Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202206Tuesday

ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയ ലോക ചരിത്രത്തിലെ അപൂർവ കേസ്; എല്ലാം ശരിയായി എന്നു കരുതിയ ദിലീപിന് ഇടിത്തീയായി ബാലചന്ദ്രകുമാറിന്റെ ഓഡിയോകൾ; ഇത് ജനപ്രിയനായകനോ അതോ അധോലോക നായകനോ! നടിയെ ആക്രമിച്ച കേസ് ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുമ്പോൾ

ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയ ലോക ചരിത്രത്തിലെ അപൂർവ കേസ്; എല്ലാം ശരിയായി എന്നു കരുതിയ ദിലീപിന് ഇടിത്തീയായി ബാലചന്ദ്രകുമാറിന്റെ ഓഡിയോകൾ; ഇത് ജനപ്രിയനായകനോ അതോ അധോലോക നായകനോ! നടിയെ ആക്രമിച്ച കേസ് ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുമ്പോൾ

എം റിജു

ല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുനിന്ന് അതി ഭീകരമായ ട്വിസ്റ്റോടുകൂടി പുതിയൊരു കഥ തുടങ്ങുക. അഗതാ ക്രിസ്റ്റി തൊട്ട് നമ്മുടെ ഉദയകൃഷ്ണവരെ പരീക്ഷിച്ച ആ സിനിമാറ്റിക്ക് ട്വിസ്റ്റ്, കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിൽ വീണ്ടും സംഭവിക്കയാണ്. 2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആദ്യത്തെ മൂന്നുമാസം നമ്മുടെ ജനപ്രിയ നായകൻ ദിലീപ് നേരിട്ട് ചിത്രത്തിൽ ഉണ്ടായിരുന്നില്ല. ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യവുമായി കൊച്ചിയിൽ ചേർന്ന പൊതുയോഗത്തിൽ വികാര നിർഭരമായ പ്രസംഗമാണ്, ട്രോളന്മാരുടെ പ്രിയപ്പെട്ട 'പേട്ടൻ' കാഴ്ചവെച്ചത്. കേസിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയൻ പോലും പറഞ്ഞ കാലം. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യർ മാത്രമാണ് സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് തുടക്കം മുതൽ പറഞ്ഞുകൊണ്ടിരുന്നത്.

അങ്ങനെ കേസിലെ പ്രതികളായി പൾസർ സുനിയും കൂട്ടരും ജയിലിൽ ആകവെ ആണ് മനോരമ ഓൺലൈനിന് ദിലീപ് ഒരു അസാധാരണ അഭിമുഖം കൊടുക്കുന്നത്. തനിക്കെതിരെ ശക്തമായ നിലപാട് എടുത്ത വേണു ബാലകൃഷ്ൻ അടക്കമുള്ള മാധ്യമ പ്രവർത്തകരെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു, കേസിൽ ഗൂഢാലോചന സംശയിച്ച മാധ്യമങ്ങളെ പരിഹസിച്ചുമുള്ള, പെയ്ഡ് ന്യൂസ് എന്ന് വിളിക്കാവുന്ന രീതിയിലുള്ള ഒരു അഭിമുഖം. പക്ഷേ ദിവസങ്ങൾക്കുള്ളിൽ കളിമാറി. പൾസർ സുനി ജയിലിൽനിന്ന് സഹതടവുകാരോട് പറഞ്ഞ കാര്യങ്ങളും, കോളുകളുമെല്ലാം വാർത്തയായി. എല്ലാം അവസാനിച്ചു എന്ന് തോന്നിയ ഇടത്തുനിന്ന് 'ദിലീപേട്ടൻ' അകത്തായി. ലോക ചരിത്രത്തിലെ തന്നെ അപുർവങ്ങളിൽ അപൂർവമായിരുന്ന ക്വട്ടേഷൻ ബലാത്സഗത്തിന്റെ 'ഗോപാല ലീലകൾ' കേട്ട് കേരളം ഞെട്ടിത്തരിച്ചു.

നടിയെ ആക്രമിച്ച സംഭവത്തിന്റെ നാലാം വാർഷിക അടുക്കുമ്പോൾ, കേസിൽ ഏതാണ്ട് ദിലീപ് രക്ഷപെടും എന്ന അവസ്ഥയായിരുന്നു കണ്ടിരുന്നത്. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും തള്ളപ്പെട്ടു. ചില സാക്ഷികൾ കൂറുമാറി. ജഡ്ജി തങ്ങൾക്കെതിരാണെന്ന് പറഞ്ഞ് രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചു. അപ്പുറത്ത് ഏത് കേസും ജയിക്കാൻ കഴിയുന്ന, 'കേരളാ രാംജെത്മലാനി' എന്ന് വിളിപ്പേരുള്ള സാക്ഷാൽ രാമൻ പിള്ളയാണ്. സൂചിപ്പഴുതുണ്ടെങ്കിൽ അദ്ദേഹം ദിലീപിനെ രക്ഷിച്ചെടുക്കുമെന്ന് ഉറപ്പാണ്. ഇതോടെ കേസ് ആവിയാവുമെന്ന് പല മാധ്യമങ്ങളും എഴുതി. ഇതോടെ ജനപ്രിയ നായകനും ഫുൾ ചാർജായി. അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട് നീതിക്കുവേണ്ടിയുള്ള വലിയ പോരാട്ടത്തിലാണ് താനെന്ന് വാചകമടിച്ചു. വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായ വനിത മാസികതെട്ട്, 'ഒരു ജനതയുടെ ആത്മാവിഷ്്ക്കാര'മായ, 'നവോത്ഥാന കേരളത്തിന്റെ ആശയും അഭിലാഷവുമായ' കൈരളി ടീവി വരെ 'പേട്ടന്റെ' അഭിമുഖങ്ങൾ പുറത്തുവിട്ടു.

അപ്പോഴിതാ രണ്ടാമത്തെ ട്വിസ്റ്റ്. ബാലചന്ദ്രകുമാർ എന്ന സംവിധായകൻ തന്നെ ദിലീപ് അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഒരുപാട് ഓഡിയോകളുമായി രംഗത്തുവരുന്നു. കേരളം വീണ്ടും ഞെട്ടിയ ദിവസങ്ങൾ. ആലുവയിലെ വീട്ടിൽവെച്ച് തന്റെ മുന്നിൽവച്ചാണ് ഇരയെ ആക്രമിച്ച വീഡിയോ ദിലീപ് പ്ലേ ചെയ്തതെന്നും, അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ പ്ലാനിട്ടതുമെന്നുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിൽ അമ്പരപ്പിക്കുന്നതായിരുന്നു. മലയാള സിനിമയിൽ സെക്സ് റാക്കറ്റ് ഉണ്ടെന്നത് തൊട്ട് ദിലീപിന്റെ നേതൃത്വത്തിൽ വലിയൊരു ഗുണ്ടാ- അധോലോക സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ വ്യക്തമാവുന്നു. ഇതോടെ ദിലീപിനെതിരെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിന് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കയാണ്. ഈ കേസിലും ദിലീപായി മാറിയ ഗോപാലകൃഷ്ണൻ എന്ന 54 കാരന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് അറിയുന്നത്.

പല സാക്ഷികളെയും വീണ്ടും വിസ്തരിക്കാൻ ഒരുങ്ങുന്നു. എല്ലാം അവസാനിച്ചു എന്ന് കരുതിയിരുന്നിടത്ത് വീണ്ടും നടിയെ ആക്രമിച്ച കേസ് വീണ്ടും ഉയർത്ത് എഴുനേൽക്കുകയാണ്.

ജനപ്രിയനോ അധോലോകമോ?

അപാരമായ പ്രതികാര ബുദ്ധി സൂക്ഷിക്കുന്നയാളും, തനി കൗശലക്കാരനുമെന്ന ദിലീപിനെക്കുറിച്ച് നടൻ തിലകൻ അടക്കമുള്ളവർ പറഞ്ഞത് ശരിവെക്കുന്ന രീതിയിലാണ് സംവിധായാകൻ ബാലചന്ദ്രകുമാറിന്റെ ഓഡിയോകൾ കേൾക്കുമ്പോൾ കിട്ടുന്ന ചിത്രം. ഒരു സിനിമയുമായി ബന്ധപ്പെട്ട ചർച്ചക്കായി ദിലീപിന്റെ വീട്ടിൽ എത്തിയപ്പോൾ പൾസർ സുനിയെ ബാലചന്ദ്രകുമാർ അവിടെ വെച്ച് കണ്ടിരുന്നു. ഇത് പുറത്തുപറയാതിരിക്കാൻവേണ്ടി ദിലീപ് എന്നെ ഒപ്പം കൂട്ടുകയായിരുന്നു. അന്ന് താൻ ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ ദിലീപിന് ജാമ്യം തന്നെ കിട്ടുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ദിലീപിന്റെ ആലുവയിലെ വീട്ടിൽ വെച്ച് താൻ സാക്ഷിയായത് ഞെട്ടിക്കുന്ന രംഗങ്ങൾക്കാണെന്ന് ബാലചന്ദ്രകുമാർ സാക്ഷ്യപ്പെടുത്തുന്നു. കേസിലെ അന്വേഷണ ഉദ്യോഗ്ഥരെ കൊല്ലാൻ അവിടെ ഗൂഢാലോചന നടക്കുകയായിരുന്നു. അതിന് ഇനി ഒരു ഒന്നരക്കോടി കൂടി മുടക്കേണ്ടിവരുമെന്നാണ് ദിലീപിന്റെയും സുഹൃത്തുക്കളുടെയും തമാശ.

ആലുവ കേന്ദ്രീകരിച്ച് ദിലീപിന് സ്വന്തമായി ഒരു ഗണ്ടാസംഘം തന്നെയുണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ മറ്റൊരു വെളിപ്പെടുത്തൽ. ജനപ്രിയ നായകൻ പോവുന്ന സ്ഥലങ്ങളിലൊക്കെ ഇവരുടെ സാന്നിധ്യം ഉണ്ടാവും. വീട്ടിൽവെച്ച് ഒരുതോക്ക് ദിലീപ് നിറക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജീവനിൽ പേടിയുള്ളതുകൊണ്ടാണ് താൻ ഇക്കാര്യം മുമ്പ് പറയാഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒപ്പം മലയാള സിനിമയിൽ സെ്ക്സ് റാക്കറ്റ് ഉണ്ടെന്ന ഗുരതരമായ വെളിപ്പെടുത്തലും, താരങ്ങളുടെ ഗൾഫ് യാത്രയുമൊക്കെ എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. തന്നെ ദിലീപ് കൊല്ലുമെന്ന് പേടിയുള്ളതിനാൽ മരണമൊഴിപോലെയാണ് ഈ കാര്യങ്ങൾ പറയുന്നത് എന്നും ബാലചന്ദ്രുകുമാർ പറയുന്നു.

ദിലീപിനെ ചാനൽ ചർച്ചകളിൽ ന്യായീകരിക്കുന്നവർക്ക് പണം നൽകിയത്, ദിലീപിന്റെ പ്രതിഛായ വളർത്താനായി ഓൺലൈൻ പത്രങ്ങൾ തുടങ്ങിയത്, അടക്കമുള്ള നിരവധി കാര്യങ്ങളാണ് ഈ സംവിധായകൻ പങ്കുവെക്കുന്നത്. മലയാള ചലച്ചിത്ര ലോകത്തെ സമാനതകൾ ഇല്ലാത്ത ക്രിമനൽ പ്രവർത്തനം. വെറുതെ പറയുക മാത്രമല്ല, ഇതിനൊക്കെ ആധാരമായ ഓഡിയോ തെളിവുകൾ ഹാജരാക്കുകയും അദ്ദേഹം ചെയ്യുന്നു. ഇപ്പോൾ കേസിൽ ദിലീപിനെ സഹായിക്കുന്ന വി.ഐ.പി ആരാണെന്ന അന്വേഷണവും പുരോഗമിക്കയാണ്. ഇതിനിടെ പൾസർ സുനിയുടെ അമ്മയുടെ അഭിമുഖവും, മരണമൊഴിപോലെ പൾസർ സുനി എഴുതിപ്പിച്ച കത്തും പുറത്തുവന്നിരിക്കയാണ്. ഇതോടെ ദിലീപ് കൂടുതൽ കൂടുതൽ കുരുക്കിലേക്കാണ് നീങ്ങുന്നത്.

ബലാത്സഗത്തിനും ക്വട്ടേഷൻ!

ബലാത്സഗക്കേസുകൾ നിരവധി കൈകാര്യം ചെയ്തിട്ടുള്ളവരാണ് നമ്മുടെ പൊലീസ്. എന്നാൽ ഇക്കാര്യത്തിന് ക്വട്ടേഷൻ കൊടുക്കുക, കേട്ടറിവ് പോലും ഇല്ലാത്തതാണ്. കേരളചരിത്രത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്തതും, ലോക ചരിത്രത്തിൽ തന്നെ അതപൗർവവുമായ ബലാത്സഗ ക്വട്ടേഷനാണ് യുവ നടിക്കെതിരെ 2017 ഫെബ്രുവരി 17ന് നടന്നത്. കേസിന്റെ ആദ്യ ഘട്ടത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ വളരെ ഗൗരവമേറിയ ഒരു പ്രസ്താവന നടത്തിയിരുന്നു. ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായ നിർഭയ എന്ന പെൺകുട്ടി കൊല്ലപ്പെട്ട കേസിനേക്കാൾ ശക്തമായ തെളിവുകൾ ഈ കേസിന് ഉണ്ടെന്നായിരുന്നു അന്നത്തെ വാദം. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയത് ചൂണ്ടിക്കാട്ടിയാണ് ഈ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചത്.

2017 ഫെബ്രുവരി 17 ന് 'ഹണി ബീ 2' സിനിമയുടെ ഡബ്ബിങ് ആവശ്യത്തിനായാണ് നടി
കൊച്ചിയിലേയ്ക്ക് വന്നത്. അങ്കമാലി പിന്നിട്ട നടിയുടെ വാഹനത്തെ അത്താണിയിൽ വച്ചാണ് പൾസർ സുനിയും സംഘവും തടഞ്ഞുനിർത്തിയത്. രണ്ട് മണിക്കൂറിലേറെ നടിയുമായി കൊച്ചിയിൽ കറങ്ങിയ സംഘം പാലാരിവട്ടത്താണ് ഇവരെ ഉപേക്ഷിച്ചത്. തൃശൂരിൽ നിന്ന് നടിയെ കൊച്ചിയിലെത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ഡ്രൈവർ മാർട്ടിനാണ് ഇവരെ സംവിധായകൻ ലാലിന്റെ വീട്ടിലെത്തിച്ചത്. കാറിനകത്ത് വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തിയെന്നും, ആക്രമണം ക്വട്ടേഷനാണെന്ന് സംഘം പറഞ്ഞുവെന്നും നടി പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. നടിയെ തന്റെ വീട്ടിലാക്കിയ ശേഷം തിരികെ പോകാനൊരുങ്ങിയ മാർട്ടിനെ സംവിധായകൻ ലാലാണ് തടഞ്ഞുവച്ചത്. പിന്നീട് ഇവിടേക്ക് തൃക്കാക്കര എംഎൽഎ പി.ടി.തോമസും നിർമ്മാതാവ് ആന്റോ ജോസഫും എത്തി. അന്തരിച്ച പി.ടി തോമസിന്റെ ഒറ്റ ഇടപെടലിലാണ് സംഭവം പുറംലോകം അറിഞ്ഞത്. അല്ലെങ്കിൽ ഇതും പരാതിയില്ലാത്ത ഒരു സംഭവമായി മാറിയേനെ. ദിലീപ് കരുതിയിരുന്നതും അതായിരുന്നുവെന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്. മാനഹാനി മൂലം ഇര ഒരുകാര്യവും പുറത്തുപറയില്ലെന്ന്.

ഉറച്ച് നിലപാട് എടുത്തത് മഞ്ജുവാര്യർ

തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി ആറു പേർക്കെതിരെയാണ് നടിയുടെ മൊഴി പ്രകാരം കേസ് എടുത്തത്. ഇതിന് ശേഷം നടിയെ കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളേജിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പുലർച്ചെ ആറ് മണിയോടെയായിരുന്നു ഇത്.

ഡ്രൈവർ മാർട്ടിന് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടതോടെ ഫെബ്രുവരി 18 ന് തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് സംഘാംഗങ്ങളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. പൾസർ സുനിയുടെ നേതൃത്വത്തിൽ മാർട്ടിനടക്കം അഞ്ച് പേരാണ് ആക്രമിച്ചതെന്ന് മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി. പെരുമ്പാവൂർ സ്വദേശിയായ പൾസർ സുനി സിനിമ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇയാൾക്കെതിരെ മോഷണക്കുറ്റമടക്കം 14ഓളം ക്രിമിനൽ കേസുകൾ നേരത്തേ തന്നെ ചുമത്തപ്പെട്ടതാണെന്ന് പിന്നീട് വ്യക്തമായി.

ഫെബ്രുവരി 19 ന് കോയമ്പത്തൂരിൽ വച്ച് അക്രമി സംഘത്തിലുൾപ്പെട്ട എറണാകുളം സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർ പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ഒളിവിൽ പോയ പ്രതികൾ പിരിഞ്ഞതായി പൊലീസിന് സൂചന ലഭിച്ചു. അതിനിടെ മമ്മൂട്ടിയുടെ നിർദ്ദേശ പ്രകാരം എറണാകുളം ദർബാർ ഹാൾ മൈതാനത്ത് സിനിമ താരങ്ങൾ ഈ ആക്രമണത്തിൽ പ്രതിഷേധിച്ച് ഒത്തുകൂടി.ഇതിൽ നടൻ ദിലീപും നടിക്ക് എതിരെ നടന്ന ആക്രമണത്തെ അപലപിച്ചിരുന്നു.

ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും ഇത് അന്വേഷിക്കണമെന്നും ദിലീപിന്റെ മുൻ ഭാര്യയും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുമായ മഞ്ജു വാര്യർ പറഞ്ഞതോടെ ദിലീപിന് എതിരെ സംശയത്തിന്റെ മുനകൾ ഉയർന്നു.പക്ഷേ ആ സമയത്തൊക്കെ താരസംഘടനയായ അമ്മ ദിലീപിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കയായിരുന്നു.

ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി

2017 ഫെബ്രുവരി 21 ന് പാലക്കാട് വച്ചാണ് സംഘത്തിലെ നാലാമൻ മണികണ്ഠൻ പിടിയിലായത്. ഇതോടെ അവശേഷിച്ച രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ വ്യാപകമാക്കി. കേസിലെ മുഖ്യപ്രതിയെന്ന് സംശയിച്ചിരുന്ന പൾസർ സുനി ഫെബ്രുവരി 23 ന് കീഴടങ്ങാൻ വരുന്നതിനിടെ പിടിയിലായി.

എന്നാൽ കേസന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പോലും പൂർത്തിയാകും മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വൻ വിവാദമായി. നടിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന അന്വേഷണം ദുർബലപ്പെടുത്തുമെന്ന വാദവുമായി പ്രതിപക്ഷം ഒന്നടങ്കം മുന്നോട്ട് വന്നു.

ഈ ഘട്ടത്തിൽ കേസിലെ മുഖ്യപ്രതി പൾസർ സുനി കേസിന് പുറകിൽ ഗൂഢാലോചന നടന്നതായി സമ്മതിച്ചിരുന്നില്ല. പണത്തിന് വേണ്ടി താനാണ് ആക്രമണം നടത്തിയതെന്നായിരുന്നു പൾസർ സുനി നൽകിയ മൊഴി. ഈ മൊഴിയിൽ ഇയാൾ ഉറച്ചുനിന്നതോടെ പൊലീസിന് മറ്റ് വഴികളില്ലാതെയായി. ദീർഘനാളത്തെ അന്വേഷണത്തിന് ഒടുവിൽ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് ഏപ്രിൽ 18 ന് കോടതിയിൽ സമർപ്പിച്ചു. പൾസർ സുനിയെ ഒന്നാം പ്രതിയാക്കിയ 375 പേജുള്ള കുറ്റപത്രത്തിൽ 185ഓളം സാക്ഷികളാണ് ഉള്ളത്. ഈ ഘട്ടത്തിൽ ദിലീപ് ചിത്രത്തിൽ ഉണ്ടായിരുന്നില്ല.

ദിലീപിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി

കുറ്റപത്രമായയോടെ ഇതോടെ ഈ കേസ് മാധ്യമശ്രദ്ധയിൽ നിന്ന് തൽക്കാലത്തേക്ക് മാറി. അതോടെ തനിക്കെതിരെ എഴുതിയ മാധ്യമങ്ങളെയല്ലൊം അതിനിശിതമായി വി2017 ജൂൺ അവസാനത്തോടെ കേസിൽ നിർണായക സംഭവങ്ങൾ പുറത്തുവന്നു. പൾസർ സുനി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സഹതടവുകാരനായ ജിൻസനോട് വെളിപ്പെടുത്തിയതായിരുന്നു അത്. ഇതിന് പിന്നാലെ വിഷ്ണു എന്ന സഹതടവുകാരൻ വഴി പൾസർ സുനി ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ച കാര്യവും പുറത്തുവന്നു. ദിലീപിന് എഴുതിയതായി സംശയിക്കുന്ന പൾസർ സുനിയുടെ കത്ത് ഇതിനിടെയാണ് പുറത്തുവന്നത്. നിയമ വിദ്യാർത്ഥിയായ തടവുകാരൻ വഴിയാണ് ഈ കത്ത് പൾസർ സുനി തയാറാക്കിയത്.

ഏപ്രിൽ പത്തിന് പൾസർ സുനിയും വിഷ്ണു എന്ന പേരായ മറ്റൊരാളും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ വിളിച്ച് പണം ആവശ്യപ്പെട്ടതായി നടൻ ദിലീപ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകി. അന്വേഷണ സംഘം നടൻ ദിലീപ്, സംവിധായകൻ നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു. 2017 ജൂൺ 28 നായിരുന്നു ഈ ചോദ്യം ചെയ്യൽ. ദിലീപിനെയും നാദിർഷയെയും 13 മണിക്കൂറോളം ആലുവയിലെ പൊലീസ് ക്ലബിൽ ചോദ്യം ചെയ്തു.

സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. പൾസർ സുനി ജയിലിൽനിന്നു നാദിർഷായെയും അപ്പുണ്ണിയേയും വിളിച്ച് പണം ആവശ്യപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നതും ഇതോടെയാണ്. ഈ ഫോൺ വിളികളിൽ ദിലീപിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ലഭിക്കാതെ വന്നതോടെയാണ് ജയിലിൽ നിന്ന് പ്രതി ദിലീപിന് കത്തയച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈൽ ഫോണിലൂടെയും ജയിലിലെ ലാൻഡ് ഫോണിൽ നിന്നും സുനിൽ നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്കു സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോൺ രേഖകളിൽനിന്നു വ്യക്തമാകുന്നതായി പൊലീസ് പറയുന്നു.

ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ ഉടമസ്ഥതതയിലുള്ള ''ലക്ഷ്യ'' എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പൾസർ സുനി പോയിരുന്നതായി കൂടി വെളിപ്പെടുത്തൽ വന്നു. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം 'ജോർജേട്ടൻസ് പൂര''ത്തിന്റെ ലൊക്കേഷനിൽ സുനിൽകുമാർ എത്തിയതിന്റെ തെളിവുകളും ലഭിച്ചതോടെ കൂടുതൽ നടപടികളിലേക്കു പൊലീസ് കടക്കുകയായിരുന്നു. ജയിലിലെ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസൻ നൽകിയ വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി. ഇതിന് മുൻപ്, പൾസർ സുനിയെ അറിയില്ലെന്ന് ദിലീപ് നൽകിയ മൊഴിയാണ് ദിലീപിനെതിരെ തിരിഞ്ഞത്. സാഹചര്യത്തെളിവുകളിൽ ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസിന് സംശയം തോന്നി. ഒപ്പം നടിയുമായി ദിലീപിന് വൈര്യാഗ്യമുണ്ടെന്നും പൊലീസിന് കൃത്യമായ മൊഴി ലഭിച്ചു.

'അമ്മ' എന്നും മക്കൾക്ക് ഒപ്പം

ഇതിനിടെ ജൂൺ 29 ന് കൊച്ചിയിൽ ചേർന്ന താര സംഘടനയായ അമ്മയുടെ വാർഷിക യോഗം നടൻ ദിലീപിന് പിന്നിൽ ഉറച്ചു നിന്നു. ആക്രമിക്കപ്പെട്ട നടിക്കും നടൻ ദിലീപിനും ഒപ്പമാണ് ഞങ്ങളെന്ന് ഇവർ പ്രഖ്യാപിച്ചു. രണ്ടുപേരും ''അമ്മ''യുടെ മക്കളാണെന്നും അവകാശപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് എംഎ‍ൽഎമാരായ മുകേഷും, കെ.ബി.ഗണേശ് കുമാറും കയർത്ത് സംസാരിച്ചു. അമ്മ വാർഷിക ജനറൽ ബോഡിക്ക് പിന്നാലെയാണ് ദിലീപ്, സിനിമ വിതരണക്കാരുടെ പുതിയ സംഘടനയ്ക്ക് രൂപം കൊടുത്തു.എന്നാൽ ഇവരൊന്നും പ്രതീക്ഷിക്കാത്ത വിധം, പിന്തുണ പ്രഖ്യാപിച്ച് അധിക ദിവസം കഴിയുന്നതിന് മുമ്പ്, ദിലീപ് അറസ്റ്റിലായി. ഈ സംഭവത്തിന്റെ വെളിച്ചത്തിൽ ചലച്ചിത്ര രംഗത്തെ വനിതകൾ പുതിയ സംഘടനയുണ്ടാക്കി. അവരുടെ ആവശ്യങ്ങൾ 'വുമൺ ഇൻ സിനിമ കളക്ടീവ്' എന്ന സംഘടനയുടെ പേരിൽ മുഖ്യമന്ത്രിക്ക് മുന്നിൽ നൽകി. ത

ജൂലൈ പത്തിനാണ് നടൻ ദിലീപിന്റെ അറസ്റ്റുണ്ടായത്. ആലുവയിലെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത ദിലീപിനെ അത്താണിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചായിരുന്നു ചോദ്യം ചെയ്തത്. വൈകിട്ട് ആറ് മണിക്കാണ് ഈ വിവരം മാധ്യമങ്ങൾക്ക് ലഭിച്ചത്. ഉന്നതനും പ്രമുഖനുമായ വ്യക്തിയെ അറസ്റ്റ് ചെയ്തതിൽ രണ്ടഭിപ്രായം ഉയർന്നു. ദിലീപിനെ അനുകൂലിച്ചും, പ്രതികൂലിച്ചും സോഷ്യൽ മീഡിയ കലാപഭൂമിയായി മാറി.

നടൻ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തെ പുറത്താക്കി താരസംഘടനയായ അമ്മ മുഖം രക്ഷിച്ചു. നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന പ്രത്യേക യോഗത്തിലായിരുന്നു ഈ തീരുമാനം. മോഹൻലാൽ, പൃഥ്വിരാജ്, ഇടവേള ബാബു, രമ്യ നമ്പീശൻ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ദിലീപിന് അമ്മയിലുണ്ടായിരുന്ന പ്രാഥമിക അംഗത്വം തന്നെ റദ്ദാക്കി. ദിലീപ് രൂപീകരിച്ച വിതരണക്കാരുടെ സംഘടനയും സിനിമ നിർമ്മാതാക്കളുടെ സംഘടനയും തിയേറ്റർ ഉടമകളുടെ സംഘടനയുമെല്ലാം ദിലീപിനെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ട് വന്നു.
ഒടുവിൽ ഒരു മാസമായി നീണ്ടു നിൽക്കുന്ന കസ്റ്റഡി കാലത്തിനിടെ ദിലീപിന്റെ സംസ്ഥാനത്താകമാനമുള്ള സ്വത്തുക്കൾ റവന്യു വകുപ്പ് കണ്ടെത്തി. ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്റർ സർക്കാർ ഭൂമി കൈയേറിയെന്ന കണ്ടെത്തലിനെ തുടർന്ന് ചാലക്കുടി നഗരസഭ ഇത് അടച്ചുപൂട്ടാൻ നിർദ്ദേശിച്ചെങ്കിലും ഹൈക്കോടതിയിൽ നിന്ന് ദിലീപിന് അനുകൂല വിധി ലഭിച്ചു. ദിലീപിന്റെ കോഴിക്കോട്ടെ 'ദേ പുട്ട്' അടക്കമുള്ള സ്ഥാപനങ്ങൾക്കുനേരെ ഡി.വൈ.എഫ്്.ഐക്കാർ കല്ലെറിഞ്ഞു.

പിന്നീട് മുന്നുമാസത്തേിലേറെ ദിലീപ് ജയിലിൽ കിടന്നു.ഉറ്റ സുഹൃത്തും സംവിധാകനുമായ നാദിർഷയെയും പൊലീസ് ചോദ്യം ചെത്തു. തലനാരിഴക്കാണ് അയാൾ രക്ഷപ്പെട്ടത്. ഇതിനിടെയാണ് ദിലീപിന്റെ ഒന്നാം ഭാര്യ മഞ്ജു വാര്യരല്ലെന്ന വെളിപ്പെടുത്തൽ വരുന്നത്. ബന്ധുവായ മറ്റൊരു സ്ത്രീയെയാണ് ദിലീപ് ആദ്യം വിവാഹം കഴിച്ചതെന്നും വാർത്തകൾ പുറത്തുവന്നു.

സന്ദർശക രജിസ്റ്റർ നശിക്കുന്നു, സാക്ഷികൾ മാറുന്നു

സെപ്റ്റംബർ 12 ന് നാദിർഷായുമായും കാവ്യയുമായും ബന്ധപ്പെട്ടുവെന്ന പൾസർ സുനിയുടെ മൊഴി പുറത്തായി. കാവ്യയെ കാണാൻ വെണ്ണലയിലെ പാർപ്പിട കോളനിയിലെ വസതിയിൽ നിരവധി തവണ താൻ പോയിട്ടുണ്ടെന്നും ഇവിടുത്തെ സന്ദർശക രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയെന്നും സുനിൽകുമാർ പൊലീസിനോട് പറഞ്ഞു. ദിലീപിന്റെ നിർദ്ദേശ പ്രകാരം തൊടുപുഴയിൽ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ സിനിമ ലൊക്കേഷനിലെത്തിയ താൻ നാദിർഷയുടെ മാനേജരുടെ പക്കൽ നിന്ന് 25000 രൂപ കൈപ്പറ്റിയെന്നും സുനിൽ മൊഴിനൽകി.

കാവ്യയുടെ വസതിയുൾപ്പെട്ട പാർപ്പിട കോളനിയിലെത്തിയ പൊലീസിന് രജിസ്റ്റർ പരിശോധിക്കാനിയില്ല. സന്ദർശക രജിസ്റ്റർ മഴവെള്ളം വീണ് നശിച്ചുപോയെന്ന് സുരക്ഷ ജീവനക്കാരുടെ മൊഴി. 25000 രൂപ കൈപ്പറ്റിയെന്ന് പറയുന്ന ദിവസം സുനിൽകുമാർ തൊടുപുഴയിലുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ടവർ ലൊക്കേഷൻ രേഖകളായിരുന്നു തെളിവ്.അതിനിടെ ദിലീപ് കേന്ദ്രകഥാപാത്രമായ വൻ ബജറ്റ് ചിത്രം രാമലീലയുടെ റിലീസിന് തിയേറ്ററുകളിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട ഹർജി കോടതി തള്ളി. നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഇപ്പോൾ പരിഗണിക്കേണ്ട അടിയന്തിര സ്വഭാവം ഹർജിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പക്ഷേ ഈ വിവാദങ്ങൾക്കിടയിലും രാമലീല വൻ ഹിറ്റായി. അതോടെ ജനകീയ കോടയിയിൽ ദിലീപിന് ജയം എന്നായി പ്രചാരണം.

സെപ്റ്റംബർ 18 ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യം വീണ്ടും നിഷേധിച്ചു. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് താരത്തിന് മേൽ ചുമത്തിയതെന്നും സോപാധിക ജാമ്യത്തിന് അർഹനല്ലെന്നും ചൂണ്ടിക്കാട്ടി.സെപ്റ്റംബർ 19 ന് ദിലീപ് ജാമ്യത്തിനായി മൂന്നാം തവണ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ മൂന്നിന് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചു.

കേസിൽ വിചാരണ തുടങ്ങിയതിനുശേഷം ദിലീപിന് പൊതുവെ നല്ല സമയം ആയിരുന്നു. വനിതാ ജഡ്ജിയുടെ പ്രതിക്ക് അനുകൂലമായി നിൽക്കുന്നുവെന്നായിരുന്നു വാദിഭാഗത്തിന്റെ ആരോപണം. അങ്ങനെ രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചു. ഒരു സാക്ഷി കൂറിമാറി. അങ്ങനെ ഈ കേസും അട്ടിമറയുമെന്ന ഘട്ടത്തിലാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വരുന്നത്.

ഐസ്‌ക്രീം വിതുര കേസുകളുടെ തനിയാവർത്തനമായില്ല

പണവും പവറും ഉണ്ടെങ്കിൽ എത് കേസും അട്ടിമറിക്കാമെന്നും, നമ്മുടെ നീതിന്യായ വ്യവസ്ഥ കാശിന് മുകളിൽ പറക്കില്ല എന്നതുമൊക്കെയുള്ള ധാരണകൾ ശക്തിപ്പെടുന്ന കാലമാണിത്. കോളിളക്കം സൃഷ്ടിച്ച ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസിൽ എത്ര കൂളായാണ് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഊരിപ്പോന്നത് എന്നുനോക്കുക. ലോക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ പെൺവാണിഭക്കേസ് എന്നാണ് മുസ്ലിം ലീഗിനെ കുഞ്ഞാലിക്കുട്ടി എതിരാളികൾ ഇതിനെ പരിഹസിച്ചിരുന്നത്. ഇരയായ റജീന തൊട്ട് സാക്ഷികളെ സ്വാധീനിക്കാനായി പുരോഹിതർക്ക്വരെ ലക്ഷങ്ങൾ വീശി എറിഞ്ഞതിന്റെ കഥകൾ പിന്നീട് കുഞ്ഞാലിക്കുട്ടിയുടെ അളിയൻ റൗഫ് വെളിപ്പെടുത്തുകയുണ്ടായി. (ഈ റൗഫിന്റെ റോളിൽ ഇന്നുള്ളത് ദിലീപിന്റെ അനിയൻ അനൂപാണ്.)

എന്നിട്ട് എന്ത് സംഭവിച്ചൂ. ഇടതും വലതും ചേർന്ന് ഒന്നിച്ച് കേസ് നശിപ്പിച്ചു. കുഞ്ഞാലിക്കുട്ടി ശക്തമായി തിരിച്ചുവന്നു. ഇന്ന് ലീഗിലെ ഹരിത നേതാക്കളെയൊക്കെ അദ്ദേഹം ഉപേദേശിക്കുന്നു. അതുപോലെ സൂര്യനെല്ലി കേസ് നോക്കുക. കേരളശബ്ദം വാരികയിൽ പി.ജെ കുര്യന്റെ ഫോട്ടോ അടിച്ചുവന്നപ്പോഴാണ് തന്നെ പീഡിപ്പിച്ച 'ബാജി' എന്ന് മറ്റുള്ളവർ വിളിക്കുന്ന നേതാവാണ് അതെന്ന് നിലവിളിയോടെ പെൺകുട്ടി തിരിച്ചറിഞ്ഞത്. ആ കേസ് എന്തായി. സാമുദായിക പ്രമാണികൾ പോലും കള്ളസാക്ഷി പറഞ്ഞാണ് കുര്യനെ കേസിൽനിന്ന് ഊരിയെടുത്തത് എന്നത് അങ്ങാടിപ്പാട്ടാണ്. ആ കുര്യൻ ലോക്സഭയിലെ സ്ത്രീകളുടെ ക്ഷേമത്തിനുള്ള സമിതിയുടെ അധ്യക്ഷനായി! അതുപോലെ വിതുര കേസ് നോക്കുക. നടൻ ജഗതിശ്രീകുമാർ കട്ടിലിനും ചുറ്റും ഓടിച്ചിട്ട് ആക്രമിച്ച് പീഡിപ്പിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറഞ്ഞിരുന്നത്. കേസ് എന്തായി. കിളിരൂർ, കവിയുർ,.... തൊട്ട് എത്രയെത്ര. എവിടെയൊക്കെ ഒരു വി.ഐ.പി വരുന്നോ അവിടെയാക്കെ കേരളത്തിൽ കേസ് അട്ടിമറിയുന്നു.

ഈ നിയമവാഴ്ചയോടുള്ള പുഛവും, പണത്തിന്റെ അഹന്തയുമാണ് നാം ദിലീപിലും കാണുന്നത്. ദിലീപ് ഒരു ക്രൈം ചെയ്താൽ അത് കണ്ടുപടിക്കാൻ കഴിയില്ലെന്ന് അയാൾ തന്നെ പറയുന്ന ഓഡിയോ ഇപ്പോൾ പുറത്തായിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളം ഒരു വെള്ളരിക്കാപ്പട്ടണം അല്ല എന്ന് തെളിയണമെങ്കിൽ ഈ കേസിൽ സത്യം പുറത്തുവന്നേ മതിയാവു. പ്രതികൾക്ക് ശിക്ഷ കിട്ടിയേ മതിയാവൂ. ഒപ്പം സിനിമിയിലെ സെ്ക്സ് റാക്കറ്റിനെയും, അധോലോകത്തേയും പുറത്തുകൊണ്ടുവന്നേ മതിയാവൂ.

വാൽക്കഷ്ണം: ഇനി തിരിച്ച് ഒന്ന് ചിന്തിച്ചുനോക്കുക. പൾസർ സുനിക്ക് പറഞ്ഞ തുക കൊടുത്ത് ദിലീപ് അവനെ സംരക്ഷിച്ച് നിർത്തിയിരുന്നെങ്കിൽ ഈ ക്രൈം എന്നെങ്കിലും പുറത്താവുമായിരുന്നോ. ബാലചന്ദ്രകുമാറിന്റെ സിനിമ ദിലീപ് ചെയ്തുകൊടുത്തിരുന്നെങ്കിൽ ഓഡിയോകൾ പുറത്താവുമായിരുന്നു. അതായത് കള്ളക്കടത്ത് പിടിക്കുന്നപോലെ ഇപ്പോഴും ഒറ്റിന്റെ പുറത്താണ് നമ്മുടെ പൊലീസ് നിലനിൽക്കുന്നത്. അല്ലാതെ ശാസ്ത്രീയമായി അന്വേഷിച്ച് അവർക്ക് ഒരു കേസും തെളിയിക്കാൻ കഴിയില്ല. പണമുണ്ടെങ്കിൽ ഏത് ക്രിമിനലിനും എന്തും ചെയ്യാവുന്ന അവസ്ഥയിലേക്കാണോ കേരളം പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP