Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജോ ബൈഡന്റെ സത്യപ്രതിജ്ഞയുടെ മുഖ്യചുമതല നിർവഹിക്കുക ഒരു മലയാളി; അമേരിക്കൻ പ്രവാസി സമൂഹത്തിന് അഭിമാനായത് തിരുവല്ല സ്വദേശികളുടെ മകൻ മജു വർഗീസ്; പ്രസിഡൻഷ്യൽ ഇനാഗുറേഷന് ഒരു ഇന്ത്യക്കാരൻ എത്തുന്നത് ഇതാദ്യം; ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ പ്രവർത്തിച്ച മജുവിന് ബൈഡന്റെ കാലത്തും കാത്തിരിക്കുന്നത് നിർണായക പദവികൾ

ജോ ബൈഡന്റെ സത്യപ്രതിജ്ഞയുടെ മുഖ്യചുമതല നിർവഹിക്കുക ഒരു മലയാളി; അമേരിക്കൻ പ്രവാസി സമൂഹത്തിന് അഭിമാനായത് തിരുവല്ല സ്വദേശികളുടെ മകൻ മജു വർഗീസ്; പ്രസിഡൻഷ്യൽ ഇനാഗുറേഷന് ഒരു ഇന്ത്യക്കാരൻ എത്തുന്നത് ഇതാദ്യം; ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ പ്രവർത്തിച്ച മജുവിന് ബൈഡന്റെ കാലത്തും കാത്തിരിക്കുന്നത് നിർണായക പദവികൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ: പുതിയ യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് ചുക്കാൻ പിടിക്കുക ഒരു മലയാളിയാകും. പ്രിസിഡൻഷ്യൽ ഇനാഗുറേഷന്റെ നാലംഗ നടത്തിപ്പു സമിതിയിൽ മലയാളി മജു വർഗീസും. ജനുവരി 20നു നടക്കുന്ന ചടങ്ങിന്റെ സംഘാടനം നിർവഹിക്കുന്ന പ്രസിഡൻഷ്യൽ ഇനാഗുരൽ കമ്മിറ്റിയുടെ (പിഐസി) എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മജു (43).

തിരുവല്ല സ്വദേശി മാത്യു -സരോജ ദമ്പതികളുടെ മകനായി ന്യൂയോർക്കിലാണു മജു ജനിച്ചത്. 2000 ൽ ഡമോക്രാറ്റ് സ്ഥാനാർത്ഥി അൽ ഗോറിന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്നു. ബറാക് ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ 6 വർഷം പ്രവർത്തിച്ചു. ബൈഡന്റെ പ്രചാരണ സംഘം ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി പ്രവർത്തിച്ചതിന്റെ അംഗീകാരം കൂടിയാണ് പുതിയ ചുമതല. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ഈ ചുമതല നിർവ്വഹിക്കുന്നത്.

ടോണി അലനാണ് മറ്റൊരു വ്യക്തി. ഡെലവേർ യുണിവേഴ്‌സിറ്റി പ്രസിഡന്റും ബൈഡന്റെ ദീർഘകാല സുഹൃത്തുമാണ് ടോണി അലൻ. ഒബാമ വൈറ്റ് ഹൗസിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന മജു വർഗീസ്, ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും സീനിയർ അഡൈ്വസറുമായിരുന്നു. കൊറോണ കാലത്ത് വിദൂരത്തിലിരുന്ന് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചത് വർഗീസ് ആയിരുന്നു.

മാനേജ്മെന്റ്-അഡ്‌മിനിസ്ട്രേഷൻ എന്നിവയിൽ ഒബാമയുടെ അസിസ്റ്റന്റ് ആയും ഡപ്യൂട്ടി ഡയറക്ടറായും വൈറ്റ് ഹൗസിൽ ആറു വർഷത്തിലേറെ വർഗീസ് സേവനമനുഷ്ടിച്ചു. ഈ അനുഭവ സമ്പത്ത് ബൈഡന്റെ പ്രചാരണത്തിനു വർഗീസ് ഉപയോഗപ്പെടുത്തി. വൈറ്റ് ഹൗസിൽ തന്റെ കീഴിൽ പ്രവർത്തിച്ചവരോ കൂടെ പ്രവർത്തിച്ചവരോ ആണു ബൈഡന്റെ സ്റ്റാഫിൽ വർഗീസിനൊപ്പം പ്രവർത്തിച്ചവർ. രാഷ്ട്രീയ രംഗത്ത് ആഴത്തിലുള്ള പരിചയം കൈമുതലായുള്ള വർഗീസ് പ്രചാരണം പ്രൊഫഷണലൈസ് ചെയ്യാൻ മുന്പിലുണ്ടായിരുന്നു.

എഴുത്തുകാരിയായ സരോജ വർഗീസിന്റെ പുത്രനാണ് മജു വർഗീസ്. ബൈഡൻ വൈറ്റ് ഹൗസിൽ മജു ഉന്നത സ്ഥാനം വഹിക്കുമെന്ന് ഉറപ്പാണ്. 'കാര്യങ്ങൾ എങ്ങനെ നടക്കുന്നുവെന്ന് വ്യക്തമായി അറിയാവുന്നയാൾ' എന്നാണു വർഗീസിനെ ഒരു നിരീക്ഷകൻ വിശേഷിപ്പിച്ചത്. പ്രൈമറി മത്സരത്തിൽ ബൈഡൻ പിന്നോക്കം പോയ സമയത്താണ് വർഗീസിനെ കൂടി പ്രചാരണ രംഗത്തു കൊണ്ട് വന്നത്. മികച്ച കൂടുതൽ പേരുടെ സേവനം അദ്ദേഹത്തിനു ആവശ്യമുണ്ടെന്ന പശ്ചാത്തലത്തീലാണു വർഗീസിന്റെ നിയമനം.

ന്യു യോർക്കിൽ ഹോഫ്സ്ട്രാ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടിയ വർഗീസ് ചെറുപ്പം മുതൽ തന്നെ രാഷ്ട്രീയ രംഗത്തു സജീവമായിരുന്നു. മാസച്യുസറ്റ്‌സ് സർവകലാശാലയിൽ നിന്നു പൊളിറ്റിക്കൽ സയൻസും സാമ്പത്തിക ശാസ്ത്രവും പഠിച്ചു. കൊച്ചി സ്വദേശിയായ പിതാവ് മാത്യു വർഗീസ് ഏതാനും വർഷം മുൻപ് നിര്യാതനായി. അമ്മ, നഴ്‌സ് ആയ സരോജ വർഗീസ് ആണ് ആദ്യം യുഎസിൽ എത്തിയത്. മൂത്ത സഹോദരി മഞ്ജു.

2000 ൽ അൽ ഗോർ ഡമോക്രാറ്റ് പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായപ്പോൾ, അദ്ദേഹത്തിന്റെ പ്രചാരണ സംഘത്തിലായിരുന്നു ആദ്യത്തെ പ്രധാന നിയമനം. പിന്നെ ഡമോക്രാറ്റിക് നാഷനൽ കമ്മിറ്റിയിൽ റിസർച് അസോഷ്യേറ്റായി. ബറാക് ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ മജു 6 വർഷം സേവനമനുഷ്ഠിച്ചു. ട്രംപിനെതിരെ മത്സരിക്കുന്ന ബൈഡന്റെ പ്രചാരണ സംഘം ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി നിയമിതനായതു കഴിഞ്ഞ സെപ്റ്റംബറിൽ. ഗോർ സംഘത്തിൽ ഒപ്പമുണ്ടായിരുന്ന ജൂലിയെയാണു മജു ജീവിതസഖിയാക്കിയത്. ഇവർക്കൊരു മകൻ: 14 വയസ്സുള്ള ഇവാൻ.

നേതൃമികവിലും അനുഭവസമ്പത്തിലും സഹാനുഭൂതിയിലും ബൈഡൻ ഒരു പ്രചോദനമാണെന്നു മജു പറയുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമല ഹാരിസ് എത്തിയതോടെ ഇന്ത്യൻ വംശജർക്കിടയിലെ ആവേശം വലുതാണെന്നും ദ് വീക്ക് വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP