Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202102Thursday

ബ്രിട്ടനിൽ ഒരു ലക്ഷം ഡ്രൈവറെ ഇറക്കാൻ വന്ന കമ്പനിയുടെ മൂലധന നിക്ഷേപം ഒരു പൗണ്ട്! തട്ടിപ്പു ട്രക്ക് യാത്ര തുടങ്ങുന്നത് ബ്രിസ്റ്റോളിൽ നിന്നും; വെയ്ൽസിൽ വന്നു നിൽക്കുമ്പോൾ ലക്ഷ്യം വച്ചതു ട്രക്ക് നിറയെ പണം; മറ്റൊരു മുങ്ങൽ മനസ്സിൽ കണ്ട ഉടായിപ്പ് ബിസിനസ് പൊളിഞ്ഞടുങ്ങിയത് മാധ്യമ ശ്രദ്ധയിൽ

ബ്രിട്ടനിൽ ഒരു ലക്ഷം ഡ്രൈവറെ ഇറക്കാൻ വന്ന കമ്പനിയുടെ മൂലധന നിക്ഷേപം ഒരു പൗണ്ട്! തട്ടിപ്പു ട്രക്ക് യാത്ര തുടങ്ങുന്നത് ബ്രിസ്റ്റോളിൽ നിന്നും; വെയ്ൽസിൽ വന്നു നിൽക്കുമ്പോൾ ലക്ഷ്യം വച്ചതു ട്രക്ക് നിറയെ പണം; മറ്റൊരു മുങ്ങൽ മനസ്സിൽ കണ്ട ഉടായിപ്പ് ബിസിനസ് പൊളിഞ്ഞടുങ്ങിയത് മാധ്യമ ശ്രദ്ധയിൽ

പ്രത്യേക ലേഖകൻ

ലണ്ടൻ: ഒരു ലക്ഷം മലയാളികളെ ട്രക്ക് ഓടിക്കാൻ യുകെയിൽ എത്തിക്കാൻ വിശാല മനസ്‌കത കാട്ടിയ ബിസിനസ് ബുദ്ധിക്ക് ആയിരം പ്രണാമം അർപ്പിച്ചാലും അധികമാകില്ല. കഴിഞ്ഞ ആഴ്ച ഡെർബിയിൽ നിന്നും കൂത്താട്ടുകുളത്ത് എത്തി സീനിയർ കെയർ വിസ വിറ്റു കോടീശ്വരൻ ആകാൻ ശ്രമിച്ച സോയി നാട്ടുകാരോട് പറയുന്നത് നല്ല കാര്യം ചെയ്യാൻ ശ്രമിക്കുന്ന കിറ്റെക്സിനെ ഓടിക്കാൻ ശ്രമിക്കുകയല്ലേ, പിന്നെയാണോ എന്നെ വെറുതെ വിടുന്നതെന്ന്.

ഇപ്പോൾ കൂത്താട്ടുകുളം സോയി പറയുന്ന അതേ വാക്കുകൾ തന്നെയാകണം ജന്മം കൊണ്ട് അധികം അകലെയല്ലാത്ത കരിംകുന്നംകാരനായ ട്രക്ക് ഡ്രൈവർ ഹോൾസെയിൽ ഇറക്കുമതിക്കാരനും പറയാനുണ്ടാവുക. കാരണം റോയൽ ബാങ്ക് ഓഫ് സ്‌കോട്ലൻഡിനെ വെള്ളം കുടിപ്പിച്ചു 1.8 മില്യൺ പൗണ്ടുമായി രായ്ക്കുരാമാനം നാടുവിട്ടു പാലക്കാട്ട് പൊങ്ങിയ പാഴായ നഴ്‌സിങ് ഹോം ഉടമ ബ്രിസ്റ്റോളിൽ പൊങ്ങുന്നത് ഒരു പൗണ്ട് നിക്ഷേപത്തോടെ കെയർ ഏജൻസി ബിസിനസുമായാണ്.

തന്റെ പേരിന്റെ സൂചന വരുന്ന തരത്തിൽ 2019 നവംബർ 20നു കമ്പനി തുടങ്ങിയ ഇപ്പോഴത്തെ ട്രക്ക് ഡ്രൈവർ ഇറക്കുമതിക്കാരന് ഒരു വർഷത്തിനകം കളം ബ്രിസ്റ്റോളിൽ നിന്നും ഗ്ലോസ്റ്ററിലേക്കു പറിച്ചു നടേണ്ടി വന്നു. പൊതുവെ ഇത്തരം തട്ടിപ്പുകാർ സ്വന്തം വീട് അഡ്രസ് തന്നെ കമ്പനി അഡ്രസ് ആയി നൽകുന്ന പതിവ് ഉള്ളതിനാൽ ഒരു ഫ്ളാറ്റിലെ കുടുസു മുറിയിൽ ഇരുന്നും ദശലക്ഷങ്ങളുടെ ബിസിനസ് ചെയ്യാം എന്ന ലളിത ശാസ്ത്രം കൂടി യുകെയിലേക്കു മനുഷ്യക്കടത്തിന് ഇറങ്ങിയ മലയാളിക്ക് പറയാനാകും.

എന്നാൽ കെയർ കമ്പനികൊണ്ടു വലിയ പ്രയോജനം ഇല്ലെന്നു മനസിലാക്കിയ, വമ്പൻ ബിസിനസ് മാത്രം സ്വപ്നം കാണുന്ന, ബാങ്കിനെ പോലും മലർത്തിയടിക്കാൻ കഴിവുള്ള ഭൂലോക ഊഡായിപ്പെന്നു വിശേഷിപ്പിക്കാവുന്ന കരിംകുന്നംകാരാൻ ഗ്ലോസ്റ്ററിൽ നിന്നും വീണ്ടും മുങ്ങി പൊങ്ങിയത് വെയ്ൽസിലാണ്. അതായതു പഴയ കെയർ കമ്പനിയെ പൊളിച്ചു ട്രക്ക് ഇറക്കുമതിക്ക് പാകം ആക്കിയെടുത്തത് ഇക്കഴിഞ്ഞ ആഗസ്റ്റിൽ. ഈ കമ്പനിയും ഓർമയാകാൻ അധികം താമസമില്ലെന്നു സൂചിപ്പിക്കും വിധം സാമ്യം ഉള്ള ഒരു പേരാണ് കമ്പനി ഉസ്താദ് നൽകിയതെങ്കിലും കേട്ടാൽ ആരും ഞെട്ടട്ടെ എന്നേ കക്ഷി വിചാരിച്ചിട്ടുണ്ടാകൂ.

കമ്പനിയിൽ നേരിട്ട് വിളിച്ചാൽ ജോലിയുമില്ല കൂലിയുമില്ല

ഒരു ബിസിനസ് വളർത്തിയെടുക്കാൻ ഉള്ള പ്രയാസം ചെറുതല്ലെന്നറിയാവുന്നതിനാലും കേരളത്തിൽ കോവിഡ് സാഹചര്യം മൂലം ഒരു ജോലിയും ചെയ്തു ജീവിക്കാൻ സാധിക്കാത്ത സാഹചര്യം പ്രത്യേകിച്ചും ഡ്രൈവർമാരെപോലെ ഉള്ളവർ നേരിടുന്നതിനാൽ ട്രക്ക് ഡ്രൈവർ ഇറക്കുമതിക്ക് ഇറങ്ങി തിരിച്ച യുകെ മലയാളിയെ സഹായിക്കാം എന്ന പ്രതീക്ഷയോടെയാണ് മറുനാടൻ മലയാളി വെയ്ൽസിലെ ഓഫിസിൽ ബന്ധപ്പെടുന്നത്. തുടക്കത്തിൽ വിവരം ഒക്കെ ശേഖരിച്ച ഇന്ത്യൻ ചുവയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഓഫിസ് മാനേജർ ഇന്ത്യയിൽ നിന്നും തൽക്കാലം ഡ്രൈവറെ എത്തിക്കാൻ പ്രയാസം ആണെന്നാണ് തുറന്നു പറഞ്ഞത്.

എങ്കിൽ പിന്നെ നിങ്ങൾ ഇക്കാര്യം കാണിച്ചു പരസ്യം നൽകിയത് എന്തിനെന്നു ചോദിച്ചപ്പോൾ കമ്പനി കാര്യസ്ഥന് കാര്യമായ മറുപടി ഉണ്ടായിരുന്നില്ല. കമ്പനി ഉടമകളെ നേരിൽ കാണാൻ സാധിക്കുമോ എന്ന ചോദ്യത്തിനും തത്കാലം ഉടമകൾ സ്ഥലത്തിലെന്ന മറുപടിയാണ് ലഭിച്ചത്. സീനിയയർ കെയർ വിസകൾ നൽകാൻ തൊന്തരവ് പിടിച്ച ഏർപ്പാട് ആണെന്ന് തുറന്നു പറഞ്ഞ കാര്യസ്ഥൻ മറ്റു കമ്പനികൾക്കും നഴ്സുമാരെയും ഒക്കെ എത്തിച്ചാൽ വിസ തയ്യാറാക്കി നൽകാമെന്നും തൊഴിൽ ഉടമകളിൽ നിന്നും കമ്മീഷൻ വാങ്ങി ജീവിക്കുന്ന ഇടനിലക്കാരാണ് തങ്ങളുടെ കമ്പനിയെന്നും വെളിപ്പെടുത്താൻ തയ്യാറായി.

നിയമത്തെ പേടിയില്ലാത്തതും നാണക്കേട് എന്ന വാക്കുപോലും കേട്ടിട്ടില്ലാത്തതും തുണയായി

ബ്രിട്ടനിൽ ഏതുതരം സാമ്പത്തിക തട്ടിപ്പു നടത്തിയാലും രക്ഷപെടാൻ മാർഗം ഉണ്ടെന്നതിന്റെ ഏറ്റവും മികച്ച മലയാളി ഉദാഹരണം കൂടിയാണ് ട്രക്ക് ഡ്രൈവർ ഇറക്കുമതിക്ക് ഇറങ്ങിയ കരിംകുന്നംകാരൻ. ഒരു നഴ്‌സിങ് ഹോമിൽ താമസിക്കുന്ന അന്തേവാസികളോട് തമാശ പറഞ്ഞതിന്റെ അർത്ഥം മാറിപ്പോയതിനു പോലും ജോലി നഷ്ടപ്പെട്ട നൂറു കണക്കിന് മലയാളികൾ യുകെയിൽ ഉള്ളപ്പോഴാണ് ഭക്ഷണവും വെള്ളവും നിഷേധിച്ചു 35 പേരെ പെരുവഴിയിലാക്കി മുങ്ങിയ വ്യക്തി വീണ്ടും യുകെയിൽ എത്തി ബിസിനസിന്റെ പേരിൽ കള്ളക്കളിക്കു തയ്യാറെടുക്കുന്നത്.

ഒറ്റയടിക്ക് 18 കോടി രൂപ വെട്ടിച്ചെടുത്തിട്ടും ഇയാളെ നിരീക്ഷിക്കാനോ വീണ്ടും തട്ടിപ്പു നടത്തുന്നത് തടയാനോ യുകെയിലെ നിയമ വ്യവസ്ഥയ്ക്ക് കഴിയുന്നില്ല എന്നതും പരിതാപകരമാണ്. ഇത്തരം കാര്യങ്ങളിൽ ഇറങ്ങിത്തിരിച്ചാൽ നാണക്കേട് എന്ന പദം പോലും തങ്ങൾക്കറിയില്ല എന്ന നിലപാടുകാരാണ് പൊതുവെ എങ്കിലും ഇയാൾ അതിനെയും കവച്ചു വയ്ക്കുന്ന സ്വഭാവക്കാരനാണ് എന്നത് പുതിയ നീക്കങ്ങൾ തെളിയിക്കുന്നു.

പ്രചാരം നൽകാൻ എളുപ്പവഴി, അനേകരുടെ കാശു പോകുന്നത് തടയനായത് മാധ്യമ ശ്രദ്ധ

ഒരു ഫേസ്‌ബുക് പേജോ വാട്സാപ്പ് ഗ്രൂപ്പോ ഉണ്ടായാൽ ഏതു തരികിട ബിസിനസും വളർത്തിയെടുക്കാം എന്നതിന്റെ നേർ ഉദാഹരണം കൂടിയാണ് ട്രക്ക് ഡ്രൈവർ ഇറക്കുമതി മുന്നിൽ കണ്ട മലയാളിയുടെ തട്ടിപ്പു പരസ്യങ്ങൾ. ഡ്രൈവർമാരുടെ കുറവ് സത്യം ആണെന്നതും ബ്രിട്ടീഷ് സർക്കാർ തന്നെ ഡ്രൈവർമാരെ തേടി രംഗത്ത് വന്നതും കഴിഞ്ഞ ദിവസങ്ങളിലെ പെട്രോൾ ഡീസൽ വിതരണത്തിൽ ഉണ്ടായ കുറവും ഒക്കെ ട്രക്ക് ഓടിക്കാൻ മലയാളികൾക്കും അവസരം ലഭിക്കും എന്ന പ്രചാരണത്തെ വൈറലാക്കി. പുട്ടിനു പീര എന്നപോലെ കുറെ യൂട്ഊബർമാരും തട്ടിപ്പിന് കുട പിടിക്കാനെത്തി.

എന്നാൽ ഇതിന്റെ സാധ്യതകൾക്ക് പുറകെ നിരീക്ഷണ കണ്ണുകളുമായി മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ എത്തിയതോടെ ആയിരക്കണക്കിന് മലയാളികളുടെ അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടുന്നത് തടയാനായി. സീനിയർ കെയർ വിസക്ക് വേണ്ടി ആപ്ലിക്കേഷൻ ഫീസ് വാങ്ങുന്നത് പോലെ ഡ്രൈവർമാർക്ക് വേണ്ടിയും അപേക്ഷ ഫീസ് എങ്കിലും ലഭിച്ചിരുന്നെങ്കിൽ ഒരു ട്രക്ക് നിറയെ പൗണ്ട് സമ്പാദിക്കാൻ തട്ടിപ്പു വീരന് കഴിഞ്ഞേനെ.

എന്നാൽ മാധ്യമങ്ങൾ വാർത്തയുമായി എത്തിയതോടെ ഡ്രൈവർ ഇറക്കുമതിക്കാരൻ തത്കാലം മാളത്തിലേക്ക് വലിയ സൂചനയാണ് ലഭിക്കുന്നത്. ഇതാണ് ഇയാളുടെ ഓഫിസ് ഫോണിൽ വിളിക്കുമ്പോൾ ലഭിക്കുന്ന മറുപടി സൂചിപ്പിക്കുന്നതും. എന്നാലും ഉറപ്പാണ്, ഇയാൾ പതുങ്ങുന്നത് ഒളിക്കാനല്ല, മറ്റൊരു തട്ടിപ്പുമായി വീണ്ടും അവതരിക്കാൻ തന്നെ ആയിരിക്കും. പക്ഷെ ഇയാളുടെ മേൽ ഇതിനകം തന്നെ യുകെ മലയാളി സമൂഹത്തിന്റെ നിരീക്ഷണ കണ്ണുകൾ പതിഞ്ഞതിനാൽ അത്ര വേഗത്തിൽ പരസ്യമായി ഇയാൾക്ക് വീണ്ടും തട്ടിപ്പു വലക്കണ്ണികൾ നെയ്തെടുക്കാൻ കഴിയില്ല എന്നുമാണ് ട്രക്ക് ഡ്രൈവർ ഇറക്കുമതി ബിസിനസ് പൊളിഞ്ഞതിലൂടെ വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP