Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ അരച്ചുകളഞ്ഞിട്ടും ഊരിപ്പോന്ന സൽമാൻ ഖാൻ; മരുന്നടിച്ച് റൂംബോയി തല്ലിയ രൺബീർ കപൂർ; കൊക്കെയിൻ പാർട്ടികളുടെ പതിവുകാരായ ഖാൻ- കപൂർ മാഫിയയെ തൊടാൻ പൊലീസിന് പേടി; കർണ്ണാടകയിൽ ജെഡിഎസ് സർക്കാറിനെ അട്ടിമറിച്ചത് ഡ്രഗ് മാഫിയയെന്ന് ആരോപണത്തിലും അന്വേഷണമില്ല; മൂന്നു നടിമാരെ ബലിയാടാക്കി മയക്കുമരുന്നു കേസുകൾ അവസാനിക്കമോ? സൂപ്പർ സ്റ്റാറുകളേ രക്തം പരിശോധിക്കൂ... ഡ്രഗ് അഡിക്റ്റുകൾ അല്ലെന്ന് തെളിയിക്കൂ!

മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ അരച്ചുകളഞ്ഞിട്ടും ഊരിപ്പോന്ന സൽമാൻ ഖാൻ; മരുന്നടിച്ച് റൂംബോയി തല്ലിയ രൺബീർ കപൂർ; കൊക്കെയിൻ പാർട്ടികളുടെ പതിവുകാരായ ഖാൻ- കപൂർ മാഫിയയെ തൊടാൻ പൊലീസിന് പേടി; കർണ്ണാടകയിൽ ജെഡിഎസ് സർക്കാറിനെ അട്ടിമറിച്ചത് ഡ്രഗ് മാഫിയയെന്ന് ആരോപണത്തിലും അന്വേഷണമില്ല; മൂന്നു നടിമാരെ ബലിയാടാക്കി മയക്കുമരുന്നു കേസുകൾ അവസാനിക്കമോ? സൂപ്പർ സ്റ്റാറുകളേ രക്തം പരിശോധിക്കൂ... ഡ്രഗ് അഡിക്റ്റുകൾ അല്ലെന്ന് തെളിയിക്കൂ!

എം മാധവദാസ്

'രക്തം പരിശോധിപ്പിക്കൂ, ഡ്രഗ് അഡിക്റ്റുകൾ അല്ലെന്ന് തെളിയിക്കൂ...'- നടൻ സുശാന്ത്സിങ് രജ്പുത്തിന്റെ മരണത്തെ തുടർന്ന് ബോളിവുഡിൽ വ്യാപകമായ ഒരു കാമ്പയിൻ
ആണിത്. നടി കങ്കണ റണ്ണൗത്ത് തുടങ്ങിവെച്ച കാമ്പയിൻ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ, ഹിന്ദി സൂപ്പർ സ്റ്റാറുകൾ ശരിക്കും പ്രതിസന്ധിയിലായിരിക്കയാണ്. ഓരോരുത്തരം രക്തം പരിശോധിപ്പിച്ച് അതിന്റെ റിസൾട്ട് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച്, തങ്ങൾ ലഹരിക്കെതിരെ പൊരുതുന്നവർ ആണ് എന്ന് തെളിയിക്കാനാണ് സോഷ്യൽ മീഡിയ വെല്ലുവിളിക്കുന്നത്. ആരും ആഹ്വാനം ചെയ്യാതെ പടരുന്ന നിശബ്ദ കാമ്പയിൽ എന്നാണ്  മുംബൈ മിറർ പത്രം ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ കാമ്പയിൽ ശക്തമായതോടെ കങ്കണയെ സൈബർ ലിഞ്ച് ചെയ്യാൻ മുന്നോട്ടുവന്ന, താര ഫാൻസുകാർ പിറകോട്ട് അടിച്ചിട്ടുണ്ട്.

ഒറ്റ യുവനടനും താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന പറയാൻ കഴിയാത്ത രീതിയിൽ ഹിന്ദി സിനിമയിൽ ഡ്രഗ് അണ്ടർവേൾഡ് പിടിമുറുക്കിയെന്നാണ് മുബൈ മിറർ ചൂണ്ടിക്കാട്ടുന്നത്. ചെറിയ ആഘോഷങ്ങൾക്കുപോലും ഇവിടെ കൊക്കെയിൻ പാർട്ടികൾ വ്യാപകമാണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്മാരുടെയൊക്കെ പ്രധാന പരിപാടി ഇത്തരം പാർട്ടികൾക്ക് സാധനങ്ങൾ എത്തിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഡ്രഗും സിനിമയും തമ്മിലുള്ള ഡീൽ എല്ലാവർക്കും അറിയാവുന്നതാണ്. ഖാൻ-കപൂർ മാഫിയ എന്ന് വിളിക്കുന്ന ഹിന്ദി സിനിമാ ലോകത്തെ കുപ്രസിദ്ധ അച്ചുതണ്ടിനെക്കുറിച്ച് പക്ഷേ യാതൊരു അന്വേഷണവും ഉണ്ടാവാറില്ല. സൽമാൻഖാനും രൺബീർ കപൂറും ഷാഹ്ദ് കപൂറുമൊക്കെ പലപ്പോഴും അവർ ചെയ്ത ഗുരുതരമായ കുറ്റ കൃത്യങ്ങളിൽനിന്നുവരെ ഊരിപ്പോരുകയാണ് ചെയ്തിട്ടുള്ളത്. നടൻ സുശാന്ത്സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നിലും, ആദ്യം ഉയർന്നുകട്ടേപേരുകളിൽ ഒന്ന് ഖാൻ- കപൂർ മാഫിയയെക്കുറിച്ചാണ്. പക്ഷേ അന്വേഷണം ഒരിക്കലും അങ്ങോട്ട് നീങ്ങിയില്ല. പക്ഷേ ഇപ്പോൾ ഈ കേസിന്റെ ഭാഗാമയി ഉണ്ടായ മയക്കുമരുന്നു കേസിൽ അറസ്റ്റിലായതാവട്ടെ നടി റിയാ ചക്രവർത്തിയും. റിയ തെറ്റുകാരി ആയിരിക്കും. പക്ഷേ അതുപോലെ തെറ്റുകാർ ആയ താര കേസരികൾക്കെതിരെ നിങ്ങൾ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്നതാണ് ഇതുസംബന്ധിച്ച് ഉയരുന്ന പ്രധാന ചോദ്യം.

വെറും മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് നടിമാർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലാവുന്നത് ഇന്ത്യൻ സിനിമാ ചരിത്രത്തിൽതന്നെ ഇതാദ്യമാണ്.ബിനീഷ് കോടിയേരി വരെ ആരോപിതരായ ബംഗലൂരു മയക്കുമരുന്നു കേസിൽ തെന്നിന്തൻ നടി രാഗിണ ദ്വിവേദി അറസ്റ്റിലായ വാർത്തയാണ് മൂന്ന് ദിവസം മുമ്പ് കേട്ടത്. ഈ കേസിൽ രാഗിണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നെലെ കന്നഡ സിനിമാ നടി സഞ്ജന ഗൽറാണിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് അൽപ്പം കഴിഞ്ഞാണ് നടൻ സുശാന്ത്സിങ്ങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെ മയക്കുമരുന്നു കേസിൽ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി അകത്താവുന്നത്.

ഇന്ത്യൻ സിനിമയെ ഡ്രഗ് മാഫിയ വിഴുങ്ങുന്നുവെന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ്, ഈ ദിവസങ്ങളിലെ അറസ്റ്റ് തെളിയിക്കുന്നത്. പക്ഷേ അതേസമയം ഈ അന്വേഷണം എന്തുകൊണ്ട് പുരുഷ താരങ്ങളിലേക്ക് നീങ്ങുന്നില്ലെന്നും പലരും സംശയം പ്രകടിപ്പിക്കുന്നു. അതോടൊപ്പം ഡ്രഗ് മാഫിയയുടെ രാഷ്ട്രീയ ബന്ധങ്ങളലും അന്വേഷണമില്ല. കർണ്ണാടകയിൽ ജെഡിഎസ് സർക്കാറിനെ അട്ടിമറിച്ചത് ഡ്രഗ് മാഫിയയുടെ പണം ആണെന്ന് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇത്തരം രാഷ്ട്രീയ ബന്ധങ്ങൾ പരിശോധിച്ചിട്ടില്ലെന്നാണ് കർണാടകയിലെ പ്രമുഖ മാധ്യപ്രവർത്തകൻ രാഹുൽ ആദിത്യ ചൂണ്ടിക്കാട്ടുന്നത്. ബോളിവുഡിലെയും സാൻഡൽവുഡിലെയും ( കന്നഡ ഫിലിം ഇൻഡസ്ട്രി) വന്മരങ്ങളെ തൊടാതെയാണ് അന്വേഷണം നീങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഖാൻ-കപൂർ മാഫിയയെ തൊടാൻ പൊലീസിനും പേടി

പുറമെ നിന്നുള്ള ആരെയും അംഗീകരിക്കാതെ അങ്ങേയറ്റം സ്വജനപക്ഷപാതിത്വത്തോടെ സിനിമാ വ്യവസായത്തെ കൊണ്ടുപോകുന്ന ചില കുടംബാധിപത്യമുള്ള നടന്മാർക്ക് മുംബൈ മാധ്യമ പ്രവർത്തകർ ഇട്ട ഓമനപ്പേരായിരുന്നു ഖാൻ- കപൂർ മാഫിയ. സൽമാൻഖാൻ, രൺബീർകപൂർ, രൺബീർസിങ്ങ്, ഷാഹിദ് കപുർ എന്നീ നാല് താരങ്ങളാണ് ഈ മാഫിയയിൽ കാര്യമായി ഉള്ളത്. ഇതിൽ സൽമാൻഖാന്റെ കാര്യം തന്നെ എടുക്കാം. കഴിഞ്ഞ എത്രയോ വർഷമായി ഇദ്ദേഹം ഡ്രഗ് പാർട്ടികളിലെ സ്ഥിരം സാന്നിധ്യമാണ്. കൃഷ്ണമൃഗ വേട്ട തൊട്ട് മദ്യപിച്ച് വണ്ടിയോടിച്ച് റോഡരുകിൽ കിടന്ന് ഉറങ്ങിയ ഒരു പാവത്തിനെ അരച്ചുകൊന്ന കേസിലടക്കം ഈ നടൻ പ്രതിയായിരുന്നു. കീഴ്ക്കോടതി ശിക്ഷകേസിനുപോലും മേൽക്കോടതികൾ സ്റ്റേ കൊടുക്കുകയാണ് ചെയ്തത്. അതുപോലെ ലൈസൻസില്ലാതെ തോക്ക് കൈവശം വെച്ച കേസിലും നടപടിയുണ്ടായില്ല. ബോളിവുഡ് താരങ്ങൾ പ്രതിയാവുന്ന കേസുകളിൽ സഞ്ജയ് ദത്തിന്റെ ഒരു അനുഭവം മാറ്റി നിർത്തിയാൽ, ബാക്കിയെല്ലാറ്റിലും പൊലീസും പ്രോസിക്യൂഷനും ഒത്തുകളിക്കയാണെന്ന് വ്യക്തമാണ്. മരുന്നടിച്ച് റൂബോയി തല്ലിയെന്ന ആരോപണം ഉണ്ടായത് രൺബീർ കപൂറിന്റെ പേരിലാണ്. ഒരു പാർട്ടിയിൽ ഒരു യുവ നടിയെ കടന്നുപിടിച്ചുവെന്ന ആരോപണമാണ് ഷാഹിദ് കപുർ നേരിട്ടത്. പക്ഷേ ഇതിലൊന്നും ഒരു ഘട്ടം കഴിയുമ്പോൾ പരാതിക്കാർ തന്നെ ഇല്ലാതാവും.

നടൻ സുശാന്ത്സിങ്ങ് രജപുതിന്റെ മരണത്തിലും അതുതന്നെയാണ് സംഭവിച്ചത്. ബോളിവുഡിലെ സ്വജന പക്ഷപാതമാണ് ഈ യുവനടന്റെ ആത്മഹത്യക്ക് ഇടയാക്കിയതെന്ന് ആരോപിച്ച് ആദ്യം സോഷ്യൽ മീഡിയ കാമ്പയിൻ ഉയർത്തിയത് ഖാൻ- കപുർ മാഫിയക്ക് എതിരെയായിരുന്നു. പക്ഷേ അന്വേഷണം ഒരുഘട്ടത്തിലും ആ വഴിക്ക് നീങ്ങിയില്ല. കരൺ ജോഹർ, ആലിയ ഭട്ട്, ഷാരൂഖ്ഖാൻ, സൽമാൻഖാൻ, ഷാഹിദ് കപൂർ, രൺബീർ കപുർ തുടങ്ങിയവരുടെ പ്രൊഫഷണൽ ജലസിയാണ് സുശാന്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ആരാധകർ ആരോപിക്കുന്നത്. 2019ൽ മാത്രം അഞ്ച് സിനികളാണ് സുശാന്തിന്റെത് മുടങ്ങിപ്പോയത്. ആരാണ് ഇതിന് പിന്നിൽ എന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രധാനമായും രൺബീർ കപൂറിന്റെ പേരാണ് ഇതിന് പിന്നിൽ കേൾക്കുന്നത്. എന്തായാലും ഇത്തരും ഒരു പരാതി കിട്ടിയതിനെ തുടർന്ന് താരങ്ങൾക്കിടയിലെ കുടിപ്പകയും ക്ലിക്കും കോക്കസും ഈ മരണത്തിൽ പങ്കുവഹിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖുഖ് നേരിട്ട് വ്യക്തമാക്കിയിരുന്നു. പക്ഷേ അന്വേഷണം ആ വഴിക്ക് നീങ്ങിയിട്ടില്ല. സുശാന്തിന്റെ കാമുകിയായ റിയ ചക്രവർത്തി മാത്രമാണ് ഇപ്പോൾ കേസിൽ പ്രതിയായിരിക്കുന്നത്.

'കപൂറിന്റെ പിന്തുണയില്ലെങ്കിൽ ഖാൻ കുടുംബത്തിന്റെതുമില്ല'

ബോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കണം ഖാൻ- കപൂർ കുടുംബാധിപത്യത്തിനെതിരെ ഇത്ര ശക്തമായ വിമർശനം ഉയരുന്നത്. ഖാൻ വിഭാഗത്തിൽ ആമിർ ഖാനെ എവരും ഒഴിവാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഹിന്ദി സിനിമയിൽ കാസ്റ്റിങ്ങ് കൗച്ച് തൊട്ട് റിയൽ എസ്റ്റേറ്റ് തട്ടിപ്പിൽ വരെ മുമ്പും ആരോപണ വിധേയവർ ആണിവർ. എന്നിട്ടും ഇവർക്കെതിരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോൾ ആരാധക രോഷം അണ പൊട്ടുകയാണ്. സാറ്റലൈറ്റ് ഓവർസീസ് റൈറ്റ് തൊട്ട് ഹിന്ദി സിനിമയുടെ സകലമേഖലും നിയന്ത്രിക്കുന്ന ഇവർക്ക് താര കുടംബത്തിന് പുറത്തുനിന്ന് ഒരാൾ വരുന്നത് തീരെ ഇഷ്ടമല്ലെന്നാണ് പ്രചാരണം. ഉദാഹരണമായി ധോണി സിനിമയിലൂടെയൊക്കെ കിട്ടിയ സുശാന്തിന്റെ ഇമേജ് തനിക്ക് ഭീഷണിയാവുമെന്ന് രൺബീർ കപുർ കരുതുന്നു.' രൺബീറിന്റെ കപുർ കുടുംബത്തിന്റെ പിന്തുണ ഇല്ലെങ്കിൽ അവരുടെ സുഹൃത്തുക്കളായ ഖാൻ കുടുംബത്തിന്റെയും പിന്തുണയില്ല. പിന്നെ നിങ്ങൾ അകാരണമായി സിനിമാ ലോകത്തുനിന്ന് പുറത്താകും'- സുശാന്തിന്റെ മരണത്തിൽ മുബൈ മിററിന്റെ സിനിമാ ലേഖകൻ ആകാശ് ത്രിവേദി എഴുതുന്നു. ഖാൻ-കപൂർ കുടുംബത്തെ നൊട്ടോറിയസ് ഗ്യാങ്ങ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

സുശാന്തിന്റെ കഴിവിനെ ബോളിവുഡ് അംഗീകരിച്ചിരുന്നില്ലെന്ന് നടി കങ്കണ റണൗത്ത് പറഞ്ഞു. അദ്ദേഹത്തിന് ഗോഡ്ഫാദർമാരില്ലായിരുന്നു. ഒരുഘട്ടത്തിൽ ബോളിവുഡിൽ നിന്നും പുറത്തേക്ക് വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായെന്നും കങ്കണ ആരോപിച്ചു. വിഷമഘട്ടത്തിൽ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോൾ സുശാന്തിനോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോൾ ദേഷ്യം തോന്നുന്നുവെന്നായിരുന്നു നടൻ നിഖിൽ ദ്വിവേദിയുടെ പ്രതികരണം. ബോളിവുഡിന്റെ കാപട്യം തനിക്കിപ്പോൾ മനസിലായെന്നും നിഖിൽ പറഞ്ഞു. നിഖിലിന്റെ ഈ ആരോപണം സംവിധായകൻ കരൺ ജോഹറിനെതിരെയാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുശാന്തിനോട് അടുപ്പം പുലർത്താതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്നായിരുന്നു സുശാന്ത് മരിച്ചപ്പോൾ കരൺ ജോഹറിന്റെ പ്രതികരണം. കരണും ആലിയ ഭട്ടും കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയ്ക്കിടെ സുശാന്തിനെ പരിഹസിച്ചത് നിരവധി പേർ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നു.

ചാറ്റ് ഷോയിൽ സുശാന്ത് സിങ് രാജ്പുത്, രൺവീർ സിങ്, വരുൺ ധവാൻ എന്നിവരെ റേറ്റ് ചെയ്യാൻ കരൺ ജോഹർ ആവശ്യപ്പെട്ടപ്പോൾ 'സുശാന്ത് സിങ് രാജ്പുത്, അതാരാ' എന്നായിരുന്നു ആലിയയുടെ മറുചോദ്യം. സുശാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ആലിയയുടെയും കരണിന്റെയും ട്വീറ്റിന് താഴെ ഇക്കാര്യം ഓർമിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്റുകൾ കാണാം. സുശാന്തിനെ കൊലയ്ക്ക് കൊടുത്തവരാണ് ഇപ്പോൾ ുതലക്കണ്ണീരൊഴുക്കുന്നതെന്നാണ് ആരാധകർ പയുന്നത്. അനുശോചനവുമായി എത്തിയ വൻ താരങ്ങളെയും സംവിധായകരെയും ആരാധകർ ആക്രമിച്ചു. ജീവിച്ചിരുന്ന കാലത്ത് സുശാന്തിനെ നിർദ്ദയം തഴഞ്ഞവരാണ് അനുശോചിക്കുന്നതെന്ന് അവർ ആരോപിച്ചു.സുശാന്തിനെ ഒതുക്കുന്നതിൽ ബോളിവുഡിലെ കരുത്തനായ കരൺ ജോഹറിനും പങ്കുണ്ടെന്നാണ് ആരോപണം. കരൺ ജോഹർ ഗ്യാങ്ങിനെ ബഹിഷ്‌കരിക്കുക, സ്വജനപക്ഷപാതം അവസാനിപ്പിക്കുക എന്നീ ഹാഷ്ടാഗുകളാണ് ട്രെൻഡിങ് ആയത്.

ഇപ്പോഴിതാ താര വില്ലല്ലൻ്മാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പലരും രംഗത്തെത്തിയിരിക്കയാണ്. സംവിധായകൻ അഭിനവ് സിങ് കശ്യപ് സൽമാൻഖാനെതിരെ രൂക്ഷ വിമർശമനമാണ് ഉയർത്തിയത്. സൽമാൻ ഖാനും കുടുംബവുമാണ് കരിയർ തകർത്തതെന്നും തന്റെ ഓരോ സിനിമകളും അട്ടിമറിച്ചത് അവരാണെന്നും അഭിനവ് പറഞ്ഞു. അർബ്ബാസ് ഖാനും സൊഹൈയിൽ ഖാനും അടക്കമുള്ളവരാണ് ഇതിന് പിന്നിലെന്നും അഭിനവ് കുറ്റപ്പെടുത്തി. ഫേസ്‌ബുക്കിൽ പങ്കുവച്ച നീണ്ട കുറിപ്പിലായിരുന്നു വെളിപ്പെടുത്തൽ.

പത്ത് വർഷം മുമ്പ് ദബാംഗ് 2 നിർമ്മിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ കാരണം, സൊഹൈൽ ഖാനും അർബാസ് ഖാനും ഭീഷണിപ്പെടുത്തി തന്റെ കരിയറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതിനാലാണെന്ന് അഭിനവ് പറഞ്ഞു. ''എന്റെ എല്ലാ പദ്ധതികളും പരിശ്രമങ്ങളും അട്ടിമറിക്കപ്പെട്ടു. എന്നെ കൊല്ലുമെന്നും, എന്റെ കുടുംബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും പലപ്പോഴും ഭീഷണിപ്പെടുത്തി. നിരന്തരമായ ഭീഷണികൾ എന്റെയും കുടുംബത്തിന്റെയും മാനസികാരോഗ്യത്തെ തകർത്തു. അതെന്റെ കുടുംബം തന്നെ തകരാൻ കാരണമായി. 2017ൽ ഞാൻ വിവാഹ മോചിതനായി'', അഭിനവ് കുറിപ്പിൽ പറയുന്നൂ.

ആരോപണം ഷാരൂഖ് ഖാന് നേരെയും

പൊതുവേ മാന്യനായി അറിയപ്പെടുന്ന നടൻ ഷാരൂഖ് ഖാനും സുശാന്ത് വിവാദത്തിൽ പ്രതിക്കൂട്ടിലായി.  ഷാരൂഖ് ഖാനും ഷാഹിദ് കപൂറും ചേർന്ന് ഒരു വേദിയിൽ വെച്ച് സുശാന്തിനെ പരിഹസിക്കുന്നുവെന്ന് ആരോപണം നേരിടുന്ന ഒരു വീഡിയോ ഇതിനകം ചർച്ചയായിട്ടുണ്ട്. ഒരു പുതുമുഖത്തോട് ഇങ്ങനെയാണോ പെരുമാറുകയെന്നാണ് ചോദ്യമുയരുന്നത്. റ്റൊരു സ്‌ക്രീൻഷോട്ട് പ്രചാരത്തിലുള്ളത് വിവിധ നിർമ്മാണ കമ്പനികൾ സുശാന്തിന് നിരോധനമേർപ്പെടുത്തിയതായുള്ള ഒരു പഴയ ട്വീറ്റാണ് പ്രചരിക്കുന്നത്. സിനിമയിൽ ിരോധനമേർപ്പെടുത്തപ്പെട്ടതോടെ തന്റെ പഴയ മേഖലയായ ടിവി സീരീസിലേക്കും വെബ് സീരീസിലേക്കുമെല്ലാം തിരിച്ചുപോകേണ്ട അവസ്ഥയാണ് അദ്ദേഹത്തിനെന്നും ഈ ട്വീറ്റിൽ പറയുന്നുണ്ട്. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് സുശാന്ത് തന്റെ വീട്ടിലെ വേലക്കാരനോട് പറഞ്ഞത് അടുത്തമാസം ശമ്പളം തരാൻ കഴിയുമോ എന്ന് അറിയില്ലെന്നായിരുന്നു. ആ രീതിയിൽ സുശാന്ത് സാമ്പത്തികമായി പാപ്പരായി കഴിഞ്ഞരുന്നു. സ്വന്തം കൈയിൽ പണമുള്ളപ്പോൾ ഏവർക്കും വാരിക്കോരി കൊടുത്തിട്ടുള്ള നടൻ പ്രളയക്കാലത്ത് കേരളത്തെ വരെ അകമഴിഞ്ഞ് സഹായിച്ചത് നോക്കുക.

.സ്വജനപക്ഷപാതവും കുടുംബാധിപത്യവും ബോളിവുഡിൽ അവസരസമത്വത്തിന് കാരണമാവുന്നുണ്ടെന്ന് പലയിടങ്ങളിൽ നിന്നായി പല സമയത്തും വിമർശനം വന്നിട്ടുണ്ട്. എങ്ങനെയാണ് സ്വജനപക്ഷ പാതം തങ്ങളെ ബാധിക്കുന്നതെന്ന് ചില താരങ്ങൾ പറഞ്ഞതെന്ന് നോക്കാം.'അതെ ചിലപ്പോൾ അത് വിഷമിപ്പിക്കും.ആരെങ്കിലും വിളിച്ച് തന്റെ മകൾക്കോ ബന്ധുവിനോ വേണ്ടി റോൾ കൊടുക്കണമെന്ന് പറയുന്നത് കാരണം ഒരു റോൾ നിങ്ങളുടെ മൂക്കിൻ തുമ്പത്ത് വെച്ച് നഷ്ടപ്പെടുമ്പോൾ. അത് ചിലപ്പോൾ നടന്നിട്ടുണ്ട്. കുറച്ച് വിഷമിപ്പിക്കും. ഞാനൊരുപാട് ഉദാഹരണങ്ങൾ തരാം. മാഗസിൻ കവറുകളിൽ കവർപേജിൽ വരാൻ എനിക്ക് കഴിവുണ്ടെന്ന് അവരിപ്പോഴും കരുതുന്നില്ല. നിങ്ങളുടെ മുന്നിൽ ഇരുന്ന് സംസാരിക്കാൻ ഞാനെടുത്തത് അഞ്ച് വർഷമാണ്. എനിക്ക് നല്ല ജോലി ചെയ്യാൻ പറ്റുമെന്ന് ഞാനെത്ര തവണ തെളിയിക്കണം? അതേ സമയം ആദ്യ സിനിമയ്ക്കു മുമ്പേ ഇത്തരം ബഹുമതികൾ കിട്ടുന്നവർ ഉണ്ട്,'കഴിഞ്ഞ വർഷം നടി തപസി പന്നു ഫിലിം ജേർണലിസ്റ്റായ അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്.ഡൽഹിക്കാരിയായ, ഹിന്ദി സംസാരിക്കുന്ന, ബോക്‌സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും നേടിയ ബോളിവുഡിൽ ചെയ്ത രണ്ടാമത്തെ സിനിമയായ പിങ്ക് എന്ന സിനിമയിലെ നായികയായ ഒരു നടി പറഞ്ഞ വാക്കുകളാണിത്. എണ്ണപ്പെട്ട സിനിമകളിലെ മികച്ച പ്രകടനങ്ങൾക്ക് നടിക്ക് ഫിലിം ഫെയർ അവാർഡ് ലഭിക്കാത്തത് തുടരെ ചർച്ചയായപ്പോൾ കഴിഞ്ഞ വർഷത്തെ സാന്ദ് കീ ആഖ് എന്ന ചിത്രത്തിനാണ് നടിക്ക് ആദ്യമായി മികച്ച നടിക്കുള്ള ഫിലിം ഫെയർ ലഭിച്ചത്.

സമാനമായ സാഹചര്യങ്ങളിലൂടെ പോയ നിരവധി പേരുണ്ട്. കങ്കണ റണൗത്ത് ഒരഭമിമുഖത്തിൽ പറഞ്ഞ പ്രസക്ത ഭാഗങ്ങളിങ്ങനെയാണ്.'പത്തു വർഷങ്ങൾക്കു ശേഷമാണ് എനിക്ക് ഒരു വിമർശകനെ ലഭിച്ചത്. പത്തുവർഷങ്ങൾക്കു മുമ്പ് ഞാൻ മരിച്ചോ ജീവനോടയുണ്ടോ എന്ന് ആരും നോക്കിയിരുന്നില്ല. നിങ്ങളുടെ വിമർശകരെ പോലും നിങ്ങൾ നേടിയെടുക്കേണ്ടതാണ്,'

'നിങ്ങൾ തുടങ്ങുന്ന പോയിന്റ് (താരങ്ങളുടെ മക്കൾ) എന്നത് ഒരു ഔട്ട്‌സൈഡർ അവരുടെ ജീവിതകാലം കൊണ്ട് നേടിയെടുക്കാത്തിടത്തു നിന്നാണ്,''ഈ കുട്ടികൾക്ക് ( താരങ്ങളുടെ മക്കൾക്ക്) അവരുടെ ചെറുപ്പകാലത്ത് തന്നെ ഓഡിഷനു വേണ്ടി തയ്യാറെടുപ്പിക്കുന്നു. ഫൈറ്റിങ് ക്ലാസുകൾ, ഭാഷാക്ലാസുകൾ തുടങ്ങിയവ ലഭിക്കുന്നുണ്ട്. തീർച്ചയായും അത് ഒരു ചലനം ഉണ്ടാക്കും,'കങ്കണ റണൗത്തും കരൺ ജോഹറും തമ്മിൽ സ്വജന പക്ഷപാതത്തെ ചൊല്ലി പല സന്ദർഭങ്ങളിലും വാഗ്വാദവും നടന്നിട്ടുണ്ട്. കരണിന്റെ ഷോയിൽ വെച്ച് തന്നെ കങ്കണ നിങ്ങൾ സ്വജനപക്ഷ പാതത്തിന്റെ കൊടി പിടിച്ചു നടക്കുന്നയാളാണെന്ന് തുറന്നടിക്കുകയും ചെയ്തു. അന്ന് ഇത് വലിയ ചർച്ചകൾക്ക് വഴി വെച്ചെങ്കിലും പിന്നീട് കങ്കണ വ്യക്തിപരമായ ആക്രമണങ്ങൾക്കം മറ്റും സ്വജനപക്ഷപാതം എന്ന വാദത്തെ ഉപയോഗിച്ചത് വിമർശനത്തിനും ഇടയാക്കി.

കങ്കണ എന്ന വിസിൽ ബ്ലോവർ

സത്യത്തിൽ ബോളിവുഡിലെ വിസിൽബ്ലോവർ എന്ന് പറയാവുന്നത് നടി കങ്കണ റണ്ണൗത്ത് ആണ്. അവരുടെ തുടർച്ചയായി ഇടപെടലാണ് താരാധിപത്യത്തെയും ഡ്രഗ് മാഫിയയെയും പൊതുജനങ്ങളുടെ മുമ്പിൽ കൊണ്ടുവരാൻ ഇടയാക്കിയ്ത്. ബോളിവുഡ് നടന്മാരായ രൺബീർ കപൂർ, രൺവീർ സിങ്, അയാൻ മുഖർജി, വിക്കി കൗശൽ എന്നിവർക്ക് നേരേയാണ് കങ്കണ രംഗത്തെത്തി. സ്വയം രക്ത പരിശോധന നടത്തി തങ്ങൾ ലഹരിക്കടിമയല്ലെന്ന് ആരാധകരെ അറിയിച്ചൂടെയെന്നാണ് കങ്കണ ഇവരോട് ചോദിച്ചത്.

'രൺവീർ സിങ്, രൺബീർ കപൂർ, അയാൻ മുഖർജി, വിക്കി കൗശൽ, നിങ്ങളോട് ഞാൻ ഒരു കാര്യം അഭ്യർത്ഥിക്കുന്നു. ബോളിവുഡിലെ ഡ്രഗ് അഡിക്ട്‌സ് ആണ് നിങ്ങളെന്ന ഗോസിപ്പുകളോട് പ്രതികരിക്കാൻ നിങ്ങൾക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വയം രക്ത പരിശോധന നടത്തി അതിന്റെ ഫലം ആരാധകരെ അറിയിച്ച് ഇതിന് മറുപടി നൽകാൻ തയ്യാറാകു'- കങ്കണ ട്വിറ്ററിൽ കുറിച്ചു.ഇത്തരത്തിൽ ഒരു ചലഞ്ച് ഇവർ ഏറ്റെടുക്കുന്നത് നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് ഒരു മാതൃകയാകുമെന്നും കങ്കണ പറയുന്നു.

നേരത്തേ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ നാർകോട്ടിക്സ് ബ്യൂറോ ഇടപെട്ടതിന് പിന്നാലെ ആരോപണവുമായി ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ പി.ആർ ടീം രംഗത്തെത്തിയിരുന്നു. നാർക്കോട്ടിക്സ് ബ്യൂറോ ബോളിവുഡിൽ വന്ന് അന്വേഷണമാരംഭിച്ചാൽ എ-ലിസ്റ്റിൽപ്പെട്ട നിരവധി താരങ്ങൾ കുടുങ്ങും. ഇവരുടെയൊക്കെ രക്തം പരിശോധിച്ചാൽ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്ത് വരും. പ്രധാനമന്ത്രി ബോളിവുഡിലെ ഗർത്തങ്ങൾ സ്വച്ഛ് ഭാരത് മിഷനിലൂടെ ശുദ്ധീകരിക്കുമെന്നാണ് കരുതുന്നത്,' ടീം കങ്കണ ട്വീറ്റ് ചെയ്തു.താനും മയക്കുമരുന്നിന് വിധേയയായിട്ടുണ്ടെന്നും പ്രശസ്ത സിനിമകളിൽ വേഷം ലഭിച്ചപ്പോഴാണ് ഇവിടങ്ങളിലെ വലിയ രീതിയിൽ നടക്കുന്ന ദുഷിച്ച മാഫിയകളെക്കുറിച്ച് അറിയുന്നതെന്നും ട്വീറ്റിൽ പറഞ്ഞു.സിനിമാ മേഖലയിലെ കൂടുതലായും ഉപയോഗിച്ച് വരുന്നതുകൊക്കൈൻ ആണെന്നും ടീം കങ്കണ മറ്റൊരു ട്വീറ്റിൽ പറയുന്നു.

എല്ലാ ഹൗസ് പാർട്ടികളിലും ഇത് യഥേഷ്ടം ഉപയോഗിച്ച് വരുന്നു. നല്ല വില വരുന്ന മയക്ക് മരുന്നുകളാണ് ഇവയെങ്കിലും നിങ്ങൾ ഈ പാർട്ടിയിൽ ആദ്യമായി വരികയാണെങ്കിൽ നിങ്ങൾക്കിത് സൗജന്യമായി തരും. എം.ഡി.എം.എ ക്രിസ്റ്റലുകൾ വെള്ളത്തിൽ കലക്കി നിങ്ങൾക്ക് തരും. നിങ്ങളെ അറിയിക്കുക കൂടിചെയ്യാതെ,' ടീം കങ്കണ പറഞ്ഞു.നാർക്കോട്ടിക്സ് ബ്യൂറോയെ സഹായിക്കാൻ താൻ തയ്യാറാണെന്നും കങ്കണ ഇതിന്റെ തുടർച്ചയായി വന്ന ട്വീറ്റിൽ പറഞ്ഞു.'കേന്ദ്ര സർക്കാരിൽ നിന്നും സംരക്ഷണം ലഭിക്കുമെങ്കിൽ നാർക്കോട്ടിക്സ് ബ്യൂറോയെ സഹായിക്കാൻ ഞാൻ തയ്യാറാണ്. എന്റെ കരിയർ മാത്രമല്ല, ജീവൻ കൂടിയാണ് ഇവിടെ അപകടത്തിലാക്കുന്നത്. സുശാന്തിന് ചില വൃത്തികെട്ട രഹസ്യങ്ങൾ അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്,'-ടീം കങ്കണ ട്വീറ്റ് ചെയ്തിരുന്നു.

ബോളിവുഡിലെ തുടക്ക കാലത്ത് ഒരു സ്വഭാവ നടനിൽ നിന്നും ഉണ്ടായ ദുരനുഭവം നടി കങ്കണ തുറന്നു പറഞ്ഞു. ഒരു സഹനടൻ തനിക്ക് മയക്കുമരുന്ന് നൽകുകയും ദുരുപയോഗം ചെയ്‌തെന്നുമാണ് കങ്കണ പറയുന്നത്.16-ാം വയസ്സിൽ മണാലിയിൽ നിന്നും മുംബൈയിലേക്ക് വന്ന തന്റെ സ്വയം സംരക്ഷകനായി ഇയാൾ മാറുകയും പിന്നീട് നിരന്തരമായി തന്നെ ശല്യപ്പെടുത്തിയെന്നുമാണ് കങ്കണ പറയുന്നത്. മുംബൈയിൽ തന്റെ ഒപ്പം താമസിച്ചിരുന്ന ബന്ധുവുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് ഇവരെ ഒഴിവാക്കി തന്നെ വീട്ടിൽ പൂട്ടിയിട്ടെന്നും കങ്കണ പറയുന്നു.'അയാൾ എന്റെ ആന്റിയുമായി കലഹത്തിലാവുകയും അവരെ പുറത്താക്കുകയും ചെയ്തു. എന്നാൽ എന്നെ ആ വീട്ടിൽ പൂട്ടിയിട്ടു. ഞാനെന്ത് ചെയ്താലും അയാളുടെ സ്റ്റാഫുകൾ അപ്പപ്പോൾ ആയാൾക്കു വിവരം നൽകിക്കൊണ്ടിരുന്നു. എനിക്കിതൊരു വീട്ടു തടങ്കൽ പോലെ അനുഭവപ്പെട്ടു.

' അയാൾ എന്നെ പാർട്ടികൾക്കു കൊണ്ടു പോയി. ഒരിക്കൽ വല്ലാതെ കൂടിയ സമയത്ത് ഞങ്ങൾ തമ്മിൽ അടുത്തു. ഇത് ഞാൻ ബോധപൂർവം ചെയ്തതല്ലെന്ന് പിന്നീട്് മനസ്സിലായി. എനിക്ക് വലിയ അളവിൽ ഡ്രിങ്ക്‌സ് നൽകിയിരുന്നു,''ഈ സംഭവം ഒരാഴ്ചയ്ക്കുള്ളിൽ അയാളെന്റെ സ്വയം പ്രഖ്യാപിത ഭർത്താവായി. നിങ്ങളെന്റെ കാമുകനല്ലെന്ന് പറഞ്ഞാൽ അയാളെന്നെ ചെരുപ്പ് കൊണ്ട് തല്ലുമായിരുന്നു,' കങ്കണ പറഞ്ഞു.

ദുബായിൽ നിന്നുള്ള ചിലരുമായുള്ള മീറ്റിംഗുകളിൽ അയാൾ തന്നെ കൊണ്ടു പോയെന്നും തന്നെ ഇവരുടെ ഇടയിൽ തനിച്ചാക്കി ഇയാൾ പോവുമായിരുന്നെന്നും തന്നെ ദുബായിലേക്ക് കടത്തുകയാണോ എന്ന് ഭയപ്പെട്ടിരുന്നതായും കങ്കണ പറഞ്ഞു. ഇതിന്റെ എല്ലാം ദോഷ ഫലങ്ങൾ കങ്കണ അനുഭവിക്കുകയുമാണ്. അവർ മഹാരാഷ്ട്ര സർകകാറിന്റെ നോട്ടപ്പുള്ളിയാണിപ്പോൾ. അവരുടെ ഓഫീസ് പൊളിച്ച് കളഞ്ഞതിനുപിന്നിലും ആരുടെയൊക്കെ കറുത്ത കരങ്ങൾ ഉണ്ടെന്ന് വ്യക്തമല്ല.

ബോളിവുഡിൽ കങ്കണയാണെങ്കിൽ കന്നഡയിൽ കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ് ഡ്രഗ് മാഫിയയെ ചെറുക്കുന്നത് സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷാണ്.

ഇന്ദ്രജിത്ത് ലങ്കേഷ് തുറന്നിട്ട ഭൂതം

അനീതിക്കെതിരെ പടപൊരുതി ഹിന്ദുത്വ ശക്തികളുടെ വെടിയേറ്റ് മരിച്ച ഗൗരിലങ്കേഷിന്റെ സഹോരദരനണ് ഇന്ദ്രജിത്ത് ലങ്കേഷ്. ശരിക്കും ഒരു യുവ പേരാളി. ഇന്ദ്രജിത്തിന്റെ അശ്രാന്തമായ പരിശ്രമവും തുറന്നു പറച്ചിലുമാണ് കന്നഡ സിനിമയിൽ കൊടികുത്തി വാഴുന്ന ഡ്രഗ് മാഫിയയെ കുറിച്ചുള്ള വിവരങ്ങൾ പൊതു ജനത്തിന് മുന്നിൽ എത്തിച്ചത്. കന്നഡ സംവിധായകനും നിർമ്മാതാവുമായ ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരേ ഒരു കാര്യമേ പറയുന്നുള്ളൂ സാൻഡൽവുഡിലെ ലഹരി റാക്കറ്റിനെക്കുറിച്ച്. 2 യുവനടിമാർ അറസ്റ്റിലായിരിക്കുന്നു. ഇനിയും അറസ്റ്റുണ്ടാകാം. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ച കേസിലെ ലഹരി ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണമാണു ബെംഗളൂരുവിലെ ലഹരിവേട്ടകളിലേക്കും അതിന്റെ സിനിമാ ബന്ധങ്ങളിലേക്കും എത്തിപ്പെട്ടത്. ഇന്ദ്രജിത്തിന്റെ ആരോപണങ്ങളോട് ആദ്യം മുഖം തിരിച്ചെങ്കിലും കന്നഡ ഫിലിം ചേംബറും ഇപ്പോൾ സ്വരം മാറ്റിയിരിക്കുന്നു, കന്നഡ സിനിമയിലെ അഴുക്കുകൾ നീക്കണമെന്നാണു പുതിയ നിലപാട്.

ഓഗസ്റ്റ് 21ന് കന്നഡ സീരിയൽ നടി ഡി. അനിഖയ്ക്കൊപ്പം എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിനെയും തൃശൂർ തിരുവില്വാമലയിൽ നിന്നുള്ള റിജേഷ് രവീന്ദ്രനെയും ലഹരിമരുന്നുകളുമായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതാണു സംഭവങ്ങളുടെ തുടക്കം. അനിഖയുടെ ഡയറിയിൽ സീരിയൽ, സിനിമാ, സംഗീത പ്രവർത്തകരുടെയും വിഐപികളുടെ മക്കളുടെയും വിവരങ്ങൾ. അതിനു പിന്നാലെ, ഇന്ദ്രജിത്തിന്റെ വെളിപ്പെടുത്തൽ കൂടിയായതോടെ സാൻഡൽവുഡിനെ ലഹരിമണം കവർന്നു. അതിനിടെ നടി മേഘ്ന രാജിനോട് ഇന്ദ്രജിത് മാപ്പു പറയുകയും ചെയ്തു. ലഹരിയെക്കുറിച്ചു പറയുന്നതിനിടെ, മേഘ്നയുടെ ഭർത്താവ് അകാലത്തിൽ മരിച്ച ചിരഞ്ജീവി സർജ(39)യുടെ പേരു പരാമർശിച്ചതാണു കാരണം. ഇതിനെതിരെ നടി ഫിലിം ചേംബറിനു പരാതി നൽകിയിരുന്നു. എങ്കിലും ഇതു കൂട്ടിച്ചേർത്തു, 'സർജയുടെ പേര് ലഹരി ബന്ധം ഉദ്ദേശിച്ചു പറഞ്ഞതേയല്ല. പക്ഷേ, ഇവിടെ ഒരു നടൻ ലഹരി ഉപയോഗിച്ച ശേഷം കാറോടിച്ച് അപകടത്തിൽപെട്ടു. സിനിമയിൽ 10-15 പേർക്കു ലഹരിബന്ധം ഉറപ്പായിട്ടുണ്ട്. എന്റെ പോരാട്ടം തുടരും'- ഇന്ദ്രജിത്ത് വ്യക്തമാക്കി.

രാഗണി ദ്വിവേദി ബിജെപിക്കു വേണ്ടി പ്രചാരണത്തിനെത്തി

അതിനിടെ മയക്കുമരുന്ന് മാഫിയയുടെ രാഷ്ട്രീയ ബന്ധങ്ങളിലേക്ക് അന്വേഷണം പോകുന്നില്ലെന്നും കന്നഡ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് കർണ്ണാടകയിൽ ചൂടേറിയ രാഷ്ട്രീയ സംവാദങ്ങളാണ് നടക്കുന്നത്.പതിനേഴ് എംഎ‍ൽഎമാരെ വിലയ്ക്കെടുത്ത് കോൺ.-ജെ.ഡി.എസ് മന്ത്രിസഭ പൊളിച്ചടുക്കാൻ ബിജെപി ഇറക്കിയ കോടികളുടെ ഉറവിടം മയക്കുമരുന്ന് മാഫിയയാണെന്ന മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാര സ്വാമിയുടെ പ്രസ്താവന നിസ്സാരമായ ഒന്നല്ല. അട്ടിമറിയുടെ ഭാഗമായ ജെ.ഡി.എസ് എംഎ‍ൽഎ കെ.സി.നാരായണ ഗൗഢയാണ് കഴിഞ്ഞ ഡിസംബറിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് മന്ത്രിയായത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി എന്ന് ബിജെപി വക്താവ് ക്യാപ്റ്റൻ ഗണേശ് കാർണിക് തുറന്ന് സമ്മതിക്കുന്നു.ഈ നടിയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾക്ക് തടയിടാനാവാം കോൺഗ്രസ് അനുഭാവമുള്ള നടി സഞ്ജനാ ഗിൽറാണിയെ മയക്കുമരുന്ന് കേസ്സിൽ അറസ്റ്റ് ചെയ്തത് എന്നും ആരോപണമുണ്ട്. ഭരിക്കുന്നവരെ സ്വാധീനിച്ച് കാര്യങ്ങൾ നടപ്പാക്കുകതെന്നത് എക്കാലവും മാഫിയയുടെ തന്ത്രം തന്നെയാണ്.

അതേസമയം എല്ലാ കണ്ണുകളും നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ ഡയറക്ടർ രാക്ഷേ അസ്താനയിക്കാണ് നീങ്ങുന്നത്. അദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. സിബിഐ മുൻ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെ ബിഎസ്എഫ് ഡയറക്ടർ ജനറൽ കൂടിയാണ് 1984ലെ ഗുജറാത്ത് കേഡർ ഐപിഎസ് ഓഫീസറാണ് ഇദ്ദേഹം. ഒട്ടേറെ പ്രമാദമായ കേസുകൾ അന്വേഷിച്ച ഓഫീസർ കൂടിയാണ് അസ്താന. 2002ൽ ഗുജറാത്ത് കലപാത്തിന് മുന്നോടിയായി നടന്ന ഗോധ്ര സബർമതി എക്സ്‌പ്രസ് തീവയ്‌പ്പ് കേസ്, ലാലു പ്രസാദ് യാദവിനെ ശിക്ഷിച്ച 1997ലെ കാലിത്തീറ്റ കുംഭകോണം എന്നിവ ഇതിൽ ചിലതാണ്. നിലവിൽ അദ്ദേഹം സിവിൽ വ്യോമയാന സുരക്ഷാ ബ്യൂറോ ഡയറക്ടർ ജനറലാണ്. അതേസമയം കളങ്കിതനായ ഉദ്യോസ്ഥാനാണ് അസ്താനയെന്നും ആരോപണമുണ്ട്.
മോയിൻ ഖുറേഷി അഴിമതിക്കേസിൽ ആരോപണ വിധേയനായ ഹൈദരാബാദിലെ ബിസിനസുകാരൻ സന സതീഷിൽ നിന്ന് അസ്താന കെക്കുക്കൂലി വാങ്ങിതെന്നത്് സിബിഐയിലും വിവാദമായിരുന്നു. ഭരണകക്ഷിയുടെ ചാർച്ചക്കാരനായ ഒരു ഉദ്യോഗസ്ഥൻ അന്വേഷിച്ചാൽ കേസിൽ തുമ്പ് ഉണ്ടാവില്ലെന്നും ആരോപണം ഉണ്ട്.

ബിനീഷിനൊപ്പം മലയാള നടന്മാരും അഗ്നി ശുദ്ധി തെളിയിക്കണം

കന്നഡ സിനിമയിലെ മയക്കുമരുന്നു വിവാദം ബിനീഷ് കോടിയേരിയും സീരിയൻ നടി അനിഖയും വഴിയൊക്കെ മലയാളത്തിലേക്കും എത്തിയരിക്കയാണ്. പക്ഷേ മലയാളത്തിലെ ന്യുജൻ സനിമക്കാർക്കെതിരെ നേരത്തെ തന്നെ ഈ വിഷയത്തിൽ ആരോപണം ഉയർന്നിട്ടുണ്ട്. 'ഷെയിൻ നിഗത്തിന്റെ വെയിൽ സിനിമാ വിവാദ സമയത്ത് ലോക്കേഷനുകളിൽ മയക്കുമരുന്ന് പരിശോധന വേണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇതിൽ പിന്നീട് ഒന്നും പറഞ്ഞുകേട്ടില്ല.'ചില താരങ്ങൾ കാരവാനിൽ നിന്ന് ഇറങ്ങാൻ തയ്യാറാകുന്നില്ല. കാരവാനുള്ളിൽ ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം ഉള്ളതായും പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ കൂട്ടിച്ചേർത്തു.സിനിമാ സെറ്റുകളിൽ ലഹരിയുടെ ഉപയോഗം കർശനമായി തടയണം. ഇതിനായി കാരവാനുകളിലടക്കം പരിശോധന നടത്തണമെന്നാണ് അഭിപ്രായം.'- ഇങ്ങനെയായിരുന്നു പ്രൊഡ്യൂസേഷ്സ് അസോസിയേഷന്റെ പ്രതികരണം.

കൊക്കെയ്‌നും ചരസും എൽഎസ്ഡിയും നമ്മുടെ ന്യൂജൻ സിനിമക്കാരുടെ കൂട്ടുകാരായെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. കൊച്ചി നഗരത്തിലെ ഫ്ളാറ്റുകൾ മിക്കതും ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ടവരുടെ താവളങ്ങളാണ്. രാവും പകലും ആളുകൾ വന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന സിനിമയുടെ തിരക്കഥാകൃത്തിനെ പൊലീസ് പിടിച്ചിട്ട് അധികനാളായില്ല. ലഹരി മൂത്ത് ഉടുതുണി പോലുമില്ലാതെ തൊട്ടടുത്ത ഫ്‌ളാറ്റിൽ താമസിച്ച വീട്ടമ്മയെ കയറിപ്പിടിച്ചതിനായിരുന്നു ഇത്. പ്രശ്‌നം സൃഷ്ടിക്കാൻ തുടങ്ങിയതോടെ പലരും സിനിമക്കാർക്ക് ഫ്‌ളാറ്റ് കൊടുക്കാതായി. നടൻ ഷൈൻടോം ചാക്കോ ഒരു കൊക്കെയിൻ പാർട്ടിയിൽ വെച്ച് നാലുവർഷം മുമ്പ് പിടിയിലായത് വൻ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു. കോടതി പിന്നീട് ഷൈൻ ടോമിനെ വെറുതെ വിട്ടെങ്കിലും സംഭവത്തിലെ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല. ഫോണിൽ ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് ഷൈനും മോഡലുകളും കുടുങ്ങിയതും.ഒരു പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞ അനുഭവം ഇങ്ങനെ. മുമ്പൊക്കെ താമസവും ഭക്ഷണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് തങ്ങൾക്ക് പരിഹരിക്കാൻ ഉണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ രാവിലെ പലപ്പോഴും 'നീലച്ചടയൻ' തേടി നടക്കേണ്ട അവസ്ഥയാണ്.അൽപ്പം ശ്രദ്ധിച്ചില്ലെങ്കിൽ മലയാള സിനിമയും ഡ്രഗ് മാഫിയയുടെ പടിയിൽ അമരും. അതിനെതിരെയുള്ള ജാഗ്രതയാണ് അമ്മ അടക്കമുള്ള സംഘടനകൾ എടുക്കേണ്ടതും.

അതുകൊണ്ടുതന്നെ ബോളിവുഡ് ആരാധകർ സോഷ്യൽ മീഡിയയിൽ ഉയർത്തിയതുപോലെ ഒരു ചലഞ്ച് നമ്മുടെ മല്ലുവുഡിലും നടക്കട്ടെ. ലഹരി ആരോപണം നേരിടുന്ന ന്യുജൻ താരങ്ങൾ സ്വയം രക്തം പരിശോധിച്ച്, ഡ്രഗ് അഡിക്റ്റല്ല എന്ന് സോഷ്യൽ മീഡിയയിൽ പ്രതികരിക്കട്ടെ. സ്വയം ശുദ്ധീകരിക്കാതെ എല്ലാം പൊലീസിന് വിട്ടുകൊടുത്ത് മാറിനിൽക്കുന്നതിൽ യാതൊരു കഥയുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP