Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുകെ മലയാളികളുടെ പേരിൽ നിയമസഭയിൽ പോര്; വി ഡി സതീശൻ എംഎൽഎ ബിർമിങാമിൽ പോയി പിരിച്ച പണത്തിന്റെ കണക്ക് എവിടെയെന്ന് എം സ്വരാജ്; തന്റെ അക്കൗണ്ടിൽ ഒരു രൂപ പോലും എത്തിയിട്ടില്ലെന്ന് സതീശൻ മറുനാടൻ മലയാളിയോട്; പറവൂരിൽ പ്രളയ സഹായ ഫണ്ട് സ്വീകരിച്ചത് പുനർജനി ട്രസ്റ്റ്; സൈബർ സഖാക്കൾ ഏറ്റെടുത്ത പ്രചാരണം സതീശന്റെ മറുപടിയോടെ മുനയൊടിയുമ്പോൾ; യുകെ മലയാളികളെ സിപിഎം എംഎൽഎ അപമാനിച്ചെന്ന് ഒഐസിസി യുകെയും

യുകെ മലയാളികളുടെ പേരിൽ നിയമസഭയിൽ പോര്; വി ഡി സതീശൻ എംഎൽഎ ബിർമിങാമിൽ പോയി പിരിച്ച പണത്തിന്റെ കണക്ക് എവിടെയെന്ന് എം സ്വരാജ്; തന്റെ അക്കൗണ്ടിൽ ഒരു രൂപ പോലും എത്തിയിട്ടില്ലെന്ന് സതീശൻ മറുനാടൻ മലയാളിയോട്; പറവൂരിൽ പ്രളയ സഹായ ഫണ്ട് സ്വീകരിച്ചത് പുനർജനി ട്രസ്റ്റ്; സൈബർ സഖാക്കൾ ഏറ്റെടുത്ത പ്രചാരണം സതീശന്റെ മറുപടിയോടെ മുനയൊടിയുമ്പോൾ; യുകെ മലയാളികളെ സിപിഎം എംഎൽഎ അപമാനിച്ചെന്ന് ഒഐസിസി യുകെയും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്നലെ കേരള നിയമസഭാ കണ്ടത് കഴിഞ്ഞ നാലര വർഷത്തിനിടയിലെ വ്യത്യസ്തമായ സമ്മേളനം. സഭയിൽ ഭൂരിപക്ഷമുള്ള സർക്കാരിനെതിരെ പ്രതിപക്ഷ ഉപനേതാവ് കൂടിയായ വി ഡി സതീശൻ അവിശ്വാസത്തിനു നോട്ടീസ് നൽകുന്നു. ഇത് ചർച്ചയ്‌ക്കെടുത്ത സഭയിൽ ഭരണപക്ഷത്തിന് വേണ്ടി സംസാരിക്കവെ യുവ എംഎൽഎ എം സ്വരാജ് രണ്ടു വർഷം മുൻപ് പ്രളയം ഉണ്ടായതിനെ തുടർന്ന് വിഡി സതീശൻ നടത്തിയ വിദേശ യാത്രകളെ പറ്റി ആക്ഷേപം ഉന്നയിക്കുന്നു.

ഇക്കൂട്ടത്തിൽ അൽപം പ്രാധാന്യത്തോടെ എടുത്തു പറഞ്ഞതു യുകെ സന്ദർശനം. ബിർമിങാമിൽ 2018 ഒക്ടോബർ മാസം അവസാന ദിവസം നടന്ന സൗഹൃദ കൂട്ടായ ചടങ്ങിൽ സതീശൻ പങ്കെടുക്കുകയും അവർ നൽകിയ പണത്തിനു കണക്കുണ്ടോ എന്ന മട്ടിലുമാണ് സ്വരാജ് സംസാരിച്ചത്. വിദേശ സഹായം സ്വീകരിച്ചതിന്റെ പേരിൽ മന്ത്രി കെ ടി ജലീൽ അടക്കം ഉള്ളവർ സംശയ നിഴലിൽ നിൽക്കുമ്പോഴാണ് നിങ്ങളും ഇതൊക്കെ തന്നെയാണ് ചെയ്യാൻ ശ്രമിച്ചത് എന്ന് സ്ഥാപിക്കാൻ എം സ്വരാജ് ശ്രമിച്ചത്.

എന്നാൽ ഇതിനു ചുട്ട മറുപടി തന്നെ വിഡി സതീശൻ നിയമ സഭയിൽ നൽകുകയും ചെയ്തു. പിന്നീട് ഇന്നലെ വൈകിട്ട് ബ്രിട്ടീഷ് മലയാളിയുമായ സംസാരിക്കവെ നിയമ സഭയിൽ ഭരണകക്ഷി എംഎൽഎ നടത്തിയ അടിസ്ഥാനമില്ലാത്ത ആക്ഷേപം പ്രവാസി സാമൂഹത്തിനാകെയും പ്രത്യേകിച്ച് യുകെ മലയാളികൾക്കും ആകെ അപമാനകരമാണ് എന്ന് വ്യക്തമാക്കുകയായിരുന്നു.

'' മാധ്യമ പ്രവർത്തകർ അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ഞാൻ ബിർമിങാമിൽ സംബന്ധിച്ചത്. അവിടെ ഒരു പണപ്പിരിവും നടന്നില്ല. പറവൂർ കേന്ദ്രീകരിച്ചു നടത്തുന്ന പുനർജനി ട്രസ്റ്റിന്റെ പ്രവർത്തനമാണ് അവിടെ വിശദീകരിച്ചത്. അവിടെ നിന്നും എന്റെ അക്കൗണ്ടിലേക്കു ഒരു പണം പോലും ഇന്നേവരെ എത്തിയിട്ടില്ല. ട്രസ്റ്റിന്റെ പേരിൽ യുകെയിൽ നിന്നും പണം വന്നിട്ടുണ്ടെങ്കിൽ അത് സ്വീകരിക്കാൻ നിയമപരമായി ട്രസ്റ്റിന് തടസ്സവുമില്ല. അതു നിയന്ത്രിക്കാനും മേൽനോട്ടം വഹിക്കാനും ഒക്കെ പ്രാപ്തരായവർ തന്നെയാണ് ചെയ്യുന്നത്.'' വി ഡി സതീശൻ എംഎൽഎ വിശദീകരിച്ചു.

അതേസമയം നിയമ സഭയിൽ എം സ്വരാജിന്റെ പ്രസംഗം അവസാനിച്ച ഉടൻ സൈബർ ഗ്രൂപ്പുകളിലെ പാർട്ടി സഖാക്കൾ പ്രതിപക്ഷത്തിന്റെ മിണ്ടാട്ടം മുട്ടിച്ചുവെന്ന പേരിൽ അദ്ദേഹം നടത്തിയ പ്രസംഗം വൈറലാകാൻ വ്യാപകമായ പ്രചാരണവും നടത്തി. ഇതിന്റെ ഭാഗമായി യുകെ മലയായികളുടെ വാട്‌സ്ആപ് ഗ്രൂപ്പുകളിലും ഈ പ്രസംഗം ഉച്ചകഴിഞ്ഞപ്പോൾ തന്നെ എത്തിത്തുടങ്ങി. ഇതിനു ശേഷമാണു വി ഡി സതീശൻ എംഎൽഎയുടെ മറുപടി കോൺഗ്രസുകാരും ഏറ്റെടുത്തത്. രണ്ടു കൂട്ടരും വാശിയോടെ പ്രചാരണത്തിൽ മുഴുകയും ചെയ്തു.

ഇതിനിടയിൽ ലണ്ടനിൽ നിന്നും ഒഐസിസി നേതാക്കളുടെ പ്രസ്താവനയും മാധ്യമങ്ങളെ തേടിയെത്തി. യുകെ മലയാളികൾ നൽകിയ പ്രളയ ദുരിതാശ്വാസത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അപവാദ പ്രചാരണം നടത്തിയ എം സ്വരാജിന്റെ നടപടി യുകെ മലയാളികളെ അപമാനിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത് എന്നും ഒഐസിസി യുകെ ലണ്ടൻ ഘടകം ആക്ഷേപം ഉയർത്തി.

മറുഭാഗത്തു വാട്‌സാപ്പ് ഗ്രൂപുകളിൽ ചേരിതിരിഞ്ഞുള്ള ചർച്ചകളും സജീവമായി. വെറും കവല പ്രസംഗം നിലവാരം പോലും ഇല്ലാത്ത പ്രസംഗങ്ങളാണ് മലയാളി രാഷ്ട്രീയക്കാർ നിയമസഭയിൽ നടത്തുന്നത് എന്ന നിരീക്ഷണവും യുകെ മലയായികൾ നടത്തിക്കഴിഞ്ഞു. സതീശനെ മോശമാക്കാൻ ശ്രമിച്ച സിപിഎം എംഎൽഎ എന്തുകൊണ്ടാണ് സിപിഎം മന്ത്രി കടകംപള്ളി യുകെയിൽ നടത്തിയ ടൂറിനെയും അന്ന് സമാഹരിച്ച ദുരിതാശ്വാസത്തെയും വിട്ടുകളഞ്ഞതെന്നും ഒഐസിസി നേതാവായ കെ മോഹൻദാസ് ചോദിക്കുന്നു. പ്രളയകാലത്തു കഴിവിന്റെ പരമാവധി സ്വന്തം നാട്ടിൽ സഹായം എത്തിക്കാൻ ശ്രമിച്ച ഓരോ യുകെ മലയാളിയെയും അപമാനിക്കും വിധം പ്രസംഗം നടത്തിയ എംഎൽഎയെ ശാസിക്കാനും പരസ്യമായി മാപ്പു പറയാനും സിപിഎം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2018 ഒക്ടോബർ അവസാനം കാലാവസ്ഥയുമായി ബന്ധപ്പെട്ട ഒരു പഠന ക്ലാസിൽ പങ്കെടുക്കാൻ എത്തിയ അവസരത്തിലാണ് വി ഡി സതീശൻ എംഎൽഎ ഒരു സൗഹൃദ സംഘത്തിന്റെ ക്ഷണം അനുസരിച്ചു പുനർജ്ജനിയുടെ പ്രചരണാർത്ഥം ബിർമിങാമിൽ എത്തിയത്. ബ്രിട്ടീഷ് രാജ്ഞിയുടെ പരിപാടികളുടെ ചുമതല ഉണ്ടായിരുന്ന ഡോ. പോൾ സഭാപതി, ടെൽഫോർഡ് മേയർ രാജ് മേത്ത, വെസ്റ്റ് മിഡ്‌ലാൻഡ്‌സ് വൈസ് ലോർഡ് ലെഫ്റ്റനന്റ് ഡോ ബെവേർലി ലിൻഡ്‌സെയ്, ഇന്ത്യൻ കോൺസൽ ഹാപ്പി ഗുപ്ത, ക്രോയ്‌ഡോൺ മുൻ മേയർ മഞ്ജു ശാഹുൽ ഹമീദ് എന്നിവർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു. തന്റെ സന്ദർശനത്തിന് രാഷ്ട്രീയ മുഖം ഉണ്ടാകാതിരിക്കാൻ ഒഐസിസി പരിപാടികൾ പോലും വേണ്ടെന്നു വച്ചാണ് സതീശൻ യുകെയിൽ നിന്നും മടങ്ങിയത്.

ആഗസ്റ്റിൽ ഉണ്ടായ മഹാപ്രളയത്തിൽ പറവൂരിൽ 60000 പേരെയെങ്കിലും നേരിട്ട് ബാധിച്ചതായാണ് കണക്കാക്കുന്നത്. മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളെയും പറവൂർ മുനിസിപ്പാലിറ്റിയുടെ 40 ശതമാനം പ്രദേശവും പ്രളയ ജലത്തിന്റെ ദുരിതകാഴ്ചകളാണ് അന്ന് സമ്മാനിച്ചത്. മണ്ഡലത്തിലെ കൈത്തറി പ്രദേശമായ ചേന്ദമംഗലം ഏറെക്കുറെ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവിടെയൊക്കെ രക്ഷാദൂതുമായി എംഎൽഎയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

ഇക്കാര്യം നേരിട്ടറിഞ്ഞ ലീഡ്‌സ് യൂണിവേഴ്സ്റ്റിറ്റി ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിദഗ്ധ പ്രൊഫ് ഗീത ഉപാധ്യായ താൻ ഏറ്റവും വേഗത്തിൽ ചേന്ദമംഗലം സന്ദർശിക്കും എന്നും ബിർമിങാമിലെ ചടങ്ങിൽ വ്യക്തമാക്കിയിരുന്നു. അമീർ അഹമ്മദ് (മണപ്പാട് ഫൗണ്ടേഷൻ) തുംഗ സുങ്ക (ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ) എന്നിവരും സതീശൻ എംഎൽഎയൊടൊപ്പം യുകെയിൽ എത്തിയിരുന്നു.

അതിനാൽ തന്നെ, നിയമസഭയിൽ വി ഡി സതീശൻ എംഎൽഎ നടത്തിയ അവിശ്വാസപ്രമയത്തെ പരാമർശിച്ചുകൊണ്ടു ഭരണപക്ഷത്തെ യുവ എംഎൽഎ നടത്തിയ അഭിപ്രായപ്രകടനം വളരെ തരം താഴ്ന്നതായി പോയെന്നും ഇദ്ദേഹം സ്വന്തം പാർട്ടിയിലെ എംഎൽഎമാരും മന്ത്രിമാരും കഴിഞ്ഞ പ്രളയത്തിന് വിദേശത്തു വന്ന് പിരിച്ച പണത്തിന്റെ കണക്കുകൾ കൂടി പറയുവാൻ ഇപ്പോൾ ബാധ്യസ്ഥനാണെന്നും ഒഐസിസി വ്യക്തമാക്കി.

യുകെയിൽ നിന്നു തന്നെ ഏതാണ്ട് 10 കോടിയോളം രൂപ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തിച്ചിട്ടുണ്ട്. വിഡി സതീശൻ എംഎൽഎ യുകെയിൽ യാതൊരു വിധ പണപ്പിരിവുകൾ നടത്തിയതായി ആർക്കും അറിവില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ളവരുടെ ചില കൂട്ടായ്മകൾ കരുതി വെച്ച പണം അദ്ദേഹത്തിന്റെ മണ്ഡലത്തിൽ വിനിയോഗിക്കാൻ നൽകിയിട്ടുണ്ടങ്കിൽ അത് സത്യസന്ധമായി അദ്ദേഹം വിനിയോഗിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയണം. ഇത്തരം തരംതാഴ്ന്ന പരാമർശത്തെ ഒഐസിസി യുകെ ഐക്യകണ്‌ഠേന എതിർക്കുന്നതായി ഒഐസിസി യുകെ കൺവീനർ ടി ഹരിദാസ് അറിയിച്ചു.

ഒഐസിസിയുടെ വിവിധ റീജിയനുകളിൽ നിന്ന് ശക്തമായ പ്രതിഷേധം അറിയിച്ചു കൊണ്ടു നേതാക്കന്മാരായ, കെ കെ മോഹൻദാസ്, അൾസ ഹാർഅലി.ഗിരി മാധവൻ, സുജു ഡാനിയേൽ, സുനുദത്ത്, സോണി ചാക്കോ, മാത്യു, പുഷ്പരാജ്, ഷിനു മാത്യു, സോബിൻ, അപ്പാ ഗഫൂർ, സുനിൽ രവീന്ദ്രൻ, സുലൈമാൻ, ജയ്‌സൺ, മകേഷ് മിച്ചം എന്നിവർ പ്രതിഷേധം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP