Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

''നിങ്ങൾ ഇന്ന് തന്നെ വരുമോ, രണ്ടു ദിവസമായി ഒന്നും കഴിച്ചിട്ടില്ല....''! ഇത് കേട്ടാൽ വിശ്വസിക്കാമോ? ലണ്ടനിൽ ഭക്ഷണം ഇല്ലാതായ സ്റ്റുഡന്റ് വിസക്കാരുടെയും അനധികൃത താമസക്കാരുടെയും അവസ്ഥ ദയനീയം; 150 പേർക്ക് കിറ്റുകൾ നൽകി സമസ്തയുടെ സക്കാത്; യുകെ മലയാളികളിൽ പട്ടിണി പടരുകയാണോ?

''നിങ്ങൾ ഇന്ന് തന്നെ വരുമോ, രണ്ടു ദിവസമായി ഒന്നും കഴിച്ചിട്ടില്ല....''! ഇത് കേട്ടാൽ വിശ്വസിക്കാമോ? ലണ്ടനിൽ ഭക്ഷണം ഇല്ലാതായ സ്റ്റുഡന്റ് വിസക്കാരുടെയും അനധികൃത താമസക്കാരുടെയും അവസ്ഥ ദയനീയം; 150 പേർക്ക് കിറ്റുകൾ നൽകി സമസ്തയുടെ സക്കാത്; യുകെ മലയാളികളിൽ പട്ടിണി പടരുകയാണോ?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ''നിങ്ങൾ ഉടനെ വരുമോ?'' = നാളെ വന്നാൽ മതിയോ. ''ബുദ്ധിമുട്ടല്ലെങ്കിൽ ഇന്ന് വന്നാൽ ഉപകാരമായി, കാരണം രണ്ടു ദിവസമായി ഒന്നും കഴിച്ചിട്ടില്ല.''

കഴിഞ്ഞ ദിവസം ലണ്ടനിലെ വിവിധ നഗരങ്ങളിൽ ഭക്ഷണ വിതരണ കിറ്റുമായി ഇറങ്ങിയ സമസ്തയുടെ പ്രവർത്തകരെ തേടിയെത്തിയ ചോദ്യമാണ് മുകളിൽ നൽകിയിരിക്കുന്നത്. ഉച്ചകഴിഞ്ഞുള്ള സമയം മുഴുവൻ കിറ്റ് വിതരണം നടത്തി വീടുകളിലേക്ക് മടങ്ങാൻ ഒരുങ്ങിയ സംഘത്തിന് ആ ഫോൺ വിളി ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന സന്ദേശം കേട്ടപ്പോൾ കാർ ഫോൺ വിളി വന്ന ദിക്കിലേക്ക് തിരിക്കുക ആയിരുന്നെന്നു സമസ്ത പ്രവർത്തകർ പറയുന്നു. ഒരു പക്ഷെ യുകെ മലയാളികൾക്ക് വിശ്വസിക്കാൻ കഴിയാത്ത സംഭവം. ഭക്ഷണം ഇല്ലാതെ, ആരും സഹായത്തിനു ഇല്ലാതെ ഒരു പറ്റം മലയാളികൾ ഈ നാട്ടിൽ ഉണ്ടെന്നത് അത്ര എളുപ്പത്തിൽ വിശ്വസിക്കാൻ കഴിയില്ല. എന്നാൽ കഴിഞ്ഞ ദിവസം മുതൽ സമസ്ത ആരംഭിച്ച ജീവകാരുണ്യ പ്രവർത്തനത്തിന് ലണ്ടൻ നഗരത്തിന്റെ പ്രാന്ത ദേശങ്ങളായ ഹാരോ, ഈസ്റ്റ്ഹാം, സൗത്താൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വിശപ്പിന്റെ വിളി മുഖ്യമായും എത്തുന്നത്.

ഒരു ചാക്ക് അരി, അതിനൊപ്പം ഗോതമ്പു പൊടി, പയർ, പഞ്ചസാര, ചായപ്പൊടി, അടക്കം പലവ്യഞ്ജനങ്ങളും ചേർന്ന ഒരു കിറ്റ്. കേരളത്തിൽ സർക്കാർ സപ്ലൈകോ വഴിയും റേഷൻ കടകൾ വഴിയും ഒക്കെ വിതരണം ചെയ്യുന്ന കോവിഡ് ഭക്ഷണ കിറ്റുകളുടെ വിവരണമല്ല, ലണ്ടനിലെ സാമൂഹ്യ സംഘടനായായ സമസ്ത കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്ത റിലീഫ് കിറ്റുകളുടെ പ്രത്യേകതയാണ്. ഒരു കുടുംബത്തിന് രണ്ടോ മൂന്നോ ആഴ്ച കഴിയാൻ ഉള്ള ഏകദേശം 200 ഓളം കിറ്റുകളാണ് ഇവർ വിതരണം ചെയ്തു കഴിഞ്ഞത്. ഇതിനായി സംഘടനയുടെ ഫണ്ടിൽ നിന്നും 4000 പൗണ്ടിലേറെ ചെലവാക്കുകയും ചെയ്തു. സമസ്ത ഏറ്റെടുത്ത ഈ കാരുണ്യ പ്രവർത്തനം കേട്ടറിഞ്ഞു ഏതാനും ആളുകൾ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ലോക് ഡൗൺ കാലമായിട്ടും ഇങ്ങനെ ഒരു ഉദ്യമത്തിന് ഇറങ്ങി തിരിക്കുമ്പോൾ ഏതാനും പേരുടെ സഹായ അഭ്യർത്ഥന മാത്രമാണ് സമസ്ത പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാതോട് കാതോരം പറഞ്ഞറിഞ്ഞു നൂറുകണക്കിന് ആളുകളുടെ ഫോൺ കോളുകൾ എത്തി തുടങ്ങിയതോടെ ഓരോ വിളിയും ശരിയായ ആവശ്യക്കാർ ആണെന്ന് തന്നെ വക്തമാക്കിയാണ് ഇവർ കിറ്റുകളുമായി വീടുകൾ കയറി ഇറങ്ങിയത്.

എന്നാൽ ഓരോ ദിവസവും കഴിയും തോറും യുകെയിൽ പട്ടിണി കിടക്കുന്ന മലയാളികളും ഉണ്ടെന്ന തിരിച്ചറിവും കൂടിയാണ് ഇപ്പോൾ സമസ്തയുടെ പ്രവർത്തകർക്കു ബോധ്യപ്പെടുന്നത്. ഇത്തരം സഹായം തേടുന്ന ആളുകൾക്ക് പ്രാദേശിക കൗൺസിലുകളെയോ ജീവകാരുണ്യ സംഘടനകളെയോ ഒക്കെ ഭയവുമാണ്. കാരണം അനധികൃതമായി താമസിക്കുന്നവർ എന്ന വിവരം പുറത്തറിയുമോ എന്ന ഭയം. തങ്ങൾക്കു ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്‌തെങ്കിലും ഇനിയും ആരെങ്കിലും ബന്ധപ്പെട്ടാൽ കൂടുതൽ സഹായം എത്തിക്കാൻ ശ്രമിക്കുമെന്നും സമസ്ത ഭാരവാഹികൾ അറിയിച്ചു. സൗത്താൽ, ഈസ്റ്റ്ഹാം തുടങ്ങി ഈസ്റ്റ് ലണ്ടൻ പരിസരത്തു ഏറെക്കുറെ മിക്ക ടൗണിലും ഇവരുടെ പ്രവർത്തകർ എത്തിക്കഴിഞ്ഞു. എന്നിട്ടും സഹായ അഭ്യർത്ഥനകൾ പ്രവഹിക്കുകയാണ്. ലോക് ഡൗൺ തുടരുന്നതോടെ നിത്യ വേതനത്തിൽ ജോലി ചെയ്തിരുന്നവരുടെ വരുമാനം ഇല്ലാതായതാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. സർക്കാർ വക്തമാക്കിയതോടെ വാടക വാങ്ങാൻ വീട്ടുടമയുടെ നിർബന്ധം ഇല്ലെങ്കിലും വിശപ്പിന്റെ വിളിക്കു മുന്നിൽ തളരുകയാണ് മിക്കവരും.

നൂറുകണക്കിന് ആളുകൾക്ക് സഹായം വേണ്ടി വരും എന്നതിനാൽ പ്രാദേശികമായി മുഴുവൻ സന്നദ്ധ സംഘടനകളും ഭക്ഷണ വിതരണത്തിന് സന്നദ്ധമാകണമെന്നും സമസ്ത പ്രവർത്തകർ അഭ്യർത്ഥിച്ചു. ലണ്ടനിലെ കുടിയേറ്റ പ്രദേശങ്ങളിൽ ഭയാനകമായ സാഹചര്യം തന്നെയാണെന്നും കഴിഞ്ഞ ദിവസന്ങ്ങളിൽ ഇവർ വീടുകൾ കയറി ഇറങ്ങിയപ്പോൾ ലഭിച്ച അനുഭവം. എന്നാൽ ലോക് ഡൗൺ നിയന്ത്രങ്ങളുടെ ഭാഗമായി വഴികളിൽ ഒരിടത്തും പൊലീസ് തടസം ഉണ്ടായില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണ വിതരണ കിറ്റുകൾ വിതരണം ചെയ്യാനുള്ളവരുടെ വിലാസവും മറ്റും വാഹനത്തിൽ കരുതിയായിരുന്നു ഇവരുടെ കോവിഡ് റിലീഫ് പ്രവർത്തനം. കഴഞ്ഞ ദിവസം വെംബ്ലിയിൽ നിന്നും വ്യാപാരിയായ തോമസ് ആന്റണി ഈ വിഷയം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ വഴി വീഡിയോ പുറത്തു വിട്ടതോടെ ഒട്ടേറെ വക്തികൾ സമാനമായ തരത്തിൽ ഭക്ഷണ സാധന വിതരണത്തിന് സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ചിലരാകട്ടെ വീടുകളിലെ മുറികൾ പങ്കുവയ്ക്കാൻ തയ്യാറാണെന്നും ബ്രിട്ടീഷ് മലയാളിയെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ സമാനതകൾ ഇല്ലാത്ത മനുഷ്യസ്നേഹത്തിന്റെ പ്രവാചകരായി ഓരോ യുകെ മലയാളിയും മാറുന്ന കാഴ്ചയാണ് കോവിഡ് കാലത്തേ ദുരിത വർത്തമാനങ്ങൾക്കിടയിലും മലയാളി സമൂഹത്തെ തേടിയെത്തുന്നത്.

കഴിഞ്ഞ ദിവസം ലണ്ടനിലെ പ്രമുഖ മലയാളി സംഘടനായ എംഎ യുകെയും മുന്നൂറിലേറെ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക സഹായം കൊണ്ടാണ് ഇത്രയധികം ആളുകളിലേക്ക് സഹായം എത്തിക്കാനായത് എന്ന് സംഘടനാ വക്താക്കൾ പറയുന്നു. ഓഐസിസി യുകെയും ലണ്ടനിലെ പല കേന്ദ്രങ്ങളിലും ഭക്ഷണ കിറ്റുകൾ എത്തിക്കുന്നുണ്ട്. ആവശ്യക്കാരുടെ എണ്ണം കൂടുന്നതോടെ ഓരോ പ്രദേശത്തും വളണ്ടിയർമാരുടെ ടീമുകളെ തിരഞ്ഞെടുത്തു സഹായ പ്രവർത്തനങ്ങൾ ക്രോഢീകരിക്കുവാൻ ആണ് കെഎംസിസി ശ്രമിക്കുന്നത്. യുകെയുടെ ഒട്ടുമിക്ക പ്രദേശ്‌നങ്ങളിലും റിലീഫ് പ്രവർത്തനങ്ങൾക്കായി കെഎംസിസിക്കു വേണ്ടി വളണ്ടിയർമാർ രംഗത്തുണ്ടാകും. ഈ കോവിഡ് കാലത്തു ഒരാളും വിശപ്പറിയരുത് എന്നാണ് ആഗ്രഹിക്കുന്നതെന്നും കെഎംസസി അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP