Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലാപകാരികൾ പാഞ്ഞെടുക്കുന്നത് കണ്ട് മോദിയെ വിളിച്ചു ഇസ്ഹാൻ ജാഫ്രി; ഏതാനും മിനുട്ടുകൾക്കകം ആ എംപി വെട്ടിക്കൊല്ലപ്പെടുന്നു; ഫോൺ റെക്കോർഡുകൾ അപ്രത്യക്ഷമായി; സാക്ഷികൾ ഒന്നൊന്നായി കൂറുമാറി; ഇപ്പോൾ സുപ്രീം കോടതിയിൽ വാദി പ്രതിയായി; ടീസ്റ്റ, ശ്രീകുമാർ സഞ്ജീവ് ഭട്ട്... ബിജെപി വേട്ടയാടുന്ന ത്രിമൂർത്തികളുടെ കഥ!

കലാപകാരികൾ പാഞ്ഞെടുക്കുന്നത് കണ്ട് മോദിയെ വിളിച്ചു ഇസ്ഹാൻ ജാഫ്രി; ഏതാനും മിനുട്ടുകൾക്കകം ആ എംപി വെട്ടിക്കൊല്ലപ്പെടുന്നു; ഫോൺ റെക്കോർഡുകൾ അപ്രത്യക്ഷമായി; സാക്ഷികൾ ഒന്നൊന്നായി കൂറുമാറി; ഇപ്പോൾ സുപ്രീം കോടതിയിൽ വാദി പ്രതിയായി; ടീസ്റ്റ, ശ്രീകുമാർ സഞ്ജീവ് ഭട്ട്... ബിജെപി വേട്ടയാടുന്ന ത്രിമൂർത്തികളുടെ കഥ!

എം റിജു

''ഞങ്ങളുടെ ഗൂൽബർഗ് സൊസൈറ്റി മുഴുവൻ നിന്നു കത്തുകയായിരുന്നു. ഞാൻ മകളുടെ കൈ മുറുകെ പിടിച്ചിരുന്നു. അവൾ മകന്റെയും. ഞങ്ങളുടെ അടുക്കളയ്ക്കു മാത്രമായിരുന്നു തീ പിടിക്കാതിരുന്നത്. പിന്നീട് അതിനും തീ പിടിച്ചു. കത്തിക്കരിഞ്ഞു മരിക്കുന്നതിനേക്കാൾ നല്ലത് വെട്ടിനുറുക്കി കൊല്ലപ്പെടുന്നതാണെന്ന് എനിക്കു തോന്നി. കാരണം കത്തിക്കരിഞ്ഞാൽ ഒന്നും ബാക്കിയുണ്ടാവില്ലല്ലോ. അതുകൊണ്ട് മൂന്നാം നില ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിയോടാൻ തീരുമാനിച്ചു.

സൊസൈറ്റിയിലെ മറ്റുള്ളവരും ഇതുപോലെ സുരക്ഷിത ഇടം നോക്കി ഓടുന്നുണ്ടായിരുന്നു. എല്ലാവരും ഇസ്ഹാൻ ജാഫ്രി സാഹിബിന്റെ ( കോൺഗ്രസ് എം പി) വീട്ടിലേക്കായിരുന്നു പോയത്. ഒന്നാം നിലയിലായിരുന്നു ഞങ്ങൾ. എന്റെ മുന്നിൽവെച്ച് അദ്ദേഹം പല പൊലീസുകാരെയും പലതവണ വിളിച്ചു. മുഖ്യമന്ത്രി മോദിയെ വിളിക്കാൻ ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവസാനം മോദി ഫോണെടുത്തു. എന്നിട്ടും കലാപകാരികളെ തടയാനായില്ല.

സമയം പോകുന്തോറും ഞങ്ങൾക്ക് കൂടുതൽ അരികിലേക്ക് എത്താൻ തുടങ്ങിയ കലാപകാരികൾ സൊസൈറ്റിയിലെ മതിലിലൂടെ കയറാൻ തുടങ്ങി. ഈ സ്ഥിതിയിലെത്തിയതോടെ ജാഫ്രി പുറത്തിറങ്ങി കലാപകാരികളോട് സംസാരിച്ച് ഞങ്ങളെ വെറുതെ വിടണമെന്ന് പറയാൻ തീരുമാനിച്ചു. കലാപകാരികൾ അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് ഞാൻ കണ്ടതാണ്. അവർ അദ്ദേഹത്തെ മർദ്ദിച്ചു. വീട്ടുകാരുടെ കൺമുന്നിൽവച്ച് തുരുതുരാ വെട്ടി. അദ്ദേഹത്തിന്റെ കൈകാലുകൾ അറ്റുതൂങ്ങി. പിന്നെ പെട്രോളൊഴിച്ച് തീകൊളുത്തി ചുട്ടുകൊന്നു.''-

2022 ഫെബ്രുവരി 28ന് ഗുജറാത്തിലെ ഗുൽബർഗ സൊസൈറ്റിയിൽ 68 പേരുടെ മരണത്തിനടിയാക്കിയ വർഗീയ കലാപത്തിൽനിന്ന് രക്ഷപ്പെട്ട രൂപാബെൻ എന്ന പാഴ്സി വീട്ടമ്മയുടെ അനുഭവം ആണിത്. മുസ്ലീങ്ങളെ ലക്ഷ്യമിട്ട കലാപത്തിൽ പാവം പാർസികളും പെട്ടു! കലാപത്തിൽ അവർക്ക് മകനെ നഷ്ടമായി. അവരുടെ അനുഭവമാണ് 'പർസാനിയ' എന്ന വിഖ്യാത ചലച്ചിത്രം.

പക്ഷേ അന്ന് ഈ പാവങ്ങൾക്ക് അഭയം നൽകിയതിന്റെ പേരിൽ കലാപകാരികളാൽ കൊല്ലപ്പെട്ട കോൺഗ്രസ് എം പി ഇസ്ഹാൻ ജാഫ്രിക്ക് നീതി കിട്ടിയോ എന്ന ചോദ്യം എന്നും ഇന്നും പ്രസക്തമാണ്. കലാപത്തിൽ അന്നത്തെ ഗുജാറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് അടക്കമുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ഹാൻ ജാഫ്രിയുടെ വിധവ, സാക്കിയ ജാഫ്രി നൽകിയ ഹരജി, ഒന്നരപ്പതിറ്റാണ്ടു നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ സുപ്രീം കോടതി തള്ളിയിരിക്കയാണ്. നരേന്ദ്ര മോദി അടക്കം 63 ഉന്നതരെ പരമോന്നത നീതിപീഠം കുറ്റമുക്തരാക്കി. ഇതോടെ വാദി പ്രതിയാവുന്ന അവസ്ഥയാണ് ഉണ്ടായത്.

ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതി ലഭിക്കാനുള്ള എല്ലാ പോരാട്ടങ്ങൾക്കും പിന്തുണ നൽകിയ മനുഷ്യാവകാശ പ്രവർത്ത ടീസ്്റ്റ് സെറ്റൽവാദ്, മുൻ ഡിജിപിയും മലയാളിയുമായ ആർ ബി ശ്രീകുമാർ, നിലവിൽ ജയിലിൽ കിടക്കുന്ന ഗുജറാത്ത് മുൻ ഡിഐജി സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കയാണ്. ടീസ്റ്റയും ശ്രീകുമാറും അറസ്റ്റിലാവുകയും ചെയ്തു. വ്യാജ വിവരങ്ങൾ നൽകി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചുവെന്ന് ഇവർക്കെതിരായ ആരോപണം.

ഈ നടപടികൾ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകരെ ഞെട്ടിച്ചിട്ടുണ്ട്. രാജ്യം ശരിക്കും ഒരു അർധഫാസിസത്തിലേക്ക് പോകുന്നതിന്റെ സൂചനകളാണ് ഇത് നൽകുന്നത്. രാമചന്ദ്രഗുഹ മുതൽ, നടൻ പ്രകാശ് രാജ്വരെയുള്ളവർ ടീസ്റ്റക്കും കൂട്ടർക്കും എതിരായ നടപടിക്കെതിരെ രംഗത്തെത്തിയുണ്ട്. ടീസ്റ്റയെ അറസ്റ്റ് ചെയ്ത ഗുജറാത്ത് പൊലീസിന്റെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രതിരോധത്തിന് വേണ്ടിയുള്ള യു.എന്നിന്റെ സ്‌പെഷ്യൽ റിപ്പോർട്ടർ മേരി ലോവർ പ്രതികരിച്ചിട്ടുണ്ട്.

ഇതോടെ വിഷയം രാജ്യാന്തര തലത്തിലും എത്തുകയാണ്. കോൺഗ്രസും സംഭവത്തിൽ പ്രതിഷേധിക്കുന്നുണ്ട്. പക്ഷേ രാഹുൽ ഗാന്ധിപോലും ഇഡിയുടെ വലയിൽ കൂടുങ്ങിക്കിടക്കുന്നതിനാൽ അവർക്ക് ശക്തമായി പ്രതിഷേധിക്കാൻ ആവുന്നില്ല. ടീസ്റ്റ, ശ്രീകുമാർ, സ്ഞ്ജീവ് ഭട്ട്... സത്യത്തിൽ മോദിയും അമിത്ഷായും പേടിക്കുന്ന ത്രിമൂർത്തികൾ ആണിവർ.

ആരാണ്  ടീസ്റ്റ് സെറ്റൽവാദ്?

ഇന്ന് ഇന്ത്യയിൽ മോദിയും അമിത്ഷായും ഏറ്റവും കൂടുതൽ ഭയക്കുന്നത്, രാഹുൽ ഗാന്ധിയെ ഒന്നുമല്ല. ടീസ്റ്റ സെറ്റൽവാദ് എന്ന മനുഷ്യാവകാശ പ്രവർത്തകയെ ആണ്. ഇന്ത്യയിലെ ആദ്യ അറ്റോർണി ജനറൽ എം സി സെറ്റൽവാദിന്റെ ചെറുമകളാണ് ടീസ്റ്റ സെറ്റൽവാദ്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച ഹണ്ടർ കമ്മീഷനിലെ മൂന്ന് ഇന്ത്യക്കാരിൽ ഒരാളായിരുന്നു അവരുടെ മുത്തച്ഛൻ ചിമൻലാൽ ഹരിലാൽ സെറ്റൽവാദ്.

മുംബൈയിൽ പത്രപ്രവർത്തകയായാണ് ടീസ്റ്റ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ പത്മശ്രീ ടീസ്റ്റ സെറ്റൽവാദ് ഗുജറാത്ത് കലാപത്തെ തുടർന്ന് 2002ൽ സ്ഥാപിതമായ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളും അതിന്റെ സെക്രട്ടറിയുമാണ്. ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെട്ടവർക്ക് നിയമ സഹായങ്ങൾ നൽകുകയാണ് സംഘടനയുടെ ലക്ഷ്യം.

2002ൽ ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെട്ടവരുടെ കേസുകൾ ആദ്യമായി ഏറ്റെടുത്ത ആക്ടിവിസ്റ്റാണ് ടീസ്റ്റ. പിന്നീട് ആറു വർഷത്തിന് ശേഷം കലാപത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി മുൻ സിബിഐ ഡയറക്ടർ ആർ.കെ.രാഘവന്റെ കീഴിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിലേക്ക് സുപ്രീം കോടതിയെ നയിച്ചതും ഇവരാണ്.

2007 മാർച്ചിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിക്കും മറ്റ് 61 രാഷ്ട്രീയ നേതാക്കൾക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കലാപത്തിൽ കൊല്ലപ്പെട്ട ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ സഹഹരജിക്കാരിയായിരുന്നു ടീസ്റ്റ. 2002ലെ കലാപത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നതിനാൽ സിബിഐ അന്വേഷണം വേണമെന്ന് ടീസ്റ്റ വാദിച്ചു. എന്നാൽ ടീസ്റ്റയുടെ ആവശ്യം ഹൈക്കോടതി തള്ളിയെങ്കിലും അവർ സുപ്രീം കോടതിയെ സമീപിച്ചു.

പിന്നാലെ ടീസ്റ്റയുടെ ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താൻ സുപ്രീം കോടതി സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീമിന് നിർദ്ദേശം നൽകി. പിന്നീട് സി.ജെ.പിയിലെ മുൻ അംഗവും അഹമ്മദാബാദിൽ സംഘടനയുടെ സ്ഥിരം പ്രവർത്തകനുമായ റയീസ് ഖാനുമായി അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പേരിൽ ടീസ്റ്റ അകന്നു.

2014ൽ സബ് രംഗ് എന്ന എൻ.ജി.ഒക്ക് വേണ്ടി ലഭിച്ച ധനസഹായം വ്യക്തിഗത ആവശ്യത്തിന് വേണ്ടി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് റയീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടീസ്റ്റക്കും ഭർത്താവ് ജാവേദ് ആനന്ദിനുമെതിരെ 2018ൽ അഹമ്മദാബാദ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഈ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹരജി ഇപ്പോൾ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സബ് രംഗ് ട്രസ്റ്റ് വഴി ഗുജറാത്ത് വംശഹത്യയിലെ ഇരകളുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ടീസ്റ്റ സജീവമായി ഇടപെട്ടിരുന്നു.

അവർ ഗുജറാത്തിലെത്തി ഇരകളെ നേരിട്ട് കാണുകയും അവരോട് സംസാരിച്ച ശേഷം കേസുകൾ തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഗുൽബർഗ് സൊസൈറ്റി, നരോദ പാട്യ, നരോദ ഗാം, സർദാർപുര, ദിപ്ദ ദർവാജ ഇരകൾ, ഒഡെ, വഡോദരയിലെ ബെസ്റ്റ് ബേക്കറി കേസ് തുടങ്ങി ഗുജറാത്ത് കലാപത്തിലാകെ ഇരയാക്കപ്പെട്ടവരുടെ കേസുകൾ അവർ ഏറ്റെടുത്തു.

2006ൽ മതവികാരം വ്രണപ്പെടുത്തൽ, തെറ്റായ തെളിവുകൾ കെട്ടിച്ചമക്കൽ, പണ്ടേർവാഡ ഗ്രാമത്തിലെ ശ്മശാനങ്ങളിൽ അതിക്രമിച്ച് കയറി 28ഓളം മുസ്ലിംകളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്നീ കുറ്റങ്ങൾ ചുമത്തി ടീസ്റ്റ, റയീസ് എന്നിവരുൾപ്പടെ മറ്റ് പത്ത് പേർക്കെതിരെ പഞ്ച്മഹൽസ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഈ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ടീസ്റ്റയുടെ ഹരജി ഇന്നും ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിൽ തന്നെയാണ്. അതായത് തന്റെ പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം കോടതി കയറപ്പെടുന്ന വ്യക്തിയാണ് അവർ.

സംഘപരിവാറിന്റെ ഗ്രൂപ്പുകളിൽ കപട മനുഷ്യാവകാശ പ്രവർത്തക എന്നാണ് ഇവർ പരിഹസിക്കപ്പെടുന്നത്. അതുപോലെതന്നെ ടീസ്റ്റയുടെ അക്കൗണ്ടിൽ വന്ന കോടികൾക്കുള്ള കൃത്യമായ കണക്ക് പറയാൻ കഴിയാഞ്ഞതും, അവർക്ക് വിനയായി. ഒരു വേള 'നിങ്ങൾക്ക് എവിടെ നിന്നാണ് ഇത്രയും പണം വരുന്നതെന്ന് കോടതിക്കുപോലും ചോദിക്കേണ്ടി വന്നു. അത് തന്റെ സബ് രംഗ് എന്ന എൻജിഒക്ക് വന്ന ഫണ്ടാണെന്നാണ് ടീസ്റ്റ് വിശദീകരിക്കുന്നത്.

'' ഗുജറാത്ത് ഇരകളെ പിഴിഞ്ഞ് ടീസ്റ്റ് കോടീശ്വരിയാവുകയാണ് ചെയ്തത്.
ഗുൽബർഗ നിവാസികൾ ഇപ്പോഴും പഴയ പോലെ തന്നെയാണ്. ഒരു ദിവസം 15 ലക്ഷം വരെ ഫീസ് വാങ്ങുന്ന കപിൽ സിബലിന്റെ പോലുള്ള അഡ്വക്കേറ്റ്സ് അവർക്ക് വേണ്ടി ജോലി ചെയ്യുന്നു.യുപിഎയുടെ കാലത്ത് കുഞ്ഞുങ്ങൾക്ക് ചരിത്ര പാഠപുസ്തകങ്ങൾ എഴുതാൻ ഉള്ള കോടികളുടെ കരാർ നേടി. ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പാഠപുസ്തക എഴുത്തുകാരിയായി. തീർത്തും അഴിമതിക്കാരിയാണ് ഇവർ''- ഗുജറാത്തിലെ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമാല വിജയ് രൂപാനി ആരോപിക്കുന്നു. എന്നാൽ വായിൽ വെള്ളിക്കരണ്ടിയുമായാണ് ടീസ്റ്റ ജനിച്ചതെന്നും, അവർക്ക് ആർജ്ജിത പിതൃസ്വത്തുക്കൾ തന്നെ കോടികൾ വരുമെന്നും ഈ കേസിൽ നിന്ന് കൈയിട്ട് വാരേണ്ട കാര്യമൊന്നുമില്ല എന്നതാണ് അവരെ അനുകൂലിക്കുന്നവർ പറയുന്നത്.

ആർ ബി ശ്രീകുമാർ എന്ന വിവാദ നായകൻ

എന്നെന്നും വിവാദ വ്യക്തിത്വമാണ് ആർ ബി ശ്രീകുമാർ എന്ന മലയാളി. 1947 ഫെബ്രുവരി 12 ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് ജനനം. ചരിത്രത്തിലും ഗാന്ധി ചിന്തയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശ്രീകുമാർ ഐപിഎസാണ് തെരഞ്ഞെടുത്തത്. 1971ലെ ഐപിഎസ് കേഡറിൽ ഇദ്ദേഹം ഔദ്യോഗിക ജീവിതം തുടങ്ങി. ഗുജറാത്ത് കലാപ സമയത്ത് ഇന്റലിജൻസ് ഡി.ജി.പി. ആയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി മോദിക്കും ബിജെപി നേതാക്കൾക്കും, കാലാപത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് ശ്രീകുമാറിന്റെ വെളിപ്പെടത്തൽ ഞെട്ടിക്കുന്നതായിരുന്നു. രണ്ടു ദിവസം നിഷ്‌ക്രിയർ ആയിരിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മോദി പറഞ്ഞുവെന്നായിരുന്നു ശ്രീകുമാറിന്റെ ആരോപണം.

ഗുജറാത്തിലെ ഡി.ജി.പി. പദവിയിലേക്ക് പ്രൊമോഷൻ നൽകാഞ്ഞതിനെതിരെ, സെൻട്രൽ അഡ്‌മിനിസ്ട്രേഷൻ ട്രിബ്യൂണലിൽ നൽകിയ പരാതിയിൽ അനുകൂലമായ വിധി നേടിയ വ്യക്തിയാണ് ഇദ്ദേഹം. സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ഈ വിധി ലഭിച്ചത്. തനിക്ക് പ്രൊമോഷൻ നിഷേധിക്കപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നാണ് ശ്രീകുമാർ പറയുന്നത്. ഗുജറാത്ത് കലാപകാലത്തെ തന്റെ അനുഭവങ്ങളും നരേന്ദ്ര മോദിക്ക് അതിലുള്ള പങ്കിനേയും വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പ് 'ഗുജറാത്ത്-ഇരകൾക്ക് വേണ്ടി ഒരു പോരാട്ടം' വലിയ ചർച്ചയും വിവാദവും ആയിരുന്നു.

അതേസമയം ആർ ബി ശ്രീകുമാർ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്, നമ്പി നാരായണനിൽ നിന്നായിരുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് തന്നെ ഏറ്റവും അധികം ഉപദ്രേവിച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ് ശീകുമാർ എന്ന് നേരത്തെ നമ്പി നാരായണൻ പറഞ്ഞിരുന്നു. ''തുമ്പ വി എസ്എസിയിൽ കമാന്റൻഡ് ആയി ശ്രീകുമാർ ജോലി നോക്കിയിരുന്നു. അക്കാലത്ത് ബന്ധുവിന് വി എസ്എസ്സിയിൽ നിയമനത്തിനായി എന്നെ സമീപിച്ചു. ഞാൻ ആവശ്യം നിരസിച്ചത് വൈരാഗ്യത്തിന് കാരണമായി. ആർ ബി ശ്രീകുമാർ തന്റെ ഓഫീസിലെത്തി അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കി''- നമ്പി നാരായണൻ പറയുന്നു. മറിയം റഷീദയുടെ അറസ്റ്റ് ആർബി ശ്രീകുമാർ പറഞ്ഞിട്ടാണെന്നും, ഐബിയും റോയും നൽകിയ വിവരപ്രകാരമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസും നേരത്തെ ആരോപിച്ചിരുന്നു.

ഇപ്പോൾ ശ്രീകുമാർ അറസ്റ്റിലായപ്പോഴും പ്രതികരണമായി നമ്പി നാരായണൻ എത്തി. തന്നോട് ചെയ്തത് തന്നെയാണ് ഗുജറാത്ത് കലാപക്കേസിലും ആർ ബി ശ്രീകുമാർ ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. ''ഐഎസ്ആർഒ ചാരക്കേസിലും ആർബി ശ്രീകുമാർ ചെയ്തത് ഇത് തന്നെയാണ്. കെട്ടുകഥകൾ ഉണ്ടാക്കി അതിനെ വിവാദത്തിലേക്ക് എത്തിക്കുന്നു. മുമ്പും ഇത് തന്നെയായിരുന്നു അയാൾ ചെയ്തിരുന്നത്. എല്ലാത്തിനുമൊരു പരിധിയുണ്ട്. ഈ അറസ്റ്റിൽ സന്തോഷിക്കുന്നു. നിയമത്തിന്റെ പഴുതുകൾ മുതലെടുക്കാൻ ആരെയും അനുവദിക്കരുത്''- നമ്പി നാരായണൻ പറഞ്ഞു.

ജയലിൽ അടച്ചിട്ടും തീരാത്ത പക

മോദിയുടെയും അമിതാഷായുടെയും നിരന്തര വിമർശകനായ ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് ഇപ്പോൾ ജയിലിലാണ്. എന്നിട്ടും വീണ്ടും അയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നു. പുതിയ കേസിന്റെ അന്വേഷണത്തിനായി ഭട്ടിനെ വിട്ടുകിട്ടാനുള്ള ട്രാൻസ്ഫർ വാറന്റ് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് ഗുജറാത്ത് ഡി.സി.പി ചൈതന്യ മണ്ഡലിക് മാധ്യമങ്ങളെ അറിയിച്ചത്.

 

2018 സെപ്റ്റംബർ അഞ്ചിനാണ് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 1996 ലെ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു ഗുജറാത്ത് സിഐഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മോദിയുടെയും ബിജെപിയുടെയും കടുത്ത വിമർശകനായിരുന്ന സഞ്ജീവ് ഭട്ടിനെ പഴയ കേസുകൾ പൊടിതട്ടിയെടുത്ത് വേട്ടയാടുകയാണ് മോദിയും ബിജെപിയും എന്ന ആക്ഷേപം അന്നുതന്നെ ശക്തമാണ്. അതിനിടെയാണ് 2019 ൽ സഞ്ജീവ് ഭട്ടിനെ 30 വർഷം മുമ്പുള്ള കസ്റ്റഡി മരണ കേസിൽ കോടതി ജീവ പരന്ത്യം തടവിന് ശിക്ഷിച്ചത്.

ഗുജറാത്തിലെ വംശഹത്യ നടന്നത് നരേന്ദ്ര മോദി അറിഞ്ഞുകൊണ്ടാണെന്ന് പറഞ്ഞതോടെയാണ് സഞ്ജീവ് ഭട്ട് ബിജെപിയുടെയും സംഘ്പരിവാറിന്റെയും കണ്ണിലെ കരടായത്. 2002 ലെ ഗോന്ധ്ര ട്രെയിൻ തീവെപ്പ് കേസിനെ തുടർന്ന് ഹിന്ദുക്കൾക്ക് പ്രതികാരം ചെയ്യാൻ സൗകര്യം ഉണ്ടാക്കണെമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മോദി ആവശ്യപ്പെട്ടുവെന്നായിരുന്നു സഞ്ജീവ് ഭട്ട് അന്വേഷണ കമ്മീഷന് മുന്നിൽ മൊഴി നൽകിയത്. എന്നാൽ പ്രത്യേക അന്വേഷണ സംഘം, സഞ്ജീവ് ഭട്ട് അന്ന് മോദി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തില്ലെന്ന വിലയിരുത്തലിലാണ് എത്തിയത്.

പിന്നീടുള്ള സഞ്ജീവ് ഭട്ടിന്റെ ജീവിതം വേട്ടയാടപ്പെടലിന്റെതായിരുന്നു. 2015 ൽ അദ്ദേഹത്തെ സർവീസിൽ നിന്ന് നീക്കം ചെയ്തു. അനുമതിയില്ലാതെ ലീവെടുത്തുവെന്നായിരുന്നു ആരോപണം. 2012 ലാണ് 30 വർഷം മുമ്പ് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ഒരു കേസ് സഞ്ജീവ് ഭട്ടിനും മറ്റ് ആറ് പൊലീസുകാർക്കുമെതിരെ എടുക്കുന്നത്.

ജാംനഗറിൽ അഡീഷണൽ സുപ്രണ്ട് ഓഫ് പൊലീസ് ആയിരിക്കെ കസ്റ്റഡിയിലെടുത്ത പ്രഭുദാസ് വൈഷ്ണവി എന്നയാൾ പിന്നീട് മരിച്ചത് കസ്റ്റഡിയിൽ നേരിട്ട പീഡനത്തെ തുടർന്നായിരുന്നു എന്നതാണ് കേസ്. എൽ കെ അദ്വാനിയുടെ രഥയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടായ വർഗീയ കലാപത്തെ തുടർന്നാണ് അന്ന് 150 ഓളം പേരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലെടുത്ത് ഒമ്പത് ദിവസത്തിന് ശേഷം വൈഷ്ണവിയെ വിട്ടയക്കുകയും ചെയ്തു. വിട്ടയച്ച് 10 ദിവസത്തിന് ശേഷമാണ് ഇയാൾ മരിക്കുന്നത്. ആ കേസിലാണ് വിചാരണ പുനരാരംഭിക്കാൻ ബിജെപി സർക്കാർ തീരുമാനിച്ചത്. 2018 ൽ അദ്ദേഹത്തെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. 2019 ഗുജറാത്തിലെ ജാം നഗർ സെഷൻസ് കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ മോദിയുടെയും ബിജെപിയുടെയും കടുത്ത വിമർശകനായിരുന്നു സഞ്ജീവ് ഭട്ട്. അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയുള്ള പരിഹാസവും വിമർശനവും നിരവധി ആരാധകരെ സഞ്ജീവ് ഭട്ടിന് നേടികൊടുത്തിരുന്നു. ഇപ്പോഴും ഭാര്യ ശ്വേത ഭട്ടിന്റെ നേതൃത്വത്തിൽ വലിയ കാമ്പയിൻ നടന്നു വരികയായിരുന്നു അതിനിടെയാണ് അടുത്ത കേസ് വന്നത്.

എന്താണ് കലാപത്തിൽ മോദിയുടെ പങ്ക്?

2002 ഫെബ്രുവരി 27ന് ഗോധ്രയിൽ സബർമതി എക്സ്പ്രസിന് തീപിടിച്ച് 58 കർസേവകർ കൊല്ലപ്പെട്ടതോടെയാണ് കുപ്രസിദ്ധമായ ഗുജറാത്ത് കലാപങ്ങളുടെ തുടക്കം. അന്ന് ബിജെപി- സംഘപരിവാർ നേതാക്കൾ ഒന്നടങ്കം പ്രതികാരത്തിനുവേണ്ടി വാദിക്കയായിരുന്നു. ഹിന്ദുക്കൾക്ക് പ്രതികാരം ചെയ്യാനായി രണ്ടു ദിവസം സമയം നൽകിയെന്നും, പൊലീസിനോട് നിഷ്‌ക്രിയമാവാൻ ആവശ്യപ്പെട്ടുമെന്നുമാണ്, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിക്കെതിരെ ഉയർന്ന ഗുരുതര ആരോപണം. ഇത് ടീസ്റ്റയോ, സഞ്ജീവ് ഭട്ടോ കുത്തിപ്പൊക്കിയതല്ല. ഗുജറാത്ത് കലാപത്തിന്റെ ഇരകളും, മനുഷ്യാവകാശ പ്രവർത്തകരും, പ്രതിപക്ഷ കക്ഷികളും ഒക്കെ ആരോപിക്കുന്നതാണ്. തെഹൽക്ക ടേപ്പുകൾ ഒക്കെ കലാപം ഭരണകൂട പ്രേരിതമാണെന്ന് ശരിവെക്കുന്നു.

മോദിയുടെ നാം ഇന്ന് കാണുന്ന, ഇമേജ് ആ രണ്ടു ദിവസം പ്രതികാരത്തിന് അനുവദിച്ചത് തന്നെയാണെന്ന്, ഗുജറാത്ത് സംബന്ധിച്ച് പഠനം നടത്തിയ രാം പുനിയാനിയെപ്പോലുള്ള എഴുത്തുകാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിൽ പോലും, വത്സൻ തില്ലങ്കരിയെപ്പോലുള്ള സംഘപരിവാർ നേതാക്കൾ, മോദി ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ ചെയ്തപോലെ ആയിരങ്ങളെ കൊന്നയാളാണെന്ന് അഭിമാനപൂർവം പറയുന്നു. ''മുസ്ലീങ്ങൾക്ക് പണി കൊടുക്കാൻ മോദി തന്നെ വേണം എന്ന പച്ചയായ വർഗീയതയാണ് ആദ്യകാലത്ത് അദ്ദേഹത്തിന്റെ തൂറപ്പൂചൂട്ട്. പിന്നീട് ഇത് വികസനം ആയി മാറിയതാണ്.''- ചരിത്രകാരൻ രാമചന്ദ്രഗുഹ നിരീക്ഷിക്കുന്നു. ഗോധ്രയ്ക്കുശേഷം നരേന്ദ്ര മോദി പറഞ്ഞത് എല്ലാ സംഭവങ്ങൾക്കും പ്രതിപ്രവർത്തനം'ഉണ്ടാകുമെന്നാണ്. ആ 'പ്രതിപ്രവർത്തന'ത്തിന്റെ ദുരന്തം ഏറ്റുവാങ്ങിയത് ഗോധ്ര തീവയ്പിൽ പ്രത്യക്ഷമോ പരോക്ഷമോ ആയി ഒരു ബന്ധവുമില്ലാത്ത പതിനായിരങ്ങളാണ്.

ഗുജറാത്ത് കലാപം ഒരു സ്റ്റേറ്റ് സ്പോൺസേഡ് ടെററിസം ആണെന്ന് പകൽ പോലെ വ്യകതമാണെങ്കിലും ആർക്കും അതിനെതിരെ കോടതിയിൽ പോവാൻ പോലും ധൈര്യം ഉണ്ടായിരുന്നില്ല. ഇവിടെയാണ് ടീസ്റ്റ് സെറ്റൽവാദ് വ്യത്യസ്ഥയായത്. ഗുൽബർഗയിൽ കൊല്ലപ്പെട്ട, കോൺഗ്രസ് എം പി ഇസ്ഹാൻ ജാഫ്രിയൂടെ ഭാര്യ സാകിയ ജാഫ്രിയെ മൂൻ നിർത്തി ടീസ്റ്റയാണ് ഗുജറാത്ത് കലാപത്തിന്റെ ഗുഢാലോചനയിലേക്ക് വിരൽ ചൂണ്ടിയത്.

നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഡി.ജി.പിക്ക് സകിയ ജാഫ്രി 2006 ജൂൺ എട്ടിന് നൽകിയ പരാതിയോടെയാണ് സുപ്രീംകോടതി തള്ളിയ കേസിന്റെ തുടക്കം. 2009 ഏപ്രിൽ 27ന് സുപ്രീംകോടതി ഈ പരാതി പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘ(എസ്‌ഐ.ടി)ത്തോട് നിർദ്ദേശിച്ചു. അതാണ്് ഇപ്പോൾ തീർപ്പായിരിക്കുന്നത്.

ആർകെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ പക്ഷപാതത്തോടെയാണ് പ്രവർത്തിച്ചത് എന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. സാക്ഷികൾ കൂട്ടത്തോടെ കുറുമാറി. തെളിവുകൾ നശിപ്പിക്കപ്പെട്ടു. ഇസ്ഹാൻ ജാഫ്രിയും മോദിയും തമ്മിൽ യാതൊരു സംഭാഷണവും ഉണ്ടായിരുന്നില്ല എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ ജാഫ്രി മോദിയെ വിളിച്ച് സഹായം തേടുന്നതും, 'നിങ്ങൾ ഇനിയും കൊല്ലപ്പെട്ടില്ലേ' എന്ന് ചോദിച്ച് മോദി തട്ടിക്കയറിയതും, 'ഗോധ്രയിൽ കൊല നടന്നപ്പോൾ നിങ്ങൾ എവിടെയായിരുന്നു' എന്ന് ചോദിച്ചതും കേട്ടവർ ഉണ്ട്. അവരിൽ പലരും പിന്നെ കൂറുമാറി. ജാഫ്രിയുടെ ഫോൺ ഡയറി നശിപ്പിക്കപ്പെട്ടു.

രൂപാബെൻ എന്ന ഗുൽബർഗ സൊസൈറ്റിയിൽനിന്ന് രക്ഷപ്പെട്ട സ്ത്രീ ഇങ്ങനെ പറയുന്നു. ''എനിക്ക് എന്തെങ്കിലും കുറ്റബോധമുണ്ടെങ്കിൽ അത് ജാഫ്രിയുടെ ഫോൺ ഡയറി എടുക്കാൻ കഴിയാത്തതിനാലാണ്. അദ്ദേഹം ആരുമായൊക്കെ ബന്ധപ്പെട്ടെന്ന് അതിലൂടെ മനസിലാവുമായിരുന്നു. ഞാൻ അത് എടുത്തിരുന്നെങ്കിൽ ജാഫ്രി ആരാണെന്ന് തനിക്ക് അറിയില്ലെന്ന് മോദിക്ക് എസ്ഐടിയോടു പറയാൻ കഴിയില്ലായിരുന്നു. ആ മാസത്തിൽ തന്നെ ജാഫ്രിയും മോദിയും ഒന്നിച്ചുള്ള ചടങ്ങുകൾ ഉണ്ടായിരുന്നു. രാജ്‌കോട്ടിലെ എല്ലാ പത്രങ്ങളിലും അവരുടെ ഫോട്ടോകൾ ഉണ്ടായിരുന്നു. പക്ഷേ അവർ തമ്മിൽ ബന്ധമില്ല എന്നാണ് അന്വേഷണ സംഘം വാദിച്ചത്.''- രൂപ ചൂണ്ടിക്കാട്ടി.

ജാഫ്രിയുടെ കോൾ റെക്കോർഡുകൾ കണ്ടെത്താൻ പ്രോസിക്യൂഷൻ പൊലീസിലും, എസ്‌ഐ.ടിയിലും സമ്മർദ്ദം ചെലുത്തിയിരുന്നു. ജാഫ്രി കൊല്ലപ്പെടുന്നതിനു മുമ്പ് മോദിയുൾപ്പെടെയുള്ള നിരവധി നേതാക്കളുമായി അദ്ദേഹം സംസാരിച്ചിരുന്നു എന്ന് സ്ഥാപിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ എസ്‌ഐ.ടി പറയുന്നത് ജാഫ്രിയുടെ കോൾ റെക്കോർഡുകൾ നശിപ്പിക്കപ്പെട്ടു എന്നാണ്. എങ്ങനെ നശിപ്പിക്കപ്പെട്ടു എന്ന് ആർക്കും അറിയില്ല. നരേന്ദ്ര മോദിയെ മാത്രമല്ല ചീഫ് സെക്രട്ടറി, മന്ത്രിമാർ, അഹമ്മദാബാദ് പൊലീസ് കമീഷണർ പി സി പാണ്ഡെ, ജോയിന്റ് കമീഷണർ എം കെ ടണ്ടൻ, ഡിസിപി പി ബി ഗോണ്ടിയ എന്നിവരെയൊക്കെ ജാഫ്രി വിളിച്ചിരുന്നു. പക്ഷേ കോൾ റിക്കോർഡ് പോയതോടെ ഒന്നും തെളിയിക്കാൻ ആയില്ല.

അതുപോലെ ബെസ്റ്റ് ബേക്കറി, നരോദപാട്യ കേസുകളിലും കൂട്ടത്തോടെ സാക്ഷികൾ കൂറമാറി. കാരണം ഭയം തന്നെ. എന്തിനിധികം ടീസ്റ്റ് ഏറെ പ്രയാസപ്പെട്ട് സാക്ഷിയായി കൊണ്ടുവന്ന, തന്റെ കുടുംബാംഗങ്ങളെ ഒന്നടങ്കം തീവെച്ച് കൊല്ലുന്നത് കണ്ടുനിൽക്കേണ്ടി വന്ന സക്കീറ ഷേഖ് എന്ന യുവതിയും കൂറുമാറി. ബെസ്റ്റ് ബേക്കറി കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടെ 2003 മാർച്ച് 23 ന് സക്കീറ ഷേഖ് ഉൾപ്പെടെ, 73 സാക്ഷികളിൽ 37 പേരും കൂറുമാറി. ഇങ്ങനെയാണ് ഗുജറാത്ത് കലാപത്തിലെ ഓരോ കേസും അട്ടിമറിക്കപ്പെത്്. തെഹൽക്കയുടെ വിവാദമായ സ്റ്റിങ്ങ്്ഓപ്പറേഷനിലൊക്കെ പല വിഎച്ച്പി നേതാക്കളും പൊലീസിൽനിന്നും മോദിയിൽനിന്നും കിട്ടിയ പിന്തുണയെക്കുറിച്ചൂം, മുസ്ലിം യുവതികളെ ബലാത്സഗം ചെയ്തതിനെ കുറിച്ചുമൊക്കെ പറയുന്നുണ്ട്. എന്നാൽ തെഹൽക്ക ടേപ്പ് ഒക്കെ എഡിറ്റഡ് ആണെന്നാണ് കോടതിപോലും പറയുന്നത്.

കോടതി ഉയർത്തിയത് രൂക്ഷ വിമർശനം

പ്രധാനമന്ത്രി അടക്കമുള്ള 63 പ്രമുഖർക്കെതിരെ ഉന്നത അന്വേഷണവും കുറ്റവിചാരണയും നടത്തേണ്ടതുണ്ടോ എന്ന് തീർപ്പാക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ കേസ് കൈമാറിയത് ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനായിരുന്നു. ശബരിമല സ്ത്രീപ്രവേശനത്തിൽ കേന്ദ്ര നിലപാടിന് അനുസൃതമായി വിധികൾ മാറി മറിഞ്ഞതിലൂടെ ശ്രദ്ധേയനായ സുപ്രീംകോടതി ജഡ്ജിയാണ്, അടുത്ത മാസം 29ന് വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് എ.എം. ഖാൻവിൽകർ.

സകിയ ജാഫരിയും അവരെ നിയമപോരാട്ടത്തിന് സഹായിച്ചവരും മാപ്പുപറയണമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെടുന്നതെങ്കിൽ അതിലും കടുത്ത നടപടിയാണ് മൂന്ന് ജഡ്ജിമാർ വിധിപ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട സകിയയും അവരെ സഹായിച്ചവരും ഇത്രയും കാലം നിയമപ്രക്രിയ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും, ഇതിൽ പങ്കാളികളായ എല്ലാവർക്കുമെതിരെ നിയമ നടപടിയെടുക്കണമെന്ന അഭിപ്രായം കൂടി വിധിയിൽ രേഖപ്പെടുത്തിട്ടുണ്ട്. ഇത് തീർത്തും അസാധാരണം ആണെന്നാണ് നിയമ വിദ്ഗ്ധർ പറയുന്നത്. കോടതിയുടെ ഈ അഭിപ്രായപ്രകടനം അവസരമാക്കി ടീസ്റ്റയെയും ആർ.ബി. ശ്രീകുമാറിനെയും പൊലീസ് ഉടനടി അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതേസമയം മുൻ സിബിഐ ഡയറക്ടർ ആർ.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സുപ്രീംകോടതി മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. 'മോദിക്കെതിരെ സഞ്ജീവ് ഭട്ടും ശ്രീകുമാറും ഹരേൻ പാണ്ഡ്യയും നൽകിയത് കള്ളമൊഴികളാണ്. കലാപകാരികൾക്കെതിരെ നടപടി അരുതെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് ആരോപിക്കുന്ന യോഗത്തിൽ ഇവർ ദൃക്സാക്ഷികളായിരുന്നുവെന്നത് കോടതിയുടെ അറിവിൽ കള്ളമായിരുന്നു. അത്തരമൊരു വ്യാജ അവകാശവാദത്തിലാണ് 'ഉന്നതതലത്തിലെ വലിയ ക്രിമിനൽ ഗൂഢാലോചന' നിർമ്മിച്ചെടുത്തത്.'- കോടതി നിരീക്ഷിച്ചു.

എസ്‌ഐ.ടിയുടെ അന്വേഷണത്തിലൂടെ ചീട്ടുകൊട്ടാരം പോലെ ആ വാദം തകർന്നുവീണുവെന്ന് സുപ്രീംകോടതി അഭിപ്രായപ്പെടു. പ്രശ്നം രാഷ്ട്രീയവത്കരിക്കാനും ഒച്ചപ്പാടുണ്ടാക്കാനും വേണ്ടി മാത്രമുള്ള മൊഴികളായിരുന്നു ഇവരുടേതെന്ന ഗുജറാത്ത് സർക്കാറിന്റെ വാദം സുപ്രീംകോടതി ശരിവെച്ചു. അതിന് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത ചോദ്യം ചെയ്യാൻ ധാർഷ്ട്യം കാണിച്ചത് മൂലമാണ് ഈ കേസ് 16 വർഷം നീണ്ടുപോയതെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.

ടീസ്റ്റ സെതൽവാദിനെക്കുറിച്ച് രുക്ഷ വിമർശനമാണ് വിധിയിൽ ഉള്ളത്. ''സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വ്യാപക കലാപം അടിച്ചമർത്താൻ ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളുടെ യാഥാർത്ഥ്യം മനസിലാക്കാതെ എ സി മുറികളിൽ സുരക്ഷിതരായിരുന്ന് നീതി തേടുന്നവരുടെ നായകത്വം വഹിക്കാനാണ് ശ്രമിച്ചതെന്ന്'' സുപ്രീം കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

കോടതി വിധിയെതുടർന്ന് അമിത്ഷാ ഇങ്ങനെ പ്രതികരിച്ചു. ''വ്യാജ കുറ്റാരോപണങ്ങൾ മോദി 19 വർഷം നിശ്ശബ്ദനായി സഹിച്ചു, ശക്തമായ ഹൃദയമുള്ള ഒരാൾക്ക് മാത്രമെ ഇത് സാധിക്കൂ എന്നും അമിത് ഷാ പറഞ്ഞു. മോദി സഹിക്കുന്ന വേദന അടുത്തു നിന്ന് കണ്ടയാളാണ് താൻ. ജനാധിപത്യത്തിൽ ഭരണഘടനയെ എങ്ങനെ മാനിക്കണം എന്നതിന്റെ മാതൃക ഉദാഹരണമാണ് മോദി ഇതിലൂടെ കാണിച്ചത്''- ഈ കേസിലുടെ മോദിക്ക് രക്തസാക്ഷി പരിവേഷം കൊടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വ്യക്തം.

വാൽക്കഷ്ണം: ഇത്രയൊക്കെ ആയ സ്ഥിതിക്ക് പരാതിക്കാരിയും, കൊല്ലപ്പെട്ട കോൺഗ്രസ് എം പി ഇസ്ഹാൻ ജാഫ്രിയുടെ ഭാര്യയുമായ സാകിയ ജാഫ്രിയെ കൂടി അങ്ങ് അറസ്റ്റ് ചെയതുടെയന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. 'മകൾക്കൊപ്പം യു.എസിലായതിനാൽ സാകിയ രക്ഷപ്പെട്ടു'വെന്നും ട്രോളുകൾ ഉയരുന്നുണ്ട്. നമ്മുടെ ജനാധിപത്യം എവിടേക്കാണ് പോകുന്നത് എന്നത് വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP