Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മിനിമം ആയിരം കോടിയെങ്കിലുമില്ലാതെ അഴിമതി നടത്താത്ത നേതാവ് എന്ന് ആരോപണം; പത്താം ക്ലാസും ഗുസ്തിയുമായി പഞ്ചസാര രാഷ്ട്രീയത്തിലൂടെ വളർന്നു; ഒരുലക്ഷം കോടി രൂപയുടെ അഴിമതിക്കേസുകളിലെ പ്രതി; ഇളയച്ഛൻ ശരദ് പവാറിനെ പിന്നിൽ നിന്ന് കുത്തിയ 'ചതിയൻ ചന്തു'; മറാത്താ 'ദാദ' അജിത്ത് പവാറിന്റെ കഥ

മിനിമം ആയിരം കോടിയെങ്കിലുമില്ലാതെ അഴിമതി നടത്താത്ത നേതാവ് എന്ന് ആരോപണം; പത്താം ക്ലാസും ഗുസ്തിയുമായി പഞ്ചസാര രാഷ്ട്രീയത്തിലൂടെ വളർന്നു; ഒരുലക്ഷം കോടി രൂപയുടെ അഴിമതിക്കേസുകളിലെ പ്രതി; ഇളയച്ഛൻ ശരദ് പവാറിനെ പിന്നിൽ നിന്ന് കുത്തിയ 'ചതിയൻ ചന്തു'; മറാത്താ 'ദാദ' അജിത്ത് പവാറിന്റെ കഥ

എം റിജു

ന്ത്യൻ രാഷ്ട്രീയത്തിൽ നൂറ്റൊന്ന് ആവർത്തിക്കുന്ന ക്ഷീരബലയാണ് ചതിയൻ ചന്തുവിന്റെ കഥ. വളർച്ചയുടെ പടവുകൾ കയറുമ്പോൾ, ബന്ധുക്കളെ കുത്തുവിളക്കുകൊണ്ട് കുത്തി വീഴ്‌ത്തുന്ന രാഷ്ട്രീയ നാടകം ഇപ്പോൾ മഹാരാഷ്ട്രയിൽ ആവർത്തിക്കയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മറുകരകണ്ട, 83 വയസ്സുതികഞ്ഞ, ശരദ് പവാർ എന്ന രാഷ്ട്രീയ ഭീഷ്മാചാര്യർക്ക് തന്റെ സഹോദരപുത്രൻ അജിത്ത് പവാറിന്റെ പത്തൊമ്പതാമത്തെ അടവിൽ 'തല'പോയിരിക്കയാണ്. എൻസിപി എന്ന സ്വന്തം പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടമായ പവാർ, അക്ഷരാർത്ഥത്തിൽ, പവർ പോയപോലെ ആയിരിക്കയാണ്.

മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകരിച്ചിരിക്കാണ്. പാർട്ടിയുടെ പേരും 'ക്ലോക്ക്' ചിഹ്നവും ഇവർക്കുപയോഗിക്കാമെന്ന് കമ്മിഷൻ അറിയിച്ചു. 6 മാസത്തോളം നീണ്ട ഹിയറിങ്ങിനു ശേഷമാണ് കമ്മിഷന്റെ തീരുമാനം. പാർട്ടിയുടെ ആകെയുള്ള 87 എംഎൽഎമാരിൽ 57 പേർ അജിത് പവാർ പക്ഷത്താണ്. പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ, ഭരണഘടന എന്നിവയും അജിത് പക്ഷത്തെ അംഗീകരിക്കുന്നതാണെന്നു കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് 'എൻസിപി ശരദ് ചന്ദ്ര പവാർ' വിഭാഗം എന്ന പേരാണ് കമ്മിഷൻ നൽകിയത്.

മഹാരാഷ്ട്ര വികാസ് അഘാടി (എംവിഎ) സഖ്യത്തിന് കനത്ത തിരിച്ചടിയായി കഴിഞ്ഞ വർഷം ജൂലൈയിലാണ് എൻസിപി പിളർത്തി അജിത് പവാർ, എക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന-ബിജെപി സർക്കാരിൽ ചേർന്നത്. ഇതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ ചുമതലയേറ്റു. ഇതോടെ മോദിക്കെതിരേ ദേശീയ തലത്തിൽ ഉയർന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയെ തകർക്കുന്നതിലേക്കുള്ള ഒരു വഴികൂടി വെട്ടാൻ ബിജെപിക്കായി.

മഹാരാഷ്ട്രയിൽ എൻ.സി.പിയേയും ബിഹാറിൽ ജെ.ഡി.യുവിനേയും തകർക്കുകയെന്നയിരുന്നു സംഘപരിവാർ തന്ത്രം. ബിഹാറിൽ നിതീഷിനെ മറുകണ്ടം ചാടിച്ച് ജെ.ഡി.യുവിനെ പിളർത്തിയതോടെ ബിഹാർ ദൗത്യവും പൂർത്തിയായി. പ്രതിപക്ഷ ഐക്യത്തിന് വിത്ത് പാകിയ നേതാവെന്ന നിലയിൽ നിതീഷ് കുമാറിനെ മറുകണ്ടം ചാടിച്ചത് അത് പ്രതിപക്ഷ കൂട്ടായ്മയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ തിരിച്ചടികൂടിയുമായി. എൻസിപിയെ തകർക്കാനുള്ള ശ്രമം മഹാരാഷ്ട്രയിൽ നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും പവാറിന്റെ രാഷ്ട്രീയ തന്ത്രത്തിൽ പലതും പാളിപ്പോയി. എന്നാൽ, ശരദ് പവാറിനെ രാഷ്ട്രീയ ഗുരുവായി കാണുന്ന പ്രഫുൽ പട്ടേലിനെയടക്കം അജിത് പവാറിനൊപ്പം പുറത്തുചാടിച്ച് എൻ.സി.പി. നേതൃത്വത്തിനെതിരേ വിപ്ലവക്കൊടി ഉയർത്തിയത് ലക്ഷ്യ പൂർത്തീകരണത്തിന്റെ ആദ്യവിജയമായി. മഹാരാഷ്ട്രയിൽ എൻ.സി.പിയെ പിളർത്തിയതോടെ കോൺഗ്രസ്, ഉദ്ദവ്, എൻ.സി.പി. സഖ്യം ദുർബലമായി. ശരദ് പവാറിന് പാർട്ടിയും ചിഹ്നവും നഷ്ടപ്പെട്ടതോടെ മഹാരാഷ്ട്ര ദൗത്യം എൻ.ഡി.എ പൂർത്തിയാക്കുകയും ചെയ്തു.

സ്വന്തം അമ്മാവനെ പിന്നിൽനിന്ന് കുത്തി ഈ മറാത്ത ദൗത്യത്തിന് കാർമ്മികത്വം വഹിച്ച അജിത്ത് പവാറാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളിലെ ചർച്ച്. സാധാരണമായ ഒരു രാഷ്ട്രീയ വളർച്ചയുടെ കഥയാണ് അജിത്തിന്റെത്.

പഞ്ചസാര രാഷ്ട്രീയത്തിലൂടെ വളർന്ന ദാദ

മറാത്ത രാഷ്ട്രീയത്തെ പൊതുവെ ഷുഗർ പൊളിറ്റിക്സ് എന്നാണ് പറയുക. കാരണം ഇവിടെ ആരാണ് ഭരിക്കുക എന്ന് തീരുമാനിക്കുക, പഞ്ചസാര മിൽ ഉടമകളാണ്. ഇവിടെ കടവിറങ്ങി, അടിക്കേണ്ടവരെ അടിച്ചും ഒതുക്കേണ്ടവരെ ഒതുക്കിയും, തീർക്കേണ്ടവരെ തീർത്തുമാണ് അജിത്ത് പവാർ വളർന്നത്. താൻപോരിമയും, കൂസലില്ലായ്മയും മുഖമുദ്രയാണ്. അതുകൊണ്ടുതന്നെതാണ് മറാത്തയിലെ ദാദ എന്ന പേരും ഇദ്ദേഹത്തിന് കിട്ടി.

ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെ മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബരാമതിയിൽ 1959 ജൂലൈ 22നാണ് ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷൻ സൊസൈറ്റി ഹൈസ്‌കൂളിൽ നിന്ന് നേടിയ എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത. തുടർപഠനത്തിനായി കോളേജിൽ പോയെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. ചുരുക്കിപ്പറഞ്ഞാൽ പത്താംക്ലാസും ഗുസ്തിയുമാണ് കക്ഷിയുടെ മുലധനം!

പ്രശസ്ത ചലച്ചിത്രകാരൻ വി. ശാന്താറാമിനൊപ്പം പ്രവർത്തിച്ചിട്ടുള്ള ആളാണ് അജിത്തിന്റെ പിതാവ് അനന്ത്റാവു. അച്ഛനെ പോലെ സിനിമാക്കാരൻ ആവാനായിരുന്നില്ല അജിത്ത് താൽപ്പര്യം. ഇളയച്ഛന്റെ വഴിയേ രാഷ്ട്രീയത്തിലെത്തി. വിശ്വസ്തനാവുകയും ചെയ്തു. 1982-ൽ പൂനൈ ജില്ലയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോർഡ് അംഗമായാണ് പൊതുരംഗ പ്രവേശനം. 1991 മുതൽ 2007 വരെ പൂനൈ ജില്ല സഹകരണ ബാങ്ക് ചെയർമാനായിരുന്നു. 1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്ന് പാർലമെന്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്സഭാംഗത്വം രാജിവച്ചു.

1967 മുതൽ ശരദ് പവാർ തുടർച്ചയായി 6 വട്ടം വിജയിച്ച ബാരാമതി നിയമസഭാ മണ്ഡലം സഹോദരപുത്രൻ അജിത്തിനു കൈമാറിയത് 1991 ലായിരുന്നു. പിന്നീട് തുടർച്ചയായി ജയിച്ചത് 7 വട്ടം. പ്രശ്നങ്ങൾ കത്തി കയറയുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെയാണ്. 1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് വകുപ്പിന്റെ മന്ത്രിയായി. 2010-ലെ അശോക് ചവാൻ മന്ത്രിസഭയിൽ ആദ്യമായി ഉപ-മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പ്രിഥിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ മന്ത്രിസഭകളിൽ വീണ്ടും ഉപ-മുഖ്യമന്ത്രിയായി.

അന്നൊക്കെ ശരദ് പവാദിന്റെ മനസാക്ഷിസൂക്ഷിപ്പുകാരനും, വലംകൈയുമായാണ് അജിത്ത് അറിയപ്പെട്ടിരുന്നത്. അമ്മാവാൻ തല്ലാൻ പറഞ്ഞാൽ മരുമകൻ കൊല്ലും. കൈയൂക്കിന്റെയും ഗുണ്ടാ സംഘത്തിന്റെയും ബലത്തിലാണ് അജിത്ത് വളർന്നത്. പക്ഷേ ഒരുഘട്ടം കഴിയുമ്പോൾ, അയാൾ തനിക്കെതിരെ തിരിയുമെന്ന് ശരദ്പവാർ കരുതിയില്ല.

പ്രശ്നം മക്കൾ രാഷ്ട്രീയം തന്നെ

മഹാഭാരതയുദ്ധം തൊട്ട് ഇന്ത്യയുടെ ഒരു പ്രശ്നം തന്നെയാണ് മക്കൾ രാഷ്ട്രീയം. അജിത്തിന് പവാർ പിതാവിനേക്കാൾ വലുതായിരുന്നു. പക്ഷേ ശരദ് പവാർ സ്വന്തം മകളെ തനിക്ക് പകരം പ്രതിഷ്ഠിക്കുമെന്ന് തോന്നിയതോടെയാണ് അയാൾ ഗോഡ്ഫാദർക്കെതിരെ തിരിഞ്ഞത്. 2004 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെക്കാൾ 2 സീറ്റ് കൂടുതൽ നേടിയെങ്കിലും കോൺഗ്രസിനു മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകാൻ പവാർ തയാറായി. 2 ഉപമുഖ്യമന്ത്രിമാർ എൻസിപിക്ക് എന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഒന്ന് മതി എന്നുപറഞ്ഞു. ആർ.ആർ. പാട്ടീലിനെ ഉപമുഖ്യമന്ത്രിയാക്കി. അതിന് ശേഷം മകൾ സുപ്രിയ സുളെയെ പാർട്ടിയിലേക്ക് കൊണ്ടുവന്നു ശരദ് പവാർ അജിത്തിനു വ്യക്തമായ സന്ദേശം നൽകി. രാജ്യസഭയിലേക്ക് മകളെ ജയിപ്പിച്ചെടുത്തു. ശിവസേന സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ബാൽ താക്കറെ നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. സുപ്രിയ ദേശീയ രാഷ്ട്രീയത്തിലും അജിത് സംസ്ഥാന രാഷ്ട്രീയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും വിധമായിരുന്നു പവാറിന്റെ സമവാക്യം. എന്നാൽ പതിയെ സുപ്രിയ സംസ്ഥാന രാഷ്ട്രീയത്തിലും തിരിഞ്ഞു. ഇതോടെ പ്രശ്നങ്ങൾ തുടങ്ങി.

മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിതിയിൽ ശരത് പവാറിനും അജിത്തിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് (ഇഡി) കേസെടുത്തതിനു പിന്നാലെ അജിത് എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. ശരദ് പവാറിനെതിരെ കേസെടുത്തതിൽ മനംനൊന്താണു രാജിയെന്നു പ്രഖ്യാപിച്ച അജിത് രാഷ്ട്രീയം വിടുമെന്നും സൂചന നൽകി. ശരദ് പവാറുമായുള്ള ഭിന്നതയെത്തുടർന്നാണു രാജിയെന്നു വ്യാഖ്യാനിക്കപ്പെട്ടെങ്കിലും വീണ്ടും ബാരാമതിയിൽ മൽസരിച്ചു. അന്ന് മുതൽ തന്നെ ഭിന്നത തുടങ്ങിയിരുന്നു. രാഷ്ട്രീയത്തിലെ വളർത്തച്ഛനായ ശരദ്് പവാറിനെ പിന്നിൽ നിന്ന് കുത്തി മുമ്പോട്ട് പോകുന്നു. കേസിന്റെ കാലത്ത് വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ അജിത്, തന്റെ സാന്നിധ്യം ശരദ് പവാറിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുമോ എന്നു വരെ ചോദിച്ച് പൊട്ടിക്കരഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ താനും സുപ്രിയയും മൽസരിക്കുമെന്നു ശരദ് പവാർ പറഞ്ഞെങ്കിലും തന്റെ മകൻ പാർഥിനെയും രംഗത്തിറക്കണമെന്ന് അജിത് വാശിപിടിച്ചു. കുടുംബത്തിൽ നിന്നു രണ്ടു സ്ഥാനാർത്ഥികൾ മാത്രമെന്ന വാക്കു പാലിക്കാൻ ശരദ്് പവാർ പിന്മാറി. മാവലിൽ പാർഥ് രണ്ടു ലക്ഷത്തിലേറെ വോട്ടിനു തോറ്റു. ഇതിന് കാരണം പവാറിന്റെ മനസ്സില്ലാ മനസ്സോടെയുള്ള പ്രചാരണമാണെന്ന് അജിത് കുറ്റപ്പെടുത്തി. പിന്നെ ഇളയച്ഛനിൽ നിന്ന് മാറി നടന്നു.

അവസരവാദം, കാലുമാറ്റം

2019ൽ അജിത്ത് പവാർ ബിജെപിയിൽ പോയത് ആരും മറന്നിട്ടുണ്ടാവില്ല. 2019 നവംബർ 23 ന്, പാർട്ടിയുടെ സമ്മതമില്ലാതെ ബിജെപിക്കൊപ്പം മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി അജിത്ത് പവാർ സത്യപ്രതിജ്ഞ ചെയ്തു. എൻസിപി എംഎൽഎമാരുടെ ഒപ്പുകളുള്ള പേപ്പർ അദ്ദേഹം സംസ്ഥാന ഗവർണർക്ക് സമർപ്പിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ഏറ്റവും കുറഞ്ഞ കാലയളവ് കൊണ്ട് ഉപമുഖ്യമന്ത്രിയായി അദ്ദേഹം 80 മണിക്കൂറിൽ താഴെ മാത്രമേ ആ പദവിയിൽ ഉണ്ടായിരുന്നുള്ളൂ. 2019 ഡിസംബർ 16 ന് എല്ലാം മാറിമറിഞ്ഞു. എൻസിപിയിലേക്ക് മടങ്ങിയ അജിത്ത് പവാർ ശിവസേന-കോൺഗ്രസ്- എൻസിപി സഖ്യമായ മഹാ വികാസ് അഘാഡിയുടെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു.

അന്ന് ശരദ് പവാറും, മകൾ സുപ്രിയ സുലൈയും നടത്തിയ ചാണക്യ തന്ത്രങ്ങളാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. സഹോദരന്മാരുടെ മക്കളായ അജിത്തും സുപ്രിയയും തമ്മിലുള്ള അധികാര വടംവലിയാണ് എൻസിപിയിലെ പ്രശ്‌നങ്ങൾക്കു കാരണമെന്ന വാദത്തിന് നിറംപകരുന്നതായിരുന്നു 2019ലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങൾ. അജിത് ബിജെപിയോടൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ ഞെട്ടൽ രേഖപ്പെടുത്തിയ സുപ്രിയ ഇത് വാട്‌സാപ് സ്റ്റേറ്റസുകളിലൂടെ വ്യക്തമാക്കിയിരുന്നു.

പിന്നീട് ബിജെപി പിന്തുണയോടെ പാർട്ടിയെ പിളർത്താനായിരുന്നു അജിത്തിന്റെ നീക്കം. അത് പവാർ മണത്തറിഞ്ഞു. അതിനിടെ പവാർ മോദിയുമായി കൂടിക്കാഴ്ച നടത്തി. പക്ഷേ അജിത്തിനെ ഉപയോഗിച്ച് പാർട്ടി പിളർത്തരുതെന്ന് അറിയിക്കാനായിരുന്നെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. പിളർന്നു എന്നു കരുതിയിടത്തു നിന്നും പവർ ഹിറ്ററായ പിതാവിനൊപ്പം നിന്നും എൻസിപിയെ ഒറ്റക്കെട്ടാക്കി നിർത്തിയത സുപ്രിയ സുലൈയാണ്. അജിത് പവാർ ക്യാമ്പിൽ നിന്നും ഓരോ എംഎൽഎമാരെയും തഞ്ചത്തിലാക്കി സ്വന്തം പാളയത്തിൽ സുപ്രിയ എത്തിച്ചു.

അതോടെ പാർട്ടിയെ നാണം കെടുത്തി മറുകണ്ടം ചാടിയ ശേഷം അജിത് പവാറും മനസ്സുമാറി. അദ്ദേഹം ബിജെപി സഖ്യം വിട്ട് എൻസിപിയിലേക്ക് മടങ്ങി. അജിത്തിനെ സുപ്രിയെൈ സുല ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. എത്രയോ രാഷ്ട്രീയ പ്രതിസന്ധികൾ നേരിട്ട പവാർ കുടുംബത്തിന്റെ കെട്ടുറപ്പിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇതോടെ താൽക്കാലിക വിരാമമായി ദാദാ.. എന്നു വിളിച്ചു കൊണ്ടാണ് അജിത്തിനെ സുപ്രിയ സ്വീകരിച്ചത്.

പാർട്ടിയിലെ പ്രമുഖർ മാത്രമല്ല, ശരദ് പവാറിന്റെ ഭാര്യ പ്രതിഭ വരെ അജിത്തിന്റെ തിരിച്ചുവരവിനായി ശ്രമിച്ചു. അജിത്തിന്റെ സഹോദരൻ ശ്രീനിവാസയെയും ശരദ് പവാർ ദൗത്യത്തിനായി നിയോഗിച്ചു. കുടുംബത്തിന്റെ വികാര നിർഭരമായ ഇടപെടൽ അദ്ദേഹത്തിന്റെ മടങ്ങിവരവ് ഉറപ്പിച്ചു. രാഷ്ട്രീയത്തിൽ മാത്രമല്ല, കൃഷി മുതൽ ദിനപത്രം വരെ നീളുന്ന പവാർ കുടുംബത്തിന്റെ വൻ പ്രവർത്തന മേഖലയ്ക്കു നിർണായകമാണു കുടുംബത്തിന്റെ കെട്ടുറപ്പ്. അജിത് തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്നെന്നും പവാർ കുടുംബം ഒറ്റക്കെട്ടാണെന്നുമാണു ശരദ് പവാറിന്റെ സഹോദരന്റെ പേരക്കുട്ടി കൂടിയായ രോഹിത് പവാർ എംഎൽഎയുടെ പ്രതികരണം.

ഏവരും ആദ്യം പ്രതീക്ഷിച്ചത് അജിത്തിനെ, ശരദ് പവാർ പുറത്താക്കുമെന്നായിരുന്നു. അതുണ്ടായില്ല. മറിച്ചു ദുർബലനാക്കി എംഎൽഎമാരെ തനിക്കൊപ്പം നിർത്താനാണ് പവാർ തയ്യാറായത്. ഒടുവിൽ കൂറുമാറ്റത്തിന്റെ കുടുക്കിൽ പെടുമെന്നു കണ്ടാണു രാജിവച്ച് അജിത്ത് തടി രക്ഷിച്ചത്. ഒപ്പമുള്ളയാൾ പെട്ടെന്നു ശത്രുപാളയത്തിൽ എത്തിയാൽ പകരംവീട്ടുന്ന രാഷ്ട്രീയ പിതാമഹന്മാരെ ഏറെ ഇന്ത്യ കണ്ടിട്ടുണ്ട്. പക്ഷേ അവിടെയും പവാർ വ്യത്യസ്തനായി. പുറത്തുകളയാതെ ക്ഷീണിതാസ്ഥയിൽ ദുർബലനാക്കി തിരിച്ചെടുക്കാനുള്ള വഴിയാണ് പവാർ തേടിയത്. അതാണു വിജയിച്ചതും. 2023 സെപ്റ്റമ്പറിലും മെയിൽ അജിത്ത് പാർട്ടിവിട്ടുപോവുമെന്ന് വന്നതോടെ പവാർ മറ്റൊരു അടവ് എടുത്തു. എൻസിപി അധ്യക്ഷസ്ഥാനം രാജിവെച്ചുകൊണ്ടാണ് പവാർ ഏവരെയും ഞെട്ടിച്ചത്. തന്റെ ആത്മകഥയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുന്ന വൈ.ബി. ചവാൻ സെന്ററിലെ ചടങ്ങിലാണ് ശരദ് പവാർ രാജി പ്രഖ്യാപിച്ചത്. അതോടെ പാർട്ടിയിൽ കൂട്ടപ്പൊരിച്ചിലായി. 'അയ്യോ അച്ഛാ പോവല്ലേ' എന്ന നിലവിളിയായി.

രാജി എന്ന ഒറ്റയേറിന് ശരദ് പവാർ വീഴ്‌ത്തിയത് ഒട്ടേറെപ്പേരെയാണ്. എൻസിപിയെ ഇല്ലാതാക്കി, അജിത്പവാറും കൂട്ടരും ബിജെപി യുടെ ഭാഗത്തേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഇല്ലാതായി. പക്ഷേ അജിത്ത് അടങ്ങിയിരുന്നില്ല. മാസങ്ങൾക്ക് ശേഷം പാർട്ടി പിളർത്തി. ബിജെപിയുടെ സഹായത്തോടെ കോടികൾ എറിഞ്ഞ് എംഎൽഎമാരെ വാങ്ങി. ഇപ്പോൾ ചിഹ്നം പോലും കൊടുക്കാതെ അമ്മാവനെ പൂട്ടി. പാർട്ടിക്കുള്ളിൽ രൂപപ്പെടുന്ന ഏത് അധികാരകേന്ദ്രത്തെയും അരിഞ്ഞുവീഴ്‌ത്തിയിട്ടുണ്ട് പവാർ. താൻ വിചാരിക്കുന്നതിലപ്പുറം സഞ്ചരിക്കാൻ എൻസിപിയിലെ ഒരു നേതാവിനെയും ശരദ് പവാർ ഒരിക്കലും അനുവദിച്ചിട്ടില്ല. പക്ഷേ അജിത്തിന്റെ പിന്നിൽ നിന്നുള്ള കുത്തിൽ അയാൾ വണുപോയി.

ഒരുലക്ഷം കോടിയുടെ അഴിമതി

നമ്മുടെ നാട്ടിലെപോലെ ചീള് അഴിമതിയൊന്നും അജിത്ത് പവാർ ചെയ്യാറില്ലെന്നാണ് ആരോപണം. ശരദ് പവാറിനെതിരേയും അങ്ങനെ ഒരു ആരോപണമുണ്ട്. എന്നാൽ ഒന്നും തെളിയിക്കപ്പെട്ടത് അല്ല. അവർക്ക് ഒരു മിനിമം ആയിരം കോടിയുണ്ടെങ്കിലേ അവർ ഇടപെടൂ എന്നാണ് കളിയാക്കൽ. മൊത്തം 95,000 കോടി രൂപയുടെ അഴിമതിക്കേസുകളാണ് അജിത് പവാറിനെതിരെ ഉണ്ടായിരുന്നത്. ഇതിൽ 70,000 കോടി രൂപയുടെ അഴിമതി ആരോപണം, എൻസിപി മന്ത്രിമാർക്കെതിരെ ദേവേന്ദ്ര ഫഡ്നാവിസ് ഉയർത്തിക്കൊണ്ടുവന്നതാണ്. 25,000 കോടി രൂപയുടെ മഹാരാഷ്ട്ര സഹകരണ ബാങ്ക് കുംഭകോണമാണ് അജിത്തിനെതിരെയുള്ള മറ്റൊരു പ്രധാന കേസ്. ഇതെല്ലാം പേടിച്ചാണ് അജിത്ത് ബിജെപി പാളയത്തിലേക്ക് പോയതെന്നും പ്രചാരണമുണ്ട്. പൊതുമരാമത്ത് അഴിമതി, സാമൂഹിക സുരക്ഷ മിഷനിലെ വെട്ടിപ്പ് തുടങ്ങി അസംഖ്യം അഴിമതിക്കഥകൾ വേറയുമുണ്ട്.

മഹാരാഷ്ട്രയിലെ ബാരാമതിയിലെ ഒരു സാധാരണ കുടുംബത്തിൽ, ജനിച്ച ശരദ് പവാർ ഇന്ന് ശതകോടീശ്വരനാണ്. 1978-ൽ, 38-ാമത്തെ വയസ്സിൽ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയുമായി മാറി. പിന്നീട് 1988-ലും 1990, 1993-ലും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദം അലങ്കരിച്ചു. പക്ഷേ ഒരു മുഖ്യമന്ത്രിസ്ഥാനവും അഞ്ച് വർഷം മുഴുവൻ നീണ്ടുനിന്നില്ല. ഈ സമയത്ത് പവാർ ചെയ്ത മറ്റൊരുകാര്യം തന്റെ കുടുംബ ബിസിനസ് വർധിപ്പിക്കുക എന്നത് കൂടിയായിരുന്നു. എന്ത് കാര്യം സാധിക്കാനും പവാർ കുടുംബത്തിന് കമ്മീഷൻ കൊടുക്കണമെന്നതും പരസ്യമായ രഹസ്യമായിരുന്നു. ഉപ്പ് തൊട്ട കർപ്പൂരംവരെ നീളുന്നതാണ് ആ കുടുംബ ബിസിനസ്. എന്നാൽ ബിജെപി വെറുതെയിരുന്നില്ല. അവർ ഇ ഡിയെ വെച്ച് പഴയ അഴിമതികൾ കുത്തിപ്പൊക്കി. 2001നും 2011നും ഇടയിൽ മഹാരാഷ്ട്രാ സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ, 25000 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ശരത്പവാർ, അജിത്ത് പവാർ, എന്നവർക്ക് പുറമെ 70 ഉദ്യോഗസ്ഥർക്കെ് എതിരെ 2019ൽ ഇ ഡി കേസ് എടുത്തു. അതിന്റെ നടപടികൾ ഇപ്പോഴും തുടരുകയാണ്.

ആ സമയത്ത് അജിത്പവാറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 11,000 കോടി മാത്രം നിക്ഷേപുമുള്ള ബാങ്ക് എങ്ങനെ 25,000 കോടിയുടെ അഴിമതി നടത്തും. എം എസ് സി ബാങ്ക് അപ്പെക്സ് ബാങ്കാണെന്നും, പഞ്ചസാര മില്ലുകൾ സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ ചിലപ്പോൾ ചട്ടങ്ങൾ മറികടന്ന് സഹായിച്ചിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ശരദ് പവാർ ഒരിക്കലും ബാങ്ക് ഡയറക്ടർ ആയിരുന്നില്ല. എന്റെ ബന്ധുവായതുകൊണ്ട് മാത്രമാണ്, അദ്ദേഹത്തിന്റെ പേര് വലിച്ചിഴച്ചത്. താൻ കാരണമാണ് അദ്ദേഹത്തെ അപകീർത്തിപ്പെടുത്തിയതെന്ന് പറഞ്ഞപ്പോൾ വികാര ധീനനായി പവാർ വിതുമ്പി. 2010ൽ നടത്തേണ്ട അന്വേഷണം എന്തുകൊണ്ടാണ് 2019ൽ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണം വെളുപ്പിച്ചതിനും ഇ ഡി കേസെടുത്തിരുന്നു. എന്നാൽ പവാറാവട്ടെ വീണത് വിദ്യയാക്കി. തന്നെ കേന്ദ്ര സർക്കാർ പീഡിപ്പിക്കുന്ന എന്ന ഇരവാദമിറക്കി. ഇ ഡി ഓഫീസിലേക്ക് നേരിട്ട് എത്താം എന്ന വൈകാരിക പ്രസ്താവനകൾ ഇറക്കി ജനത്തെ ഇളക്കി.

പക്ഷേ മറാത്താ രാഷ്ട്രീയം പഠിക്കുന്നവർക്ക് വളരെ വ്യക്തമാണ് പവാർ കുടുംബം നടത്തിയ അഴിമതികൾ. ബാങ്കുകളിലെ പണം എടുത്ത് പഞ്ചസാര മുതലാളിമാർക്ക് മറിച്ച് കൊടുക്കയൊക്കെ അവിടുത്തെ സ്ഥിരം കലാപരിപാടിയാണ്.

താക്കറെയും പവാറും വികാരം

അജിത്തിന് പിന്നിൽനിന്ന് കോടികൾ മുടക്കിയത് ബിജെപിയാണെന്ന് പകൽപോലെ വ്യക്തമാണ്. പക്ഷേ ഇതുകൊണ്ട് പ്രതീക്ഷിക്കുന്ന നേട്ടം ബിജെപിക്ക് കിട്ടുമോ എന്ന് ഹിന്ദുസ്ഥാൻ ടൈംസ് അടക്കമുള്ള പത്രങ്ങൾ ചോദിക്കുന്നുണ്ട്. കാണം മറാത്തയുടെ വികാരമാണ് താക്കറെയും പവാറും. താക്കറെയുടെ മകനെ തകർത്ത് പാർട്ടിപിളർത്തിയും, പവാറിനെ സഹോദര പുത്രനെ വെച്ച് വെട്ടിയതും, വോട്ടർമാരിൽ എന്ത് സ്വാധീനമാണ് ഉണ്ടാക്കുക എന്ന് കണ്ടറിയേണ്ടതുണ്ട്. പാർട്ടി അണികൾക്കിടയിൽ പവാറിന് വേണ്ടി വലിയ സഹതാപ തരംഗമാണ് ഉണ്ടാവുന്നത്. കേരളത്തിലെ എൻസിപിയും ശരദ് പവാറിന് പിന്നിൽ ഉറച്ചു നിൽക്കയാണ്. അടുത്തകാലത്ത് നടന്ന സർവേകളിലും മഹാരാഷ്ട്രയിൽ ബിജെപിക്ക് വിജയം കാണുന്നില്ല.

ചിഹ്നം പോയപ്പോൾ വികാരപരമായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. -''
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ജനം അംഗീകരിക്കില്ലെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഞങ്ങൾ ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഞങ്ങളുടെ ചിഹ്നം തട്ടിപ്പറിക്കുക മാത്രമല്ല ചെയ്തത്, പാർട്ടിയെ മറ്റുള്ളവർക്ക് കൈമാറുകയും ചെയ്തിരിക്കുന്നു. ഈ പാർട്ടിയെ അവരുടെ സ്ഥാപകരിൽനിന്നും അതിനെ വളർത്തിയവരിൽനിന്നും തട്ടിപ്പറിച്ച് മറ്റൊരാൾക്ക് കൊണ്ടു കൊടുക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ ഒന്ന് ഈ രാജ്യത്ത് മുൻപ് നടന്നിട്ടില്ല.''- ശരദ് പവാർ പറഞ്ഞു.

ശരദ് പവാർ എന്ന രാഷ്ട്രീയ ചാണക്യന് വേണ്ടി സമൂഹ മാധ്യമങ്ങളിലും പോസ്റ്റുകൾ നിറയുകയാണ്. -'' ച്രിഹ്നം നിങ്ങളുടേതാവും പക്ഷെ സ്ഥാപകൻ ഞങ്ങളുടേതാണ്. ചിഹ്നവും പേരുമല്ല അദ്ദേഹത്തെ നേതാവാക്കിയത്. പകരം മറാത്തികളുടെ പിന്തുണയും സ്‌നേഹവുമാണ്. എത്ര പിന്നിൽ നിന്ന് കുത്തിയാലും ശരദ് പവാർ എന്ന നേതാവ് ഞങ്ങൾക്ക് മുന്നിൽ ജ്വലിച്ച് നിൽക്കും.''- ഇങ്ങനെയാണ് സോഷ്യൽ മീഡിയ പ്രചാരണം.
മഹാരാഷ്ട്രയിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 28 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശരദ് പവാർ പക്ഷത്തിന്റെ എൻ.സി.പി പുതിയ പേരിലും ചിഹ്നത്തിലുമാണ് മത്സരിക്കുകയെങ്കിലും 1956 ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഈ 83 വയസ്സുകാരൻ 68 വർഷത്തിനിപ്പുറം തന്റെ രാഷ്ട്രീയ ഗോദയിൽ അനന്തരവനോട് തോറ്റ് ചെങ്കോലും കിരീടവും നഷ്ടമായ അവസ്ഥയിലാണ്.

പക്ഷേ ഇപ്പോഴത്തെ നടപടി അജിത്തിനെ പുർണ്ണമായും വില്ലനാക്കിയിരിക്കയാണ്. അതിനാൽ തന്നെ തിരിഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് എത്രമാത്രം മുന്നേറാൻ കഴിയും എന്നതും സംശയമാണ്. പക്ഷേ ഒരുകാര്യപ്പം ഉറപ്പാണ്, പവാറിനെ എഴുതിത്ത്തള്ളാൻ കഴിയില്ല. പല്ലുകൊഴിഞ്ഞലും പുലി പൂച്ചയാവില്ല. ഇനി പവാറിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് എവരും ഉറ്റുനോക്കുന്നത്. മറാത്താ നാടകങ്ങൾ അവസാനിക്കുന്നില്ല എന്ന് ചരുക്കം.

വാൽക്കഷ്ണം: ധാർഷ്ട്യം നിറഞ്ഞ മറുപടികളിലൂടെ എന്നും വിവാദ നായകനാണ് അജിത്ത്. വരൾച്ച നേരിടാൻ അണക്കെട്ടുകൾ മൂത്രമൊഴിച്ച് നിറയ്ക്കാനാകുമോയെന്നു അജിത് ചോദിച്ചത് 2013 ൽ വലിയ ചർച്ചയായിരുന്നു. സോലാപ്പുരിലെ കർഷകർ വരൾച്ചയിൽ പൊറുതിമുട്ടി മുംബൈ ആസാദ് മൈതാനത്ത് സമരം നടത്തുന്നതിനിടെയായിരുന്നു ചോദ്യം. ഒടുവിൽ നിയമസഭയിൽ മാപ്പുപറഞ്ഞു. 2005 ൽ ഉപമുഖ്യമന്ത്രി ആർ ആർ പാട്ടീലിനു ഗുഡ്ക ഉപയോഗം നിർത്താൻ പ്രേരണയായത് അജിത് പവാറിന്റെ പരിഹാസവും വിമർശനവുമാണ്. പാട്ടീലുമൊത്ത് വിദേശത്തു പോകാൻ തനിക്കു പേടിയാണെന്നും ഗുഡ്ക ഉപയോഗിക്കുന്നതിനാൽ അദ്ദേഹം അവിടെ അറസ്റ്റിലാകുമെന്നും അജിത് തട്ടിവിട്ടു. സത്യപ്രതിജ്ഞാ ദിവസം ഗുഡ്ക ഉപയോഗിക്കാനാവാതിരുന്നതിനാൽ പാട്ടീലിന്റെ കൈവിറച്ചിരുന്നെന്നും പറഞ്ഞു. 25 വർഷമായുള്ള ശീലം മാറ്റാൻ ഇതോടെ പാട്ടീൽ തീരുമാനിച്ചു. അങ്ങനെ അജിത്ത് പവാറിനെ കുറിച്ചുള്ള കഥകൾ ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP