Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ലണ്ടനിൽ മരണത്തിനു കീഴടങ്ങി രണ്ടു മലയാളികൾ; കണ്ണൂർ സ്വദേശി സിന്റോ ജോർജിന്റെ മരണം കൊവിഡ് മൂലം; മകളെ സന്ദർശിക്കാൻ എത്തിയ കൊല്ലംകാരിയായ അമ്മയുടെ മരണവും കൊവിഡ് മൂലമെന്ന് സംശയം; കൊറോണാ വൈറസ് പിടിമുറുക്കുമ്പോൾ ആശങ്കാകുലരായി യുകെ മലയാളി സമൂഹം

ലണ്ടനിൽ മരണത്തിനു കീഴടങ്ങി രണ്ടു മലയാളികൾ; കണ്ണൂർ സ്വദേശി സിന്റോ ജോർജിന്റെ മരണം കൊവിഡ് മൂലം; മകളെ സന്ദർശിക്കാൻ എത്തിയ കൊല്ലംകാരിയായ അമ്മയുടെ മരണവും കൊവിഡ് മൂലമെന്ന് സംശയം; കൊറോണാ വൈറസ് പിടിമുറുക്കുമ്പോൾ ആശങ്കാകുലരായി യുകെ മലയാളി സമൂഹം

മറുനാടൻ മലയാളി ബ്യൂറോ

ക്രോയ്‌ഡോൺ: ബ്രിട്ടനിലെ മലയാളികൾക്ക് വൻ ആഘാതം നൽകിക്കൊണ്ടാണ് ഇന്ന് നേരം പുലർന്നത്. കാരണം, രണ്ടു മലയാളികളുടെ മരണ വാർത്തയാണ് യുകെ മലയാളി സമൂഹത്തെ തേടി എത്തിയത്. ലണ്ടൻ റെഡ് ഹില്ലിൽ താമസിക്കുന്ന സിന്റോ ജോർജും റിട്ടയേർഡ് അദ്ധ്യാപികയായ ഇന്ദിരയുമാണ് ലണ്ടനിൽ മരിച്ചത്.

കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്റോ ജോർജ്ജ് ഇന്ന് രാവിലെയാണ് വിടവാങ്ങിയത്. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ശ്വാസതടസം മൂർച്ഛിക്കുകയും ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയോളമായി ഐസിയുവിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം അൽപം ഭേദപ്പെട്ടെങ്കിലും ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റ് സംഭവിക്കുകയും എല്ലാവരെയും ദുഃഖത്തിലാഴ്‌ത്തി സിന്റോ മരണത്തിനു കീഴടങ്ങുകയും ചെയ്തു. പൂർണ്ണ ആരോഗ്യവാനായിരുന്ന സിന്റോയുടെ വേർപാടിൽ വിറങ്ങലിച്ച് നിൽക്കുകയാണ് യുകെയിലെ മലയാളി സമൂഹം. ചാലക്കുടി സ്വദേശി നിമിയാണ് ഭാര്യ. മൂന്നു മക്കളാണ്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. കുടുംബാംഗങ്ങൾക്ക് കാണാനും അവസരമുണ്ടാകില്ല. സുരക്ഷാമാനദണ്ഡങ്ങളോടെ ലണ്ടനിൽത്തന്നെ മൃതദേഹം സംസ്കരിക്കുമെന്ന് റെഡ് ഹിൽ മലയാളി അസോസിയേഷൻ അറിയിച്ചു.

കൊല്ലം ഓടനാവട്ടം സ്വദേശിയാണ് ലണ്ടനിൽ മരിടച്ച റിട്ടയേർഡ് അദ്ധ്യാപികയായ സ്ത്രീ. മരണ കാരണം കോവിഡ് 19 ആണോയെന്നു സംശയമുണ്ട്. ഓടനാവട്ടം കട്ടയിൽ ദേവി വിലാസത്തിൽ പരേതനായ റിട്ട. അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫിസർ ചെല്ലപ്പന്റെ ഭാര്യയാണ് ഇന്ദിര. 72 വയസ് ആയിരുന്നു പ്രായം. മുട്ടറ എൽപി സ്‌കൂളിൽ നിന്നാണു വിരമിച്ചത്. മൂത്തമകൾ ദീപ, മരുമകൻ ദീപക് എന്നിവർക്കൊപ്പം ആറു മാസമായി ലണ്ടനിലായിരുന്നു താമസം. ദീപ അവിടെ നഴ്‌സ് ആണ്.

ഇതോടെ, വിദേശത്തുകൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ എണ്ണം 16 ആയി. ഇന്നലെയും ഇന്നുമായി മരിച്ചത് ആറ് മലയാളികളാണ്. ഇന്നലെയും ഇന്നുമായി വിവിധ രാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്ത വിവരങ്ങൾ അനുസരിച്ച് കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യൻ, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസും മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശി ഏലിയാമ്മ ജോണുമാണ് അമേരിക്കയിൽ മരിച്ചത്. കൊട്ടാരക്കര സ്വദേശി ഇന്ദിര ലണ്ടനിൽ മരിച്ചു. കണ്ണൂർ കോളയാട് സ്വദേശി ഹാരിസ് ആലച്ചേരി യുഎഇയിലാണ് മരിച്ചത്. അജ്‌മാനിലെ സ്വകാരുണ്യ ആശുപത്രിയിൽ ആയിരുന്നു ഹാരിസിന്റെ മരണം.

അമേരിക്കയിലാണ് ഏറ്റവുമധികം മലയാളികൾ മരിച്ചത്. വിദേശരാജ്യങ്ങളിൽ കോവിഡ് ബാധിതരായി മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിൽ എത്തിക്കാൻ സാധ്യമാകില്ല എന്നത് ബന്ധുക്കളുടെ വേദന ഇരട്ടിയാക്കുന്നു. പതിനേഴ് വർഷമായി അമേരിക്കയിൽ സ്ഥിര താമസമായിരുന്നു കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യൻ. കൂടപ്പിറപ്പിനെ അവസാനമായി ഒന്ന് കാണാനാവില്ലെന്ന വേദനയിലാണ് നാട്ടിലുള്ള സഹോദരൻ ജോൺ. ന്യൂയോർക്കിൽ മലയാളി വിദ്യാർത്ഥി ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തിരുവല്ല കടപ്ര സ്വദേശി ഷോൺ എബ്രഹാം (21) ആണ് മരിച്ചത്. അയർലൻറിൽ മലയാളി നഴ്സും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീനയാണ് ഇന്നലെ മരിച്ചത്.

അമേരിക്കയിലെ ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് തൊടുപുഴ സ്വദേശിയായ ഇഞ്ചനാട്ട് തങ്കച്ചൻ മരിച്ചതിന്റെ ഞെട്ടലിലാണ് നാട്ടിലെ കുടുംബാംഗങ്ങൾ. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു 51 കാരനായ തങ്കച്ചൻ. ഒരാഴ്ച മുമ്പ് ജലദോഷവും നേരിയ പനിയും ബാധിച്ച തങ്കച്ചനെ മൂന്ന് ദിവസം മുമ്പ് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായി മരണം സംഭവിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP