Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ജോഷിയെ വീട്ടിലേക്ക് ആനയിക്കാൻ നാടൊന്നാകെ കയ്യടിയുമായി എത്തി; കുഞ്ഞുങ്ങൾ കാത്തുനിന്നത് ജോഷി അങ്കിളിനു നൽകാൻ പൂക്കളുമായി; 32 ദിവസം കോവിഡുമായി പൊരുതിയ മലയാളി യുവാവ് യഥാർത്ഥ ഹീറോ ആയത് അതിജീവനത്തിന്റെ പുത്തൻ ഇതിഹാസമായി; 24 മണിക്കൂർ ആയുസെന്ന് ഡോക്ടർമാർ പറഞ്ഞ വിധി വഴി മാറിയത് ഭാര്യയുടെ പ്രാർത്ഥന കൊണ്ടെന്ന് സുഹൃത്തുക്കൾ; കോവിഡിനെ തോൽപ്പിച്ച ഒരു ബ്രിട്ടീഷ് മലയാളിയുടെ കഥ

ജോഷിയെ വീട്ടിലേക്ക് ആനയിക്കാൻ നാടൊന്നാകെ കയ്യടിയുമായി എത്തി; കുഞ്ഞുങ്ങൾ കാത്തുനിന്നത് ജോഷി അങ്കിളിനു നൽകാൻ പൂക്കളുമായി; 32 ദിവസം കോവിഡുമായി പൊരുതിയ മലയാളി യുവാവ് യഥാർത്ഥ ഹീറോ ആയത് അതിജീവനത്തിന്റെ പുത്തൻ ഇതിഹാസമായി; 24 മണിക്കൂർ ആയുസെന്ന് ഡോക്ടർമാർ പറഞ്ഞ വിധി വഴി മാറിയത് ഭാര്യയുടെ പ്രാർത്ഥന കൊണ്ടെന്ന് സുഹൃത്തുക്കൾ; കോവിഡിനെ തോൽപ്പിച്ച ഒരു ബ്രിട്ടീഷ് മലയാളിയുടെ കഥ

കെ ആർ ഷൈജുമോൻ, ലണ്ടൻ

 ലണ്ടൻ: പുനർജന്മമോ അതോ രണ്ടാം ജന്മമോ? ജോഷി എന്ന പേരു കേൾക്കുമ്പോൾ യുകെയിലുള്ള പ്രവാസി മലയാളികൾ ചിന്തിക്കുന്നത് ഇങ്ങനെയാണ്. നീണ്ട 32 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞു ജോഷി എന്ന മലയാളി ഇന്നലെ സൗത്താംപ്ടണിലെ വീട്ടിൽ മടങ്ങി എത്തിയപ്പോൾ പ്രദേശ വാസികളായ മലയാളികളും ഇംഗ്ലീഷുകാരും അടക്കമുള്ളവർ നീണ്ട കയ്യടികളോടെയാണ് ആ വരവ് ആഘോഷമാക്കിയത്. കോവിഡിനെ എങ്ങനെ സധൈര്യം നേരിട്ട് മരണത്തെ തോൽപിക്കാം എന്നതിന്റെ നേർസാക്ഷ്യമായാണ് ജോഷി എന്ന പേര് ഇപ്പോൾ യുകെയിൽ ഓരോ മലയാളിയും ആഘോഷമാക്കുന്നത്.

കഴിഞ്ഞ ആഴ്ച ലണ്ടൻ സെന്റ് തോമസ് ഹോസ്പിറ്റലിലെ വിദഗ്ധ ചികിത്സയിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിയ ജോഷി ഒരാഴ്ച കൂടി സൗത്താംപ്ടൺ ഹോസ്പിറ്റലിൽ തുടർ ചികിത്സക്ക് വിധേയനായ ശേഷമാണു ഇപ്പോൾ വീട്ടിൽ മടങ്ങി എത്തിയിരിക്കുന്നത്. കടുത്ത ശാരീരിക, മാനസിക സമ്മർദ്ദങ്ങളിലൂടെ സഞ്ചരിച്ച ജോഷിക്കും ഭാര്യ അനീഷ അടക്കമുള്ള കുടുംബ അംഗങ്ങൾക്കും കഴിഞ്ഞ ഒരു മാസത്തെ ഓരോ ദിവസവും ഓരോ യുഗങ്ങളായാണ് അനുഭവപ്പെട്ടത്. ആ ദുരിതകാലം ഓർത്തെടുക്കുക എന്നത് പോലും അവരിപ്പോൾ ആഗ്രഹിക്കാത്ത കാര്യമാണ്. എന്നാൽ യുകെയിലെ ഓരോ മലയാളി കുടുംബത്തിനും കോവിഡ് കാലത്തു ഒരു പ്രതീക്ഷയായി നിറദീപം പോലെ നിറഞ്ഞു കത്തുകയാണ് ഈ കുടുംബവും ഇവർക്ക് തുണയായി നിന്ന സൗത്താംപ്ടണിലെ നന്മയുള്ള മലയാളികളും.

കെയർ ഹോമിൽ ജോലി കഴിഞ്ഞെത്തി, രോഗബാധിതൻ ആയി ആശുപത്രിയിലേക്ക്

യുകെ മലയാളികളിൽ ഒട്ടേറെ പേർക്കാണ് കോവിഡ് രോഗം കെയർ ഹോമുകളിൽ നിന്നും ലഭിച്ചിരിക്കുന്നത്. അടുത്തിടെ കേൾക്കേണ്ടി വന്ന യുകെ മലയാളികളുടെ മരണങ്ങളിൽ പലതിനും നേരിട്ടോ അല്ലാതെയോ കെയർ ഹോമുകൾ ഒരു അദൃശ്യ സാന്നിധ്യമായി മാറുകയാണ്. സൗത്താംപ്ടണിൽ കെയർ ഹോമിൽ ജോലി ചെയ്തിരുന്ന ജോഷിക്ക് മാത്രമാണ് ഇവരുടെ വീട്ടിൽ കോവിഡ് രോഗബാധ ഉണ്ടായത്. സൗത്താംപ്ടൺ ഹോസ്പിറ്റൽ ഓർത്തോപീഡിക് നഴ്‌സ് ആയ അനിഷക്കു പോലും ആശുപത്രിയിൽ കോവിഡ് രോഗികൾ നിറഞ്ഞിട്ടും രോഗം പിടികൂടിയില്ല എന്നത് കെയർ ഹോമുകൾ എത്രമാത്രം അശാസ്ത്രീയമായാണ് കോവിഡ് രോഗത്തെ കൈകാര്യം ചെയ്യുന്നത് എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ് ജോഷിയുടെ അനുഭവത്തിലൂടെ. രോഗം പിടികൂടുന്നതിന് തൊട്ടു മുൻപ് വരെ ജോഷി ജോലി ചെയ്തിരുന്നു എന്നതിൽ നിന്നും രോഗം വന്ന വഴിയും ഏറെക്കുറെ വ്യക്തമാണ്.

ആദ്യം ആംബുലൻസ് വിളിച്ചു ആശുപത്രിയിലേക്ക്, അഞ്ചു മണിക്കൂറിനു ശേഷം വീട്ടിലേക്ക്

രോഗം അസ്വസ്ഥതയായി മാറിയപ്പോൾ ആംബുലൻസ് സേവനം തേടി ആശുപത്രിയിൽ എത്തിയ ജോഷിയെ അഞ്ചു മണിക്കൂർ എ ആൻഡ് ഇ യിൽ ഇരുത്തിയ ശേഷം വീട്ടിലേക്കു മടക്കി അയക്കുക ആയിരുന്നു. ഈ സമയത്ത് എക്സ്റേ, രക്ത പരിശോധന മുതലായ ''ചടങ്ങുകൾ'' പൂർത്തിയാക്കുകയും ചെയ്തിരുന്നു. യുകെ മലയാളികളിൽ പലരുടെയും അവസ്ഥ വേറെയും ആയിരുന്നില്ല. ഈ രോഗികളിൽ പലരുമാണ് പിന്നീട് രോഗം മൂർച്ഛിച്ചു വെന്റിലേറ്ററിൽ ചികിത്സ തേടേണ്ടി വന്നതും തികച്ചും നിർഭാഗ്യവാന്മാരായ ചിലർക്കെങ്കിലും മരണത്തിനൊപ്പം കൈ പിടിച്ചു പോകേണ്ടി വന്നതും.

ആദ്യം ആശുപത്രിയിൽ നിന്നും മടക്കിയ ജോഷിക്ക് നെഞ്ചിൽ കനം പോലെയൊരു അവസ്ഥ നേരിട്ടപ്പോൾ 111 സംവിധാനത്തെ ആശ്രയിക്കുകയും അവർ നൽകിയ ആന്റിബയോട്ടിക് ഉപയോഗിച്ച് ഏതാനും ദിവസം വീട്ടിൽ തന്നെ ചികിത്സ തുടരുകയും ആയിരുന്നു. ഇതിനിടയിൽ ശ്വാസം നിലച്ചു പോകുന്ന വേളയിലാണ് ഏപ്രിൽ മാസം ആറാം തീയതി അദ്ദേഹത്തെ സൗത്താംപ്ടൺ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്.

32 ദിവസത്തെ ആശുപത്രി വാസം, ഒരാഴ്ചയിലേറെ വെന്റിലേറ്ററിൽ, പിന്നെ ഒരാഴ്ചയിലധികം എക്മോ വെന്റിലേറ്റർ

ഏപ്രിൽ മാസം ആറിന് ആശുപത്രിയിൽ കയറിയ ജോഷി മെയ് എട്ടുവരെ കോവിഡ് ആക്രമണവുമായി ബന്ധപെട്ടു ആശുപത്രിയിലും മരുന്നുകളുമായി ചെലവിട്ട ദിവസങ്ങൾ ഓർത്തുവയ്ക്കാൻ പോലും ഈ കുടുംബം ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഏപ്രിൽ ഏഴിന് തന്നെ വെന്റിലേറ്റർ സഹായം തേടേണ്ടി വന്ന ജോഷിക്ക് ഓരോ ദിവസവും പ്രയാസം നിറഞ്ഞതു തന്നെ ആയിരുന്നു എന്നാണ് ഭാര്യ അനീഷ ഇപ്പോൾ ഓർമ്മിക്കുന്നത്. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ നില കൂടുതൽ വഷളാവുകയും ലണ്ടനിലെ ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിക്കുകയും ആയിരുന്ന . അവിടെ അത്യാധുനിക സംവിധാനത്തോടെ പ്രവർത്തിക്കുന്ന എക്മോ വെന്റിലേറ്ററിലാണ് ജോഷിയുടെ ജീവൻ തിരിച്ചു പിടിച്ചത്.

ഈ പ്രത്യേക വെന്റിലേറ്ററിൽ ശ്വാസകോശത്തിനൊപ്പം ഹൃദയം അടക്കമുള്ള ആന്തരിക അവയവങ്ങളുടെ പ്രവർത്തനം ക്രമീകരിക്കാനും കഴിയും. എക്മോ വെന്റിലേറ്റർ പോലും പലപ്പോഴും തോറ്റുപോകുകയാണ് പതിവെങ്കിലും ജോഷിക്ക് തോൽക്കാനാവില്ലായിരുന്നു. കാരണം മെയ് എട്ട് എന്ന ദിവസം ജോഷിയെ കാത്താണിരുന്നത്. മുഴുവൻ യുകെ മലയാളികളുടെയും സിരകളിൽ ഉണർവിന്റെയും ഉന്മേഷത്തിന്റെയും ലഹരി പടർത്താൻ ജോഷി ജീവിതത്തിലേക്ക് മടങ്ങി വരണം എന്നത് വിധിയുടെ നിശ്ചയം കൂടി ആയിരുന്നു എന്നാണ് ഇപ്പോൾ എല്ലാവരും തിരിച്ചറിയുന്നത്.

മറക്കാനാകില്ല ഏപ്രിൽ 13 അനിഷക്ക്, ജോഷിയുടെ ഹൃദയതാളം നിയന്ത്രിച്ചത് മനമുരുകിയുള്ള ഭാര്യയുടെ പ്രാർത്ഥന

സൗത്താംപ്ടൺ ഹോസ്പിറ്റലിൽ നിന്നും ഉള്ള ഓരോ വിവരവും കാതിൽ ഉഗ്രസ്‌ഫോടനത്തോടെയാണ് അനീഷ സ്വീകരിച്ചിരുന്നത്. മനസ് പിടയുമ്പോഴും മക്കളെ ഒന്നും അറിയിക്കാതിരിക്കാൻ ആ 'അമ്മ മനം പ്രത്യേക കരുതൽ എടുത്തു. എന്നാൽ ഏതൊരമ്മയുടെയും മനം തകർക്കുന്ന ഫോൺ സന്ദേശമാണ് ഏപ്രിൽ 13ന് അനിഷയെ തേടിയെത്തിയത്. തന്റെ മക്കളുടെ രക്ഷകൻ ആകേണ്ടവൻ ശ്വാസത്തിനായി പിടയുന്നു. ഏതു നിമിഷവും തങ്ങൾ നൽകുന്ന അപകടം നിറഞ്ഞ സന്ദേശം സ്വീകരിക്കാൻ തയ്യാറായി ഇരിക്കണമെന്ന് ഡോക്ടർമാരുടെ സംഘം അനിഷയെ അറിയിക്കുമ്പോൾ ഏതൊരാളും തളർന്നുരുകി താഴെ വീഴേണ്ടതാണ്. എന്നാൽ അനീഷ സ്വയം തന്റെ ദൈവത്തിനു മുന്നിൽ സമർപ്പിക്കുക ആയിരുന്നു.

ഓരോ നിമിഷവും എണ്ണിയെണ്ണിയുള്ള പ്രാർത്ഥന. ആ ദിവസത്തെ അവശേഷിച്ച ഓരോ നിമിഷവും ഓരോ ദിവസമായി അനിഷയുടെ മുന്നിൽ മാറുക ആയിരുന്നു. സമയ സൂചിക മാറാത്ത പോലെ. ആ ദിവസം ദൈവത്തോട് പ്രാർത്ഥിക്കാൻ അനിഷക്ക് ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. ജോഷിയെ ചികിൽസിക്കുന്ന ഡോക്ടർമാർക്ക് നല്ലതു തീരുമാനിക്കാൻ അവസരം നൽകണമേ എന്നാണ് ആ പ്രാർത്ഥനയിൽ നിറഞ്ഞത്. ഒടുവിൽ അതിനു ഗുണമുണ്ടായി. ജോഷിയെ ലണ്ടൻ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനമായി. അവിടെ എക്മോ വെന്റിലേറ്റർ സൗകര്യം ജോഷിക്കായി തയ്യാറായി. അഥവാ ഒരെണ്ണം ജോഷിക്കായി ലഭിച്ചു എന്നും പറയാം. ഡോക്ടർമാർ അടക്കമുള്ള സംഘം ലണ്ടനിൽ നിന്നെത്തി സൗത്താംപ്ടൺ ഹോസ്പിറ്റലിൽ നിന്നും പ്രത്യേക ശ്രദ്ധയിൽ ജോഷിയെ മാറ്റുന്ന നടപടികൾ സ്വീകരിക്കുമ്പോഴും ദൈവത്തിനു മുന്നിൽ മുട്ടിപ്പായി അനീഷ പ്രാർത്ഥിക്കുക ആയിരുന്നു. തനിക്കു മറ്റൊന്നും ചെയ്യാനില്ലായിരുന്നു എന്നാണ് ജോഷി വീട്ടിൽ മടങ്ങി എത്തിയ സന്തോഷം പങ്കിടുമ്പോൾ അനീഷ വീണ്ടും മറുനാടനോട് വ്യക്തമാക്കിയതും.

തുണയായി സഹോദരങ്ങളും നാട്ടുകാരും

ജോഷി ആശുപത്രിയിൽ ആയതു മുതൽ കരുത്തു ചോരാതെ പിടിച്ചു നിന്നതെങ്ങനെ? രണ്ടു വട്ടം ആലോചിക്കാതെ അനിഷക്കു ഉത്തരം നൽകാനായി. പ്രാർത്ഥന മനക്കരുത്തു നൽകിയപ്പോൾ വീട്ടു കാര്യങ്ങൾക്കും കൂടെ ഒറ്റയ്ക്കല്ല എന്ന് തോന്നാനും ജോഷിയുടെ സഹോദരനും സഹോദരിയും ഇടവും വലവും നിന്നതാണ് അനിഷക്കും മക്കൾക്കും കരുത്തായത്. ഒപ്പം ഇടയ്ക്കിടെ വിളിച്ചു സ്‌നേഹാന്വേഷണം നടത്തിയും ഷോപ്പിങ് അടക്കം എന്തിനും കൂടെനിന്ന സൗത്താംപ്ടണിലെ മലയാളി സഹോദരങ്ങളെയും അനിഷക്ക് ഇപ്പോൾ എന്നല്ല ഇനി ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ല. അത്രയ്ക്കും കടപ്പെട്ടിരിക്കുന്നു ഓരോരുത്തർക്കും.

തങ്ങൾക്കു ഇത് പുതുജന്മം മാത്രമല്ല, ലോകം എത്ര നന്മയുള്ളതാണ് എന്ന് കൂടി തിരിച്ചറിയാൻ സാധിച്ച അവസരം ആണെന്നും ഈ കുടുംബം ഇപ്പോൾ പറയുന്നു. ഇതോടൊപ്പം തങ്ങൾക്കു വേണ്ടി യുകെയിലെ മുഴുവൻ മലയാളികളും പ്രാർത്ഥിച്ചിരുന്നതായി അറിയാം. ഓരോരുത്തരോടും നന്ദി പറയാൻ വാക്കുകളിലല്ല . കൈപ്പുഴ സ്വദേശിയായ ജോഷി സൗത്താംപ്ടണിലെ നിറഞ്ഞ മലയാളി സാന്നിധ്യം കൂടി ആയതു ഏവർക്കും ഇദ്ദേഹത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകാനും കാരണമായി. സ്‌കൂൾ വിദ്യാർത്ഥികളായ മൂന്നു ആൺകുട്ടികളാണ് ജോഷിക്കും അനിഷക്കും ഉള്ളത്. മൂവരും പിതാവിന്റെ വീട്ടിലേക്കുള്ള മടങ്ങി വരവ് ആഘോഷിക്കുന്ന തിരക്കിലാണ് ഇന്നലെ പകൽ മുഴുവാൻ സമയം കണ്ടെത്തിയതും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP