Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഗുവാഹത്തിയിലെ ബ്രാഹ്മണ കുടുംബത്തിൽ ജനനം; പിതാമഹൻ കോൺഗ്രസ് നേതാവും അമ്മയുടെ അച്ഛൻ കമ്യൂണിസ്റ്റും; ഓക്സ്ഫോർഡിലും കേംബ്രിഡ്ജിലും പഠിച്ച് ടെലഗ്രാഫിൽ തുടക്കം; അഴിമതിവിരുദ്ധ പേരാളിയായി തുടങ്ങി ഇപ്പോൾ മോദിയുടെ മൗത്ത് പീസ്; 'ക്വട്ടേഷൻ ജേർണലിസത്തിലൂടെ' വിവാദ നായകൻ; പുതിയ കുരുക്കായി ടിആർപി വിവാദം; 1500 രൂപയിൽ തുടങ്ങി 1500 കോടിയുടെ മാധ്യമ സാമ്രാജ്യത്തിലേക്ക്; വിവാദ മാധ്യമ പ്രവർത്തകൻ അർണോബ് ഗോസ്വാമിയുടെ ജീവിത കഥ

ഗുവാഹത്തിയിലെ ബ്രാഹ്മണ കുടുംബത്തിൽ ജനനം; പിതാമഹൻ കോൺഗ്രസ് നേതാവും അമ്മയുടെ അച്ഛൻ കമ്യൂണിസ്റ്റും; ഓക്സ്ഫോർഡിലും കേംബ്രിഡ്ജിലും പഠിച്ച് ടെലഗ്രാഫിൽ തുടക്കം; അഴിമതിവിരുദ്ധ പേരാളിയായി തുടങ്ങി ഇപ്പോൾ മോദിയുടെ മൗത്ത് പീസ്; 'ക്വട്ടേഷൻ ജേർണലിസത്തിലൂടെ' വിവാദ നായകൻ; പുതിയ കുരുക്കായി ടിആർപി വിവാദം; 1500 രൂപയിൽ തുടങ്ങി 1500 കോടിയുടെ മാധ്യമ സാമ്രാജ്യത്തിലേക്ക്; വിവാദ മാധ്യമ പ്രവർത്തകൻ അർണോബ് ഗോസ്വാമിയുടെ ജീവിത കഥ

എം മാധവദാസ്

ക്വട്ടേഷൻ ജേർണലിസം, ഹിറ്റ് ജേർണലിസം... ഈ വാക്കുകൾ ഇന്ത്യൻ മാധ്യമ ലോകത്തിന് പരിചിതമാവുന്നത് ഒരു യുവാവിന്റെ അലർച്ചകളും, മുരൾച്ചകളും, ആക്രാശങ്ങളും ടെലിവിഷൻ ചാനലുകളിലുടെ പരിചിതമായതോടെയാണ്. അതാണ് അർേണാബ് ഗോസ്വാമി. ഒരാളെ തീർക്കാൻ തുനിഞ്ഞ് ഇറങ്ങിയാൽ, തെളിവുകൾ എന്തുതന്നെയായാലും, വസ്തുകൾ എങ്ങനെ മാറിമറിഞ്ഞാലും വാക്കുകൾ കൊണ്ട് അമ്മാനമാടി താൻ ഉദ്ദേശിച്ചകാര്യം നടപ്പാക്കുന്ന വ്യക്തി.

ഇന്ന് ഇന്ത്യൻ മാധ്യമലോകത്തെ ഏറ്റവും വിവാദ പുരഷനും, അസമിൽ നിന്ന് വെറും കൈയോടെ പത്രപ്രവർത്തനത്തിന് ഇറങ്ങി കോടീശ്വരനായ ഈ 46കാരനാണ്. പ്രണബ്റോയും,ബർക്ക ദത്തും, രാജദീപ്സർ ദേശായിയും, കർണഥാപ്പറുമൊക്കെ അടക്കവാണ ഇന്ത്യൻ പത്രപ്രവർത്തന മേഖലയിലേക്ക്, അഴിമതിക്കെതിരായ ശബ്ദമായാണ് അർണോബ് ഗോസ്വാമിയുടെ തുടക്കവും. രണ്ടാം യുപിഎ സർക്കാറിന്റെ കാലത്തെ അഴിമതിക്കെതിരെ ആഞ്ഞടിച്ച ആ ശബ്ദം ഇപ്പോൾ മോദിക്കുവേണ്ടി പിആർ വർക്ക് നടത്തുന്നുവെന്നതിന്റെ പേരിൽ വ്യാപകമായി വിമർശിക്കപ്പെടുകയാണ്.

ചാനലുകളിൽ വ്യക്തികളെ അതിഥികളായി വിളിച്ചുകൊണ്ടുവന്ന്, തനിക്ക് പറയാനുള്ളത് വയറു നിറച്ച് കൊടുത്തശേഷം തിരച്ച് പറയാൻ സമ്മതിക്കാതെ വായമൂടുന്ന അർണോബ് ശൈലിയും ഏറെ വിമർശിക്കപ്പെട്ടു. നമ്മുടെ വിനുവും വേണുവും ഷാനിയുമൊന്നും അർണോബിനുമുന്നിൽ ഒന്നുമല്ല. ഇറങ്ങിപ്പോയും നടുവിരൽ ഉയർത്തിയും ചർച്ചക്കിടെ പ്രതിഷേധിച്ചവരും ഒട്ടേറെ. ക്വട്ടേഷൻ ജേർണലിസത്തിന്റെ പേരിൽ കോടതി കേസുകളും പിഴകളും മുമ്പും നിരവധി തവണ അർേണാബിനും അദ്ദേഹത്തിന്റെ റിപ്പബ്ലിക്ക് ടീവിക്കും എതിരെ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ സമാനതകൾ ഇല്ലാത്ത മറ്റൊരു വിവാദമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്.

ടിആർപി റേറ്റിങ്ങിനായി ഉപഭോക്താക്കൾക്ക് കാശ് അങ്ങോട്ട് കൊടുത്ത് തട്ടിപ്പ് നടത്തിയെന്നതിന്റെ പേരിൽ അർണോബ് വീണ്ടും വാർത്തകളിൽ നിറയുന്നു.

ആറാംക്ലാസിൽ തൊട്ട് ഡിബേറ്റർ

1973 ഒക്ടോബർ 9 നു അസ്സാമിലെ ഗുവാഹത്തിയിലെ പ്രമുഖ ബ്രാഹ്മണ കുടംബത്തിലാണ് അർണോബ് ജനിച്ചത്. ഗോസ്വാമി എന്നത് കുടുംബപ്പേരാണ്. അദ്ദേഹത്തിന്റെ കുടുംബം അസ്സാമിലെ പ്രശസ്തമായ അഭിഭാഷക കുടുംബങ്ങളിലൊന്നായിരുന്നു. മുത്തഛൻ രജനികാന്ത ഗോസ്വാമി അഭിഭാഷകനും, സ്വാതന്ത്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്നു. അമ്മയുടെ അച്ഛൻ ഗൗരി ശങ്കർ ഭട്ടാചാര്യ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും ആസ്സാമിലെ നിയമസഭയുടെ പ്രതിപക്ഷനേതാവുമായിരുന്നു. അസ്സാം സാഹിത്യ സഭയുടെ പുരസ്‌കാരം ലഭിച്ചിട്ടുള്ള ആളാണദ്ദേഹം.

അമ്മാവൻ സിദ്ധാർത്ഥ ഭട്ടാചാര്യ, കിഴക്കൻ ഗുവാഹട്ടിയിൽ നിന്ന് ബിജെപി.യെ പ്രതിനിധീകരിച്ച സാമാജികനായിരുന്നു. സർബാനന്ദ സൊനോവാൽ സ്ഥാനമേൽകുന്നതു വരെ അദ്ദേഹം ബി.െപി പാർട്ടിയുടെ അസാം വിഭാഗത്തിന്റെ നേതാവുംകൂടിയായിരുന്നു.മറ്റൊരു അമ്മാവനായ ദിനേശള ഗോസ്വാമി സോഷ്യലിസ്റ്റ ആയിരുന്നു. കുറച്ചുകാലം വിപി സിങ്ങ് സർക്കാറിൽ നിയമന്ത്രിയായിരുന്നു അദ്ദേഹം. അതായത് വ്യത്യസ്തമായ രാഷ്ട്രീയ ധാരയിൽ പ്രവർത്തിക്കുന്ന ബന്ധുക്കളുടെ ഇടയിൽ ആയിരുന്നു ഗോസ്വാമിയുടെ ബാല്യം. അർണബിന്റെ അച്ഛൻ ഇന്ത്യൻ സൈന്യത്തിൽ കേണലായി വിരമിച്ചു. അമ്മ സുപ്രഭ വീട്ടമ്മയായിരുന്നു. അച്ഛൻ ബിജെപി അംഗവും 1998 ൽ ലോക സഭാ തിരഞ്ഞെടുപ്പിൽ ഗുവാഹത്തിയിൽ നിന്ന് മത്സരിച്ചിട്ടുള്ളയാളുമാണ്.

പിതാവ് സൈന്യത്തിലായിരുന്നതിനാൽ അർണോബ് ഇന്ത്യയിലെ പല സ്‌കൂളുകളിലുമായാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതുകൊണ്ടുതന്നെ തന്റെ സ്ുകുൾ സൗഹൃദങ്ങൾ മുറിഞ്ഞുപോയി എന്ന് അർണോബ് പിന്നീട് പറഞ്ഞിരുന്നു. പ്രസഗവും ചർച്ചയും ആ കുട്ടിയുടെ ഇഷ്ടവിഷയങ്ങൾ ആയിരുന്നു. ആറം ക്ലാസ് മുതൽ തന്നെ സ്‌കൂളിലെ പ്രതിനിധീകരിച്ച് ഡിബേറ്റ് കോൺടസ്റ്റുകളിൽ അർണബ് പങ്കെടുത്ത് വജയിയായി. പഠനത്തിലും മിടുക്കനായിരുന്നു അദ്ദേഹം. ഡൽഹി കന്റോൺമെന്റിലെ മൗണ്ട് സെന്റ് മേരീസ് സ്‌കൂളിൽനിന്നും, ജബൽപ്പൂർ കേന്ദ്രീയ വിദ്യാലയത്തിൽനിന്നും നടത്തിയ ഡിബേറ്റുകൾ ഇന്നും തന്റെ മനസ്സിലുണ്ടെന്ന് അർണബ് വെളിപ്പെടുത്തിയിരുന്നു.

ഡൽഹി യൂനിവേഴ്സിറ്റിയിലെ ഹിന്ദു കോളേജിൽ നിന്ന് സോഷ്യോളജിയിൽ ഹോണേർസ് ബിരുദം കരസ്ഥമാക്കി. 1994 ൽ ഓക്സ്ഫോർഡിലെ സെന്റ് ആന്റണീസ് കോളേജിൽ നിന്നും സാമൂഹിക നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി.200ൽ കേംബ്രിഡ്ജ് സർവകലാശാലയുടെ സിഡ്നി സസ്സെക്സ് കോളേജിലും പഠിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ഒരു ഡിബേറ്റർ എന്ന നിലയിൽ അർണാബ് ഗംഭീര പ്രകടനമാണ് കാഴ്ചവവെക്കാറുള്ളത് എന്ന് സുഹൃത്തുക്കൾ ഓർക്കുന്നു. അന്ന് വ്യക്തമായ ഒരു രാഷ്ട്രീയ ചായ്വും അദ്ദേഹത്തിന് ഇല്ലായിരുന്നു. ഒരു ലിബറൽ ഹ്യൂമനിസ്റ്റ് എന്ന പ്രതിഛായയായിരുന്നു. അതുകൊണ്ടുതന്നെ അർണാബ് ഇന്ന് മോദിയുടെ പടവാളാണെന്ന് കേൾക്കുമ്പോൾ പല സഹൃത്തുക്കളും അമ്പരക്കയാണ്. വ്യക്തി ജീവതത്തിൽ ഏറെ ശാന്തനാണ് അദ്ദേഹം.

ഇന്ന് ചാനലുകളിൽ മറ്റുള്ളവർക്ക് സംസാരിക്കാൻ ഇടകൊടുക്കാത്ത രീതിയിലുള്ള വൺ സൈഡ് ജേർണലിസം പ്രമോട്ട് ചെയ്യുന്ന അർണാബ് പക്ഷേ വ്യക്തിജീവിതത്തിൽ നല്ലൊരു കേൾവിക്കാരൻ ആണെന്ന് സഹപാഠികൾ പറയുന്നു. മറ്റുള്ളവരുടെ പ്രശ്നങ്ങൾ ക്ഷമാപൂർവം എത്ര നേരം വേണമെങ്കിലും കേട്ടിരിക്കുന്ന അർണബ് തന്നെയണോ ഇതെന്ന് അവർ ഇപ്പോഴും അമ്പരക്കയാണ്.

1500 രൂപയിൽനിന്ന് 1500 കോടിയുടെ ആസ്തിയിലേക്ക്

ഇന്ന് ഇന്ത്യയിൽ ഏറ്റവും സമ്പത്തുള്ള മാധ്യമ പ്രവർത്തകൻ ആരാണെന്ന് ചോദിച്ചാലുള്ള ഉത്തരവും അർണാബ് എന്നുതന്നെയാണ് ഉത്തരം. കാൽനൂറ്റാണ്ടുമുമ്പ് പ്രശസ്തമായ ടെലഗ്രാഫ് പത്രത്തിൽ ജോലിക്ക് കയറിയപ്പോൾ വെറും 1500 രൂപയായിരുന്നു അദ്ദേഹത്തിൻെ ശമ്പളം.1995 ൽ അർണബ് കൽകത്തയിലെ പ്രശസതമായ ടെലഗ്രാഫിന്റെ ലേഖകനായത്. എന്നാൽ പ്രിന്റ് മീഡിയത്തോടായിരുന്നില്ല, താൻ അടിസ്ഥാമായി ഒരു വിഷ്വൽ ജേർണലിസ്റ്റ് ആണെന്നാണ് അർണാബ് പറച്ചിരുന്നത്. അതുകൊണ്ടുതന്നെ എൻഡിടിവി തുടങ്ങിയപ്പോൾ അദ്ദേഹം അവിടെയെത്തിയതിൽ അത്ഭുദമൊന്നും ആരും കണ്ടില്ല.

അതേ സമയത്ത് ദൂരദർശനിൽ ന്യൂസ് ടുനൈറ്റ് എന്ന വാർത്താ പത്രികയുടെയും അവതരണം ചെയ്തുപ എന്നാൽ പിന്നീട് എൻ.ഡി.ടി.വിയുടെ ന്യൂസ് എഡിറ്റർ സ്ഥാനം ലഭിക്കുകയും സ്ഥാപനത്തിന്റെ സുപ്രധാന അംഗങ്ങിലൽ ഒരാളുവുായും ചെയ്തു. 24 മണിക്കൂറും സംപ്രേഷണം തുടങ്ങിയതോടെ 1998 മുതൽ അദ്ദേഹം പരിപാടികളുടെ നിർമ്മാതാവായി ജോലി നോക്കി. പിന്നീട് എല്ലാ ആഴ്ചയും ന്യൂസ് ഹവർ എന്ന പരിപാടി അവതരിപ്പിച്ചു തുടങ്ങി. സ്യൂസ് ഹവർ ആയിരുന്നു ഇതുവരെ മാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ വാർത്താ അവലോകന പരിപാടി. ഇതാണ് അർണാബിന്റെ കരിയറിൽ ശ്രദ്ധിക്കപ്പെട്ടത്.

എൻ.ഡി.ടി.വിയുടെ ഏറ്റവും കൂടുതൽ പ്രേക്ഷകരുണ്ടായിരുന്ന ന്യൂസ്നൈറ്റിന്റെ അവതാരകനും അദ്ദേഹമായിരുന്നു. 2004 ൽ ഏഷ്യയിലെ ഏറ്റവും മികച്ച വാർത്താാവതാരകനുള്ള പുരസ്‌കാരം നേടിക്കൊടുത്തത് ഈ പരിപാടിയായിരുന്നു. 2006-ൽ തന്റെ ലാവണം ടൈംസ് നൗ എന്ന ചാനലിലേക്ക് മാറ്റിയ അദ്ദേഹം ചാനലിന്റെ എഡിറ്ററായി ഉയർന്നു. ടൈംസ് നൗവിനെ റേറ്റിങ്ങിൽ നമ്പർ വൺ ആക്കിയത് അർണബ് തന്നെയാണ്. പിന്നീട് ടൈസ് നൗ മനേജ്മെന്റുമായി തെറ്റിയ അർണാബ് സ്വന്തമായി റിപ്പബ്ബിക്ക് ടീവി തുടങ്ങിയപ്പോൾ അത് അബദ്ധമാണെന്ന് കരുതിയവർ ഒട്ടേറെയാണ്. പക്ഷേ അവിടെയും അർണാബ് അത്ഭുദങ്ങൾ കാട്ടി. റിപ്പബ്ലിക്ക് റേറ്റിങ്ങിൽ ഒന്നാമതെത്തി.

അതിനുനടത്തിയ കുതന്ത്രങ്ങൾ ആണ് ഇപ്പോൾ വിവാദ വിഷയമായതും അന്വേഷണം നേരിടുന്നതും. ആദ്യം ഏഷ്യാനെറ്റിന്റെ രാജീവ് ചന്ദ്രശേഖറുമായി സഹകരിച്ച് തുടങ്ങിയ റിപ്പബ്ലിക്കിന്റെ ഓഹരികൾ 1200 ഓളം കോടി രൂപ മുടക്കി അർണാബിന്റെ നേതൃത്വത്തിലുള്ള കമ്പനി തന്നെ വാങ്ങി. അനുബന്ധ മാധ്യമങ്ങളുമായി 1500 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കരുതുന്നത്. ഇപ്പോൾ ഒരു കോടി രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം എന്നാണ് അറിയതുന്നത്.

എഴുത്തുകാരൻ ചേതൻ ഭഗത് ഇങ്ങനെ വിലയിരുത്തുന്നു. 'ഞാൻ അർണാബിന്റെ ശൈലിയോട് തരിമ്പും യോജിപ്പുള്ള വ്യകതിയല്ല. പക്ഷേ ഒരു ബിസിനസ് മാൻ എന്ന നിലയിൽ അദ്ദേഹം ഒരു വിജയമാണെന്ന് അംഗീകരിക്കാതെ വയ്യ'.

മന്മോഹന്റെ കാലത്തെ അഴിമതി വിരുദ്ധ പോരാളി

2008ൽ തന്റെ പിതാവ് ബിജെപി സ്ഥാനാർത്ഥിയായി ഇലക്ഷനിൽ മൽസരിക്കുന്നതുവരെ താരതമ്യേനെ നിഷ്പക്ഷനായിരുന്നു അർണബ്. അന്നും തികഞ്ഞ ദേശീയവാദിയായിരുന്നു അദ്ദേഹം. ഇന്ത്യ, ഇന്ത്യ എന്ന് ആർത്തിക്കുമ്പോൾ അർണബിന്റെ കണ്ണുകൾ നിറയും. പാക്കിസ്ഥാൻ എന്ന് പറയുമ്പോൾ രോഷവും. മന്മോഹന്റെ ഭരണകാലത്ത് അഴിമതിവിരുദ്ധ വേഷമായിരുന്നു അർണാബിന്. രണ്ടാം യു.പി.എ ഭരണകാലത്ത് നിരന്തരമായ അഴിമതിക്കഥകൾ പുറത്തെത്തിച്ചു കൊണ്ട് ആ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരിലൊരാളാണ് അർണോബ് ഗോസ്വാമി. ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ മൂവ്‌മെന്റിന് ആവശ്യത്തിന് ഇടം നൽകിക്കൊണ്ട് അർണബ് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി. തനിക്കു ചുറ്റും ഒരു അഴിമതി വിരുദ്ധ പോരാളിയുടെ പരിവേഷവും ഉണ്ടാക്കിയെടുത്തു. നേഷൻ വാണ്ട്സ് ടു നോ എന്ന പരിപാടിയിലൂടെ സ്വയം ഇന്ത്യയുടെ പ്രതിനിധിയായി അർണബ് സ്വയം പ്രതിഷ്ടിച്ചു.

അക്കാലത്തു നടത്തിയ ചാനൽ പ്രകടനങ്ങൾ മോദിയുടെ പബ്ലിക് റിലേഷൻസ് പണിയായിരുന്നുവെന്ന് പിൽക്കാലത്ത് വിമർശനം ഉയർന്നിരുന്നു. ഗുജറാത്ത് കലാപം സൃഷ്ടിച്ച മോശം ഇമേജിൽനിന്ന് നരേന്ദ്ര മോദിയെ വിടുതൽ ചെയ്യിച്ചു മോദി എന്ന ബ്രാൻഡ് സൃഷ്ടിച്ചതിനു പിന്നിലെ തലകളിലൊന്ന് അർണാബിന്റേതാണ്. ഇന്ന് സംഘികളുടെ ചെവികൾക്ക് സംഗീതമാണ് അർണാബിന്റെ അലർച്ച. ബാബ്റി മസ്ജിദുമുതൽ ഗോമാതാവുവരെ സംഘപരിവാറിന് അതിജീവന തന്ത്രങ്ങളായപ്പോൾ അർണാബും പുറകെയുണ്ട്. മുസ്ലിങ്ങൾ, കശ്മീർ, പാക്കിസ്ഥാൻ, ഭീകരവാദം ഇത്യാദി വിഷയങ്ങളിൽ അർണാബിന്റെ വാചകമടി വട്ടംകറങ്ങി. മതന്യൂനപക്ഷങ്ങൾ അംഗീകരിക്കപ്പെടരുത്, മോദി വിമർശിക്കപ്പെടരുത്. ആ വഴി നടക്കുന്നവർ മഹാപാപികൾ എന്നാണ് പ്രഖ്യാപനം.

കശ്മീരും പാക്കിസ്ഥാനും മുസ്ലിമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റും തുടർചർച്ചയുടെ വിഷയങ്ങളായി. മോദിയെ തുറിച്ചുനോക്കിയാൽ രാജ്യദ്രോഹം എന്നയാൾ വിധി കൽപ്പിച്ചു. ആക്രോശമാണ് കൊടിയടയാളം. ചർച്ചകളിലൂടെ വാർത്തയല്ല ബഹളമാണ് അർണാബ് സംപ്രേഷണം ചെയ്യുന്നത്. ടൈംസ്് നൗ എന്ന ചാനൽ കെട്ടി പടുക്കാൻ മുഖ്യ പങ്ക് വഹിച്ച അർണാബ് ടൈംസ് നൗ ഗ്രൂപ്പുമായ സ്വരച്ചേർചയെത്തുടർന്ന് അവിടുന്ന് രാജി വക്കുകയായിരുന്നു. പിന്നീട് കുറഞ്ഞ കാലയളവിൽ തന്നെ ഏഷ്യാനെറ്റ് മുൻ ചെയർമാൻ രാജീവ് ചന്ദ്രശേഖരിന്റെ കൂടി സഹായത്തോടെ റിപ്പബ്ലിക് ടി.വി തുടങ്ങുകയായിരുന്നു. എന്നാൽ ഒരു വർഷംകൊണ്ട് രാജീവ് ചന്ദ്രശേഖറിനെ ഒഴിവാക്കി ചാനൽ അർണാണബ് കൈയിലാക്കി. ഇതിനുള്ള കോടികൾ എവിടെനിന്ന് വന്നുവെന്നാണ് പ്രസക്തമായ ചോദ്യം. അതിനുപിന്നിൽ മോദിയും ബിജെപിയും തന്നെയാണെന്നാണ്് ആരോപണം.

മോദി കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമാൻ താൻ ആണെന്ന് അർണബ് സ്വയം വിശ്വസിക്കുന്നതായാണ് റിപ്പബ്ലിക്ക് ടീവി വിട്ടവർ എല്ലാം ചൂണ്ടിക്കാട്ടുന്നത്. മോദിയുമായി അഗാധമായ ആത്മബന്ധമാണ് അർണാബിന് ഉള്ളതും. മാധ്യമ പ്രവർത്തകരെ കാണാൻ വല്ലാതെ മടിയുള്ള മോദി അപുർവമായി അഭിമുഖങ്ങൾ കൊടുക്കുന്നതും ഇദ്ദേഹത്തിന് തന്നെയാണ്.

കല്ലുവെച്ച നുണകൾ പ്രരിപ്പിക്കാൻ മിടുക്കൻ

എന്നെന്നും വിവാദ പുരഷനാണ് അർണാബ്. പ്രളയത്തിൽനിന്നും കര കയറാനായി കേരളത്തിന് യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയുടെ ധനസഹായം കേന്ദ്രത്തെ അവഹേളിക്കാൻ കേരളം മെനഞ്ഞെടുത്ത കെട്ട് കഥയാണെന്നും കേരളത്തിലെ ജനങ്ങളെല്ലാം നാണം കെട്ടവരാണെന്ന് പറഞ്ഞത് ആരും. മറന്നിട്ടില്ല. #എഹീീറഅശറഘശല എന്ന പേരിൽ നടത്തിയ ചർചയിലായിരുന്നു അർണാബിന്റെ വിവാദ പരാമർശം. ഇതോടെ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിൽപോലും പോയി മലയാളികൾ പൊങ്കലയിട്ടു. മലയാളികളുടെ പ്രതിഷേധത്തിൽ റിപ്പബ്ലിക്ക് ടീവിയുടെ റേറ്റിങ്ങും ഇടിഞ്ഞു. കല്ലൂവെച്ച നുണകൾ പറഞ്ഞതിന്റെ പേരിലും അർണാബ് കൈയോടെ പിടിക്കപ്പെട്ടിട്ടുണ്ട്.

2002 ലെ ഗുജറാത്ത് കലാപത്തിൽ എൻ.ഡി.ടി.വി ക്ക് വേണ്ടി റിപ്പോർട്ട് ചെയ്യാനായി പോയ അർണാബിനേയും സംഘത്തേയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വസതിക്ക് 50 മീറ്റർ മാറി കലാപകാരികൾ ആക്രമിച്ചെന്നും വളരെ കഷ്ടപ്പെട്ടാണ് താൻ
ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതെന്നും പറഞ്ഞുകൊണ്ടുള്ള അർണബിന്റെ പരാമർശം ശ്രദ്ധ പിടിച്ച് പറ്റിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു മുതിർന്ന മാധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ ട്വീറ്റ് വന്നത്.അർണബ് പറഞ്ഞ സംഭവങ്ങളെല്ലാം സത്യമാണ്, പക്ഷെ അത് സംഭവിച്ചത് അർണബിനായിരുന്നില്ല, തനിക്കായിരുന്നു എന്നായിരുന്നു ട്വീറ്റ്. അതിൽ നിന്നും തുടങ്ങിയ വിവാദത്തിനൊടുവിൽ അർണബിന്റെ വാദം തെറ്റായിരുന്നുവെന്ന് തെളിയുകയായിരുന്നു. മേൽപറഞ്ഞ സംഭവം രാജ്ദീപ് സർദേശായി തന്റെ പുസ്തകമായ ദി ഇലക്ഷൻ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

'ആക്രോശിക്കുന്ന ചാനൽ ചർചകളിലൂടെ വാർത്തയുടെ മൂല്യം കളഞ്ഞ് വാർത്ത ചാനലിനെ കച്ചവടമായി മാത്രം കാണുന്ന ബിസ്നസ് മാധ്യമപ്രവർത്തകനായി അർണാബ്. ഇന്ത്യൻ മാധ്യമങ്ങളിൽ കണ്ട് വരുന്നതിൽ വച്ച് ഏറ്റവും വെറുപ്പ് തോനിക്കുന്ന ചാനൽ ചർചകളാണ് അവ'- അരുദ്ധതീ റോയ് ഒരിക്കൽ ഇങ്ങനെ പറഞ്ഞു. ജെഎൻയു വിഷയത്തിൽ നടത്തിയ ചർച്ചയായിരുന്നു അവർ പരാമർശിച്ചത്. ചർച്ചയിൽ പങ്കെടുത്ത വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദ് രാജ്യദ്രോഹിയെന്ന് അർണബ് ആക്രോശിച്ചതാണ്.ചർച്ചയിൽ തന്നെ സംസാരിക്കാൻ അനുവദിക്കാതെ പ്രകോപനം തുടരുന്നപ്പോൾ അർണബിന് നേരെ നടുവിരൽ ഉയർത്തിക്കാട്ടി ടിഎംസി വനിതാ എംപി മാഹുവ മൊയിത്ര പ്രതിഷേധിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടു.

എന്റെ തല എന്റെ ഫുൾ ഫിഗർ

ശശി തരുരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കർ പണ്ടുതൊട്ടേ അർണബിന്റെ നോട്ടപ്പുള്ളിയാണ്. പണ്ട് ദുബായിൽവെച്ച് മോശം ചോദ്യം ആവർത്തിച്ച് ചോദിച്ചതിന് അർണബിന്റെ മുഖത്തേക്ക് തന്റെ മദ്യഗ്ലാസ് ഒഴിച്ചിരുന്നു വെന്ന് സുനന്ദ പറഞ്ഞിരുന്നു. അതേ സുനന്ദ മരിച്ചപ്പോൾ അർണാബിന്റെ രോഷം തരൂരിൻെ നേർക്കായി.

ചാനൽ ചർചയിൽ ശശി തരൂരിനെ അർണബ് കൊലയാളിയായി ചിത്രീകരിക്കുകയും ക്രിമിനൽ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. ഇതിനെതിരെ ശശി തരൂർ ഡൽഹി ഹൈ കോർട്ടിൽ ഒരു ഹരജി നൽകുകയും തരൂരിന് അനുകൂലമായി വിധി വരുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്ന ഒരു കേസിൽ വിധി വരും മുൻപ് ഒരാളെ കൊലയാളിയെന്ന് മുദ്ര കുത്തുന്നത് നിയമവിരുദ്ധമാണെന്നും കോടതി വിധിച്ചു. കേസുകളും പിഴകളും പുത്തിരിയ്യ അർണബിന്.മഹാരാഷ്ട്രയിലെ ഇന്റീരിയർ ഡിസൈനർ അൻവായ് നായിക് ആത്മഹത്യ ചെയ്ത കേസിൽ അർണാബിനെതിരെ മഹാരാഷ്ട്ര പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തിരുന്നു. റിപ്പബ്ലിക് ടിവി ക്ക് കൊടുക്കാനുള്ള പണം കൊടുക്കാത്തതിനാൽ അനുഭവിക്കേണ്ടിവന്ന മാനസിക പീഡനത്താലാണ് അൻവായ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യ അക്ഷത നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അതിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

അർണബ് ഗോസ്വാമിയും മറ്റ് ചിലരും മറ്റ് ചില എഡിറ്റർമാരും തനിക്ക് മാനസികമായി പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ റിപ്പബ്ലിക്ക് ടിവിയുടെ സീനിയർ എഡിറ്റർമാരിലൊരാളായിരുന്ന ശ്വേതാ കോത്താരി ചാനലിൽ നിന്നും രാജി വച്ചിരുന്നു. ശശി തരൂർ ഡൽഹി ഹൈ കോടതിയിൽ കൊടുത്ത ഹരജി അർണ്ണബിനെതിരായി വന്ന സാഹചര്യത്തിൽ, ട്വിറ്ററിൽ ശശി തരൂർ ശ്വേതയെ ഫോളോ ചെയ്യുന്നു എന്ന കാരണത്താൽ ശ്വേത ചാനലിൽ നിന്ന് കൊണ്ട് തരൂരിന് ചാരപ്പണി ചെയ്യുകയാണെന്ന് ആരോപിച്ചായിരുന്നു മാനസിക പീഡനമെന്ന് ശ്വേത പറയുന്നു.

അതുപോലെ ചാനലിൽ മറ്റൊരാളെയും വളരാൻ അനുവദിക്കാത്ത അർണാബിന്റെ പ്രവർത്തന ശൈലിയും ഏറെ വിമർശിക്കപ്പെട്ടു. എന്റെ തല എന്റെ ഫുൾ ഫിഗർ എന്നാണ് അർണാബിന്റെ ശൈലി. അതുകൊണ്ടുതന്നെ പ്രമുഖ ബ്യൂറോളിൽപ്പോലും റിപ്പബ്ലിക്കിന് ആളില്ല. അർണാബിന്റെ ശകാരവും പീഡനവും ഹിറ്റ് ജേർണലിസവും മടുത്ത് ആളുകൾ ഒന്നൊന്നായി കൊഴിഞ്ഞ് പോവുകയാണ്. അർണബ് ഇപ്പോൾ ഏറ്റവും അധികം വിചാരണ ചെയ്യപ്പെടുന്നത് മൂൻ ജീവനക്കാരിൽനിന്നാണ്. ഒന്നിനു പിറകെ ഒന്നായി റിപ്പബ്ലിക്ക് ടീവിയിൽ നിന്ന് പ്രമുഖർ രാജിവെക്കയാണ്. അതിൽ ഭൂരിഭാഗം പേരും പ്രതികരിക്കാൻ കൂട്ടാക്കാറില്ല. എന്നാൽ റിപ്പബ്ലിക്ക് ടീവിയുടെ മുൻ ജമ്മു കശ്മീർ ബ്യൂറോ ചീഫ് തേജീന്ദർ സിങ് സോധി മാത്രം മൗനിയായില്ല. ''മൂന്നര വർഷമായി ജേർണലിസത്തിന്റെ ആത്മാവിനെ കൊന്നതിന് ക്ഷമ ചോദിച്ചതിന് ശേഷം ഞാൻ റിപ്പബ്ലിക് ടിവിയിൽ നിന്ന് രാജിവെച്ചു,''ഓഗസ്റ്റ് 27 ന് ജമ്മു കശ്മീരിലെ റിപ്പബ്ലിക് ടിവിയുടെ ബ്യൂറോ ചീഫ് സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ച് സോധി ട്വിറ്ററിൽ എഴുതിയത് ഇങ്ങനെയായിരുന്നു. അർണബിന് വേണ്ടത് റിപ്പോർട്ടർമാരെയല്ല കുറേ ക്വട്ടേഷൻ സംഘങ്ങളെയാണെന്നാണ് സോധി സ്വന്തം അനുഭവംവെച്ച് ചൂണ്ടിക്കാട്ടുന്നത്.

'2019ലെ മോദിയുടെ തെരഞ്ഞെടുപ്പ് ജയത്തിനുശേഷമാണ് അർണബ് ഈ രീതിയിൽ മാറിയത്.മോദി കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമാൻ താൻ ആണെന്നാണ് അർണബ് കരുതുന്നത്. വസ്തുതകൾ അല്ല താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് അദ്ദേഹത്തിന് വേണ്ടത്. ഒരു പ്രത്യക പാർട്ടിയുടെ വാട്സാപ്പിൽ വരുന്ന സന്ദേശങ്ങളാണ് അദ്ദേഹത്തിന്റെ എഡിറ്റോറിൽ പോളിസി തീരുമാനിക്കുന്നത്. കാശ്മീർ ലേഖകനായിരുന്ന എന്റെ ജോലി മെഹബൂബ മുഫ്ത്തിയടക്കമുള്ള നേതാക്കൾ ദേശ വിരുദ്ധരാണെന്ന് സ്ഥാപിക്കുകയാണ്. സുനന്ദപുഷ്‌ക്കറിന്റെ കുടുംബ വീട്ടിൽ ഒളിച്ചുകയറി വൃദ്ധനായ പിതാവിനെ കൊണ്ട് 'എന്റെ മകളെ കൊല്ലിച്ചത് തരൂർ' ആണെന്ന് പറയിപ്പാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു. ഞാൻ വഴങ്ങിയില്ല. ഈ രീതിയിലുള്ള ഹിറ്റ് ജേർണലിസമാണ് അദ്ദേഹം എവിടെയും ലക്ഷ്യമിടുന്നത്'- തേജീന്ദർ സിങ് സോധി തന്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നു.

വ്യക്തി ജീവിതത്തിൽ തികഞ്ഞ മതേതര വാദി

ഇങ്ങനെയൊക്കെയാണെങ്കിലും അർണാബിന് ഒരുപാട് നല്ല ഗുണങ്ങൾ കൂടിയുണ്ടെന്ന് അദ്ദേഹത്തിന്റെ ചാനലിൽനിന്ന് രാജിവെച്ച കടുത്ത വിമർശകർ കൂടി ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘപരിവാർ രാഷ്ട്രീയത്തെ അനകൂലിക്കുന്നുണ്ടെങ്കിലും ജനനം കൊണ്ട് ബ്രാഹ്മണൻ ആണെങ്കിലും വ്യക്തി ജീവിതത്തിൽ തീർത്തും മതേതരനാണ് അർണാബ്. ജാതിയുടേയോ മതത്തതിന്റെയോ നിറത്തിന്റെ പേരിലോ അദ്ദേഹം ഒരാളെയും മാറ്റി നിർത്താറില്ല. കറുത്ത നിറമുള്ളവരെ പൊതുവേ വാർത്താവായനക്ക് മാറ്റി നിർത്തുമ്പോൾ, അർണാബ് അത് ചെയ്യാറില്ല. കഴിവുണ്ടോ നിങ്ങൾ കയറിവരും എന്നാണ് അർണാബിന്റെ ലൈൻ. ബ്രാഹ്മണിനാണെങ്കിലും അദ്ദേഹം തികഞ്ഞ നോൺ വെജിറ്റേറിയൻ ആണ്. മദ്യപിക്കുമോ, പുകവലിക്കുമോ എന്ന ചോദ്യത്തിന് അതിനൊന്നും തനിക്ക് സമയം കിട്ടാറില്ല എന്നാണ് അർണാബ് ഒരിക്കൽ പ്രതികരിച്ചത്. അത് ശരിയാണ് താനും.

തന്നെ തികഞ്ഞ കഠിനാധ്വാനിയുമാണ് അയാൾ. ഒറ്റയിരുപ്പിൽ 12 മണിക്കൂർവരെ ജോലി ചെയ്ത് സകലരെയും ഞെട്ടിക്കും. ജോലിചെയ്യുന്തോറും ഊർജം വെക്കുന്ന മനുഷ്യനാണ് അയാൾ. പിന്നെ സ്വകാര്യ ജീവിത്തതിൽ തികഞ്ഞ ശാന്തനും. വാജ്പേയിയുടെ ആരാധകനായ അർണബിന് ഭൂപൻഹസാരികളയുടെ സംഗീതമാണ് അപൂർവം എടുക്കുന്ന ഇടവേളകളിൽ കൂട്ട്. അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തിന് കുറവാണ്്്.

' അർണാബ് സൃഷ്ടച്ചിരിക്കുന്നത് ഒരു വിജയിച്ച മാതൃകയാണ്. പക്ഷേ അത് പുർണ്ണമായും തെറ്റാണ്. ജേർണലിസത്തിൽ പലർത്തേണ്ട അടിസ്ഥാനപരമായ സത്യസന്ധതയും നിഷ്പക്ഷതയും ബലി കൊടുക്കയാണ് അദ്ദേഹം ചെയ്യുന്നത്. ഇതിന്റെ ഒരു കഴുപ്പം ശരിയാണെങ്കിലും തെറ്റാണെങ്കിലും ഒരു വിജയിച്ച് മാതൃക പിന്നീട് വരുന്നവർ അനുകരിക്കും എന്നതാണ്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യൻ ജേർണലിസത്തെ വഴിതെറ്റിച്ച വ്യക്തി എന്ന രീതിയിലായിരിക്കും കാലം അർണാബിനെ അനുസ്മരിക്കുക'- അർണാബിന്റെ പഴയ സഹപ്രവർത്തകനും പ്രമുഖ മാധ്യമ പ്രവർത്തകനുമായ രാജ്ദീപ് സർ ദേശായി ചൂണ്ടിക്കാട്ടുന്നു.

മുമ്പ് ഉയർന്നുവന്ന എല്ലാ വിവാദത്തിലും പിഴയടച്ചും മാപ്പുപറഞ്ഞുമൊക്കെ തടിയൂരാൻ അർണബിന് കഴിഞ്ഞു. എന്നാൽ പുതിയ ടിആർപി വിവാദത്തിൽ അദ്ദേഹത്തിന് കരുക്കാകമോ? കാത്തിരുന്ന് കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP