Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുഖ്യമന്ത്രി കെ കരുണാകരൻ സ്വിച്ച് ഓൺ ചെയ്ത ചാനലിൽ ആദ്യ വിമർശനം അദ്ദേഹത്തിന് തന്നെ; രണ്ടുവർഷത്തിനുശേഷം ന്യൂസ് ബുള്ളറ്റിൻ തുടങ്ങിയപ്പോളും ഇടതുപക്ഷ സ്വഭാവം തുടർന്നു; രാജ്യത്തെ ആദ്യ ലൈവ് വായിച്ചത് ഫിലിപ്പിൻസിലെ ലുസോൺ ദ്വീപിലെ സുബിക് ബേയിൽനിന്ന്; ദൂരദർശന്റെ പിആർ വാർത്തകളിൽനിന്ന് കേരളത്തെ മോചിപ്പിച്ച ചാനൽ; വേറിട്ട ശബ്ദമായി എഷ്യനെറ്റ് ന്യൂസ് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ

മുഖ്യമന്ത്രി കെ കരുണാകരൻ  സ്വിച്ച് ഓൺ ചെയ്ത ചാനലിൽ ആദ്യ വിമർശനം അദ്ദേഹത്തിന് തന്നെ; രണ്ടുവർഷത്തിനുശേഷം ന്യൂസ് ബുള്ളറ്റിൻ തുടങ്ങിയപ്പോളും ഇടതുപക്ഷ സ്വഭാവം തുടർന്നു; രാജ്യത്തെ ആദ്യ ലൈവ് വായിച്ചത് ഫിലിപ്പിൻസിലെ ലുസോൺ ദ്വീപിലെ സുബിക് ബേയിൽനിന്ന്; ദൂരദർശന്റെ പിആർ വാർത്തകളിൽനിന്ന് കേരളത്തെ മോചിപ്പിച്ച ചാനൽ; വേറിട്ട ശബ്ദമായി എഷ്യനെറ്റ് ന്യൂസ് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ

എം മാധവദാസ്

തിരുവനന്തപുരം: 'രുകാവട്ട് കെ ലിയെ ഖേദ് ഹെ' 80 കളിലെയും 90കളുടെയും ദൂരദർശനൻ കാലത്ത് നാം ഏറ്റവും കൂടുതൽ വായിച്ച ഹിന്ദി വാക്കാണിത്. തടസ്സം നേരിട്ടതിൽ ഖേദിക്കുന്നുവെന്ന്. ഒരു കാക്കക്കാൽ തട്ടിയാൽപോലും സ്‌ക്രീനിൽ കളർ ചേർത്ത സീബ്രാവരകൾ പ്രത്യക്ഷപ്പെടുന്ന തടസ്സക്കാലം. വാർത്ത കേൾക്കാൻ ആകെയുള്ളത് ദൂരദർശൻ. ഒരു പാലം തകർന്ന് നൂറുപേർ മരിച്ചാൽപോലും നിർവികാരമായി വാർത്തവായിക്കുന്ന പരിചയ സമ്പന്നരായ ന്യൂസ് റീഡർമാർ. ഇന്നത്തെപോലെ ചർച്ചകളില്ല, ബഹളമില്ല. ശാന്തം സുന്ദരം. സർക്കാറിനെയും ഭരണകൂടത്തെയും വിമർശിച്ച് ഒരു ബൈറ്റുപോലും വരില്ല. മാത്രല്ല ഭരണകക്ഷിയുടെ തള്ളുകളും ഒരുപാട് പ്രേക്ഷകർ സഹിക്കേണ്ടിയുവന്നു.

ഒരുകാലത്ത് ദൂരദർശനൻ തുറന്നാൽ കേന്ദ്ര വാർത്ത വിതരണ സഹമന്ത്രിയായിരുന്ന, കോൺഗ്രസ് നേതാവ് എസ് കൃഷ്‌കുമാറിന്റെ മുഖമായിരുന്നു തെളിഞ്ഞിരുന്നത്. ഒരു തെരഞ്ഞെടുപ്പ് കാലത്ത് കൃഷ്ണകുമാർ ദൂരദർശനിലൂടെ വോട്ട് ചെയ്യുന്നതായിരുന്നു മാതൃഭൂമിയിൽ വന്ന ഒരു കാർട്ടൂൺ. അതായത് മീഡിയ എന്നത് വെറും സർക്കാർ പി ആർ ഏജൻസിയായി മാറ്റി നിൽക്കുന്ന ഒരു കാലത്താണ് ഏഷ്യാനെറ്റ് എന്ന വേറിട്ടൊരു ചാനൽ വരുന്നത്. അത് മലയാള ടെലിവിഷൻ ജേർണലിസത്തെതന്നെ മാറ്റിമറച്ചുകളഞ്ഞു. 1993 ൽ ജന്മം കൊണ്ട, മലയാളത്തിലെ ആദ്യത്തെ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് ആദ്യ വാർത്ത ബുള്ളറ്റിൽ സംപ്രേഷണം 1995 സെപ്റ്റംബർ 30നു വൈകീട്ട് ഏഴര മണിക്കായിരുന്നു. അതായത് സംഭവ ബഹുലമായ ചരിത്രത്തിലൂടെ ഏഷ്യനെറ്റ് ന്യൂസ് കാൽനൂറ്റാണ്ട് പിന്നിടുകയാണ്.

ഇപ്പോഴും മലയാളത്തിലെ ഏറ്റവും വിശ്വസനീയമായ ചാനൽ എതാണെന്ന് ചോദിച്ചാൽ ഏഷ്യാനെറ്റ് എന്നു തന്നെയാവും മറുപടി. ഇതുവരെ ചാനൽ റേറ്റിങ്ങിലും നമ്പർ വൺ ഇവർ തന്നെ. എഷ്യാനെറ്റ് ന്യുസിനോടുള്ള വിവിധ പാർട്ടികളുടെ നിലപാടിൽനിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്. കമ്യൂണിസ്റ്റുകാർ പരിവാർ ചാനൽ എന്നും, പരിവാറുകാരും കോൺഗ്രസുകാരും കമ്യൂണിസ്റ്റ് ആശയക്കാരുടെ ചാനൽ എന്നും, പരസ്പരം പറയുമ്പോൾ തന്നെ ചാനലിന്റെ രാഷ്ട്രീയ നിഷ്പക്ഷത വ്യക്തമാണ്. ഇപ്പോൾ സിപിഎമ്മിന്റെ ബഹിഷ്‌ക്കരണ ഭീഷണിക്കിടയിലും ചാനലിന്റെ റേറ്റിങ്ങ് കൂടുന്നതും ചാനൽ നിഷ്പക്ഷമാണെന്ന് പ്രേക്ഷകർക്ക് ബോധ്യമുള്ളതുകൊണ്ട് തന്നെയാണ്.

അഭയകേസിലും, ഫ്രാങ്കോ മുളയ്ക്കൻ കേസിലും ക്രിസ്ത്യൻ മൗലികാവാദികളും, ജോസഫ് മാഷിന്റെ കൈവെട്ട് കേസിൽ ഇടപെട്ടതുകൊണ്ട് ഇസ്ലാമിക മതമൗലികവാദികളും, ആൾദൈവങ്ങളെ തൊട്ടപ്പോൾ ഹിന്ദുത്വവാദികളും ഏഷ്യാനെറ്റിനെതിരെ പലതവണ തിരിഞ്ഞിട്ടുണ്ട്. നമ്പി നാരായണന്റെയും അബ്ുദുൽ നാസർ മദനിയുടെയും മനുഷ്യവകാശങ്ങൾക്കുവേണ്ടി പോരാടിയതും ഇതേ ന്യൂസ് ചാനൽ തന്നെയായിരുന്നു. വിനു വി ജോണിന്റെയും, സിന്ധു സൂര്യകുമാറിന്റെയും, ജിമ്മി ജെയിംസിന്റെയും, നാക്കിന്റെ ചൂട് പലപ്പോഴും രാഷ്ട്രീയക്കാരും 'ചർച്ചാ തൊഴിലാളികളും' അറിഞ്ഞു. തങ്ങൾക്ക് പറയാനുള്ളത് വളച്ചൊടിച്ച് പറഞ്ഞ് ഗോളടിക്കുന്ന ചർച്ചാ വീരന്മാരെ ഇവർ പൊളിച്ചടുക്കി. 'ഏഷ്യാനെറ്റ് ചർച്ചക്കൾക്ക് മുമ്പുള്ള ദൂരദർശൻ കാലത്തൊക്കെ ഏതുതരം മാധ്യമ പ്രവർത്തനമാണ് നടന്നതെന്ന് നാം ഓർക്കണം. മലയാളികൾക്ക് ഒരു പുതിയ ദൃശ്യ സംസ്‌ക്കാരം മാത്രമല്ല, ജേർണലിസം സംസ്‌ക്കാരവും കൂടി കൊണ്ടുവന്നത് ഏഷ്യാനെറ്റ് ആണ്'- ആദ്യകാലത്ത് ഏഷ്യാനെറ്റ് സഹകരിച്ച് പ്രവർത്തിച്ചിരുന്ന എഴുത്തുകാരൻ സക്കറിയ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.

പക്ഷേ നിലപാടുകളിൽ കടുകിടെ വീഴ്ചയില്ലാതെ നേരോടെ നിർഭയം നിരന്തരം അവർ മുന്നേറുകയാണ്. ഏഷ്യാനെറ്റ് എഡിറ്റർ എം ജി രാധാകൃഷ്ണൻ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.' എന്നും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും രാഷ്ട്രീയ നിഷപക്ഷത പുലർത്തുവാനുമാണ് ഏഷ്യാനെറ്റ് ശ്രമിച്ചിരുന്നത്. ഈ ചാപ്പയടികൾ ഒന്നും ജനങ്ങൾ വിശ്വസിക്കുന്നില്ല. മാധ്യമ പ്രവർത്തനം എന്ന സമൂഹത്തിന്റെ നാലാം തൂൺ ശരിക്കും പ്രതിപക്ഷ ധർമ്മമാണ് നിർവഹിക്കേണ്ടത്. എക്കാലവും അടിച്ചമർത്തപ്പെട്ടവർക്കം പാർശ്വവത്കൃതർക്ക് ഒപ്പവും നിൽക്കുന്ന ആ രീതി ഞങ്ങൾ തുടരും'- എം ജി രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.

ആദ്യത്തെ ലൈവ് സംപ്രേഷണം ഇന്ത്യക്ക് പുറത്തുനിന്ന്

ഒരുകണക്കിന് നോക്കിയാൽ സാമ്പത്തിക ഉദാരീകരണത്തിന്റെ ഉപോൽപ്പന്നമാണ് ഏഷ്യാനെറ്റ്. 1990-കളുടെ തുടക്കത്തിൽ സർക്കാർ കൈക്കൊണ്ട ആഗോളീകരണ - സ്വകാര്യവത്കരണ നയങ്ങൾ മാധ്യമരംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കി. വിദേശ ചാനലുകൾ ഇന്ത്യയിൽ സംപ്രേഷണം തുടങ്ങി. തദ്ദേശീയമായ സ്വകാര്യചാനലുകളും പ്രവർത്തനമാരംഭിച്ചു. 1991-ൽ നടന്ന ഗൾഫ് യുദ്ധത്തെതുടർന്ന് വിദേശ ഉപഗ്രഹചാനലുകളും തദ്ദേശീയ ഉപഗ്രഹചാനലുകളും ഇന്ത്യയിൽ പ്രചാരംനേടി. ബി.ബി.സി. (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ) സി.എൻ.എൻ.(കേബിൾ ന്യൂസ് നെറ്റ്‌വർക്ക്), എൻ.ബി.സി. (നാഷണൽ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ), ഡിസ്‌കവറി, നാഷണൽ ജ്യോഗ്രഫിക്, എം ടി.വി. (മ്യൂസിക്കൽ ടെലിവിഷൻ), ഇ.എസ്‌പി.എൻ (എന്റർടെയിന്മെന്റ് ആൻഡ് സ്‌പോർട്സ് പ്രോഗ്രാമിങ് നെറ്റ്‌വർക്ക്), ടി.എൻ.ടി. (ടേർണർ നെറ്റ്‌വർക്ക് ടെലിവിഷൻ), സ്റ്റാർ (സാറ്റലൈറ്റ് ടെലിവിഷൻ ഏഷ്യാ റീജിയൻ) എ.എക്‌സ്.എൻ(ആക്ഷൻ ടി.വി.) തുടങ്ങിയ വിദേശചാനലുകൾ ഇന്ത്യയിൽ ലഭ്യമായി.

ഇന്ത്യയിൽ ആദ്യമായി മിനിസ്‌ക്രീനിലെത്തിയ തദ്ദേശീയ സ്വകാര്യ ടെലിവിഷൻ ചാനൽ സീടിവിയാണ് ഹിന്ദിയിലുള്ള ഈ ചാനൽ 1992 ഒക്ടോബർ രണ്ടിനാണ് സംപ്രേഷണം ആരംഭിച്ചത്. ഇതിന്റെ ആസ്ഥാനം ബോംബെയിലാണ്. മലയാളത്തിൽ ആദ്യത്തെ ഉപഗ്രഹചാനലും സ്വകാര്യചാനലുമായ ഏഷ്യാനെറ്റ് 1993 ലാണ് പ്രവർത്തിച്ചുതുടങ്ങിയത്. ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻ ലിമിറ്റഡിന്റെ സ്ഥാപക ചെയർമാൻ പ്രശസ്ത പത്രപ്രവർത്തകനായ ശശികുമാർ ആയിരുന്നു.

തിരുവനന്തപുരത്ത് വട്ടിയൂർക്കാവിനടുത്ത് പുളിയറക്കോണത്തിനടുത്താണ് ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോ പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിൽ ആദ്യത്തെ കേബിൾ കമ്പനിയായ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ലിമിറ്റഡ് സ്ഥാപിച്ചത് ഏഷ്യാനെറ്റാണ്. ഇതിന്റെ പ്രഥമ ചെയർമാൻ പ്രശസ്ത കവിയും ഗാനരചയിതാവുമായ പി. ഭാസ്‌കരനായിരുന്നു.

1995 സെപ്റ്റംബർ 30 ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ നിർണ്ണായകമായി ഒരു ദിവസമായിരുന്നു. അന്ന് വൈകീട്ട് ഏഴര മണിക്കായിരുന്നു ഇന്ത്യയിൽ ആദ്യമായി ലൈവായി ഒരു വാർത്ത സംപ്രേഷണം ചെയ്യുന്നത്. അത് ഏഷ്യാനെറ്റിലൂടെ ആയിരുന്നു. ഫിലിപ്പിൻസിലെ ലുസോൺ ദ്വീപിലെ സുബിക് ബേയിൽ നിന്നായിരുന്നു ആദ്യത്തെ ലൈവ് മലയാള വാർത്താ സംപ്രേഷണം എന്നത് ശ്രദ്ധേയമാണ്. സ്വകാര്യ ചാനലുകൾക്ക് ഇന്ത്യയിൽ ഉപഗ്രഹവുമായി അപ്ലിങ്കിങ് സൗകര്യം ഇല്ലാതിരുന്നതിനാലായിരുന്നു അത്. തുടർന്ന് സിംഗപ്പൂരിൽ നിന്നായി ഏഷ്യാനെറ്റ് ന്യുസ് സംപ്രേഷണം. 1999ൽ ഇന്ത്യയിൽ അപ്ലിങ്കിങ് അനുവദിച്ചതോടെ ആദ്യം തമിഴ്‌നാട്ടിലെ കൊരട്ടൂരിൽ നിന്നും ആയി അപ്ലിങ്കിങ്. അധികം വൈകാതെ തിരുവനന്തപുരത്ത് എത്തി.

എം ജി രാധാകൃഷ്ണൻ ഇങ്ങനെ എഴുതുന്നു 'ആരംഭം മുതൽ ഏഷ്യാനെറ്റ് ന്യൂസ് ചില മൂല്യപ്രമാണങ്ങൾ ഉയർത്തിപ്പിടിച്ചു. സത്യസന്ധത, നിഷ്പക്ഷത, വിശ്വാസ്യത എന്നിവയ്‌ക്കൊപ്പം മതനിരപേക്ഷത, മനുഷ്യാവകാശം, ലിംഗസമത്വം, പരിസ്ഥിതിസംരക്ഷണം, ദുർബലരോടുള്ള ആഭിമുഖ്യം എന്നിവയിലൊക്കെ ഏഷ്യാനെറ്റ് ന്യൂസ് വിട്ടുവീഴ്ച ഇല്ലാതെ ഉറച്ചുനിന്നു. അതിനുള്ള അംഗീകാരമാണ് ഈ കാൽ നൂറ്റാണ്ട് കാലവും ഈ ചാനലിന് ജനത തുടർച്ചയായി നൽകുന്ന സമ്മതി. സാധാരണക്കാർക്ക് വേണ്ടി രാഷ്ട്രീയത്തിലെയും മതത്തിലെയും വിപണിയിലെയും അധികാരികളോട് നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുക എന്നതാണ് മാധ്യമപ്രവർത്തനത്തിന്റെ പ്രാഥമികമായ കടമ എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉറച്ചുവിശ്വസിക്കുന്നു. രാഷ്ട്രീയ-മതഭേദമില്ലാതെ അധികാരി വർഗ്ഗം ഞങ്ങൾക്ക് നേരെ ഉയർത്താറുള്ള ആക്ഷേപങ്ങൾ ഞങ്ങൾ അംഗീകാരമായും അഭിമാനമായും ഏറ്റുവാങ്ങുന്നത് മറ്റൊന്നും കൊണ്ടല്ല. കവി പാടിയതുപോലെ സാധാരണക്കാർക്ക് വേണ്ടി 'സൗവർണ പ്രതിപക്ഷമാകുക' ആണ് ഞങ്ങൾ ഏറ്റെടുത്ത പവിത്രദൗത്യം. '- അദ്ദേഹം വ്യക്തമാക്കുന്നു.

1993 ൽ ജന്മം കൊണ്ട, മലയാളത്തിലെ ആദ്യത്തെ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിന്റെ വാർത്താവിഭാഗം 2003ൽ 24 മണിക്കൂർ സംപ്രേഷണം ചെയ്യുന്ന സമ്പൂർണ വാർത്താ ചാനലായി. 2009ൽ ഏഷ്യാനെറ്റ് ന്യൂസ് സ്വതന്ത്ര ചാനലായി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ വന്നു. ഇന്ന് ദൃശ്യമാധ്യമരംഗത്ത് മാത്രമല്ല, വിവിധ ഭാഷകളിലെ ഡിജിറ്റൽ രംഗത്തും ശക്തമായ സാന്നിദ്ധ്യമായി ഏഷ്യാനെറ്റ് ന്യൂസ് എന്ന പേര് സുപരിചിതമായിക്കഴിഞ്ഞിരിക്കുന്നു. കന്നഡ ഭാഷയിലെ പ്രമുഖ ചാനലായ സുവർണ ന്യൂസ്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി ഡിജിറ്റൽ പോർട്ടലുകളായ ഏഷ്യാനെറ്റ് ന്യൂസ്.കോം, ഇംഗ്ലീഷിൽ ന്യൂസെബിൾ, മൈ നേഷൻ.കോം, കർണാടകത്തിലും ഗോവയിലും പ്രവർത്തിക്കുന്ന ഇൻഡിഗോ റേഡിയോ എന്നിവയൊക്കെ ഏഷ്യാനെറ്റ് ന്യൂസ് കുടുംബാംഗങ്ങളാണ്.

തുടക്കം ഇടതുപക്ഷ സ്വഭാവമുള്ള ചാനലായി

ശശികുമാറിന്റെ നേതൃത്വത്തിൽ സക്കാറിയയും ബിആർപി ഭാസ്‌ക്കറും അടങ്ങുന്ന ടീമിന്റെ കീഴിൽ ഒരു ഇടതുപക്ഷ സ്വാഭാവമുള്ള ചാനലായിട്ടാണ് ഏഷ്യാനെറ്റ് തുടങ്ങുന്നത്. എന്നാൽ കേരളത്തിൽ അന്നുണ്ടായിരുന്നു മനോരമ അടക്കമുള്ള പത്രങ്ങൾ തീർത്തും വലതുപക്ഷ സ്വഭാവം പുലർത്തുന്നതായിരുന്നു. മാധ്യമ നിരീക്ഷകനനും എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമൊക്കെയായിരുന്നു അന്തരിച്ച വി സി ഹാരിസ് ഒരിക്കൽ എഴുതിയത് ഇങ്ങനെയായിരുന്നു. ' ഒരു വ്യവസായത്തിലേക്ക് ആദ്യം കാലെടുത്തു കുത്തുന്നവർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് വളരെ നിർണ്ണായമാണ്. അതാണ് ഇൻഡസ്ട്രയിൽ ലീഡ് ചെയ്യുക. ഉദാഹരണമായി ഏഷ്യാനെറ്റിന് പകരം മനോരമയോ , മാതൃഭൂമിയോ ആണ് ചാനൽ വാർത്താ മേഖലയിലേക്ക് ആദ്യം ഇറങ്ങിയതെങ്കിൽ ഇന്നുള്ള സ്വഭാവം ആയിരിക്കില്ല നമ്മുടെ ദൃശ്യമാധ്യമങ്ങൾക്ക് ഉണ്ടാവുക. മനോരമ പത്രവും മനോരമ ന്യൂസും രണ്ട് വ്യത്യസ്തമായ എഡിറ്റോറിയൽ നയം പിന്തുടരുന്നത് നോക്കുക. ആദിവാസികൾ, ദലിതർ, മനുഷ്യാവകാശപ്രവർത്തകർ, ന്യൂനപക്ഷങ്ങൾ, പാർശ്വവത്കൃതർ എന്നിവരൊയൊന്നും ദൂരദർശനോ അന്നത്തെ പത്ര മുത്തശ്ശിമാരോ ഗൗനിച്ചിരുന്നില്ല'.

ടി എൻ ഗോപകുമാറിന്റെ കണ്ണാടി എന്ന ഒരു ഒറ്റ വാർത്ത അധിഷ്ഠിത പരിപാടി മാത്രം മതി ഏഷ്യാനെറ്റിന്റെ നിലാവാരം അറിയാൻ. എയ്ഡ്സ്രോഗികളുടെ മനുഷ്യാവകാശങ്ങൾ തൊട്ട് മുത്തശ്ശി പത്രങ്ങൾ മെനഞ്ഞെടുത്ത ചാരക്കഥയുടെ പിന്നാമ്പുറങ്ങൾവരെ അവർ ജനങ്ങളുടെ മുന്നിൽ എടുത്തിട്ടു. ഖനനമാഫിയയും പരിസ്ഥി രാഷ്ട്രീയവും മുഖ്യധാരയിൽ എത്തി. ആ രീതിയിലുള്ള ചരിത്രം സൃഷ്ടിച്ച ബ്രാൻഡു തന്നെയാണ് ഇത്.

കെ കരുണാകരന്റെ നിലപാടും ശ്രദ്ധേയം

രണ്ടുവർഷം മുമ്പായിരുന്നു ഏഷ്യാനെറ്റിന്റെ ആദ്യ സംപ്രഷണത്തിന്റെ 25ാം വാർഷികം ആഘോഷിച്ചത്. 2018 ഓഗസ്റ്റ് 30നായിരുന്നു ആദ്യ സംപ്രേഷണം. തുടക്കകാലം മുതൽ, ഏഷ്യാനെറ്റ് വാർത്താവിഭാഗത്തിന് ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ എസ്. ബിജു ഈ സമയത്ത് എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനൊണ്. 'ഈ ചാനൽ പ്രതിനിധാനം ചെയ്യുന്ന അമരക്കാരുടെ ആശയമാകട്ടെ ഇടതുപക്ഷത്തോടൊപ്പമായിരുന്നു. പക്ഷെ, ഇതൊന്നും അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ തടസ്സം സൃഷ്ടിക്കാൻ കാരണമാക്കിയില്ല.ഒരുപക്ഷെ, ഏഷ്യാനെറ്റ് പ്രത്യയശാസ്ത്രപരമായി മറിച്ചൊരു നിലപാടെടുത്തിരുന്നെങ്കിലും, അന്നത്തെ പ്രതിപക്ഷമാണ് ഭരിച്ചിരുന്നതെങ്കിലും ആ അനുകൂല നിലപാട് സർക്കാറിൽ നിന്ന് ഉണ്ടാകുമോയെന്ന് സംശയമാണ്. തിരുവനന്തപുരത്ത് കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ മുഖ്യമന്ത്രി കെ.കരുണാകരൻ ചാനൽ സ്വിച്ച് ഓൺ ചെയ്തപ്പോൾ തെളിഞ്ഞ കണ്ണാടിയുടെ ആദ്യ ദളത്തിൽ കെ. കരുണാകരനെ വിമർശനബുദ്ധിയോടെ കാണുന്ന റിപ്പോർട്ടുമുണ്ടായിരുന്നു.

കണ്ണാടിയുടെ ആദ്യ റിപ്പോർട്ടായിരുന്നുവെങ്കിലും ഞാൻ ഏഷ്യാനെറ്റ് ജീവനക്കാരനല്ലായിരുന്നു. അതിനാൽ ഉദ്ഘാടന ഹാളിലേക്ക് എനിക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിനാൽ, ആ റിപ്പോർട്ട് കണ്ടപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രതികരണം മനസ്സിലാക്കാനായില്ല. ആഗോളവത്കരണത്തെ പ്രത്യയശാസ്ത്രപരമായി വിമർശിച്ച നിലപാട് സ്വീകരിച്ചിരുന്ന ഏഷ്യാനെറ്റ് എന്നാൽ, ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും ഉപോൽപ്പന്നമായിരുന്നു എന്നത് തന്നെ വല്ലാത്ത വൈരുദ്ധ്യമായിരുന്നല്ലോ.' എസ് ബിജു ചൂണ്ടിക്കാട്ടുന്നു.

ഇതേ നിലപാടുതന്നെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇന്നും വെച്ചു പുലർത്തുന്നതെന്ന് അവരുടെ പരിപാടികൾ നോക്കിയാൽ മനസ്സിലാവും. പിരിമിതികളും പരാതികളും എന്തെല്ലാം ഉണ്ടെങ്കിലും ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കിക്കൊണ്ട് ഏഷ്യാനെറ്റ് ന്യൂസും കുതിക്കയാണ്. മലയാളിക്കൊപ്പം നടന്ന കാൽനൂറ്റാണ്ടിന്റെ അനുഭവ പാരമ്പര്യവുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP