Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ജാതി പ്രഭുക്കന്മാരുടെയും ഖനി-മദ്യ മാഫിയയുടെയും വെടിയേറ്റ് മരിച്ചത് നിരവധി സഖാക്കൾ; ആദിവാസികളുടെയും ദലിതരുടെയും കർഷകരുടെയും പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തിയത് അനവധി സമരങ്ങൾ; കാമ്പയിൻ നയിച്ചത് യെച്ചൂരിയും കാരാട്ടുമല്ല, കനയ്യയും കവിതാകൃഷനും തേജസ്വിയും; ബീഹാറിലെ പൊരുതുന്ന ഇടതുപക്ഷം

ജാതി പ്രഭുക്കന്മാരുടെയും ഖനി-മദ്യ മാഫിയയുടെയും വെടിയേറ്റ് മരിച്ചത് നിരവധി സഖാക്കൾ; ആദിവാസികളുടെയും ദലിതരുടെയും കർഷകരുടെയും പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തിയത് അനവധി സമരങ്ങൾ; കാമ്പയിൻ നയിച്ചത് യെച്ചൂരിയും കാരാട്ടുമല്ല, കനയ്യയും കവിതാകൃഷനും തേജസ്വിയും; ബീഹാറിലെ പൊരുതുന്ന ഇടതുപക്ഷം

എം മാധവദാസ്

ബീഹാറിൽ വീണ്ടും ഇടതുപക്ഷവസന്തം! തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യമാണിത്. 17 സീറ്റുകളിൽ ഇടതുപക്ഷം ജയിച്ചത് സ്വാഭാവികമായും അവർക്ക് ആഹ്ലാദിക്കാനുള്ള വകുപ്പ് നൽകുന്നുണ്ടെങ്കിലും, കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട് കേരളത്തിലെയും ബീഹാറിലെയും ഇടതുപക്ഷങ്ങൾ. നയത്തിന്റെയും നിലപാടിന്റെയും അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ഇവർ തമ്മിൽ പേരിലെ സാമ്യങ്ങൾ മാത്രമേ കാണുകയുള്ളൂ. ജാതി പ്രഭുക്കന്മാരുടെയും ഖനി-മദ്യ മാഫിയയുടെയും ഒരുപോലെ എതിർത്താണ് ഇവിടെ ഇടതുപക്ഷം വെന്നിക്കൊടി നാട്ടുന്നത്. നിരവധി സഖാക്കൾക്കാണ് ഈ ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായത്്. ഖനിമേഖലകളിലും മറ്റും കോർപ്പറേറ്റ് ചൂഷണത്തിനെതിരെ നിരവധി പോരാട്ടങ്ങളാണ് ഇവിടെ ഇടതുപക്ഷത്തിന്റെ, വിശിഷ്യാ, സിപിഐഎംഎല്ലിന്റെ നേതൃത്വത്തിൽ നടന്നുപോയത്. ഇവിടെ അലൻ-താഹ കേസും മവോയിസ്റ്റ് വേട്ടയും, വൻകിട പദ്ധതകളും തൊട്ട് സ്വർണ്ണ-ലഹരികേസുകളിൽവരെ ആരോപിതരായി ഇടതുപക്ഷം ജീർണ്ണിക്കുമ്പോൾ, ജീവൻ പണയംവെച്ച് പോരടിക്കുന്ന ആർജ്ജവമുള്ള ഇടതുപക്ഷത്തെയാണ് നിങ്ങൾക്ക് ബീഹാറിൽ കാണാൻ കഴിയുക.

മത്സരിച്ച 29 സീറ്റിൽ 17 ലും മുന്നേറി ബീഹാറിൽ ഇടതുപക്ഷം നടത്തിയത് അത്യുജ്വല മുന്നേറ്റംമാണ്. . മത്സരിച്ച 19ൽ 12 ൽ സിപിഐഎംഎൽ കുതിച്ചപ്പോൾ നാല് സീറ്റിൽ രണ്ടിലും സിപിഎം വിജയിച്ചു. ആറ് സീറ്റിൽ മത്സരിച്ച സിപിഐക്കും മൂന്ന് സീറ്റിൽ ജയിക്കാനായി. ബിഹാറിലെ ലെനിൻഗ്രാഡ് എന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബെഗുസരായിലെ ഏഴ് മണ്ഡലത്തിൽ നാലിലും ഇടതുപക്ഷം കൊടിപാറിച്ചു.മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസിന് മത്സരിച്ച 70ൽ 20 ഇടത്തുമാത്രം ജയിക്കാനായപ്പോഴാണ് ഇടതുപക്ഷം 29ൽ 17 ഉം സ്വന്തമാക്കിയത്. എഴുപത് സീറ്റ് വേണമെന്ന കോൺഗ്രസിന്റെ പിടിവാശിയാണ് ഇടതുപക്ഷ പാർട്ടികളുടെ സീറ്റുവിഹിതം 29ൽ ഒതുക്കിയത്. അർഹമായ സീറ്റുവിഹിതം ലഭിച്ചില്ലെന്ന ആക്ഷേപം ഇടതുപക്ഷത്തിനുണ്ടായിരുന്നു. കോൺഗ്രസിന്റെ പിടിവാശിക്ക് വഴങ്ങാതെ കൂടുതൽ സീറ്റുകൾ ഇടതുപക്ഷത്തിന് നൽകിയിരുന്നെങ്കിൽ ഒരുപക്ഷേ തെരഞ്ഞെടുപ്പ് ചിത്രംതന്നെ മാറിയേനെയെന്നാണ് ഫലങ്ങൾ വെളിപ്പെടുത്തുന്നത്. ബിജെപിയുമായി മുഖാമുഖം ഏറ്റുമുട്ടിയ പല മണ്ഡലങ്ങളിലും കോൺഗ്രസ് ദയനീയമായി തകർന്നപ്പോൾ ബിജെപിയുടെയും ജെഡിയുവിന്റെ കോട്ടകൊത്തളങ്ങൾ തകർത്താണ് ഇടതുപക്ഷ സ്ഥാനാർത്ഥികൾ കുതിച്ചത്.

നയിച്ചത് കനയ്യകുമാറും കവിതാകൃഷ്ണനും

ഇടതുപാർട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നതായിരുന്നു ബീഹാർ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രതികരണം. കൂടൂതൽ സീറ്റുകൾ നൽകിയിരുന്നെങ്കിൽ കൂടുതൽ വിജയം ഉറപ്പിക്കാൻ സാധിക്കുമായിരുന്നുവെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. പക്ഷേ തെരഞ്ഞെടുപ്പിൽ യെച്ചൂരിയുടെ പാർട്ടിയായ സിപിഎമ്മിനേക്കാൾ വീറും വാശിയും കാണിച്ചത് സിപിഐയും സിപിഐഎംഎൽ നേതാക്കളുമായിരുന്നു. ഇപ്പോൾ വീമ്പിളക്കുന്ന യെച്ചൂരിയും കാരാട്ടുമൊന്നും അവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിരുന്നില്ല. കനയ്യകുമാർ ആയിരുന്നു കാടിളക്കിയുള്ള പ്രചാരണത്തിന് നേതൃത്വം കൊടുത്ത്. നോക്കകു കനയ്യക്ക് പാർട്ടി ഒരു സീറ്റുപോലും കൊടുത്തില്ല. ഇടതുപക്ഷത്തിന്റെ യുവത്വത്തിന്റെ മുഖമായ ആ ചെറുപ്പക്കാരൻ പക്ഷേ അതൊന്നും കാര്യമാക്കാതെ പ്രചാരണ രംഗത്ത് സജീവമായി. ഇളക്കിമറിക്കുന്ന ആവേശമാണ് കനയ്യ ഉണ്ടാക്കിയത്. ഇടത് പാർട്ടികൾക്ക് ബീഹാറിലെ യുവാക്കൾക്ക് ഇടയിൽ കൈവന്ന സ്വാധീനമാണ് മുന്നേറ്റത്തെ പിന്തുണച്ച മറ്റൊരു ഘടകം എന്നാണ് വിലയിരുത്തൽ. കനയ്യക്കൊപ്പം സിപിഐയുടെ വിദ്യാർത്ഥിസംഘടനയായ എഐഎസ്എഫ്, സിപിഐ എംഎഎല്ലിന്റെ വിദ്യാർത്ഥിസംഘടനയായ എഐഎസ്എ എന്നിവയുടെ നേതാക്കളെ സ്ഥാനാർത്ഥികളാക്കിയതും വിജയഘടകമായി.

അതുപോലെ സിപിഐഎംഎൽ നേതാക്കളും. കവിതാകൃഷ്ണനപ്പോലുള്ള എംഎൽ നേതാക്കളാണ് ബീഹാറിൽ ക്യാമ്പ് ചെയ്ത് ദേശീയമാധ്യമങ്ങളിൽപോലും ഇടതുപക്ഷത്തിന്റെ മുഖമായി നിന്നത്. എന്നാൽ കോവിഡ് നിയന്ത്രണം ഉള്ളതുകൊണ്ട് ആവാം, ഇന്ത്യയിൽ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനത്തിലെ മുഖ്യമന്ത്രി അവിടെ പ്രചാരണത്തിന് എത്തിയിരുന്നില്ല. പക്ഷേ ഇടതുപക്ഷം ഈ നേട്ടത്തിന് നന്ദി പറയേണ്ടത് തേജസ്വി യാദവ് എന്ന ആർജെഡിയുടെ യുവ നേതാവനോടാണ്. ലാലുവിന്റെ കാലമാണെങ്കിൽ ഈ സീറ്റുകൾ ഒന്നും ഇടതുപക്ഷത്തിന് നൽകില്ല. ആർജെഡിയുടെ സിറ്റിങ് സീറ്റുപോലും തേജസ്വി സഖ്യം പൊളിയാതിരിക്കാൻ ഇടതുപക്ഷത്തിന് നൽകി. മാത്രമല്ല അവർക്കുവേണ്ടി സജീവമായി പ്രചാരണ രംഗത്തും ഇദ്ദേഹം നിറഞ്ഞു നിന്നു.

ബീഹാറിലെ ചെങ്കൊടി ഇപ്പോഴും അടിസ്ഥാന വർഗത്തിനുവേണ്ടിയുള്ളത് തന്നെയാണ്.
ഇടതുപാർട്ടികളുടെ തന്നെ അഭിപ്രായത്തിൽ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തതാണ് തങ്ങളുടെ വിജയത്തിന് കാരണം എന്നാണ്. തൊഴിലാളികളെയും അംഗൻവാടി ജീവനക്കാർ ഉൾപ്പെടെയുള്ള സ്ത്രീകളെ സംഘടിപ്പിക്കാനും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കേഡർ ബേസ് വർദ്ധിപ്പിക്കാനും ഇടതുപാർട്ടികൾക്കായി

നന്ദിപറയേണ്ടത് തേജസ്വി യാദവിന് കൂടി

.മറ്റ് രണ്ടു മുഖ്യധാര ഇടതുപാർട്ടികളെക്കാളും ബിഹാർ രാഷ്ട്രീയത്തിൽ സ്വാധീനമുള്ള പാർട്ടിയാണ് എം.എൽ. അതുകൊണ്ട് തന്നെ ലാലുവിന്റെ ഭരണകാലത്ത് പോലും ആർജെഡിയിലെ ഗുണ്ടാ നേതാക്കളാൽ എംഎല്ലിന്റെ നിരവധി നേതാക്കൾ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഈയടുത്ത് വരെയും പലയിടങ്ങളിൽ ആജന്മ ശത്രുക്കളായാണ് ആർജെഡിയും എംഎല്ലും പരസ്പരം പെരുമാറിയിരുന്നത്. എന്നാൽ അവിടെ നിന്ന് കാര്യമായ മാറ്റം ഇത്തവണ വന്നു എന്നാണ് നേതാക്കൾ തന്നെ പറയുന്നു. ഇത്തവണ ഇടതുപാർട്ടികൾക്ക് താഴേത്തട്ടിലുള്ള സ്വാധീനം തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ആർജെഡി സഖ്യതീരുമാനം അംഗീകരിക്കുകയായിരുന്നു. എന്നാൽ ഇടതുപാർട്ടികൾക്ക് 29 സീറ്റുകൾ നൽകാനുള്ള തേജസ്വിയുടെ തീരുമാനം പാർട്ടിയിൽ പോലും അത്രയെളുപ്പം സ്വീകരിക്കപ്പെട്ടിരുന്നില്ല. കാരണം, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ ആവാം മോർച്ച, ബോളിവുഡിലെ സ്റ്റേജ് ഡിസൈനർ ആയിരുന്ന മുകേഷ് സാഹ്നി രൂപീകരിച്ച വികാസ്ശീൽ ഇൻസാൻ പാർട്ടി, മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക സമത പാർട്ടി തുടങ്ങിയ പാർട്ടികൾ സഖ്യത്തിന്റെ ഭാഗമാകാതിരുന്നതിന്റെ കാരണം ആവശ്യപ്പെട്ട സീറ്റുകൾ ലഭിക്കാതിരുന്നതാണ്. ഇതിൽ എച്ച്എഎമ്മും വിഐപി പാർട്ടിയും ബിജെപിയുമായി സഖ്യമുണ്ടാക്കുകയും നേട്ടമുണ്ടാക്കി, കുഷ്വാഹ ഒവൈസിയുടെ എഐഎംഐഎമ്മിനൊപ്പം ചേർന്ന് പുതിയ മുന്നണി ഉണ്ടാക്കുകയും ചെയ്തു. ഇവർക്കൊന്നും സീറ്റുകൾ നൽകാതെ മുമ്പ് കാര്യമായ വിജയം നേടിയിട്ടില്ലാത്ത ഇടതു പാർട്ടികൾക്ക് ഇത്രയേറെ സീറ്റുകൾ നൽകിയത് തുടക്കത്തിൽ സ്വീകരിക്കപ്പെട്ടില്ലെങ്കിലും തേജസ്വിയുടെ തീരുമാനം ശരിയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു.

ആർജെഡി യോഗങ്ങളിൽ ചിട്ടയായ പ്രചരണവുമായി രംഗത്തിറങ്ങിയതും ഇടതു പാർട്ടികളുടെ കേഡറുകൾ ആയിരുന്നു. അതുകൊണ്ട് തന്നെ മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി കേവലം ജാതി, മത സമവാക്യങ്ങളിൽ നിന്ന് മാറി സമ്പദ് വ്യവസ്ഥയെ കുറിച്ചും കാർഷിക പ്രശ്നങ്ങളും തുല്യവേതനവും ആരോഗ്യ-വൈദ്യ മേഖലയും ഒക്കെ ചർച്ചയായി. മഹാഗഡ്ബന്ധന്റെ 25 ഇന പരിപാടികളിൽ ഇവ ഉൾപ്പെടുത്തുകയും ചെയ്തു. തേജസ്വി യാദവിന്റെ 10 ലക്ഷം പേർക്ക് തൊഴിൽ എന്ന വാഗ്ദാനം ബിഹാർ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. തൊഴിലില്ലായ്മ, ഉച്ചഭക്ഷണ പദ്ധതി, ആഷാ വർക്കേഴ്സിന്റെ പ്രശ്നങ്ങൾ, വിദ്യാഭ്യാസ പ്രശ്നങ്ങൾ തുടങ്ങി നിരവധി സാമൂഹിക വിഷയങ്ങൾ ഏറ്റെടുത്തതാണ് ഇടതുപാർട്ടികളെ തുണയ്ക്കുന്നതെന്ന് ഐസ പ്രസിഡന്റും ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായിരുന്ന എസ്. സായ് ബാലാജി പറയുന്നു.കോൺഗ്രസിന് 70 സീറ്റുകൾ നൽകുന്നതിന് പകരം ഞങ്ങൾക്ക് 50 സീറ്റുകൾ തന്നിരുന്നെങ്കിൽ എന്ന് സിപിഐഎംഎൽ നേതാവ് ദീപാങ്കർ ഭട്ടാചാര്യ അഭിപ്രായപ്പെട്ടതും ഇവിടെ ചേർത്തുവായിക്കണം.

പണക്കൊഴുപ്പിന് ജനങ്ങളെ അണിനിരത്തി മറുപടി

അടിത്തറിയിൽ പിന്തുണയൂണ്ടെങ്കിലും വിന്നിങ്ങ് പൊസിഷനിലേക്ക് കടക്കാൻ കഴിയുന്നില്ല എന്നതായിരുന്നു ബീഹാറിലെ ഇതുപക്ഷത്തിന്റെ പ്രശ്നം. മാത്രമല്ല ഒറ്റക്ക് നിന്നാൽ ജയിക്കില്ല എന്നതിനാൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥിയിലേക്ക് ഇടതുവോട്ടുകൾ പോവുക പതിവായിരുന്നു.എന്നാൽ, മഹാസഖ്യത്തിന്റെ ഭാഗമായി ഇടതുപക്ഷം മാറിയതോടെ ചിത്രം മാറി. രണ്ട് മുന്നണി തമ്മിലുള്ള നേർക്കുനേർ പോരാട്ടമെന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് മാറിയതോടെ ബിഹാറിലെ ഇടതുപക്ഷപ്രവർത്തകർ സജീവമായി പ്രചാരണരംഗത്തേക്ക് കടന്നുവന്നു. ചെറുപ്പക്കാരായ സ്ഥാനാർത്ഥികളെ ഇടതുപക്ഷം കൂടുതലായി അണിനിരത്തിയതും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉണർവേകി.

വോട്ടർമാരെ പരമാവധി നേരിൽക്കണ്ടാണ് ഇടതുപക്ഷ സ്ഥാനാർത്ഥികൾ വോട്ടുതേടിയത്. മഹാസഖ്യം ഉയർത്തിയ ജനകീയ വിഷയങ്ങൾക്കൊപ്പം പ്രാദേശികമായ വികസനപ്രശ്‌നങ്ങളും ഇടതുപക്ഷം ഏറ്റെടുത്തു. മണ്ഡലത്തിലെ സ്‌കൂളുകളുടെയും ആശുപത്രികളുടെയും വികസനം ഉറപ്പുനൽകി. മെച്ചപ്പെട്ട റോഡുകൾ, പാർപ്പിടം തുടങ്ങിയ വാഗ്ദാനങ്ങളും ജനങ്ങൾ ഏറ്റെടുത്തു. എൻഡിഎയുടെ പണക്കൊഴുപ്പിൽ മുങ്ങിയ പ്രചാരണത്തെ തീർത്തും ലളിതമായി വോട്ടർമാരെ പരമാവധി നേരിൽ സമീപിച്ച് ഇടതുപക്ഷം മറികടന്നു.

മഹാസഖ്യത്തിലെ മറ്റ് ഘടകകക്ഷികളുമായി ഇഴുകിച്ചേർന്നുള്ള പ്രവർത്തനവും ഇടതുപക്ഷത്തിന് സാധ്യമായി. ജാതി അടിസ്ഥാനത്തിലും മറ്റും വോട്ടുകൾ ഭിന്നിക്കാതെ മുന്നണിയുടെ ഐക്യം ഉറപ്പുവരുത്തുന്നതിലും സുഗമമായ വോട്ടുമാറ്റം സാധ്യമാക്കുന്നതിലും ഇടതുപക്ഷം വിജയിച്ചു. മുസ്ലിം- യാദവ വോട്ടുകൾമാത്രം അടിത്തറയായുള്ള ആർജെഡി മുന്നണിക്ക് ഇടതുപക്ഷം എത്തിയതോടെ താഴെത്തട്ടിലുള്ള മറ്റ് ജനവിഭാഗങ്ങളുടെ പിന്തുണകൂടി ആകർഷിക്കാനുമായി.

ബിജെപിയുടെയും എൻഡിഎയുടെയും കൊട്ടിഘോഷിച്ചുള്ള പ്രചാരണങ്ങളെ മറികടന്ന് മത്സരം കടുത്തതാക്കാൻ മഹാസഖ്യത്തിന് ഊർജമേകിയതും ഇടതുപക്ഷത്തിലൂടെ എത്തിയ ഈ അധികവോട്ടുകൾ തന്നെയാണ്. തൊണ്ണൂറുകൾവരെ ബിഹാറിൽ ശക്തമായിരുന്ന ഇടതുപക്ഷത്തിന് പഴയ കരുത്ത് വീണ്ടെടുക്കാനുള്ള അവസരംകൂടിയൊരുക്കുകയാണ് ഇപ്പോഴത്തെ മിന്നുംവിജയം. ഒവൈസിയുടെ മൂന്നാം മുന്നണി വോട്ട് ഭിന്നിപ്പിച്ചിട്ടില്ലായിരുന്നെങ്കിൽ മഹാസഖ്യത്തിന് വിജയം ഉറപ്പായിരുന്നു.

മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ പൊരുതുന്നു

മദ്യ- മയക്കുമരുന്ന് മാഫിയക്കെതിരെ നിരന്തരം പോരാടുന്നുണ്ട് ഇവിടെ ഇടതുപാർട്ടി. ജാതി കർഷ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നപോലെ അവർ ഈ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നു. സിപിഎം നിസ്സാര വോട്ടുകൾക്ക് തോന്ന മതിഹാനി മണ്ഡലത്തിലെ ജെഡിയു സ്ഥാനാർത്ഥി ഒരു മാഫിയാ കിങ്ങ് ആണ്. ഇനിടെ അവസാന റൗണ്ട് വരെ മുന്നിൽ നിന്ന സിപിഐം സ്ഥാനാർത്ഥിയെ ക്രമക്കേട് കാട്ടി തോല്പിക്കുകയായിരുന്നുവെന്നു സിപിഎം ആരോപിക്കുന്നത്. ജനതാദൾ യു വിന്റെ സിറ്റിങ് എംഎൽഎ ബോഗോ സിങ്ങിനെ എൽജെപിയിലെ രാജ്കുമാർ സിങ് തോൽപ്പിച്ചതായാണ് പ്രഖ്യാപനം വന്നത്. സി പി എം സ്ഥാനാർത്ഥിയായി മത്സരിച്ച പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം രാജേന്ദ്ര പ്രസാദ് സിങ് തൊട്ടുപിന്നിൽ മൂന്നാമതായി. അവസാന റൗണ്ട് വരെ ഉദ്വേഗം നിറഞ്ഞുനിന്ന വോട്ടെണ്ണലിന്റെ പല ഘട്ടത്തിലും സിപി െഎം മുന്നിലായിരുന്നു. 333 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. വിജയിയും മൂന്നാമതെത്തിയ സിപി എം സ്ഥാനാർത്ഥിയുമായി 765 വോട്ടിന്റെ വ്യത്യാസമേയുള്ളൂ. രാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപിക്ക് കിട്ടിയ ഏക സീറ്റാണിത്

നിരവധി മാഫിയാ സംഘങ്ങൾ വാഴുന്ന ബെഗുസരായി- മതിഹാനി മേഖലയിൽ മദ്യ- മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നത് ബോഗോ സിങാണെന്ന് ആക്ഷേപമുണ്ട്. എൽജെപി സ്ഥാനാർത്ഥിയായി വിജയിച്ച രാജ്കുമാർ സിങിനും പരോക്ഷമായി മാഫിയാ ബന്ധമുണ്ട്. 1950 കൾ മുതൽ മൂന്ന് ദശകകാലം ബീഹാറിൽ ഭീതി പടർത്തിയ മാഫിയാ തലവൻ കാംദേവ് സിങിന്റെ മകനാണ് രാജ്കുമാർ. ഒരു കാലത്ത് ബെഗുസരായിൽ ശക്തമായിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കോൺഗ്രസുമായി ചേർന്ന് ദുർബലപ്പെടുത്തുന്നതിൽ പ്രധാനപങ്ക് വഹിച്ചത് കാംദേവ് സിങാണ്.

അമ്പതുകളിൽ തന്നെ മതിഹാനീ ഉൾപ്പെടുന്ന ബെഗുസരായ് മേഖലയിൽ തെരഞ്ഞെടുപ്പ് വിജയം നേടാൻ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് മുന്നേറ്റം തടയാൻ കോൺഗ്രസ് കൂട്ടുപിടിച്ചത് കാംദേവ് സിങ് എന്ന അധോലോക നായകനെയാണ്. 1957 ൽ രണ്ടാമത്തെ ദേശീയ തെരഞ്ഞെടുപ്പ് നടന്നപ്പോൾ രാജ്യത്ത് ആദ്യമായി ബൂത്തുപിടുത്തം നടന്ന മണ്ഡലം എന്ന ദുഷ്പ്പേരും മതിഹാനിക്കുണ്ട്.കാംദേവും സംഘവും ബൂത്തുകൾ ഒന്നൊന്നായി പിടിച്ചെടുത്ത് പല മണ്ഡലങ്ങളിലും കോൺഗ്രസ് ജയം ഉറപ്പിച്ചു. 1980 ൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടും വരെ ബെഗുസരായിൽ കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാൻ കാംദേവ് യത്‌നിച്ചു. എൺപതോളം പേരെയാണ് ഈ മാഫിയാ തലവൻ കൊന്നൊടുക്കിയത്. ഇതെല്ലാം അതിജീവിച്ച പാർട്ടി അവിടെ ഇപ്പോഴും മാഫിയകക്കെതിരെ പൊരുതുന്നു.

അരലക്ഷത്തിലധികം വോട്ടിന് ജയിച്ചത് ഇഷ്ടകത്തൊഴിലാളിയുടെ മകൻ

സവർണ്ണരും പണമുള്ളവരും മാത്രം ജയിക്കുന്ന പതിവ് രീത് ബീഹാറിൽനിന്ന് മാറുന്ന എന്നതിന്റെ സൂചനകളും ഈ തെരഞ്ഞെടുപ്പ് നൽകുന്നത്. മനോജ് മൻസിൽ എന്നത് ബിഹാറിൽ നിന്നുള്ള ഒരു തീപ്പൊരി ദളിത് നേതാവിന്റെ പേരാണ്. ഇന്ന് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലങ്ങൾ വന്നപ്പോൾ, മഹാസഖ്യത്തിന്റെ ഭാഗമായി സിപിഐ(എംഎൽ) ടിക്കറ്റിൽ മത്സരിച്ച മനോജ്, ഭോജ്പൂർ പ്രവിശ്യയിലെ അഗിആവ് മണ്ഡലത്തിൽ നിന്ന്, തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി ജെഡിയുവിന്റെ പ്രഭുനാഥ് പ്രസാദിനെക്കാൾ 48, 550 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയിരിക്കുന്നത്.

മനോജിന്റെ അച്ഛനമ്മമാർ ഇന്നും പ്രദേശത്തെ ഒരു ഇഷ്ടികക്കളത്തിൽ തൊഴിലെടുക്കുന്ന കൂലിപ്പണിക്കാരാണ്. ഒക്ടോബർ എട്ടാം തീയതി, നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ, മനോജിനെ സർക്കാർ ഉദ്യോഗസ്ഥന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചുകൊണ്ട് കേസെടുത്ത് ജയിലിൽ തള്ളിയിരുന്നു. കുറച്ചു ദിവസം ആരാ ജയിലിൽ ചെലവിട്ട ശേഷമാണ് മനോജിന് ജാമ്യം കിട്ടിയത്. അതിനു ശേഷമാണ് അദ്ദേഹത്തിന് പ്രചാരണത്തിൽ മുഴുകാനായത്. ഇതിനു മുമ്പ് 2015 -ൽ ഇതേ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു മനോജ് എങ്കിലും, അന്ന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു അദ്ദേഹത്തിന്. ഇത്തവണ മനോജിന് ബലമായത് പ്രദേശത്ത് സ്വാധീനമുള്ള രാഷ്ട്രീയ ജനതാ ദളുമായുള്ള തെരഞ്ഞെടുപ്പ് സഖ്യമാണ്. ആർജെഡി നേതാവ്, ലാലുപ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് നേരിട്ട് വന്ന് മനോജ് മൻസിലിന് വേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

2018 ൽ ബിഹാറിലെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ദയനീയാവസ്ഥ കണക്കിലെടുത്ത് മനോജ് മൻസിൽ നടത്തിയ 'സഡക് കെ സ്‌കൂൾ' അഥവാ തെരുവുവിദ്യാലയം എന്ന പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. മനോജിന്റെ നേതൃത്വത്തിൽ നടന്ന പലവിധ പ്രക്ഷോഭങ്ങൾക്കും ഇടപെടലുകൾക്കും ശേഷമാണ് പ്രൈമറി വിദ്യാഭ്യാസരംഗത്ത് മുന്നേറ്റം നടത്താൻ ലക്ഷ്യമാക്കി ചില പദ്ധതികളെങ്കിലും തുടങ്ങാൻ നിതീഷ് കുമാർ സർക്കാർ നിർബന്ധിതമായത് എന്നും പറയപ്പെടുന്നു. എന്തായാലും, സമൂഹത്തിൽ സാമ്പത്തിക വ്യവസ്ഥയുടെ അടിത്തട്ടിൽ നിന്ന് ഒരു ദളിത് സ്ഥാനാർത്ഥി, അതും രണ്ടു കൂലിപ്പണിക്കാരുടെ മകൻ, അരലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചു കയറുക എന്നത് എന്തുകൊണ്ടും പ്രതീക്ഷ പകരുന്ന ഒരു ട്രെൻഡ് തന്നെയാണെന്ന് മാധ്യമ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

1995ൽ ഇടതുപക്ഷം നേടിയത് 36 സീറ്റ്

വർഗരാഷ്ട്രീയത്തെ ജാതിരാഷ്ട്രീയം വിഴുങ്ങാൻ തുടങ്ങിയ മണ്ഡൽ കാലഘട്ടം വരെ ഇടതുപക്ഷത്തിന് നല്ല വേരുള്ള മണ്ണായിരുന്നു ബീഹാർ. 1995ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം 36 സീറ്റിൽ ജയിച്ചിരുന്നു. മണ്ഡൽ പ്രസ്ഥാനം ബിഹാർ രാഷ്ട്രീയത്തിൽ വരുത്തിയ മാറ്റം ഇടതുപക്ഷ പാർട്ടികൾ ഉയർത്തിപ്പിടിക്കുന്ന വർഗാധിഷ്ഠിത നിലപാടിനെ ദുർബലപ്പെടുത്തി. ജാതിസമവാക്യങ്ങൾ നിർണായകമായി. ഒപ്പം വർഗീയത ഉയർത്തി ബിജെപിയും സ്വാധീനമുറപ്പിച്ചു. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ നിയമസഭയിലെ ഇടതുപക്ഷ പ്രാതിനിധ്യം കുറഞ്ഞുതുടങ്ങി.2000 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 14 സീറ്റിലും 2005ലെ രണ്ട് തെരഞ്ഞെടുപ്പിലായി 11 ഉം ഒമ്പതും സീറ്റുകൾ വീതവുമാണ് ഇടതുപക്ഷം ജയിച്ചത്. 2010ൽ സിപിഐമാത്രം ഒരു സീറ്റിൽ ജയിച്ചു. 2015ൽ സിപിഐഎംഎൽ മൂന്ന് സീറ്റ് നേടി. എന്നാൽ, സിപിഐക്കും സിപിഐ എമ്മിനും സീറ്റ് ലഭിച്ചില്ല. 10 വർഷത്തിനുശേഷമാണ് സിപിഐ എമ്മിന് ബിഹാർ നിയമസഭയിൽ പ്രാതിനിധ്യം. 12 സീറ്റ് നേടിയ സിപിഐഎംഎല്ലിന്റെ പ്രകടനവും ഇതുവരെയുള്ളതിൽ ഏറ്റവും മികച്ചതാണ്.

18 എംഎൽഎമാരടങ്ങുന്ന ഒരു ബ്ലോക്കായി മാറുന്നതോടെ കൂടുതൽ ശക്തവും സജീവവുമായി ബദൽ വികസനക്കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനുള്ള അവസരമാണ് ഇടതുപക്ഷത്തിന് ലഭിക്കുന്നത്. കടുത്ത തൊഴിലില്ലായ്മയും ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ പിന്നോക്കാവസ്ഥയും അടച്ചിടൽ സൃഷ്ടിച്ച പ്രതിസന്ധിയുമെല്ലാമായി ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകുന്നതിനാകും ഇടതുപക്ഷം പരിഗണന നൽകുക. ഒപ്പം ബിഹാറിനെക്കൂടി കാവിവൽക്കരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തടയിടാനും നിയമസഭയിലെ വർധിച്ച പ്രാതിനിധ്യം ഇടതുപക്ഷത്തിന് ശേഷിപകരും.

ഉപേന്ദ്രേ കുശ്വാഹയുടെ ആർഎൽഎസ്‌പി, ജിതന്റാം മാഞ്ചിയുടെ എച്ച്എഎം, മുകേഷ് സാഹ്നിയുടെ വിഐപി എന്നീ ജാതിഅധിഷ്ഠിത പാർട്ടികളെ തഴഞ്ഞാണ് ആർജെഡി ഇടതുപക്ഷത്തെ മഹാസഖ്യത്തിന്റെ ഭാഗമാക്കിയത്. ജാതിസമവാക്യങ്ങൾക്ക് അപ്പുറമായുള്ള വോട്ടുസമാഹരണമാണ് ഇടതുപക്ഷത്തെ ഒപ്പംചേർക്കുക വഴി ആർജെഡി ലക്ഷ്യമിട്ടത്. ഒപ്പം ന്യൂനപക്ഷ വോട്ടർമാർക്കും മറ്റുമിടയിൽ മുന്നണിയുടെ വിശ്വാസ്യത വർധിപ്പിക്കാനും ഇടതുപക്ഷ സാന്നിധ്യം വഴിയൊരുക്കി. 10 ലക്ഷം തൊഴിൽ, തുല്യജോലിക്ക് തുല്യവേതനം, കാർഷികനിയമങ്ങൾ റദ്ദാക്കൽ, ആശാ പ്രവർത്തകർ അടക്കം വിവിധ പദ്ധതി തൊഴിലാളികളുടെ ഓണറേറിയം വർധിപ്പിക്കൽ തുടങ്ങിയ ജനകീയ വിഷയങ്ങളിലേക്ക് തെരഞ്ഞെടുപ്പ് അജൻഡ മാറ്റിയതും ഇടതുപക്ഷത്തിന്റെ ഫലപ്രദമായ ഇടപെടലിലൂടെയാണ്. അതുകൊണ്ടുതന്നെ ഈ സഖ്യം ഇന്ത്യയുടെ പ്രതീക്ഷയും ആവുകയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP