Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ദലിതനെ പ്രണയിച്ചതിന് ഈഴവനായ പിതാവ് മകളെ ഇടനെഞ്ചിൽ കുത്തിക്കൊന്നത് വിവാഹത്തലേന്ന്; മദ്യപിച്ചെത്തിയ രാജൻ വിവാഹവസ്ത്രങ്ങൾ കത്തിച്ചശേഷം, അയൽവീടിലെ കട്ടിലിനടിൽ ഒളിച്ച മകളെ വലിച്ച് പുറത്തിട്ട് കുത്തി; അമ്മയും സഹോദരനും അമ്മാവനുമെല്ലാം കൂട്ടത്തോടെ മൊഴി മാറ്റിയതതോടെ പ്രതിയെ വെറുതെ വിട്ട് കോടതി; ആതിരക്ക് നീതി കിട്ടാൻ കാമ്പയിൻ ഉയരാത്തത് എന്തുകൊണ്ട്? ഉത്തരേന്ത്യയെ ഓർമ്മിപ്പിക്കുന്ന അരീക്കോട് ദുരഭിമാന കൊലയിൽ കേരളം ലജ്ജിച്ച് തലതാഴ്‌ത്തണം!

ദലിതനെ പ്രണയിച്ചതിന് ഈഴവനായ പിതാവ് മകളെ ഇടനെഞ്ചിൽ കുത്തിക്കൊന്നത് വിവാഹത്തലേന്ന്; മദ്യപിച്ചെത്തിയ രാജൻ വിവാഹവസ്ത്രങ്ങൾ കത്തിച്ചശേഷം, അയൽവീടിലെ കട്ടിലിനടിൽ ഒളിച്ച മകളെ വലിച്ച് പുറത്തിട്ട് കുത്തി; അമ്മയും സഹോദരനും അമ്മാവനുമെല്ലാം കൂട്ടത്തോടെ മൊഴി മാറ്റിയതതോടെ പ്രതിയെ വെറുതെ വിട്ട് കോടതി; ആതിരക്ക് നീതി കിട്ടാൻ കാമ്പയിൻ ഉയരാത്തത് എന്തുകൊണ്ട്? ഉത്തരേന്ത്യയെ ഓർമ്മിപ്പിക്കുന്ന അരീക്കോട് ദുരഭിമാന കൊലയിൽ കേരളം ലജ്ജിച്ച് തലതാഴ്‌ത്തണം!

എം മാധവദാസ്

കോഴിക്കോട്: കേരളത്തിന്റെ ഇടനെഞ്ചിൽ കുത്തിയിറക്കിയ ഒരു കത്തിയായിരുന്നു അരീക്കോട് ദുരഭിമാനക്കൊല. ഹോണർ കില്ലിങ്ങ് അഥവാ ദുരഭിമാനക്കൊലകളൊക്കെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തമിഴ്‌നാട്ടിലുമൊക്കെയാണ് സംഭവിക്കുക എന്നതാണ് ശരാശരി മലയാളിയുടെ ധാരണ. 22വയസ്സുള്ള ആതിരയെ സ്വന്തം പിതാവ് കുത്തിക്കൊന്നത് വിവാഹത്തലേന്നാണ്. കുറ്റം ഒരു ദലിതനെ പ്രണയിച്ചുവെന്നത്. ഈഴവ സുമുദായത്തിൽപെട്ട തന്റെ മകളെ 'കണ്ട പെറുക്കികൾക്ക്' കൊടുക്കില്ലെന്നായിരുന്നു പിതാവ് രാജൻ ആവർത്തിച്ച് പറഞ്ഞിരുന്നത്. മകൾ പ്രണയിച്ച് വിവാഹം കഴിക്കുന്ന വ്യക്തി സൈന്യത്തിൽ ജോലിയുണ്ടെന്നതൊന്നും അയാൾ പരിഗണിച്ചില്ല. 2018 മാർച്ച് 22 ന് രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. പിറ്റേന്ന് രാവിലെയായിരുന്നു ആതിരയും ദലിതനായ ബ്രിജേഷും തമ്മിൽ വിവാഹം നടക്കേണ്ടയിരുന്നത്. ക്ഷേത്രത്തിൽവച്ചു വിവാഹം നടത്താൻ പദ്ധതിയിട്ടിരുന്നതിന്റെ തലേന്ന് മദ്യപിച്ചു വീട്ടിലെത്തി വഴക്കിട്ട പിതാവിൽനിന്നു രക്ഷപ്പെടാൻ അയൽ വീട്ടിലിന്റെ കട്ടിലിനടിൽ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു കുത്തുകയായിരുന്നു.

വിവാഹത്തലേന്ന് ഒരു വീട്ടിൽ ഒരു കൊലപാതകം നടന്നാൽ എത്ര സാക്ഷികൾ ഉണ്ടായിരിക്കും. പക്ഷേ കോടതിയിൽ ഒറ്റയാളും മൊഴിയിൽ ഉറച്ചുനിന്നില്ല. ആതിരയുടെ അമ്മയും സഹോദരനും അമ്മാവനുമെല്ലാം മറ്റ് ബന്ധുക്കളുമെല്ലാം മൊഴിമാറ്റി. ആതിരയുടെ സഹോദരങ്ങളും രാജന്റെ സഹോദരിയും അയൽക്കാരുമെല്ലാമായിരുന്നു പ്രധാന സാക്ഷികൾ. എല്ലാവരും കൂറുമാറി. അതോടെ കീഴുപറമ്പ് പൂവത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജൻ എന്ന ആതിരയുടെ പിതാവിനെ മഞ്ചരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടിരിക്കയാണ്. മേൽക്കോടതികളിലൊന്നും ഹർജി കൊടുക്കാനും കേസു നടത്താനുമൊന്നും ആരുമില്ല. അതിരക്ക് നീതികിട്ടാൻ വേണ്ടി കേരളത്തിലെ പൊതുസമൂഹം മെഴുകുതിരി കത്തിക്കില്ല. രാജൻ സ്വതന്ത്രനായി പുറത്തിറങ്ങി നടക്കും.

ഇവിടെയാണ് കേരളീയ പൊതുസമൂഹത്തിന്റെ വലിയൊരു കാപട്യത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടത്. ജാതിബോധം എന്നത് ബ്രാഹ്മണിക്കലാണെന്നതും അത് സവർണ്ണ സമുദായങ്ങളുടെ കുത്തകയാണെന്നുമുള്ള കമ്യൂണിസ്റ്റ് സാഹിത്യത്തിന്റെ ഹാങ്ങോവർ നമുക്കിപ്പോഴും വിട്ടുമാറിയിട്ടില്ല. അംബേദ്ക്കർ ചൂണ്ടിക്കാട്ടിയപോലെ ശ്രേണീബന്ധമായ ഒരു അന്ധവിശ്വാസമാണ് ജാതി ബോധം. ഒരു സംവരണ സമുദായത്തിൽപെട്ട ഈഴവനും തൊട്ടുതാഴെയുള്ളവനെ അധകൃതനായി കാണുന്നു. ഈ മനസ്സാണ് സത്യത്തിൽ മാറ്റേണ്ടത്. രാജന് ജാതി വിവേചനം അല്ലാതെ മറ്റൊരു പ്രശ്നവും ആതിരയുടെ വരൻ ബ്രിജേഷുമായി ഉണ്ടായിരുന്നില്ല. രണ്ടുപേർക്കും ജോലിയുമുണ്ട്. തീർത്തും ലക്ഷണമൊത്ത ഒരു ദുരഭിമാനക്കൊലയിൽ പ്രതി കൂളായി രക്ഷപ്പെട്ടിട്ടും കേരളത്തിന്റെ മനസാക്ഷി ഉയരുന്നില്ല. ചില പ്രത്യേക ജാതികളോടും മതങ്ങളോടും മാത്രമായി സെലക്റ്റഡ് നവോത്ഥാനം നടത്തുന്നവർക്കുള്ള ടെസ്റ്റ് ഡോസുകൂടിയാണ് ഈ ദുരഭിമാനക്കൊലയും കൂറുമാറ്റവും. ബ്രാഹ്മണനെപ്പോലെ തന്നെ ഈഴവനും ദലിതനുമെല്ലാം ഒരു അന്ധവിശ്വാസ പാക്കേജിന്റെ ഭാഗമാണെന്നും ശാസ്ത്രബോധവും യുക്തിബോധവുമാണ് നമുക്ക് വേണ്ടെതെന്നും നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇനിയും മനസ്സിലാക്കുന്നില്ല. അവർ എല്ലാം സവർണ്ണതയുമായി മാത്രം നിഴൽ യുദ്ധത്തിലാണ്. ആതിരക്ക് നീതി കിട്ടാൻവേണ്ടി മൊഴുകുതിരികൾ തെളിയാത്തതിന്റെ അടിസ്ഥാന കാരണവും ഈ പൊതുബോധം തന്നെയാണ്.

എല്ലാമറിഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെ ബ്രിജേഷ്

ആതിരയുടെ പ്രതിശ്രുത വരൻ ബ്രിജേഷിന്റെ ജീവിതം സുഹൃത്ത് അനൂപ് കെ ദാസ് എഴുതുന്നത് ഇങ്ങനെയാണ്. 'കൊല്ലപ്പെട്ട ആതിരയെ നമുക്കറിയാം. ബ്രിജേഷിനെ ഒരു പക്ഷേ അത്ര പരിചയം കാണില്ല. ആതിരയെ പ്രണയിക്കുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തയാൾ. കോഴിക്കോട് കൊയിലാണ്ടി പന്തലായനിക്കാരൻ. ഞങ്ങളൊരുമിച്ച് ഒരേ ബെഞ്ചിലിരുന്നാണ് പഠിച്ചത്. കൊയിലാണ്ടി ബോയ്സ് ഹയർസെക്കണ്ടിറി സ്‌കൂളിൽ. വിധി വന്ന ശേഷം ബ്രിജേഷിനെ വിളിച്ചിരുന്നു. അവൻ പട്ടാളത്തിലാണ്. ഇപ്പോഴുള്ളതുകൊൽക്കത്തയിൽ. അംഫൻ ചുഴലിക്കാറ്റ് വീശിയപ്പോൾ രക്ഷാപ്രവർത്തനത്തിനുള്ള ഡ്യൂട്ടിയുണ്ടായിരുന്നു. ഒരു വീട്ടിൽ നിന്ന് ആളുകളെ രക്ഷപെടുത്തുന്നതിനിടയിൽ സമീപത്തുള്ള മരം വീണു. കൊമ്പിന്റെ ഒരു ഭാഗം മുഖത്ത് വന്നിടിച്ച് പരുക്കേറ്റ് ചികിത്സയിലാണ്. ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി ക്യാംപിലെത്തി. കോവിഡ് ഭീതിയുള്ളതിനാൽ നിരീക്ഷണത്തിലാണ്.

കോടതി വിധി അവൻ അറിഞ്ഞിരുന്നു.''എന്ത് ചെയ്യാനാട, എല്ലാരും കൂറുമാറി. എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിപ്പോയി. ചേച്ചിയമ്മയും കൂറുമാറി'' ബ്രിജേഷ് പറഞ്ഞു. കൊയിലാണ്ടിയിലെ പന്തലായനിയിലാണ് ബ്രിജേഷിന്റെ വീട്. അച്ഛൻ ചെറുപ്പത്തിലേ വിട്ട് പോയതാണ്. മഴയത്ത് ചോർന്നൊലിക്കുന്ന കൊച്ചു വീട്ടിൽ അമ്മയും അനുജൻ ശ്രീക്കുട്ടനും. അമ്മ ശ്രീവള്ളി പലയിടങ്ങളിൽ പോയി കൂലിപ്പണിയെടുത്ത് കഷ്ടപ്പെട്ടാണ് രണ്ട് മക്കളേയും പോറ്റിയത്. ആ ബോധം മനസ്സിലുള്ളതുകൊണ്ടാണ് പെട്ടെന്നൊരു ജോലി വേണം എന്ന് ബ്രിജേഷ് നിശ്ചയിച്ചതും പട്ടാളത്തിലേക്ക് ശ്രമിച്ചതും. പക്ഷേ ബ്രിജേഷിന് ജോലി കിട്ടുമ്പോഴേക്ക് അമ്മയ്ക്ക് രോഗം കടുത്തു. കുറേക്കാലമായി ഷുഗറിന് ചികിത്സയിലായ അമ്മയുടെ രണ്ട് കണ്ണിന്റേയും കാഴ്ച ശക്തി ഏതാണ്ട് നഷ്ടപ്പെട്ടു. ഷുഗറ് കിഡ്നിയെ ബാധിച്ചതോടെ തുടർച്ചയായി ഡയാലിസിസ് ചെയ്യേണ്ടി വന്നു. ബ്രിജേഷിന് ജോലിയും വരുമാനവുമായി, ആഗ്രഹിച്ച ഒരു ജീവിതത്തിലേക്ക് കുടുംബം നീങ്ങുമ്പോഴേക്ക് അമ്മ കിടപ്പിലായി. പിന്നീട് മരിച്ചു.

അമ്മയെ ഡയാലിസിന് കൊണ്ടുപോയപ്പോൾ പലതവണയായി കണ്ടാണ് ആതിരയുമായി ബ്രിജേഷ് സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമായത്. ആതിര കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു അന്ന്.

താണജാതിക്കാരനെ കെട്ടിച്ച് കൊടുക്കാൻ കഴിയില്ല

വീട്ടിൽ വിവാഹ ആലോചനകൾ നടന്ന് തുടങ്ങിയപ്പോഴാണ് ആതിര ബ്രിജേഷിനെക്കുറിച്ച് വീട്ടിൽ പറഞ്ഞത്. ബ്രിജേഷ് പട്ടികജാതിക്കാരനാണ് എന്ന് കേട്ട ആതിരയുടെ അച്ഛൻ കടുത്ത എതിർപ്പ് ഉന്നയിച്ചു. അയാൾ ഒരു ദിവസം ബ്രിജേഷിനെ ഫോണിൽ വിളിച്ചു. ''താനിത് നിർത്തണം. താണജാതിക്കാരെക്കൊണ്ടൊന്നും മകളെ കെട്ടിക്കാൻ പറ്റില്ല. ഞങ്ങള് നന്നായൊക്കെ ജീവിക്കുന്ന ആൾക്കാര.'' എന്നാണ് അയാൾ ആദ്യമായി വിളിച്ചപ്പോൾ ഭീഷണിപ്പെടുത്തിയത് എന്ന് ബ്രിജേഷ് പറഞ്ഞു. നാട്ടിൽ അത്യാവശ്യം രാഷ്ട്രീയപ്രവർത്തനമൊക്കെയുള്ള രാജൻ ഈഴവ ജാതിയിൽ പെട്ടയാളാണ്.

ദിവസങ്ങൾ പിന്നിട്ടു. വീട്ടിൽ പ്രശ്നം കൂടി. ആതിര ഒരു ദിവസം ബ്രിജേഷിനെ വിളിച്ച് പൊട്ടിക്കരഞ്ഞ് പറഞ്ഞു നമുക്കിത് നിർത്താമെന്ന്. സാഹചര്യം മനസ്സിലാക്കി ബ്രിജേഷും അതിന് വഴങ്ങി. പിന്നീട് ആതിര വീണ്ടും വിളിച്ച് ബ്രിജേഷുമായി സംസാരിച്ചു. നമുക്ക് ഒരുമിച്ച് ജീവിക്കണമെന്നും ഇറങ്ങി വരാമെന്നും പറഞ്ഞു. അതിനും ആറ് മാസത്തിനും ശേഷം ഉത്തർപ്രദേശിൽ ഡ്യൂട്ടിയിലിരിക്കെ ബ്രിജേഷ് ലീവിന് വന്ന സമയത്ത് ആതിരയുടെ കല്യാണ ആലോചന വീട്ടുകാർ സജീവമാക്കി. ഏതാണ്ട് ഉറപ്പെന്ന് കരുതിയ ഒരു പെണ്ണു കാണൽ ചടങ്ങിന്റെ തലേ ദിവസം ആതിര ബ്രിജേഷിനൊപ്പം ഇറങ്ങിപ്പോന്നു. അന്ന് മഞ്ചേരി മെഡിക്കൽ കോളേജിലാണ് ആതിര ജോലി ചെയ്യുന്നത്. പെണ്ണു കാണലിന് വന്നില്ലെങ്കിൽ നിന്നെ കൊന്നു കളയും എന്ന അച്ഛന്റെ ഭീഷണി അവഗണിച്ചാണ് ആതിര ബ്രിജേഷിനൊപ്പം ഇറങ്ങി.

ഇരുവരും ഡൽഹിയിലേക്ക് വിമാനം കയറി. രണ്ട് ദിവസം അവിടെ നിന്ന ശേഷം ഉത്തർപ്രദേശിലെ ബ്രിജേഷിന്റെ പട്ടാള യൂണിറ്റിന് സമീപത്തേക്കും പോയി. അപ്പഴേക്കും ആതിരയെത്തിരഞ്ഞ് അരീക്കോട് സ്റ്റേഷനിൽ നിന്ന് വിളി വന്നു. നാട്ടിലെത്തണം എന്ന സാഹചര്യമായപ്പോൾ യൂണിറ്റിൽ നിന്ന് ലീവ് വാങ്ങി യാത്ര തിരിച്ചു. അരീക്കോട് സ്റ്റേഷനിലെ പൊലീസുകാർ അന്ന് പകൽ മുഴുവൻ ആതിരയ്ക്ക് സാരോപദേശം നൽകിയെന്നാണ് ബ്രിജേഷ് പറഞ്ഞത്. എന്നിട്ടും അവനൊപ്പം തന്നെ പോകണം എന്ന് ആതിര നിലപാടെടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ വിവാഹം നടത്തിത്തരാം എന്ന് പൊലീസിന്റെ മധ്യസ്ഥതയിൽ രാജൻ സമ്മതിച്ചു. അതുവരെ ആതിര അരീക്കോട്ടെ വീട്ടിൽ കഴിയണം. അച്ഛൻ എന്തെങ്കിലും എന്ന് ചെയ്യുമോ എന്ന് ആതിര ഭയപ്പെട്ടിരുന്നു. അത് ബ്രിജേഷിനോടും അവൻ പൊലീസിനോടും പറഞ്ഞു.

''പിന്നെ ഞങ്ങളെന്തിനാ ഇവിടെ പൊലീസിന്റെ തൊപ്പിയും ഇട്ട് ഇരിക്കുന്നത്'' എന്നായിരുന്നു അവരുടെ മറുചോദ്യം. അവള് അരീക്കോട്ടേക്കും ബ്രിജേഷ് കൊയിലാണ്ടിയിലേക്കും തിരിച്ചു.ഈ സമയത്താണ് ബ്രിജേഷിനെ അവസാനമായി ഞാൻ കണ്ടത്. കൊയിലാണ്ടി ബസ്റ്റാന്റിൽ നിന്ന് റെയിൽവേസ്റ്റേഷനിലേക്കുള്ള ചെറിയ റോഡരികിൽ അവൻ വണ്ടി നിർത്തി.'' എടാ കല്യാണമാണ് 23 ന്. പെട്ടെന്നായിപ്പോയി എല്ലാം. കല്യാണം കഴിഞ്ഞിട്ട് നമുക്കെല്ലാർക്കും കൂടിയിരിക്കാം.''- അതു പറഞ്ഞ് അവൻ മടങ്ങി

ഓടിച്ചിട്ട് കുത്തിക്കൊന്നത് അടുത്ത വീട്ടിൽവെച്ച്

സന്തോഷം പങ്കുവെച്ച് അവൻ പോയതിന്റെ നാലാം ദിവസമാണ് ദുരന്ത വാർത്ത കേട്ടത്. അരീക്കോട് ദുരഭിമാനക്കൊല. പട്ടികജാതിക്കാരനുമായുള്ള വിവാഹത്തിന്റെ തലേ ദിവസം അച്ഛൻ മകളെ കുത്തിക്കൊന്നു. അന്ന് രാവിലെ മുതൽ തന്നെ അയാൾ മദ്യപിച്ച് ലെക്ക്കെട്ടിരിക്കുകയായിരുന്നു. പേടിച്ച ആതിര രാവിലെയും ബ്രിജേഷിന് വിളിച്ചത് പറഞ്ഞതാണ്. പേടിക്കേണ്ട ഒരു ദിവസമല്ലേ എന്ന് പറഞ്ഞ് അവൻ സമാധാനിപ്പിച്ചു.

വൈകീട്ട്, താലി വാങ്ങാൻ പോയപ്പോഴാണ് അരീക്കോട് നിന്ന് ബ്രിജേഷിനൊരു ഫോൺ വന്നത്. ആതിരയുടെ വീടിനടുത്തുള്ള വാർഡ് കൗൺസിലറാണ്. 'ആതിരയെ അച്ഛൻ മുറിവേൽപ്പിച്ചുവെന്നും സീരിയസ്സല്ല രാവിലെ വന്നാൽ മതിയെന്നും പറഞ്ഞു. പക്ഷേ ആ സമയത്തേക്കും ആതിര മരിച്ചിരുന്നു. മദ്യപിച്ചെത്തിയ രാജൻ ആദ്യം വിവാഹ വസ്ത്രങ്ങൾ കത്തിച്ചു. പിന്നീട് ആതിരയുടെ പിറകിൽ ഓടി അടുത്ത വീട്ടിൽ വെച്ച് ഇടനെഞ്ചിൽ കുത്തിക്കൊന്നു എന്നാണറിയാൻ കഴിഞ്ഞത്', ബ്രിജേഷ് പറയുന്നു. കട്ടിലിനടിയിൽ ഒളിച്ചിരുന്ന ആതിരയെ വലിച്ച് പുറത്തിട്ടാണ് കുത്തിയത്.

ആതിരയുടെ അമ്മ,സഹോദരൻ,അമ്മാവൻ തുടങ്ങിയവരെല്ലാം ആദ്യം നൽകിയ മൊഴി മാറ്റിപ്പറഞ്ഞു. അതോടെ രാജന് സ്വാതന്ത്രത്തിന്റെ പുതിയ ലോകം. ബ്രിജേഷ് ഈ ദിവസം വരെ നീറിയാണ് ജീവിക്കുന്നത്. ജനിച്ച് വീണ കാലം മുതൽ പലതരം കഷ്ടപ്പാടിലൂടെയാണ് ബ്രിജേഷ് വളർന്നത്. അടുത്ത് നിന്ന് കണ്ടയാളെന്ന നിലയിൽ എനിക്കതറിയാം. നന്നായി പഠിച്ചും അധ്വാനിച്ചുമാണ് തൊഴിൽ നേടിയത്. അവനും അവന്റെ സമ്പാദ്യമായ തൊഴിലും മകളോടുള്ള സ്നേഹവുമൊന്നും രാജന് വിഷയമായേയില്ല. പതിറ്റാണ്ടുകളായി സാമൂഹ്യമായ വിവേചനം അനുഭവിക്കുകയും ഇപ്പോഴും പലയിടത്തും അത് നേരിടുകയും ചെയ്യുന്ന ഒരു വിഭാഗത്തേയാണ് ജാതി എന്ന നിലയിൽ രാജൻ പ്രതിനിധീകരിക്കുന്നത്. ആ ബോധ്യം പോലുമില്ലാതെയാണ് പട്ടിക ജാതിക്കാരനെന്ന ഒറ്റക്കാരണത്താൽ ബ്രിജേഷിനെ മാറ്റി നിർത്താൻ ശ്രമിച്ചത്. അതിനയാളുടെ ന്യായം ''താണജാതിക്കാരെക്കൊണ്ടൊന്നും മകളെ കെട്ടിക്കാൻ പറ്റില്ല. ഞങ്ങള് നന്നായൊക്കെ ജീവിക്കുന്ന ആൾക്കാർ'' എന്നതാണ്.

രാജന് അർഹിച്ച ശിക്ഷ കിട്ടിയില്ല. മകളുടെ മരണത്തിനും ഒരു യുവാവിന്റെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കിയതിനും രാജന് ഉത്തരവാദിത്വമുണ്ട്. ജാതി നമ്മുടെ സമൂഹത്തിലെ യാഥാർത്ഥ്യമാണ് എന്നത് വീണ്ടും വിളിച്ച് പറയുന്നുണ്ട് അരീക്കോട് സംഭവം. ആതിരയെ ഇടനെഞ്ചിൽ കത്തി കുത്തിയിറക്കിക്കൊന്നത് രാജനാണ് എന്നതാണ് കുറ്റപത്രം.പക്ഷെ സാക്ഷികൾ കൂറുമാറിയതോടെ രാജൻ രക്ഷപ്പെട്ടു. പഴുതുകളെല്ലാം അടച്ച് ഇയാളെപ്പോലുള്ളവർക്ക് കൃത്യമായ ശിക്ഷ വാങ്ങിക്കൊടുത്തില്ലെങ്കിൽ ദുരഭിമാനക്കൊലകൾ ആവർത്തിക്കും. തമിഴ്‌നാട്ടിലും ആന്ധ്രയിലുമെല്ലാം നടക്കുന്ന പോലെ ദുരഭിമാനക്കൊലകളുടെ പരമ്പരകൾ അരങ്ങേറും. ''പിന്നെ ഞങ്ങളെന്തിനാ ഇവിടെ പൊലീസിന്റെ തൊപ്പിയും ഇട്ട് ഇരിക്കുന്നതത്'' എന്ന് ചോദിക്കുന്നു ഏമാന്മാരെക്കൊണ്ട് വലിയ കാര്യമൊന്നും ഉണ്ടാകുകയുമില്ല.- അനൂപ് കെ ദാസ് ചൂണ്ടിക്കാട്ടുന്നു.

ബാലകൃഷ്ണൻ, ആതിര, കെവിൻ; 3 ദുരഭിമാനക്കൊലകൾ...

ദുരഭിമാനക്കൊലകൾ കേരളത്തിലും നടക്കുന്നുണ്ട്. ഇത്തരം കേസുകളിൽ ശിക്ഷ കിട്ടാതിരുന്നാൽ അത് ആവർത്തിക്കും. 17 വർഷത്തെ ദൂരമുണ്ട് കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലക്ക്. യൂത്ത് കോൺഗ്രസ് കാസർകോട് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണനെ ഭാര്യയുടെ ബന്ധുക്കളാണ് ജാതിഭ്രാന്തിന്റെപേരിൽ കൊലപ്പെടുത്തിയത്.

വധക്കേസിലെ പ്രതികൾക്കു കൊച്ചി സിബിഐ കോടതി ജീവപര്യന്തം തടവു വിധിച്ച വാർത്ത പുറത്തുവന്നപ്പോൾ ബാലകൃഷ്ണന്റെ ജ്യേഷ്ഠസഹോദരൻ അനിൽകുമാർ എന്ന ബാബുവിന്റെ കണ്ണുകളെ ഈറനാക്കിയത് അമ്മയുടെ ഓർമയാണ്. കോടതി വിധി പുറത്തുവരുന്നതിനു രണ്ടുമാസം മുമ്പ് മരിച്ചു ദുരഭിമാനത്തിന്റെ കൊലക്കത്തിക്ക് ഇരയായ ബാലകൃഷ്ണന്റെ അമ്മ പങ്കജാക്ഷി. മകൻ കൊല്ലപ്പെട്ട കേസിൽ നീതിക്കു വേണ്ടി പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങിയത് ആ അമ്മയായിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ചു. പിന്നീടു കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. അപ്പോഴും സ്വൈര്യവിഹാരം നടത്തുകയായിരുന്നു പ്രതികൾ. ഒടുവിൽ പങ്കജാക്ഷി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നു. കേസുമായി മുന്നോട്ടുപോകാൻ ബാലകൃഷ്ന്റെ അച്ഛൻ റിട്ട.തഹസിൽദാർ എം.ഗോപാലനെ പ്രേരിപ്പിച്ചതും ആ അമ്മ തന്നെ.

തെളിവില്ലാതെ ഉപേക്ഷിച്ച കേസിനു ജീവൻവച്ചു. വിചാരണ പുരോഗമിച്ചു. ഇനി ഒരിക്കലും ഒരു അമ്മയും ദുരഭിമാനത്തിന്റെ പേരിൽ കരയരുത് എന്നായിരിക്കണം അപ്പോൾ പങ്കജാക്ഷി ചിന്തിച്ചിരുന്നത്. ആഗ്രഹിച്ച വിധി വരാൻ വേണ്ടിവന്നതു 17 വർഷം.ഒടുവിൽ 2018 മെയ് 18 ന് ബാലകൃഷ്ണൻ വധക്കേസിൽ രണ്ടു പ്രതികൾക്കു ജീവപര്യന്തം തടവുശിക്ഷയുടെ വിധി വന്നു. മജിസ്ട്രേട്ട് മുൻപാകെ പ്രതികൾക്കെതിരെ മൊഴി നൽകിയ ശേഷം വിചാരണ കോടതിയിൽ കൂറുമാറിയ രണ്ടു സാക്ഷികൾക്കെതിരെ സിബിഐ നിയമനടപടിയും തുടങ്ങി.

ഈ വിധിക്ക് പത്തു ദിവസത്തിനുശേഷം 2018 മെയ് 28 നു പുറത്തുവന്ന മാധ്യമങ്ങളിലൂടെ പ്രണയവിവാഹത്തിനു മുതിർന്ന നവവരനെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത അറിഞ്ഞു കേരളം.അന്നുച്ചയായപ്പോഴേക്കും ഒരു അരുംകൊലയുടെ ഞെട്ടിക്കുന്ന വാർത്തയും. അതാണ് കെവിൻ കൊലക്കേസ്. അതുപക്ഷേ കേരളം എറെ ചർച്ചചെയ്തു കഴിഞ്ഞൂ. സംസ്ഥാനത്തെ രണ്ടാമത്തെ ദുരഭിമാനക്കൊലപാതകത്തിന്റെ കത്തിക്ക് ഇരയായത് ഒരു പെൺകുട്ടിതന്നെയായിരുന്നു. ആതിര. കെവിൻ കൊലക്കേസിന് രണ്ടുമാസം മുമ്പ് 2018 മാർച്ച് 22 ന് ആയിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം മലപ്പുറത്ത് അരീക്കോട്ട് നടന്നത്.

ദുരഭിമാനക്കൊലപാതകങ്ങൾ ഇനിയെങ്കിലും ഒഴിവാക്കണമെങ്കിൽ അത്യാവശ്യമായി നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുരളി തുമ്മാരുകുടി ഫേസ്‌ബുകിൽ എഴുതി. പ്രധാന്യത്തോടെ അദ്ദേഹം അക്കമിട്ട് ആദ്യം പറഞ്ഞകാര്യങ്ങൾ ഇങ്ങനെയായിരുന്നു.

'പ്രായപൂർത്തിയായവർക്ക് സ്വന്തം ഇഷ്ടപ്രകാരം പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള നിയമപരമായ അവകാശത്തെക്കുറിച്ചു വ്യാപകമായ ബോധവത്കരണം സമൂഹത്തിൽ നടത്തണം. സ്വജാതിയിൽനിന്നോ മതത്തിൽനിന്നോ പുറത്തുള്ളവരെ വിവാഹം കഴിക്കുന്നവർക്കെതിരെയോ അവരുടെ കുടുംബാംഗങ്ങൾക്കെതിരെയോ ശാരീരികമോ മാനസികമോ ആയ പീഡനങ്ങൾ നടത്തുന്നതിനെ പിന്തുണയ്ക്കുന്നില്ല എന്ന് എല്ലാ സമുദായ നേതൃത്വവും പരസ്യമായി പറയണം.' -മുരളി തുമ്മാരുകുടി വ്യക്തമാക്കുന്നു. പക്ഷേ നമ്മെ സംബന്ധിച്ച് ഓരോ കൊലപാതകവും അപ്പോൾ ഉണ്ടാകുന്ന വാർത്തകൾ മാത്രം. ഇനി കേസിൽ ശിക്ഷ കൂടി കിട്ടിയില്ലെങ്കിൽ എന്തു സംഭവിക്കും. അതാണ് ആതിരയുടെ കൊലപാതകത്തിൽ സമൂഹ മനസാക്ഷി അടിയന്തരമായി ഉണരേണ്ടതിൻെ ആവശ്യകതയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP