Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം ഭൂരിപക്ഷ രാജ്യമായ അസർബൈജാന് തുർക്കിയുടെ പരസ്യ പിന്തുണ; ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ അർമേനിയക്ക് റഷ്യയുടെ പരോക്ഷ പിന്തുണ; മുപ്പതിനായിരത്തോളം പേർ കൊല്ലപ്പെടുകയും പത്തുലക്ഷംപേർ പലായനം ചെയ്യുകയും ചെയ്ത തൊണ്ണൂറുകളിലെ യുദ്ധത്തിൽ നിന്ന് ഇരു രാജ്യങ്ങളും ഒന്നും പഠിച്ചില്ല; കശ്മീർ പ്രശ്നത്തിന് സമാനമായി നാഗൊർണൊ- കരാബാഖ്; മതവും വംശീയതയും കൂടിക്കലർന്ന് രണ്ട് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ പോരടിക്കുമ്പോൾ

മുസ്ലിം ഭൂരിപക്ഷ രാജ്യമായ അസർബൈജാന് തുർക്കിയുടെ പരസ്യ പിന്തുണ; ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ അർമേനിയക്ക് റഷ്യയുടെ പരോക്ഷ പിന്തുണ; മുപ്പതിനായിരത്തോളം പേർ കൊല്ലപ്പെടുകയും പത്തുലക്ഷംപേർ പലായനം ചെയ്യുകയും ചെയ്ത തൊണ്ണൂറുകളിലെ യുദ്ധത്തിൽ നിന്ന് ഇരു രാജ്യങ്ങളും ഒന്നും പഠിച്ചില്ല; കശ്മീർ പ്രശ്നത്തിന് സമാനമായി നാഗൊർണൊ- കരാബാഖ്; മതവും  വംശീയതയും കൂടിക്കലർന്ന് രണ്ട് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ പോരടിക്കുമ്പോൾ

എം മാധവദാസ്

ചില പ്രശ്നങ്ങൾ അങ്ങനെയാണ്. എത്രകാലം കഴിഞ്ഞാലും അതിന് പരിഹാരം ഉണ്ടാക്കാനോ, ആരുടെപക്ഷത്താണ് ശരിയെന്നോ കൃത്യമായി വിലയിരുത്താൻ കഴിയില്ല. മതവും, മണ്ണും, വംശീയതയുമൊക്കെ കൂടിക്കുഴഞ്ഞ എക്കാലവും ശത്രുക്കളായി കഴിയാൻ വിധിക്കപ്പെട്ട അയൽക്കാരെ നാം ലോകരാഷ്ട്രങ്ങളിൽ കാണാറുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും, വടക്കൻ കൊറിയയും തെക്കൻ കൊറിയയും, ഇസ്രയേലും ഫലസ്തീനും തൊട്ട് എത്രയോ ഉദാഹരണങ്ങൾ. അതുപോലെ ലോകത്തിന്റെ നൊമ്പരമായ രണ്ടു രാജ്യങ്ങളാണ് മൂൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ അസർബൈജാനും അർമേനിയയും. നാഗൊർണൊ- കരാബാഖ് എന്ന തർക്കമേഖലയെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം തുടങ്ങിയിരിക്കയാണ്. ഇന്നലെ ഒരു ദിവസം കൊണ്ടുമാത്രം 23പേരുടെ ആൾനാശം ഉണ്ടായിട്ടുണ്ടെന്ന് ബിബിസി പറയുന്നു. ഇത് തുടക്കം മാത്രമാണ്. ഇത് നിമിഷങ്ങൾകൊണ്ട് വർഗീയവുമാവും. കാരണം മുസ്ലിം ഭൂരിപക്ഷ രാജ്യമായ അസർബൈജാന് തുർക്കിയുടെ പരസ്യ പിന്തുണയുണ്ട്. അർമേനിയ റഷ്യ രഹസ്യമായി പിന്തുണക്കുന്ന ക്രിസ്ത്യൻ ഭൂരിപക്ഷ രാഷ്ട്രവും. 90കളിൽ ഈ മേഖലയെചൊല്ലിയുള്ള തർക്കത്തിൽ 10 ലക്ഷംപേരാണ് പലായനം ചെയ്തത്. മുപ്പതിനായിരത്തോളം പേർ മരിച്ചു. ആദ്യത്തെ ഒന്ന് രണ്ട് ദിവസം കഴിയുമ്പോഴേക്കും യുദ്ധം വംശീയ കലാപത്തിലേക്ക് നീങ്ങുമെന്നാണ് ആശങ്ക.

ഇരുരാജ്യങ്ങും തങ്ങളുടേതെന്ന് പറയുന്ന നാഗൊർണൊ- കരാബാഖ് എന്ന മലനിരകൾ രാജ്യാന്തര അതിർത്തി അനുസരിച്ച് അസർബൈജാന്റെ ഭാഗമാണ്. പക്ഷേ അവിടെ ക്രിസ്ത്യാനികൾ ആയ അമീനിയൻ വംശജർ ആണ് കൂടുതൽ. രക്തരൂക്ഷിതമായ ഒരുപാട് യുദ്ധങ്ങൾക്ക്ശേഷമാണ് അവിടം അർമീനിയൻ വിമതർ നിയന്ത്രിക്കുന്ന സ്വയംഭരണ പ്രദേശമായത്. നമ്മുടെ കശ്മീർ പ്രശ്നത്തിന് സമാനമാണ് സ്ഥിതിഗതികൾ. അസർബൈജാനെ സംബന്ധിച്ചിടത്തോളം ഇത് തങ്ങളുടെ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള മഹത്തായ സ്വാതന്ത്ര സമരമാണ്. എന്നാൽ അർമീനിയക്കാരെ സംബന്ധിച്ച് ഇത് നിലനിൽപ്പിനുള്ള പേരാട്ടമാണ്. നേരത്തെയുള്ള ധാരണ ലംഘിച്ച് അസർബൈജാനാണ് ഇവിടെ ആക്രമണം തുടങ്ങിയതെന്നാണ് അർമേനിയക്കർ പറയുന്നത്. എർദോഗാന്റെ തുർക്കിയുടെ പിന്തുണയാണ് അസർബൈജാന്റെ കരുത്ത്. മറുഭാഗത്ത് റഷ്യ രഹസ്യമായി അർമേനിയക്കാരെ സഹായിക്കുന്നുമുണ്ട്.

പല തവണ രക്തം വീണ മണ്ണ്

അന്താരാഷ്ട്ര തലത്തിൽ പ്രശ്‌നപരിഹാരത്തിന് ആഹ്വാനമുണ്ടായെങ്കിലും ഇന്നും പരസ്പര ആക്രമണം തുടരുകയാണ്.ലോകത്തെ ഏറ്റവും പഴക്കമേറിയ അവകാശവാദ തർക്കങ്ങളിലൊന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഏകദേശം 4,400 ചതുരശ്ര കിലോമീറ്റർ (1,700 ചതുരശ്ര മൈൽ) വരുന്ന പർവത പ്രദേശമാണ് നാഗൊർണൊ- കരാബാഖ് .പരമ്പരാഗതമായി ക്രിസ്ത്യൻ അർമേനിയക്കാരും മുസ്ലിം തുർക്കികളും ഇവിടെ വസിക്കുന്നു.സോവിയറ്റ് കാലഘട്ടത്തിൽ, അസർബൈജാൻ റിപ്പബ്ലിക്കിനുള്ളിൽ ഇത് ഒരു സ്വയംഭരണ പ്രദേശമായി മാറി.അസർബൈജാന്റെ ഭാഗമായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടെങ്കിലും ജനസംഖ്യയുടെ ഭൂരിഭാഗവും അർമേനിയൻ വംശജരാണ്.1990 കളിൽ ഇവിടെയുണ്ടായ യുദ്ധത്തിൽ ഒരു ദശലക്ഷം ആളുകൾ പലായനം ചെയ്തു. ഏകദേശം 30,000 പേർ കൊല്ലപ്പെട്ടു. അന്ന് അസർബൈജാനിലെ എൻക്ലേവിന് ചുറ്റും വിഘടനവാദി സേന ചില അധിക പ്രദേശങ്ങൾ പിടിച്ചെടുത്തു.1994 ലെ വെടിനിർത്തലിന് ശേഷം വീണ്ടും ഇവിടെ പലതവണ രക്തം ഒഴുകിയിട്ടുണ്ട്.

മേഖലയുടെ നിയന്ത്രണം തിരികെ പിടിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അസർബൈജാനി പ്രസിഡന്റ് ഇൽഹാം അലിയേവ് ഞായറാഴ്ച പ്രതികരിച്ചു. 2016ലും 18ലും ഇവിടെ യുദ്ധം ഉണ്ടായിരുന്നു. 2016ൽ ഒരാഴ്ചയോളം യുദ്ധം തുടർന്നു. അസർബൈജാനിൽനിന്ന് 1994ലെ യുദ്ധത്തിൽ അർമേനിയൻ വിമതർ പിടിച്ചെടുത്ത പ്രദേശത്താണ് അന്ന് യുദ്ധം നടന്നത്. തന്ത്രപ്രധാനമായ പലമേഖലകളും തിരിച്ചുപിടിച്ചതായി അസർബൈജാൻ അവകാശപ്പെപ്പോൾ അർമേനിയ ഇത് നിഷേധിച്ചിരുന്നു. മാത്രമല്ല, പലമേഖലകളിലും മുന്നേറ്റം നടത്തിയെന്നാണ് അർമേനിയയുടെ അവകാശവാദം. പിന്നീട് അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് യുദ്ധം അവസാനിക്കയായിരുന്നു.

2018ൽ അസർബൈജാൻ ഏകപക്ഷീയമായി പിന്മാറി യുദ്ധം നിർത്തുകയായിരുന്നു. ഇരു രാജ്യത്തെയും മുപ്പതു സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്.അർമേനിയയുടെ 18 സൈനികരും അസർബൈജന്റെ 12 സൈനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ രണ്ടാംദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് തങ്ങൾ വെടിനിർത്തുകയാണെന്ന് അസർബൈജാൻ അറിയിച്ചത്.അതേസമയം അസർബൈജാന്റെ പ്രഖ്യാപനം ഒരു ചതിയാണെന്ന് അർമേനിയൻ പ്രതിരോധമന്ത്രാലയം പ്രതികരിച്ചത്. വെടിനിർത്തലിലൂടെ അസർബൈജാൻ സൈന്യത്തെ പിൻവലിപ്പിക്കില്ലെന്ന് അർമേനിയൻ പ്രതിരോധ പ്രസ് സെക്രട്ടറി ആർസ്ട്രൻ ഹൊവാൻസിയ ഫേസ്‌ബുക്കിൽ കുറിച്ചത്്. അതിന്റെ കനലുകളാണ് ഇപ്പോഴും ആളിക്കത്തുന്നത്. കഴിഞ്ഞ തവണയൊക്കെ അസർബൈജാന് അത്രക്ക് ആത്മവിശവാസം ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ തുർക്കിയുടെ പിന്തുണയിൽ അവർ കരുത്താർജിക്കുന്നു. ലോകമെമ്പാടും ഇസ്ലാമിക മേധാവിത്വം ആഗ്രഹിക്കുന്ന തുർക്കി പ്രസിഡന്റ് എർദോഗാനാണ് ശരിക്കും അസർബൈജാന്റെ ശക്തി. അതുകൊണ്ടുതന്നെ മേഖലിയിൽ നടക്കുന്നത് ഒരു വംശീയ യുദ്ധം തന്നെയാണെന്നാണ് ലോക മാധ്യമങ്ങളുടെ വിലയിരുത്തൽ.

 സ്വാതന്ത്ര്യ സമരമോ വംശീയ ലഹളയോ?

മേഖലയുടെ നിയന്ത്രണം വീണ്ടെടുക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് അസർബൈജാനി പ്രസിഡന്റ് ഇൽഹാം അലിയേവ് ഞായറാഴ്ച പറഞ്ഞു.അസർബൈജാനിലെ ചില ഭാഗങ്ങളിലും സൈനിക നിയമം പ്രഖ്യാപിച്ചിരിക്കായണ്. ജൂലൈയിൽ നടന്ന അതിർത്തി ഏറ്റുമുട്ടലിൽ 16 പേർ കൊല്ലപ്പെട്ടതാണ് ഇപ്പോഴത്തെ യുദ്ധത്തിന് കാരണമായത്. ഇതോടെ അസർബൈജാനി തലസ്ഥാനമായ ബാക്കുവിൽ കൂറ്റൻ പ്രകടനങ്ങളാണ് ഉണ്ടായത്. പ്രകടനക്കാർ ഈ പ്രദേശം തിരിച്ചുപിടിക്കാനാണ് ആഹ്വാനം ചെയ്തത്. കാസ്പിയൻ കടലിൽ നിന്ന് ലോക വിപണികളിലേക്ക് എണ്ണയും പ്രകൃതിവാതകവും എത്തിക്കുന്ന പൈപ്പ്ലൈനുകളുടെ ഇടനാഴിയാണ് സൗത്ത് കോക്കസസ്. ഇവിടെ ഒരു യുദ്ധമുണ്ടായാൽ റഷ്യ അടക്കമുള്ള രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആവും.

ആക്രമണത്തിനും ക്രൂരതയ്ക്കുമെതിരായ പോരാട്ടത്തിൽ രാജ്യത്തിനൊപ്പം നിൽക്കണമെന്ന് ലോകത്തെ പ്രേരിപ്പിച്ചുകൊണ്ട് തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗാൻ അസർബൈജാന് പിന്തുണ വാഗ്ദാനം ചെയ്തു. പ്രധാനമായും തുർക്കി ജനതയാണ് അസർബൈജാനികൾ. ഇറാനുമായും വംശീയ ബന്ധമുണ്ട്.പരമ്പരാഗതമായി അർമേനിയയുടെ സഖ്യകക്ഷിയായി കാണപ്പെടുന്ന റഷ്യ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും സ്ഥിതി സുസ്ഥിരമാക്കാൻ ചർച്ച നടത്തുകയും ചെയ്തു. പക്ഷേ ഇറാൻ തങ്ങൾ പ്രശ്നത്തിൽ മാധ്യസ്ഥരാവാനുള്ള സന്നദ്ധതതാണ് അറിയിച്ചത്. അസർബൈജാനെ സംബന്ധിച്ച് ഇത് സ്വാതന്ത്ര്യ സമരമാണെങ്കിൽ, അർമേനിയക്കാർ പറയുന്നത് ഒരു ഇസ്ലാമിക ഭൂരിപക്ഷ രാജ്യത്ത് തങ്ങൾ രണ്ടാം തരം പൗരന്മാർ ആകും എന്നാണ്. അസർബൈജാൻ ഔദ്യോഗികമായി മതം ഇല്ലാത്ത രാജ്യമാണെങ്കിലും ഇസ്ലാമിക മൗലികവാദത്തിന് അവിടെ വേരുകൾ ഉണ്ട്.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ പോരാട്ടം അവസാനിപ്പിക്കാൻ ഇരുപക്ഷത്തെയും ആഹ്വാനം ചെയ്തു. വലിയ അർമേനിയൻ സമൂഹമുള്ള ഫ്രാൻസ് അടിയന്തര വെടിനിർത്തലിനും സംഭാഷണത്തിനും ആഹ്വാനം ചെയ്തു.അസർബൈജാൻ, അർമേനിയ എന്നിവയമോയി അതിർത്തി പങ്കിടുന്ന ഇറാൻ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ധാനം ചെയ്തിട്ടുണ്ട്. അക്രമം തടയാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞിട്ടുണ്ട്. പക്ഷേ ഈ മേഖലയിൽ സാധാരണ അമേരിക്ക ഇടപെടാറില്ലെന്നതാണ് മൂൻകാല അനുഭവം.

ഇരുകൂട്ടരും വിട്ടുവീഴ്ചക്കില്ല

ഞായറാഴ്ചത്തെത് സമീപകാലത്തെ ഏറ്റവും ഗുരുതരമായ പോരാട്ടമായാണ് പറയുന്നത്. സത്യസദ്ധമായ വാർത്തകൾ ഇവിടെ നിന്ന് പുറത്തുവരുന്നില്ലെന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, അസർബൈജാനി അധികൃതർ രാജ്യത്തിനകത്ത് ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിച്ചിരിക്കുന്നു, അതുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയും വിവരം അറിയാൻ കഴിയുന്നില്ല. തുർക്കി സൈന്യത്തിന്റെ സഹായത്തോടെ അസർബൈജാൻ തങ്ങളുടെ ''പവിത്രമായ കടമ'' നിറവേറ്റുമെന്ന് അസർബൈജാനി പ്രതിരോധമന്ത്രി പറയുന്നത്. അസർബൈജാൻ പ്രസിഡന്റ്‌ ഇൻഹാം അലിയേവ് ഇങ്ങനെ പറയുന്നു. ''ഞങ്ങളുടെ വിജയകരമായ പ്രത്യാക്രമണ പ്രവർത്തനം അധിനിവേശത്തിനും അനീതിക്കും 30 വർഷം നീണ്ടുനിൽക്കുന്ന അധിനിവേശത്തിനും അറുതി വരുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' അദ്ദേഹം പറഞ്ഞു.

പ്രാദേശിക തലസ്ഥാനമായ സ്റ്റെപാനകെർട്ട് ഉൾപ്പെടെയുള്ള നാഗൊർനോ-കറാബാക്കിലെ സിവിലിയൻ വാസസ്ഥലങ്ങൾക്കെതിരായ ആക്രമണം ഞായറാഴ്ച രാവിലെയാണ് ആരംഭിച്ചതെന്ന് അർമേനിയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 16 സൈനികരും ഒരു സ്ത്രീയും ഒരു കുട്ടിയും അടക്കം 18 പേർ ഒറ്റയടിക്ക് കൊല്ലപ്പെട്ടു. 100 പേർക്ക് പരിക്കേറ്റു.അർമേനിയൻ ഷെല്ലാക്രമണത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടതായി അസർബൈജാൻ പറഞ്ഞു.

''ഞങ്ങളുടെ പവിത്രമായ മാതൃരാജ്യത്തെ സംരക്ഷിക്കാൻ തയ്യാറാകൂ,' എന്ന് പ്രഖ്യാപിച്ച അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിനിയൻ അസർബൈജാന്റെത് ആസൂത്രിതമായ ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി. ഈ പ്രദേശം ഒരു വലിയ തോതിലുള്ള യുദ്ധത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, കൂടുതൽ അസ്ഥിരീകരണം തടയാൻ ഐക്യപ്പെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.

രണ്ട്‌ ഹെലികോപ്റ്ററുകളും മൂന്ന് ഡ്രോണുകളും വെടിവെച്ചതായും ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ടാങ്കുകൾ നശിപ്പിച്ചതായും അർമേനിയ അറിയിച്ചു.ഒരു ഹെലികോപ്റ്റർ നഷ്ടപ്പെട്ടതായി അസർബൈജാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും അതിലുള്ളവർ രക്ഷപ്പെട്ടുവെന്നും 12 അർമേനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നശിച്ചതായും റിപ്പോർട്ടുണ്ട്.

എന്നും അധിനിവേശങ്ങളുടെ ചരിത്രം

എന്നും രക്തച്ചൊരിച്ചിലുകളുടെയും അധിനിവേശത്തിന്റെയും ചരിത്രമാണ് അർമേനിയയുടെത്. റോമാക്കാർക്കും പേർഷ്യക്കാർക്കും പുറമേ ഗ്രീക്കുകാർ, അറബികൾ, തുർക്കികൾ എന്നിവരും അർമീനിയയെ അടിക്കടി ആക്രമിച്ചുകൊണ്ടിരുന്നു. പേർഷ്യയിലെ സസാനിദ് വംശക്കാരുടെ പതനത്തോടെ അറബികൾ പ്രബലരാവുകയും അർമീനിയയുടെ അധീശത്വം പിടിച്ചെടുക്കുകയും ചെയ്തു. ഖലീഫയായ മുആവിയ ഒന്നാമനുമായി അർമീനിയക്കാർ 653-ൽ സന്ധിചെയ്ത് രാഷ്ട്രത്തിന്റെ സ്വാതന്ത്യ്‌രം ഒരതിരുവരെ നിലനിർത്തി. ഏഴാം ശതകം മുതൽ ഒൻപതാം ശതകത്തിന്റെ അവസാനംവരെ അറബി ഖലീഫമാർക്കായിരുന്നു അവിടെ മേധാവിത്വം. വിദേശീയമേധാവിത്വത്തിൽനിന്നു മോചിതമായതിനുശേഷം ബഗ്രതിദ് രാജവംശത്തിന്റെ അധികാരത്തിൽ അർമീനിയ രണ്ടു ശതകങ്ങൾ കഴിച്ചുകൂട്ടി; 886-ൽ അഷോട് ക ആണ് രാജാധികാരം പുനഃസ്ഥാപിച്ചത്. പതിനൊന്നാം ശതകത്തിൽ തുർക്കികളും തുടർന്ന് മംഗോളിയരും അർമീനിയ കീഴടക്കി; 1405-ൽ തിമൂറിന്റെ മരണശേഷം യഥാക്രമം ടെക്കോമനുകൾ, പേർഷ്യക്കാർ, ഓട്ടോമൻ തുർക്കികൾ എന്നിവരുടെ കീഴിലായി. 1639-ൽ അർമീനിയയുടെ പടിഞ്ഞാറുഭാഗം തുർക്കിയോടും കിഴക്കുഭാഗം പേർഷ്യയോടും കൂട്ടിച്ചേർത്തു.

1828-ൽ റഷ്യയും പേർഷ്യയും തമ്മിലുള്ള യുദ്ധത്തിനു ശേഷം അർമീനിയയുടെ കുറെ ഭാഗങ്ങൾ റഷ്യയുടെ അധീനതയിലായി. 1877-78-ൽ റഷ്യയും തുർക്കിയും തമ്മിൽ നടന്ന യുദ്ധത്തിനു ശേഷം ബാക്കിഭാഗങ്ങൾകൂടി റഷ്യയുടെ അധീനതയിലാവാൻ സാധ്യത ഉണ്ടായിരുന്നുവെങ്കിലും, ബെർലിൻ കോൺഗ്രസ്സിൽവച്ചു ഡിസ്രേലി ഇടപെട്ടതിനാൽ ഈ ഉദ്യമം സഫലമായില്ല.1922 മാർച്ച് 12-നു അർമീനിയ, ജോർജിയ, അസെർബൈജാൻ എന്നീ സ്റ്റേറ്റുകൾ ചേർന്ന ട്രാൻസ്‌കക്കേഷ്യൻ സോവിയറ്റ് ഫെഡറേറ്റഡ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് രൂപവത്കൃതമായി. ഇത് 1922 ഡിസംബർ 30-ന് യു.എസ്.എസ്.ആറുമായി സംയോജിപ്പിക്കപ്പെട്ടു. 1936 ഡിസംബർ 5-നു സോവിയറ്റ് യൂണിയൻ പുതിയ ഭരണഘടന അംഗീകരിച്ചതോടെ പ്രസ്തുത ഫെഡറേഷൻ നിലവിലില്ലാതാവുകയും അർമീനിയ സോവിയറ്റ് യൂണിയനിലെ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായിത്തീരുകയും ചെയ്തു. സോവിയറ്റ് ഭരണത്തിൻകീഴിൽ വ്യാവസായികമായി അർമീനിയ വളരെ ഏറെ പുരോഗതി നേടി. മറ്റു രാജ്യങ്ങളിൽ നിന്നും രണ്ടുലക്ഷത്തിലധികം അർമീനിയക്കാർ ഇക്കാലത്തു അർമീനിയയിൽ തിരിച്ചെത്തി. 1988-ൽ അർമീനിയയിലുണ്ടായ ഭൂകമ്പത്തിൽ 55,000 ത്തിലധികം പേർ മരിക്കുകയും അഞ്ച് ലക്ഷത്തിലധികം പേർ ഭവനരഹിതരായിത്തീരുകയും ചെയ്തു. അർമേനിയ എന്ന വാക്ക് മലയാളികൾ ശ്രദ്ധിക്കുന്നത് അക്കാലത്തുതന്നെയാണ്.

1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ സ്വതന്ത്രറിപ്പബ്ലിക്കായതിനെത്തുടർന്ന് അടുത്തുള്ള അസർബൈജാനിലെ നഗോർണോ, കരാബാഖ് എന്നീ പ്രദേശങ്ങൾ വിട്ടുകിട്ടുന്നതിനുള്ള അവകാശവാദം അർമേനിയ ശക്തമാക്കി. ഇത് അർമീനിയയിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളും അസർബൈജാനിലെ ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിതെളിച്ചു. 1994-ൽ വെടിനിർത്തൽ നടപ്പിലായി. അതിന്റെ ലംഘനം ഇടക്കിടക്ക് ഉണ്ടായി. ഇപ്പോൾ അത് യുദ്ധത്തിലേക്കുമായി.

ഷിയാക്കൾക്ക് മുൻ തൂക്കമുള്ള അസറികൾ

റിപ്പബ്ലിക് ഓഫ് അസർബെയ്ജാനിലെയും ഇറാനിയൻ അസർബെയ്ജാനിലെയും തുർക്കി വംശജരായ ജനവിഭാഗമാണ് അസറികൾ എന്നും അസർബെയ്ജാനി തുർക്കികൾ എന്നും അറിയപ്പെടുന്ന അസർബെയ്ജാനികൾ. തുർക്കിഷ്, ഇറാനിയൻ, കൊക്കേഷ്യൻ ചേരുവകൾ ലയിച്ചുചേർന്ന സംങ്കര സംസ്‌കാരമാണ് ഇവരുടേത്. അസർബെയ്ജാനികളിൽ ഷിയാ മുസ്ലീങ്ങൾക്കാണ് മുൻതൂക്കം. റിപ്പബ്ലിക് ഓഫ് അസർബെയ്ജാനിലെ എറ്റവും വലുതും ഇറാനിലെ രണ്ടാമത്തേയും വംശീയസമൂഹമാണ് ഇവർ. ഇറാനിൽ ജനസംഖ്യയുടെ 24% വും അസർബെയ്ജാനിൽ 90% വും വരുന്ന അസർബെയ്ജാനികൾ തുർക്ക് ജനവിഭാഗങ്ങളിൽ രണ്ടാം സ്ഥാനത്താണ്. ലോകത്ത് എറ്റവും കൂടുതൽ അസർബെയ്ജാനികൾ ഉള്ളത് ഇറാനിലും രണ്ടാം സ്ഥാനത്ത് അസർബെയ്ജാനിലുമാണ്. അതുകൊണ്ടുതന്നെ ഈ സംഘർഷത്തിൽ നിഷ്്പക്ഷരാണെന്ന് പറയുമ്പോഴും ഇറാന്റെ മനസ്സ് അസർബൈജാനിൽ ആണ്.

ഇന്നത്തെ ഇറാനിയൻ അസർബെയ്ജാൻ പ്രദേശങ്ങൾ ഉൾപ്പെട്ട പുരാതന അട്രോപാറ്റൺ സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന അട്രോപാറ്റിസിന്റെ പേരിൽനിന്നാണ് അസർബെയ്ജാൻ എന്ന പേരുണ്ടായത്. അഗ്നിയുടെ രക്ഷകൻ എന്നർത്ഥം വരുന്ന പുരാതന പേർഷ്യൻ ഭാഷയിലെ അട്ര് (അഗ്നി) പാറ്റ് (രക്ഷകൻ) എന്നീ വാക്കുകൾ ചേർന്നാണ് ഈ പേരുണ്ടായത്. അട്ര് എന്നതിന് ആധുനിക ഭാഷയിൽ അസർ എന്നാണ് ഉച്ചാരണം. അട്ര്പട്കാൻ എന്നത് അസർബട്ഗാൻ എന്നും അത് അസർബൈഗാൻ എന്നും ആയി മാറി. അസർബൈഗാൻ എന്നതിന്റെ അറബിരൂപമാണ് അസർബെയ്ജാൻ.

ഇറാനിയൻ അസർബെയ്ജാനിലെയും റിപ്പബ്ലിക്ക് ഓഫ് അസർബെയ്ജാനിലെയും തുർക്ക് നവിഭാഗങ്ങളെയാണ് അസർബെയ്ജാനി ജനത അല്ലെങ്കിൽ അസറികൾ എന്നത്കെണ്ട് ഇന്ന് വിവക്ഷിക്കുന്നത്. ഒന്നാം ലോകയുദ്ധത്തിന് ശേഷം റഷ്യൻ സാമ്രാജ്യം തകർന്നപ്പോൾ ട്രാൻസ്‌കൊക്കേഷ്യൻ ഡമോക്രാറ്റീവ് ഫെഡറേറ്റീവ് റിപ്പബ്ലിക്ക് നിലവിൽവന്നു. ഇന്നത്തെ അസർബെയ്ജാൻ, ജോർജ്ജിയ, അർമേനിയ എന്നീ രാജ്യങ്ങൾ ചേർന്ന ഈ സംവിധാനം കുറച്ച് കാലത്തേക്ക് മാത്രമേ നിലനിന്നുള്ളൂ. 1918 മാർച്ച് 30 നും ഏപ്രിൽ 2 നും ഇടയിൽ നടന്ന മാർച്ച് ദിനങ്ങൾ എന്നറിയപ്പെടുന്ന കൂട്ടക്കൊലയോടെ അതവസാനിച്ചു. അതിനുശേഷം 1918 ൽ അസർബെയ്ജാൻ ഡമോക്രാറ്റീവ് റിപ്പബ്ലിക്ക് നിലവിൽ വന്നു. തുർക്കിക്ക്- ഇസ്ലാമിക ലോകത്തെ ആദ്യത്തെ പാർലമെന്ററി റിപ്പബ്ലിക്കും . രാഷ്ട്രൂീയ അവകാശങ്ങളിൽ ലിംഗനീതി നടപ്പാക്കിയ ലോകത്തിലെ ആദ്യത്തെ മുസ്ലിം രാഷ്ട്രവുമായിരിന്നു അസർബെയ്ജാൻ ഡമോക്രാറ്റീവ് റിപ്പബ്ലിക്ക്. പിന്നിട് 1920 ൽ സോവിയറ്റ് യൂണിയന്റെ ഭാഗമായി ചേർക്കപ്പെട്ടു. 1991 ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ റിപ്പബ്ലിക്ക് ഓഫ് അസർബെയ്ജാൻ എന്ന സ്വതന്ത്ര രാഷ്ട്രം രൂപീകൃതമായി.

അതായത് ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള അടിസ്ഥാനം പ്രശനം എന്താണെന്ന് ചോദിച്ചാൽ മതവും വംശീയതയും തന്നെ. അതിൽ ആരുടെ ഭാഗത്താണ് ശരിയെന്ന് തീർപ്പാക്കാനും കഴിയില്ല.ഇത് ഇസ്ലാമും-ക്രിസ്റ്റാനിറ്റിയും നേർക്ക് ഏറ്റുമുട്ടുന്ന രണ്ടാം കുരിശ്യുദ്ധമാവുമോ എന്നും ആശങ്കയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP