Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും നികുതിവെട്ടിപ്പുമായി നിരവധി കേസുകളിലെ പ്രതി; എന്നിട്ടും സ്വന്തമായി രാജ്യം സ്ഥാപിച്ച് താന്ത്രിക സെക്സുമായി സുഖവാസം; സ്വകാര്യ ദ്വീപ് രാജ്യമാവുമോ? എങ്ങനെയാണ് കൈലാസ രാജ്യത്തിന്റെ പ്രതിനിധി യുഎന്നിൽ എത്തിയത്? പീഡനവീരൻ നിത്യാനന്ദയെ പിടിക്കാൻ ഇന്ത്യക്ക് കഴിയാത്തത് എന്തുകൊണ്ട്?

ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും നികുതിവെട്ടിപ്പുമായി നിരവധി കേസുകളിലെ പ്രതി; എന്നിട്ടും സ്വന്തമായി രാജ്യം സ്ഥാപിച്ച് താന്ത്രിക സെക്സുമായി സുഖവാസം; സ്വകാര്യ ദ്വീപ് രാജ്യമാവുമോ? എങ്ങനെയാണ് കൈലാസ രാജ്യത്തിന്റെ പ്രതിനിധി യുഎന്നിൽ എത്തിയത്? പീഡനവീരൻ നിത്യാനന്ദയെ പിടിക്കാൻ ഇന്ത്യക്ക് കഴിയാത്തത് എന്തുകൊണ്ട്?

എം റിജു

'സന്യാസിക്ക് തെമ്മാടിയാവാം, പക്ഷേ തെമ്മാടിക്ക് ഒരിക്കലും സന്യാസിയാവാൻ കഴിയില്ല' എന്നത് വെറും ഒരു സുരേഷ് ഗോപി ഡയലോഗ് മാത്രമല്ല എന്ന്, ഒരിക്കൽകൂടി തെളിയിക്കപ്പെട്ട ദിവസങ്ങളാണ് ഇപ്പോൾ കടന്നുപോകുന്നത്. ബാംഗ്ലൂരിലെ ബിദാദിക്കടുത്തത്തെ എ രാജശേഖരൻ എന്ന, യുവാവ് അമ്പലങ്ങളിലെ പ്രസാദം ലക്ഷ്യമിട്ടാണ് സ്വാമി നിത്യാന്ദ പരമശിവയായി മാറുന്നത്. ആദ്യകാലത്ത് പോയിടത്തുനിന്നൊക്കെ സ്ത്രീവിഷയത്തിന്റെ പേരിൽ അടിവാങ്ങിക്കൂട്ടിയ ഇയാൾ താന്ത്രിക സെക്സിന്റെയും താത്രികയോഗയുടെയും ആചാര്യനെന്ന് അവകാശപ്പെട്ടതോടെ കളിമാറി. സിനിമാനടികളും സെലിബ്രിറ്റികളും വെൺചാമരം വീശുന്ന കോർപ്പറേറ്റ് ആധ്യാത്മിക ഗുരുവായി! കോടീശ്വരനായി. കാൻസർ മുതൽ വന്ധ്യതവരെ മാറ്റുന്ന ആൾദൈവമായി.

കൊച്ചുപെൺകുട്ടികളെ പീഡിപ്പിച്ചതിനും കള്ളപ്പണം വെളുപ്പിച്ചതിനും അടക്കം കേസ് ഉണ്ടായപ്പോൾ അയാൾ ഇന്ത്യയിൽനിന്ന് മുങ്ങി. ഐപിസി പ്രകാരം ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിലെ മുഖ്യപ്രതിയാണ് നിത്യാനന്ദ. 4,00,000 ഡോളറിന്റെ തട്ടിപ്പിന് ഫ്രഞ്ച് പൊലീസും ഇയാളെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കേസുകൾ കൂടിയപ്പോൾ 2019ലാണ് നിത്യാനന്ദ ഇന്ത്യയിൽ നിന്ന് തടിയെടുത്തത്. എന്നിട്ടോ സ്വന്തമായി ഒരു രാജ്യം തന്നെ ഉണ്ടാക്കി. അതിന്റെ പേരാണ് യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസ.

സ്വന്തമായി മന്ത്രിസഭ, സ്വന്തമായി കറൻസി എന്നിവയൊക്കെയായി കൈലാസം എന്ന രാജ്യത്തുണ്ടാകുമെന്ന് നിത്യാനന്ദ ഒരു വീഡിയോയിലൂടെ പറഞ്ഞപ്പോൾ, വെറും ഉച്ചക്കിറുക്ക് എന്ന് പറഞ്ഞ് തള്ളിയവരാണ് നാം. പക്ഷേ ഇപ്പോഴിതാ നിത്യാനന്ദയുടെ കൈലാസം രാജ്യം ഐക്യരാഷ്ട്ര സഭയിൽവരെ എത്തുകയാണ്. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ 19ാമത് സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങൾ സംബന്ധിച്ച സമിതിയുടെ യോഗത്തിന്റെ 73ാമത്തെ സെഷനിൽ, വളരെ അവിചാരിതമായാണ്, യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസ എന്ന രാജ്യത്തിന്റെ പ്രതിനിധികളും പങ്കെടുത്തിരിക്കയാണ്. നോക്കണം, ഇന്ത്യയെ വെട്ടിച്ച് മുങ്ങിയ ഒരു ക്രിമിനൽ സ്വാമിയുണ്ടാക്കിയ രാജ്യത്തിന്റെ പ്രതിനിധികൾ യുഎന്നിൽ എത്തി ഇന്ത്യക്ക് എതിരെ സംസാരിക്കുന്നു!

ഇന്റപോളിന് എന്തുകൊണ്ട് ഇയാളെ പിടിക്കാൻ കഴിയുന്നില്ല? ഒരു വ്യക്തിക്ക് ഉണ്ടാക്കാൻ കഴിയുന്നതാണോ ഒരു രാജ്യം. എന്തുകൊണ്ടാണ് ശക്തമായ ഇന്റലിജൻസ് സംവിധാനമുള്ള ഇന്ത്യക്ക് നിത്യാനന്ദയെ കണ്ടെത്താൻ കഴിയാത്തത്. ഞെട്ടിപ്പിക്കുന്ന ചോദ്യങ്ങളാണ് സ്വാമി നിത്യാന്ദയുടെ പുതിയ 'രാജ്യം' ഉയർത്തുന്നത്.

കൈലാസ പ്രതിനിധി യുഎന്നിൽ

കൈലാസം രാജ്യത്തിന്റെ പ്രതിനിധിയായി മാ വിജയപ്രിയ എന്ന യുവതി ജനീവിയിൽ സംസാരിക്കാൻ എത്തിയപ്പോൾതന്നെ ഏവരും ഒന്ന് അമ്പരുന്നു. ഭക്തി സീരിയലുകളുടെ സെറ്റിൽനിന്ന് ഇറങ്ങിവന്നപോലെ ആയിരുന്നു അവരുടെ വേഷം. കാവി വസ്ത്രം ധരിച്ച്, നെറ്റിയിൽ നീണ്ടകുറി വരച്ച്, പ്രത്യേക രീതിയിലുള്ള ശിരോവസ്ത്രവും കഴുത്തിൽ രുദ്രാക്ഷമാലയും ധരിച്ചാണ് മാ വിജയപ്രിയ മനോഹരമായ ഇംഗ്ലീഷിൽ സംസാരിച്ചിത്.

തന്റെയും ഹിന്ദു സമൂഹത്തിന്റെയും പരമോന്നത മഹാഗുരുവും ഹിന്ദുമതത്തിന്റെ പ്രഥമ പരമാധികാര രാഷ്ട്രം സ്ഥാപിച്ച നിത്യാനന്ദ പരമശിവത്തെ അദ്ദേഹത്തിന്റെ മാതൃരാജ്യത്ത് നിന്നും നാടുകടത്തിയെന്നും, ഇന്ത്യ അദ്ദേഹത്തെ വേട്ടയാടുകയാണെന്നും വിജയപ്രിയ ആരോപിച്ചു. നിത്യാനന്ദയ്ക്കും കൈലാസത്തിലെ ഇരുപത് ലക്ഷം വരുന്ന് ഹിന്ദുക്കൾക്കും നേരെയുമുള്ള പീഡനം തടയാൻ അന്തർദേശീയ തലത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്നും അവർ യുഎന്നിൽ ചോദ്യമുന്നയിച്ചു. ലോകത്തിലെ 150 ഓളം രാജ്യങ്ങളിൽ തങ്ങളുടെ രാജ്യത്തിന് എംബസികളും എൻജിയോകളും ഉണ്ടെന്നും അവർ അവകാശപ്പെട്ടു.

'കൈലാസ'യുടെ വെരിഫൈഡ് ഫേസ്‌ബുക്ക് അക്കൗണ്ട് പ്രകാരം വിജയപ്രിയ നിത്യാനന്ദയാണ് ഐക്യരാഷ്ട്രസഭയിലെ 'കൈലാസ രാജ്യത്തിന്റെ' സ്ഥിരം അംബാസഡർ. അമേരിക്കയിലെ വാഷിങ്ടൺ ഡിസി സിറ്റിയിലെ താമസക്കാരിയാണെന്നാണ് വിജയപ്രിയ സ്വയം വിശേഷിപ്പിക്കുന്നത്. നിത്യാനന്ദയെ 'തന്റെ ജീവിതത്തിന്റെ ഉറവിടം' എന്നാണ് വിജയപ്രിയ വിശേഷിപ്പിച്ചത്. കൂടാതെ താൻ ഒരിക്കലും കൈലാസത്തെയോ നിത്യാനന്ദയേയോ ഉപേക്ഷിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കൈലാസത്തിലെ നയതന്ത്രജ്ഞ എന്ന പദവിയാണ് വിജയപ്രിയക്ക് നൽകിയിരിക്കുന്നത്. ലിങ്ക്ഡ് ഇന്നിൽ നൽകിയ വിവര പ്രകാരം 2014ൽ കനേഡിയൻ യൂണിവേഴ്സിറ്റിയിൽ മൈക്രോബയോളജിയിൽ ബിരുദ ധാരിയാണ്. ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുണ്ട്. മികച്ച അക്കാദമിക് പ്രകടനത്തിന് ഡീനിന്റെ ബഹുമതി ലഭിച്ചിട്ടുണ്ടെന്നും 2013 ലും 2014 ലും അന്താരാഷ്ട്ര ബിരുദ വിദ്യാർത്ഥി സ്‌കോളർഷിപ്പും ലഭിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെടുന്നു.

വിജയപ്രിയയുടെ നേതൃത്വത്തിലാണ് കൈലാസ മറ്റ് രാജ്യങ്ങളും സംഘടനകളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. യുണൈറ്റഡ് നേഷൻസ് കോൺഫറൻസിൽ വിജയപ്രിയ നിരവധി രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കുകയും ഫോട്ടോയെടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു. ലോകരാഷ്ട്രങ്ങൾക്കിടയിൽ അംഗീകാരം ലഭിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ് വിലയിരുത്തൽ. വിജയപ്രിയ അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചില കരാറുകളിൽ ഒപ്പുവെച്ചതായും അഭ്യൂഹമുണ്ട്. പല രാജ്യങ്ങളിലും കൈലാസയുടെ എംബസികളും എൻജിഒകളും തുറന്നിട്ടുണ്ടെന്ന് വിജയപ്രിയ നിത്യാനന്ദ അവകാശപ്പെടുന്നു. വിജയപ്രിയയെ കൂടാതെ കൈലാസ മേധാവി മുക്തികാ ആനന്ദ്, കൈലാസ സന്യാസി ലൂയിസ് ചീഫ് സോന കാമത്ത്, കൈലാസ യുകെ മേധാവി നിത്യ ആത്മദയകി, കൈലാസ ഫ്രാൻസ് മേധാവി നിത്യ വെങ്കിടേശാനന്ദ, കൈലാസ സ്ലോവേനിയൻ മാ പ്രിയമ്പര നിത്യാനന്ദ എന്നിവരും 'കൈലാസ'യെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.

എന്താണ് കൈലാസ രാജ്യം

താൻ പരമശിവന്റെ അവതാരമാണെന്നാണ് സ്വാമി നിത്യാന്ദയുടെ അവകാശം വാദം. അതിനാലാണ് രാജ്യത്തിന് കൈലാസ എന്ന് പേരിട്ടത്. ഈ രാജ്യത്തിന്റെ പ്രത്യേകതകളും, അവകാശവാദങ്ങളും പറഞ്ഞ് നിത്യാനന്ദ വീഡിയോ ചെയ്യുമ്പോൾ കേൾവിക്കാർ അമ്പരുന്നുപോവും.

വിക്കിപീഡിയയ്ക്ക് സമാനമായി നിത്യാനന്ദപീഡിയയും, റിസർവ്വ് ബാങ്കിന് സമാനമായി ഹിന്ദു ഇൻവെസ്റ്റ്‌മെന്റ് ആൻഡ് റിസർവ്വ് ബാങ്കും, ഹിന്ദു സർവ്വകലാശാല, ഗുരുകുലം, സേക്രട് ആർട്‌സ് സർവ്വകലാശാല, നിത്യാനന്ദ ടിവി, ഹിന്ദുവിസം നൗ എന്നീ ചാനലുകളുമടക്കം വൻ സംവിധാനങ്ങളാണ് കൈലാസത്തിൽ ഒരുക്കിയിരിക്കുന്നതെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നു. ക്രിപ്‌റ്റോ കറൻസി വഴിയാകും ഹിന്ദു ഇൻവെസ്റ്റ്‌മെന്റ് ആൻഡ് റിസർവ്വ് ബാങ്കിലേക്ക് സംഭാവനകൾ സ്വീകരിക്കുക. ധർമ സംരക്ഷണമാണ് ക്രിപ്‌റ്റോ കറൻസിയിലൂടെ ലക്ഷ്യമിടുന്നത്. നിത്യാനന്ദയുടെ പഠനങ്ങളും ആശയങ്ങളും പ്രബോധനങ്ങളുടേയും ഒരുകുടക്കീഴിൽ എത്തിക്കുകയാവും നിത്യാനന്ദപീഡിയ ചെയ്യുന്നതെന്നാണ് അവകാശവാദം. നിത്യാനന്ദയുടെ അനുനായികൾക്ക് ഇതുവരെ നൽകിയിട്ടുള്ളതും ഇനി നൽകാൻ പോവുന്ന സേവനങ്ങളും നിത്യാനന്ദ പീഡിയ പുറത്തെത്തിക്കും.

കൈലാസത്തിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയിരിക്കും. രണ്ടാം ഭാഷ സംസ്‌കൃതവും മൂന്നാം ഭാഷ തമിഴുമാണ്. 100 മില്യൺ ആദി ശൈവ വിശ്വാസികൾ കൈലാസത്തിലുണ്ടെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ദക്ഷിണ ഏഷ്യയിലെ യഥാർത്ഥ ഹിന്ദുവിസം പിൻതുടരുന്നവർ തനിക്കൊപ്പമെത്തുമെന്നും നിത്യാനന്ദ പറയുന്നു. രണ്ട് വിഭാഗങ്ങളിലുള്ള പാസ്‌പോർട്ടാണ് കൈലാസ നൽകുന്നത്. പരമശിവന്റെ അനുഗ്രഹത്താൽ ഈ പാസ്‌പോർട്ട് ഉപയോഗിച്ച് പതിനൊന്ന് ദിശകളിലേക്കും പതിനാല് ലോകത്തേക്കും പ്രവേശിക്കാൻ സാധിക്കുമെന്നും നിത്യാനന്ദ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യം, സംസ്ഥാനം, സാങ്കേതികത, പ്രബുദ്ധമായ സംസ്‌കാരം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ഭവന നിർമ്മാണം, വാണിജ്യം, ട്രെഷറി തുടങ്ങിയ വകുപ്പുകൾ ഉൾപ്പെട്ട മന്ത്രിസഭയും നിത്യാനന്ദ ഉറപ്പ് നൽകുന്നു. പ്രബുദ്ധമായ സംസ്‌കാരമെന്നതുകൊണ്ട് സനാതനധർമ്മത്തിന്റെ വീണ്ടെടുപ്പാണെന്ന് നിത്യാനന്ദ വിശദീകരിക്കുന്നു. ഹിന്ദു ലൈബ്രറി,യോഗാ ശാസ്ത്രത്തിലെ ഗവേഷണങ്ങളിലൂടെയാണ് സനാതന ധർമ്മം വീണ്ടെടുക്കാൻ സാധിക്കുകയെന്നും നിത്യാനന്ദ പറയുന്നു.

താമരയാണ് കൈലാസത്തിന്റെ ദേശീയ പുഷ്പം. എല്ലാവർക്കും സൗജന്യമായ ചികിത്സയും വിദ്യാഭ്യാസത്തിനും, ഭക്ഷണത്തിനും അവസരമാണ് കൈലാസയുടെ പ്രധാന വാഗ്ദാനം. ഇവ ക്ഷേത്ര ആചാരങ്ങളുടെ അടിസ്ഥാനത്തിലാവുമെന്ന് നിത്യാനന്ദ കൂട്ടിച്ചേർക്കുന്നു. നിത്യാനന്ദയും നന്തിയുമാണ് കൈലാസത്തിന്റെ പതാകയിലുള്ളത്. അനുയായികളോട് കൈലാസത്തിന്റെ പതാക ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനും നിത്യാനന്ദ നിർദ്ദേശിക്കുന്നു. സനാതന ധർമ്മത്തിന്റെ സംരക്ഷണം മാത്രമല്ല പ്രചാരണവും നിത്യാനന്ദ കൈലാസത്തിലൂടെ ലക്ഷ്യമിടുന്നു. വിശുദ്ധ മൃഗമായി കണക്കാക്കുന്ന നന്ദിയാണ് കൈലാസത്തിന്റെ ദേശീയ മൃഗം.സിഹംത്തിന്റെയും പക്ഷിയുടേയും സംയോജന രൂപമായ ഷരഭമാണ് കൈലാസത്തിന്റെ ദേശീയ പക്ഷി. ശിവൻ, പരാശക്തി, നിത്യാനന്ദ, നന്ദി എന്നിവരാണ് രാജ്യത്തിന്റെ ചിഹ്നം. ആൽമരമാണ് ദേശീയ വൃക്ഷം. വർണം, ദേശീയത, മതം, ജാതി, വർഗ ചിന്തകളിൽ നിന്നൊഴിഞ്ഞുള്ള സമാധാനവും സാഹോദര്യവുമാണ് കൈലാസയുടെ ലക്ഷ്യമെന്നും നിത്യാനന്ദ പറയുന്നു. പക്ഷേ അന്ന് ഇത് വെറും ബഡായി എന്ന നിലയിലാണ് ഭൂരിഭാഗവും എടുത്തത്. പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറുകയാണ്.

ഇക്വഡോർ നിഷേധിക്കുന്നു

എന്തായാലും വിജയപ്രിയയുടെ യുഎൻ പ്രസംഗം കൊണ്ട് ഉണ്ടായ ഒരു ഗുണം, കൈലാസം എന്നൊരു രാജ്യം കടലാസിൽ അല്ല നിലനൽക്കുന്നത് എന്ന് ബോധ്യപ്പെട്ടുവെന്നാണ്. നേരത്തെ ഇത് നിത്യാനന്ദയുടെ വെറും തട്ടിപ്പ് മാത്രമാണെന്നും, സാങ്കൽപ്പിക രാജ്യമാണെന്നുമൊക്കെ പലരും വാദിച്ചിരുന്നു. ഇക്വഡോറിനടുത്ത് ഒരു ദ്വീപ്വാങ്ങി അവിടെയാണ്, കൈലാസ രാജ്യം സ്ഥാപിച്ചത് എന്നായിരുന്നു ആദ്യം പറഞ്ഞുകേട്ടത്. എന്നാൽ ഇത് വിവാദമായതോടെ വാർത്ത ശരിയല്ലെന്ന് പറഞ്ഞ് ഇക്വഡോർ രംഗത്ത് എത്തിയിരുന്നു.

നിത്യാനന്ദയ്ക്ക് അഭയം നൽകിയിട്ടില്ലെന്നും ഒരു ദ്വീപും വാങ്ങാൻ സഹായിച്ചിട്ടില്ലെന്നുമാണ് ഇക്വഡോർ വ്യക്തമാക്കിയത്. അഭയം നൽകണമെന്നുള്ള നിത്യാനന്ദയുടെ അഭ്യർത്ഥന തള്ളിയെന്നും ഡൽഹിയിലെ ഇക്വഡോർ എംബസി വ്യക്തമാക്കി. ഇതേ തുടർന്ന് നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും എംബസിയുടെ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാർത്താക്കുറിപ്പ് പുറത്തിറക്കുന്നതെന്നും വിവാദങ്ങളിൽ നിന്ന് രാജ്യത്തിന്റെ പേര് ഒഴിവാക്കണമെന്നും ഇക്വഡോർ എംബസി അഭ്യർത്ഥിച്ചിരുന്നു.

ഇതോടെയാണ് നിത്യാനന്ദയുടെ അവകാശവാദങ്ങൾ വ്യാജമാണെന്ന് ആരോപണം ഉയർന്നത്. പക്ഷേ ഇവിടെ മറ്റൊരു കാര്യമുണ്ട്്. കരീബിയൻ തീരങ്ങളിൽ നിരവധി സ്വകാര്യ ദ്വീപുകൾ ഉണ്ട്. നിയമങ്ങൾ തീർത്തും ഉദാരമായ ഈ പ്രദേശങ്ങളിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്ത് ആർക്കും ഒരു ദ്വീപ് വാങ്ങിക്കാം. ലോകത്തിലെ പല ശതകോടീശ്വരന്മ്മാരും അങ്ങനെ ചെയ്തിട്ടുണ്ട്. അതുതന്നെയാണ് നിത്യാനന്ദയും ചെയ്തിരിക്കുന്നത് എന്നാണ് ദ മിന്റ്പോലുള്ള ഓൺലൈൻ പോർട്ടലുകൾ പറയുന്നത്. എറ്റവും ഒടുവിലായി പുറത്തുവന്നത്, ടിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് നിത്യാനന്ദ കൈലാസ രാജ്യം എന്ന പേരിൽ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ. പക്ഷേ ഒരു സ്വകാര്യ ദ്വീപ് എങ്ങനെയാണ് ഒരു രാജ്യമായി പരിഗണിക്കാൻ ഇടവരുന്നത്. അവിടെയാണ്, നിത്യാനന്ദയുടെയും കൂട്ടാളികളുടെയും കുരുട്ട് ബുദ്ധി കിടക്കുന്നത്!

സ്വകാര്യ ദ്വീപ് രാജ്യമാവുന്നു

പക്ഷേ എന്തൊക്കെ ചെയ്താലും ഒരു ദ്വീപിന് രാഷ്ട്രം എന്ന രീതിയിൽ അംഗീകാരം കൊടുക്കാൻ യുഎൻ പോലുള്ള ഏജൻസികൾക്കൊന്നും കഴിയില്ല. ലോകത്തിലെ പല കോടീശ്വരന്മാരുടെയും ഉടമസഥതിയിലുള്ളതുപോലുള്ള സ്വകാര്യ ദ്വീപായി മാത്രമേ ഇത് അറിയപ്പെടൂ. ഇവിടെ നിയമങ്ങൾക്ക് ഇളവുണ്ടെങ്കിലും, ഏത് രാജ്യത്തിന്റെ ഭാഗമാണോ അവിടുത്തെ നിയമങ്ങൾ ഈ ദ്വീപിനും ബാധകമാണ്. ഇപ്പോഴത്തെ നിത്യാന്ദയുടെ സൈന്യമില്ലാത്ത രാജ്യത്തിന് ടിനിഡാഡിലെ നിയമങ്ങൾ ആണ് ബാധകമാവുക. പക്ഷേ സ്വന്തമായി രാജ്യം പ്രഖ്യാപിച്ചിട്ടും ടിനിഡാഡ് എന്തുകൊണ്ട് കണ്ണടക്കുന്നുവെന്നാണ് ചോദ്യം. അവിടെയാണ് പണത്തിന്റെ സ്വാധീനവും കള്ളപ്പണ ലോബിയെക്കുറിച്ചും നാം അറിയേണ്ടത്.

കള്ളപ്പണക്കാരുടെ സ്വർഗം എന്ന് അറിയപ്പെടുന്നായാണ് കരീബിയൻ ദ്വീപുകൾ. ആയിരക്കണക്കിന് കള്ളക്കമ്പനികൾ നികുതിവെട്ടിക്കാൻ വേണ്ടി മാത്രം ഇവിടെ നടത്തുന്നുണ്ട്. ബ്ലാക്ക് മണി സൂക്ഷിക്കുന്നതിന്റെ പേരിൽ മാത്രം നിലനിൽക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇവിടുത്തെ പല രാജ്യങ്ങളിലും. കരീബിയൻ ദ്വീപുകളിലെ
ചില രാജ്യങ്ങളിൽ നികുതി നിരക്ക് പൂജ്യം ശതമാനം ആണ്. ലോകത്തെ വമ്പന്മാരായ കമ്പനികളുടെ പണം മുഴുവൻ അത്തരം രാജ്യങ്ങളിലാവും സൂക്ഷിക്കുന്നത്.

നിങ്ങൾക്ക് പണത്തിന്റെ യാതൊരു ഉറവിടവും വെളിപ്പെടുത്തേണ്ട എന്നതാണ് ഈ രാജ്യങ്ങളിലെ ഏറ്റവും വലിയ ഗുണം. സ്വിറ്റ്സർലൻഡ്പോലുള്ള രാജ്യങ്ങളിലും സമാനമായ അവസ്ഥയാണ്. തലപോയാലും അവർ നിങ്ങളുടെ പേര് വെളിപ്പെടുത്തില്ല. ഇവിടത്തെ സാമ്പത്തിക ഇടപാടുകൾക്കുള്ള രഹസ്യസ്വഭാവം നിയമപരമാണ്. ഈ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന കമ്പനികൾ യഥാർത്ഥ ഉടമസ്ഥരുടെ പേരുവിവരങ്ങൾ പോലും വെളിപ്പെടുത്തേണ്ടതില്ല. രജിസ്ട്രേഷനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ പ്രത്യേക ഏജൻസികളുണ്ട്. ഉടമസ്ഥരുടെ യോഗ്യതയെക്കുറിച്ച് അവരുടെ സർട്ടിഫിക്കറ്റ് മതി. വിവരങ്ങൾ ഇവർ പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ടെന്നാണ് വെപ്പ്. എന്നാൽ ഇടപാടുകാരെ ആകർഷിക്കാനുള്ള മത്സരച്ചൂടിൽ തങ്ങളോടൊന്നും തുറന്നു പറയേണ്ടതില്ല എന്ന് ഈ ഏജൻസികൾ പരസ്യം പോലും ചെയ്യാറുണ്ട്. ഫീസു നൽകിയാൽ എന്തു സർട്ടിഫിക്കറ്റു വേണമെങ്കിലും കിട്ടും. എല്ലാം രഹസ്യവുമായിരിക്കും. തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ രഹസ്യമായി വെയ്ക്കണമെന്നുള്ളവർക്കുള്ള ഏറ്റവും എളുപ്പമാർഗം ഈ കേന്ദ്രങ്ങളിലെവിടെയെങ്കിലും കമ്പനി സ്ഥാപിക്കുകയാണ്. പിന്നെ കള്ളപ്പണക്കാർ ഇങ്ങോട്ട് കുത്തിയൊഴുകുന്നിൽ അത്ഭുതമുണ്ടോ?

നമ്മുടെ നിത്യാനന്ദയും സത്യത്തിൽ സ്ഥാപിച്ചത് കൈലാസ എന്ന കമ്പനിയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയെപ്പോലുള്ള മാധ്യമങ്ങൾ പറയുന്നത്. ആ കമ്പിനിയുടെ പേരിൽ അയാൾ ഒരു ദ്വീപ് വാങ്ങിക്കുന്നു. എന്നിട്ട് അത് ഒരു രാജ്യം എന്ന് നിത്യാനന്ദ വീമ്പടിക്കുന്നു. അതിനും പണം കൊടുത്തുകാണും. ഒരു പക്ഷേ നിത്യാനന്ദയും ഇടനിലക്കാരും തമ്മിലുള്ള ഒരു കരാറും തന്റെ വാചകമടികളിൽ പ്രതികരിക്കരുത് എന്നായിരിക്കും. തുടർച്ചയായി കോടികൾ വരുന്നതുകൊണ്ട് ഈ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാൻ അവർക്കും താൽപ്പര്യമില്ല. ഞങ്ങൾ ഒരു ദ്വീപ് നിങ്ങൾക്ക് വിറ്റു. പിന്നെ അവിടെ എന്ത് സംഭവിക്കുന്നുവെന്ന് നോക്കേണ്ട കാര്യമില്ല എന്നാണ് അവരുടെ നിലപാട്. അത് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാവുമ്പോഴേ അവർക്ക് ഇടപടേണ്ട കാര്യമുള്ളൂ. അതുകൊണ്ട് ആയിരിക്കണം, തന്റെ രാജ്യത്തിന് സൈന്യമില്ല എന്ന് നിത്യാന്ദ എടുത്തു പറയുന്നതും.

യുഎന്നിനെയും പറ്റിച്ചു?

പിന്നെ എങ്ങനെയാണ് നിത്യാനന്ദയുടെ പ്രതിനിധി ജനീവ സമ്മേളനത്തിന് എത്തിയന്ന് എന്ന ചോദ്യത്തിന് രണ്ട് മറുപടിയാണ് രാജ്യാന്തര തലത്തിൽ തന്നെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പറയാനുള്ളത്. ഒന്ന് പണം തന്നെ. ഏതൊരു സിസ്റ്റവുംപോലെ യുഎന്നിന്റെ പല പ്രതിനിധികളും, കൃത്യമായ ലോബീയിങ്ങിന് വിധേയർ ആവാറുണ്ട്. ലക്ഷങ്ങൾ ഫീസ് കൊടുത്താൽ നിങ്ങളുടെ പ്രശ്നം എത് അന്താരാഷ്ട്ര വേദിയിലും എത്തിക്കാൻ ആളുണ്ട്. നേരത്തെ പനാമ പേപ്പുറകളിലൊക്കെ വിവാദമായ മൊസാക്ക് ഫൊൺസേകയൊക്കെ അത്തരത്തിലുള്ള നിയമസഹായ സ്ഥാപനമാണ്.

വ്യാജ കമ്പനികളുടെ പേരിൽ കള്ളപ്പണം നിക്ഷേപിക്കാൻ ഇടപാടുകാർക്ക് രേഖകൾ ഉണ്ടാക്കിക്കൊടുക്കുന്നതാണ് ഇവരുടെ പ്രധാന ജോലി. നികുതി ഇളവുള്ള രാജ്യങ്ങളിൽ സമ്പത്ത് നിക്ഷേപിച്ച് ലാഭം വാങ്ങിക്കൊടുക്കുകയും ചെയ്യുന്നു. വാർഷിക ഫീസ് വാങ്ങിയാണ് ഇവർ സേവനം ചെയ്യുന്നത്. ഇതുപോലെയുള്ള കമ്പനികളുടെ മറ്റൊരു രീതിയാണ് ലോബീയിങ്ങ്. നമ്മുടെ ആവശ്യം യൂറോപ്യൻ യൂണിയനിലോ ഐക്യരാഷ്ട്ര സഭയിലോ എത്തിക്കുന്നതിൽ ഇവർ സഹായിക്കും.

അടിച്ചമർത്തപ്പെട്ടവർക്കും, പീഡനം അനുഭവിക്കുന്നവർക്കും. അഭയാർത്ഥികൾക്കും ഒപ്പം നിൽക്കുക, അവരുടെ പ്രതിനിധികൾക്ക് സംസാരിക്കാൻ അനുവദിക്കുന്ന എന്ന ഐക്യരാഷ്ട്ര സഭയുടെ വിശാലമായ സ്പേസ് ആണ് നിത്യാനന്ദ ദുരുപയോഗം ചെയ്യുന്നത്. ഇത്തരം പെയിഡ് ലോബീയിങ്ങ് സ്ഥാപനങ്ങൾക്ക്, തങ്ങളുടെ ക്ലയന്റിന്റെ പുതിയ ഒരു ജീവചരിത്രം സൃഷ്ടിക്കാനുള്ള അപാരമായ കഴിവുണ്ട്. പ്രാഞ്ചിയേട്ടൻ സിനിമയിൽ മമ്മൂട്ടിയുടെ അരിപ്രാഞ്ചിയെന്ന കഥാപാത്രത്തിന് പത്മശ്രീ കിട്ടാനായി, ഒരു കഥ പടച്ചുണ്ടാക്കിയപോലെ. അവർ ഇന്ത്യയുടെ പീഡനം സഹിക്കവയ്യാതെ നാടുവിട്ട, ലോകത്തിൽ മുഴവൻ ചാരിറ്റി പ്രവർത്തനം ചെയ്യുന്ന, മഹാനായ ആത്മീയ ആചാര്യനാക്കിയാണ്, നിത്യാനന്ദയെ അവറ ഫ്രെയിം ചെയ്ത് എടുക്കുന്നത്. ചൈനയുടെ പീഡനം സഹിക്കവയ്യാതെ നാടുവിട്ട ദലയിലാമക്കും കൂട്ടർക്ക് സ്പേസ് കൊടുത്തതുപോലെ, റോഹീങ്ക്യൻ അഭയാർഥികൾക്ക് വേണ്ടി ശബ്ദിക്കുന്നപോലെ, മനുഷ്യാവകാശം മറയാക്കി ആയിരിക്കണം നിത്യാനന്ദയെ തിരുകിക്കയറ്റിയത്. പക്ഷേ താന്ത്രിക സെക്സ് ഗുരവായിരുന്നുവെന്നും. കുട്ടികളെ പീഡിപ്പിച്ച കേസിൽ നാടുവിട്ടതാണെന്ന് ഒന്നും അവർക്ക് അറിയില്ലായിരിക്കും. അല്ലെങ്കിൽ നേരത്തെ പറഞ്ഞപോലെ, പണം അവരുടെ കണ്ണ് കെട്ടിയിരിക്കും.

എന്തായാലും ഒരുകാര്യം ഉറപ്പാണ്. നിത്യാനന്ദയുടെ കൈയിൽ പൂത്ത പണം ഉണ്ട്. വലിയ സ്വാധീനവും അയാൾക്കുണ്ട്. പിന്നെ മറ്റൊരു കാര്യമായി പറയുന്നത് ജനീവയിൽ നടന്നത് അത്ര പ്രസക്തമായ ഒരു യുഎൻ യോഗം ഒന്നുമല്ല. സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങൾ സംബന്ധിച്ച സമിതിയാണ്. അതിൽ സാംസ്കാരിക അവകാശം എന്ന് പഴുത് മാനിപുലേറ്റ് ചെയ്താവണം കൈലാസ് പ്രതിനിധി കയറിയിരിക്കുക. ഈ യോഗത്തിൽ പ്രസംഗിച്ചു എന്ന് കരുതി, യുഎൻ കൈലാസ രാജ്യത്തെ അംഗീകരിച്ചു എന്ന് അർത്ഥമില്ല. സമ്മേളനശേഷം വിജയപ്രിയക്ക് യുഎൻ പ്രതിനിധി നൽകകിയ മുറുപടി നോക്കുക. 'സ്വയം പ്രഖ്യാപിത' വ്യക്തിയുടെ സംഘടന നൽകുന്ന വിവരങ്ങൾ പരിഗണിക്കപ്പെടില്ല എന്ന്. കാര്യം വ്യക്തമാണ്. ഒരു അംഗീകാരവും യുഎൻ കൈലാസ രാജ്യത്തിന് കൊടുത്തിട്ടില്ല.

എവിടെ ഇന്റർപോൾ?

നിത്യാനന്ദ സംബന്ധിച്ച സംവാദങ്ങളിലെല്ലാം കേൾക്കുന്നത് എന്താണ് ഇന്റർപോളിന് ഇയാളെ പിടിക്കാൻ കഴിയാത്ത് എന്നാണ്. അതിന്റെ എറ്റവും ലളിതമായ ഉത്തരം ഇന്ത്യ അതിന് സമ്മർദം ചെലുത്തുന്നില്ല എന്നതാണ്. ഒന്നാമത് ഇതിന് ഇന്റർപോൾ പോലും വേണ്ട. മനസുവച്ചാൽ നിഷ്പ്രയാസം ഇന്ത്യക്ക് ഈ കള്ളസ്വാമിയെ പിടിക്കാൻ കഴിയും. അത്രക്ക് ശക്തമാണ് ഇന്ത്യയുടെ ഇന്റലിജൻസ് വൃത്തങ്ങളും അന്വേഷണ ഏജൻസികളും. പാക്കിസ്ഥാനിൽപോയി സർജിക്കൽ സ്ട്രൈക്ക് നടത്തിയവർ ഉള്ള രാജ്യമാണിത്.

പക്ഷേ ഇവിടെ ഇന്ത്യയുടെ രാഷ്ട്രീയ തീരുമാനം നിർണ്ണയാകമാണ്. ഇവിടെ നിത്യാന്ദ കളിക്കുന്നത് ഹിന്ദു മതം കൊണ്ടാണ്. അതുകൊണ്ടുതന്നെ മതവികാരം വ്രണപ്പെടുത്തിയ തോന്നൽ മോദി സർക്കാറിനെ പലപ്പോഴും പിറകോട്ട് അടിപ്പിക്കുന്നുണ്ട്. മതവും വിശ്വാസവും സംസ്‌കാരവും മുന്നിൽ വച്ചാണ് അയാളുടെ പ്രൊപ്പഗാൻഡ. ഹിന്ദുയിസം, ഹൈന്ദവ പൗരാണികത ഇതൊക്കെയാണ് ആവർത്തിക്കപെടുന്ന വാചകങ്ങൾ. മതവും വിശ്വാസവും സംസ്‌കാരിക തനിമയുമൊക്കെ പരിചകളായി മാറുമ്പോൾ കുറ്റകൃത്യങ്ങൾ പൊറുക്കപെടുന്നു, കൊള്ളയ്ക്കും കൊലയ്ക്കും മുകളിൽവരെ ന്യായീകരണ പെരുമഴ പെയ്യുന്നു.

എന്തുകൊണ്ട് നിത്യാന്ദയെ അറസ്റ്് ചെയ്യാൻ കഴിയുന്നില്ല എന്ന ചോദ്യത്തിന് എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രൻ ഇങ്ങനെ മറുപടി പറയുന്നു. ''ഇവിടെ പ്രശ്‌നം വിശ്വാസവും മതവും തന്നെയാണ്. ഹിന്ദുയിസത്തിന്റെ പരമ ആചാര്യൻ എന്നൊക്കെ പറയുമ്പോൾ ഇനി ഹിന്ദുക്കളുടെ വികാരം വ്രണപെട്ടാലോ? അപ്പോൾപിന്നെ കണ്ടില്ലെന്ന് നടിക്കുന്നതാണ് ബുദ്ധി! ഇന്ന് അറിയപെടുന്ന പല ആൾദൈവങ്ങളുടെയും മതജന്മങ്ങളുടെയും വഴിയിലൂടെയാണ് നിത്യാനന്ദയും നടക്കുന്നത്. അവരുടെ വിക്രിയകൾ കാണുമ്പോൾ ആദ്യം ജനം നെറ്റി ചുളിക്കും, പരിഹസിക്കും, നിന്ദിക്കും.. മോഷ്ടിച്ചെന്നും അന്ധവിശ്വാസം പരത്തിയെന്നും മാനസികനില തെറ്റിയെന്നും ലൈംഗികചൂഷണവും കൊലപാതകവും നടത്തിയെന്ന് ആരോപിക്കും...നാട്ടുകാർ പിടിച്ച് കെട്ടി അടിക്കാനും നാടു കടത്താനും സാധ്യതയുണ്ട്. ഈ പീഡനഘട്ടം കടന്ന് കിട്ടിയാൽ (മിക്കവരും കടക്കില്ല) മെല്ലെ നാട്ടൂകാരും പൊതുസമൂഹവും ഇതേ വ്യക്തിയെ അംഗീകരിച്ചു തുടങ്ങും, ബഹുമാനിച്ചും ആരാധിച്ചും പശ്ചാത്തപിക്കും. പണ്ട് നടത്തിയ കുറ്റാരോപണങ്ങളെല്ലാം പിൻവലിച്ച് ഭക്തരായി കൂടും. എല്ല് കിട്ടിയ നായകളെല്ലാം നിശബ്ദരാകും. ഇന്നത്തെ പ്രധാന ആൾദൈവങ്ങളെയും സ്ഥാപനങ്ങളെയും നോക്കൂ. ഈ ഘട്ടം കടന്ന് മതവും സമ്പത്തും പരിചയാക്കി സമൂഹത്തിന്റെ 'അംഗീകാരം' പിടിച്ചുവാങ്ങിയവരാണ്.'' - സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല മോദിസർക്കാറിന്റെ ഈ ഇടനാഴികളിലൊക്കെ ആരൊക്കെയോ നിത്യാനന്ദയെ സഹായിക്കുന്നുണ്ടെന്ന് വ്യക്തമാണ്. പണത്തിന് മേൽ പരുന്തും പറക്കില്ല എന്നാണെല്ലോ. ഇന്ത്യയിൽ പ്രത്യേകിച്ചും. ഇന്റർപോൾ എന്നാൽ ഒരു പണിയുമില്ലാതെ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ തയ്യാറായി നിൽക്കുന്നവർ അല്ല. അതിൽ ഇന്ത്യയുടെ സമ്മർദം വേണം. റെഡ് കോർണർ നോട്ടീസ് അടക്കമുള്ള ഒരുപാട് നടപടികൾ പൂർത്തിയായാലേ അവർക്ക് വിഷയം ടേക്കപ്പ് ചെയ്യാൻ കഴിയു. അതുപോലെ നിത്യാനന്ദക്കെതിരെ ഫ്രാൻസിൽ കേസുണ്ട്. അവിടെ അയാൾ ഇന്ത്യൻ പൗരൻ എന്ന നിലയിൽ രക്ഷപ്പെട്ട് നിൽക്കയാണ്. ഫ്രാൻസ് ഈ കേസിന്റെ വിവരം ഇന്ത്യക്ക് കൈമാറുകയും ഇന്ത്യ ഒരു നടപടിയും എടുക്കാതെ ഇരിക്കകയും ചെയ്യുന്ന അവസ്ഥ.

ചുരുക്കിപ്പറഞ്ഞാൽ കേന്ദ്ര സർക്കാർ ആത്മാർത്ഥമായി വിചാരിച്ചാൽ ദിവസങ്ങൾകൊണ്ട്, പിടിച്ച് ചുരുട്ടിക്കുട്ടി തിഹാർ ജയിലിൽ അടക്കാവുന്നതേയുള്ള ഈ 'ആസാമിയെ'. പക്ഷേ ഇത് മതം കൊണ്ടുള്ള കളിയായതുകൊണ്ടാണ് ഈ മെല്ലെപ്പോക്ക്. പക്ഷേ ഇപ്പോൾ ഈ ജനീവ പ്രസംഗം കൊണ്ട് നിത്യാനന്ദ സ്വന്തം കുഴി തോണ്ടുകയാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഇന്ത്യ പീഡിപ്പിക്കുന്നുവെന്ന് ഒരു അന്താരാഷ്ട്ര വേദിയിൽ പറഞ്ഞതോടെ, അത് നിഷേധിക്കുകയും പകരം നടപടി എടുക്കേണ്ടതുമായ ബാധ്യത ഇന്ത്യയുടെ മേലാണ് വരുന്നത്. അതുകൊണ്ടുതന്നെ നിത്യാനന്ദയുടെ ഭാവി എന്താകുമെന്ന് കണ്ടുതന്നെ അറിയണം.

വാൽക്കഷ്ണം: ഇതുവരെ നാം കേട്ടിരുന്നത്, കോടികൾ ബാങ്കുകളിൽനിന്ന് വായ്‌പ്പയെടുത്ത് മുങ്ങിയ വിജയ് മല്യയും, മെഹുൽ ചോക്സിയേയും പോലുള്ള ശതകോടീശ്വരന്മ്മാരുടെ കഥകൾ ആയിരുന്നു. നിത്യാനന്ദ മോഡൽ ട്രെൻഡിങ്ങ് ആവുകയാണെങ്കിൽ ഇനി നാം കേൾക്കുന്നത്, ഇവരൊക്കെ വിദേശത്തുപോയി സ്വന്തമായി രാജ്യം സ്ഥാപിച്ചുവെന്നാവും!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP