Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കേരളത്തിൽ നിന്നും എല്ലാ ദിവസവും ഇപ്പോൾ എത്തുന്നത് ശരാശരി 30 നഴ്സുമാർ; 6500 മലയാളി നഴ്സുമാരെ അടിയന്തരമായി നിയമിച്ച് ബ്രിട്ടീഷ് എൻഎച്ച് എസ്; രണ്ടാം കൊറോണ വൈറസിനെ നേരിടാൻ ബ്രിട്ടൻ കേരളത്തിന്റെ സഹായം തേടുന്നത് ഇങ്ങനെ

കേരളത്തിൽ നിന്നും എല്ലാ ദിവസവും ഇപ്പോൾ എത്തുന്നത് ശരാശരി 30 നഴ്സുമാർ; 6500 മലയാളി നഴ്സുമാരെ അടിയന്തരമായി നിയമിച്ച് ബ്രിട്ടീഷ് എൻഎച്ച് എസ്; രണ്ടാം കൊറോണ വൈറസിനെ നേരിടാൻ ബ്രിട്ടൻ കേരളത്തിന്റെ സഹായം തേടുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അറിയപ്പെടുന്ന ചരിത്രം അനുസരിച്ച് 1960 കളിലണ് കേരളത്തിൽ നിന്നുള്ള നഴ്സുമാർ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറിത്തുടങ്ങിയത്.കേരളത്തിൽ നിന്നുള്ള ആദ്യത്തെ കുടിയേറ്റം നടക്കുന്നത് ജർമ്മനിയിലേക്കായിരുന്നു. ജർമ്മൻ ബിഷപ്പിന്റെ ആവശ്യപ്രകാരം കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നഴ്സുമാർ ജർമ്മനിയിലെത്തിയത് അവിടത്തെ കാത്തലിക് ആശുപത്രികളിൽ ജോലി ചെയ്യുവാനായിരുന്നു. ജർമ്മൻ ഭാഷയുടെ ആദ്യക്ഷരങ്ങൾ പോലുമറിയാതെ ജർമ്മനിയിലേക്ക് തിരിച്ച അവർക്ക് പക്ഷെ, മനസ്സിലെ നന്മകൊണ്ട് രോഗികളുമായി സംവേദിക്കാനായി. സ്നേഹപൂർണ്ണമായ പരിചരണത്തിന്റെ സ്വാധീനം, രോഗം ഭേദമാക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കും എന്നറിയാവുന്ന ജർമ്മൻ ഡോക്ടർമാർക്ക് കേരളത്തിൽ നിന്നുള്ള നഴ്സുമാരുടെ പ്രാധാന്യം മനസ്സിലായി. അത് ഒരു തുടക്കം മാത്രമായിരുന്നു. അടുത്ത രണ്ട് വർഷങ്ങൾ കൊണ്ട് ജർമ്മനിയിലേയും ഇറ്റലിയിലേയും കാത്തലിക് ആശുപത്രികളിൽ കേരളത്തിൽ നിന്നെത്തിയത് 6000 ത്തോളം നഴ്സുമാരായിരുന്നു.

അവിടെയായിരുന്നു ആതുര സേവന രംഗത്തിന്റെ ഭൂപടത്തിൽ കേരളം സ്ഥാനം പിടിക്കാനുള്ളതിന്റെ ആരംഭം. പിന്നീട് വിവിധ യൂറോപ്യൻ രാഷ്ട്രങ്ങളിലേക്കും അമേരിക്കയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമൊക്കെ മലയാളി നഴ്സുമാരുടെ ഒഴുക്കായി. ഇന്ത്യക്കകത്ത് തന്നെ വിവിധ സംസ്ഥാനങ്ങളിൽ, ഒരു മലയാളി നഴ്സ് എങ്കിലും ഇല്ലാത്ത ആശുപത്രികൾ ഇല്ല എന്ന സ്ഥിതി വരെ സംജാതമായി. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 20 ലക്ഷം റെജിസ്റ്റേർഡ് നഴ്സുമാരുള്ളതിൽ 18 ലക്ഷവും കേരളത്തിൽ നിന്നാണ്. കേരളത്തിലെ 75% കുടുംബങ്ങളിൽ ചുരുങ്ങിയത് ഒരു നഴ്സുമാരെങ്കിലും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

ഇത്തരത്തിൽ ലോകമാകെ കേരളത്തിന്റെ കീർത്തിപരത്തിയ ഈ മാലാഖമാർ കോവിഡ് കാലത്ത് ബ്രിട്ടനിലും സ്ത്യൂതർഹമായ സേവനമാണ് കാഴ്‌ച്ചവച്ചത്. അതുകൊണ്ടു തന്നെയായിരിക്കാം ബ്രിട്ടനിൽ ഇപ്പോൾ കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ആവശ്യകതയേറിയത്. പ്രതിദിനം 30 നഴ്സുമാരെങ്കിലും ഇപ്പോൾ കേരളത്തിൽ നിന്നും ബ്രിട്ടനിലെത്തുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണയുടെ രണ്ടാം വരവ് ശക്തമായതിന്റെ പശ്ചാത്തലത്തിൽ എൻ എച്ച് എസ് നടത്തുന്ന അടിയന്തര നിയമന പരിപാടികളുടെ ഭാഗമായാണ് ഇവരെത്തുന്നത്.

കൊറോണയുടെ ആദ്യ വരവിന്റെ മൂർദ്ധന്യഘട്ടത്തിൽ, സേവനത്തിൽ നിന്നും വിരമിച്ച 2500 നഴ്സുമാരെ താത്ക്കാലികമായി നിയമിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങളിൽ ശ്രദ്ധിക്കുവാനായി ഇവരെ ഇപ്പോൾ മാറ്റി നിർത്തിയിരിക്കുകയാണ്. അതായത്, കൊറോണ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നതോടെ ബ്രിട്ടനിൽ ഇനിയും പുതിയ നഴ്സുമാരുടെ ആവശ്യകതയേറും എന്നർത്ഥം. നഴ്സുമാർക്ക് വേണ്ടി കരഘോഷം മുഴക്കുകയല്ല, നഴ്സുമാരാകാൻ തയ്യാറാവുകയാണ് വേണ്ടതെന്നാണ് ആരോഗ്യ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഈയിടെ പറഞ്ഞത്. അത്രയ്ക്കുണ്ട് ബ്രിട്ടനിൽ ഇപ്പോൾ നഴ്സുമാരുടെ ആവശ്യകത.

അന്താരാഷ്ട്ര തലത്തിൽ നഴ്സിങ് റിക്രൂട്ട്മെന്റിനായി 28 മില്ല്യൺ പൗണ്ടാണ് ആരോഗ്യ വകുപ്പ് നീക്കി വച്ചിരിക്കുന്നത്. അതേസമയം, നിലവിലുള്ള നഴ്സുമാരുടെ തുടർ പരിശീലനത്തിനും മറ്റുമായി 150 മില്ല്യൺ പൗണ്ടും നീക്കിവച്ചിട്ടുണ്ട്. മുൻഗമികൾ ചരിത്രത്തിൽ പതിപ്പിച്ച സത്പേര് ഇപ്പോൾ ഉപയോഗപ്പെടുന്നത് കേരളത്തിലെ പുതിയ തലമുറയിൽ പെട്ട നഴ്സുമാർക്കാണ്. കോവിഡ് പ്രതിസന്ധിയിൽ, ബ്രിട്ടൻ മാത്രമല്ല, മറ്റ് പല ലോക രാഷ്ട്രങ്ങളും ഇവരുടെ സേവനത്തിനായി ഉറ്റു നോക്കുകയാണ്. നല്ലൊരു തൊഴിൽ സാധ്യതയാണ് ഇപ്പോൾ നഴ്സുമാർക്ക് മുന്നിൽ തുറന്നു കിട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP