Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂമിയുടെ നല്ലൊരു പങ്കും കടലെടുക്കും എന്നത് വെറും പ്രവചനമല്ല; 2070ൽ മാലി മുങ്ങും; 2050ഓടെ ബംഗ്ലാദേശിന്റെ 20 ശതമാനം കടലെടുക്കും; ലണ്ടനും ന്യൂയോർക്കും ആംസ്റ്റർഡാമുമൊക്കെ മുങ്ങുന്ന നഗരങ്ങളുടെ പട്ടികയിൽ; നമ്മുടെ ശംഖുമുഖത്തും വലിയതുറയിലും കടൽ ഭൂമി തിന്നുന്നതിന്റെ തോത് ലോക ശരാശരിയേക്കാൾ; ട്രംപ് കണ്ണുവെക്കുന്ന ഗ്രീൻലാൻഡിന്റെ മഞ്ഞുരുകൽ കൂടിയാകുമ്പോൾ മൂന്നിലൊന്നു ഭൂപ്രദേശങ്ങളും കടലിലേക്ക് നീങ്ങും; 2100 ആകുമ്പോൾ 200 കോടി ജനങ്ങൾ കാലാവസ്ഥാ അഭയാർഥികളാവും!

ഭൂമിയുടെ നല്ലൊരു പങ്കും കടലെടുക്കും എന്നത് വെറും പ്രവചനമല്ല; 2070ൽ മാലി മുങ്ങും; 2050ഓടെ ബംഗ്ലാദേശിന്റെ 20 ശതമാനം കടലെടുക്കും; ലണ്ടനും ന്യൂയോർക്കും ആംസ്റ്റർഡാമുമൊക്കെ മുങ്ങുന്ന നഗരങ്ങളുടെ പട്ടികയിൽ; നമ്മുടെ ശംഖുമുഖത്തും വലിയതുറയിലും കടൽ ഭൂമി തിന്നുന്നതിന്റെ തോത് ലോക ശരാശരിയേക്കാൾ; ട്രംപ് കണ്ണുവെക്കുന്ന ഗ്രീൻലാൻഡിന്റെ മഞ്ഞുരുകൽ കൂടിയാകുമ്പോൾ മൂന്നിലൊന്നു ഭൂപ്രദേശങ്ങളും കടലിലേക്ക് നീങ്ങും; 2100 ആകുമ്പോൾ 200 കോടി ജനങ്ങൾ കാലാവസ്ഥാ അഭയാർഥികളാവും!

മറുനാടൻ ഡെസ്‌ക്‌

പാരീസ്: പലതരത്തിലുള്ള അഭയാർഥി പ്രവാഹങ്ങൾ ലോകം കണ്ടിട്ടുണ്ട്. യുദ്ധവും മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമൊക്കെയായി. എന്നാൽ ഇവയെയൊക്കെ കവച്ചുവെക്കുന്ന, വലിയൊരു അഭയാർഥി പ്രവാഹത്തിനാണ് ഒരു നുറ്റാണ്ടിനുള്ളിൽ ലോകം സാക്ഷിയാവാൻ പോകുന്നത്. അവരാണ് കാലാവസ്ഥാ അഭയാർഥികൾ. രാഷ്ട്രീയ നേതൃത്വം ഇനിയും ഗൗരവത്തിൽ എടുത്തിട്ടില്ലെങ്കിലും ക്ലൈമറ്റ് റഫ്യൂജീസിനെ എങ്ങനെ നേരിടണം എന്നതാണ് ഐക്യരാഷ്ട്ര സഭക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ആഗോളതാപനം മൂലം ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് ഉരുകുന്നതിനാൽ സമുദ്രനിരപ്പ് ഉയരുകയും അതിന്റെ ഫലമായി ലോകത്തിലെ മൂന്നിലൊന്ന് ഭാഗങ്ങളും മുങ്ങിപ്പോവുമെന്നുമാണ് പുതിയ കണക്കുകൾ പറയുന്നത്. ഇതോടെ ലോകമെമ്പാടമുള്ള 200 കോടി ജനങ്ങളെലാണ് മാറ്റിപ്പാർപ്പിക്കേണ്ടി വരിക. ലോകം കണ്ട എറ്റവും വലിയ അഭയാർഥി പ്രവാഹം! നാടും വീടും വെള്ളത്തിൽ മുങ്ങിയ 200 കോടി ജനങ്ങൾ.

2100 ആകുമ്പോൾ രണ്ടുമുതൽ 2.7 മീറ്റർ വരെ ജലം കടലിൽ പൊങ്ങുമെന്നാണ് കണക്ക്. ലണ്ടനും ന്യൂയോർക്കും, ആംസ്റ്റർഡാം പോലുള്ള വലിയ നഗരങ്ങൾ തൊട്ട് മാലിദ്വീപും, ഗ്രീൻലാൻഡും, ബംഗ്ലാദേശിന്റെയും, ഓസ്ട്രേലിയയുടെ പല ഭാഗങ്ങളുമെല്ലാം നൂറ്റാണ്ടിനുള്ളിൽ മുങ്ങുന്ന പ്രദേശങ്ങളുടെ ലിസ്റ്റിലാണ്. ഈജിപ്തിലെ അലക്സാണ്ട്രിയ, സോളമൻ ദ്വീപുകൾ, തുവ്വാലു ആ പട്ടിക നീളുകയാണ്. ഇന്ത്യയിൽ ഗുജറാത്ത് തീരത്തെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. കേരളത്തിലും കടൽനിരപ്പ് ഗണ്യമായി ഉയരുകയാണ്. നമ്മുടെ ഏറ്റവും സുന്ദരവും വലുതുമായ ബീച്ചുകളിൽ ഒന്നായ ശംഖുമുഖം പാടെ കടലെടുത്ത് പോയിട്ട് വർഷം ഒന്നു കഴിയുന്നു. ശംഖുമുഖത്തും വലിയതുറയിലും കടൽ ഭൂമി തിന്നുന്നതിന്റെ തോത് ലോക ശരാശരിയേക്കാൾ കൂടുതലാണെന്നത് കേരളീയരെയും ഭീതിയിലാക്കുന്നതാണ്. സമുദ്രനിരപ്പിനേക്കാൾ താഴ്ന്ന് കിടക്കുന്ന ആലപ്പുഴക്കും ആഗോള താപനത്തിൽ ഭയക്കാൻ ഏറെയുണ്ട്. കടൽ ഉള്ളോട്ട് കയറിവരുന്ന, ആഗോളവ്യാപകമായ പ്രതിഭാസം ആലപ്പുഴയിൽ എത്രത്തോളം ഉണ്ടാകും എന്നതിന്റെ ശരിയായ പഠനങ്ങളും നടന്നിട്ടില്ല.

ആദ്യം മുങ്ങുന്നത് മാലി

ആഗോളതാപനത്തിന്റെ തൊട്ടടുത്ത ഇര നമ്മുടെ അയൽക്കാരായ, ഇന്ത്യൻ മഹാസമുദ്രത്തിലെ പവിഴപ്പുറ്റുകൾ ചേർന്നുണ്ടാക്കിയ മാലി ദീപാണ്. 2070 ഓടെ മാലി ദ്വീപ് പൂർണ്ണമായി മുങ്ങിപ്പോവുമെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പങ്കുവെക്കുന്നത്. 2010ൽ കോപ്പൻഹേഗനിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടി നടക്കുമ്പോൾ, അവരോട് അഭ്യർത്ഥിക്കാനായി മാലി കാബിനറ്റ് ചേർന്നത് വെള്ളത്തിന് അടിയിലായിരുന്നു. എല്ലാ മന്ത്രിമാരും അണ്ടർ വാട്ടറിൽ പോയി സ്‌കൂബയൊക്കെ വച്ചാണ് കാബിനറ്റ് ചേർന്നത്. ഇത് ലൈവായി ടെലികാസ്റ്റ് ചെയ്തു. 'ലോകം അറിയണം. ഞങ്ങൾ മുങ്ങുന്ന ജനതയാണ്. ഈ രാജ്യം ഇതാ മുങ്ങാൻ പോവുന്നു. രക്ഷിക്കണേ' എന്ന വലിയ സന്ദേശമാണ് മാലി അന്ന് നൽകിയത്.

മാലിദ്വീപിലെ സമ്പന്നർ ഓസ്ട്രേലിയയിലും ഇന്ത്യയിലും അടക്കം വ്യാപകമായി സ്ഥലം വാങ്ങിക്കുകയാണ്. പക്ഷേ പാവപ്പെട്ടവർ എങ്ങോട്ട് പോവും. നിലവിൽ നാലേകാൽ ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. 2070 ആവുമ്പോൾ ഇത് 10 ലക്ഷം ആകും. ഈ പത്തുലക്ഷം പേർ എവിടെപ്പോകും എന്നാണ് ചോദ്യം. അവരുടെ വീടും വസ്തുവകകളും മാത്രമല്ല രാജ്യം തന്നെയാണ് മൊത്തമായി ഒലിച്ചുപോകുന്നത്. സമാനതകൾ ഇല്ലാത്ത ദുരന്തം! ശരാശരി മൂന്നടിയാണ് മാലിയുടെ ഉയരം. അവിടുത്തെ ഏറ്റവും ഉയർന്ന സ്ഥലം പോലും രണ്ടര മീറ്റർ മാത്രമാണുള്ളത്. പവിഴപ്പുറ്റുകൾ ചേർന്ന് രൂപപ്പെട്ട ഈ കൊച്ചു ദ്വീപിന് ഉയരുന്ന കടൽ ജലത്തിനുമുന്നിൽ പിടിച്ചു നിൽക്കുന്നില്ല. അതുകൊണ്ടുതന്നെ കാർബൺ ഉൽസർജ്ജനം കുറച്ചുകൊണ്ട് തങ്ങളെ രക്ഷിക്കൂവെന്നാണ് മാലി ലോകത്തോട് കേഴുന്നത്. പക്ഷേ മാലിയുടെ നിലവിളി പക്ഷേ ലോകം വേണ്ട രീതയിൽ ഉൾക്കൊണ്ടിട്ടില്ല.

ബംഗ്ലാദേശിലെ അഞ്ചുകോടി അഭയാർഥികൾ ഇന്ത്യയിലേക്കോ?

2050 ആവുമ്പോൾ ബംഗ്ലാദേശിന്റെ 10 മുതൽ 20 ശതമാനം വരെ പ്രദേശങ്ങൾ വെള്ളത്തിന് അടിയിലാവുമെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയപ്പ് ശാസ്ത്രലോകം വളരെ നേരത്തെ നൽകിയിട്ടുണ്ട്. 20 ശതമാനം കര വെള്ളത്തിൽ പോവുമ്പോൾ അവർ എങ്ങോട്ടുപോവുമെന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല. മൂന്നുമുതൽ 5 കോടി ജനങ്ങളാണ് ബംഗ്ലാദേശിൽ ഇങ്ങനെ അഭയാർഥികൾ ആവുക. ഇവിടെയാണ് ഇന്ത്യക്കുള്ള യാഥാർഥ ഭീഷണിയെന്ന് അമൃത്യസെന്നിനെപ്പോലുള്ള ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നുണ്ട്. 2050-2070 കാലഘട്ടത്തിൽ ബംഗ്ലാദേശിൽനിന്നും വരുന്ന അഞ്ചുകോടിയോളം പേരുടെ അഭയാർഥി പ്രവാഹത്തിൽ വലിയൊരു പങ്കും നേരിടേണ്ടി വരിക ഇന്ത്യയായിരിക്കുമെന്ന് സെൻ വിലയിരുത്തുന്നു.

കാരണം തൊട്ടടുത്ത പാക്കിസ്ഥാൻ ബംഗ്ലാദേശിന് ശത്രുരാഷ്ട്രമാണ്. റോഹീങ്ക്യകളേപ്പാലും അംഗീകരിക്കാത്ത മ്യാന്മാറിലേക്ക് അവർ പോകില്ല. പിന്നെയുള്ള ആശ്രയം ഇന്ത്യ തന്നെ. ഇപ്പോൾ തന്നെ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്കുള്ള കുടിയേറ്റം ഏറെയുണ്ട്. അസമിൽ സർക്കാർ പൗരത്വപട്ടികയൊക്കെ കൊണ്ടുവന്ന് പരിഹരിക്കാൻ ശ്രമിക്കുന്ന ഈ പ്രശ്നം, വരും വർഷങ്ങളിൽ എല്ലാ പിടുത്തവും വിടും. സ്വതവേ ദുർബലമായ ഇന്ത്യയുടെ അവസ്ഥ ഈ ജനങ്ങൾകൂടിയാവുന്നതോടെ എന്താവും എന്ന് കണ്ട് അറിയേണ്ടിയിരിക്കുന്നു.

ഗ്രീൻലൻഡ് എന്ന ഒഴുകുന്ന ഐസ് കട്ട ഇല്ലാതാവുന്നു

ഒരു ഒഴുകുന്ന ഐസ് കട്ടയെന്നാണ് ഗ്രീൻലൻഡിനെ കലാവസ്ഥാ ശാസ്ത്രജഞർ വിശേഷിപ്പിക്കാറുള്ളത്. ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിനെ അമേരിക്ക വാങ്ങുമോ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ലോകം ചർച്ച ചെയ്ത പ്രധാന വാർത്തകളിൽ ഒന്ന്. ഗ്രീൻലൻഡ് വാങ്ങാൻ തയ്യാറാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയാണ് ഈ ചർച്ചകൾക്ക് വഴിവച്ചത്. ട്രംപിന്റെ നിർദ്ദേശം ഗ്രീൻലൻഡിന്റെ നിയന്ത്രണമുള്ള രാജ്യമായ ഡെന്മാർക്ക് തള്ളിക്കളഞ്ഞു എന്നു മാത്രമല്ല ഈ നിർദ്ദേശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും ഉലയ്ക്കാനും ഇടയാക്കി.

പക്ഷേ ഗ്രീൻലൻഡ് എന്ന രാജ്യം നിലനിൽക്കുമോ എന്ന ചോദ്യമാണ് ശാസ്ത്രലോകം ഉന്നയിക്കുന്നത്. ആർട്ടിക് അന്റാർട്ടിക് ധ്രുവപ്രദേശങ്ങളെ മാറ്റിനിർത്തിയാൽ ഏറ്റവുമധികം മഞ്ഞുപാളികളുള്ള മേഖലയാണ് ഗ്രീൻലൻഡ്. ഗ്രീൻലൻഡിലെ മഞ്ഞുപാളികൾ ഭീഷണി നേരിടുകയാണെന്നത് പുതിയ അറിവല്ല. ആഗോളതാപനം ശക്തമായപ്പോൾ മുതൽ ആദ്യ ആഘാതമേറ്റുവാങ്ങിയ പ്രദേശമാണ് ഗ്രീൻലൻഡ്. 2012 ൽ ഉണ്ടായ റെക്കോഡ് താപനിലയും അതേ തുടർന്നുണ്ടായ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുരുകലും നേരിട്ടപ്പോൾ മുതൽ ഗ്രീൻലൻഡ് അക്ഷരാർഥത്തിൽ ഉരുകി ഒലിക്കുകയാണ്.

ഈ വർഷം വേനൽക്കാലത്ത് മാത്രമുണ്ടായ ഗ്രീൻലൻഡിലെ മഞ്ഞുരുക്കത്തിലൂടെ ലോകത്താകെമാനം കടൽജലനിരപ്പ് ഒരു മില്ലീ മീറ്റർ വർധിച്ചിട്ടുണ്ടെന്ന് കൊളറാഡോ സർവകലാശാല ഗവേഷകനായ ടെഡ് സാംബോസ് പറയുന്നു. ഏതാണ്ട് 360 ജിഗാ ടൺ ജലമാണ് ഈ വേനലിൽ ഗ്രീൻലൻഡിൽ നിന്ന് അറ്റ്ലാന്റിക്കിലേക്ക് ഉരുകിയൊലിച്ചെത്തിയത്. ഇങ്ങനെ എത്തുന്ന ജലം സൃഷ്ടിക്കുന്ന സമുദ്രനിരപ്പ് വർധന മാത്രമല്ല പ്രതിസന്ധി. അനിയന്ത്രിതമായി കടലിലേക്കെത്തുന്ന തണുത്ത ജലം സമുദ്രത്തിലെ സർക്കുലേഷൻ പ്രതിഭാസത്തെ തന്നെ ബാധിക്കും. ഇതാകട്ടെ സമുദ്ര ജീവികളുടെ ആവാസവ്യവസ്ഥ മുതൽ ഭൂമിയുടെ കാലവസ്ഥ വരെ മാറിമറിയാൻ കാരണമാകും.

അതേസമയം ഗ്രീൻലൻഡ് ട്രംപ് വാങ്ങിയാലും ഇല്ലെങ്കിലും ആ ദ്വീപിൽ സംഭവിക്കുന്ന ഇപ്പോഴത്തെ മാറ്റങ്ങളുടെ ഉത്തരവാദി ട്രംപും അമേരിക്കയും തന്നെയാണെന്ന് വ്യാപകമായ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. ഗ്രീൻലൻഡിലെ മാറ്റങ്ങൾക്കു മാത്രമല്ല അവിടുത്തെ മഞ്ഞുരുക്കം മൂലം കടൽജലനിരപ്പുയർന്നുണ്ടാകുന്ന ലോകവ്യാപകമായ പ്രത്യാഘാതങ്ങൾക്കും ഉത്തരവാദി അമേരിക്കയും ട്രംപും ആണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഇതോടെ ആ രാജ്യത്തും മറ്റിടങ്ങളിലും യുഎസിനെതിരെ വൻ പ്രതിഷേധവും ഉയരുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം കാർബൺ ബഹിർഗമനം നടത്തുന്ന രാജ്യമെന്ന നിലയിലും കാലാവസ്ഥാ വ്യതിയാനത്തെ പൂർണമായി തള്ളിക്കളഞ്ഞ് കൊണ്ടു നടപ്പാക്കുന്ന നയങ്ങൾ മൂലവും ലോകത്തുണ്ടാവുന്ന മാറ്റങ്ങൾക്ക് പ്രധാന കുറ്റവാളി അമേരിക്ക തന്നെയാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

ലോകത്തെ പടിച്ചു കുലുക്കുന്ന ആൻഡ്‌ലോ ഫോബിയ

ലോകത്തിലെ ഒരുപാട് രാജ്യങ്ങളെ പിടിച്ചുകുലുക്കുന്ന എറ്റവും വലിയ ഫോബിയകളിൽ ഒന്നാണിത്. ആൻഡ്‌ലോ ഫോബിയ (antlophobia). പ്രളയത്തെക്കുറിച്ചുള്ള ഭീതിയാണിത്. ഈ ഭീതിയിൽ ജീവിക്കുന്ന രാജ്യങ്ങൾ ലോകത്ത് ഒരുപാടുണ്ട്. പക്ഷേ നിത്യജീവിതത്തിൽ അങ്ങനെ അനുഭവപ്പെട്ടുന്ന പ്രശ്നമല്ല ആഗോള താപനം. ലോകം എന്നത് വൈവിധ്യങ്ങളുടെ ഒരു പാക്കേജാണ്. ചിലയിടത്ത് ചൂട കൂടുന്നു, ചിലയിടത്ത് വരൾച്ച, ചിലയിടത്ത് അതി ശൈത്യം അങ്ങനെ. ഒരിടത്ത് ചൂട് എന്നു പറഞ്ഞാൽ ലോകത്ത് എല്ലായിടത്തും ചൂട് എന്ന അവസ്ഥയില്ല. പക്ഷേ നമ്മൾ ശരാശരി ഒരു കണക്കെടുക്കുമ്പോൾ ഭൂമിയുടെ ചൂട് കൂടിക്കൊണ്ടിരിക്കയാണ്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ചൂട് കഴിഞ്ഞ നൂറ്റമ്പതുവർഷങ്ങളായി വലിയതോതിൽ കൂടിക്കൊണ്ടുവരികയാണ്. ഒരു ഡിഗ്രി വ്യത്യാസം പോലും വലിയ മാറ്റം ഉണ്ടാക്കും.

ഭൂമിയുടെ താപനില കൂടിക്കൊണ്ടരിക്കയാണെന്നതിൽ ഇന്ന് ശാസ്ത്രലോകത്ത് തകർക്കമില്ല. ലോകമെമ്പാടുമുള്ള കാലാവസ്ഥാ സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്ന വിവരം ഇതാണ്. കഴിഞ്ഞ 150 വർഷമായി ചൂട് കൂടിക്കൊണ്ടിരിക്കയാണെങ്കിലും കഴിഞ്ഞ നാൽപ്പതുവർഷമായാണ് നാം ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത്. 1780ശേഷം 1.1 ഡിഗ്രിയാണ് ചൂട് കൂടിയത്. ഇതുമൂലം ആർട്ടിക്കിൽ ഐസ് മലകൾ തന്നെ ഇല്ലാതാവാനുള്ള സാധ്യതയുണ്ട്. ഭൂമിയുടെ സമുദ്രനിരപ്പ് 68.3 മീറ്റർ ശരാശരി ഉയരുമെന്നും, അയ്യായിരം വർഷത്തിനുള്ളിൽ ഇത് യാഥാർഥ്യമാവുമെന്നാണ് പ്രവചനം. അതിന്റെ തുടക്കമാണ് മാലിയും ബംഗ്ലാദേശും. 2050 മുതലുള്ള നൂറ്റാണ്ടുകൾ കലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതങ്ങളാണ് കൊണ്ടുവരിക.

പുറം തിരിഞ്ഞ് നിന്ന് ട്രംപും മോദിയും

ലോകത്തെ മുക്കിക്കൊല്ലുന്ന ആഗോള താപനത്തെനെതിരെ കിണഞ്ഞ് പരിശ്രമിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും. അതിനുള്ള നടപടികളാണ് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കുകയും അതുവഴി ഹരിതഗൃഹ വാതകങ്ങളുടെ ഉൽസർജ്ജനം നിയന്ത്രിക്കുകയും. അതിനായി പെട്രാളിയം ഉൽപ്പന്നങ്ങളുടെ അടക്കം ഉപഭോഗം കുറക്കുന്നതിനുള്ള പാരീസ് ഉടമ്പടിയിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയാണ,് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക ചെയ്തത്. ചൈനയെ വളർത്താനുള്ള തന്ത്രങ്ങളാണ് ഇതെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം. ആഗോളതാപനം എന്നൊന്ന് ഇല്ലെന്നും ഇത് വെറും കാലാവസ്ഥാ വ്യതിയാനമാണെന്നും അതിനാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നതടക്കമുള്ള തീരുമാനങ്ങൾ അമേരിക്കയ്ക്ക് ബാധകമല്ലെന്നുമാണ് ട്രംപ് പറയുന്നത്. വളരുന്ന ശക്തിയായ ചൈനയെ കൂടുതൽ സാമ്പത്തിക ശക്തിയാക്കാനുള്ള ചിലരുടെ ഗൂഢാലോചനയാണ് ഇതിന്റെ പിറകിലെന്നും ട്രംപ് ആരോപിക്കുന്നു.

ഇതുതന്നെയാണ് ആഗോള താപനം സംബന്ധിച്ച ചർച്ചകളിലെ പ്രധാന പ്രശ്നം. 97 ശതമാനം ശാസ്ത്രജ്ഞരും ആഗോള താപനം ശരിയാണെന്ന് അംഗീകരിക്കുമ്പോൾ ട്രംപം നമ്മുടെ മോദിയും അടക്കമുള്ള രാഷ്ട്രീയനേതാക്കൾ കാര്യമായി എടുക്കുന്നില്ല. യുഎസിൽ റിപ്പബ്ലിക്കൻസ് ആഗോളതാപനത്തെ സംശയിക്കുമ്പോൾ ഡെമോക്രാറ്റുകൾ അംഗീകരിക്കുന്നു. ഈയിടെ ഒരു സർവേയിൽ കണ്ടത് നാൽപ്പതു ശതമാനം അമേരിക്കയിലെ ജനങ്ങൾ ആഗോള താപനത്തെ സംശയിക്കുന്നു എന്നാണ്. അതായത് ഇത് ചൈനയെ സഹായിക്കാനാണ് എന്ന് പറഞ്ഞാൽ അമേരിക്കയിൽ കൈയടി കിട്ടും. അമേരിക്കയുടെ വ്യവസായ വളർച്ചയാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് ട്രംപ് പറയുന്നത്. ഹരിതഗൃഹ വാതകങ്ങൾ തള്ളുന്നതിൽ ഒന്നാമത് ചൈനയാണ്. 28 ശതമാനം. രണ്ടാം സ്ഥാനം 18 ശതമാനമുള്ള അമേരിക്കക്കാണ്. യൂറോപ്യൻ രാജ്യങ്ങൾ നാമ മാത്രമായ ശതമാനക്കണക്കിലാണ്, കാർബൺ എമിഷൻ നടത്തുന്നത്. പക്ഷേ അവരാണ് ലോകം മുങ്ങാതിരിക്കാനുള്ള നടപടികളിൽ ഏറ്റവും കൂടുതൽ സഹകരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ പൂർണ്ണമായും നിർത്തലാക്കി വൈദ്യുതി, സൗരോർജം, കാറ്റ് തുടങ്ങിയവയിലേക്ക് മാറാനാണ് ഈ രാജ്യങ്ങൾ ശ്രമിക്കുന്നത്.

ഇന്ത്യ ആറുശതമാനം കാർബൺ എമിഷൻ നടത്തുന്നുണ്ട്. പക്ഷേ ഇന്ത്യയും ആഗോളതാപനത്തോട് പുറം തിരിഞ്ഞ് നിൽക്കയാണ്. ആഗോള താപനം പെരുപ്പിച്ച് കാട്ടുന്ന പ്രതിഭാസമാണെന്നാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറയുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കാലവസ്ഥാവ്യതിയാനം മാത്രമേയുള്ളൂ. 'തണുപ്പുനേരിടാനുള്ള ശേഷി കുറഞ്ഞുവരികയാണെന്ന് നമ്മുടെ അപ്പൂപ്പന്മാരൊക്കെ പറയുന്ന അത്രയേ ഇതുള്ളൂ. കാലാവസ്ഥയല്ല മാറിയത് നമ്മളാണ് മാറിയത്. പ്രകൃതിക്കെതിരെ യുദ്ധം ചെയ്യാതെ നാം ഒത്തുപോവണം.' - നരേന്ദ്ര മോദി ഈയിടെ പറഞ്ഞതും ഇതാണ്. പാരീസ് ഉടമ്പടിയുടെ ഒരു കാര്യവും ഇന്ത്യ ഇപ്പോൾ ശ്രദ്ധിക്കാറുമില്ല. എന്നാൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു കാലത്ത് ആഗോള താപനത്തെ ശക്തമായ അനുകൂലിച്ച വ്യക്തിയാണ് മോദിയെന്നതും ഓർക്കണം.

വികസ്വര രാജ്യങ്ങൾക്ക് പറയത്തക്ക യാതൊരു വിലക്കും പാരീസ് ഉച്ചകോടി ഏർപ്പെടുത്തിയിട്ടില്ല. അത് അവരുടെ വികസനത്തെ ബാധിക്കും എന്നതിനാലാണ്. 20 ശതമാനം രാജ്യം മുങ്ങാൻ പോകുന്ന ബംഗ്ലാദേശിന് പറയത്തക്ക വിലക്കുകൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല. വികസിത രാജ്യങ്ങൾ നഷ്ടം സഹിച്ചും, ഈ ദുരന്തത്തെ നേരിടണം എന്ന ഉദാത്തമായ ആശയമായിരുന്നു അത് മുന്നോട്ട് വെച്ചത്. എന്നാൽ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഉന്നയിച്ച് അത് തകർക്കയാണ് ട്രംപിനെപ്പോലുള്ള രാഷ്ട്രീയക്കാർ. ഏറ്റവും വിചിത്രം, ന്യൂയോർക്ക് അടക്കമുള്ള അമേരിക്കയുടെ പല നഗരങ്ങളും മുങ്ങുന്ന ലിസ്റ്റിൽ ആണെന്നതാണ്. പക്ഷേ ട്രംപിന് അത് മനസ്സിലാവുന്നില്ല. അല്ലെങ്കിൽ ജനപ്രിയ പ്രാദേശിക രാഷ്ട്രീയത്തിനുവേണ്ടി ഇത് മനസ്സിലായില്ലെന്ന് അദ്ദേഹം നടിക്കുന്നു. അതോടെ ആഗോളതാപനം ഒരുരാഷ്ട്രീയ വിഷയം കൂടിയാവുകയാണ്.

റഫറൻസ്:

മുങ്ങുന്ന മാലി- പ്രഭാഷണം- സി രവിചന്ദ്രൻ

ആഫ്റ്റർ പാരീസ് സമ്മിറ്റ്- ലേഖനം ബിബിസി-ഡേവിഡ് എഡ്വേഡ് ആർച്ചർ

റഫ്യൂജീസ് ഓഫ് ന്യൂ ഇറ- ലേഖനം- അമൃത്യാസെൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP