Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202324Friday

ഒരു പ്രത്യയശാസ്ത്രമില്ലാതെ പടരുന്ന അത്ഭുദം; സിവിൽ സർവീസ് വലിച്ചെറിഞ്ഞ് കെജ്രിവാൾ തുടങ്ങിയ പാർട്ടി; അഴിമതിക്കെതിരെ പോരാടി രാജ്യതലസ്ഥാനം പിടിച്ചു; പഞ്ചാബിൽ വോട്ടായതും വെള്ളവും വൈദ്യുതിയും വിദ്യാഭ്യാസവും സൗജന്യമാക്കിയ ഡൽഹി മോഡൽ; 2024ൽ മോദി- കെജ്രിവാൾ പോരാട്ടമോ? ഇന്ദ്രപ്രസ്ഥത്തിന് പുറത്തേക്ക് വളരുന്ന ആം ആദ്മിയുടെ കഥ

ഒരു പ്രത്യയശാസ്ത്രമില്ലാതെ പടരുന്ന അത്ഭുദം; സിവിൽ സർവീസ് വലിച്ചെറിഞ്ഞ് കെജ്രിവാൾ തുടങ്ങിയ പാർട്ടി; അഴിമതിക്കെതിരെ പോരാടി രാജ്യതലസ്ഥാനം പിടിച്ചു; പഞ്ചാബിൽ വോട്ടായതും വെള്ളവും വൈദ്യുതിയും വിദ്യാഭ്യാസവും സൗജന്യമാക്കിയ ഡൽഹി മോഡൽ; 2024ൽ മോദി- കെജ്രിവാൾ പോരാട്ടമോ? ഇന്ദ്രപ്രസ്ഥത്തിന് പുറത്തേക്ക് വളരുന്ന ആം ആദ്മിയുടെ കഥ

എം റിജു

''വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം''... തുടർച്ചയായി മൂന്നുതവണ ഡൽഹിയിൽ അധികാരത്തിലേറാൻ അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞത് എന്തുകൊണ്ട് എന്ന ചോദ്യത്തിന്, എഴുത്തുകാരി അരുദ്ധതി റോയ് മറുപടി ഉത്തരം നൽകിയത് അങ്ങനെയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിമാർ കൊണ്ടുവന്ന സൗജന്യ പൊളിറ്റിക്സിനേക്കാളും, നമ്മുടെ പിണറായിയുടെ കിറ്റ് രാഷ്ട്രീയത്തേക്കാളും നന്നായി വെൽഫയർ പൊളിറ്റിക്സ് നടപ്പാക്കിയത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആയിരുന്നു.

ഡൽഹിയിലെ ഒരു സാധാരണക്കാരന്റെ ജീവിതം അദ്ദേഹം മാറ്റി മറിച്ചു കളഞ്ഞു. അവിടെ വെള്ളക്കരവും, വൈദ്യുതി ചാർജ് വർധനയും വലിയ പ്രശ്നമായിരുന്നു. ഒപ്പം ചികിത്സയും. പാവങ്ങൾക്ക് ഇന്ന് ഡൽഹിയിൽ ചികിത്സ സൗജന്യമാണ്. ഒരു കുട്ടി ഡിഗ്രികളിയുന്നവരെ വിദ്യാഭ്യാസവും സൗജന്യം. സ്ത്രീകൾക്ക് ബസ് യാത്രയും സൗജന്യം! (ഡൽഹിയിൽ താമസിക്കുന്ന ഒരു വീട്ടമ്മ ഇന്ന് കേരളത്തിൽ എത്തിയാൽ അവർക്ക് പ്രതിമാസം 5000 രൂപ അധിക ചെലവുണ്ടാകുമെന്നാണ് ഒരു പഠനം പറയുന്നത്.) എന്നിട്ടും ഖജനാവ് പാപ്പരാവുന്നില്ല എന്നതാണ്, ഡൽഹിയിലെ ഏറ്റവും വലിയ അത്ഭുദം. നികുതി പിരിവ് പഴുതടച്ച് നടത്തുന്നു. മണി മാനേജ്മെന്റ് നന്നായി നടത്തിയാൽ ക്ഷേമ പ്രവർത്തനത്തിന് പണം ഉണ്ടെന്നാണ് കെജ്രിവാൾ പറയുന്നത്.

സത്യത്തിൽ, ഇന്ത്യയിലെ അല്ല, ലോക ചരിത്രത്തിലെ തന്നെ ഒരു രാഷ്ട്രീയ അത്ഭുദമാണ് ആം ആദ്മി പാർട്ടി. കോൺഗ്രസിനെയും, ബിജെപിയൊയൊ, ഇടതുപാർട്ടികളെയോ പോലെ അതിന് ഒരു കൃത്യമായ പ്രത്യയശാസ്ത്രമില്ല. ''ജനങ്ങളുടെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുകയാണ് ഞങ്ങളുടെ പ്രത്യയശാസ്ത്രം. അല്ലാതെ നിങ്ങളുടെ വിദേശ നയം എന്താണ്, സാമ്പത്തിക നയം എന്താണ്, എന്നൊക്കെ ചോദിക്കുന്നവരോട് എനിക്ക് മറുപടിയില്ല. ഞങ്ങൾക്ക് അധികാരം കിട്ടിയിടത്ത് ഞങ്ങൾ നടപ്പാക്കിയ കാര്യങ്ങൾ നോക്കുക, അത് പഞ്ചാബിലേക്ക് നടപ്പക്കാൻ ഒരു അവസരം തിരിക'- പഞ്ചാബ് നിയമഭാ തെരഞ്ഞെടുപ്പിൽ മുക്കിലും മൂലയിലും എത്തി പ്രസംഗിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചൂണ്ടിക്കാട്ടിയതും, ആപ്പിന്റെ ഡൽഹി മോഡൽ വികസനമായിരുന്നു.

എന്നാൽ പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി ചന്നിയാവട്ടെ, അരവിന്ദ് കെജ്രിവാളിന്റെ നയങ്ങൾ ഒന്നൊന്നായി കോപ്പിയടിച്ച് പ്രഖ്യാപിക്കയായിരുന്നു. ഒരു ഘട്ടത്തിൽ ഇവിടെ ഒരു ഡ്യൂപ്ലിക്കേറ്റ് കെജ്രിവാൾ ഉണ്ടെന്ന്, അരവിന്ദ് കെജ്രിവാൾ പരിഹസിച്ചു. എവിടെയും എപ്പോഴും കത്തിക്കാൻ കഴിയുന്ന മണ്ണിന്റെ മക്കൾ വാദം എടുത്തിട്ടാണ്, കോൺഗ്രസും അകാലികളും, ആം ആദ്മിയെ പ്രതിരോധിക്കാൻ ശ്രമിച്ചത്. അയായത് ആപ്പിന് ഭരണം കിട്ടിയാൽ പഞ്ചാബിൽ നിന്നല്ല ഡൽഹിയിൽനിന്നാണ് ഭരണം ഉണ്ടാവുക എന്നാണ്. ഈ വാദങ്ങളെയെല്ലാം വോട്ടർമാർ പുറങ്കാലുകൊണ്ട് തൊഴിച്ച് എറിഞ്ഞുവെന്ന് പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

തുടങ്ങിയപ്പോൾ തന്റെ കൂടെ ഉണ്ടായിരുന്നു ഒരുപാട് പേർ ഇട്ടിട്ടുപോയെങ്കിലും അരവിന്ദ് കെജിരിവാൾ ഏതാണ്ട് ആം ആദിമയുടെ കടിഞ്ഞാൾ ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഡൽഹിയിൽ ഹാട്രിക്ക് തികയ്്ക്കുമ്പോഴും വിമർശകർ പറഞ്ഞുകൊണ്ടിരുന്നത്, തലസ്ഥാനത്തിന് പുറത്തേക്ക് ആം ആദ്മിക്ക് വളർച്ചയില്ലെന്നാണ്. ഇപ്പോൾ ആ ധാരണ പൊളിഞ്ഞിരിക്കയാണ്. ഇതോടെ കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും അപ്പിന് ഒരു പുതു ഉണർവ് ഉണ്ടാകുമെന്ന് ഉറപ്പാണ്.

നേരത്തെ കൈപൊള്ളിയ ദേശീയ രാഷ്ട്രീയ സ്വപ്നങ്ങളും കെജ്രിവാൾ പൊടിതട്ടി എടുക്കാനിടയുണ്ടെന്നും ഇതോടെ വിലയിരുത്തലുകൾ ഉണ്ട്. 2024ലെ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിയുടെയോ, അതോ പ്രതിപക്ഷ സംയുക്ത സഖ്യത്തിന്റെയോ സ്ഥാനാർത്ഥിയായി മോദിക്കെതിരെ കെജ്രിവാളിനെ ഉയർത്തിക്കൊണ്ടുവരണം എന്നും ഇപ്പോൾ ചർച്ചകൾ പുരോഗമിക്കയാണ്. കോൺഗ്രസിന്റെ ഗ്യാപ്പ്, ആം ആദ്മി നികത്തണമെന്നാണ് മതേതര മനസ്സുള്ളവർ ആഗ്രഹിക്കുന്നത്.

അരവിന്ദ്- ഭഗവന്ത് കോമ്പോ

യാതൊരു സംശയവും വേണ്ട ഇത് അവരിന്ദ് കെജ്രിവാളിന്റെ വ്യക്തി പ്രഭാവത്തിന്റെ കൂടി വിജയമാണ്്. കാരണം പഞ്ചാബിൽ ഉടനീളം ആപ്പിനുവേണ്ടി പ്രചാരണം നയിച്ചതും അദ്ദേഹം തന്നെയാണ്. എതിരാളികൾ ആകട്ടെ ഇതിനെ എതിർത്തത് പഞ്ചാബിലെ ഭരണം ഡൽഹിയിൽ ഇരുന്നു നിയന്ത്രിക്കുന്നു എന്ന വാദം ഉയർത്തിയാണ്. ഇതിന് തടയിടാൻ കെജ്രിവാൾ നടത്തിയ ശ്രമങ്ങളും കൃത്യമായി വർക്കൗട്ടായി. ഭഗവന്ത് മൻ സിങ് എന്ന ജനകീയനായ പാർട്ടി നേതാവിനെ നേരത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇരട്ട എഞ്ചിൻ പോലെ അരവിന്ദ്- ഭഗവന്ത് കോമ്പോ പഞ്ചാബിൽ ഓടിനടന്നു. ഈ കൂട്ടുകെട്ടിന്റെ വിജയം കൂടിയാണ് ഇതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജനങ്ങൾക്കിടയിൽ സർവേ നടത്തിയ ശേഷമാണ് കെജ്രിവാൾ ഭഗവന്ത് മൻ സിങിനെ സ്ഥാനാർത്ഥിയാക്കിയത്. ഫോണിലൂടെ നടത്തിയ അഭിപ്രായ സർവേയിൽ 93% പേരും ഭഗവന്തിന്റെ പേരാണു നിർദ്ദേശിച്ചത്. 21 ലക്ഷം പേർ അഭിപ്രായം അറിയിച്ചുവെന്നാണ് ആം ആദ്മി അവകാശപ്പെട്ടിരുന്നത്.

രാഷ്ട്രീയപ്രവേശത്തിനു മുൻപു നടനായും സ്റ്റാൻഡപ് കൊമേഡിയനായും തിളങ്ങിയ ഭഗവന്തിന് വൻ ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുമെന്ന് കെജ്രിവാളിന് അറിയാമായിരുന്നു. എന്നാൽ ഭഗവന്തിന്റെ മദ്യപാനം വലിയ വിഷയമായി. നേരത്തെ ലോക്‌സഭയിൽ ഉൾപ്പെടെ മദ്യപിച്ചെത്തിയതുതൊട്ടുള്ള ഇദ്ദേഹത്തിന്റെ പല കാര്യങ്ങളും വിവാദമായിരുന്നു. ഇത് എതിരാളികൾ എടുത്തിടുകളും, ഭഗവന്ത് എന്ന പേരിന് പകരം 'പെഗ് വന്ത്' എന്ന് വിളിക്കുയും ചെയ്തു. പക്ഷേ ഇവിടെയും കെജ്രിവാൾ സമയത്തിന് ഇടപെട്ടു. ഇനി ഭഗ്വന്ത് കുടിക്കില്ലെന്ന് അദ്ദേഹത്തെക്കൊണ്ട് പരസ്യമായി പറയിപ്പിച്ചു. അത് ജനങ്ങൾക്ക് കെജ്രിവാളും ഉറപ്പുകൊടുത്തു. ജാട്ട് നേതാവ് എന്ന നിലയിൽ താഴെ തട്ട് വരെയുള്ള സ്വാധീനമുണ്ട് ഭഗവന്ത് മന്നിന്. മികച്ച പ്രാസംഗികനാണെന്നതും ഗുണം ചെയ്തു. ജനം ഭഗവന്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ അല്ല അദ്ദേഹത്തിലെ ഭരണകർത്താവിനെയും സംഘാടകനെയുമാണ് വിലയിരുത്തിയത്.

യുക്രൈനിൽ റഷ്യക്കെതിരെ പൊരുതുന്ന പ്രസിഡൻഡ് വ്ളാദിമിർ സെലസ്‌കിയുടെ ജീവിതമാണ് ഭഗവന്ത് മനിന്റെ കഥക്ക് ഒപ്പം ഓർമ്മവരിക. രണ്ടുപേരും പക്കാ രാഷ്ട്രീയക്കാരല്ല. ടെലിവിഷൻ ഷോകളിലുടെയാണ് ഇരുവരും താരങ്ങൾ ആയത്. സ്‌കുൾ- കോളജ് തലത്തിൽ മിമിക്രി-മോണോആക്റ്റ് മത്സരങ്ങളിലൂടെയാണ് ഇയാൾ പൊതുജന ശ്രദ്ധ ആകർഷിച്ചത്. ആ ആത്മവിശ്വാസം മുതലാക്കിയാണ് പഞ്ചാബി ചാനലുകളിൽ സ്റ്റാൻഡ്അപ് കോമഡിയുമായി എത്തിയത്. അങ്ങനെയാണ് ഭഗവന്തിന് ജുഗ്നു (മിന്നാമിനുങ്ങ്) എന്ന പേര് ലഭിച്ചത്. നിരവധി സിനിമയിലും സീരിയലുകളും അഭിനയിച്ചിട്ടുമുണ്ട്. ഈ ജനപ്രീതിയും വോട്ടിങ്ങിൽ പ്രതിഫലിച്ചു. പതിവ് മൈതാന പ്രസംഗങ്ങൾക്കുപകരം, നർമ്മം തുളുമ്പുന്ന രീതിയിൽ ജനങ്ങളുടെ പ്രശ്നം പങ്കുവച്ചാണ് ഭഗവന്ത് താരമായത്.

വോട്ടായത് ഡൽഹി മോഡൽ വികസനം

പഞ്ചാബിലും വൻ വാഗ്ദാനങ്ങളാണ് ആം ആദ്മി പാർട്ടി നൽകിയത്. തങ്ങൾ അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്നാണ് ഏറ്റവും അവസാനം നൽകിയത്. പ്രായമായ സ്ത്രീകൾക്ക് വാർദ്ധക്യ പെൻഷന് പുറമെ ഈ തുക. തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പായിരുന്നു ഈ പ്രഖ്യാപനം. വിദ്യാഭ്യാസവും ആം ആദ്മി കാര്യമായി ഉയർത്തികൊണ്ടുവന്നത് മധ്യവർഗത്തിന്റെ വോട്ടുകളെ സ്വാധീനിച്ചു.

നിങ്ങൾ മറ്റൊരു പാർട്ടിക്ക് വോട്ട് ചെയ്താൽ ആരാണ് നമ്മുടെ സ്‌കൂളുകളുടെയും വിദ്യാഭ്യാസ മേഖലയുടെയും ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുക എന്നാണ് കെജ്രിവാൾ ഓരോ പൊതുയോഗങ്ങളിലും ചോദിച്ചത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളോ രാഷ്ട്രീയ പ്രവർത്തകരോ വിദ്യാഭാസ മേഖലയുടെ പുരോഗതിക്കായി കാര്യമായി ഒന്നും ചെയ്യാറില്ലെന്നും അദ്ദേഹം പറയുന്നു. വിദ്യഭ്യാസം മുഖ്യ വിഷയമാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാകില്ല എന്ന പൊതുധാരണയെ ഡൽഹിയിൽ കെജ്രിവാൾ തിരുത്തിയിരുന്നു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മുൻപുണ്ടായിരുന്ന ആർക്കും അവകാശപ്പെടാൻ കഴിയാത്ത തരത്തിലുള്ള നേട്ടങ്ങളാണ് ഡൽഹിയിൽ കെജ്രിവാൾ സർക്കാർ കൈവരിച്ചിരിക്കുന്നത്. 15 ലക്ഷം കുട്ടികളാണ് ആയിരത്തോളം സ്‌കൂളുകളിലായി സൗജന്യ വിദ്യാഭ്യാസം നേടുന്നത്.

ഭരണത്തുടർച്ച ലഭിച്ചാൽ പത്തു കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യുമെന്നാണ് അദ്ദേഹം ഡൽഹിയിൽ ഉറപ്പ് നൽകിയത്. അത് പഞ്ചാബിലും ആവർത്തിച്ചു. വെള്ളം, വൈദ്യുതി, സ്ത്രീകളുടെ സൗജന്യ യാത്ര എന്നിവ അധികാരത്തിൽ വന്നാൽ തുടരും. 24 മണിക്കൂറും വൈദ്യുതി, പൈപ്പ് വഴി 24 മണിക്കൂറും ശുദ്ധ ജലം. കുട്ടികൾക്ക് ഡിഗ്രി വരെ വിദ്യാഭ്യാസം സൗജന്യം. എല്ലാവർക്കും ആധുനിക ചികിത്സ തുടങ്ങി പത്ത് ഉറപ്പുകൾ കെജ്രിവാൾ നൽകി. വിദ്യാർത്ഥികൾക്കും സൗജന്യ ബസ് യാത്രയാണ് പ്രധാനപെട്ട മറ്റൊരു ഉറപ്പ്. ഓരോ ചേരികളിലും സുരക്ഷ ഉദ്യോഗസ്ഥർ. സി.സി.ടി.വി ക്യാമറ, തെരുവുകളിൽ കഴിയുന്ന സ്ത്രീകൾക്ക് വീട് എന്നിവ വേറയും. ഇതൊക്കെ ഞങ്ങൾ പഞ്ചാബിലും നടപ്പാക്കുമെന്നാണ് ആപ്പിന്റെ പ്രകടന പത്രിക പറയുന്നത്.

ഇതിന് നല്ല സ്വീകാര്യത കിട്ടുന്നുണ്ടെന്ന് അറിഞ്ഞതോടെ കോൺഗ്രസ് അത് കോപ്പിയടിക്കാൻ തുടങ്ങി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചാണ് കെജ്രിവാൾ ഇതിനോട് പ്രതികരിച്ചത്. ചന്നി തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കോപ്പിയടിക്കയാണ്.'ഇവിടെയൊരു വ്യാജ കെജ്രിവാൾ ഇറങ്ങിയിട്ടുണ്ട്. ഞാനെന്ത് വാഗ്ദാനങ്ങൾ നടത്തിയാലും രണ്ട് ദിവസം കഴിഞ്ഞാൽ അദ്ദേഹവും അത് പ്രഖ്യാപിക്കും. പേടിയുള്ളത് നല്ലതാണ്', കെജ്രിവാൾ ഇങ്ങനെ പരിഹസിക്കുമ്പോൾ ജനം കൈയടിച്ചത് തന്നെ കൃത്യമായ സൂചനയായിരുന്നു.

സ്വയം കുഴിതോണ്ടിയ കോൺഗ്രസ്

ജനകീയനായ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ പാർട്ടി ഗ്രൂപ്പിസത്തിന്റെ ഭാഗമായി മാറ്റിയതിന് കോൺഗ്രസ് വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്. പുതിയ പാർട്ടിയുണ്ടാക്കി, ക്യാപ്്റ്റൻ ബിജെപിക്ക് ഒപ്പം കൂടി. ഇതോടെ കോൺഗ്രസ് വോട്ടുകൾ ഭിന്നിച്ചു. അതുപോലെ പിസിസി അധ്യക്ഷൻ നവജോദ് സിങ് സിദ്ദുവിന്റെ ഇടപെടലുകളും കോൺഗ്രസിനെ കൂടുതൽ ഭിന്നിപ്പിച്ചു. കർഷകരുടെ വോട്ടുകളും ബിഎസ്‌പി- അകാലിദൾ സംഖ്യത്തിലും കോൺഗ്രസിലുമായി ഭിന്നിച്ചു. ഇങ്ങനെ നാലുമുന്നണികളായി പിരിഞ്ഞ് വിവിധ രീതിയിൽ വോട്ട് ഭിന്നിച്ചതും ഗുണം ചെയ്തത് ആപ്പിനാണ്.

ചന്നി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായതോടെ പഞ്ചാബിലെ ദളിത് വോട്ടർമാരെ വിജയിപ്പിക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിച്ചത്. പഞ്ചാബിലെ ജനസംഖ്യയുടെ 32 ശതമാനത്തിലധികം ദളിതരാണ്. ജാട്ട് സിഖുകാർ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന പഞ്ചാബിലെ, ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് ചന്നി. പക്ഷേ ആം ആദ്മിയുടെ വെൽഫയർ പൊളിറ്റിക്സ് കാരണം ദലിത് വോട്ടുകളിലും വലിയ തോതിൽ വിള്ളൽ വീണു. ബിഎസ്‌പി- അകാലിദൾ സഖ്യത്തിലേക്ക് ഒരു വിഭാഗം പിന്നാക്ക വോട്ടുകളും പോയി. വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും മധ്യവർഗത്തിന്റെയും വോട്ടാണ് വൻ തോതിൽ അപ്പിന് വീണത്.

ഡൽഹിക്കാർ വന്ന് പഞ്ചാബ് ഭരിക്കുന്നതിനെയാണോ മിഷൻ പഞ്ചാബ് എന്ന് വിളിക്കുന്നതെന്ന് പറഞ്ഞ് മണ്ണിന്റെ മക്കൾ കാർഡിറക്കാനും മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി ശ്രമിച്ചു. പഞ്ചാബിന്റെ കാര്യം നോക്കാൻ പഞ്ചാബികളൊന്നും ഇല്ലാത്ത അവസ്ഥ വന്നിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ നാം എല്ലാം ഇന്ത്യക്കാരാണെന്ന് പറഞ്ഞാണ് ചന്നിയൂടെ വാദങ്ങളെ കെജ്രിവാൾ നേരിട്ടത്. ചന്നി, മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും തോൽക്കുമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ''ആംആദ്മി പാർട്ടി മൂന്ന് തവണ നടത്തിയ സർവേയിലും ഈ രണ്ട് മണ്ഡലങ്ങളിൽ ചന്നി തോൽക്കുമെന്ന് വ്യക്തമാക്കുന്നത്. ഇത് അദ്ദേഹത്തിന്റെ വാട്ടർലൂവാണ്''- കെജ്രിവാൾ വരാനിരികകുന്ന സൂനാമി നേരത്തെ കണ്ടിരുന്നു.

അതുപോലെ ചന്നിയുടെ പിഴവിൽനിന്ന് മുതലെടുക്കാനും കെജ്രിവാളിന് ആയി. പ്രിയങ്കാ ഗാന്ധിയെ 'പഞ്ചാബിന്റെ മരുമകൾ' എന്നു വിശേഷിപ്പിച്ച ചന്നി, യുപിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ള 'ഭയ്യമാർക്ക്' 'ഇവിടെ വന്ന് ഭരിക്കാൻ കഴിയില്ല' എന്നും ഒരു പൊതുയോഗത്തിൽ പറഞ്ഞത് വൻ പ്രതിഷേധത്തിന് ഇടായാക്കി. അപ്പ് നേതാക്കാൾ ഈ പരാമർശത്തെ 'ലജ്ജാകരം' എന്നാണ് വിശേഷിപ്പിച്ചത്.'' പ്രിയങ്ക ഗാന്ധിയും യുപിയിൽ നിന്ന് വരുന്നതാണ്. അതുകൊണ്ടുതന്നെ അവരും ഭയ്യയാണ്. - കെജ്രിവാൾ പറഞ്ഞു. ഇങ്ങനെ ഒരോഘട്ടത്തിലും പഞ്ചാബിൽ കെജ്രിവാൾ നേരിട്ട് എത്തി ഗോൾ അടിക്കായായിരുന്നു.

അരവിന്ദിന് അസാധ്യമായി ഒന്നുമില്ല

2010ന് മുമ്പ് അരവിന്ദ് കെജ്രിവാൾ എന്ന വ്യക്തിയെക്കുറിച്ച് ഈ ലോകത്ത് ആരൊക്കെ കേട്ടിരിക്കും. 2012ൽ ആം ആദ്മി പാർട്ടി രൂപീകരിച്ച്, വൈകാതെ ഞങ്ങൾ ഡൽഹി പിടിക്കുമെന്ന് പറഞ്ഞപ്പോൾ എവരും ചിരിക്കയാണ് ഉണ്ടായത്. പക്ഷേ പിൽക്കാലത്ത് മൂന്ന് തവണ അരവിന്ദ് കെജ്രിവാൾ തുടർച്ചയായി ഡൽഹി മുഖ്യമന്ത്രിയായത് ചരിത്രം. അയായത് ഇന്ത്യയിൽ എല്ലായിടത്തുമുള്ള ചിന്തിക്കുന്ന യുവാക്കൾ, പഴയ നക്സലൈറ്റ് കാലഘട്ടത്തിലെന്നപോലെ ഇപ്പോൾ ആകൃഷ്ടരാവുന്നത് കെജ്രിവാളിലാണ്. അസാധ്യമായി ഒന്നുമില്ല എന്നാണ് അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ അരവിന്ദ് കെജ്രിവാൾ ഇന്ത്യൻ പ്രധാനമന്ത്രിയാവും എന്ന് പറഞ്ഞാലും ഞെട്ടേണ്ട കാര്യമില്ല.

ഒരു സാധാരണ വിദ്യാർത്ഥിയായി തുടങ്ങി, മിടുക്കനായ ഐഐടി വിദ്യാർത്ഥിയായി, ടാറ്റ സ്റ്റീലിൽ എൻജിനീയറായി, ഇന്ത്യൻ ഭരണ സർവ്വീസിലെത്തി, അഴിമതി വിരുദ്ധ സമരത്തിനായി ജോലി ഉപേക്ഷിച്ച്, ഒടുവിൽ ആം ആദ്മി എന്ന പാർട്ടി ഉണ്ടാക്കി, ഇന്ദ്ര പ്രസ്ഥത്തിൽ അധികാരത്തിലേറി, ഇപ്പോൾ പഞ്ചാബും പിടിച്ചിരിക്കയാണ് അരവിന്ദ് കെജ്ര്രിവാൾ.

ഇന്ത്യയിലെ വിദ്യാർത്ഥികളുടെ സ്വപ്ന സ്ഥാപനങ്ങളിൽ ഒന്നായ, ഐഐടി ഖൊരക്പൂരിൽനിന്ന് നിന്ന് മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദം സ്വന്തമാക്കിയ മിടുക്കനാണ് ഇദ്ദേഹം. ലക്ഷങ്ങളുടെ ശമ്പളത്തിനാണ്, 1989 ൽ കെജ്ര്രിവാളിന് ടാറ്റ സ്റ്റീലിൽ അരവിന്ദ് എൻജിനീയറായത്. പക്ഷേ സ്വകാര്യ കമ്പനിയിലെ ജോലി അദ്ദേഹത്തിന് തീരെ പിടിച്ചില്ല. സിവിൽ സർവ്വീസ് ആയി അടുത്ത ലക്ഷ്യം. 1992 ൽ ടാറ്റയിലെ ജോലി രാജിവച്ച് സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കാനിയ കൊൽക്കത്തയിലേക്ക് പോയി. 1995 ൽ ഇന്ത്യൻ റവന്യു സർവ്വീസിലെത്തി.ഇന്ത്യൻ റവന്യൂ സർവ്വീസ്(ഐആർഎസ്) ആണ് അരവിന്ദ് കെജ്്രിവാളിന് ഒരു കുടുംബം ഉണ്ടാക്കിക്കൊടുത്തത് എന്ന് പറയാം. ഐആർഎസിലെ ഒരേ ബാച്ചുകാരിയായ സുനിതയെ ആണ് പ്രണയിച്ച് വിവാഹം കഴിച്ചത്.

സർക്കാർ സർവ്വീസ് പൊതു ജന സേവനം തന്നെ. എന്നാലും അതിലെ വ്യാപകമായ അഴിമതി അദ്ദേഹത്തെ അസ്വസ്ഥാനാക്കി. . ജനങ്ങൾക്ക് അത്ര പിടിപാടില്ലാത്തതും എന്നാൽ ഏറെ ആവശ്യമുള്ളതും ആയ ആദായ നികുതി, റേഷൻ , വൈദ്യുതി മേഖലകളിൽ സഹായം എത്തിക്കനായി കെജ്രിവാൾ ഒരു സംഘടന തുടങ്ങി. 'പരിവർത്തൻ'. 1999 ൽ ആയിരുന്നു.സർക്കാർ ജോലിയിൽ ഇരിക്കുമ്പോൾ മുഴുവൻ സമയ പൊതു പ്രവർത്തനം സാധ്യമല്ലല്ലോ. ജോലി വേണോ.. പൊതു പ്രവർത്തനം വേണോ... കെജ്ര്രിവാളിന്റെ തീരുമാനം പൊതുപ്രവർത്തകനായി നിൽക്കാനായിരുന്നു. അങ്ങനെ ഇൻകം ടാക്‌സ് ജോയിന്റ് കമ്മീഷണറായിരിക്കെ 2006 ൽ അദ്ദേഹം ജോലി രാജിവച്ചു.

മാഗ്‌സസെ പുരസ്‌കാരം ഒരിക്കൽ കൂടി ഇന്ത്യയിലേക്കെത്തിച്ച വ്യക്തിയാണ് അരവിന്ദ് കെജ്ര്രിവാൾ. 2006 ലാണ് ഇ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുന്നത്. എമർജന്റ് ലീഡർഷിപ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ആദ്യമായി മാഗ്‌സസേ അവാർഡ് ലഭിക്കുന്ന വ്യക്തി കൂടിയാണ് കെജ്രിവാൾ. രാജ്യം കണ്ട മികച്ച വിവരാവകാശ പ്രവർത്തകനുമാണ് ഇദ്ദേഹം. ജോലി ഉപേക്ഷിച്ചതിന് ശേഷം വിവരാവകാശ നിയമത്തിന്റെ പിൻപറ്റിയായിരുന്നു കെജ്രിവാളിന്റെ സമരങ്ങൾ തുടങ്ങുന്നത്. ജനങ്ങൾക്ക് വിവരാവകാശ നിയമത്തിന്റെ ഗുണഫലങ്ങൾ എങ്ങനെ ലഭിക്കുമെന്നും അദ്ദേഹം തെളിയിച്ചു.

അണ്ണ ഹസാരെയുടെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ സമരം തുടങ്ങിയപ്പോഴാണ് അദ്ദേഹം കൂടുതൽ ജനശ്രദ്ധ നേടിയത്. ജനലോക്പാലിൻ കരട് രൂപീകരിക്കുന്നതിനുള്ള സമിതിയിൽ പൗര സമൂഹത്തിന്റെ പ്രതിനിധിയായി കെജ്രിവാളും ഉണ്ടായിരുന്നു. പുഴുക്കുത്ത് വീണ ഇന്ത്യൻ രാഷശ്ട്രീയത്തിന് ഒരു മുക്തി വേണമെങ്കിൽ തങ്ങളും രാഷ്ട്രീയത്തിൽ ഇറങ്ങണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ അണ്ണ ഹസാരെ ഇതിന് എതിരായിരുന്നു. എന്തിനും ഏതിനും ഒപ്പം ഉണ്ടായിരുന്ന കിരൺ ബേദിയും ഇക്കാര്യത്തിൽ കെജ്രിവാളിനൊപ്പം നിന്നില്ല. ഹസാരെ സംഘം പിരിയുമോ എന്ന നിലയിലേക്ക് വരെ എത്തി കാര്യങ്ങൾ

എതിർപ്പുകൾ പലതും ഉയർന്നെങ്കിലും കെജ്ര്രിവാൾ ഒടുവിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ആം ആദ്മി പാർട്ടി... സാധാരണക്കാരന്റെ പാർട്ടി. 2012 നവംബർ 26 നായിരുന്നു ഡൽഹിയിൽ വച്ച് കെജ്ര്രിവാൾ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ആ പാർട്ടി പിന്നെ ഡൽഹി പിടിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ദിവസമാണ് 2013 ഡിസംബർ 8. കോൺഗ്രസി് മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ അട്ടിമറിച്ച് അരവിന്ദ് കെജ്ര്രിവാൾ തന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കി. അന്ന് തൊടുത്ത ജ്വാലയാണ് ഇപ്പോൾ പഞ്ചാബിലും എത്തി നിൽക്കുന്നത്. ഇനി എന്താണ് കെജ്രിവാളിന്റെ മനസ്സിൽ ഉള്ളത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മോദി - കെജ്രിവാൾ പോരാട്ടം വരുമോ?

2024ലെ പൊതുതിരഞ്ഞെടുപ്പിൽ മോദി - കെജ്രിവാൾ പോരാട്ടം വരുമോ എന്നാണ് പഞ്ചാബ് വിജയത്തിന്റെ പശ്ചാത്തലത്തിൽ ഏവരും ചോദിക്കുന്നത്. ഒരിക്കൽ ഉപേക്ഷിച്ച ദേശീയ രാഷ്ട്രീയ സ്വപ്നം കെജ്രിവാളിനെ കൊണ്ട് പൊടിതട്ടി എടുപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്.

ഇന്ത്യാ മഹാരാജ്യം ഒരു പ്രതിപക്ഷ നേതാവിനെ തേടുന്ന തിരക്കിലാണ്. നരേന്ദ്ര മോദി - അമിത്ഷാ കൂട്ടുകെട്ടിനെ നേരിടാൻ കെൽപ്പുള്ളത് ആർക്കെന്ന ചോദ്യമാണ് ഉയരുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ വേരുകൾ ഉള്ള, അടിമുടി ജനകീയനായ നേതാവിനെ തേടിയുള്ള രാഷ്ട്രത്തിന്റെ ശ്രമത്തിന് ഉത്തരം അരവിന്ദ് കെജ്രിവാളെന്നാണ് ആം ആദ്മി പ്രവർത്തകർ പറയുന്നത്. ഡൽഹിയിൽ തുടർച്ചയായി മൂന്നാം തവണയും, ഇപ്പോൾ പഞ്ചാബിലും, വിജയം നേടുമ്പോൾ ഒരിക്കൽ ഉപേക്ഷിച്ച ദേശീയ രാഷ്ട്രീയ മോഹം കെജ്രിവാൾ വീണ്ടും പൊടിതട്ടി എടുക്കുമോ എന്ന ആകാംക്ഷയാണ് നിലനിൽക്കുന്നത്.

ദേശീയത ആയുധമാക്കുന്ന ബിജെപിക്ക് അതേ നാണയത്തിൽ ദേശീയ ബോധം ഉയർത്തി കൊണ്ടുവരാൻ സാധിക്കുന്ന പാർട്ടിയാണ് ആം ആദ്മി പാർട്ടി. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നവർ. രാഷ്ട്രനിർമ്മാണത്തിന് എഎപി എന്ന ബാനർ ഇനി ദേശീത തലത്തിലും പാറാൻ ഇടയുണ്ട്. 2024ലെ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിയുടെയോ, അതോ പ്രതിപക്ഷ സംയുക്ത സഖ്യത്തിന്റെയോ സ്ഥാനാർത്ഥിയായി മോദിക്കെതിരെ കെജ്രിവാളിനെ ഉയർത്തിക്കൊണ്ടുവരണം എന്നും ഇപ്പോൾ ചർച്ചകൾ പുരോഗമിക്കയാണ്. ഒരിക്കൽ ദേശീയ രാഷ്ട്രീയത്തിൽ കാലിടറിയ അദ്ദേഹം ഇതിന് റിസ്‌ക്ക് എടുക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

വിമർശകർ കെജ്രിവാളിനും മൃദുഹിന്ദുത്വ അജണ്ടയാണെന്ന് പറയുന്നുണ്ട്. പൗരത്വഭേദഗതി സമരങ്ങളുടെ സമയത്ത് അദ്ദേഹം നടത്തിയ മൗനമാണ് ഇതിന് കാരണമാക്കിയത്.ഇതുമുന്നിൽ വച്ചാണ് ആം ആദ്മി പാർട്ടി ആർഎസ്എസിൽ നിന്നാണ് ഉണ്ടായതെന്ന കടുത്ത ആരോപണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയത്. പഞ്ചാബിൽ പലയിടത്തും അവർ ഇത് പ്രസംഗിക്കുകയും ചെയ്തു. എന്നാൽ എന്തിനും ഏതിനും മോദിയെയും ബിജെപിയെയും വിമർശിച്ച് ഹിന്ദുത്വകാർഡ് അവർക്ക് വീണ്ടും എടുക്കാനുള്ള ശ്രമം ഒരുക്കരുത് എന്നാണ് ആപ്പ് നേതാക്കാൾ പറയാറുള്ളത്.

ഡൽഹി മുഖ്യമന്ത്രി പദവി വഹിക്കുമ്പോൾ തന്നെ ദേശീയ നേതാവായി രൂപാന്തരം പ്രാപിക്കുക എന്നത് കെജ്രിവാളിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യമാണ്. 2014ൽ മോദിക്ക് രാജ്യത്തുടനീളം വോട്ടർമാരോട് വാഗ്ദാനം ചെയ്യാനുണ്ടായിരുന്നത് ഗുജറാത്ത് മോഡൽ എന്നായിരുന്നെങ്കിൽ, അതിന് വിപരീതമായി ഡൽഹി മോഡലിനെക്കുറിച്ചാണ് ആംആദ്മി പാർട്ടി സംസാരിക്കുന്നത്.ദേശീയ ചിത്രത്തിലേക്ക് തന്നെ പരുവപ്പെടുത്താൻ നരേന്ദ്ര മോദി നടത്തിയതും ഇത്തരത്തിൽ വർഷങ്ങളുടെ പ്രയത്‌നമായിരുന്നു. രാജ്യം മുഴുവൻ സഞ്ചരിച്ച് മോദിക്ക് ബദലായി വളരാൻ കെജ്രിവാൾ ശ്രമിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. എന്നാൽ ഡൽഹിയിൽ അത്ഭുതം കാണിച്ച കെജ്രിവാളിന്റെ മനസ്സിൽ എന്താണെന്ന് ആർക്കും വ്യക്തമല്ല.

വാൽക്കഷ്ണം: പകൽമാന്യന്മാർക്ക് കിട്ടിയ വമ്പൻ ഷോക്ക് കൂടിയാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ് വിജയം. ആം ആദ്മി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ ഭഗവന്ത് മൻ സിങ് കടുത്ത മദ്യപാനിയാണെന്നും, ഇയാളെ ഭാര്യപോലും ഉപേക്ഷിച്ചെന്നുമാണ് കോൺഗ്രസ്്, അകാലിദൾ, ബിജെപി നേതാക്കൾ ഒരുപോലെ പ്രചരിപ്പിച്ചിരുന്നത്. പക്ഷേ ജനം ഈ 'കുടിയന്' തന്നെ വോട്ട് ചെയ്തു. കാരണമായി പഞ്ചാബി മാധ്യങ്ങൾ പറയുന്നത് അദ്ദേഹം ശരിക്കും ജനകീയനാണെന്നാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടിൽ ഒരു പ്രശ്നമുണ്ടായാൽ കൂടെ നിൽക്കും. അൽപ്പം കുടിച്ചാലും, സിദ്ദുവിനെയും്, അമരീന്ദർ സിങിനെയും, ചന്നിയെയും, ബാദലിനെയുമൊക്കെ വെച്ച് നോക്കുമ്പോൾ പഞ്ചാബിലെ 'ഏക വെളിവുള്ള നേതാവ്' എന്നാണ് ശേഖർ ഗുപ്ത ഭഗവന്ത് മൻ സിങിനെ കുറിച്ച് എഴുതിയത്! 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP