Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

നിറമുള്ള മോഹങ്ങളോടെ ജോലിതേടി ഗൾഫിലേക്കു പറന്ന സുശീല ചെന്നെത്തിയത് അടിമക്കച്ചവടക്കാരുടെ കയ്യിൽ; സ്‌പോൺസറായി കൊണ്ടുപോയ അറബി മാൻപവർ കമ്പനിക്കും അവർ മറ്റൊരു സ്ത്രീക്കും മറിച്ചുവിറ്റു; ക്രൂരമർദ്ദനങ്ങളും പീഡനവും സഹിച്ച് വാഗമൺ സ്വദേശിനിക്ക് ഒന്നരക്കൊല്ലം 'ആടുജീവിതം'; സാമൂഹ്യപ്രവർത്തകർ രക്ഷിച്ചതോടെ മോചനംകാത്ത് സുശീല

നിറമുള്ള മോഹങ്ങളോടെ ജോലിതേടി ഗൾഫിലേക്കു പറന്ന സുശീല ചെന്നെത്തിയത് അടിമക്കച്ചവടക്കാരുടെ കയ്യിൽ; സ്‌പോൺസറായി കൊണ്ടുപോയ അറബി മാൻപവർ കമ്പനിക്കും അവർ മറ്റൊരു സ്ത്രീക്കും മറിച്ചുവിറ്റു; ക്രൂരമർദ്ദനങ്ങളും പീഡനവും സഹിച്ച് വാഗമൺ സ്വദേശിനിക്ക് ഒന്നരക്കൊല്ലം 'ആടുജീവിതം'; സാമൂഹ്യപ്രവർത്തകർ രക്ഷിച്ചതോടെ മോചനംകാത്ത് സുശീല

മറുനാടൻ മലയാളി ബ്യൂറോ

ബുരൈദ(സൗദിഅറേബ്യ): ഗൾഫ് ജോലിയുടെ മായിക വാഗ്ദാനങ്ങളിൽ കുടുങ്ങി മണലാരണ്യങ്ങളിൽ സ്വപ്‌നങ്ങളുടെ പച്ചപ്പു തേടിപ്പോയ സുശീല അറിഞ്ഞിരുന്നില്ല, ചെന്നെത്തുന്നതുകൊടുംചതിയുടെ ലോകത്തേക്കാണെന്ന്. ജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് കുടുംബത്തെ കരകയറ്റാൻ കടൽകടക്കുന്നതിന് വിസ നൽകിയ ദല്ലാൾ പറഞ്ഞതെല്ലാം വിശ്വസിച്ച സുശീലയെ ഗൾഫിൽ കാത്തിരുന്നത് ദുരന്തമായിരുന്നു. ചതിവുപറ്റിയെന്ന് അറിയുമ്പോഴേക്കും അത് ബന്ധുക്കളെപ്പോലും അറിയിക്കാൻ പറ്റാത്തവിധം അടിമക്കച്ചവടത്തിന്റെ കണ്ണികളിൽ കുരുങ്ങിപ്പോയിരുന്ന വാഗമൺ സ്വദേശിനിയായിരുന്ന സുശീല.

പിന്നെ ഒന്നരവർഷത്തോളം തന്നെ വിലയ്ക്കുവാങ്ങിയവർ കൊണ്ടുചെന്നാക്കുന്ന വീടുകളിൽ അടിമവേല നടത്തിക്കഴിഞ്ഞ സുശീലയെ സാമൂഹ്യ പ്രവർത്തകർ അന്വേഷിച്ചു കണ്ടെത്തി ഇപ്പോൾ മോചനത്തിന് വഴിയൊരുക്കുകയായിരുന്നു. രാവും പകലും വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവരികയും ബന്ധുക്കളെ തനിക്കുപറ്റിയ ദുരന്തം അറിയിക്കാൻ കഴിയാതെ കണ്ണീർ വാർത്തുകഴിയുകയും ചെയ്ത സുശീലയുടെ അവസ്ഥ തന്നെയായിരുന്നു നാട്ടിൽ ബന്ധുക്കൾക്കും.

ഇടുക്കി വാഗമൺ കോടമല മാരിയിൽ വീട്ടിൽ പരേതരായ തങ്കപ്പൻ ആചാരി-പൊന്നമ്മ ദമ്പതികളുടെ മകളായ ഈ അമ്പത്താറുകാരിയെ ഇപ്പോൾ സാമൂഹ്യപ്രവർത്തകർ മുൻകയ്യെടുത്ത് സൗദി അധികാരികളുടെ സഹായത്തോടെ മോചിപ്പിച്ച് സുരക്ഷാ കേന്ദ്രത്തിൽ എത്തിച്ചിരിക്കുകയാണ്. കുടുംബ പ്രാരബ്ധങ്ങൾക്ക് അൽപമെങ്കിലും അറുതി വരുത്താനാവുമെന്ന ചിന്തയാണ് ജീവിത സായാഹ്നത്തിൽ കടൽ കടക്കാൻ സുശീലയെ പ്രേരിപ്പിച്ചത്. വിസ നൽകിയ ഈരാറ്റുപേട്ട സ്വദേശി ബഷീർ പറഞ്ഞതെല്ലാം വിശ്വസിക്കാനേ സുശീലക്ക് അന്ന് നിർവാഹം ഉണ്ടായിരുന്നുള്ളൂ.

നിറമുള്ള മോഹങ്ങളോടെ കടൽകടന്ന് ഗൾഫിൽ പറന്നെത്തിയ സുശീലയെ കാത്തിരുന്നത് മരുഭൂമിയിലെ കറുത്ത മനസ്സുള്ള ചിലരുടെ ക്രൂരതയായിരുന്നു. ഇവിടെ എത്തി നാലാം നാൾ തന്നെ സ്‌പോൺസർ അൽജൂഫ് സ്വദേശി ഫൈസൽ അൽമുസല്ലം ഭീമമായ ഒരു തുകക്ക് സുശീലയെ ഒരു മാൻപവർ സ്ഥാപനത്തിന് വിറ്റതോടെ അവരുടെ ദുരിതയാത്രയ്ക്ക് ആരംഭമായി.

അവരിൽ നിന്ന് 28,000 റിയാൽ നല്കി സുശീലയെ സ്വന്തമാക്കിയ സൗദിക്കാരി തന്നെയായ സ്ത്രീ ഇപ്പോൾ മോചിപ്പിക്കുംവരെ സുശീലയെ സ്വന്തം വീട്ടിലും മറ്റുള്ളവർക്ക് വലിയ തുകക്ക് വാടകയ്ക്ക് നൽകിയയും വിശ്രമമില്ലാതെ ജോലിചെയ്യിപ്പിക്കുകയായിരുന്നു. പുറംലോകവുമായി യാതൊരു ബന്ധപ്പെടലിനും പഴുതു നൽകാതെയുള്ള ചതിക്കൂട്ടിൽ അകപ്പെട്ടതോടെ സുശീലയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആരുമറിഞ്ഞില്ല.

സുശീലയെ വാടകയ്ക്ക് നൽകി കിട്ടിയിരുന്ന തുകയായിരുന്നത്രേ ഇവരുടെ പ്രധാന വരുമാനം. ഈ ചതി മനസ്സിലായതോടെ മാസങ്ങൾക്കുശേഷം ഒരു പഴുതുകിട്ടിയപ്പോൾ സുശീല വിവരം നാട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ആദ്യം നടന്ന അന്വേഷണങ്ങളിൽ ഇവരെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് കൈരളി പ്രവാസലോകം പ്രവർത്തകരെ ബന്ധുക്കൾ സമീപിച്ചു. സൗദിയിലുള്ള പ്രവാസലോകം പ്രവർത്തകരായ, ജിദ്ദയിലെ ഉണ്ണി, ഖസ്സിമിലെ അഡ്വക്കേറ്റ് എം.എ സലാം, റിയാദിലെ നിസ്സം തുടങ്ങിയവർ ഇതോടെ അന്വേഷണം തുടങ്ങി. എന്നാൽ സുശീല എവിടെ ആണെന്നോ സ്‌പോൺസർ ആരാണെന്നോ അറിയാതെ ആദ്യമെല്ലാം അന്വേഷണം ഫലംകണ്ടില്ല.

ഇടയ്‌ക്കെല്ലാം സുശീലയുമായി ഫോണിലൂടെ സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിലും അവർക്ക് താൻ എവിടെ ആണെന്നോ തന്റെ സ്‌പോൺസർ ആരാണെന്നോ പറഞ്ഞുതരാൻ കഴിഞ്ഞിരുന്നില്ല. പല സ്ഥലങ്ങളിളിലായി ജോലിചെയ്തുവന്നിരുന്ന സുശീല ഇതിനിടെ ഇന്ത്യൻ എംബസ്സിയിലും വിളിച്ച് പരാതി നൽകിയിരുന്നു. പക്ഷേ, നേരിട്ട് റിയാദിൽ എത്തിയാൽ സഹായിക്കാം എന്നതായിരുന്നു അവരുടെ മറുപടി. സ്വയം രക്ഷപ്പെടാൻ കഴിയാത്തവിധം കുടുക്കിൽ അകപ്പെട്ട സ്ത്രീക്ക് എങ്ങനെ ഇതിനു കഴിയുമെന്നുപോലും അധികാരികൾ ചിന്തിച്ചില്ലെന്ന് ഇത് വ്യക്തമാക്കുന്നു.

സുശീലയെ കണ്ടെത്താനുള്ള പ്രവാസലോകം പ്രവർത്തകരുടെ ശ്രമം പുരോഗമിക്കുന്നതിനിടയിൽ ഭാഗ്യവശാൽ ഒരു തമിഴ്‌നാട് സ്വദേശി ബുരൈദയിൽ നിന്നും സുശീല ജോലിചെയ്ത ബുകേരിയക്ക് സമീപമുള്ള വീട്ടിൽ ഇലക്ട്രിക് പണിക്കു പോയതോടെയാണ് ഇവരുടെ മോചനത്തിന് വഴി തുറക്കുകയായിരുന്നു.

സുശീല നൽകിയ വിവരപ്രകാരം ഈ തമിഴ്‌നാട്ടുകാരൻ സുശീല ള്ള്ള വീടിനെ സംബന്ധിച്ച കൃത്യമായ വിവരം അഡ്വക്കേറ്റ് സലാമിന് ൽകി. തുടർന്ന് ഇന്ത്യൻ എംബസിയിൽ നിന്ന് കേസിൽ ഇടപെടാനുള്ള നിയമാനുസൃതമായ രേഖകൾ തയാറായതോടെ വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും അവിടെനിന്ന് നൽകിയ നിർദേ ശ പ്രകാരം ഇവരെ രക്ഷിക്കാൻ നീക്കങ്ങൾ നടത്തുകയുമായിരുന്നു.

സുശീലയെ വീടിനു പുറത്ത് ഇറക്കുവാൻ മഫ്തിയിൽ എത്തിയ പൊലീസ്‌കാർക്കുപോലും നന്നേ പാടുപെടേണ്ടിവന്നു. സുശീലയെ ശമ്പളം നൽകാതെ, വിശ്രമത്തിനുപോലും അനുവദിക്കാതെ പണിയെടുപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയുംം ചെയ്തുവന്നിരുന്ന സ്ത്രീ ആ സമയം ഉറക്കത്തിൽ ആയിരുന്നു.വിവരം ബോധ്യപ്പെട്ട അധികൃതർ അപ്പോൾത്തന്നെ സുശീലയെ അവിടെ നിന്നും മോചിപ്പിച്ചു. ബുകേരിയ പൊലീസ് അധികൃതർ സ്‌പോൺസറെ കണ്ടെത്തി വിവരം ധരിപ്പിച്ചു. താൻ ഓഫീസിനു കൈമാറിയ സുശീലയെ ഉടൻ നാട്ടിൽ എത്തിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

ഇതിനിടെ സുശീലയെ പൊലീസ് രക്ഷപെടുത്തിയ വിവരം അറിഞ്ഞു സ്റ്റേഷനിൽ എത്തിയ സൗദി സ്വദേശിയായ സ്ത്രീ സുശീലക്കും സാമൂഹ്യ പ്രവർത്തകർക്കും നേരെ ഭീഷണി മുഴക്കുകയും സുശീലയെ തിരികെ കൊണ്ടുപോകാൻ ശ്രമം നടത്തുകയും ചെയ്‌തെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടർന്ന് മതകാര്യ വിഭാഗം മുഖേനെ ബുരൈദയിലെ നാടുകടത്തൽ കേന്ദ്രത്തിൽ എത്തിക്കപ്പെട്ട സുശീല നടപടികൾ പൂർത്തിയാകുംവരെ അവിടെ മോചനത്തിനായി കാത്തിരിക്കുകയാണ്.

അഞ്ചു മാസത്തെ കുടിശ്ശിക ശമ്പളവും ടിക്കറ്റുമായി വരാനും പാസ്‌പോർട്ടും രേഖകളും ഹാജരാക്കാനും ആവശ്യപ്പെട്ടതായി അധികൃതർ സാമൂഹിക പ്രവർത്തകരെ അറിയിച്ചു. ഇക്കാമ ഇല്ലാതെയാണ് സുശീല ജോലി ചെയ്തുവന്നിരുന്നത്. സുശീലക്ക് വേണ്ട വസ്ത്രവും മറ്റും അഭയകേന്ദ്രത്തിൽ സാമൂഹ്യ പ്രവർത്തകർ എത്തിച്ചു. മോചന ശ്രമത്തിൽ ബുരൈദയിലെ സാമൂഹിക പ്രവർത്തകരായ സി പി അൻവർ സാദത്ത്, അഡ്വക്കേറ്റ് സന്തോഷ് കൊട്ടാരക്കര എന്നിവരും അഡ്വക്കേറ്റ് എം.എ സലാമിനൊപ്പം സഹകരിച്ചിരുന്നു.

മർദ്ദനത്തിൽ ഇടതുചെവിക്ക് സാരമായി പരിക്കുപറ്റിയ സുശീലയുടെ കേൾവി ശക്തിക്കും കുറഞ്ഞ നിലയിലാണ്. കിട്ടിയ ശമ്പളം രഹസ്യമായി സൂക്ഷിച്ചിരുന്നത് പിടിച്ചു പറിക്കാനും അവരെ വിലയ്ക്കുവാങ്ങിയ സ്ത്രീ ശ്രമിച്ചിരുന്നു. ഇതിനായി വിവസ്ത്രയാക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വലത് കയ്യിൽ ഒരു മുഴ വളരുന്നതിനാൽ ഇപ്പോൾ ജോലി ചെയ്യാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. ഇക്കാര്യം പറഞ്ഞെങ്കിലും എങ്കിലും വൈദ്യ സഹായം ലഭിച്ചില്ലെന്നും സുശീല പറയുന്നു. ഇവിടേക്ക് തൊഴിൽതേടി എത്തുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് സുശീലയുടെ അച്ഛൻ മരണപ്പെട്ടത്. ഗൾഫിലെ സുശീലയുടെ ദുരിത ജീവിതത്തെക്കുറിച്ചുള്ള ആധിയോടെ കഴിഞ്ഞിരുന്ന അമ്മ സുശീലയുടെ മോചനം സാധ്യമായ ദിവസം ഈ ലോകത്തോട് യാത്രപറഞ്ഞു. ഈ വിവരം ഇനിയും അവരെ അറിയിച്ചിട്ടില്ല. 22 വയസ്സുള്ള ഒരുമകനാണ് സുശീലക്കുള്ളത്. ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.

കൃത്യമായ രേഖകളില്ലാതെ ഇപ്പോഴും നിരവധിപേർ ഇത്തരത്തിൽ വിസനൽകി കേരളത്തിൽ നിന്നുൾപ്പെടെ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം. ചെയ്യേണ്ട ജോലിയെന്തെന്നോ സ്‌പോൺസർ ആരെന്നോ അറിയാതെ ചെന്നത്തുന്നവരെല്ലാം അകപ്പെടുന്നത് അടിമക്കച്ചവടക്കാരുടെ കൈകളിലാണ്. നൂറുകണക്കിനുപേർ ഇത്തരത്തിൽ ഗൾഫിൽ അടിമകളായി കഴിയുന്നു. ഗൾഫിൽ ജോലി തേടി പോകാനൊരുങ്ങുന്നവർക്ക് സുശീലയുടെ അനുഭവം ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാൻ ഒരു പാഠമാകട്ടെയെന്നാണ് ഈ രംഗത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സാമൂഹ്യ പ്രവർത്തകരുടെ പ്രാർത്ഥന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP