Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202226Thursday

ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുക ബിജെപിയെന്ന് സർവേകൾ; അങ്ങനെ വന്നാലും മുഖ്യമന്ത്രി നിതീഷ് ആയിരിക്കുമെന്ന് അമിതാ ഷാ; ഹത്രാസും കർഷകസമരവും സിഎഎയും കത്തിച്ച് മഹാസഖ്യം; കോൺഗ്രസും സിപിഎമ്മും സിപിഐയുമെല്ലാം ഒന്നിച്ച്; തേജസ്വി യാദവിന് വലിയ ആൾക്കൂട്ടം; നിതീഷിന്റെ ജനപ്രീതി ഇടിയുമ്പോഴും എൻഡിഎ പ്രതീക്ഷ മോദിയുടെ ഇമേജിൽ; ബീഹാറിൽ മൽസരം കടുക്കുമ്പോൾ

ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുക ബിജെപിയെന്ന് സർവേകൾ; അങ്ങനെ വന്നാലും മുഖ്യമന്ത്രി നിതീഷ് ആയിരിക്കുമെന്ന് അമിതാ ഷാ; ഹത്രാസും കർഷകസമരവും സിഎഎയും കത്തിച്ച് മഹാസഖ്യം; കോൺഗ്രസും സിപിഎമ്മും സിപിഐയുമെല്ലാം ഒന്നിച്ച്; തേജസ്വി യാദവിന് വലിയ ആൾക്കൂട്ടം; നിതീഷിന്റെ ജനപ്രീതി ഇടിയുമ്പോഴും എൻഡിഎ പ്രതീക്ഷ മോദിയുടെ ഇമേജിൽ; ബീഹാറിൽ മൽസരം കടുക്കുമ്പോൾ

എം മാധവദാസ്

ഹാമാരി, വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം, സാമൂഹിക അരക്ഷിതാവസ്ഥ, അഴിമതി ആരോപണങ്ങൾ, കർഷക സമരങ്ങൾ... ആകെ പ്രശ്നങ്ങളുടെ പൊടിപൂരം. സാധാരാണഗതിയിൽ ഭരണവിരുദ്ധ വികാരത്തിന്റെ ചിറകിലേറി പ്രതിപക്ഷം നിഷ്പ്രയാസം അധികാരത്തിൽ ഏറാവുന്ന അവസ്ഥ. എന്നിട്ടും മിക്ക സർവേകളിൽ അടക്കം ഭരണമുന്നണിക്ക് തുടർച്ച പ്രവചിക്കുന്നു. അതാണ് ദ ഗ്രേറ്റ് നോർത്ത് ഇന്ത്യൻ പൊളിറ്റിക്സ്. ജാതിയും ഉപജാതിയും മതവും പശുവുമെല്ലാം വോട്ടുാകുന്ന ഉത്തരേന്ത്യയിൽ ഇത്തരം അവസ്ഥ പതിവാണ് താനും. ആസന്നമായ ബീഹാർ തെരഞ്ഞെടുപ്പിലും നിതീഷ്‌കുമാർ നേതൃത്വം നൽകുന്ന എൻഡിഎ അധികാരത്തിൽ വരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അഭിപ്രായ സർവേകൾ നൽകുന്ന സൂചനകളും അങ്ങനെയാണ്.

പക്ഷേ ആദ്യഘട്ട പോളിങ്ങിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ കട്ടക്ക് കട്ടക്കുള്ള മൽസരമായി ഇത് മാറിയെന്ന് മാധ്യമ പ്രവർത്തകർ നിരീക്ഷിക്കുന്നു. ഇപ്പോൾ എൻഡിഎക്ക് ഭൂരിപക്ഷം കിട്ടിയാലും ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാവുമെന്നാണ് പറയുന്നത്. എൻഡിഎയിൽ വിട്ടുപോയ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയാണ് നിതീഷിന് ഏറ്റവും വലിയ പാരയായി മാറുന്നത്. അന്തരിച്ച രാംവിലാസ് പാസ്വാനോടുള്ള സഹാതാപവും വോട്ടായാൽ മകൻ ചിരാഗിന് അത് ലോട്ടറിയാവും. നിതീഷ് കുമാറിനോടുള്ള പകമാത്രമാണ് ചിരാഗിന്റെ മനസ്സിൽ ഉള്ളത്. അതുകൊണ്ടുതന്നെ ബിജെപി ജയിക്കുന്നതിൽ അദ്ദേഹത്തിന് യാതൊരു പരിഭവുമില്ല. പലയിടത്തും ബിജെപിയുമായി രഹസ്യധാരണ എൽജെപി ഉണ്ടാക്കിയിട്ടുണ്ട്.

ഇതിന്റെ എല്ലാം ഫലമായിട്ടുതന്നെയാണ് എൻഡിഎ അധികാരത്തിൽവരും, പക്ഷേ ബിജെപിയായിരിക്കും ഏറ്റവും വലിയ കക്ഷിയാവുക എന്ന പ്രചാരണം ശക്തമായത്. ബിജെപി തന്നെ പാലം വലിക്കുമോ എന്ന ആശങ്ക നിതീഷിനുമുണ്ട്. അതുകൊണ്ടുതന്നെയാണ്, എൽജെപിയുമായി യാതൊരു ബന്ധവും പാടില്ലെന്ന് അദ്ദേഹം ബിജെപിയോട് വാശിപിടിക്കുന്നത്. ഇത് തങ്ങളെ ബാധിക്കുമെന്ന് അറിയുന്ന ബിജെപി ഇപ്പോൾ പറയുന്നത് ചിരാഗുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്നാണ്. ബീഹാറിൽ ബിജെപിയുടെ ചുമതലയുള്ള ദേവേന്ദ്ര ഫ്ടനാവീസ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുമാസത്തെ വിശ്രമത്തിനുശേഷം തിരിച്ചെത്തിയ അമിത്ഷാ ആദ്യം പറഞ്ഞ വാചകം നോക്കുക. 'ബീഹാറിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും മുഖ്യമന്ത്രി നിതീഷ് ആയിരിക്കും'. പരസ്പരം പാരവച്ചാൽ മുന്നണി തകരുമെന്ന് രാഷ്ട്രീയ ചാണക്യനായ അമിത്ഷായോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബിഹാർ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഒക്ടോബർ 28നും രണ്ടും മൂന്നും ഘട്ടങ്ങൾ നവംബർ മൂന്നിനുമാണ്. ഒന്നാം ഘട്ടത്തിൽ 16 ജില്ലകളിലെ 71 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഫലപ്രഖ്യാപനം നവംബർ പത്തിനാണ് ഉണ്ടാകുക. ബിജെപിയും ജെഡിയും അടങ്ങുന്ന എൻഡിഎയും ആർജെഡി - കോൺഗ്രസ് സഖ്യം നയിക്കുന്ന വിശാല സഖ്യവുമാണ് മത്സരരംഗത്തുള്ളത്. കോവിഡ്-19 ഭീഷണി തുടരുന്നതിനിടെ രാജ്യത്ത് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണ് ബീഹാറിലേത്.

മോദിയുടെ ചിറകിലേറി നിതീഷ് കുമാർ

ബീമാരി സ്റ്റേറ്റ് എന്ന് അറിയപ്പെടുന്ന അവികസിതമായ ബീഹാറിൽ വികസനം ഇപ്പോഴും കാര്യമായി ചർച്ചയല്ല. ജാതി ഉപജാതി വോട്ടുകളും മതധ്രുവീകരണവുമാണ് അവിടെ എല്ലാവരുടെയും പ്രതീക്ഷകൾ.

കർഷകർ ധാരാളമായുള്ള സംസ്ഥാനമാണ് ബിഹാർ. കോവിഡ് പ്രതിസന്ധിക്കിടെയാണ് നരേന്ദ്ര മോദി സർക്കാർ കാർഷിക ബിൽ അവതരിപ്പിച്ചത്. കർഷകരുടെ പ്രതിഷേധം കൂടി തെരഞ്ഞെടുപ്പിൽ നിർണായകമാവും. സംസ്ഥാനത്ത് തൊഴിലില്ലായ്മ വർധിക്കുന്നതായുള്ള കണക്കുകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കോവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തേക്ക് ആളുകൾ മടങ്ങിയെത്തിയത്. ഈ സാഹചര്യങ്ങളെല്ലാം നിതീഷ് കുമാർ സർക്കാരിന് വെല്ലുവിളിയാകുമെന്ന നിഗമനമാണുള്ളത്

നിതീഷ് കുമാറിന്റെ ഇമേജ് ഇടിയുമ്പോഴും അവിടെ സഖ്യത്തെ പിടിച്ചു നിർത്തുന്ന വിജയം ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. മോദിയുടെ ഇമേജാണ് ഇവിടെ എൻഡിഎ സഖ്യത്തെ പിടിച്ചു നിർത്തുന്നത്. 2015 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു ഏറ്റവും കൂടുതൽ വോട്ട് ശതമാനം(24.42%). അഞ്ച് വർഷത്തിന് ശേഷം സംസ്ഥാനത്ത് ശക്തമായ വേരോട്ടം നടത്താൻ ബിജെപിക്കായത് വോട്ട് ശതമാനം വർധിപ്പിക്കും എന്നാണ് കരുതുന്നത്.ബിജെപിക്ക് കാര്യമായ വേരുകൾ ഇല്ലാത്ത മേഖലയായിരുന്നു പത്തുവർഷം മുമ്പുവരെ ബീഹാർ. പക്ഷേ ലാലു പ്രസാദ് യാദവിന്റെ അഴിമതി ഭരണവും, നിതീഷ്‌കുമാറിന്റെ രാഷട്രീയ കാലുമാറ്റവും എല്ലാം ചേർന്ന് അവിടെ ഇപ്പോൾ ബിജെപിക്ക് നല്ല വളക്കുറുള്ള മണ്ണായരിക്കയാണ്. നിതീഷിന്റെ എക്കാലത്തെും വോട്ട് ബാങ്കായിരുന്നു മുസ്ലീങ്ങൾ. അവർ ഇപ്പോൾ അദ്ദേഹത്തെ കൈവിട്ട അവസ്ഥയിലാണ്. തൊട്ട അയൽ സംസ്ഥാനമായ യുപിയിലെ ഹത്രാസ് സംഭവം അടക്കം മുസ്ലിം വോട്ടുകൾ കുട്ടത്തോടെ എൻഡിഎയിൽനിന്ന് വിട്ടുപോകാൻ ഇടായക്കിയിട്ടുണ്ട്. പക്ഷേ അവിടെയും ഒരു പ്രശനമുണ്ട്. ഇത് മുതലെടുക്കാൻ മഹാസഖ്യത്തിന് കഴിയുന്നില്ല. അവിടെ ഒരു ഉവൈസിയുടെ നേതൃത്വത്തിൽ ഒരു മൂന്നാം മുന്നണിയുണ്ട്. ഇത്തവണ മുസ്ലിം വോട്ടുകൾ അവർ കൊണ്ടുപോകും എന്നാണ് കരുതുന്നത്.

പക്ഷേ മോദിയെയും ബിജെപിയെയും സംബന്ധിച്ച് പ്രസ്റ്റീജ് തെരഞ്ഞെടുപ്പാണിത്. അവർക്ക് എങ്ങനെയെങ്കിലും ജയിച്ചേ പറ്റു. ബംഗാൾ, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിൽ ബീഹാർ തെരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടെയാണ് ബിജെപി കാണുന്നത്. . ബിഹാറിൽ ഭരണം എൻ ഡി എ സഖ്യത്തിന് ഭരണം നിലനിർത്താൻ കഴിഞ്ഞാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപി കൂടുതൽ ശക്തരാകും.ബീഹാറിൽ ഭരണം തെറിച്ചാൽ അത് കേന്ദ്ര സർക്കാറിനെതിരായ വിധി എഴുത്തായാണ് ചിത്രീകരിക്കപ്പെടുക. ബംഗാളിലെ കാവിപ്പടയുടെ സപ്നത്തെയും ഇത്തരമൊരു തിരിച്ചടി സാരമായി ബാധിക്കും. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്കാകെ പുത്തൻ ഉണർവ്വ് നൽകുന്ന ഒരു വിജയം ബീഹാറിൽ ആർഎസ്എസ് നേതൃത്വവും ആഗ്രഹിക്കുന്നില്ല. അതു കൊണ്ട് തന്നെ ശക്തമായ ഇടപെടൽ നടത്താനാണ് പരിവാർ നേതൃത്വവും ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സർവേകളിൽ എഡിഎ തന്നെ പക്ഷേ

ബിഹാറിൽ എൻ.ഡി.എ സഖ്യം അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവേകൾ പറയുന്നത്. ജനതാദൾ (യു)വും ബിജെ.പിയും നേതൃത്വം നൽകുന്ന മുന്നണിക്ക് 243 അംഗ സഭയിൽ 133നും 143നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്നാണ് ലോക്നീതി-സി.എസ്.ഡി.എസ് സർവേയിൽ വ്യക്തമാക്കുന്നത്. ആർ.ജെ.ഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യത്തിന് 88നും 98നും ഇടയിൽ സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്.എൻ.ഡി.എക്ക് 38 ശതമാനവും പ്രതിപക്ഷ സഖ്യത്തിന് 32 ശതമാനവും വോട്ട് നേടാനാകുമെന്ന് സർവേ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 43.2 ശതമാനം വോട്ട് നേടിയ ഭരണപക്ഷത്തിന് വലിയ ശതമാനം ഇടിവ് സംഭവിക്കും. 2015ൽ 28.5ശതമാനം വോട്ട് നേടിയ മഹാസഖ്യത്തിന് വോട്ട് വർധനയാണ് സർവേയിൽ സൂചിപ്പിക്കുന്നത്.

എൻ.ഡി.എ ഘടകകക്ഷിയായിരുന്ന ലോക് ജനശക്തി പാർട്ടി ഇക്കുറി മുന്നണിയിലില്ലാതെ ഒറ്റക്കാണ് മത്സരിക്കുന്നത്. എൽ.ജെ.പിക്ക് ആറു ശതമാനം വോട്ടും രണ്ടുമുതൽ ആറുവരെ സീറ്റുമാണ് സർവേ പ്രവചിക്കുന്നത്. എൽ.ജെ.പി ഒറ്റക്ക് മത്സരിക്കുന്നത് എൻ.ഡി.എക്ക് തുണയാകുമെന്നാണ് സർവേ നിരീക്ഷിക്കുന്നത്. മഹാസഖ്യത്തിന് ലഭിക്കേണ്ട ഭരണവിരുദ്ധ വോട്ടുകളിൽ വലിയൊരു പങ്ക് എൽ.ജെ.പി നേടുമെന്നാണ് സർവേയിലെ സൂചന. മറ്റു പാർട്ടികളും സ്വതന്ത്രരുമെല്ലാം ചേർന്ന് 17 ശതമാനം വോട്ട് നേടുമെന്നും സർവേയിൽ പറയുന്നു. ആറുമുതൽ പത്തുവരെ സീറ്റുകൾ ഇവർ നേടുമെന്നാണ് സർവേഫലം.

മുഖ്യമന്ത്രിയായി 31 ശതമാനം പേർ ജനതാദൾ (യു) നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പിന്തുണക്കുമ്പോൾ 27 ശതമാനം ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനൊപ്പമാണ്. അഞ്ചുശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാനെ പിന്തുണക്കുന്നത്. കഴിഞ്ഞ തവണത്തേതുമായി താരതമ്യം ചെയ്യുമ്പോൾ നിതീഷ് കുമാറിന്റെ ജനപ്രീതിയിൽ ഏറെ ഇടിവു സംഭവിച്ചിട്ടുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. നിലവിൽ എൻ.ഡി.എക്ക് 125ഉം (ജനതാദൾ -യു -67, ബിജെപി-53) മഹാസഖ്യത്തിന് 100ഉം (ആർ.ജെ.ഡി -73, കോൺഗ്രസ് -23) സീറ്റാണുള്ളത്. ഒക്ടോബർ 28നാണ് ബിഹാർ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ്.

ബീഹാറിൽ നിതീഷ് കുമാർ സർക്കാർ വീണ്ടും അധികാരത്തിൽ വരാൻ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായ സർവേ വ്യക്താക്കുന്നു. ലോക്‌നീതി-സിഡിഎസ് സർവേ പ്രകാരം 43 ശതമാനം പേരും നിതീഷ് കുമാർ സർക്കാരിന്റെ തുടർഭരണം ആഗ്രഹിക്കുന്നില്ല. 38 ശതമാനം പേർ നിതീഷ് കുമാറിനെ പിന്തുണക്കുന്നു.എന്നാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാറിനാണ് പിന്തുണ കൂടുതൽ. 31 ശതമാനം പേർ നിതീഷ് കുമാറിനെ പിന്തുണച്ചപ്പോൾ 27 ശതമാനം പേർ തേജസ്വി യാദവിനെയും അഞ്ച് ശതമാനം പേർ ചിരാഗ് പാസ്വാനെയും പിന്തുണച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സർവേയിൽ പങ്കെടുത്ത 63 ശതമാനം പേരും പിന്തുണച്ചു.

തേജസ്വി യാദവിന് വലിയ ആൾക്കൂട്ടങ്ങൾ

ലാലുവിന്റെ മകൻ തേജസ്വിയാദവ് വലിയ ആൾക്കൂട്ടങ്ങളാണ് ഇപ്പോൾ ആകർഷിക്കുന്നത്. ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെതിരെ ശക്തമായ പ്രചാരണമാണ് അദ്ദേഹം നടത്തുന്നത്. നിതീഷ് കുമാർ 30,000 കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്ന് ആർ.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.നിതീഷ് കുമാർ അഴിമതിയുടെ ഭീഷ്മപിതാമഹനാണെന്നാണ്. ാൻ അധികാരത്തിലെത്തിയാൽ അഴിമതി തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ലാലുവിന്റെ കാലത്തീറ്റ കുംഭകോണത്തിന്റെ കറ ഇപ്പോഴും പാർട്ടിയിലുണ്ട്. പക്ഷേ ജാതി വോട്ടുകൾ തന്നെയാണ് ഇവർക്കും നിർണ്ണായകമാവുന്നത്.

സീറ്റ് വിഭജനം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് മഹാ സഖ്യത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്. ആകെയുള്ള 243 സീറ്റുകളിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ ആർജെഡിക്കായി നീക്കിവെച്ചിരിക്കുന്നത് 138 സീറ്റുകളാണ്. മുകേഷ് സാഹ്നിയുടെ വികാശ് ശീൽ ഇൻസാൻ പാർട്ടിക്ക് ആർജെഡി അവരുടെ അക്കൗണ്ടിൽ നിന്ന് ആറു സീറ്റുകളും ജെഎംഎമ്മിന് രണ്ട് സീറ്റുകളും നീക്കിവച്ചിട്ടുണ്ട്.ധാരണപ്രകാരം കോൺഗ്രസ് 68 സീറ്റുകളിലാണ് മത്സരിക്കുക. സിപിഎം, സിപിഐ, സിപിഐ.എം.എൽ എന്നീ മൂന്ന് ഇടതുപാർട്ടികൾക്കായി 30 സീറ്റുകളാണ് മഹാ സഖ്യം നൽകിയിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷം സീറ്റുകളിൽ വിജയിച്ചാൽ നിർണ്ണായക ശക്തിയാവാൻ ഇടതുപക്ഷത്തിന് കഴിയും.

തേജ്വസി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ വിശാല സഖ്യത്തിൽ എതിർപ്പുണ്ട്. സഖ്യത്തിലെ കൊഴിഞ്ഞ് പോകും അധികാര വടംവലിയും ആർജെഡി - കോൺഗ്രസ് സഖ്യത്തിൽ തുടരുകയാണ്. മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി ആവാം മോർച്ച എൻഡിഎയിൽ എത്തിയത് വിശാലസഖ്യത്തിന് തിരിച്ചടിയായി. ഇതിന് പിന്നാലെ ഉപേന്ദ്ര കൗശ്യയുടെ നേതൃത്വത്തിലുള്ള ആർഎൽഎസ്‌പിയും മഹാസഖ്യം വിടുകയാണ്. ആർജെഡി നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് നടപടികോൺഗ്രസിന് മതിയായ സ്വാധീനം സംസ്ഥാനത്ത് ഉറപ്പിക്കാനും കഴിയുന്നില്ല. ഈ ഘടകങ്ങൾ എൻഡിഎയ്ക്ക് വിജയസാധ്യത വർധിപ്പിക്കുകയാണ്.

എന്നാൽ പാളയത്തിലെ പടയും യു.പിയിലെ സ്ത്രീ പീഡനങ്ങളും ബിജെപിയുടെ പ്രതീക്ഷക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. ഹത്രാസിലെ പെൺകുട്ടിയുടെ കണ്ണീർ ബീഹാറിന്റെ കണ്ണീരാക്കി മാറ്റാൻ മഹാസഖ്യവും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ എംപിമാരെയും നേതാക്കളെയും സംഭവസ്ഥലത്തേക്ക് പറഞ്ഞ് വിട്ടതും പ്രതിഷേധ 'തീ' പടർത്താൻ തന്നെയാണ്.യോഗി ഭരണകൂടത്തിന്റെ പ്രവർത്തിക്കെതിരെ ഉമാഭാരതി രംഗത്ത് വന്നതും പ്രതിപക്ഷ പാർട്ടികൾക്കിപ്പോൾ പിടിവള്ളിയായിട്ടുണ്ട്. ബിജെപി ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന പൊതു ബോധമാണ് ഇതോടെ പ്രതിപക്ഷം സൃഷ്ടിച്ചിരിക്കുന്നത്.

ചിരാഗ് പാസ്വാൻ നിതീഷിന് ഭീഷണി

എൻഡിഎയിൽനിന്ന് തെറ്റിപ്പിരിഞ്ഞ ചിരാഗ് പാസ്വാനാണ് നിതീഷിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത്. നിതീഷിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഒറ്റയ്ക്ക് മൽസരിക്കുന്നതെന്നും എൽജെപിയുടെ പിന്തുണയോടെ ബിജെപി സർക്കാരുണ്ടാക്കുമെന്നും ചിരാഗ് പറയുന്നതത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ തനിക്കു വിശ്വാസമുണ്ടെന്ന് ചിരാഗ് പറഞ്ഞു. ദേശീയതലത്തിൽ സഖ്യവുമുണ്ട്. അത് സംസ്ഥാനത്തും തുടരും.

പക്ഷേ മുഖ്യമന്ത്രി നിതീഷ് കുമാറിൽ വിശ്വാസം നഷ്ടപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിന് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇനിയും മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും ചിരാഗ് പറഞ്ഞു. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പാർട്ടി ഭരിക്കുന്ന ഇരട്ട എൻജിൻ സർക്കാർ വരുമെന്നും ചിരാഗ് വ്യക്തമാക്കി. ബിഹാർ ഫസ്റ്റ് ബിഹാറി ഫസ്റ്റ് എന്നതാണ് എൽജെപിയുടെ മുദ്രാവാക്യം. ജെഡിയു സ്ഥാനാർത്ഥികളെ തോൽപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ ബിജെപിയുമായി മൽസരിക്കില്ല. ബിജെപിയുടെ ബി ടീമാണ് എൽജെപി എന്ന എതിരാളികളുടെ ആരോപണം തള്ളിക്കളഞ്ഞ ചിരാഗ്, മഹാസഖ്യവുമായി സഹകരിക്കില്ലെന്നും വ്യക്തമാക്കി.

നിയമസഭാംഗമല്ലാത്ത മുഖ്യമന്ത്രി

എറ്റവും വിചിത്രം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭാംഗമല്ല എന്നതു തന്നെയാണ്. നിതീഷ് കുമാർ, യോഗി ആദിത്യനാഥ്, ഉദ്ധവ് താക്കറെ ഇവർക്ക് പൊതുവായി ഒരു പ്രത്യേകതയുണ്ട്. നിയമസഭാംഗത്വമില്ലാത്ത മുഖ്യമന്ത്രിമാരാണിവർ. ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗമായാണ് ഇവർ മുഖ്യമന്ത്രി പദത്തിൽ തുടരുന്നത്. സംസ്ഥാന നിയമസഭയുടെ ഉപരിസഭയായി ലെജിസ്ലേറ്റീവ് കൗൺസിലുള്ള രാജ്യത്തെ ആറു സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ.ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. 2006, 2012, 2018 വർഷങ്ങളിലാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024 ലാണ് കാലാവധി അവസാനിക്കുക. 76 അംഗ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് ആറു വർഷ കാലാവധിയിയിലാണ് അംഗങ്ങളെ നോമിനേറ്റ് ചെയ്യുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുന്നത്.

നിതീഷ് കുമാർ, യോഗി ആദിത്യനാഥ്, ഉദ്ധവ് താക്കറെ എന്നിവരിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു മാത്രം അവകാശപ്പെടാവുന്ന മറ്റൊരു അപൂർവത കൂടിയുണ്ട്. അഞ്ച് തവണ മുഖ്യമന്ത്രിയായ നിതീഷ് ഈ കാലയളവിലൊന്നും നിയമസഭാംഗമായിരുന്നില്ല. യോഗി ആദിത്യനാഥും ഉദ്ധവ് താക്കറെയും ആദ്യമായാണ് മുഖ്യമന്ത്രിമാരാകുന്നത്. നിതീഷ് ആറു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ യോഗി അഞ്ച് തവണ ലോക്സഭാംഗമായി. ഉദ്ധവ് ഒരിക്കൽ പോലും പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല.

1977 ലാണ് നിതീഷ് ആദ്യമായി നിയമസഭയിലേക്ക് ജനവിധി തേടിയത്. ബിഹാറിലെ ഹാർനൗത് മണ്ഡലത്തിൽ ജനതാപാർട്ടി ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം പക്ഷെ പരാജയപ്പെട്ടു. തുടർന്ന് 1985 ൽ ഹാർനൗത് മണ്ഡലത്തിൽനിന്നു വീണ്ടും മത്സരിച്ച് നിയമസഭാംഗമായി. അദ്ദേഹം അവസാനമായി നിയമസഭയിലേക്കു മത്സരിച്ചതും ഈ തിരഞ്ഞെടുപ്പിലാണ്.2000 ലാണ് നിതീഷ് ആദ്യമായി ബിഹാർ മുഖ്യമന്ത്രിയാകുന്നത്. ന്യൂനപക്ഷ സർക്കാരിന് ഏഴു ദിവസം മാത്രമായിരുന്നു ആയുസ്സ്. 2005ൽ നിതീഷ് വീണ്ടും ബിഹാർ മുഖ്യമന്ത്രി. 2006 ൽ നിതീഷ് നിയമസഭയുടെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി. തുടർന്ന് 2010 ൽ അദ്ദേഹം വീണ്ടും സംസ്ഥാന മുഖ്യമന്ത്രി. ഇതിനിടെ 2014 മേയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ രാജിവച്ചു. ചെറിയൊരു ഇടവേളയ്ക്കു ശേഷം 2015 നവംബറിൽ വീണ്ടും മുഖ്യമന്ത്രിപദത്തിൽ തിരിച്ചെത്തി.

ആ വർഷം ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യം വിട്ട ജെഡിയു, ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട വിശാല സഖ്യത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പിനെ നേരിട്ട് അധികാരം പിടിച്ചു. ഇതോടെ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി നിതീഷ് ഹാട്രിക് തികച്ചു. 2017 ൽ വിശാല സഖ്യത്തിൽനിന്നു പിന്മാറിയ നിതീഷ്, ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കി ഭരണം തുടർന്നു. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായാണ് നിതീഷ് ഈ കാലയളവിലെല്ലാം മുഖ്യമന്ത്രിയായി തുടർന്നത്. തുടർച്ചയായ നാലാം തിരഞ്ഞെടുപ്പു ജയമാണ് നിതീഷ് നയിക്കുന്ന എൻഡിഎ മുന്നണി ബിഹാറിൽ ഇത്തവണ ലക്ഷ്യമിടുന്നത്.

എന്തൊക്കെ വിമർനങ്ങൾ ഉണ്ടെങ്കിലും ബീഹാറിന്റെ ലോ ആൻഡ് ഓർഡർ സംരക്ഷിച്ചതും ബീമാരി സ്റ്റേറ്റ് എന്ന ആക്ഷേപം മാറ്റി അൽപ്പം പുരോഗതിയിലേക്ക് നയിച്ചതും നിതീഷ് തന്നെയാണ് എന്നതിലും തർക്കമില്ല.

മൂന്നാം മുന്നണി മഹാസഖ്യത്തിന് വിന

ബിഹാറിൽ എൻഡിഎക്കും ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനും പുറമേ, മൂന്നാമതൊരു മുന്നണി കൂടി തിരഞ്ഞെടുപ്പിലുണ്ട് അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം, ഉപേന്ദ്ര ഖുഷ്വാഹയുടെ നേതൃത്വത്തിലുള്ള ആർഎൽഎസ്‌പി, ദേവേന്ദ്ര പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി ജനതാദൾ (ഡമോക്രാറ്റിക്) ബിഎസ്‌പി എന്നീ കക്ഷികൾ ചേർന്നു രൂപീകരിച്ചിട്ടുള്ള മുന്നണി, തിരഞ്ഞെടുപ്പിൽ നിർണായക പങ്കു വഹിക്കുമെന്നു കരുതുന്നു. ഇവർക്കു കാര്യമായി സീറ്റുകൾ കിട്ടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, ഇവർ ആരുടെ വോട്ടുകളാണു ഭിന്നിപ്പിക്കുക എന്നത് തിരഞ്ഞെടുപ്പുവിധിയെ ബാധിച്ചേക്കാം.

ബിഹാറിലെ മുസ്ലിംകൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ആർജെഡിക്കാണു വോട്ട് ചെയ്യുന്നത്. 2005ൽ ഭരണത്തിൽ കയറിയശേഷം നിതീഷ്‌കുമാർ തന്ത്രപൂർവം നടത്തിയ വോട്ട് ബാങ്കുകളുടെ വിഭജനത്തിൽ മുസ്ലിംകളും ഉൾപ്പെട്ടിരുന്നു. അവരിൽ പിന്നാക്കക്കാരെ - 'പസ്മണ്ഡകൾ' എന്നു വിളിക്കും - വേർതിരിച്ച് അദ്ദേഹം പ്രത്യേക ആനുകൂല്യങ്ങൾ നൽകി. ഇതായിരിക്കാം, 2010ലെ തിരഞ്ഞെടുപ്പിൽ എൻഡിഎക്കു മുസ്ലിം വോട്ടുകൾ ലഭിക്കാനുള്ള കാരണം. 2015ൽ മുസ്ലിം വോട്ട് മുഴുവനായിത്തന്നെ ജെഡിയു - ആർജെഡി - കോൺഗ്രസ് സഖ്യത്തിനു ലഭിച്ചു. അത്തവണ ഉവൈസി ഒറ്റയ്ക്കു ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. 'വോട്ട് കട്ട്വ' അഥവാ, വോട്ട് ഭിന്നിപ്പിക്കുന്ന ആളായാണ് അദ്ദേഹത്തെ ബിഹാറികൾ കണ്ടത്. ആ തിരഞ്ഞെടുപ്പിൽ ഉവൈസിക്കു കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

ഉവൈസി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മുസ്ലിം ജനസംഖ്യ അധികമുള്ള, നേപ്പാൾ അതിർത്തിയിലെ സീമാഞ്ചൽ ജില്ലകളിലാണ്. 2019ൽ കിഷൻഗഞ്ച് ഉപതിരഞ്ഞെടുപ്പിൽ എഐഎംഐഎം വിജയിച്ചു. പൗരത്വനിയമ പ്രക്ഷോഭങ്ങൾക്കു ശേഷമുള്ള ഈ തിരഞ്ഞെടുപ്പിൽ എൻഡിഎ മുസ്ലിം വോട്ടുകൾ പ്രതീക്ഷിക്കേണ്ടതില്ല. ബിജെപിയെ തോൽപിക്കാനുള്ള കഴിവില്ലാത്തതിനാൽ മുസ്ലിംകൾ ഉവൈസിക്കു വോട്ട് ചെയ്യാനും സാധ്യതയില്ല. പക്ഷേ, സീമാഞ്ചലിൽ ഉവൈസിയുടെ സ്വാധീനം വർധിച്ചുവരികയാണ്. ഉത്തരേന്ത്യയിലെ മുസ്ലിംകൾക്കു സ്വന്തമായ രാഷ്ട്രീയനേതൃത്വമില്ല. അവർക്ക്, ലാലുപ്രസാദ് ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്നിൽ അണിനിരക്കുന്ന ചരിത്രമാണുള്ളത്. മുസ്ലിം ചെറുപ്പക്കാർ ഇതിൽ അസന്തുഷ്ടരാണ്. ഇവിടെയാണ് ഉവൈസിയുടെ സാധ്യത.

മൂന്നാം മുന്നണിയിലെ ഏറ്റവും വലിയ പാർട്ടി ഉപേന്ദ്ര ഖുഷ്വാഹയുടെ ആർഎൽഎസ്‌പിയാണ്. അദ്ദേഹം തന്നെയാണു മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും. നിതീഷ്‌കുമാറുമായി സീറ്റു വിഭജനചർച്ചയ്ക്കു പോയ ഉപേന്ദ്ര ഖുഷ്വാഹയെ പത്രപ്രവർത്തകർ കാത്തിരുന്നു. തിരിച്ചെത്തിയ അദ്ദേഹം, അവരെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട്, പറഞ്ഞത് എൻഡിഎ വിടുന്നുവെന്നും സ്വന്തമായി മുന്നണി രൂപീകരിക്കുമെന്നുമാണ്. ഇതു പട്നയിൽ വലിയ സംസാരമായി.

എല്ലായ്‌പ്പോഴും തനിക്കു വോട്ട് ചെയ്തിട്ടുള്ള ഖുഷ്വാഹകൾ ഇത്തവണയും പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിൽ ആർഎൽഎസ്‌പിയെ നിതീഷ്‌കുമാർ അടുപ്പിക്കാത്തതാകാം. മറ്റൊരു സാധ്യത കൂടിയുണ്ട്. ഖുഷ്വാഹ വോട്ടുകളിൽ വല്ല ചോർച്ചയും ഉണ്ടാകുകയാണെങ്കിൽ, അത് ആർജെഡി സഖ്യത്തിനു പോകുന്നതിനു പകരം മൂന്നാം മുന്നണിക്കു പോകട്ടെ എന്ന ലക്ഷ്യത്തോടെ നിതീഷ് തന്നെയാകാം, മൂന്നാം മുന്നണിയുടെ രഹസ്യ സംഘാടകൻ. പ്രതിപക്ഷ വോട്ടുകളെ ഏറ്റവും കൂടുതൽ ഭിന്നിപ്പിക്കുക എന്നതു പഴയ രാഷ്ട്രീയതന്ത്രമാണ്.
ദേവേന്ദ്ര പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി ജനതാദൾ (ഡമോക്രാറ്റിക്) പാർട്ടിക്ക് വടക്കൻ ബിഹാറിലെ ചുരുക്കം ചില പോക്കറ്റുകളിൽ യാദവ വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ട്. ബിഎസ്‌പിക്കു ബിഹാറിൽ കാര്യമായ സാന്നിധ്യമില്ല. മൂന്നാം മുന്നണിക്കു ലഭിക്കുന്ന ഓരോ വോട്ടും മഹാസഖ്യത്തെയാകും ക്ഷീണിപ്പിക്കുക. ഇാെക്കെയാണ് എൻഡിഎയുടെ സാധ്യതകൾ വർധിപ്പിക്കുന്നതും.

സിപിഎമ്മിനേക്കാൾ ശക്തി എംഎല്ലിന്

കേരളത്തിൽ ബദ്ധ ശത്രുക്കൾ ആയ കോൺഗ്രസും സിപിഎമ്മും സിപിഐയും ബീഹാറിൽ ഒരുമിച്ചാണ്. ഇതിൽ സിപിഎം സിപിഐ എം.എല്ലിന്റ പിറകിലാണ് ഇവിടെ. ബീഹാറിൽ മഹാസഖ്യം അധികാരത്തിലേറിയാൽ ഭരണത്തിന്റെ ഭാഗമാകില്ലെന്ന് സിപിഐ.എം.എൽ പറയുന്നു. ംഘപരിവാറിനെതിരെ സംഘടിക്കാനാണ് ആദ്യമായി മഹാസഖ്യത്തിന്റെ ഭാഗമായതെന്നും സിപിഐ.എം.എൽ ലിബറേഷൻ പൊളിറ്റ് ബ്യൂറോ അംഗം കവിതാ കൃഷ്ണൻ പറഞ്ഞു.

'ഞങ്ങളുടെ ശക്തി ഞങ്ങൾക്കറിയാം. ആ ശക്തി ബിജെപി വിരുദ്ധതയ്ക്ക് ശക്തിപകരാൻ പിന്തുണയാകും. മഹാസഖ്യം അധികാരത്തിലെത്തിയാലും ഞങ്ങൾ സർക്കാരിന്റെ ഭാഗമാകില്ല. മന്ത്രിസ്ഥാനങ്ങൾ ഏറ്റെടുക്കില്ല. എന്നാൽ സർക്കാരിന് മാർഗ നിർദ്ദേശം നൽകാനും ഇടപെടാനും ഞങ്ങളുണ്ടാകും,' കവിതാ കൃഷ്ണൻ.

ഭൂസമരങ്ങളിലൂടെയും ദളിതുകളുടെ അവകാശ പോരാട്ടങ്ങളിലൂടെയുമാണ് ബീഹാറിന്റെ മണ്ണിൽ സിപിഐ.എം.എൽ വേരുറപ്പിച്ചത്. ആർ.ജെ.ഡി ഉൾപ്പെടുന്ന മഹാസഖ്യത്തിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പാർട്ടി തീരുമാനം തീർത്തും അപ്രതീക്ഷിതമായിരുന്നു. മൂന്ന് എംഎ‍ൽഎമാരുള്ള പാർട്ടിയുടെ ഒറ്റയാൾ പോരാട്ടം എവിടെയുമെത്തില്ലെന്ന് കണ്ടാണ് സംഘപരിവാർ ശക്തികൾക്കും കൂട്ടാളികൾക്കുമെതിരെ മഹാസഖ്യത്തിനൊപ്പം തെരഞ്ഞെടുപ്പിലേക്ക് എത്തിയതെന്നും കവിതാ കൃഷ്ണൻ പറഞ്ഞു.

മഹാസഖ്യത്തിന്റെ ഭാഗമായി 19 സീറ്റുകളിലേക്കാണ് സിപിഐ.എം.എൽ മത്സരിക്കുന്നത്.1980കളുടെ അവസാനം മുതൽ പാർട്ടിയെന്ന നിലയിൽ സിപിഐ.എം.എൽ ബീഹാർ രാഷ്ട്രീയത്തിലുണ്ട്. ദളിതുകൾക്കിടയിൽ വോട്ടവാകാശത്തെക്കുറിച്ചുള്ള പ്രാധാന്യം ഉറപ്പുവരുത്തുന്നതിലും സിപിഐ.എം.എൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.നിലവിൽ മഹാസഖ്യത്തിനെതിരെ ബിജെപി ശക്തമായി രംഗത്തുണ്ട്. നക്‌സലിസം തിരിച്ച് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ബീഹാറിൽ ആർ.ജെ.ഡി സിപിഐ.എം.എല്ലിനെ സഖ്യത്തിലുൾപ്പെടുത്തിയതെന്നും ബിജെപി പ്രചരിപ്പിക്കുന്നുണ്ട്.

വാഗ്ദാനങ്ങൾ വാരിക്കോരി

തെരഞ്ഞെടുപ്പ് അടുത്തതോടെ വാഗ്ദാനപ്പെരുമഴയാണ് ബീഹാറിൽ. സംസ്ഥാനത്തെ ജനങ്ങക്കെല്ലാം സൗജന്യ കോവിഡ് വാക്സിൻ നൽകുമെന്നാണ് ബിജെപി പറയുന്നത്. കൊറോണ വൈറസ് വാക്‌സിൻ വലിയതോതിൽ ലഭ്യമാകുമ്പോൾ, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിനേഷൻ ലഭിക്കുമെന്നാണ് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിർമല സീതാരാമൻ പറഞ്ഞത്.ഇത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിയിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറും വാഗ്ദാനങ്ങൾ വാരിവിതറുകയാണ്. പ്ലസ് ടു കഴിഞ്ഞ ഓരോ യുവതികൾക്കും 25000 രൂപയും ഡിഗ്രി കഴിഞ്ഞവർക്ക് 50000 രൂപയും വെച്ച് ധനസഹായം നൽകുമെന്നാണ് നിതീഷ് കുമാറിന്റെ പ്രഖ്യാപനം.

'നേരത്തെ എഞ്ചിനീയറിങ് പഠിക്കാൻ വിദ്യാർത്ഥികൾ ബീഹാറിൽ നിന്ന് മറ്റിടങ്ങളിലേക്ക് പോകുമായിരുന്നു, എന്നാൽ ഇപ്പോൾ ബീഹാറിൽ മികച്ച എഞ്ചിനീയറിങ് കോളേജുകളുണ്ടെന്നും നിരവധി കോളേജുകൾ ഇത്തരത്തിൽ സ്ഥാപിക്കാനായി. പുതിയ സാങ്കേതികവിദ്യയിലൂന്നിയുള്ള വിദ്യാഭ്യാസത്തെയാണ് ഇനി പ്രോത്സാഹിപ്പിക്കാൻ പോകുന്നത്. അതുവഴി ആളുകൾക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കാനും മികച്ച രീതിയിൽ പ്രവർത്തിക്കാനും കഴിയുംസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഐ.ഐ.ടികളും ഐ.ടി.ഐകളും പോളിടെക്‌നികളും സ്ഥാപിക്കാനായത് വലിയ നേട്ടമായി കരുതുന്നു.ചില രാഷ്ട്രീയക്കാർ അവരുടെ കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നു, അവരുടെ ഭാര്യയ്ക്ക് വേണ്ടി മകന് വേണ്ടി മകൾക്ക് വേണ്ടി ബന്ധുക്കൾക്ക് വേണ്ടി എല്ലാം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുടുംബം ബീഹാറാണ്', നിതീഷ് കുമാർ പറഞ്ഞു.സ്ത്രീകളോട് സംസാരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അവർ വളരെ അറിവുള്ളവരാണ്, സ്ത്രീകൾ ഇല്ലാതെ വികസനം നടക്കുമോ സ്ത്രീകളുടെ വിദ്യാഭ്യാസം തന്നെയാണ് വികസനത്തിലേക്കുള്ള ചവിട്ടുപടി. വനിതാ ശാക്തീകരണത്തിനായി ഞങ്ങൾ എന്നും പ്രവർത്തിച്ചിട്ടുണ്ട്, സ്ത്രീകൾക്കായി തുടർന്നും പ്രവർത്തിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു.

ബീഹാറിൽ അധികാരത്തിലെത്തിയാൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.ബിജെപിക്കെതിരെ ആർ.ജെ.ഡിയും രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസ് വാക്‌സിൻ രാജ്യത്തിന്റേതാണ്, ബിജെപിയുടേതല്ല എന്നാണ് ആർ.ജെ.ഡിയുടെ പ്രതികരണം.രോഗവും മരണവും ഉണ്ടാക്കുന്ന ഭയം വിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗമില്ലെന്ന് വാക്‌സിനിൽ രാഷ്ട്രീയം കളിച്ചതോടെ മനസ്സിലായെന്നും ആർ.ജെ.ഡി പറഞ്ഞു. ബീഹാറിലെ ജനങ്ങൾ ആത്മാഭിമാനമുള്ളവരാണെന്നും കുട്ടികളുടെ ഭാവി പണയം വെയ്ക്കരുതെന്നും രാഷ്ട്രീയ ജനതാദൾ ട്വീറ്റ് ചെയ്തു.

എന്തായാലും ഇപ്പോഴത്തെ ബീഹാറിലെ രാഷ്ട്രീയ രംഗം അടിമുടി സങ്കീർണ്ണമാണ്. അടിയൊഴുക്കുകളിൽ ആര് വീഴും ആര് വാഴും എന്ന് കണ്ടുതന്നെ അറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP