Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

19ാം നൂറ്റാണ്ടു മുതൽ നടന്നത് ചെറുതും വലുതുമായ നാൽപ്പതോളം കലാപങ്ങൾ; കൊല്ലപ്പെട്ടത് ആയിരങ്ങൾ; ഷബാനുകേസിന് പരിഹാരമായി കോൺഗ്രസിന്റെ ഹൈന്ദവ പ്രീണനം കാര്യങ്ങൾ വഷളാക്കി; രഥയാത്രയും കർസേവയും വെടിവെപ്പുമൊക്കെയായി എത്രയെത്ര പ്രശ്‌നങ്ങൾ; വെറും രണ്ടു സീറ്റിൽ നിന്ന് ബിജെപിയുടെ വളർച്ച ഈ കാമ്പയിന് ഒപ്പം; തുടക്കം കുറിച്ചത് ഹിന്ദുരാഷ്ട്രത്തിന്റെ നിർമ്മാണത്തിനോ? അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സംഘർഷഭരിതമായ വഴിത്താരകളിലൂടെ

19ാം നൂറ്റാണ്ടു മുതൽ നടന്നത് ചെറുതും വലുതുമായ നാൽപ്പതോളം കലാപങ്ങൾ; കൊല്ലപ്പെട്ടത് ആയിരങ്ങൾ; ഷബാനുകേസിന് പരിഹാരമായി കോൺഗ്രസിന്റെ ഹൈന്ദവ പ്രീണനം കാര്യങ്ങൾ വഷളാക്കി; രഥയാത്രയും കർസേവയും വെടിവെപ്പുമൊക്കെയായി എത്രയെത്ര പ്രശ്‌നങ്ങൾ; വെറും രണ്ടു സീറ്റിൽ നിന്ന് ബിജെപിയുടെ വളർച്ച ഈ കാമ്പയിന് ഒപ്പം; തുടക്കം കുറിച്ചത് ഹിന്ദുരാഷ്ട്രത്തിന്റെ നിർമ്മാണത്തിനോ?  അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സംഘർഷഭരിതമായ വഴിത്താരകളിലൂടെ

എം മാധവദാസ്

'സോമനാഥ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് പൊതു ഖജനാവിൽനിന്ന് ചില്ലിക്കാശുപോലും ഉപയോഗിക്കരുത്'- ഇതു പറഞ്ഞത് കറകളഞ്ഞ വിശ്വസിയായിരുന്ന സാക്ഷാൽ മഹാത്മാഗാന്ധി ആയിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഉടൻ ഗുജറാത്തിലെ സോമനാഥക്ഷേത്രം പുതുക്കിപ്പണിയാൻ സർദാർ പട്ടേലിന്റെയും കെ.എം മുൻഷിയുടെയും നേതൃത്വത്തിൽ വ്യാപകമായ പ്രചാരണങ്ങൾ ആരംഭിച്ചപ്പോൾ, അതിന് പൊതുഖജനാവിൽനിന്ന് പണം മുടക്കരുതെന്നാണ് രാഷ്ട്രപിതാവ് ഓർമ്മിപ്പിച്ചത്. ഗാന്ധി വധത്തിന് കാരണങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ടു ഈ പ്രസ്താവനയും. പക്ഷേ ഇത്രും വർഷങ്ങൾ കഴിഞ്ഞ് നാം പിറകോട്ട് നോക്കുമ്പോൾ ഒരു ക്ഷേത്ര നിർമ്മാണത്തിനായി നാം കൊടുത്ത് കോടികളുടെ പണവും, നൂറുകണക്കിന് മനുഷ്യരുടെ രക്തവുമാണ്. അങ്ങനെയാണ് അയോധ്യയിലെ ശ്രീരാമക്ഷേത്രം ഉയരുന്നത്. പക്ഷേ അപ്പോഴും ഇന്ത്യയിലെ സാധാരണക്കാർ ആശ്വസിക്കയാണ്. അങ്ങനെയെങ്കിലും ഈ പ്രശ്നം ഒന്ന് തീർന്ന് കിട്ടുമല്ലോ.

രണ്ടു നൂറ്റാണ്ടുകളായി രാമജന്മഭൂമിയെയും ബാബറി മസ്ജിദിനെയും ചുറ്റിപ്പറ്റിയുള്ള ചെറുതും വലുതുമായ നാൽപ്പതോളം കലാപങ്ങളിൽ, നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ബോംബെ കലാപം, ഭഗൽപുർ ലാപം തൊട്ട് എത്രയെത്ര ചോരപ്പുഴകൾ. രഥയാത്രയും , കർസേവയും, വെടിവെപ്പുമൊക്കെയായി എത്രയെത്ര സംഘർഷങ്ങൾ. അതൊകൊണ്ടുതന്നെ മധ്യസ്ഥതപോലെ ഇരുകൂട്ടർക്കും കാര്യമായ പരിക്കില്ലാതെ സുപ്രീം കോടതി ഈ വിഷയത്തിൽ തീർപ്പുകൽപ്പിച്ചപ്പോൾ, സമാധാനകാംഷികളായ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും അതിനെ സ്വാഗതം ചെയ്യുകയായിരുന്നു. ഇന്ത്യയുടെ തീരാ തലവേദനകളിൽ ഒന്ന് അങ്ങനെയെങ്കിലും തീർന്ന് കിട്ടുമല്ലേ എന്ന ആശ്വാസം. അയോധ്യയിൽ രാമക്ഷേത്രവും, മറ്റൊരിടത്ത് മസ്ജിദും ഉയരുമ്പോൾ സാധാരണക്കാർ ചിന്തുക്കുന്നത് ഇനിയെങ്കിലും സമാധാനം ഉണ്ടാകുമോ എന്നുതെന്നയാണ്.

പക്ഷേ രാഷ്ട്രീയമായി ചിന്തിക്കുമ്പോൾ മതേതരത്വത്തിൽ വിശ്വസിക്കുന്നവർക്ക് അതിയായ ആശങ്കയാണ് രാമക്ഷേത്ര നിർമ്മാണം ഉയർത്തുന്നത്. വെറും രണ്ടു സീറ്റിൽ നിന്ന് ഇന്ദ്രപ്രസ്്ഥം അടക്കി ഭരിക്കുന്ന രീതിയിലേക്ക് സംഘപരിവാറിന്റെ വളർച്ച രാമക്ഷേത്രത്തിന് ഒപ്പമായിരുന്നു. രാമന്റെ ചിറകിലേറിയ ബിജെപിയുടെ മൃദുഹിന്ദുത്വ നയങ്ങൾ പൊടിതട്ടിയെടുത്ത് അവതരിപ്പിക്കയാണ് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും. അതായത് രാഷ്ട്രീയ ഹിന്ദുത്വക്ക് ഇന്ത്യയിൽ എതിരില്ല എന്ന് ചുരുക്കം. സംഘപരിവാർ തീവ്ര ഹിന്ദുത്വത്തിനായി ശ്രമിക്കുമ്പോൾ മൃദു ഹിന്ദുത്വമാണ് കോൺഗ്രസ് പയറ്റിനോക്കുന്നത്.

'ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും വലിയ പദ്ധതികളായിരുന്നു ഭരണഘടനയിൽനിന്ന് 370ാം വകുപ്പ് എടുത്തുമാറ്റി കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക, ബാബരി മസ്ജിദിന് പകരം രാമക്ഷേത്രം പണിയുക, ഏക സിവിൽ കോഡ് നടപ്പാക്കുക എന്നത്. 2019 ഓഗസ്റ്റ് 5 ന് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി. തൊട്ടടുത്ത വർഷം അതേ ദിവസത്തിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കാനൊരുങ്ങുന്നു. ഇതിനർത്ഥം ഹിന്ദുത്വം അവരുടെ രാഷ്ട്രനിർമ്മിതിയുടെ അടിത്തറ രൂപപ്പെടുത്തി എന്നത് തന്നെയാണ്. ഇതിനിടയിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പൗരത്വ പദവിയെ ആശങ്കയിലാക്കുന്ന നിയമ നിർമ്മാണങ്ങളും ഈ ഭരണകൂടം നടത്തി. ഇനിയുള്ളത് ഹിന്ദുരാഷ്ട്ര നിർമ്മിതിയാണ്. ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിൽ അത്് നടപ്പാവുമോ എന്ന് മാത്രമാണ് കാത്തിരുന്ന് കാണണ്ടേത്.'- പ്രശസ്ത എഴുത്തുകാരൻ കാഞ്ച ഐലയ്യ ചൂണ്ടിക്കാട്ടുന്നു.

എതിരില്ലാതെ ബിജെപി

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമാകുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപി ലക്ഷ്യം വയ്ക്കുന്നത് സമ്പൂർണ്ണ മേധാവിത്വമാണ്. അടുത്ത വർഷം നടക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലുൾപ്പടെ അയോധ്യയുടെ സ്വാധീനം ദൃശ്യമാകുമെന്നാണ് പാർട്ടിയുടെ വിശ്വാസം. ബിജെപിയുടെ രാഷ്ട്രീയ നീക്കം പ്രതിരോധിക്കുന്നതിൽ ആശയക്കുഴപ്പം പ്രതിപക്ഷനിരയിൽ ദൃശ്യമാണ്. അധികാരം ലക്ഷ്യമിടുന്ന പശ്ചിമ ബംഗാളിലുൾപ്പടെ അയോധ്യ സ്വാധീനിക്കുമെന്നും മേധാവിത്വം ഉറപ്പിക്കാൻ ബിജെപിക്ക് സാധിക്കുമെന്നുമാണ് വിലയിരുത്തൽ.

1990 സെപ്റ്റംബറിൽ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ നിന്ന് സംഘപരിവാർ തുടങ്ങിയ യാത്രയുടെ മുപ്പതാം വർഷത്തിലാണ് അയോധ്യയിലെ തറക്കല്ലിടൽ ചടങ്ങ് നടക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തിന് ശംഖൊലി മുഴങ്ങുമ്പോൾ രണ്ട് അടിസ്ഥാന ആശയങ്ങൾ നടപ്പാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഹിന്ദുധ്രുവീകരണ ശ്രമം മുന്നോട്ടുകൊണ്ടുപാകാൻ കഴിയാതെ പകച്ചുനിന്ന സംഘപരിവാറിന് എൺപതുകളുടെ അവസാനം കിട്ടിയ ആയുധമായിരുന്നു അയോധ്യ.

1992ൽ ബാബ്റി മസ്ജിദ് തകർത്തതിനു ശേഷമുള്ള അന്തരീക്ഷത്തിൽ പല സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തി. എ ബി വാജ്പേയി മൂന്നു തവണ പ്രധാനമന്ത്രിയായി അധികാരമേറ്റു. പിന്നീട് അയോധ്യക്കപ്പുറത്തെ ധ്രുവീകരണം സാധ്യമാക്കിയ നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തെ വലതുപക്ഷത്തേക്ക് ചരിച്ചു.അയോധ്യയിൽ ക്ഷേത്രം ഉയർന്നാലും ആ വികാരം പെട്ടെന്ന് അടങ്ങില്ലെന്നാണ് ബിജെപി കരുതുന്നത്. ക്ഷേത്രനിർമ്മാണത്തിന്റെ കാഴ്ചകൾ ആദ്യം ബിഹാറിലും പിന്നീട് ബംഗാളിലും ബിജെപി ആയുധമാക്കുമെന്നുറപ്പ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ജയ്ശ്രീറാം വിളി ഏറ്റവും കൂടുതൽ മുഴങ്ങിയത് ബംഗാളിലാണ്. അതേസമയം, ബിജെപിയെ ആശയപരമായി എതിർക്കാൻ മടിക്കുന്ന പ്രതിപക്ഷത്തെയാണ് രാമക്ഷേത്രനിർമ്മാണ വേളയിൽ കാണുന്നത്. രണ്ട് അടിസ്ഥാന ആശയങ്ങൾ നടപ്പാക്കിയ ബിജെപി ഏകീകൃത സിവിൽ നിയമത്തിലേക്ക് അടുത്തതായി തിരിയുമോ എന്നാണ് ഇനി അറിയേണ്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയർന്ന പ്രതിഷേധം ഇക്കാര്യത്തിൽ താത്കാലികമായുള്ള മെല്ലെപോക്കിന് സർക്കാരിനെ പ്രേരിപ്പിച്ചേക്കും.

റൊമീല ഥാപ്പറിനെയും അരുദ്ധതീ റോയിയെയും പോലുള്ള എഴുത്തുകാർ ഘട്ടംഘട്ടമായുള്ള ഹൈന്ദവത്ക്കരണത്തിന്റെ തുടക്കമായാണ് രാമക്ഷേത്ര നിർമ്മാണത്തെ കാണുന്നത്. 'തുർക്കി എന്ന മതേതര രാജ്യത്തെ ആ പേര് മാത്രം നിലനിർത്തി, എങ്ങനെയാണ് എർദോഗാൻ ഒരു ഇസ്ലാമിക രാഷ്ട്രമാക്കിയതെന്ന് നാം കണ്ടു. ഹാഗിയ സോഫിയ എന്ന മുൻകാലത്തെ ക്രിസ്ത്യൻ കത്തീഡ്രൽ ഇപ്പോൾ മോസ്‌ക്ക് ആയി മാറിയിരിക്കയാണ്. ഓരോരുത്തരും അവർക്ക് ആധിപത്യമുള്ളിടത്ത് സമഗ്രാധിപത്യത്തിനാണ് ശ്രമിക്കുന്നത്. അത് തടിയിടേണ്ടത് മതേതര വാദികൾ ആണ്'- അരുദ്ധതി റോയ് ചൂണ്ടിക്കാട്ടുന്നു.

സ്വതന്ത്ര ഇന്ത്യയെ പിടിച്ചുകുലുക്കിയ രാമക്ഷേത്ര നിർമ്മാത്തിന്റെ നാൾ വഴികൾ മനസ്സിലാക്കാൻ നാം ഒരു പാട് പിറകോട്ട് സഞ്ചിരിക്കേണ്ടതുണ്ട്. ഹാഗിയ സോഫിയയയെപ്പോലെ നൂറ്റാണ്ടുകളുടെ സംഭവപരമ്പരകളുടെയുള്ളയാണ് ആ യാത്രയും.

തുടക്കം ബാബറിൽ; തർക്കം 1885 മുതൽ

1528-ൽ മുഗൾ ചക്രവർത്തിയായിരുന്ന ബാബറാണ് അയോധ്യയിലെ ബാബറി മസ്ജിദ് എന്ന് പിൽക്കാലത്ത് അറിയപ്പെട്ട പള്ളി നിർമ്മിക്കുന്നത്. ബാബറുടെ കമാൻഡർ മിർ ബാഖിക്കായിരുന്നു നിർമ്മാണത്തിന്റെ ചുമതല. പക്ഷേ ഇത് ബാബർ ആണ് നിർമ്മിച്ചതെന്ന് തെളിയിക്കാനുള്ള രേഖകൾ ഇപ്പോഴും വ്യക്തമല്ല. അങ്ങനെ പറഞ്ഞുകേൾക്കുന്നുവെന്ന് മാത്രം.

എന്നാൽ 1859ൽ ഇതുസംബന്ധിച്ച് തകർക്കം ഉടലെടുത്തിരുന്നു. ഇതോടെ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം ഇരുവിഭാഗങ്ങൾക്കുമായി പള്ളിക്കകത്ത് പ്രത്യേകം വേലിക്കെട്ടുകൾ തീർത്ത് പ്രവേശനാനുമതി നൽകി. പള്ളിയുടെ ഉൾവശം ഇസ്ലാമിക വിശ്വാസികൾക്കും പുറത്ത് ഹിന്ദുക്കൾക്കും ആരാധന നടത്താം എന്നതായിരുന്നു വ്യവസ്ഥ. 1883ൽ പ്രദേശത്ത് ക്ഷേത്ര നിർമ്മാണത്തിനായി ആദ്യത്തെ നീക്കമുണ്ടായി. എന്നാൽ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഇടപെടൽ മൂലം ഈ നീക്കം തൽക്കാലത്തേക്ക് നിർത്തിവച്ചു.

1885ലാണ് ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ആദ്യത്തെ കോടതി വ്യവഹാരമുണ്ടാകുന്നത്. മഹന്ത് രഘുബീർ ദാസ് എന്നൊരാളാണ് ആദ്യമായി കേസുമായി കോടതിക്ക് മുന്നിലെത്തുന്നത്. ബാബറി മസ്ജിദിന്റെ തൊട്ടപ്പുറത്ത് നിൽക്കുന്ന 'റാം ചബൂത്ത്റാ' എന്ന കൽമണ്ഡപത്തെ ഒരു അമ്പലമാക്കിയെടുക്കാൻ അനുമതി തേടിയാണ് മഹന്ത് ഫൈസാബാദ് ജില്ലാ കോടതി സമക്ഷമെത്തുന്നത്. ഭൂമിക്കുമേൽ തനിക്ക് അവകാശമുണ്ടെന്ന് വാദിച്ചാണ് അദ്ദേഹം ചെല്ലുന്നത്. അന്നുതൊട്ടേ ഇന്ത്യയുടെ കണ്ണീരായിരുന്നു ഇത്. നിരവധി ലഹളകൾ ആണ് ഇതിന്റെ പേരിൽ ഉണ്ടായയ്.

1853-നും 1855-നുമിടയിൽ നടന്ന ഹിന്ദു മുസ്ലിം ലഹളകൾക്കൊടുവിൽ ഹിന്ദുക്കൾ അവരുടെ ആരാധനയ്ക്കായി കെട്ടിയെടുത്തതാണ് ആ കൽമണ്ഡപം. പ്രദേശത്തെ ഹനുമാന്റെ അമ്പലം ഒരു പള്ളിപൊളിച്ച് അതിന്മേൽ കെട്ടിയതാണ് എന്ന മുസ്ലിങ്ങളുടെ വാദമാണ് അന്ന് കലാപത്തിൽ ചെന്നവസാനിച്ചത്. അന്നത്തെ കോടതി റിക്കാർഡുകൾ പ്രകാരം, 'റാം ജന്മഭൂമി' എന്നപേരിൽ അന്ന് അവകാശവാദങ്ങൾ വന്നിരുന്നത് 'റാം ചബൂത്ത്റാ' എന്ന ഈ കൽമണ്ഡപം ഇരിക്കുന്ന ഭാഗത്തിനു വേണ്ടിയാണ്. ബാബരി മസ്ജിദ് സ്ഥിതിചെയ്യുന്നത് ഭാഗത്തിനു വേണ്ടി അല്ലായിരുന്നു.

മൂർത്തികൾ പ്രതിഷ്ഠിക്കപ്പെടുന്നത് 49ൽ

1886-ൽ ഫൈസാബാദ് കോടതി മഹന്തിന്റെ വാദങ്ങൾ തള്ളി. അമ്പലം നിർമ്മിക്കാനുള്ള അനുമതി ജില്ലാ കോടതിയിൽ നിന്നോ മേൽക്കോടതിയിൽ നിന്നോ കിട്ടിയില്ല. എന്നാൽ വിധിവന്ന ശേഷം വീണ്ടും കലാപങ്ങളുണ്ടായി ആ ഭൂമിയിൽ. ഹിന്ദു-മുസ്ലിം സംഘങ്ങൾ തമ്മിൽ നിരന്തരം സംഘർഷങ്ങൾ തുടർന്നു. അക്കൂട്ടത്തിൽ ഒന്നായിരുന്നു നിർമോഹി അഖാഡ എന്ന സംഘടന. 1400-കൾ മുതൽ അയോധ്യയിലെ ജന്മഭൂമിയിൽ ശ്രീരാമനെ ആരാധിച്ചു പോരുന്നവർ എന്ന അവകാശവാദവുമായി വന്ന ഹിന്ദുമതവിശ്വാസികളിലെ ഒരു അവാന്തരവിഭാഗമാണ് നിർമോഹികൾ.

എന്നാൽ വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹിന്ദു-മുസ്ലിം ഐക്യം തകർക്കുന്നതിന് ബ്രിട്ടുഷുകാരും ശ്രമിച്ചു. രാമക്ഷേത്രം പൊളിച്ചാണ് പള്ളിയുണ്ടാക്കിയതെന്ന് ബ്രിട്ടീഷ് ഓഫീസർ എച്ച്. ആർ നെവിൻ റിപ്പോർട്ട് തയ്യാറാക്കിയത് രേഖകളുടെ പിൻ ബലത്തിൽ അല്ലെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. 1905ലായിരുന്നു ഇത്. 1934-ൽ ഒരു പശുവിന്റെ വധവുമായി ബന്ധപ്പെട്ട് അയോധ്യയിൽ വീണ്ടും കലാപങ്ങളുണ്ടാകുന്നു. അന്ന് ഹിന്ദുക്കൾ ഭാഗത്തുനിന്നുണ്ടായ സംഘടിതമായ ആക്രമണത്തിൽ ബാബറി മസ്ജിദിന്റെ ഒരു ഭാഗത്തിന് കേടുപറ്റുന്നു. ഒടുവിൽ പ്രശ്നം ഒത്തുതീർന്നപ്പോൾ ഹിന്ദുക്കൾ തങ്ങളുടെ കലാപത്തിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനുള്ള പണം നൽകുകയുണ്ടായി എങ്കിലും, നിർമോഹികൾ തർക്കഭൂമിയിന്മേൽ തങ്ങൾക്കാണ് അവകാശമെന്ന് പറഞ്ഞുതുടങ്ങുന്നത് ഈ വർഷം മുതൽക്കാണ്.

1949ൽ അടുത്ത പ്രധാന സംഭവവികാസമുണ്ടാകുന്നു. ഡിസംബർ 22-23 രാത്രിയിൽ പള്ളിക്കുള്ളിൽ ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ മൂർത്തികൾ കൊണ്ട് പ്രതിഷ്ഠിക്കപ്പെടുന്നു. അധികാരികൾ ബന്ധപ്പെട്ട് ഉടനടി അത് നീക്കാൻ ആവശ്യപ്പെട്ടെങ്കിലും, സാമുദായിക സംഘർഷമുണ്ടാകും എന്ന കാരണം ചൂണ്ടിക്കാട്ടി അത് നടപ്പാക്കപ്പെടുന്നില്ല. വിഗ്രഹം സ്വയം ഭൂവായതാണെന്ന് ഒരു വിഭാഗം വാദിച്ചു. 1949 ഡിസംബർ 29-ന് ഫൈസാബാദ് ജില്ലാകോടതി പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാകും വരെ തർക്കഭൂമിയുടെ ഉടമസ്ഥത ഏറ്റെടുത്തു. തീരുമാനമാകും വരെ അവിടെ ഒന്നും പാടില്ല എന്ന് വിധിച്ചു.

1950ൽ അടുത്ത നീക്കം. ജനുവരിയിൽ ഗോപാൽ സിങ്ങ് വിശാരദ് എന്ന അഖിൽ ഭാരതീയ ഹിന്ദു മഹാസഭാ നേതാവിന്റെ ഭാഗത്തുനിന്നാണുണ്ടായത്. ഗോപാൽ സിങ്ങിന് ഭൂമിയുടെ ഉടമസ്ഥാവകാശമൊന്നും വേണ്ടായിരുന്നു. പകരം, അവിടെ ആരാധനയ്ക്കുള്ള അനുമതി തേടിയാണ് അദ്ദേഹം കോടതിയെ സമീപിക്കുന്നത്. പ്രതിഷ്ഠിക്കപ്പെട്ട മൂർത്തികൾ നീക്കം ചെയ്യുന്നതിനെതിരെ ഒരു ഇൻജംക്ഷനും. അധികം താമസിയാതെ ഇതേ ആവശ്യവുമായി രാമചന്ദ്ര ദാസ് പരമഹംസ എന്നൊരാളും കോടതിയെ സമീപിക്കുന്നു.

1959ൽ നിർമോഹി അഖാഡയുടെ അവകാശവാദം

ഇതാണ് ഈ വിഷയത്തിലെ ആദ്യത്തെ ഔപചാരികമായ ടൈറ്റിൽ സ്യൂട്ട്. തർക്കഭൂമിയെ റിസീവർ ഭരണത്തിൽ വിട്ട 1949ലെ ഫൈസാബാദ് ജില്ലാ കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു പ്രസ്തുത കേസ്. തങ്ങളുടെ പൂജാരിയും(മഹന്ത്) അമ്പലം നടത്തിപ്പുചുമതലക്കാരും ചേർന്നുകൊണ്ട് നൂറ്റാണ്ടുകളായി ജന്മഭൂമിയായ അയോധ്യയിൽ ശ്രീരാമനെ ആരാധിച്ചുപോരുകയായിരുന്നു എന്നും അതിന് ഭംഗം വരുത്തിയ ഫൈസാബാദ് വിധി റദ്ദാക്കണമെന്നുമായിരുന്നു നിർമോഹി അഖാഡയുടെ ആവശ്യം.

അതിന് അവർ രണ്ടു കാരണങ്ങളാണ് പറഞ്ഞത്. ഒന്ന്, നൂറ്റാണ്ടുകൾക്കു മുമ്പ് തർക്കഭൂമിയിലുണ്ടായിരുന്ന, ആരാധന നടന്നിരുന്ന ഒരു ശ്രീരാമക്ഷേത്രം തകർത്താണ് ബാബറി മസ്ജിടുണ്ടാക്കിയത്. 1934 മുതൽക്ക് ബാബറി മസ്ജിദിൽ മുസ്ലീങ്ങൾ പ്രാർത്ഥനകളൊന്നും തന്നെ നടത്തുന്നുണ്ടായിരുന്നില്ല. എന്നാൽ, ഹിന്ദുക്കൾ, നിർമോഹികളുടെ കാർമ്മികത്വത്തിൽ അത് ചെയ്യുന്നുണ്ടായിരുന്നു.

സുന്നി വഖഫ് ബോർഡിന്റെ എൻട്രി

അയോധ്യാ നിവാസികളായ മുസ്ലിങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട്, വിശാരദിന്റേയും നിർമോഹികളുടെയും അവകാശവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട്, ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് കോടതിയിൽ അന്യായം ഫയൽ ചെയ്യുന്നത് 1961 -ലാണ്. അവരുടെ വാദങ്ങൾക്ക് പ്രധാനമായും രണ്ട് ലീഗൽ അടിത്തറയാണ് ഉണ്ടായിരുന്നത്. ഒന്ന്, ഭൂമിയുടെ ഉടമകൾ മുസ്ലിങ്ങളാണ്. അത് മുഗളരുടെ കാലത്ത് വഖഫ് ഭൂമിയായി അനുവദിക്കപ്പെട്ടതാണ്. ഉള്ളിൽ വിഗ്രഹങ്ങൾ കൊണ്ടുവെക്കപ്പെട്ട 1949 വരെയും അവിടെ മുസ്ലീങ്ങൾ പ്രാർത്ഥിച്ചിരുന്നു. രണ്ട്, 1886-ൽ കോടതി മഹന്തിന്റെ അവകാശവാദങ്ങൾ തള്ളിയതാണ്. ഇതായിരിക്കണം ടൈറ്റിൽ സ്യൂട്ടിനെ നിർണയിക്കുന്നത്.

പിന്നീട് കുറേക്കാലം ഒന്നും നടന്നില്ല. ഇതിനിടെ 1970ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പ്രദേശത്ത് പരിശോധന ആരംഭിച്ചു.1986 -ൽ ഒരു ഹിന്ദു അഡ്വക്കേറ്റ് ഉമേഷ് ചന്ദ്ര പാണ്ഡെ തർക്കഭൂമിയുടെ ഗേറ്റുകൾ തുറക്കണമെന്നും ഹിന്ദുക്കളെ അകത്തേക്ക് വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കോടതിയിൽ ഒരു അപേക്ഷ സമർപ്പിക്കുന്നു. ഈ അപേക്ഷയിന്മേൽ അനുകൂലവിധി വരുന്നു. 1986 ഫെബ്രുവരി 1-ന് ഗേറ്റുകൾ തുറക്കപ്പെടുന്നു.ഈ വിധിയിന്മേൽ സ്റ്റേ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിങ്ങൾ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നു. കോടതി വീണ്ടും സ്റ്റാറ്റസ് ക്വോ നടപ്പിൽ വരുത്തുന്നു.

ഷബാനുകേസിന് പരിഹാരമായി ഹൈന്ദവ പ്രീണനം

1980കളിലാണ് സംഘ് പരിവാർ വോട്ടിന് വേണ്ടി പ്രശ്‌നത്തിൽ ശക്തമായി ഇടപെടുന്നത്. പള്ളി നിൽക്കുന്നിടത്ത് ക്ഷേത്രം പണിയുമെന്ന പ്രസ്താവനയോടെ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പ്രക്ഷോഭമാരംഭിച്ചു. ബിജെപി പ്രശ്‌നത്തെ ദേശീയ മുഖ്യധാരയിൽ കൊണ്ടുവന്നു. 1983ൽ വി.എച്ച്.പിയും വിവിധ ഹൈന്ദവ വിശ്വാസികളും ചേർന്ന് ഏകാത്മക യജ്ഞം തുടങ്ങി. പള്ളി നിൽക്കുന്നിടം ക്ഷേത്രത്തിനായി വിട്ടുലഭിക്കാൻ 1984 ജുലൈ 27ന് രാമജന്മഭൂമി മുക്തിയജ്ഞ സമിതി രൂപീകരിച്ചു. ഒക്ടോബറിൽ അയോധ്യയിൽ രഥയാത്ര. യാത്ര ഡൽഹിയിലെത്തിയെങ്കിലും ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് സമ്മേളനം റദ്ദാക്കി.

ഷാബാനു ശരീഅത്ത് കേസിൽ മുസ്ലിം പ്രീണന നിലപാട് സ്വീകരിച്ച രാജീവ്ഗാന്ധി സർക്കാർ മറുവശത്ത് സംഘപരിവാറിനെ തൃപ്തിപ്പെടുത്താനായി 1986ൽ പള്ളിയിലെ രാമവിഗ്രഹം പൂജക്കായി തുറന്നുകൊടുത്തു. ഇതേ കാലയളവിലാണ് ദൂരദർശനിൽ രാമായണം സീരിയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടത്.

രാജ്യത്തൊട്ടാകെ രാമവികാരം ഉണർത്താനുള്ള നീക്കമായിരുന്നു ഇതെന്ന് ആക്ഷേപമയർന്നു. സീരിയൽ ഒന്നരക്കൊല്ലത്തോളം നീണ്ടു. സീരിയലിലെ നായകരും നായികമാരും പിന്നീട് ബിജെപി ടിക്കറ്റിൽ മത്സരിച്ചു.

വർഗീയ ലഹളകളും രഥയാത്രയും

1989ൽ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ഹിമാചൽ പ്രദേശിൽ ചേർന്ന ദേശീയ നിർവ്വാഹക സമിതി അയോധ്യ പ്രക്ഷോഭം കൂടുതൽ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. ഇതോടെ പ്രശ്‌നം കൂടുതൽ വർഗീയവത്കരിക്കപ്പെട്ടു. ഇതേസമയം വി.എച്ച്.പി ക്ഷേത്ര നിർമ്മാണത്തിനുള്ള ശിലാന്യാസ പൂജാ കർമ്മങ്ങൾക്ക് തുടക്കമിട്ടു. വി.എച്ച്.പിയുമായി കോൺഗ്രസ് സർക്കാർ പല തവണകളിലായി അണിയറ ചർച്ചകൾ നടത്തിക്കൊണ്ടിരുന്നു. ബാബരി മസ്ജിദ് ഭൂമിയിലെ ഒരു ഭാഗം സ്ഥലം തർക്ക രഹിത സ്ഥലമായി സർക്കാർ ഉത്തരവിറക്കുകയും അവിടെ വി.എച്ച്.പി ക്ഷേത്ര നിർമ്മാണത്തിനായുള്ള ശിലാന്യാസ കർമ്മം നിർവഹിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി ഭൂട്ടാസിങിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ശിലാന്യാസത്തെ തുടർന്ന് പലയിടങ്ങളിലും വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. ബീഹാറിലെ ഭഗൽപൂരിൽ കലാപമുണ്ടായി.

ബിജെപി പിന്തുണയോടെ കേന്ദ്രത്തിൽ വി.പി സിങ് അധികാരത്തിലേറി. 1990 ഫെബ്രുവരി 14ന് രാമക്ഷേത്രം നിർമ്മിക്കുമെന്ന് വി.എച്ച്.പി പ്രഖ്യാപിച്ചു. പലതവണകളിലായി വി.പി സിങിന്റെ നേതൃത്വത്തിലുള്ള സർക്കാർ ചർച്ചകളിലൂടെ നിർമ്മാണം നീട്ടിവെപ്പിച്ചു. ഇതേ കാലയളവിലാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ വി പി സിങ് സർക്കാർ തീരുമാനിച്ചത്. അയോധ്യ പ്രക്ഷോഭത്തിന് ഹിന്ദു ഏകീകരണം നടക്കുമ്പോൾ ഹിന്ദുമതത്തിലെ ജാതി വൈവിധ്യമുണ്ടാക്കുന്ന പ്രശ്‌നങ്ങളെ ഉയർത്തിക്കാട്ടുന്നതായിരുന്നു മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള തീരുമാനം. ഹിന്ദു ഐക്യം തകർക്കുകയാണ് സിങിന്റെ ലക്ഷ്യമെന്ന് സംഘപരിവാരം ആരോപിച്ചു.

സെപ്റ്റംബർ 25ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ഒക്ടോബർ 30ന് അയോധ്യയിൽ അവസാനിക്കുന്ന രീതിയിൽ രഥയാത്ര നടത്തുമെന്ന് എൽ.കെ അദ്വാനി പ്രഖ്യാപിച്ചു. യാത്ര തടയണമെന്ന് ആവശ്യമുയർന്നു. ധൈര്യമുണ്ടെങ്കിൽ തടയാൻ അദ്വാനി സർക്കാറിനെ വെല്ലുവിളിച്ചു. യാത്ര തുടങ്ങി നാലാഴ്ച കഴിഞ്ഞ് ബിഹാറിലെ സ്മസ്തിപൂരിലെത്തിയപ്പോൾ പ്രധാനമന്ത്രി വി.പി സിങിന്റെ നിർദ്ദേശപ്രകാരം ലാലുപ്രസാദ് യാദവ് അദ്വാനിയെ അറസ്റ്റ് ചെയ്തു. ഇതേ തുടർന്ന് വി പി സിങ് സർക്കാറിനുള്ള പിന്തുണ ബിജെപി പിൻവലിച്ചു.

'ഒരു തള്ളുകൂടി നൽകൂ ബാബരി മസ്ജിദ് തകർക്കൂ'

1990 ഒക്ടോബർ 30ന് കർസേവകർ ബാബരി മസ്ജിദിലേക്ക് മാർച്ച് ചെയ്തു. മുഖ്യമന്ത്രി മുലായം സിങ് യാദവ് അവരെ ശക്തമായി നേരിട്ടു. അതേസമയം കേന്ദ്രത്തിൽ വി.പി സങ് സർക്കാറിന് ബിജെപി പിന്തുണ നഷ്ടപ്പെട്ടതോടെ വിശ്വാസ വോട്ടെടുപ്പ് നടന്നു. ബിജെപിക്കൊപ്പം കോൺഗ്രസും സിങിനെതിരെ വോട്ട് ചെയ്തു. 1991ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 120 സീറ്റുകൾ ലഭിച്ചു. യു.പിയിൽ ബിജെപി അധികാരത്തിലേറി. കല്യാൺസിങ് മുഖ്യമന്ത്രിയായി. കേന്ദ്രത്തിൽ നരസിംഹറാവുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറി.

1992 ഡിസംബറിൽ കർസേവ നടത്താൻ ബിജെപിയും വി.എച്ച്.പിയും തീരുമാനിച്ചു. പതിനായിരക്കണക്കിന് കർസേവകർ അയോധ്യയിലേക്ക് നീങ്ങി. വിഷയം സുപ്രീം കോടതിയിലും ദേശീയോദ്‌ഗ്രഥന സമിതിയിലുമെത്തി. കർസേവ സമാധാനപരമായിരിക്കുമെന്ന് ബിജെപി കേന്ദ്രസർക്കാറിന് ഉറപ്പ് നൽകി. ബാബരി മസ്ജിദ് സംരക്ഷിക്കുമെന്ന് നരസിംഹ റാവു രാജ്യത്തിനും ഉറപ്പ് നൽകി. എന്നാൽ എല്ലാ ഉറപ്പുകളും ലംഘിക്കപ്പെട്ടു. പതിനായിരക്കണക്കിന് കർസേവകർ ഡിസംബർ ആറിന് മസ്ജിദ് തകർത്തു. ബിജെപി, ആർഎസ്എസ്.വി.എച്ച്.പി എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഇത്. മസ്ജിദ് തകർക്കുന്നതിന് കാഴ്ചക്കാരായി എൽ.കെ അദ്വാനിയുടെ നേതൃത്വത്തിൽ സംഘപരിവാര നേതാക്കൾ അയോധ്യയിലുണ്ടായിരുന്നു.

''ഒരു തള്ളുകൂടി നൽകൂ ബാബരി മസ്ജിദ് തകർക്കൂ'' എന്ന് ഉമാഭാരതി ആഹ്വാനം ചെയ്തു. രണ്ട് മണിയോടെ മസ്ജിദിന്റെ ഒരു താഴികക്കുടം വീണു. ഏതാനും മണിക്കൂറുകൾക്കകം താൽക്കാലിക രാമക്ഷേത്രത്തിന്റെ ഷെഡുകൾ ഉയർന്നു. എന്നാൽ കർസേവകരെ പിന്തിരിപ്പിക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ലെന്നാണ് പിന്നീട് ബിജെപി നേതാക്കൾ ലിബർഹാൻ കമ്മീഷന് മുമ്പാകെ മൊഴികൊടുത്തത്.

കലാപങ്ങളിൽ കൊല്ലപ്പെട്ടത് രണ്ടായിരത്തോളം പേർ

തുടർന്നുള്ള ദിവസങ്ങളിൽ രാജ്യമൊട്ടാകെ വർഗ്ഗീയ കലാപങ്ങളുണ്ടായി. വിവിധ സംഭവങ്ങളിലായി രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടു. ഡിസംബർ 16: ജസ്‌റിസ് എം.എസ്. ലിബർഹാന്റെ അദ്ധ്യക്ഷതയിൽ കേന്ദ്രസർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.1993ൽ ബിജെപി, ആർഎസ്എസ്, വി.എച്ച്.പി എന്നീ സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു. 2009 ജൂണിൽ 17 വർഷം നീണ്ട അന്വേഷണത്തിന് ഒടുവിൽ ലിബർഹാൻ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കി പ്രധാനമന്ത്രി മന്മോഹൻസിങ്ങിന് റിപ്പോർട്ട് സമർപ്പിച്ചു.

നരസിഹറാവുവിനെയും ബിജെപി. നേതാക്കളായ എൽ.കെ അദ്വാനി, എ.ബി. വാജ്‌പേയ്, മുരളി മനോഹർ ജോഷി എന്നിവരെയും ആർ.എസ്.എസിലേയും, വി.എച്ച്.പിയിലേയും മുതിർന്ന നേതാക്കളെയും കുറ്റപ്പെടുത്തുന്നതായിരുന്നു ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട്. പക്ഷേ അതിൽ ഇപ്പോഴും നടപടികൾ തുടരുകയാണ്.

തുടരുന്ന കോടതി വ്യവഹാരം

1989 ഓഗസ്റ്റ് 14-ന് അലഹബാദ് ഹൈക്കോടതി അന്നേവരെ ഫയൽ ചെയ്യപ്പെട്ട അന്യായങ്ങളെയെല്ലാം ചേർത്തുവെച്ച് ഒറ്റക്കേസാക്കി പരിഗണിച്ചു. രാഷ്ട്രീയത്തിൽ സജീവ ചർച്ചാവിഷയമായിരിക്കെയും, കോടതിയിലെ വാദങ്ങൾ ഇഴഞ്ഞുമാത്രം നീങ്ങി.കോടതിവിധി വരും വരെ സ്റ്റാറ്റസ് ക്വോ നിലനിർത്തണം എന്ന കോടതി വിധിയുടെ ലംഘനമായിരുന്നു 1992 ഡിസംബർ 6-ന് നടന്ന ബാബറി മസ്ജിദ് തകർക്കൽ. ഈ നടപടി വിവിധപാർട്ടികൾ കോടതിയിൽ ഫയൽ ചെയ്ത അന്യായങ്ങളിലെ ആവശ്യങ്ങളിന്മേൽ കാര്യമായ മാറ്റങ്ങളുണ്ടാക്കി. വിഎച്ച്പിയുമായി ബന്ധമുള്ള റാം ജന്മഭൂമി ന്യാസ് എന്ന സംഘടന തർക്കഭൂമിക്കു ചുറ്റുമുള്ള മർമ്മപ്രധാനമായ പല പ്ലോട്ടുകളും സ്വന്തമാക്കാൻ തുടങ്ങി. അതോടെ കേന്ദ്രം പ്രശ്നത്തിൽ ഇടപെട്ട്, തർക്ക ഭൂമിയായ 2.77 ഏക്കറും അതിനുചുറ്റുമുള്ള 67 ഏക്കർ സ്ഥലവും ഏറ്റെടുത്തു.

1994 -ലെ ഇസ്മായിൽ ഫാറൂഖി കേസിൽ ഈ ഏറ്റെടുക്കൽ ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ കോടതി ഗവണ്മെന്റിന്റെ പക്ഷത്ത് നിന്നു. 2003-ലെ അസ്ലം ഭുരെ കേസിലെ വിധി വീണ്ടും വിഷയത്തിൽ സ്റ്റാറ്റസ് ക്വോ നിലനിർത്താൻ ഉത്തരവിട്ടു. തീരുമാനമാകും വരെ ഒരു നിർമ്മാണവും പാടില്ലെന്ന് വിലക്കി.

ബാലരൂപിയായ ശ്രീരാമനും കേസിൽ കക്ഷിചേരുന്നു

1989 ജൂലൈ ഒന്നാം തീയതി റാം ലല്ലാ വിരാജ്മാൻ അഥവാ ബാലരൂപിയായ ശ്രീരാമനും ശ്രീരാമജന്മഭൂമിയും കേസിൽ കക്ഷിചേർന്ന് പുതിയ ടൈറ്റിൽ സ്യൂട്ട് ഫയൽ ചെയ്യുന്നു. ഈ രണ്ടു കക്ഷികൾക്കിൻ വേണ്ടി കേസ് കൊടുക്കുന്നത് അവരുടെ ആത്മമിത്രം എന്നവകാശപ്പെട്ടുകൊണ്ട് വിശ്വഹിന്ദുപരിഷത്തുകാരനായ റിട്ട. ജസ്റ്റിസ് ദേവകി നന്ദൻ അഗർവാല ആണ്. മൂർത്തികളെ കക്ഷി ചേർക്കാൻ ഇന്ത്യൻ നിയമത്തിൽ വകുപ്പുണ്ടായിരുന്നു.

മൂർത്തിയുടെ വാദങ്ങൾ പ്രധാനമായും രണ്ടെണ്ണമായിരുന്നു. ഒന്ന്, ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ജന്മഭൂമിയാണ് അയോദ്ധ്യ. അതിന്റെ അവകാശം മൂർത്തിയായ തനിക്കും, പിന്നെ ശ്രീരാമജന്മഭൂമി എന്ന സങ്കല്പത്തിനും മാത്രമാണ്. അതുകൊണ്ടുതന്നെ മുഗളന്മാർ പ്രസ്തുത ഭൂമി വഖഫ് ആയി നൽകിയതിന് നിയമസാധുതയില്ല.

2010ലെ അലഹബാദ് ഹൈക്കോടതി വിധി

1993 മുതൽ 2002വരെ ഇടവിട്ടിടവിട്ട് നടന്ന ഹിയറിംഗുകൾക്ക് ശേഷം കോടതി ആർക്കിയോളജിക്കൽ സർവേയോട് പ്രദേശത്ത് പുരാവസ്തു ഖനനം നടത്തി പഠനറിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. 2003-ൽ എഎസ്ഐ സമർപ്പിച്ച റിപ്പോർട്ടിൽ ഭൂമിക്കടിയിൽ നിന്ന് ഏതോ ഒരു പുരാതനകെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു.

2010 സെപ്റ്റംബർ 30-ന് വന്ന വിധി അലഹബാദ് ഹൈക്കോടതിയുടെ ഭൂരിപക്ഷ വിധി മൂന്നു കക്ഷികളെയും നിരാശപ്പെടുത്തുന്നതായിരുന്നു. ഏറെക്കുറെ റാം ലല്ലാ വിരാജ്മാനും നിർമോഹി അഖാഡയും ഉന്നയിച്ച അവകാശവാദങ്ങൾക്ക് ബലം പകരുന്ന ഒരു വിധിയായിരുന്നു വന്നത്. കോടതി വിധിയെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനറിപ്പോർട്ട് കാര്യമായി സ്വാധീനിച്ചിട്ടുണ്ട് എന്നുവേണം കരുതാൻ. ഭൂമിയുടെ കേന്ദ്രഭാഗം, അതായത് ബാബറി മസ്ജിദ് നിന്നിരുന്ന ഭാഗവും, പിന്നെ സീതാ രസോയി എന്നറിയപ്പെട്ട ഭാഗവും, റാം ലല്ലാ വിരാജമാന്റെ പ്രതിനിധി ത്രിലോകി നാഥ് പാണ്ഡെ എന്ന സംഘപരിവാർനിർമോഹി ഖദാക്കും നേതാവിനും, റാം ചത്ത്ബറാ നിന്നിരുന്ന ഭാഗം നിർമോഹി അഖാഡക്കും അനുവദിച്ചു നൽകിയിരുന്നു വിധിയിൽ. ശേഷിച്ച, ഭൂമിയുടെ മൂന്നിലൊരു ഭാഗമാണ് സുന്നി വഖഫ് ബോർഡിന് അനുവദിച്ചുനൽകിയത്.

വിധിവന്നപ്പോൾ മൂന്നുപാർട്ടികളും ഒരുപോലെ അസംതൃപ്തരായിരുന്നു. മൂവരും അപ്പീലുമായി സുപ്രീംകോടതിയിൽ പോയി. തർക്കഭൂമിയുടെ ഒരു സെന്റുപോലും ആർക്കും ഭാഗിച്ചു നൽകാൻ അവർ മൂന്നുകക്ഷികളും തയ്യാറല്ലായിരുന്നു.

ശേഷം സുപ്രീംകോടതിയിൽ

നിരവധി വർഷങ്ങൾ ഇഴഞ്ഞു നീങ്ങിയ ശേഷം 2017-ൽ ജസ്റ്റിസ് ദീപക് ശർമയാണ് ഈ കേസ് ഗൗരവപൂർവം പരിഗണിക്കാൻ തീരുമാനിച്ചത്. പല രേഖകളും മൂലഭാഷകളിൽ ആയിരുന്നു. അതിനെയൊക്കെ വിവർത്തനം ചെയ്തുകിട്ടാനുള്ള കാലതാമസമാണ് കോടതിൽ കേസ് ഇഴപ്പിച്ചത്. ആദ്യം മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്. മുസ്ലിം പാർട്ടികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വേണമെന്ന് ആവശ്യം ഉന്നയിച്ചു. അന്ന് സുപ്രീം കോടതി ബെഞ്ച് അഞ്ചംഗമാക്കാനുള്ള അപേക്ഷ തള്ളി. 2019 ജനുവരിയിലെ രഞ്ജൻ ഗോഗോയ് ആണ് അഞ്ചംഗബെഞ്ചുണ്ടാക്കുന്നതും, വാദങ്ങൾ നിരന്തരം കേൾക്കാൻ തീരുമാനിക്കുന്നതും. അതിനിടെ ഒരു മധ്യസ്ഥശ്രമം നടന്നെങ്കിലും അത് പാളിയതോടെ വീണ്ടും വാദവിവാദങ്ങളിലേക്ക് കേസ് നീണ്ടു.

രാജീവ് ധവാൻ ആയിരുന്നു സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ. അവർ തങ്ങൾക്ക് ബ്രിട്ടീഷുകാരുടെ കാലത്ത് അനുവദിച്ചു കിട്ടിയ വഖഫ് ഭൂമിയാണ് ഇതെന്ന് വാദിക്കാൻ ശ്രമിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ആധികാരികമല്ലെന്നു തർക്കിച്ചു.ബലം പ്രയോഗിച്ചാണ് മുസ്ലീങ്ങളെ അവിടെ നിന്ന്അകറ്റിയതെന്നും ധവാൻ വാദിച്ചു. സുശീൽ കുമാർ ജെയിൻ എന്ന സീനിയർ അഭിഭാഷകനാണ് നിർമോഹി അഖാഡയെ പ്രതിനിധീകരിച്ചത്. റാം ലല്ലാ വിരാജ്മാനുവേണ്ടി സീനിയർ മോസ്റ്റ് അഭിഭാഷകരിൽ ഒരാളായ കെ പരാശരൻ, സി എസ് വൈദ്യനാഥൻ, ശ്യാം ദിവാൻ എന്നിവരാണ് ഹാജരായത്. പുരാതനകാലം തൊട്ടുതന്നെ അവിടെ ഒരു അമ്പലമുണ്ടായിരുന്നു എന്ന് വാദിക്കാൻ അവർ ആശ്രയിച്ചത് ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ടടക്കമുള്ള പഠനരേഖകളെയാണ്. 2019 നവംബർ 9ന് കേസിൽ വിധിവന്നു.

അന്തിമ വിധിയിൽ അത് രാമജന്മഭൂമി തന്നെ

തെളിവുനിയമത്തിന്റെ അടിസ്ഥാനത്തിനുള്ള ഒരു വിധിയായിരുന്നില്ല, എങ്ങനെയെങ്കിലും ഈ പ്രശ്നം തുർക്കാനായുള്ള ഒരു മധ്യസ്ഥതയാണ് രാമജന്മഭൂമി കേസിന്റെ അന്തിമ വിധിയിൽ ഉണ്ടായത്. അയോധ്യയിൽ ബാബറി മസ്ജിദ് തകർത്ത ഭൂമിയിൽ ഫലത്തിൽ ക്ഷേത്രം പണിയാൻ വിട്ടു നൽകി സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ടായത്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റായിരിക്കണം ക്ഷേത്രം നിർമ്മിക്കേണ്ടത്. മുസ്ലിങ്ങൾക്ക് പള്ളി പണിയാൻ തർക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നും കോടതി വിധിച്ചു. അതുകൊണ്ടുതന്നെ ഒറ്റ നോട്ടത്തിൽ വിധി ഒരു സമുദായത്തിനും ദോഷകരമായി ബാധിച്ചില്ല.

അതേസമയം ബാബറി മസ്ജിദ് തകർത്തത് തെറ്റായിരുന്നു എന്നും ഇതേ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ട്രസ്റ്റാണ് ക്ഷേത്രം പണിയേണ്ടത്. ആ ട്രസ്റ്റിൽ നിർമോഹ അഖാഡയ്ക്ക് പ്രാതിനിധ്യം ഉണ്ടാകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഭൂമി മൂന്നായി വിഭജിച്ച അലഹാബാദ് ഹൈക്കോടതി വിധി തെറ്റാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൂന്ന് കക്ഷികളും ഉൾപ്പെടാതെ കേന്ദ്രം രൂപീകരിക്കുന്ന ട്രസ്റ്റിന് ആണ് അധികാരം. ട്രസ്റ്റിന്റെ കീഴിൽ ക്ഷേത്രം നിർമ്മിക്കാം. നിർമോഹി അഖാഡയ്ക്കും ട്രസ്റ്റിൽ പ്രാതിനിധ്യം.സമാധാനവും ഐക്യവും ക്രമസമാധാന പാലനത്തിനുള്ള നടപടികൾ സ്വീകരിക്കാനും സർക്കാരിനോട് ഉത്തരവിട്ടു.

മൂന്ന് മാസത്തിനുള്ളിൽ കേന്ദ്രസർക്കാർ കർമപദ്ധതി രൂപീകരിക്കണം. ക്ഷേത്ര നിർമ്മാണത്തിനായി ഒരു ട്രസ്റ്റ് രൂപീകരിക്കണം.തർക്ക ഭൂമിക്ക് പകരമായി അയോധ്യയിലെ പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ച് ഏക്കർ സ്ഥലം മസ്ജിദ് പണിയാനായി സുന്നി വഖഫ് ബോർഡിന് നൽകണം.തർക്കഭൂമി മൂന്നായി ഭാഗം വെച്ച് കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതി വിധി തെറ്റാണ്.തർക്കഭൂമിയിലെ അവകാശം തെളിയിക്കാൻ സുന്നി വഖഫ് ബോർഡിന് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി വ്യക്താമാക്കി.പുരാവസ്തു ഗവേഷണത്തിലൂടെയുള്ള കണ്ടെത്തലുകൾ തള്ളിക്കളയാനാവില്ല. തരിശ് ഭൂമിയിലല്ല ബാബ്‌റി മസ്ജിദ് പണിതത്. നേരത്തെ ഇവിടെ ഒരു നിർമ്മിതി ഉണ്ടായിരുന്നു. ആ നിർമ്മിതി ഇസ്ലാമികം അല്ലെന്നും കോടതി പറഞ്ഞു. എന്നാൽ ആ നിർമ്മിതി തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്നതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

അയോധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന ഹൈന്ദവ വിശ്വാസം. ആ വിശ്വാസത്തെ ചരിത്ര രേഖകൾ സൂചിപ്പിക്കുന്നുണ്ടെന്നും സുപ്രീം കോടതി. ഒരിക്കൽ വിശ്വാസം സ്ഥിരീകരിച്ചാൽ കോടതികൾക്ക് അതിൽ ഇടപെടാൻ കഴിയില്ല.ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകൾ തള്ളിക്കളയാനാവില്ല. എന്നാൽ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥാവകാശം തീരുമാനിക്കാൻ കഴിയില്ല. 1992ൽ ബാബറി മസ്ജിദ് തകർത്തത് സുപ്രീംകോടതി ഉത്തരവ് അട്ടിമറിച്ചുകൊണ്ട്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ അവകാശം തീരുമാനിക്കാനാവില്ല. രാമവിഗ്രഹം കൊണ്ടുവെച്ചതും മസ്ജിദ് തകർത്തതും നിയമവിരുദ്ധമായ നടപടിയാണ്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ദെ, ഡി വൈ ചന്ദ്രൂചൂഡ്, അശോക് ഭൂഷണൻ, എസ് എ നസീർ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് 2019 നവംബർ ഒമ്പതിലെ സുപ്രധാന വിധി.സുന്നി വഖഫ് ബോർഡും, ഷിയാ വഖഫ് ബോർഡും വിധി തൃപ്തികരമല്ലെന്ന് പ്രതികരിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ആർഎസ്എസ് അടക്കമുള്ള വിവിധ ഹിന്ദു സംഘടനകൾ വ്യക്തമാക്കി.

തെളിവുകളും രേഖളകും നോക്കി വധി പറയേണ്ട കോടതി വിശ്വാസത്തെ അടിസ്ഥാനമാക്കി വിധി പറയുന്നത് രാജ്യത്തെ പിറകോട്ട് അടിപ്പിക്കയാണെന്ന് വ്യാപകമായ വിമർശനം ഉണ്ടായിരുന്നെങ്കിലും, പൊതുവെ ഇന്ത്യൻ സമൂഹം രാമജന്മഭൂമി വിധിയെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. കാരണം അങ്ങനെയെങ്കിലും ഇന്ത്യയിൽ നീറുന്ന ഈ പ്രശ്നം അവസാനിക്കട്ടെയെന്ന്. മതത്തെയും വിശ്വാസത്തെയും അതിവൈകാരികമായി ഊതിക്കത്തിക്കുന്നതിന്റെ ദുരന്തഫലങ്ങൾ പലതരത്തിൽ അനുഭവിച്ച രാജ്യത്തിന് ഇനിയൊരു ആഘാതം താങ്ങാനാകില്ല.

ഇനിയും അവസാനിക്കാത്ത ബാബറി കേസ്

ഓർക്കണം, അയോധ്യാക്കേസ് മാത്രമേ തീർപ്പായിട്ടുള്ളൂ. ബാബറി മസ്ജിദ് തകർത്ത കേസ് അവിടത്തെന്നെയുണ്ട്. 1992 ഡിസംബർ ആറിന് ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസ് ലക്നൗ കോടതിയിലാണ്. ബാബ്റി തകർക്കലും അതിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചനയുമാണ് ഇനി തെളിയാനുള്ളത്. 27 വർഷം നീണ്ട കേസിന്റെ വിചാരണ ലക്നൗ സിബിഐ കോടതിയിൽ അവസാനഘട്ടത്തിലാണ്.ഈ കേസിലെ 49 പ്രതികളിൽ ഭൂരിഭാഗം പേരും ഇന്ന് ജീവനോടെയില്ല. അതേസമയം ജീവിച്ചിരിക്കുന്നവരിൽ പലരും ഉന്നതസ്ഥാനത്തിരിക്കുന്ന മുൻ ഉപപ്രധാനമന്ത്രി, മുൻ മുഖ്യമന്ത്രി, മന്ത്രിമാർ, പാർലമെന്റ് എംപിമാർ തുടങ്ങിയവരാണ്.

1992 ഡിസംബർ 6 നാണ് ബാബ്റി മസ്ജിദ് തകർത്ത് നിമിഷങ്ങൾക്കകം അജ്ഞാതരായ കർസേവകർക്കെതിരെ 197/92 എന്ന നമ്പറിൽ ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.10 മിനുട്ടുകൾക്കകം രണ്ടാമത്തെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു. 198/92 നമ്പറിൽ സെക്ഷൻ 153എ,153 ബി,505 എന്നിവ പ്രകാരം എൽ.കെ അദ്വാനി, അശോക് സിംഗാൾ, ഗിരിരാജ് കിഷോർ, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ, വിഷ്ണു ഹരി ഡാൽമിയ, സാധ്വി ഋതംബര എന്നിവർക്കെതിരെയായിരുന്നു എഫ്.ഐ.ആർ.

വിദ്വേഷം പരത്തുന്നതും പ്രകോപനപരവുമായി പ്രസംഗിച്ചു എന്നതായിരുന്നു ഇവർക്കെതിരായ എഫ്.ഐ.ആർ.മാധ്യമപ്രവർത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 47 എഫ്.ഐ.ആർ വേറെയും രജിസ്റ്റർ ചെയ്തു.ബാബരി മസ്ജിദ് തകർക്കലും അയോധ്യയിലുണ്ടായ കലാപവും അന്വേഷിക്കുന്നതിന് ഇന്ത്യയിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മന്മോഹൻ സിങ് ലിബർഹാൻ മേധാവിയായി 1992 ഡിസംബർ 16-ന് ലിബർഹാൻ കമ്മീഷൻ രൂപീകരിച്ചു.മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദ്ദേശം നടപ്പിലായത് 17 വർഷങ്ങൾക്ക് ശേഷമാണ്.

ബാബ്റി തകർക്കലിനെ തുടർന്ന് മുംബൈയിൽ അരങ്ങേറിയ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ശ്രീകൃഷ്ണ കമ്മീഷനും ലിബർഹാൻ കമ്മീഷന്റെ ഗതിയായിരുന്നു.1992 ഡിസംബർ മാസത്തിലും 1993 ജനുവരിയിലുമായി നടന്ന കലാപത്തിൽ 900 മനുഷ്യ ജീവനുകളായിരുന്നു നഷ്ടമായത്. 275 ഹിന്ദുക്കളും 575 മുസ്ലിംകളും രണ്ടായിരത്തിലേറെപ്പേർക്ക് പരുക്കേറ്റു. ഇതിലൊന്നും ഒരാൾപോലും ശിക്ഷിക്കപ്പെട്ടില്ല

ബാബറി കേസിന്റെ തുടക്കം മുതലെ അന്വേഷണം സിബിഐയ്ക്ക് വിടാൻ മുറവിളി ഉയർന്നിരുന്നു. ആദ്യം രജിസ്റ്റർ ചെയ്ത കേസ് സിബിഐയും രാഷ്ട്രീയക്കാർക്ക് എതിരെയുള്ള കേസ് അന്വേഷിക്കാൻ ഉത്തർപ്രദേശ് പൊലീസിന്റെ സി.ബി-സിഐ.ഡി സേനേയയും ഏൽപ്പിക്കുകയായിരുന്നു.1993 ഓഗസ്റ്റ് 27 ന് എല്ലാ കേസുകളും സിബിഐയ്ക്ക് വിട്ടു.എല്ലാ കേസുകളും ഉൾപ്പെടുത്തി ഒറ്റകുറ്റപത്രമാണ് സിബിഐ 1995 ഒക്ടോബർ 5 ന് ലക്നൗ കോടതിയിൽ സമർപ്പിച്ചത്.

ആദ്യ എഫ്.ഐ.ആറുകളുടെ ചുവടുപിടിച്ച് സിബിഐ തയ്യാറാക്കിയ കുറ്റുപത്രത്തിൽ പള്ളി പൊളിക്കുന്നതിന് പിന്നിലെ വൻ ഗൂഢാലോചന ചൂണ്ടിക്കാട്ടി. ബിജെപിയുടേയും ആർ.എസ്.എസിന്റേയും പ്രധാനപ്പെട്ട നേതാക്കൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു. 120 ആ സെക്ഷനിലെ ക്രിമിനൽ ഗൂഢാലോചന കുറ്റം പ്രതികൾക്കെതിരെ ചുമത്തി.പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് 1997 സെപ്റ്റംബർ ആറിന് കോടതി നിരീക്ഷിച്ചു. പ്രതികളിൽ ചിലർ കീഴ്ക്കോടതിക്കെതിരെ ഹൈക്കോടതിയിൽ ഹരജി നൽകി.

കുറ്റപത്രത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു. അതേസമയം ഭരണപരമായി യു.പി സർക്കാരിന് വീഴ്ച സംഭവിച്ചത് ചൂണ്ടിക്കാണിച്ച കോടതി അദ്വാനിയടക്കമുള്ളവർക്ക് മേൽ ചുമത്തിയ മറ്റ് കുറ്റങ്ങൾ നിരസിച്ചു. നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റം മാത്രം ചുമത്തുന്നു.

ഹൈക്കോടതി നടപടിയുടെ ഭാഗമായി 13 പേർക്കെതിരായ നടപടിയും ലക്നൗ കോടതി പിൻവലിക്കുന്നു.കുറ്റപത്രത്തിലെ പിഴവ് തിരുത്തി പുതിയ നോട്ടിഫിക്കേഷൻ സമർപ്പിക്കാൻ സിബിഐ, യു.പി സർക്കാരിനോട് ആവശ്യപ്പെടുന്നു. രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ ആവശ്യം തള്ളിക്കളയുന്നു.2003 ജനുവരി 27 ന് അദ്വാനിയടക്കമുള്ളവർക്കെതിരായ കേസ് റായ്ബറേലി കോടതിയിലേക്ക് മാറ്റണമെന്ന് സിബിഐ അപേക്ഷ സമർപ്പിക്കുന്നു2003 സെപ്റ്റംബർ 19 ന് കേസിൽ നിർണായക വഴിത്തിരിവ്. റായ്ബറേലി മജിസ്ട്രേറ്റ് അദ്വാനിക്കെതിരായ കുറ്റങ്ങൾ പിൻവലിക്കുന്നു. ആ സമയം അദ്വാനി ഉപപ്രധാനമന്ത്രിയായിരുന്നു.

അദ്വാനിയെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സമർപ്പിച്ച റിവ്യു ഹരജിയിൽ വാദം കേട്ട റായ്ബറേലി കോടതി 2005 ജൂലൈ ആറിന് അദ്ദേഹമടക്കമുള്ളവർക്കെതിരെ വീണ്ടും കുറ്റം ചുമത്തുന്നു.രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് (മാർച്ച് 20 2012) സിബിഐ സുപ്രീംകോടതിയിൽ 49 പേർക്കുമെതിരെ ഒറ്റ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നൽകുന്നു.2017 ഏപ്രിൽ 19 ന് സുപ്രീംകോടതി ഇടപെടൽ. ഗൂഢാലോചനക്കുറ്റം പിൻവലിച്ച അലഹാബാദ് ഹൈക്കോടതിക്ക് രൂക്ഷവിമർശനം. അദ്വാനിയടക്കമുള്ളവർക്കെതിരായ കേസുകൾ ലക്നൗ കോടതിയിലേക്ക് മാറ്റുന്നു.2017 മുതൽ കേസ് വീണ്ടും സജീവമാകുന്നു. അതിനിടെ രാജസ്ഥാൻ ഗവർണറായ കല്യാൺ സിംഗിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുന്നു. എന്നാൽ അടുത്തിടെ ഗവർണർ സ്ഥാനം ഒഴിഞ്ഞ കല്യാൺ സിംഗിനെതിരെ വീണ്ടും കേസ് ആരംഭിക്കുന്നു.

27 വർഷം നീണ്ട കേസിൽ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന ബാൽ താക്കറെ, അശോക് സിംഗാൾ, ഗിരിരാജ് കിഷോർ, തുടങ്ങിയവർ മരണപ്പെട്ടു. ഇതുവരെ 300 ലധികം സാക്ഷികളാണ് കേസിൽ വിസ്തരിക്കപ്പെട്ടത്. സാക്ഷികളിൽ 50 പേർ ഇന്ന് ജീവനോടെയില്ല.ഭൂമി തർക്കകേസിൽ സുപ്രീംകോടതി വിധി വന്നതോടെ ഇനി കാത്തിരിക്കുന്നത് ബാബ്റി മസ്ജിദ് തകർത്ത കേസിലെ അന്തിമ വിധിയാണ്.

കോൺഗ്രസ് നേരിടുന്നത് വൻ പ്രതിസന്ധി

രാമക്ഷേത്രത്തിന്റെ ചിറകിലേറി വെറും രണ്ടു സീറ്റിൽനിന്ന് വളർന്ന് ബിജെപി ഇന്ത്യപിടിക്കുമ്പോൾ കോൺഗ്രസ് തകർന്ന് അടിയുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഷബാനു ബീഗം കേസിൽ നടത്തിയ ന്യൂനപക്ഷ പ്രീണനത്തിന് പകരമായി അയോധ്യയിൽ വിഗ്രഹങ്ങൾ കൊണ്ടുവെച്ച് പ്രശ്നം വഷളാക്കിയ രാജീവ് ഗാന്ധി ഇതിന്റെ പേരിൽ ബലികൊടുത്തത് സ്വന്തം പാർട്ടിയെ തന്നെയായിരുന്നു. ഇപ്പോൾ കോൺഗ്രസും തിരിച്ച് മൃദുഹിന്ദുത്വം പയറ്റുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഗോവധ നിരോധനത്തിടക്കം സ്വീകരിച്ച അതേ നിലപാടാണ് കോൺഗ്രസ് ഇപ്പോഴും സ്വീകരിക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തിന് തങ്ങളെ വിളിച്ചിട്ടില്ലെന്നാണ് കോൺഗ്രസിന്റെ പരാതി. പക്ഷേ തീവ്ര ഹിന്ദുത്വം ഉള്ളപ്പോൾ എങ്ങനെയാണ് മൃദുഹിന്ദുത്വം വർക്ക് ചെയ്യുക.

രാമക്ഷേത്ര നിർമ്മാണത്തെ പുകഴ്‌ത്തിയും പ്രശംസിച്ചും കോൺഗ്രസ്സിന്റെ ഉന്നത നേതാക്കൾ കൂടി രംഗത്ത് വന്നിരിക്കയാണ്.അയോധ്യയിലെ ഭൂമി പൂജയ്ക്ക് ആശംസയുമായി ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത് കോൺഗ്രസ്സിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന പ്രിയങ്ക ഗാന്ധി തന്നെയാണ്. ശ്രീരാമന്റേയും സീതയുടേയും അനുഗ്രഹം കൊണ്ട് ക്ഷേത്രത്തിലെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാണെന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

ഇന്ത്യയിലെ എല്ലാവരുടെയും സമ്മതത്തോടെയാണ് ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ക്ഷേത്രം പണിയുന്നതെന്നാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ് പറഞ്ഞത്. അയോധ്യയിൽ രാമക്ഷേത്രം ഉയരണമെന്നായിരുന്നു രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നതെന്ന പ്രസ്താവനയുമായി കോൺഗ്രസിന്റെ രാജ്യസഭാ എംപിയായ ദ്വിഗ് വിജയ് സിങ്ങും രംഗത്ത് വന്നു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ ഗതിവിഗതികളെ പല രീതിയിൽ സ്വാധീനിക്കുകയും ഇന്ത്യയുടെ മതേതര ഭരണഘടനാ മൂല്യങ്ങൾക്ക് എക്കാലവും വെല്ലുവിളിയാവുകയും ചെയ്ത അയോധ്യ ബാബരി മസ്ജിദ് പ്രശ്‌നങ്ങളിൽ ഏറ്റവുമൊടുവിൽ സംഘപരിവാറും കോൺഗ്രസ്സും ഒന്നായി മാറുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നത്.ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്നത് അയോധ്യയുടെ ചരിത്രം പരിശോധിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാകും.

രാജീവ്ഗാന്ധി 'രണ്ടാം കർസേവകനോ'?

എക്കാലവും മതേതരമൂല്യങ്ങളായിരുന്നു കോൺഗ്രസ് ഉയർത്തിപ്പിടിച്ചിരുന്നത്. നെഹറുവും എന്തെല്ലാം കഴുപ്പങ്ങൾ ഉണ്ടായിരുന്നെങ്കിലും സംഘപരിവാറും ഈ മതേതര രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു. നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും കാലശേഷം കോൺഗ്രസിൽ രൂപപ്പെട്ട രാഷ്ട്രീയ നേതൃശൂന്യതയും രാജീവ് ഗാന്ധിയുടെ സമീപനങ്ങളുമാണ് ഇന്ത്യയിൽ സംഘപരിവാറിന് വളരാൻ പാകത്തിലുള്ള മണ്ണ് സൃഷ്ടിച്ചത് എന്നത് പല വിമർശകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

1986 ഫെബ്രുവരിയിൽ അന്നത്തെ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിലെ ജില്ലാ ജഡ്ജി ബാബരി മസ്ജിദ് ഹിന്ദുക്കൾക്ക് ആരാധന നടത്താനായി തുറന്നുകൊടുക്കണം എന്ന് ഉത്തരവിട്ടു. വിധി വന്ന സമയത്ത് യു.പി ഭരിക്കുന്നത് കോൺഗ്രസ്സാണ്. പ്രധാനമന്ത്രിയാകട്ടെ രാജീവ് ഗാന്ധിയും. ഏറെ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഈ വിധിയുമായി ബന്ധപ്പെട്ട് മേൽക്കോടതികളിൽ അപ്പീൽ പോകുന്നതിന് പകരം അത് എളുപ്പത്തിൽ നടപ്പാക്കിക്കൊടുക്കുകയായിരുന്നു അന്ന് കോൺഗ്രസ് സർക്കാർ ചെയ്തത്. പിന്നീട് 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോഴും അതിനെതിരെ ഒരു ചെറുവിരലനക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. പ്രധാനമന്ത്രി നരസിംഹ റാവു അന്ന് പരിപൂർണ മൗനത്തിലായിരുന്നു.

ബാബരി മസ്ജിദ് തകർപ്പെട്ട സമയത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന മാധവ് ഗൊഡ്ബൊളെ പിന്നീട് തന്റെ പുസ്തകത്തിൽ ബാബരി സംഭവത്തിലുള്ള രാജീവ് ഗാന്ധിയുടെ പങ്ക് വിവരിക്കുന്നുണ്ട്. രാജീവ് ഗാന്ധിയെ 'രണ്ടാം കർസേവകൻ' എന്നാണ് പുസ്തകത്തിൽ അദ്ദേഹം വിശേഷിപ്പിക്കുന്നത്. 1949ൽ രാമവിഗ്രഹം ഒളിച്ചുകടത്താൻ സഹായിച്ച ഫൈസാബാദ് ജില്ലാ മജിസ്ട്രേട്ട് കെ.കെ. നായരെയായിരുന്നു മാധവ് ഗൊഡ്ബൊളെ ഒന്നാം കർസേവകൻ എന്ന് വിശേഷിപ്പിച്ചത്. പള്ളി പൊളിച്ചപ്പോൾ യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്ങിനെ മൂന്നാം കർസേവകനെന്നും അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനെ നാലാം കർസേവകനെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

കോൺഗ്രസ് ആർ.എസ്.എസുമായി അക്കാലത്ത് തുടർന്നുപോന്ന രഹസ്യ ബാന്ധവങ്ങൾക്ക് വേറെയും നിരവധി തെളിവുകൾ പിന്നീട് പുറത്തുവന്നിരുന്നു. ബൊഫോഴ്സ് വിവാദം ആർ.എസ്.എസിന് വലിയ പരിക്കുകൾ സമ്മാനിച്ചിരുന്ന കാലത്ത് രാജീവ് ഗാന്ധി ആർ.എസ്.എസുമായി നടത്തിയ രഹസ്യ ചർച്ചകളെക്കുറിച്ച് 'ദ ആർഎസ്എസ് ആൻഡ് ദ മേക്കിങ് ഓഫ് ദ ഡീപ് നേഷൻ' എന്ന പുസ്തകത്തിൽ മാധ്യമപ്രവർത്തകനായ ദിനേഷ് നാരായണൻ വിശദീകരിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിൽ ആർഎസ്എസിന്റെ പിന്തുണ നൽകിയാൽ പകരം ബാബരി മസ്ജിദിൽ ശിലാന്യാസത്തിന് അനുവദിക്കാമെന്ന് രാജീവ് ഗാന്ധി ആർഎസ്എസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നുവെന്നും നാഗ്പുരിലെ ചർച്ചകൾക്കുശേഷം ഡൽഹിയിൽ ആർഎസ്എസ് നേതാവ് രാജേന്ദ്ര സിങ് അന്നത്തെ ആഭ്യന്തരമന്ത്രി ബൂട്ടാ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ ധാരണ ഉറപ്പിക്കുകയായിരുന്നുവെന്നുമാണ് ദിനേഷ് നാരായണൻ തന്റെ പുസ്തകത്തിൽ പറയുന്നത്. ഇന്ത്യയിലെ ഭൂരിപക്ഷ മതത്തിന്റെ വിശ്വാസങ്ങളെയും ആരാധനാ സങ്കൽപ്പങ്ങളെയും രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നതിൽ കോൺഗ്രസും ബിജെപിയും തമ്മിൽ യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല എന്ന് തെളിയിക്കുന്ന നിരവധി വസ്തുതകളാണ് പിന്നീടും പുറത്തുവന്നിട്ടുള്ളത്.

അതായത് ഹിന്ദുത്വരാഷ്ട്രീയത്തെ എതിരിട്ട് തോൽപ്പിക്കാനല്ല, അതിനോട് സമരസപ്പെടനും അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കാനുമാണ് രാജ്യത്തെ മുഖ്യ പ്രതിപക്ഷം പോലും ശ്രമിക്കുന്നത്. അതായത് ഹുന്ദുത്വ രാഷ്ട്രീയത്തിന് ഇന്ത്യയിൽ എതിരില്ലെന്ന് ചുരുക്കം. അതുകൊണ്ടുതന്നെയാണ് തുടക്കം കുറിച്ചത് രാമക്ഷേത്രത്തിനോ അതോ, ഹിന്ദുരാഷ്ട്രത്തിന്റെ നിർമ്മാണത്തിനോ എന്ന സംശയം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP