Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

പിണറായി ഓർഡിനൻസ് ഇറക്കുന്നത് ഇന്ത്യ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പത്രമാരണ ബില്ലിന്; ഭാഗ്യലക്ഷ്മി വിഷയത്തിന്റെ മറയിൽ കൊണ്ടുവരുന്ന നിയമം അനുസരിച്ച് സർക്കാറിനെയോ മന്ത്രിമാരെയോ ചെറുതായി വിമർശിച്ചാൽ പോലും അഞ്ചുവർഷം അകത്തിടാം; സോഷ്യൽ മീഡിയയെയും ഓൺലൈൻ മാധ്യമങ്ങളെയും ലക്ഷ്യമിട്ടുള്ള ഓർഡിനൻസിൽ പത്രങ്ങളും ചാനലുകളും പെട്ടു; മോദിക്കെതിരെ നിരന്തരം ശബ്ദിക്കുന്ന പിണറായിയുടെ മരണക്കളി ഇങ്ങനെ

പിണറായി ഓർഡിനൻസ് ഇറക്കുന്നത് ഇന്ത്യ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പത്രമാരണ ബില്ലിന്; ഭാഗ്യലക്ഷ്മി വിഷയത്തിന്റെ മറയിൽ കൊണ്ടുവരുന്ന നിയമം അനുസരിച്ച് സർക്കാറിനെയോ മന്ത്രിമാരെയോ  ചെറുതായി വിമർശിച്ചാൽ പോലും അഞ്ചുവർഷം അകത്തിടാം; സോഷ്യൽ മീഡിയയെയും ഓൺലൈൻ മാധ്യമങ്ങളെയും ലക്ഷ്യമിട്ടുള്ള ഓർഡിനൻസിൽ പത്രങ്ങളും ചാനലുകളും പെട്ടു; മോദിക്കെതിരെ നിരന്തരം ശബ്ദിക്കുന്ന പിണറായിയുടെ മരണക്കളി ഇങ്ങനെ

എം മാധവദാസ്

'പത്രങ്ങളില്ലാത്ത സർക്കാർ വേണമോ, സർക്കാരില്ലാത്ത പത്രങ്ങൾ വേണമോ എന്നു ഒരു തീരുമാനമെടുക്കാൻ എന്നെ ചുമതലപ്പെടുത്തിയിരുന്നെങ്കിൽ രണ്ടാമത്തേത് പ്രഖ്യാപിക്കാൻ എനിക്കൊരു മടിയും ഉണ്ടാവില്ല.' -അമേരിക്കയുടെ പിതാവായി അറിയപ്പെടുന്ന ആദ്യ പ്രസിഡന്റ് തോമസ് ജെഫേഴ്‌സണിന്റെ പ്രശസ്തമായ ഈ വാചകം ഉദ്ധരിക്കാത്ത ജേണലിസം ക്ലാസുകൾ ഉണ്ടാവില്ല. ഫോർത്ത് എസ്റ്റേറ്റ് എന്ന് പറയുന്ന മാധ്യമങ്ങൾക്ക് ജനാധിപത്യ സമൂഹത്തിൽ ഉള്ള പ്രാധാന്യത്തെക്കുറിച്ച് മലയാളികൾ ചെയ്ത അത്ര ഉപന്യാസങ്ങളും ലേഖനങ്ങളും വേറെ എവിടെയും ഉണ്ടായിട്ടുമുണ്ടാവില്ല. മുമ്പ് ഇന്ദിരാഗാന്ധിയും, രാജീവ് ഗാന്ധിയും, മോദിയുമൊക്കെ പല ഘട്ടങ്ങളിലായി മാധ്യമ നിയന്ത്രണ നീക്കങ്ങൾ നടത്തിയപ്പോൾ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ചുവടുപിടിച്ച് അതിനെതിരെ ശക്തമായി പോരടിച്ചതും ഇന്ത്യയിലെ ഇടതുപക്ഷമായിരുന്നു. പക്ഷേ അതേ ഇടതുപക്ഷം ഭരിക്കുന്ന കേരളം ഇന്ന് ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പത്രമാരണ ബിൽ ഓർഡിനൻസായി കൊണ്ടുവരാൻ ഒരുങ്ങുകയാണ്. അതും പത്രമാധ്യമങ്ങളുടെ കൈയടിയോടെയാണെന്നതും അമ്പരപ്പിക്കുന്നതാണ്.

ഡബ്ബിങ്ങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മിയെയും കൂട്ടരും തങ്ങളെക്കുറിച്ച് അശ്ളീല വീഡിയോ ചെയ്ത വിജയ് പി നായർ എന്ന സാമൂഹിക വിരുദ്ധനെ ആക്രമിച്ചത് കേരളം ഏറെ ചർച്ച ചെയ്തതാണ്. നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ ആണ് തങ്ങൾ ഇങ്ങനെ ഒരു കടുംകൈ ചെയ്തതെന്ന് അവർ പറഞ്ഞതോടെ സർക്കാർ ശരിക്കും വെട്ടിലായി. ഇതോടെയാണ് കൂടുതൽ ശക്തമായ നിയമങ്ങൾ ഈ വിഷയത്തിൽ വേണമെന്ന് അഭിപ്രായം ഉയർന്നത്. പക്ഷേ പൊതുജന അഭിപ്രായം മുതലെടുത്ത് വിമശകരെ കെട്ടുകെട്ടിക്കാൻ പിണറായി സർക്കാർ ഒരു മുഴം നീട്ടി എറിയുകയാണെന്നാണ്, ഇന്നലെ മന്ത്രിസഭായോഗത്തിലെ ഒരു അസാധാരണമായ തീരുമാനം വ്യക്തമാക്കുന്നത്. കേരളാപൊലീസ് ആക്റ്റിലെ 118 എ എന്നപേരിൽ ഒരു സെക്ഷൻ കൂടി കൂട്ടിച്ചേർക്കയാണ്. ഒറ്റനോട്ടത്തിൽ അത് ഒരു കൈയടി കിട്ടുന്നതാണ് അത്. ഇത് കേരളത്തിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. 'സാമൂഹിക ഓൺലൈൻ മാധ്യമങ്ങൾ വഴി വ്യക്തിഹത്യയോ അധിക്ഷേപമോ നടത്തിയാൽ, അഞ്ചുവർഷം തടവോ, പതിനായിരം രുപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.' പക്ഷേ ഈ ഓർഡിനൻസിന്റെ വരികളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാവും മുമ്പ് സുപ്രീം കോടതി റദ്ദാക്കിയ കരിനിയമായ 66 എ യേക്കാൾ ഭീകരനാണ് ഈ ഓർഡിനൻസ് എന്ന്. കമന്റ് ചെയ്തതിന്റെയും ലൈക്ക് ചെയ്തതിന്റെയും പേരിൽ ആളുകൾ അകത്താവുന്ന കാലമാണ് ഇനി വരാൻ പോകുന്നത്.

എസ്എംഎസ് തൊട്ട് ചാനലുകൾ വരെ പരിധിയിൽ

പത്രങ്ങളും ചാനലുകളും റിപ്പോർട്ട് ചെയ്തപോലെ സോഷ്യൽ മീഡിയയും ഓൺലൈൻ മാധ്യമങ്ങളും മാത്രമല്ല ഇതിന്റെ പരിധിയിൽ വരുന്നത്. എതെങ്കിലും വിനിമയ ഉപാധികൾ എന്നാണ് പറയുന്നത്. അതായത് എസ്എംഎസ് തൊട്ട് പത്രങ്ങളും ചാനലുകളും വരെ ഇതിന്റെ പരിധിയിൽ വരും. 'ഒരു വാർത്ത അല്ലെങ്കിൽ വിവരം അത് പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കയോ ചെയ്യുന്നത് എതെങ്കിലും ഒരു മാധ്യമം വഴി' എന്നാണ് പറഞ്ഞിരിക്കുന്നത്. അത് സോഷ്യൽ മീഡിയ ആവാം, മെസേജ് ആവാം. എന്തുമാവാം. ഓൺലൈൻ പത്രം ആവാം, പ്രിന്റഡ് പത്രമാവാം, ചാനലും ആവാം, യൂ ട്യൂബ് വീഡിയോയയും ആവാം. അതായത് ഫലത്തിൽ സർക്കാറിന് തങ്ങൾക്ക് എതിരായ വാർത്തകൾ എഴുതുന്നവരെ നിഷ്പ്രയാസം കേസിൽ കുടുക്കാൻ കഴിയും. ഇടതുപക്ഷം എക്കാലവും എതിർത്തുപോന്ന തികഞ്ഞ പൊലീസ് രാജിനാണ് ഇത് വഴിവെക്കുക.

ഇൻസൾട്ട്, ഹാം ദ റെപ്യൂട്ടേഷൻ എന്നീ വാക്കുകൾ ഇതിൽ എടുത്തു പറഞ്ഞിരിക്കുന്നത്, വ്യാഖ്യാനിച്ച് എത് സംഭവത്തെയും മറ്റൊരാൾക്ക് ഇൻസൾട്ട് ആണെന്ന് വരുത്തി തീർക്കാൻ കഴിയും. നേരത്തെ ബാൽതാക്കറേ മരിച്ചതിന്റെ ഭാഗമായുണ്ടായ ഹർത്താലിനെ വിമർശിച്ചതിന്റെ പേരിൽ രണ്ട് പെൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തത് ഇങ്ങനെ ഇൻസൾട്ട് എന്ന പദം വ്യാഖ്യാനിച്ചാണ്. അതുസംബന്ധിച്ച് ഉണ്ടായ കേസാണ് 66 എ എന്ന കരി നിമയം എടുത്തുകളയുന്നതിലേക്ക് നയിച്ചത്. ഫലത്തിൽ 66 എ യെ അതിനേക്കാൾ ശക്തമായി പുസ്ഥാപിക്കയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ചാമ്പ്യന്മാർ എന്ന് പറയുന്ന ഇടതുപക്ഷം ചെയ്യുന്നത്.

കൊഗ്നൈസബിൾ ഓഫൻസാണിത് എന്നതാണ് ഏറ്റവും അപലപനീയം.അതായത് പതിനാലും ദിവസം ഉറപ്പായും നിങ്ങൾ റിമാൻഡിലാവും. പിന്നീട് നിങ്ങൾ നിങ്ങളുടെ നിരപരാധിത്വം തെളിയിക്കണം. ഒരർഥത്തിൽ ഇത്ര കഠിനമായിരുന്നില്ല 66 എ എന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അതിൽ ഒരു കമ്പ്യൂട്ടർ വഴി ചെയ്യാലേ പ്രശനം ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ എഴുതുകയോ പറയുകയോ ചെയ്താൽ പ്രശ്നം ഉണ്ടായിരുന്നില്ല. ഇവിടെ കമ്പ്യൂട്ടറും വേണ്ട, 'ഏതൊരു വാർത്താവിനിമയ ഉപാധിയും' എന്നാണ് പറയുന്നത്. ഇപ്പോൾ ഈ നിയമത്തെ അനുകൂലിക്കയാണ് മാതൃഭൂമിയും മനോരമയും അടക്കമുള്ള പ്രധാനപ്പെട്ട പത്രങ്ങൾ. പക്ഷേ വൈകാതെ അവരും കുരുക്കിലാവുമെന്ന് അവർ അറിയുന്നില്ല. സോഷ്യൽ മീഡിയ ഓൺലൈൻ പത്രവും മാത്രമല്ല ഒരു എസ് എംഎസ്പോലും ഈ നയമത്തിന്റെ പരിധിയിൽ ഇല്ല. ഇതയും ജനാധിപത്യവിരുദ്ധമായ നിയമം ഇന്ത്യ കണ്ടിട്ടുണ്ടോ?

അഭിപ്രായസ്വാതന്ത്ര്യം നമുക്ക് ഭരണഘടന നൽകുന്നതാണ്. പക്ഷേ ഇവിടെ തോന്നിയത് പറയാൻ കഴിയില്ല. സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ ഉണ്ട്. ഇന്ത്യൻ ഭരണഘടനയിൽ 19 വൺ എ പോലെ തന്റെ 19 വൺ ബിയും ഉണ്ട്. അതിൽ കൃത്യമായ നിയന്ത്രണങ്ങൾ ഭരണഘടന നൽകിയിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യം പരിധികൾ ഇല്ലാത്തതല്ല. ഇവിടെ സ്ത്രീകളെ സംരക്ഷിക്കാൻ ഇഷ്ടം പോലെ നിയമം ഉണ്ട്. അത് പ്രയോഗിക്കാൻ പൊലീസിന് കഴിയുന്നില്ല. ഐപിസിയിലെ 354 എ, ബി,സി,ഡി വകുപ്പുകൾ സ്ത്രീകളെ സംരക്ഷിക്കുന്നതിനാണ്. കെപി ആക്റ്റിലെ 119 പല ഉപവകുപ്പുകളും ഉണ്ട് സ്ത്രീ സംരക്ഷണത്തിന്. അത് ഉപയോഗിക്കാൻ അറിയാത്ത ഭരണകൂടം സത്രീകളുടെ പേരു പറഞ്ഞ് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുക്കയാണ്. വിമർശനങ്ങളെ തമസ്‌ക്കരിക്കയാണ്. നേരത്തെ വാജ്യവാർത്തയുടെ പേരിൽ പിആർഡി പരിശോധന നടത്തിയതും, മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച്‌ കൊന്നകേസിലെ പ്രതിയുമായ ശ്രീറാം വെങ്കിട്ടരാമനെ ഈ സമിതിയുടെ അധ്യക്ഷനാക്കിയതും വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

അതായത് സർക്കാർ തക്കം പാർത്തിരിക്കുന്ന സമയത്താണ് ഭാഗ്യലക്ഷ്മി സംഭവം ഉണ്ടാവുന്നത്. ഭാഗ്യലക്ഷ്മിയുടെപേരു പറഞ്ഞ് മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിക്കയാണ്. സത്യത്തിൽ ഇതിനേക്കാൾ രണ്ട് ലഘു നിയമങ്ങൾ ആയിരുന്നു സുപ്രീം കോടതി നേരത്തെ റദ്ദാക്കിയ ഐടി ആക്റ്റിലെ 62 എയും കേരള പൊലീസ്  ആക്റ്റിലെ 118 ഡിയും.

66 എ എന്ന ലക്ഷണമൊത്ത കരിനിയമം

നേരത്തെ ഐടി ആക്റ്റിലെ 66 എയും 2011ലെ കേരളാ പൊലീസ് ആക്റ്റിലെ 118 ഡി വകുപ്പുകളും ഉപയോഗിച്ചാണ് ഇത്തരം കേസുകൾ എടുത്തിരുന്നത്. ഇത് രണ്ടും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പറഞ്ഞ് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. 2015 മാർച്ചിലാണ് ഇത് സൂപ്രീം കോടതി സുപ്രധാന വിധിയിലൂടെ റദ്ദാക്കിയത്. ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്സ്‌പ്രഷൻ, അഥവാ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് അനുവദിച്ചുതന്നിട്ടുള്ള ഏറ്റവും വിലപ്പെട്ട അവകാശങ്ങളിൽ ഒന്നാണിത്. കാലവും സാങ്കേതിക വിദ്യയും മാറിയപ്പോൾ, ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഓൺലൈൻ മാധ്യമങ്ങളും സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കുന്ന ഘട്ടം വന്നപ്പോൾ ഇന്ത്യ അതിന്റെ പ്രഖ്യാപിത തത്വങ്ങളിൽ നിന്ന് പിറകോട്ട് പോയോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഐടി ആക്ടിലെ 66എ എന്ന വകുപ്പ്.

ഈ വകുപ്പിനെ കുറിച്ച് വിക്കി പീഡിയ പറയുന്നത് ഇങ്ങനെ-ഐടി നിയമത്തിലെ 66 (എ) വകുപ്പനുസരിച്ച് സെൽഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങൾവഴി, കുറ്റകരമായതോ സ്പർദ്ധ ഉളവാക്കുന്നതോ ആയ വിവരങ്ങൾ, തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ, പരിക്കോ, വിദ്വേഷമോ, അനിഷ്ടമോ, അപകടമോ, മോശക്കാരനാക്കലോ, അസൗകര്യം ഉണ്ടാക്കലോ, ചെയ്യാൻ ഉദ്ദേശിച്ചുള്ള വിവരങ്ങൾ, തെറ്റിദ്ധാരണാജനകമായ ഇലക്ട്രോണിക് സന്ദേശങ്ങൾ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കൽ എന്നിവയെല്ലാം മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നു.

2000 ൽ പാസാക്കിയ ഇന്ത്യൻ ഐടി ആക്റ്റ് 2008 ൽ ഭേദഗതികളോടെ കരിനിയമമായി മാറുകയായിരുന്നു. പാർലമെന്റിൽ ചർച്ച ചെയ്യാതെ ഈ ഭേദഗതികൾ പാസാക്കുകയായിരുന്നു. പ്രത്യേകിച്ച് അതിലെ 66എ എന്ന വകുപ്പ്. തനിക്കെതിരെ അപകീർത്തികരമായി മൊബൈൽ ഫോൺ, ഇൻർനെറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിച്ചു എന്ന പരാതി മാത്രം മതിയായിരുന്നു ഒരാൾ അറസ്റ്റിലാകാൻ. അല്ലെങ്കിൽ വിദ്വേഷം പരത്തുന്നതെന്നോ, സ്പർദ്ധ വളർത്തുന്നതെന്നോ എന്ന് ആർക്കെങ്കിലും തോന്നിയാൽ മതിയായിരുന്നു. ഈ സാഹചര്യമാണ് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ഇല്ലാതായത്. 2009 ഒക്ടോബർ 27 നാണ് ഭേദഗതികൾ വരുത്തിയ ഐടി നിയമം രാജ്യത്ത് നിലവിൽ വരുന്നത്. ഇതിനകം തന്നെ വിവാദങ്ങളും തുടങ്ങിയിരുന്നു.ഐടി ആക്ട് ഭേദഗതി ചെയ്യാൻ പെട്ടെന്നുണ്ടായ പ്രചോദനം മുംബൈ ഭീകരാക്രമണം ആയിരുന്നു. കമ്പ്യൂട്ടർ നെറ്റ് വർക്ക് ഉപയോഗിച്ചുള്ള ഫോൺ സംഭാഷണങ്ങൾ ആക്രമണത്തിന്റെ ആസൂത്രണത്തിൽ ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലായിരുന്നു പ്രധാന കാരണം. ഇതിന്റെ മറവിൽ യുപിഎ സർക്കാർ ശ്രമിച്ചത് പൗരന്റെ അടിസ്ഥാന പൗരാവകാശങ്ങളുടെ കടയ്ക്കൽ കത്തിവെക്കാൻ ആയിരുന്നു.

കേരളത്തിലെ ആദ്യ അറസ്റ്റ് പിണറായിയുടെ വീടിനെ ചൊല്ലി

ഐടി ആക്ടിനെ കുറിച്ച് വലിയ ചർച്ചകൾ നടക്കുമ്പോഴാണ് പിണറായി വിജയന്റെ വീടെന്ന പേരിൽ ഇന്റർനെറ്റിൽ ഒരു ചിത്രം പ്രചരിച്ചിരുന്നത്. ഇതിന്റെ പേരിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതാണ് ഐടിആക്ട് 66 എ പ്രകാരം കേരളത്തിലെ ആദ്യ അറസ്റ്റ്. നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് റിട്ടയേർഡ് അദ്ധ്യാപകനായ ടിജി ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തതും ഈ വകുപ്പ് പ്രകാരമാണ്.

2012 ലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഫേസ്‌ബുക്കിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയെ കുറിച്ചുള്ള കാർട്ടൂൺ ഫോർവേഡ് ചെയ്തതിന് ജാദവപൂർ സർവകലാശാല പ്രൊഫസർ അംബികേഷ് മഹാപാത്ര അറസ്റ്റ് ചെയ്യപ്പെട്ടു. കാര്യക്ഷമത ഇല്ലായ്മയുടെ പേരിൽ പാർലമെന്റിനേയും ഭരണഘടനയെയും വിമർശിക്കുന്ന കാർട്ടൂൺ വരച്ചതിന് സാമൂഹ്യ പ്രവർത്തകനായ അസീം ത്രിവേദി അറസ്റ്റ് ചെയ്യപ്പെട്ടു. തങ്ങളുടെ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ രാഷ്ട്രീയക്കാരെ കളിയാക്കുന്ന അഭിപ്രായങ്ങൾ രേഖപ്പെടുത്തി എന്ന ആരോപണത്തിന്റെ പേരിൽ എയർ ഇന്ത്യ ഉദ്യോഗസ്ഥൻ മായങ്ക് ശർമയും മുംബെ സ്വദേശി കെ വി റാവുവും അറസ്റ്റ് ചെയ്യപ്പെട്ടു. മുൻ ക്യാബിനറ്റ് മന്ത്രിയുടെ പുത്രനെതിരെ അധിഷേപകരമായി ട്വീറ്റ് ചെയ്തു എന്ന ആരോപണത്തിന്റെ പേരിൽ വ്യവസായിയായ രവി ശ്രീനിവാസനെതിരെ പുതുച്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇതുപോലെ കരിനിയമം ആയിരുന്നു കേരള പൊലീസ് ആക്ടിലെ 118ാം വകുപ്പിലെ ഡി ഉപവകുപ്പ്. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നതോ അപകടകരമായതോ ആയ രീതിയിൽ പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നിർവചിക്കുന്ന വകുപ്പാണ് കേരള പൊലീസ് ആക്ടിലെ 118ാം വകുപ്പ്. ഡി ഉപവകുപ്പ് അനുസരിച്ച് മാന്യമല്ലാത്തരീതിയിൽ വാക്കുകളിലൂടെയോ പ്രസ്താവനകളിലൂടെയോ ഏതെങ്കിലും രീതിയിലുള്ള സന്ദേശങ്ങളിലൂടെയോ ഏതെങ്കിലും വ്യക്തിക്ക് ബുദ്ധിമുട്ടുണ്ടായാൽ പൊലീസിന് അറസ്റ്റ് ചെയ്യാം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മൂന്നു വർഷം വരെ തടവോ പതിനായിരം രൂപ വരം പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ഇതും കോടതി റദ്ദാക്കി. ഫേസ്‌ബുക് പോസ്റ്റുകളുടെ പേരിലുള്ള അറസ്റ്റിന് കേരള പൊലീസ് നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പൊലീസ് നിയമത്തിലെ 118 (ഡി) വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മലയാളിയായ അനൂപ് കുമാരൻ നൽകിയ പൊതു താല്പര്യഹർജി കൂടി പരിഗണിച്ചാണ് വിധി ഉണ്ടായത്.

വാക്കുകളിൽ പിടിച്ചായിരുന്നു അന്നും പൊലീസിന്റെ കളി. 'മാന്യമല്ലാത്തരീതിയിൽ വാക്കുകളിലൂടെയോ പ്രസ്താവനകളിലൂടെയോ ഒരു വ്യക്തിക്ക് ബുദ്ധിമുട്ടുണ്ടാക്കുക' എന്ന വാക്ക് നോക്കുക. ബുദ്ധിമുട്ട് എന്നതൊക്കെ എങ്ങനെയും വ്യാഖ്യാനിക്കാം. ചുരിക്കിപ്പറഞ്ഞാൽ പൊലീസിന് ആരെയും അകത്തിടാം എന്നായി. ഇതാണ് സുപ്രീം കോടതി അടിമുടി കുടഞ്ഞു കളഞ്ഞത്.

വിവാദമായ ബാൽതാക്കറേ കേസ്

ഐടി ആക്റ്റിലെ 66 എ എടുത്തുകളയാൻ ഇടയാക്കിയത് വിവാദമായ ബാൽതാക്കറേ കേസ് ആയിരുന്നു.2012 നവംബറിൽ ബാൽതാക്കറെയുടെ മരണത്തെ തുടർന്ന് മുംബൈയിൽ ബന്ദ് പ്രഖ്യാപിച്ചതിനെതിരെ ഫേസ് ബുക്കിൽ പോസ്റ്റിട്ട ശഹീൽ ദാദ, പോസ്റ്റ് ലൈക് ചെയ്ത മലയാളിയായ രേണു ശ്രീനിവാസ് എന്നിവരെ സെക്ഷൻ 66എ പ്രകാരം അറസ്റ്റ് ചെയ്തതിത് നാടിനെ നടുക്കിയിരുന്നു. തുടർന്നാണ് ഈ വകുപ്പിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തു നിയമവിദ്യാർത്ഥിനിയായ ശ്രേയ സിംഗാൾ സമർപ്പിച്ച പൊതു താല്പര്യഹർജി ഉണ്ടാാുന്നത്. സമാനമായ ആവശ്യമുന്നയിച്ച് എൻജിഒ കോമൺ കോസ് എന്ന സംഘടനയും ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റിനും രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖറും കേസിൽ കക്ഷി ചേർന്നു. ഇതിൽ വാദംകേട്ട സുപ്രീംകോടതി സെക്ഷൻ 66 എ യിൽ ഉപയോഗിച്ച വാക്കുകൾ അവ്യക്തമാണെന്നും വകുപ്പു ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചു.
രണ്ടായിരം ആണ്ടിൽ പാസ്സാക്കപ്പെട്ട ഇൻഫോർമേഷൻ ടെക്‌നോളജി ആക്ടിൽ 2006ലും 2008 ലും ഭേദഗതികൾ കൊണ്ടുവന്നിരുന്നു. 2008 ൽ വാർത്താവിനിമയ, ഐ.ടി വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി എ. രാജ കൊണ്ടുവന്ന ഭേദഗതികളെയാണ് മനുഷ്യാവകാശ പ്രവർത്തകരും നിയമ വിശാരദന്മാരും ജനാധിപത്യവിരുദ്ധ നിയമങ്ങളായും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടക്കിൽ കത്തിവെക്കുന്ന ഒന്നായും ചൂണ്ടിക്കാണിച്ചിരുന്നത്.

തെറ്റിദ്ധാരണജനകമായ ഇലക്ട്രോണിക് സന്ദേശങ്ങൾ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കൽ എന്നിവക്കൊക്കെ മൂന്നുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കിയിരുന്നു. ഇത്തരം പ്രശ്നങ്ങളിൽ പൊലീസിന് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താവുന്നതും, എസ് 78 ഐ.ടി ആക്ട് പ്രകാരം സ്പെഷൽ ഓഫിസേഴ്സിന് അന്വേഷണ ചുമതല നൽകിയിട്ടുള്ളതുമാണ്. എന്നാൽ സെക്ഷൻ 66 എ. യിൽ ഉപയോഗിച്ച ''കുറ്റകരമായതോ സ്പർധ ഉളവാക്കുന്നതോ ആയ വിവരങ്ങൾ, ശത്രുതയോ വിദ്വേഷമോ അനിഷ്ടമോ അപകടമോ ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള വിവരങ്ങൾ'' വാക്കുകൾ അവ്യക്തമാണ് എന്നും അനിഷ്ടകരമായ പദങ്ങൾ എന്നത് തികച്ചും ആപേക്ഷികമാണെന്നും വ്യക്തമാക്കിയ കോടതി ഒരാൾക്കിഷ്ട്ടപെട്ടില്ല എന്നതുകൊണ്ട് മാത്രം അയാളെ അറസ്റ്റ് ചെയ്യുന്നതിൽ ന്യായമില്ല എന്നും വ്യക്തമാക്കി. ഇപ്പോൾ പിണറായി കൊണ്ടുവന്ന ഓർഡിൻനസിന്റെ കരടും നോക്കു. വാക്കുകൾ സുപ്രീം കോടതി പറഞ്ഞപോലെ തീർത്തും അവ്യക്തം. എങ്ങനെയും വ്യാഖ്യാനിക്കാം. ആരെയും കുടുക്കാം.

ഒരു വ്യക്തിക്കെതിരായ പരാമർശം മറ്റുള്ളവർക്ക് അങ്ങനെയാകണമെന്നില്ലെന്ന് വിധിന്യായത്തിൽ പറയുന്നു. അതായത് 66എ വകുപ്പ് ആർട്ടിക്കിൾ 19 (2)യുടെ പരിധിയിൽ വരില്ലെന്നു വ്യക്തമാക്കുന്നു. ഇത് വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണ് എന്നും ജസ്റ്റിസുമാരായ ജെ ചെലമേശ്വർ, ആർ എഫ് നരിമാൻ എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു. ഇതിനോടൊപ്പം ഐടി നിയമത്തിലെ 69, 79 വകുപ്പുകളും കേരള പൊലീസ് നിയമത്തിലെ 118 (ഉ)യും ഭരണഘടനാ വിരുദ്ധമാണെന്ന് ഒരുകൂട്ടം ഹർജികളിന്മേൽ വാദം കേട്ട സുപ്രീംകോടതി ബഞ്ച് വിധിന്യായത്തിൽ വ്യക്തമാക്കി.

കൊണ്ടുവന്നത് ബ്രിട്ടൻ റദ്ദാക്കിയ നിയമം

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കരിനിയമം എന്ന് അറിയപ്പെട്ട ഐടി ആ്ക്റ്റ് സെക്ഷൻ 66 എയുടെ ചിരിത്രം രസകരമാണ്. 2003 ൽ യു.കെ. യിൽ പാസ്സാക്കിയ യു.കെ കമ്മ്യൂണിക്കേഷൻസ് ആക്ടിലെ സെക്ഷൻ 127 (1) എന്ന വകുപ്പാണ് ഇന്ത്യയിൽ ചില്ലറ ഭേദഗതികളോടെ സെക്ഷൻ 66 എ ആയി രൂപാന്തരം പ്രാപിച്ചിട്ടുള്ളത്.. രസകരമെന്നു പറയട്ടെ, ബ്രിട്ടൻ പ്രസ്തുത വകുപ്പ് 1935 ലെ പോസ്റ്റ്ഓഫീസ് ആക്ടിൽ നിന്ന് അപ്പടി പകർത്തിവെച്ചതാണ്. ബ്രിട്ടനിൽ തന്നെ ഏറെ വിമർശനം ക്ഷണിച്ചുവരുത്തിയ ഈ നിയമം 2006 Director of Public Prosecution v Collins എന്ന കേസിലെ ഹൗസ് ഓഫ് ലോർഡ്‌സ് വിധിയെ തുടർന്ന് ദുർബലപ്പെടുകയും, യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ പതിനേഴാം വകുപ്പ് പ്രകാരം ഭേദഗതി ചെയ്യണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതുമായിരുന്നു. ഈ വകുപ്പിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ ഭരണകൂടം സെക്ഷൻ 66 എയെ ന്യായീകരിച്ചിരുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, ബ്രിട്ടനിൽ സെക്ഷൻ 127 (1) പ്രകാരം 6 മാസമാണ് പരമാവധി ശിക്ഷയെങ്കിൽ ഇന്ത്യയിലത് 2008 ൽ രണ്ടു വർഷത്തിൽ നിന്ന് മൂന്നു വർഷമാക്കി വർദ്ധിപ്പിക്കുകയാണ് ചെയ്തത്.ഭരണകൂടം വിമർശനങ്ങളെ അത്രമേൽ ഭയപ്പെടുന്നുവനെന്ന് ചുരുക്കം.

ഇൻഫർമേഷൻ ടെക്നോളജിയുടെ കാലഘട്ടത്തിൽ വിവരസാങ്കേതിക മേഖലയിൽ സംഭവിക്കുന്ന നിയമ വിരുദ്ധതകൾക്ക് കടിഞ്ഞാണിടാൻ പര്യാപ്തമായ നിയമം 2000ത്തിൽ രാജ്യത്ത് നിലവിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇൻഫർമേഷൻ ടെക്നോളജി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ഇത് പിന്നീട് നിയമമാകുകയും ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 എന്ന് അറിയപ്പെടുകയും ചെയ്തു. ഈ നിയമത്തിന്റെ ചുവടു പിടിച്ചാണ് 2011ലെ കേരള പൊലീസ് ആക്റ്റിലും ഇതിനു അനുബന്ധ വകുപ്പുകൾ ഇടം പിടിച്ചത്. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 66 എ വകുപ്പും കേരള പൊലീസ് ആക്റ്റിലെ 118 D
വകുപ്പും വിവര സാങ്കേതിക വിനിമയ മാധ്യമങ്ങൾ വഴിയുള്ള നിയമ വിരുദ്ധ സന്ദേശങ്ങൾ അയക്കുന്നത് കുറ്റകരമാണെന്ന് നിർവചിച്ചു.

2013ൽ മൂംബൈയിൽ കുറ്റാരോപിതരെ അറസ്റ്റു ചെയ്യുന്നതിനു കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുമെന്ന് അന്നത്തെ നിയമമന്ത്രി കപിൽസിബാൽ പറയുകയും അറസ്റ്റ് ചെയ്യുന്നതിന് ഐ.ജിയുടെ അനുമതി വേണമെന്നു നിഷ്‌കർഷിക്കുകയുണ്ടായെങ്കിലും 2014 ൽ ഫേസ്‌ബുക്കിൽ രാജ്യദ്രോഹകരമായ പരാമർശം നടത്തിയെന്നു ആരോപിച്ചു വിദ്യാർത്ഥിയായ സൽമാൻ മുഹമ്മദിനെ അർദ്ധരാത്രി വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോയതു കേരളീയ സമൂഹം നേരിൽ കണ്ടകാഴ്ചയാണ്. സൽമാനെതിരെ ചുമത്തിയത് രാജ്യദ്രോഹ നിയമമെന്നു കുപ്രസിദ്ധമായ സെക്ഷൻ 124 (4) ഐ.പി.സി കൂടാതെ ഐ.ടി ആക്ടിലെ സെക്ഷൻ 66 എ യും ഉണ്ടായിരുന്നു.

പുതിയ ഓർഡിനൻസിനും കോടതിയിൽ നിലനിൽക്കില്ല എന്ന് സർക്കാറിനും അറിയാം. പക്ഷേ അപ്പോഴേക്കും കലാവധി കഴിയുമെന്ന ആശ്വാസത്തിലാണ് അവർ. അതുവരെ വിമർശകരെ ഒതുക്കുകയും ചെയ്യാം. ഒരു വെടിക്ക് രണ്ടുപക്ഷി എന്നാണ് സർക്കാറിന്റെ നയം. പക്ഷേ ഒന്നോർക്കണം ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും മോദിയും അടക്കമുള്ളവർ വിവിധഘട്ടങ്ങളിൽ ശ്രമിച്ചിട്ടും നടക്കാതെ പോയതാണ് ഈ മാധ്യമ നിയന്ത്രണം എന്നതും.

കത്തുപൊട്ടിച്ച് വായിക്കാൻ വരെ ശ്രമിച്ച രാജീവ് കാലം

ഇന്ത്യയിൽ മാധ്യമ നിയന്ത്രണം തുടങ്ങിയത് ഇന്ദിരാഗാന്ധിയാണ്. അടിയന്തരാവസ്ഥയിലെ കരാള ദിനങ്ങളിൽ എഡിറ്റോറിയൽ ഒഴിച്ചിട്ട് പത്രങ്ങൾ പ്രതിഷേധിച്ച കാലമായിരുന്നു. അടിമുടി സെൻസറിങ്ങിന്റെ കാലം. പക്ഷേ അത് പിന്നീട് ഇന്ദിരക്കും വലിയ തിരിച്ചടിയായി. നല്ല വാർത്തകളും വികസന വാർത്തകളും വെളിച്ചം കണ്ടില്ല. മാധ്യമലോകത്തിന്റെ ശത്രുവായതോടെ പത്രങ്ങൾ ഒന്നടങ്കം അവർക്കെതിരെ തിരിയുകയും ചെയ്തു. 1989 ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ കൊണ്ടുവരാൻ ശ്രമിച്ച മാനഹാനി നിയമം രാജ്യത്തുണ്ടായ കോളിളക്കം ചെറുതായിരുന്നില്ല. നാനൂറിലേറെ അംഗങ്ങൾ ലോക്‌സഭയിൽ കോൺഗ്രസ്സിനുണ്ടായിരുന്നിട്ടും ബിൽ പാസ്സാക്കാൻ ആയില്ല. ജനരോഷം കാരണം അത് പിൻവലിക്കേണ്ടിവന്നു.

പത്രമാരണ ബില്ലും, സംശയം തോന്നിയാൽ ഏതൊരു പൗരന്റെയും കത്തുകൾ തുറന്നു വായിക്കുവാനും കത്തുകളിൽ തിരുത്തലുകൾ വരുത്തുവാനും ഭരണകൂടത്തിനു അനുമതി നല്കുന്ന പോസ്റ്റൽ ബില്ലും (ഇൻർനെറ്റിൽ സംസാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന പുത്തൻ കരിനിയമങ്ങളുടെ ആദ്യ തലമുറ നിയമങ്ങളുടെ ഉറവിടം എന്നുവിശേഷിപ്പിക്കാം) അന്നുണ്ടായി. പോസ്റ്റ് ഓഫീസിനു സമാന്തരമായി കത്തുകൾ തുറന്നു പരിശോധിക്കുവാനും ഒരു കത്ത് അയച്ചതിന്റെ പേരിൽ പൗരന്മാരെ അറസ്റ്റുചെയ്യുവാനും പോലും അധികാരം നല്കുന്ന മറ്റൊരു സംവിധാനം ആയിരുന്നു കരിനിയമത്തിലൂടെ ലക്ഷ്യമിട്ടത്. അത് ഇന്ത്യയിൽ നടപ്പിലാകാതെ പോയത് രാഷ്ട്രപതി സെയിൽ സിങ് ആ നിയമത്തിൽ ഒപ്പുവയ്ക്കുവാൻ വിസമ്മതിച്ചതിനാൽആണ്.

ഇത്തരം നിരവധി ജനാധിപത്യ വിരുദ്ധമായ നടപടികൾ ആണ് രാജീവ് ഗാന്ധിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ നടന്നത്. ബോഫോഴ്‌സ് ആയുധ ഇടപാടിലെ കോഴയെപറ്റി ഇന്ത്യൻ എക്സ്പ്രസ് ഒരു പരമ്പര എഴുതിയപ്പോൾ ഇന്ത്യൻ എക്സ്പ്രസിന്റെ ഇന്ത്യയിലെ എല്ലാ ഓഫീസുകളിലും എൻഫോഴ്മെന്റ് ഉദ്യോഗസ്ഥർ ഒരേസമയത്തു റെയ്ഡ് നടത്തിയാണ് ഭരണകൂടം പ്രതികരിച്ചത്. അതിനെ തുടർന്ന്മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുവാനായി കൊണ്ടൂവന്ന ഡിമാഫേഷൻ ബിൽ ലോക്സഭയിൽ പാസാക്കിയിട്ടും ജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിർപ്പിനുമുന്നിൽ രാജ്യസഭയിൽ അവതരിപ്പിക്കാതെ പിൻവലിക്കേണ്ടിവന്നു രാജീവ് ഗാന്ധിക്ക്.

മാധ്യമങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ച് മോദിയും
.
കഴിഞ്ഞ മോദി സർക്കാറിന്റെ കീഴിൽ വീണ്ടും പത്രമാരണ നിയമം തിരിച്ചുകൊണ്ടുവരാന നീക്കം നടന്നു. വാർത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ചുമതലക്കാരിയായ സ്മൃതി ഇറാനി കൊണ്ടുവന്ന നടപടികളാണ് വിമർശന വിധേയമായത്. വ്യാജമെന്നു സർക്കാരിനു തോന്നുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരായ നടപടി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അവരുടെ പുറപ്പാട്. വ്യാജ വാർത്ത എന്തെന്ന് ഇനിയും എവിടെയും നിർവചിക്കപ്പെട്ടിട്ടില്ല. അത്തരം വാർത്ത പ്രസിദ്ധീകരിച്ചതായി സർക്കാരിനു തോന്നിയാൽ ആറു മാസത്തേക്ക് ഔദ്യോഗിക അംഗീകാരം റദ്ദാക്കുമെന്നായിരുന്നു കൽപന. പിന്നീടൊരിക്കൽകൂടി പരാതി വന്നാൽ സസ്‌പെൻഷൻ ഒരു കൊല്ലത്തേക്കു നീട്ടുമെന്നും മൂന്നാമതൊരിക്കൽ ഉണ്ടായാൽ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുത്തുമെന്നുമായിരുന്നു ഉത്തരവിലെ ഭീഷണി. എന്നാൽ, ഉത്തരവ് പുറത്തിറങ്ങി 24 മണിക്കൂറിനകം തന്നെ അത് പിൻവലിക്കേണ്ടിവന്നു.

പ്രധാനമന്ത്രി നിർദ്ദേശിച്ചതനുസരിച്ചായിരുന്നു പിൻവാങ്ങലെന്ന വിശദീകരണമുണ്ടായതെങ്കിലും ഉത്തരവിറക്കിയ സ്മൃതി ഇറാനി പ്രധാനമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയാണ് എന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ നിന്നാണ് അവരെ രാജ്യസഭയിലേക്കു ബിജെപി ജയിപ്പിച്ചെടുത്തതും. വാസ്തവത്തിൽ എല്ലാ ഭാഗങ്ങളിൽ നിന്നും രൂക്ഷമായ പ്രതിഷേധങ്ങൾ ഉയർന്നപ്പോഴാണ് സർക്കാരിനു പിടിച്ചുനിൽക്കാൻ കഴിയാതായത്. അടിയന്തരാവസ്ഥ നാളുകളിൽ ഇത്തരം നിയമങ്ങൾ വന്നപ്പോൾ പത്രമാരണം എന്നു പറഞ്ഞു ബഹളം കൂട്ടിയവരുടെ സർക്കാർ ഭരിക്കുമ്പോഴാണ് ഇത്തരമൊരു നിയമം ഇറക്കിയതെന്നതാണ് വിചിത്രം. എല്ലാ പ്രമുഖ പത്രങ്ങളും പ്രശസ്തരായ ഒട്ടേറെ പത്രാധിപന്മാരും പത്രപ്രവർത്തകരും മാധ്യമരംഗത്തെ സംഘടനകളും നിയമവിദഗ്ധരും ഒന്നിച്ച് പ്രതിഷേധ കൊടുങ്കാറ്റുയർത്തിയതിനെ തുടർന്നാണിത്. അന്ന് കേന്ദ്രമന്ത്രി വി.കെ സിങ് മാധ്യമ പ്രവർത്തനങ്ങളെ വേശ്യാവൃത്തിക്കു സാമ്യമായി ഉപമിച്ച് 'പ്രസ്റ്റിറ്റിയുഡ്‌സ്' എന്നു വിളിച്ചതും പ്രതിഷേധങ്ങളുയർന്നപ്പോൾ പിൻവലിച്ചതും നമുക്കറിയാവുന്നതാണല്ലോ.

എല്ലാം ഒളിച്ച് കടത്തിയ കപിൽ സിബൽ

എന്നാൽ, 2012 ൽ ഡോ.മന്മോഹൻസിങ്ങ് പ്രധാനമന്ത്രിയായിരിക്കെ, രാജീവ് ഗാന്ധിയുടെ കാലത്തുകൊണ്ടുവന്നതിനേക്കാൾ അപകടകരമായ ഒരു വ്യവസ്ഥ ലോക്‌സഭയിലൂടെ ഒളിച്ചുകടത്തി. ഒച്ചയും ബഹളവും ഉണ്ടായില്ല. രാജ്യം അറിഞ്ഞുപോലുമില്ല. പുതിയ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാൻ ഉപയോഗിക്കാവുന്ന വ്യവസ്ഥ അതിസമർത്ഥമായി ഐ.ടി. നിയമത്തിൽ തുന്നിച്ചേർത്ത് ഒളിച്ചുകടത്തുകയായിരുന്നു. നിയമം ലോക്‌സഭയിൽ ചർച്ച ചെയ്യപ്പെട്ടതുപോലുമില്ല.

രാജീവ് ഗാന്ധിയേക്കാൾ ബുദ്ധിമാനാണ് ഐ.ടി വകുപ്പ് കൈകാര്യം ചെയ്ത കേന്ദ്രമന്ത്രി കപിൽ സിബൽ എന്ന് ടെലഗ്രാഫ് പത്രം അന്ന് പരിഹസിക്കുകയുണ്ടായി. കപിൽ സിബൽ നിയമപണ്ഡിതനുമാണല്ലോ. പിന്നീട് പാർലമെന്റിൽ വിമർശനമുണ്ടായപ്പോഴെല്ലാം കപിൽ സിബൽ അതിനെ ന്യായീകരിച്ചു. നിയമമാക്കുമ്പോൾ അധികമാർക്കും അതിന്റെ അപകടം ബോധ്യമായിരുന്നില്ല. അതായിരുന്നു ഐ.ടി. നിയമത്തിലെ 66 എ വ്യവസ്ഥ അനുസരിച്ച് പരാതി കിട്ടിയാൽ ഉടൻ പൊലീസിന് എതിർകക്ഷിയെ അറസ്റ്റ് ചെയ്യാം. എഴുതിയത് വാർത്ത ആവണമെന്നുമില്ല. ഫേസ്‌ബുക്കിലെ ഒരു പോസ്റ്റിന് ലൈക് അടിച്ച് ജയിലിലായവർ ചൈനയിൽ പോലും കാണില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് അങ്ങനെ സംഭവിക്കുകതന്നെ ചെയ്തു. അതാണ് കോടതി റദ്ദാക്കിയത്. പക്ഷേ ഇപ്പോൾ അതിനേക്കാൾ ഭീകര സാധനമാണ് പിണറായി കൊണ്ടുവരുന്നത്.

ഒരുവെടിക്ക് രണ്ടുപക്ഷിയാണ് പിണറയായിയുടെ മുന്നിൽ. സ്ത്രീകളുടെ അവകാശത്തിനുവേണ്ടി നിൽക്കുന്നുവെന്ന് കൈയടിയും കിട്ടും വിമശകരെ അകത്താക്കുകയും ചെയ്യാം.

ഷീ ജിൻ പിങ്ങ് ആവാൻ ശ്രമിക്കുന്ന പിണറായി

സൈബർ ലിഞ്ചിങ്ങ് എന്നത് കേരളത്തിൽ മാത്രമല്ല ലോക വ്യാപകമായി ഉണ്ട്. വികസിത ജനാധിപത്യരാജ്യങ്ങൾ എങ്ങനെയാണ് ഈ പുതിയ കാല പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത് എന്നും പഠിക്കേണ്ടതുണ്ട്. അമേരിക്കയിലേക്ക് നോക്കുക, നിങ്ങൾ ട്രംപിനെ നുണയൻ, വഞ്ചകൻ എന്നൊക്കെ അധിക്ഷേപിച്ചാലും ഒരു പ്രശനവുമില്ല. പക്ഷേ അദ്ദേഹത്തിനെയിരെ ഒരു സാമ്പത്തിക അഴിമതിയോ ആരോപണമോ വരുമ്പോൾ തെളിവുകൾ വേണം. അതുപോലെതന്നെ സെക്സി കണ്ടന്റ് ഉള്ളപ്പോൾ, വംശീയ വിദ്വേഷം പടർത്തുമ്പോൾ, മത വിദ്വേഷം പടർത്തുമ്പോൾ ഒക്കെയാണ് വികസിത രാജ്യങ്ങൾ നടപടി എടുക്കാറുള്ളത്. അല്ലാതെ നമ്മുടെ നാട്ടിലെപോലെ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ അല്ല. ഫ്രാൻസ് അടക്കമുള്ള പുരോഗന രാജ്യങ്ങളിലൊക്കെ മതനിന്ദപോലും ഒരു കുറ്റമല്ല.

ഇന്ത്യയിലും പരിധികൾക്കുള്ളിലാണ് അഭിപ്രായ സ്വാതന്ത്ര്യം. അതിന് പുതിയ നിയമങ്ങൾ വേണ്ട്. നിലവിലുള്ള നിയമങ്ങൾ തന്നെ ധാരാളമാണ്. ഇനി സ്ത്രീകളെ അപമാനിക്കുന്നതിനും ശക്തമായ നിയമങ്ങൾ ഉള്ള രാജ്യമാണ് ഇന്ത്യ. അത് പിണറായിക്കും നടപ്പാക്കുവുന്നതെയുള്ളൂ. ഇനി മാധ്യമ രംഗത്താണെങ്കിൽ എഡിറ്റേഴ്‌സ് ഗിൽഡിനേയും ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയെയും ഇന്ത്യൻ പത്രപ്രവർത്തക ഫെഡറേഷനെയും പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയെയും പോലുള്ളക്ക് സ്വയം നിയന്ത്രണം കൊണ്ടുവരാനും കഴിയും. ഒളിച്ചുവയ്ക്കലല്ല തെളിച്ചു പറയലാണ് യഥാർഥ പത്രധർമം എന്ന് അധികാര കേന്ദ്രങ്ങളും മനസിലാക്കേണ്ടതുണ്ട്. അയോധ്യയിലെ ബാബരി മസ്ജിദ് ധ്വംസനവും ഗോധ്രയിലെ കലാപങ്ങളും നെല്ലിയിലെ കൂട്ടക്കൊലയും ഭോപ്പാലിലെ വിഷവാതക ദുരന്തവും ഒക്കെ പുറത്തുകൊണ്ടുവന്നത് ജീവൻ പണയം വച്ചു രംഗത്തിറങ്ങിയ ധീരരായ പത്രപ്രവർത്തകരാണ്. അതുകൊണ്ടതന്നെ ജനാധിപത്യത്തിന്റെ പ്രാണവായുവാണ് മാധ്യമ സ്വാതന്ത്യം എന്നതും മറന്നുപോകരുത്.

ഓരോഘട്ടത്തിലും ഷീ ജിൻ പിങ്ങിനെ അനുകരിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് കേരളാ മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. വാജ്യവാർത്ത കണ്ടെത്താൻ കമ്മറ്റിവെച്ചതും അതിൽ ശ്രീറാം വെങ്കിട്ടരാമനെ അധ്യക്ഷനാക്കിയതും ഓർക്കുക. അതുപോലെ മന്ത്രിമാരുടെ അധികാരങ്ങൾ കുറിച്ച് എല്ലാം മുഖ്യമരന്തിയിലേക്ക് കേന്ദ്രീകരിക്കുന്ന ഭരണ സംവിധാനം കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഈയിടെ പുറത്തുവന്നത്. അതായത് തുടർച്ചയായി ഉണ്ടായ ഏകാധിപത്യ പ്രവണതയുടെ പരിണാമമാണ് 'ഭാഗ്യലക്ഷ്മി ഓർഡിനൻസ്' എന്നതും കാണാതിരിക്കാൻ ആവില്ല. ഇന്ത്യാമഹാരാജ്യം ഇന്നേവരെ കണ്ട പത്ര മാരണ ബിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓർഡിനിൻസ് ആക്കി, ഇറക്കാൻ പോവുകയാണ്. നാളെ അവർ നിങ്ങളെത്തേടിയെത്തുമ്പോൾ നിങ്ങൾക്ക് ശബ്ദമുയർത്താൻ പോലും ആവില്ല.

വാൽക്കഷ്ണം: കേരളത്തിൽ പുകവലി നിരോധനം വന്നകാലം. പക്ഷേ പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ പൊലീസ് പിടികൂടുന്നില്ലെന്ന് അന്ന് വിമർശനം വന്നു. അപ്പോൾ അന്നത്തെ മുഖ്യമന്ത്രി നായനാർ പറഞ്ഞത് ഓർമ്മവരുന്നു.'എടോ നമ്മുടെ പൊലീസിനെ എനിക്ക് നന്നായിട്ട് അറിയാം. അവർ ഒരു സിഗരറ്റ് കത്തിച്ച് കൈയിൽ കൊടുത്തിട്ട് ആളുകളെ പിടിച്ച് അകത്തിട്ടും.' അതുപോലെ കടുത്ത പൊലീസ് രാജിനാണ് പിണറായിയുടെ ഓർഡിനൻസ് വഴിവെക്കുക. എത് പോസ്റ്റും വ്യാഖ്യാനിച്ച് ആരും അറസ്റ്റിലാവുന്ന അവസ്ഥ. നായനാരിൽനിന്ന് പിണറായിയിലേക്കുള്ള ദൂരം എത്ര വലുതാണെന്ന് ഓർക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP