകരിച്ച്, ഇവിടെ ന്യുനപക്ഷങ്ങളെ മുഴുവൻ നാടുകടത്തും എന്ന വ്യാജ പ്രചാരണം ഈ മതമൗലികാവാദ സംഘടനകൾ, നടത്തുന്നതും ഈ ഫണ്ടിനുവേണ്ടികൂടിയാണ്. പൗരത്വഭേദഗതി സമരത്തിനും കേസ് നടത്തുന്നതിനുമൊക്കെയായി കോടികളുടെ വിദേശപണമാണ് ഇപ്പോൾ പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സംഘടനകൾക്ക് ലഭിക്കുന്നതെന്ന് ബിജെപി നേതാക്കൾ നേരത്തെ തന്നെ ആരോപിക്കുന്നുണ്ട്.

എപ്പോഴൊക്കെ ഇസ്ലാമിക തീവ്രവാദികൾ പ്രതിസന്ധിയിലാവുമ്പോളും അപ്പോഴൊക്കെ അവർക്ക് വൻതോതിൽ ഫണ്ട് വരാനുള്ള അവസരം വീണു കിട്ടാറുണ്ട്. മാറാട് കലാപം, ഹാദിയകേസ് തുടങ്ങിയ ഇതിന്റെ ഉദാഹരണങ്ങളാണ്. മാറാട് കലാപത്തോട് അനുബന്ധി കാലയളവിൽ കേരളത്തിലേക്ക് എത്തിയത് 430 കോടി രൂപയാണെന്ന് അന്നത്തെ അന്വേഷണ ഉദ്യോസ്ഥൻ, ക്രൈം ബ്രാഞ്ച് സൂപ്രണ്ട് സി.എം.പ്രദീപ് കുമാർ ഹൈക്കോടതിയിൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിന്റെ അന്വേഷണം എവിടെയും എത്തിയിട്ടില്ല. അതുപോലെ തന്നെ ഹാദിയ കേസിലും കോടികളുടെ പണമാണ് ഇത്തരം സംഘടനകൾക്ക് കിട്ടിയതെന്ന് ഒളിക്യാമറാ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു.സംഘടിതമായി മതപരിവർത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിക്യാമറയിൽ പറഞ്ഞിരുന്നു. സംഘടനയുടെ ലക്ഷ്യം രാജ്യത്തും പിന്നീട് മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക് രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യാ ടുഡേ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ നേതാക്കൾ സമ്മതിക്കുന്നുണ്ട്. ഇതിലും അന്വേഷണം എവിടെയും എത്തിയിട്ടില്ല.

ഈ സംഭവങ്ങൾക്കൊന്നും ഇല്ലാത്ത തരത്തിലുള്ള അതിഭീകരമായ മാനത്തോടെയാണ് സിഎഎ വിഷയം ഇസ്ലാമിക മതമൗലികവാദികൾ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങളെയും നാടുകടത്താനുള്ള മോദിയുടെയും അമിത്ഷായുടെയും തന്ത്രമാണ് ഇതെന്ന് വരുത്തി തീർക്കുന്നതോടെ, ഗൾഫ് രാജ്യങ്ങളിൽനിന്നടക്കം, വ്യാപകമായ പണപ്പിരിവാണ് ഇന്ത്യയിലെ സഹോദരന്മ്മാരെ സഹായിക്കാൻ നടത്തുന്നത്. ആഭ്യന്തരമായും കോടികളുടെ പണം സ്വരൂപിക്കുന്നുണ്ട്. പള്ളികളിലടക്കം ഇത്തരം കേസുകളിൽ സഹായിക്കാനായി രഹസ്യ പിരിവ് നടക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ സത്യത്തിൽ പോപ്പുലർ ഫ്രണ്ടുപോലുള്ള ഇസ്ലാമിക സംഘടകൾ തന്നെയാണ്.

ശബരിമല കേരളത്തിലെ സംഘികൾക്കുള്ള സുവർണ്ണാവസരം ആയിരുന്നെങ്കിൽ, സുഡാപ്പികൾക്കുള്ള സുവർണ്ണാവസരമായി മാറുകയാണ് സിഎഎ സമരം. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യവും, ആഗോള ഭീകരതക്കെതിരായി ഉയരുന്ന വലിയ പ്രതിഷേധവുമൊക്കെയായി അരികത്തായിപ്പോയ ഇസലാമിക മതമൗലികവാദ സംഘടനകൾക്ക് വല്ലാത്തൊരു ജീവനും ഊർജ്ജവുമാണ് സിഎഎ ഭീതി നൽകിയത്. മാത്രമല്ല തങ്ങളാണ് മുസ്ലിം സമുദായത്തിന്റെ രക്ഷകർ എന്ന മിഥ്യാധാരണയുണ്ടാക്കിയെടുത്ത് മുഖ്യധാരയിലേക്ക് വരാനും ഇവർ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്ലീങ്ങൾ രണ്ടാം തരം പൗരന്മ്മാരാണെന്ന് വരുത്തിത്തീർക്കേണ്ടത്, തീവ്രവാദ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നവർക്ക് അത്യന്ത്യാപേക്ഷിതമാണ്്. രാജ്യത്തെ ഒരു പൗരനെയും ബാധിക്കാത്ത സിഎഎയുടെ പേരിൽ അനാവശ്യ ഭീതിപരത്തുന്ന കോൺഗ്രസും ഇടതുപക്ഷവും ഒന്നും തിരിച്ചറിയാതെ പോകുന്നതും ഈ അജണ്ടതന്നെയാണ്.

ഖത്തറിൽനിന്ന് ഇസ്ലാമിക പ്രബോധനത്തിനുവേണ്ടിയെന്ന പേരിലാണ് കേരളത്തിലേക്കടക്കം കോടികളുടെ ഫണ്ട് ഒഴുകിയെത്തിയതെന്ന് ഇ എ ജബ്ബാർ മാസ്റ്ററെപ്പോലുള്ള മത വിമർശകർ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. 80 കളിൽ ഗൾഫ്രാജ്യങ്ങളിൽ ഉണ്ടായ സാമ്പത്തിക പുരോഗതിയാണ് ഇതിന് ഇടയാക്കിയത്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ആയിരുന്നതെന്ന് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഹമീദ് ചേന്ദമംഗല്ലൂരിലെപ്പോലുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.'ഇസ്ലാമിക മാനേജ്മെന്റുകൾ നിയന്ത്രിക്കുന്ന പത്രങ്ങളും മാസികകളും, അനാഥാലയങ്ങളും, ലക്ഷങ്ങളുടെ മാർബിൾ പള്ളികളും ഈ കാലത്താണ് ഉയർന്നുവന്നത്. ഈ പണത്തിൽ ഒരു വിഭാഗമാണ് കേരളത്തിലെ തീവ്രവാദ സംഘടനകൾക്കും കിട്ടിയത്. ഇപ്പോൾ ഖത്തർ പ്രതിസന്ധിയിലായയോടെ ഇസ്ലാമിക മാനേജ്മെന്റുള്ള പത്രങ്ങൾ ഒന്നൊന്നായി പൂട്ടിക്കൊണ്ടിരിക്കുകയാണ്. ഖത്തർ ഹവാലയായിരുന്നു കേരളത്തിലെ ഇസ്ലാമിക സംഘടനകളുടെ അടിസ്ഥാനം. പോപ്പുലർ ഫ്രണ്ടിന്റെ പത്രമായ തേജസ് പൂട്ടയത് ഉദാഹരണം. പക്ഷേ ഇപ്പോൾ സിഎഎ ഭീതി അവർക്കെല്ലാം തുണയായിരിക്കയാണ്.'- ഹമീദ് ചേന്ദമംഗല്ലൂർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ പൊതുസമൂഹത്തിൽ പലരീതിയും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവരാണ് ഇസ്ലാമിക തീവ്രാദികൾ. ചെങ്ങറ സമരം, ഗെയിൽ സമരം, മൂലമ്പള്ളി സമരം തുടങ്ങിയ വിവിധ സമരങ്ങളിൽ പങ്കെടുത്ത് മനുഷ്യാവകാശ പ്രസ്ഥാനമാവാൻ ഒക്കെ പലപ്പോഴായി ഇവർ ശ്രമിച്ച് പരാജയപ്പെട്ടതാണ്. തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകൻ ജോസഫ് മാഷിന്റെ കൈവെട്ടിയതടക്കമുള്ള കേസിൽ വ്യാപകമായി ഒറ്റപ്പെട്ടുപോയ പോപ്പുലർ ഫ്രണ്ട് തങ്ങളുടെ ഇമേജ് മാറ്റിപ്പിടിക്കാനാണ് മനുഷ്യാവകാശ മുഖംമൂടിയണിയുന്നത്. ഈ സംഘടനകളുടെയൊക്കെ കൂടെ വേദി പങ്കിടുന്ന കെ ഇ എൻ കുഞ്ഞുമുഹമ്മദിനെപ്പോലുള്ള ഇടതുബുദ്ധി ജീവികളും ഈ സംഘടനകളെ വെള്ള പൂശുന്നതിൽ നല്ല പങ്കുവഹിച്ചിട്ടുണ്ട്.

പൗരത്വ പ്രതിഷേധത്തിൽ പണം ഒഴുകുമ്പോൾ

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിനും അവരുമായി ബന്ധപ്പെട്ട സർക്കാരിതര സംഘടനയ്ക്കും എൻഫോഴ്‌സ്‌മെന്റ് സമൻസ് അയച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരമാണ്. പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ ഏഴ് ഭാരവാഹികൾക്കാണ് സമൻസ് ലഭിച്ചത്. ഇതുകൂടാതെ റീഹാബ് ഫൗണ്ടേഷൻ ഭാരവാഹികളും ഹാജരാവണം. പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പണമൊഴുക്കിയെന്നാണ് പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡിയുടെ ആരോപണം. എന്നാൽ, സംഘടന ഇത് നിഷേധിച്ചിട്ടുണ്ട്. റീഹാബ് ഇന്ത്യയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം പിൻവലിക്കലും, നിക്ഷേപവും ഇഡി അന്വേഷിച്ചുവരുന്നു. പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇ.അബൂബക്കറിനും ഇഡി സമൻസ് അയച്ചിട്ടുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്ത പണം പൂഴ്‌ത്തി വയ്ക്കൽ കേസിന് പുറമേയാണ് പൗരത്വ നിയമപ്രതിഷേധവുമായി ബന്ധപ്പെട്ട പണമൊഴുക്കലും അന്വേഷിക്കുന്നത്. മൊത്തം 120 കോടിയോളം രൂപ ഇങ്ങനെ വെളുപ്പിച്ചതായാണ് പറയുന്നത്.

യുപിയിലെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് റിപ്പബ്ലിക് ടിവി, സിടിവി പോലുള്ള ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെയും റിഹാബ് ഇന്ത്യയുടെയും 15 ബാങ്ക് അക്കൗണ്ടുകളാണ് ഇഡി സൂക്ഷ്മമായി പരിശോധിച്ചത്. 1.04 കോടി രൂപ ഈ 15 അക്കൗണ്ടുകളിലായി നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന്റെ 10 ഉം റീഹാബിന്റെ 5 ഉം അക്കൗണ്ടുകളിലാണ് 2019 ഡിസംബർ 12 നും 2020 ജനുവരി 6 നും മധ്യേ നിക്ഷേപം എത്തിയത്. അന്വേഷണ ഏജൻസികളെ കബളിപ്പിക്കാൻ വേണ്ടി നിക്ഷേപ തുക എല്ലായ്‌പോഴും 50,000 ത്തിൽ താഴെയായിരുന്നു. 5,000 ത്തിനും 49,000ത്തിനും ഇടയിൽ. ഇതുവഴി നിക്ഷേപകൻ ആരെന്ന് വെളിപ്പെടുത്തേണ്ടിയും വന്നില്ല. എന്നാൽ, ഈ കാലയളവിൽ 1.34 കോടി രൂപ ഈ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചതായും കണ്ടെത്തി.

പണം എടിഎം വഴിയോ നെഫ്റ്റ്- ഐഎംപിഎസ് മുഖേനയോ മൊബൈൽ ഉപയോഗിച്ചാണ് പിൻവലിച്ചത്. ഏതാനും ചെക്ക് പേയ്‌മെന്റുകൾ ഒഴിച്ചാൽ, ബാക്കിയെല്ലാം ഇങ്ങനെയായിരുന്നു, വിവിധ വ്യക്തികൾക്കായി 2,000 മുതൽ 5000 വരെ പലതവണകളായാണ് ഓരോ ദിവസവും പണം പിൻവലിച്ചതെന്നും കണ്ടെത്തി. 2020 ജനുവരി ആറിനും, 2019 ഡിസംബർ 12 നും മധ്യേയായിരുന്നു ഈ പിൻവലിക്കലുകൾ. ഡിസംബർ 12 നും, 21 നും ഒരേ അക്കൗണ്ടിൽ നിന്ന് 80-90 പിൻവലിക്കലുകൾ നടത്തിയതും അസ്വാഭാവികമെന്ന് ഇഡി വിലയിരുത്തി.

പണം പിൻവലിച്ചത് ഏറെയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ അന്നോ, തലേന്നോ ആയിരുന്നുവെന്നും റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇഡിയുടെ കണക്കുകൂട്ടൽ അനുസരിച്ച് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകളിൽ നിന്നുള്ള ഈ പണം പിൻവലിക്കലിനും, പ്രക്ഷോഭത്തിനും തമ്മിൽ നേരിട്ട ബന്ധമുണ്ട്. ഈ പണം പ്രക്ഷോഭത്തിന് വേണ്ടി പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ചതാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്.പോപ്പുലർ ഫ്രണ്ടിന്റെ 27 അക്കൗണ്ടുകൾ അടക്കം 73 അക്കൗണ്ടുകളാണ് പരിശോധിച്ചത്. 120.5 കോടി രൂപയാണ് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ ഏറെയും അന്നുതന്നെയോ രണ്ട മൂന്നു ദിവസത്തിനകമോ പിൻവലിച്ചിട്ടുണ്ട്. മിക്കവയും ക്യാഷ് ഡെപോസിറ്റി് ആയിരുന്നു. ചെക്ക് വഴിയുള്ള നിക്ഷേപം വളരെ വിരളമാണ്.പോപ്പുലർ ഫ്രണ്ടിന് മത ചാരിറ്റബിൾ ട്രസ്റ്റ് ആയ തങ്ങൾ ഫൗണ്ടേഷനിന്റെ പിന്തുണയുണ്ടെന്നും ഫൗണ്ടേഷന്റെ സാമ്പത്തിക ഉറവിടം അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മുതിർന്ന അഭിഭാഷകർക്കും പോപ്പുലർ ഫ്രണ്ട് പണം നൽകിയെന്ന് ഇഡി

ഹാദിയ കേസിൽ, പോപ്പുലർ ഫ്രണ്ട്, മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഇന്ദിര ജയ്സിങ്, ദുഷ്യന്ത് എ. ദവെ എന്നിവർക്ക് വൻതുക ഫീസ് നൽകിയതായി വെളിപ്പെടുത്തൽ. മഞ്ചേരിയിലെ സത്യസരണിയിൽ പോയി മതം മാറി ഹാദിയ ആയ അഖില അശോകൻ ഷഹീൻ ജഹാനെയാണ് വിവാഹം കഴിച്ചത്. ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് പറയുന്നു. ഹാദിയ കേസിൽ, പരാതിക്കാരനായ ഷഹീൻ ജഹാന് വേണ്ടിയാണ് കപിൽ സിബലിന് 77 ലക്ഷവും, ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷവും, ഇന്ദിര ജയ്സിങ്ങിന് 4 ലക്ഷവും നൽകിയത്. ഷഹീൻ ജഹാന്റെ പേരിൽ പോപ്പുലർ ഫ്രണ്ടാണ് ഈ തുക നൽകിയതെന്ന് സീ ന്യൂസ് വെളിപ്പെടുത്തുന്നു. പോപ്പുലർ ഫ്രണ്ട് ഹാദിയ കേസിൽ കക്ഷിയായിരുന്നില്ല..

എന്നാൽ, തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം ശുദ്ധ അസംബന്ധമെന്നാണ് കപിൽ സിബൽ പ്രതികരിച്ചത്. താൻ ഹാജരാകുന്ന കേസുകളിൽ ഫീസ് അടയ്ക്കുന്നത് അഡ്വക്കേറ്റ്സ് ഓൺ റെക്കോഡ് ആണെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ദുഷ്യന്ത് ദവെ പറഞ്ഞു. താൻ പോപ്പുലർ ഫ്രണ്ടിന് വേണ്ടി ഹാജരായിട്ടില്ല. 'അവർ മറ്റേതെങ്കിലും കക്ഷിയുടെ പേരിൽ ഫീസ് നൽകിയതായി ഓർക്കുന്നില്ല. ഞാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള കേസുകളിൽ എല്ലാക്കാലത്തും ഹാജരാകാറുണ്ട്..അത് മുസ്ലീങ്ങളായാലും, സിഖുകാരായാലും. അവർ ഇനി അഥവാ ഫീസ് നൽകിയിട്ടുണ്ടെങ്കിൽ തന്നെ അപ്പോൾ നിരോധിത സംഘടനയായിരുന്നുവെന്ന് കരുതുന്നില്ലെന്നും ദവെ പറഞ്ഞു. സീ മീഡിയയ്ക്ക് നൽകിയ മറ്റൊരു വാട്സാപ്പ് സന്ദേശത്തിൽ ദവെ പറയുന്നത് ഇങ്ങനെ: 'സർ, ഞങ്ങൾ ഹാദിയ കേസിൽ മൂന്നുവട്ടം പരാതിക്കാർക്ക് വേണ്ടി ഹാജരായി. 2017 ഒക്ടോബർ 03, 2017 ഒക്ടോബർ 9, 2017 ഒക്ടോബർ 30 എന്നീ തീയതികളിൽ. ഒക്ടോബർ 9 ന് ഹാജരായതിന്റെ ബില്ലിന് ഫീസ് കിട്ടിയത് ഒക്ടോബർ 30 നാണ്. ഹാദിയ കേസിൽ നിയമപോരാട്ടത്തിന് ചെലവഴിച്ച തുക സംബന്ധിച്ച് പോപ്പുലർ ഫ്രണ്ട് 2018 മാർച്ച് 28 ന് പ്രസ്താവന ഇറക്കിയിരുന്നു,' ദവെയുടെ വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു.

അഡ്വക്കേറ്റ് ഇന്ദിര ജയ്സിങ്ങും ആരോപണങ്ങൾ നിഷേധിച്ചു. പൗരത്വ നിയമ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടോ അല്ലാതെയോ പോപ്പുലർ ഫ്രണ്ടിൽ നിന്ന് നാല് ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം ശരിയല്ല. പോപ്പുലർ ഫ്രണ്ട് അക്കൗണ്ടിൽ നിന്ന് എനിക്ക് കൈമാറിയതായി കാട്ടുന്ന രേഖയിൽ ഒപ്പോ, തീയതിയോ, ഏജൻസിയുടെ പേരോ കാണാനില്ലാത്തതുകൊണ്ട് തന്നെ വിശ്വാസയോഗ്യമല്ല. എന്റെ സത്പേരിന് കളങ്കം ചാർത്താനുള്ള ഏതുശ്രമത്തിനും, വ്യക്തികൾക്കും മാധ്യമങ്ങൾക്കും എതിരെ സിവിലും ക്രിമിനലുമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ദിര ജയ്സിങ് മുന്നറിയിപ്പ് നൽകി.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു പിന്നിൽ ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്തിലാണ് എൻഫോഴ്‌സ്‌മെന്റ് പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം സൂചിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധത്തിൽ പോപ്പുലർ ഫ്രണ്ടിന് നേരിട്ട് ബന്ധമുണ്ട്. പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്ന തീയതിയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ തീയതിയും തമ്മിൽ ബന്ധമുണ്ടെന്നും കത്തിൽ പറയുന്നതായി വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ, ഇന്ദിര ജയ്‌സിങ്, ദുഷ്യന്ത് എ ദവേ, അബ്ദുൾ സമദ് എന്നിവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തിയത്. കപിൽ സിബലിന്റെ അക്കൗണ്ടിലേക്ക് 77 ലക്ഷവും ഇന്ദിര ജയ്‌സിംഗിന് 4 ലക്ഷവും ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷവും അബ്ദുൾ സമദിന് 3.10 ലക്ഷവും കൈമാറിയിട്ട്. കോഴിക്കോട് മാവൂർ റോഡിൽ സിൻഡിക്കേറ്റ് ബാങ്കിലുള്ള പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ നിന്നാണ് ഈ പണം അയച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ന്യു ജ്യോതി ഗ്രൂപ്പിന് 1.17 കോടിയും കശ്മീരിലെ പോപ്പുലർ ഫ്രണ്ട് അക്കൗണ്ടിലേക്ക് 1.65 കോടി രൂപയും എത്തിയിട്ടുണ്ടെന്നും രേഖകൾ സഹിതം 'സീന്യൂസ്' പുറത്തുവിടുന്നൂ.പോപ്പുലർ ഫ്രണ്ടിന്റെ ഡൽഹി നെഹ്‌റു പ്ലേസിലെ സിൻഡിക്കേണ്ട് ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് ഉത്തർപ്രദേശിലെ ബഹ്‌റെച്, ബിജ്‌നോർ, ഹപൂർ, ഷാംലി എന്നിവിടങ്ങളിൽ നിന്ന് വൻതുകയാണ് വന്നിരിക്കുന്നതെന്ന് ഈ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

പ്രളയ ദൂരിതാശ്വാസത്തിനും പണം പിരിച്ചത് വിവാദ അക്കൗണ്ട് വഴി

അതിനിടെ പോപ്പുലർ ഫ്രണ്ട് പ്രളയ ദുരിതാശ്വാസത്തിന് പണം പിരിച്ചതും വിവാദ അക്കൗണ്ട് വഴിയാണെന്ന വിവാദവും ഇപ്പോൾ കൊഴുക്കുകയാണ്. പ്രളയ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട്, 2019 ഓഗസ്റ്റ് 16ന് വെള്ളിയാഴ്ച നടത്തിയ കളക്ഷനിൽ നൽകിയ അക്കൗണ്ട് നമ്പർ കോഴിക്കോട് മാവൂർ റോഡിലെ സിൻഡിക്കേറ്റ് ബാങ്കിലെ 44051010004277 എന്ന ഇപ്പോൾ വിവാദമായ അക്കൗണ്ട് നമ്പർ ആണ്. സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായ പ്രചാരണം നടത്തിയാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മറ്റി പണം പിരിച്ചത്.

നിലമ്പൂരിലേക്ക് താമസയോഗ്യമായ വീടുകളിൽ അടിയന്തരമായി ബഡ്ഡുകൾ ആവശ്യമുണ്ടെന്നും, ഒരു ബെഡ്ഡിന് മൂവായിരം രൂപവെച്ച് നൽകണമെന്നും, ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറം ഇസ്റ്റ് ജില്ലാ കമ്മറ്റി പണം പരിച്ചതും ഇതേ അക്കൗണ്ടിൽ തന്നെയാണെന്നാണ് ആരോപണം. ഇതേ അക്കൗണ്ടിൽ കൂടിയാണ് 2019ലെ പ്രളയകാലത്ത് ദുരിതാശ്വാസ ഫണ്ട് എന്നപേരിലാണ് പണം പിരിച്ചത്. ഹാദിയയുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേരിട്ട് നടത്തിയ ധനസമാഹരണത്തിലൂടെയാണ് ആകെ ലഭിച്ചത് 80,40,405 രൂപയായിരുന്നെന്നാണ് സംഘടന വ്യക്്തമാക്കിയത്. 2018 മാർച്ചിലാണ് കേസുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവന്നത്. എന്നാൽ ഇതേ അക്കൗണ്ടിലാണ് പ്രളയ ദുരിതാശ്വാസ ഫണ്ടും വന്നത്. പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ എത്ര പിരിച്ചുവെന്നതിന്റെ കണക്ക് സംഘടന ഇനിയും പുറത്തുവിട്ടിട്ടില്ല.

മാറാട് കലാപത്തിന് മുന്നോടിയായി എത്തിയത് 430 കോടി

2003ലെ മാറാട് കൂട്ടകൊലയ്ക്ക് പിന്നിൽ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘങ്ങളുണ്ടെന്ന് സംശയിക്കുന്നതായി മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിലും അന്വേഷണം എങ്ങുമെത്തിയില്ല. മാറാട് അന്വേഷണ കമ്മീഷന്റെ ശുപാർശയെ തുടർന്ന് മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഉന്നതഗൂഢാലോചനയെ കുറിച്ച് ആദ്യം അന്വേഷിച്ച റിട്ട. ക്രൈം ബ്രാഞ്ച് സൂപ്രണ്ട് സി.എം.പ്രദീപ് കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കുന്നത്.

നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വിശദവും വിപുലവുമായ അന്വേഷണമാണ് ആവശ്യം. കേരള പൊലീസിന് ഇത് അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യം ഉണ്ട്. അതുകൊണ്ട് തന്നെ മാറാട് അന്വേഷണ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം സിബിഐ- സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ-ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് എന്നിവർ ഉൾപ്പെടുന്ന ബഹുഅന്വേഷണ ഏജൻസികളെ സമന്വയിപ്പിച്ച് അന്വേഷിപ്പിക്കണം-പ്രദീപ്കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.രണ്ടാം മാറാട് കലാപത്തിൽ തീവ്രവാദ ബന്ധമില്ലെന്ന് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനും ഗവൺമെന്റ് പ്ലീഡറും ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് വ്യക്തമായ തെളിവുകൾ നിരത്തി പതിമൂന്ന് പേജുള്ള സത്യവാങ്മൂലം ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചിരിക്കുന്നത്.

ഈ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി 2010 ജൂൺ 30 മുതൽ 2012 ജനവരി 25 വരെ സേവനമനുഷ്ഠിച്ച താൻ പെട്ടന്നോണ് സ്ഥലം മാറ്റപ്പെട്ടത്. അന്വേഷണം ശകക്തമായി മുന്നേറുന്നതിനിടെ ഉണ്ടായ സ്ഥലം മാറ്റം അന്വേഷണത്തെ തുടർന്ന് മരവിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നും വ്യക്തമാക്കുന്നുണ്ട്. 1999-2002 കാലയളവിൽ വിദേശത്ത് നിന്ന് 430 കോടി രൂപ ഇവിടുത്തെ പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കായി എത്തിയതിനെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചതിനെ കുറിച്ചും സിബിഐ അന്വേഷണം നടക്കാതിരിക്കാൻ ബിജെപിയിലേത് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ ശ്രമിച്ചതിനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിൽ നിരോധിത സംഘടനയായ സിമിയുടെയും പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅദനിയുടെയും പങ്ക് സംശയിക്കുന്നുണ്ട്. താൻ തയ്യാറാക്കിയ 2012 പേജുള്ള കേസ് ഡയറിയിൽ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രദീപ്കുമാറിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

മാറാട് കലാപത്തിൽ കൊളക്കാടൻ മൂസ ഹാജി എന്നയാൾ ചീഫ് ജസ്റ്റിസ് മുമ്പാകെ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയെ തുടർന്നാണ് പ്രദീപ് കുമാർ കോടതിയെ സമീപിക്കുന്നത്. കൊളക്കാടൻ മൂസ ഹാജിയുടെ ഹർജിയിൽ സിബിഐ, സംസ്ഥാന സർക്കാർ, പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടമുണ്ടായിരുന്ന അന്നത്തെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി വിൻസൻ എം. പോൾ, അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ ക്രൈംബ്രാഞ്ച് എസ്‌പി സി.എം. പ്രദീപ് കുമാർ എന്നിവരെയായിരുന്നു ഒന്നു മുതൽ നാലുവരെയുള്ള എതിർകക്ഷികളായി ചേർത്തിരുന്നത്. ഇതിൽ സിബിഐ ആദ്യം മറുപടി സത്യവാങ്മൂലം സമർപ്പിച്ചു.

തൊട്ടു പിന്നാലെ സംസ്ഥാന സർക്കാരിനു വേണ്ടി ഗവൺമെന്റ് പ്ലീഡറും. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് കുമാറിനോടോ വിൻസൻ.എം പോളിനോടോ ഒരു കാര്യവും തിരക്കാതെയാണ് മാറാട് കലാപത്തിൽ തീവ്രവാദ ബന്ധമില്ലെന്ന സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടത്. മറുപടി സത്യവാങ്മൂലം നൽകാനായി കോടതി പുറപ്പെടുവിച്ച നോട്ടീസ് ഇരുവർക്കും നൽകുകയോ അറിയിക്കുകയോ ഉണ്ടായില്ല. ഇതേത്തുർന്ന് കേസിൽ തന്നെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ കൂടിയായ പ്രദീപ് കുമാർ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ പെറ്റീഷൻ ഫയൽ ചെയ്യുകയായിരുന്നു. കേസിൽ നിലവിൽ തന്നെ പ്രദീപ് കുമാർ നാലാം എതിർ കക്ഷിയാണെന്നും അതിനാൽ പ്രത്യേകം കക്ഷി ചേരേണ്ടതില്ലെന്നും ഇതു സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം ഉടൻ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. 2003 മെയ്‌ രണ്ടിനാണ് മാറാട് കടൽത്തീരത്ത് കൂട്ടകൊല നടന്നത്.

ഒളിക്യാമറയിൽ ലക്ഷ്യം തുറന്നുപറഞ്ഞ് പോപ്പുലർ ഫ്രണ്ട് നേതാക്കൾ

2017ൽ ഹാദിയകേസിന്റെ സമയത്ത് സംഘടിതമായി മതപരിവർത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിക്യാമറയിൽ സമ്മതിക്കുന്നത്് വൻ വിവാദമായിരുന്നു. സംഘടനയുടെ ലക്ഷ്യം രാജ്യത്തും പിന്നീട് മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യാ ടുഡേ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ നേതാക്കൾ സമ്മതിക്കുന്നുണ്ട്. ഹാദിയയുടെ മതംമാറ്റവും വിവാഹവും തുടർന്നുള്ള വിവാദങ്ങളിലും സുപ്രീം കോടതി നിർണ്ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് നേതാക്കളുടെ സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പ് ഇന്ത്യ റ്റുഡേ ചാനൽ പുറത്തുവിട്ടത്. പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമൺസ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലർ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനൽപുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.

മതപരിവർത്തനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയാണെന്ന് ചോദിക്കുന്ന റിപ്പോർട്ടറോട് മതപരിവർത്തനമെന്ന പേര് തങ്ങൾ ഉപയോഗിക്കാറില്ലെന്നും അത് ആർ.എസ്.എസുകാർ പ്രശ്നമുണ്ടാക്കുമെന്നുമാണ് സൈനബ പറയുന്നത്. മറ്റ് വല്ല പേരിലും ഒരു കേന്ദ്രം തുടങ്ങണം. മഞ്ചേരിയിലെ സത്യസരണിയും അതുപോലെ മതം മാറ്റ കേന്ദ്രമല്ല. അതൊരു ചാരിറ്റബിൾ സ്ഥാപനമാണ്. അത്തരമൊരു പേരിലാണ് നമ്മൾ തുടങ്ങുന്നത്. മതം മാറുന്നവർ അവിടെ തന്നെ താമസിക്കുകയും മതം മാറുകയുമല്ലേ ചെയ്യുന്നതെന്ന ചോദ്യത്തിന് അതേയെന്നാണ് മറുപടി. അവർ അക്കാര്യം പുറത്തുപറയില്ലേ എന്ന് ചോദിക്കുമ്പോൾ അതിന് സാധ്യത കുറവാണെന്നും മതം മാറിയ ശേഷമായിരിക്കുമല്ലോ അവർ പുറത്തുപോവുകയെന്ന് സൈനബ പറയുന്നു.

സത്യസരണിയെ ഔദ്യോഗികമായി മതംമാറ്റ കേന്ദ്രമെന്ന് വിളിക്കാറില്ലെന്നും പകരം വിദ്യാഭ്യാസ സ്ഥാപനമെന്നാണ് പറയുന്നതെന്ന് പറയുന്ന സൈനബ ഇത്തരം സ്ഥാപനങ്ങൾ എങ്ങനെയാണ് നടക്കുന്നതെന്നും വിവരിക്കുന്നുണ്ട്. 15 ഓളം പേരെ ഉൾപ്പെടുത്തി ഒരു ട്രസ്റ്റ് ഉണ്ടാക്കിയ ശേഷം സെന്ററിന് പറ്റിയ സ്ഥലം കണ്ടെത്തുകയും അവിടെ പള്ളി, ഭക്ഷണ-താമസ സൗകര്യം എന്നിവയെല്ലാം തയ്യാറാക്കുകയും വേണം. ശേഷം സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സർക്കാറിൽ രജിസ്റ്റർ ചെയ്താണ് പ്രവർത്തനം തുടങ്ങുന്നത്. മതംമാറ്റ കേന്ദ്രം എന്ന നിലയിൽ ആയിരിക്കില്ല രജിസ്റ്റർ ചെയ്യുന്നത്. അതിന് ശേഷം വിദ്യാഭ്യാസത്തിനും മറ്റ് പ്രവർത്തനങ്ങൾക്കും വിഭവങ്ങൾ വേണം. ഇസ്ലാമിനെ കുറിച്ചും നമസ്‌കാരം പോലുള്ള കാര്യങ്ങളെക്കുറിച്ചും മതം മാറുന്നവരെ പഠിപ്പിക്കും. മതം മാറുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകാൻ മറ്റ് സ്ഥാപനങ്ങളെ ബന്ധപ്പെടും. സത്യസരണിയിൽ നിന്ന് മതം മാറിയെന്ന സർട്ടിഫിക്കറ്റ് നൽകിയാൽ ഇതൊരു മതം മാറ്റ കേന്ദ്രമാണെന്ന് മറ്റുള്ളവർ അറിയില്ലേ എന്ന ചോദ്യത്തിന്, മറ്റ് സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് നൽകുകയോ അതല്ലെങ്കിൽ നോട്ടറിയുടെ സാന്നിദ്ധ്യത്തിൽ സ്വയം സാക്ഷ്യപ്പെടുത്തുകയോ ചെയ്യുമെന്നാണ് മറുപടി. സർക്കാർ അനുമതിയോടെ മതം മാറ്റാൻ അനുവാദമുള്ള പൊന്നാനിയിലെ മഊനത്തുൽ ഇസ്ലാം, കോഴിക്കോട്ടെ തർബിയ്യത്തുൽ ഇസ്ലാം എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെടാറുണ്ടെന്നും സൈനബ പറയുന്നു. വിവാദമായ ഹാദിയയുടെ മതം മാറ്റത്തെക്കുറിച്ച് സൈനബ ഒന്നും സംസാരിക്കുന്നില്ല.

പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഡൽഹിയിൽ വച്ചാണ് സ്ഥാപക നേതാവായ അഹമ്മദ് ഷരീഫുമായി സംസാരിച്ചതെന്നാണ് ചാനൽ അവകാശപ്പെടുന്നത്. സംഘടനയുടെയും സത്യസരണയിടെയും അന്തിമ ലക്ഷ്യം രാജ്യത്തും ലോകത്ത് എല്ലായിടത്തും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണെന്ന് അഹമ്മദ് ഷരീഫ് പറയുന്നു. ഇന്ത്യയിൽ ഇസ്ലാമിക രാജ്യം സ്ഥാപിതമായാൽ അവർ മറ്റൊരിടത്തേക്ക് പോകും. എല്ലാ മുംസ്ലിംങ്ങളുടെയും ലക്ഷ്യം അത് തന്നെയാണ്. ഏകദേശം അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ നിന്ന് 10 ലക്ഷത്തോളം രൂപ ശേഖരിച്ചെന്നും അത് ഹവാല വഴിയാണ് ഇന്ത്യയിൽ എത്തിച്ചതെന്നും ഷരീഫ് പറയുന്നുണ്ട്. നേരിട്ടും ഹവാല വഴിയുമൊക്കെ പണം ലഭിക്കാറുണ്ടെന്നും ഷരീഫ് സമ്മതിക്കുന്നുണ്ട്.

ഹാദിയ കേസിൽ പോപ്പുലർ ഫ്രണ്ടിനും സത്യസരണിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എൻ.ഐ.എ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ കേസിലെ മറ്റ് കാര്യങ്ങളും ഹാദിയയുടെ വിവാഹവും വേറെയാണ് പറഞ്ഞ കോടതി, ആദ്യം ഹാദിയക്ക് പറയാനുള്ളത് കേൾക്കട്ടെയെന്നാണ് അഭിപ്രായപ്പെട്ടത്. ഇതിന് ശേഷം എൻ.ഐ.എക്കും ഹാദിയയുടെ അച്ഛനും പറയാനുള്ളത് കേൾക്കാമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യാ ടുഡേയുടെ ഒളി ക്യാമറാ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ ആരോപണങ്ങളുമായ ബിജെപി-ആർ.എസ്.എസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. പക്ഷേ പതിവുപോലെ ആരോപണ പ്രത്യാരോപണങ്ങളിലില്ലാതെ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ഉണ്ടായില്ല. തങ്ങൾ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചുവെന്നാണ് പോപ്പുലർ ഫ്രണ്ടും പറയുന്നത്. എന്നാൽ ഇസ്ലാമിക രാജ്യ സ്ഥാപനമാണ് ലക്ഷ്യം എന്ന അടിസ്ഥാന വിഷയങ്ങൾ അവർ നിഷേധിക്കുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP