Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

37ൽ നെഹറു എത്തിയപ്പോൾ പോലും ജനങ്ങൾക്ക് അറിയേണ്ടിയിരുന്നത് കുടിയേറ്റത്തെക്കുറിച്ച്; 'വിദേശികളെ' എന്നും ഭയന്നിരുന്ന നാട്ടിൽ തദ്ദേശീയർക്കിടയിൽ ബംഗാളി വിരുദ്ധ വികാരം പ്രകടം; പൗരത്വഭേദഗതി നിയമത്തിലൂടെ ബിജെപി തുറന്നുവിട്ടത് ദേശീയ രാഷ്ട്രീയത്തിന്റെ തണലിൽ മയങ്ങിക്കിടന്ന വംശീയ രാഷ്ട്രീയത്തെ; അർണബ് ഗോസാമിയെപ്പോലുള്ളവർപോലും മോദി സർക്കാറിനെ എതിർക്കുന്നതും ഈ അസാമി സ്വത്വം ഉള്ളതുകൊണ്ടാണ്; ഹിന്ദുക്കൾ അടക്കമുള്ള മുഴുവൻ കുടിയേറ്റക്കാരെയും പുറത്താക്കാൻ അസം കത്തുമ്പോൾ

37ൽ നെഹറു എത്തിയപ്പോൾ പോലും ജനങ്ങൾക്ക് അറിയേണ്ടിയിരുന്നത് കുടിയേറ്റത്തെക്കുറിച്ച്; 'വിദേശികളെ' എന്നും ഭയന്നിരുന്ന നാട്ടിൽ തദ്ദേശീയർക്കിടയിൽ ബംഗാളി വിരുദ്ധ വികാരം പ്രകടം; പൗരത്വഭേദഗതി നിയമത്തിലൂടെ ബിജെപി തുറന്നുവിട്ടത് ദേശീയ രാഷ്ട്രീയത്തിന്റെ തണലിൽ മയങ്ങിക്കിടന്ന വംശീയ രാഷ്ട്രീയത്തെ; അർണബ് ഗോസാമിയെപ്പോലുള്ളവർപോലും മോദി സർക്കാറിനെ എതിർക്കുന്നതും ഈ അസാമി സ്വത്വം ഉള്ളതുകൊണ്ടാണ്; ഹിന്ദുക്കൾ അടക്കമുള്ള മുഴുവൻ കുടിയേറ്റക്കാരെയും പുറത്താക്കാൻ അസം കത്തുമ്പോൾ

എം മാധവദാസ്

ന്യൂഡൽഹി: മോദി സർക്കാറിന്റെ ഏറ്റവും വിശ്വസ്തനായ പ്രചാരകനായാണ് മാധ്യമ പ്രവർത്തകനും റിപ്പബ്ലിക്കൻ ടിവി വാർത്താമേധാവിയുമായ അർണബ് ഗോസാമി അറിയപ്പെടുന്നത്. പല സന്നിദ്ധഘട്ടങ്ങളിലും എൻഡിഎ സർക്കാറിന്റെ നാവായിരുന്നു ഈ മാധ്യമ പ്രവർത്തകൻ. എന്നാൽ ചരിത്രത്തിൽ ആദ്യമായി മോദി സർക്കാറിനെതിരെ തിരിഞ്ഞിരിക്കയാണ് അർണബും. പൗരത്വഭേദഗതി ബില്ലിൽ മോദി സർക്കാറിനെ വിമർശിച്ച അർണബ് ''നിങ്ങളിൽ പലരും ബിൽ പാസാക്കുന്നത് ആഘോഷിക്കുമ്പോൾ, വടക്കുകിഴക്കൻ ഭാഗത്തുള്ള ഞങ്ങളുടെ സഹോദരീ സഹോദരന്മാരെ മറക്കരുത്... അവർ കടുത്ത ആശങ്കയിലാണ്,' എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ബുധനാഴ്ച രാത്രിയിലെ ചാനൽ പരിപാടിയിലാണ് പ്രേക്ഷരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അർണബിന്റെ പരാമർശം.

''രാഷ്ട്രീയമായി, ഇത് നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്, ''ഗോസാമി തന്റെ ഷോയിൽ പറഞ്ഞു. ഡിസംബർ നാലിന് മന്ത്രിസഭ പാസാക്കിയപ്പോൾ അർണബ് വിമർശനം ഉയർത്തിയിരുന്നു. ബിജെപിക്കാരെ സംബന്ധിച്ച് അർണബ് 'രാജ്യത്തിന്റെ ശബ്ദമാണ്'. കുറച്ചു കാലമായി ബിജെപിയുടെ ടെലിവിഷൻ പ്രചാരണ സൈന്യത്തിന്റെ ചീഫ്. എന്നാൽ പൗരത്വ ഭേദഗതി ബില്ലിൽ അർണബ് ഗോസാമിയുടെ പെട്ടെന്നുള്ള മലക്കം മറിച്ചിൽ അദ്ദേഹത്തിന്റെ സംഘപരിവാർ ആരാധകരെ ആശയക്കുഴപ്പത്തിലാക്കി.

കഴിഞ്ഞ ദിവസം ബിജെപിയെ 'പ്രീണിപ്പിക്കൽ രാഷ്ട്രീയ'ത്തിന്റെ പേരിൽ ഗോസാമി വീണ്ടും ശക്തമായി വിമർശിച്ചു. ആർഎസ്എസിനെ പരാമർശിച്ച് ''നാഗ്പൂർ പ്രീതിപ്പെടുത്തൽ'' എന്നാണ് ഗോസാമി പൗരത്വബില്ലിനെ വിശേഷിപ്പിച്ചത്. 'ബിജെപി സംഘപരിവാറിനെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്...ഹിന്ദുക്കൾ എവിടെ പോകുമെന്ന് പറയുന്നു... ബിജെപിയോട് ഞാൻ പറയുന്നു... തീർച്ചയായും പാക്കിസ്ഥാനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ ആരെങ്കിലും പോകുന്നത് ഞങ്ങളുടെ ആശങ്കയല്ല... അവരെ മലേഷ്യയിലേക്ക് പോകട്ടെ, അല്ലെങ്കിൽ ജോർദാനിലേക്ക് പോകട്ടെ,  വത്തിക്കാൻ സിറ്റിയിലേക്ക് പോകട്ടെ. . പാക്കിസ്ഥാനിനിന്നും ബംഗ്ലാദേശിൽ നിന്നോ ഉള്ള ഹിന്ദുക്കൾക്ക് വരാൻ ഞങ്ങൾ ധർമ്മശാലയല്ല.'- അർണബ് ചൂണ്ടിക്കാട്ടി.

പൗരത്വബില്ലിലെ എതിർത്തും മുസ്ലിങ്ങളെ ഒഴിവാക്കിയതിനുമല്ല അസമിലടക്കം വടക്കുകിഴക്കൻ മേഖലിയിൽ പ്രക്ഷോഭം നടക്കുന്നത്. കുടിയേറ്റക്കാർ ആരും വേണ്ട എന്നാണ് അവരുടെ ആവശ്യം. മുസ്ലിങ്ങൾക്കു കൂടി പൗരത്വം നൽകിയാൽ പ്രക്ഷോഭം ഒന്നുകൂടി ആളിക്കത്തും. എന്നാൽ കേരളത്തിലെ ചില പത്രങ്ങളും മതമൗലിക വാദ ഗ്രൂപ്പുകളും ഇതും പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭമായാണ് ചിത്രീകരിക്കുന്നത്. ബിജെപി 13 ലക്ഷം ഹിന്ദുക്കളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് കാരണം. മണിപ്പൂർ, ത്രിപുര, മേഘാലയ, നാഗാലാൻഡ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗിരിവർഗ്ഗ മേഖലകളിൽ ബംഗാളി അഭയാർത്ഥികളെ പൗരന്മാരായി അംഗീകരിക്കുന്നത് തദ്ദേശിയരുടെ ജീവിതത്തിനും സംസ്‌കാരത്തിനും ആഘാതമേൽപ്പിക്കും എന്ന പരാതിയാണ് മിക്കയിടത്തും പ്രക്ഷോഭത്തിന് ആധാരം.

വിദേശ അഭയാർത്ഥികളെ കൊണ്ടുവന്ന് തട്ടാനുള്ള സ്ഥലമല്ല (dumping yard) തങ്ങളുടെ പ്രദേശം എന്നാണവർ തെരുവുകളിൽ ഇറങ്ങി പ്രഖ്യാപിക്കുന്നത്. പൗരത്വ നിയമഭേദഗതി ഈ സംസ്ഥാനങ്ങളിലെ അഭയാർത്ഥികളുടെ കാര്യത്തിൽ ബാധകമല്ല എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രക്ഷോഭം തുടരുകയാണ്.നിലവിൽ ആസാമിലെ പ്രക്ഷോഭം ഹിന്ദു ആയാലും, മുസ്ലിം ആയാലും പൗരത്വം തെളിയിക്കാൻ പറ്റാത്ത 20 ലക്ഷം ആളുകളെയും ആസാമിൽ നിന്ന് ഓടിക്കാനാണ് . ബിജെപി അതിലെ 13 ലക്ഷം ഹിന്ദുക്കളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് അവർ പറയുന്നു. ഈ ഹിന്ദുക്കളെ പൗരത്വം കൊടുത്ത് നിലനിറുത്തിയാൽ വടക്ക് കിഴക്കൻ സസ്ഥാനങ്ങൾ വീണ്ടും തീവ്രവാദത്തിലേക്ക് പോകും .ഇവരെ കൈവിട്ടാൽ തീവ്ര ഹൈന്ദവത എതിരാകും. കൈവിട്ടില്ലെങ്കിൽ നോർത്ത് ഈസ്റ്റും എതിരാവും. അതയാത് ബിജെപിയും ഈ വിഷയത്തിൽ വെട്ടിലാണെന്ന് ചുരുക്കം

അർണബും അടിസ്ഥാനമായി അസാമി തന്നെ

ബിജെപിക്കും ആർഎസ്എസിനും പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുകുടിയേറ്റക്കാർക്കെതിരെയും ഗോസാമി വാളെടുത്തത് അദ്ദേഹത്തിന്റെ ആരാധകരെ ആശ്ചര്യപ്പെടുത്തുകയാണ്. എന്നാൽ ഈ കാഴ്ചപ്പാട് അടിസ്ഥാനപരമായ
ഒരു തെറ്റിദ്ധാരണ അടിസ്ഥാനമാക്കിയാണെന്നാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നത്. 'സംഘികൾ അവരെപ്പോലുള്ള ഒരു സാധാരണ ഹിന്ദു ദേശീയവാദിയാണെന്ന് അർണബ് എന്ന് കരുതിയിരിക്കാം. താൻ ഒരു അസാമിയാണെന്ന് അർണബ് ഇടക്കിടെ ഓർമിപ്പിക്കാറുണ്ട്. തന്റെ ഹിന്ദു ദേശീയ സ്വത്വത്തെക്കാൾ അസമിയുടെ സ്വത്വത്തിനാണ് അദ്ദേഹം എന്നും മുൻഗണന നൽകിയിരിക്കുന്നത്.'- അർണബിന്റെ മൂൻ സഹപ്രവർത്തകനും ഇപ്പോൾ ഇന്ത്യൻ എകസ്പ്രസ് ലേഖകനുമായ മാധ്യമ പ്രവർത്തകൻ ദീപക്ഘോഷ് ചൂണ്ടിക്കാട്ടുന്നു.

വടക്കുകിഴക്കൻ ഇന്ത്യയിലെ ബിജെപിയുടെ പല നേതാക്കളും പരാജയപ്പെട്ടതിന്റെ അടിസ്ഥാന ഘടകം ഇതാണ്. അസാമിയും ഹിന്ദു ദേശീയ സ്വത്വവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായാൽ, ഗോസാമിയെപ്പോലുള്ള പലരും തങ്ങൾ ആദ്യം അസാമികളാണെന്ന് പറയുക. ഇവിടെയും അതാണ് സംഭവിച്ചത്. ബിജെപിയെയും ആർഎസ്എസിനെയും സംബന്ധിച്ചിടത്തോളം, പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കൾ ഇന്ത്യയെ അഭയകേന്ദ്രമായിരിക്കണം എന്നത് ഒരു പ്രധാന വിഷയമാണ്. പ്രായോഗികമായി മാത്രമല്ല, സിദ്ധാന്തത്തിലും. ഇത് എല്ലാ ഹിന്ദുക്കൾക്കും കുടിയേറാൻ കഴിയുന്ന ഒരു രാജ്യമാണ് അവരുടെ ലക്ഷ്യം. എന്നാൽ ആസാമികൾ പറയുന്നത് തങ്ങൾ ഒരു ഡബ്ബിങ്ങ് യാർഡ് അല്ല എന്നാണ്. ശക്തമായ മണ്ണിന്റെ മക്കൾ വികാരമാണ് ഇവിടെ നിലനിൽക്കുന്നത്. ഈ വികാരം അർണബിനെയും ബാധിച്ചുവെന്ന് ചുരുക്കം.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരെ വിദേശികളായി കാണുന്ന രീതി ഇന്നും അസമിൽ ഉണ്ട്. 1979-85വരെയുള്ള കാലഘട്ടത്തിൽ അസമിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം പ്രധാനമായും ലക്ഷ്യമിട്ടത് ബംഗാളികളെ ആയിരുന്നു. അവർ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരുപോലെയാണ് കണ്ടത്. എല്ലാ ബംഗാളി കുടിയറ്റക്കാരും ഒരുപോലെ പുറത്തുപോകണം എന്നായിരുന്നു പ്രക്ഷോഭകാരികളുടെ നിലപാട്. അത് അവർ ഇപ്പോഴും അവർത്തിക്കുന്നു. അസമിൽ പൗരത്വരജിസ്റ്റിൽനിന്ന് പുറത്തായ 20ലക്ഷം പേരിൽ 13 ലക്ഷം ഹിന്ദുക്കളെ ബിജെപി രക്ഷിച്ചെടുക്കും എന്ന് പറഞ്ഞാണ് അസാമിൽ പ്രക്ഷോഭം നടക്കുന്നത്. അല്ലാതെ പൗരത്വ രജിസ്റ്ററിന് എതിരായിട്ടില്ല.

ഉറങ്ങിക്കിടന്ന വംശീയ രാഷ്ട്രീയത്തെ ബിജെപി തുറന്നുവിടുമ്പോൾ

ബംഗാളി-അസാമി വിവേചനം ഇവിടെ ഇന്നും ശക്തമാണ്. ബിജെപിക്കാകട്ടെ ബംഗാളികൾക്കിടയിൽ നല്ല വേരുണ്ട്. ബംഗാളി സംസാരിക്കുന്ന ബരാക് താഴ്‌വരയിലെ സിൽചാറിൽ നിന്നാണ് ആർഎസ്എസും അസമിലെ ബിജെപിയും അവരുടെ പടയോട്ടം തുടങ്ങിയത്. വടക്കുകിഴക്കൻ മേഖലയിലെ അവരുടെ വികാസം ഹിന്ദു ബംഗാളികൾക്കിടയിൽ ഈ അടിത്തറയിൽ നിന്നാണ് സംഭവിച്ചത്. 1947ലും 1971ലെ ബംഗ്ലാദേശ് യുദ്ധകാലത്തുമൊക്കെ ഇവിടേക്ക് വൻതോതിൽ അഭയാർഥി പ്രവാഹം ഉണ്ടായിട്ടുണ്ട്. ഈ ബംഗാളി ഹിന്ദുക്കളുടെ വോട്ടുകളുടെ ഏകീകരണമാണ് അസം മാത്രമല്ല വ്ടക്കുകിഴക്കൻ സംസ്ഥാനളിൽ മൊത്തമായി ബിജെപിയെ തുണച്ചത്.

അണികളിൽനിന്ന് വ്യത്യസ്തമായി, അസമിൽ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ തൊട്ടുള്ള മന്ത്രിമാരിൽ ഭൂരിഭാഗവും ആൾ അസം സ്റ്റുഡൻസ് യൂണിയന്റെ മുൻ നേതാക്കളാണ്. അസം ഗണപരിഷത്തിന്റെ നേതാക്കളായും പ്രവർത്തിച്ച ഇവർ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ഇവർ എല്ലാതന്നെ ബംഗാളി വിരുദ്ധ സമരത്തിലൂടെയാണ് മുഖ്യധാരയിലേക്കക്ക് കടന്നുവന്നത്. അവരിൽ ഈ വികാരം ഇപ്പോഴും ശക്തമാണുതാനും. പൗരത്വ വിഷയത്തിൽ സമരം തുടങ്ങിയതോടെ ബിജെപിയിൽനിന്ന് പ്രമുഖർ രാജിവെച്ചു കഴിഞ്ഞു. പല ബിജെപി ആർഎസ്എസ് ഓഫീസുകളും ആക്രമിക്കപ്പെടുയാണ്.

ബംഗാളികളും അസാമികളും ഗോത്രവർഗക്കാരും ഗോത്രേതരരും തമ്മിലുള്ള സംഘർഷത്തിന്റെ ചരിത്രം ഇപ്പോൾ വടക്കുകിഴക്കൻ ഇന്ത്യയിൽ വളരെ പഴയതാണ്. അവിടത്തെ രാഷ്ട്രീയം വംശീയ രാഷ്ട്രീയത്തിന്റെ ആധിപത്യമാണ്. എന്നാൽ ബിജെപി അത് ദേശീയ രാഷ്ട്രീയത്തിന്റെ വിശാല സപെക്ട്രത്തിലേക്കാണ് കൊണ്ടുപോയത്. അപ്പോളും വംശീയ രാഷ്ട്രീയം കനലായി കിടക്കയായിരുന്ന. പൗരത്വ ബിൽ പാസാക്കിയതോടെ ബിജെപിയെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഈ വംശീയ രാഷ്ട്രീയം പുറത്തുചാടി. അസമിനെ ''വിദേശികളിൽ'' നിന്ന് രക്ഷിക്കുകയെന്നത് പ്രാഥമിക രാഷ്ട്രീയ ആശങ്കയായി തുടരുന്നു.

അസമിനും വടക്കുകിഴക്കൻ രാജ്യത്തിനും മറഞ്ഞിരിക്കുന്ന ചെറുത്തുനിൽപ്പിന്റെ ഒരു നീണ്ട ചരിത്രമുണ്ട്. ഇവർ ഒരിക്കലും പുറത്തുനിന്നുള്ളവരുടെ ആധിപത്യത്തെ ഇഷ്ടപ്പെടുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് പോലും ഇന്ത്യൻ പ്രധാന ഭൂപ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തരാണെന്ന ബോധം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്നതായി പ്രൊഫസർ സഞ്ജിബ് ബറുവ ഫ്രണ്ട്‌ലൈനിനായി അടുത്തിടെ എഴുതിയ ലേഖനത്തിൽ വിവരിക്കുന്നു. 1937 ൽ ജവഹർലാൽ നെഹ്‌റുവും ആസാമിലെ പൊതു ബുദ്ധിജീവിയായ ജ്ഞാനനാഥ് ബോറയും തമ്മിലുള്ള തർക്കത്തെക്കുറിച്ച് ചരിത്രകാരനായ ബോധിസത്വ കാർ എഴുതിയ വിവരണത്തിൽ നിന്നുള്ള ഒരുഭാഗം ബറൂവ ഇങ്ങനെ വിവരിക്കുന്നു. ''അസമിലെത്തിയ നെഹ്‌റു അത്ഭുതപ്പെട്ടു. ജനങ്ങൾ അറിയേണ്ടത് കിഴക്കൻ ബംഗാളിൽനിന്നുള്ള കുടിയേറ്റത്തെക്കുറിച്ചായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരം പോലും അവർക്ക് പ്രശ്നമായിരുന്നില്ല'- ബറുവ ചൂണ്ടിക്കാട്ടി.

1971 ൽ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ബംഗ്ലാദേശിൽ ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹം ഉണ്ടായിരുന്നു . ഇത് ബംഗാളിലെയും ആസാമിലെയും തദ്ദേശിയരുടെ അവകാശങ്ങൾ കവരുന്ന രീതിയിലേക്ക് എത്തിയപ്പോൾ അവരെ ആസാമിൽ നിന്ന് പുറത്താക്കണം എന്നാവശ്യപെട്ട് നടന്ന രക്തരൂക്ഷിത സമർത്തിന്റെ ഫലമായി ആണ് എൻആർസി നിയമം വന്നത്. 2013 ലെ സുപ്രീം കോടതി ഉത്തരവോടെയാണു ഇതിന് അന്തിമ രൂപം ആയത് .2019 ൽ അതായത് 6 വർഷം കൊണ്ട് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 20 ലക്ഷം പേർക്ക് പൗരത്വം തെളിയിക്കാൻ കഴിഞ്ഞില്ല.ഇതിൽ ഭൂരിഭാഗവും ബംഗാളി ഹിന്ദുക്കളാണ്.അതായത് ഇന്ത്യൻ വിസ എടുത്തൊ , ഔദ്യോഗിക അഭയാർത്ഥി ആയൊ ഇന്ത്യയിലേക്ക് വന്ന മുസ്ലിം അല്ലാത്തവർക്ക് മാത്രമേ പൗരത്വം കിട്ടും .ആസാമിൽ പൗരത്വ പട്ടികക്ക് പുറത്തായ 13 ലക്ഷത്തോളം ഹിന്ദുക്കളും അനധികൃത കുടിയേറ്റക്കാരാണ് .

വടക്കുകിഴക്കൻ ഇന്ത്യയിൽ ഹിന്ദു ദേശീയതയും ചെറിയ ദേശീയതകളും തമ്മിലുള്ള പോരാട്ടത്തിൽ, കഴിഞ്ഞ കുറെക്കാലമായി ചെറിയ ദേശീയത ഉറങ്ങിക്കിടക്കയായിരുന്നു. പൗരത്വബില്ലിനെ തുറന്നുവിട്ട് ബിജെപി അത് വീണ്ടും ഉണർത്തുകയാണ് ചെയ്തത്. അർണബ് അടക്കമുള്ളവർ തിരഞ്ഞതും ഇതുകൊണ്ടുതന്നെ.

ബിജെപി- ആർഎസ്എസ് ഓഫീസുകൾക്കുനേരെ വ്യാപക അക്രമം

പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ അസമിൽ മൂന്ന് ആർഎസ്എസ് ഓഫീസുകളാണ് ആക്രമിക്കപ്പെട്ടു. ദിൽബ്രുഗയിൽ ആർഎസ്എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാർ ഇന്നലെ രാത്രി തീയിട്ടപ്പോൾ തേജ്പൂർ, സദിയ എന്നിവിടങ്ങളിൽ ആർഎസ്എസ് ഓഫീസുകൾ അടിച്ചുതകർത്തു. ബിജെപി ഓഫീസുകൾക്കും പൊലീസിനും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. ഇന്നലെ രാത്രി കേന്ദ്രമന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണം നടന്നിരുന്നു.

അസമിലെ പ്രതിഷേധാഗ്‌നിയുടെ തീവ്രത മറച്ചുപിടിക്കാൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചെങ്കിലും അതൊന്നും കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തിന് മതിയാകുന്നവയല്ല. രണ്ട് ദിവസംകൂടി ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ തേസ്പൂരിൽ ആർഎസ്എസ് ഓഫീസിന് നേരെയാണ് പ്രക്ഷോഭകാരികൾ ആക്രമണം നടത്തിയത്. കരിങ്കൊടി നാട്ടിയാണ് പ്രതിഷേധം തുടങ്ങിയത്. അർധ സൈനിക വിഭാഗം പ്രതിഷേധക്കാരെ അടിച്ചൊതുക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് വാഹനത്തിന് തീയിട്ടായിരുന്നു പ്രതികരണം.

1979 -ൽ തുടങ്ങി ആറുവർഷം നീണ്ടുനിന്ന അസം കലാപത്തിന് ശേഷം ഗുവാഹത്തിയിലെ നിരത്തുകളിൽ ഇത്ര വലിയൊരു പ്രക്ഷോഭം ഇതാദ്യമാണ്. അന്ന് തെരുവുകളിൽ കലാപം നയിച്ച യുവാക്കളിൽ പലരും ഇന്ന് വൃദ്ധരാണ്. ഇന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമാസക്തമായ പ്രകടനങ്ങളുടെ അകമ്പടിയോടെ തെരുവുകൾ രണഭൂമികളാക്കിനടത്തുന്ന പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന പലരും അന്ന് ജനിച്ചിട്ടുപോലുമില്ല. കേന്ദ്രസർക്കാരിന്റെ നയങ്ങളോട് എതിരിട്ടുകൊണ്ട് ജമ്മു കശ്മീരിൽ തുടങ്ങിയ പ്രശ്നങ്ങൾ നാലുമാസങ്ങൾക്കിപ്പുറം അടങ്ങുന്ന ഈ വേളയിൽ, കേന്ദ്രത്തിന്റെ നയങ്ങളോടുള്ള അടുത്ത പ്രതിഷേധത്തിന് അസമിൽ തിരികൊളുത്തപ്പെട്ടതേയുള്ളൂ. ഈ അവസരത്തിൽ പഴയ അസം കലാപത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചവർ, വേണ്ടപ്പെട്ടവരുടെ ജീവൻ നഷ്ടമാകുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവന്നവർ ഒന്നടങ്കം പറയുന്നത് ഇനിയൊരു കലാപം കൂടി അസമിന് താങ്ങാനാവില്ല എന്നാണ്.

സമരങ്ങൾക്ക് പിന്നിൽ ആൾ അസം സ്റ്റുഡന്റസ് യൂണിയൻ

ആൾ അസം സ്റ്റുഡന്റസ് യൂണിയൻ(AASU) സെക്രട്ടറിയായ സമുജ്ജ്വൽ ഭട്ടാചാര്യ അവകാശപ്പെടുന്നത് ഈ പ്രക്ഷോഭങ്ങൾ അസം ജനതയുടെ സ്വാഭിമാനത്തെ ചോദ്യം ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങളോടുള്ള സ്വദേശികളുടെ സ്വാഭാവികമായ പ്രതികരണങ്ങളാണ് എന്നാണ്. അസം പ്രദേശത്തെ എല്ലാ സംഘടനകളും ഒറ്റക്കെട്ടായിട്ടാണ് ഈ നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. ഡിസംബർ 10 -ന് അസം ബന്ദ് ആയിരുന്നു. നോർത്ത് ഈസ്റ്റ് സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ (എൻഇഎസ് ഒ) ബാനറിൽ 11-നും ശക്തമായ പ്രതിഷേധങ്ങൾ തെരുവുകളിൽ ഉയർന്നു.

ജനുവരിയിൽ ഇങ്ങനെ ഒരു ബില്ലിനെപ്പറ്റി പറഞ്ഞുതുടങ്ങിയ സമയം തൊട്ടുതന്നെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന എൻഇഎസ് ഒ യുടെ ആഹ്വാനപ്രകാരം നടന്ന പ്രതിഷേധങ്ങൾക്കിടയിലാണ് അക്രമസംഭവങ്ങൾ നടക്കുന്നത്. അക്രമങ്ങളെത്തുടർന്നാണ് കൃത്യമായ ഒരു നേതൃത്വം പ്രതിഷേധങ്ങൾക്ക് വേണമെന്ന അഭിപ്രായമുയർന്നത്. അതേത്തുടർന്ന് ഡിസംബർ 12 -ന് ലതാശീൽ മൈതാനത്ത് നടന്ന സംയുക്തയോഗത്തിൽ, തുടർന്നുള്ള പ്രക്ഷോഭങ്ങളിൽ തികഞ്ഞ ഏകോപനസ്വഭാവവും, ജനാധിപത്യപരമായ സമരരീതികളും ഉണ്ടായിരിക്കണം എന്ന് തീരുമാനമായി.

ഈ സമരങ്ങളുടെ മുൻനിരയിൽ എന്തായാലും അഅടഡ നേതാവായ സമുജ്ജ്വൽ ഭട്ടാചാര്യ തന്നെയാണ് ഉള്ളത്. പ്രതിഷേധങ്ങളുടെ ദിശ നിയന്ത്രിക്കുന്നതും എഎഎസ്യു തന്നെ. ഒപ്പം നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (എൻഇഎസ്ഒ) യും സജീവമായി രംഗത്തുണ്ട്. അസമിൽ ആദ്യമായി പ്രതിഷേധങ്ങൾ തുടങ്ങുന്നത് നെസോയുടെ പ്രസിഡന്റായ സാമുവൽ ബി ജൈർവയുടെ ആഹ്വാനപ്രകാരമാണ്.

'ഒരു കാലഗണനയുമില്ലാതെ മറ്റുരാജ്യങ്ങളിലെ ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം അനുവദിച്ചുതുടങ്ങിയാൽ, ഭാവിയിൽ അത് വൻതോതിലുള്ള അനധികൃത കുടിയേറ്റത്തിന് ഇടയാക്കും. അത് തദ്ദേശീയരെ സാരമായി ബാധിക്കും. നാളെ വരുന്നവരും പറയും അവർ പത്തുവർഷം മുമ്പാണ് വന്നതെന്ന്. ഒരു രേഖയുമില്ലാതെ വരുന്നവൻ ഇന്നലെയാണ് പത്തുവർഷം മുമ്പാണോ വന്നത് എന്നത് എങ്ങനെ തെര്യപ്പെടുത്തും' എന്നാണ് ജൈർവ ചോദിക്കുന്നത്.

ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം അസമിന്റെ ജനസംഖ്യാ പ്രാതിനിധ്യം തന്നെ മാറ്റിമറിച്ചിട്ടുണ്ട്. മുമ്പ് അസമിൽ രണ്ടു ജില്ലകളിൽ മാത്രം മുസ്ലിം ജനസംഖ്യ കൂടുതൽ ഉണ്ടായിരുന്നത്, ഇന്ന് പതിനൊന്നു ജില്ലകളിൽ ആയിട്ടുണ്ട്. ഇന്ന് അസമിലെ 126 നിയമസഭാ സീറ്റുകളിൽ 51 -ലും ഫലത്തെ നിർണായകമായി സ്വാധീനിക്കുന്നത് പശ്ചിമ ബംഗാളിൽ നിന്ന് കുടിയേറിപ്പാർത്ത മുസ്ലിം ജനതയാണ്. അസം മൂവ്മെന്റിന്റെ ഭാഗമായി ഉടലെടുത്ത, പിന്നീട് ഏറെക്കാലം സംസ്ഥാനം ഭരിച്ച പാർട്ടിയായ അസം ഗണപരിഷത്ത് ഇന്ന് രാഷ്ട്രീയനിഷ്‌കാസനത്തിന്റെ വക്കിൽ എത്തിനിൽക്കുന്നത് ഈ ഒരു മാറ്റത്തിന്റെ പ്രകടമായ ലക്ഷണമാണ്.

പൗരത്വനിയമത്തിന്റെ ഭേദഗതിയോടെ ഹിന്ദു കുടിയേറ്റക്കാർക്കുകൂടി നിയമസാധുത ലഭിക്കുന്നതോടെ തങ്ങളുടെ സംസ്ഥാനം കുടിയേറ്റക്കാരുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശമായി മാറുമോ എന്നതാണ് അസമിലെ തദ്ദേശീയരുടെ പ്രധാന ഭീതി. എൻആർസി യിൽ നിന്ന് ഒഴിവാക്കപ്പെട്ട ബംഗാൾ ഹിന്ദു കുടിയേറ്റക്കാർ, പൗരത്വനിയമഭേദഗതിയുടെ പേരിൽ ആനുകൂല്യം കിട്ടി ഇന്ത്യൻ പൗരന്മാരാകാൻ ഇരിക്കുന്നവർ ഏറിവന്നാൽ അഞ്ചുലക്ഷം പേർ മാത്രമാണ് എന്നാണ് ബിജെപി പറയുന്ന ന്യായം. അത് അസമിന്റെ ഡെമോഗ്രഫിയിൽ പ്രകടമായ മാറ്റവുമുണ്ടാക്കാൻ പോന്നതല്ല എന്നതും.

ഏതിനും, അസം പോലെ ഗോത്രാഭിമാനത്തിന് കാര്യമായ സ്വാധീനം ചെലുത്താനാകുന്ന ഒരു സംസ്ഥാനത്ത് കാര്യങ്ങൾ പിടിവിട്ടുപോകാതിരിക്കാൻ ജനങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ട്, അവരെക്കൂടി ചർച്ചകളുടെ ഭാഗമാക്കിക്കൊണ്ടുള്ള ഒരു നിയമനിർമ്മാണം മാത്രമാണ് വഴി. അല്ലാതെ, കേന്ദ്രത്തിൽ നിന്ന് പ്രാദേശിക വികാരങ്ങൾക്ക് കടകവിരുദ്ധമായ ഒരു നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്, മുൻകാലങ്ങളിലേതിനേക്കാൾ രൂക്ഷമായ രക്തച്ചൊരിച്ചിലുകളിലേക്കാവും അസമിനെ നയിക്കുക. അത് ഒഴിവാക്കാൻ കേന്ദ്രത്തിനും ബിജെപിക്കും കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP