Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

അന്ധതയെ തോൽപ്പിച്ച വിഗനിലെ യുവാവ് ടോയൽ കോയിത്തറ ബാരിസ്റ്റർ ജോലിയിലേക്ക്; യുകെയിലെ യുവമലയാളികൾക്കിടയിലെ മിന്നും വിജയം; അഞ്ചു വർഷം മുൻപ് യുകെ മലയാളി സമൂഹം ബ്രിട്ടീഷ് മലയാളിയിലൂടെ ആദരിച്ച കൗമാര പ്രതിഭയ്ക്കു മുന്നിൽ കീഴടങ്ങിയത് 2000 നിയമ ബിരുദധാരികൾ

അന്ധതയെ തോൽപ്പിച്ച വിഗനിലെ യുവാവ് ടോയൽ കോയിത്തറ ബാരിസ്റ്റർ ജോലിയിലേക്ക്; യുകെയിലെ യുവമലയാളികൾക്കിടയിലെ മിന്നും വിജയം; അഞ്ചു വർഷം മുൻപ് യുകെ മലയാളി സമൂഹം ബ്രിട്ടീഷ് മലയാളിയിലൂടെ ആദരിച്ച കൗമാര പ്രതിഭയ്ക്കു മുന്നിൽ കീഴടങ്ങിയത് 2000 നിയമ ബിരുദധാരികൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ജന്മനാ കൂട്ടിനെത്തിയ അന്ധതയെ മനക്കണ്ണു കൊണ്ട് പൊരുതി തോൽപ്പിക്കുകയാണ് മാഞ്ചസ്റ്ററിന് അടുത്ത വിഗനിലെ ടോയൽ കോയിത്തറ. തന്റെ സമപ്രായക്കാർക്കിടയിൽ ഏവരും കൊതിക്കുകയും സ്വപ്നം കാണുകയും ചെയുന്ന തൊഴിലും ജീവിതവുമാണ് സകല തടസ്സങ്ങളും മുന്നിൽ കൂരിരുട്ടായി വന്നു മുന്നിൽ നിന്നിട്ടും കൂളായി ടോയൽ തട്ടിമാറ്റിയിരിക്കുന്നത്.

ആറുവർഷം മുൻപ് സ്‌കൂൾ ടോപ്പർ ആയി പഠനം പൂർത്തിയാക്കിയ ടോയൽ തന്റെ ഇഷ്ടമേഖലയായി നിയമ വഴി തിരഞ്ഞെടുത്തു ഓക്സ്ഫോർഡിൽ എത്തുമ്പോൾ ഒരാൾക്കും സംശയം ഉണ്ടായിരുന്നില്ല, ടോയൽ വക്കീൽ വേഷത്തിൽ എത്തുന്ന നാളുകളെ കുറിച്ച്. ഇപ്പോൾ ആ സ്വപ്നമാണ് പൂർത്തിയായിരിക്കുന്നത്. അതും ബ്രിട്ടീഷ് സർക്കാരിന് ആവശ്യമായ ഉപദേശങ്ങൾ നൽകുന്ന നിയമ സഹായ സംവിധാനത്തിൽ തന്നെ ബാരിസ്റ്റർ ആയി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് കിടങ്ങൂർ സ്വദേശികളായ ഷാജുവിന്റെയും ആനിയുടെയും മകൻ ടോയൽ.

നിയമ പഠനത്തിന്റെ അഞ്ചു നീണ്ട വർഷങ്ങൾ മിന്നൽ വേഗത്തിലാണ് ടോയലിന്റെ മുന്നിൽ കൂടി കടന്നു പോയത്. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ തന്നെ. ടോയൽ പക്ഷെ പഠനത്തിന്റെ വിരസത ഒന്നും അറിഞ്ഞിട്ടില്ല എന്നാണ് മാതാപിതാക്കൾ പറയുന്നത്. പഠന സമയത്തു മുഴുവനായും ഏറെക്കുറെ എല്ലാ ആഴ്ചയും ഇവർ ഓക്സ്ഫോഡിൽ ടോയലിനു കൂട്ടെത്തുമായിരുന്നു.

മൂന്നു വർഷത്തെ നിയമ പഠനത്തിന് ശേഷം രണ്ടു വർഷത്തെ ബിസിഎൽ എന്ന പോസ്റ്റ് ഗ്രാജുവേഷനും തുടർന്ന് ലണ്ടൻ ഗ്രേസ് ഇൻ ലോ ചേംബറിൽ ബാരിസ്റ്റർ പരിശീലന കോഴ്‌സും കഴിഞ്ഞാണ് ടോയൽ ഇപ്പോൾ ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. തുടക്കത്തിൽ രണ്ടു വർഷത്തെ പരിശീലന പദ്ധതി ആണെങ്കിലും വളരെ ഗൗരവമുള്ള ജോലികളാണ് ടോയലിനെ തേടി എത്തുന്നത്. വെറും 24 വയസിൽ തന്നെ ജോലിക്കായി സെക്രട്ടറി വരെ കൂട്ടിനു എത്തുമ്പോൾ പദവിയുടെ ഉത്തരവാദിത്തവും ഊഹിക്കാം.

പലവട്ടം എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും ഒക്കെ നടത്തിയ ശേഷമാണു ടോയലിനു നിയമനം ലഭിച്ചിരിക്കുന്നത്. അതും നിയമ രംഗത്തെ അതി പ്രഗത്ഭർ നേരിട്ട് ലണ്ടനിൽ പാർലിമെന്റ് അനക്സിൽ അടക്കം നടത്തിയ കൂടിക്കാഴ്ചകളിലാണ് ഈ ഉദ്യോഗം നേടാൻ ശ്രമിച്ച രണ്ടായിരത്തിൽ അധികം പേരിൽ നിന്നും ടോയലും മറ്റൊരാളും വിജയി ആയി മാറിയത്. ഇന്ത്യയിൽ നടക്കുന്ന സിവിൽ സർവീസ് പരീക്ഷ നടത്തിപ്പിനെക്കാളും കാഠിന്യം നിറഞ്ഞ വഴിയിലൂടെയാണ് ബാരിസ്റ്റർ ആകാൻ ഉള്ള ശ്രമത്തിൽ കാലിടറാതെ ടോയൽ മുന്നേറിയത് എന്നും അഭിമാനത്തോടെ മാതാപിതാക്കൾ പറയുന്നു.

സർക്കാരിന് ആവശ്യമായ നിയമ സഹായവും നിയമങ്ങളിലെ അവ്യക്തത മാറ്റി പഴുതടച്ച നിയമ നിർമ്മാണത്തിന് സഹായം ഒരുക്കുന്ന ടീമിലാണ് ടോയൽ ഇടം കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ബുദ്ധിയിൽ ഉദിക്കുന്ന കാര്യങ്ങൾ പാർലിമെന്റിൽ തല നാരിഴ കീറിയുള്ള പരിശോധനക്ക് ശേഷമാണു നിയമമായി ജനങ്ങളുടെ മുന്നിൽ എത്തുക. എന്നാൽ ടോയലിന്റെ മനസ്സിൽ ഇതിനേക്കാളൊക്കെ സുന്ദരമായ ചില കാര്യങ്ങളാണ് കടന്നു കൂടിയിരിക്കുന്നത്. തന്നെ പോലെ അംഗവൈകല്യം അനുഭവിക്കുന്നവർക്കു സഹായകമായ നിയമങ്ങളിലെ അപാകതകൾ പരിഹരിക്കാൻ ഓക്സ്ഫോർഡ് കേന്ദ്രമാക്കി തന്നെ ഡിസെബിലിറ്റി ലോയുടെ പ്രത്യേക വിഭാഗം തയ്യാറാകണമെന്നാണ് ഈ യുവാവ് സ്വപ്നം കാണുന്നത്.

ആറുവർഷം മുൻപ് എ ലെവൽ പരീക്ഷയിൽ അത്യപൂർവ വിജയം സ്വന്തമാക്കിയ ടോയലിനു യുകെയിലെ മലയാളി സമൂഹം നൽകിയ തുറന്ന പിന്തുണയും മറക്കാനാകാത്തതാണെന്നു കുടുംബം ഓർമ്മിക്കുന്നു. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ അവാർഡ് നൈറ്റിൽ അഞ്ചു വർഷം മുൻപ് സൗത്താംപ്ടണിൽ നടന്ന ചടങ്ങിൽ ഏറ്റവും മികച്ച യുവ പ്രതിഭയെ തേടിയുള്ള ഓൺലൈൻ വോട്ടെടുപ്പ് നടന്നപ്പോൾ കൂടെയുണ്ടായിരുന്ന അഞ്ചു പേരെ നിഷ്പ്രയാസം പിന്തള്ളി ആ വർഷത്തെ ബ്രിട്ടീഷ് മലയാളി യാങ് ടാലന്റ് അവാർഡ് എത്തിയതും ടോയലിന്റെ കൈകളിൽ തന്നെയാണ്.

ജനമനസിന്റെ പ്രതികരണം ഒട്ടും തെറ്റല്ലെന്ന് ഒരിക്കൽ കൂടി തെളിയുകയാണ് ടോയൽ ഇപ്പോൾ നേടിയിരിക്കുന്ന പദവിയിലൂടെ. മാത്രമല്ല അനേകം ചെറുപ്പക്കാർ ഇതിനകം നിയമ പഠനം പൂർത്തിയാക്കിയെങ്കിലും ബാരിസ്റ്റർ പദവിയിൽ എത്തിയവർ ആരും തന്നെയില്ലെന്നാണ് ലഭ്യമായ വിവരം. ഇതും ടോയലിന്റെ നേട്ടത്തിന്റെ മാറ്റു കൂട്ടുകയാണ്. ടോയലിന്റെ ഇരട്ട സഹോദരൻ ജോയൽ ഏറോനോട്ടിക്സ് പഠനം പൂർത്തിയാക്കി വാറിങ്ടണിൽ ഫയർ കൺസൾട്ടൻസി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP