Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

17ാം വയസ്സിൽ സ്‌കൂൾ വിദ്യാഥിനിക്ക് ഉണ്ടായ സന്തതി; അമ്മ പരീക്ഷയെഴുതിയത് ഈ മകനെ മടിയിലിരുത്തി; എല്ലാ ജീവിത പ്രാരാബ്ധങ്ങളോടും പടവെട്ടി വളർന്നു; ഇന്റർനെററിന്റെ സാധ്യതകൾ ആദ്യം തിരിച്ചറിഞ്ഞ വ്യക്തി; ആ കൂലിത്തൊഴിലാളി ഇന്ന് 14.73 ലക്ഷം കോടിരൂപ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികൻ; ആമസോൺ സ്ഥാപകൻ ജെഫ് ബൊസാസ് അംബാനിയുമായി കൈകോർത്ത് ഇന്ത്യയിലേക്ക്; ലോകം കണ്ട ഏറ്റവും വലിയ വ്യാപാര സഖ്യത്തിൽ ഭീതിയോടെ ചൈനയും

17ാം വയസ്സിൽ സ്‌കൂൾ വിദ്യാഥിനിക്ക് ഉണ്ടായ സന്തതി; അമ്മ പരീക്ഷയെഴുതിയത് ഈ മകനെ മടിയിലിരുത്തി; എല്ലാ ജീവിത പ്രാരാബ്ധങ്ങളോടും പടവെട്ടി വളർന്നു; ഇന്റർനെററിന്റെ സാധ്യതകൾ ആദ്യം തിരിച്ചറിഞ്ഞ വ്യക്തി; ആ കൂലിത്തൊഴിലാളി ഇന്ന് 14.73 ലക്ഷം കോടിരൂപ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികൻ; ആമസോൺ സ്ഥാപകൻ ജെഫ് ബൊസാസ് അംബാനിയുമായി കൈകോർത്ത് ഇന്ത്യയിലേക്ക്; ലോകം കണ്ട ഏറ്റവും വലിയ വ്യാപാര സഖ്യത്തിൽ ഭീതിയോടെ ചൈനയും

എം മാധവദാസ്

ന്ന് ലോകത്തിലെ ധനികനായ വ്യക്തി 25വർഷം മുമ്പ് വെറുമൊരു കൂലിത്തൊഴിലാളിയായിരുന്നു.   17 വയസ്സുള്ളപ്പോൾ സ്‌കൂൾ കുട്ടിയായിരിക്കവേയാണ് അയാളുടെ അമ്മ അയാൾക്ക് ജന്മം നൽകുന്നത്. കൈക്കുഞ്ഞുമായും ഫീഡിങ്ങ് ബോട്ടിലുമായി എത്തിയാണ് ആ അമ്മ പരീക്ഷയെഴുതിയതും. നമ്മുടെ നാട്ടിലാണെങ്കിൽ പരിഹാസവും ചെല്ലപ്പേരുകളും കേട്ട്മടുത്ത് ചെറുപ്പത്തിലെ മുരടിച്ചുപോകുമായിരുന്ന ഒരു ജീവിതം. പക്ഷേ  മുത്തച്ഛന്റെയും വളർത്തഛന്റെയും തണലിൽ പഠിച്ച് മിടുക്കനായി അയാൾ വളർന്നു. ഒരു ധനകാര്യസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച്, തന്റെ മാതാപിതാക്കളുടെ ആജീവനാന്ത സമ്പാദ്യമെടുത്ത് അയാൾ തുടങ്ങിയ കൊച്ചു കമ്പനി ഇന്ന് ലോകത്തിലെ നമ്പർ വൺ ആയി. അയാളാകട്ടെ 14.73 ലക്ഷം കോടിരൂപ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനും. ലോകത്തെ ഏറ്റവും വലിയ ഓൺൺലൈൻ വ്യാപാരക്കമ്പനിയായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ വളർച്ച അതിശയകരമാണ്.

ഇന്ന് ചല്ലറ വിൽപ്പന മുതൽ ബഹിരാകാശ ടൂറിസത്തിൽവരെ ബെസോസിന് മുതൽമുടക്കുണ്ട്. ( 
മാർക്‌സിസ്റ്റ് സാഹിത്യത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ശരിക്കും ഒരു ബൂർഷ്വാ. പക്ഷേ ലക്ഷക്കണക്കിന് രൂപ സാമൂഹിക പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവിടുന്ന ഒരു മനുഷ്യസ്നേഹി കൂടിയാണ് ഈ മിതഭാഷി) ലോകത്തിന്റെ മുക്കിലും മൂലയിലും ഒരു കച്ചവടം നടക്കുമ്പോൾ അതിന്റെ ലാഭം ബെസോസിലേക്കും എത്തുന്നു. ഇപ്പോഴിതാ ഇന്ത്യൻ തൊഴിൽ വിപണിയെ ഉടച്ചുവാർക്കത്തുന്ന രീതിയിലുള്ള ഒരു സുപ്രധാന തീരുമാനം ബെസോസിന്റെ ഭാഗത്തുനിന്ന് വൈകാതെ ഉണ്ടാകുമെന്നാണ് ലോക മാധ്യമങ്ങൾ കരുതുന്നത്. അതായത് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയും ലോകത്തിന്റെ ഏറ്റവും വലിയ സമ്പന്നനായ ബെസോസും കൈകോർക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലായി കിട്ടുന്ന വിവരങ്ങൾ. മുകേഷ് അംബാനി തന്റെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ പങ്കാളിയാകാൻ ആമസോണിനെ ക്ഷണിച്ചുവെന്ന് ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്യുന്നു. ആമസോൺ ഈ ഇടപാടുമായി മുന്നോട്ടുപോകാനായി കൂടുതൽ ചർച്ചകൾ നടത്താൻ താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. റിലയൻസ് റീറ്റെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ ഏകദേശം 40 ശതമാനം ഓഹരിയാണത്രെ റിലയൻസ് വിൽക്കുക. അതിന് ചോദിക്കുന്നതോ 20 ബില്ല്യൻ ഡോളറും! ഒരു ബില്ല്യൺ എന്നാൽ നൂറുകോടിയാണെന്ന് ഓർക്കണം. അതായത് 2000 കോടി ഡോളർ.

മറ്റൊരു അമേരിക്കൻ കമ്പനിയായ വാൾമാർട്ട് ഫ്ളിപ്പ് കാർട്ടിൽ നടത്തിയ 16 ബില്യൺ ഡോളർ നിക്ഷേപത്തിനായിരുന്നു ഇതുവരെ റെക്കോർഡ്. നിലവിൽ 77 ശതമാനം ഓഹരിയാണ് വാൾമാർട്ടിന് ഫ്ലികാർട്ടിലുള്ളത്. അതുവെച്ചു നോക്കുമ്പോൾ ഇത് ലോകം കണ്ട ഏറ്റവും വലിയ വ്യാപ്യര സഖ്യവുമായി മാറും. ഇവിടെയാണ് കളി കിടക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാണ്ടാമത്തെ രാഷ്ട്രവും ലോകത്തിലെ ഏറ്റവും സമ്പന്നരാഷ്ട്രവും തമ്മിലുള്ള ബന്ധം ഊഷ്മളമാവുകയും ചെയ്യും. അതിൽ തിരിച്ചടി നേരിടുക ലോകത്തെ മൊത്തമായി വിഴുങ്ങാനിരിക്കുന്ന ചൈനയെ ആയിരിക്കും. നിലവിൽ ആലിബാബ, ജെഡി.കോം, ഫ്ളിപ്പ്കാർട്ട് എന്നിവയുടെയൊക്കെ പരോക്ഷ പിന്തുണ ചൈനക്കായിരുന്നു. പുതിയ സഖ്യം യാഥാർഥ്യമായാൽ ഇവർ പിറകോട്ട് അടിക്കപ്പെടും. ഫലത്തിൽ വിപണയിൽനിന്ന് ചൈന പിന്തള്ളപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുക. വിപണയില്ലെങ്കിൽ ചൈനയില്ല. ആത്യന്തികമായി ഈ സംഖ്യം ക്ലിക്കായാൽ ചൈനയുടെ തകർച്ചയിലേക്കാണ് കാര്യങ്ങൾ നീങ്ങുകയെന്ന് പല സാമ്പത്തിക വിദഗധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഫ്ളിപ്പ്കാർട്ടും ഒപ്പം ചൈനയും തകരും

ലോകത്തിലെ ഏറ്റവും വലിയ വിപണികളിൽ ഒന്നായ ഇന്ത്യയിൽ ആമസോൺ ഇപ്പോൾ സുപരിചിതമാണെങ്കിലും അവർ ഉദ്ദേശിക്കുന്ന വളർച്ച ഈ മേഖലയിൽ ഉണ്ടായിട്ടില്ല. ഇന്ത്യയിൽ ഓൺലൈനിലൂടെയുള്ള വിൽപ്പന ഇപ്പോഴും ചെറിയൊരു ശതമാനം മാത്രമാണ്. ഏകദേശം 1 ട്രില്യൻ ഡോളറാണ് ഇന്ത്യയിലെ മൊത്തം വിൽപ്പനയെങ്കിൽ അതിൽ വളരെ ചെറിയൊരു പങ്കുമാത്രമെ ഓൺലൈനിലൂടെ നടക്കുന്നുള്ളു.

ഇന്ത്യയിലെ വലിയൊരു ശതമാനം ആളുകളും കടകളിൽ നിന്ന് സാധനങ്ങൾ നേരിട്ട് വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് എന്നത് ആമസോണിന് ഒരു കീറാമുട്ടിയായിരുന്നു. ഇതിനെ മറികടക്കണമെങ്കിൽ കമ്പനിക്ക് ഒരു പ്രാദേശിക സഖ്യം ആവശ്യമായിരുന്നു. ഇത്തരമൊരു സാന്നിധ്യമാണ് റിലയൻസ് റീട്ടെയിൽ. ഇന്ത്യയാകെ പടർന്നു കിടക്കുന്ന തന്റെ റീട്ടെയിൽ യൂണിറ്റുകൾ ആമസോണുമായി പങ്കുവയ്ക്കുകയായിരിക്കും അംബാനി ചെയ്യുക. ആമസോണിന് പക്ഷേ ഇതൊരു പുതിയ നീക്കമായിരുന്നില്ല. ചൈനയിൽ വൻ തുക നിക്ഷേപിച്ചെങ്കിലും അവിടുത്തെ ഭീമന്മാരായ ആലിബാബ, ജെഡി.കോം തുടങ്ങിയ കമ്പനികൾ കമ്പനിയെ കെട്ടുകെട്ടിക്കുകയായിരുന്നു. ഫ്ളിപ്പ്കാർട്ടിന്റെ പിന്തുണയും അവർക്കുണ്ടായിരുന്നു. ഈ പാഠം ഉൾക്കൊണ്ടായിരിക്കും ആമസോൺ ഇന്ത്യയിൽ നടത്തുന്ന നീക്കങ്ങൾ.

കോവഡിന്റെയും സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെയും കാലംവന്നതോടെ ലോകത്തിലെ പ്രമുഖ കമ്പനികൾ ഒക്കെയും ഒന്നിനുപിറകെ ഒന്നായി പിറകോട്ട് അടിച്ചു. പക്ഷേ അപ്പോഴും ആമസോണിന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ഇനിയുള്ളതും അവരുടെ കാലം തന്നെയാണെന്നാണ് ബ്ലൂബർഗ് റിപ്പോർട്ടുകളൊക്കെ സൂചിപ്പിക്കുന്നത്. അതേസമയം കോവിഡിൽ ചൈനയുടെ ഗുഡ് വിൽ തന്നെ തകർന്നു. പ്രഭവകേന്ദ്രത്തിൽ തന്നെ ഒതുക്കമായിരുന്ന കോവിഡിനെ ലോകം മുഴവൻ പടർത്തിയെന്ന ആരോപണം ഉയർന്നതോടെ അന്താരാഷ്ട്ര തലത്തിൽ തന്നെ ചൈനയുടെ കീർത്തി ഇടിഞ്ഞു. പല പ്രമുഖ കമ്പനികളും ചൈന വിട്ടു. അല്ലെങ്കിൽ അവരുടെ ആസ്ഥാനം ചൈനയിൽനിന്ന് മാറ്റി. ചൈനീസ് വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ളവയുടെ ഗുണ നിലവാരത്തെക്കുറിച്ചും ലോക വ്യാപകമായി ചർച്ചവന്നു. ഇതോടൊപ്പം ഗാൽവൻ താഴ്‌വരെയിൽ ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പുർണ്ണമായി ഇടഞ്ഞതും ചൈനക്ക് വൻ തിരിച്ചടിയായി. ടിക്ക്ടോക്കും പബ്ജിയുമൾപ്പെടെയുള്ളവ നിരോധിക്കപ്പെട്ടതോടെ ശതകോടികളുടെ വരുമാന നഷട്മാണ് ചൈനക്ക് ഉണ്ടായിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്മാർട് ഫോൺ നിർമ്മാണ കേന്ദ്രമായ ചൈനയിൽ നിന്നുള്ള കയറ്റുമതി 15.6 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ചൈനയിൽ തന്നെയും സ്മാർട് ഫോണുകൾക്കുള്ള ആവശ്യക്കാർ കുറഞ്ഞു. ഈമേഖലയിൽ ചൈനയുടെ ഭാവി ഒട്ടും ശോഭനമല്ലെന്നാണ് ലോക മാധ്യമങ്ങൾ പറയുന്നത്. ആപ്പിൾ, വാവെയ്, ഷഓമി പോലെയുള്ള കമ്പനികൾക്കു പോലും പുതിയ ഫോണിലേക്ക് അപ്‌ഗ്രേഡു ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുക എന്നത് ശ്രമകരമായിരിക്കുമെന്നും പറയുന്നു. ഈ വർഷം ജൂലൈയിൽ ഏകദേശം 24.4 ദശലക്ഷം ഹാൻഡ്‌സെറ്റുകളാണ് ചൈനയിൽ നിന്ന് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ മാസം 33 ദശലക്ഷം ഹാൻഡ്സെറ്റുകൾ കയറ്റുമതി ചെയ്തിരുന്നു. ഇപ്പോൾ റീട്ടെയിൽ കടകൾ ധാരാളമായി തുറന്നിരിക്കുന്ന രാജ്യങ്ങളിലൊന്ന് ചൈനയാണെങ്കിലും അവിടെയും മുൻവർഷത്തെ പോലെ കസ്റ്റമർമാരെ ആകർഷിക്കാനാകുന്നില്ല. അടുത്തിടെ ആപ്പിളും വാവെയും പുതിയ ഫോണുകൾ അവതരിപ്പിക്കാനിരിക്കുകയാണ്. ഇതിനു ശേഷം കാര്യങ്ങൾക്ക് മാറ്റം വന്നേക്കാമെന്നും കരുതുന്നു.

അതായത് ആഗോളവ്യാപകമായി ചൈനക്ക് തിരിച്ചടിയേറ്റുകൊണ്ടിരിക്കുന്ന സമയത്താണ് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വ്യാപാര സഖ്യത്തിന് അരങ്ങൊരുങ്ങുന്നത്. ഇന്ന് ചൈന നൽകിക്കൊണ്ടിരിക്കുന്ന എല്ലാ ചില്ലറ വിൽപ്പന മേഖലിയിലേക്കും ഭാവിയിൽ ആമസോൺ- അംബാനി സഖ്യം കടന്നുകയറാൻ ഇടയുണ്ട്. വിലക്കുറിവിന്റെ ചൈനീസ് ബ്രാൻഡിനും പകരം വിലക്കുറവും ഗുണ നിലവാരവുമുള്ള ഇന്തോ- അമേരിക്കൻ ബ്രാൻഡുകൾ ആയിരിക്കും അവിടെയുണ്ടാവുക. തൊഴിൽ മേഖലയിലും ഇത് വലിയ മാറ്റം വരുത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിൽ അലോക് ഭട്ടാചാര്യ എന്ന സാമ്പത്തിക വിദഗ്ധൻ കൂട്ടിച്ചേർക്കുന്നു. 'ഇന്ത്യയിൽ താരമമ്യേന ചുരുങ്ങിയ വിലക്ക് കിട്ടുന്ന മാനവ വിഭവശേഷിയും അമേരിക്കയുടെ ടെക്ക്നോളജിയും കൂടുന്ന ഒരു ബ്രാൻഡ ഉണ്ടായാൽ അത് ലോകം പിടിച്ചടുക്കും. ഇന്ത്യൻ തൊഴിലാളികളുടെ സേവന വേതന നിലവാരവും വർധിക്കും. ചാരിറ്റി പ്രവർത്തനങ്ങൾക്കും തൊഴിലാളി സേവനത്തിനുമെല്ലാം മുന്നിൽ നിൽക്കുന്നവയാണ് ലോകത്തിലെ കോർപ്പറേറ്റ് കമ്പനികൾ. ഇന്ത്യൻ കമ്പനികളുടെ ഇടുങ്ങിയ അന്തരീക്ഷമല്ല അവിടെ. ആ രീതിയിൽ തൊഴിലാളികൾക്ക്പോലും ഏറെ ഗുണകരമാവും ഈ സഖ്യം. ഒരിടത്ത് ഒരു മാറ്റം തുടങ്ങിയാൽ മറ്റിടത്തും അത് എത്തും. അതായത് ആമസോണിലെ തൊഴിലാളികൾക്ക് കിട്ടുന്ന എല്ലാ ആനുകൂല്യവും ഭാവിയിൽ ഇന്ത്യൻ തൊഴിലാളികൾക്കും കിട്ടും. അതാണ് ആഗോളീകരണത്തിന്റെ സൗന്ദര്യം.'- അലോക് ചൂണ്ടിക്കാട്ടുന്നു.

മുകേഷ് അംബാനി ലോകത്തെ ധനികരിൽ രണ്ടാമതെത്തും

ജെഫ് ബെസോസിനെപോലെ താഴെ തട്ടിൽനിന്ന് പടിപടിയായി ഉയർന്ന വ്യക്തിയല്ല വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച മുകേഷ് അംബാനി. പിതാവ് ധീരുബായി അംബാനിയുടെ വ്യവസായ സാമ്രാജ്വത്തിന്റെ നേർപകുതി കിട്ടിയ സഹോദരൻ അനിൽ അംബാനി കുത്തുപാളയെടത്തപ്പോഴും മുകേഷ് ജിയോയും എണ്ണക്കമ്പനികളുമായി വളർന്നു. ഇപ്പോൾ ആമസോൺ സഖ്യം യാഥാർഥ്യമാവുകയാണെങ്കിൽ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവും മുകേഷ് അംബാനി തന്നെയാണ്.

ഇന്ത്യയിൽ നടന്നിരിക്കാൻ സാധ്യതയുള്ളതിൽ വച്ച് ഏറ്റവും വലുതായിരിക്കും ഇത്. ആമസോൺ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപവുമായിരിക്കും ഇത്. ഈ ഇടപാടു നടന്നാൽ റിലയൻസിന്റെ ഓഹരിവില ഉയർന്ന് മുകേഷ് അംബാനിയെ ലോകത്തെ ധനികരുടെ പട്ടികയിൽ രണ്ടാമതോ മൂന്നാമതൊ എത്തിക്കാനും വരെ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗധർ വിലയിരുത്തുന്നു. ഈ ഇടപാട് നടന്നാൽ അത് ഇന്ത്യൻ റീട്ടെയിൽ വിൽപ്പനയുടെ രംഗത്ത് ഒരു ഭീമാകാരമായ സാന്നിധ്യമായി തീരും ഈ സഖ്യം. ബ്ലൂംബർഗിന്റെ വാർത്ത വന്നതോടെ മുംബൈയിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില 7.1 ശതമാനം ഉയർന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 200 ബില്ല്യൻ ഡോളർ കവിഞ്ഞു.

ഈ ഇടപാട് ഇരു കമ്പനികൾക്കും വിജയം സമ്മാനിക്കുമെന്നു കരുതുന്നു. ഇരു കൂട്ടർക്കും കരുത്തുണ്ട്. ആമസോണിന് ആഗോളതലത്തിൽ കച്ചവടം ചെയ്ത അനുഭവജ്ഞാനവും പണവുമുണ്ട്. ഇടപാടു നടന്നാൽ ഇന്ത്യയിലെ സപ്ലൈ ചെയിനുകളും മറ്റും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിക്കാനാകും. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനമെടുക്കാൻ ആമസോൺ അമാന്തിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇത്ര വലിയൊരു നിക്ഷേപം നടത്തണോ എന്ന കാര്യത്തിൽ അവർക്ക് തീരുമാനമെടുക്കാനായിട്ടില്ല. ചർച്ച ഏതു നിമിഷവും അലസിപോകാമെന്നും പറയുന്നു. ഈ വർത്തയെക്കുറിച്ച് പ്രതികരിക്കാൻ ആമസോണിന്റെ പ്രതിനിധി വിസമ്മതച്ചു. അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിക്കരുതെന്നാണ് തങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിലയൻസിന്റെ വക്താവും പറഞ്ഞത്. കമ്പനി പല സാധ്യതകളും ആരായാറുണ്ടെന്നും വക്താവ് അറിയിച്ചു. ആമസോണിന് നിക്ഷേപമുള്ള ഫ്യൂച്ചർ ഗ്രൂപ്പ് കഴിഞ്ഞ മാസം അംബാനി വാങ്ങിയിരുന്നു. ഇതേ തുടർന്നാണ് സഖ്യ സാധ്യത കൂടുതൽ തെളിഞ്ഞതെന്നും പറയുന്നു.

അതേസമയം, ആലിബാബ പോലെയൊരു ഓൺലൈൻ സ്ഥാപനം സ്ഥാപിക്കണമെന്നത് അംബാനിയുടെയും മോഹമായിരുന്നു. ഈ വർഷം അംബാനിയുടെ കമ്പനിയിൽ ഫേസ്‌ബുക്കും ഗൂഗിളും നിക്ഷേപം നടത്തിയിരുന്നു. അതോടെ അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വത്ത് 24 ബില്ല്യൻ ഡോളറായാണ് വർധിച്ചത്. റിലയൻസ് ഇൻസ്ട്രീസിന് ഇന്ത്യയൊട്ടാകെ നിരവധി സൂപ്പർമാർക്കറ്റുകളുണ്ട്. ഈ വർഷം മാർച്ച് വരെ അവർ ഏകദേശം 22 ബില്ല്യൻ ഡോളറിന്റെ കച്ചവടം നടത്തിയിട്ടുള്ളതായും അറിയുന്നു. അവർക്ക് ഏകദേശം 7,000 പട്ടണങ്ങളിലായി 12,000 കടകളുണ്ട്. വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താൻ അനുവദിക്കുന്നതിനൊപ്പം പ്രാദേശിക കമ്പനികളെ വാങ്ങിക്കൂട്ടുകയും ചെയ്യുന്നുണ്ട് അംബാനി.
ഈ ഇടപാടു നടന്നില്ലെങ്കിൽ മറ്റു കമ്പനികളെ റിലയൻസ് റീട്ടെയിലിലേക്ക് നിക്ഷേപം നടത്താൻ അംബനി ക്ഷണിക്കുമെന്നാണ് വാർത്ത. സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, അബുദാബിയുടെ ഫണ്ടായ മുബദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി തുടങ്ങിയവ നിക്ഷേപം നടത്താൻ സാധ്യതയുള്ളവയാണ്. ഇങ്ങനെ നിക്ഷേപം സ്വീകരിച്ച ശേഷം ആമസോണിനെയും ഫ്‌ളിപ്കാർട്ടിനെയും എതിർക്കുക എന്നതായിരിക്കും അംബാനിയുടെ തന്ത്രം.

മക്കളുടെ തമ്മിൽ തല്ല് തടയാൻ ഫാമിലി കൗൺസിൽ

പക്ഷേ ബിസിനിസിൽ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിലും വൈവിധ്യവത്ക്കരിക്കുന്നതിലും ആമസോൺ മേധാവിയെപ്പോലെ മിടുക്കനാണ് മുകേഷും. ജിയോ അടക്കമുള്ള കമ്പനികളുടെ വിജയ കഥ ഓർക്കുക. ഈ വർഷം വ്യത്യസ്തമായ മറ്റൊരു പ്ലാനും മുകേഷ് അംബാനി കൊണ്ടുവന്നു. താനും സഹോദരൻ അനിൽ അംബാനിയുമായുള്ള തർക്കങ്ങൾ തന്റെ ബിനിസിനെ എങ്ങനെ ബാധിച്ചുവെന്ന് നന്നായി അറിയാവുന്നതുകൊണ്ട് കുടുംബത്തിൽ തർക്കങ്ങൾ ഇല്ലാതെ മുന്നേറാനായി ഒരു 'ഫാമിലി കൗൺസിൽ' ആണ് അദ്ദേഹം ഉണ്ടാക്കിയത്. തന്റെ ബിസിസ്‌നസ് പുതിയ തലമുറയെ ചുമതലയേൽപ്പിക്കുന്നിന്റെ ഭാഗമായണ് ഈ നടപടിയെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു .മക്കളായ ആകാശ്, ഇഷ, അനന്ത് എന്നിവരുൾപ്പടെ എല്ലാ കുടുംബാംഗങ്ങൾക്കും തുല്യ പ്രാതിനിധ്യംനൽകിയാണ് കുടുംബ സമിതിയുണ്ടാക്കുന്നത്. കുടുംബത്തിലെ മുതിർന്ന അംഗം, മൂന്നുമക്കൾ, ഉപദേശകരായി പ്രവർത്തിക്കാനായി പുറത്തുനിന്നുള്ളവർ എന്നിവരുൾപ്പെട്ടതാകും സമിതി.

റിലയൻസ് ഇൻഡസ്ട്രീസിന്റെ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം കുടുംബ സമിതിക്കായിരിക്കും നൽകുക. അടുത്തവർഷത്തോടെ സമിതിയുടെ രൂപീകരണ പ്രക്രിയ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 80 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള അംബാനി കുടുംബത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കുന്നതിനും എല്ലാ അംഗങ്ങൾക്കും കൂട്ടായി ഒരുപൊതുവേദി രൂപപ്പെടുത്തുന്നതിനുമാണ് 63കാരനായ അംബാനിയുടെ ശ്രമം.

അടുത്ത തലമുറയുടെ കയ്യിൽ ബിസിനസ് സാമ്രാജ്യം ഭദ്രമാക്കുന്നതിനും തർക്കങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കാനും മുതിർന്നവർ ഉൾപ്പെടുന്ന സമിതിയുടെ രൂപീകരണം പ്രയോജനം ചെയ്യുമെന്നാണ് അംബാനി കരുതുന്നത്.1973ൽ പിതാവ് ധീരുഭായ് അംബാനി സ്ഥാപിച്ചതാണ് റിലയൻസ് ഇൻഡസ്ട്രീസ്. ധീരുഭായ് അംബാനിയുടെ മരണശേഷം സഹോദരനുമായി ശത്രുതയുണ്ടാകാനിടയായ സാഹചര്യംകൂടി കണക്കിലെടുത്തിട്ടാകാം അംബാനിയുടെ ശ്രദ്ധയോടെയുള്ള നീക്കം. നിലവിൽ വ്യത്യസ്ത ബിസിനസുകളിൽ റിലയൻസ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതിനാൽ വിവിധകാര്യങ്ങളിൽ കുടുംബാംഗങ്ങളെ ഏകോപിപ്പിക്കുന്നതിനും സമിതി മുന്നിലുണ്ടാകും. റീട്ടെയിൽ, ഡിജിറ്റൽ, ഊർജം എന്നിവയുടെ ചുമതല മൂന്നുമക്കൾക്കായി വീതിച്ചുനൽകാനാണ് സാധ്യത. ആകാശും ഇഷയും 2014ലിലാണ് റിലയൻസ് ജിയോ ഇൻഫോകോമിന്റെയും റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെയും ഡയറക്ടർമാരായത്. ഇളയവനായ അനന്തിനെ മാർച്ചിൽ ജിയോ പ്ലാറ്റ്‌ഫോമിൽ അഡീഷണൽ ഡയറക്ടറായും നിയമിച്ചു. ആകാശും ഇഷയും ജിയോ പ്ലാറ്റ്‌ഫോമിന്റെ ബോർഡിലുണ്ട്. ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ ഓഫ് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ ഡയറക്ടർകൂടിയാണ് ഇഷ അംബാനി.

യുഎസിലെ ബ്രോൺ യൂണിവേഴ്‌സിറ്റിയിൽനിന്നാണ് ആകാശും അനന്തും ബിരുദംനേടിയത്. ഇഷയാകട്ടെ യേൽ യൂണിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യൻ സ്റ്റഡീസിൽനിന്ന് മനഃശാസ്ത്രത്തിലും ബിരുദംനേടി. അടുത്തകാലത്തായി നടന്ന നിരവധി ഇടപെടലുകളിലൂടെ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മൂന്നുമക്കളും റിലയൻസിന്റെ കൂടുതൽ ഓഹരികൾ സ്വന്തമാക്കിയിരുന്നു. മൂന്നുപ്രൊമോട്ടർമാരിൽനിന്നായി 3.2ശതമാനം ഓഹരികളാണ് ഇവർ സ്വന്തമാക്കിയത്. അവകാശ ഓഹരിയിലൂടെയും കുടുംബം വിഹിതം വർധിപ്പിച്ചു.

ബെസോസിന്റെത് ആരെയും അമ്പരിപ്പിക്കുന്ന ജീവിത കഥ

മുകേഷ് അംബാനിയിൽനിന്നും തീർത്തും വ്യത്യസ്തനായി ഒരു ശരാശരി കുടുംബത്തിൽനിന്ന് പടിപടിയായി വളർന്നാണ് ബെസോസ് ലോകത്തിന്റെ നെറുകയിൽ എത്തിയത്. ഒരു മോട്ടിവേഷൻ ക്ലാസിലും അധികമൊന്നും കേട്ടിട്ടില്ലാത്ത ഈ കഥ അദ്ദേഹം ഈയിടെ തുറന്നു പറഞ്ഞത് യുഎസ് കോൺഗ്രസ് അംഗങ്ങൾ തന്നെ സന്ദർശിക്കാനും അനുഭവങ്ങൾ പഠിക്കാനും എത്തിയപ്പോൾ ആയിരുന്നു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് അടക്കം നാലു ടെക് കമ്പനികളുടെ മേധാവികളാണ് അമേരിക്കൻ കോൺഗ്രസ് പാനലിന്റെ ചോദ്യം ചെയ്യലിനെത്തിയത്. അവരിൽ മികച്ചു നിന്നത് ബെസോസിന്റെ പ്രകടനമാണ്. തന്റെ ജീവിതത്തിലെ വഴിത്തിരിവ് വന്നതിനെപ്പറ്റിയും, താൻ ചെയ്തു വന്ന ജോലി ഉപേക്ഷിക്കാൻ പോകുകയാണ് എന്നറിഞ്ഞപ്പോൾ അന്നത്തെ ബോസ് തന്ന ഉപദേശവുമൊക്കെ അദ്ദേഹം തുറന്നു പറഞ്ഞത്

ആമസോൺ തുടങ്ങുന്നതിനു മുൻപ് ബെസോസ് ന്യൂ യോർക്ക് നഗരത്തിലെ ഒരു നിക്ഷേപ സമാഹരണ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. ആമസോൺ എന്ന ആശയം അദ്ദേഹത്തിനു വെളിപ്പെടുന്നത് 1994ൽ ആണ്. ദശലക്ഷക്കണക്കിനു പുസ്തകങ്ങളുള്ള ഒരു ഓൺലൈൻ പുസ്തകവിൽപ്പന ശാല തന്നെ വളരെ ഉത്തേജിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ഒന്ന് ഒരു കടയായി നടത്തിക്കൊണ്ടു പോകാൻ പ്രായോഗികമായി സാധ്യമല്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ, താൻ ആമസോൺ എന്ന ആശയം പ്രാവർത്തികമാക്കാനായി ജോലി വിടുകയാണ് എന്ന ധനകാര്യ സ്ഥാപനത്തിലെ ബോസിനോടു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് നല്ല ജോലിയൊന്നുമില്ലാത്തവർക്കു തുടങ്ങാവുന്ന ഓന്നാണ് അത് എന്നാണത്രെ.

താൻ രാജിവയ്ക്കുകയാണ് എന്നു പറഞ്ഞപ്പോൾ ബോസ് തന്നെ സെൻട്രൽ പാർക്കിൽ ഒരു ദീർഘദൂര നടപ്പിന് കൂട്ടിക്കൊണ്ടുപോയി. കുറേ നേരം താൻ പറയുന്നതെല്ലാം കേട്ടിട്ട് അവസാനം അദ്ദേഹം പറഞ്ഞു, 'ജെഫേ, ഇതൊരു നല്ല ആശയമാണ്. പക്ഷേ, അത് നല്ല ജോലിയൊന്നുമില്ലാതെ ഇരിക്കുന്നവർക്കായിരിക്കും കൂടുതൽ ഉചിതം'. രണ്ടു ദിവസം കൂടെ ആലോചിച്ചിട്ട് അന്തിമ തീരുമാനം എടുത്താൽ മതിയെന്ന് അദ്ദേഹം തന്നെ പറഞ്ഞു മനസിലാക്കിയെന്ന് ബെസോസ് ഓർത്തെടുത്തു.ആമസോൺ തുടങ്ങാനുണ്ടായ കാരണം ബെസോസിന് ലളിതമാണ് - ഇന്റർനെറ്റ് തള്ളിക്കയറ്റത്തിൽ പങ്കെടുക്കാതിരിക്കാൻ സാധിക്കാതെ പോയാൽ അത് തനിക്ക് ഭാവിയിൽ വളരെ വിഷമമുണ്ടാക്കുമെന്ന തോന്നലായിരുന്നുവെന്ന് ബെസോസ് പറയുന്നു. തനിക്ക് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യേണ്ട സമയമാണ് വന്നിരിക്കുന്നത്. ഇന്റർനെറ്റ് എന്നു പറയുന്ന ഇതിൽ പങ്കെടുക്കാതിരിക്കുക എന്നത് വലിയ പ്രശ്‌നമാകുമെന്ന് തനിക്കു തോന്നിയെന്ന് ബെസോസ് പറഞ്ഞു.

തന്റെ അച്ഛനമ്മമാരുടെ ജീവിത സമ്പാദ്യം മുഴുവൻ ഉപയോഗിച്ചാണ് ബെസോസ് ആമസോൺ ആരംഭിക്കുന്നത്. അവർക്ക് ആമസോൺ എന്ന ആശയത്തിനോടോ, ഓൺലൈൻ പുസ്തകവിൽപ്പനയെക്കുറിച്ചോ വലിയ മതിപ്പൊന്നും ഇല്ലായിരുന്നുവെന്നും ബെസോസ് പറയുന്നു. എന്നാൽ, അവർക്ക് തങ്ങളുടെ മകൻ മിടുക്കനാകുമെന്ന വിശ്വാസമുണ്ടായിരുന്നു. താൻ പരാജയപ്പെടാനും, അവരുടെ പണം നഷ്ടപ്പെടാനുമുള്ള 70 ശതമാനം സാധ്യതയുണ്ടെന്നു പറഞ്ഞെങ്കിലും, എന്തെങ്കിലും വരട്ടെയെന്നു പറഞ്ഞ് മുതൽ മുടക്കാൻ അവർ തയാറാകുകയായിരുന്നു എന്ന് ബെസോസ് പറഞ്ഞു.

രക്ഷിച്ചത് ഇന്റർ നെറ്റിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞത്

ഇന്റർനെറ്റിന്റെ അപാര സാധ്യതകളെ കുറിച്ചു ലോകം തിരിച്ചറിയും മുൻപു 1994ലാണു ജെഫ് ആമസോണിന് രൂപം നൽകുന്നത്. അന്നു ജെഫിനു പ്രായം 30. പ്രിൻസ്റ്റൺ സർവകലാശാലയിലെ ബിരുദപഠനത്തിനും ചില കമ്പനികളിലെ തൊഴിൽ പരിചയത്തിനും ശേഷമാണു സ്വന്തമായി സംരംഭം ആരംഭിക്കുന്നത്. പുസ്തകങ്ങൾ ഓൺലൈനായി വിൽപന നടത്തിക്കൊണ്ടാണ് ആമസോണിന്റെ തുടക്കം. സിയാറ്റിലിലെ ഒരു ചെറിയ ഗാരേജ് ആയിരുന്നു ആദ്യ ഓഫീസ്. മജീഷ്യന്മാർ സാധാരണ ഉപയോഗിക്കാറുള്ള ആബ്ര കഡാബ്ര എന്ന പദത്തെ അനുകരിച്ചു കഡാബ്ര.കോം എന്നായിരുന്നു ആദ്യ പേര്. പിന്നീടു ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ പേരു സ്വീകരിച്ചു. പുസ്‌കത്തിൽ തുടങ്ങി പിന്നീട് വിവിധ മേഖലകളിലേക്കും ഉത്പന്നങ്ങളുമായി വൈവിധ്യവത്ക്കരിച്ച ആമസോൺ 1996ൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടു.

മത്സരരംഗത്തുള്ള ചെറിയ കമ്പനികളെ ഏറ്റെടുത്തും പുതിയ സാങ്കേതിക വിദ്യയിലും നവീന സംരംഭങ്ങളിലും നിക്ഷേപിച്ചും കമ്പനി പതിയെ വേരുപടർത്തി. ഓൺലൈൻ റീട്ടെയിൽ വിൽപന രംഗത്തു പുതിയൊരു വിജയഗാഥ ആമസോൺ വരും വർഷങ്ങളിൽ എഴുതിചേർത്തു. 1999 ൽ ടൈം മാസിക ജെഫിനെ പേർസൺ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു. കൂടുതൽ ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കാനും അതിലൂടെയുള്ള ഷോപ്പിങ്ങനെ കുറിച്ചു ചിന്തിക്കാനും തുടങ്ങിയതോടെ ജെഫിന്റെ ബിസിനസ് വളർന്നു. അമേരിക്കയിൽ തുടങ്ങി പിന്നെ ഇന്ത്യയടക്കം ലോകത്തിലെ പല രാജ്യങ്ങളിലേക്കും ആമസോൺ ചിറക് വിരിച്ചു.

പലതരം വ്യവസായങ്ങളിലും സംരംഭങ്ങളിലും പരീക്ഷണം നടത്താനും ഇക്കാലയളവിൽ ജെഫ് ശ്രമിച്ചു. ജൂവലറി രംഗത്തേക്ക് ആമസോൺ കടന്നു വന്നെങ്കിലും അത് അത്രയ്ക്കു വിജയകരമായില്ല. പക്ഷേ, ഒരു വാർഷിക ഫീസ് നൽകി ഫ്രീ ഷിപ്പിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്ന ആമസോൺ പ്രൈം മെമ്പർഷിപ്പ് പോലുള്ള സംരംഭങ്ങൾ വൻ വിജയമായി. 2007ൽ ഇലക്ട്രോണിക് പുസ്തകവായനയ്ക്കായി കിൻഡിൽ പുറത്തിറക്കി.

എല്ലാവരും വിധിയെഴുതിയത് ആമസോൺ പൂട്ടിപ്പോകുമെന്ന്

2020ൽ ലോകത്തെ ഏറ്റവും വലിയ ധനികൻ 1994ൽ ഒരു കമ്പനിയലെ ജോലിക്കാരനായിരുന്നു. മാതാപിതാക്കളുടെ ജീവിത സമ്പാദ്യവുമായി തുടങ്ങിയ ആമസോണിന്, അമ്പതു മീറ്റിങ്ങുകൾ നടത്തിയ ശേഷമാണ് ആദ്യമായി പത്തു ലക്ഷം ഡോളറിന്റെ നിക്ഷേപം സ്വരൂപിക്കാനായത്. മീറ്റിങ്ങുകളിലെല്ലാം അദ്ദേഹം മനംമടുപ്പിക്കുന്ന ഒരു ചോദ്യം ആവർത്തിച്ചു കേട്ടു: ഈ ഇന്റർനെറ്റ് എന്നു പറഞ്ഞാൽ എന്താണ്? എന്നാൽ, ആമസോൺ ലോകത്തെ ഏറ്റവും നല്ല കമ്പനിയായി വളർത്തിയെടുക്കുന്നത് ബെസോസ് സ്വപ്നം കണ്ടുകൊണ്ടിരുന്നു.ഭൂമിയിലെ ഏറ്റവും വലിയ ഉപഭോക്തൃ സൗഹൃദ കമ്പനിയാകുക എന്നതാണ് 26 വർഷം മുൻപ് തുടങ്ങിയ ആമസോണിന്റെ ഏറ്റവും വലിയ ലക്ഷ്യം.

ആമസോണിന്റെ വിജയം നേരത്തെ നിശ്ചയിക്കപ്പെട്ടതൊന്നുമായിരുന്നില്ല. ആമസോണിനായി അത്ര നേരത്തെ പണമിറക്കുക എന്നത് സാഹസം തന്നെയായിരുന്നു. തുടക്കം മുതൽ 2001 വരെ തങ്ങളുടെ നഷ്ടം വർധിച്ചു വർധിച്ചു വന്ന് 300 കോടി ഡോളർ വരെ എത്തിയെന്ന് ബെസോസ് പറയുന്നു. 2001ന്റെ നാലാം പാദത്തിൽ മാത്രമാണ് ആദ്യമായി ലാഭം ലഭിക്കുന്നതെന്നും ബെസോസ് ഓർത്തെടുക്കുന്നു. മിക്കവാരും വിദഗ്ധരെല്ലാം ആമസോൺ പൂട്ടിപ്പോകുമെന്ന് വിധിയെഴുതിയിരുന്നതായും അദ്ദേഹം പറഞ്ഞു. തന്നോടൊപ്പം സാഹസത്തിനു മുതിർന്ന ഒരു പിടി സ്മാർട് വ്യക്തികളുടെ വിജയം കൂടിയാണ് ആമസോൺ. തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ അവർക്കു സാധിച്ചത് ആദ്യം പിടിച്ചുനിൽക്കാനും, പിന്നീട് വിജയിക്കാനും സഹായകമായെന്ന് അദ്ദേഹം പറയുന്നു.

ഇന്നു ലോകം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന് സ്വകാര്യ മേഖലയുടെ കടന്നുകയറ്റമാണ്. പല രാജ്യങ്ങളിലും ചില കമ്പനികൾ അർഹിക്കുന്നതിലേറെ പ്രാധാന്യം നേടുന്നു. അതു തന്നെയാണ് ഗൂഗിൾ, ഫേസ്‌ബുക്, ആമസോൺ, ആപ്പിൾ തുടങ്ങിയ കമ്പനികൾക്ക് അമേരിക്കയിൽ ഉയർന്നിരിക്കുന്ന പ്രധാന ആരോപണങ്ങളെന്നും വ്യക്തമാണ്. എന്നാൽ, ഇക്കാര്യത്തിലും ആമസോൺ മേധാവി തന്റെ തുറന്ന സമീപനം വെളിപ്പെടുത്തി. അദ്ദേഹം പറഞ്ഞത് ആമസോണിന്റെ ചെയ്തികൾ സൂക്ഷ്മമായി പരിശോധിക്കപ്പെടണം എന്നാണ്. എല്ലാ വലിയ സ്ഥാപനങ്ങളുടെയും, സർക്കാർ ഏജൻസികളുടെയും, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നു എന്നു പറയുന്നവയുടെയും പ്രവർത്തനം സൂക്ഷ്മമായി പരിശോധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ, ഇത്തരം പരിശോധനകളിലെല്ലാം ആമസോൺ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

സ്‌കൂൾ വിദ്യാഥിനിക്ക് ഉണ്ടായ സന്തതി

1964 ജനുവരി 12ന് ജാക്കലീന്റെയും ടെഡ് ജോർഗെൻസന്റെയും മകനായി മെക്സിക്കോയിയാണ് ജഫ് ബെസോസിന്റെ ജനനം. ജെഫിനു രണ്ടു വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും ബന്ധം വേർപെടുത്തി.   പിന്നീട് അവർ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് കൂടിയേറുകയായിരുന്നു. സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന സമയത്ത് തന്റെ 17ാം വയസിലാണ് ബെസോസിന്റെ അമ്മ ജാക്കി അദ്ദേഹത്തെ പ്രസവിക്കുന്നത്.( അവരുടേത് വിവാഹമായിരുന്നില്ല, പ്രണയമായിരുന്നെന്നും പറയുന്നു. പക്ഷേ അതേക്കുറിച്ച് ഈ കുടുംബം കൂടുതൽ പറഞ്ഞിട്ടില്ല) ഇക്കാര്യത്തിന് അവരെ സ്‌കൂളിൽ നിന്നു പുറത്താക്കുന്നതിന്റെ വക്കിൽ വരെ എത്തിയിരുന്നു കാര്യങ്ങൾ. ഹൈസ്‌കൂൾ വിദ്യാർത്ഥി ഗർഭിണിയാകുക എന്നത് അക്കാലത്ത് വലിയ പ്രശ്നമായിരുന്നു. അമ്മയെ സ്‌കൂളിൽ നിന്നു പുറത്താക്കാൻ തുടങ്ങിയപ്പോൾ തന്റെ മുത്തച്ഛൻ ഇടപെട്ടു. സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു, ശരി അവൾ പഠനം പൂർത്തിയാക്കട്ടെ, എന്നാൽ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. സ്‌കൂളിൽ ലോക്കറും നൽകില്ല. ബെസോസ് കോൺഗ്രസ് പാനലുമായുള്ള മീറ്റിങിൽ വെളിപ്പെടുത്തിയതാണ് ഈ കാര്യങ്ങളെല്ലാം. മുത്തശ്ശൻ ആ നിർദ്ദേശം സ്വീകരിച്ചതിനാൽ അമ്മയ്ക്ക് പഠനം പൂർത്തിയാക്കാനായി. എന്നാൽ, ഡിപ്ലോമ സ്വീകരിക്കാൻ സ്റ്റേജിലെത്താൻ അമ്മയെ അനുവദിച്ചില്ല. എന്നാൽ, വിദ്യാഭ്യാസം തുടരാൻ തീരുമാനിച്ച അമ്മ രാത്രി ക്ലാസുകളിൽ പോകാൻ തീരുമാനിച്ചു. ഒരു കൈക്കുഞ്ഞിനെ ഒപ്പം കൊണ്ടുവരാൻ അനുവദിക്കുന്ന പ്രൊഫസർമാരുടെ ക്ലാസിലാണ് അമ്മ പോയതെന്ന് ബെസോസ് പറയുന്നു. രണ്ടു ബാഗുകളുമായാണ് അമ്മ ക്ലാസിലെത്തിയിരുന്നത്. ഒന്നിൽ പുസ്‌കങ്ങളും, രണ്ടാമത്തേതിൽ ഡയപ്പറുകളും ഫീഡിങ് ബോട്ടിലുകളും. കൈക്കുഞ്ഞായ തന്റെ ശ്രദ്ധ പിടിച്ചു നിർത്താൻ കൊള്ളാവുന്ന സാധനങ്ങളൊക്കെ രണ്ടാമത്തെ ബാഗിൽ കൊണ്ടുവന്നിരുന്നുവെന്ന് ബെസോസ് പറയുന്നു.

ബെസോസിന്റെ വളർത്തച്ഛൻ വരുന്നത് ക്യൂബയിൽ നിന്നാണ്. നാലാമത്തെ വയസിലാണ് അദ്ദേഹത്തെ പുത്രനായി സ്വീകരിക്കുന്നത്. അദ്ദേഹത്തന്റെ പേര് മിഗേൽ എന്നാണ്. അദ്ദേഹത്തന്റെ 16-ാം വയസിലാണ് ക്യൂബയിൽ നിന്ന് അമേരിക്കയിലെത്തുന്നത്. അന്നു നടന്ന ഓപ്പറേഷൻ പെഡ്രോ പാനിന്റെ ഭാഗമായാണ് മിഗേൽ അമേരിക്കയിലെത്തുന്നത്. ക്യൂബയിൽ കാസ്‌ട്രോ യുഗം തുടങ്ങുന്ന കാലമായിരുന്നു അത്. തന്റെ പിതാവ് ഒറ്റയ്ക്കാണ് അമേരിക്കയിലെത്തിയത്. രണ്ടാഴ്ച ഫ്‌ളോറിഡയിലെ ഒരു അഭയാർഥി ക്യാംപിൽ കഴിഞ്ഞു. അദ്ദേഹത്തിന് സ്‌കോളർഷിപ് ലഭിക്കുകയും അമ്മ പഠിച്ച സ്‌കൂളിലെത്തുകയും അവർ തമ്മിൽ പരിചയത്തിലാകുകയായിരുന്നു എന്നും ബെസോസ് പറയുന്നു. നിങ്ങൾക്ക് ജീവിതത്തിൽ മഹത്തായ സമ്മാനങ്ങൾ ലഭിക്കുന്നു. തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം തന്റെ അമ്മയും അച്ഛനുമായിരുന്നു എന്നും ബെസോസ് പറഞ്ഞു.

ഗ്യാരേജിൽ തുടങ്ങിയ ജോലി

മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ അപ്പോളോ 11 വിക്ഷേപണം അമേരിക്ക നടത്തുന്നതു 1969ലാണ്. അമേരിക്കയിലെ ലക്ഷക്കണക്കിനു കുട്ടികൾക്കും യുവാക്കൾക്കും അതൊരു വല്ലാത്ത പ്രചോദനമാണു പകർന്നു നൽകിയത്. അമ്പിള്ളി അമ്മാവനെ കയ്യെത്തി പിടിക്കാൻ മനുഷ്യനു സാധിക്കുമെന്ന ചിന്ത കുറച്ചൊന്നുമല്ല അവരുടെ സ്വപ്നങ്ങളെ ഉത്തേജിപ്പിച്ചത്. സ്വപ്നങ്ങളെ റോക്കറ്റിലേറ്റി വിട്ടവരുടെ കൂട്ടത്തിൽ ഒരു അഞ്ചു വയസ്സുകാരനുമുണ്ടായിരുന്നു. രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം മെക്‌സിക്കോയിൽ നിന്നു ഹൂസ്റ്റണിലെ ടെക്‌സാസിലേക്കു കുടിയേറിയ ജെഫ് ബെസോസ്.

മുത്തചഛനാണ് തന്നിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ജനിപ്പിച്ചതെന്ന് പല അഭിമുഖങ്ങളിലും ജെഫ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരു സിവിൽ സെർവന്റ് ആയിരുന്നു. അദ്ദേഹം 50കളിൽ ബഹിരാകാശ സാങ്കേതികവിദ്യയ്ക്കും മിസൈൽ പ്രതിരോധ സിസ്റ്റങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു. 60കളിൽ ആറ്റോമിക് എനർജി കമ്മിഷനു വേണ്ടിയും പ്രവർത്തിച്ചു. ബെസോസ് സ്വന്തമായി ഓരോന്നും നിർമ്മിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ കുട്ടിയായിരുന്നു. ഒരു കുടയും ടിൻ ഫോയിലും ഉപയോഗിച്ച് സോളാർ കുക്കർ നിർമ്മിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ആയി ഗെയ്റ്റ് അടയുന്ന വിദ്യയും അദ്ദേഹം പഠിച്ചെടുത്തിരുന്നു.

ആമസോൺ വെബ് സർവിസസ് ഒരു സാഹസമായിരുന്നു, എന്നാൽ അതും വിജയിച്ചു. ഓരോ കണ്ടുപിടുത്തം നടത്താനും നിങ്ങൾ പരീക്ഷണങ്ങളിലേർപ്പെടണം. എന്തെങ്കിലും വിജയിക്കുമെന്ന് നിങ്ങൾക്ക് നേരത്തെ അറിയാമെങ്കിൽ അതൊരു പരീക്ഷണമല്ല. വമ്പൻ വരുമാനം, പരമ്പരാഗത രീതിയിൽ നിന്നു മാറി ചിന്തിച്ചതിന്റെ ഗുണമാണ്. പക്ഷേ, മിക്ക കാര്യങ്ങളിലും പരമ്പരാഗത ചിന്ത ശരിയായിരിക്കും. ആമസോൺ വെബ് സേവനങ്ങൾ സാഹസമാണെന്നാണ് തങ്ങൾ അതു തുടങ്ങിയപ്പോൾ പലരും പറഞ്ഞത്. എന്നാൽ, ലോകം അതു സ്വീകരിക്കാൻ പാകപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. വെബ് സേവങ്ങൾ തുടങ്ങാനുള്ള തീരുമാനം ശരിയായിരുന്നു. എന്നാൽ അതൊരു സാഹസം തന്നെയായിരുന്നുവെന്ന് ബെസോസ് പറഞ്ഞു. പരാജയങ്ങളിൽ നിന്നാണ് ആമസോൺ തങ്ങളുടെ ശതകോടികൾ ഉണ്ടാക്കിയതെന്നും ബെസോസ് പറഞ്ഞു.

ഇന്ന് ലോകത്തെ ഏറ്റവും വലിയ ഓൺൺലൈൻ വ്യാപാരക്കമ്പനിയായ ആമസോണിനെക്കൂടാതെ ബ്ലൂ ഒറിജിൻ എന്ന റോക്കറ്റ് ബിസിനസും വാഷിങ്ടൺ പോസ്റ്റ് പത്രവും ബെസോസിന്റേതാണ്. 2013ലാണ് വാഷിങ്ടൺ പോസ്റ്റിനെ അദ്ദേഹം സ്വന്തമാക്കിയത്. വാഷിങ്ടൺ ഡിസിയിലെ പുരാതനമായ ടെക്സ്റ്റൈൽ മ്യൂസിയം ഈ വർഷമാദ്യം ബെസോസ് സ്വന്തമാക്കിയിരുന്നു. 2.3 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചത്. സിയാറ്റിലിലും ബവർലി ഹിൽസിലുമാണ് ബെസോസിന്റെ മറ്റ് ആഡംബര വസതികൾ.

 വ്യവസായി എന്നതിനു പുറമേ പുതിയ കണ്ടെത്തലുകൾ വഴി ടെക് ലോകത്തെ വിസ്മയിപ്പിക്കുകയും പരീക്ഷണങ്ങൾ വഴി മുൻനിരകമ്പനികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ജെഫ് ആമസോണിന്റെ എല്ലാ വിജയങ്ങളുടെയും ശിൽപിയാണ്. ഇന്നു ലോകത്തുള്ള എല്ലാ ഓൺലൈൻ ഷോപ്പുകളും ജെഫിന്റെ ആമസോൺ മാതൃകയോടു കടപ്പെട്ടിരിക്കുന്നു. ക്ലൗഡ് സേവനങ്ങളിൽ സ്വന്തം വഴി അവതരിപ്പിച്ച് മൈക്രോസോഫ്റ്റും ഗൂഗിളും അടങ്ങിയ വമ്പന്മാരെ ഞെട്ടിച്ച ആമസോൺ ഏറ്റവുമൊടുവിൽ നാസയോടും എലൻ മസ്‌കിന്റെ സ്‌പേസ് എക്‌സിനോടും മൽസരിച്ചുകൊണ്ട് ബഹിരാകാശ യാത്രയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തി.

ഭാര്യ ലോകത്തിലെ 13ാംമത്തെ ധനിക

കൊറോണയെത്തുടർന്ന് ലോകമെമ്പാടും സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതികൾ അനുഭവിക്കുമ്പോഴും ആമസോൺ തലവൻ ജെഫ് തന്റെ ആസ്തിയിൽ പുതിയതായി ചേർത്തത് 13 ബില്യൺ ഡോളറാണ്. 2012 ൽ ശതകോടീശ്വരൻ സൂചിക നിലവിൽ വന്നതിനു ശേഷം ഒരു വ്യക്തിയുടെ ഏറ്റവും വലിയ കുതിപ്പാണിത്. ആമസോൺ ഓഹരികൾ 7.9% ഉയർന്നു, വെബ് ഷോപ്പിങ് പ്രവണതകളെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം 2018 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ. ഇപ്പോൾ ഈ വർഷം ആമസോണിന്റെ ഓഹരിമൂല്യം 73% ഉയർന്നു.

ആമസോണിന്റെ സ്ഥാപകനും ലോകത്തെ ഏറ്റവും ധനികനുമാണ് അമ്പത്തിയാറുകാരനായ ബെസോസ്. 2020 ൽ 74 ബില്യൺ ഡോളർ വർദ്ധിച്ച് ഇപ്പോൾ ആസ്തി 189.3 ബില്യൺ ഡോളറായി ഉയർന്നു. മഹാമാന്ദ്യത്തിനുശേഷം അമേരിക്ക ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നിട്ടും ജെഫിനെ തോൽപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. എക്‌സോൺ മൊബിൽ, നൈക്ക്, മക്‌ഡൊണാൾഡ്‌സ് തുടങ്ങിയ വമ്പന്മാരുടെ വിപണി മൂല്യനിർണ്ണയത്തേക്കാൾ വ്യക്തിപരമായി അദ്ദേഹത്തിന് ഇപ്പോൾ വിലയുണ്ട്. അദ്ദേഹത്തിന്റെ മുൻ ഭാര്യ മക്കെൻസി ബെസോസ് തിങ്കളാഴ്ച 4.6 ബില്യൺ ഡോളർ നേടി, ഇപ്പോൾ ലോകത്തിലെ പതിമൂന്നാമത്തെ ധനികയാണ്.

ഈ സാഹചര്യത്തിൽ വേണം പുതിയ സഖ്യത്തെ കാണാൻ. വിപണിയെ നന്നായി അറിയാവുന്ന കഠിനാധ്വാനികളായ രണ്ടു ടൈക്കൂണുകൾ തമ്മിൽ സഹകരിക്കുമ്പോൾ, എതിരാളികളുടെ ചങ്ക് ഇടിക്കയാണ്. ചൈനയെപ്പോലെ വലിയ വ്യാപരശക്തകളാവാനാണ് ഇന്ത്യയും ആഗ്രഹിക്കുന്നതെങ്കിൽ നമ്മുടെ ഭരണാധികാരികളും ഈ സഖ്യത്തിന് പച്ചക്കൊടി കാണിക്കുക. അല്ലാതെ അടഞ്ഞ ഒരു കാഴ്ചപ്പാടുമായി നമുക്ക് മുന്നോട്ടുപോവാൻ കഴിയില്ല.

വാൽക്കഷ്ണം: കോർപ്പറേറ്റുകൾ എന്നാൽ കുത്തകകൾ മാത്രമാണെന്ന അടഞ്ഞ ധാരണ നാം ഇനിയെങ്കിലും മാറ്റിവെക്കേണ്ടതുണ്ട്. രാജ്യവളർച്ചയിൽ അവരും നിർണ്ണായക ശക്തിയാണ്. അമേരിക്കയിൽ സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ തകർച്ചയിലേക്ക് കൂപ്പുകുത്തിയ അവിടുത്തെ കോർപ്പറേറ്റ് സ്ഥാപനങ്ങളെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ കൈപിടിച്ച് ഉയർത്തിയതിന്റെ കാരണവും മറ്റൊന്നുമല്ല.പണ്ടത്തെ ദരിദ്ര ദക്ഷിണ കൊറിയയിൽ നിന്ന് സാംസങ്  എൽജി ഹ്യുണ്ടായി ഒക്കെ ആഗോളഭീമന്മാരായി വളർന്ന പോലെ റിലയൻസും അദാനിയും ടാറ്റായും ബജാജും മഹീന്ദ്രായും ഇൻഫോസിസും എല്ലാം ആഗോള ബ്രാൻഡുകളായി മാറണം. അതിനുള്ള ഇൻഫ്രാസ്ട്രക്ച്ചർ ആണ് സർക്കാർ ഒരുക്കേണ്ടത്. അല്ലാതെ പബ്ജിയും ടിക്ക്ടോക്കും മാത്രം നിരോധിച്ചതുകൊണ്ട് നമുക്ക് ചൈനയെ തോൽപ്പിക്കാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP