Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

സ്പോൺസറുടെ സഹായം വേണ്ടതിനാൽ മാത്രം വ്യവസായം നിലനിർത്താൻ സഹിച്ച കഷ്ടപ്പാടുകൾ ഇനി വേണ്ട! പ്രവാസികൾക്ക് പൂർണ ഉടമസ്ഥതയിൽ കമ്പനി തുടങ്ങാൻ യുഎഇ സർക്കാർ അനുവദിച്ചത് മലയാളികൾ സംരംഭകർക്ക് ഏറെ ആശ്വാസം; നാഴികകല്ലായ തീരുമാനമെന്ന് എം എ യൂസഫലി; യുഎഇയെ കാത്തിരിക്കുന്നത് വൻ വിദേശനിക്ഷേപം

സ്പോൺസറുടെ സഹായം വേണ്ടതിനാൽ മാത്രം വ്യവസായം നിലനിർത്താൻ സഹിച്ച കഷ്ടപ്പാടുകൾ ഇനി വേണ്ട! പ്രവാസികൾക്ക് പൂർണ ഉടമസ്ഥതയിൽ കമ്പനി തുടങ്ങാൻ യുഎഇ സർക്കാർ അനുവദിച്ചത് മലയാളികൾ സംരംഭകർക്ക് ഏറെ ആശ്വാസം; നാഴികകല്ലായ തീരുമാനമെന്ന് എം എ യൂസഫലി; യുഎഇയെ കാത്തിരിക്കുന്നത് വൻ വിദേശനിക്ഷേപം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: യുഎഇയിൽ പോയി ആടുജീവിതം നയിക്കേണ്ടി വരുന്ന നിരവധി പ്രവാസികളെ സംബന്ധിച്ചിടത്തോളം തീർത്തും ആശ്വാസം പകരുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. യുഎഇയിൽ പ്രവാസി സംരംഭകർക്ക് പൂർണമായും ഉടമസ്ഥാവകാസമുള്ള കമ്പനി തുടങ്ങാമെന്ന തീരുമാനമാണ് മലയാളി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്നത്. ഇതുവരെ സ്‌പോരൺസറായി അറബിയെ ഭയപ്പെട്ടു ബിസിനസ് മുന്നോട്ടു കൊണ്ടുപോകേണ്ടി വന്നവർക്ക് ഇനി സ്വന്തം നിലയിൽ മുന്നോട്ടു പോകാവുള്ള അവസരമാണ് യുഎഇ നൽകുന്നത്. സ്‌പോൺസർക്ക് അനിഷ്ടമുണ്ടായാൽ ബിസിനസിന് താഴിടേണ്ട അവസ്ഥ വരുന്ന സാഹചര്യത്തിനും പുതിയ നിയമത്തോടെ മാറ്റം വന്നു.

യുഎഇ പൗരന്മാർ സ്‌പോൺസർമാരായാൽ മാത്രമേ വിദേശികൾക്ക് കമ്പനി തുടങ്ങാനാവൂ എന്ന നയമാണ് മാറ്റിയത്. ഡിസംബർ ഒന്നു മുതൽ ഇതു പ്രാബല്യത്തിലാവും. യുഎഇ കമ്പനി നിയമത്തിൽ ഭേദഗതികൾ വരുത്തി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു. വിദേശ പൗരന്മാർ തുടങ്ങുന്ന കമ്പനിയിൽ കുറഞ്ഞ ശതമാനമെങ്കിലും ഉടമസ്ഥാവകാശം യുഎഇ പൗരന്മാർക്ക് വേണമെന്ന നയം ഇതോടെ പൂർണമായും മാറ്റി.

അതേസമയം തന്ത്ര പ്രധാനമായ മേഖലകളിലെ കമ്പനികളിൽ ഈ നയം നടപ്പാക്കുന്നത് സംബന്ധിച്ചു പഠിക്കുന്നതിന് കമ്മിറ്റിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ഏജൻസികളുടെ പ്രതിനിധികൾ അടങ്ങിയ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാവും ഇക്കാര്യം പരിഗണിക്കുക. മുൻപുള്ള കമ്പനി നിയമപ്രകാരം യുഎഇയിൽ ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ (എൽഎൽസി) തുടങ്ങുമ്പോൾ വിദേശികളുടെ ഉടമസ്ഥാവകാശം 49% ആയി നിജപ്പെടുത്തിയിരുന്നു.

യുഎഇ പൗരനോ, പൂർണമായും യുഎഇ പൗരന്റെ ഉടമസ്ഥാവകാശത്തിലുള്ള കമ്പനിക്കോ ആവും ബാക്കി 51% ഉടമസ്ഥാവകാശം. ഈ വ്യക്തിയുടേയോ കമ്പനിയുടേയോ സ്‌പോൺസർഷിപ്പിലേ വിദേശിക്ക് കമ്പനി തുടങ്ങാൻ കഴിയുമായിരുന്നുള്ളൂ. നിയമഭേദഗതിക്കായി ബാധ്യതകളും ഉടമസ്ഥാവകാശവും സംബന്ധിച്ച് 51 നയങ്ങൾ പരിഷ്‌കരിക്കുകയും പുതിയവ കൂട്ടിച്ചേർക്കുകയും ചെയ്തു.

ഭേദഗതികളിൽ പലതും ഡിസംബർ ഒന്ന് മുതൽ നിലവിൽ വരും. ചിലത് ആറ് മാസത്തിന് ശേഷവും പ്രാബല്യത്തിലാകും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികൾ തുടങ്ങാൻ 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് ഒഴിവാക്കി പൂർണമായും പ്രവാസികളുടെ ഓഹരിപങ്കാളിത്തത്തിൽ ഓൺഷോറിൽ സ്ഥാപനങ്ങൾ തുടങ്ങാം.

എന്നാൽ എണ്ണഖനനം, ഊർജോൽപ്പാദനം, പൊതുഗതാഗതം, സർക്കാർ സ്ഥാപനം തുടങ്ങി തന്ത്രപ്രധാന മേഖലകളിൽ വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങൾ തുടരും. കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഇനി ഓഹിരി വിപണികളിലൂടെ പൊതുജനങ്ങൾക്ക് വിൽക്കാം. നേരത്തെ 30 ശതമാനം ഷെയറുകൾ മാത്രമാണ് അനുവദിച്ചിരുന്നത്. വീഴ്ചകളുണ്ടായാൽ കമ്പനികളുടെ ചെയർമാനും സീനിയർ ഉദ്യോഗസ്ഥർക്കും എതിരെ ഓഹരി ഉടമകൾക്ക് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാനും പുതിയ നിയമം അനുമതി നൽകുന്നു. ചരിത്രപരമെന്ന് വിശേഷിക്കാവുന്ന പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ വിദേശനിക്ഷേപം യു.എ.ഇയിലെത്തും എന്നാണ് കണക്കാക്കുന്നത്.

സ്‌പോൺസർഷിപ്പ് പ്രശ്‌നങ്ങൾ കാരണം മലയാളി പ്രവാസികൾ അടക്കം ഏറെ ബുദ്ധിമുട്ടിയ സാഹചര്യം ഉണ്ടായിരുന്നു. ബിസിനസ് നല്ലവിധത്തിൽ മുന്നേറുമ്പോൾ അതിൽ അറബി കണ്ണുവെക്കുന്ന സാഹചര്യം ശരിക്കും അലോസരപ്പെടുത്തുന്നതായിരുന്നു. എന്നാൽ, പുതിയ തീരുമാനം ഇത്തരക്കാർക്ക് ഏറെ ആശ്വാസം പകരും. അതേസമയം കേരളത്തെ സംബന്ധിച്ചിടത്തോളം പ്രവാസികൾ ബിസിനസ് തുടങ്ങാൻ ഇവിടേക്ക് വരുന്ന സാഹചര്യം കുറയാനും ഇത് ഇടയാക്കിയേക്കും.

ഇപ്പോഴത്തെ നിയമ ഭേദഗതിയെ നിയമ ഭേദഗതിയെ പ്രവാസി വ്യവസായികൾ സ്വാഗതം ചെയ്യുന്നുണ്ട്. ഇതൊരു നാഴികക്കല്ലാണെന്നും കൃത്യ സമയത്താണ് ഈ നിയമനിർമ്മാണം വന്നതെന്നും മലയാളി വ്യവസായി എംഎ യൂസുഫലി പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥ മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയെ നേരിടുമ്പോൾ വ്യവസായ രംഗത്തെ സഹായിക്കാൻ ഈ നിയമനിർമ്മാണം സഹായകമാവുമെന്ന് കരുതുന്നുവെന്നും യൂസുഫലി പറഞ്ഞു.

അടുത്തിടെയായിയു യുഎഇയിൽ പലവിധത്തിലുള്ള പരിഷ്‌ക്കരണങ്ങൾ നടത്തിക്കൊണ്ടു വരികയാണ്. രാജ്യത്തിന് മികച്ച സംഭാവനകൾ നൽകാൻ കഴിയുന്ന താമസക്കാർക്ക് ദുബായി 10 വർഷം കാലാവധിയുള്ള ഗോൾഡ് കാർഡ് വിസയും അനുവദിച്ചിരുന്നു. ഇത് ഇതിനകം 7000ത്തോളം അനുവദിക്കുകയും ചെയ്തിരുന്നു. നിക്ഷേപകർ, ശാസ്ത്രജ്ഞർ, അത്ലറ്റുകൾ, അവരുടെ കുടുംബങ്ങൾ എന്നിവരാണ് 7000 ഗുണഭോക്താക്കളായി മാറിയത്. 103 വ്യത്യസ്ത രാജ്യങ്ങളിലെ താമസക്കാരാണ് വിസ സ്വന്തമാക്കിയത്. റിയൽ എസ്‌റ്റേറ്റ് മേഖലക്ക് ശക്തമായ ഉത്തേജനമാണ് റെസിഡൻസിക്കായുള്ള പുതിയ സംവിധാനം. രാജ്യത്തിനകത്ത് കുറഞ്ഞത് അഞ്ചു മില്യൺ ദിർഹമെങ്കിലും സ്വത്ത് കൈവശമുള്ളവരെയാണ് ആദ്യഘട്ടത്തിലെ ഗോൾഡ് കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത് -സിറ്റി സ്‌കേപ് ഗ്ലോബൽ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ മേജർ ജനറൽ അൽ മാരി പറഞ്ഞു.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2019 മേയിലാണ് ദീർഘകാല റെസിഡൻസി പ്രോഗ്രാമാണ് ഗോൾഡ് കാർഡ് വിസ പ്രഖ്യാപിച്ചത്. നിക്ഷേപകർക്കും കായികതാരങ്ങൾക്കും മികവുറ്റ ഡോക്ടർമാർക്കും ദീർഘകാലം റെസിഡൻസി അനുവദിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, പിന്നീട് സ്‌പെഷലൈസ്ഡ് എൻജിനീയർമാർ, ശാസ്ത്രജ്ഞർ, പിഎച്ച്.ഡി ബിരുദധാരികൾ, കലാകാരന്മാർ തുടങ്ങി മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികളെ വരെ ഉൾപ്പെടുത്തി കഴിഞ്ഞദിവസം പട്ടിക വിപുലീകരിച്ചിരുന്നു.

നിർമ്മിതബുദ്ധി, ബിഗ് ഡേറ്റ, എപ്പിഡെമിയോളജി, വൈറോളജി എന്നിവയിൽ പ്രത്യേക ബിരുദം നേടിയവരെയും കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ്, പ്രോഗ്രാമിങ്, വൈദ്യുതി, ബയോടെക്‌നോളജി എന്നീ മേഖലകളിലെ എൻജിനീയർമാരെയും യു.എ.ഇ അംഗീകൃത സർവകലാശാലകളിൽ ഗ്രേഡ് പോയന്റ് ശരാശരി 3.8ഉം അതിന് മുകളിലും സ്‌കോർ നേടിയ വിദ്യാർത്ഥികളെയുമാണ് പട്ടികയിലുൾപ്പെടുത്തിയത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP