Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

തൊഴിലാളികളുടെ തോളിൽ കൈയിട്ട് തമാശ പറഞ്ഞ് ബീഡി വലിച്ച് നടന്നിരുന്ന നേതാവ്; അടുത്ത മുഖ്യമന്ത്രിയാവുമെന്ന് ഏവരും ഉറപ്പിച്ച ജനകീയൻ; സ്വന്തമായി വീടുപോലുമില്ലെങ്കിലും കൊട്ടാരംപോലത്തെ വീടുണ്ടാക്കിയെന്നും ബസ് മുതലാളിയൊണെന്നുമൊക്കെ കുപ്രചാരണം; ബസിറങ്ങി നടക്കുമ്പോൾ ചിലർ കുത്തിക്കൊന്നത് തൃശൂർ നഗരമധ്യത്തിൽവെച്ച്; പിന്നിൽ നക്സലുകൾ ആണെന്നും കെ കരുണാകരനാണെന്നും ആരോപണങ്ങൾ; 48 വർഷം കഴിഞ്ഞിട്ടും ദുരൂഹത മാറാതെ അഴീക്കോടന്റെ കൊലപാതകം

തൊഴിലാളികളുടെ തോളിൽ കൈയിട്ട് തമാശ പറഞ്ഞ് ബീഡി വലിച്ച് നടന്നിരുന്ന നേതാവ്; അടുത്ത മുഖ്യമന്ത്രിയാവുമെന്ന് ഏവരും ഉറപ്പിച്ച ജനകീയൻ; സ്വന്തമായി വീടുപോലുമില്ലെങ്കിലും കൊട്ടാരംപോലത്തെ വീടുണ്ടാക്കിയെന്നും ബസ് മുതലാളിയൊണെന്നുമൊക്കെ  കുപ്രചാരണം; ബസിറങ്ങി നടക്കുമ്പോൾ ചിലർ കുത്തിക്കൊന്നത് തൃശൂർ നഗരമധ്യത്തിൽവെച്ച്; പിന്നിൽ നക്സലുകൾ ആണെന്നും കെ കരുണാകരനാണെന്നും ആരോപണങ്ങൾ; 48 വർഷം  കഴിഞ്ഞിട്ടും ദുരൂഹത മാറാതെ അഴീക്കോടന്റെ കൊലപാതകം

എം മാധവദാസ്

'അഴീക്കോടൻ രാഘവനുശേഷം ടി കെ രാമകൃഷ്നല്ലാതെ നമുക്ക് ഒരു ചിരിക്കുന്ന സഖാവ് ഉണ്ടോ'- എൻ എസ് മാധവന്റെ വിഖ്യാതമായ 'നാലാം ലോകം' എന്ന കഥ തുടങ്ങുന്നത് അങ്ങനെയാണ്. ചിരിക്കാതിരിക്കുന്നത് ഒരു ജീവിത ശൈലിയാക്കുകയും, കാർക്കശ്യം വലിയ നേതൃഗുണമായി കണക്കാക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത്, അഴീക്കോടൻ രാഘവൻ എന്ന സൗമന്യായ കമ്യുണിസ്റ്റ് നേതാവ് ഒരു കുളിർമയേകുന്ന ഓർമ്മയാണ്. കേരളം കണ്ട് എറ്റവും വലിയ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒന്നായിരുന്നു സൗമനും നിസ്വർഥനുമായ ആ സിപിഎം നേതാവിന്റെ കൊലപാതകം. 1972 സെപ്റ്റംബർ 23ന് രാത്രി തൃശൂരിലെ ചെട്ടിയങ്ങാടിയിൽ നടന്ന ആ കൊലപാതകത്തിന് ഇന്ന് 48 വർഷം തികയുമ്പോഴും പ്രതികൾ ആരാണെന്നതും അജ്ഞാതമാണ്.

മരിക്കുമ്പോൾ ഇടതുമുന്നണി കൺവീനറും സിപിഎമ്മിന്റെ സമുന്നത നേതാവുമായിരുന്നു അഴീക്കോടൻ. തൊഴിലാളികളുടെ തോളിൽ കൈയിട്ട് തമാശപറഞ്ഞ് ബീഡി വലിച്ച് നടക്കുന്ന നേതാവ്. ജീവിച്ചിരിന്നിരുന്നെങ്കിൽ സിപിഎമ്മിന്റെ അടുത്ത മുഖ്യമന്ത്രിയും ഇദ്ദേഹം ആകുമായിരുന്നെന്ന് നിസ്സംശയം പറയാം. അത്രക്ക് ജനകീയനായിരുന്നു അഴീക്കോടൻ. എന്നാൽ എതിരാളികൾ അദ്ദേഹത്തിനെതിരെ കല്ലുവെച്ച നുണകളാണ് അടിച്ചുവിട്ടത്. കൊട്ടാരംപോലെത്തെ വീടുണ്ടാക്കിയെന്നും, വലിയ ബസ് മുതലാളിയൊണെന്നും പ്രചാരണം. പക്ഷേ അദ്ദേഹം മരണത്തെ തുടർന്ന് വീട്ടിൽ എത്തിയ പല മാധ്യമ പ്രവർത്തകരും ആ കൊച്ചു വീട് കണ്ട് ഞെട്ടുകയായിരുന്നു. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അഴീക്കോടൻ വധത്തിനുപിന്നിൽ ആരാണെന്നതും കണ്ടുപടിക്കാൻ കഴിയാത്തതും അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ നൊമ്പരം ആവുകയാണ്.

ബീഡിത്തൊഴിലാളിയിൽ നിന്ന് കരുത്തനായ നേതാവിലേക്ക്

കണ്ണൂർ ടൗണിലെ തെക്കീബസാറിൽ ആധാരമെഴുത്തുകാരനായിരുന്ന കറുവന്റെയും പുക്കാച്ചിയുടെയും മകനായി ജനിച്ച അഴീക്കോടൻ രാഘവന്റെത് സമാനതകളില്ലാത്ത ജീവിത സമരം കൂടിയായിരുന്നു. അദ്ദേഹത്തിന് രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നീട് അമ്മാവന്മാരുടെ സംരക്ഷണയിലാണ് വളർന്നത്. കണ്ണൂർ ഗവ.ട്രെയിനിങ് സ്‌കൂളിനോടനുബന്ധിച്ചുള്ള മോഡൽ സ്‌കൂളിൽ അഞ്ചാംതരത്തോടെ പഠനമുപേക്ഷിച്ച് ബീഡി തൊഴിലാളിയായി ജോലിക്കു ചേർന്നു. ഈ സമയത്ത് കണ്ണൂരിലെ ബീഡി തൊഴിലാളികൾ സംഘടിക്കാൻ തുടങ്ങിയിരുന്നു. അവകാശങ്ങൾക്കു വേണ്ടിയുള്ള ചില സമരങ്ങളും അവർ നടത്തിയിരുന്നു. ബീഡി-സിഗാർ തൊഴിലാളി യൂണിയൻ ഓഫീസ് സെക്രട്ടറിയായിരുന്നു കുറേക്കാലം. ഇക്കാലത്ത് നേതാക്കളായ ചേനോളി കുമാരൻ മുതലായവർ അറസ്റ്റിലായപ്പോൾ ബീഡി-സിഗാർ യൂണിയന്റെ സെക്രട്ടറിയായി. അങ്ങനെ ബീഡി തൊഴിലാളി യൂണിയന്റെ പ്രവർത്തകനായും നേതാവായും ഉയർന്നു. കൃഷ്ണപിള്ളയടക്കമുള്ള നേതാക്കളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചത് രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായി.

കോൺഗ്രസ്സിലൂടെയാണ് രാഘവൻ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. എന്നാൽ വഴിയെ കോൺഗ്രസ്സിന്റെ ലക്ഷ്യങ്ങളിലും പ്രവൃത്തികളിലുമുള്ള വിശ്വാസം നഷ്ടപ്പെടാൻ തുടങ്ങി. ഈ സമയത്താണ് കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാർ ചേർന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നത്. രാഘവൻ അതിൽ അംഗമായി ചേർന്നു. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചപ്പോൾ രാഘവനും ആ വഴി പിന്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1940 ൽ തന്നെ രാഘവനും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം സ്വീകരിച്ചു.രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിക്കാൻ തയ്യാറെടുത്തപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി യുദ്ധത്തോടുള്ള തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തി. ഇതിനെതുടർന്ന് കോൺഗ്രസ്സിന്റെ എതിർപ്പ് മുഴുവൻ പാർട്ടിക്കു നേരിടേണ്ടി വന്നു. കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും പറ്റാവുന്നപോലെ ആക്രമിക്കുന്നത് കോൺഗ്രസ്സുകാരുടെ പതിവായി മാറി. ഇത് ഏറ്റവും കൂടുതൽ നേരിടേണ്ടിവന്നത് കണ്ണൂരിലെ പ്രവർത്തകർക്കായിരുന്നു. ഇതിനെയൊക്കെ അതിജീവിച്ച് കണ്ണൂരിൽ പാർട്ടിക്ക് അടിത്തറയുണ്ടാക്കിയതിൽ പ്രധാനിയായിരുന്നു അഴീക്കോടൻ.

പാർട്ടിയുടെ പ്രചാരണത്തിനായി രാഘവൻ ഒരു മികച്ച പ്രാസംഗികൻ കൂടിയായി മാറി. ബീഡി തെറുക്കുന്ന മുറത്തിൽ വെച്ച് എഴുതിത്ത്ത്തയ്യാറാക്കിയ പ്രസംഗം പഠിക്കുന്ന രാഘവനെക്കുറിച്ച് സുഹൃത്ത് കൂടിയായ പി.അനന്തൻ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് നാട്ടിൽ കോളറ പോലുള്ള രോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ അതിനെതിരേ ദുരിതാശ്വാസപ്രവർത്തനവുമായി രാഘവൻ മുന്നിട്ടിറങ്ങി. ഇത് അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ ജനകീയനായ നേതാവ് എന്ന പേര് നേടിക്കൊടുത്തു.

1946ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1948 ൽ രണ്ടാംലോകമഹായുദ്ധത്തെത്തുടർന്ന് പാർട്ടിക്കു നിരോധനം നേരിട്ടപ്പോൾ അദ്ദേഹം രോഗബാധിതനായി കിടപ്പിലായിരുന്നു. എന്നിട്ടും പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തില്ല. എഴുന്നേറ്റു നടക്കാൻ ത്രാണിയായപ്പോൾ പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ പോയി. 1950 ൽ അറസ്റ്റുചെയ്യപ്പെട്ടു. 1951 ൽ ജയിൽമോചിതനായി. ജയിലിൽ നിന്നും മോചിതനായശേഷം മുഴുവൻ സമയവും തൊഴിലാളി പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു. 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1959 മുതൽ പാർട്ടിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. 1963 ഓഗസ്റ്റ് 7-ന് ദേശാഭിമാനി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്മിറ്റിയുടെ ഭരണസമിതി ചെയർമാനായി. മരണം വരെ ആ സ്ഥാനത്ത് തുടർന്നു.കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ രാഘവൻ സിപിഐ.എമ്മിനോടൊപ്പം നിന്നു. 1962-ൽ ഇന്ത്യാ-ചൈനാ അതിർത്തി സംഘട്ടനത്തെത്തുടർന്ന് അറസ്റ്റിലായി. 1964-ൽ ചൈനാചാരനെന്നാരോപിക്കപ്പെട്ട് വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. 1967ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് ഐക്യമുന്നണിയുടെ കൺവീനറായി. അന്ന് മുന്നണിക്ക് നേതൃത്വപരമായ പങ്ക് വഹിച്ചു. ഇടത്-വലത് വ്യതിയാനങ്ങൾക്കെതിരായി മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് നിലപാടിൽ ഉറച്ചുനിന്നു. മരിക്കുമ്പോൾ കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവായിരുന്നു അദ്ദേഹം.

പിന്നിൽ കരുണാകരനെന്ന് നവാബ് രാജേന്ദ്രൻ

അഴീക്കാടൻ രാഘവൻ വധം നടന്നിട്ട് 48 വർഷങ്ങൾ പിന്നിടുമ്പോഴും, അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവുമായിരുന്ന അഴീക്കോടൻ 1972 സെപ്റ്റംബർ 23ന് തൃശൂർ നഗരത്തിലെ ചെട്ടിയങ്ങാടിയിൽ വച്ചാണ് കൊല്ലപ്പെട്ടത്. അഴീക്കോടന്റെ വധത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടു വരുന്നതിൽ സിപിഎമ്മിനുള്ള ഉദാസീനതയാണ് കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകത്തിലെ ദുരൂഹത ഇപ്പോഴും നിലനിൽക്കാൻ കാരണം.

നക്സലൈറ്റുകളാണ് വധത്തിന് പിന്നിലെന്നാണ് ഇപ്പോഴും സിപിഎം പറയുന്നത്. എന്നാൽ കൊലപാതകികൾ ആരായിരുന്നുവെന്നോ കൊലപാതകത്തിന്റെ പിന്നിലെ കാരണങ്ങളോ പൊതുസമൂഹത്തിനു മുന്നിൽ ഇന്നും ചോദ്യചിഹ്നമായി അവശേഷിക്കുന്നു.കെ.കരുണാകരൻ അഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് കൊലപാതകം നടന്നത്. അക്കാലത്ത് കരുണാകരന് നേരെയും ആരോപണം ഉണ്ടായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇഎംഎസ്, കരുണാകരന് വധത്തിൽ പങ്കുണ്ടെന്ന് ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും പിന്നീട് നിലപാടിൽ ഉറച്ചു നിന്നില്ല.കാർഷിക സർവകലാശാലയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തട്ടിൽ എസ്റ്റേറ്റ് വിവാദമാണ് കരുണാകരനെ പ്രതിക്കൂട്ടിലാക്കുന്നത്. സർവകലാശാലയ്ക്കായി 936 ഏക്കർ വരുന്ന എസ്റ്റേറ്റ് അക്വയർ ചെയ്തതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നിലവിലുണ്ടായിരുന്നു. 30 ലക്ഷം വിലയുള്ള എസ്റ്റേറ്റിന് രണ്ട് കോടി രൂപ നൽകിയെന്ന ആരോപണം കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. എസ്റ്റേറ്റ് മാനേജരായിരുന്ന വി പി ജോണിനോട് ഡിസിസി പ്രസിഡന്റായിരുന്ന എം വി അബൂബക്കർക്ക് 15,000 രൂപ നൽകണമെന്നാവശ്യപ്പെട്ട് കരുണാകരന്റെ പിഎ ഗോവിന്ദൻ നൽകിയ കത്ത് നവാബ് എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചു. അതിന്റെ പേരിൽ പത്രാധിപരായ നവാബ് രാജേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമർദനത്തിനിരയാക്കി.

അഴീക്കോടന്റെ കൈവശമുണ്ടെന്ന് കരുതിയിരുന്ന കത്ത് ഇഎംഎസ് തന്നെ നിയമസഭയിൽ ഹാജരാക്കി വിഷയം അവതരിപ്പിക്കാൻ തീരുമാനമെടുത്തിരുന്നതായും പറയുന്നു. ഇതിനായി സെപ്റ്റംബർ 24ന് തൃശൂരിൽ ഇടതു നേതാക്കളുടെ യോഗം ചേരാനും തീരുമാനിച്ചു. എന്നാൽ അതിന്റെ തലേ ദിവസം തന്നെ അഴീക്കാടൻ കൊല്ലപ്പെടുകയായിരുന്നു. തൃശൂരിൽ വരുബോൾ അഴീക്കോടൻ താമസിച്ചിരുന്ന പ്രീമിയർ ലോഡ്ജിലേക്ക് ബസിറങ്ങി പോകുന്നതിനിടെ ചിലർ തടഞ്ഞ് നിർത്തുകയും അവരുമായുള്ള തർക്കത്തിനിടെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് പാർട്ടിക്കാർ പറയുന്നത്. എന്നാൽ ആ കത്തിനെക്കുറിച്ച് പിന്നീട് ആരും തിരക്കിയില്ല. കത്ത് പുറം ലോകം കണ്ടിരുന്നുവെങ്കിൽ കരുണാകരൻ എന്ന രാഷ്ട്രീയ ചാണക്യൻ പൊതു ജീവിതത്തിൽ നീന്ന് തന്നെ അപ്രത്യക്ഷനായേനേ. അതുകൊണ്ട് തന്നെ അഴീക്കോടൻ വധത്തിന് പിന്നിൽ കെ കരുണാകരൻ ആണെന്നാണ് അവസാന നിമിഷം വരെയും നവാബ് രാജേന്ദ്രൻ പറഞ്ഞത്.

അക്കാലത്ത് സിപിഎം വിട്ട എ.വി ആര്യനെയാണ് കേസിൽ പ്രതി ചേർത്തത്. ആര്യൻ വിഭാഗം തൃശൂർ മാർക്കറ്റിൽ വളരെ ശക്തമായിരുന്നു. ഇത് പലപ്പോഴും സിപിഎമ്മുമായി സംഘർഷത്തിന് കാരണമായി. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം പതിവായി. ആര്യനെ സിപിഎമ്മുകാർ വകവരുത്തുമെന്ന് പ്രചരണവും ശക്തമായിരുന്നു. അഴീക്കോടൻ കൊല്ലപ്പെട്ട ദിവസം തന്നെ ആര്യനും കൊല്ലപ്പെടുമെന്ന വാർത്ത തൃശൂരിൽ പ്രചരിച്ചിരുന്നു. എന്നാൽ ആര്യന് അന്ന് മംഗലം ഡാമിനു സമീപം പൊതുയോഗമുണ്ടായിരുന്നു. ഭീഷണി കാരണം സുരക്ഷയുടെ ഭാഗമായി പൊലീസ് ആര്യനെ സ്റേറഷനിലേക്ക് മാറ്റി.

അഴീക്കോടൻ കൊല്ലപ്പെട്ടതിനെ തുടർന്ന് പൊലീസ് ആര്യനെ പ്രതിയാക്കിയത് ഈ വസ്തുതകളെ മറച്ചുകൊണ്ടാണ്. ഇക്കാര്യം അറിയാവുന്ന അന്വഷണ ഉദ്യോഗസ്ഥൻ പ്രതിയാക്കാൻ തയ്യാറായില്ല. അദ്ദഹത്തെ അന്വേഷണ ചുമതലയിൽ നിന്നൊഴിവാക്കി സ്ഥലം മാറ്റിയാണ് ആര്യനെ പ്രതിയാക്കിയത്. ആര്യനെ പിന്നീട് കോടതി നിരപരാധിയെന്ന് കണ്ട് വെറുതെ വിട്ടു. ആര്യനെ പ്രതിയാക്കാൻ സിപിഎം കരുണാകരനുമായി ഒത്തു കളിക്കുകയായിരുന്നുവെന്നും പറയുന്നു .കൊലപാതകത്തിന്റ പിന്നിൽ പ്രവർത്തിച്ചവർ ആരെന്നും ഇപ്പോഴും വ്യക്തമല്ല. നേരറിയാൻ പാർട്ടിക്കാ അണികൾക്കോ താൽപര്യമില്ല. നക്സലൈറ്റുകളാണ് വധത്തിനു പിന്നിലെന്നാണ് ഇഎംഎസ് അവസാനം വരെ പറഞ്ഞിരുന്നത്.

കത്തുതേടി പൊലീസ് എത്തിയത് സ്ഥിരീകരിച്ച് ഭാര്യയും

'എല്ലാവരോടും സ്നേഹമായിരുന്നു സഖാവിന്.... '' ഈ കോവിഡ് കാലത്തും അഴീക്കോടന്റെ നാൽപ്പത്തിയെട്ടാം ചരമ വാർഷികത്തിൽ മീനാക്ഷിടീച്ചർ നിർത്താതെ പറയാൻ ശ്രമിച്ചത് അഴീക്കോടൻ രാഘവൻ എന്ന ധീരവിപ്ലവകാരിയോടൊപ്പമുള്ള ജീവിതമായിരുന്നു. ഓരോ സെപ്റ്റംബർ 23 കടന്നുവരുമ്പോഴും അഴീക്കോടന്റെ ഈ വിധവക്കുമുന്നിൽ ഓർമകൾ തിരയടിച്ചെത്തും. അഴീക്കോടനൊപ്പം 16 വർഷവും അദ്ദേഹത്തിന്റെ ഓർമകളിൽ ശേഷിച്ച 48 വർഷവും ജീവിച്ച മീനാക്ഷിടീച്ചർക്ക് അദ്ദേഹം ഇന്നും സ്നേഹിച്ചുകൊതി തീരാത്ത ഭർത്താവാണ്. എല്ലാ ആഴ്ചകളിലും മുടങ്ങാതെ സ്നേഹത്തിന്റെ മധുരം കലർന്ന അക്ഷരങ്ങളുമായി അഴീക്കോടന്റെ കത്തുകൾ ടീച്ചറുടെ കൈകളിലെത്തിയിരുന്നു. അഴീക്കോടൻ കൊല്ലപ്പെട്ട ദിവസവും അത്തരമൊരു കത്ത് ടീച്ചർക്ക് കിട്ടിയിരുന്നു. രണ്ടുദിവസംമുമ്പ് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ലെറ്റർ പാഡിൽ എഴുതിയ കത്തായിരുന്നു അത്. സ്‌നേഹമയിയായ ഭർത്താവിന്റെ, അച്ഛന്റെ അകം വെളിവാക്കുന്ന ആ കത്ത് ടീച്ചർ ഇന്നും സൂക്ഷിക്കുന്നു.


.
തട്ടിൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രി കെ കരുണാകരനെതിരെ ഉയർന്ന അഴിമതി ആരോപണം കേരളത്തെ ഇളക്കിമറിച്ച കാലം. അഴിമതി പുറത്തുകൊണ്ടുവന്ന നവാബ് രാജേന്ദ്രൻ, സുപ്രധാന തെളിവായി ചോർത്തിയെടുത്ത കത്ത് അഴീക്കോടനെ ഏൽപ്പിച്ചിരുന്നു. അത് അദ്ദേഹത്തെ നോട്ടപ്പുള്ളിയാക്കി. കത്ത് കൈക്കലാക്കാൻ തൃശൂരിൽനിന്ന് പൊലീസ് കണ്ണൂരിലെ വീട്ടിലെത്തിയ രാത്രി ഇന്നും ടീച്ചറുടെ ഓർമയിലുണ്ട്.നിനച്ചിരിക്കാതെയുണ്ടായ അഴീക്കോടന്റെ വേർപാടിനെ അത്രയുംകാലത്തെ സ്നേഹനിർഭരമായ ജീവിതത്തിന്റെ കരുത്തിലാണ് ടീച്ചർ അതിജീവിച്ചത്. പറക്കമുറ്റാത്ത അഞ്ചു മക്കളും രണ്ടു പേരുടെയും അമ്മമാരും അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം അദ്ധ്യാപനജോലിയുടെ പിന്തുണയിൽ മീനാക്ഷി ടീച്ചർ നിർവഹിച്ചു. പാർട്ടിയുടെ അകമഴിഞ്ഞ സഹായവും അവർ എടുത്തുപറയുന്നു. ദേഹാസ്വാസ്ഥ്യം കാരണം കുറച്ചുനാൾ ആശുപത്രിയിലായിരുന്നു. കഴിഞ്ഞദിവസമാണ് ഡിസ്ചാർജുചെയ്ത് വീട്ടിലെത്തിയത്. സഖാവിന്റെ ഓർമകൾ പകരുന്ന കരുത്തിലാണ് പള്ളിക്കുന്ന് അഴീക്കോടൻ നിവാസിൽ മീനാക്ഷിടീച്ചർ കഴിയുന്നത്.

ചോരയൊഴുകിയ മണ്ണ് സിപിഎം വാങ്ങുന്നു

അഴീക്കോടൻ വധം നടന്ന ദിവസത്തെക്കുറിച്ച് എം പി വീരേന്ദ്രകുമാർ തന്റെ ആത്മകഥയിൽ അനുസ്മരിക്കുന്നത് ഇങ്ങനെയാണ്.'അത്ര തെളിച്ചമില്ലാത്ത ഒരു പ്രഭാതമായിരുന്നു അന്നത്തേത്. തൃശൂരിലെ പ്രിമിയർ ലോഡ്ജിൽ സഖാവ് അഴീക്കോടൻ രാഘവനെ കാത്തിരിക്കുകയായിരുന്നു ഞാനും അരങ്ങിൽ ശ്രീധരനും കെ.കെ.അബുവും ശിവരാമഭാരതിയും. ചുണ്ടിൽനിന്ന് വിപ്ലവത്തിന്റെ സമരധാര ഒഴുകുന്ന സഖാവിനെ കാത്ത് ഞങ്ങൾ കൂട്ടുകാർ ഇരുന്നു. എന്നെ കാണാൻ കൊച്ചിയിൽനിന്ന് വരികയായിരുന്നു അദ്ദേഹം.
ലോഡ്ജ് മുറിയിലെ കാത്തിരിപ്പിന് മണിക്കൂറുകളുടെ ദൈർഘ്യമുണ്ടായി. നാഴികമണി ഓരോവട്ടം തിരിഞ്ഞുമറിയുമ്പോഴും ഞങ്ങളുടെ ഉള്ളിൽ വെള്ളിടിപോലെ ഭയചിന്തകൾ ചേക്കേറി. സമയം ദയാരഹിതമായി കടന്നുപോയി.

രാത്രി വല്ലാതെ കറുത്തിരുണ്ടിരുന്നു. പേടിപ്പെടുത്തുന്ന ഏകാന്തതയെ മുറിച്ചുമാറ്റി ഞങ്ങൾ പുറേത്തക്കിറങ്ങി. ആ സമയം അവിടേക്ക് ഓടിയടുത്ത പണിക്കാരനോട് അഴീക്കോടൻ സഖാവിനെ കണ്ടോ എന്നന്വേഷിച്ചു. ''സാറ് അറിഞ്ഞില്ലേ... സഖാവിനെ ആരോ കുത്തി'' -വിയർത്തുകുളിച്ച് വിറക്കുന്ന താടിയെല്ലുകളും കാട്ടി വിതുമ്പിക്കൊണ്ടയാൾ പറഞ്ഞു.ഞാനാകെ തരിച്ചിരുന്നുപോയി. തൊണ്ടയിൽ വെള്ളം വറ്റി. കണ്ണുകളിൽ ഇരുട്ട് പുകപടലംപോലെ പടർന്നുകയറാൻ തുടങ്ങി. കാലിൽനിന്ന് തണുപ്പും ചൂടുമുള്ള ചോര എങ്ങോട്ടൊക്കെയോ ചീറ്റിയൊഴുകുന്നതായി തോന്നി. വല്ലാത്ത തളർച്ച.

വേഗം കാറെടുത്ത് സംഭവസ്ഥത്തേക്ക് പാഞ്ഞു. കേട്ടത് അസത്യമാകണേയെന്ന് പ്രാർത്ഥിച്ചു. ദൂരെനിന്നുതന്നെ ആ കാഴ്ച കണ്ടു. ചോരയൊഴുകുന്ന മണ്ണിൽ നെഞ്ചുചേർത്തുവെച്ച് കിടക്കുകയായിരുന്നു സമരനായകൻ. ചുറ്റും കൂടിയവർ തുറിച്ചുനോക്കിനിൽക്കുന്നു. ആ രക്തനക്ഷത്രത്തിന്റെ ജീവനെടുത്തുകൊണ്ട് മരണം ഇരുളിന്റെ മറവിലേക്ക് മാറിയതേ ഉണ്ടായിരുന്നുള്ളു. ചൂടുമാറാത്ത മരണം. പോരാട്ടവീര്യത്തിന്റെ തീപാറുന്ന ചോര സാവധാനം കറുത്തൊഴുകാൻ തുടങ്ങി. ആ മരണക്കാഴ്ച എന്നെ വല്ലാതെ ഉലച്ചു. സിരകളിലെ ചോര തണുത്തു തണുത്ത് മഞ്ഞുകട്ടകളായി മാറി.വല്ലാത്തൊരു കാഴ്ചയായിരുന്നു അത്. വല്ലാത്ത ഒരു മരണവും. ഒരിക്കലും ഓർക്കാൻ പറ്റരുതേയെന്ന് ആഗ്രഹിച്ചുപോകുന്ന കാഴ്ച. ആരൊക്കെയോ ചേർന്ന് എന്നെ കാറിൽ കയറ്റി. നെഞ്ചിൽ നീറുന്ന വേദനയും പേറിയാണ് അവിടെനിന്ന് മടങ്ങിയത്. പിന്നെ പല രാത്രികളിലും ആ മുഖം ഓർമയിൽ ചുവന്നുതുടുത്ത രക്തനക്ഷത്രംപോലെ കടന്നുവരുമായിരുന്നു.

പിറ്റേ പ്രഭാതം പ്രകൃതിയുടെ വിലാപം നിറഞ്ഞതായിരുന്നു. കണ്ണൂരിലേക്ക് സഖാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ പോയപ്പോൾ വഴി അരികുകൾ മുഴുവൻ തേങ്ങുകയായിരുന്നു. പെരുമഴയിൽ കുളിച്ചുനിന്നവർ വാഹനങ്ങൾ തടഞ്ഞു. അക്രമത്തിന്റെ വഴിതേടിയവർ പലരുടെയും യാത്രകൾ മുടക്കി. എന്നിട്ടും എന്നെ ആരും തടഞ്ഞില്ല. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ഒരിടത്ത് തടഞ്ഞുനിർത്തി കാർ തുറന്നു. എന്റെ മുഖം കണ്ടപ്പോൾ സഖാവിനെ അവസാനം കണ്ടതല്ലേ ഈ കണ്ണുകൾ എന്നു പറഞ്ഞു, ചിലർ വിതുമ്പി.
ഞങ്ങളെത്തുമ്പോൾ കണ്ണൂരിലെ രണ്ടുമുറി മാത്രമുള്ള വാടകവീടിനു മുന്നിൽ കണ്ണീർപുഴ ഏറ്റുവാങ്ങി സഖാവ് രാഘവൻ കിടക്കുകയായിരുന്നു. നിലവിളികൾക്ക് നടുവിൽ പയ്യാമ്പലം കടപ്പുറം ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുവോളം ഞങ്ങൾ വിറങ്ങലിച്ച മനസ്സുമായി അവിടെനിന്നു. സമാനതകളില്ലാത്ത ആ നേതാവിന്റെ വിയോഗം ഐന്റയുള്ളിൽ ഇപ്പോഴും വേദനയായിത്തന്നെ തുടരുകയാണ്. നെഞ്ചുകൊളുത്തി വലിക്കുന്ന വേദന.'- വീരേന്ദ്രകുമാർ അനുസ്മരിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു.

അഴീക്കോടന്റെ ചോര വീണ മണ്ണ് വിലക്കുവാങ്ങി സ്മാരകം പണിയാൻ സിപിഎം ആലോചിക്കുന്നതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വാർത്ത. എറണാകുളത്ത് പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ അഴീക്കോടൻ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള ചെട്ടിയങ്ങാടിയിൽ ഇറങ്ങി ചെമ്പോട്ടിൽ ലെയിനിലുള്ള താമസസ്ഥലമായ പ്രീമിയർ ലോഡ്ജിലേക്ക് നടക്കുന്നതിനിടെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം കുത്തിവീഴ്‌ത്തിയത്.ഇവിടെ സ്മൃതിമണ്ഡപമൊരുക്കിയാണ് എല്ലാ വർഷവും സിപിഎം പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിക്കാറുള്ളത്. അഴീക്കോടൻ വീണുമരിച്ച റോഡിനോട് ചേർന്ന സ്ഥലം വിലയ്ക്ക് വാങ്ങാനാണ് ഇപ്പോൾ തീരുമാനം. ഈ സ്ഥലം ഇപ്പോൾ വെറുതെ കിടക്കുകയാണ്.

അഞ്ച് സെന്റിലധികമുള്ള സ്ഥലത്തിന്റെ ഉടമയുമായി ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. സിപിഎം ജില്ല കമ്മിറ്റി ഓഫിസ് അഴീക്കോടന്റെ പേരിലാണ്. സിഐ.ടി.യു ആസ്ഥാനം നിർമ്മിക്കാനാണ് സ്ഥലം വാങ്ങുന്നതെന്നും അത് അഴീക്കോടൻ സ്മാരകമായി സംരക്ഷിക്കപ്പെടുമെന്നും നേതാക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP