Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ആറു മണിക്കൂർ കൊണ്ട് രണ്ടായിരത്തോളം മുസ്ലിം കുടിയേറ്റക്കാരെ കൊന്നു തള്ളി ലോകത്തെ ഞെട്ടിച്ച നെല്ലി കൂട്ടക്കൊല; ബോഡോകൾ കുന്തത്തിൽ കൊരുത്തെടുത്തത് മറ്റ് ഗോത്രങ്ങളെയും; എൻ ഡി എഫ് ബി സ്വയം ഭരണത്തിനും ഉൾഫ സ്വന്തം രാഷ്ട്രത്തിനും തോക്കെടുത്തു; തീവ്രവാദ സംഘടനകൾ പരസ്പരം പോരടിച്ചും രക്തം ചിന്തി; ആദിവാസികൾപോലും തീവ്രവാദസംഘടനയുണ്ടാക്കി; അസമിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കിയത് ഈ കലാപം അവസാനിപ്പിക്കാൻ; മനുഷ്യ രക്തത്തിൽ കുളിച്ച അസം കലാപങ്ങളുടെ ചരിത്രം

ആറു മണിക്കൂർ കൊണ്ട് രണ്ടായിരത്തോളം മുസ്ലിം കുടിയേറ്റക്കാരെ കൊന്നു തള്ളി ലോകത്തെ ഞെട്ടിച്ച നെല്ലി കൂട്ടക്കൊല; ബോഡോകൾ കുന്തത്തിൽ കൊരുത്തെടുത്തത് മറ്റ് ഗോത്രങ്ങളെയും; എൻ ഡി എഫ് ബി സ്വയം ഭരണത്തിനും ഉൾഫ സ്വന്തം രാഷ്ട്രത്തിനും തോക്കെടുത്തു; തീവ്രവാദ സംഘടനകൾ പരസ്പരം പോരടിച്ചും രക്തം ചിന്തി; ആദിവാസികൾപോലും തീവ്രവാദസംഘടനയുണ്ടാക്കി; അസമിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കിയത് ഈ കലാപം അവസാനിപ്പിക്കാൻ; മനുഷ്യ രക്തത്തിൽ കുളിച്ച അസം കലാപങ്ങളുടെ ചരിത്രം

എം മാധവദാസ്

ന്യൂഡൽഹി:  'നാടൻ തോക്കുകളും, കൂർത്തകുന്തങ്ങളും, മഴുകളും, വാളുകളും, തീയിടാനുള്ള സാമഗ്രികളുമായി ഗ്രാമങ്ങൾ വളയുക. കുടിലുകൾക്ക് തീവെക്കുകയും വെടിവെപ്പും ഒന്നിച്ചാവും. ജീവനുംകൊണ്ട് ഓടുന്നവർ ആദ്യം നാടൻതോക്കിന് ഇരയാവും. അതിൽനിന്ന് കഷ്ടി രക്ഷപ്പെട്ട് പുറത്തെത്തിയാൽ അവിടെ കുന്തവും വാളുമായി കലാപകാരികൾ ഉണ്ട്. മൃഗങ്ങളെ വേട്ടയാടാനായി ദിനേനെയേന്നോണം ചുട്ട് പഴുപ്പിച്ച ഈ കുന്തംകൊണ്ട് കഴുത്തിന് കുത്തേറ്റാണ് കൂടുതൽപേരും മരിച്ചത്. ഇനി കുന്തത്തിൽനിന്നും രക്ഷപ്പെട്ടാൽ, പുറത്ത് വഴിയിൽ നിൽക്കുന്നവർ മഴുവിനും വാളിനും ഇരയാക്കും. വെറും ആറുമണിക്കൂർ കൊണ്ട് ഇങ്ങനെ മരിച്ചത് രണ്ടായിരത്തോളം പേരാണ്. സ്ത്രീകളെയും കുട്ടികളെയും പോലും അവർ വെറുതെ വിട്ടില്ല. പാടങ്ങൾക്കും തീവെച്ചു.14 കുടിയേറ്റ ഗ്രാമങ്ങൾ തുടച്ചുനീക്കി'- അസമിലെ നെല്ലിയിൽ 1983ൽ നടന്ന മുസ്ലിം കൂട്ടക്കൊലയുടെ ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിലെ ഒരു ഭാഗം ഇങ്ങനെയാണ്.

എത്ര ആസൂത്രിതമായ കൊല എന്നു നോക്കുക. ഒരു രീതിയിലും രക്ഷപ്പെടരുതെന്ന് കരുതുന്ന കുടിപ്പക. അതാണ് അസമിലെ വംശീയത. ലോകത്തിൽ ഏറ്റവും വേഗത്തിൽ നടന്ന കൂട്ടക്കൊലകളിൽ ഒന്നായി യുഎൻ കണക്കാക്കുന്ന അസമിലെ നെല്ലി കൂട്ടക്കൊലയിൽ വംശീയവാദികളുടെ കൊലക്കത്തിക്കിരയായത് ബംഗാളിൽനിന്ന് കുടിയേറിയെത്തിയ പാവപ്പെട്ട മുസ്ലീങ്ങൾ ആയിരുന്നു. നാം ഇന്ന് ഏറെ ചർച്ചചെയ്യുന്ന അസം പൗരത്വ രജിസ്റ്ററിന്റെ  മാതാവാണ് സത്യത്തിൽ ഈ കൂട്ടക്കൊല. നെല്ലി കൂട്ടക്കൊലയുടെ ആ നടുക്കം തന്നെയാണ് അസമിൽ 1985ലെ  അസം കരാറിന് രാജീവ്ഗാന്ധിയെ പ്രേരിപ്പിച്ചത്. ബോഡോകളുടെയും  അസമികളുടെയും
ആക്രമണം കടുത്തതോടെ അസമിലെ തദ്ദേശീയരായ  മുസ്ലീങ്ങളും അങ്ങേയറ്റം ഭയന്നിരുന്നു. ബംഗാളിൽനിന്നുള്ള കുടിയേറ്റക്കാർ സ്ഥലം വിട്ടോട്ടെ എന്ന നിലപാടാണ് അവരും എടുത്തത്.

പൗരത്വ ഭേദഗതിയെക്കുറിച്ചുള്ള പ്രക്ഷോഭങ്ങൾ രാജ്യമെമ്പാടും നടക്കുമ്പോൾ കേരളത്തിലടക്കം കുപ്രചാരണങ്ങളും വ്യാപകമാണ്. അസമിലെ പൗരത്വ രജിസ്റ്റർ നടപ്പാക്കിയതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്നും, മോദിയും അമിത്ഷായുമാണ് ഈ പ്രശ്‌നങ്ങൾക്ക്‌
പിന്നിലെന്നുമാണ് വ്യാപക പ്രചാരണം. സത്യത്തിൽ കുഴപ്പം ഉണ്ടാക്കാൻ ആയിരുന്നില്ല. കൂഴപ്പങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് അസമിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കിയത്. നിരന്തരമായ കലാപത്തിന്റെയും, അക്രമത്തിന്റെയും നീണ്ട ചരിത്രമുണ്ട് അതിന്.

ഓരോ ചതുരശ്ര അടി മണ്ണിനും ചോരയുടെ ഗന്ധമുള്ള നാടാണ് സത്യത്തിൽ അസം. തദ്ദേശീയർ എന്ന് പറയുന്ന അസമികളും ബംഗാളി കുടിയേറ്റക്കാരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലും, ബോഡോകളും ആദിവാസികളും തമ്മിലുള്ള പോരാട്ടവും ഇതിന്റെ എല്ലാം പുറമെ സ്വന്തം രാഷ്ട്രവും
സ്വന്തം സംസ്ഥാനവും ആവശ്യപ്പെട്ടുള്ള തീവ്രവാദ സംഘടനകളുടെ ഏറ്റുമുട്ടലുമെല്ലാം
മൂലം ഒരുകാലത്ത് ആര് ആരെ കൊല്ലുന്നുവെന്ന പിടിപോലും ഇല്ലായിരുന്നു. അസമികൾ മുസ്ലീങ്ങളെ ആക്രമിച്ചതിന്റെപേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനക്കാർക്കുനേരെ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക ആക്രണവും ഉണ്ടായി. അസമിലെ പ്രശ്നം അവിടെ ഒതുങ്ങി നിൽക്കാതെ രാജ്യത്തിന്റെ മൊത്തം തലവേദനയായി. സ്വയം ഭരണ സംസ്ഥാനം ആവശ്യപ്പെട്ട ബോഡോകളും, സ്വന്തം രാജ്യം ആവശ്യപ്പെട്ട് ഉൾഫയും തോക്കെടുത്തു. ബോഡോകളുടെ പീഡനം സഹിക്കവയ്യാതായതോടെ അസമിൽ ആദിവാസികളും തീവ്രവാദ സംഘടനയുണ്ടാക്കിയ അപൂർവങ്ങളിൽ അപൂർവതക്കും അസം സാക്ഷയായി. ഇതിന്റെയൊക്കെ അടിസ്ഥാന പ്രശ്നം വംശീയത എന്ന ഒറ്റ സാധനമായിരുന്നു.

ഈ ഗ്രൂപ്പുകളുടെയൊക്കെ അടിസ്ഥാന പ്രശ്്നം തീവ്ര വംശീയതയും മണ്ണിന്റെ മക്കൾ വാദവുമാണ്. അത്തരം സങ്കീർണ്ണമായ രാഷ്ട്രീയ പ്രശ്നങ്ങളിൽ പെട്ടാണ് ആരാണ് ഈ നാട്ടിലെ കുടിയേറ്റക്കാർ, ആരാണ് പൗരന്മാർ എന്ന് കണ്ടെത്താൻ സർക്കാർ തീരുമാനിച്ചത്. വർഷങ്ങളായി കോൺഗ്രസ് സർക്കാറുകളും അസമിലെ വിവിധ സംഘടനകളും ഒക്കെ ഈ പ്രശ്നത്തിന് ഉത്തരവാദികളാണ്. അത് മറന്നുകൊണ്ട് മോദിയും അമിതഷായുമാത്രമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം പിന്നിൽ എന്ന് പറയുന്നത്, വെറും ലഘൂകരണം മാത്രമാണ്. പക്ഷേ കേരളത്തിൽ നടക്കുന്നത് ആ രീതിയിലുള്ള പ്രചാരണം മാത്രമാണ്.

തദ്ദേശീയരായ അസാമികളും ബംഗാളി മുസ്ലിംകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ 1952 മുതൽ ആരംഭിച്ചതാണ്. എത്രപേർ ഇതുവരെ മരിച്ചുവെന്ന്‌ കണക്കില്ലെങ്കിലും ചുരുങ്ങിയത് ഒരുലക്ഷത്തോളം പേരെങ്കിലും തീർന്നിരിക്കാം എന്നാണ് അനൗദ്യോഗിക കണക്ക്. 1961 ൽ അസം സർക്കാർ നിർബന്ധിത ഭാഷ ഉപയോഗിക്കുന്നതിന് നിയമനിർമ്മാണം പാസാക്കി. തുടർന്ന് ബംഗാളി സംസാരിക്കുന്നവരുടെ സമ്മർദത്തെ തുടർന്ന് ഇത് പിന്നീട് പിൻവലിച്ചു.സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 31 മുതൽ 34 ശതമാനം വരെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൂടുതലാണെന്ന് പ്രസ്ഥാനത്തിന്റെ നേതാക്കൾ അവകാശപ്പെട്ടു. 1980 കളിൽ ബ്രഹ്മപുത്ര താഴ്‌വരയിൽ ആറുവർഷത്തെ അസം പ്രക്ഷോഭം നടന്നു. അസം ഗണപരിഷത്ത് അടക്കമുള്ള നേതാക്കൾക്ക് പിന്തുണ കലാപത്തിയുണ്ടായിരുന്നു.

നെല്ലിയിൽ ഞെട്ടി ലോകം

1983ലെ നെല്ലി കൂട്ടക്കൊലയിൽ പൊലിഞ്ഞത് 3000 - 5000 ജീവനുകളെന്നാണ് അനൗദ്യോഗിക കണക്ക്. 1800 എന്ന് ഔദ്യോഗികരേഖകൾ പറയുന്നു. എന്തായാലും ഫെബ്രുവരിയിലെ ആ കറുത്ത വെള്ളിയാഴ്‌ച്ച ആംലിഗട്ടിനും ധരംപൂലിനുമിടയിലെ കൊലോങ് നദിക്കരയിലെ താമസക്കാരെ തേടി അക്രമികളെത്തിയത് വംശീയതയുടെ വെറിപൂണ്ടു തന്നെയായിരുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലീങ്ങളായിരുന്നു അന്ന് ഇരകളായത്. കടന്നുവന്നവരെ തുരത്താൻ വേണ്ടി നടന്ന ആക്രമണമായിരുന്നു അതെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച തിവാരി കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. സർക്കാർ ആ റിപ്പോർട്ട് പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരം സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസാണ് പിന്നീടത് വെളിച്ചത്തുകൊണ്ടുവന്നത്.

കുരുതിക്കിരയായ മനുഷ്യരുടെ ശരീരങ്ങൾ പ്രദേശത്തെ കുളങ്ങളിലും തോടുകളിലും ദിവസങ്ങളോളമാണ് ഒഴുകി നടന്നിരുന്നത്. ജീർണിച്ച മൃതദേഹങ്ങളുടെ സാന്നിധ്യം മൂലം പിന്നെ കുറേക്കാലത്തോളം അവിടുള്ളവർ മത്സ്യാഹാരം കഴിച്ചിരുന്നില്ല എന്നത് ഇതിന്റെ ഭീകരത വിളിച്ചോതുന്നു. നാഗാവോൺ ജില്ലയിലെ 14 ഗ്രാമങ്ങളിളിലാണ് കുടിയേറ്റക്കാരെന്ന് സംശയിക്കപ്പെടുന്നവരെ കൊന്നുതള്ളിയത്. അലിസിങ, ഖുലപതാർ, ബസുന്ധരി, ബദ്ഗുദ ബീൽ, ബദ്ഗുദ ഹബി, ബൊർജോല, ബുട്ടുണി, ഇന്ദുർമാരി, മാടി പാർബത്, മാടി പാർബത് നമ്പർ 8, മുളധരി, സിൽഫേറ്റ, ബൊർബോറി, നെല്ലി തുടങ്ങിയ 14 ഗ്രാമങ്ങളെയാണ് തുടച്ചുനീക്കിയത്. ഈ ഗ്രാമങ്ങളിലെല്ലാം ഇപ്പോഴും കൂട്ടക്കൊലയുടെ അവശിഷ്ടങ്ങൾ കാണാം. സമീപ ഗ്രാമമായ ടിവ ട്രൈബിലും ബംഗാളി മുസ്ലിംകളെ ആക്രമിച്ചിരുന്നു. കലാപകാരികൾ ഗ്രാമങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി വളയുകയായിരുന്നു. ഇതുകാരണം ഓടിരക്ഷപ്പെടാൻ പോലും കഴിഞ്ഞില്ലെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും അവർ വെറുതെ വിട്ടില്ല. നാടൻ തോക്കുകളും തീയിടാനുള്ള സാമഗ്രികളുമെല്ലാം കൊണ്ട് പാഞ്ഞടുത്ത കലാപകാരികൾക്കു മുന്നിൽ മുസ്ലിംകൾ ഗ്രാമങ്ങൾ വിട്ട് പലായനം ചെയ്യുകയായിരുന്നു. പാടങ്ങളെല്ലാം നശിപ്പിച്ചു. വീടുകളും ഉപകരണങ്ങളും തകർത്തു. ഓടി രക്ഷപ്പെടാനാവാതെ നിരവധി സ്ത്രീകളും കുട്ടികളും മരിച്ചുവീണു.

. ആസാം ഗണ പരിഷത്ത് എന്ന സംഘടനയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ ഓൾ അസം സ്റ്റുഡന്റ്‌സ് യൂനിയൻ(എഎഎസ്യു) വിദേശ പൗരന്മാരെന്നു പറഞ്ഞ് 1979 മുതൽ പ്രചാരണം നടത്തുന്നുണ്ടായിരുന്നു. വിദേശത്തു നിന്നുള്ള കുടിയേറ്റം തടയുക, അവരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുക എന്നിവയാണ് പ്രധാന ആവശ്യം. 1983 ജനുവരിയിൽ എഎഎസ്യു നേതാക്കളായ പ്രഫുല്ല കുമാർ മഹന്ത ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ഇന്ദിരാഗാന്ധി സർക്കാർ ഫെബ്രുവരി 14, 17, 20 തിയ്യതികളിൽ അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനപ്പെട്ട രണ്ടു പത്രങ്ങളായ അസം ട്രിബ്യൂണും ദൈനിക് അസമും ഇവരെ പിന്തുണച്ചുകൊണ്ട്, തങ്ങളുടെ വാദത്തിന് അനുകൂലമായ വാർത്തകൾ ഇവർ നൽകി.

വിദേശികളെന്ന പ്രചാരണത്തോടെ അവർ പ്രധാനമായും ലക്ഷ്യമിട്ടത് ബംഗാളി മുസ്ലിംകളെയായിരുന്നു. ഇത് മനസ്സിലാക്കിയ മുസ്ലികൾ ബഹിഷ്‌കരണം തള്ളുകയും ഫെബ്രുവരി 14 നു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുകയും ചെയ്തു. വോട്ട് ചെയ്തതോടെ തങ്ങളുടെ ഇന്ത്യൻ പൗരത്വം കൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു. ഇതാണ് മനുഷ്യത്വരഹിതമായ നെല്ലി കൂട്ടക്കൊലയ്ക്കുണ്ടായ പെട്ടെന്നുണ്ടായ കാരണമായി മാധ്യമങ്ങൾ പറയുന്നത്.

2012ലെ ബോഡോ കലാപത്തിൽ കൊല്ലപ്പെട്ടത് 77പേർ

സദാ ആയുധവുമായി നടക്കുന്നവാരയിരുന്നു അസമിലെ ബോഡോകൾ. കുന്തവും കത്തിയും ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടൻ പരിശീലനം കിട്ടിയവർ. അവർ മനുഷ്യനുനേരെ തിരിഞ്ഞാൻ എന്ത് സംഭവിക്കും. 2012 ജൂലൈയിൽ ബോഡോസും, ബംഗാളി സംസാരിക്കുന്ന മുസ്ലിംകളും തമ്മിലുള്ള കലാപം പൊട്ടിപ്പുറപ്പെട്ടുപ്പോൾ അതാണ് സംഭവിച്ചത്. ആദ്യത്തെ സംഭവം 2012 ജൂലൈ 20 ന് നടന്നതായി റിപ്പോർട്ടുചെയ്തു. 2012 ഓഗസ്റ്റ് 8 ലെ കണക്കനുസരിച്ച് 77 പേർ കൊല്ലപ്പെട്ടു. 400 ഓളം ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്തു 270 ദുരിതാശ്വാസ ക്യാമ്പുകളിൽ 400,000 ആളുകൾ അഭയം തേടി. വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളുടെ പലയാനവും ഇതോടൊപ്പം ഉണ്ടായി.

നിയമവിരുദ്ധമായി നുഴഞ്ഞുകയറ്റക്കാരെ ആസാമിൽ നിന്ന് നാടുകടത്തുക എന്നതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. രാഷ്ട്രീയേതര ഗോത്ര വിഭാഗങ്ങളുടെ ഒരു കൺവെൻഷനിൽ, ബോഡോ, ദിമാസ , തിവ , ഡ്യൂറി , കാർബി , ഗാരോ , റാബ , സോനോവൽ കചാരിസ് , മറ്റ് ആദിവാസി സമൂഹങ്ങൾ എന്നിവരെ പ്രതിനിധീകരിക്കുന്ന സംഘടനകൾ ഇതിനായി ഒരു ഏകോപന സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. അനധികൃത കുടിയേറ്റം തദ്ദേശവാസികൾക്കും ഭീഷണിയാണെന്ന ശുദ്ധ മണ്ണിന്റെ മക്കൾ വാദമാണ് ഗോത്ര നേതാക്കൾ ഉയർത്തിയത്.ബ്രിട്ടീഷ് ഭരണകാലത്ത് അസമിലേക്ക് കൊണ്ടുവന്ന കിഴക്കൻ ബംഗാളി മുസ്ലീങ്ങളുടെ പിൻഗാമികളാണെന്ന് മുസ്ലിം സമൂഹം പറയുമ്പോൾ , 1971 ലെ ഇന്തോ-പാക്കിസ്ഥാൻ യുദ്ധത്തിന് മുമ്പ് മുൻ കിഴക്കൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർഥികളാണ് മുസ്ലിം ജനസംഖ്യ വർദ്ധിച്ചതെന്ന് പ്രാദേശിക സമൂഹങ്ങൾ ആരോപിക്കുന്നു. ഇതുകൊണ്ടാണ് 1971 കട്ട് ഓഫ് ഡേറ്റായി വരുന്നത്.

അസമിലെ കലാപം അവിടെ ഒതുങ്ങിനിന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലീങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനക്കാർക്കുനേരെ തിരിച്ചു. ഇന്ത്യയുടെ വിദൂര കോണുകളിൽ കലാപം വ്യാപിച്ചു. മുംബൈ, അലഹബാദ്, ലഖ്‌നൗ എന്നിവിടങ്ങളിൽ വിവിധ വിഭാഗങ്ങളിലെയും ഭാഷകളിലെയും തീവ്ര മുസ്ലിം സംഘടനകൾ കലാപം നടത്തി. എസ്എംഎസിന് വഴി ഭീഷണികൾ വ്യാപകമായതോടെ വടക്കുകിഴക്കൻ ഇന്ത്യക്കാർ ചെന്നൈ, കോയമ്പത്തൂർ, ഹൈദരാബാദ്, പൂണെ, വഡോദര, ദാമൻ എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്തു. ബാംഗ്ലൂരിൽ നിന്ന് മാത്രം മൂന്ന് ദിവസത്തിനുള്ളിൽ 29,000 പേർ പലായനം ചെയ്തു. ഇങ്ങനെപോയതിൽ 14 പേർ ട്രെയിൻ യാത്രയിൽ മരിച്ചു. അമിതമായ ചൂടും ഭക്ഷണ ദൗർലഭ്യവുമായിരുന്നു കാരണം. അതായത് അസമിലെ പ്രശ്നങ്ങൾ അവിടെ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഇത് ഇന്ത്യയൊട്ടാകെ വർധിച്ചതോടെയാണ് പൗരത്വ രജിസ്റ്റർ ഉണ്ടാക്കി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ നീക്കം നടന്നത്.

അഞ്ഞൂറോളം ഗ്രാമങ്ങൾക്ക് തീയിടുമ്പോൾ

ബോഡോസും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളും തമ്മിലുള്ള വംശീയ സംഘർഷം 2012 ജൂലൈ 20 ന് അസമിലെ കൊക്രാജറിൽ കലാപമായിമാറി. 2012 ജൂലൈ 21 ന് ജോയ്പൂരിൽ നാല് ബോഡോ യുവാക്കളെ അജ്ഞാതർ കൊലപ്പെടുത്തി. ഇത് മുസ്ലീങ്ങളുടെ പ്രത്യാക്രമണമായിരുന്നു. ഇതോടെ സംഘർഷം വീണ്ടും ശക്തമായി. കൂട്ടപലായനമാണ് മുസ്ലിം മേഖലകളിൽനിന്ന് ഉണ്ടായത്. അഞ്ഞൂറോളം ഗ്രാമങ്ങളാണ് തീകൊളുത്തി നശിപ്പിക്കപ്പെട്ടത്. സൈന്യം ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിച്ചാണ് പ്രശ്നം ഏതാണ്ട് ഒതുക്കിയത്.

ദേശീയ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡിലെ ഒരു വിഭാഗത്തിൽ പെട്ടവരാണ് വിമതരായിരുന്നു കൊള്ളയിലും കൊള്ളിവെപ്പിലും മുന്നിൽനിന്നത്. 2014 മെയ് 1 രാത്രി മുതൽ മെയ് 3 അതിരാവിലെ വരെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ ബംഗാളി മുസ്ലിംകൾക്കെതിരെ നിരവധി ആക്രമണങ്ങൾ നടന്നു. ബോഡോലാൻഡിന്റെ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ആയിരുന്നു ഈ അക്രമങ്ങൾക്ക് പിന്നിൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ ഡെമോക്രാറ്റിക് മുന്നണിക്ക് വോട്ട് ചെയ്യാത്തതിന് പ്രതികാരവും കലാപത്തിന് മൂർച്ചകൂട്ടി.

മുബൈയിൽ മുസ്ലിം മതമൗലിവാദികൾ തിരിച്ചടിക്കുന്നു

നേരത്തെ പറഞ്ഞപോലെ അസമിൽ മുസ്ലീങ്ങൾക്കുനേരെ  അതിക്രമങ്ങൾ
ഉണ്ടായതോടെ ഇന്ത്യയുടെ പലഭാഗത്തും വടക്കുകിഴക്കൻ സംസ്ഥാനക്കാർക്കുനേരെയും ആക്രമണം ഉണ്ടായി. 2012 ഓഗസ്റ്റ് 8, 9 തീയതികളിലായി പൂണെയിയിലാണ് ഇത് തുടങ്ങിയത്. പൂണെയിലെ കോന്ധ്വ , പൂന കോളേജ് പ്രദേശങ്ങളിൽ വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും മുസ്ലിം മൗലികവാർദികൾ മർദ്ദിച്ചു. ആക്രമണകാരികൾ ഇരകളോട് തങ്ങൾ ഏത് സംസ്ഥാനക്കാരാണെന്ന് ചോദിച്ചു, മണിപ്പൂരെന്ന് മറുപടി നൽകിയവർക്കായിരുന്നു മർദ്ദനമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആക്രമണകാരികൾ കോളേജ് യൂണിഫോം ധരിച്ചതായും മറ്റുള്ളവർ കാഷ്വൽ വസ്ത്രത്തിലാണെന്നും ഇരകളിലൊരാൾ പറഞ്ഞു.തുടർന്ന് ഒമ്പത് മുസ്ലിം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

2012 ഓഗസ്റ്റ് 11 ന് മുംബൈയിലെ ആസാദ് മൈതാനത്ത് ആസാമിലെ കലാപത്തിനെതിവെ നടന്ന പ്രതിഷേധവും അക്രമാസക്തമായി.റാസ അക്കാദമിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മറ്റ് രണ്ട് ഗ്രൂപ്പുകളായ സുന്നി ജാമിയത്തുൽ ഉൽമ, ജമാഅത്തെ ഇ റാസ-ഇ-മുസ്തഫ എന്നിവർ പങ്കെടുത്തു. 45 പൊലീസുകാർ ഉൾപ്പെടെ 54 പേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. ചില പ്രതിഷേധക്കാർ ആസാം അക്രമത്തിന്റെ പ്രകോപനപരമായ ഫോട്ടോകൾ പ്രദർശിപ്പിച്ചതിനെത്തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ജനക്കൂട്ടം അക്രമാസക്തരായതെന്ന് പൊലീസ് കമ്മീഷണർ അരൂപ് പട്നായിക് പറഞ്ഞു. ''ചിലർ പൊലീസിനും മാധ്യമങ്ങൾക്കും എതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. പൊലീസ് വാഹനങ്ങൾക്ക് തീയിട്ടു,'' പട്നായിക് പറഞ്ഞു. ''ഞങ്ങൾ ജനക്കൂട്ടത്തെ തടയാൻ ശ്രമിക്കുന്നതിനിടെ, പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.'' ആസാദ് മൈതാനത്തിന് പുറത്തുള്ള കലാപ സാഹചര്യം ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് സംശയിക്കുന്നു.

പ്രതിഷേധക്കാർക്ക് വാഹനങ്ങൾ കത്തിക്കാൻ സൗകര്യങ്ങൾ ലഭിച്ചത് അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തിരിക്കാമെന്ന് പൊലീസിന് തോന്നിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. 45 പൊലീസുകാരിൽ എട്ട് പേർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ''കുറഞ്ഞത് അഞ്ച് വനിതാ പൊലീസ് കോൺസ്റ്റബിൾമാരെങ്കിലും ജനക്കൂട്ടം ഉപദ്രവിച്ചു'' എന്ന് പൊലീസ് പറഞ്ഞു. കലാപകാരികളിൽ ചിലർ പൊലീസിന്റെ തോക്ക് മോഷ്ടിക്കുകയും ആകാശത്തേക്ക് വെടിവെക്കുയും ചെയ്യുന്നു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ദക്ഷിണ മുംബൈയിലെ രക്തസാക്ഷി സൈനികർക്കായുള്ള അമർ ജവാൻ ജ്യോതി സ്മാരകം കലാപകാരികൾ തകർത്തായും റിപ്പോർട്ടുണ്ടായിന്നു. കലാപം കൂടുതൽ ഭാഗത്തേക്ക് പടരാഞ്ഞതും മെൈുബ കത്തിയെരിയാഞ്ഞതും ഭാഗ്യം കൊണ്ടാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നോക്കുക. അസമിലെ വംശീയ പ്രശനം അസമിന്റെത് മാത്രമാവുന്നില്ല. അത് ഇന്ത്യുടെ മൊത്തം തലവേദയായി.

പ്രത്യാക്രമണം യുപിയിലേക്കും

തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പ്രത്യാക്രമണ കലാപം യുപിയിലേക്കും പടർന്നു. 2012 ഓഗസ്റ്റ് 17 ന് ലഖ്‌നൗ , കാൺപൂർ , അലഹബാദ് തുടങ്ങി നിരവധി നഗരങ്ങളിൽ മുസ്ലിം ജനക്കൂട്ടം വലിയ തോതിൽ അക്രമങ്ങൾ നടത്തി. ലഖ്‌നൗവിൽ, വെള്ളിയാഴ്ച നമക്കാരത്തിനശേഷം, 500 പേരുടെ ഒരു സംഘം നഗരത്തിന്റെ വിവിധ സ്ഥലങ്ങൾ നശിപ്പിച്ചു,. ബുദ്ധ പാർക്ക്, ഹാതി പാർക്ക്, ഷഹീദ് സ്മാരക്, പരിവർത്തൻ ചൗക്ക് എന്നിവടങ്ങളിലെല്ലാം അക്രമം നടത്തി. കലാപകാരികൾ നിരവധി ബുദ്ധ പ്രതിമകൾ നശിപ്പിച്ചു.

2012 ഓഗസ്റ്റിൽ, വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള 30,000 പേർ ആക്രമണത്തെത്തുടർന്ന് ബാംഗ്ലൂരിൽ നിന്ന് പലായനം ചെയ്തിരുന്നു.  ബാംഗ്ലൂർ നിവാസിയായ നാഗാലാൻഡിൽ നിന്നുള്ള ഷിയേട്ടോയെ റമദാനിന് മുമ്പ് നഗരം വിട്ടുപോയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഒരു കൂട്ടം ആളുകൾ ആക്രമിച്ചു. ഇതോടെ വടക്കുകിഴക്കൻകാരുടെ പലായനവും തുടങ്ങി.
പൂണെ, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളും വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ളവരുടെ പലായനത്തിന് സാക്ഷ്യം വഹിച്ചു. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ, വടക്കുകിഴക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരെ ലക്ഷ്യമിടുമെന്ന അഭ്യൂഹങ്ങൾ, പ്രത്യേകിച്ച് റമദാന് ശേഷം, പ്രചരിക്കാൻ തുടങ്ങി.അഭ്യൂഹങ്ങളും ഭീഷണികളും ശമിപ്പിക്കാൻ കൂട്ട എസ്എംഎസും എംഎംഎസും കേന്ദ്രആഭ്യന്തര മന്ത്രാലയം 15 ദിവസത്തേക്ക് നിരോധിച്ചു. ആളുകളുടെ തിരക്ക് നേരിടാൻ റെയിൽവേ രണ്ട് പ്രത്യേക ട്രെയിനുകൾ അവതരിപ്പിച്ചു.

വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ളവർക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്നതിനായി രാജ്യമെങ്ങോളും  വാർത്തകൾ പ്രചരിപ്പിക്കൽ ഉണ്ടായി. ബാഗ്ഗൂരിലും ,കോയമ്പത്തൂരിലും ഇതു സംബന്ധിച്ച ചിലർ അറസ്റ്റിലായി..പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ , ഹർക്കത്ത്-ഉൽ-ജിഹാദ് അൽ ഇസ്ലാമി , മനിത നീതി പസാരായി, കർണാടക ഫോറം ഫോർ ഡിഗ്നിറ്റി തുടങ്ങിയ ഇസ്ലാമിക ഗ്രൂപ്പുകളിലേക്കുള്ള വിദ്വേഷ സന്ദേശങ്ങളുടെ ഉറവിടം പൊലീസ് കണ്ടെത്തി. മാസങ്ങൾക്കുശേഷമാണ് ഈ ഭീതി ഒഴിഞ്ഞത്. ഇങ്ങനെയുള്ള സങ്കീർണ്ണ സാഹചര്യത്തിൽ സർക്കാറിന് തലവേദന സൃഷ്ടിച്ച വിവിധ തീവ്രവാദ ഗ്രൂപ്പുകളും എത്തി.

ആദിവാസികൾക്കും തീവ്രവാദ സംഘടന

മുസ്ലീങ്ങളും അസമികളും തമ്മിലുള്ള പ്രശനം ഒരുഭാഗത്ത് നടക്കുന്നതിനിടെ അസമിൽ സ്വതന്ത്രരാഷ്ട്ര വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഗ്രൂപ്പുകളും ഭരണ-രാഷട്രീയ നേതൃത്വങ്ങൾക്ക് തലവേദനയായി. എൻഡിഎഫ്ബി എന്ന നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് കലക്കവെള്ളതിൽ മീൻപിടിക്കാനെന്നപോലെ ബോഡോ ജനതയ്ക്ക് ഒരു പരമാധികാര നാട് എന്ന ആവശ്യം ഉന്നയിച്ച് സായുധ പോരാട്ടത്തിന് ഒരുങ്ങി.

ഇതിന്റെ ഉത്ഭവം ബോഡോ സെക്യൂരിറ്റി ഫോഴ്‌സ്  എന്ന സംഘടന
1986 ൽ രൂപീകരിച്ചതോടെയാണ്. ഇന്ത്യാ സർക്കാരും എബിഎസ്യു-ബിപിഎസിയും തമ്മിൽ ഒപ്പുവച്ച ബോഡോ കരാർ ഗ്രൂപ്പ് നിരസിച്ചതിനെത്തുടർന്ന് 1994 ൽ നിലവിലെ പേര് സ്വീകരിച്ചു. ഇവർ ബോഡോ ഇതര സിവിലിയന്മാരെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് സംഘം അസമിൽ നിരവധി ആക്രമണങ്ങൾ നടത്തി വിറപ്പിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് തേയിലത്തൊഴിലാളികളായി പൂർവ്വികരെ അസമിലേക്ക് കൊണ്ടുവന്ന സന്താൽ , മുണ്ട , ഒറാവോൺ ആദിവാസികളെ ഇവർ ശക്തമായി എതിർക്കുന്നുണ്ട്. നോക്കണം അസമിലെ രാഷ്ട്രീയ കലാവസ്ഥ. അസമി- മുസ്ലിം പോര് പോരാഞ്ഞിട്ട് ഗോത്രങ്ങൾ തമ്മിൽ പോരടിക്കുന്നു. ആദിവാസികൾ ആദിവാസികളെ കൊല്ലുന്നു!

അവസാനം ആദിവാസികൾക്കായി ഒരു തീവ്രവാദ സംഘടനയുണ്ടാക്കിയ അപൂർവതയും
അസമിന് സ്വന്തം. 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ബോഡോ-ആദിവാസി വംശീയ ഏറ്റുമുട്ടലിനിടെ നിരവധി ആദിവാസികൾ മരിച്ചത്, ആദിവാസി കോബ്ര ഫോഴ്‌സ് എന്ന തീവ്രവാദ ഗ്രൂപ്പിന്റെ രൂപീകരണത്തിന് കാരണമായി. 1996 ന് ശേഷം ബോഡോ ലിബറേഷൻ ടൈഗേഴ്‌സ് ഫോഴ്‌സുമായും എൻഡിഎഫ്ബി ഏറ്റുമുട്ടി. 2000 മുതൽ എൻഡിഎഫ്ബി ബംഗ്ലാദേശ് കുടിയേറ്റക്കാരെ കൂടുതലായി ലക്ഷ്യമിടുകയാണ്.

1990 കളിൽ എൻഡിഎഫ്ബി ഭൂട്ടാൻ- അസം അതിർത്തിയിൽ 12 ക്യാമ്പുകൾ സ്ഥാപിച്ചു. പക്ഷേ റോയൽ ഭൂട്ടാൻ ആർമിയുടെ ഏറ്റുമുട്ടലിൽ വലിയ തിരിച്ചടികൾ നേരിട്ടു. അതിനു ശഷം എൻഡിഎഫ്ബി 2005 മെയ് മാസത്തിൽ ഇന്ത്യൻ അധികാരികളുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടു. ഈ ഗോത്ര തീവ്രവാദ സംഘടനകളിൽ ഉണ്ടായ പിളർപ്പായിരുന്നു ഏറ്റവും ഭീകരം. പിളരുന്ന തീവ്രവാദ സംഘടനകളും എതിരാളികളെ കൊന്നൊടുക്കി. അവസാനം ആര് ആരെ കൊല്ലുന്നുവെന്ന ഒരു രൂപവും ഇല്ലാതായി മാറി.

അസമിൽ സ്വന്തം രാഷ്ട്രം ആവശ്യപ്പെട്ട് ഉൾഫയും

നിലവിലുള്ള അസമീസ് വിഘടനവാദ സംഘടകളൊക്കെ അസമിനകത്ത് പ്രത്യേക പദവിയുള്ള സംസ്ഥാനമാണ് ആവശ്യപ്പെട്ടിരുന്നെങ്കിൽ, അസമിന് സ്വന്തം രാഷ്ട്ര പദവി ആവശ്യപ്പെട്ടുകൊണ്ടാണ്
യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം( ഉൽഫ ) എത്തുന്നത്. സായുധ പോരാട്ടത്തോടെ അസമിൽ ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കയാണ് ഉൾഫയുടെ ലക്ഷ്യം. 90കളിലാണ് സൈന്യത്തെ ആക്രമിച്ചുകൊണ്ട് ഉൾഫയെത്തുന്നത്. വൈകാതെതന്നെ ഈ സംഘടന നിരോധിക്കപ്പെടുകയും ചെയ്തു. അതോടൊപ്പം, സർക്കാർ ഇതിനെതിരെ സൈനിക ആക്രമണങ്ങൾ ആരംഭിച്ചു. ഓപ്പറേഷൻ ബജ്‌റംഗ് 1990 , ഓപ്പറേഷൻ റിനോ സെപ്റ്റംബർ 1991 , ഓപ്പറേഷൻ ഓൾ ക്ലിയർ ഡിസംബർ 2003 തുടങ്ങിയവ്. ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ റിനോ 2 ഇപ്പോഴും  പ്രവർത്തനങ്ങൾ തുടരുന്നു.

1979 ഏപ്രിൽ 7 ന്സ്ഥാപിക്കപ്പെട്ട ഉൾഫ പക്ഷേ പരസ്യമായ തീവ്രാവാദത്തിലേക്ക് തിരിയുന്നത് 1990ലാണ്. നിരവധി ബംഗാളികളെ തിരിഞ്ഞുപിടിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു ഉൾഫയുടെ മറ്റൊരു രീതി. 2009 ഡിസംബറിൽ ഉൽഫയുടെ ചെയർമാനും ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫും ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തു. ഇതോടെ 2010 ജനുവരിയിൽ ഉൽഫ നിലപാട് മയപ്പെടുത്തി. ഇത് ഉൽഫ നേതാക്കളെ ചർച്ചയ്ക്ക് കൊണ്ടുവരുന്നതിൽ ഇന്ത്യൻ സർക്കാരിനെ വളരെയധികം സഹായിച്ചു. ഇപ്പോളും ഉൾഫയുണ്ടെങ്കിലും പഴയ ശൗര്യം അവർക്കില്ല എന്നതാണ് വാസ്തവം. പക്ഷേ പൗരത്വ നിയമത്തിൽെ പ്രതിഷേധിച്ച് ഉൾഫ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇങ്ങോട്ട് ഒരു കുടിയേറ്റക്കാരനും വേണ്ട എന്നും പൗരത്വ രജിസ്റ്ററിൽനിന്ന്
പുറത്തായ 13ലക്ഷം ഹിന്ദുക്കളെ രാജ്യ പൗരന്മാർ ആക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത് എന്നുമാണ് ഉൾഫയുടെ ആരോപണം.

ഈ ഗ്രൂപ്പുകളുടെയൊക്കെ അടിസ്ഥാന പ്രശ്‌നം തീവ്ര വംശീയതയും മണ്ണിന്റെ മക്കൾ വാദവുമാണ്. അത്തരം സങ്കീർണ്ണമായ രാഷ്ട്രീയ പ്രശ്നങ്ങളിൽ പെട്ടാണ് ആരാണ് ഈ നാട്ടിലെ കുടിയേറ്റക്കാർ, ആരാണ് പൗരന്മാർ എന്ന് കണ്ടെത്താൻ സർക്കാർ തീരുമാനിച്ചത്. പ്രശ്‌നം അത്ര സങ്കീർണ്ണമാണെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP