Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

താടി നീട്ടി ആടുമേക്കാൻ പോകുന്നവരല്ല ഇവർ ജീൻസിട്ട ന്യൂജൻ തീവ്രവാദികൾ; പൊതുസമൂഹത്തിൽ നുഴഞ്ഞു കയറി ഒരു സുപ്രഭാതത്തിൽ പൊട്ടിത്തെറിക്കും; കള്ളനോട്ടടിയും മയക്കുമരുന്ന് വ്യാപാരവും പിന്നെ ആയുധക്കടത്തും; ജിഹാദിന്റെ പേരിൽ നടത്തുന്നത് അതീവ അപകടകരമായ കാര്യങ്ങൾ; പുനരുജ്ജീവിപ്പിച്ചത് ലാദന്റെ മകൻ ഹംസ; പണം വരുന്നത് തുർക്കിയിൽ നിന്ന്; സ്ളീപ്പിങ്ങ് സെല്ലുകൾ ബംഗാളും കേരളത്തിലും; ക്രൂരതയും മതവിദ്വേഷവും മുഖമുദ്രയാക്കിയ അൽഖ്വയ്ദയുടെ കഥ

താടി നീട്ടി ആടുമേക്കാൻ പോകുന്നവരല്ല ഇവർ ജീൻസിട്ട ന്യൂജൻ തീവ്രവാദികൾ; പൊതുസമൂഹത്തിൽ നുഴഞ്ഞു കയറി ഒരു സുപ്രഭാതത്തിൽ പൊട്ടിത്തെറിക്കും; കള്ളനോട്ടടിയും മയക്കുമരുന്ന് വ്യാപാരവും പിന്നെ ആയുധക്കടത്തും; ജിഹാദിന്റെ പേരിൽ നടത്തുന്നത് അതീവ അപകടകരമായ കാര്യങ്ങൾ; പുനരുജ്ജീവിപ്പിച്ചത് ലാദന്റെ മകൻ ഹംസ; പണം വരുന്നത് തുർക്കിയിൽ നിന്ന്; സ്ളീപ്പിങ്ങ് സെല്ലുകൾ ബംഗാളും കേരളത്തിലും; ക്രൂരതയും മതവിദ്വേഷവും മുഖമുദ്രയാക്കിയ അൽഖ്വയ്ദയുടെ കഥ

എം റിജു

'ഒരാൾ ഇല്ലാതായതുകൊണ്ട് അവസാനിക്കുന്നതല്ല തീവ്രവാദം. അത് പ്രവർത്തിക്കുന്നത് മനുഷ്യന്റെ മസ്തിഷക്കങ്ങളിലാണ്. മത മസ്തിഷ്‌ക്കങ്ങളെ ശുദ്ധീകരിക്കാനുള്ള പ്രവർത്തനം നടത്താത്തിടത്തോളം കാലം തീവ്രവാദം ഉണ്ടാകും'- 2011 മെയ് ഒന്നിന് ഒസാമ ബിൻലാദനെ വെടിവെച്ച് കൊന്ന് അമേരിക്കൻ മറീനുകൾ ചാരം കടലിലൊഴുക്കിയപ്പോൾ ലോകം ആഘോഷിച്ചത് ഇസ്ലാമിക തീവ്രവാദത്തിന്റെ അന്ത്യം എന്ന പേരിലാണ്. പക്ഷേ നിങ്ങൾക്ക് തെറ്റിയെന്നും അത് അങ്ങനെ അവസാനിക്കില്ലെന്നും ചൂണ്ടിക്കാട്ടി എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ ഡോ സാം ഹാരീസ് എഴുതിയ ലേഖനത്തിലെ ഉദ്ധരണികളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ആ പ്രവചനം ശരിയാവുകയാണ്. താൽക്കാലിക തിരിച്ചടികൾക്കുശേഷം അൽഖ്വായിദ ഇപ്പോൾ ഉയർത്തെഴുനേൽപ്പിന്റെ പാതയിലാണ്. ഇപ്പോഴിതാ കേരളത്തിൽ നിന്ന് മൂന്ന് അൽഖ്വായിദ തീവ്രാവാദികളെ പിടികൂടിയ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇന്ന് രാവിലെ തന്നെ നമ്മെ തേടിയെത്തിയിരിക്കുന്നത്.

രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ്ഡ് നടത്തിയത്. രാജ്യത്താകെ ഒമ്പത് പേർ പിടിയിലായി. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എൻഐഎ പെരുമ്പാവൂരിൽ റെയ്ഡ് നടത്തിയത്. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പെരുമ്പാവൂരിൽ രണ്ടിടത്ത് റെയ്ഡ്. ഇവരെ ചോദ്യംചെയ്തുവരികയാണ്. കേരളത്തിൽ തീവ്രവാദ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് അറസ്റ്റ്. സ്വർണ്ണകടത്തിലെ തീവ്രവാദ ബന്ധങ്ങൾ തേടുന്നതിനിടെയാണ് ഈ അറസ്റ്റും. ഇതോടെ കേരളവും തീവ്രാവാദത്തിന്റെ ഹബ് ആവുകയാണെന്ന രീതിയിലുള്ള പ്രചാരണങ്ങളും വന്നു തുടങ്ങുന്നുണ്ട്.

പക്ഷേ ഈ ഭീഷണി നേരത്തെയുണ്ട്. കാരണം ഐഎസ് ഭീകരരും അൽഖ്വായിദയും ചേർന്നുകൊണ്ട് ഐക്യ-ഐഎസ് എന്ന സംഘടന രൂപീകരിച്ചതായും പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ കേന്ദ്രമാക്കി പുതിയ കോറിഡോർ രൂപീകരിക്കുന്നെന്ന റിപ്പോർട്ടുകൾ നേരത്തെയുണ്ട്. അവർ നോട്ട മിട്ട രണ്ടു സ്ഥലങ്ങളാണ് മുസ്ലിം ജനസംഖ്യ ഏറെയുള്ള ബംഗാളും കേരളവും. പല പ്രലോഭനങ്ങളും ഉന്നയിച്ച് സ്ളീപ്പിങ്ങ് സെല്ലുകളുടെ രൂപത്തിലാണ് ഇവരുടെ പ്രവർത്തനം. അത് അറിയണമെങ്കിൽ അൽഖ്വായിദയുടെ ആഗോള ചരിത്രവും മനസ്സിലാക്കണം. ലോകത്തെല്ലായിടത്തും ഒരേ രീതിയിലാണ് അവരുടെ പ്രവർത്തനം.

ഐസിസും അൽഖ്വായദയും ഒന്നിക്കുമ്പോൾ

ആഗോള ഇസ്ലാമിക തീവ്രാവാദ സംഘടനകളെ പരിശോധിക്കുമ്പോൾ നാല് സംഘടനകളാണ് ലോകത്തിൽ അതീവ അപകടകരികൾ എന്നാണ് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ പറയുന്നത്. ഐഎസ് എന്ന ചരുക്കപ്പേരിൽ അറിയപ്പെട്ടുന്ന ഐസ്ഐഎസ് ആണ് ഇതിൽ നമ്പർ വൺ. രണ്ടാമത് അൽഖ്വായിദയും മൂന്നാമത് താലിബാനും നാലാമത് ബോക്കോ ഹറാമും. ഇതിൽ ബോക്കോ ഹറാമിന്റെ പ്രശ്നം ആഫ്രിക്കയിൽ ഒതുങ്ങുന്നു. ആഗോള ഇസ്ലാമിക തീവ്രവാദത്തിന് കനത്ത തിരിച്ചടിയേറ്റ ദശകമായിരുന്ന കടന്നുപോയത്. സിറിയയിലടക്കം സഖ്യസേനയുടെ കനത്ത ആക്രമണത്തിൽ ഐഎസിന് വമ്പൻ തിരിച്ചടിയേറ്റു. പട്ടിണിയും ദാര്യദ്രവും താങ്ങാനാവതെ പലരും ഐഎസ് വിട്ടും. സിറിയിൽ അവർ എതാണ്ട് കുറ്റിയറ്റു. അൽഖ്വായിദക്കും ബിൻലാദിന്റെ മരണത്തോടെ വമ്പൻ തിരിച്ചടിയാണ് ഉണ്ടായത്. സവാഹരിയുടെ നേതൃത്വം ഉണ്ടായിരുന്നെങ്കിലും പഴയതുപോലെ കാര്യങ്ങൾ നീങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ് ലാദന്റെ മകൻ ഹംസബിൻലാദൻ നേതൃത്വത്തിലേക്ക് വരുന്നത്. ഐഎസിനെയും അൽഖ്വായിദയെയും യോജിപ്പിച്ച് എക്യ- ഐഎസ് എന്ന പുതിയ സംഘടനയുണ്ടാക്കിയത് ഹംസ ലാദന്റെ ബുദ്ധിയാണെന്നാണ് ന്യൂയോർക്ക് ടൈംസ് എഴുതുന്നത്. താലിബാനുമായി നേരത്തെ ഐഎസിന് ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുതിയ സഖ്യം ഐസഎസ്- അൽഖ്വായിദ താലിബാൻ സഖ്യമായി.

പക്ഷേ സഖ്യം ക്ലച്ച് പിടിക്കുന്നതിനുമുമ്പുതെന്ന ഹംസ ബിൻലാദനെ വധിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞു എന്നതിൽ ലോകത്തിന് ആശ്വസിക്കാം. പക്ഷേ അപകടകരമായ സഖ്യത്തിന്റെ അനന്തരഫലങ്ങളാണ് ഇപ്പോൾ പെരുമ്പാവൂരിൽ വരെ എത്തിയിരിക്കുന്നത്. അടിസ്ഥാനപരമായി എന്താണ് ഈ ഇസ്ലാമിക തീവ്രാവാദ സംഘടനകൾക്ക് തമ്മിലുള്ള വ്യത്യാസം എന്ന് ചോദിച്ചാൽ ഒന്നുമില്ല എന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയവർ പറയുന്നത്. പ്രദേശിക കാരണവും നേതൃത്വത്തിന്റെ മൂപ്പിളമത്തർക്കവും അല്ലാതെ, അടിസ്ഥാനപരമായി ഇവർക്ക് യാതൊരു മാറ്റും ഇല്ല. ' തീവ്രവാദികൾക്ക് മതം ഇല്ല എന്ന് നാം വെറുതെ പറയുകയാണ്. ഏത് തീവ്രവാദിയെ നോക്കിയാലും മതം അല്ലാതെ മറ്റൊന്നും കാണാൻ കഴിയില്ല. ഈ നാല് സംഘടനകളും നിലകൊള്ളുന്നത് ഇസ്ലാമിക ജിഹാദിന് വേണ്ടിയാണ്. ഖുർആനിലെ സ്വർഗസങ്കൽപ്പവും പരലോകവുമായി ബന്ധപ്പെട്ടാണ് അത് കിടക്കുന്നത്. പ്രതിരോധത്തിന് വേണ്ടിയാണ് എന്നതൊക്കെ വെറും പുക മറമാത്രമാണ്. ഖുർആൻ അല്ലാതെ മറ്റൊരു പുസ്‌കതവും തങ്ങൾക്ക് ഇല്ലെന്ന് ഐഎസ് പരസ്യമായി പ്രഖ്യാപിച്ചതാണ്. താലിബാനും അൽഖ്വായിദയും അതിനുവേണ്ടി തന്നെയാണ് നിലകൊള്ളുന്നത്. അപ്പോൾ ഇവർ തമ്മിൽ എന്താണ് വ്യത്യാസം'- ഡോ സാം ഹാരീസ് ചൂണ്ടിക്കാട്ടുന്നു.

പക്ഷേ അൽഖ്വായിദക്കാരാണ് ഇക്കൂട്ടത്തിൽ കുറച്ചുകൂടി അപകടകാരികൾ. കാരണം താടിയും നീട്ടി ആടുമേക്കാൻ പോയ ജിഹാദികളെപ്പോലെ പെട്ടെന്നൊന്നും തിരിച്ചറിയാൻ കഴിയില്ല അൽഖ്വായിദക്കാരെ. ജീൻസും ടീ ഷർട്ടുമിട്ട ന്യുജൻ തീവ്രാവാദികളാണ് അവർ. പൊതുസമൂഹത്തിൽ നുഴഞ്ഞു കയറി അതിനൊത്ത് ജീവിച്ച് ഒരു സുപ്രഭാതത്തിൽ പൊട്ടിത്തെറിക്കാൻ വിധിക്കപ്പെട്ടവർ. ഉയർന്ന വിദ്യഭ്യാസമുള്ളവരെയാണ് അൽഖ്വായിദയിൽ കാണാൻ കഴിയുക. ബിൻലാദൻ സിവിൽ എഞ്ചിനീയറും സവാഹരി ഡോക്ടറും ആയിരുന്നു. ഐഎസുകാർ പ്രവാചക ചര്യയിൽ മാത്രം വിശ്വസിച്ച് പ്രാകൃത ജീവിതത്തിലേക്ക് ആനയിക്കപ്പെടുമ്പോൾ, അൽഖ്വായിദക്കാർ ആധുനികതയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെയാണ് അവരെ ന്യുജൻ തീവ്രവാദികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

കള്ളനോട്ടടി, മയക്കുമരുന്ന് ആയുധക്കടത്ത്...

സെപ്റ്റമ്പർ 11 ആക്രമണത്തിനുശേഷം അൽഖ്വായിദയുടെ ശക്തിചോരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് അവർക്ക് ഫണ്ടിങ്ങ് നൽകിയിരുന്നു സൗദി അടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങൾ പിന്മാറിയതായിരുന്നു. ലാദന്റെ മരണശേഷം അതുതന്നെ സംഭവിച്ചു. എന്നും ഇത്തരം രഹസ്യഫണ്ടിങ്ങിന്റെ പേരിൽ ആരോപണ വിധേയരായ ഖത്തർ പൂർണ്ണമായും അതു നിർത്തി. (ഖത്തർ ഹവാല നിന്നതുമൂലമാണ് കേരളത്തിലെ ഇസ്ലാമിക പത്രങ്ങൾക്കുപോലും തിരിച്ചടിയായത് എന്ന് ആരോപണം ഉണ്ട്.) അൽഖ്വായിദയുടെ ഫണ്ട് മൂന്ന് രീതിയിലാണ് വരുന്നത് എന്നാണ് ഇതുസംബന്ധിച്ച് വിശദമായി പഠിച്ച ന്യയോർക്ക് ടൈസ് ലേഖകൻ ഇയാൻ മക്കി ചൂണ്ടിക്കാട്ടുന്നത്. കള്ളനോട്ടടി, മയക്കുമരുന്ന് ആയുധക്കടത്ത്... ഇസ്ലാമിസ്റ്റുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അപചയം നോക്കണം. പക്ഷേ നക്സലുകളെപ്പോലെ ഇസ്ലാമിസ്റ്റുകൾക്കും ലക്ഷ്യമാണ് പ്രധാനം. അതിനായി എന്ത് മാർഗവും സ്വീകരിക്കാം.

കറൻസി സബോട്ടാഷ് എന്ന് പറയുന്ന പരിപാടി ലാദന്റെ കാലത്തുതന്നെ തുടങ്ങിയതാണ്. ഇന്ത്യയെ തകർക്കാൻ പാക്കിസ്ഥാനിൽ അച്ചടിക്കുന്ന കള്ളനോട്ടുകൾ അതിർത്തി ജില്ലകളിൽ വ്യാപകമായി വിന്യസിക്കുക അൽഖ്വായിദയുടെ പദ്ധതി ആയിരുന്നെന്ന് എൻഐഎ തന്നെ സമ്മതിക്കുന്നുണ്ട്. ഇങ്ങനെ സമാന്തര കറൻസിയുണ്ടാക്കി രാജ്യങ്ങളെ തകർക്കാനായിരുന്നു പ്ലാൻ. അമേരിക്കയോടും, ബ്രിട്ടനോടും, അവർ ഇതേരീതി പയറ്റി നോക്കിയിരുന്നു. രണ്ടാമത്തേതാണ് അൽഖ്വായിദക്ക് ഏറ്റവും ലാഭമുണ്ടായിരുന്നു പരിപാടി. മയക്കുമരുന്ന് കള്ളക്കടത്ത്. അഫ്ഗാനിലും പാക്കിസ്ഥാനിലുമായി താലബാൻ ഉണ്ടാക്കുന്ന ഓപ്പിയം സംസ്‌ക്കരിച്ച് അമേരിക്കയിലെ വിപണയിൽ എത്തിക്കുന്നതിലൂടെയാണ് ഡ്രഗ് മണിയെന്ന് ഇവർ വിളിക്കുന്ന ശതകോടികൾ ഒഴുകിയിരുന്നത്. അടുത്തത് ആയുധക്കടത്താണ്. ഇതിനായി പ്രധാനമായും ആശ്രയിച്ചിരുന്നത് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളെ ആയിരുന്നു. എൽടിടിഇക്കടക്കം ഒരു കാലത്ത ആയുധങ്ങൾ നൽകിയിരുന്നത് അൽഖ്വായിദ ആയിരുന്നു. ഇറാൻ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങൾ ഇക്കാര്യത്തിൽ അൽഖ്വായിദയെ കൈയയച്ച് സഹായിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമെ പരമ്പരാഗതമായ റാൻസം മണിയെന്ന തട്ടിക്കൊണ്ടുപോയുള്ള മോചന ദ്രവം വാങ്ങലും ഉണ്ടായിരുന്നു.

എവിടെ അൽഖ്വായിദയുടെ സാന്നിധ്യം ഉണ്ടോ അവിടെ കള്ളനോട്ടും, കള്ളക്കടത്തും , മയക്കുമരുന്ന് ബിസിനസും ഉണ്ടാകും. കേരളം ഭയക്കേണ്ടതും അവിടെ തന്നെ. യസീദി സ്ത്രീകളെ ടെലിഗ്രാം വഴി ലേലം ചെയ്തും, എണ്ണക്കപ്പലുകളും ഖനികളും ആക്രമിച്ച് കൊള്ളയടിച്ചുമാണ് ഐഎസ് പണം ഉണ്ടാക്കിയിരുന്നത്. പക്ഷേ അതെല്ലാം പൊളിഞ്ഞ് ഐസും പാപ്പാരായി. ആ ഘട്ടത്തിലാണ് ഹംസബിൻലാദിന്റെ ഐഎസ്- അൽഖ്വായിദ സഖ്യം ഗുണം ചെയ്തത്. ഇപ്പോൾ താലിബാനിനിന്ന് കിട്ടുന്ന മയക്കുമരുന്ന് കച്ചവടമാണ് ഈ സഖ്യത്തിന്റെ പ്രധാന വരുമാനം. അഫ്ഗാനിൽ താലിബാനികൾ വീണ്ടും തലപൊക്കിയതാണ് തീവ്രാവാദികൾക്ക് തുണയായത്. ട്രംപിന്റെ അഫ്ഗാനിലെ സൈനിക പിന്മാറ്റത്തിന് ലോകം വലിയ വിലകൊടുക്കേണ്ടി വരുന്നു. ഇറാനും ഖത്തറും പിറകോട്ട് പോയതോടെ തുർക്കി ഫണ്ടിങ്ങിനായി രംഗത്തുവന്നതും ഈ സംഘടനകൾക്ക് ആശ്വാസമാണ്. കടുത്ത മതമൗലികാവാദിയായ എർദോഗാൻ ഇത്തരം സംഘടനകളെ സഹായിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

പ്രതിരോധ സംഘടനയായി തുടങ്ങിയ അൽഖ്വായ്ദ

പ്രതിരോധ സംഘടനയായി തുടങ്ങി ജിഹാദി ഗ്രൂപ്പായി മാറിയ ചരിത്രമാണ് അൽഖ്വായിദയുടേത്. അഫ്ഗാനിസ്ഥാനിൽ സോവിയന്ന് യൂണിയനുമായി നടന്ന യുദ്ധസമയം ഒളിപ്പോര് നടത്തിയിരുന്ന അഫ്ഗാൻ അറബികളും മറ്റും അംഗങ്ങളായി ശൈഖ് അബ്ദുല്ല യൂസഫ് അസ്സാമിന്റെ നേതൃത്വത്തിൽരൂപം കൊണ്ട അന്താരാഷ്ട്ര സംഘടനയാണ് അൽഖ്വായിദ. ഈ വാക്കിന് അർഥം അടിസ്ഥാനം എന്നാണ്. സോവിയറ്റ് റഷ്യയുടെ സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ നിലവിലിരുന്ന ഭരണത്തിനെതിരായുള്ള കലാപത്തിൽ വിമതവിഭാഗത്തെ സഹായിക്കാൻ വിവിധ മുസ്ലിം നാടുകളിൽ നിന്ന് അഫ്ഘാനിസ്ഥാനിലെത്തിയ പോരാളികളുടെ കൂട്ടായ്മയാണ് സോവിയറ്റ് റഷ്യയുടെ തകർച്ചയോടുകൂടി അൽ ഖാഇദയായി പരിണമിച്ചത്. ആദ്യകാലത്ത് ലോകം ഇവരെ സ്വാതന്ത്ര്യ സമര പോരാളികളായാണ് കണ്ടത്.

അമേരിക്ക സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാനിലുള്ള കടന്നുകയറ്റത്തെ എതിർത്തിരുന്നു. സോവിയറ്റുകാരെയും അഫ്ഗാനിലെ മാർക്സിസ്റ്റുകാരെയും എതിർത്തിരുന്ന അഫ്ഗാൻ മുജാഹിദ്ദീനുകളെ അമേരിക്ക സഹായിച്ചു. പാക്കിസ്ഥാനിലെ ഐ.എസ്‌ഐ.വഴി ധാരാളം സാമ്പത്തിക സഹായം ആദ്യകാലത്ത് അമേരിക്ക ചെയ്തുവന്നു. അഫ്ഗാൻ മുജാഹിദ്ദീനുകൾക്ക് ശക്തിപകരാനായി വിദേശീയരായ നിരവധി അറബ് മുജാഹിദ്ദീനുകൾ മുന്നോട്ടുവന്നുകൊണ്ടിരുന്നു. മക്താബ് അൽ ഖിദാമത്ത് പോലുള്ള അന്താരാഷ്ട്ര സംഘടനകൾ ഇതിനു ഫലസ്തീൻ പണ്ഡിതനായ അബ്ദുള്ള യൂസഫ് അസം ആയിരുന്നു ആദ്യകാലത്ത് ഇത്തരം കൂട്ടായ്മകളെ നയിച്ചത്.പക്ഷേ അസം കൊല്ലപ്പെട്ടതോടെ സംഘടനയുടെ രീതി മാറി. 1988 ൽ ഒസാമ ബിൻ ലാദൻ ഇതിന്റെ നേതൃത്വം ഏറ്റെടുത്തു. അതോടെ ഇത് പുർണ്ണമായും ഒരു ജിഹാദി ഗ്രൂപ്പായി മാറി. ഉസാമ ബിൻ ലാദൻ തന്നെയായിരുന്നു ആദ്യകാലത്ത് പ്രധാന സാമ്പത്തിക സ്രോതസ്സ്. കോടീശ്വരനായ ലാദനൊപ്പം സൗദിയിലെ മറ്റ് കോടീശ്വരന്മാരും ഖത്തറിലെയും ഇറാനിലെയും പ്രമുഖരും ചേർന്നതോടെ ഇത് ലക്ഷണമൊത്ത ഭീകര സംഘടനയായി. അഫ്ഗനാനിൽ മുല്ലാ ഉമറിന്റെ നേതൃത്വത്തിലുള്ള താലിബാന്റെ കാലത്താണ് അൽ ഖ്വായിദ ശക്തിയാർജ്ജിച്ചത്.

അമേരിക്കക്കും ഇസ്രയേലിനുമെതിരെ സായുധഅട്ടിമറി ശ്രമങ്ങൾ നടത്തുകയാണ് അൽഖ്വായിദയുടെ പധാന ലക്ഷ്യം. ഇസ്ലാമിക രാജ്യങ്ങളിലെ വിദേശ ഇടപെടലുകൾ ഒഴിവാക്കുക, ഇസ്രയേലിനെ നശിപ്പിക്കുക തുടങ്ങിയവയും ഇതിന്റെ ലക്ഷ്യങ്ങളാണ്. പാക്കിസ്ഥാനിനിലെ ലശ്കറെ ത്വയ്യിബ, ജെയ്ഷേ മുഹമ്മദ്, ഹർകത്തുൽ അൻസ്വാർ, ഈജിപ്തിലെ അൽ ജിഹാദ്, അൽ ജമാ അത്തുൽ ഇസ്ലാമിയ, അൾജീരിയയിലെ സായുധ സലഫൈ സംഘം തുടങ്ങിയ സംഘടനകക്ക് അൽഖ്വായിദയുമായി അടുത്ത ബന്ധമുണ്ട്. അഫ്ഗാനെതിരെ പേരാടാൻ ലാദൻ ഒരുക്കിയ അറബ് സൈന്യം എന്നും ഇവർക്ക് കരുത്തായിരുന്നു. പിൻക്കാലത്ത് ലാദൻ സൗദിയുമായി തെറ്റുകയും ആദ്യം സുഡാനിലേക്കും പിന്നീട് അഫഗാനിലേക്കും പലായനും ചെയ്തതും ചരിത്രം. സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ് ആക്രമണം അടക്കകമുള്ള ചെറുതുവലുതുമായ നൂറോളം ആക്രമണങ്ങൾ അൽഖ്വായുദയുടെ പേരിലുണ്ട്. പക്ഷേ ലാദന്റെ മരണത്തോടെ സംഘടന ക്ഷയിച്ചു. പക്ഷേ അവർക്ക് ഒരു മുന്നേറ്റം വീണ്ടും കിട്ടയത് മകൻ ഹംസബിൻലാദൻ വന്നതോടെയാണ്.

ലാദൻ റീലോഡഡ്

കൊല്ലപ്പെട്ട അൽഖ്വായിദ തലവൻ ബിൻലാദന്റെ പേര് വീണ്ടും പാശ്ചാത്യ ലോകത്തെ അലോസരപ്പെടുത്താൻ തുടങ്ങിയത് 2015 മുതലാണ്. അന്നാണ് മകൻ ഹംസ ബിൻലാദൻ കളത്തിൽ ഇറങ്ങിയത്. ആഗോള ഇസ്ലാമിക ഭീകര സംഘടനകളെ ഒരുമിപ്പിക്കാനുള്ള ശ്രമ തുടങ്ങിയത് ഹംസയാണ്. തന്റെ പിതാവ് കൊല്ലപ്പെട്ട് അഞ്ച് വർഷത്തിന് ശേഷം ഹംസ ഇറക്കിയ സന്ദേശമനുസരിച്ച് ആഗോളതലത്തിലുള്ള മുജാഹിദീനുകളോട് സംഘടിക്കാനും പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യാനുമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇസ്ലാമിക രാജ്യങ്ങൾ സിറിയയിലെ ജിഹാദിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവിടുത്തെ മുജാഹിദീനുകളെ കൂട്ടിയോജിപ്പിക്കണമെന്നും ഈ ഭീകരൻ ഓഡിയോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഇസ്ലാമിക സംഘടനകൾ തമ്മിൽ ഇക്കാര്യത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളെ യാതൊരു വിധത്തിലും ന്യായീകരിക്കാനാവില്ലെന്നും ലോകം മുഴുവൻ ഇസ്ലാമിനെതിരെ നീങ്ങുന്ന അവസ്ഥയാണിന്നുള്ളതെന്നും ഹംസ പറയുന്നു.സിറിയയിലെ ജിഹാദികളോട് ഒന്നിക്കാൻ ഇപ്പോഴത്തെ അൽഖ്വയ്ദ തലവൻ അയ്മാൻ അൽസവാഹിരി ആഹ്വാനം ചെയ്ത് ദിവസങ്ങൾക്കകമാണ് ഹംസയും ഇതിന് മുതിർന്നതെന്നത് ശ്രദ്ധേയമാണ്. ഇപ്പോഴത്തെ ഐക്യത്തിന്റെ ആവശ്യകത മരണത്തിനും ജീവിത്തതിനും ഇടയിലുള്ളതാണെന്നാണ് ഇതേസമയം ഓൺലൈനിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെ സവാഹിരി നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെയാണ് ഐഎസ്- അൽഖ്വായിദ സംഖ്യം യാഥാർഥ്യമായത് എന്നാണ് ബിബിസിയടക്കമുള്ള ലോക മാധ്യമങ്ങൾ പറയുന്നത്.

പാക്കിസ്ഥാനിൽ വച്ച് അമേരിക്കൻ സേന ബിൻലാദനെ വളഞ്ഞ് പിടിച്ച് വധിക്കുമ്പോൾ ഹംസയ്ക്ക് വെറും 17 വയസായിരുന്നു. ലാദനെയും മറ്റ് ചില കുടുംബാംഗങ്ങളെയും സേന വധിച്ചെങ്കിലും ഹംസ രക്ഷപ്പെടുകയായിരുന്നു.അന്ന് അവിടെ ഹംസ ഉണ്ടായിരുന്നില്ലെന്നും സൂചനയുണ്ട്. ബിൻ ലാദൻ അവശേഷിപ്പിച്ച് പോയ നിരവധി കാര്യങ്ങളുടെ പേരിൽ തങ്ങൾക്ക് ഇപ്പോഴും മിഡിൽ ഈസ്റ്റിലെ ജിഹാദിനെ പ്രതിനിധീകരിക്കാൻ സാധിക്കുമെന്നാണ് അൽഖ്വയ്ദ അപ്പോൾ പറഞ്ഞിുന്നത്. ഇക്കഴിഞ്ഞ വർഷങ്ങൾക്കിടെ ഇസ്ലാമിക് സ്റ്റേറ്റുമായുണ്ടായ സംഘർഷങ്ങൾക്കിടെ അൽഖ്വയ്ദയ്ക്കും ഇതിന്റെ സിറിയൻ അഫിലിയേറ്റായ ജബാത് അൽ നസ്രയ്ക്കും നിരവധി പ്രദേശങ്ങളും സൈനികരെയും നഷ്ടപ്പെട്ടിരുന്നു. ഐസിസ് നടത്തിയ കൂട്ടക്കൊലകളിലും ബോംബിംഗിലും അൽഖ്വയ്ദയ്ക്ക് നിരവധി നേതാക്കളെ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ബിൻ ലാദന്റെ യഥാർത്ഥ പാരമ്പര്യവും യുവത്വവും കാരണം ഹംസയ്ക്ക് ആഗോളതലത്തിൽ നിന്നും നിരവധി പേരെ ജിഹാദി പോരാളികളായി റിക്രൂട്ട് ചെയ്യാൻ സാധിച്ചുവെന്നത് സമീപകാലത്ത് അൽഖ്വയ്ദ കൈവരിച്ച പ്രധാന നേട്ടങ്ങളിലൊന്നാണ്. ഇതിലൂടെ നഷ്ടപ്രതാപം തിരിച്ച് പിടിക്കാമെന്ന് ഈ ഭീകരസംഘടന കണക്ക് കൂട്ടുന്നുമുണ്ട്. ഹംസയുടെ ഈ ഉയർന്ന് വരൽ അമേരിക്കയെ ഞെട്ടിപ്പിച്ചു.

ഒടുവിൽ ഹംസയും വീഴുന്നു

2011ലെ പാക്കിസ്ഥാൻ റെയ്ഡിൽ ഹംസയും കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം വൈറ്റ് ഹൗസ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇത് മറ്റൊരു മകനായ ഖാലിദാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഈ റെയ്ഡിനിടെ ഹംസ എവിടെയായിരുന്നുവെന്നത് ഇപ്പോഴും നിഗൂഢമാണ്.എന്നാൽ അബോട്ടാബാദ് റെയ്ഡിന് മാസങ്ങൾക്ക് മുമ്പ് തന്നെ ലാദൻ ഹംസയാണ് തന്റെ പിൻഗാമിയെന്നന പ്രഖ്യാപിച്ചതിന്റെ തെളിവുകളായുള്ള കത്തുകൾ പ്രസ്തുത റെയ്ഡിലൂടെ കണ്ടെത്തിയിരുന്നു. അൽഖ്വയ്ദയുടെ ശത്രുക്കളിൽ ഹംസ എത്തിപ്പെടുന്നത് തടയാൻ ലാദൻ നേരത്തെ തന്നെ കരുനീക്കങ്ങൾ നടത്തിയെന്നും സൂചനയുണ്ട്. ഹംസയെ വസീരിസ്ഥാനിൽ നിന്നും അകറ്റി നിർത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും കാരണം ഇവിടെ അമേരിക്കയുടെ ഡ്രോൺ ആക്രമണം പതിവാണെന്നും ലാദൻ പറഞ്ഞിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. സിറിയൻ പ്രദേശങ്ങൽ ചിലതിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ പുറത്താക്കുന്നതിൽ ഹംസയ്ക്ക് നിർണായക പങ്കുണ്ടെന്നാണ് യുഎസിലെ ടെററിസം അക്കാദമികും വിദഗ്ധനുമായ മാക്‌സ് എബ്രഹാം അഭിപ്രായപ്പെടുന്നത്.ജിഹാദികളെ ആകർഷിക്കാൻ അൽ ഖ്വയ്ദയും ഐസിസും പരസ്പരം മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആ മൽസരം നിർത്തി ഇരുവരെയും ഒന്നിപ്പിച്ചത് ഹംസയാണ്. ആ സംഘടനത്തിന്റെ വിലയാണ് ലോകം ഇന്ന് അനുഭവിക്കുന്നതും.

എന്നാൽ 2019 ജനുവരിൽ ഹംസയെ വധിച്ചുകൊണ്ട് അമേരിക്ക വീണ്ടും കരുത്തുകാട്ടി.
. പാക്ക് അഫ്ഗാൻ മേഖലയിൽ ഭീകരവിരുദ്ധ പോരാട്ടത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. വിവിധ ഭീകരസംഘടനകളെ ഏകോപിപ്പിക്കുന്നതിൽ പ്രധാനിയാണ് ഹംസയെന്നും അയാളുടെ മരണത്തിലൂടെ അൽ ഖായിദയുടെ ഭീകരപ്രവർത്തനങ്ങൾ ദുർബലപ്പെടുമെന്നും ട്രംപ് പറഞ്ഞു. ഹംസയെക്കുറിച്ചു വിവരം നൽകുന്നവർക്കു കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ് 10 ലക്ഷം ഡോളർ (7 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഉസാമ ബിൻ ലാദനെ യുഎസ് 2011ൽ വധിച്ചെങ്കിലും 'ജിഹാദിന്റെ കിരീടാവകാശി' എന്നറിയപ്പെടുന്ന ഹംസയുടെ നേതൃത്വത്തിൽ അൽ ഖായിദ വീണ്ടും കരുത്താർജിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രഖ്യാപനം. ബിൻ ലാദന്റെ 20 മക്കളിൽ 15-ാമത്തെയാളാണ് 30 വയസ്സുണ്ടെന്നു കരുതുന്ന ഹംസ. ലാദന്റെ മൂന്നാം ഭാര്യയിലെ മകനാണ്. ബിൻ ലാദന്റെ മറ്റൊരു മകനായ ഖാലിദും ലാദനൊപ്പം 2011 ൽ കൊല്ലപ്പെട്ടിരുന്നു. മൂന്നാമത്തെ മകനായ സാദ് 2009ൽ കൊല്ലപ്പെട്ടു. 2001 സെപ്റ്റംബറിൽ നടന്ന യുഎസ് ആക്രമണത്തിന്റെ സൂത്രധാരൻ മുഹമ്മദ് അത്തയുടെ മകളെയാണ് ഹംസ വിവാഹം ചെയ്തതായാണ് വിവരം.

ഇപ്പോൾ അൽഖ്വായിദയുടെ നേതൃത്വത്തിലുള്ള അയ്മൻ സവാഹരിയുടെ ഒരു ഡോക്ടറാണ്.
നിരോധിത സംഘടനയായ അൽ ജിഹാദിന്റെ തലവനുമാണ് ഈ ഈജിപ്തുകാരൻ. ഈജിപ്ത് പ്രസിഡണ്ടായിരുന്ന അൻവർ സാദത്തിന്റെ കൊലപാതക്കേസിൽ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.സവാഹിരി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. ചാവേർ ആക്രമണത്തെ ന്യായീകരിച്ച് അറബിയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ ആദ്യത്തേത് ഇദ്ദേഹത്തിന്റേതാണ്.2001 ഒക്ടോബർ 11-ന് അമേരിക്കയുടെ കുറ്റാന്വേഷണ സംഘടനയായ എഫ്.ബി.ഐയുടെ അടിയന്തരമായി പിടികിട്ടേണ്ട 22 തീവ്രവാദികളുടെ പട്ടികയിൽപ്പെട്ട ഒരാൾ ആണ് സവാഹിരി. അമേരിക്കൻ ഗവർണ്മെന്റ് ഇദ്ദേഹത്തിന്റെ തലക്ക് 25 ദശലക്ഷം അമേരിക്കൻ ഡോളർ വിലപറഞ്ഞിട്ടുണ്ട്. ഇപ്പോൾ സവാഹിരിയുടെ നേതൃത്വത്തിലാണ് സംഘടന മുന്നോട്ട് പോകുന്നത്. അതായത് വ്യക്തകളല്ല ഒരു ആശയം തന്നെയാണ് പ്രശ്നം. അവിടെയാണ് കേരളം പേടിക്കേണ്ടതും.

കേരളത്തിലും ജിഹാദി ആശയങ്ങൾക്ക് അടിത്തറയിടരുത്

ലോകമെമ്പാടുമുള്ള ഇസ്ലാമിക തീവ്രാവാദികളുടെ അടിസ്ഥാനം മതം തന്നെയാണ്. മതത്തിന് വേണ്ടി തന്നെയാണ് അവർ ഇതൊക്കെ ചെയ്യുന്നത്. അപ്പോൾ കേരളം പോലുള്ള ഒരു മണ്ണിൽ മത മൗലികാവാദത്തെ തടയിടാനുള്ള മസ്തിഷ്‌ക്ക പ്രവർത്തനങ്ങളും നാം നടത്തേണ്ടതുണ്ട്. എവിടെ തീവ്രാവാദികളെ അറസ്റ്റ് ചെയതാലും അവിടെ സാക്കിർ നായിക്ക് ഉണ്ട് എന്ന ഒരു വാചകം പ്രശസ്തമാണ്. സാക്കിർ നായിക്കിനും അദ്ദേഹത്തിന്റെ അനുയായികൾക്കും ഏറെ വളക്കൂറുള്ള മണ്ണാണ് കേരളം എന്നോർക്കണം. നൂറോളം പേരാണ് ഇവിടെ നിന്ന് ഐഎസിൽ ചേരായി സിറിയയിലേക്ക് പോയത്.

കഴിഞ്ഞ തവണ ആടുമേക്കാൻ പോയി വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു കണ്ണൂർ സ്വദേശി ഡോ ഇജാസ്. സിറിയയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് ഇയാളുടെ ജീവിത രീതി വിചിത്രമായിരുന്നു. സ്വന്തം വീട്ടിൽ നിന്ന് ഇദ്ദേഹം ഭക്ഷണം കഴിക്കാറില്ല. കാരണം മുംബൈയിൽ ഹോട്ടൽ നടത്തുന്ന പിതാവ് അസാന്മാർഗിക രീതിയിലാണ് പണം സമ്പാദിക്കുന്നതെന്നാണ് അയാളുടെ വിശ്വാസം. അത്തരം പണത്തിൽ നിന്നും ഭക്ഷണവും മറ്റും അനുഭവിക്കുന്നത് അനിസ്ലാമികമെന്നാണ് അയാളുടെ അഭിപ്രായം. കുടിവെള്ളംപോലും സ്വന്തം വീട്ടിൽനിന്ന് ഇയാൾ എടുക്കില്ല. ഡോ. ഇജാസിന്റെ വീട്ടിൽനിന്നും ഭാര്യയും സഹോദരനുമടക്കം അഞ്ചു പേരാണ് ഐസിസിലേക്ക് പോയത്

എന്നാൽ പൊലീസിന്റെ റിപ്പോർട്ട് നോക്കുക. രാജ്യദ്രോഹ പ്രവർത്തനങ്ങൾ ഈ മേഖലയിൽ ഏറെക്കാലമായി അരങ്ങേറുന്നുണ്ട്. കള്ളനോട്ട്, കള്ളക്കടത്ത്, പാസ്‌പ്പോർട്ട് തട്ടിപ്പ്, ലഹരിമരുന്ന് കടത്ത്, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ഡോ ഇജാസിന് യാതൊരു മടിയുമില്ല. എന്നാൽ സ്വന്തം പിതാവ് പലിശക്കും മറ്റും കടം എടുത്ത് കച്ചവടം നടത്തുന്നത് അയാൾക്ക് അനിസ്ലാമികമാണ്! ഈ വിചിത്രമായ ബോധമാണ് സത്യത്തിൽ മതബോധം. ഒരു തലമുറയെ മൊത്തം വഴിതെറ്റിക്കുന്ന ലഹരിമരുന്ന് കടത്തുപോലും മതത്തിന്റെ പേരിൽ ആകുമ്പോൾ ഹലാൽ ആകുന്നു!

സാധാരണ കരുതുന്നപോലെ ഈ മതം എന്നത് നിസ്സാരകാര്യമല്ല. അതുകൊണ്ടുതന്നെയാണ് സിറിയയിലും അഫ്ഗാനിലും തോറാബോറ മലനിരകളിലും ഒന്നുമല്ല ഐഎസ് ഉള്ളത്. അത് ഉറങ്ങിക്കിടക്കുന്നത് മനുഷ്യന്റെ മസ്തിഷ്‌ക്കങ്ങളിലാണ്. അതുകൊണ്ടുതന്നെ ഒരു ബാഗ്ദാദിയിൽ അവസാനിക്കുന്നില്ല അതിന്റെ ചരിത്രം. ചാരം മൂടിയ കനൽപോലെ എത് നിമിഷവും ആളിക്കത്താം. ആർക്കും ഒരു അബൂബക്കർ ബാഗ്ദാദിയാവാൻ കഴിയും. അത് തടയിടാൻ മതസൗഹാർദ പ്രസംഗങ്ങൾകൊണ്ട് കഴിയില്ല. ഇത് കണ്ടുകൊണ്ടുള്ള ശക്തമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്നത്. മതത്തെ വിദ്യാഭ്യാസത്തിൽ നിന്ന് മോചിപ്പിപ്പിക്കാനുള്ള ശ്രമമാണ് ഇതിൽ ഏറ്റവും പ്രാധാനം. സ്‌കാൻഡനേവിയൻ രാജ്യങ്ങളൊക്കെ ആ പദ്ധതി ഏതാണ്ട് പുർണ്ണമായെന്നോണം നടപ്പാക്കി കഴിഞ്ഞു.ബാഗ്ദാദി ഇല്ലാതായി എന്നുവെച്ച് ഈ ഒഴുക്കിന് യാതൊരു കുറവും വരില്ല. ഒരു തലവനും പകരം മറ്റൊരു തലവൻ വരും. പക്ഷേ ഈ മതജന്യമായ മസ്തിഷ്‌ക്ക രോഗം ഇല്ലാതാക്കാനുള്ള, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ, അതായത് ശാസ്ത്രബോധവും യുക്തിബോധവും പ്രചരിപ്പിക്കാൻ നാം എത്രപേർ തയ്യാറുണ്ട് എന്നതാണ് ചോദ്യം.

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പരസ്യമായി എഴുതിവെച്ച സിമിയുടെ അവശിഷ്ടങ്ങൾ ഇവിടെയുമുണ്ട്. അതുകൊണ്ടുതന്നെ കേരളവും ജാഗ്രത കാട്ടിയേ പറ്റു. ഏറ്റവും ആശ്വാസം കേരളത്തിലെ വിശ്വാസികളിൽ 99 ശതമാനവും ഈ ഗ്രൂപ്പുകളെ എതിർക്കുന്നു എന്നതാണ്. പക്ഷേ നഞ്ചെന്തിന് നാനാഴി. ആ ഓർമ്മ നമുക്കും എപ്പോഴും വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP