Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202306Monday

തിരുവിതാംകൂറിന്റെ വികസന ശിൽപ്പി; കെഎസ്ആർടിസിയുടെയും കേരള സർവകാലശാലയുടെയും പിതാവ്; ഉച്ചക്കഞ്ഞിയും വധശിക്ഷ നിർത്തലാക്കലും ക്ഷേത്ര പ്രവേശന വിളംബരവും; എന്നിട്ടും ഹിറ്റ്‌ലർക്ക് സമാനനായ ക്രൂരനായി പ്രചരിപ്പിക്കപ്പെട്ടു; കമ്യൂണിസ്റ്റുകാർ തൊട്ട് മനോരമ വരെ ശത്രുപക്ഷത്ത്; സ്വതന്ത്ര തിരുവിതാംകൂർ വാദത്തിന് 75 വയസ്സ് തികയുമ്പോൾ ഹീറോ; സർ സിപിയുടെ ജീവിത കഥ!

തിരുവിതാംകൂറിന്റെ വികസന ശിൽപ്പി; കെഎസ്ആർടിസിയുടെയും കേരള സർവകാലശാലയുടെയും പിതാവ്; ഉച്ചക്കഞ്ഞിയും വധശിക്ഷ നിർത്തലാക്കലും ക്ഷേത്ര പ്രവേശന വിളംബരവും; എന്നിട്ടും ഹിറ്റ്‌ലർക്ക് സമാനനായ ക്രൂരനായി പ്രചരിപ്പിക്കപ്പെട്ടു; കമ്യൂണിസ്റ്റുകാർ തൊട്ട് മനോരമ വരെ ശത്രുപക്ഷത്ത്; സ്വതന്ത്ര തിരുവിതാംകൂർ വാദത്തിന് 75 വയസ്സ് തികയുമ്പോൾ ഹീറോ; സർ സിപിയുടെ ജീവിത കഥ!

എം റിജു

ലയാളികൾ ഏറ്റവും കൂടുതൽ വെറുക്കുന്ന ഭരണാധികാരി ആരാണെന്ന് ചോദിച്ചാൽ, അതിന് ഈ അടുത്തകാലം കാലംവരെ ഒരേ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ.  സചിവോത്തമ സർ ചെത്പാട്ട് പട്ടാഭിരാമൻ രാമസ്വാമി അയ്യർ എന്ന സർ സി പി രാമസ്വാമി അയ്യർ! പുന്നപ്ര വയലാർ വെടിവെപ്പിന് കാരണക്കാരനായ ഫാസിസ്റ്റ്, അമേരിക്കൻ മോഡൽ ഭരണം കൊണ്ടാവരാൻ ശ്രമിച്ച ഏകാധിപതി, ജിന്നയുമായി ചർച്ച നടത്തി തിരുവിതാംകൂറിന്റെ ആണവസമ്പത്ത് കടത്താൻ ശ്രമിച്ച വ്യക്തി.... അങ്ങനെ പോകുന്നു സർ സിപിക്കെതിരായ വിമർശനങ്ങൾ. ഹിറ്റ്ലർക്കും മുസോളിനിക്കും സമാനനായ ഒരു ക്രൂരനായാണ് സി പി കേരള പൊതുസമൂഹത്തിന് മുന്നിൽ ചിത്രീകരിക്കപ്പെട്ടത്.

പക്ഷേ ഫേസ്‌ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളുടെ കാലത്ത് സി പി ശരിക്കും പുനർ വിചാരണ നേരിടുകയാണ്. അതുപ്രകാരം അദ്ദേഹം തിരുവിതാകൂറിന്റെ ഇന്ന് കാണുന്ന എല്ലാ ഐശ്വര്യത്തിനും നിദാനമായ പ്രധാന സ്ഥാപനങ്ങളൊക്ക തുടങ്ങിയ പ്രതിഭയാണ്. ക്ഷേത്രപ്രവേശന വിളംബരം വഴി സമത്വത്തിനുവേണ്ടി നിലകൊണ്ട വ്യക്തിയാണ്. ഉച്ചക്കഞ്ഞിയടക്കമുള്ള ക്ഷേമ പദ്ധതികളുടെ പിതാവാണ്. പക്ഷേ ഒരു കാര്യം വ്യക്തമാണ്. നല്ലത് എന്തുണ്ടായാലും അതിന്റെ ക്രഡിറ്റ് രാജാവിന്. മോശം സംഭവിച്ചാൽ അത് ദിവാന്റെ പിരിടിയിലും. അന്നും ഇന്നും, തിരുവിതാംകൂർ രാജകുടുംബത്തോട് അങ്ങേയറ്റം വിധേയത്വം ഉള്ളതരാണ് പൊതു ജനം. ദിവാൻ വില്ലനാകൻ ഇതും ഒരു കാരണമായി.

75 വർഷം മുമ്പത്തെ ഒരു ജൂൺ 25നാണ് സർ സിപി രാമസ്വാമി അയ്യർ, തിരുവിതാകൂർ ഒരു സ്വതന്ത്രരാജ്യം ആവുമെന്ന് പ്രഖ്യാപിച്ചത്. സ്വതന്ത്രതിരുവിതാംകൂർ വാദത്തിന് 75 വയസ്സ് തികയുമ്പോൾ, സി പി എന്ന ഭരണാധികാരിയും പുനർവായിക്കപ്പെടുകയാണ്. കേരളത്തിലെ കമ്യൂണിസ്റ്റുകൾ പ്രചരിപ്പിക്കുന്നതുപോലെ ഒരു കൊടും വില്ലനായിരുന്നോ സി പി എന്നാണ് ചോദ്യം.

കോൺഗ്രസിൽനിന്ന് ബ്രിട്ടീഷ് പാളയത്തിലേക്ക്

ഒരു കാലത്ത് കറകളഞ്ഞ കോൺഗ്രസ് പ്രവർത്തകനായിരുന്നു സർ സിപി എന്നതും പലരും വിസ്മരിക്കയാണ്. എകെജിയും ഇഎംഎസും കൃഷ്ണപ്പിള്ളയുമെല്ലാം തുടങ്ങിയത് കോൺഗ്രസിൽ നിന്നാണെല്ലോ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഖിലേന്ത്യാ സെക്രട്ടറി പദവി വരെ വഹിച്ച ആളാണ് സി പി. പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിനോടൊപ്പം ജോയന്റ് സെക്രട്ടറിയായി. ഇത്രയും വലിയ പാരമ്പര്യമുള്ള ഒരു മനുഷ്യൻ എങ്ങനെ കറകളഞ്ഞ ബ്രിട്ടീഷ് അനുകൂലിയായി എന്നതും അമ്പരപ്പിക്കുന്നതാണ്. ഇന്ത്യക്ക് ഒപ്പം നിൽക്കുകയാണെങ്കിൽ ആദ്യത്തെ നെഹ്റു കാബിനറ്റിൽ കൃഷ്ണമേനോനൊക്കെ തുല്യമായ പദവി വഹിക്കേണ്ട ആളായിരുന്നു ഇദ്ദേഹം.

മദ്രാസിലെ ഒരു അഭിഭാഷക കടുംബമായിരുന്ന സർ സിപിയുടേത്. പിതാവ് സി ആർ പട്ടാഭിരാമ അയ്യർ ജഡ്ജിയായാണ് വിരമിച്ചത്. അമ്മ സീതാലക്ഷ്മി അമ്മാൾ. മദ്രാസിലെ വെസ്ലി കോളേജ് ഹൈസ്‌കൂളിലാണ് സിപി പഠിച്ചത്. കുട്ടിക്കാലത്ത് ഒരു പരീക്ഷ പോലും വിജയിക്കില്ല എന്ന ഒരു ജ്യോതിഷ പ്രവചനമുണ്ടായിരുന്നതിനാൽ വളരെ കർശനമായാണ് അദ്ദേഹത്തെ വളർത്തിയിരുന്നത്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സിപി മദ്രാസിലെ പ്രസിഡൻസി കോളേജിൽ ചേർന്നു. അവിടെ നെബുലാർ സിദ്ധാന്തത്തെക്കുറിച്ചുള്ള തന്റെ പ്രബന്ധത്തിന് എൽഫിൻസ്റ്റോൺ സമ്മാനം ഈ യുവാവ് നേടി. മദ്രാസ് ലോ കോളേജിൽ നിന്ന് സ്വർണ്ണമെഡലോടും ഡിസ്റ്റിങ്ങ്ഷനോടും കൂടിയാണ് ബിരുദം നേടിയത്.

ഒരു ഇംഗ്ലീഷ് പ്രൊഫസറാകാനായിരുന്ന സിപിയുടെ ആഗ്രഹം. എന്നാൽ മകൻ തന്നെപ്പോലെ കേമനായ ഒരു അഭിഭാഷകൻ ആവണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. അതനുസരിച്ച് സിപി തന്റെ കോളേജ് അവധിക്കാലം മൈസൂർ രാജ്യത്ത് ചെലവഴിച്ചത് ദിവാൻ സർ കെ. ശേശാദ്രി അയ്യറിനൊപ്പം ആയിരുന്നു. അദ്ദേഹമായിരുന്നു തന്റെ പ്രചോദനമെന്ന് സി പി പറയുമായിരുന്നു.

1903 ൽ സി. പി. വി. കൃഷ്ണസ്വാമി അയ്യരുടെ അടുത്ത് ഒരു പരിശീലകനായി ചേർന്നു. അതേ വർഷം പിതാവ് പട്ടാഭിരാമ അയ്യർ മരിച്ചു. അതിനുമുമ്പുതന്നെ പിതാവ് സിപി. ക്ക് സർ വി. ഭാഷ്യം അയ്യങ്കാറുടെ ജൂനിയർ ആയി എടുപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ സി. പി. യെ അദ്ദേഹം കൂടെ കൂട്ടിയില്ല. പക്ഷേ സിപി വിട്ടില്ല. സ്വന്തമായി പരിശീലിക്കുകയും അഭിഭാഷകനെന്ന നിലയിൽ പ്രശസ്തി നേടുകയും ചെയ്തു. മുന്നൂറിലധികം കേസുകളിൽ അദ്ദേഹം വിജയിച്ച് റെക്കോർഡ് ഇട്ട്. വാക്കുകൾ ചാട്ടുളി പോലെ പ്രയോഗിക്കാനുള്ള കഴിവ് അദ്ദേഹത്തെ അക്കാലത്തെ ഏറ്റവും വിലപിടിച്ച വക്കീലാക്കി മാറ്റി. അതിനിടെ മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജി സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിച്ചു. കാരണം ജഡ്ജിയായാൽ താൻ ഒരു മുലക്ക് ഒതുങ്ങിപ്പോകുമെന്ന് സിപിക്ക് നന്നായി അറിയാമായിരുന്നു.

1920 ൽ അന്നത്തെ ഗവർണറായിരുന്ന വില്ലിങ്ടൺ പ്രഭു അദ്ദേഹത്തെ മദ്രാസിലെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. അവിടെയും അദ്ദേഹം തിളങ്ങി. ഈ സമയത്താണ് സിപി ഗോപാൽ കൃഷ്ണ ഗോഖലെയുടെ ആരാധകനാവുന്നതാണ്. അങ്ങനെയാണ് കോൺഗ്രസിൽ എത്തുന്നത്. ഒപ്പം ആനിബസന്റ് അടക്കമുള്ളവരുമായി അടുത്ത ബന്ധവും അദ്ദേഹത്തിന് അഭിഭാഷക വൃത്തിയിലുടെ ഉണ്ടായി.

ഒപ്പം ഹോം റൂൾ ലീഗ് സംഘടിപ്പിക്കുന്നതിൽ അവരുമായി സഹകരിക്കുകയും അതിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സെക്രട്ടറിയായി. ജയിലിൽ കിടക്കുമ്പോൾ ആനി ബെസന്റിന്റെ ന്യൂ ഇന്ത്യ ദിനപത്രവും സി.പി. എഡിറ്റു ചെയ്തു. അവരുടെ മോചനത്തിനായി ശക്തമായി പ്രചാരണം നടത്തി. പക്ഷേ ഗാന്ധിജിയുമായി ശക്തമായ വിയോജിപ്പായിരുന്നു സിപിക്ക്. സ്വദേശി, നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ മഹാത്മാഗാന്ധിയുമായി വിയോജിച്ചതിനെത്തുടർന്ന് സി.പി പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യത്തിൽ നിന്ന് അകന്നു.


ദേവദാസി സമ്പ്രദായത്തിനെതിരെ ബിൽ

സിപിയുടെ ബ്രിട്ടീഷ് ബന്ധം തുടങ്ങുന്നത് അദ്ദേഹത്തെ മദ്രാസ് പ്രസിഡൻസിയുടെ അഡ്വക്കേറ്റ് ജനറലായി നാമനിർദ്ദേശം ചെയ്തോടെയാണ്. 1923ൽ മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഈ അവസരത്തിലാണ് ഒരു ഭരണാധികാരി എന്ന നിലയിലുള്ള സിപിയുടെ കഴിവ് പുറത്തുവരുന്നത്.

പൈക്കര അണക്കെട്ട്, കാവേരി നദിക്ക് മുകളിലൂടെ മേട്ടൂർ ഡാമം എന്നിവ സിപിയുടെ മേൽനോട്ടത്തിൽ തുടങ്ങിയവയാണ്. പൈക്കര ജലവൈദ്യുത പദ്ധതി കോയമ്പത്തൂരിലെ വ്യാവസായികവത്കരണത്തിന് തുടക്കമിട്ടപ്പോൾ, തഞ്ചാവൂർ തിരുച്ചറപ്പള്ളി ജില്ലകളിലെ വിശാലമായ പ്രദേശങ്ങളിൽ ജലസേചനം നടത്താൻ മേട്ടൂർ പദ്ധതി ഉപയോഗിച്ചു. തുറമുഖങ്ങളുടെ ചുമതലയുള്ള അംഗമെന്ന നിലയിൽ കൊച്ചി, വിശാഖപട്ടണം, തൂത്തുക്കുടി തുറമുഖങ്ങളുടെ മെച്ചപ്പെടുത്തലിനും സി.പി. ഉത്തരവാദിയായിരുന്നു.

പിൽക്കാലത്ത് തനി മൂരിച്ചിയായി ചിത്രീകരിക്കപ്പെട്ട സർ സിപി തന്നെയാണ് ദേവദാസി സമ്പ്രദായം നിർത്തലാക്കുന്നതിനും നിർണ്ണയാക പങ്കുവഹിച്ചത്.ഈ ബിൽ പാസാക്കുന്നതിനായി അദ്ദേഹം പോരാടി. 1926 നും 1927 നും ഇടയിൽ ജനീവയിലെ ലീഗ് ഓഫ് നേഷൻസിൽ ഇന്ത്യൻ പ്രതിനിധിയായിരുന്നു. 1932ൽ ലണ്ടനിൽ നടന്ന മൂന്നാം വട്ടമേശ സമ്മേളനത്തിനും പങ്കെടുത്തു. 1933 ലെ ലോക സാമ്പത്തിക സമ്മേളനത്തിലേക്കുള്ള ഇന്ത്യയുടെ ഏക ഇന്ത്യൻ പ്രതിനിധിയായിരുന്നു അദ്ദേഹം. അടുത്ത വർഷം അദ്ദേഹം കശ്മീർ സംസ്ഥാനത്തിനായി ഒരു ഭരണഘടന തയ്യാറാക്കി.

ഇത്രയധികം കാര്യങ്ങൾ ചെയ്ത ഒരു ട്രാക്ക് റേക്കോർഡുള്ള സിപിയാണ് തിരുവിതാകൂറിൽ ദിവാനായി എത്തുന്നത്. അത് കമ്യൂണിസ്റ്റുകാർ പ്രചരിപ്പിക്കുന്നപോലെ ബ്രിട്ടീഷുകാരുടെ അടിമ ആയതുകൊണ്ട് മാത്രം ആയിരുന്നില്ല. മെറിറ്റിനുള്ള അംഗീകാരം തന്നെയാണ്.

1931ൽ തിരുവിതാംകൂറിൽ ശ്രീചിത്തിരതിരുനാൾ അധികാരമേറ്റപ്പോൾ സർ സിപി അദ്ദേഹത്തിന്റെ ലീഗൽ ആൻഡ് കോൺസ്റ്റിറ്റിയൂഷൻ അഡൈ്വസറായി. ഈ നിയമനത്തിനെതിരേ മലബാറിൽനിന്നെത്തിയ കുടിയാന്മ പ്രസ്ഥാനത്തിന്റെ നേതാവ് ജി. ശങ്കരൻ നായർ തിരുവനന്തപുരത്തെത്തി പ്രചാരണം നടത്തി. പത്രാധിപരായിരുന്ന കേസരി ബാലകൃഷ്ണപിള്ളയും നിയമനത്തിനെ എതിർത്തു. എന്നാൽ, സിപിയെ കൈവിടാൻ തിരുവിതാംകൂർ രാജകുടുംബം തയ്യാറായില്ല. ഇതിന് പ്രധാനകാരണമായി പറയുന്നത് അദ്ദേഹവും അന്നത്തെ ഗവർണർ ജനറൽ വെല്ലിങ്ടൺ പ്രഭുവുമായിട്ടുള്ള ബന്ധമാണ്.1936 ഒക്ടോബറിൽ സിപി തിരുവിതാംകൂർ ദിവാനായി. സ്വാതന്ത്യലബ്ധിക്കുശേഷം ഏതാനും നാൾവരെ അത് തുടർന്നു.

തിരുവിതാംകൂറിൽ വികസനത്തിന്റെ പൂക്കാലം

സിപി ദിവാനായി ഭരണരംഗം കൈയാളിയിരുന്ന പതിനാറുവർഷം തിരുവിതാംകൂറിനെ സംബന്ധിച്ച് പരിഷ്‌കാരങ്ങളുടെ പൂക്കാലമായിരുന്നു. ഇഎംഎസ് തൊട്ട് പിണറായി വിജയൻവരെയുള്ള ഒരു ഭരണാധികാരിക്കും ഇത്രയേറെ വികസം പിന്നെ കേരളത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. അക്കാര്യത്തിൽ സിപിയുടെ കഴിവും, ഭാവനയും, ഇഛാശക്തിയും, അമ്പരപ്പിക്കുന്നതാണ്.

പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം, തിരുവനന്തപുരത്തെ ശുദ്ധജലവിതരണപദ്ധതിയുടെ പൂർത്തിയാക്കൽ, തിരുവിതാംകൂർ സർവകലാശാല, തിരുവനന്തപുരം -കന്യാകുമാരി കോൺക്രീറ്റ് റോഡ്, തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ്, വിമാനസർവീസ്, തിരുവിതാംകൂർ റേഡിയോ സ്റ്റേഷൻ, തിരുവനന്തപുരം നഗരസഭ, പബ്ലിക് ഹെൽത്ത് ലാബോറട്ടറി, വിവിധ വ്യവസായശാലകൾ...അങ്ങനെ പോകുന്ന അദ്ദേഹത്തിന്റെ നേട്ടങ്ങൾ. പിന്നീട് കേരളാ യൂണിവേഴ്സിറ്റിയായ തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ വി സി യാവാൻ സിപി ക്ഷണിച്ചത് സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനെ ആയിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ സി പി തുടങ്ങിയ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസാണ് പിന്നീട് കെഎസ്ആർടിസി ആയത്. സിപിയുടെ ഭരണകാലത്ത് അതു ഒരുപൈസ പോലും നഷ്ടത്തിലായിരുന്നില്ല എന്നത് വേറെ കാര്യം.

ജലസേചനരംഗത്തും വ്യവസായ രംഗത്തുമാണ് സിപി ഏറ്റവും കൂടുതൽ ഇടപെട്ടത്.
പെരിയാർ നദിയിൽ ജലവൈദ്യുത പദ്ധതി സ്ഥാപിക്കാൻ സി.പി ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ശ്രമങ്ങളെ മദ്രാസ് സർക്കാർ എതിർത്തു. തിരുവിതാംകൂറിനു വേണ്ടി സ്വയം അഭിഭാഷകനായി വാദിച്ചുവിജയിച്ച സിപി. ഇതിന്റെ ഫലമായാണ് പെരിയാർ നദിയിൽ പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത്. പെരിയാർ ഗെയിം സാങ്ച്വറിക്കും മറ്റ് ജലസേചന പദ്ധതികൾക്കും അദ്ദേഹം തുടക്കമിട്ടു.

സിപി ദിവാൻ ആയിരുന്ന കാലത്ത് തിരുവിതാംകൂർ വ്യാവസായിക വികസനത്തിൽ അതിവേഗം മുന്നേറി. ഇന്ത്യൻ അലുമിനിയം കമ്പനിയെ ആലുവ പട്ടണത്തിൽ ഒരു ഫാക്ടറി സ്ഥാപിക്കാൻ ക്ഷണിച്ചു. ഇന്ത്യയിലെ ആദ്യത്തെ വളം പ്ലാന്റ്, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ഒഫ് ട്രാവൺകൂർ (ഫാക്റ്റ്), അമോണിയം സൾഫേറ്റ് നിർമ്മിക്കാൻ സിപി രൂപീകരിച്ചതാണ്. ഇന്ത്യയുടെ വൈസ്രോയിയുടെ ശത്രുതയെ പരസ്യമായി ധിക്കരിച്ചുകൊണ്ട് അമേരിക്കൻ സഹകരണത്തോടെയാണ് ഇത് സ്ഥാപിതമായത്. സിമന്റ് നിർമ്മിക്കാൻ ഒരു പ്ലാന്റും ടൈറ്റാനിയം ഡൈ ഓക്സൈഡും നിർമ്മിക്കാൻ മറ്റൊരും പ്ലാന്റും സി.പി നിർമ്മിച്ചു. പുനലൂരിലെ തിരുവിതാംകൂർ പ്ലൈവുഡ് ഫാക്ടറി ധ34പ തിരുവിതാംകൂർ റയോൺസ് ലിമിറ്റഡ് 1946 ൽ പെരുംബാവൂരിൽ ഒരു പ്ലാന്റുമായി സ്ഥാപിതമായി. അലുമിനിയം കേബിളുകൾ നിർമ്മിക്കുന്ന ആദ്യത്തെ പ്ലാന്റ് കുണ്ടറയിൽ തുറന്നു. 1947 ൽ സിപി ദിവാൻ സ്ഥാനമൊഴിയുമ്പോൾ, അദ്ദേഹം ചുമതലയേറ്റ കാലം മുതൽ സംസ്ഥാനത്തിന്റെ വരുമാനം നാലിരട്ടിയായി വർദ്ധിച്ചിരുന്നു. ഇന്നത്തെ നമ്മുടെ ഖജനാവിന്റെ അവസ്ഥ നോക്കണം. കടക്കണക്കിലെ പൂജ്യങ്ങൾ കണ്ടാൽ തല പെരുത്തുപോകും.

കന്യാകുമാരിയിലെ വിവേകാനന്ദ പാറയ്ക്കായി സിപി വളരെയധികം പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി. കന്യാകുമാരിയിൽ ഗസ്റ്റ് ഹൗസുകൾ നിർമ്മിച്ചു. പത്മനാഭപുരം കൊട്ടാരം അദ്ദേഹം നവീകരിച്ചു. തിരുവനന്തപുരം ആർട്ട് ഗ്യാലറി വിപുലീകരിച്ചു. മഹാരാജാവ് ചാൻസലറായും സ്വയം വൈസ് ചാൻസലറായും 1937 ൽ സി പി തിരുവിതാംകൂർ സർവകലാശാല ആരംഭിച്ചു. 1940 ൽ തിരുവിതാംകൂർ ഇന്ത്യയിൽ റോഡ് ഗതാഗതം ദേശസാൽക്കരിച്ച ആദ്യത്തെ സംസ്ഥാനമായി. ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഹൈവേ 88 കിലോമീറ്റർ നീളത്തിൽ തലസ്ഥാനമായ തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിലാണ് നിർമ്മിച്ചത്. അതേ വർഷം വധശിക്ഷ നിർത്തലാക്കുകയും മുതിർന്നവർക്ക് വോട്ടാവകാശം ഏർപ്പെടുത്തുകയും ചെയ്തു. ഒരു സ്ത്രീയെ ജില്ലാ ജഡ്ജിയായി -ശ്രീമതി അന്നാ ചാണ്ടിയെ- നിയമിച്ച വ്യക്തിയും അദ്ദേഹമായിരുന്നു. അന്ന ചാണ്ടി പിന്നീട് ആദ്യത്തെ ഇന്ത്യൻ വനിത ഹൈക്കോടതി ജഡ്ജിയായി. പാവപ്പെട്ട കുട്ടികളെ സ്‌കൂളിൽ ചേരാൻ പ്രേരിപ്പിക്കുന്നതിനായി അയ്യർ ആദ്യമായി ഉച്ചഭക്ഷണ പദ്ധതി അവതരിപ്പിച്ചു.

1941 ൽ ബ്രിട്ടീഷുകാർ അദ്ദേഹത്തിന് നൈറ്റ് കമാൻഡർ ഓഫ് സ്റ്റാർ ഓഫ് ഇന്ത്യ പദവി നൽകി. സി.പി. ദിവാനായി അധികാരമേറ്റതിനുപിന്നാലെയാണ് ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത്. അധസ്ഥിതർക്ക് ക്ഷേത്രങ്ങളിൽ തുടർന്ന് ദിവാന്റെ ജീവന് വരെ ഭീഷണിയുണ്ടായതും സുരക്ഷ വർധിപ്പിച്ചതുമെല്ലാം ചരിത്രം. പക്ഷേ ഇതിന്റെ ക്രഡിറ്റ് രാജാവിന്, മോശം എന്തെങ്കിലും ഉണ്ടെങ്കിൽ ദിവാന്റെ പിരടിക്ക്. അതായിരുന്നു അന്നത്തെയും പൊതു സമൂഹത്തിന്റെ നിലപാട്.

അടി തെറ്റിയത് പന്നപ്ര-വയലാർ സമരത്തിൽ

അതേസമയം, രാഷ്ട്രീയപരമായി നോക്കുമ്പോൾ, ഈ കാലഘട്ടം തിരുവിതാംകൂർ കടന്നുപോയത് സംഘർഷങ്ങളിലൂടെയായിരുന്നു. ഉത്തരവാദ ഭരണത്തിനുവേണ്ടി സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളെയെല്ലാം നിർദാക്ഷിണ്യം അടിച്ചമർത്തി, നേതാക്കളെ കൂട്ടത്തോടെ പല പ്രാവശ്യം അറസ്റ്റുചെയ്ത് ജയിലിലടച്ചു. പുറത്തുള്ള ദേശീയ നേതാക്കൾക്കുപോലും തിരുവിതാംകൂറിൽ നിരോധനം ഏർപ്പെടുത്തി. സ്തുതിഗീതം പാടാത്ത പത്രങ്ങളെ നിരോധിക്കുകയോ വിലക്ക് ഏർപ്പെടുത്തുകയോ ചെയ്തു. മർദനവും വെടിവെപ്പും പലേടത്തും നടന്നു. പലരുടേയും ജീവൻ നഷ്ടപ്പെട്ടു. അതിൽ എറ്റവും പ്രധാനമായിരുന്നു പുന്നപ്ര- വയാലാർ. ആ കൂട്ടക്കൊലയ്ക്കെതിരേ രാജ്യത്തിന്റെ പലഭാഗത്തും പ്രതിഷേധം ഉയർന്നിട്ടും സി.പി. കുലുങ്ങിയില്ല. ഇതോടെ കമ്യൂണിസ്റ്റുകാരുടെ കണ്ണിലെ ഹിറ്റ്ലിസ്റ്റിൽ സിപി സ്ഥാനം പിടിച്ചു.

ആ സമരത്തിന്റെ പ്രധാന മുദ്രാവാക്യംതന്നെ 'അമേരിക്കൻ മോഡൽ ഭരണം അറബിക്കടലിൽ' എന്നായിരുന്നു. ഉത്തരവാദഭരണത്തിനുവേണ്ടി തിരുവിതാംകൂറിൽ സമരം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് സി.പി. 1946 ജനുവരിയിൽ അമേരിക്കൻ മോഡൽ എന്നു വിശേഷിപ്പിക്കാവുന്ന ഭരണപരിഷ്‌കാരം പ്രഖ്യാപിച്ചത്. ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നു. ഒരു ഏകീകൃതഘടനയുള്ള ഇന്ത്യയാണ് രൂപംകൊള്ളുന്നതെങ്കിൽ ആ സ്വതന്ത്ര ഇന്ത്യയുമായി ഉടമ്പടിയുണ്ടാക്കാനും സഖ്യത്തിലേർപ്പെടാനും തിരുവിതാംകൂർ സന്നദ്ധമാണെന്നായിരുന്നു സി.പി.യുടെ നിലപാട്. ഇന്ത്യക്ക് മൊത്തത്തിലല്ലാതെയുള്ള ഒരു ഭരണഘടനനിർമ്മാണസഭയിൽ തിരുവിതാംകൂർ ചേരുന്നതല്ലെന്നായിരുന്നു സി.പി.യുടെ അഭിപ്രായം. ഇന്ത്യക്ക് അതിവേഗം സ്വാതന്ത്ര്യം ലഭിക്കുമെന്ന് മനസ്സിലാക്കിയ സി.പി. സ്വതന്ത്ര തിരുവിതാംകൂറിനുള്ള ജോലി തുടങ്ങി. ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച ഹൈദരാബാദ്, ജമ്മുകശ്മീർ, ജുനഗഢ് എന്നീ രാജ്യങ്ങളുമായി, തിരുവിതാംകൂർ ആശയവിനിമയം നടത്തി എന്നാണ് അറിയുന്നത്. പിന്നീട് ഔദ്യോഗിക വസതിയായ ഭക്തിവിലാസ (ഇപ്പോൾ ആകാശവാണി മന്ദിരം) ത്തിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിൽ ഇന്ത്യ സ്വതന്ത്രമാകുന്ന ഓഗസ്റ്റ് 15 മുതൽ തിരുവിതാംകൂർ ഒരു സ്വതന്ത്രരാജ്യമാകുമെന്ന് പ്രഖ്യാപിച്ചു.

തിരുവിതാംകൂറിന് ലോകത്ത് ഒരു ചെറിയ രാജ്യമായി നിൽക്കാൻപറ്റില്ലെന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് സി.പി. പത്രസമ്മേളനത്തിൽ പറഞ്ഞത്, എഴുപത് ലക്ഷം ജനസംഖ്യയും ഒൻപതേകാൽ കോടിക്കും ഒൻപതരകോടിക്കും ഇടയ്ക്ക് വരുമാനവുമുള്ള തിരുവിതാംകൂറിന് സ്വതന്ത്രരാജ്യമായി നിൽക്കാനും പരമാധികാര പദവി അവകാശപ്പെടാനും എല്ലാ അധികാരവും ഉണ്ടെന്നായിരുന്നു. ഒരു ഏകീകൃത ഇന്ത്യയിലാണെങ്കിൽ തിരുവിതാംകർ അതിൽ ചേരുമായിരുന്നെന്നും രാജ്യം വിഭജിക്കാൻ പോകുന്ന സ്ഥിതിക്ക് ഭരണഘടന നിർമ്മാണസഭയിൽ തിരുവിതാംകൂർ പങ്കെടുക്കുന്നില്ലെന്നും സർ സി.പി. വ്യക്തമാക്കി. സി.പി.യുടെ ശ്രമം പക്ഷേ വിഫലമായി എന്നത് ചരിത്രം.

ചരിത്രകാരനായ രാമചന്ദ്ര ഗുഹ, സിപി ജിന്നയുടെ പ്രോൽസാഹനത്തോടെ ബ്രിട്ടീഷ് ഗവൺമെന്റിന്റെ മുതിർന്ന മന്ത്രിമാരുമായി രഹസ്യ ബന്ധം സ്ഥാപിച്ചതെങ്ങനെ എന്നതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. അണ്വായുധ നിർമ്മാണത്തിന്റെ അസംസ്‌കൃത വസ്തവായ തിരുവിതാകൂറിലെ മോണസൈറ്റിലായിരുന്നു അവരുടെ കണ്ണ്. ഇതുവെച്ച് ഇന്ത്യയോട് വിലപേശാനായിരുന്നു സിപിയുടെ ശ്രമം.

എന്നാൽ 1947 ജൂലൈ 25 ന് സിപി വധശ്രമത്തിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അമ്പലപ്പുഴയിലെ കോമനയിലെ കോനാട്ട് മഠം ചിദംബര അയ്യർ സുബ്രഹ്മണ്യ അയ്യർ എന്ന കെ സി എസ് മണി എന്ന ആർഎസ്‌പിക്കാരനാണ് സിപിയെ സംഗീതപരിപാടിക്കിടെ വെട്ടിയത്. (ഈ മണി മാർക്സിറ്റുകാരനാണെന്ന് കാണിക്കുന്ന സിനിമകളാണ് പിന്നീട് വന്നത്. പക്ഷേ ഒരു അയ്യരെ വെട്ടിയ ഈ അയ്യർ സോഷ്യലിസ്റ്റായിരന്നു) ഒന്നിലധികം കുത്തേറ്റ മുറിവുകളുമായി സി.പി രക്ഷപ്പെട്ടു. അതോടെ അദ്ദേഹം ദിവാൻ പദവി ഒഴിഞ്ഞ് പോവുകയാണ്. കിരാതമെന്ന് പറയുന്ന ഒരു ഭരണത്തെ ഒറ്റ രാത്രി കൊണ്ടാണ് ഒഴിപ്പിച്ച മണിക്കും പാർട്ടിയിൽനിന്നും ഒരു സ്ഥാനവും കിട്ടിയിട്ടില്ല എന്നത് ചരിത്രത്തിന്റെ കാവ്യ നീതി. വെറും പഞ്ചായത്ത് മെമ്പർ മാത്രമായാണ് മണി മരിച്ചത്. തൂക്കുകയർ ഉറപ്പിച്ചാണ്, മണി സിപിയെ വെട്ടിയത്. പക്ഷേ അന്ന് തിരുവിതാകൂറിൽ ബ്രാഹ്മണരെ തൂക്കിലേറ്റാൻ പാടില്ല എന്നായിരുന്നു നിയമം.


മരണത്തിന് തൊട്ടുമുമ്പും കർമ്മ നിരതൻ

തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനുമായി ലയിപ്പിക്കുന്നതിൽ ആദ്യം ഉണ്ടായ വിമുഖത മൂലം സിപിയെ 'വിഘടനവാദി' എന്ന് മുദ്രകുത്തുക്കയാണ് നെഹ്റു അടക്കമുള്ളവർ ചെയ്തത്. ഇത്രയും മികച്ച ഒരു ഭരണാധികാരിയായിട്ടും അദ്ദേഹത്തെ ഭരണനേതൃത്വത്തിലേക്ക് അടുപ്പിച്ചില്ല. പക്ഷേ ലോകത്ത് എമ്പാടും അദ്ദേഹത്തിന്റെ ഭരണ മികവിനെ അംഗീകരിക്കുന്നവർ ഉണ്ടായിരുന്നു.

തിരുവിതാംകൂറിലെ ദിവാൻഷിപ്പ് രാജിവച്ച ശേഷം സി.പി ലണ്ടനിലേക്ക് പൊയി. അതേ വർഷം ബ്രസീൽ, അർജന്റീന, പെറു, മെക്സിക്കോ സർക്കാറിന്റെ ക്ഷണവും ഉണ്ടായിരുന്നു. അമേരിക്കൻ ഐക്യനാടുകൾ സന്ദർശിച്ച അദ്ദേഹം ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ പ്രസംഗം നടത്തി. പ്രധാനപ്പെട്ട ബാങ്ക് എക്സിക്യൂട്ടീവുകൾ, പത്രപ്രവർത്തകർ, യുഎസ് പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ എന്നിവരുമായി ചർച്ച നടത്തി. 1949-50 ൽ കാലിഫോർണിയയിലെ അമേരിക്കൻ അക്കാദമി ഓഫ് ഏഷ്യൻ സ്റ്റഡീസിന്റെ വിസിറ്റിങ് പ്രൊഫസറായി അദ്ദേഹം വീണ്ടും അമേരിക്ക സന്ദർശിച്ചു. 1952 ൽ അദ്ദേഹം ബന്ധപ്പെട്ട സർക്കാരുകളുടെ അതിഥിയായി ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും പര്യടനം നടത്തി. 1953 ൽ ഒരു പ്രഭാഷണ പര്യടനത്തിൽ അദ്ദേഹം വീണ്ടും അമേരിക്ക സന്ദർശിച്ചു.

ഇങ്ങനെ വിദേശത്ത് തിളങ്ങിയതോടെ അദ്ദേഹത്തോടുള്ള അയിത്തം നെഹ്റുവിനും എതാണ്ട് മാറി. 1954 ജൂലൈ 1 മുതൽ 1956 ജൂലൈ 2 വരെ ബനാറസ് ഹിന്ദു സർവകലാശാല വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു. 1955 ജനുവരി 26 മുതൽ സി.പി. അണ്ണാമലൈ സർവകലാശാലയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചു, അതുവഴി ഒരേ സമയം രണ്ട് സർവകലാശാലകളുടെ വൈസ് ചാൻസലറായി പ്രവർത്തിച്ച ആദ്യത്തെ ഇന്ത്യക്കാരനായി. 1953 ൽ സിപിയെ ഇന്ത്യയിലെ പ്രസ് കമ്മീഷൻ അംഗമായി നിയമിച്ചു. രണ്ട് വർഷത്തിന് ശേഷം ഒരു ഇന്ത്യൻ സർവകലാശാലാ പ്രതിനിധി സംഘത്തിന്റെ നേതാവായി സി.പി. ചൈന സന്ദർശിച്ചു. സി.പി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (1955), പഞ്ചാബ് കമ്മീഷൻ (1961), റീജിയണലിസം ദേശീയ ഏകീകരണം കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു 1962 വരെ 1960 മുതൽ ഹിന്ദു റിലീജിയസ് എൻഡോവ്മെന്റ് കമ്മീഷൻ ചെയർമാൻ ഇന്റർ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഇന്ത്യ ആൻഡ് സിലോൺ പ്രസിഡന്റ് (1965) എന്നീ നിലകളിലെല്ലാം സേവനമനുഷ്ഠിച്ചു.

ഇന്ത്യ ഓഫീസ് ലൈബ്രറിയിൽ 'എ ഹിസ്റ്ററി ഓഫ് മൈ ടൈംസ്' എന്ന പേരിൽ പ്ലാൻ ചെയ്ത പുസ്തകത്തെക്കുറിച്ച് ഗവേഷണം നടത്താൻ സി.പി ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു. 1966 സെപ്റ്റംബർ 26 ന് അദ്ദേഹം നാഷണൽ ലിബറൽ ക്ലബിൽ ഒരു റിപ്പോർട്ടറുമായി സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് കസേരയിൽ വീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. സഡൻ ഹാർട്ട് അറ്റാക്ക് ആയിരുന്നു മരണ കാരണം. 87ാം വയസ്സിൽ മരിക്കുന്നതിന് തൊട്ടുമുമ്പുവരെ അദ്ദേഹം കർമ്മ നിരതനായിരുന്നു.


കമ്യൂണിസ്റ്റുകൾ തൊട്ട് മനോരമവരെ ശത്രുക്കൾ

കമ്യൂണിസ്ററുകാരും, മനോരമ പത്രവും, ക്രിസ്ത്യൻ പ്രമാണിമാരും ഒരുപോലെ സർ സിപിയുടെ ശത്രുക്കൾ ആയിരുന്നു. അതുകൊണ്ടാണ് അക്കാലത്ത് അദ്ദേഹം നടത്തിയ നല്ല കാര്യങ്ങൾ ഒന്നും പുറത്തുവരാതിരുന്നത്. നേരത്തെ ക്വായിലോൻ ബാങ്കിന്റെ കാര്യത്തിലൊക്കെ സിപി എടുത്ത നിലപാടുകളാണ് മനോരമയെ ചൊടിപ്പിച്ചത്. ശംഖുമുഖം വെടിവെയ്‌പ്പോടെ കോൺഗ്രസ്സും, വിദ്യാഭ്യാസ നയങ്ങളോടെ ക്രിസ്ത്യൻ വിഭാഗവും, നിരോധനങ്ങൾ മൂലം അവിഭക്ത കമ്യൂണിസ്റ്റു പാർട്ടിയുമായും അകന്നുപോയ സിപിയെയെ സഹായിക്കാനോ, അദ്ദേഹത്തിനു വേണ്ടി സംസാരിക്കാനോ ആരുമില്ലാതെ പോയി എന്നതാണ് സത്യം.

ഇപ്പോൾ തെളിയുന്നത് സ്വതന്ത്ര ട്രാവൻകൂർ വാദം സിപിയുടെ ആശയം അല്ല രാജാവിന്റെതാണെന്നാണ്. പുന്നപ്ര- വയലാർ സമരത്തെത്തുടർന്ന് ദിവാൻ പദത്തിൽ നിന്ന് 1946 ഡിസംബറിൽ സ്വയം ഒഴിഞ്ഞ് മദ്രാസ്സിലേക്ക് പോയ സർ സിപിയെ, രാജകൊട്ടാരം തിരികെ വിളിച്ച് ഏൽപ്പിച്ച ആശയം ആയിരുന്നു സ്വതന്ത്ര തിരുവിതാംകൂർ. 1946ഏപ്രിൽ 9 ന് ഡൽഹിയിൽ കൂടിയ കാബിനറ്റ് മിഷനു മുൻപിൽ ഹാജരായി ഏകീകൃത ഇന്ത്യക്കും നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന്റെ ആവശ്യകതയും വളരെ വ്യക്തമായി അവതരിപ്പിച്ച ആളായിരുന്നു സർ സിപി. അതേ വ്യക്തി സ്വന്തമായി ഒരു തീരുമാനം ഇക്കാര്യത്തിൽ എടുക്കില്ല എന്ന് ഉറപ്പാണ്.

യഥാർത്ഥത്തിൽ സ്വതന്ത്ര തിരുവിതാംകുർ എന്ന ആശയത്തോട് എതിരുണ്ടായിരുന്ന സർ സിപി ഇക്കാര്യത്തിലെ തന്റെ വിയോജനങ്ങൾ ബ്രിട്ടീഷ് അധികാരികളുമായുള്ള ചർച്ചകളിൽ തുറന്നു പറഞ്ഞിരുന്നു. സ്വതന്ത്ര തിരുവിതാംകൂർ എന്ന തീരുമാനം മഹാരാജാവ് എടുത്തതാണെന്ന് സർ സിപി പല സ്ഥലത്തും ഊന്നി പറഞ്ഞെന്നിട്ടുണ്ടെങ്കിലും പൊതുജനം അതു മുഖവിലയ്ക്കെടുത്തില്ല. പക്ഷേ കമ്യൂണിസ്റ്റുകാർ ഉൾപ്പെടെ നടത്തിയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ദിവാൻ പദത്തിലിരുന്നു താൻ നടത്തിയ ശക്തമായ നടപടികൾ അനാവശ്യമായിരുന്നില്ലേ എന്ന് സിപി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുമുണ്ട്. 1959 നവംബർ 1 ലെ ഇല്ലസ്ട്രേറ്റഡ് വീക്കിലിയിലെ ലേഖനത്തിൽ തന്റെ 80ാം വയസ്സിലായിരുന്നു അദ്ദേഹം കുമ്പസാരം നടത്തിയത്.

എന്തായാലും സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം വ്യക്തിപരമായി സർ സിപി ക്ക് ഒരു ലാഭവും ഉണ്ടാക്കിയില്ല എന്നു മാത്രമല്ല വലിയ നഷ്ടവും ഉണ്ടാക്കി. 1946ലെ തന്റെ ദിവാൻ പദം ഒഴിവായ തീരുമാനം രാജകൊട്ടാരത്തിന്റെ നിർബന്ധപ്രകാരം പിൻവലിക്കാതിരുന്നെങ്കിൽ, സ്വതന്ത്ര ഭാരതത്തിൽ അദ്ദേഹത്തിന് സമുന്നതമായ ഒരു സ്ഥാനം ലഭിക്കുമായിരുന്നു എന്ന് സ്പഷ്ടമാണ്. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളിലെ ഉന്നത സ്ഥാനത്തിരുന്നവരിൽ മിക്കവരും ഭാരതത്തിന്റെ ഉന്നത പദവികളിലും എത്തപ്പെട്ടിരുന്നു.

സിപിയെപ്പോലുള്ള ഒരു പ്രതിഭാധനൻ ഭരണകാര്യത്തിൽനിന്ന് മാറി നിന്നത്, ഇന്ത്യയെ പല രീതിയിലും ബാധിച്ചു. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ കേസ് അവതരിപ്പിക്കാൻ ഗോപാലസ്വാമി അയ്യങ്കറിനുപകരം, സിപിയെ തിരഞ്ഞെടുത്തിരുന്നുവെങ്കിൽ കശ്മീർ പ്രശ്നം ഇന്ത്യയ്ക്ക് അനുകൂലമായി പരിഹരിക്കപ്പെടുമെന്ന് ഇന്ത്യൻ സിവിൽ സർവീസ് സി എസ് വെങ്കടാചർ എഴുതിയിട്ടുണ്ട്. ഇതേ കാഴ്ചപ്പാടും അർക്കോട്ട് രാമസാമി മുദലിയാർ അടക്കമുള്ള പല പ്രമുഖരും പങ്കുവെച്ചിട്ടുണ്ട്.

അതുപോലെ മലയാളികൾ സർ സിപിയോട് യാതൊരു നന്ദിയും പരിഗണനയും കാണിച്ചിട്ടില്ല എന്നത് യഥാർഥ്യമാണ്. ഒന്നുമില്ലെങ്കിൽ നാളിതുവരെ നടന്ന മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ചു നടന്നിട്ടുള്ള കേസ്സുകളിൽ മലയാളി വിജയിച്ചത് ഒരേ ഒരു കേസ്സിൽ മാത്രമാണ്. ആ കേസ്സിൽ വാദിച്ചത് തമിഴനായിരുന്ന സർ സിപി രാമസ്വാമി അയ്യർ എന്ന പഴയ തിരുവിതാകൂർ ദിവാനായിരുന്നു!

വാൽക്കഷ്ണം: സിപിയും കമ്മ്യൂണിസ്റ്റുകളും തമ്മിൽ കടുത്ത വൈരാഗ്യം ഉണ്ടായിരുന്നു. എന്നിട്ടും, നെഹ്‌റു, ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടതിനെ 'ഭരണഘടനാവിരുദ്ധം എന്നാണ് സി പി വിശേഷിപ്പിച്ചത്. സ്വതന്ത്ര തിരുവിതാംകൂർ വാദം ഭരണഘടന ഉണ്ടാകുന്നതിന് മുമ്പായിരുന്നു. അത് ബ്രിട്ടീഷുകാർ നൽകിയ ഒരു ഓപഷൻ ആയിരുന്നു. എന്നാൽ രാജ്യം ഉണ്ടായതിനുശേഷമുള്ള ഫെഡറിലസം അതല്ല എന്നായിരുന്ന സിപിയുടെ വാദം. അതായിരുന്നു സി പി! ആ രീതിയിലുള്ള ഒരു മര്യാദ തിരിച്ച് കമ്യൂണിസ്റ്റുകാർ സിപിയോട് കാട്ടിയോ. കാലം വിലയിരുത്തട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP