Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളി കൂടി മരിച്ചു; വിടവാങ്ങിയത് 53 കാരനായ ഡർബിയിലെ മലയാളി; കൂത്താട്ടുകുളം സ്വദേശി സിബി മാണിയെ ആശുപ്രത്രിയിൽപ്രവേശിപ്പിച്ചത് ശനിയാഴ്‌ച്ച; രോഗം ബാധിച്ച ലണ്ടൻ മലയാളി ആശുപത്രിയിൽ തന്നെ; യുകെയിൽ അനേകം മലയാളികൾക്ക് കോവിഡ് ബാധയെന്ന് റിപ്പോർട്ടും ആശങ്കപ്പെടുത്തുന്നു; റാംഫോർഡ് ആശുപത്രിയിലെ ഡോക്ടറടക്കം ഇതിനോടകം മരിച്ചത് 17 എൻഎച്ച്എസ് ജീവനക്കാർ

കോവിഡ് ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളി കൂടി മരിച്ചു; വിടവാങ്ങിയത് 53 കാരനായ ഡർബിയിലെ മലയാളി; കൂത്താട്ടുകുളം സ്വദേശി സിബി മാണിയെ ആശുപ്രത്രിയിൽപ്രവേശിപ്പിച്ചത് ശനിയാഴ്‌ച്ച; രോഗം ബാധിച്ച ലണ്ടൻ മലയാളി ആശുപത്രിയിൽ തന്നെ; യുകെയിൽ അനേകം മലയാളികൾക്ക് കോവിഡ് ബാധയെന്ന് റിപ്പോർട്ടും ആശങ്കപ്പെടുത്തുന്നു; റാംഫോർഡ് ആശുപത്രിയിലെ ഡോക്ടറടക്കം ഇതിനോടകം മരിച്ചത് 17 എൻഎച്ച്എസ് ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഡെർബിലെ ആശുപത്രി വെന്റിലേറ്ററിൽ കഴിയുകയായിരുന്ന മലയാളിയാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശിയായ സിബി മാണിയാണ് അൽപ നേരം മുമ്പ് മരണത്തിനു കീഴടങ്ങിയത്. 53 വയസായിരുന്നു സിബിയുടെ പ്രായം. കൊവിഡ് 19 ബാധയെ തുടർന്ന് ശനിയാഴ്ചയാണ് സിബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഇന്ന്ലെ ഹാർട്ട് അറ്റാക്ക് ഉണ്ടായാതായും വിവരം ലഭിച്ചിരുന്നു. ഭാര്യ അനുവും രണ്ട് മക്കളും വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണ്. 13ഉം അഞ്ചും വയസുള്ള രണ്ട് ആൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്. അതേസമയം, ലണ്ടനിലെ ആശുപത്രിയിൽ ഒരു ലണ്ടൻ മലയാളിയും കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലാണ്. മൂന്നു ദിവസം മുൻപാണ് ലണ്ടനിലെ മലയാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.

യുകെയിലെ മലയാളികളുടെയും കൊറോണാ രോഗികളെ ചികിത്സിക്കുന്ന നഴ്സുമാരുടെയും ഡോക്ടർമാരുടെയും കെയറർമാരുടെയും എല്ലാം അവസ്ഥ അതി ഭയങ്കരമായ രീതിയിൽ മോശമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അനേകം മലയാളി നഴ്സുമാരും ഡോക്ടർമാരും ഇപ്പോൾ കൊവിഡ് 19 സ്ഥിരീകരിച്ചു വീട്ടിൽ ഇരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചാലും ആർക്കും ചികിത്സ കിട്ടുന്നില്ല എന്നതു ഭയങ്കരമായ അവസ്ഥയാണ്. മലയാളികൾ അടങ്ങിയ കുടിയേറ്റക്കാരായ എൻഎച്ച്എസ് ജീവനക്കാരെ കൊവിഡ് രോഗികളെ ചികിത്സിക്കാൻ തള്ളിവിടുന്നു എന്ന ആക്ഷേപവും ശക്തമാണ്. നിലവിൽ 15 ഓളം മലയാളികൾ വെന്റിലേറ്ററിൽ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഇത്തരത്തിൽ കോവിഡ് ബാധിതരായും രോഗ ലക്ഷണങ്ങളുമായും നിരവധി മലയാളികൾ യുകെയിൽ ഉണ്ട്.

അതേസമയം, യുകെയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്നതും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുമായ മലയാളികളുടെ ജീവൻ വച്ച് കളിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ എന്നാണ് പൊതുവെ മലയാളി സമൂഹത്തിൽ നിന്നും ഉയരുന്ന പൊതു വികാരം. മലയാളികൾ അടങ്ങിയ കുടിയേറ്റക്കാരായ എൻഎച്ച്എസ് ജീവനക്കാരെ കൊവിഡ് രോഗികളെ ചികിത്സിക്കാൻ തള്ളിവിടുമ്പോൾ നൽകുന്നത് മാസ്‌കും ഗ്ലൗസുകളും മാത്രമാണെന്നാണ് ആക്ഷേപം. ഇതിനെതിരെ പ്രതികരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലുമാണ് മലയാളി നഴ്സുമാർ. മലയാളി നഴ്സുമാരെ ചൂഷണം ചെയ്യുന്ന നിരവധി ഉദാഹരണങ്ങളാണ് ഓരോ ആശുപത്രിയിൽ നിന്നും പുറത്തു വരുന്നത്.

കോവിഡ് രോഗികൾ അല്ലാത്തവരെ നോക്കുന്നവർക്കും മാസ്‌ക് നൽകാനോ പി പി ഇ നൽകാനോ മാനേജർമാർ തയ്യാറാകുന്നില്ല. ഷോർട്ടേജ് എന്നതാണ് ഇതിനുള്ള കാരണമായി പറയുന്നത്. ഇതിനോട് പ്രതികരിക്കൻ മലയാളി നഴ്സുമാർ അധൈര്യപ്പെടുകയാണ്. ന്യൂകാസിലിൽ ഇങ്ങനെ ചോദ്യം ചെയ്ത മലയാളി നഴ്സിനെ കോവിഡ് രോഗികളുടെ ഇടയിലേക്ക് തട്ടിയാണ് മാനേജർ പ്രതികാരം തീർത്തതെന്നും വിവരം ലഭിക്കുന്നു. ഡെർബി ഹോസ്പിറ്റലിൽ പിപിഇ നൽകാതിരുന്നതിനെ തുടർന്ന് ജോലി ചെയ്യാൻ തയ്യാറാകാത്ത മെയിൽ നഴ്സിനെ വിരട്ടാൻ നോക്കിയ മാനേജരെ ധിക്കരിച്ച് ആ യുവാവ് ജോലി സ്ഥലത്തു നിന്നും ബോയ്‌കോട്ട് നടത്തി. മാനേജർമാരെ പേടിച്ചു മിഡിൽസെക്‌സ് ഹോസ്പിറ്റലിൽ മലയാളി നഴ്സുമാരുടെ കൂട്ട അവധിയാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടയിൽ ചില മലയാളികൾ എങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ബ്രിട്ടന് അനുകൂല മനോഭാവവുമായി പ്രവർത്തിക്കുന്നുണ്ട്.

ആർസിഎന്നിനെയോ എൻഎംസിയെയോ നേരിട്ട് പരാതി അറിയിക്കുവാനാണ് മലയാളികൾ ശ്രമിക്കുന്നത്. അതിന് ഏറ്റവും വേഗത്തിൽ ഓൺ ലൈൻ പെറ്റീഷനോ മറ്റോ ആരംഭിക്കുവാനുള്ള ആലോചനയും യുകെ മലയാളികൾക്കിടയിൽ സജീവമാണ്. ഇന്നു പുലർച്ചെ ഒരു മണിയോടെ റോംഫോർഡ് ക്വീൻസ് ഹോസ്പിറ്റലിൽ ഒരു ഡോക്ടർ കൂടി മരണത്തിനു കീഴടങ്ങി. കഴിഞ്ഞ 15 ദിവസമായി കൊറോണാ വൈറസിനോട് പോരാടിയ ശേഷമാണ് ഡോക്ടർ അബ്ദുൽ മബൂദ് ചൗധരിക്കു മരണത്തിനു കീഴടങ്ങേണ്ടി വന്നത്. 53 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. യുകെയിൽ ജോലി ചെയ്യുന്ന എല്ലാ എൻഎച്ച്എസ് ജോലിക്കാർക്കും പിപിഇ കിറ്റുകൾ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് അദ്ദേഹം ഏതാണ്ട് മൂന്നാഴ്ച മുമ്പ് അദ്ദേഹം ബോറിസ് ജോൺസണിന് കത്തയച്ചിരുന്നു. ഈസ്റ്റ് ലണ്ടനിൽ യൂറോളജിസ്റ്റായി ജോലി ചെയ്തിരുന്ന അദ്ദേഹം ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നു. അടുത്തിടെയാണ് അദ്ദേഹം 25-ാം വിവാഹ വാർഷികം ആഘോഷിച്ചത്.

കൊവിഡ് 19 ബാധിച്ചു മരിച്ച എൻഎച്ച്എസ് ജീവനക്കാർ ഇവർ
യുകെയിൽ ഇക്കഴിഞ്ഞ ദിവസങ്ങൾക്കിടെ കോവിഡ്-19 ബാധിച്ച് നിരവധി ഡോക്ടർമാരും നഴ്സുമാരും മറ്റ് ഹെൽത്ത് കെയർ വർക്കർമാരുമാണ് മരിച്ചിരിക്കുന്നത്. 17 എൻഎച്ച്എസ് ജീവനക്കാരാണ് ഇതുവരെ കൊവിഡ് 19 ബാധിതരായി മരണത്തിനു കീഴടങ്ങിയത്. എയിൻട്രീ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പേഷ്യന്റ് ഡിസ്ചാർജ് ഓഫീസറായ 54 കാരി ബാർബറ മൂറും ന്യൂകാസിലിലെ റോയൽ വിക്ടോറിയ ഇർഫേർമറിയിലെ ചൈൽഡ് കാൻസർ നഴ്‌സായ 29 കാരി റെബേക്ക മാക്കുമാണ് എൻഎച്ച്എസ് ജീവനക്കാരിലെ അവസാന കൊവിഡ് ഇരകൾ.

സിംഗപ്പൂരിൽ നിന്നും യുകെയിലെത്തി കഴിഞ്ഞ 44 വർഷങ്ങളായി എൻഎച്ച്എസിൽ സ്തുത്യർഹമായ സേവനം നടത്തിയ നഴ്സ് കൊറോണക്ക് കീഴടങ്ങിയ ആലീസ് കിറ്റ് ടാക് ഓൻഗിനും ശ്രീലങ്കയിൽ നിന്നും യുകെയിലെത്തി ദീർഘകാലമായി എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഡോക്ടറായ ആന്റൻ സെബാസ്റ്റ്യൻ പിള്ളയും കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചത്. കൊറോണ അധികരിച്ചതിനെ തുടർന്ന് കിങ്സ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം മരിച്ചത്. രോഗം വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു ആലീസ് മരിച്ചത്. കോവിഡ്-19 ബാധിച്ചതിനെ തുടർന്ന് ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

കാർഡിഫിലെ ലോകപ്രശസ്തനായ ഹൃദ്രോഗ വിഗദ്ധനായ ഇന്ത്യൻ ഡോക്ടർ ജിതേന്ദ്ര റാത്തോഡ് (58) കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ലിവർ പൂളിൽ ഒരു നഴ്സും എസെക്സിൽ ഒരു മിഡൈ്വഫും ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു കൊറോണ ബാധിച്ച് മരിച്ചിരുന്നത്. റോയൽ ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് വെള്ളിയാഴ്ച കൊറോണ ബാധിച്ച് മരിച്ച നഴ്‌സായ ഗ്ലാനിസ്റ്റർ എന്ന 68 കാരി എയിൻട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ദീർഘകാലമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വരുകയായിരുന്നു. എസെക്സിലെ ഹാർലോയിലെ ദി പ്രിൻസസ് അലക്സാണ്ട്ര ഹോസ്പിറ്റലിലെ മിഡ് വൈഫായ ലിൻസെ കവൻട്രി (54) കൊറോണ ബാധിച്ച് മരിച്ചത് വ്യാഴാഴ്ചയായിരുന്നു. ഇതിന് പുറമെ വെള്ളിയാഴ്ച വാട്ട്‌ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ കൊറോണ രോഗികളെ അടുത്ത് പരിചരിച്ചിരുന്ന 23 കാരനായ ഫിലിപ്പിനോ നഴ്‌സായ ജോൺ അലഗോസ് കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു.

കൂടാതെ വെസ്റ്റ് മിഡ്ലാൻഡ്സിലെ വാൽസാൽ മാനറിലെ 36കാരിയായ അരീമ നസ്രീൻ വെള്ളിയാഴ്ചയും കെന്റിലെ മാർഗററ്റിലെ ക്യൂൻ മദർ ഹോസ്പിറ്റലിൽ 38 കാരി എയ്മീ ഓ റൗർകെ വ്യാഴാഴ്ചയും കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇതിന് പുറമെ കൊറോണ പിടിപെട്ട് എൻഎച്ച്എസിലെ രണ്ട് ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും മരിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ്ലണ്ടനിൽ ജോലി ചെയ്തിരുന്ന 57കാരനായ തോമസ് ഹാർവി, നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെൽത്ത് കെയർ അസിസ്റ്റന്റായ ട്രാസി ബ്രെന്നാൻ എന്നിവരാണ് വൈറസ് ബാധിച്ച് മരിച്ച ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ.

നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെൽത്ത് കെയർവർക്കറായ ഗ്ലെൻ കോർബിൻ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചിരുന്നു. പാർക്ക് റോയൽ സെന്റർ ഫോർ മെന്റൽ ഹെൽത്തിൽ 1995 മുതൽ ജോലി ചെയ്ത് വരുകയും റിട്ടയർ ചെയ്യുകയും ചെയ്ത കോർബിൻ കൊറോണയുടെ സാഹചര്യത്തിൽ വീണ്ടും സേവനത്തിനായി എൻഎച്ച്എസിലേക്ക് തിരിച്ചെത്തുകയും കൊറോണ ബാധിച്ച് മരിക്കുകയുമായിരുന്നു. മാർച്ച് 31ന് വിറ്റിങ്ടൺ ഹോസ്പിറ്റലിലെ ഡോ. അൽഫ സാഡു കൊറോണ ബാധിച്ച് മരിച്ചിരുന്നു. നൈജീരിയക്കാരനായ ഇദ്ദേഹം 40 വർഷങ്ങളായി എൻഎച്ച്എസിന് വേണ്ടി ലണ്ടനിലുടനീളമുള്ള ഹോസ്പിറ്റലുകളിൽ ജോലി ചെയ്ത് വരവെയാണ് കൊറോണ പിടിപെട്ട് മരിച്ചത്.

മാർച്ച് 28ന് ലെസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിലെ ഇഎൻടി സ്‌പെഷ്യലിസ്റ്റായ ഡോ. അംഗദ് എൽ ഹവ്‌റാനി കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഈസ്റ്റ് സസെക്‌സിലെ ഈസ്റ്റ് ബോൺ ഡിസ്ട്രിക്ട് ജനറൽ ഹോസ്പിറ്റലിൽ ഫാർമസിസ്റ്റായ പൂജ ശർമ(33)മാർച്ച് 26ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു.മാർച്ച് 25ന് സൗത്തൻഡ് ഹോസിപിറ്റലിൽ വച്ച് ഫാമിലി ജിപിയായ ഡോ. ഹബീബ് സൈദി എന്ന 76 കാരൻ മരിച്ചതും കോവിഡ്-19 ബാധിച്ചാണ്. ഹെർഫോർഡ് കൗണ്ടി ഹോസ്പിറ്റലിലെ എ ആൻഡ് ഇയിൽ ജോലി ചെയ്തിരുന്ന ഡോ. ടയാർ വെസ്റ്റ് മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വച്ച് കൊറോണ ബാധിച്ച് മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP