Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202230Wednesday

മലബാർ കലാപത്തിലെ ഹിന്ദുവേട്ട തുറന്നു പറയാൻ ധൈര്യം കാട്ടിയ ഏക നേതാവ്; സ്വതന്ത്ര്യ സമരക്കാലത്തെ ലീഗിന്റെ പാക്കിസ്ഥാൻ വാദം എടുത്തു പറഞ്ഞു; ബാബറി കാലത്ത് മലപ്പുറത്ത് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതും മൂടിവെച്ചില്ല; പാണക്കാട് തങ്ങളെ ആത്മീയ നേതാവായി അംഗീകരിച്ചില്ല; മലപ്പുറത്തെ മതേതര സുൽത്താൻ! ആര്യാടൻ മുസ്ലിം വോട്ട് ബാങ്ക് ഭയക്കാത്ത വേറിട്ട നേതാവ്

മലബാർ കലാപത്തിലെ ഹിന്ദുവേട്ട തുറന്നു പറയാൻ ധൈര്യം കാട്ടിയ ഏക നേതാവ്; സ്വതന്ത്ര്യ സമരക്കാലത്തെ ലീഗിന്റെ പാക്കിസ്ഥാൻ വാദം എടുത്തു പറഞ്ഞു; ബാബറി കാലത്ത് മലപ്പുറത്ത് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതും മൂടിവെച്ചില്ല; പാണക്കാട് തങ്ങളെ ആത്മീയ നേതാവായി അംഗീകരിച്ചില്ല; മലപ്പുറത്തെ മതേതര സുൽത്താൻ! ആര്യാടൻ മുസ്ലിം വോട്ട് ബാങ്ക് ഭയക്കാത്ത വേറിട്ട നേതാവ്

എം റിജു

''പത്തിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാൻ....ഇവിടെ സാതന്ത്ര്യ സമരക്കാലത്ത് ലീഗുകാർ പ്രകടനം നടത്തിയില്ലെടോ. താനൂരും തിരൂരിലും കൊണ്ടോട്ടിയിലു നടത്തിട്ടുണ്ട് പ്രകടനം. അതൊന്നും മറന്നുപോകരുത്. എനിക്ക് അന്ന് പത്തോപന്ത്രണ്ടോ വയസ്സാണ്. പക്ഷേ എനിക്ക് ഓർമ്മയുണ്ട് ഇത്തരം പ്രകടനം. മലപ്പുറം മൊത്തമായി രാജ്യസ്നേഹം തിളക്കുകയായിരുന്നു എന്ന് പറഞ്ഞുവരുത്. ഇവിടെ നിന്ന് പാക്കിസ്ഥാനിൽ പോയവർ ഇല്ലേ''- 2010ൽ മലപ്പുറം കോട്ടപ്പടിയിൽ ഒരു യുഡിഎഫ് സെമിനാറിൽ പങ്കെടുക്കുന്നതിനിടെ, മുതിർന്ന കോൺഗ്രസ് ആര്യാടൻ മുഹമ്മദ് ആഞ്ഞടിക്കുന്നത് കേട്ട്, രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള നേതാക്കാൾ അമ്പരന്നു. മുസ്ലിംലീഗിനും കപട മതേതരവാദികൾക്കുമെതിരായ ഒളിയമ്പായിരുന്നു പ്രസംഗങ്ങളിൽ ഒരുപോലെ. പക്ഷേ ആര്യാടൻ പറയുക അത് ഒളിയമ്പല്ല, യാഥാർഥ്യമാണെന്നാണ്.

പരിപാട് കഴിഞ്ഞ് പുറത്തിറങ്ങിയ കോൺഗ്രസ് നേതാക്കൾ രഹസ്യമായ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്, ' ഇങ്ങനെയൊക്കെ പറയുന്ന ഈ ആര്യാടൻ എങ്ങനെയാണ് ലീഗിന്റെ തട്ടകമായ മലപ്പുറം ജില്ലയിൽ പിടിച്ചു നൽക്കുന്നത് ' എന്നായിരുന്നു. ഇലക്ഷന് കഷ്ടി ഒരു വർഷംപോലും ഇല്ലാത്ത സമയത്തായിരുന്നു ആര്യാടന്റെ വിവാദ പരാമർശങ്ങൾ. അതിനെതിലെ ലീഗ് പ്രതിഷേധിച്ചു. പക്ഷേ നിലമ്പൂരിന്റെ സുൽത്താൻ എന്ന് അറിയപ്പെടുന്ന ആര്യാടന് ഒരു കുലുക്കവും ഉണ്ടായില്ല. തൊട്ടടുത്ത വർഷം 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ, അദ്ദേഹത്തെ തോൽപ്പിക്കാൻ ലീഗ് പാര പണിഞ്ഞതുമാണ്. പക്ഷേ നിലമ്പൂരുകാർ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കൈയൊഴിഞ്ഞില്ല. അതായിരുന്നു ആര്യാടൻ മുഹമ്മദ്. പാണക്കാട് തങ്ങൾ തൊട്ട് ഒരു മത അധ്യക്ഷന്റെ മുന്നിലും തലകുനിക്കാത്ത ധീരൻ.

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് തൊട്ട് കോൺഗ്രസിൽ സജീവമായിരുന്ന ദേശീയ മുസ്ലീങ്ങളുടെ ധാരയിലെ അവശേഷിക്കുന്ന കണ്ണി. മലപ്പുറത്തിന്റെ മതേതര സുൽത്താൻ! ഈ 87ാം വയസ്സിൽ അദ്ദേഹം കടന്നുപോകുമ്പോൾ, കേരളത്തിന് അത് തീരാ നഷ്ടമാണ്. കാരണം ആര്യാടനെപ്പോലെ മുസ്ലിം വോട്ടുബാങ്കിനെ ഭയക്കാതെ സത്യം തുറന്ന് പറയുന്ന നേതാക്കാൾ അപൂർവങ്ങളിൽ അപൂർവമാണ്.

ട്രേഡ് യൂണിയനിലൂടെ വളർന്ന നേതാവ്.

കേരള രാഷ്ട്രീയത്തിൽ ആര്യാടൻ മുഹമ്മദിനെപ്പോലെ ഒരു നേതാവ് ആര്യാടൻ മാത്രം. രാഷ്ട്രീയ യാത്രയിലും ഇടപെടലുകളിലും തുടങ്ങി പ്രസംഗത്തിൽ വരെയുണ്ട് ഈ ആര്യാടൻ ടച്ച്. ആര്യാടന്റെ ഓരോ രാഷ്ട്രീയ നീക്കത്തിലും എതിരാളികൾക്കുപോലും നേരിട്ട് ആദ്യം മനസ്സിലാവാത്ത അപ്രതീക്ഷിത മാനങ്ങൾ പിന്നീട് കൈവരാറുണ്ട്. മലബാറിലെ കോൺഗ്രസ് പ്രവർത്തകരുടെ സ്വകാര്യ അഹങ്കാരമായിരുന്നു ആര്യാടനെന്ന തലമുതിർന്ന നേതാവ്. സംസ്ഥാന രാഷ്ട്രീയത്തിൽ നിലമ്പൂർ തേക്കിനേക്കാൾ ഉറപ്പും കരുത്തുമുണ്ടായിരുന്നു അദ്ദേഹത്തിന്.

ആര്യാടൻ ഉണ്ണീന്റെയും കദിയുമ്മയുടെയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മെയ്‌ 15നാണ് ജനനം. ദേശീയ രാഷ്ട്രീയം തളിച്ചുമറിയുന്ന ആ കുട്ടിക്കാലം ആര്യാടന്റെ ഓർമ്മയിൽ ഉണ്ട്. നിലമ്പൂർ ഗവ.മാനവേദൻ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. രാഷ്ട്രീയംപോലെ ഫുട്ബോളിനൊപ്പം ക്രിക്കറ്റിനോടും വലിയ കമ്പം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1962വണ്ടൂരിൽ നിന്ന് കെപിസിസി അംഗം. 1969ൽ മലപ്പുറം ജില്ല രൂപവൽക്കരിച്ചപ്പോൾ ഡിസിസി പ്രസിഡന്റായി. 1978മുതൽ കെപിസിസി സെക്രട്ടറിയായി പ്രവർത്തിച്ചു. 1965ലും, 67ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മത്സരിച്ചെങ്കിലും കെ.കുഞ്ഞാലിയോട് തോറ്റു. പക്ഷേ അതിനുശേഷം അദ്ദേഹം തിരിഞ്ഞുനോക്കിയിട്ിടല്ല.

പി.വി.മറിയുമ്മയാണ് ഭാര്യ. മക്കൾ: അൻസാർ ബീഗം, ആര്യാടൻ ഷൗക്കത്ത് , കദീജ, ഡോ.റിയാസ് അലി(പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ദൻ). മരുമക്കൾ: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, മസ്‌കറ്റ്), മുംതാസ് ബീഗം, ഡോ.ഉമ്മർ (കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റൽ, ന്യൂറോളജിസ്റ്റ്), സിമി ജലാൽ. ആര്യാടന്റെ പാത പിന്തുടർന്ന് മകൻ ആര്യാടൻ ഷൗക്കത്ത് സജീവമായി രാഷ്ട്രീയ രംഗത്ത് ഉണ്ട്.

കുഞ്ഞാലി വധത്തിൽ 9മാസം ജയിലിൽ

ആര്യാടൻ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്ന സിപിഎമ്മിന്റെ കരിസ്മാറ്റിക്ക് നേതാവും, തൊഴിലാളികളുടെ കണ്ണിലുണ്ണിയുമായ സഖാവ് കുഞ്ഞാലിയുടെ കൊലപാതകം. ഏറനാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിടുകയും നിലമ്പൂരിന്റെ പ്രഥമ എംഎ‍ൽഎ.യുമായിരുന്നു സഖാവ് കെ കുഞ്ഞാലി എന്ന പേരിൽ അറിയപ്പെടുന്ന കരിക്കാടൻ കുഞ്ഞാലി.

1969 ജൂലൈ 28നാണ് കുഞ്ഞാലി മരിച്ചത്. മേഖലയിൽ തുടർച്ചയായി നിലനിന്നിരുനന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഒടുവിയാണ് ഈ സംഭവവും. നിലമ്പുർ ചുള്ളിയോട്ടെ കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് പാർട്ടി ഓഫിസുകൾ റോഡിന് ഇരുവശവും മുഖാമുഖമാണ്. ഇവിടെയാണ് സംഘർഷം ഉണ്ടായത്. രണ്ടു പാർട്ടി ഓഫിസുകളിലും ആളുകൾ കൂടിയിട്ടുണ്ട്. കോൺഗ്രസ് പാർട്ടി നേതാവായി ആര്യാടനും കമ്യൂണിസ്റ്റു പാർട്ടിയുടെ നേതാവായി കുഞ്ഞാലിയുമുണ്ട്.

സംഭവത്തെക്കുറിച്ച് സിപിഎം നേതാവ് ഇ കെ ഇമ്പിച്ചിബാവ ഇങ്ങനെയാണ് എഴുതിയത്. ''എഐടിയുസിയിൽ സഹകരിക്കാൻ തീരുമാനിച്ച തോട്ടം മുതലാളിക്കും ചില തൊഴിലാളികൾക്കും എതിരെ ഐഎൻടിയുസി നേതാക്കൾ തിരിഞ്ഞതായിരുന്നു സംഘർഷത്തിന്റെ മൂലകാരണം.പാർട്ടി പ്രവർത്തകരെക്വാർട്ടേഴ്സിൽ കയറി അടിക്കും എന്നൊക്കെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘടിച്ചിരുന്നത്. തിരിച്ചടിക്കാൻ എതിരാളികളും ഒത്തുകൂടി. രാത്രി പത്തുമണി കഴിഞ്ഞിട്ടും കാര്യമായി ഒന്നും സംഭവിക്കുന്നില്ല. ഇതോടെ മടങ്ങാൻ തീരുമാനിച്ച് പാർട്ടി ഓഫിസിൽ നിന്ന് ഇറങ്ങുന്നു. തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകും എന്നതിലുപരി തോക്കുമായി ഒരാൾ അവിടെ എത്തുമെന്ന് പാർട്ടി പ്രവർത്തർ ആരും നിനച്ചിട്ടുമില്ലായിരുന്നു. ഈ സമയം കോൺഗ്രസ് ഓഫിസിൽ നിന്ന് ഒരു ടോർച്ചടിയുണ്ടാകുന്നു. അപ്പോൾ തന്നെ പ്രകോപിതനാകുന്നതാണ് കുഞ്ഞാലിയുടെ പ്രകൃതം. 'ആരാടാ' എന്നു കുഞ്ഞാലി ചോദിച്ചു തീരുന്നതിനു മുമ്പ് വെടിയുണ്ട പതിച്ചു. ആളെ തിരിച്ചറിയാനായിരുന്നു ആ ടോർച്ചടിക്കൽ എന്നു പിന്നീടാണ് മനസിലായത്.

ആര്യാടൻ ഉൾപ്പടെയുള്ളവരാണ് തന്നെ വെടിവച്ചതിനു പിന്നിൽ എന്ന് മരണക്കിടക്കയിൽ അദ്ദേഹം മൊഴി നൽകി. കുഞ്ഞാലിയുടെ മുറിവു പരിശോധിച്ച ഡോക്ടർമാർ വെടിയേറ്റത് കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്നുള്ള പാർട്ടി ഓഫിസിൽ നിന്നല്ല എന്നു സ്ഥിരീകരിച്ചു. താഴെ നിന്ന ആരോ വെടിവച്ചതായിരുന്നു. അതുകൊണ്ടു തന്നെ പാർട്ടി ഓഫിസിലുണ്ടായിരുന്ന, കേസിൽ ഒന്നാം പ്രതിയായ ആര്യാടൻ മുഹമ്മദ് ഉൾപ്പടെയുള്ളവരെ കോടതി വെറുതെ വിടുകയാണ് ഉണ്ടായത്''. കുഞ്ഞാലിയെ വെടിവെച്ചു എന്ന് കരുതപ്പെടുന്ന ഗോപാലൻ എന്ന കോൺഗ്രസ് അനുഭാവിയെ 1971 ഫെബ്രുവരി 12ന് സിപിഎം പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയിരുന്നു.

ഒമ്പത് മാസമാണ് കുഞ്ഞാലി കേസിൽ ആര്യാടൻ ജയിലിൽ കിടന്നത്. അവസാന കാലത്ത് നൽകിയ ഒരു അഭിമുഖത്തിലും, കുഞ്ഞാലിയെ വധിച്ചതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ആര്യാടൻ വെളിപ്പെടുത്തിയിരുന്നു. ''കുഞ്ഞാലിയുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് എന്നത് അല്ലാതെ അദ്ദേഹത്തോട് എനിക്ക് വൈരാഗ്യം ഒന്നും ഉണ്ടായിരുന്നില്ല. കേസിൽ ഞാൻ പ്രതിയല്ലെന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ നേതാക്കൾക്കും നന്നായി അറിയാം. അതുകൊണ്ടാണെല്ലോ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. പിന്നീട് നിലമ്പൂരിൽ ഞാൻ സിപിഎമ്മിന്റെ പിന്തുണയോടെ മത്സരിച്ച് ജയിച്ചിട്ടുമുണ്ട്. അക്കാലത്തെ ജനരോഷം തണിപ്പിക്കുന്നതിന് വേണ്ടി എന്നെ പ്രതി ചേർക്കായായിരുന്നു. പക്ഷേ നിരപരാധിയാണെന്ന് പൂർന്ന വിശ്വാസം ഉള്ളതുകൊണ്ട് ഞാൻ ഭയന്നില്ല.''- ആര്യാടൻ പറയുന്നു.

നിലമ്പൂരിന്റെ സ്വന്തം എം എൽഎ

സിപിഎമ്മിന്റെ കോട്ടയായ നിലമ്പൂരിനെ കോൺഗ്രസിന്റെ പാളയത്തിൽ എത്തിച്ചതിന് പിന്നിൽ ആര്യാടന്റെ തലയെടുപ്പ് മാത്രമായിരുന്നു. 77ൽ നിലമ്പൂരിൽനിന്ന് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തി. ഇതോടെ ഇടതു സ്വാധീനമേഖലയായിരുന്ന നിലമ്പൂരിന്റെ ചരിത്രം മാറുകയായിരുന്നു. 1980ൽ എ ഗ്രൂപ്പ് ഇടതുമുന്നണിയുടെ ഭാഗമായതോടെ ആര്യാടനും മുന്നണി മാറി. പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വർഷം എംഎൽഎ ആകാതെ ഇടത് മുന്നണി മന്ത്രിസഭയിൽ വനം തൊഴിൽ മന്ത്രിയായി.

തുടർന്ന് ആര്യാടന് വേണ്ടി സി.ഹരിദാസ് നിലമ്പൂരിൽ എംഎൽഎ സ്ഥാനം ഒഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ, മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ചു. 1982ൽ ടി.കെ.ഹംസയോട് തോൽക്കുകയും ചെയ്തു. തുടർന്നിങ്ങോട്ട് 1987മുതൽ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആര്യാടനായിരുന്നു ജയം. 1995ൽ ആന്റണി മന്ത്രിസഭയിൽ തൊഴിൽ ടൂറിസം മന്ത്രിയായി. 2005ലും, 2001ലും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു.

1980ൽ തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും, കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി. 2005ൽ വൈദ്യുതി മന്ത്രിയായിരിക്കെ ആർജിജിവൈ പദ്ധതിയിൽ മലയോരങ്ങളിൽ വൈദ്യുതി എത്തിച്ചു. 2011ൽ മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പദ്ധതികൾ നടപ്പാക്കി. ഉൾവനത്തിൽ ആദിവാസികൾ കോളനികളിലും വൈദ്യുതി എത്തിക്കാനും അദ്ദേഹം മുൻകൈ എടുത്തു.

എ പിയെ കുട്ടുപിടിച്ച് ലീഗിനെതിരെ

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ. മൊയ്തു മൗലവി തുടങ്ങിയ ദേശീയ മുസ്ലിം കോൺഗ്രസ് ധാരയുടെ മുൻനിരയിൽ ആര്യാടനുണ്ടായിരുന്നു. സുന്നി വിഭാഗത്തിലെ ഇ.കെ വിഭാഗത്തെ കൂട്ടുപിടിച്ചും പാണക്കാട് തങ്ങന്മാരെ മുന്നിൽനിർത്തിയുമുള്ള ലീഗിന്റെ രാഷ്ട്രീയതന്ത്രങ്ങളെ നേരിടാൻ അദ്ദേഹം ശ്രമിച്ചു.

ലീഗിലേക്ക് ചാഞ്ഞുനിൽക്കുന്ന മലപ്പുറം മനസ് തിരിച്ചറിഞ്ഞ് അതിന്റെ നേർ എതിർ ദിശയിലായിരുന്നു തുടക്കംതൊട്ടേ ആര്യാടന്റെ രാഷ്ട്രീയ ജീവിതം. മലപ്പുറം ജില്ലാ രൂപീകരണം തൊട്ട് തുടങ്ങുന്നു അത്. അന്ന് മലപ്പുറത്ത് നടന്ന ജില്ലാ രൂപീകരണ വിരുദ്ധ സത്യഗ്രഹത്തിന്റെ മുൻനിരയിൽ ആര്യാടനുണ്ടായിരുന്നു. മലപ്പുറം ജില്ല വന്നാൽ അതൊരു കുട്ടിപ്പാക്കിസ്ഥാനാകുമെന്നായിരുന്നു അദ്ദേഹമടക്കം കോൺഗ്രസ് നേതൃത്വം പരസ്യമായി വ്യക്തമാക്കിയ നിലപാട്. പിന്നീടങ്ങോട്ട് ഓരോ ഘട്ടത്തിലും ലീഗിനും മലപ്പുറത്തെ യു.ഡി.എഫ് സംവിധാനത്തിനകത്ത് ആര്യാടൻ തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. ഏറ്റവുമൊടുവിൽ മലപ്പുറം നഗരസഭയെ കോർപറേഷനാക്കാനുള്ള ലീഗിന്റെ മോഹം തകർത്തതും ആര്യാടനായിരുന്നുവെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഇത് നിഷേധിക്കുന്നുണ്ട്.

എന്നാൽ, മറുവശത്ത് ലീഗ് വിരുദ്ധ മനോഭാവം കൊണ്ടുനടക്കുന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി സഖ്യം ചേർന്ന് പുതിയ രാഷ്ട്രീയ നയതന്ത്രവും ആരംഭിച്ചു. മലപ്പുറത്തടക്കം മലബാറിൽ ലീഗിനെ വിട്ടുപിടിച്ച് മുസ്ലിം ബെൽറ്റിൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കമായിരുന്നു അത്. പലതവണ തെരഞ്ഞെടുപ്പുകളിൽ കാന്തപുരം വിഭാഗവും ആര്യാടനും തമ്മിൽ ധാരണയുണ്ടായി. കാന്തപുരത്തിന്റെ സ്വപ്നപദ്ധതിയായ നോളജ് സിറ്റിയിലും മർക്കസിലുമടക്കം ആര്യാടൻ പലപ്പോഴും പ്രത്യേക ക്ഷണിതാവായും എത്തി. ആ ബന്ധത്തിന്റെ തുടർച്ചയായാണ് കഴിഞ്ഞ മാസം കാന്തപുരം അബൂബക്കർ മുസ്ലിയാർ ആര്യാടനെ വീട്ടിലെത്തി സന്ദർശിച്ചത്. ആര്യാടന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് കാൽമണിക്കൂർ നേരമാണ് അന്ന് അദ്ദേഹം നിലമ്പൂരിലെ വീട്ടിൽ തങ്ങിയത്.

പാണക്കാട് തങ്ങൾ ആത്മീയ നേതാവല്ല

മുന്നണിക്ക് അകത്ത് നിന്നുകൊണ്ട് മുസ്ലിം ലീഗിനെ നിരന്തരം വെല്ലുവിളിച്ച നേതാവ് ആയിരുന്നു ആര്യാടൻ മുഹമ്മദ്. മുസ്ലിം ലീഗിന് മാത്രമല്ല എസഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള മതമൗലികവാദികളുടെ കണ്ണിലെ കരാടായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിക്കെതിരെ അതി ശക്തമായ കാമ്പയിൻ ആണ് ആര്യാടൻ നടത്തിയത്. ജമാഅത്ത് ആകട്ടെ വോട്ട് എൽഡിഎഫിന് മറിച്ചുകൊടുത്തുപോലും ആര്യാടനെ മലർത്തിയടിക്കാൻ ശ്രമിച്ചു. ശരീയത്ത് വിവാദത്തിലും ഷാബാനുകേസിലും എല്ലാം അദ്ദേഹം പുരോഗമന പക്ഷത്തിന് ഒപ്പമായിരുന്നു. ഇന്ത്യൻ മുസ്ലീങ്ങൾക്ക് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ സംഘടനകൾ ആവശ്യമില്ല എന്ന് അദ്ദേഹം ഒരു ഇംഗ്ലീഷ് പത്രത്തിന്റെ അഭിമുഖത്തിനിടെ പറഞ്ഞതും വലിയ വിവാദമായി.

മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗിനെ വിമർശിക്കാൻ അദ്ദേഹം ഒരിക്കലും മടി കാണിച്ചിട്ടില്ല. ഇതിന്റെ പേരിൽ ലീഗിൽ നിന്ന് കടുത്ത വിമർശനമുണ്ടായിട്ടും അദ്ദേഹം നിലപാടുകളിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. പാണക്കാട് തങ്ങളേയും വിമർശിച്ചു. അത് ലീഗിന് കൊള്ളുകയും ചെയ്തു. പാണക്കാട് ആത്മീയ നേതാവല്ലെന്നും ലീഗിന്റെ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം രാഷ്ട്രീയ നേതാവാണെന്നും വിശദീകരിച്ചു. അതും വലിയ വിവാദം ഉണ്ടാക്കിയിരുന്നു.ലീഗിനകത്തുനിന്നും സമുദായത്തിനകത്തുനിന്നും വലിയ തോതിൽ പ്രതിഷേധമുയർന്നിട്ടും ആര്യാടൻ കുലുങ്ങിയില്ല. തന്റെ നേതാവ് സോണിയാ ഗാന്ധിയാണെന്നും ശിഹാബ് തങ്ങളല്ലെന്നും രാഷ്ട്രീയ നേതാവായ തങ്ങൾ വിമർശനത്തിന് അതീതനല്ലെന്നുമായിരുന്നു ഒരു തവണ ആര്യാടൻ ഉയർത്തിയ വാദം.

ഇതേ ശൈലി തന്നെ മകൻ ആര്യാടൻ ഷൗക്കത്തും പിന്തുടർന്നു. സിനിമകളിലൂടെ മാത്രമല്ല പരസ്യമായും സമുദായത്തിനകത്തെ മതനേതൃത്വത്തെ ഷൗക്കത്തും ചോദ്യംചെയ്തു. ശിഹാബ് തങ്ങൾ ആത്മീയവാണിഭം നടത്തുന്നുവെന്നും പാണക്കാട്ട് റെയ്ഡ് നടത്തണമെന്നും ആവശ്യപ്പെട്ട് ഷൗക്കത്ത് പരസ്യമായി രംഗത്തെത്തിയത് അങ്ങനെയാണ്. യു.ഡി.എഫിനകത്ത് തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച പ്രസ്താവനയ്ക്ക് ആര്യാടന്റെ പിന്തുണയുമുണ്ടായിരുന്നു. ഒടുവിൽ കോൺഗ്രസ് നേതാക്കൾ പാണക്കാട്ടെ തറവാട്ടിൽ നേരിട്ടെത്തിയാണ് പ്രശ്‌നങ്ങൾ ഒരുവിധം പറഞ്ഞവസാനിപ്പിച്ചത്.

അതുപോലെ എക്കാലവും ആന്റണിക്കൊപ്പം ഉറച്ചു നിന്ന നേതാവാണ് ആര്യാടൻ. എൺപതുകളിൽ കെ കരുണാകരനാണ് കോൺഗ്രസിലെ എല്ലാം എല്ലാം. ആന്റണിയും കൂട്ടരും പാർട്ടി വിട്ട് പോയ ശേഷം തിരിച്ചെത്തിയെങ്കിലും ലീഡർ കരുത്ത് തുടർന്നു. പാർട്ടി വേദികളിൽ ലീഡറോട് കൊമ്പു കോർക്കാൻ ആര്യാടനെ ഉണ്ടായിരുന്നുള്ളൂ. ചെയ്യുന്ന തെറ്റുകളെ അദ്ദേഹം മുഖത്ത് നോക്കി പറഞ്ഞു. ഇതിന്റെ പ്രതിഫലനമായിരുന്നു കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ വളർച്ച. ആന്റണിയും ഉമ്മൻ ചാണ്ടിയും കഴിഞ്ഞാൽ ആ ഗ്രൂപ്പിലെ ഏറ്റവും പ്രധാനി ഒരു കാലത്ത് ആര്യാടനായിരുന്നു.

മലബാർ കലാപത്തിൽ നടന്നത് ഹിന്ദുവേട്ട

മലപ്പുറത്തിന്റെ സംഘടിതമായ മുസ്ലിം വോട്ടുബാങ്കിനെ ഒരിക്കലും ഭയപ്പെടാത്ത നേതാവ് ആയിരുന്നു ആര്യാടൻ. വിഭജനകാലത്ത ജില്ലയിൽ നിലനിന്നിരുന്ന പാക്കിസ്ഥാൻ വാദം അദ്ദേഹം സധൈര്യം ആഞ്ഞടിക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എഡ്ഡിപിഐക്കാരും, ജമാഅത്തെ ഇസ്ലാമിക്കാരും, അദ്ദേഹം സംഘപരിവാറിന് വളമെടുന്ന നേതാവ് എന്ന രീതിയിൽ വിമർശിച്ചു. പക്ഷേ ഒരു സോഷ്യൽ എഞ്ചിനീയറിങ്ങ് ശ്രദ്ധേയമാണ്. നിലമ്പൂരിൽ ആര്യാടൻ മത്സരിക്കുമ്പോൾ ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ അദ്ദേഹത്തിന് അനുകൂലമായി വീഴാറുണ്ട്. ആര്യാടൻ മാറിയതിനുശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പിലും നിലമ്പൂരിൽ കോൺഗ്രസിന് വിജയിക്കാൻ ആയില്ല. ഇപ്പോൾ ഇടതുസ്വതന്ത്രൻ പി വി അൻവർ ആണ് നിലമ്പൂരിന്റെ എംഎൽഎ.

ആര്യാടന്റെ പല അഭിമുഖങ്ങളും അടിച്ചുവെച്ചശേഷം പിൻ വലിച്ച അനുഭവം പോലുമുണ്ട്. മലബാർ കലാപത്തെക്കുറിച്ച് ഇഎംഎസ് അടക്കം ഉണ്ടാക്കിവെച്ച കർഷകലാപം നരേറ്റീവുകൾ പൊളിക്കുന്ന രീതിയിൽ ആയിരുന്ന ആര്യാടന്റെ നിലപാടുകൾ. 1921ലെ മാപ്പിള ലഹളയിൽ ഹിന്ദുക്കൾക്കെതിരെ വ്യാപകമായ അക്രമവും കൊലയും ഉണ്ടായെന്നും, നിലമ്പൂരിൽ ഇന്ത്യയിൽ ആദ്യമായി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ യോഗം നടന്നതും, ആനിബസന്റ് ഉൾപ്പെടുയുള്ളവർ മലബാർ കലാപത്തെക്കുറിച്ച് എഴുതിയതും ആര്യാടൻ പരസ്യമായി പറയാറുണ്ടായിരുന്നു.

അതുപോലെ തന്നെ ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷം കേരളം ശാന്തമായിരുന്നുവെന്നും, അതിന് കാരണം മുസ്ലിം ലീഗ് ആണ് എന്നുമുള്ള അവകാശവാദങ്ങളും പൊളിച്ചത്, ആര്യാടൻ ആയിരുന്നു. കേരളത്തിലും ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഉണ്ടായിരുന്നുവെന്നും, മലപ്പുറത്ത് ചില ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ട കഥയും അദ്ദേഹം എടുത്തുപറയാറുണ്ട്. പക്ഷേ ഈ പറച്ചിൽ കോൺഗ്രസിനുള്ളിലും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. പക്ഷേ ആര്യാടനോട് അത് തുറന്നുപറയാൻ ആർക്കും ധൈര്യം ഉണ്ടായില്ല എന്ന് മാത്രം. ഇനി ആരുപറഞ്ഞാലും അദ്ദേഹം വഴങ്ങുകയുമില്ല എന്നത് വേറെ കാര്യം.

വിശ്വാസിയായത് ഈയടുത്ത കാലത്ത്

ഇസ്ലാമിനെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടായിരുന്നു, ആദ്യകാലത്ത് അദ്ദേഹത്തിന്റെ പ്രവർത്തനം. പണ്ട് നോമ്പുകാലത്ത് ഒരു കടയിൽ കയറി പരസ്യമായി ചായ കുടിച്ചതിന്റെ പേരിൽ ചിലർ കയർത്ത് അദ്ദേഹം പറയാറുണ്ട്. 'എനിക്ക് എന്റെ രീതി നിനക്ക് നിന്റെ രീതി' എന്നായിരുന്നു ആര്യാടന്റെ മറുപടി. അതുപോലെ പണ്ട് മുസ്ലീങ്ങൾക്കടിയിൽ വലിയ പാപമായിരുന്നു നോമ്പുകാലത്തെ ബീഡിവലി. എന്നാൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ കഴിഞ്ഞ് ആര്യാടൻ ടൗണിലൂടെ കൂളായി ബീഡിയും വലച്ചുപോവും!

പക്ഷേ ഒരു നിരീശ്വരവാദിയായി അറിയപ്പെടാനും ആര്യാടൻ ആഗ്രഹിച്ചില്ല. മതം എന്നത് ഒരു സ്വകാര്യത മാത്രം ആവണം എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആദ്യകാലത്തൊക്കെ എംഎൽഎയും മന്ത്രിയുമായി തെരഞ്ഞെടുക്കുമ്പോൾ അദ്ദേഹം ദൈവം നാമം ഒഴിവാക്കി ദൃഢപ്രതിഞ്ജയായിരുന്നു എടുക്കാറുള്ളത്. എന്നാൽ 2011ൽ മന്ത്രിയായപ്പോൾ അദ്ദേഹം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ഇതും വാർത്തയായിരുന്നു.

എന്നാൽ അവസാന കാലത്ത് ചില മാറ്റങ്ങൾ അദ്ദേഹത്തിന്റെ ജീവിത ശൈലിയിൽ കണ്ടിരുന്നു. മക്കയിൽപോയി ഹജ്ജ് ചെയ്യുകയും വിശ്വാസത്തിലേക്ക് തിരികെ വരികയും ചെയ്തിരുന്നു. .ഈ ലോകം മുഴുവൻ സൃഷ്ടിച്ച് നിലനിർത്തുന്ന ഒരു പ്രപഞ്ച ശക്തിയെക്കുറിച്ചാണ് അദ്ദേഹം പിന്നീട് പറയാറുള്ളത്. '' മതങ്ങളും പുരോഹിതന്മാരും ഒന്നുമല്ല, ഈ ലോകത്തെ മാറ്റിമറിച്ചത്. വ്യത്യസ്തമായി ചിന്തിക്കാൻ കഴിയുന്ന മനുഷ്യരാണ്. മനുഷ്യസ്നേഹത്തിന് അപ്പുറം ആവരുത് യാതൊരു മത വിധികളും''- വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ വന്നുകണ്ട ചില പ്രവർത്തകർക്ക് അദ്ദേഹം നൽകിയ ഉപദേശം അതായിരുന്നു. അതുകൊണ്ടുതന്നെ മതേതര കേരളത്തിലും തീരാത്ത നഷ്ടമാണ് ആര്യാടന്റെ വിയോഗം.

വാൽക്കഷ്ണം: ഇതോടെ മലപ്പുറത്തെ കോൺഗ്രസിന്റെ നില ഒന്നുകൂടി പരുങ്ങലിൽ ആയിരിക്കയാണ്. കാരണം മുസ്ലിം ലീഗിന് മുന്നിൽ മുട്ടിടിക്കാതെ, ചങ്കുറപ്പോടെ വർത്തമാനം പറയാൻ കഴിയുന്ന ഏക നേതാവാണ് കടന്നുപോവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP